പേജുകള്‍‌

2015, ഏപ്രിൽ 1, ബുധനാഴ്‌ച

ബാല്യകാലസ്മരണകൾ -5 ( കളിക്കിടയിൽ ഒരു മരണം )


എന്റെ ബാല്യകാലത്ത് ഗുരു. ചെങ്ങന്നൂരിന്റെ ധാരാളം     വേഷങ്ങൾ  കാണാൻ സാധിച്ചിട്ടുണ്ട്. ആശാന്റെ   കാട്ടാളനും  ഹനുമാനും രാവണനും  ദുര്യോധനനും രൗദ്രഭീമനും   കാണാൻ സാധിച്ചിട്ടുണ്ട്.  തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ ആശാന്റെ കംസവധത്തിൽ കംസൻ  കണ്ട നേരിയ ഓർമ്മയും ഉണ്ട്.   അദ്ദേഹത്തിൻറെ ഒരേ ഒരു പച്ചവേഷം കണ്ടിട്ടുള്ളത് കിർമ്മീരവധത്തിൽ ധർമ്മപുത്രർ .  മാത്രമാണ്.  ആലുംതുരുത്തി,  വളഞ്ഞവട്ടം ക്ഷേത്രത്തിൽ വെച്ച്.     ശ്രീ. വെണ്‍പാലാ   (തിരുവല്ല) ശ്രീധരൻ പിള്ളയുടെ പാഞ്ചാലിയും   ശ്രീ.  മങ്കൊമ്പ് ആശാന്റെ ലളിതയും, എന്റെ പിതാവിന്റെ  ശ്രീകൃഷ്ണനുമായിരുന്നു.      

 മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ കളികളാണ് മുടങ്ങാതെ കണ്ടിട്ടുള്ളത്. ഉത്സവക്കളിക്ക്  സൌഗന്ധികവും കിരാതവും പതിവായിരുന്നു.   എന്റെ ഓർമ്മയിൽ പണ്ട് കണ്ടിയൂരിൽ    നടന്നിട്ടുള്ള മിക്ക  സൌഗന്ധികത്തിലും  ഭീമസേനൻ എന്റെ പിതാവ് തന്നെയായിരിക്കും  ഗുരു. ചെങ്ങന്നൂർ, ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ ആശാൻ, ശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ ആശാൻ, ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള ആശാൻ   എന്നിവരുടെ ഹനുമാൻ കണ്ടിയൂർ ക്ഷേത്രത്തിൽ ഉണ്ടായി കണ്ടിട്ടുണ്ട്.    


                           ഭീമനും ഹനുമാനും ( ചെന്നിത്തല ആശാനും ഗുരു. ചെങ്ങന്നൂരും)

                             ഭീമനും ഹനുമാനും ( ചെന്നിത്തല ആശാനും ഗുരു. ചെങ്ങന്നൂരും)

                          ഭീമനും ഹനുമാനും ( ചെന്നിത്തല ആശാനും ഗുരു. ചെങ്ങന്നൂരും)

ശ്രീ. മങ്കൊമ്പ് ആശാൻ പുരുഷവേഷം ചെയ്തു തുടങ്ങിയ കാലഘട്ടത്തിലെ  തൃക്കണ്ടിയൂർ ക്ഷേത്രത്തിലെ  ഒരു ഉത്സവ  കളിക്ക്  സൌഗന്ധികവും ദുര്യോധനവധവുമായിരുന്നു അവതരിപ്പിച്ച കഥകൾ.  എന്റെ പിതാവിന്റെ  ഭീമനും, ശ്രീകൃഷ്ണനും,  ചെങ്ങന്നൂർ ആശാന്റെ ഹനുമാൻ,   മടവൂർ ആശാന്റെ ദുര്യോധനൻ, ചിറക്കര മാധവൻ  കുട്ടി ചേട്ടന്റെ പാഞ്ചാലി, ചെന്നിത്തല രാഘവൻ പിള്ളയുടെ ദുശാസനൻ, മങ്കൊമ്പ് ആശാന്റെ രൌദ്രഭീമൻ എന്നിങ്ങനെ ആയിരുന്നു വേഷങ്ങൾ. ശ്രീ. മങ്കൊമ്പ് ആശാൻ ചങ്ങനാശേരിയിലെ ഒരു  ക്ഷേത്രത്തിൽ സീതാസ്വയംവരത്തിലെ  ശ്രീരാമൻ കഴിഞ്ഞ് ചുട്ടിയോടെ കാറിൽ കണ്ടിയൂർ ക്ഷേത്രത്തിലെത്തിയാണ്  രൌദ്രഭീമൻ ചെയ്തത്. ഒരു കളികഴിഞ്ഞ് മറ്റൊരു കളിസ്ഥലത്ത് ഒരു കലാകാരൻ എത്തി വേറൊരു വേഷം ചെയ്തു കാണുന്ന എന്റെ ആദ്യ അനുഭവം അതായിരുന്നു. 

ശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ ആശാനെയും ശ്രീ. വൈക്കം കരുണാകരൻ നായർ ആശാനെയും    ആദ്യമായി കാണുന്നത് കണ്ടിയൂർ ക്ഷേത്രത്തിൽ  വെച്ചാണ്. നളചരിതം ഒന്നാം ദിവസവും സുഭദ്രാഹരണവുമായിരുന്നു അന്ന് അവതരിപ്പിച്ച കഥകൾ.   സുഭദ്രാഹരണത്തിൽ രാമൻകുട്ടി ആശാന്റെ ബലഭദ്രനും കരുണാകരൻ ആശാന്റെ കൃഷ്ണനും ആയിരുന്നു വേഷങ്ങൾ. സുഭദ്രാഹരണ വാർത്തയറിഞ്ഞ് കോപിഷ്ടനായ ബലരാമനെ ശ്രീകൃഷ്ണൻ  സ്വാന്തനപ്പെടുത്തി പിന്നീട് അർജുന-സുഭദ്രാ ദമ്പതികളെ സന്ദർശിച്ച് ബലരാമനെക്കൊണ്ട് അവർക്ക്    വിവാഹ സമ്മാനങ്ങൾ നൽകിപ്പിക്കുകയും  ചെയ്യുന്നതിനിടെ   ബലരാമൻ അറിയാതെ ഞാൻ 'എന്തു കഷ്ടപ്പെട്ടാണ് ചേട്ടനെ സമാധാനപ്പെടുത്തി കൂട്ടി വന്നത് ' എന്ന് ദമ്പതികളെ അറിയിക്കുന്ന കരുണാകരൻ ആശാന്റെ  കള്ളകൃഷ്ണനെ ഇന്നും സ്മരണയിൽ ഉണ്ട്.  

ഈ കാലയളവിൽ ചങ്ങനാശേരി കാവിൽ ഒരു കളിയും കഴിഞ്ഞ് വളരെ വൈകിയാണ് എന്റെ പിതാവ് വീട്ടിൽ എത്തിയത്. എന്റെ അമ്മയും മുത്തശ്ശിയുമെല്ലാം അച്ഛൻ വരാൻ വൈകുന്തോറും എന്തുകൊണ്ടോ  പരിഭ്രമിച്ചു കാണപ്പെട്ടിരുന്നു. വീട്ടിൽ ആകപ്പാടെ  മൂകത നിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നു അന്ന്. ഏതാണ്ട് വൈകിട്ട് അഞ്ചരമണിയോടെ   വീട്ടിൽ എത്തിയ പിതാവിന്റെ മാനസീകാവസ്ഥ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വിധത്തിലായിരുന്നു. പിന്നീട് അച്ഛനിൽ നിന്നും ഞങ്ങൾ മനസിലാക്കിയ വിവരം ഇപ്രകാരമായിരുന്നു. 

ചങ്ങനാശേരി കാവിൽ  കളിക്ക് രണ്ടാമത്തെ കഥ ദുര്യോധനവധം ആയിരുന്നു. തിരുവല്ലയിലെ ഒരു ആശാൻ ആയിരുന്നു ദുശാസനൻ.  എന്റെ പിതാവിന്റെ രൌദ്രഭീമനും.  ഭഗവത്ദൂത് കഴിഞ്ഞ് പാണ്ഡവരെ യുദ്ധത്തിൽ നേരിടുവാൻ ദുര്യോധനൻ ദുശാസനനു  ഗദ നൽകി അനുഗ്രഹിച്ച് അയച്ചു. ഗദയുമായി ദുശാസനൻ രൗദ്രഭീമനെ നേരിടുവാൻ സദസ്യരുടെ നടുവിൽ എത്തുകയും ചെയ്തു.  അരങ്ങിൽ തിരശീല അൽപ്പം താഴ്ത്തി  രൗദ്രഭീമൻ യുദ്ധക്കളം നോക്കി കണ്ട്  ശതൃവിനെ തേടുകയാണ്.   ഗദയുമായി സദസ്യരുടെ ഇടയിൽ നിന്നിരുന്ന ദുശാസനൻ പെട്ടെന്ന് താഴേക്കിരുന്ന് പിന്നോട്ട് മറിഞ്ഞു വീണു. പിന്നീട് ഒരു അനക്കവും ഇല്ല. എന്തോ അസംഭാവിതം ഉണ്ടായി എന്ന് മനസിലാക്കിയ സദസ്യർ എഴുനേറ്റ് ദുശാസനന്റെ സമീപത്തേക്ക് ഓടിയെത്തി.  ദുശാസനന്  മരണം സംഭവിച്ചിരിക്കുന്നു എന്ന് മനസിലാക്കുവാൻ അധിക സമയം വേണ്ടിവന്നില്ല. നടന് ഹൃദയ സ്തംഭനം സംഭവിച്ചു എന്നാണ് എല്ലാവരും വിധി എഴുതിയത്. രൌദ്രഭീമനും കളി നിർത്തി. തിരശീല താഴെയിട്ട് അണിയറക്കാരും  പിന്നാലെ  പാട്ടുകാരും മേളക്കാരും തങ്ങളുടെ  വാദ്യ ഉപകരണങ്ങൾ താഴെ വെച്ച് ദുശാസനന്റെ  സമീപത്തെത്തി. എങ്ങിനെയൊക്കെയോ ആ കലാകാരന്റെ ശരീരത്തുനിന്നും വേഷം അഴിച്ച് മുഖത്തെ തേപ്പും തുടച്ച് ആ ശരീരം ക്ഷേത്രത്തിന്റെ കൊമ്പൌണ്ടിനു വെളിയിൽ എത്തിക്കുകയും അവിടെനിന്നും തിരുവല്ലയിലെ അദ്ദേഹത്തിൻറെ വസതിയിൽ എത്തിക്കുകയുമായിരുന്നു. 
സഹനടന്റെ ദേഹം അഗ്നിദേവനു സമർപ്പിച്ചതിനു ശേഷമാണ് എല്ലാ കലാകാരന്മാരും മടങ്ങിയത്.  

ശ്രീവല്ലഭൻ എന്നെ രക്ഷിച്ചു. രൗദ്രഭീമനും ദുശാസനനും തമ്മിലുള്ള യുദ്ധ രംഗത്തിനിടയിൽ ദുശാസനനടന് മരണം സംഭവിച്ചിരുന്നു എങ്കിൽ  കൊലക്കുറ്റത്തിന്റെ പഴി എന്റെ ചുമലിൽ വീഴുമായിരുന്നു. അങ്ങിനെയായാൽ എന്റെ കലാജീവിതം പാഴായിപോകുമായിരുന്നു    എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട്  അച്ഛൻ  രൗദ്രഭീമന്റെ വേഷം ചെയ്യുന്നതിൽ നിന്നും പരമാവധി ഒഴിഞ്ഞു നിന്നിരുന്നു. 
ഈ സംഭവത്തിനു ശേഷം എന്നിൽ നിന്നോ എന്റെ സഹോദരങ്ങളിൽ നിന്നോ അച്ഛനു പിടിക്കാത്ത എന്തെങ്കിലും പ്രവർത്തി ഉണ്ടായാൽ "തിരുവല്ലയിലെ ആശാന്റെ ശവം പുലർച്ചയിൽ അദ്ദേഹത്തിൻറെ വീട്ടിൽ  എത്തിയതു പോലെ ഒരു ദിവസം പുലർച്ചയിൽ  എന്റെ ശവവും നിങ്ങളുടെ മുൻപിൽ എത്തും" എന്ന് പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ട്‌.  അതുകൊണ്ടു തന്നെ   അച്ഛൻ കളിക്ക് പോയിട്ട് മടങ്ങി വരാൻ താമസിക്കുമ്പോൾ പലപ്പോഴും ഞങ്ങൾ ഭയന്നിട്ടുമുണ്ട് .

8 അഭിപ്രായങ്ങൾ:

  1. വളരെ നല്ല കുറിപ്പ് ചേട്ടാ!

    മറുപടിഇല്ലാതാക്കൂ
  2. തിരുവല്ല കൃഷ്ണപിള്ള ആശാൻ ആയിരുന്നു അന്ന് ദുശാസനൻ ചെയ്തത് എന്നാണ് എന്റെ ഓർമ്മ. ശ്രീ. കലാമണ്ഡലം കേശവൻ അവർകൾ "അരങ്ങിൽ ഒരു മരണം" എന്നാ പേരിൽ ഈ കഥ പ്രസിദ്ധീകരിച്ചിരുന്നു. തിരുവല്ലയിൽ സംഭവിച്ചതായാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. എന്റെ പിതാവും അദ്ദേഹവും കൂടി ഒരു കളി കഴിഞ്ഞുള്ള യാത്രയിലെ സംഭാഷണമായിട്ടാണ്.

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല ഓർമ്മക്കുറിപ്പ്‌. ആശാന്റെ നിങ്ങളോടുള്ള താക്കീതു കലക്കി. ഇത് പറഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരക്ഷരം മിണ്ടാൻ കഴിയില്ലല്ലോ? എന്തായാലും അദ്ദേഹത്തെ താങ്കളുടെ വരികളിൽ എനിക്കു കാണാൻ കഴിഞ്ഞു.സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  4. തിരുവല്ല കൃഷ്ണപിള്ള തന്നെ.

    മറുപടിഇല്ലാതാക്കൂ
  5. വളരെയധികം ഭയോദ്വേഗങ്ങളോടെയാണു് ഈ കുറിപ്പു് വായിച്ചതു്. ള്രീ. പള്ളിപ്പുറം ആശാന്റെ മരണത്തെക്കുറിച്ച് രണ്ടു കലാകാരന്മാര്‍ എഴുതിയതു വായിച്ചിട്ടുണ്ടു്. അതും ഇതുപോലെയൊന്നു്. ഈ ഹ്രസ്വമായ ജീവീതകാലത്തിനിടയില്‍ നാം എന്തിനെല്ലാം സാക്ഷികളാകണം.

    മറുപടിഇല്ലാതാക്കൂ
  6. ശ്രീ. പള്ളിപ്പുറം ആശാൻ കളി കഴിഞ്ഞ് വേഷം തുടച്ച ശേഷമാണ് മരണം അടഞ്ഞത്. വളരെ അപ്രതീക്ഷിതമായ മരണം.

    മറുപടിഇല്ലാതാക്കൂ