പേജുകള്‍‌

2012, ഡിസംബർ 10, തിങ്കളാഴ്‌ച

ചെന്നിത്തലയില്‍ അവതരിപ്പിച്ച ബാലിവിജയം കഥകളി



 ദക്ഷിണ കേരളത്തിലെ കഥകളി കലാകാരന്മാരില്‍ പ്രമുഖനായിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ പതിനാലാം അനുസ്മരണത്തോട് അനുബന്ധിച്ച്  25-11-2012- ന്  വൈകിട്ട് 7-15-ന്  മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍  ആഡിറ്റോറിയത്തില്‍  ശ്രീ. കല്ലൂര്‍ നീലകണ്ഠന്‍  നമ്പൂതിരിപ്പാട്  അവര്‍കള്‍ രചിച്ച ബാലിവിജയം കഥകളി അവതരിപ്പിച്ചു.  


                              ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍, ശ്രീ. പരിമണം മധു (സംഗീതം)
                                                 ശ്രീ. കലഭാരതി ജയന്‍ (മദ്ദളം).

ദേവലോകാധിപനായ ഇന്ദ്രനെ രാവണപുത്രനായ മേഘനാഥന്‍ യുദ്ധത്തില്‍ ബന്ധിച്ചു ലങ്കയില്‍ കൊണ്ടുവന്നു. ബ്രഹ്മാവിന്റെ ആജ്ഞയനുസരിച്ച് രാവണന്‍ ഇന്ദ്രനെ മോചിപ്പിച്ചു.  ഈ കാലഘട്ടത്തില്‍  ഇന്ദ്രപുരിയില്‍ എത്തിയ നാരദന്‍ ഇന്ദ്രനെ അപമാനിച്ച രാവണനെ, വാനരനും ഇന്ദ്രപുത്രനുമായ ബാലിയെകൊണ്ട് അപമാനിപ്പിക്കും എന്ന്  ഇന്ദ്രന് ഉറപ്പു നല്‍കി ആശ്വസിപ്പിച്ചു. നാരദന്‍ നേരെ കിഷ്കിന്ധയിലേക്ക് യാത്ര തിരിച്ചു. ബാലിയെ കണ്ട്‌  ഇന്ദ്രന് നല്‍കിയ ഉറപ്പിനെ അറിയിച്ചു. കലഹപ്രിയനായ നാരദന്‍ തന്റെ ഉദ്ദേശം പൂര്‍ത്തീകരിക്കുവാന്‍   രാവണനെ  സ്തുതിച്ചു  കൊണ്ട്  ലങ്കയില്‍ എത്തുന്നതാണ്   ആദ്യ  രംഗം. 

                                  രാവണന്‍ (തിരനോട്ടം): ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് 

                            (രാവണനും നാരദനും) നാരദന്‍: ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി 

രാവണന്‍ നാരദനെ സ്വീകരിച്ചു. അഗമനോദ്ദേശം തിരക്കി. തന്റെ പുത്രന്‍ ഇന്ദ്രനെ ബന്ധിച്ചതും പിന്നീട് ബ്രഹ്മാവ് നേരിട്ടു  വന്നു സങ്കടം പറഞ്ഞപ്പോള്‍ ഞാന്‍ മോചിപ്പിച്ചു എന്ന് അറിയിച്ചു.   ഇനി എന്നോട് നേരിട്ട് യുദ്ധം ചെയ്യാന്‍ ശക്തിയുള്ളവര്‍ ഈ ലോകത്ത് ആരെങ്കിലും ഉണ്ടോ എന്ന് ഈരേഴു ലോകവും സഞ്ചരിക്കുന്ന അങ്ങ് പറയുക എന്ന് രാവണന്‍ നാരദനോട്  ചോദിച്ചു

അങ്ങയുടെ പുത്രന്‍ ഇന്ദ്രനെ ബന്ധിച്ചത്  ഈ ലോകത്തില്‍ ആരാണ്  അറിയതെയുള്ളത്. രാവണന്‍ എന്ന് കേള്‍ക്കുമ്പോള്‍  എല്ലാ  ജീവജാലങ്ങള്‍ പോലും നടുങ്ങുന്നു എന്നും ചിന്തിച്ചു നോക്കിയാല്‍ നിസ്സാരമായ ഒരു വാര്‍ത്ത അറിയിക്കുവാന്‍ ഉണ്ടെന്നും അഹങ്കാരിയായ ബാലി എന്ന ഒരു വാനരനു  മാത്രം അങ്ങയോടു മത്സരം ഉണ്ടെന്നും, "ഒരു പുല്ലിനു സമമാണ് രാവണന്‍"  എന്നു അവന്‍ പറയുന്നു എന്നും,  വളരെ നിസ്സാരമായ ഒരു വിഷയമാണെങ്കില്‍ കൂടി ലോകം മുഴുവന്‍ ഈ വിവരം പ്രസിദ്ധമാകുന്നതിനു മുന്‍പ് അവന്റെ ശൌര്യം അടക്കണം എന്നും നാരദന്‍ രാവണനെ അറിയിക്കുന്നു.

                                                               നാരദനും രാവണനും

എനിക്ക് ഒരു പുതിയ ശതൃ ഉണ്ടായിരിക്കുന്നു എന്നറിഞ്ഞ രാവണന്‍ വാനരനായ ബാലിയെ ബന്ധിച്ചു വരുവാന്‍ ചന്ദ്രഹാസവുമെടുത്തു യാത്രയ്ക്ക് തയ്യാറാവുന്നു. ഒരു വാനരനെ  ബന്ധിക്കുവാന്‍ ചന്ദ്രഹാസവുമെടുത്തു പോകുന്നത് ലജ്ജാവഹം അല്ലേ എന്ന് നാരദന്‍ ചോദിച്ചപ്പോള്‍  ലങ്കാലക്ഷ്മിയെ ലങ്കയുടെ ചുമതല ഏല്‍പ്പിച്ച്‌ രാവണന്‍ നിരായുധനായി ബാലിയെ ബന്ധിക്കുവാനായി  നാരദനോടൊപ്പം പുറപ്പെട്ടു.  


                                                                 നാരദനും രാവണനും

                                                                    ബാലി (തിരനോട്ടം)

                                                     ബാലി: ശ്രീ. തലവടി അരവിന്ദന്‍

രണ്ടാം രംഗത്ത് എത്തുന്നത് ബാലിയാണ്. രാവണനും നാരദനും കൂടി തന്റെ സമീപത്തേക്ക് എത്തുന്നത് ബാലി മനസിലാക്കി. നാരദന്‍ തന്നെ സന്ധിച്ച്, തന്റെ പിതാവായ ഇന്ദ്രനെ രാവണപുത്രന്‍ അപമാനിച്ചതും അതിനു പകരം തന്നെ കൊണ്ട് രാവണനെ അപമാനിക്കും എന്ന് ഉറപ്പു നല്‍കിയ വിവരം സ്മരിച്ചു. രാവണന്റെ അഹങ്കാരം ശമിപ്പിക്കും എന്ന ഉറച്ച തീരുമാനത്തോടെ  ബാലി ഒന്നും അറിയാത്ത ഭാവത്തില്‍ സമുദ്ര തീരത്ത്‌ തര്‍പ്പണം  തുടങ്ങി. 

മൂന്നാം രംഗത്തില്‍ തര്‍പ്പണം ചെയ്യുന്നതില്‍  മുഴുകിയിരിക്കുന്ന ബാലിയെ നാരദന്‍ രാവണന് കാട്ടി കൊടുത്തു. ഈ രൂപം കണ്ടു ഭയപ്പെടെണ്ടതില്ല എന്നും, ബന്ധിക്കുവാന്‍ പറ്റിയ അവസരമാണ് ഇതെന്നും നമ്മെ കണ്ടാല്‍ ബാലി ഓടി രക്ഷപെടുമെന്നും അതിനാല്‍ ബാലിയുടെ പിറകില്‍ കൂടി ചെന്ന് അവന്റെ വാലിന്റെ അറ്റത്തു പിടിക്കുക എന്നും   നാരദന്‍ രാവണനോടു പറയുന്നു. ബലിയുടെ രൂപം കണ്ട്‌  ഭയാശങ്ക പൂണ്ട രാവണന്‍ ബന്ധനം  സാദ്ധ്യമാകുമോ എന്ന്  ചിന്തിക്കുകയും  ഉദ്യമത്തില്‍ നിന്നും പിന്തിരിഞ്ഞാലോ എന്നും ചിന്തിച്ചു. 
ദേവലോകവാസികള്‍  എല്ലാവരും ശ്രദ്ധിക്കുന്നു, പിന്തിരിഞ്ഞാല്‍ അപമാനമാകും എന്ന് മനസിലാക്കിയ രാവണന്‍ ബാലിയുടെ വാലിന്റെ അഗ്രത്തു പിടിക്കുന്നു. നാരദന്‍ രാവണനെ സഹായിക്കുന്ന ഭാവത്തില്‍ അഭിനയിച്ചു ബാലിയുടെ വാലില്‍ കുടുക്കുന്നു. ബാലിയില്‍ നിന്നും മോചിതനാക്കുവാന്‍ നിന്റെ കേമനായ പുത്രനെ കൂട്ടി വരാം എന്ന് അറിയിച്ചു കൊണ്ട് നാരദന്‍ സന്തോഷത്തോടെ   യാത്രയായി. 

ബാലി,  നാരദന്‍ , രാവണന്‍ 


    ബാലി, രാവണന്‍ , നാരദന്‍ 


ബാലി, രാവണന്‍ , നാരദന്‍ 

തര്‍പ്പണം കഴിഞ്ഞു കിഷ്കിന്ധയില്‍ മടങ്ങി എത്തിയ ശേഷമാണ് രാവണന്റെ ദീനരോദനം ബാലി ശ്രദ്ധിച്ചത്. രാവണനെ ബന്ധനത്തില്‍ നിന്നും ബാലി മോചിപ്പിച്ചു. ഒരു വാനരന്റെ പൃഷ്ഠ ഭാഗത്തില്‍ ശയിക്കുവാന്‍  ഇഷ്ടമുണ്ടോ എന്നും  എത്ര നാളായി എന്റെ പൃഷ്ഠ ഭാഗത്തു താമസിക്കുവാന്‍ തുടങ്ങിയിട്ട് എന്നും, ഇന്ദ്രനെ ബന്ധിച്ചവന്റെ താതനാണോ നീ, നിന്റെ  ശക്തനായ പുത്രന്‍ എവിടെ ? എന്നിങ്ങനെ ചോദിച്ചു കൊണ്ട് രാവണനെ പരിഹസിച്ചു. 

നാരദന്റെ വാക്കുകള്‍ കേട്ട്, അല്ലയോ ഇന്ദ്രപുത്രാ നിന്റെ  ശക്തി  അറിയാതെ ഞാന്‍ ചെയ്ത സാഹസത്തിനു എന്നോട്  ക്ഷമിച്ചാലും എന്ന് രാവണന്‍ ബാലിയോടു പറഞ്ഞു. 

"തന്നെ എതിര്‍ക്കുവാന്‍ ലോകത്തില്‍ ശതൃക്കള്‍ ആരും  തന്നെയില്ലെന്നു     അഹങ്കരിക്കാതെ വാഴുക"  എന്ന് ബാലി രാവണനെ ഉപദേശിക്കുകയും  ഇനി നാം എന്നും മിത്രങ്ങളാണ്  എന്ന് അറിയിക്കുകയും  അര്‍ദ്ധാസനം നല്‍കി ഉപചരിക്കുകയും ചെയ്തു. കുറച്ചു കാലം കിഷ്കിന്ധയില്‍ താമസിക്കുവാന്‍ ബാലി രാവണനോട് അഭ്യര്‍ത്ഥിക്കുന്നു. താന്‍ ലങ്കവിട്ടു വളരെ നാളുകളായെന്നും അതിനാല്‍ ലങ്കയ്ക്ക് ഉടനെ മടങ്ങണം എന്നുള്ള രാവണന്റെ അപേക്ഷയെ തുടര്‍ന്ന്  രാവണനെ ബാലി  യാത്രയാക്കുന്നതോടെ കഥ അവസാനിക്കുന്നു. 


                                                             ബാലിയും രാവണനും

വളരെ കുറഞ്ഞ സമയത്തില്‍ അവതരിപ്പിക്കേണ്ടി വരുന്ന കഥകളില്‍ വിമര്‍ശനത്തിനും വിശദമായ അഭിപ്രായത്തിനും പ്രസക്തി കുറവായിരിക്കും. കളിയെ പറ്റി വളരെ നല്ല  അഭിപ്രായമാണ് ആസ്വാദകരില്‍ നിന്നും ഉണ്ടായത്. 

 ബാലിയെ ബന്ധിക്കുവാന്‍  രാവണന്‍ ചന്ദ്രഹാസവുമെടുത്തു  പുറപ്പെടുവാന്‍ ഒരുങ്ങുമ്പോള്‍,    ചന്ദ്രഹാസത്തിന്റെ ശോഭ കണ്ട നാരദന്‍, ഒരു നിസ്സാരനായ വാനരനെ ബന്ധിക്കുവാന്‍ എന്തിനു ഈ വാള്‍ എന്നും ഈ വാളിന്റെ  പ്രഭ കണ്ടാല്‍ വാനരന്‍ ഭയന്ന് ഓടിക്കളയും എന്നും ബന്ധനം അസാദ്ധ്യമായിത്തീരും  എന്നും നാരദന്‍ അറിയിച്ചു.
 തുടര്‍ന്ന് ഈ ചന്ദ്രഹാസം എനിക്ക് ലഭിച്ച കഥ അറിയില്ലേ എന്ന് രാവണന്‍ നാരദനോട് ചോദിച്ചു. അറിയില്ല എന്ന് നാരദന്‍ ഉത്തരം പറഞ്ഞു.  എന്നാല്‍ പറയാം എന്ന് കഥ ആരംഭിച്ചു. 

( കഥയുടെ അവതരണ ചുരുക്കം:)പണ്ട്  ബ്രഹ്മദേവനെ   തപസ്സുചെയ്തു വരങ്ങള്‍ എല്ലാം വാങ്ങി സുഖമായി കഴിഞ്ഞ കാലത്ത് ഒരിക്കല്‍ വൈശ്രവണന്‍   തന്റെ  ദൂതല്‍ വശം ഒരു സന്ദേശം കൊടുത്തയച്ചു. എന്നെ   ഉപദേശിച്ചു കൊണ്ടുള്ള  ആ സന്ദേശം വായിച്ചപ്പോള്‍ എനിക്ക് വളരെ കോപം ഉണ്ടായി. ആ സന്ദേശം വലിച്ചു കീറി എറിഞ്ഞു.   ആ ദൂതനെ വധിച്ച ശേഷം ഞാന്‍  വൈശ്രവണനെ യുദ്ധത്തിനു വിളിക്കുകയും  വൈശ്രവണന്‍  ഭയന്ന്   തന്റെ മുന്‍പില്‍ പുഷ്പകവിമാനം വെച്ചിട്ട്  ഓടിയെന്നും,  മടക്കയാത്രയില്‍ പുഷ്പകവിമാനത്തിനു മാര്‍ഗ്ഗ തടസ്സം ഉണ്ടായി. അതിന്റെ കാരണം ഒരു  പര്‍വതം ആണെന്ന് മനസിലായി. ഞാന്‍ ശ്രദ്ധിച്ചപ്പോള്‍   ശിവന്റെ വാസസ്ഥലമായ   കൈലാസ പര്‍വതത്തില്‍ തട്ടി നില്‍ക്കുകയും മാര്‍ഗവിഘ്നത്തിനു ഹേതുവായ കൈലാസ പര്‍വതത്തെ രാവണന്‍ തന്റെ പത്തു കരങ്ങള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ഒരു പന്തുപോലെ   അമ്മാനമാടിയപ്പോള്‍ സന്തോഷവാനായ പരമശിവന്‍ പ്രത്യക്ഷപ്പെട്ടു നല്‍കിയതാണ് ചന്ദ്രഹാസം എന്ന് രാവണന്‍ നാരദനെ അറിയിച്ചു (സമയ കുറവ് കൊണ്ട്  സംഘാടകരുടെ കൂടി അഭിപ്രായം അനുസരിച്ച്  പാര്‍വതീവിരഹം ആട്ടത്തില്‍ ഉള്‍പ്പെടുത്തിയില്ല . എങ്കിലും ആ സമയത്ത് പരമശിവനും പാര്‍വതിയും തമ്മില്‍ പ്രണയ കലഹത്തില്‍ ആയിരുന്നു എന്നും കൈലാസ പര്‍വതത്തെ   ഞാന്‍  അമ്മാനം  ആടിയപ്പോള്‍ പാര്‍വതീ ദേവി ഭയന്ന് പരമശിവനോട്  ചേര്‍ന്നു . ഇതില്‍ സന്തോഷവാനായ പരമശിവന്‍ നല്‍കിയതാണ് ചന്ദ്രഹാസം എന്ന് അവസാനിപ്പിച്ചിരുന്നെങ്കില്‍ കഥയ്ക്ക്  പൂര്‍ണ്ണത ലഭിക്കുമായിരുന്നു എന്നാണ്  എന്റെ  അഭിപ്രായം .)

പരമശിവന്‍ അങ്ങേയ്ക്ക് നല്‍കിയ ഈ അത്ഭുത ശക്തിയുള്ള  ചന്ദ്രഹാസം ആരാധിക്കേണ്ടതാണെന്നും ഒരു വനരനെ ബന്ധിക്കുവാന്‍ കൊണ്ടുപോകേണ്ടതല്ല എന്ന് നാരദന്‍ പറഞ്ഞു. നാരദന്റെ അഭിപ്രായം സ്വീകരിച്ച് രാവണന്‍ ചന്ദ്രഹാസം പൂജാമുറിയില്‍ സൂക്ഷിച്ചു യാത്രയായി.

ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദിന്റെ രാവണന്‍ വളരെ നന്നായി. രാവണന്റെ എല്ലാ പദങ്ങളും വളരെ ഭംഗിയായും ശ്രദ്ധയോടെയും  അവതരിപ്പിച്ചു.   ഫലിതത്തിന്റെ  സാദ്ധ്യതകള്‍ പരമാവധി ഉപയോഗിച്ചു കൊണ്ടും സഹനടനോട്  വളരെ    യോജിച്ചു കൊണ്ടുമാണ്‌   ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി  നാരദനെ അവതരിപ്പിച്ചത്‌. ബന്ധിതനായ രാവണനെ നാരദന്‍  വീണ്ടും  തിരിച്ചു  വന്നു ശപിക്കുകയും ബാലിയെ അനുഗ്രഹിച്ചു മടങ്ങുന്നതും വളരെ രസകരമാക്കി.     

വളരെ സമയക്കുറവിലും ബാലിയുടെ ആട്ടത്തില്‍ നാരദന്റെ  വരവ്, നാരദനെ സ്വീകരിച്ചിരുത്തല്‍ ,   കുശലാന്വേഷണം,    രാവണപുത്രന്‍ തന്റെ പിതാവായ ഇന്ദ്രനെ  ബന്ധിച്ച് അപമാനിതനാക്കിയതു നാരദനില്‍   നിന്നും മനസിലാക്കുന്നതും, സമുദ്രക്കരയിലേക്ക് നീ തര്‍പ്പണം ചെയ്യാന്‍ പോകൂ, ഞാന്‍ രാവണനെ അവിടേക്ക് കൂട്ടി വരാം  എന്നുള്ള നാരദന്റെ നിര്‍ദ്ദേശം, നാരദനിര്‍ദ്ദേശം  അനുസരിച്ച് സമുദ്രക്കരയിലേക്കുള്ള  പുറപ്പെടല്‍  എന്നിവ അവതരിപ്പിച്ചു.  വളരെ ചടുലതയോടെയോടെയുള്ള ബാലിയുടെ  അവതരണമാണ്  ശ്രീ. തലവടി അരവിന്ദന്‍ ചെയ്തത്. 

ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായരും ശ്രീ. പരിമണം മധുവും ചേര്‍ന്ന് സംഗീതവും ശ്രീ. കലഭാരതി ഉണ്ണികൃഷ്ണനും  ശ്രീ. കലഭാരതി ജയനും യഥാക്രമം ചെണ്ടയും മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. ഏവൂര്‍ അജിയാണ് ചുട്ടി കൈകാര്യം ചെയ്തത്. തിരുവല്ലാ ശ്രീവൈഷ്ണവം കഥകളിയോഗത്തിന്റെ കഥകളി കോപ്പുകളും അണിയറ ശില്‍പ്പികളും കളിയുടെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു.
 ********************************************************************************  *അണിയറ വിശേഷങ്ങള്‍*
അണിയറയില്‍ ശ്രീ. തോന്നയ്ക്കല്‍ പീതാംബരന്‍, ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി, ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍, ശ്രീ. തലവടി അരവിന്ദന്‍  എന്നിവര്‍ സംസാരിച്ചു കൊണ്ടിരുന്നു. പരിപാടിയുടെ തിരക്കിനിടയിലും  ഇവരുടെ സംഭാഷണം ശ്രദ്ധിക്കുവാന്‍ ഇടയ്ക്കിടെ സമയം കണ്ടെത്തിയിരുന്നു. കലാജീവിതത്തിലെ അവരുടെ അനുഭവങ്ങള്‍ തന്നെയായിരുന്നു ചര്‍ച്ചാ വിഷയം. 
ശ്രീ. തിരുവല്ലാ ഗോപികുട്ടന്‍ നായര്‍ പങ്കുവെച്ച ഒരു അനുഭവം : ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ സാന്നിധ്യം  ദക്ഷിണ കേരളത്തിലെ  കളിയരങ്ങുകളില്‍ പ്രബലമായി നിന്നിരുന്ന കാലത്ത് ഒരു അണിയറയില്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ പരശുരാമന്റെ വേഷം തീര്‍ന്നു അരങ്ങിലേക്ക് പോകും മുന്‍പ് അണിയറ വിളക്കിന് മുന്‍പില്‍ തൊഴുതു നില്‍ക്കുമ്പോള്‍ അണിയറയില്‍ വേഷം തേച്ചു കൊണ്ടിരുന്ന  ചെങ്ങന്നൂര്‍ ആശാന്‍ തന്റെ അടുത്തിരുന്ന ശിഷ്യന്‍ ചെന്നിത്തലയോട്  "ചെല്ലപ്പാ, കൃഷ്ണന്‍ നായരുടെ പരശുരാമന്റെ  വേഷം കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു" എന്ന് ചോദിച്ചു. ശിഷ്യന് ആശാന്റെ ചോദ്യത്തിന്റെ പൊരുള്‍ മനസിലാകാതെ ആശാന്റെ മുഖത്തേക്ക് നോക്കിയിരുന്നു. 

ശിഷ്യന്‍ മറുപടി ഒന്നും പറഞ്ഞില്ല. ആശാന്‍ ഒരു നിമിഷം ശിഷ്യന്റെ മുഖം ശ്രദ്ധിച്ചിട്ട്  "എനിക്ക്  ആ രാമനെ ഒന്ന് നമസ്കരിക്കണം എന്ന് തോന്നുന്നു"  എന്ന് പറഞ്ഞത്രേ!.
                                                 ***
                                                

4 അഭിപ്രായങ്ങൾ:

  1. ഇതിലെ രാവണന്‍ കൈലാസം എടുത്തുപൊക്കിയ കഥ പലയിടങ്ങളിലും (അജന്ത എല്ലോറ) വരച്ചുകണ്ടിട്ടുണ്ട്. ഇപ്പോഴാണ് കഥ മുഴുവനായും പിടികിട്ടിയത്.

    മറുപടിഇല്ലാതാക്കൂ
  2. വളരെ നന്നായിരിക്കുന്നു താങ്കളുടെ വിവരണവും ചിത്രങ്ങളും.
    ചെറിയ ഒരു തെറ്റു ചൂണ്ടി കാണിക്കുന്നതിൽ ക്ഷമിക്കുമല്ലോ.
    മേഘനാദൻ (മേഘം കണ്ടു ഗർജിച്ചവൻ എന്നോ മറ്റോ ആണെന്നു തോന്നുന്ന നാഥൻ അല്ല )
    ശത്രു ആണു ശതൃ അല്ല.

    മറുപടിഇല്ലാതാക്കൂ
  3. Mr. പ്രയാണ്: ഞാന്‍ എഴുതുന്നത്‌ കൊണ്ട് അത്രയെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടെങ്കില്‍ വളരെ വളരെ സന്തോഷം.
    Mr. Mohandas KP:ഞാന്‍ എഴുതുന്നവ വായിക്കുന്നു എന്നറിയുമ്പോള്‍ എത്ര സന്തോഷം ഉണ്ടോ അത്രയും സന്തോഷം അതിലുള്ള തെറ്റുകള്‍ ചൂണ്ടി കാണിക്കുമ്പോഴും ഉണ്ട്. വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. ദക്ഷനും സതിയും തമ്മില്‍ ഉള്ള ഭാഗം കഴിഞ്ഞതിനു ശേഷം, ശിവനും സതിയും തമ്മില്‍ ഉള്ള രംഗത്തില്‍ ശിവന്‍ ഒരു ആട്ടം ആടി കണ്ടു, എനിക്ക് എങ്ങോട്ട് മുഴുവനും മനസ്സിലായില്ല, അതിനെ പറ്റി കൂടുതല്‍ വല്ലതും അറിയുമോ ?

    ആടിയത് ഇതാണ്:

    നിന്റെ അച്ഛന്‍ ബ്രഹ്മാവിന്റെ യാഗ സദസ്സില്‍ എല്ലാ ദേവന്മാരുടെയും മധ്യത്തില്‍ വെച്ച് എന്നെ നിന്ധിച്ചിട്ടുണ്ട്, നിന്നെ ഓര്ത്തുസ എത്രയും കാലം ഞാന്‍ ക്ഷമിച്ചതാണ്, ഇനി ഞാന്‍ ക്ഷമിക്കില്ല എന്നും, പിന്നീടാണ് വീരഭദ്രനും ഭദ്രകാളിയും വന്നത്. എനിക്ക് എന്തൊക്കെയോ കുറച്ചു മനസ്സിലായി മുഴുവനും മനസ്സിലായതും ഇല്ല. ചേട്ടന് അറിയുമെങ്കില്‍ കൂടുതല്‍ എഴുതൂ ഇതിനെ പറ്റി.

    മറുപടിഇല്ലാതാക്കൂ