പേജുകള്‍‌

2012, നവംബർ 1, വ്യാഴാഴ്‌ച

കാര്‍ത്തികതിരുനാളും അശ്വതിതിരുനാളും (ഭാഗം -2)
(ശ്രീ.എം.കെ.നായര്‍ അവര്‍കളുടെ ലേഖനത്തിന്റെ തുടര്‍ച്ച) 

പില്‍ക്കാലത്ത് മാത്തൂര്‍ കളിയോഗത്തിന്റെ നിലവാരം ക്ഷയിക്കുകയാല്‍ ഉത്രം തിരുനാള്‍ മഹാരാജാവ് വലിയകൊട്ടാരം വകയായി ഒരു കളിയോഗം രൂപീകരിക്കുകയും ഉത്സവക്കളി  ആ കളിയോഗത്തെ ഏല്‍പ്പിക്കുകയും ചെയ്തു. എങ്കിലും മാത്തൂര്‍ കളിയോഗം വടക്കേ നടയില്‍ ആടാറുണ്ടായിരുന്നു. കിഴക്കേ നടയില്‍ നടക്കുന്ന കളിക്ക് ദൃഷ്ടിദോഷം വരാതിരിക്കാനാണോ എന്ന് തോന്നും ആ വടക്കേ നട ആട്ടം കണ്ടാല്‍. 

മാര്‍ത്താണ്ഡവര്‍മ്മയുടെ സദസ്സില്‍ ഉണ്ണായിവാര്യരും , കുഞ്ചന്‍നമ്പ്യാരും ഉണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ മരണത്തിനു മുന്‍പു തന്നെ ഉണ്ണായിവാര്യര്‍ നളചരിതം രചിച്ചിരുന്നു. നാലു ദിവസത്തെ കഥയാണെങ്കിലും ആദ്യമായി ചൊല്ലിയാടിച്ചത് രണ്ടാം ദിവസം മാത്രമാണ്. ഇന്നും കളരികളില്‍ രണ്ടാം ദിവസം മാത്രമേ അഭ്യാസ പരിപാടിയായി ചൊല്ലിയാടാറുള്ളൂ.
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തിരുവനന്തപുരത്ത് കഥകളി പ്രചാരത്തിലുണ്ടായിരുന്നു. കാര്‍ത്തിക തിരുനാള്‍ ആ കലാരൂപത്തില്‍ വളരെ പ്രതിപത്തി കാണിക്കുകയും ചെയ്തിരുന്നു. കളിയോഗങ്ങള്‍ വന്നു കളിയരങ്ങുകള്‍ നടത്തുക എന്നല്ലാതെ സ്ഥിരമായി ചില സന്ദര്‍ഭങ്ങളില്‍ ആട്ടം ആടുന്ന പതിവുണ്ടായിരുന്നില്ല. കിടങ്ങൂര്‍, കുറിച്ചി എന്നീ പ്രദേശങ്ങളിലായിരുന്നു കളരികള്‍ ചിട്ടയായി പ്രവര്‍ത്തിച്ചിരുന്നത്. ആ കളിയോഗങ്ങള്‍ തിരുവനന്തപുരത്തു വന്ന് ആടിയിരുന്നു. കുറിച്ചിയിലെ ഒരു ആശാനാണ് നളചരിതം രണ്ടാം ദിവസം സംവിധാനം ചെയ്തതും ചൊല്ലിയാടിച്ചതും, മാര്‍ത്താണ്ഡവര്‍മ്മയുടെ മുന്‍പില്‍ അരങ്ങേറ്റം നടത്തിയതും.  

                                                         
അന്നുണ്ടായിരുന്ന കഥകളിയുടെ ഒരു ഏകദേശ രൂപം മനസിലാക്കുന്നതു നന്നായിരിക്കും. 
കൊട്ടാരക്കരയില്‍നിന്നും വെട്ടത്തു നാട്ടിലേക്കു പോയ സംഘം പാളക്കിരീടവുംനീലത്തേപ്പും ചില ഉടയാടകളുമാണ് സ്വീകരിച്ചിരുന്നത്.  നടന്മാര്‍ തന്നെ പദങ്ങള്‍ പാടിആടിയിരുന്നു. മദ്ദളവും ഇലത്താളവും മാത്രമേ മേളമായിട്ടുണ്ടായിരുന്നുള്ളൂ. വെട്ടത്തു തമ്പുരാന്‍ സാരമായ പരിഷ്കാരങ്ങള്‍ വരുത്തി , മുഖത്തു ചുട്ടിയും ധീരോദാത്ത നായകര്‍ക്കു പച്ചയും ധീരോദ്ധതര്‍ക്ക് കൂടിയാട്ടത്തിലെ കത്തിയും നിശ്ചയിച്ചു. മേളത്തിനു ചെണ്ടയും ചേര്‍ത്തു. തോരണയുദ്ധം ചൊല്ലിയാടുമ്പോള്‍ രാവണന്റെ വേഷത്തിന് അസാമാന്യനായ നടനെയാണ് കിട്ടിയത്. അയാള്‍ക്ക്‌ വിക്കുണ്ടായിരുന്നതിനാല്‍ പദങ്ങള്‍ പാടാന്‍ വിഷമമായി. മാത്രമല്ല, വെട്ടത്തു തമ്പുരാന്‍ കലാശം ചിട്ടപ്പെടുത്തിയപ്പോള്‍ കളരിപ്പയറ്റില്‍ അഭ്യസിച്ച് ഊറ്റം വെച്ച നടന്മാരെയാണ് ഉപയോഗിച്ചത്. കലാശങ്ങള്‍ എടുത്തു കഴിഞ്ഞപ്പോള്‍ നടന്മാര്‍ക്കു പദം പാടാന്‍ ശ്വാസം ശരിയാവാതെയായി. അങ്ങിനെയാണ് ശ്ലോകങ്ങളും പദങ്ങളും പാടാന്‍ വെട്ടത്തു തമ്പുരാന്‍ ഒരു പാട്ടുകാരനെ പിന്നില്‍ നിര്‍ത്തി ഇലത്താളവും കൊടുത്തത്.  

കോട്ടയം തമ്പുരാന്‍ ആട്ടത്തിന്റെ ഉള്ളടക്കത്തിലും നാട്യധര്‍മ്മി അനുസരിച്ചുള്ള രീതികളിലുമാണ് ശ്രദ്ധ ചെലുത്തിയത്. തോടയം,പുറപ്പാട്, മഞ്ജുതര മുതലായവയെല്ലാം അദ്ദേഹത്തിന്‍റെ സംഭാവനകളാണ്. വെട്ടത്തു തമ്പുരാന്‍ അവതരിപ്പിച്ചിരുന്ന തിരനോട്ടം കോട്ടയം തമ്പുരാന്‍ ഭാവോദ്ദീപകമാക്കി. രാമായണ കഥാരംഗങ്ങളില്‍ നാടകീയതയും ഭാവോല്‍ക്കടതയും കുറവായതിനാലാണ് കോട്ടയം അതെല്ലാം അത്ഭുതകരമാം വിധത്തില്‍ നിറഞ്ഞിരുന്ന ഭാരതകഥയെ ആസ്പദമാക്കി ആട്ടക്കഥകള്‍ രചിച്ചത്. രചിക്കുക മാത്രമല്ല കഥകളിയുടെ അടിത്തറയായി അവ എന്നും നിലനിലക്കത്തക്ക വിധത്തില്‍ അവയ്ക്ക് ചിട്ടകള്‍ നിര്‍ദ്ദേശിക്കുകയും നിര്‍ദ്ദാക്ഷിണ്യം അവയെ അദ്ദേഹം നടപ്പില്‍ വരുത്തുകയും ചെയ്തു. കല്ലടിക്കോട്ടു പ്രദേശത്തു കറതീര്‍ന്ന ആ സമ്പ്രദായം കല്ലടിക്കോടന്‍ എന്നപേരില്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രചാരപ്പെടുകയും കിടങ്ങൂര്‍, കുറിച്ചി മുതലായ കളരിയോഗങ്ങള്‍ ആ സമ്പ്രദായത്തെ സ്വീകരിക്കുകയും ചെയ്തു. കാലക്രമേണ കിടങ്ങൂരും കുറിച്ചിയും ആ സമ്പ്രദായത്തില്‍ കാലോചിതമായ ചില പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അങ്ങിനെ കുറിച്ചിക്കാര്‍ അവതരിപ്പിച്ച ഒരു പരിഷ്കാരം രണ്ടു പാട്ടുകാരെ നിയോഗിക്കുക എന്നതായിരുന്നു. ഒന്നാമന്‍ ചേങ്കില കൊട്ടി പാടുകയും രണ്ടാമന്‍ ഇലത്താളം കൊണ്ടു മേളക്കൊഴുപ്പു നല്‍കി ഏറ്റുപാടുകയും ചെയ്തു തുടങ്ങിയത് കുറിച്ചിയിലാണ്. അതോടുകൂടി കഥകളിയില്‍ പൊന്നാനിയും ശങ്കിടിയും സ്ഥലം പിടിച്ചു.

കുറിച്ചിക്കാരുടെ പരിഷ്കരണം കൂടി ഉണ്ടായശേഷമാണ്   മാര്‍ത്താണ്ഡവര്‍മ്മയുടെ  മുന്‍പില്‍ ഉണ്ണായിവാര്യരുടെ നളചരിതം രണ്ടാംദിവസം അരങ്ങേറിയത്. അതേസമയം കിടങ്ങൂര്‍ കളരി മറ്റൊരു കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നു. കിടങ്ങൂരും പരിസരങ്ങളിലും കൂടിയാട്ടം പ്രചാരപ്പെട്ടിരുന്നു. കൂടിയാട്ടത്തില്‍ കത്തിവേഷത്തിനുള്ള പ്രത്യേകത അവരെ ആകര്‍ഷിച്ചു. കത്തിവേഷം അഭിനേതാവിന്റെ ദൃഷ്ടിയില്‍ അസാധാരണമായ സാദ്ധ്യതകള്‍ ഉള്ളതാണെന്നു കാണുകയാല്‍ കിടങ്ങൂര്‍ ആശാന്മാര്‍ ഖരവധം, തോരണയുദ്ധം മുതലായവ പ്രത്യേകം ശ്രദ്ധിച്ചു. ശൂര്‍പ്പണകാങ്കം  മുതലായവയ്ക്ക് പ്രത്യേകമായ പരിഗണനയുണ്ടാക്കി.കോട്ടയം കഥകളില്‍ കത്തി വേഷത്തിനു വലിയ പ്രാധാന്യം കല്‍പ്പിചിട്ടില്ലാതിരുന്നതിനാല്‍ കിടങ്ങൂര്‍ കളരിയില്‍ ചിട്ട ചെയ്തു മിനുക്കിയെടുത്ത കത്തി വേഷങ്ങള്‍ എല്ലാം രാമായണം കഥകളിലെ മാത്രമായിരുന്നു. കിടങ്ങൂര്‍ കളിയോഗം കൊച്ചിയിലും തിരുവിതാംകൂറിലും സഞ്ചരിച്ച് അനവധി കളിയരങ്ങുകള്‍ നടത്തുകയുണ്ടായി. അങ്ങനെ തൃപ്പൂണിത്തുറയിലും തിരുവനന്തപുരത്തും കിടങ്ങൂര്‍ക്കാരുടെ ഖരനും രാവണനും കഥകളി രംഗത്തു ശക്തമായ ചില തരംഗങ്ങള്‍ ഇളക്കിവിട്ടു. കഥകളിയുടെ ചരിത്രത്തില്‍ ഒരു സുപ്രധാനമായ വഴിത്തിരിവിന് ആ തരംഗങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. വാര്യരുടെ നളചരിതത്തോടുകൂടി ഋതുമതിയായിത്തീര്‍ന്ന കഥകളി ബാലിക നവോഢയായത്‌ അടുത്ത അറുപതു കൊല്ലങ്ങള്‍ കൊണ്ടാണ്.

ബാലിവിജയം, രാവണോത്ഭവം, കാര്‍ത്തവീര്യവിജയം, നരകാസുരവധം, രാജസൂയം, കീചകവധം, ഉത്തരാസ്വയംവരം, രാവണവിജയം  എന്നീ എട്ടു കഥകളാണ് കഥകളിയെ പരിപുഷ്ടയാക്കിയത്.  
                                                                         (തുടരും) 

1 അഭിപ്രായം:

  1. വിലയേറിയ ഈ ലേഖനം വീണ്ടും ആസ്വാദക സമക്ഷം എത്തിച്ചത് ഏറ്റവും ഉചിതമായി. എന്നെ പോലെയുള്ളവര്‍ക്ക് കഥകളി ചരിത്രം മനസ്സിലാക്കാന്‍ ഇത് ഉപകരിക്കും. അങ്ങയുടെ അടുത്ത ഭാഗം ലേഖനത്തിനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ