പേജുകള്‍‌

2010, ജൂൺ 22, ചൊവ്വാഴ്ച

ദുര്‍വാസാവും പോലീസുകാരനും

പാർത്ഥൻ തന്നുടെ വേഷമിട്ടു സഭയില്‍ പ്രാപിച്ചു  ശോഭിക്കുവാന്‍
പാര്ത്താല്‍ കുഞ്ഞനതാം യുവാവിനു സമന്മാരില്ല മറ്റാരുമേ ! "

"വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ ! ഭവ ചിത്തം
വിശ്വപ്രിയമായ്  നടനം ചെയവത് വിധേയനെന്റെ കൃത്യം".

പ്രസിദ്ധനായിരുന്ന കഥകളി ആചാര്യന്‍   ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍  ആശാനെ സംബന്ധിച്ച വരികള്‍  ആണിത്.   കാലകേയവധത്തില്‍ അര്‍ജുനന്‍  മുതല്‍ കംസവധത്തില്‍  ആനക്കാരന്‍ വരെ മടി കൂടാതെ അരങ്ങത്ത് പ്രവര്‍ത്തിക്കാന്‍  കഴിവും സന്മനസ്സും ഉണ്ടായിരുന്ന  കലാകാരന്‍ ആയിരുന്നു അദ്ദേഹം.  വേഷം ഒന്നാം തരമെന്നോ രണ്ടാം തരമെന്നോ എന്നൊന്നും ആശാന് വ്യത്യാസം ഇല്ലായിരുന്നു മറിച്ച് സദസ്സിനെ അറിഞ്ഞു വേണം നടന്റെ പ്രവര്‍ത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം . ഉണ്ണായി വാര്യരുടെ നളചരിതത്തിലെ ഹംസ വേഷത്തിനു പണിക്കരുടെ അത്രയും ജനസമ്മിതി നേടിയ ഒരു  നടന്‍ വേറെ ആരും ഇല്ല.  പണിക്കര്‍ക്ക്   ശേഷം ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ളയാണ്   ഹംസ വേഷത്തിനു ഏറ്റവും കൂടുതല്‍ ജനസമ്മിതി നേടിയത് . എന്നാല്‍  പണിക്കര്‍ ആശാന്റെ ശിഷ്യന്‍ എന്ന നിലയില്‍ തന്നെയാണ്   ഒയൂരിനു അതിനു സാധിച്ചത്  എന്ന് നാം സ്മരിക്കേണ്ടത് തന്നെയാണ്.  പണിക്കരുടെ ഹംസത്തെ കൂടാതെ പുഷ്ക്കരന്‍, കാട്ടാളന്‍, സുദേവന്‍ എന്നീ  നളചരിതത്തിലെ വേഷങ്ങള്‍ക്കും  ഹനുമാന്‍, സാന്ദീപനി, സന്താനഗോപലത്തില്‍ ബ്രാഹ്മണന്‍ എന്നീ വേഷങ്ങള്‍ക്കും അദ്ദേഹം പ്രസിദ്ധന്‍ ആയിരുന്നു. സഹ കലാകാരന്മാരോട് അസൂയയോ വിരോധമോ  ലവലേശം അദ്ദേഹത്തിന് ഇല്ലായിരുന്നു. ആശാന്റെ കിരാതത്തിലെ  കാട്ടാളനും ബാണയുദ്ധത്തിലെ  വൃദ്ധയും  മഹാകവി വള്ളത്തോളിനെ വളരെ അധികം ആകര്‍ഷിച്ചിരുന്നു.
നളചരിതത്തിലെ അദ്ദേഹത്തിന്റെ പുഷ്ക്കരന്‍,  കലി -  ദ്വാപരന്മാരുടെ വാക്കുകള്‍ കേട്ട ഉടനെ ചൂതിനു വിളിക്കാന്‍ തയ്യാറാകുന്ന രീതിയില്‍ അവതരിപ്പിച്ചിരുന്നില്ല. പൂര്‍ണ്ണമായും  കലിയുടെയും ദ്വാപരന്റെയും പ്രേരണക്ക് വശംവദനാകുന്ന പുഷ്കരനെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ധാരാളം സംശയങ്ങള്‍ പുഷ്കരന് ഉണ്ടാകും. അതെല്ലാം തീര്‍ക്കേണ്ട  ചുമതല കലിക്കും ദ്വാപരനും ഉണ്ടായിരിക്കണം . ഈ നാട്ടിലുള്ള എല്ലാ പ്രജകള്‍ക്കും   നളനോട് ബഹുമാനമാണ് . നിങ്ങള്‍ രണ്ടു പേര്‍ മാത്രം നളനെ  ദുഷിക്കുകയും വെറുക്കുകയും ചെയ്യാന്‍ കാരണം എന്താണ് ? നളനെ തോല്പ്പിച്ചു  ഞാന്‍ രാജാവാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കാന്‍ കാരണം എന്ത് ? .  എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവാതെ " ഇവനെ ഉത്തേജിപ്പിക്കുക തന്നെ  " എന്ന് കാട്ടി പുഷ്കരന്റെ പിറകില്‍ നിന്നും കലിയും ദ്വാപരനും  അലറുകയും പട്ടുത്തരീയം കൊണ്ട് പുഷ്കരനെ ഉഴിയുകയും ചെയ്യുമ്പോള്‍ ആവേശത്തോടെ പുഷ്ക്കരന്‍  നളനെ നേരിടുവാന്‍ തയ്യാറാകുന്ന രീതി ആയിരുന്നു അദ്ദേഹത്തിന്റെ അവതരണത്തില്‍ ഉണ്ടായിരുന്നത്. നളനെ നേരിടുന്ന പുഷ്കരനോ രാജ്യം തനിക്കു സ്വന്തം ആകുന്നതു  വരെ ധൈര്യം അവലംബിച്ച് നില്‍ക്കുക  എന്ന രീതിയില്‍ നിന്നും അല്പ്പം പോലും  വ്യതിചലിച്ചിരുന്നില്ല. പണ്ഡിതരെയും പാമരന്മാരെയും ഒന്ന് പോലെ രസിപ്പിക്കാന്‍ സാധിക്കുന്ന മനോധര്‍മ്മവും  അത്ഭുതാവഹമായ കലാകുശലതയും പണിക്കര്‍ ആശാന്റെ പ്രത്യേകതകള്‍ ആയിരുന്നു. കഥകളിയില്‍ നര്‍മ്മ രസം പ്രധാനമായി വേണ്ടിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ ആശാന്‍ കാണിച്ചിരുന്ന താല്‍പ്പര്യം    സ്മരണീയമാണ്.  അദ്ദേഹത്തിന്റെ ബാലിവിജയത്തില്‍ നാരദന്‍, നളചരിതം ഒന്നിലെ ഹംസം, കംസവധത്തില്‍ ആനക്കാരന്‍ തുടങ്ങിയ വേഷങ്ങള്‍ ഇതിനു ഉത്തമ ഉദാഹരണങ്ങള്‍ ആണ്. കുഞ്ഞന്‍ പണിക്കര്‍ ആശാന്റെ നര്‍മ്മ  പ്രയോഗങ്ങള്‍ക്കു    ഉദാഹരണമായി അറിയപ്പെടുന്ന ഒരു കഥയാണ് ഇന്നിവിടെ സമര്‍പ്പിക്കുന്നത്. 

തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിലെ ഒരു ഉത്സവക്കളി.  അംബരീക്ഷചരിതം ആയിരുന്നു കഥ. സൂര്യവംശത്തില്‍ പിറന്ന നഭാഗന്‍ എന്ന രാജാവിന്റെ പുത്രന്‍ ആണ് അംബരീക്ഷന്‍.  വിഷ്ണു ഭക്തനായ അംബരീക്ഷന്‍ ഏകാദശി വൃതം മുടക്കം കൂടാതെ കൃത്യ നിഷ്ഠയോടെ അനുഷ്ടിച്ചു  വന്നിരുന്നു.   ഏകാദശിക്ക് അടുത്ത നാള്‍ ദ്വാദശിക്ക് പാരണ ചെയ്തു  വൃതം അവസാനിപ്പിക്കാന്‍ തയ്യാറാകുന്ന സമയത്ത് ദുര്‍വാസ്സാവ്    മഹര്‍ഷി അംബരീക്ഷന്റെ കൊട്ടാരത്തില്‍ എത്തി. ദുര്‍വാസാവിനെ സന്തോഷത്തോടെയും ആദരവോടെയും സ്വീകരിച്ച അംബരീക്ഷന്‍ സ്നാനം കഴിച്ചു വന്നാല്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തി  പാരണ വീട്ടാം എന്ന്  അറിയിച്ചു. അംബരീക്ഷന്റെ വൃതം മുടക്കാന്‍ എത്തിയ ദുര്‍വാസ്സാവ് മനപ്പൂര്‍വം   സ്നാനം കഴിഞ്ഞു എത്താന്‍ വളരെ അധികം  അമാന്തിച്ചു. ദുര്‍വാസാവിനെ പ്രതീക്ഷിച്ചിരുന്ന  രാജാവ്‌  മുഹൂര്‍ത്ഥം അവസാനിക്കും മുന്‍പ്   ഒരു ബ്രാഹ്മണനെ മുന്‍ നിര്‍ത്തി   പാരണ വീട്ടി.
താന്‍ എത്തുന്നതിനു മുന്‍പ്   പാരണ വീട്ടിയതില്‍ അത്യന്തം കോപാകുലനായ ദുര്‍വാസ്സാവ് അംബരീക്ഷനെ ശിക്ഷിക്കാന്‍  "കൃത്യ" എന്ന ഒരു  ദുര്‍മൂര്‍ത്തിയെ വരുത്തി. തന്റെ ഭക്തനായ അംബരീക്ഷനെ  ആപത്തില്‍ നിന്നും രക്ഷിക്കാന്‍ മഹാവിഷ്ണു തന്റെ ആയുധമായ സുദര്‍ശനത്തെ അയച്ചു. സുദര്‍ശനം  കൃത്യയെ വധിച്ച ശേഷം ദുര്‍വാസ്സാവിന്റെ  നേരെ നീങ്ങി. സുദര്‍ശനത്തില്‍ നിന്നും വമിച്ച ഉജ്ജ്വലമായ ഉഷ്ണം സഹിക്കാതെ വന്നപ്പോള്‍  ദുര്‍വാസ്സാവ്  ഓടി രക്ഷപെടുവാന്‍ ശ്രമിച്ചു.  സുദര്‍ശനം ദുര്‍വാസ്സാവിനെ പിന്‍ തുടര്‍ന്ന്    ശല്ല്യം ചെയ്തു.  ക്ഷിപ്രകോപിയായ ദുര്‍വാസ്സാവിന്റെ ശാപം ഒന്നും  സുദര്‍ശനത്തിനുമേല്‍ ഫലിക്കാതെ വന്നപ്പോള്‍  ദുര്‍വാസ്സാവ് ഓടി ബ്രഹ്മാവിനെ അഭയം പ്രാപിച്ചു. ബ്രഹ്മാവ് നിസ്സഹായത കാട്ടിയപ്പോള്‍ പരമശിവന്റെ കാലടിയില്‍ വീണു  അഭയം തേടി. ശിവനും കൈ ഒഴിഞ്ഞപ്പോള്‍  മഹാവിഷ്ണുവിനെ തന്നെ അഭയം തേടി. ഈ ആപത്തില്‍ നിന്നും രക്ഷ നേടാന്‍ അംബരീക്ഷനെ ശരണം പ്രാപിക്കുക അല്ലാതെ മറ്റു വഴി ഒന്നും ഇല്ലെന്നു വിഷ്ണു ഉപദേശിച്ചു. ദുര്‍വാസ്സാവ്  ഗത്യന്തരമില്ലാതെ അംബരീക്ഷനെ ശരണം പ്രാപിച്ചപ്പോള്‍  സുദര്‍ശനം പിന്മാറി. ഇതാണ് അംബരീക്ഷചരിതത്തിന്റെ കഥ.
തിരുവല്ലയിലെ അന്നത്തെ  കഥകളിക്ക് കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ ആയിരുന്നു ദുര്‍വാസ്സാവ്  വേഷം അണിഞ്ഞത്. ക്ഷേത്രത്തിന്റെ മതിലിനു ഉള്ളിലാണ് അന്ന് ഉത്സവക്കളി നടന്നിരുന്നത്.   മതിലിനു ഉള്ളില്‍ തെക്ക്  ഭാഗത്ത്‌  സ്റ്റേജ്. കിഴക്കേ നടയിലെ ഗോപുരത്തിലേക്ക് സ്റ്റേജില്‍ നിന്നും കുറച്ചു ദൂരമുണ്ട്. അംബരീക്ഷനെ ചതിക്കാന്‍ ശ്രമിച്ച  ദുര്‍വാസ്സാവിനെ  രണ്ടു കൈകളിലും  തീ പന്തവുമായി തുരത്തുന്ന സുദര്‍ശനം ( താടി  വേഷം). ദുര്‍വാസ്സാവും  പിന്നാലെ സുദര്‍ശനവുമായി സദസ്യരുടെ ഇടയില്‍ കൂടി ഓടി സദസ്യര്‍ക്ക്   ഒരുവലത്തു വെച്ച് വരുമ്പോള്‍ രംഗത്ത് ആദ്യം ബ്രഹ്മാവ് , അടുത്ത വലത്തിനു  പരമശിവന്‍. പിന്നീട്  മഹാവിഷ്ണു, പിന്നീടു  അംബരീക്ഷ മഹാരാജാവ് . ഇങ്ങിനെയാണ്  അവതരണ രീതി. മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം അംബരീക്ഷ രാജാവിന്റെ സമീപത്തേക്ക്  പോകാനായി സദസ്യരുടെ ഇടയിലൂടെ ഓടി നീങ്ങിയ  പണിക്കര്‍ ആശാന്റെ കണ്ണില്‍ പെട്ടത് ഗോപുരവാതിലില്‍ ഒരു സ്ടൂളിന്മേല്‍ ഇരുന്നു ഉറങ്ങുന്ന പോലീസുകാരനെയാണ്.  ആശാന്‍ നേരെ പോലീസുകാരന്റെ സമീപം എത്തി. ആശാന്റെ പിന്നാലെ  രണ്ടു കൈകളിലും തീ പന്തവുമായി  വരുന്ന താടി വേഷത്തില്‍ സുദര്‍ശനം. ഈ സന്ദര്‍ഭം   ഒരു നര്‍മ്മ പ്രയോഗത്തിനായി ഉപയോഗിക്കാന്‍ ആശാന്‍ ഒട്ടും മറന്നില്ല.  ആശാന്‍  ഉറങ്ങികൊണ്ടിരുന്ന പോലീസുകാരന്റെ രണ്ടു  കാലിലും   കെട്ടിപ്പിടിച്ച. ഞെട്ടി ഉണര്‍ന്ന  പോലീസുകാരന്  ആശാന്റെ വേഷവും അടുത്തേക്ക് വരുന്ന തീ പന്തവുമായി വരുന്ന സുദര്‍ശനത്തെയും കണ്ടപ്പോള്‍ എന്തെന്നറിയാതെ ഭയന്ന് മിഴിച്ചു നിന്ന പോലീസുകാരനോട്‌ മുദ്രയിലും വാക്കുകളിലും ഒക്കെയായി  സുദര്‍ശനത്തെചൂണ്ടി ഇങ്ങിനെ പറഞ്ഞു.
 "ഇവന്‍ എന്റെ പിന്നാലെ കൂടി എന്നെ  ശല്ല്യം ചെയ്തുകൊണ്ടേ  വരികയാണ്‌. ബ്രഹ്മാവും  ശിവനും വിഷ്ണുവും  എല്ലാം എന്നെ കയ്യൊഴിഞ്ഞു. നിയമ പാലകനായ അങ്ങെങ്കിലും എന്നെ  രക്ഷിക്കണം. ദയവു ചെയ്തു എന്നെ കൈ വിടരുത് ".
പണിക്കര്‍ ആശാന്റെ ഈ പൊടിക്കൈ പ്രയോഗം  കാണുകയും കേള്‍ക്കുകയും  ചെയ്തു കൊണ്ടിരുന്ന  സദസ്യരുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍   എന്തെന്നറിയാതെ അമ്പരന്നു നിന്നിരുന്ന  ആ പാവം പോലീസുകാരനെ നോക്കി "എന്താ! അങ്ങേക്കും എന്നെ രക്ഷിക്കാനാവില്ല എന്നാണോ?" എന്ന് ഒരു ചോദ്യം ചോദിച്ചു കൊണ്ട്  " അയ്യോ  എന്റെ തലയില്‍ എഴുത്ത് അങ്ങിനെ എങ്കില്‍ അങ്ങിനെ ആവട്ടെ",  ഞാന്‍ ഇനി രാജാവിനെ തന്നെ അഭയം പ്രാപിച്ചു കൊള്ളാം എന്ന് മുദ്ര  കാട്ടി എഴുനേറ്റ് സ്റ്റേജിലേക്ക് നീങ്ങി ദുര്‍വാസ്സാവ്.

2010, ജൂൺ 12, ശനിയാഴ്‌ച

കുറിച്ചിയിൽ ഒരു നിഴൽക്കുത്ത്


കഥകളിയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ കാലത്തിന് നിരക്കാത്ത പലതും ഇകിയാട്ടത്തില്‍ ഒരു ചില നടന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആസ്വാദകര്‍ക്ക് താല്‍പ്പര്യമുള്ള നടന്‍മാര്‍ ആണ് ചെയ്യുന്നെങ്കില്‍ അവര്‍ ആസ്വദിക്കയും താല്‍പ്പര്യമില്ലാത്ത നടന്‍മാര്‍ ആണ് ചെയ്യുന്നതെങ്കില്‍ അവരെ വിമര്‍ശിക്കുകയും ചെയ്യുന്ന രീതി പണ്ട് മുതല്‍ക്കേ ഉള്ളത് തന്നെ ആണ്. ഏതാനും ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രശസ്ത നടന്‍മാര്‍ അവതരിപ്പിച്ച  ഒരു  കുചേലവൃത്തം കഥകളിയില്‍  കുചേലനെ രുഗ്മിണി ദേവി  ചാമരം കൊണ്ട് വീശുമ്പോള്‍ കുചേലന്‍ രുഗ്മിണിയോട് (മുകളിലേക്ക് ചൂണ്ടി കാട്ടി) ഫാന്‍ ഉണ്ടല്ലോ അതുകൊണ്ട്  വീശണ്ടാ എന്ന് കട്ടിയാതായി കളി കണ്ടവര്‍ വിമര്‍ശിക്ക ഉണ്ടായി.
ഒരു ദുര്യോധനവധം കഥകളി. രണ്ടു  പ്രശസ്തര്‍ ദുര്യോധനനും ദുശ്ശാസനനുമായി അരങ്ങില്‍. ദുര്യോധനനും ദുശ്ശാസനനും. ഇന്ദ്രപ്രസ്ഥത്തിൽ താമസിക്കുന്ന ദുര്യോധനാദികൾ പാണ്ഡവരുടെ സഭാസ്ഥലം കാണുവാനായി  യാത്ര തിരിക്കുന്നതിനുള്ള   ഒരുക്കങ്ങള്‍ക്ക്  ടയില്‍ മേള താളങ്ങള്‍ക്ക് ഒപ്പം തവിലും നാദസ്വരവും ദുശ്ശാസന നടന്‍ ഭാവനയില്‍ കണ്ടു. എന്നിട്ട് ഒരു നിര്‍ദ്ദേശം. സ്വിച്ചില്‍ ( current) വര്‍ക്ക് ചെയ്യുന്ന ഹാര്‍മോണിയം വേണ്ടത്രേ. ഈ കളികണ്ട എല്ലാ ആസ്വാദകരും  പൊട്ടിച്ചിരിച്ചു ആസ്വദിക്കയാണ് ഉണ്ടായത് . ഇതേപോലെ നിഴല്‍കുത്തു കഥകളിയില്‍ മണികണ്ഠന്‍ ദുര്യോധന മഹാരാജാവിന്റെ കൊട്ടാരത്തില്‍ പോയി വരുമ്പോള്‍ ക്രിക്കറ്റ് ബാളും ബാറ്റും വാങ്ങി വരണം എന്ന് പിതാവായ മലയനോട് ആവശ്യപ്പെടുന്നത് കണ്ടിട്ടുണ്ട്.  കഥാപാത്രത്തിന്റെ പ്രായത്തിനു കഥകളിയില്‍ കഥകളിയില്‍ മുഖ്യത്തം ഇല്ലല്ലോ? കഥകളിക്കു വലിപ്പം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്മാരുടെ വലിപ്പമാണ്. കലകേയവധത്തില്‍ ഇന്ദ്രനെ യുവനടനും ഇന്ദ്രപുത്രനായ  അര്‍ജുനനെ സീനിയർ നടനോ അല്ലെങ്കില്‍ യുവനടന്റെ ഗുരുനാഥനോ അവതരിപ്പിക്കുക ആണല്ലോ പതിവ്. എന്നാല്‍ നിഴല്‍കുത്തു കളിയില്‍  മണികണ്ഠന്‍ എന്ന കഥാപാത്രത്തെ എഴുപതു വയസ്സിനു മേല്‍ പ്രായമുള്ള ഒരു നടന്‍ അവതരിപ്പിക്കേണ്ടി വന്ന ഒരു സാഹചര്യം ഉണ്ടായി. അന്ന് മണികണ്ഠന്‍ ക്രിക്കറ്റ്‌ ബാറ്റും ബാളും വേണം എന്ന് മലയനോട് കാട്ടുകയും ചെയ്തു. വളരെ അരോചകമായ അവസ്ഥയാണ്  അക്കളി കണ്ടവര്‍ക്ക് അനുഭവപ്പെട്ടത്.

എന്റെ വളരെ ചെറുപ്പത്തില്‍  മാവേലിക്കര വാരണാസി മഠത്തിനു സമീപം ഉള്ള പൊന്നാരം തോട്ടം ക്ഷേത്രത്തില്‍ ഒരു നിഴല്‍കുത്തു കഥകളി ഉണ്ടായി.  ഗുരു. ചെങ്ങന്നൂര്‍ ആശാന്‍ ആയിരുന്നു ദുര്യോധനന്‍. കലാമണ്ഡലം കേരളവര്‍മ്മ ആയിരുന്നു മലയന്‍. കഥകളി പഠിച്ചു കൊണ്ടിരുന്ന ഒരു ചെറിയ  പെണ്‍കുട്ടി ആയിരുന്നു മണികണ്ഠന്‍ വേഷത്തിന്. കേരളവര്‍മ്മ വന്നപ്പോള്‍ മുതല്‍ ആ പെണ്‍കുട്ടി വേഷം കേട്ടില്ല എന്ന് വാശിപിടിച്ചു നില്‍ക്കുകയാണ് . ഒടുവില്‍ കേരളവര്‍മ്മ ആ കൊച്ചു കുട്ടിയോട് സംസാരിച്ചു നോക്കി.വാശിയുടെ കാരണം നിസ്സാരം. വൃതനിഷ്ട  കഴിഞ്ഞു വരുന്ന മലയന്‍ (രംഗത്ത്) മണികണ്ഠന സ്നേഹപൂര്‍വ്വം എടുത്തു ഒക്കത്ത് വെയ്ക്കമത്രേ. ഒടുവില്‍ കേരളവര്‍മ്മ ആ കുട്ടിയുടെ താൽപ്പര്യത്തിന്  സമ്മതിച്ച ശേഷമാണ് ആ കുട്ടി വേഷം കെട്ടിയത്.  ഇതാണ് മണികണ്ടന്റെ സുമാറായ പ്രായം എന്ന് ഞാന്‍ വിശ്വസിക്കുന്നു.ചെറു മണികണ്ഠന്‍ എന്നാണ് കവി സങ്കല്പം. കവി സങ്കല്‍പ്പത്തില്‍ ഉള്ളത് പോലെ പ്രായം കൊണ്ട് ചെറു മണികണ്ഠന്‍ ആയിരുന്നാല്‍ മാത്രം ഈ അരോചകം മാറി ആസ്വദിക്കാന്‍ സാധിക്കുമോ ? ഇല്ല. അത്തരം ഒരു കഥയാണ് ഇന്നത്തെ ഇളകിയാട്ടത്തിൽ.

ശ്രീ. പന്നിശ്ശേരി നാണുപിള്ളയുടെ നിഴൽകുത്ത് കഥകളി ഗുരു: ചെങ്ങന്നൂർ രാമൻ പിള്ള ആശാന്റെയും തകഴി കുട്ടൻപിള്ള ഭാഗവതരുടെയും പരിശ്രമത്തിൽ വീണ്ടും പ്രചാരത്തിലേക്കു വന്നകാലം. കോട്ടയം ജില്ലയിലെ കുറിച്ചിയിൽ ഒരു കഥകളി. അന്ന് നിഴൽക്കുത്ത് കൂടിയേ തീരൂ എന്ന് കളി നടത്തിപ്പുകാർക്ക് നിർബ്ബന്ധം. ആദ്യം ഒരു കഥ കഴിഞ്ഞ് നിഴൽകുത്ത് എന്ന് തീരുമാനവുമായി. ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ ആശാന്റെ മലയനും ശ്രീ. മങ്കൊമ്പു ശിവശങ്കരപ്പിള്ളയുടെ മലയത്തിയുമാണ് നിശ്ചയിച്ചിരുന്നത്. കഥയിൽ മലയനും മലയത്തിക്കും മണികണ്ഠൻ എന്നൊരു പുത്രനുണ്ട്മണികണ്ഠന് പ്രത്യേകിച്ച് ആടാനുള്ള വക കുറവാണ്. എങ്കിലും രംഗത്തു ചെയ്യേണ്ടത് എന്താണ് എന്ന് ബോധമുളള കഥകളി മുദ്രകൾ വശമുള്ള ഒരു ബാലനാൽ ചെയ്യാവുന്നതേയുള്ളൂ വേഷം
ദുര്യോധന മഹാരാജാവിന്റെ ആജ്ഞ അനുസരിച്ച് രാജധാനിയിൽ എത്തുന്ന മലയനോട് (മാന്ത്രികൻ) രാജാവ് പഞ്ചപാണ്ഡവരെ നിഴൽക്കുത്തി കൊല്ലാൻ ആവശ്യപ്പെടുന്നു. പല തന്ത്രങ്ങൾ പറഞ്ഞ് രക്ഷപ്പെടുവാൻ മാന്ത്രികൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പടുകയും ഒടുവിൽ സ്വന്ത ജീവന് അപകടം ഉണ്ടാകും എന്ന നില വന്നപ്പോൾ മാന്ത്രികൻ നിഴൽക്കുത്തി പാണ്ഡവരെ നിഗ്രഹിക്കുന്നു. രാജാവ് നൽകിയ പാരിതോഷികങ്ങളുമായി മടങ്ങി എത്തിയ മാന്ത്രിക മലയന്റെ വിഷാദം മലയത്തിയിൽ സംശയമുണ്ടാക്കി. പാണ്ഡവരെ നിഗ്രഹിച്ച വിവരം മനസിലാക്കിയ മലയത്തി ഒരു ഭ്രാന്തിയെപോലെ അലറിക്കൊണ്ട് സ്വപുത്രനെ കൊല്ലാൻ ശ്രമിക്കുന്നു. ഭയന്ന് ഓടുന്ന മണികണ്ഠനെ രക്ഷിക്കാൻ ശ്രമിക്കുന്ന മലയനെ തള്ളിവിട്ട് മലയത്തി മണികണ്ഠന്റെ ഒരു കാലിൽ ചവുട്ടി പിടിച്ച്  മറുകാലിൽ വലിച്ചു കീറി കൊല്ലുന്നതായിട്ടാണ് കഥയുടെ അവതരണം. കഥ കണ്ടു ശീലമില്ലാത്ത കഥകളി യോഗത്തിലെ ഒരു ബാലനടനെയാണ് മണികണ്ഠന്റെ വേഷത്തിന് ഉദ്ദേശിച്ചിരുന്നത്. പുറപ്പാടു കെട്ടാൻ മാത്രം പ്രാപ്തനായിരുന്ന ബാലന് മങ്കൊമ്പു് മണികണ്ഠന്റെ വേഷം അവതരിപ്പിക്കാനുള്ള രീതികൾ വിശദമാക്കി കൊടുത്തു. മങ്കൊമ്പിന് ബാലനിൽ തികഞ്ഞ വിശ്വാസവും ഉണ്ടായി.
 Sri. Mankobmu Sivasankara Pillai
കളി ഭംഗിയായി തുടർന്നു. കൗരവകൊട്ടാരത്തിൽ നിന്നും മടങ്ങി എത്തിയ മലയന്റെ വിഷാദകാരണം മലയത്തി തിരക്കി. പാണ്ഡവരെ വധിച്ചിട്ടാണ് മലയൻ എത്തിയതെന്ന് അറിഞ്ഞ  മലയത്തി മലയനോട് നീയും പുത്രദുഖം അറിയണം എന്നു പറഞ്ഞ് ഒരു ഭ്രാന്തിയെ പോലെ മണികണ്ഠനെ പിടിക്കാനായി ഓടി. സദസ്യരുടെ ഇടയിലുടെ ഓടിയ മണികണ്ഠന്റെ പിന്നാലെ മലയത്തിയും മലയനും. മൂവരും ഓടി തിരികെ സ്റ്റേജിൽ എത്തി. മലയനെ തള്ളിവിട്ട് മണികണ്ഠന്റെ നേർക്കു മലയത്തി പാഞ്ഞപ്പോൾ മണികണ്ഠൻ പിന്നെയും സദസ്യരുടെ ഇടയിലുടെ ഓട്ടം പിടിച്ചു. മലയത്തിയും ഓടിയല്ലേ പറ്റൂ. ഓടി. മലയത്തിക്കു പിടികൊടുക്കാതെ (ഭയന്ന്) അയ്യോ അയ്യയ്യോ എന്നു ശബ്ദമുണ്ടാക്കി കൊണ്ടു  സ്റ്റേജിൽ തിരിച്ചെത്തിയ  ബാലൻ വന്ന വേഗത്തിൽ തന്നെ സ്റ്റേജിന്റെ മുളകൊണ്ടു ഉണ്ടാക്കിയ തൂണിലേക്ക് വളരെ വേഗത്തിൽ കയറി ഉയരത്തിൽ ഇരിപ്പുറപ്പിച്ചു. മലയത്തി സ്റ്റേജിൽ എത്തി. മണികണ്ഠനെ താഴെ ഇറക്കിയാലേ കളി അവസാനിപപിക്കാനാവൂ. ഒരു ഭ്രാന്തിയെപ്പോലെ ശബ്ദമുണ്ടാക്കി താഴെ വരുവാൻ ആംഗ്യമൊക്കെ മലയത്തി കാട്ടിയിട്ടും മണികണ്ഠന് ഒരു കുലുക്കവുമില്ല. മണികണ്ഠൻ താഴെ എത്താതെ രംഗം മുഴുപ്പിക്കാനും പറ്റുന്നില്ല. . അരങ്ങിൽ മയങ്ങിയ നില അഭിനയിച്ചുകൊണ്ട് കിടക്കുന്ന മലയൻ. സദസ്യരുടെ ചിരിയുടെ ബഹളം, പൊന്നാനിക്കാരനും രംഗത്തെത്തിയ ചില കലാകാരന്മാരും മണികണ്ഠനോട് ഇറങ്ങിവരാൻ നിർബ്ബന്ധിച്ചിട്ടും ഫലം ഉണ്ടായില്ല. ചില നിമിഷങ്ങൾ കഴിഞ്ഞപ്പോൾ മലയത്തി സ്റ്റേജിനു പിറകിലുള്ള അണിയറയിലേക്കു പോയി. കഥകളിക്ക് ഉപയോഗിക്കുന്ന വില്ലുമായി തിരിച്ചെത്തി. സ്റ്റൂൾ വലിച്ചു നീക്കിയിട്ട് അതിൽ കയറി നിന്ന് വില്ലുകൊണ്ട് മണികണ്ഠനെ കുത്തുവാൻ തുടങ്ങി. വേദന സഹിക്കാതെ വന്നപ്പോൾ മണികണ്ഠന്റെ കൈകൾ അയഞ്ഞു. വളരെ വേഗത്തിൽ താഴേക്കുവന്ന മണികണ്ഠനെ ഇനി ഓടാത്തവണ്ണം മലയത്തി ബലമായി പിടിച്ചു വലിച്ച് കൃത്യം നടത്തി രംഗം അവസാനിപ്പിച്ചു. മലയത്തിയുടെ ഭാവമാറ്റം കണ്ടപ്പോൾ മണികണ്ഠൻ കെട്ടിയ ബാലൻ ശരിക്കും ഭയന്നതാണ്  രസകരമായ കഥയുടെ പിന്നിലെ മർമ്മം എന്നാണ് പിന്നീട് അറിയുവാൻ കഴിഞ്ഞത്.
 Sri. Mankombu Sivasankara Pillai as Malayathi