പേജുകള്‍‌

2016, ജൂലൈ 26, ചൊവ്വാഴ്ച

പത്തിയൂർ ക്ഷേത്രത്തിലെ അഞ്ചാം ഉത്സവവും കഥകളിയും. (ഒരു കാലഘട്ടത്തിൻറെ സ്മരണകൾ)


കായംകുളത്തിനു സമീപമുള്ള പത്തിയൂർ ദേവീക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തുള്ള പുത്തൻ മഠത്തിൽ  ശ്രീ. ഹരിഹരസുബ്രഹ്മണ്യ അയ്യർ (71) അവർകളെ ഇന്നലെ (25-07-2016) രാവിലെ അദ്ദേഹത്തിൻറെ മകളുടെ കൽപാക്കം   ടവുൺ ഷിപ്പിലുള്ള വസതിയിൽ   ചെന്ന്   ഞാൻ കാണുകയുണ്ടായി. ഒരിക്കൽ അദ്ദേഹത്തിൻറെ മകളെ കൽപാക്കം  ടവുൺ ഷിപ്പിൽ വെച്ച്   പരിചയപ്പെട്ടപ്പോൾ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള ആശാൻറെ ഒരു ആരാധകനാണ് എൻറെ അച്ഛൻ എന്ന് ആ കുട്ടി പറയുകയുണ്ടായി.  തുടർന്ന് ശ്രീ.  ശ്രീ. ഹരിഹരസുബ്രഹ്മണ്യ അയ്യർ അവർകളുമായി ഫോണിൽ സംസാരിക്കുവാൻ അവസരം ഉണ്ടായി. എൻറെ പിതാവിന്  ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് കഥകളിയിൽ  നിന്നും വിട്ടുനിന്നിരുന്നു  അവസാന കാലഘട്ടത്തിൽ വീട്ടിലെത്തി അച്ഛനെ ആശ്വസിപ്പിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അദ്ദേഹത്തെ നേരിട്ടു കാണണം എന്നും അദ്ദേഹത്തിൻറെ സ്മരണകൾ എല്ലാം അറിയണമെന്നും ആഗ്രഹിച്ചിരുന്നു. വളരെ വൈകിയാണെങ്കിലും  അതിനുള്ള അവസരം എനിക്ക് കൈവന്നതിൽ അതിയായ സന്തോഷം ഉണ്ട്.  അദ്ദേഹത്തിൽ നിന്നും മനസിലാക്കിയ വിവരങ്ങളാണ് ഇളകിയാട്ടത്തിൽ കൂടി ഞാൻ നിങ്ങളിൽ എത്തിക്കുന്നത്.

                                                          ശ്രീമതി& ശ്രീ. ഹരിഹര സുബ്രഹ്മണ്യ അയ്യർ 

ഒരു കഥകളി ഭ്രാന്തനായിരുന്ന അദ്ദേഹത്തിൻറെ പിതാവ്‌ ശ്രീ. വരദയ്യർ അവർകൾ ആയിരുന്നു പത്തിയൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് ഏതാണ്ട് 35-36 വർഷത്തോളം കാലം  സ്വന്തം ചിലവിൽ കഥകളി നടത്തി വന്നിരുന്നത്. ശ്രീ. വരദയ്യർ കായംകുളം ഹാജി ഹസ്സൻ സേട്ടിൻറെ കടയിലെ കണക്കെഴുത്തു ജോലിയായിരുന്നു  ചെയ്തുവന്നിരുന്നത്.   (എൻറെ പിതാവിന്റെ ചിറ്റപ്പനും ഈ കടയിലായിരുന്നു സേവനം ചെയ്തിരുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.) 

തൻറെ പിതാവായ ശ്രീ. വരദയ്യരിൽ നിന്നും മനസിലാക്കിയിട്ടുള്ളതും പിന്നീട് അനുഭവമുള്ളതുമായ ധാരാളം വിശേഷങ്ങളാണ് അദ്ദേഹം എന്നോട് പങ്കുവെച്ചത്.  ശ്രീ.  പത്തിയൂർ ക്ഷേത്രത്തിലെ അഞ്ചാം ഉത്സവത്തിനായിരുന്നു കഥകളി. പ്രസ്തുത കളികൾക്ക് ശ്രീ. ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ സഹോദരന്മാർ, ശ്രീ.ചെന്നിത്തല കൊച്ചുപിള്ള എന്നിവരായിരുന്നു ആദ്യകാല ഗായകന്മാർ. ശ്രീ. ഹരിപ്പാട് കുട്ടപ്പപണിക്കർ അവർകൾ ചെണ്ടയ്ക്കും. ശ്രീ. ഉണ്ണിത്താന്മാർക്കു ശേഷം ശ്രീ. സഹോദരന്മാരായിരുന്ന വൈക്കം തങ്കപ്പൻ പിള്ളയെയും  ശ്രീ. വൈക്കം പുരുഷോത്തമനെയുമാണ് ഗായകരായി ക്ഷണിക്കപ്പെട്ടിരുന്നാണ്.  ഗുരു. ചെങ്ങന്നൂരും, ശ്രീ. മാങ്കുളവും, ശ്രീ. കുടമാളൂരും, ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കരാശാനും മറ്റുമായിരുന്നു ആദ്യകാല നടന്മാർ. പിന്നീട് ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള, ശ്രീ. ചിറക്കര മാധവൻ കുട്ടി തുടങ്ങിയ   കലാകാരന്മാരും ഉൾപ്പെട്ടുവന്നിരുന്നു.  തനിക്ക് നല്ല ഓർമ്മയായ കാലം മുതൽ ഏവൂർ പരമേശ്വരൻ നായരുടെ ചുമതലയിലുള്ള  ശ്രീകൃഷ്ണ വിലാസം കഥകളിയോഗത്തിൻറെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചിരുന്നത്.  

പത്തിയൂർ ക്ഷേത്രത്തിലെ കഥകളിക്ക് " സ്വാമിയുടെകളി" എന്നായിരുന്നു കലാകാരന്മാരും ആസ്വാദകരും പറഞ്ഞിരുന്നത്. പത്തിയൂർ ക്ഷേത്രത്തിലെ അഞ്ചാം ഉത്സവക്കളിക്കു എത്തുന്ന കലാകാരന്മാരിൽ  മിക്കവരും തലേ ദിവസം നടക്കുന്ന തിരുവനന്തപുരം   കൊട്ടാരം കളി കഴിഞ്ഞു ഉച്ചയ്ക്ക് 12 മണിയോടെ നേരെ പത്തിയൂരിലുള്ള സ്വാമിയുടെ (വരദയ്യർ) ഗൃഹത്തിലാവും എത്തുക. കലാകാരന്മാർക്ക് വിശ്രമിക്കുവാനും ഭക്ഷണത്തിനുമുള്ള എല്ലാ സൗകര്യങ്ങളും സ്വാമിയുടെ ഗൃഹത്തിൽ റെഡിയായിരിക്കും. സ്വാമി മാത്രം അവിടെ ഉണ്ടായി എന്നുവരില്ല. അദ്ദേഹം സേട്ടിൻറെ കടയിലെ ജോലി തീർത്തേ വരികയുള്ളൂ. അദ്ദേഹം എത്തുമ്പോഴേക്കും  മാങ്കുളവും എത്തിച്ചേരും. കഥയും വേഷങ്ങളും തീരുമാനിക്കുന്നത് ഇവർ ഇരുവരും തമ്മിൽ ആലോചിച്ച ശേഷമാവും. പിന്നീട് ഭക്ഷണം കഴിഞ്ഞു  പ്രധാന കലാകാരന്മാരുമൊത്താവും ശ്രീ. വരദയ്യർ ക്ഷേത്രത്തിലേക്ക് പുറപ്പെടുക. 

പത്തിയൂർ ക്ഷേത്രത്തിൽ അഞ്ചാം ഉത്സവത്തിന് സ്വാമി നടത്തുന്ന കഥകളി, അക്കാലത്ത് ആ   ഭാഗത്തു അന്നുണ്ടായിരുന്ന ആസ്വാദകർക്ക് ഒരു ഹരം തന്നെയായിരുന്നു. ആദ്യ കാലഘട്ടത്തിൽ  ഉച്ചഭാഷണിയോ ഇലക്ട്രിസിറ്റിയോ ഉണ്ടായിരുന്നില്ല. കഥകളിയുണ്ട്  എന്ന് അറിയുന്നത് കേളികൊട്ടിന്റെ ശബ്ദം കേൾക്കുമ്പോഴായിരിക്കും. മൈക്കില്ലാത്ത കാലഘട്ടത്തിലെ ശ്രീ. ഇറവങ്കര ഉണ്ണിത്താന്മാരുടെ പാട്ട് രണ്ടു കിലോമീറ്റർ ദൂരം വരെ കേൾക്കാമായിരുന്നു വത്രേ.     നോട്ടീസോ മറ്റു പരസ്യങ്ങളോ ഇല്ലാത്ത കാലഘട്ടമായതിനാൽ സ്വാമിയുടെ ഗൃഹത്തിൽ ഏതാണ്ട് ഒരു മാസം മുൻപുമുതലെ കഥകളിയിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെ വിവരങ്ങളും കഥയുടെ വിവരങ്ങളും അന്വേഷിച്ചുകൊണ്ട് ആസ്വാദകർ എത്തുക പതിവായിരുന്നു. ആട്ടവിളക്കിന്റെ വെളിച്ചത്തിൽ കഥകളി വേഷത്തിന്റെ തിളക്കം ഒരു അനുഭവം തന്നെയായിരുന്നുവത്രേ. വേഷം നിശ്ചയിക്കുമ്പോൾ ഗുരു. ചെങ്ങന്നൂരിന് കത്തിവേഷവും മാങ്കുളത്തിനു പച്ചവേഷവും തന്നെയായിരിക്കും. സ്വാമിയുടെ ഗൃഹത്തിന് അടുത്തു താമസിച്ചിരുന്ന ഓടിയപ്പുറത്തു ഗോപാലനുണ്ണിത്താൻ അവർകളുടെ പുരയിടത്തിലെ കുളത്തിലാണ്   പത്തിയൂരിലെ കളിക്കെത്തുന്ന കലാകാരന്മാർക്കു കുളിക്കുവാനുള്ള സൗകര്യം. ഇവരെ അവിടേക്കു കൂട്ടിപ്പോകുന്നതും കൂട്ടി വരുന്നതുമെല്ലാം തൻ്റെ ജോലിയായിരുന്നു എന്ന് ശ്രീ. ഹരിഹരസുബ്രഹ്മണ്യ അയ്യർ അവർകൾ സ്മരിക്കുകയുണ്ടായി.

കളിക്കെത്തുന്ന പ്രമുഖരായ കലാകാരന്മാർക്കെല്ലാം സ്വാമിയുടെ വീട്ടിലെ ഒരു പ്രധാന വിഭവത്തോടു പ്രിയം അധികമാണ് പ്രത്യേകിച്ചും വൈക്കം തങ്കപ്പൻ പിള്ളയ്ക്ക്.  മാങ്ങാ അച്ചാർ. കളി കഴിഞ്ഞു പോകുന്ന മിക്ക കലാകാരന്മാരുടെ കയ്യിൽ അച്ചാർ പൊതിയും ഉണ്ടാകും.  

ഒരിക്കൽ പത്തിയൂർ ക്ഷേത്രത്തിലെ ഉത്സവത്തിൻറെ നടത്തിപ്പിൽ രണ്ടു വിഭാഗക്കാർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഇതേ തുടർന്ന് ആ വർഷത്തെ  ഉത്സവത്തിന് കലാപരിപാടികൾ ഒന്നും വേണ്ടെന്നു തീരുമാനിക്കുകയുണ്ടായി. എന്നാൽ    എക്കാരണത്തെകൊണ്ടും സ്വാമിയുടെ കഥകളി മുടക്കേണ്ട എന്നുമായിരുന്നു  പൊതുജനങ്ങളുടെ തീരുമാനം. പിന്നീട് ഇരു വിഭാഗക്കാരും  ഒന്നു ചേർന്ന് ഹൈന്ദവസമിതി രൂപം കൊണ്ട് ഉത്സവം നടത്തുകയും ചെയ്തു.  

കായംകുളം,  കീരിക്കാട് സ്വദേശി ശ്രീ. പള്ളേമ്പിൽ കൃഷ്ണപിള്ള അവർകൾ ആയിരുന്നു ശ്രീ.വരദ അയ്യർ അവർകളുടെ ഉറ്റ  മിത്രം. കഥകളി നടത്തുന്നതിന് കലാകാരന്മാരെ ക്ഷണിക്കുക,    അവർക്കു അഡ്വാൻസും കളിപ്പണവും  കൊടുക്കുക തുടങ്ങിയ കഥകളിയുടെ   ചുമതലകളെല്ലാം അദ്ദേഹത്തെയാണ് സ്വാമി ഏൽപ്പിക്കുക.  ഒരിക്കൽ ഒരു കളിക്കെത്തി  പുറപ്പാടും      കൃഷ്ണവേഷവും  ചെയ്ത ഒരു ബാലനെ ശ്രീ. വരദയ്യർക്ക്  വളരെ     ഇഷ്ടമായി. 

ആ കൃഷ്ണൻ കെട്ടിയ പയ്യൻ ഏതാ? എന്ന് ശ്രീ. വരദഅയ്യർ മാങ്കുളത്തോടു ചോദിച്ചു. 

"പള്ളിപ്പാട്ടുള്ള പയ്യനാ".  ചെന്നിത്തല കൊച്ചുപിള്ള പണിക്കരാശാനാണ്‌  പഠിപ്പിക്കുന്നത് എന്ന് മാങ്കുളം മറുപടിയും പറഞ്ഞു.

 " പയ്യൻ മിടുക്കനാ"  എന്ന്  അയ്യരും പ്രതികരിച്ചു.

കളി കഴിഞ്ഞു കലാകാരന്മാർ എല്ലാവരും കളിപ്പണവും വാങ്ങി പിരിഞ്ഞു. ഒരു ബാലൻ  മാത്രം പോകാതെ ക്ഷേത്രവളപ്പിൽ ചുറ്റിത്തിരിയുന്നതു കണ്ട്  ക്ഷേത്ര ജീവനക്കാരിൽ ഒരാൾ ആ ബാലനോട് വിവരം അന്വേഷിച്ചു. 

ഞാൻ ഇന്നലെ നടന്ന കഥകളിക്കു വേഷം ചെയ്തവനാണ്. എന്നെ കളിക്ക് ക്ഷണിച്ച കൃഷ്ണപിള്ള ചേട്ടൻ ഇവിടെ നിൽക്കൂ എന്ന് പറഞ്ഞു പോയി അദ്ദേഹം ഇതുവരെ മടങ്ങി വന്നില്ല. ഞാൻ  അദ്ദേഹത്തെ കാത്തു നിൽക്കുകയാണ് "എനിക്ക് കളിപ്പണം ലഭിച്ചിട്ടില്ല" എന്നായിരുന്നു ആ ബാലൻറെ  മറുപടി.  

"അതിന് ഇവിടെ നിന്നിട്ടു ഒരു പ്രയോജനവും ഇല്ല. പടിഞ്ഞാറേ നടയുടെ തെക്കുഭാഗള്ള  പുത്തൻമഠം എന്ന  വീട്ടിലേക്കു ചെല്ലുക. ആ വീട്ടിലെ സ്വാമിയാണ്   കഥകളി  നടത്തിയത്".  എന്ന് ക്ഷേത്ര ജീവനക്കാരൻ ആ  ബാലനോട് പറഞ്ഞു.  അപ്രകാരം ബാലൻ പുത്തൻ മഠത്തിലെത്തി.

സ്വാമി തൻറെ   സഹപ്രവത്തകനായ പരമുപിള്ളയോടൊപ്പം  സേട്ടിൻറെ കടയിലേക്കു പോകാനായി വീടിനു വെളിയിൽ എത്തിയപ്പോൾ വീടിൻറെ മുൻഭാഗത്ത് നിൽക്കുന്ന ഒരു പുന്ന മരത്തിൻറെ ചുവട്ടിൽ  കണ്ണീർ വാർത്തുകൊണ്ട്  ഒരു ബാലൻ നിൽക്കുന്നത് കണ്ടു. "ആ പയ്യൻ ഏതാ" അയ്യർ പരമുപിള്ളയോട് അന്വേഷിച്ചു. 

ഇത് ശ്രദ്ധിച്ച ബാലൻ "ഇന്നലത്തെ കളിക്ക് കീരിക്കാട് കൃഷ്ണപിള്ള ചേട്ടൻ എന്നെ കൂട്ടി വന്നതാണ്. എനിക്ക് കളിപ്പണം ഒന്നും തന്നിട്ടില്ല". 

"നിൻറെ പേര് എന്താണ്" ?  "ഇന്നലെ നീ എന്ത് വേഷമാണ് ചെയ്തത്" ?  അയ്യർ ചോദിച്ചു.

"എന്റെ പേര് രാമകൃഷ്ണൻ.  ഇന്നലെ കൃഷ്ണൻറെ വേഷമാണ് ഞാൻ ചെയ്തത്"  എന്ന് ആ ബാലൻ പറഞ്ഞപ്പോൾ അയ്യരുടെ മുഖത്ത് സന്തോഷവും വാത്സല്യവും തെളിഞ്ഞു.


"ഞാൻ കളിയുടെ മൊത്തം പണവും കൃഷ്ണപിള്ളയെ ഏൽപ്പിച്ചിരുന്നുവല്ലോ എന്ന് അയ്യർ മറുപടി പറഞ്ഞുകൊണ്ട് . ആ ബാലനെയും കൂട്ടി വീട് വിട്ടു റോഡിൽ എത്തി. 
"നിനക്കു എത്ര രൂപ നൽകാമെന്നാണ് കൃഷ്ണപിള്ള പറഞ്ഞിരുന്നത്" എന്ന് അയ്യർ ആ ബാലനോട് തിരക്കി.

"അഞ്ചു രൂപ" ബാലന്റെ മറുപടി.

അയ്യർ  റോഡ് അരികിൽ   പലചരക്കു കട നടത്തിയിരുന്ന മുഹമ്മദ് കുഞ്ഞിനോട് അഞ്ചു രൂപ (അക്കാലത്തെ അഞ്ചു വെള്ളി നാണയം)  വാങ്ങി ആ ബാലന്‌ നൽകി. പത്തിയൂർ ക്ഷേത്രത്തിലെ അഞ്ചാം ഉത്സവത്തിന് പതിവായി കഥകളി ഉണ്ടാകും. രാമകൃഷ്ണൻ എല്ലാ വര്ഷവും  കളിക്ക് എത്തണം. ഞാൻ മുൻകൂട്ടി ക്ഷണിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട്   ആ ബാലൻറെ തലയിൽ  ഇരു കൈകളും വെച്ച് ശ്രീ. വരദയ്യർ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു " നീ കേമനായി വരും".
ശ്രീ. വരദയ്യരുടെ അനുഗ്രഹം അപ്രകാരം ഫലിക്കുകയും ചെയ്തു.  ആ ബാലനാണ് പിന്നീട് ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യനായി കഥകളി ലോകത്ത്‌ അറിയപ്പെട്ട  ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള അവർകൾ .  കഥകളി ആസ്വാദകർക്കിടയിൽ മാത്രമല്ലല്ലോ അദ്ദേഹത്തിൻറെ  പ്രശസ്തി. "ഉത്തരാസ്വയംവരം കഥകളി കാണുവാൻ' എന്ന  സിനിമാ ഗാനത്തിലൂടെ കഥകളി എന്തെന്നറിയാത്തവരുടെയും കാതുകളിൽ "ഹരിപ്പാട് രാമകൃഷ്ണൻ" എന്ന നാമം മുഴങ്ങുന്നുണ്ടല്ലോ?

ശ്രീ. വരദയ്യർ അവർകൾക്ക് അനാരോഗ്യം ബാധിച്ച ശേഷമാണ് കഥകളി നടത്തുന്നത് കൈവിട്ടത്. ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ലെങ്കിലും തൻ്റെ വരുമാനത്തിൻറെ    നല്ലൊരു പങ്കും കഥകളിക്കും കഥകളി കലാകാരന്മാർക്കും വേണ്ടി ചിലവഴിച്ച ശ്രീ. വരദയ്യരെന്ന  മഹത്‌ വ്യക്തിയെ  സ്മരിക്കുവാൻ ഒരു അവസരം ലഭിച്ചത് മഹാഭാഗ്യം എന്ന് വിശ്വസിക്കുന്നു.

ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കരാശാന് ശേഷം അദ്ദേഹം ചെയ്തു വിജയിപ്പിച്ചിട്ടുള്ള നളചരിതത്തിലെ ഹംസം , കാട്ടാളൻ, പുഷ്ക്കരൻ, ബാലിവിജയത്തിൽ നാരദൻ തുടങ്ങിയ വേഷങ്ങളും ശ്രീ.മാങ്കുളം കഴിഞ്ഞാൽ അദ്ദേഹത്തിൻറെ ശൈലിയിലുള്ള  പച്ച വേഷങ്ങളും ശ്രീ.   ചെല്ലപ്പൻ പിള്ളയിലൂടെയാണ് കണ്ടു രസിച്ചിട്ടുള്ളത് എന്ന് ശ്രീ. ഹരിഹരസുബ്രഹ്മണ്യ അയ്യർ പറഞ്ഞു.

മാവേലിക്കര, കണ്ടിയൂർ, ഹരിപ്പാട്, മാന്നാർ തൃക്കുരട്ടി, മുതുകുളം   പാണ്ഡവർകാവ്, ഏവൂർ   തുടങ്ങിയ ക്ഷേത്രങ്ങളിലെ കളിയരങ്ങുകളുടെ മുൻപിൽ സ്ഥിര സാന്നിദ്ധ്യം നിലനിർത്തിയിരുന്ന ശ്രീ. ഹരിഹരസുബ്രഹ്മണ്യ അയ്യർ ശാരീരികമായ അസ്വസ്ഥതകൾ നിമിത്തം ചില വർഷങ്ങളായി  പൂർണ്ണ വിശ്രമത്തിലാണ്.  
അദ്ദേഹത്തിൻറെ സംഭാഷണങ്ങളിൽ ഇടയ്ക്കിടെ  ശ്രീ.  മങ്കൊമ്പ് ആശാനെയും , ശ്രീ. ഓയൂർ ആശാനെയും സ്മരിക്കപ്പെട്ടു. ഗുരു. ചെങ്ങന്നൂരിൻറെ  ശിഷ്യരിൽ ശ്രീ. മടവൂർ ആശാൻ നേടിയ അംഗീകാരങ്ങൾ അഭിമാനാർഹമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

                                                                      ശ്രീ. ഹരിഹരസുബ്രഹ്മണ്യഅയ്യർ 


                                                    ശ്രീ. ഹരിഹരസുബ്രഹ്മണ്യഅയ്യർ 

ഇനി ഒരു ആഗ്രഹമുള്ളത് ശ്രീ. ചിറക്കരയെ ഒന്ന് കണ്ടു സംസാരിക്കണം എന്നുള്ളതാണ്  എന്ന്  ശ്രീ. ഹരിഹരസുബ്രഹ്മണ്യ അയ്യർ  പറഞ്ഞപ്പോൾ   അതിന്റെ മറുപടിയായി  ശ്രീ.മാധവൻ കുട്ടി ചേട്ടൻറെ അജ്ഞാത തിരോധാനം ഞാൻ അറിയിച്ചു. അപ്പോൾ   അദ്ദേഹത്തിൻറെ ഹൃദയം വിങ്ങുന്നത് എനിക്ക് മനസിലാക്കുവാൻ സാധിച്ചു.  

ഒരു കാലഘട്ടത്തിൻറെയും എൻ്റെ പിതാവിനെയും ഞാൻ സ്നേഹിച്ചിരുന്ന മണ്മറഞ്ഞ കലാകാരന്മാരെയും സംബന്ധിച്ച    വളരെ ഹൃദയ സ്പർശിയായ സ്മരണകൾ മനസിലേറ്റി ഞാൻ അദ്ദേഹത്തോട് യാത്ര പറഞ്ഞു മടങ്ങി.

2 അഭിപ്രായങ്ങൾ:

  1. നല്ല ഒരു കുറിപ്പ്. ആദ്യമായി ശ്രീ. ഹരിഹരസുബ്രഹ്മണ്യയ്യർക്കു നമസ്കാരം. കുറിപ്പിൽ കാണുന്നത് മദ്ധ്യതിരുവിതാംകൂറിൽ ഒരു കാലത്തു നിലനിന്ന കഥകളി സംസ്കാരമാണ്. കഥകളിക്കാരെ സ്നേഹാദരങ്ങളോടെ കണ്ട് വീട്ടിൽ തന്നെ ആഹാരവും കൊടുത്ത് കളിസ്ഥലത്തേക്കു കൊണ്ടുപോയി മാനിച്ചിരുന്ന ഒരു കാലം. അവരെയൊക്കെ കാണുന്നതും അടുത്തിടപഴകുന്നതും വലിയ കാര്യമായിക്കണ്ടിരുന്ന കഥകളി ഭ്രാന്തന്മാർ. കുറിപ്പിലെ വരദയ്യർ സ്വാമിയെപ്പോലെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ഈ കളക്കായി നീക്കി വെച്ചവർ. കളിക്കുന്ന കളിയിൽ നൂറുശതമാനം ആത്മാർത്ഥതയുണ്ടായിരുന്ന കലാകാരന്മാർ. നന്നായി കളികണ്ടു വിമർശനബുദ്ധിയോടെ ആസ്വദിച്ചിരുന്ന കഥകളി ആസ്വാദകർ..... അതൊക്കെ ഒരു കാലം. എന്റച്ഛനും ഇക്കൂട്ടത്തിൽ ഒരാളായിരുന്നു. ഒരുകാലത്ത് മധ്യതിരുവിതാംകൂറിലെ മിക്ക കളിയരങ്ങിലെയും സജീവസാന്നിധ്യം ആയിരുന്നു അച്ഛനെന്ന് മങ്കൊമ്പാശാൻ എന്നോട് പറഞ്ഞിട്ടുണ്ട് ...... ഈ കലക്കുവേണ്ടി നിലകൊണ്ട മണ്മറഞ്ഞ എല്ലാ മഹാത്മാക്കൾക്കും പ്രണാമം.

    മറുപടിഇല്ലാതാക്കൂ
  2. മിസ്റ്റർ. മോഹൻദാസ്, അഭിപ്രായത്തിനു നന്ദി. ശ്രീ. വരദയ്യരുടെ മകൻ ശ്രീ. ഹരിഹരസുബ്രഹ്മണ്യ അയ്യർ കൽപാക്കം ടൗൺഷിപ്പിലുണ്ട്. അദ്ദേഹം പങ്കുവെച്ച കുറച്ചു വിഷയങ്ങൾ മാത്രമേ ഞാൻ ഈ ബ്ലോഗിൽ കുറിച്ചിട്ടുള്ളൂ. ഒരിക്കൽ താങ്കൾ അദ്ദേഹത്തെ കണ്ടു സംസാരിച്ചാൽ അത് മനസിലാകും.

    മറുപടിഇല്ലാതാക്കൂ