പേജുകള്‍‌

2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവം (2)


സെപ്തംബർ 21-നു   കലാക്ഷേത്ര  അരങ്ങിൽ  അവതരിപ്പിച്ച  രാജസൂയം, കഥകളി  വൻ വിജയം ആയിരുന്നു.  വൈകിട്ട് ആറുമണിക്ക് കലാക്ഷേത്ര രുഗ്മിണി ആരങ്ങിനു മുൻപിൽ കേളി അവതരിപ്പിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്. ജരസന്ധന്റെ തിരനോക്കോടെ കഥകളി ആരംഭിച്ചു. ജരാസന്ധന്റെ ജനനകഥയും സ്വഭാവവും   വ്യക്തമാക്കുന്ന തന്റേടാട്ടമാണ് ആദ്യം അവതരിപ്പിച്ചത്. തുടർന്ന് കൊട്ടാര വാതിലിലെ പെരുമ്പറ പൊട്ടുന്ന ശബ്ദം  കേട്ട് ശ്രദ്ധിച്ച ജരാസന്ധൻ ഗോപുരത്തിന്റെ ചുവർ ചാടി എത്തുന്ന ബ്രാഹ്മണരെ  കണ്ട് നേരിട്ട് വിവരങ്ങൾ അറിയുവാൻ തീർച്ചയാക്കുന്നു.

ബ്രാഹ്മണരെ സ്വീകരിച്ചിരുത്തിയ ജരസന്ധൻ ബ്രാഹ്മണരുമായി ആശയവിനിമയം ചെയ്യുന്നു. മതിൽ ചാടിക്കടന്നു  വന്നതും കൊട്ടാര വാതിലിലെ പെരുമ്പറ അടിച്ചു പൊട്ടിച്ചതു സംബന്ധമായ വിവരങ്ങളും ജരാസന്ധൻ ചോദിച്ചറിയുന്നു.  ബ്രാഹ്മണരുടെ ആഗമന  ഉദ്ദേശം   ദ്വന്ദയുദ്ധം എന്ന് അറിയിക്കുന്നതോടൊപ്പം ബ്രാഹ്മണർ തങ്ങളുടെ സ്വന്തരൂപം വെളിപ്പെടുത്തി.ബ്രാഹ്മണവേഷം ധരിച്ചെത്തിയ   ശ്രീകൃഷ്ണനെയും ഭീമനെയും അർജുനനെയും ജരാസന്ധൻ ആക്ഷേപിക്കുന്നു. യുദ്ധത്തിന് ഒരുങ്ങിയ ജരാസന്ധൻ തന്നോട് പലതവണ തോറ്റോടിയ ശ്രീകൃഷ്ണനോടും കോമളരൂപനായ അർജുനനോടും എതിരിടാൻ ലജ്ജ പ്രകടിപ്പിച്ചു കൊണ്ട് ഭീമസേനനുമായി യുദ്ധം ആരംഭിച്ചു. ഭീമസേനനുമായുള്ള യുദ്ധാന്ത്യത്തിൽ ഭീമസേനൻ ജരസന്ധന്റെ ശരീരം രണ്ടായി കീറി എറിഞ്ഞു. ശരീരഭാഗങ്ങൾ യോജിച്ച് വീണ്ടും  ജരാസന്ധൻ ഭീമനുമായി യുദ്ധം ചെയ്തു. ശ്രീകൃഷ്ണൻ ഒരു പച്ചില എടുത്ത് ഭീമൻ കാണ്‍കെ രണ്ടായി കീറി തലതിരിച്ചെറിഞ്ഞു.  യുക്തി മനസിലാക്കിയ ഭീമൻ ജരാസന്ധന്റെ ശരീരം രണ്ടായി കീറി തലതിരിച്ചെറിഞ്ഞതോടെ ജരാസന്ധൻ മരണമടഞ്ഞു. ജരാസന്ധനാൽ ബന്ധനസ്ഥനാക്കപ്പെട്ട രാജാക്കന്മാരെ മോചിപ്പിക്കുന്നതോടെ രംഗം അവസാനിച്ചു .



ജരാസന്ധന്റെ മരണവാർത്തയും ധർമ്മപുത്രർ നടത്തുന്ന രാജസൂയയാഗ വാർത്തയും അറിഞ്ഞ ചേദിരാജ്യാധിപതിയായ ശിശുപാലൻ  സൈന്യസമേധം ഇന്ദ്രപ്രസ്ഥത്തിൽ എത്തുന്നു. യാഗശാലയിൽ എത്തുന്ന ശിശുപാലൻ അവിടെ സന്നിഹിതരായ എല്ലാവരെയും നോക്കികാണുന്നു. ശ്രീകൃഷ്ണനെ ധർമ്മപുത്രർ  അഗ്രപൂജ ചെയ്യുന്നത് കണ്ട് കോപിഷ്ടനായ ശിശുപാലൻ ശ്രീകൃഷ്ണനെ നിന്ദിക്കുന്നു. അർജുനൻ ശിശുപാലനുമായി ഏറ്റുമുട്ടുന്നു. വിശ്വരൂപം പ്രാപിച്ച ശ്രീകൃഷ്ണനെ  ശിശുപാലൻ ദർശിക്കുന്നു. സുദർശനം  കൊണ്ട്  ശ്രീകൃഷ്ണൻ   ശിശുപാലനെ വധിക്കുന്നതോടെ കഥ അവസാനിച്ചു. 

                                                                                   ജരാസന്ധൻ

ശ്രീ. കോട്ടക്കൽ ദേവദാസിന്റെ ജരാസന്ധൻ, ശ്രീ. സദനം കൃഷ്ണൻ കുട്ടിയുടെ  ശിശുപാലൻ, ശ്രീ. സദനം വിഷ്ണു പ്രസാദിന്റെ ഭീമബ്രാഹ്മണൻ, ശ്രീ. കലാമണ്ഡലം ആര്യജിത്തിന്റെ അർജുന ബ്രാഹ്മണൻ, ശ്രീ. കലാമണ്ഡലം സൂരജിന്റെ കൃഷ്ണബ്രാഹ്മണൻ, ശ്രീ. സദനം കൃഷ്ണദാസിന്റെ  ഭീമസേനൻ, ശ്രീ. രാജ്കമലിന്റെ അർജുനൻ, ധർമ്മപുത്രർ    ശ്രീ. കലാമണ്ഡലം വിപിനിന്റെ  ശ്രീകൃഷ്ണൻ  എന്നിങ്ങനെയായിരുന്നു വേഷങ്ങൾ. ശിശുപാലനെ നേരിടുന്ന അര്ജുനനായത് ശ്രീ. സദനം കൃഷ്ണദാസ് ആയിരുന്നു.            


                                                                                   ജരാസന്ധൻ

                                                                    ജരാസന്ധൻ, ബ്രാഹ്മണർ 

                                                                        ജരാസന്ധൻ, ബ്രാഹ്മണർ 

                                              ജരാസന്ധൻ, കൃഷ്ണൻ, ഭീമൻ , അർജുനൻ   

                                                               ജരാസന്ധൻ,  ഭീമൻ

                                                                                    ജരാസന്ധൻ 

                                                               ശിശുപാലൻ, ശ്രീകൃഷ്ണൻ 

                                             ശിശുപാലൻ, ശ്രീകൃഷ്ണൻ, ധർമ്മപുത്രർ, അർജുനൻ  

ശ്രീ. കോട്ടക്കൽ മധു, ശ്രീ. സദനം ജോതിഷ് ബാബു എന്നിവരുടെ സംഗീതം ശ്രീ. കോട്ടക്കൽ പ്രസാദ്‌, ശ്രീ. കലാമണ്ഡലം വേണുമോഹൻ എന്നിവർ ചെണ്ടയും ശ്രീ. കോട്ടക്കൽ രവി, ശ്രീ.  കലാമണ്ഡലം ഹരിഹരൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. കലാമണ്ഡലം ബാലൻ, ശ്രീ. സദനം ശ്രീനിവാസൻ എന്നിവർ ചുട്ടിയും ശ്രീ.സദനം ശങ്കരനാരായണൻ, ശ്രീ. കോട്ടക്കൽ   കുഞ്ഞിരാമൻ , ശ്രീ. സദനം വിവേക്, ശ്രീ. കലാചേതന രാജൻ എന്നിവർ അണിയറ ശിൽപ്പികളായി   പ്രവർത്തിച്ചു.  കുറിപ്പിട്ട സമയ പരിധിക്കുള്ളിൽ കഥ അവതരിപ്പിച്ചു തീർക്കുവാൻ കലാകാരന്മാർ നിർബ്ബന്ധിതരാകുമ്പോൾ പല പതിവ് ആട്ടങ്ങളും ഒഴിവാക്കേണ്ടി വരുന്നത് ഈ കാലഘട്ടത്തിന്റെ രീതിയായി മാറിയത് ഒഴിച്ചാൽ കളി വളരെ ഗംഭീരം തന്നെയായിരുന്നു. ശ്രീ. കലാമണ്ഡലം സൂരജിന്റെ കൃഷ്ണബ്രാഹ്മണൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്ന വേഷമായിരുന്നു.

 ശിശുപാലന്റെ ശ്രീകൃഷ്ണനിന്ദയുടെ അവതരണത്തിൽ ഗോപസ്ത്രീകളുടെ വസ്ത്രാപഹരണമാണ് വിസ്തരിചാടിയത്‌.  ശ്രീകൃഷ്ണൻ വെണ്ണ കട്ടുതിന്നുവാൻ ശ്രമിക്കുമ്പോൾ ഉറിയിൽ തൂങ്ങിക്കിടന്നതായി  നടൻ പകർന്നാട്ടത്തിലൂടെ   അഭിനയിച്ചു  ഫലിപ്പിക്കുന്നതിനിടയിൽ അപദ്ധവശാൽ കാലുസ്ലിപ്പായി  നടൻ രംഗത്തു വീണു. ശ്രീകൃഷ്ണൻ വീണതുപോലെ ഒരു അവതരണമാക്കി മാറ്റി പൊടിയും തട്ടി എഴുനെൽക്കുന്ന അവതരണത്തിലേക്കാണ് കലാകാരൻ അതു കൊണ്ടെത്തിച്ചത്.   ഒരു കലാകാരന്റെ  ഈ അവസരോചിതമായ   പ്രവർത്തിയെ അഭിനന്ദിച്ചേമതിയാവൂ.

വീണടം വിദ്യയാക്കിയ ഈ അനുഭവത്തെ നൽകിയ ശിശുപാലവേഷമിട്ട കലാകാരൻ ശ്രീ. സദനം കൃഷ്ണൻ കുട്ടി അവർകളുടെ അവസരോചിത യുക്തിക്ക് ഒരായിരം നമസ്കാരം.


3 അഭിപ്രായങ്ങൾ:

  1. ചേട്ടന്‍ ചമ്പക്കുളം പാച്ചുപിള്ള ആശാന്‍റെ ജരാസന്ധന്‍ കണ്ടിട്ടുണ്ടാവുമല്ലോ. അതെ കുറിച്ച് ഇതുവരെ വായിച്ചിട്ടില്ല. വെള്ളിനേഴി നാനുനായര്‍ ആശാന്‍റെ ആ വേഷത്തെ കുറിച്ച് വായിച്ചിട്ടുണ്ട്. പാച്ചുപിള്ള ആശാന്‍റെ ജരസന്ധനെ കുറിച്ച് ഒരുലേഖനം എഴുതൂ.

    മറുപടിഇല്ലാതാക്കൂ
  2. ശ്രീ. ചമ്പക്കുളം പാച്ചുപിള്ള ആശാൻ ജരസന്ധൻ ചെയ്തിട്ടുണ്ടാകുമോ എന്നത് തന്നെ ഒരു ചോദ്യ ചിഹ്നമാണ് എന്നിലുള്ളത്. അതിന്റെ പ്രധാന കാരണം അദ്ദേഹത്തിൻറെ കാലഘട്ടങ്ങളിൽ ദക്ഷിണ കേരളത്തിൽ അവതരിപ്പിച്ചിട്ടുള്ളത് തെക്കൻ രാജസൂയമാണ്. തെക്കൻ രാജസൂയത്തിൽ ജരാസന്ധൻ കത്തിയും ശിശുപാലൻ ചുവന്ന താടിയുമാണ്. ഗുരു. ചെങ്ങന്നൂരിന്റെ കത്തി വേഷത്തിലുള്ള ജരസന്ധൻ കഴിഞ്ഞു ശ്രീ.പാച്ചുപിള്ള ആശാന്റെ ചുവന്ന താടി വേഷത്തിലുള്ള ശിശുപാലൻ ധാരാളം ഉണ്ടായിട്ടുണ്ട്. വടക്കൻ രാജസൂയത്തിൽ ശ്രീ. പാച്ചുപിള്ള ആശാൻ വേഷം ചെയ്തതായി ഒരറിവും എനിക്ക് ഇല്ല.

    വടക്കൻ രാജസൂയത്തിൽ ചുവന്ന താടി വേഷത്തിലുള്ള ജരാസന്ധനും തെക്കൻ രാജസൂയത്തിൽ ചുവന്ന താടി വേഷത്തിലുള്ള ശിശുപാലനെയും ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ