പ്രസിദ്ധനായ കഥകളി കലാകാരനും ആചാര്യനുമായിരുന്ന ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള അവർകൾ 2014, മാർച്ച് 20, വ്യാഴാഴ്ച്ച അന്തരിച്ചു എന്ന വാർത്ത ശ്രീ. ഏവൂർ രാജേന്ദ്രൻപിള്ളയാണ് എന്നെ ഫോണ്‍ മൂലം അറിയിച്ചത്. ആശാൻ വാർദ്ധക്ക്യ സഹജമായ അസുഖം ബാധിച്ചു അവശതയിൽ കഴിഞ്ഞിരുന്ന കാലഘട്ടങ്ങളിൽ പലതവണ ഞാൻ അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഒരിക്കൽ അദ്ദേഹത്തിൻറെ ശോഷിച്ചു വിറയ്ക്കുന്ന കൈകളിൽ വിരിഞ്ഞ കഥകളി മുദ്രകൾ അവസാനമായി കാണാനും എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തിൻറെ സഹ കലാകാരന്മാരായിരുന്ന ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള എന്നിവരെ ഉദ്ദേശിച്ചു കൊണ്ട് 'അവരൊക്കെ പോയി, ഞാൻ ഇങ്ങിനെ കിടക്കുന്നു' എന്നായിരുന്നു അദ്ദേഹം മുദ്ര കാട്ടിയത്. അപ്പോൾ എനിക്ക് അതീവ ദുഃഖം ഉണ്ടായി. അദ്ദേഹത്തിൻറെ മനസ്സ് അദ്ദേഹം ഇവരുമായി വേഷമിട്ട അരങ്ങുകളുടെ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതായി എനിക്ക് തോന്നി. അദ്ദേഹത്തിൻറെ സഹധർമ്മിണിയും മകൻ ശ്രീ. ശ്രീകുമാർ അവർകളും സമീപം ഉണ്ടായിരുന്നു.
ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള
ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള
നളചരിതം രണ്ടാം ദിവസത്തിന്റെ അവതരണത്തിൽ പുഷ്കരനെ സ്വാധീനിക്കുവാൻ ശ്രമിക്കുന്ന കലി, പുഷ്കരനോട് ചെയ്യുന്ന ഇളകിയാട്ടത്തിൽ ഒരു മനുഷ്യജന്മത്തിന്റെ അവസ്ഥയെ പറ്റി സൂചിപ്പിക്കാറുണ്ട്. ഒരു മനുഷ്യജന്മത്തിൽ ൈശശവം, ബാല്യം, കൌമാരം, യവ്വനം, വാര്ദ്ധക്ക്യം എന്നിങ്ങനെ അഞ്ചു പ്രധാന അവസ്ഥകൾ ഉണ്ട്. ഈ അഞ്ചും അനുഭവിച്ച് ജീവിതകാലം പൂർത്തീകരിക്കുന്നവർക്കു വേണ്ടി മാത്രമേ സ്വർഗ്ഗകവാടം തുറക്കുകയുള്ളൂ എന്നാവും ഈ സൂചന. അങ്ങിനെ നോക്കുമ്പോൾ വാർദ്ധക്ക്യം അനുഭവിക്കുകയും പത്നിയുടെയും മൂന്നു പുത്രന്മാരുടെയും കുടുംബാംഗങ്ങളുടെയും ശ്രുശൂഷകൾ സ്വീകരിച്ച് ഈ ലോകത്തോടെ വിട പറഞ്ഞ ശ്രീ. മങ്കൊമ്പ് ആശാൻ സ്വർഗ്ഗത്തിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന് ഏവർക്കും വിശ്വസിക്കാം.
മങ്കൊമ്പിന്റെ ജനനം 1922 -ലായിരുന്നു. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിൽ മാടപ്പള്ളി വീട്ടിൽ പാർവതി അമ്മ, കെ.ജി. കൃഷ്ണപിള്ള എന്നിവരാണ് മാതാപിതാക്കൾ. മലയാളം ഏഴാം ക്ളാസുവരെ വിദ്യാഭ്യാസം. മഹാകവി വള്ളത്തോൾ കലാമണ്ഡലം സ്ഥാപിച്ചപ്പോൾ കഥകളി അഭ്യസിക്കുവാനായി മങ്കൊമ്പ് അവിടെയെത്തി. അന്ന് ഗുരു. കുഞ്ചുക്കുറുപ്പ് ആശാൻ കലാമണ്ഡലത്തിൽ ഇല്ലെന്നറിഞ്ഞപ്പോൾ അദ്ദേഹം ചെങ്ങന്നൂരിലെത്തി ഗുരു. ചെങ്ങന്നൂരിനെ കണ്ട് തന്റെ ആഗ്രഹം അറിയിച്ചു. ഗുരു. ചെങ്ങന്നൂരിന്റെ നിർദ്ദേശപ്രകാരം ശ്രീ. തകഴി അയ്യപ്പൻപിള്ള ആശാന്റെ കീഴിൽ കഥകളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച ശേഷം ഏഴു വർഷക്കാലം ഗുരു. ചെങ്ങന്നൂരിന്റെ വസതിയിൽ താമസിച്ച് ഗുരുകുല സമ്പ്രദായ പ്രകാരം കഥകളി അഭ്യസിച്ചു. മങ്കൊമ്പ് ദേവീക്ഷേത്രത്തിൽ വെച്ച് പൂതനാമോക്ഷത്തിൽ ലളിതയുടെ വേഷം ചെയ്ത് അരങ്ങേറ്റം നടന്നു. പ്രസിദ്ധ സംസ്കൃത പണ്ഡിതൻ ശ്രീ. പന്നിശേരി നാണുപിള്ളയുടെ കീഴിൽ സംസ്കൃതജ്ഞാനവും പുരാണജ്ഞാനവും നേടി. വേഷ സൌന്ദര്യം, ലാസ്യത എന്നിവ കൊണ്ട് സ്ത്രീവേഷങ്ങളുടെ അവതരണത്തിലാണ് അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നത്. മങ്കൊമ്പ് കുറച്ചുകാലം അഹമ്മദബാദിലുള്ള ദർപ്പണ അക്കാദമിയിൽ ശ്രീ. മൃണാളിനി സാരാഭായിയോടൊപ്പം നൃത്തപരിപാടികളിൽ പങ്കെടുക്കുകയും വിദേശപര്യടനം നടത്തുകയും ചെയ്തിരുന്നു. ഈ കാലയളവിൽ ദർപ്പണയിൽ ഉണ്ടായിരുന്ന ശ്രീ. കാവുങ്കൽ ചാത്തുണ്ണി പണിക്കർ, ശ്രീ. കലമണ്ഡലം ഗോവിന്ദൻകുട്ടി (രവീന്ദ്രഭാരതി സർവ്വകലാശാല കൽക്കട്ട) എന്നിവരുമായി കഥകളിയിലും നൃത്തത്തിലും ഒന്നിച്ച് പ്രവർത്തിക്കുവാൻ അവസരം ലഭിച്ചിരുന്നു.
മൃണാളിനി സാരാഭായിയോടൊപ്പം മങ്കൊമ്പ് ആശാൻ.
പ്രധാന മന്ത്രി ശ്രീ. ജവഹർലാൽ നെഹ്രുവിനോടൊപ്പം മങ്കൊമ്പ് ആശാൻ (ഇടതു
നിന്നും രണ്ടാമത്) മൃണാളിനി സാരാഭായി, കാവുങ്കൽ ചാത്തുണ്ണിപ്പണിക്കർ etc
ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ, ഗുരു. ചെങ്ങന്നൂര് , ബ്രഹ്മശ്രീ. മാങ്കുളം,
ശ്രീ.ചെന്നിത്തല, ശ്രീ.ഹരിപ്പാട്, പ്രൊഫ: അമ്പലപ്പുഴ രാമവർമ്മ , ശ്രീ.മങ്കൊമ്പ് , ശ്രീ. LPR വർമ്മ.
ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ, ഗുരു. ചെങ്ങന്നൂര് , ബ്രഹ്മശ്രീ. മാങ്കുളം,
ശ്രീ.ചെന്നിത്തല, ശ്രീ.ഹരിപ്പാട്, പ്രൊഫ: അമ്പലപ്പുഴ രാമവർമ്മ , ശ്രീ.മങ്കൊമ്പ് , ശ്രീ. LPR വർമ്മ.
ശ്രീ.മങ്കൊമ്പ് (ദുര്യോധനൻ), ശ്രീ.ചെന്നിത്തല(കർണ്ണൻ), ശ്രീ. തലവടി അരവിന്ദൻ (ദുശാസനൻ).
അഹമ്മദബാദിൽ നിന്നും തിരിച്ചെത്തിയ ശേഷം മങ്കൊമ്പിന് തെക്കൻ കേരളത്തിലെ കളിയരങ്ങുകളിൽ അസൂയാവഹമായ പ്രാധാന്യമാണ് ലഭിച്ചു വന്നത്. ഗുരു. ചെങ്ങന്നൂർ, കൃഷ്ണൻ നായർ, മാങ്കുളം പള്ളിപ്പുറം, ഹരിപ്പാട് തുടങ്ങിയ നടന്മാരുടെ വേഷങ്ങൾക്ക് നായികയായി. 1970- കളിൽ ശ്രീ. എം.കെ.കെ. നായർ അവര്കളുടെ നിർദ്ദേശപ്രകാരം പുരുഷ വേഷങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തിത്തുടങ്ങി. ബ്രാഹ്മണൻ, കുചേലൻ, വിശ്വാമിത്രൻ, പരശുരാമൻ, കൃഷ്ണൻ, ശ്രീരാമൻ എന്നിങ്ങനെ തുടങ്ങി കഥകളിയിലെ എല്ലാ പച്ച, കത്തി, കരി, മിനുക്ക് വേഷങ്ങളുടെ അവതരണങ്ങളിലും അംഗീകാരം നേടി. FACT കഥകളി സംഘത്തിന്റെ വിദേശയാത്രകളിൽ മങ്കൊമ്പ് ഉൾപ്പെട്ടിരുന്നു. ഒരു പുരുഷ വേഷക്കാരനായി അദ്ദേഹത്തെ ആസ്വാദകർ അംഗീകരിച്ച കാലഘട്ടത്തിലും ആസ്വാദകരുടെ നിർബ്ബന്ധത്തിനു വഴങ്ങി കുന്തി, മണ്ണാത്തി, മലയത്തി എന്നീ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കലാമണ്ഡലം തെക്കൻ കളരിയിൽ രണ്ടു തവണ പ്രൊഫസ്സറായി നിയമിക്കപ്പെട്ടു. അക്കാലത്ത് കലാമണ്ഡലം ട്രൂപിന്റെ എല്ലാ വിദേശയാത്രകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
കലാമണ്ഡലം കളികളിൽ തോരണയുദ്ധത്തിലെ അഴകിയ രാവണൻ സീതയെ പ്രലോഭിക്കുന്ന രംഗത്തിൽ, രാവണനും മണ്ഡോദരിയും ചേർന്ന് രംഗപ്രവേശം ചെയ്യുന്ന രീതിയാണ് നിലവിൽ നിന്നിരുന്നത്. ഈ രീതിയെ മാറ്റിയെടുത്ത് സീതയെ വെട്ടാനൊരുങ്ങുമ്പോൾ മണ്ഡോദരി ഓടിയെത്തി രാവണന്റെ തടയുന്നതായി അവതരിപ്പിച്ചു തുടങ്ങുന്നതിനു വഴിയൊരുക്കിയത് ശ്രീ.മങ്കൊമ്പാണ്. രംഗത്ത് സഹനടന്മാർ ചെയ്യുന്ന യുക്തിഹീനമായ പ്രവർത്തികൾ കണ്ടാൽ പ്രതികരിക്കുവാൻ ഒരു മടിയും ശ്രീ. മങ്കൊമ്പ് കാട്ടിയിരുന്നില്ല. അത്തരം അനുഭവങ്ങൾ എനിക്ക് ധാരാളം ഉണ്ട്. അതിൽ ഒന്ന് കായംകുളത്തിന് കിഴക്ക് നൂറനാട് സാനിറ്റോറിയം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ അരങ്ങിലാണ് ഉണ്ടായത്. കഥ. കർണ്ണശപഥം. മങ്കൊമ്പിന്റെ കുന്തിയും പ്രസിദ്ധനും മങ്കൊമ്പിനേക്കാൾ സീനിയറായ ഒരു നടന്റെ (പേര് പറഞ്ഞു ഒരു പ്രശ്നം ഉണ്ടാക്കേണ്ടതില്ലല്ലോ) കർണ്ണനും. "സ്ത്രീത്വം ഭവതിയെ രക്ഷിക്കുന്നു മൃത്യുവിൽ നിന്നെന്നറിയുന്നോ?" എന്ന കർണ്ണന്റെ കുന്തിയോടുള്ള പദത്തിന് കർണ്ണനടൻ അമ്പെടുത്ത് കുന്തിയുടെ നെഞ്ചിനു നേരെ വെച്ചു. ഈ പ്രയോഗം മങ്കൊമ്പിനു ഒട്ടും തന്നെ രസിച്ചില്ല. കളി കഴിഞ്ഞു കർണ്ണനടൻ അണിയറയിൽ എത്തിയപ്പോൾ മങ്കൊമ്പ് അദ്ദേഹത്തോട് പറഞ്ഞു.
"കർണ്ണൻ ആരാണ് എന്ന് താങ്കൾക്ക് അറിയുമോ ? വീര പുരുഷന്മാർ ആവനാഴിയിൽ നിന്നും അമ്പെടുത്താൽ അത് പ്രയോഗിക്കാതിരിക്കില്ല. അത് മനസിലാക്കി വേണം രംഗത്ത് പ്രയോഗിക്കുവാൻ " കർണ്ണനടൻ മൌനമായിരുന്നതല്ലാതെ പ്രതികരിക്കുവാൻ അദ്ദേഹത്തിനു വാക്കുകൾ ഇല്ലായിരുന്നു.
ശ്രീ. മങ്കൊമ്പ് ആശാനും ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടിയും
ഹരിശ്ചന്ദ്രനും വിശ്വാമിത്രനും (ചെന്നിത്തലയും മങ്കൊമ്പും)
ടാഗോർ രത്നാ അവാർഡ് സ്വീകരിക്കുന്ന മങ്കൊമ്പ് ആശാൻ.
ശ്രീ. സദനം ബാലകൃഷ്ണൻ ആശാൻ, ശ്രീമതി. മങ്കൊമ്പ്, മകൻ ശ്രീകുമാർ എന്നിവർ.
http://www.thehindu.com/news/cities/Kochi/tagore-ratna-presented-to-mankombu/article3473228.ece
മങ്കൊമ്പ് ആശാന് ധാരാളം ബഹുമതികൾ ശ്രീ. ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ്, ടാഗോർ രത്നാ അവാർഡ് (മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ 150 -ത് ജന്മദിനത്തിന്റെ സ്മരണാർത്ഥം കേന്ദ്ര സംഗീത നാടക അക്കാദമി നൽകിയത് ) എന്നിവ ആ ബഹുമതികളിൽ ഉൾപ്പെടുന്നു.
കഥകളിയെ സംബന്ധിച്ച് ആധികാരികമായി സംസാരിക്കുവാനും എഴുതുവാനുമുള്ള കഴിവ് മങ്കൊമ്പ് ആശാന് ഉണ്ടായിരുന്നു. "മലയാണ്‍മയിലെ ഒന്നാമത്തെ നാട്യശാസ്ത്രഗ്രന്ഥം" എന്ന് വിശേഷിപ്പിച്ചു കൊണ്ട് മഹാകവി വള്ളത്തോൾ അവതാരിക എഴുതി പ്രസിദ്ധീകരിച്ച ശ്രീ. മാത്തൂർ കുഞ്ഞുപിള്ള പണിക്കർ ആശാൻറെ കഥകളി പ്രകാശികയിൽ ചേർത്തിരിക്കുന്ന ലേഖനം, കപ്ളിങ്ങാടൻ കഥകളി ശൈലിയെപറ്റി 'നൃത്യനാട്യരംഗം' എന്ന മാസികയിൽ പ്രസിദ്ധീകരിച്ച തുടർലേഖനങ്ങൾ, 'കഥകളി സ്വരൂപം' എന്ന ഗ്രന്ഥം ഇവയെല്ലാം അദ്ദേഹത്തിൻറെ എഴുതുവാനുള്ള കഴിവും അറിവും വ്യക്തമാക്കുന്നവയാണ്.
ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യത്വം സ്വീകരിച്ച എന്റെ പിതാവിന് ഒരു കഥകളി കലാകാരന് ലഭിക്കേണ്ടത്ര അഭ്യാസമോ, ചൊല്ലിയാടിക്കലോ ലഭിച്ചിരുന്നില്ല. ഇത് നല്ലതു പോലെ അറിയാവുന്ന ഗുരു. ചെങ്ങന്നൂർ ഒരിക്കൽ തന്റെ ശിഷ്യനായ മങ്കൊമ്പിനോട് ഇങ്ങിനെ പറഞ്ഞു
'ശിവശങ്കരാ, എൻറെ കലാലോകവളർച്ചയിൽ ചെല്ലപ്പന്റെ മുത്തച്ഛൻ ചെന്നിത്തല കൊച്ചുപിള്ള പണിക്കരാശാന്റെ പങ്ക് നിർണ്ണയാധീനമാണ്. അദ്ദേഹത്തിൻറെ താൽപ്പര്യപ്രകാരമാണ് ചെല്ലപ്പൻറെ കഥകളി അഭ്യാസ ചുമതല ഞാൻ ഏറ്റത്. ഇന്നുള്ള എല്ലാ പ്രഗത്ഭരായ നടന്മാരുടെ നായികാ വേഷക്കാരനായി നിന്നെ കഥകളി ലോകം അംഗീകരിച്ചിരിക്കുന്നു. ചെല്ലപ്പന്റെ നായക വേഷങ്ങൾക്ക് നീ നായികാ വേഷം ചെയ്യാൻ തയ്യാറായാൽ മാത്രം മതി, അവനും കഥകളി ലോകത്ത് പിടിച്ചു നിന്നു കൊള്ളും.'
ഗുരുവിന്റെ വാക്കുകൾ സത്യത്തിൽ മങ്കൊമ്പ് ആശാനും ഒരു അനുഗ്രഹം തന്നെയായിരുന്നു. കൃഷ്ണൻ നായർ ആശാന്റെയോ, മാങ്കുളം തിരുമേനിയുടെയോ, ഹരിപ്പാട്ടു ആശാന്റെയോ വേഷങ്ങൾക്ക് നായികാ വേഷങ്ങൾ ചെയ്യുമ്പോൾ പുരുഷവേഷ മേധാവിത്വം അനുഭവപ്പെട്ടിരുന്ന കാലഘട്ടത്തിൽ പരസ്പരം ഒരു ധാരണയോടെ രംഗത്ത് പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം എന്റെ പിതാവിന്റെ നായകവേഷങ്ങൾക്ക് നായികാ വേഷം ചെയ്തപ്പോൾ മങ്കൊമ്പ് ആശാന് ലഭിച്ചു. മങ്കൊമ്പ് ആശാൻ എന്റെ പിതാവിന്റെ വേഷങ്ങൾക്ക് നായികാ വേഷം ചെയ്യാൻ തയ്യാറായതോടെ എന്റെ പിതാവിന് ലഭിച്ച അംഗീകാരം ഒറ്റവാക്കിൽ പറയുവാൻ സാധിക്കുന്നതല്ല. അവർ ഒന്നിച്ചു കചൻ- ദേവയാനി, രുഗ്മാംഗദൻ- മോഹിനി, മലയൻ- മലയത്തി, കാട്ടാളൻ- കാട്ടാളത്തി എന്നിങ്ങനെയുള്ള വേഷങ്ങൾ തെക്കൻ കേരളത്തിലെ കഥകളി ആസ്വാദകരെ സ്വാധീനിക്കുവാൻ കഴിഞ്ഞു.
മങ്കൊമ്പ് ആശാൻ പുരുഷവേഷക്കാരനായപ്പോൾ എന്റെ പിതാവ് അദ്ദേഹത്തിൻറെ കൂട്ടുവേഷക്കാരനായി. ആശാന്റെ പരശുരാമന് ശ്രീരാമൻ, വിശ്വാമിത്രന് ഹരിശ്ചന്ദ്രൻ, വസിഷ്ഠൻ ബലരാമന് കൃഷ്ണൻ, നളന് ഹംസം, പുഷ്ക്കരൻ, ബ്രാഹ്മണന് അർജുനൻ, കുചേലന് കൃഷ്ണൻ, രാവണന് നാരദൻ എന്നിങ്ങനെ. അരങ്ങിൽ മങ്കൊമ്പ് ആശാൻ ചെയ്യുന്ന മനോധർമ്മപരമായ പൊടിക്കൈകൾക്ക് ഉചിതമായി ഉത്തരം നല്കുവാൻ എന്റെ പിതാവിന് സാധിച്ചിട്ടുമുണ്ട്.
മങ്കൊമ്പ് ആശാൻ ഞങ്ങളുടെ ഗൃഹത്തിൽ എത്തിയാൽ ബലരാമനെ കണ്ട കൃഷ്ണൻ എന്നപോലെയാണ് എന്റെ പിതാവ് അദ്ദേഹത്തെ സ്വീകരിച്ചിരുന്നത്. ചെങ്ങന്നൂർ ആശാന്റെ മരണശേഷവും ആശാന്റെ കുടുംബത്തിൽ എന്തെങ്കിലും വിശേഷമോ, പ്രശ്നമോ ഉണ്ടായാൽ, മങ്കൊമ്പ് ആശാൻ വീട്ടിലെത്തി എന്റെ പിതാവിനെയും കൂട്ടിയാവും അവിടേക്ക് പോവുക. എന്റെ പിതാവ് മരണമടയുന്നതിനു ഒരു ദിവസം മുൻപ് തട്ടാരമ്പലം VSM ആശുപത്രിയിൽ മങ്കൊമ്പ് ആശാൻ കുടുംബസമേതം എത്തി, സന്ധ്യാസമയം വരെ എന്റെ പിതാവിനെ ആശ്വാസിപ്പിച്ചു കൊണ്ടിരുന്നതും, രസികത്തങ്ങൾ പങ്കുവെച്ചതും സ്മരണീയമാണ്. ആ കാലഘട്ടത്തിൽ ആശാന്റെ മകൻ ശ്രീ. ശ്രീകുമാർ അവർകൾ മാവേലിക്കരയിലെ RTO പോസ്റ്റിൽ ആയിരുന്നു. എന്റെ പിതാവ് ആശുപത്രിയിൽ ആണെന്ന് അറിഞ്ഞാൽ അദ്ദേഹവും അവിടെ എത്തിയിരിക്കും.
കഥകളിയെ സംബന്ധിച്ച് ആധികാരികമായി സംസാരിക്കുവാനും എഴുതുവാനുമുള്ള കഴിവ് മങ്കൊമ്പ് ആശാന് ഉണ്ടായിരുന്നു. "മലയാണ്‍മയിലെ ഒന്നാമത്തെ നാട്യശാസ്ത്രഗ്രന്ഥം" എന്ന് വിശേഷിപ്പിച്ചു കൊണ്ട് മഹാകവി വള്ളത്തോൾ അവതാരിക എഴുതി പ്രസിദ്ധീകരിച്ച ശ്രീ. മാത്തൂർ കുഞ്ഞുപിള്ള പണിക്കർ ആശാൻറെ കഥകളി പ്രകാശികയിൽ ചേർത്തിരിക്കുന്ന ലേഖനം, കപ്ളിങ്ങാടൻ കഥകളി ശൈലിയെപറ്റി 'നൃത്യനാട്യരംഗം' എന്ന മാസികയിൽ പ്രസിദ്ധീകരിച്ച തുടർലേഖനങ്ങൾ, 'കഥകളി സ്വരൂപം' എന്ന ഗ്രന്ഥം ഇവയെല്ലാം അദ്ദേഹത്തിൻറെ എഴുതുവാനുള്ള കഴിവും അറിവും വ്യക്തമാക്കുന്നവയാണ്.
ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യത്വം സ്വീകരിച്ച എന്റെ പിതാവിന് ഒരു കഥകളി കലാകാരന് ലഭിക്കേണ്ടത്ര അഭ്യാസമോ, ചൊല്ലിയാടിക്കലോ ലഭിച്ചിരുന്നില്ല. ഇത് നല്ലതു പോലെ അറിയാവുന്ന ഗുരു. ചെങ്ങന്നൂർ ഒരിക്കൽ തന്റെ ശിഷ്യനായ മങ്കൊമ്പിനോട് ഇങ്ങിനെ പറഞ്ഞു
'ശിവശങ്കരാ, എൻറെ കലാലോകവളർച്ചയിൽ ചെല്ലപ്പന്റെ മുത്തച്ഛൻ ചെന്നിത്തല കൊച്ചുപിള്ള പണിക്കരാശാന്റെ പങ്ക് നിർണ്ണയാധീനമാണ്. അദ്ദേഹത്തിൻറെ താൽപ്പര്യപ്രകാരമാണ് ചെല്ലപ്പൻറെ കഥകളി അഭ്യാസ ചുമതല ഞാൻ ഏറ്റത്. ഇന്നുള്ള എല്ലാ പ്രഗത്ഭരായ നടന്മാരുടെ നായികാ വേഷക്കാരനായി നിന്നെ കഥകളി ലോകം അംഗീകരിച്ചിരിക്കുന്നു. ചെല്ലപ്പന്റെ നായക വേഷങ്ങൾക്ക് നീ നായികാ വേഷം ചെയ്യാൻ തയ്യാറായാൽ മാത്രം മതി, അവനും കഥകളി ലോകത്ത് പിടിച്ചു നിന്നു കൊള്ളും.'
ഗുരുവിന്റെ വാക്കുകൾ സത്യത്തിൽ മങ്കൊമ്പ് ആശാനും ഒരു അനുഗ്രഹം തന്നെയായിരുന്നു. കൃഷ്ണൻ നായർ ആശാന്റെയോ, മാങ്കുളം തിരുമേനിയുടെയോ, ഹരിപ്പാട്ടു ആശാന്റെയോ വേഷങ്ങൾക്ക് നായികാ വേഷങ്ങൾ ചെയ്യുമ്പോൾ പുരുഷവേഷ മേധാവിത്വം അനുഭവപ്പെട്ടിരുന്ന കാലഘട്ടത്തിൽ പരസ്പരം ഒരു ധാരണയോടെ രംഗത്ത് പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം എന്റെ പിതാവിന്റെ നായകവേഷങ്ങൾക്ക് നായികാ വേഷം ചെയ്തപ്പോൾ മങ്കൊമ്പ് ആശാന് ലഭിച്ചു. മങ്കൊമ്പ് ആശാൻ എന്റെ പിതാവിന്റെ വേഷങ്ങൾക്ക് നായികാ വേഷം ചെയ്യാൻ തയ്യാറായതോടെ എന്റെ പിതാവിന് ലഭിച്ച അംഗീകാരം ഒറ്റവാക്കിൽ പറയുവാൻ സാധിക്കുന്നതല്ല. അവർ ഒന്നിച്ചു കചൻ- ദേവയാനി, രുഗ്മാംഗദൻ- മോഹിനി, മലയൻ- മലയത്തി, കാട്ടാളൻ- കാട്ടാളത്തി എന്നിങ്ങനെയുള്ള വേഷങ്ങൾ തെക്കൻ കേരളത്തിലെ കഥകളി ആസ്വാദകരെ സ്വാധീനിക്കുവാൻ കഴിഞ്ഞു.
മങ്കൊമ്പ് ആശാൻ പുരുഷവേഷക്കാരനായപ്പോൾ എന്റെ പിതാവ് അദ്ദേഹത്തിൻറെ കൂട്ടുവേഷക്കാരനായി. ആശാന്റെ പരശുരാമന് ശ്രീരാമൻ, വിശ്വാമിത്രന് ഹരിശ്ചന്ദ്രൻ, വസിഷ്ഠൻ ബലരാമന് കൃഷ്ണൻ, നളന് ഹംസം, പുഷ്ക്കരൻ, ബ്രാഹ്മണന് അർജുനൻ, കുചേലന് കൃഷ്ണൻ, രാവണന് നാരദൻ എന്നിങ്ങനെ. അരങ്ങിൽ മങ്കൊമ്പ് ആശാൻ ചെയ്യുന്ന മനോധർമ്മപരമായ പൊടിക്കൈകൾക്ക് ഉചിതമായി ഉത്തരം നല്കുവാൻ എന്റെ പിതാവിന് സാധിച്ചിട്ടുമുണ്ട്.
മങ്കൊമ്പ് ആശാൻ ഞങ്ങളുടെ ഗൃഹത്തിൽ എത്തിയാൽ ബലരാമനെ കണ്ട കൃഷ്ണൻ എന്നപോലെയാണ് എന്റെ പിതാവ് അദ്ദേഹത്തെ സ്വീകരിച്ചിരുന്നത്. ചെങ്ങന്നൂർ ആശാന്റെ മരണശേഷവും ആശാന്റെ കുടുംബത്തിൽ എന്തെങ്കിലും വിശേഷമോ, പ്രശ്നമോ ഉണ്ടായാൽ, മങ്കൊമ്പ് ആശാൻ വീട്ടിലെത്തി എന്റെ പിതാവിനെയും കൂട്ടിയാവും അവിടേക്ക് പോവുക. എന്റെ പിതാവ് മരണമടയുന്നതിനു ഒരു ദിവസം മുൻപ് തട്ടാരമ്പലം VSM ആശുപത്രിയിൽ മങ്കൊമ്പ് ആശാൻ കുടുംബസമേതം എത്തി, സന്ധ്യാസമയം വരെ എന്റെ പിതാവിനെ ആശ്വാസിപ്പിച്ചു കൊണ്ടിരുന്നതും, രസികത്തങ്ങൾ പങ്കുവെച്ചതും സ്മരണീയമാണ്. ആ കാലഘട്ടത്തിൽ ആശാന്റെ മകൻ ശ്രീ. ശ്രീകുമാർ അവർകൾ മാവേലിക്കരയിലെ RTO പോസ്റ്റിൽ ആയിരുന്നു. എന്റെ പിതാവ് ആശുപത്രിയിൽ ആണെന്ന് അറിഞ്ഞാൽ അദ്ദേഹവും അവിടെ എത്തിയിരിക്കും.
ചെങ്ങന്നൂർ ആശാന്റെ മരണസമയത്ത് മങ്കൊമ്പ് ആശാൻ കലാമണ്ഡലത്തിൽ ആയിരുന്നു. കാലിനു ഒരു സർജറി കഴിഞ്ഞു നടക്കുവാൻ സാധിക്കാതെ വിശ്രമത്തിലായിരുന്നു അദ്ദേഹം. ആശാന്റെ മരണാനന്തര ചടങ്ങിൽ മങ്കൊമ്പ് ആശാന് പങ്കെടുക്കുവാൻ സാധിക്കുമോ എന്ന് എല്ലാവരും സംശയിച്ചിരുന്നു . മങ്കൊമ്പ് ആശാൻ ചെറുതുരുത്തിയിൽ നിന്നും ഒരു കാറിൽ ആശാന്റെ ഗൃഹത്തിന് മുൻപിൽ വന്നിറങ്ങി, നടക്കുവാനുള്ള വിഷമത്തെയും മറന്നു കൊണ്ട് ഗൃഹത്തിനുള്ളിലേക്ക് കയറി ചെങ്ങന്നൂരാശാന്റെ ചലനമറ്റ ശരീരം കണ്ട് വിതുമ്പലോടെ ആ കാലടികളിലേക്ക് വീണപ്പോൾ അവിടെ കൂടിയിരുന്ന എല്ലാ ബന്ധു - മിത്രാദികളുടെയും, ആസ്വാദകരുടെയും ശ്രദ്ധ മങ്കൊമ്പ് ആശാനിലായിരുന്നു പതിഞ്ഞത്.
ശ്രീ. മങ്കൊമ്പ് ആശാനോടൊപ്പം Dr. K.S. മോഹൻദാസും ഞാനും.
കഥകളിയിൽ കൊമ്പും തലയും എന്ന് ആസ്വാദകർ മങ്കൊമ്പ് ആശാനെയും എന്റെ പിതാവിനെയും വിശേഷിപ്പിച്ചിരുന്നു. അവരുടെ കൂട്ടുവേഷങ്ങൾക്കുള്ള യോജിപ്പ് അത്രകണ്ട് ആസ്വാദകർ ഇഷ്ടപ്പെട്ടിരുന്നു. അവർ തമ്മിലുണ്ടായിരുന്ന സ്നേഹബന്ധം അനുഭവിച്ച് അറിയുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെ ഞാൻ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഒരു മകനോടെന്നപോലെ അദ്ദേഹവും എന്നെ സ്നേഹിച്ചിരുന്നു എന്നാണ് എന്റെ വിശ്വാസവും അനുഭവവും.
മഹാനായിരുന്ന മങ്കൊമ്പ് ആശാന്റെ സ്നേഹ സ്മരണയ്ക്ക് മുൻപിൽ ഒരു തുള്ളി കണ്ണുനീർ അഞ്ജലിയായി സമർപ്പിക്കുന്നു.
എന്റെ പഴയ പോസ്റ്റ്:
ശ്രീ. മങ്കൊമ്പ് ആശാന്‍ - കഥകളിയിലൂടെ ഒരു ആത്മബന്ധം
അനുസ്മരണം വളരെ നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഉചിതമായ സമയത്തു തന്നെയാണു് ഈ അനുസ്മരണം. മങ്കൊമ്പാശാനും ചെന്നിത്തലയാശാനും ചേര്‍ന്നുള്ള സന്താനഗോപാലം, ഹരിശ്ചന്ദ്രചരിതം എന്നിവ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടു്. ആ വലിയ കലാകാരന്മാരുടെ ഓര്‍മ്മയ്കു മുന്‍പില്‍ പ്രണാമം
മറുപടിഇല്ലാതാക്കൂവല്ലാതെ ഉള്ളില്‍ തട്ടി , അങ്ങയുടെ ഈ വിവരണം . ഇതുപോലെ ഉള്ള സ്നേഹ ബന്ധങ്ങള്‍ ഇനി ഒട്ടും ആരില്‍ നിന്നും പ്രതീക്ഷിക്കെണ്ടാതില്ല ......പ്രണാമം
മറുപടിഇല്ലാതാക്കൂസർവ്വശ്രീ ഗുരു ചെങ്ങന്നൂർ രാമൻപിള്ളയുടെ പേരിനു യശസ്സുചാർത്തിയ ആ മഹാനുഭാവന്റെ നിര്യാണം കലാ കേരളത്തിന് ഒരു തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും അദ്ദേഹത്തിന്റെ കുടുംബാങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ തിരുവല്ല ദേശത്ത് ജനിക്കാനും അദ്ദേഹത്തിന്റെ അനേകം വേഷങ്ങൾ കാണാനും അനുഗ്രഹം ലഭിച്ചതിൽ ജഗദീശ്വരനോടു നന്ദി രെഖപ്പെടുത്തുകയും ചെയ്യുന്നു.
മറുപടിഇല്ലാതാക്കൂഞാൻ ആദ്യമായി സർവ്വ ശ്രീ മങ്കൊമ്പു ശിവശങ്കരപ്പിള്ളയെ കാണുന്നത് 1980 ഒക്ടൊബർ 18 ന് ആണ്. ഞാൻ 7-്ാം ക്ളാസ്സിൽ ആയിരുന്നു. വിജയദശമി ദിവസം ആണെന്നാണ് എന്റെ അച്ഛൻ ഓർക്കുന്നത്. അന്ന് എന്റെ അച്ഛൻ ഒരു കഥകളി വഴിപാടു നേർന്നിരുന്നു. സീതാസ്വയംവരവും കംസവധവും കഥ നിശ്ചയിച്ചിരുന്നു. ശ്രീ മങ്കൊമ്പും എന്റെ അച്ഛന്റെ സഹൊദരീ ഭർത്താവായ ചെങ്ങന്നൂർ ശാസ്താംകുളങ്ങര വേണാട്ടു വീട്ടിൽ ശ്രീ ഗോപാലകൃഷ്ണൻ നയർ അവർകളും വളരെ നേരത്തെ തന്നെ നല്ല സുഹൃത്തുക്കളായിരുന്നു. അവർ ഒരുമിച്ച് ചെങ്ങന്നൂരിൽ നിന്നും ബസ്സു പിടിച്ച് എന്റെ ഗൃഹത്തിൽ വഴിപാടു ദിവസം നേരത്തെ തന്നെ എത്തി. അന്ന് ആ തേജസ്സാർന്ന രൂപം ഞാൻ ആദ്യമായി കണ്ടു. അന്ന് എന്റെ അച്ഛനും ഗോപലകൃഷ്ണൻ ചിറ്റപ്പനും മങ്കൊമ്പും ചേർന്ന് വളരെ നേരം സരസ സംഭാഷണത്തിൽ ഏർപെടുകയുണ്ടായി. ആ സമയം എന്റെ അമ്മ ശ്രീ മങ്കൊമ്പിനോട് എനിക്ക് കൂടെക്കൂടെ തലവേദന ഉണ്ടാകാറുണ്ട് എന്ന് അറിയിക്കുകയുണ്ടായി. അപ്പൊൾ തികഞ്ഞ കളരി അഭ്യാസി ആയ അദ്ദേഹം തനിക്ക് സമാന പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തലയിണ ഒഴിവാക്കി കിടക്കാറാണു പതിവെന്നും അത് പ്രയോഗിച്ചു നോക്കണമെന്നും എന്നെ ഉപദേശിച്ചു. അത് ഇന്നും ഞാൻ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് പ്രയോഗിച്ചു വരുന്നു. അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഒരു മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് എടുത്ത് അതിലെ മുഖചിത്രം തന്റെ പേരക്കുട്ടിയുടേതാണ് എന്നു പറഞ്ഞത് ഞാൻ ഇന്നും ഓര്ർക്കുന്നു. ആ സുന്ദരനായ ശിശുവിന്റെ മുഖവും ഞാൻ മറന്നിട്ടില്ല. ഇന്നാ ശിശു വളർന്ന് യുവാവായി എന്ന് അടുത്തയിടെ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ അറിയാൻ സാധിച്ചു. ചർച്ചകൾക്കിടെ തന്റെ കലാമണ്ഡലത്തിലെ സേവനത്തെക്കുറിച്ച് അദ്ദേഹം പരമർശിക്കുകയുണ്ടായി. മോഹിനിയാട്ടത്തിൽ കഥകളിയുടെയും ഇതര കലകളുടെയും സ്വാധീനം കടന്നുവരികയും അതിന്റെ തനതു ശൈലിയെയും ശുദ്ധതെയും ഇതു ബാധിക്കുന്നതിൽ താൻ അസ്വസ്ഥനാണ് എന്നും അദ്ദേഹം പറഞ്ഞതും ഇതു ശുദ്ധീകരിക്കേണ്ട ചുമതല സർക്കരിൽ നിക്ഷിപ്തമാണെന്നും അതിലേക്ക് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞതും ഞാൻ ഓർക്കുന്നു. അദ്ദേഹത്തിനു വേഷം ഒരുങ്ങാൻ ക്ഷേത്രത്തിലേക്ക് പോവേണ്ടതിനാൽ അന്ന് അമ്മ അരി മുഴുവൻ വേവുന്നതിനു മുൻപ് വാര്ർക്കുകയും എതാണ്ട് മുക്കൽ ഭാഗം മത്രം വെന്ത ചോറും ഭക്ഷിച്ച് ഞങ്ങൾ എല്ലവരും ക്ഷേത്രത്തിലേക്ക് നടകൊള്ളൂകയും ചെയ്തു. അന്നത്തെ പരശുരാമനെപ്പോലെ ഒരു പരശുരാമനെ ഞാൻ പിന്നീട് കണ്ടിട്ടില്ല. ഇനി കാണാൻ സാധിക്കും എന്നു വിശ്വാസവുമില്ല. മങ്കൊമ്പില്ലാത്ത സീതാസ്വയംവരം കാണുകയില്ല എന്നു തീരുമാനിച്ച ആസ്വാദകർ വളരെയുണ്ട്. എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു രാത്രിയായിരുന്നു അത്. അദ്ദേഹത്തിന്റെ കളരി അഭ്യാസ പാടവം ഒരോ ചലനങ്ങളിലും തെളിഞ്ഞു നിന്നിരുന്നു. കാലുകൾ ശിരസ്സിന്റെ മുകളിൽ നിസ്സാരമായി ഉയർത്തിയ അദ്ദേഹത്തിന്റെ നില ഞാൻ ഒരിക്കലും മറക്കുകയില്ല. ഉടലും കാലുകളും തമ്മിൽ ഒരു ബന്ധവും ഇല്ലേ എന്നു ഞാൻ അദ്ഭുതപെട്ടു പൊയി. അതിനു ശേഷം അതുപോലെ കാലുകൾ ഉയർത്തുക എന്നത് എന്റെ ഒരു സ്വപ്നമായിരുന്നു (ഞാൻ അന്ന് ഒരു ബാലനായിരുന്നു). അതിനായി ഞൻ നിരന്തരമായി ശ്രമിച്ചുകൊണ്ടിരുന്നു. ആ ശ്രമം ഇന്നും തുടരുന്നു എന്നത് ഒരു രഹസ്യമാണ്, ഇന്നത് ഞാൻ പരസ്യമാക്കാൻ ആഗ്രഹിക്കുന്നു. സത്യമാണ്.
മറുപടിഇല്ലാതാക്കൂഅതിനു ശേഷം വളരെ അധികം വേഷങ്ങൾ കാണാൻ ഭാഗ്യമുണ്ടായെങ്കിലും, എന്റെ മനസ്സിൽ തങ്ങി നില്ക്കുന്ന ചില വേഷങ്ങളെക്കുറിച് പ്രതിപാദിക്കൻ ആഗ്രഹിക്കുന്നു. 86-ലോ 87-ലോ ആണെന്നു തൊന്നുന്നു. തിരുവല്ലാ ഉൽസവം. നളചരിതം മൂന്നാം ദിവസവും നിഴൽക്കുത്തും. കൃഷ്ണൻനായരുടെ ബാഹുകൻ. എമ്പ്രാന്തിരിയും ഹരിദാസും പാടുന്നു. മങ്കൊമ്പിന്റെ സുദേവൻ. ദമയന്തി വിരഹത്താൽ ആർത്തനായ ബാഹുകന്റെ കദനഭര ഹൃദയത്തോട് താദാത്മ്യം പ്രാപിച്ച സദസ്സ്. വിരഹത്തിന്റെ ശോകം കൃഷ്ണൻനായർ സദസ്സിലേക്ക് സന്നിവേശിപ്പിച്ചു കഴിഞ്ഞു. അപ്പോളാണ് ചടുല നടനവുമായി മങ്കൊമ്പിന്റെ സുദേവൻ വരുന്നതും ആടിത്തകര്ർക്കുന്നതും. ഒരു തികഞ്ഞ അഭ്യാസിയുടെ പാടവത്തോടെ ഒരു പയറുവള്ളി ചലിക്കുന്നതു പോലെ അദ്ദേഹം അരങ്ങു നിറഞ്ഞാടി സദസ്സിനെ ശോകന്തരീക്ഷത്തിൽ നിന്നും ദമയന്തി സംഗമത്തിന്റെ ശുഭാരംഭത്തിലേക്കു വിളിച്ചുണർത്തി. ഇന്നത്തെ കലാകാരന്മാർ ക്ഷമിക്കണം, ഞാൻ അത്രയും നല്ല ഒരു സുദേവനെ പിന്നെ കണ്ടിട്ടില്ല. “മേള വാദ്യ ഘോഷത്തോടും” എന്ന പദത്തിൽ ഓരോ വാദ്യവും വായിക്കുന്നത് അവതരിപ്പിച്ചതിൽ നിന്നും അദ്ദേഹം ഇതെല്ലാത്തിലും അഭ്യാസപാടവമുള്ള ആളാണെന്നു തോന്നുമായിരുന്നു. അദ്ദേഹം ഒരു കാൽ പിന്നിലേക്കിറക്കിവച്ചു തിമില വായിക്കുന്നത് ഞാൻ ഒരിക്കലും മറക്കുകയില്ല.
മറുപടിഇല്ലാതാക്കൂഅന്നേ ദിവസം, നിഴൽക്കുത്തിൽ, അദ്ദേഹത്തിന്റെ ഭാരത മലയൻ ഉണ്ടായിരുന്നു. dream team-ആയ ഹരിപ്പടിന്റെ ദുര്യോധനൻ, ചെന്നിത്തലയുടെ മന്ത്രവാദി, മാത്തൂരിന്റെ മലയത്തി, ഗോപിച്ചേട്ടന്റെ പാട്ട്. അണിയറയിൽ, ഏകാഗ്രചിത്തനായി മുഖമെഴുത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന മങ്കൊമ്പിന്റെ രൂപം ഞാൻ ഓർക്കുകയാണ്. മലയൻ കാട്ടാളനാണെങ്കിലും സംസ്കാര സമ്പന്നനും പക്വമതിയുമായിരുന്നു. ദുര്യോധനന്റെ മുമ്പിലെ വിവശതയും തിരികെ വരുമ്പോളത്തെ കുറ്റബോധവും ഇതുപോലെ മറ്റൊരു മലയനിൽ കാണാൻ സാധിച്ചിട്ടില്ല. അന്നേദിവസത്തെ കളി ആസ്വദകർക്ക് ഒരിക്കലും മറക്കാൻ സാധിക്കയില്ല.
പിന്നീട് ഞാൻ ഇവിടെ പ്രതിപാദിക്കൻ ആഗ്രഹിക്കുന്ന ഒരു വേഷം കർണ്ണശപഥത്തിൽ ഞാൻ കണ്ട ദുര്യോധനൻ ആയിരുന്നു. തിരുവാല്ലയിലെ ഒരു കർണ്ണശപഥം. അപ്പോഴെക്കും ഹരിപ്പാട്ടു രാമകൃഷ്ണപിള്ള സ്വർഗ്ഗസദസ്സിനെ ആനന്ദിപ്പിക്കൻ ഇഹലോകവാസം വെടിഞ്ഞു യാത്രയായിരുന്നു. ചെന്നിത്തലയുടെ കർണ്ണൻ. തലവടി അരവിന്ദന്റെ ദുശ്ശാസനൻ. അക്കാലത്ത്, Karnnan centric ആയ ഒരു സൂപ്പർ സ്റ്റാർ അവതരണ രീതി ഉണ്ടായിരുന്നില്ല. എല്ലാ പാത്രങ്ങൾക്കും തുല്യ പ്രാധാന്യം തന്നെ. ദുര്യോധനനെ ഒരു ഹാസ്യ കഥാപാത്രമായോ ഒരു കൊടും ക്രൂരകഥാ പാത്രമായോ ആണു പൊതുവേ അവതരിപ്പിക്കപ്പെട്ടുവരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തൃക്കളോടുള്ള സ്നേഹാദരങ്ങൾ മുന്നിട്ടു നില്ക്കുന്ന ഒരു പാത്ര സൃഷ്ടിയാണ് കർണ്ണശപഥത്തിലേത്. ഈ സങ്കലപ്ത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്ന ഒരു സമീപനം ആണ് ശ്രീ മങ്കൊമ്പ് കർണ്ണശപഥത്തിൽ സ്വീകരിച്ചത്.
തിരുവല്ലാ ദേശത്ത് അദ്ദേഹത്തെ പറ്റി പറയപ്പെട്ടിരുന്നത് “മങ്കൊമ്പ് ഒരു കണ്ണുകൊണ്ടു ചിരിക്കുകയും, അതേസമയം മറ്റേ കണ്ണിൽ നിന്നും കുടുകുടാ കണ്ണീരൊഴുക്കുകയും ചെയ്യും” എന്നായിരുന്നു. ഇത് എന്റെ ഗുരുനാഥനായ മണിപ്പുഴ ദേവസ്വം ബോർഡ് സ്കൂൾ ഹിന്ദി അദ്ധ്യാപകൻ ശക്തി സാർ ക്ളാസ്സിൽ എല്ലാ കുട്ടികളോടും കൂടി പറഞ്ഞത് നേരിട്ട് കേൾക്കാൻ സാധിച്ചിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഅദ്ദേഹം സ്ഥിരമായി ഒരേ സ്ക്രിപ്റ്റ് ആടിയിരുന്നില്ല. ഒരോ അരങ്ങിലും എന്തെങ്കിലും പുതുതായി കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ക്ളാസ്സിക്കൽ കലകൾ നല്കുന്ന സ്വാതന്ത്ര്യം അതാണല്ലോ. പുരാണങ്ങളിൽ അദ്ദേഹത്തിനുള്ള അഗാധ പാണ്ഡിത്യം ഇതിനു തുണയായിരുന്നു. അരങ്ങിൽ എന്തു ചോദ്യമുണ്ടായലും അതിനു മറുപടി ഉരുളക്കുപ്പേരി പോലെ നല്കാൻ അദ്ദെഹത്തിനു സാധിക്കുമായിരുന്നു.
അദ്ദേഹം ദീർഘകാലം അരങ്ങിൽ നിന്ന് അകന്നു കഴിയുകയായിരുന്നു. കുറെക്കാലം ശയ്യാവലംബിയുമായിരുന്നു. അദ്ദേഹത്തിന്റെ ദർശനത്തിനായി എന്റെ മനസ്സ് ആഗ്രഹിച്ചുകൊണ്ടേയിരുന്നു. അങ്ങിനെയിരിക്കെ ഇന്റർനെറ്റ് വഴി സർവ്വശ്രീ ചെന്നിത്തല ആശാന്റെ മകൻ ശ്രീ അംബുജാക്ഷൻ നായരുമായി പരിചയം സിദ്ധിക്കുകയും അദ്ദേഹത്തോടൊപ്പം ഏതാണ്ട് ഒന്നര വർഷം മുൻപ് മങ്കൊമ്പാശാന്റെ ഗൃഹമായ അംബാലയത്തിൽ എത്താനും ആ മഹാനുഭാവനെ ദർശിക്കാൻ ഭാഗ്യമുണ്ടാകുകയും ചെയ്തു. 91 വയസ്സായ തികച്ചും ശയ്യവലംബിയായ അദ്ദേഹം അദ്ദേഹത്തിന്റെ അംഗങ്ങളിൽ ഒരു കരം മാത്രം പ്രവർത്തിക്കുന്നുണ്ടായിരുന്നിട്ടുകൂടി യാതൊരു താമസവുമില്ലാതെ ശ്രീ അംബുജാക്ഷൻ നായരെ തിരിച്ചറിയുകയും പിരിയുന്നതു വരെ മുദ്രകളിലൂടെ സംവദിക്കുകയും ചെയ്തു. (കഥകളി കലാകരന്മാരേയും ആസ്വാദകരേയും ഓർമ്മക്കുറവ് ബാധിക്കാറില്ല എന്ന സിദ്ധാന്തത്തിനു പ്രത്യക്ഷ ഉദാഹരണം) അദ്ദേഹത്തിനെ നമസ്കരിക്കാനും ഒരു എളിയ ദക്ഷിണ നല്കി അനുഗ്രഹം ലഭിപ്പാനും സാധിച്ചതിൽ ഞാൻ കൃതാർഥനാണ്. അദ്ദേഹത്തിന്റെ ധർമ്മ പത്നി ഈ അവസരത്തിൽ ഗോപാലകൃഷ്ണൻ ചിറ്റപ്പനും അദ്ദേഹവുമായുള്ള ആത്മബന്ധം സ്മരിക്കുകയും അവർ തമ്മിൽ കല്യാണ സദ്യകൾക്ക് കൂടുമ്പോൾ നടത്തറുള്ള “പായസം കുടി” മൽസരം ഒർമ്മിക്കുകയും ചെയ്തു. തുടര്ർന്നും ചെങ്ങന്നൂർ കടന്നു പോകുമ്പോൽ അദ്ദേഹത്തെ ദർശിക്കണം എന്ന് ആഗ്രഹം ജനിക്കാറുണ്ടായിരുന്നു എങ്കിലും കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ല എന്നു മാത്രം പറഞ്ഞാൽ മതിയല്ലോ.
Ravindranath Purushothaman, nishikanth kattil, ANANTHAN : ബ്ലോഗ് വായിച്ചു അഭിപ്രായം പങ്കുവെച്ചതിനു നന്ദി.
മറുപടിഇല്ലാതാക്കൂമിസ്റ്റർ. ഉണ്ണികൃഷ്ണൻ: ദീര്ഘമായ അഭിപ്രായം എഴുതി മങ്കൊമ്പ് ആശാനെ സ്മരിച്ചതിനു വളരെ നന്ദി.
സുന്ദരവും സമയോചിതവുമായ അനുസ്മരണ കുറിപ്പ്. മന്കൊമ്പാശാനെന്ന പ്രഗൽഭ കഥകളി കലാപ്രതിഭക്ക് സ്നേഹാർച്ചനയാകുന്ന ശ്രീ. അമ്ബുജാക്ഷൻ നായരുടെ ഈ കുറിപ്പ് ശ്രീ. ഉണ്ണിക്കൃഷ്ണന്റെ വിശദമായ അടിക്കുറിപ്പോടെ അതീവ ഹൃദ്യമായി തോന്നി. മദ്ധ്യതിരുവിതാംകൂറിൽ എഴുപത് -എണ്‍പതുകളിൽ നിലനിന്നിരുന്ന കഥകളിയുടെ സുഗന്ധവും കലാകാരന്മാർ തമ്മിൽ ഉണ്ടായിരുന്ന ആത്മബന്ധവും ഈ എഴുത്തുകളിലെല്ലാം നിറഞ്ഞു നില്ക്കുന്നു. ഇതൊക്കെ കുറച്ചെങ്കിലും അനുഭവിക്കാൻ ഇടവന്നിട്ടുള്ള എനിക്ക് മന്കൊമ്പാശാൻ നിറഞ്ഞാടിയ ഒരു അരങ്ങിനെ ഒര്ക്കതിരിക്ക വയ്യ. ഇത് ഞാൻ മുന്പും എവിടെയോ എഴുതിയതാണ്; എങ്കിലും ഒന്ന് കൂടി പറഞ്ഞോട്ടെ.
മറുപടിഇല്ലാതാക്കൂഏവൂർ ക്ഷേത്രത്തിൽ എണ്പതുകളുടെ ആദ്യത്തിൽ നടന്ന ഒരു കുചേലവൃത്തം. മന്കൊമ്പാശാനാണ് കുചേലൻ. നല്ല വെളുത്തു സുന്ദരനായി സാമാന്യം കുടവയറും ഒക്കെയായി വന്ന കുചേലനെ കണ്ട ഞാൻ നിരാശനായി. ഇതൊന്നുമാല്ലല്ലോ നമ്മുടെ മനസ്സിലുള്ള കുചേല രൂപം. ഞാൻ അതിനു മുൻപ് കണ്ടിട്ടുള്ള കുചെലന്മാർ എല്ലാം തന്നെ എന്റെ മനസ്സിലുള്ള രൂപത്തിലുല്ലവരായിരുന്നു. കളി തുടങ്ങി. കഥകളി ശരിക്കും അറിയാവുന്ന എന്റെ അച്ഛനും ഈ ഒരു വേഷം കാണാൻ മാത്രമായി വെളുപ്പാൻ കാലത്ത് അവിടെയെത്തി. ഹരിദാസിന്റെയോ ഉണ്ണികൃഷ്ണന്റെയോ പാട്ടായിരുന്നു എന്നാണു എന്റെ ഓർമ്മ. കുചേലന്റെ ആട്ടം തുടങ്ങിയപ്പോൾ അദ്ദേഹത്തിൻറെ ആകാരം എന്റെ മനസ്സില് നിന്നും മറഞ്ഞു. ഭക്തിയും ദീനതയും ഇങ്ങനെ വഴിഞ്ഞൊഴുകുന്ന ഒരു കുചേലവേഷം ഞാൻ അതിനു മുന്പോ പിന്പോ കണ്ടിട്ടില്ല. അവസാന രംഗമായപ്പോഴേക്കും എല്ലാവരുടെയും കണ്ണുകൾ കലങ്ങി തുടങ്ങി. വേർപാട് രംഗമായപ്പോൾ പലരും കരയുന്നത് കാണാമായിരുന്നു. മന്കൊമ്പാശാൻ വളരെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്തിരുന്ന എന്റെ അച്ഛൻ കളിവിളക്കിന് മുൻപിൽ തന്നെ ഇരുന്നതും അന്നത്തെ അദ്ദേഹത്തിൻറെ പ്രകടനത്തിന് ഊര്ജം നല്കിക്കാണണം . കളി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ അച്ഛൻ എന്നോട് പറഞ്ഞു; ഇന്ന് മങ്കൊമ്പ് നിറഞ്ഞാടി. ഞാനും വിരളമായേ ഇത്ര ഗംഭീരമായ അഭിനയം കണ്ടിട്ടുള്ളൂ.
പതിന്നാലു വര്ഷങ്ങള്ക്ക് മുൻപ്, ഒരു പ്രത്യേക സാഹചര്യത്തിൽ ഞാൻ മന്കൊമ്പാശാനു ഒരു കത്തെഴുതി. അദ്ദേഹത്തിൻറെ മറുപടി കത്തിലെ ആദ്യ വാചകങ്ങൾ ഇതായിരുന്നു ...
.പ്രിയപ്പെട്ട ശ്രീ. മോഹൻദാസ്, 7-3-2000
...................... അച്ഛന്റെ പേരു പറഞ്ഞതു കൊണ്ട് എനിക്ക് ആളിനെ പെട്ടന്നു മനസ്സിലായി. ഞങ്ങൾ അത്യന്ത സുഹൃദ്ബന്ധമുള്ളവരായിരുന്നു. ഒരു കാലത്ത് മധ്യതിരുവിതാംകൂറിൽ നടന്നിരുന്ന ഏതൊരു കഥകളിക്കും അദ്ദേഹം കളിവിളക്കിനു മുൻപിൽ പതിവുകാരനായിരുന്നു. രാമകൃഷ്ണപിള്ളയേയും എന്നേയും ചെന്നിത്തലേയും ചേർത്തു ത്രിമൂർത്തികൾ എന്നു നാമകരണം ചെയ്തതു ശ്രീധരൻ നായർ സാറായിരുന്നു. അതു കേട്ട് പലരും അണിയറയിൽ വന്ന് ഇന്ന് കളിക്കു ത്രിമൂർത്തികൾ ഉണ്ടോ എന്നു ചോദിച്ചിരുന്നു........
ആ മഹാനടന്റെ സ്മരണക്കു മുൻപിൽ ഞാനും ശിരസ്സു നമിക്കുന്നു.
ഫേസ് ബുക്കിൽ ലഭിച്ച ഒരു ആസ്വാദകന്റെ അഭിപ്രായം :
മറുപടിഇല്ലാതാക്കൂPazhoorGopala Panikkar
Aug 26, 2014
About the Karna sapadham incident- I too have seen some actions by actors like this.Once in Mulamkaadakam temple (Kollam ) an actor acting as Nalan showing some thing not in tune with the royal nature of Nalan.I for get now exactly what it was as it was long ago.I spoke this to my companion who was also a Kathakali rasikan.
Mankompil Aassan was agreat fighter him self. I have seen his Usha chitralekha with KrishnanNair aassan after he returned fromKalamandalam