പേജുകള്‍‌

2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

ഗുരുദേവമാഹാത്മ്യം കഥകളി - ഭാഗം -1

159- മത്  ശ്രീനാരായണ ഗുരുദേവ ജയന്തിയുടെയും 125- മത് അരുവിപ്പുറം പ്രതിഷ്ടാദിന ആഘോഷത്തിന്റെയും ഭാഗമായി  24 ആഗസ്റ്റ്‌ 2013-ന് വൈകിട്ട് ആറുമണിക്ക്  ചെന്നൈ ആശാൻ മെമ്മോറിയൽ ഹാളിൽ ശ്രീ. കലാമണ്ഡലം ഗണേശൻ  രചിച്ച ഗുരുദേവമാഹാത്മ്യം കഥകളി അവതരിപ്പിക്കുകയുണ്ടായി. 
സവർണ്ണന്മാരാൽ   ഒരു ജനതയെ  അധകൃതർ  എന്ന് പേരിട്ട്    തൊട്ടുകൂടാത്തവരെന്നു  മുദ്രകുത്തി   അടിമകളെ പോലെ അകറ്റി നിർത്തിയിരുന്ന ഒരു കാലഘട്ടമാണ്  കഥയുടെ സന്ദർഭം.
  പ്രസ്തുത  കാലഘട്ടത്തിൽ അവതരിച്ച ശ്രീനാരായണഗുരു ദേവൻ ലൌകീക ജീവിതം ഉപേക്ഷിച്ച്  ബ്രഹ്മചര്യ ദീക്ഷ നേടുകയും   പിന്നീട്   നെയ്യാറിന്റെ തീരപ്രദേശമായ അരുവിപ്പുറത്തെത്തി ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ട ജനങ്ങളുടെ സങ്കടത്തിന് വിരമാമിട്ടുകൊണ്ട്   ശിവപ്രതിഷ്ഠ ചെയ്യുവാനും  തീരുമാനിച്ചു. വിവരമറിഞ്ഞ യാഥാസ്ഥിതികരുടെ കടും എതിർപ്പിനെ വകവെയ്ക്കാതെ അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠ നടത്തി പൂജ ചെയ്തു. ശ്രീനാരായണ ഗുരുദേവനാൽ    പ്രതിഷ്ഠ ചെയ്യപ്പെട്ട അരുവിപ്പുറത്തെ ശിവലിംഗം  എല്ലാ ജനവിഭാഗങ്ങളുടെയും ആരാധനാ മൂർത്തിയായി ഭവിച്ചു. ഇതാണ് ഗുരുദേവമാഹാത്മ്യം കഥകളിയുടെ ഉള്ളടക്കം. 

ഏഴു രംഗങ്ങളാണ് ഗുരുദേവമാഹാത്മ്യം  കഥയിലുള്ളത്. ചാതുർവർണ്ണ്യം എന്നാണ് ആദ്യരംഗത്തിന് പേരിട്ടിരിക്കുന്നത്.  ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, പഞ്ചമൻ  എന്നിങ്ങനെ അഞ്ചു കഥാപാത്രങ്ങളാണ് ഈ രംഗത്ത് എത്തുന്നത്.  ബ്രാഹ്മണസവിധത്തിൽ എത്തുന്ന  ക്ഷത്രിയൻ,   വൈശ്യൻ , ശൂദ്രൻ   എന്നിവരെ ബ്രാഹ്മണൻ സ്വീകരിക്കുകയും പഞ്ചമനെ   വെറുപ്പോടെ വീക്ഷിക്കുകയും ചെയ്യുന്നു. 

                                            ക്ഷത്രിയൻ , വൈശ്യൻ , ശൂദ്രൻ, പഞ്ചമൻ 
                                  ബ്രാഹ്മണൻ, വൈശ്യൻ , ശൂദ്രൻ

ബ്രാഹ്മണൻ പഞ്ചമനോട് ഞങ്ങൾ ഭൂമിയിലെ ദേവന്മാരാണെന്നും  ബ്രഹ്മാവിന്റെ മുഖത്തു നിന്നാണ്  ഉത്ഭവിച്ചതെന്നും  വർണ്ണ വ്യവസ്ഥകളിൽ ഞങ്ങളാണ് ഏറ്റവും   ഉയർന്നവരെന്നും  യജ്ഞങ്ങൾ, യാഗങ്ങൾ എന്നിവയുടെ  അധികാരിയായി വാഴുന്നവരാണെന്നും വീമ്പിളക്കിക്കൊണ്ട്  പഞ്ചമനെ അധിക്ഷേപിക്കുന്നു.


ക്ഷത്രിയരായ ഞങ്ങൾ   ബ്രഹ്മാവിന്റെ ഭുജത്തിൽ നിന്നും ഉത്ഭവിച്ചവരാണെന്നും   ഭൂമിയിലെ രാജാക്കന്മാർ ഞങ്ങളാണ് എന്നും   യാഗ  യജ്ഞാദികൾ നടത്തുവാൻ ഉത്തരവു നൽകുവാൻ ബ്രഹ്മാവിന്റെ അനുവാദം നേടിയവരാണ് ഞങ്ങൾ എന്ന്   അഭിമാനിക്കുകയും    പഞ്ചമനെ  ആക്ഷേപിക്കുകയും ചെയ്യുന്നു.

വൈശ്യരായ ഞങ്ങൾ ബ്രഹ്മാവിന്റെ തുടയിൽ നിന്നും ജനിച്ചവരാണെന്നും     രാജ്യഭരണങ്ങൾക്കായി ക്രയവിക്രയങ്ങൾ മൂലം രാജാവിന് ധനം നേടി നൽകുന്ന മാഢ്യധനന്മാരാണ് ഞങ്ങൾ എന്ന് അഭിമാനിച്ചു കൊണ്ട് പഞ്ചമനെ നിന്ദിക്കുന്നു. 


 ശൂദ്രരായ ഞങ്ങൾ ബ്രഹ്മാവിന്റെ പാദങ്ങളിൽ നിന്ന് ഉത്ഭവിച്ചവരാണെന്നും  ശിൽപ്പവേലകളിൽ പ്രഗത്ഭരാണെന്നും   ഭൂമീദേവന്മാരായ ബ്രാഹ്മണരുടെ  പാദസേവ ചെയ്യുന്നവരാണ്  എന്നും അഭിമാനിച്ചു കൊണ്ട്   പഞ്ചമനെ നിന്ദിക്കുന്നു. 

                                                           ദുഖിതനായ പഞ്ചമൻ

പഞ്ചമരായ ഞങ്ങളുടെ ജനന കഥകൾ അറിവില്ല എന്നും ഞങ്ങളെയും മനുഷ്യരായി കരുതണമെന്നും ഞങ്ങളുടെ ജീവൻ ഒടുങ്ങും വരെ തങ്ങുവാനൊരിടം നൽകണം തമ്പുരാക്കന്മാരേ എന്ന് അപേക്ഷിക്കുന്നു. 
ഇതിനു മറുപടിയായി  ബ്രാഹ്മണനും ക്ഷത്രിയനും  വൈശ്യനും ശൂദ്രനും പഞ്ചമനെ നോക്കി നീയും നിന്റെ വർഗ്ഗവും എന്നും ഞങ്ങളുടെ അടിമകളാണ് എന്നും ഉടമകൾ ഞങ്ങളാണെന്നും അറിയിച്ച് ഇവിടെ നിന്നും പോകാൻ ആജ്ഞാപിക്കുന്നു.
സവർണ്ണരുടെ ക്രൂരത അനുഭവിച്ചു കഴിയുന്ന ഞങ്ങൾ എന്തു പാപമാണ് ചെയ്തത് ? അധകൃതർ എന്നുള്ള അപമാന ഭാരത്തിൽ നിന്നും ഞങ്ങൾക്ക് മുക്തി ലഭിക്കുമോ? സർവ്വേശ്വരാ! നീ ഒരു മനുഷ്യനായി ജനിച്ച് ഞങ്ങളുടെ ഈ ദുർവിധിക്ക് ഒരു മാറ്റം ഉണ്ടാക്കണമേ! എന്ന് വിലപിക്കുന്നതോടെ ആദ്യരംഗം അവസാനിക്കുന്നു. 

ഒടുക്കപ്പെട്ട ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലമായി ചെമ്പഴന്തിയിലെ (തിരുവനന്തപുരം)    മഹേശ്വരാലയത്തിൽ  അവതരിച്ച ശ്രീനാരായണ ഗുരു ദേവന്റെ ബാല്യകാലം പിന്നിട്ട ശേഷം  വിദ്യാഭ്യാസം പൂർത്തിയാക്കി സ്വദേശത്തെത്തി നാണു ആശാനായി വാഴുന്ന കാലമാണ് രണ്ടാം രംഗത്തിന്റെ സന്ദർഭം.
(ഗുരുനാഥനാണ് രംഗത്ത്) സ്വന്തം ഗ്രാമം വിടേണ്ട സമയം അടുത്തിരിക്കുന്നു.  ലൌകീക ജീവത ബന്ധനങ്ങൾ ഉപേക്ഷിച്ച് ലോകസേവയ്ക്കുള്ള സമയം അടുത്തിരിക്കുന്നു എന്നും അതിന്  ബ്രഹ്മദീക്ഷയാണ് താൻ സ്വീകരിക്കേണ്ട മർഗ്ഗമെന്നും   ഗുരുദേവൻ മനസിലാക്കുന്നു.   

സ്വദേശം വിട്ട ഗുരുദേവൻ യാത്രാമധ്യേ വരിഷ്ഠൻ, ചട്ടമ്പി സ്വാമികൾ എന്നിവരെ കണ്ടു. ചട്ടമ്പി സ്വാമികളുടെ ഉപദേശപ്രകാരം ഗുരുദേവൻ അയ്യാവുഗുരുക്കളെ കാണുവാൻ  തീരുമാനിക്കുന്നു. ഗുരുദേവൻ അയ്യാവുഗുരുക്കളെ കണ്ട് ശിഷ്യത്വം സ്വീകരിച്ച്  ജ്ഞാനോപദേശം സ്വീകരിക്കുന്നു. മരുത്വാമലയിൽ ചെന്ന് തപശക്തിയാർജ്ജിക്കുകയും  മനുഷ്യഹൃദയങ്ങളെ പരിശുദ്ധമാക്കുകയും   സ്നേഹമാണ് ശിവം എന്ന് അവരെ ബോധ്യപ്പെടുത്തണം എന്നും അയ്യാവുഗുരുക്കൾ ഗുരുദേവന് ഉപദേശം നൽകുന്നതുമാണ്     മൂന്നാം രംഗം. 

നാലാം രംഗത്തിൽ  ലോകശാന്തിക്കായുള്ള പ്രാർത്ഥനയോടു കൂടിയുള്ള മരുത്വാമലയിൽ  ഗുരുദേവൻ തപസ്സു ചെയ്യുന്നു. മഹാതപസ്സിൽ നിന്നുണർന്ന ഗുരുദേവൻ, താൻ  ആർജ്ജിച്ച തപശക്തി മുഴുവൻ കർമ്മത്തിൽക്കൂടി എല്ലാ സാധാരണ ജനങ്ങൾക്കും വിതരണം ചെയ്യേണ്ടതാണെന്ന് മനസ്സിൽ ഉറപ്പിക്കുന്നു. ജാതിയിലായാലും ധനത്തിലായാലും ഉയർന്നവൻ താഴ്ന്നവൻ എന്നിങ്ങനെയുള്ള വ്യവസ്ഥാ വ്യത്യാസങ്ങളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുവാൻ വേണ്ടി തന്റെ ജീവിതം സമർപ്പിക്കുക എന്ന് തീരുമാനിക്കുന്നു. 

അഞ്ചാം രംഗത്തിൽ രണ്ടു യുവാക്കൾ   ഗുരുദേവസവിധത്തിൽ എത്തി ഗുരുവിനെ വന്ദിക്കുന്നു. ഗുരു ആഗമന കാരണം ആരായുന്നു. 
ഈശ്വര ദർശനം അങ്ങയിൽ കാണുന്നുണ്ടെന്നും ക്ഷേത്രദർശനം  ഞങ്ങൾക്ക് സാദ്ധ്യമാക്കിത്തരേണമെന്നും അവർ ഗുരുദേവനോട്‌ അപേക്ഷിക്കുന്നു.
ഈ ഭൂമിയിൽ ആരാധനാ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഔദാര്യമല്ല, അവ  അവകാശമായി ഭവിക്കട്ടെ എന്ന് ഗുരുദേവൻ അനുഗ്രഹിച്ചു. സത്യചിന്തയിൽ വർണ്ണവ്യത്യാസങ്ങൾ ഇല്ലെന്നും എല്ലാവരുടെയും രക്തത്തിന് ഒരേ നിറമാണെന്നും മനുഷ്യൻ എന്ന ഒരു ജാതി മാത്രമേ ലോകത്തിലുള്ളൂ എന്നും ഗുരുനാഥൻ യുവാക്കളെ അറിയിച്ച് ആശ്വസിപ്പിച്ചു. വരുന്ന ശിവരാത്രി ചതയം നക്ഷത്ര ദിവസം സർവ്വജനങ്ങൾക്കും ആരാധിക്കുവനായി വേദമന്ത്രങ്ങളും, അഷ്ടബന്ധവും ഇല്ലാതെ   നാമജപവും, ഹൃദയബന്ധവും ഉറപ്പിച്ചു കൊണ്ട് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ ചെയ്യുമെന്നും നിങ്ങൾ എല്ലാവരും കഴിവുള്ള നേർച്ചകളുമായി എത്തിച്ചേരുക എന്നറിയിച്ച് അവരെ യാത്രയാക്കുന്നു. 

ആറാം രംഗത്തിൽ  ഗുരുദേവൻ ശിവപ്രതിഷ്ഠചെയ്യുന്നു എന്നറിഞ്ഞ സവർണ്ണരുടെ പ്രതിനിധിയായ അവധൂതൻ  ഗുരുദേവ സന്നിധിയിൽ എത്തി ഗുരുവിനോട് പ്രതികരിക്കുന്നു. ബ്രാഹ്മണർക്കാണ്     പ്രതിഷ്ഠ ചെയ്യുവാനുള്ള അവകാശമെന്നും ബ്രാഹ്മണർക്ക് അതിനുള്ള അവകാശം ഇല്ലെന്നും അറിയിക്കുന്നു. അവിവേകവും അനാചാരവും അനുഷ്ടിക്കരുതെന്ന് അവധൂതൻ ഗുരുദേവന് താക്കീതു നൽകി. 
ഞാൻ പ്രതിഷ്ടിക്കുന്നത് എന്റെ ശിവനെയാണെന്നും നരജാതിയിൽ നിന്നുതന്നെയാണ് ബ്രാഹ്മണനും ഉണ്ടായതെന്നും  പറയൻ, ബ്രാഹ്മണൻ എന്നുള്ള  വ്യത്യാസം നരജാതിയിൽ ഇല്ലെന്നും ഗുരുദേവൻ അവധൂതനെ അറിയിച്ചു. അവധൂതൻ കുപിതനായി മടങ്ങുന്നതോടെ ആറാംരംഗം അവസാനിക്കുന്നു. 

ഏഴാം രംഗത്തിൽ  അരുവിയിൽ  സ്നാനം ചെയ്യുമ്പോൾ പ്രതിഷ്ഠ ചെയ്യുന്നതിന്   ലഭിച്ച ശിവലിംഗവും  നെഞ്ചിലേറ്റി ഗുരുദേവൻ പ്രതിഷ്ടാ സ്ഥലത്തേക്ക് നടന്നെത്തി. വഴിയോരം കൂടി നിന്ന ഭക്തർ ശിവലിംഗത്തിൽ പുഷ്പം അർപ്പിച്ചു. അരുവിപ്പുറത്ത് ഗുരുദേവൻ നാനാ ജാതി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ശിവലിംഗം പ്രതിഷ്ടിച്ചു.  

                          ഗുരുദേവൻ ശിവലിംഗം പ്രതിഷ്ടിച്ച് ആരാധിക്കുന്നു 

                                 ഗുരുദേവൻ ശിവലിംഗം പ്രതിഷ്ടിച്ച് ആരാധന ചെയ്യുന്നു.

 "ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് " എന്ന ഗുരുദേവ വചനത്തോടെ കഥ അവസാനിക്കുന്നു. 
(അവതരണ വിശേഷങ്ങളും പങ്കെടുത്ത കലാകാരന്മാരുടെ വിവരങ്ങളും അടുത്ത പോസ്റ്റിൽ)

2 അഭിപ്രായങ്ങൾ:

  1. കലാംണ്ഡലം ഗണേശൻ രചിച്ച് ചിട്ടപ്പെടുത്തി തൃപ്രയാർ കളിമണ്ഡലവും ആലപ്പുഴ നാട്യകലയും സംയുക്തമായി അവതരിപ്പിച്ച ഗുരുദേവമാഹത്മ്യം തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. സർവർക്കും മനസ്സിലാകത്തക്ക വിധത്തിലുള്ള പദങ്ങളും, യോജിച്ച രാഗങ്ങളുമെല്ലാം ചേർന്ന് വളരെ നല്ലൊരനുഭവം. കലാമണ്ഡലം പ്രശാന്ത് ശ്രീനാരായണഗുരുവായി ജീവിച്ചു എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയല്ല.

    മറുപടിഇല്ലാതാക്കൂ
  2. വളരെ ലളിതമായ മലയാളഭാഷയില്‍ കലാമണ്ഡലം ഗണേശന്റെ ആട്ടക്കഥ രചന, കഥകളിത്വം നിറഞ്ഞു നില്‍കുന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കല്‍,അതിനനുസരിച്ച ചിട്ടപ്പെടുത്തല്‍, അവസാനം വളരെ ഭക്തിയിലുള്ള പ്രതിഷ്ഠ. ഇതിനനുസ രിചുള്ളാ കലാമണ്ഡലം സജിവ്കുമാറിന്റെ സംഗീതവും ഗുരുദേവ മഹാത്മ്യം, കഥകളി ആദ്യമായി കാണുന്ന ഒരു പ്രേക്ഷകനും അസ്വദിക്കുന്നതാ ക്കി. ഗുരുദേവന്റെ അഭിനയം കൊണ്ട് കലാമണ്ഡലം പ്രശാന്ത് എല്ലാവരെയും അരുവിപ്പുറം പ്രതിഷ്ടയിലേക്ക് കൊണ്ട് പോയി.അതാണ്‌ ഗുരുദേവ മാഹാത്മ്യം വിജയം ആയത്.

    മറുപടിഇല്ലാതാക്കൂ