പേജുകള്‍‌

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

അരങ്ങിലും അരങ്ങിനു പിന്നിലും - 11

(തട്ടയിൽ ഒരിപ്രം ക്ഷേത്രത്തിലെ കഥകളി) 

പത്തനംതിട്ട ജില്ലയിലെ ഒരിപ്രം ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്   പണ്ട് മുതലേ കഥകളിക്കു പ്രാധാന്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ  ഈ ക്ഷേത്രത്തിനു സ്വന്തമായി ഒരു കഥകളിയോഗവും ഉണ്ട്. കഥകളിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തി വെയ്ക്കേണ്ട ധാരാളം കളി അനുഭവങ്ങൾ ഈ ക്ഷേത്ര അരങ്ങിൽ ഉണ്ടായിട്ടുമുണ്ട്‌ . 
 കഥകളി ഗായകൻ  ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്    വളരെ സ്വാധീനമുള്ള പ്രദേശമാകയാൽ  കലാമണ്ഡലത്തിലെ ആചാര്യന്മാരെ  കളികൾക്ക് ക്ഷണിക്കുകയും അവരെ  ആദരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം പ്രത്യേകം താൽപ്പര്യം കാട്ടി വന്നിരുന്നു. ഈ ക്ഷേത്രത്തിൽ നടന്നിട്ടുള്ള കഥകളി വിശേഷങ്ങളുടെ ധാരാളം ഓർമ്മകൾ പങ്കുവെയ്ക്കുവാൻ  ശ്രീ. ഉണ്ണികൃഷ്ണൻ  ചേട്ടന്  സാധിക്കും.  എന്റെ ചെറുപ്പകാലം  മുതൽ 1981-വരെയുള്ള കാലങ്ങളിൽ  തട്ടയിലെ കളിഅരങ്ങിനു മുൻപിൽ സ്ഥിരമായി ഞാനും എത്തിയിരുന്നതിനാൽ അവിടെ എത്തിയിരുന്ന എല്ലാ  കഥകളി ആസ്വാദകർക്കും  ഞാൻ സുപരിചിതനായിരുന്നു. ശ്രീ. പല്ലശന ചന്ദ്രമന്നാടിയാർ, ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണകുറുപ്പ് എന്നീ മഹാന്മാരായ കലാകാരന്മാരെ ആദ്യമായി ഞാൻ കാണുന്നത് ഈ ക്ഷേത്രത്തിലെ അരങ്ങുകളിലാണ് എന്നത് പ്രത്യേകം സ്മരിക്കുന്നു. ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ    (നളചരിതം-2, ദമയന്തി) ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി  എന്നിവരുടെ വേഷങ്ങൾ  ആദ്യമായി കാണുന്നതും ഈ ക്ഷേത്ര   അരങ്ങിലാണ്. 

 ഒരു പ്രസിദ്ധ കഥകളി സ്ഥാപനത്തിൽ  ചിട്ടപ്രകാരം  കഥകളി  അഭ്യസിച്ച ശേഷം   ദക്ഷിണ കേരളത്തിൽ, ആ പ്രദേശത്തുള്ള പണ്ട് ഉണ്ടായിരുന്ന നടന്മാരുടെ കൂടെ വേഷം ചെയ്തു   അംഗീകാരം പിടിച്ചു പറ്റുന്നതിന്റെ പിറകിൽ പ്രസ്തുത  നടൻ അനുഭവിച്ചിട്ടുള്ള ത്യാഗങ്ങൾ  ഒരിക്കലും ഒരു ഇന്റർവ്യൂവിലും  അവർ  തുറന്നു പറയുകയില്ല, പറയാനാവുകയുമില്ല. പലതും  മറച്ചു വെച്ചേ അവർക്ക് സംസാരിക്കാനാവൂ. അത്തരം ധാരാളം അനുഭവങ്ങൾ  എനിക്ക് നല്കുവാൻ സാധിക്കും.    ദക്ഷിണ കേരളത്തിലെ പ്രധാന  കഥകളി  നടന്മാർക്ക് കളരി അഭ്യാസം ഇല്ലായിരുന്നു എന്ന് പറയപ്പെടുമ്പോൾ അന്നത്തെ  കഥകളി യോഗങ്ങളിലെ  നടന്മാരുടെ സ്ഥിതി എന്തായിരുന്നു നമുക്ക് ചിന്തിക്കാവുന്നതാണ്. 1981- ൽ   ശ്രീ. കലാമണ്ഡലം വാസുപിഷാരടി അവർകളെ തട്ടയിൽ  ഒരു കളിക്ക് ക്ഷണിക്കപ്പെടുകയും അന്നത്തെ കളിക്ക് എത്തിയ "സ്ഥാപന"  നായികാ  വേഷക്കാരന്  പെട്ടെന്ന്  അസൗകര്യം ഉണ്ടായപ്പോൾ ശ്രീ. ആലാ രാഘവപ്പണിക്കർ എന്ന വൃദ്ധനായ  ഒരു കളിയോഗനടന്റെ രുഗ്മാംഗദചരിതത്തിൽ  മോഹിനിക്ക് രുഗ്മാംഗദനായും , (കർണ്ണശപഥത്തോടു കൂടി അവതരിപ്പിച്ച ദുര്യോധനവധം കഥയിൽ)   പാഞ്ചാലിക്കു കൃഷ്ണനായും, രൗദ്രഭീമനായും മൂന്നു വേഷം അദ്ദേഹം  ചെയ്ത അനുഭവവും ഈ ക്ഷേത്രത്തിലെ കളിയരങ്ങിൽ ഉണ്ടായിട്ടുണ്ട്.  അദ്ദേഹത്തിൻറെ കഥകളിയുടെ ചരിത്രത്തിൽ മറക്കാനാവാത്ത  ഒരു സംഭവം തന്നെ ആയിരിക്കണം ഇത്.  കളിക്ക് ആദ്യം തീർന്ന വേഷം  രുഗ്മാംഗദൻ. കിരീടം മാത്രം മാറ്റി അദ്ദേഹം കൃഷ്ണനായി അരങ്ങിലെത്തി. (രുഗ്മാംഗദൻ കഴിഞ്ഞു അദ്ദേഹം അണിയറയിൽ  എത്തിയപ്പോൾ എന്റെ പിതാവ് എന്നെ വിളിച്ചു പറഞ്ഞു " എടാ ആ പിഷാരടിക്ക് ഒരു ഗ്ലാസ് നാരങ്ങാ വെള്ളം വാങ്ങി നല്കൂ എന്ന് പറയുകയും ഞാൻ വാങ്ങി നല്കിയതും ഇപ്പോഴെന്നപോലെ ഓർമ്മിക്കുന്നുണ്ട് .) കളി കഴിഞ്ഞപ്പോൾ  തനിക്ക് അരങ്ങിൽ  തൃപ്തിയായി ഒന്നും പ്രവർത്തിക്കാൻ  സാധിച്ചില്ല എന്നും എന്റെ ഖേദം തീരാൻ അടുത്ത കളിക്ക് തന്നെ കൂടെ പങ്കെടുപ്പിക്കണം എന്ന് ശ്രീ.വാസുപിഷാരടി ക്ഷേത്ര ഭാരവാഹികളോട് അപേക്ഷിച്ചു. 1982 -ൽ  അദ്ദേഹം ക്ഷണിക്കപ്പെടുകയും തോരണയുദ്ധത്തിൽ രാവണൻ വേഷം ചെയ്തു വിജയിപ്പിക്കുകയും ചെയ്തതായി എനിക്ക് അറിവുണ്ട്.  
 
 1980-ൽ  ശ്രീ. പന്തളം കേരളവർമ്മയുടെ ബ്രാഹ്മണനും ശ്രീ. ചെന്നിത്തല ആശാന്റെ അർജുനനുമായി സന്താനഗോപലവും 1981- ൽ ശ്രീ. മങ്കൊമ്പ് ആശാന്റെ കുന്തിയും ശ്രീ. ചെന്നിത്തല ആശാന്റെ കർണ്ണനുമായി കർണ്ണശപഥവും ഉണ്ടായി. ക്ഷേത്രത്തിനു കുറച്ച് അകലെ താമസിച്ചിരുന്ന ഒരു അമ്മയ്ക്ക് ഈ രണ്ടു കഥകളും അതേ നടന്മാരെ കൊണ്ടു തന്നെ  വീണ്ടും  അവതരിപ്പിച്ചു കാണണം എന്ന് മോഹം ഉണ്ടായി.  അങ്ങിനെ 1981- 1982 കാലഘട്ടത്തിൽ ആ അമ്മയുടെ ജന്മദിനത്തിനു സ്വഗൃഹത്തിൽ കഥകളി അവതരിപ്പിച്ചു. മങ്കൊമ്പ് ആശാൻ സ്ത്രീവേഷം ചെയ്യില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതിനാൽ ശ്രീ. കോട്ടയ്ക്കൽ ശിവരാമൻ അവർകളെയാണ്   കുന്തിയുടെ  വേഷത്തിന്   ക്ഷണിച്ചത്. സന്താനഗോപലത്തിൽ  അർജുനൻ   കഴിഞ്ഞു കർണ്ണശപഥത്തിൽ കർണ്ണൻ ചെയ്യാൻ വിഷമം ഉണ്ടെന്നു ചെന്നിത്തല ആശാൻ എത്ര പറഞ്ഞും അവർ  താൽപ്പര്യത്തിൽ നിന്നും പിന്തിരിയുവാൻ തയ്യാറായില്ല.  അർജുനൻ കഴിഞ്ഞു  വിശ്രമം ലഭിക്കത്തക്ക വിധത്തിൽ കർണ്ണശപഥത്തിനു മുൻപ് ഭഗവത്ദൂത് രംഗം കൂടി ഉൾപ്പെടുത്തി കളി നടത്തി. ശ്രീ. മയ്യനാട് കേശവൻ നമ്പ്യാതിരിയുടെ കൃഷ്ണൻ, ശ്രീ. കോട്ടക്കൽ അപ്പുനമ്പൂതിരിയുടെ ബ്രാഹ്മണസ്ത്രീയും ഭാനുമതിയും, ശ്രീ.  തോന്നക്കൽ പീതാംബരന്റെ ദുര്യോധനൻ, ശ്രീ.കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്റെ ദുശാസനൻ  എന്നിങ്ങനെയായിരുന്നു മറ്റു വേഷങ്ങൾ.  ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്റെ സംഗീതവും , ശ്രീ. കുറൂർ വാസുദേവൻ‌ (മിടുക്കൻ) നമ്പൂതിരിയുടെ ചെണ്ടയും ശ്രീ.കലാനിലയം ബാബുവിന്റെ മദ്ദളവും.   കളി കഴിഞ്ഞുള്ള  കലാകാരന്മാരുടെ  മടക്കയാത്രയ്ക്ക് തട്ടയിൽ ജങ്ക്ഷനിൽ നിന്നും അടൂർ ഭാഗത്തേക്കും പത്തനംതിട്ട ഭാഗത്തേക്കും ബസ് ലഭിക്കാതെ രണ്ടു  മണിക്കൂറിലധികം  ബസ് സ്റ്റോപ്പിൽ   കാത്തു നില്ക്കേണ്ടി വന്നു. ഈ സമയം    ഈ കലാകാരന്മാർ  (ശ്രീ. കലാനിലയം ഉണ്ണികൃഷ്ണൻ ഒഴികെ) പങ്കു വെച്ച  നർമ്മ സംഭാഷണങ്ങളും അരങ്ങുകഥകളും എല്ലാം എന്നെ വളരെയധികം  ആകർഷിച്ചുവെങ്കിലും എന്റെ സാന്നിധ്യം അവരുടെ സ്വാതന്ത്ര്യത്തിനു പലപ്പോഴും  തടസ്സപ്പെടുന്നതായി  തോന്നിയിരുന്നു. 

1981-നു ശേഷം തട്ടയിൽ ഒരു കളി കാണുവാനുളള അവസരം ലഭിച്ചത് 2013- ഏപ്രിൽ 12-നാണ് അതായത് 32 വർഷങ്ങൾക്കു  ശേഷം.   അവതരിപ്പിക്കുന്ന കഥകൾ  വിക്രമോർവശീയം, തോരണയുദ്ധവും ആണ് എന്ന് അറിഞ്ഞു. വിക്രമോർവശീയം  എന്ന കഥയുടെ പേര് എവിടെയോ ഞാൻ  കേട്ടിരുന്നു. ചില വർഷങ്ങൾക്ക് മുൻപ് ശ്രീ. ഫാക്റ്റ് പത്മനാഭൻ ചേട്ടനും ശ്രീ. കലാനിലയം രാജീവൻ  നമ്പൂതിരിയും കൂടി ചെന്നൈ മ്യൂസിക് അക്കാദമിയിൽ ഒരു കളിക്ക് എത്തിയപ്പോൾ അവർക്ക് അടുത്ത ദിവസം ഓച്ചിറയിൽ ഒരു കളിയുണ്ടെന്നും,  വിക്രമോർവശീയം  കഥയാണെന്നും പറഞ്ഞതും അവർ കളികഴിഞ്ഞാലുടാൻ മടങ്ങുമെന്നും പറഞ്ഞതും അപ്പോൾ അവരെ യാത്രയാക്കുവാൻ ചെന്നൈ കോയമ്പേട് വരെ അവരോടൊപ്പം പോയതും  ഓർമ്മയിൽ എത്തി.  

ഞാൻ തട്ടയിൽ  ക്ഷേത്രത്തിലെ അണിയറയിൽ എത്തുമ്പോൾ രാത്രി  എട്ടു മണിയോളമായി. കലാകാരന്മാർ എല്ലാവരും വളരെ സ്നേഹത്തോടെയാണ്  എന്നെ സ്വീകരിച്ചത്.  ശ്രീ. കലാനിലയം  ഉണ്ണികൃഷ്ണൻ ചേട്ടനെ കണ്ടു കഥയുടെ വിവരങ്ങൾ എല്ലാം  മനസിലാക്കി. ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരിയുടെയും ശ്രീ. ഉണ്ണികൃഷ്ണൻ ചേട്ടനുമൊപ്പം  ഊണ്  കഴിച്ചു കൊണ്ടിരുന്നപ്പോൾ  ഫേസ് ബുക്കിലെ കഥകളി ചർച്ചകളിലെ എന്റെ പോസ്റ്റുകൾ, അഭിപ്രായങ്ങൾ എന്നിവയും ശ്രീ. കുറൂർ എന്നോട് പങ്കുവെച്ചു.  ഞാൻ വല്ല വിഡ്ഢിത്തവും എഴുതുന്നുണ്ടെങ്കിൽ ക്ഷമിക്കണം എന്ന് ഒരു അപേക്ഷ സമർപ്പിക്കുവാനും ഞാൻ മറന്നില്ല. ഞങ്ങൾ കുറച്ചധികം സംസാരിച്ചു.  ശ്രീ. ഉണ്ണിത്താൻ  ചേട്ടൻ അദ്ദേഹം ചെയ്യുന്ന നാരദന്റെ വേഷത്തെ പറ്റിയുള്ള വിവരങ്ങൾ പറഞ്ഞു തന്നു.   ശ്രീ. ഓയൂർ രാമചന്ദ്രൻ അവർകളുമായി  വളരെയധികം  സംസാരിക്കുവാൻ അവസരം ലഭിച്ചു. വളരെ രസകരമായ അദ്ദേഹത്തിൻറെ കഥകൾ കൂടുതൽ അറിയുവാൻ  എനിക്ക് താൽപ്പര്യം  ഉണ്ടായി. അദ്ദേഹത്തിൻറെ വീട്ടിൽ പോയി  അദ്ദേഹവുമായി കൂടുതൽ സംസാരിച്ചു വിവരങ്ങൾ മനസിലാക്കുവാൻ  അദ്ദേഹത്തിൻറെ   സൌകര്യം തിരക്കിയപ്പോൾ   ഏപ്രിൽ 28 വരെ കളികളുടെ തിരക്കുണ്ട് എന്നാണ്  അദ്ദേഹം പറഞ്ഞത്.  പിന്നീടൊരിക്കൽ ആകാം എന്ന് പറഞ്ഞു തല്ക്കാലം ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. 

വിക്രമോർവശീയം ആട്ടക്കഥയുടെ രചയിതാവും കഥകളി ആസ്വാദകനുമായ ഡോക്ടർ. കെ. പി. കേശവൻ നമ്പൂതിരി അവർകൾ അണിയറയിൽ എത്തിയപ്പോൾ  ശ്രീ. ഉണ്ണികൃഷ്ണൻ ചേട്ടൻ എന്നെ അദ്ദേഹത്തിനു  പരിചയപ്പെടുത്തികൊടുക്കുവാൻ മറന്നില്ല. ഡോക്ടർ. കെ. പി. കേശവൻ നമ്പൂതിരിയുമായി  വളരെ അധികം സംസാരിച്ചു. പണ്ട് കണ്ടു പരിചയമുണ്ടായിരുന്ന തട്ടയിലെ മൂന്നു ആസ്വാദകരെയും ചുനക്കരയിലെ രണ്ടു കഥകളി  ആസ്വാദകരെയും  കണ്ടു പരിചയം പുതുക്കുവാൻ സാധിക്കുകയും ചെയ്തു. 

രാത്രി പതിനൊന്നര മണിക്കാണ്  കളി തുടങ്ങിയത്. സമയം  വളരെ അതിക്രിച്ചതിനാൽ  പുറപ്പാടു കഴിഞ്ഞു മേളപ്പദം വേണ്ടെന്നു വെച്ചു. വിക്രമോർവശീയം കഥയുടെ  വിവരണം രചയിതാവ് സദസ്യർക്ക് വിശദീകരിച്ചശേഷം രംഗം തുടങ്ങി.   

   (വിക്രമോർവശീയം കഥയുടെ  വിവരണം  അടുത്തപോസ്റ്റിൽ )  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ