പേജുകള്‍‌

2013, മാർച്ച് 11, തിങ്കളാഴ്‌ച

ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്‌ ബാഷ്പാഞ്ജലി


കഥകളി ലോകത്ത് നാം പല പല കലാകാരന്മാരെയും  അവരുടെ അരങ്ങുകളെയും കണ്ട് ആസ്വദിച്ചിട്ടുണ്ട്. ഓരോ  പ്രസിദ്ധ  കലാകാരന്മാരിലും നാം ഓരോ പ്രത്യേകതകളും കണ്ട് ആസ്വദിച്ചിട്ടുണ്ട് . ശ്രീ. രാമന്‍കുട്ടി നായര്‍  ആശാന്റെ വേഷങ്ങളില്‍  മാത്രമാണ്  കഥകളി  മുദ്രകളുടെ ശരിയായ  ഭംഗിയും വെടിപ്പും നിറഞ്ഞു കണ്ടിട്ടുള്ളത്. 

                             ശ്രീ. കലാമണ്ഡലം രാമന്‍കുട്ടിനായര്‍ ആശാന്‍ 

                                ശ്രീ. രാമന്‍കുട്ടിനായര്‍ ആശാന്റെ ഹനുമാന്‍ 

അദ്ദേഹത്തിന്‍റെ  സൌഗന്ധികത്തില്‍  ഹനുമാനായിരുന്നു  ഞാന്‍ ആദ്യം കാണുന്ന വേഷം. തൃക്കണ്ടിയൂര്‍ മഹാദേവര്‍  ക്ഷേത്രത്തില്‍. അന്ന് ഭീമന്‍ ചെയ്തത്   എന്റെ പിതാവായിരുന്നു. പിന്നീട് ധാരാളം തവണ ആശാന്റെ  സൌഗന്ധികത്തില്‍    ഹനുമാന്‍ കാണാന്‍ സാധിച്ചിട്ടുണ്ട് .   അദ്ദേഹത്തിന്‍റെ ബാലിവിജയത്തില്‍ രാവണന്‍, കിരാതത്തിലെയും  നളചരിതം രണ്ടിലെയും കാട്ടാളന്‍,    ഉത്തരാസ്വയംവരത്തില്‍  ദുര്യോധനന്‍,  ലവണാസുരവധം  തോരണയുദ്ധം കഥകളില്‍    ഹനുമാന്‍, കീചകവധത്തില്‍ കീചകന്‍, രാജസൂയത്തില്‍  ശിശുപാലന്‍,   കാലകേയവധത്തില്‍   അര്‍ജുനന്‍, സന്താനഗോപലത്തില്‍ ബ്രാഹ്മണന്‍ എന്നിങ്ങനെ  ധാരാളം വേഷങ്ങള്‍ ആസ്വദിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്.  

                                             ആശാന്‍ രാവണനാകാനുള്ള ഒരുക്കത്തില്‍ 

 മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രത്തില്‍ ഒരു കളിക്ക് പ്രസിദ്ധ  കഥകളി ഗായകന്‍ ശ്രീ. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി എത്താതിരിക്കുകയും  അദ്ദേഹം അയച്ച രണ്ട്  പകരക്കാരെ വെച്ച് കളി നടത്തുകയും ചെയ്തു.  കളി കഴിഞ്ഞപ്പോള്‍  എമ്പ്രാന്തിരിയുടെ പകരക്കാരായി വന്ന കഥകളി ഗായകന്മാര്‍ക്ക്  കളിപ്പണം നല്‍കാന്‍ ഉത്സവത്തിന്റെ  ഭാരവാഹികള്‍  തയ്യാറായില്ല. അപ്പോള്‍ കളിയില്‍  പങ്കെടുത്ത എല്ലാ  കലകാരന്മാരും കളിപ്പണം വാങ്ങാന്‍ വിസമ്മതിച്ചു കൊണ്ട്   പ്രതികരിച്ചു.  തൃക്കുരട്ടിയില്‍ നടന്ന കഥകളിയില്‍  ആദ്യ കഥയിലെ ഒരു വേഷം കഴിഞ്ഞു കടപ്രയ്ക്ക് സമീപം വേറൊരു  കളിക്ക് പങ്കെടുക്കാന്‍ പോയ  എന്റെ പിതാവ് മടങ്ങി എത്തിയ ശേഷമാണ്  പ്രശ്നത്തിന് പരിഹാരം ഉണ്ടായത്. കളി കഴിഞ്ഞു ആദ്യത്തെ ബസ്സില്‍ ഏറ്റവും സമീപറയില്‍വേ  സ്റ്റേഷനില്‍  എത്തി വേണാട് എക്സ്പ്രസ്സില്‍  ഷൊര്‍ണ്ണൂരില്‍ എത്താന്‍ ശ്രമിക്കാറുള്ള  ആശാന്‍ ബാധിക്കപ്പെട്ട  കലകാരന്മാരോടൊപ്പം നിന്ന്  മൌനമായി  പ്രതികരിച്ച   സംഭവം  സ്മരണീയമാണ്. 

ആശാനുമായി ധാരാളം സംസാരിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. ശ്രീ.രാമന്‍കുട്ടി ആശാന്‍, ശ്രീ. കൃഷ്ണന്‍കുട്ടി പൊതുവാള്‍ ആശാന്‍, ശ്രീ. അപ്പുക്കുട്ടിപൊതുവാള്‍ ആശാന്‍ എന്നിവര്‍ അരങ്ങില്‍ ഒന്നിക്കുന്ന "കുട്ടിത്രയം" അനുഭവിക്കാനുള്ള ഭാഗ്യവും  എനിക്ക്  ഉണ്ടായിട്ടുണ്ട്.  

ബഹുമാന്യ കഥകളി ആചാര്യന്‍ ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്റെ വേര്‍പാട് കഥകളി ലോകത്തിനു  ഒരിക്കലും  നികത്താനാകാത്ത നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്‍റെ അരങ്ങിലെ ഒരു ചില ചലനങ്ങള്‍ അദ്ദേഹത്തിന്‍റെ   ശിഷ്യ സമൂഹങ്ങളുടെ  അരങ്ങുകളില്‍  കണ്ട് സംതൃപ്തി നേടുവാനല്ലാതെ  മറ്റെന്താണ് നമുക്കിനി   സാധിക്കുക. അദ്ദേഹത്തിന്‍റെ കഥകളി  കാലഘട്ടത്തില്‍ ജനിക്കുവാനും ജീവിക്കുവാനും സാധിച്ചു.  അതിനാല്‍ അദ്ദേഹം ചെയ്തു വിജയിപ്പിച്ച സുപ്രധാനമായ  വേഷങ്ങളെല്ലാം  കാണുവാനും അവ  ആസ്വദിക്കുവാനും സാധിച്ചത്  മഹാഭാഗ്യമായി കരുതുന്നു. 

മഹാശിവരാത്രി കഴിഞ്ഞുള്ള അമാവാസി  പുണ്യദിവസമാണ്. അദ്ദേഹം പരലോകം പൂണ്ടത്  ഈ പുണ്യ ദിനത്തിലാണ്.  കുട്ടിത്രയത്തിന്റെ കൂട്ടാളികള്‍ അദ്ദേഹത്തെ പരലോകത്തേക്ക്   സസന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ടാവും എന്ന് നമുക്ക് സമാധാനിക്കാം.    
  മഹാനായിരുന്ന  രാമന്‍കുട്ടി ആശാന്റെ പാവന  സ്മരണയ്ക്കു  മുന്‍പില്‍ ഒരു തുള്ളി കണ്ണുനീര്‍ ഞാന്‍  അഞ്ജലിയായി സമര്‍പ്പിച്ചു കൊള്ളുന്നു. 

3 അഭിപ്രായങ്ങൾ:

  1. ഒരു വര്‍ഷത്തില്‍ത്തന്നെ രാമന്‍കുട്ടി ആശാന്റെ മൂന്നു വേഷങ്ങള്‍ കാണാന്‍ കഴിഞ്ഞ ആസ്വാദകനാണു ഞാന്‍. വാഴപ്പള്ളിയില്‍ വച്ചു കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രര്‍, തിരുവ്ല്ലഭന്റെ നടയില്‍ ദുര്യോധനവധത്തിലെ ദുര്യോധനന്‍, കോട്ടയത്തു വച്ചു് കല്യാണസൗഗന്ധികം ഹനുമാന്‍. അന്നെല്ലാംതന്നെ എന്നെയും ആകര്‍ഷിച്ചതു് അദ്ദേഹത്തിന്റെ മുദ്രാ വിന്യസനത്തിലെ വെടിപ്പും ഭംഗിയുമാണു്.പിന്നീടു് എത്രയെത്ര വേഷങ്ങള്‍ കാണാനിടയായിട്ടുണ്ടു്.നാട്യലോകത്തിന്റെ വരദാനമായ ആ പ്രതിഭാധനനു‍ ഇന്നു നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കഥകളി ആസ്വാദകന്‍ എന്ന നിലയില്‍ ഞാനും ആദരാഞ്ജലി അര്‍പ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. തിരുവല്ല അമ്പലത്തില്‍ അദ്ദേഹത്തിന്റെ കീചകനെ കണ്ടത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ സ്മരണക്ക് മുന്നില്‍ എന്റെ ആദരാഞ്ജലികള്‍. വരും ജന്മങ്ങളിലും അദ്ദേഹം ഈ കേരളക്കരയില്‍ കഥകളി കലാകാരനായി ജന്മമെടുത്ത് ആസ്വാദക സഹസ്രങ്ങള്‍ക്ക് മുന്നില്‍ നടന വിസ്മയം തീര്‍ക്കും എന്ന ആശ്വസിക്കാം.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2013, മാർച്ച് 12 6:33 AM

    കഥകളിയുടെ നാട്യാചാര്യന് ആദരാഞ്ജലികള്‍.
    നാരായണന്‍കുട്ടി, ആലപ്പുഴ

    മറുപടിഇല്ലാതാക്കൂ