പേജുകള്‍‌

2012, ഡിസംബർ 7, വെള്ളിയാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍പിള്ള അനുസ്മരണം -2012



ദക്ഷിണ കേരളത്തിലെ കഥകളി കലാകാരന്മാരില്‍ പ്രമുഖനായിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍പിള്ളയുടെ പതിനാലാമതു   അനുസ്മരണം 25-11-2012 നു ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ചു. കാലത്ത് ഒന്‍പതു മണിക്ക് ശ്രീ. ചെല്ലപ്പന്‍പിള്ളയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ചെയ്തു. 1:30-നു മലയാള കലാവേദിയുടെ നേതൃത്വത്തില്‍  കാവ്യാര്‍ച്ചന നടത്തി. തുടര്‍ന്ന്  ശ്രീ. ആര്‍. ആര്‍. സി. വര്‍മ്മ അവര്‍കളുടെ  (മാവേലിക്കര  കഥകളി ആസ്വാദക സംഘം)   കഥകളി ആസ്വാദന ക്ലാസും ശ്രീ. ചെന്നിത്തല രഘുനാഥന്‍ നായരുടെ നേതൃത്വത്തില്‍ കഥകളി ക്വിസ് മത്സരവും നടന്നു. 

നാലരമണിക്ക്  ശ്രീ. പി.സി. വിഷ്ണുനാഥ്‌ (MLA) വിളക്കു  തെളിച്ച് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. സമിതി വിദ്യാര്‍ത്ഥിനികളുടെ  ഈശ്വര പ്രാര്‍ത്ഥന നടത്തി. സമിതി പ്രസിഡന്റ് ഡോക്ടര്‍. വി. ആര്‍. കൃഷ്ണന്‍നായര്‍ അവര്‍കള്‍ അദ്ധ്യക്ഷത വഹിക്കുകയും  സമിതിവൈസ് പ്രസിഡന്റ് ശ്രീ. ഞാഞ്ഞൂര്‍ സുകുമാരന്‍ നായര്‍ അവര്‍കള്‍ സ്വാഗതം പറയുകയും ചെയ്തു. ശ്രീ. ചെന്നിത്തല ഗോപാലകൃഷ്ണന്‍ നായര്‍ അവര്‍കള്‍ (സമിതി എക്സിക്യൂട്ടീവ് അംഗം)  ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള  പുരസ്കാരം-2012-നു  അര്‍ഹനായ പ്രശസ്ത കഥകളി കലാകാരന്‍ ശ്രീ. തോന്നയ്ക്കല്‍ പീതാംബരന്‍ അവര്‍കളെ സദസ്സിനു പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്  പുരസ്‌കാരം നല്‍കി  ആദരിക്കുകയും ചെയ്തു. ശ്രീ. തോന്നയ്ക്കല്‍ പീതാംബരന്‍ അവര്‍കളുടെ  മറുപടി പ്രസംഗത്തില്‍ അദ്ദേഹത്തിന്‍റെ വളര്‍ച്ചയില്‍ ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള അവര്‍കള്‍ക്കുണ്ടായിരുന്ന പങ്കിനെ സ്മരിച്ചു. 

                                       മറുപടി പ്രസംഗം : ശ്രീ.തോന്നയ്ക്കല്‍ പീതാംബരന്‍

(ശ്രീ.തോന്നയ്ക്കല്‍ പീതാംബരന്‍ അവര്‍കളുടെ  മറുപടി പ്രസംഗത്തില്‍ നിന്ന്: എന്റെ  അറുപതു വര്‍ഷത്തെ കഥകളി ജീവിതത്തില്‍ ,അതായത് പുറപ്പാടു കെട്ടി നടന്ന കാലം മുതലുള്ള കാലഘട്ടത്തില്‍ നിന്നും  കഴിഞ്ഞ പതിനാലു വര്‍ഷം കുറച്ചു നോക്കിയാല്‍ ശ്രീ. ചെന്നിത്തല ചേട്ടനോടൊപ്പം വര്‍ഷം തോറും  ഏകദേശം  അറുപത്തോളം കളികള്‍ക്ക് ഒന്നിച്ചു കൂടുവാന്‍  അവസരം ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കൂടെ ധാരാളം കൂട്ടുവേഷങ്ങള്‍ ചെയ്യാന്‍ കിട്ടിയ അവസരങ്ങള്‍ എല്ലാം ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു
  തന്റെ കൂടെ സഹകരിക്കുന്ന സഹപ്രവര്‍ത്തകരായ, വളര്‍ന്നു വരുന്ന കലാകാരന്മാര്‍ , അത് വേഷക്കരായാലും ഗായകരായാലും മേളക്കാരായാലും അവരെ പ്രോത്സാഹിപ്പിക്കുന്നത്തിലും,    ഗുരുക്കന്മാരെ സ്നേഹിക്കുന്നതിലും  ബഹുമാനിക്കുന്നതിലും ചേട്ടന്‍ കാണിച്ചിട്ടുള്ള നിഷ്കര്‍ഷത മറക്കാനാവാത്തതാണ്.   

ഞാന്‍ ഇന്ന് ഈ വേദിയില്‍ നില്‍ക്കുവാന്‍ എന്റെ ചെല്ലപ്പന്‍പിള്ള ചേട്ടനും ഒരു മുഖ്യ കാരണക്കാരന്‍ തന്നെയാണ്. ഞാന്‍ കാരേറ്റ് ഗംഗാധരന്‍ പിള്ള ആശാന്റെ കളിയോഗത്തില്‍ കഥകളി പഠിച്ച് അരങ്ങേറ്റം കഴിഞ്ഞ് അരങ്ങത്തു പ്രവര്‍ത്തിച്ചു വന്ന കാലഘട്ടത്തില്‍  ചെറിയഴീക്കല്‍ ദാമോദരപണിക്കര്‍ (ചെണ്ട), നന്ദാവനം കൃഷ്ണപിള്ള (മദ്ദളം), തിരുവല്ല സി.ആര്‍. ഉദയവര്‍മ്മ( സംഗീതം) എന്നിവരും  ചെല്ലപ്പന്‍ പിള്ള ചേട്ടനും ഞാനും ഉള്‍പ്പെടുന്ന ഒരു ഫോട്ടോ എടുത്തിരുന്നു.  പലപ്പോഴും ചേട്ടന്‍ എന്നോട് സംസാരിക്കുമ്പോള്‍ എടാ, ആ ഫോട്ടോ കണ്ടു പലരും പീതാംബരന്‍ തന്റെ സഹോദരനാണോ  എന്ന് ചോദിച്ചതായി പറഞ്ഞിട്ടുണ്ട്.  ഒരു സഹോദരന്‍ എന്ന നിലയില്‍തന്നെ  അദ്ദേഹം എന്നോട് പെരുമാറിയിരുന്നു എന്നതിന് ധാരാളം കഥകള്‍ എനിക്ക് പറയുവാന്‍ ഉണ്ട്. അതെല്ലാം ഇവിടെ പറയുവാനുള്ള സമയം ഇല്ല. എങ്കിലും അതിനു ഒരു  സന്ദര്‍ഭം ഇനി ഉണ്ടാകുമോ എന്ന് പറയുവാന്‍ സാധിക്കാത്ത കാരണത്താല്‍ ഞാന്‍ ഒരു അനുഭവം നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.   

കൊട്ടാരക്കരയില്‍ ഒരു കളിക്ക് എനിക്ക് നിഴല്‍ക്കുത്തിലെ ദുര്യോധനന്‍ ആണ് നിശ്ചയിച്ച വേഷം. അക്കാലത്ത്  നിഴല്‍കുത്ത്  കഥ നിശ്ചയിച്ചാല്‍ ചെങ്ങന്നൂര്‍ ആശാന്റെയോ ഹരിപ്പാട്ടു രാമകൃഷ്ണപിള്ള ചേട്ടന്റെയോ  ദുര്യോധനന്‍, മങ്കൊമ്പ് ശിവശങ്കരചേട്ടന്റെ മലയത്തി, ചെന്നിത്തല ചേട്ടന്റെ മന്ത്രവാദി എന്നിങ്ങനെയാവും വേഷങ്ങള്‍. ആരുടെ വേഷത്തിന്    മാറ്റം ഉണ്ടായാലും ചേട്ടന്റെ മന്ത്രവാദിയുടെ  വേഷത്തിന് മാറ്റം ഉണ്ടായിരുന്നില്ല. ഒരുതരത്തില്‍ പറഞ്ഞാല്‍ ഇവര്‍ക്ക് വേണ്ടി എഴുതപ്പെട്ട കഥ നിഴല്‍കുത്ത് എന്ന് പറയപ്പെട്ടിരുന്ന അക്കാലത്ത് എനിക്ക് നിഴല്‍കുത്തിലെ ദുര്യോധനന്‍ നിശ്ചയിച്ചപ്പോള്‍ ഞാന്‍ വേഷം കെട്ടുവാന്‍ മടിച്ചു. ചെങ്ങന്നൂര്‍ ആശാന്റെയും ഹരിപ്പാട്  രാമകൃഷ്ണപിള്ള ചേട്ടന്റെയും ദുര്യോധനന്റെ കൂടെ മന്ത്രവാദി കെട്ടി വരുന്ന ചേട്ടന്റെ കൂടെ എനിക്കു വേഷം ചെയ്യാന്‍ ഒരു ഭയം ഉണ്ടെന്നു മാത്രമല്ല എന്റെ കൂടെ വേഷം കെട്ടി ചേട്ടന്റെ മന്ത്രവാദി മോശമായി എന്ന ദുഷ്പേരും ഉണ്ടാകരുതെന്ന് ഞാന്‍ കരുതി.  വിവരം കളിയോഗം മാനേജരും ഉത്സവ കമ്മിറ്റിക്കാരും അറിഞ്ഞു.  എന്റെ തീരുമാനത്തില്‍ മാറ്റം ഇല്ലെന്നു ഉറപ്പു പറഞ്ഞപ്പോള്‍ കളിയോഗം മാനേജരും ചെല്ലപ്പന്‍ ചേട്ടനും കൂടി എന്റെ സമീപം എത്തി .  എടോ തനിക്കു ദുര്യോധനന്‍ കെട്ടാന്‍ എന്താണ് വൈഷമ്മ്യം? തനിക്കു അറിയാവുന്നത് താന്‍ ചെയ്യുക, എന്ത് പ്രശ്നം ഉണ്ടായാലും അത് ഞാന്‍ പരിഹരിച്ചു കൊള്ളാം എന്ന് ചേട്ടന്‍ ഉറപ്പു നല്‍കിയിട്ടും എനിക്ക് ധൈര്യം ഉണ്ടായില്ല.  ഒടുവില്‍ ഇന്ന് നീ ദുര്യോധനന്‍ ചെയ്യുന്നില്ലെങ്കില്‍ ഇനി ഞാന്‍ മന്ത്രവാദി വേഷം ചെയ്യില്ല എന്ന്  ചേട്ടന്‍ ഉറക്കെ പ്രാഖ്യാപിച്ചപ്പോള്‍ ഞാന്‍ മനസില്ലാ മനസോടെ ദുര്യോധനന്‍ ചെയ്തു. ചേട്ടന്‍ തന്ന ആത്മബലവും ചെങ്ങന്നൂര്‍ ആശാനും ഹരിപ്പാട്ടു രാമകൃഷ്ണപിള്ള ചേട്ടനും പ്രസ്തുത വേഷം ചെയ്തു കണ്ട അനുഭവവും വെച്ചു കൊണ്ടാണ്  അന്ന് ഞാന്‍ അരങ്ങില്‍ പ്രവര്‍ത്തിച്ചത്
കളി  കഴിഞ്ഞപ്പോള്‍   ചേട്ടന്‍ എന്നെ അഭിനന്ദിക്കുകയും ചെയ്തു  പിന്നീട്  ചേട്ടന്റെ താല്‍പ്പര്യത്തോടെ  ഞങ്ങള്‍ ധാരാളം  അരങ്ങുകളില്‍ ദുര്യോധനനും മന്ത്രവാദിയുമായി  ഒന്നിച്ചിട്ടുണ്ട്.  അന്നത്തെ മന്ത്രവാദിയുടെ അനുഗ്രഹം ഒന്നു മാത്രമാണ് എന്നെ ഈ നിലയില്‍ എത്തിച്ചത് എന്നു ഞാന്‍ വിശ്വസിക്കുന്നു. 
ചേട്ടന്റെ ആദ്യ സ്മരണാ ദിനത്തിന് ഇവിടെ അവതരിപ്പിച്ച കര്‍ണ്ണശപഥം കഥകളിയില്‍ കര്‍ണ്ണന്റെ വേഷം ചെയ്യുവാന്‍ ലഭിച്ച അവസരവും ഒരു ഭാഗ്യമായി കരുതുന്നു. ചെല്ലപ്പന്‍ പിള്ള ചേട്ടന്റെ നാമധേയത്തില്‍ എനിക്ക് ഒരു പുരസ്കാരം നല്‍കിയ സമതി അംഗങ്ങള്‍ക്കും, ഈ നാട്ടുകാര്‍ക്കും , ചേട്ടന്റെ കുടുംബാംഗങ്ങള്‍ക്കും ഈ എളിയ കലാകാരന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു)


കഥകളി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂളിലെ (9th std) വിദ്യാര്‍ത്ഥിനി ഊര്‍മ്മിളയ്ക്കും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ  മഹാത്മാ ബോയിസ് ഹൈസ്കൂള്‍ (9th std) വിദ്യാര്‍ത്ഥി രാമഭദ്രനും 
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ  മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍   (9th std)  വിദ്യാര്‍ത്ഥിനി മേഘയ്ക്കും   പാരിതോഷികം നല്‍കി അഭിനന്ദിച്ചു. 

                                                                   ഈശ്വര പ്രാര്‍ത്ഥന



               ശ്രീ. ഞാഞ്ഞൂര്‍ സുകുമാരന്‍ നായര്‍ അവര്‍കള്‍ അനുസ്മരണ ഗീതം പാടുന്നു. 

                           അനുസ്മരണ സമ്മേളനം ശ്രീ.പി. സി. വിഷ്ണുനാഥ് അവര്‍കള്‍ (MLA ) 
                                          വിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യുന്നു.


                  ഡോക്ടര്‍. വി. ആര്‍. കൃഷ്ണന്‍ നായര്‍ സദസ്സിനെ അതിസംബോധന ചെയ്യുന്നു. 


       
 പുരസ്കാര ജേതാവ് ശ്രീ. തോന്നയ്ക്കല്‍ പീതാംബരന്‍     അവര്‍കളെ ശ്രീ. ചെന്നിത്തല 
            ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ അവര്‍കള്‍ സദസ്സിനു പരിചയപ്പെടുത്തുന്നു.

 കഥകളി ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം  ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍
    9th std . വിദ്യാര്‍ത്ഥിനി. ഊര്‍മ്മിളയ്ക്ക് ശ്രീ. തോന്നയ്ക്കല്‍ പീതാംബരന്‍ സമ്മാനം നല്‍കുന്നു.



      കഥകളി ക്വിസ് മത്സരത്തില്‍ രണ്ടാം സമ്മാനം കരസ്ഥമാക്കിയ  മഹാത്മാ ബോയിസ് 
 ഹൈസ്കൂള്‍ 9th std . വിദ്യാര്‍ത്ഥി ശ്രീ.എ. രാമഭദ്രന് ശ്രീമതി. കവിതാ സജീവ് സമ്മാനം നല്‍കുന്നു.


കഥകളി ക്വിസ് മത്സരത്തില്‍ മൂന്നാം സമ്മാനം കരസ്ഥമാക്കിയ ചെന്നിത്തല മഹാത്മാ 
          ഗേള്‍സ്‌ ഹൈസ്കൂള്‍  9th std . വിദ്യാര്‍ത്ഥിനി.ശ്രീ. മേഘ MB യ്ക്കുള്ള സമ്മാനം 
        ശ്രീമതി. ഷീല അനില്‍ അവര്‍കളില്‍ നിന്നും ശ്രീ. ഊര്‍മ്മിള.S. സ്വീകരിക്കുന്നു.


                
                                       ശ്രീ. ജി. ഹരികുമാര്‍  ആശംസാ പ്രസംഗം ചെയ്യുന്നു. 



                      ശ്രീ. എന്‍. വിശ്വനാഥന്‍ നായര്‍ കൃതജ്ഞത രേഖപ്പെടുത്തുന്നു.
 
ശ്രീമതി. കവിതാസജീവ് ( മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീമതി. ഷീജാഅനില്‍ (ചെന്നിത്തല ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ), ശ്രീ. ജി. ഹരികുമാര്‍ (ചെന്നിത്തല ഗ്രാമ പഞ്ചായത്തു മെമ്പര്‍) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സമിതി സെക്രട്ടറി ശ്രീ. എന്‍. വിശ്വനാഥന്‍ നായര്‍ കൃതജ്ഞത രേഖപ്പെടുത്തി. 
   
തുടര്‍ന്ന് ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ സാംസ്കാരിക സമിതിയില്‍  അഭ്യസിച്ച കുട്ടികളുടെ ചെണ്ടവാദ്യവും, നൃത്തപരിപാടികളും  അവതരിപ്പിച്ചു.  കൃത്യം 19:15-ന് ബാലിവിജയം കഥകളി തുടങ്ങി. 

                                              ( കഥകളിയുടെ വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍ )  

6 അഭിപ്രായങ്ങൾ:

  1. വളരെ നന്നായിരിക്കുന്നു. എന്താണ് കഥകളി ക്വിസ്? അതിന്‍റെ രൂപം ഒന്ന് വിശദമാക്കാമോ?

    മറുപടിഇല്ലാതാക്കൂ
  2. Sir Have gone through, the details. I felt very touching about speech of Thonnakkal aasaan. Also my mind went to years back. Thanks for posting the details

    മറുപടിഇല്ലാതാക്കൂ
  3. പല വിശ്രുത കലാകാരന്മാര്‍ക്കും കിട്ടാത്ത ഒരു അംഗീകാരമാണ് സര്‍വ്വശ്രീ ചെന്നിത്തല ആശാന് തന്‍റെ നാട്ടില്‍ ഇന്നും ലഭിക്കുന്നത് എന്ന് ചടങ്ങില്‍ നിന്നും മനസ്സിലായി. അദ്ദേഹത്തെ പതിനാലു വര്‍ഷത്തെ വേര്‍പാടിന് ശേഷവും അതിരറ്റു സ്നേഹിക്കുന്ന നാട്ടുകാര്‍ ആദ്യാവസാനം പങ്കെടുത്തത് അദ്ദേഹത്തിന്റെ കല ലോകത്തെ ഔന്നത്യവും നാട്ടുകാരുടെ ഇടയില്‍ അദ്ദേഹം സൂക്ഷിച്ചിരുന്ന ഊഷമളമായ സൌഹൃദവും വെളിവാക്കി. ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ സാംസ്കാരിക സമിതിയില്‍ അഭ്യസിച്ച കുട്ടികളുടെ ചെണ്ടവാദ്യവും, നൃത്തപരിപാടികളും കണ്ടതില്‍ നിന്നും, ഈ സമിതിയും അവിടത്തെ ആശാന്മാരും ഭാവിയുടെ കലാ വാഗ്ദാനങ്ങളെ സൃഷ്ടിക്കാന്‍ ശേഷിയും ശേമുഷിയും ഉള്ളവരാണെന്ന് മനസ്സിലായി. ചടുലമായ നൃത്ത ചുവടുകളാല്‍ സദസ്സിനെ പ്രകമ്പനം കൊള്ളിച്ച കൊച്ചു മിടുക്കികള്‍ തങ്ങളുടെ പാടവം മാത്രമല്ല മറിച്ച് ആ നാടിന്റെ ആശാനോടുള്ള ആദരവിന്റെ സ്നേഹാര്‍ച്ചന കൂടിയാണ് അവതരിപ്പിച്ചത്. ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ സാംസ്കാരിക സമിതി ഉത്തരോത്തരം വളര്‍ച്ച പ്രാപിക്കട്ടെ എന്നും കലാ സാംസ്കാരിക നഭസ്സില്‍ ഭാസ്കര തുല്യമായ തേജസ്സോടുകൂടി ജ്വലിക്കട്ടെ എന്നും ആത്മാര്‍ത്ഥമായി ആശംസിച്ചുകൊള്ളുന്നു.

    മറുപടിഇല്ലാതാക്കൂ
  4. കഥകളി കാണുക എന്ന ഉദ്ദേശ്യം മാത്രമല്ല, താങ്കളെ നേരിട്ടുകണ്ടു് സൗഹൃദം പുതുക്കുക എന്ന സ്വാര്‍ത്ഥത കൂടി ആ വരവില്‍ ഉണ്ടായിരുന്നു.ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു സംദതി കൂടി; വിജ്ഞാനം കൂടി എനിക്കു ലഭിച്ചു. താങ്കള്‍ പറഞ്ഞ 'വൈജയന്തിപീഠ'ത്തിന്റെ വിവരം.നന്ദി. ശ്രീ. തോന്നയ്ക്കല്‍ പീതാംബരന്‍ പറഞ്ഞ കാര്യങ്ങള്‍ യാതൊരു എഡിറ്റിംഗും കൂടാതെ സത്യസന്ധമായി രേഖപ്പെടുത്തിയതിനു് അനുമോദനം അറിയിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  5. ബ്ലോഗ്‌ വായിച്ചു അഭിപ്രായം എഴുതിയ സുഹൃത്തുക്കള്‍ക്ക് നന്ദി. പ്രസ്തുത പ്രോഗ്രാം കാണാന്‍ തിരുവല്ലയില്‍ നിന്നും എത്തിയ Sri. Ravindranath Purushothaman അവര്‍കള്‍, ശ്രീ. ഉണ്ണികൃഷ്ണന്‍ അവര്‍കള്‍, മാവേലിക്കരയില്‍ നിന്നും എത്തിയ ശ്രീ. നിഷികാന്ത്‌ അവര്‍കള്‍ എന്നിവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി . ശ്രീ. തോന്നയ്ക്കല്‍ പീതാംബരന്‍ ചേട്ടന്റെ മറുപടി പ്രസംഗത്തിലെ ചില പ്രധാന ഭാഗങ്ങള്‍ മാത്രമെ ഞാന്‍ ഇവിടെ ചേര്‍ത്തിട്ടുള്ളൂ. ഹൃദയത്തില്‍ തട്ടും വിധത്തില്‍ ആണ് അദ്ദേഹം പ്രസംഗിച്ചത്. ഈ ഡിസംബര്‍ 5-നു പീതാംബരന്‍ ചേട്ടന്‍ എനിക്ക് ഫോണ്‍ ചെയ്തിരുന്നു. അദ്ദേഹം ആര്‍. എല്‍. വിയില്‍ നിന്നും അഭ്യസിച്ചു പുറത്തു വന്നപ്പോള്‍ കൂടുതല്‍ താടി വേഷം ചെയ്യുവാനാണ് അവസരം ലഭിച്ചത്. അക്കാലത്ത് ചമ്പക്കുളം ആശാനായിരുന്നു ദക്ഷിണ കേരളത്തില്‍ അറിയപ്പെട്ടിരുന്ന താടി വേഷക്കാരന്‍. ആ അവസരത്തില്‍ ഒരു അണിയറയില്‍ വെച്ച് പീതാംബരന്‍ ചേട്ടന്റെ താടി വേഷം ചൂണ്ടി കാട്ടി ഇതാ ഇരിക്കുന്നു ചമ്പക്കുളത്തിന്റെ മകന്‍ എന്ന് ചെന്നിത്തല ചേട്ടന്‍ ഒരു കമന്റ് പാസ്സാക്കി. അക്കാലത്ത് ഈ കമന്റ് വളരെ ഗുണം ചെയ്തിരുന്നു എന്നും ഈ വിവരം അന്ന് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കാതെ പോയതില്‍ ഖേദിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.

    മിസ്റ്റര്‍ : മുരളി, കഥകളിയെയും കലയെയും സംബന്ധിക്കുന്ന 25 -ചോദ്യങ്ങള്‍ ആണ് ക്വിസ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഉദാഹരണം: (1)കഥകളി വേഷങ്ങള്‍ പ്രധാനമായി എത്ര വിധം? (2) പ്രധാനമായി അറിയപ്പെടുന്ന കഥകളി ചിട്ടകള്‍ ഏതെല്ലാം ? (3) നള മഹാരാജാവിന്റെ രാജധാനിയുടെ പേര്? (4) കൃഷ്ണനാട്ടം എന്ന കേരളീയ നൃത്ത ശില്‍പ്പത്തിന് രൂപം നല്‍കിയ രാജാവ്? ( 4) ചെന്നിത്തലയില്‍ ജീവിച്ചിരുന്ന 4 കഥകളി കലാകാരന്മാര്‍ ? (5) സിനിമാ ഗാനത്തിലൂടെ അറിയപ്പെട്ട ഗുരു. ചെങ്ങന്നൂരിന്റെ കഥകളി വേഷം? (ഇങ്ങിനെയുള്ള ചോദ്യങ്ങള്‍ )

    മറുപടിഇല്ലാതാക്കൂ
  6. : ശ്രീ. തോന്നക്കല്‍ പീതാംബരന്‍ അവര്‍കള്‍ ചെല്ലപ്പന്‍ പിള്ള ആശാനെക്കുറിച്ചു പറഞ്ഞത് വളരെ ഹൃദ്യമായി തോന്നി. ചെന്നിത്തല ആശാനുമായി ബന്ധപെട്ടിട്ടുള്ള ഏതൊരു കലാകാരനും ആ വലിയ മനുഷ്യനെക്കുരിച്ച്ചു ഇങ്ങനെയൊക്കെയുള്ള ഓര്‍മ്മകളുണ്ടാകും. അത്രമാത്രം സ്നേഹം മറ്റുള്ളവര്‍ക്കായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു അസാധാരണ കലാകാരനായിരുന്നു ചെന്നിത്തല ആശാന്‍. കലാകാരന്റെ 'വലിപ്പം' എന്നത് താരപദവിയിലോ എണ്ണിവാങ്ങുന്ന പ്രതിഫലത്തിന്റെ വലിപ്പത്തിലോ അല്ല നിലകൊള്ളുന്നതെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുത്ത കലാകാരനായിരുന്നു അദ്ദേഹം. സഹനടന്മാരെ ചെറുതാക്കി കാണിച്ചും നിന്ദിച്ചും തങ്ങളുടെ വലിപ്പം സ്ഥാപിച്ചെടുക്കുന്ന ഇന്നത്തെ താരനടന്മാരെവിടെ, ഗുരുചെങ്ങുന്നൂരാശാനെയും ചെന്നിത്തല ആശാനെയും പോലെ മഹാമാനസ്ക്കതകൊണ്ടും മാന്യതകൊണ്ടും കഥകളിലോകം ഭരിച്ചു മണ്മറഞ്ഞ മഹാരഥന്മാര്‍ എവിടെ? ചെന്നിത്തല ആശാനെ നന്ദിപൂര്‍വ്വം സ്മരിച്ചു പറഞ്ഞ വാക്കുകളില്‍ കൂടി ശ്രീ. പീതാംബരന്‍ ആശാനും ആ ശ്രേണിയില്‍പ്പെട്ട കലാകാരനാകാന്‍ അര്‍ഹാനാനെന്നു തെളിയിച്ചിരിക്കയാണ്. അദ്ദേഹത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു. ചെന്നിത്തല ആശാന്റെ സ്മരണക്കു മുന്‍പില്‍ ഒരിക്കല്‍ കൂടി ശിരസ്സും നമിക്കുന്നു.

    മറുപടിഇല്ലാതാക്കൂ