പേജുകള്‍‌

2012, ഒക്‌ടോബർ 6, ശനിയാഴ്‌ച

ശ്രീ. വെമ്പായം അപ്പുക്കുട്ടന്‍പിള്ള -ഒരു അനുസ്മരണം


ശ്രീ. അപ്പുക്കുട്ടന്‍ പിള്ള 15 -  03 - 1942 -ല്‍ തിരുവനന്തപുരം ജില്ലയിലെ വെമ്പായം,  പഴയമഠം കുടുംബത്തില്‍ കുഞ്ഞിയമ്മയുടെയും പത്മനാഭപിള്ളയുടെയും മകനായി ജനിച്ചു. ഏഴാം ക്ലാസുവരെ വിദ്യാഭ്യാസം ചെയ്ത ശേഷം ശ്രീ. പിരപ്പന്‍കോട് കുഞ്ഞന്‍പിള്ളയുടെ  ശിഷ്യനായി കഥകളി അഭ്യാസം തുടങ്ങി. അരങ്ങേറ്റം കഴിഞ്ഞ ശേഷം ഗുരു. ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ കീഴില്‍ അഭ്യാസം തുടര്‍ന്നു. പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍നായര്‍ ആശാന്‍ തൃപ്പൂണിത്തുറ  ആര്‍. എല്‍.വിയില്‍ കഥകളി അഭ്യാസം തുടങ്ങിയപ്പോള്‍ ശ്രീ. അപ്പുകുട്ടന്‍പിള്ള  ആര്‍. എല്‍.വിയില്‍ ചേര്‍ന്നു അഭ്യസിച്ചു. 

                                                 ശ്രീ. വെമ്പായം അപ്പുക്കുട്ടന്‍പിള്ള

തിരുവനന്തപുരം ജില്ലയിലെ കഥകളി അരങ്ങുകളില്‍ വളരെയധികം സ്വാധീനം ഉണ്ടായിരുന്ന കാരണത്താല്‍  ശ്രീ. അപ്പുകുട്ടന്‍ പിള്ള തിരുവനന്തപുരം നഗരത്തിനു സമീപമുള്ള    ശ്രീകാര്യത്തു താമസമാക്കി. പ്രധാനമായും ചുവന്ന താടി, വെള്ളത്താടി, കരി, മിനുക്കു വേഷങ്ങളുടെ അവതരണത്തിലാണ്  അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നത്.  സൌഗന്ധികത്തില്‍ ഹനുമാന്‍, നളചരിതം രണ്ടാം ദിവസത്തെ കലി, മൂന്നാം ദിവസത്തെ കാര്‍ക്കോടകന്‍, ഉത്തരാസ്വയംവരത്തില്‍  ത്രിഗര്‍ത്തന്‍, വലലന്‍  ദുര്യോധനവധത്തിലെയും കര്‍ണ്ണശപഥത്തിലെയും   ദുശാസനന്‍, നരകാസുരവധത്തില്‍ നക്രതുണ്ഡി, കിര്‍മ്മീരവധത്തില്‍ സിംഹിക, നിഴല്‍കുത്തില്‍  മലയന്‍, മാന്ത്രികന്‍, ത്രിഗര്‍ത്തന്‍  ബാലിവിജയത്തില്‍ ബാലി, നാരദന്‍ ശ്രീരാമപട്ടാഭിഷേകത്തില്‍ ഹനുമാന്‍, ഗുഹന്‍, സുഗ്രീവന്‍  ദേവയാനീചരിതത്തില്‍ ശുക്രന്‍, സുകേതു    തുടങ്ങിയ വേഷങ്ങള്‍ അദ്ദേഹം ചെയ്തു വന്നിരുന്നു.


                                                    അപ്പുക്കുട്ടന്‍ പിള്ളയുടെ മലയന്‍   

ഒരു പ്രസിദ്ധ കഥകളി സംഘത്തോടൊപ്പവും  ഭൂട്ടാന്‍ പര്യടനം നടത്തിയിട്ടുണ്ട്. ശ്രീ. അപ്പുകുട്ടന്‍ പിള്ളയുടെ പത്നി ഒരു നൃത്ത അദ്ധ്യാപികയായിരുന്നതിനാല്‍ ധാരാളം നൃത്ത കലാകാരന്മാരുമായി അദ്ദേഹത്തിനു സ്നേഹബന്ധം ഉണ്ടായിരുന്നു.    മദ്യാസക്തി ശ്രീ. അപ്പുക്കുട്ടന്‍ പിള്ളയുടെ കലാജീവിതത്തെ ഗണ്യമായ രീതിയില്‍ ബാധിച്ചിരുന്നു എന്ന് തന്നെ പറയാം. 

ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യന്മാര്‍,  ശ്രീ. ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരി, ശ്രീ. തോന്നക്കല്‍ പീതാംബരന്‍, ശ്രീ. മയ്യനാട് കേശവന്‍ പോറ്റി, ശ്രീ. ചെങ്ങാരപ്പള്ളി അനുജന്‍, ശ്രീ.നെല്ലിയോട് വാസുദേവന്‍‌ നമ്പൂതിരി, തുടങ്ങിയ കഥകളി കലാകാരന്മാരുമായും  തിരുവനന്തപുരം നാട്യശാല കഥകളി സംഘത്തിലെ എല്ലാ കലാകാരന്മാരുമായും  അദ്ദേഹം വളരെ നല്ല ആത്മബന്ധം പുലര്‍ത്തിയിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്.

  ന്യൂസ് പേപ്പറില്‍ വന്ന ശ്രീ. വെമ്പായം അപ്പുകുട്ടന്‍പിള്ളയുടെ മരണ വാര്‍ത്തയും വിവരണവും  


06- 10- 2012 -നു  ശ്വാസതടസ്സം മൂലം ശ്രീ. അപ്പുകുട്ടന്‍ പിള്ള ഇഹലോകവസം വെടിഞ്ഞു.    അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ദുഖിക്കുന്ന എല്ലാ  കലാകാരന്മാര്‍, കലാസ്വാദകര്‍, കുടുംബാംഗങ്ങള്‍ എന്നിവരോടൊപ്പം ഞാനും പങ്കുചേരുന്നു.


*********************************************************************************
അണിയറ വിശേഷങ്ങള്‍:  

(1) തിരുവനന്തപുരം നഗരത്തില്‍ നടന്ന ഒരു കളിക്ക് ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ ബാഹുകന്‍. അന്ന്‌ ശ്രീ. വെമ്പായം അപ്പുകുട്ടന്‍ പിള്ളയുടെ കാര്‍ക്കോടകന്‍. വെമ്പായം അല്‍പ്പം പൂസില്‍ ആയിരുന്നു.  ബാഹുകവേഷം  തീര്‍ന്നു കൊണ്ടിരുന്ന ഗോപി ആശാനോട് സംസാരിക്കുന്ന വേളയില്‍ മിസ്റ്റര്‍.ബാഹുകന്‍ എന്നാണ് ശ്രീ. വെമ്പായം, ശ്രീ. ഗോപി ആശാനെ സംബോധന ചെയ്തത്. 

(2) സുമാര്‍ പതിനഞ്ചു  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഒരു സുഹൃത്തിന്റെ പിതാവ്  ശ്രീ. രാമസ്വാമി അവര്‍കള്‍ ഇവിടെ എത്തുമ്പോള്‍ എന്റെ ഫ്ലാറ്റില്‍  വരികയും ഞങ്ങളോട് വളരെ സ്നേഹമായി സംസാരിക്കുകയും  സഹകരിക്കുകയും  ചെയ്തിരുന്നു. എന്തു സബ്ജക്റ്റ് സംസാരിച്ചു തുടങ്ങിയാലും ഒടുവില്‍ കഥകളിയില്‍ ആവും ഞങ്ങള്‍ എത്തിച്ചേരുക. ഞാനുമായുള്ള അടുപ്പം  തിരുവനന്തപുരത്തു നടന്നിരുന്ന പല കളി അരങ്ങിനു മുന്‍പില്‍ അദ്ദേഹത്തെ  എത്തിച്ചു എന്ന് പറയാം. 


ഒരിക്കല്‍ ശ്രീ. രാമസ്വാമി അവര്‍കള്‍ തിരുവനന്തപുരത്തു ഒരു കളിസ്ഥലത്ത് വെച്ചു ശ്രീ. വെമ്പായം അപ്പുകുട്ടന്‍പിള്ള ചേട്ടനെ  ചെന്നു കണ്ടു.  ഞാനുമായുള്ള പരിചയം അദ്ദേഹത്തോട് പങ്കു വെച്ചു. ശ്രീ. രാമസ്വാമി അവര്‍കളോട് വളരെ നല്ല സമീപനം ആയിരുന്നു അദ്ദേഹം ചെയ്തത്.   പിന്നീടു പല  അണിയറകളിലും ശ്രീ. രാമസ്വാമി അവര്‍കള്‍ അദ്ദേഹത്തെ  കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ശ്രീ. അപ്പുകുട്ടന്‍പിള്ള ചേട്ടനില്‍ നിന്നും  ചെങ്ങന്നൂര്‍ ആശാന്‍, കൃഷ്ണന്‍ നായര്‍ ആശാന്‍, മാങ്കുളം തുടങ്ങിയ കലാകാരന്മാരെ പറ്റിയും അവരുടെ അരങ്ങു പ്രയോഗങ്ങളെ പറ്റിയുമുള്ള   ധാരാളം അറിവുകളുമായാണ് ശ്രീ. രാമസ്വാമി അവര്‍കള്‍ അടുത്ത തവണ  എത്തിയത്.

3 അഭിപ്രായങ്ങൾ:

  1. ഈ കലാകാരനെക്കുറിച്ച് ആദ്യമായാണു കേള്‍ക്കുന്നതു്. പുതിയ അറിവു പകര്‍ന്നുതന്നതിനു നന്ദി.അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്‍പില്‍ നമോവാകം.

    മറുപടിഇല്ലാതാക്കൂ
  2. ശ്രീ വെമ്പായം അപ്പുക്കുട്ടന്‍ പിള്ളയുടെ നിര്യാണത്തില്‍ ആത്മാര്‍ഥമായി അനുശോചിക്കുന്നു. മഹാ ഗുരുക്കന്മാര്‍ക്ക് ശിഷ്യപ്പെടുവാന്‍ ഭാഗ്യം സിദ്ധിച്ച അദ്ദേഹത്തിന്റെ വേഷങ്ങള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കാതെ പോയത് നിര്‍ഭാഗ്യം തന്നെ. അദ്ദേഹത്തിന്റെ കലാ ജീവിതത്തെ പറ്റിയും കുടുംബ / ഗുരു പരമ്പരയെ പറ്റിയും ഉചിതമായ അനുസ്മരണം എഴുതിയ ശ്രീമാന്‍ അമ്പുജാക്ഷന്‍ നായര്‍ അവര്‍കള്‍ക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  3. : commented on your post in Traditional Art Forms of Kerala (Facebook)
    Padmini Narayanan 11:53am Oct 7

    താങ്കളുടെ മനോഹരമായ അനുസ്മരണം വായിച്ചു. അദ്ദേഹത്തിന്റെ വേഷം കാണാന്‍ സാധിച്ചിട്ടില്ല . വായന ശരിക്കും ആസ്വദിച്ചു .. ഇനിയും പ്രതീക്ഷിക്കുന്നു


    Sreevalsan Thiyyadi 9:45am Oct 7
    ചുരുക്കം കളികളെ തിരുവിതാംകൂര്‍ പ്രദേശത്ത് കണ്ടിട്ടുള്ളൂ.

    ഒരിക്കല്‍ തിരുവനന്തപുരത്ത് ദുര്യോധനവധം. നഗരത്തിലെ ഒരു ഹാളില്‍. അപ്പുക്കുട്ടന്‍ പിള്ളയുടെ ശകുനി. പാണ്ഡവരെ ചൂതിനു വിളിക്കേണ്ടുന്ന ഭാഗം പലവിധ നൃത്തശകലങ്ങള്‍ കൊണ്ട് സമ്പന്നമായി കണ്ടു.

    പിറ്റെന്നാള്‍ മടക്കം പോരുമ്പോള്‍ എം സി റോഡ്‌ വഴിയാക്കം ബസ്സ്‌ യാത്ര എന്നുവച്ചു. മെച്ചവും കണ്ടു: കുറച്ചൊന്നു വടക്കോട്ട്‌ ചെന്നപ്പോള്‍ നിറയെ കുലച്ച തെങ്ങുകള്‍ ഉള്ളൊരു കൊഴുപ്പന്‍ ഗ്രാമം. ചെറിയ കവലയിലെ കടകളിലൊന്നില്‍ സ്ഥലത്തിന്റെ പേര് വായിച്ചറിയാന്‍ കഴിഞ്ഞു: വെമ്പായം.

    Radhakrishnan Kanjingad : He was a multifacted man, kathakali artist, dancer (he had a ballet troup) and his best service to kathakali may be that he was an expert in 'uzhichal or chavitti thirummal' to keep a kathakali artist in perfect shape and trim. He used to do this at Margi years back. May his soul rest in peace.

    മറുപടിഇല്ലാതാക്കൂ