പേജുകള്‍‌

2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

ചെങ്ങന്നൂര്‍ രാമന്‍പിള്ള

1967-ല്‍ ഗുരു. ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ  ജീവചരിത്രം പ്രസിദ്ധീകരിച്ചപ്പോള്‍  പ്രശസ്ത കഥകളി ആസ്വാദകനും  കഥകളി സാഹിത്യ വിശാരദനുമായിരുന്ന  ശ്രീ. കെ.പി.എസ്. മേനോന്‍ അവര്‍കള്‍  ആഗ്രന്ഥം സഹൃദയ സമക്ഷം അവതരിപ്പിച്ചു കൊണ്ട് എഴുതിയ മുഖവുര നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.

                                                    ഗുരു. ചെങ്ങന്നൂര്‍ രാമന്‍പിള്ള 

പാശ്ചാത്യര്‍ക്കു കലകാരന്മാരോടുള്ള മനോഭാവം ആലോചിക്കുമ്പോള്‍ എനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. ഇട്ടിരാരിച്ചമേനോന്‍ , നളനുണ്ണി മുതലായ പ്രാചീന നടന്മാരെയും മാത്തൂര്‍ കുഞ്ഞുപിള്ളപണിക്കര്‍, കാവുങ്കല്‍ ശങ്കരപണിക്കര്‍ മുതലായ അര്‍വാചീന നടന്മാരെയും നാം  പുകഴ്‌ത്തിപ്പറയുന്നു. പക്ഷെ ഒരു ജീവചരിത്രമെഴുതി  അവരുടെ സ്മരണയെ നിലനിര്‍ത്തുവാന്‍ നാം ഉദ്യമിച്ചിട്ടില്ല. ആംഗ്ലേയഭാഷയിലാകട്ടെ, ഗാറിക്, സിഡന്‍സ് , ഗ്വിന്നസ് , ഗയല്‍ഗഡ്, റെഡ് ഗ്രേവ്‌, സൈബിള്‍തോണ്‍ ടൈക്ക്‌ തുടങ്ങിയ നടീനടന്മാരുടെ മികച്ച ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

ഒ. ചന്തുമേനോന്‍ , സി.വി. രാമന്‍പിള്ള, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ , വള്ളത്തോള്‍ മുതലായ സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങള്‍ നമുക്കുണ്ട്. കേരളത്തില്‍ അഖിലഭാരത പ്രശസ്തരായ കലാകാരന്മാരായിട്ട് സ്വാതി തിരുനാള്‍ മഹാരാജാവും രാജാരവിവര്‍മ്മയും മാത്രമാണുണ്ടായിട്ടുള്ളത്. ഭരണാധികാരിയായതു കൊണ്ടുകൂടിയാവാം സ്വാതിതിരുനാളിന്റെ ജീവചരിത്രം സംഗ്രഹിച്ചെഴുതപ്പെട്ടിട്ടുള്ളത്‌. അടുത്തകാലത്ത് മുത്തയ്യാ ഭാഗവതരും ചെമ്മാങ്കുടി ശ്രീനിവാസയ്യരും ചെയ്ത ശ്രമത്തിന്റെ ഫലമായി സ്വാതിയുടെ കീര്‍ത്തനങ്ങള്‍ക്ക് തമിഴ് നാട്ടിലും ആന്ധ്രാപ്രദേശത്തും പ്രചാരമുണ്ടായതുകൊണ്ട് അദ്ദേഹത്തില്‍ നിന്നും സംഗീത കലയ്ക്കുണ്ടായ സംഭാവനയും ഏറെക്കുറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.  ചിത്രമെഴുത്തുകാരില്‍ യൂറോപ്യന്‍ സാങ്കേതികരീതി അവലംബിച്ചെങ്കിലും അസാധാരണ പ്രതിഭാശാലിയായിരുന്ന രാജാരവിവര്‍മ്മയുടെ ഒരു ജീവചരിത്രവും നമുക്ക് കൈവന്നിട്ടുണ്ട്. കഥകളിയെപ്പോലെ അത്ഭുത ചൈതന്യമുള്ള ഒരു കലാ വിസ്മൃതിയിലാണ്ടുപോകുന്നത് ഏറ്റവും ദുസ്സഹമായി തോന്നി. മഹാനായ ഒരു കഥകളി നടന്റെ ജീവചരിത്രം എഴുതുവാന്‍ ഉദ്യമിക്കുകയാണ് അതിന് ഒരു പരിഹാര മാര്‍ഗ്ഗമെന്നു ഞാന്‍ കരുതി.  

പ്രഗല്‍ഭരും പ്രസിദ്ധരുമായ   ആട്ടക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജീവചരിത്രത്തിനു വിഷയമാവാന്‍ യോഗ്യതയുള്ളവര്‍ വിരളമാണ്. നടന് കീര്‍ത്തിയുണ്ടായാല്‍ മാത്രം പോരാ, വ്യക്തിത്വവും കൂടി വേണ്ടിയിരിക്കുന്നു. കീര്‍ത്തിക്ക് നിദാനമായ കലാവൈഭവവും ആദരണീയമായ സ്വഭാവഗുണവും ഒത്തുചേര്‍ന്നു ഞാന്‍ കണ്ടത് ചെങ്ങന്നൂര്‍ രാമന്‍പിള്ളയിലാണ്. 

ചെങ്ങന്നൂര്‍ രാമന്‍പിള്ളയുമായുള്ള പരിചയാനുഭവങ്ങളില്‍കൂടി ആ മികച്ച നടന്റെ ജീവിതത്തിലും കലാപ്രകടനത്തിലും ഞാന്‍ കണ്ട വിശേഷഗുണങ്ങള്‍ അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയും ആദരവുമാണ് - കലാസമീപനത്തിലുള്ള ആത്മാര്‍ത്ഥത, പാരമ്പര്യ സമ്പ്രദായത്തോടുള്ള ആദരവ് .

ഇവ കേവലം ധാര്‍മ്മീക ഗുണങ്ങള്‍ മാത്രമല്ല. താന്‍ അഭിനയിക്കുന്ന കഥാപാത്രത്തോട് എന്നല്ല ആട്ടക്കഥാകാരന്റെ ആദര്‍ശങ്ങളോടും ആശയങ്ങളോടും തനിക്കുള്ള കടമ നിര്‍വഹിക്കണമെന്ന് നിര്‍ബ്ബന്ധമുള്ള നടന്റെ മനോഭാവമാണ് ഞാന്‍ അവയില്‍ കാണുന്നത്. നന്നായി അഭിനയിച്ച് പ്രശംസ നേടുക മാത്രമല്ല ആത്മാര്‍ത്ഥതയുള്ള ഒരു നടന്റെ കര്‍ത്തവ്യം: ആട്ടക്കഥാകാരന്റെ ആന്താരോദ്ദേശ്യത്തെ  സാക്ഷാത്കരിച്ച്‌ സഫലമാക്കുക എന്നതു കൂടിയാണ്. 

രാമന്‍പിള്ളയെപ്പോലുള്ള നടന്മാര്‍ കഥകളി രംഗത്തിന്റെ അന്തസ്സു പുലര്‍ത്തുന്നു. കുറേക്കൂടി സൂഷ്മമായി പറഞ്ഞാല്‍ കഥകളി രംഗം അര്‍ഹിക്കുന്ന അന്തസ്സു അവര്‍ അതിന് പ്രദാനം ചെയ്യുന്നു. ഇതൊന്നും എടുത്തു പറയേണ്ടതില്ലെന്ന് തോന്നുമായിരിക്കാം എങ്കിലും കഥകളിയില്‍ വന്നു ചേര്‍ന്നിട്ടുള്ള ഇന്നത്തെ അനാഥത്വം കാണുമ്പോള്‍ വീണ്ടും വീണ്ടും ഇതു എടുത്തു പറയേണ്ടതാണ് എന്ന് തോന്നിപ്പോകും. കഥകളിയുടെ ഉന്നതോദ്ദേശ്യങ്ങള്‍ നിസ്സരങ്ങളോ നീചങ്ങളോ ആയ   ലക്ഷ്യങ്ങളുമായി ഇന്നു അധ:പ്പതിചിരിക്കുന്നു. നടനവും നര്‍ത്തനവും ഇന്നു കുലീനതയുള്ള കലകളെന്നതിനേക്കാള്‍ പാമരപ്രീതിക്കു വേണ്ടിയുള്ള വിനോദങ്ങളായിട്ടാണ് കരുതപ്പെട്ടുവരുന്നത്. 


തനിക്കു പരിശീലനം ലഭിച്ച  സമ്പ്രദായത്തോട്  സത്യസന്ധതയും  കൂറും പുലര്‍ത്തുന്നുവെന്നതാണ് രാമന്‍ പിള്ളയില്‍ ഞാന്‍ കാണുന്ന ഗുണം. ഇന്നത്തെ കഥകളി നടന്മാരില്‍ ചന്തുപ്പണിക്കരൊഴിച്ചു മറ്റാരിലും തന്നെ ഈ ഗുണം പ്രബലമായി കാണുകയില്ല. ചന്തുപ്പണിക്കരുടെതായ കല്ലടിക്കോടന്‍  സമ്പ്രദായത്തെക്കാളും, രാമന്‍പിള്ളയുടെ ആട്ടത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന കപ്ലിങ്ങാടന്‍ സമ്പ്രദായത്തെക്കാളും എനിക്ക് ഏറെ സുപരിചിതമുള്ളത് തെക്കേ മലബാറിലെ കല്ലുവഴി ചിട്ടയോടാണ്. പക്ഷെ, മറ്റു സമ്പ്രദായങ്ങള്‍ക്ക് പ്രത്യേകമായുള്ള കലാസൌഭാഗ്യം തിരിച്ചറിഞ്ഞ് ആസ്വദിക്കുന്നതിനു അതു തടസ്സമായി നില്‍ക്കുന്നില്ല. 

വ്യത്യസ്ഥമായ കഥകളി സമ്പ്രദായങ്ങളുടെയും അവയുടെ അവാന്തരഭേദങ്ങളുടെയും സാങ്കേതികമായ സവിശേഷതകള്‍ ഇവിടെ പ്രതിപാദിക്കേണ്ടതില്ല. അവയില്‍ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലുള്ള കടത്തനാട് രീതി മേനാടത്തു രാമുണ്ണിനായരുടെ കാലത്തോടു കൂടി അസ്തമിച്ചു. ശുദ്ധമായ കല്ലടിക്കോടന്‍ സമ്പ്രദായത്തിന്റെ ഏക പ്രണേതാവായി അവശേഷിക്കുന്ന ചന്തുപ്പണിക്കര്‍ നമ്മുടെ കൂടെ ഉണ്ടെന്നുള്ളത് സന്തോഷാവാഹം തന്നെ. പക്ഷെ അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ക്ക് ഇന്നു കഥകളി രംഗത്തു പറയത്തക്ക പ്രാതിനിധ്യമില്ല. കല്ലുവഴിച്ചിട്ടയുടെ രൂപഭദ്രത പട്ടിക്കാന്തൊടി രാമുണ്ണിമേനോന്റെ ശിഷ്യരുടെ കൈയ്യില്‍ സുരക്ഷിതമായിട്ടിരിക്കുന്നു വെന്ന  സംഗതി കഥകളി പ്രേമികള്‍ക്ക് ആശ്വാസപ്രദമാണ്. തിരുവിതാംകൂറിലെ  കിടങ്ങൂര്‍ രീതി ഇന്നത്തെ പ്രയോക്താക്കളുടെ രംഗപ്രകടനങ്ങളില്‍  തിരിച്ചറിയാന്‍ കഴിയാതായിട്ടുണ്ട്. എന്നാല്‍ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ തകഴി രീതി ഇന്നും അതിന്റെ ശുദ്ധമായ രൂപത്തില്‍ കാണാം രാമന്‍പിള്ളയുടെ ആട്ടത്തില്‍ .

കലാബോധമുള്ള നടന്‍ , കലാപ്രകടനത്തിന്റെ രൂപ ഭദ്രതയിലും സൌന്ദര്യത്തിലും ഒരുപോലെ ശ്രദ്ധിക്കും. അയാള്‍ ഒരിക്കലും സമ്പ്രദായ ദീക്ഷയില്‍ നിന്ന്  അണുമാത്രം പോലും വ്യതിചലിക്കുകയോ ഭിന്ന രീതികളെ കൂട്ടികലര്‍ത്തുകയോ ചെയ്കയില്ല. പക്ഷെ കഥകളി കലാകാരന്മാരെ പറ്റി പത്രത്തില്‍ കാണാറുള്ള ലേഖനങ്ങളില്‍ ഇങ്ങിനെയുള്ള പ്രസ്താവനകള്‍ കാണാം; കുഞ്ചുക്കുറുപ്പ് മലബാറില്‍ ചെന്നു താമസിച്ചു കല്ലുവഴിച്ചിട്ട അഭ്യസിച്ചു; കുറിച്ചി കുഞ്ഞന്‍പണിക്കര്‍  സ്വദേശത്തു വെച്ച് അമ്മാവനും സുപ്രസിദ്ധ ആശാനുമായ കൊച്ചയ്യപ്പപണിക്കരുടെകൂടെ അഭ്യാസം ചെയ്ത ശേഷം അങ്ങാടിപ്പുറത്തു ചെന്നു കൂട്ടില്‍ കുഞ്ഞന്‍ മേനോന്റെ ശിഷ്യനായി വടക്കന്‍ സമ്പ്രദായം വശമാക്കി. എന്നാല്‍ കല്ലുവഴി ചിട്ടയുടെ പ്രത്യേകതകള്‍ കുറുപ്പിന്റെ ആട്ടത്തിലും , കുഞ്ഞന്‍ മേനോന്റെ ആട്ടസമ്പ്രദായം കുഞ്ഞന്‍പണിക്കരുടെ ആട്ടത്തിലും ഒരു കാലത്തും കണ്ടിട്ടില്ല. ലേഖകന്മാരുടെ പ്രസ്താവനകള്‍ ശരിതന്നെ. പക്ഷെ പ്രസ്തുത നടന്മാര്‍ ആ സമ്പ്രദായങ്ങള്‍ ആട്ടത്തില്‍ പ്രയോഗിക്കുവാന്‍ ഉദ്യമിച്ചിട്ടില്ല എന്നത് തീര്‍ച്ചയാണ്. അത് അവര്‍ക്ക്  ഒരു കുറവും അല്ല. അവരിരുവരും സമര്‍ത്ഥന്മാരായ നടന്മാര്‍ തന്നെ. അവര്‍ക്കുള്ള ജനസമ്മതി അവരിരുവരും അര്‍ഹിക്കുന്നു. എന്നാല്‍ സമ്പ്രദായ ശുദ്ധി എന്ന ഗുണം അവരുടെ ആട്ടത്തില്‍ കണ്ടിരുന്നില്ല. ആ സ്ഥിതിക്ക് സാധാരണ നടന്മാരുടെ കാര്യം പറയേണ്ടതില്ലല്ലോ.


ആസ്വാദകരായ പ്രേക്ഷകരുടെ ഗുണവും സ്വഭാവവും അനുസരിച്ചായിരിക്കും നടന്റെ വ്യക്തിത്വം തെളിയുക. രാഷ്ട്രീയം, സാമൂഹികം  മുതലായ വശങ്ങളില്‍ വിപ്ലാവാത്മകമായ മാറ്റങ്ങള്‍ സര്‍വത്ര വന്നുകൊണ്ടിരിക്കുന്നത്  കലാകാരന്മാരുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും തോന്നുന്നു. ഈ പരിവര്‍ത്തനങ്ങള്‍ കഥകളി പ്രേമികളുടെ രുചിവിശേഷത്തെയും സ്പര്‍ശിക്കും. നാലു കൊല്ലം മുന്‍പ് കഥകളി വിദഗ്ദനും സാഹിത്യകാരനുമായ ഒരാള്‍ അഭിപ്രായപ്പെടുകയുണ്ടായി, കഥകളി സ്തംഭാവനാവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്ന് . അത് ആകമാനം അഴിച്ചു കൂട്ടിയില്ലെങ്കില്‍ ആ കലയ്ക്ക് ഭാവിയൊന്നും ഉണ്ടാവുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരത്തിലുള്ള ഉത്പതിഷ്ണുത്വം ഇഷ്ടപ്പെടാത്തതു കൊണ്ടാണ് രാമന്‍പിള്ളയെ പോലുള്ള ഒരു നടനില്‍ ഞാന്‍ സംതൃപ്തനാകുന്നത്. സമ്പ്രദായ ശുദ്ധി ദീക്ഷിക്കുന്നതില്‍ ഒരു നടനും അദ്ദേഹത്തോളം ശ്രദ്ധിക്കുന്നില്ല എന്നാണ് എന്റെ അനുഭവം.

എന്റെ "കഥകളി രംഗം" എന്ന പുസ്തകത്തില്‍ ഇങ്ങിനെ ഒരു പ്രസ്താവനയുണ്ട്.  "എന്റെ മുപ്പതു കൊല്ലത്തെ അരങ്ങു പരിചയത്തില്‍ ഇത്തരത്തിലുള്ള മഹത്വം അര്‍ഹിക്കുന്ന മൂന്നു പേരെയാണ് ഞാന്‍ കണ്ടത്. കോറാണത്ത് , ശങ്കരപണിക്കര്‍, മാത്തൂര്‍. ഇവരൊഴികെ ഞാന്‍ കണ്ടിട്ടുള്ള വിശിഷ്ട നടന്മാര്‍ ആരെല്ലാമാണെന്നും പ്രഖ്യാപിക്കാം. കൂട്ടില്‍ കുഞ്ഞന്‍മേനോന്‍, കുഞ്ചുക്കുറുപ്പ്, കരുണാകരമേനോന്‍, പട്ടിക്കാന്തൊടി, കവളപ്പാറ നാരായണന്‍ നായര്‍, ചന്തുപ്പണിക്കര്‍.  ഇവരുടെ ആട്ടത്തിലനുഭവപ്പെട്ട നിര്‍വൃതിദായകത്വം അസാമാന്യമെങ്കിലും നിസ്സീമമായിരുന്നില്ല"

                                         ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ കത്തിവേഷം 


മേല്‍ പ്രസ്താവിച്ചവരില്‍ രാമന്‍പിള്ളയെ എന്തുകൊണ്ടു ചേര്‍ത്തില്ല എന്ന് വായനക്കാര്‍ ചിന്തിപ്പാനവസരമുണ്ട്. കാരണം മറ്റൊന്നുമല്ല. ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടത് 1950 ല്‍  ആണ്. പിന്നീട് അദ്ദേഹത്തിന്‍റെ ആട്ടം കാണുവാനിടയായത്  1954-ല്‍ ആയിരുന്നു. അതിനുശേഷം പലസ്ഥലത്തുവെച്ചും രാമന്‍പിള്ളയുടെ വേഷങ്ങള്‍ കാണുകയുണ്ടായിട്ടുണ്ട്.  'കഥകളി രംഗം' പ്രസിദ്ധീകരിച്ചത് 1958- ലായിരുന്നെങ്കിലും അതിന്റെ പകര്‍പ്പ് 1955- ല്‍ തന്നെ തയ്യാറായിരുന്നു.  പലപ്രാവശ്യം കണ്ടതിനു ശേഷമേ ഒരാട്ടക്കാരന്റെ കലാകൌശലം നമുക്കനുഭവപ്പെടുകയുള്ളൂ. ആസ്വാദകന് അത്രതന്നെ പരിചിതമല്ലാത്ത സമ്പ്രദായക്കാരനാണ് നടനെങ്കില്‍, കുറച്ചേറെക്കാലത്തെ പരിചയം തന്നെ വേണ്ടിവരും. 

                                    ഗുരു. ചെങ്ങന്നൂർ രാമൻ പിള്ള



                  ഹനുമാനും ( ഗുരു. ചെങ്ങന്നൂർ) ഭീമനും ( ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള)

"നടന്മാരുടെ പ്രയോഗങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടതാണ് ; പക്ഷെ അവരെ ചെന്നു കാണരുത് "  എന്ന ചാള്‍സ് ഫ്രോമേന്റെ ഉപദേശം അനുവര്‍ത്തിക്കപ്പെടേണ്ടതു തന്നെ. എന്റെ ജീവിത കാലത്തു ഞാന്‍ രണ്ടു മൂന്നു നടന്മാരുമായി പരിചയിക്കുകയുണ്ടായി. രാമന്‍പിള്ളയുമായി  അടുത്ത കാലത്താണ് പരിചയത്തിനിടവന്നത്.  ആ പരിചയം ആശ്വാസത്തിനും സന്തോഷത്തിനും കാരണമായി. 

2 അഭിപ്രായങ്ങൾ:

  1. കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്റെ തകഴി രീതി ഇന്നും അതിന്റെ ശുദ്ധമായ രൂപത്തില്‍ രാമന്‍പിള്ളയുടെ വിശ്വ പ്രസിദ്ധരായ ശിഷ്യ ചതുഷ്ടയങ്ങളിലൂടെ വികാസം പ്രാപിച്ച് പരിലസിക്കുന്നു എന്ന് വരികിലും അത് ഒരു സ്ഥാപനത്തിന്റെ ചട്ടക്കൂട്ടില്‍ ഒരു സിലബസിന്റെ ചിട്ടകളില്‍ പകര്‍ന്നു നല്കപ്പെടുവനുള്ള വ്യവസ്ഥ ഇല്ല എന്നുള്ളത് ആശങ്കക്ക് ഇട നല്‍കുന്നു. അതിനുള്ള അവസരം ഈശ്വരന്‍ തന്നെ ഉണ്ടാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ശ്രീ. ഉണ്ണികൃഷ്ണന്‍,
    കഥകളിയില്‍ കാലത്തിനു അനുസരിച്ച് ഉണ്ടായിട്ടുള്ള പരിഷ്കരണത്തില്‍ കൂടിയാണ് സമ്പ്രദായങ്ങള്‍ അല്ലെങ്കില്‍ വഴികള്‍ ഉണ്ടായിട്ടുള്ളത്. പരിഷ്കരണത്തില്‍ കൂടി ഇത്തരം പുതിയ സമ്പ്രദായം അല്ലെങ്കില്‍ വഴികള്‍ ഉണ്ടാകുമ്പോള്‍ പുതിയതിനു പ്രാബല്ല്യം കൂടുകയും പഴയതിന് പ്രാതിനിധ്യം കുറയുന്ന പ്രവണത കഥകളിയില്‍ ഒരു പുതിയ അനുഭവം അല്ല.
    ഉത്തരകേരളം, മദ്ധ്യകേരളം, ദക്ഷിണകേരളം എന്നിങ്ങനെ കേരളത്തിലുടനീളം കഥകളിയിലെ കല്ലടിക്കോടന്‍ സമ്പ്രദായം ആയിരുന്നു ഒരു കാലത്ത് നിലനിന്നിരുന്നത് എന്നും ഏതു സമ്പ്രദായ നടന്‍ ആയിരുന്നാലും പരസ്പരം ഒരു അരങ്ങില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ നടന്മാര്‍ക്ക് ഒരു പരസ്പര ധാരണ ഉണ്ടെങ്കില്‍ കളി വിജയിപ്പിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള വ്യത്യാസങ്ങള്‍ മാത്രമേ കഥകളിയില്‍ ഉണ്ടായിട്ടുള്ളൂ എന്നതുമാണ് സത്യം.
    കലാമണ്ഡലം ഉണ്ടായതു കൊണ്ടു കഥകളിയിലെ ഏറ്റവും പുതിയ പരിഷ്കരണ സമ്പ്രദായം പ്രബലമായി എന്നതും അതെ കലാമണ്ഡലം കൊണ്ടു തന്നെ ചെങ്ങന്നൂര്‍ ആശാന്റെ ശിഷ്യനായ മടവൂര്‍ ആശാനില്‍ കൂടി കലാമണ്ഡലം രാജശേഖരനും, രാജശേഖരനില്‍ കൂടി കുറച്ചു യുവ കലാകാരന്മാര്‍ ഉണ്ടായിട്ടുള്ളതും ആശ്വാസകരം എന്ന് അറിയിച്ചു കൊള്ളട്ടെ.

    മറുപടിഇല്ലാതാക്കൂ