പേജുകള്‍‌

2011, ഡിസംബർ 1, വ്യാഴാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ 13- മതു അനുസ്മരണവും കഥകളിയും

പ്രസിദ്ധ കഥകളി കലാകാരനായിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ 13- മതു അനുസ്മരണം കഴിഞ്ഞ നവംബര്‍ 12-നു ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു. രാവിലെ 9:00 മണിക്ക് ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഉച്ചക്ക് 1:30-നു മലയാള കലാവേദി, ചെന്നിത്തല കാവ്യാര്‍ച്ചന അവതരിപ്പിച്ചു. 

                       ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക നാട്യ പഠന സമതി

 തുടര്‍ന്ന് 2:30- മണിക്ക്  " കളിയോഗം അരങ്ങ് 2011" നയിച്ച കഥകളി ആസ്വാദനകളരിയും  സോദാഹരണ പ്രഭാഷണവും നടന്നു. ശ്രീ. പീശപ്പള്ളി രാജീവനും കലാമണ്ഡലം ജിഷ്ണു രവിയും ചേര്‍ന്ന്  അവതരിപ്പിച്ച കഥകളി ആസ്വാദന കളരി വളരെ ശ്രദ്ധേയമായി. വൈകിട്ട് 4 :30-ന് ശ്രീ. ചെന്നിത്തല  ചെല്ലപ്പന്‍ പിള്ള സ്മാരക കലാ-സാംസ്കാരിക സമിതിയിലെ വിദ്യാര്‍ത്ഥികള്‍ ചെണ്ടമേളം അവതരിപ്പിച്ചു.



                                                       kathakali  demonstration .

                                                            kathakali  demonstration .
 
                     നാട്യസമിതിയില്‍ ചെണ്ട അഭ്യസിച്ച വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളം

                                            കഥകളി കലാകാരി   ശ്രീമതി ചവറ പാറുകുട്ടി  
                              വിളക്ക് തെളിച്ചു അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുന്നു

                      ശ്രീമതി. ചവറ പാറുകുട്ടിയെ  ചെന്നിത്തല ചെല്ലപ്പന്‍ പിള്ള
                                        സ്മാരക പുരസ്കാരം- 2011 നല്‍കി ആദരിക്കുന്നു.

                        
                 അഞ്ചു മണിക്ക് അനുസ്മരണ സമ്മേളനം ആരംഭിച്ചു. തുടര്‍ന്ന്  ഗുരുപ്രണാമം ചടങ്ങില്‍ ശ്രീ.ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക പുരസ്കാരം -2011 പ്രസിദ്ധ കഥകളി ആചാര്യ ശ്രീമതി. ചവറ പാറുകുട്ടിക്ക് ശ്രീ. പി.സി. വിഷ്ണുനാഥ്  MLA. നല്‍കി. "തിരനോട്ടം" സംഘടനയുടെ പേരില്‍ ശ്രീ. എം. കെ. അനുജന്‍ ശ്രീമതി ചവറ പാറുകുട്ടിയെ ആദരിച്ചു.  മറുപടി പ്രസംഗത്തില്‍ ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ആശാനുമായുള്ള അരങ്ങ് അനുഭവങ്ങള്‍ ശ്രീമതി ചവറ പാറുകുട്ടി പങ്കുവെച്ചു. 

 ഏഴുമണി മുതല്‍   'കളിയോഗം - അരങ്ങ് 2011'   നളചരിതം മൂന്നാം ദിവസം കഥകളി അവതരിപ്പിച്ചു.  ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്‍ നളനെയും, ശ്രീ.കലാമണ്ഡലം ചിനോഷ്  ബാലന്‍ കാര്‍ക്കോടകന്‍, വാഷ്ണേയന്‍ എന്നീ കഥാപാത്രങ്ങളെയും, ശ്രീ.കലാമണ്ഡലം പ്രദീപ്‌ കുമാര്‍ ബാഹുകനെയും, ശ്രീ.കലാമണ്ഡലം ശുചീന്ദ്രനാഥ്   ഋതുപര്‍ണ്ണനെയും, ശ്രീ. കലാമണ്ഡലം ജിഷ്ണു രവി ജീവലനെയും, ശ്രീ. മധു വാരണാസി ദമയന്തിയെയും, ശ്രീ. പീശപ്പള്ളി രാജീവന്‍ സുദേവനെയും   അവതരിപ്പിച്ചു. 
ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. കലാമണ്ഡലം സജീവന്‍, ശ്രീ. കലാനിലയം ബാബു എന്നിവര്‍ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍, ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ ചെണ്ടയും ശ്രീ. കലാനിലയം മനോജ്‌, ശ്രീ.കലാമണ്ഡലം വൈശാഖ്  എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. കലാമണ്ഡലം  സുകുമാരന്‍ കഥകളി ചുട്ടിയും ശ്രീ. പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ എന്നിവര്‍ അണിയറ ചുമതല നിര്‍വഹിച്ചു. "സന്ദര്‍ശന്‍" അമ്പലപ്പുഴയുടെ കഥകളി കോപ്പുകളാണ് ഉപയോഗിച്ചത്.

ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്റെ വെളുത്ത നളന്‍ വളരെ ഭംഗിയായി .  നളന്റെ ഇളകിയാട്ടം എന്നെ  വളരെയധികം  ആകര്‍ഷിച്ചു.  കഥാപാത്രത്തിന്റെ സന്ദര്‍ഭം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട ഇളകിയാട്ടമാണ്‌ വനകാഴ്ചയില്‍ അദ്ദേഹം അവതരിപ്പിച്ചത്.   വന്യ മൃഗങ്ങള്‍ നിറഞ്ഞ കൊടും കാട്ടില്‍ തന്റെ പ്രിയ പത്നിയെ ഉപേക്ഷിച്ചു വന്ന നളന്‍, കാട്ടുതീയില്‍ പെട്ട ഒരു ആന തന്റെ ഇണയെ രക്ഷിക്കുന്നതു കണ്ടപ്പോള്‍  ഒരു  മൃഗം തന്റെ ഇണയോട് ചെയ്യുന്ന ആല്‍മാര്‍ത്ഥതപോലും    തന്റെ പ്രിയ പത്നിയോട് തനിക്ക്  ചെയ്യുവാന്‍ കഴിഞ്ഞില്ലല്ലോ എന്ന മനസ്താപം വളരെ ഹൃദ്യമായി അവതരിപ്പിച്ചു ഫലിപ്പിച്ചു. 

കാര്‍ക്കോടകനില്‍  നിന്നും  നളന്‍ (ബാഹുകന്‍) തനിക്കു മുന്‍പ് ഉണ്ടായിരുന്നതു പോലെ കൊട്ടാരത്തില്‍ ജീവിക്കുവാന്‍ സന്ദര്‍ഭം ലഭിക്കും എന്ന് മനസിലാക്കുന്നതു വരെ  ഒരു ശുഭ പ്രതീക്ഷ നളനില്‍ ഇല്ല. അങ്ങിനെ ഒരു ശുഭ പ്രതീക്ഷ കൈവന്ന ശേഷമാണ് ഇളകിയാട്ടത്തില്‍ മാന്‍ പ്രസവം പോലുള്ള ആട്ടങ്ങള്‍ അവതരിപ്പിക്കുന്നത്‌. ആരും തുണയില്ലാത്തിടത്തു ദൈവം തുണ ചെയ്യും എന്ന ശുഭാപ്തി വിശ്വാസമാണ്‌  മാന്‍ പ്രസവം എന്ന ആട്ടം കൊണ്ട് കലാകാരന്‍ ഉദ്ദേശിക്കുന്നത്.  വെളുത്ത നളന് അങ്ങിനെ ഒരു ചിന്ത ഇല്ല. നാടിനെയും നഗരത്തിനേയും അപേക്ഷിച്ച് കാടുതന്നെ ഭേദം എന്ന ചിന്തയും തന്റെ പ്രിയതമയെ കൊടും കാട്ടില്‍ ഉപേക്ഷിച്ചതിലുള്ള കുറ്റ ബോധവുമാണ് വെളുത്ത നളനില്‍ ഉണ്ടാകേണ്ടത്.    സാധാരണമായി ഒരു വേടന്‍, ഒന്നോ രണ്ടോ കിളികള്‍ , മാന്‍, പാമ്പ്  എന്നിവയൊക്കെ  ഉള്‍പ്പെടുത്തി  ആരും തുണയില്ലാത്തിടത്തു ദൈവം തുണ ചെയ്യും എന്ന അതേ ആശയം കൊണ്ട ഇളകിയാട്ടമാണ്‌  വെളുത്ത നളനും ഇപ്പോള്‍ അവതരിപ്പിച്ചു വരുന്നത്. 


പേടിക്കേണ്ടാ വരുവനരികേ,
വന്‍ കൊടുംകാട്ടുതീയില്‍ -
ച്ചാടിക്കൊണ്ടാലൊരു ഭയമിനി-
ക്കില്ല ഞാന്‍ തൊട്ടവര്‍ക്കും
കൂടി ക്കണ്ടാലുടനഴലൊഴി -
ച്ചീടുവേന്‍ " എന്നു ചൊല്ലി -
ത്തേടിക്കണ്ടോരുരഗപതിയോ -
ടൂചിവാന്‍ നൈഷധേന്ദ്രന്‍ .
എന്ന പദത്തില്‍ "ഞാന്‍ തൊട്ടവര്‍ക്കും " എന്നയിടത്തു വെളുത്ത നളന്‍ കാര്‍ക്കോടകനെ തൊട്ടു ( സ്ടൂളില്‍ നിന്നും പിടിച്ചിറക്കി). അതോടെ കാര്‍ക്കോടകന് ചൂട് അനുഭവപ്പെടുന്നത് മാറി. പിന്നീടു ശ്ലോകത്തിനു നളന്‍ കാര്‍ക്കോടകനെ പിടിച്ചുകൊണ്ട്  തീയില്‍ നിന്നും വെളിയില്‍ വന്നു.
പണ്ടു നില നിന്നിരുന്ന അവതരണത്തില്‍ നിന്നും ഈ രീതിയില്‍ ഉണ്ടായ മാറ്റം എങ്ങിനെ സംഭവിച്ചു എന്നു ഞാന്‍ കണ്ണനോട് ചോദിച്ചു. അതിന് കണ്ണന്‍ " പദത്തില്‍ തീയില്‍ ചാടിക്കൊണ്ടാല്‍ എനിക്കും ഞാന്‍ തൊട്ടവര്‍ക്കും ഭയം ഇല്ല എന്നും കൂടി കണ്ടാല്‍ ദുഃഖം ഒഴിച്ചിടും എന്നാണ് പദത്തില്‍ പറയുന്നത്. തേടി കണ്ടപ്പോള്‍ ദുഃഖം ഒഴിവാക്കാനാണ് തൊട്ടത്‌  എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.   ഈ രീതിയാണ്  ഇപ്പോള്‍ എല്ലാവരും ചെയ്തു വരുന്നത്   എന്ന്  അദ്ദേഹം പറഞ്ഞു.


പണ്ടത്തെ രീതി അനുസരിച്ച് തേടി കണ്ടു എന്നത് "ദൂരത്തു കണ്ടു" എന്ന രീതിയിലും, ' എരിഞ്ഞ തീയില്‍ ' 'ഭുജംഗമെന്നു തോന്നി'   'എന്നുടെ കഥകളെ ' എന്നീ മൂന്നു ചരണങ്ങളും നളന്‍ കാട്ടുതീയില്‍ അകപ്പെട്ടു കിടക്കുന്ന സര്‍പ്പരാജന്റെ  സമീപത്തേക്കു നടന്നു  നീങ്ങിക്കൊണ്ട്  പറയുന്നതായിട്ടാണ് ആടുന്നത്. 


                                                    വെളുത്ത നളനും കാര്‍ക്കോടകനും  
  

                                  
                                                    ബാഹുകനും കാര്‍ക്കോടകനും

                                          സുദേവനും ദമയന്തിയും 


ശ്രീ. പീശപ്പള്ളി രാജീവന്റെ സുദേവന്‍ ചെന്നിത്തലക്കാര്‍ക്ക് വളരെ ഇഷ്ടമായി. കഥകളിയില്‍ പങ്കെടുത്ത എല്ലാ  കലാകാരന്മാരും അവരവരുടെ കഴിവുകള്‍ ആത്മാര്‍ത്ഥതയോടെ പ്രകടിപ്പിച്ചു. 
സമിതിയില്‍ അഭ്യസിച്ച വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളം കഴിഞ്ഞാണ് കഥകളി നടന്നത്. കഥകളി കൃത്യ സമയത്തിനു  തുടങ്ങുവാനെന്നവണ്ണം മദ്ദളം ഇലത്താളം എന്നിവ കഥകളിയോഗത്തിന്റെ ബന്ധപ്പെട്ടവര്‍ അരങ്ങില്‍ നേരത്തെ എത്തിച്ചിരുന്നു. ചെണ്ടമേളം കഴിഞ്ഞപ്പോള്‍ അവരുടെ ഇലത്താളത്തോടൊപ്പം കഥകളിക്കു വെച്ചിരുന്ന ഇലത്താളവും ചെണ്ട മേളത്തിന് വന്ന കുട്ടികള്‍ അറിയാതെ എടുത്തു കൊണ്ട് പോയി. അരങ്ങു കേളി തുടങ്ങുവാന്‍ ഇലത്താളം തേടിയപ്പോള്‍ ഇല്ല. പിന്നീടു ചെണ്ട മേളത്തിന് വന്ന കുട്ടികളുടെ ഗുരു സ്കൂട്ടര്‍ എടുത്തുകൊണ്ടു വേഗം അവരുടെ വീട്ടില്‍ പോയി എല്ലാ ഇലത്താളവുമായി വന്നു. ശ്രീ. പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍ കളിയോഗത്തിന്റെ ഇലത്താളം തേടിയെടുത്തു. അധികം താമസിയാതെ കളി തുടങ്ങുകയും ചെയ്തു.



 കേരളീയ പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുകയും ഗള്‍ഫിലും നാട്ടിലും അവതരിപ്പിക്കുകയും  നമ്മുടെ നാടിന്റെ കലാസാംസ്കാരിക പാരമ്പര്യത്തെ കുറിച്ച് വരും തലമുറയ്ക്ക് അവബോധം ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോട് എന്ത വിധ ലാഭപ്രതീക്ഷയും ഇല്ലാതെ  പ്രവര്‍ത്തിക്കുന്ന "തിരനോട്ടം" എന്ന സംഘടന, ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ 13-മത്  അനുസ്മരണ വേളയില്‍ മികച്ച ഒരു കഥകളി അവതരിപ്പിക്കുവാന്‍ കാണിച്ച താല്‍പ്പര്യം  സമിതിയുടെ പേരിലും ചെല്ലപ്പന്‍ പിള്ളയുടെ കുടുംബാംഗങ്ങളുടെ പേരിലും  നന്ദിയോടെ സ്മരിക്കുന്നു.

5 അഭിപ്രായങ്ങൾ:

  1. അമ്പു ചേട്ടാ, ചെന്നിത്തലയശാന്റെ അനുസ്മരണതിനു പങ്കെടുക്കുവാന്‍ കഴിയാതിരുന്നതിന്റെ കുറവ്‌ ഇവിടെ തീര്‍ന്നു. വെളുത്ത നളന്റെയും ബഹുകന്റെയും മനോവിചാരങ്ങള്‍ താരതമ്യം ചെയ്തിരിക്കുന്നത് വളരെ ഭംഗിയായിട്ടുണ്ട്. വെളുത്ത നളന്‍ അവതരിപ്പിച്ച ഏറ്റുമാനൂര്‍ കണ്ണന്‍ കഥകളി വേഷത്തിനു ഒരു വാഗ്ദാനമാണ്. കഥകളിപരിചയ ക്ലാസ്സുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും കണ്ണനുള്ള സാമര്‍ഥ്യം നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. ഇതൊന്നും കാണാന്‍ കഴിഞ്ഞില്ലല്ലോ എനിക്ക് എന്ന ഖേദമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. എന്റെ ബ്ളോഗ് വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്ക് നന്ദി. ഫേസ് ബുക്കില്‍ International Kathakali Festival ഗ്രൂപ്പില്‍ എന്റെ സുഹൃത്തുക്കള്‍ അഭിപ്രായം രേഖപ്പെടുത്തിയത് ഇവിടെ ചേര്‍ക്കുന്നു.
    *****************************************
    Padmini Narayanan :അതിമനോഹരമായ വിവരണം. ആലപ്പുഴയില്‍ ഒരു കഥകളി കണ്ട ശേഷം സേതു ഒരു വിവരണം തന്നിരുന്നു. അത് ഒര്മയിലെത്തി .കാരണം ഈ വിവരണവും അത്യധികം ഹൃദ്യമായി .പണ്ട് ഞാന്‍ കണ്ടിട്ടുള്ള നിരവധി കഥകളിയില്‍ നിന്നും ഏറെ വ്യത്യസ്തമായ ഇളകിയാട്ടവും, മനോധര്മങ്ങളും ഈ ഇടയ്ക്കു കണ്ടുവരുനുണ്ട് . അത് കാലാനുസൃത മാറ്റമായിട്ടെ ഞാന്‍ അത് കണക്കാക്കിയുല്ലു. എന്നേക്കാള്‍ ഒരുപാടൊരുപാട് വിവരമുള്ളവര്‍ നമ്മുടെ ഈ ഗ്രൂപ്പില്‍ ഉണ്ടല്ലോ . അവര്‍ അത് എങ്ങിനെ വിലയിരുത്തുമെന്ന് എനിക്കറിയില്ല.കഥയുടെ സത്ത കളയാതെ നോക്കനമെന്നെ ഞാന്‍ പറയു. ഏതു വിഡ്ഢിത്തവും ആവമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത് എന്നുകൂടി പറഞ്ഞു കൊള്ളട്ടെ. താങ്കളുടെ രസകരമായ ബ്ലോഗുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു......

    Sureshkumar Eb: വെളുത്ത നളന്റെയും ബഹുകന്റെയും മനോവിചാരങ്ങള്‍ താരതമ്യം ചെയ്തിരിക്കുന്നത് വളരെ ഭംഗിയായിട്ടുണ്ട്. വെളുത്ത നളന്‍ അവതരിപ്പിച്ച ഏറ്റുമാനൂര്‍ കണ്ണന്‍ കഥകളി വേഷത്തിനു ഒരു വാഗ്ദാനമാണ്. കഥകളിപരിചയ ക്ലാസ്സുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും കണ്ണനുള്ള സാമര്‍ഥ്യം നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  4. അമ്പുചേട്ടാ,
    വിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  5. ambu chettante presentation nannayittundu. Chennithalayil poyi paripadiyil pankedutha oru sampthrupthi. Keep it up

    മറുപടിഇല്ലാതാക്കൂ