പേജുകള്‍‌

2012 നവംബർ 21, ബുധനാഴ്‌ച

കാര്‍ത്തികതിരുനാളും അശ്വതിതിരുനാളും (ഭാഗം -5)



                      (ശ്രീ. എം. കെ. കെ. നായരുടെ ലേഖനം അവസാന ഭാഗം)

കാര്‍ത്തികതിരുനാളിന്റെ വിശിഷ്ടകൃതിയായ ബാലരാമഭാരതം നാട്യശാസ്ത്ര  ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.  40- അസംയുതങ്ങളും  27 -സംയുതങ്ങളും ഉള്‍പ്പെട്ട  57-മുദ്രകള്‍ അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആ മുദ്രകള്‍ കഥകളിക്കു  ഉപയോഗ പ്രദമാകണമെന്ന്  അദ്ദേഹം ആഗ്രഹിച്ചിരുന്നു എങ്കിലും അതിനു മുന്‍പുതന്നെ  ഹസ്തലക്ഷണ ദീപിക പ്രചാരത്തില്‍ വന്നു കഴിഞ്ഞതിനാല്‍ ആ ആഗ്രഹം സഫലമായില്ല. 

അശ്വതി തിരുനാള്‍ രാജകുമാരന്‍ 1856 -ല്‍ ജനിച്ചു. തന്റെ മുപ്പത്തി എട്ടാമത്തെ വയസ്സില്‍ (1894) മൂപ്പേല്‍ക്കാതെ അദ്ദേഹം മരിച്ചു. എന്നാല്‍ ഈ ചെറിയ കാലം കൊണ്ട് ആട്ടക്കഥാ രംഗത്ത് ഉണ്ണായിവാര്യരെ പോലെ തന്നെ പേര് അദ്ദേഹം സമ്പാദിച്ചു. അസാമാന്യ ദൃശ്യനെന്ന പണ്ഡിതനും വാസനാ കവിയുമായി രുന്ന അദ്ദേഹത്തിന്‍റെ കൃതികള്‍ 'പാടി രസിക്കുവാന്‍ പാട്ടുകാര്‍ക്കും അഭിനയിച്ചു ഫലിപ്പിക്കുവാന്‍ നടന്മാര്‍
ക്കും  കണ്ടും ചിന്തിച്ചും ആസ്വദിക്കുവാന്‍ പ്രേക്ഷകര്‍ക്കും വകനല്‍കുന്ന' ഉത്തമ സാഹിത്യമാണ് . രുഗ്മിണീസ്വയംവരം, അംബരീക്ഷ ചരിതം, പൂതനാമോക്ഷം , പൌണ്ട്രകവധം എന്നിവയാണ് അശ്വതിയുടെ കൃതികള്‍ . അശ്വതിയെ പറ്റി പ്രൊഫ. എന്‍. കൃഷ്ണപിള്ള  പറയുന്നത്  ഇപ്രകാരമാണ്.

 ' കരുതിക്കൂട്ടി തിരഞ്ഞെടുത്ത സുന്ദര ശബ്ദങ്ങളെ പാലും പഞ്ചസാരയും  എന്നപോലെ ഇണക്കിച്ചേര്‍ത്തു, രമണീയാര്‍ത്ഥങ്ങളുടെ ലോകത്തിലേക്ക്‌ അനുവാചകരെ ആനയിക്കുവാന്‍ കെല്‍പ്പുണ്ടായിരുന്ന ഒരു വിദഗ്ദശില്‍പ്പിയും  ഉന്നത കലാകാരനുമായിരുന്നു  അശ്വതി തിരുനാള്‍'. ചൈതന്യ പൂര്‍ണ്ണമായ ഒരു അന്തരീക്ഷം അശ്വതി തിരുനാളിന്റെ  കഥകളില്‍ ആദ്യന്തം കാണാം. അദ്ദേഹത്തിന്റെ കഥകള്‍ എല്ലാം തന്നെ പ്രചുര പ്രചാരം സിദ്ധിച്ചിട്ടുള്ളവയാണ്. അവയിലെ ഗാനങ്ങളും സംഗീത രസികന്മാരുടെ നാവിന്‍ തുമ്പത്ത്  ഇന്നും തത്തിക്കളിക്കുന്നുണ്ട്. കഥകളി പാട്ടുകാരും കഥകളി നടന്മാരും അശ്വതിയുടെ കഥകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ പ്രത്യേകം കൌതുകമുള്ളവരാണ്. അവരുടെ കഴിവിന്റെ പരമസീമകള്‍ പ്രകാശിപ്പിക്കാന്‍ പര്യാപ്തമായ വിധത്തില്‍ ആ കൃതികള്‍ നിര്‍മ്മിച്ചിരുന്നു എന്നതാണ് ഈ അഭിനിവേശത്തിനു കാരണം. മാതുലനായ കാര്‍ത്തിക തിരുനാള്‍ മഹാഭാരതത്തില്‍ നിന്നും ഇതിവൃത്തങ്ങള്‍ ആദാനം ചെയ്തു. അനന്തരവനായ അശ്വതിയാകട്ടെ ഭാഗവതത്തെ ആശ്രയിച്ച് കഥാരചന നടത്തി.
                                            
                                            അശ്വതി തിരുനാള്‍ 


ആട്ടക്കഥകള്‍ കൂടാതെ അശ്വതി രചിച്ച മറ്റു കൃതികള്‍ അധികവും സംസ്കൃതത്തിലാണ്. അവ വഞ്ചീശസ്തവം, കാര്‍ത്തവീര്യവിജയം , സന്താനഗോപാലം എന്ന മൂന്നു പ്രബന്ധങ്ങളും  ശ്രുംഗാര- സുധാകരംഭാണവും  രുഗ്മിണീപരിണയം  നാടകവും ദശാവതാര ദണ്ഡകവുമാണ്. രുഗ്മിണീപരിണയമാണത്രെ ഇവയില്‍ സര്‍വ്വപ്രധാനമായത്.  കൂടാതെ അശ്വതി ശ്രീപത്മനാഭ   കീര്‍ത്തനവും രചിച്ചിട്ടുണ്ട്. പ്രസന്ന പ്രൌഡമധുരമാണ് അശ്വതിയുടെ കാവ്യശൈലി.  

'ചന്ദ്രമുഖിമാരേ കാണ്‍ക ' ' കരുണാലയവീര' ' മാധവസമയമിദം' 'പ്രാണനായക ശ്രുണുവചനം' 'ആരതാരിതസാധാരണമനുജന്മാര്‍'  'കനകരുചി രുചിരാംഗിമാരേ' 'എന്തഹോ ഭൂസുരന്മാരേ' ഇത്യാദി പദങ്ങള്‍ അനശ്വര മധുരങ്ങളാണ്. ' ഈരേഴുപാരിലൊരു വേരായി മേവിന' എന്ന ദണ്ഡകവും  ' ചഞ്ചലാക്ഷിമാരണിയും മൌലിമാലാ  വന്നു' എന്നാ വരിയും മറ്റും ആട്ടക്കഥാ സാഹിത്യത്തിലെ അപൂര്‍വരത്നങ്ങളാണ്. 

സംസ്കൃതം ഇത്രയും അനായാസമായും സ്വാരസ്യപൂര്‍ണ്ണമായും ആട്ടക്കഥകളില്‍ മറ്റൊരു കവിയും കൈകാര്യം ചെയ്തിട്ടില്ല എന്നു പറയാവുന്നതാണ്. ഇക്കാര്യത്തില്‍ അനന്ന്യ പ്രഭാവനായ കോട്ടയത്തു തമ്പുരാനെയും അശ്വതി കവച്ചുവെച്ചിട്ടുണ്ടെന്നതില്‍ സംശയം ഇല്ല. പൂതനാമോക്ഷം, അംബരീചരിതം, രുഗ്മിണീസ്വയംവരം എന്ന കഥകള്‍ അരങ്ങുകള്‍  തകര്‍ക്കുന്ന കാലത്ത് സദസ്യരില്‍ ഉണ്ടായിരുന്ന ഒരു നാരദന്‍ യാദൃശ്ചികമെന്ന വിധം അശ്വതിയോട് പറഞ്ഞുവത്രേ, "പരമ സുന്ദരമായ ഈ കഥകള്‍ അവിടുന്നു രചിച്ചുവെങ്കിലും അവയ്ക്ക് കോട്ടയം കഥകളുടെ പ്രൌഡി ഇല്ലല്ലോ. ശ്രോതാക്കളെ പിടിച്ചു കെട്ടുന്ന ആ സംസ്കൃത വ്യുല്‍പ്പത്തി വടക്കര്‍ക്കേ വരികയുള്ളുവോ?"  ഇത് അശ്വതിയെ ചൊടിപ്പിച്ചു എന്നും പൌണ്ട്രകവധം ആട്ടക്കഥ എഴുതുവാനിടയായത്‌ അതിനാലാണെന്നും പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്. 

അശ്വതി തിരുനാള്‍ അന്തരിച്ചു പത്തുവര്‍ഷം കഴിഞ്ഞാണ് കാര്‍ത്തിക തിരുനാള്‍ നാടുനീങ്ങിയത്. ഉള്ളൂരിന്റെ അഭിപ്രായം ഭോജരാജാവ്, ഹര്‍ഷവര്‍ദ്ധനന്‍, കൃഷ്ണദേവരായര്‍, എന്നീ സുപ്രസിദ്ധ ഭാരതീയ രാജാക്കന്മാരുമായി വേണം കാര്‍ത്തിക തിരുനാളിനെ ഉപമിക്കാനെന്നാണ് അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍  വിപുലീകരിച്ച നിരവധി അപൂര്‍വഗ്രന്ഥങ്ങള്‍ സംഭരിച്ചു സൂക്ഷിച്ച വലിയകൊട്ടാരം  ഗ്രന്ഥപ്പുര ഒരു മഹാ- വിജ്ഞാനസാഗരം തന്നെയായിരുന്നുവത്രേ.

കാര്‍ത്തികയുടെയും അശ്വതിയുടെയും കാലത്ത് അഭിനയിച്ചു പേരെടുത്ത നടന്മാരെ പറ്റി ചുരുക്കം ചില വിവരങ്ങളേ ഉള്ളൂ. അവ പത്മനാഭസ്വാമി ക്ഷേത്രത്തിലെ രേഖകളില്‍ നിന്നും ലഭിച്ചതാണ്. ആറന്മുള കാവുക്കാട്‌ ഇരവിപ്പണിക്കര്‍ ,  കൊട്ടാരക്കര ശങ്കരപണിക്കര്‍, തിരുവല്ലാ അയ്യപ്പപണിക്കര്‍, കുളത്തൂര്‍ ത്രിവിക്രമന്‍ ആശാന്‍, മീനച്ചില്‍ ഇട്ടുണ്ടാപ്പണിക്കര്‍  എന്നിവരുടെ പേരുകള്‍ പല തവണകളിലായി ആടിയ ആദ്യാവസാനക്കാരായി  കാണുന്നു. നളചരിതം, സന്താനഗോപാലം (ഇപ്പോള്‍ ആടുന്നതല്ല), കിരാതം, ധ്രുവചരിതം, ജയദ്രഥവധം, രാവണോത്ഭവം (ഇപ്പോള്‍ ആടുന്നതല്ല),  എന്നിവ മറ്റു കഥകളുടെ കൂട്ടത്തില്‍ ആടിയതായി കാണുന്നുണ്ട്. കോട്ടയം കഥകള്‍ AD  1748-നു ശേഷം മാത്രമേ തിരുവനന്തപുരത്ത് ആടിയിട്ടുള്ളൂ.  പക്ഷെ അവ കുറിച്ചിയിലും കിടങ്ങൂരും അതിനു മുന്‍പ് സ്വീകരിച്ചു കഴിഞ്ഞിരുന്നു. 

അശ്വതിതിരുനാള്‍ രചിച്ചഅംബരീഷചരിതം ആട്ടക്കഥയിലെ 

ഒരു സംസ്കൃതശ്ലോകം :

'സോമകോടിസമധാമ കഞ്ചുകിലലാമ
                              മഞ്ചതലമാസ്ഥിതം
ശ്യാമതാമരസദാമകോമളരമാ
                 ദൃഗഞ്ചലകലാഞ്ചിതം
കാമദായകമമോഘമേഘകുല
               കാമാനീയകഹരംപരം
സാമജാമയഹരം  ഹരിം സ മുനി
              രാമനാമ വനമാലിനം.'  


                                                             (ലേഖനം അവസാനിച്ചു)

2012 നവംബർ 16, വെള്ളിയാഴ്‌ച

കാര്‍ത്തികതിരുനാളും അശ്വതിതിരുനാളും (ഭാഗം -4)

(ശ്രീ. എം.കെ.കെ നായര്‍ അവര്‍കളുടെ ലേഖനത്തിന്റെ തുടര്‍ച്ച )

കപ്ലിങ്ങാട്‌ - കാര്‍ത്തിക തിരുനാള്‍ പദ്ധതി പ്രകാരം ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങള്‍ ചുരുക്കിപ്പറയാം. ഒന്നാമതായി ആഹാര്യാഭിനയം സുന്ദരതരമാക്കി. ചുട്ടിയുടെ വടിവും വികാസവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടതോടു കൂടി തേച്ച വേഷങ്ങള്‍ ആകര്‍ഷകമായി. കത്തിക്കും ചുവപ്പു താടിക്കും മൂക്കിലും നെറ്റിയുടെ നടുവിലും ചുട്ടിപ്പൂവും നല്‍കി. മഹര്‍ഷിക്ക് വെള്ള മനയോലയും മഹര്‍ഷി മുടിയും നല്‍കി. കേശഭാരം സുന്ദര മാക്കി. ഈ പരിഷ്കാരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് കാര്‍ത്തികതിരുനാള്‍ മാത്തൂര്‍ പണിക്കരുടെ നേതൃത്വത്തിലുള്ള കളിയോഗത്തിന്റെ കോപ്പ് പുതുതായി പണിയിച്ചത്.

മഹാരാജാ - നമ്പൂതിരിദ്വയത്തിന്റെ മറ്റൊരു പരിഷ്കാരം കൈമുദ്ര കാണിക്കുന്ന രീതിയെയാണ് ബാധിച്ചത്. മുട്ടുകള്‍ വിടര്‍ത്തി, തോളിന്റെ താനത്തില്‍ പിടിച്ചു മാറിനു നേരേ മുദ്ര കാണിക്കണമെന്നു തീരുമാനിക്കുകയും അതു നടപ്പിലാക്കുകയും ചെയ്തു. 

കോട്ടയം കഥകളുടെ ചിട്ടയില്‍ വലിയ പരിഷ്കരണത്തിനൊന്നും രണ്ടുപേരും തുനിഞ്ഞില്ല.  ചെറിയ പൊടിക്കൈകള്‍ പ്രയോഗിച്ചു എന്നു മാത്രം. എന്നാല്‍ മറ്റു കഥകളുടെ അവതരണത്തില്‍ അതിപ്രധാനമായ പരിഷ്കരണങ്ങളാണ് മഹാരാജാ- നമ്പൂതിരി സംയുക്തം ഏര്‍പ്പെടുത്തിയത്. 

ഉത്ഭവത്തില്‍ രാവണന്റെ തപസ്സാട്ടചിട്ട , നക്രതുണ്ഡിയുടെ ആട്ടവും ചടങ്ങുകളും, ചെറിയ നരകാസുരന്റെ ശൂര്‍പ്പണകാങ്കം, ചെറിയ നരകാസുരന്‍ പത്നിയുമായി  പ്രവേശിക്കുന്ന രീതി, അഴകിയ രാവണന്റെ പ്രവേശം, ആട്ടം, ചിട്ട എന്നിങ്ങനെ. 
മേളത്തിലും പാട്ടിലും പരിഷ്കാരങ്ങള്‍ പലതും ഉണ്ടായി. മഞ്ജുതരയില്‍ ചരണങ്ങള്‍ പല രാഗങ്ങളിലായി പാടുന്നതും അതിനെ തുടര്‍ന്നുള്ള മേളവും കപ്ലിങ്ങാടന്റെ പ്രധാനമായ സംഭാവനയാണ്. 

കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റെ രാജശക്തിയായിരുന്നു കപ്ലിങ്ങാടന്റെ പരിഷ്കാരങ്ങള്‍ക്ക് ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. നാല്‍പ്പതു വര്‍ഷം ഭരിച്ച കാര്‍ത്തിക തിരുനാളിന് എല്ലാ പരിഷ്കാരങ്ങളും നിര്‍ദ്ദാക്ഷിണ്യം നടപ്പിലാക്കുവാനുള്ള സമയവും സാഹചര്യവും ലഭിച്ചു. അങ്ങിനെയാണ് കത്തിവേഷം കഥകളിയിലെ സര്‍വപ്രധാന വേഷമായി തീര്‍ന്നതും രാഘവപിഷാരടിയുടെ രാവണോത്ഭവവും കല്ലൂര്‍ നമ്പൂതിരിപ്പാടിന്റെ കാര്‍ത്തവീരവിജയവും എല്ലാം പ്രചാരപ്പെട്ടതും. പില്‍ക്കാലത്ത് ഇരയിമ്മന്‍തമ്പിയുടെ കീചകവധവും ഉത്തരാസ്വയംവരവും കരീന്ദ്രന്‍ കോയിതമ്പുരാന്റെ രാവണവിജയവും കൂടിയായപ്പോള്‍ കത്തിവേഷം നടന്മാരുടെ സ്വപനമായിത്തീര്‍ന്നു. 

കാര്‍ത്തികതിരുനാളും കപ്ലിങ്ങാട്‌ നമ്പൂതിരിയും ഒത്തുചേര്‍ന്നാണ് എല്ലാ പരിഷ്കാരങ്ങളും നടപ്പില്‍ വരുത്തിയതെങ്കിലും ആ പരിഷ്കൃത സമ്പ്രദായം പില്‍ക്കാലത്ത് അറിയപ്പെട്ടത് കപ്ലിങ്ങാടന്‍ സമ്പ്രദായം അഥവാ കപ്ലിങ്ങാടന്‍ ചിട്ട എന്നാണ് . അതിനു കാരണഭൂതന്‍ മഹാരാജാവ് തന്നെയായിരുന്നുവത്രേ. അദ്ദേഹം കളിയോഗത്തിലെ ആശാന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമ്പോഴെല്ലാം കപ്ലിങ്ങാടന്‍ ചിട്ട ശുദ്ധമായി പാലിക്കണമെന്നാണുപോലും  പറഞ്ഞിരുന്നത്. സംസ്കൃത ചിത്തനായ അദ്ദേഹത്തിന്‍റെ മഹാമനസ്കത കേള്‍വിപ്പെട്ടതാണല്ലോ. 

കപ്ലിങ്ങാടന്‍ സമ്പ്രദായം തിരുവിതാംകൂറില്‍ അരക്കിട്ടുറപ്പിച്ചതു പില്‍ക്കാലത്ത് പ്രശസ്തരായ കണ്ടത്തില്‍ നാരായണ മേനോനും  നളനുണ്ണിയും ആയിരുന്നു.  കല്ലുവഴി സമ്പ്രദായത്തിന്റെ ഉപജ്ഞാതാവായ ഇട്ടിരാരിശമേനോനെ  ചൊല്ലിയാടിക്കുവാന്‍ ഒളപ്പമണ്ണ അപ്പന്‍ നമ്പൂതിരിപ്പാട്‌ ഉത്രം തിരുനാള്‍ മഹാരാജാവിന്റെ അനുമതിയോടുകൂടി നളനുണ്ണിയെ ഇല്ലത്തുവരുത്തി. നളന്റെ ഭാഗം ചൊല്ലിയാടിക്കുവനാണ് ഉദ്ദേശിച്ചതെങ്കിലും നളനുണ്ണിയുടെ സുഭാദ്രാഹരണത്തിലെ അര്‍ജുനന്റെ പതിഞ്ഞ പദം  കണ്ടു ആകൃഷ്ടനായ നമ്പൂതിരിപ്പാട്‌ ഇട്ടിരാരിശമേനോനെ ആ പദമാണ്‌ ആദ്യം ചൊല്ലിയാടിച്ചത്. ഇന്നും നളനുണ്ണിയുടെ ആ ചിട്ടയാണ് കല്ലുവഴി സമ്പ്രദായത്തില്‍ പാലിച്ചു കാണുന്നത്. നെടുമുടി തകഴി എന്നീ പ്രദേശങ്ങളിലാണ് കറയറ്റ കപ്ലിങ്ങാടന്‍ സമ്പ്രദായം കേടുകൂടാതെ പരിപാലിച്ചു വന്നത്. കപ്ലിങ്ങാടന്‍ സമ്പ്രദായം കടത്തനാട്ടും കാവുങ്ങല്‍ കളരിയിലും കാലതാമസം കൂടാതെ പ്രവേശിച്ചു. ആ കളരിയില്‍ കാണുന്ന സമ്പ്രദായം തകഴി ചിട്ടയുമായി അല്‍പ്പസ്വല്‍പ്പം വ്യത്യാസങ്ങള്‍ ഉള്ളതാണ്. ദേശീയമായ രുചിഭേദം കൊണ്ടുവന്ന മാറ്റങ്ങള്‍ ആയിരിക്കാം അവ. കപ്ലിങ്ങാടന്‍ സമ്പ്രദായം കേടുകൂടാതെ നിലനിര്‍ത്തിയത് അമ്പലപ്പുഴ കര്‍ത്താവും കുറിച്ചി കിട്ടന്‍ പിള്ളയും തകഴി കേശവ നെടുമുടി തകഴി എന്നീ പ്രദേശങ്ങളിലാണ് കറയറ്റ കപ്ലിങ്ങാടന്‍ സമ്പ്രദായം കേടുകൂടാതെ പരിപാലിച്ചു വന്നത്. കപ്ലിങ്ങാടന്‍ സമ്പ്രദായം കടത്തനാട്ടും കാവുങ്ങല്‍ കളരിയിലും കാലതാമസം കൂടാതെ പ്രവേശിച്ചു. ആ കളരിയില്‍ കാണുന്ന സമ്പ്രദായം തകഴി ചിട്ടയുമായി അല്‍പ്പസ്വല്‍പ്പം വ്യത്യാസങ്ങള്‍ ഉള്ളതാണ്. ദേശീയമായ രുചിഭേദം കൊണ്ടുവന്ന മാറ്റങ്ങള്‍ ആയിരിക്കാം അവ. 

കപ്ലിങ്ങാടന്‍ സമ്പ്രദായം കേടുകൂടാതെ നിലനിര്‍ത്തിയത് അമ്പലപ്പുഴ കര്‍ത്താവും കുറിച്ചി കിട്ടന്‍ പിള്ളയും തകഴി കേശവപ്പണിക്കരുമായിരുന്നു. ഭീമന്‍ കേശവപ്പണിക്കര്‍ എന്നാണ് പണിക്കര്‍ അറിയപ്പെട്ടിരുന്നത്. ഇന്ന് നാം കാണുന്ന രൌദ്രഭീമന്റെ തേപ്പ് നിര്‍ണ്ണയിച്ചത് കേശവപ്പണിക്കരായിരുന്നു. അദ്ദേഹത്തിന്‍റെ വത്സല ശിഷ്യനായ ഗുരു.ചെങ്ങന്നൂര്‍ രാമന്‍പിള്ളയാണ്  കപ്ലിങ്ങാട്‌ സമ്പ്രദായത്തിലെ അവസാന കണ്ണി. കഴിഞ്ഞ (1980)നവംബര്‍ 28- നു സ്വര്‍ഗ്ഗാരോഹണം  ചെയ്ത രാമന്‍ പിള്ള കപ്ലിങ്ങാടന്‍ സമ്പ്രദായം അദ്ദേഹത്തിന്‍റെ ശിഷ്യരിലേക്ക് പകര്‍ന്നു കൊടുത്തിട്ടുണ്ട്. ആ സമ്പ്രദായപ്രകാരം  ഇന്നു നടന്നുവരുന്ന പകല്‍കുറി കളരിയില്‍ രാമന്‍പിള്ളയുടെ പ്രശസ്ത ശിഷ്യനായ മടവൂര്‍ വാസുദേവന്‍‌ നായരുടെ നേതൃത്വത്തിലാണ് അഭ്യസനം നടക്കുന്നത്. 
                                                                 
                                                                      (തുടരും)

2012 നവംബർ 7, ബുധനാഴ്‌ച

കാര്‍ത്തികതിരുനാളും അശ്വതിതിരുനാളും (ഭാഗം -3)

(ശ്രീ. എം.കെ.കെ നായര്‍ അവര്‍കളുടെ ലേഖനത്തിന്റെ തുടര്‍ച്ച )

മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തു തന്നെ A D.1744-ല്‍  തിരുവനന്തപുരത്തു പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ച് കൃഷ്ണാര്‍ജുനസംവാദം, സുഭദ്രാഹരണം, ഗുരുദക്ഷിണ, സന്താനഗോപാലം, ശംബരവധം, ബാല്യുദ്ഭവം, എന്നീ കഥകള്‍ അഭിനയിക്കപ്പെട്ടു.  1754- ലാണ് നളചരിതം രണ്ടാം ദിവസം ആടിയത്. 1647 -ല്‍ പല കഥകളും ആടിയെങ്കിലും പ്രധാനമായി കിരാതം, ധൃവചരിതം, രാവണോല്‍ഭവം എന്നിവയായിരുന്നു. ഈ  രാവണോല്‍ഭവം പിന്നീട് ആടിയതായി അറിവില്ല. അങ്ങിനെ കാര്‍ത്തിക തിരുനാള്‍ രാജ്യഭാരം ഏറ്റപ്പോള്‍ തിരുവനന്തപുരത്തെ അന്തരീക്ഷം കഥകളിയാല്‍ മുഖരിതമായിരുന്നു എന്നതില്‍ സംശയം ഇല്ല. ഉണ്ണായിവാര്യരും കുഞ്ചന്‍ നമ്പ്യാരും കൂടാതെ ഇട്ടിരാരിശമേനോന്‍ (സന്താനഗോപാലവും  രുഗ്മാംഗാദചരിതവും  രചിച്ച കവി), പുതിയിക്കല്‍ തമ്പാന്‍ (കാര്‍ത്തവീര്യാര്‍ജുനവിജയം,  രാമാനുകരണം ഇവയുടെ രചയിതാവ്  ), അശ്വതി തിരുനാള്‍ (ഇളയ തമ്പുരാന്‍ ), ഇരട്ടക്കുളങ്ങര വാര്യര്‍ (കിരാതകര്‍ത്താവ് ), ഇടവക്കാട് നമ്പൂതിരിമാര്‍, കിളിമാനൂര്‍ രവിവര്‍മ്മ കോയിത്തമ്പുരാന്‍ (കംസവധം രചിച്ച കവി) മുതലായ പ്രശസ്ത വിദ്വാന്മാര്‍ കാര്‍ത്തികതിരുനാളിന്റെ സദസ്യരായിരുന്നു.

കാര്‍ത്തികതിരുനാള്‍ ഏഴ് ആട്ടക്കഥകള്‍ രചിച്ചു. രാജസൂയം (തെക്കന്‍), സുഭദ്രാഹരണം , ബകവധം , ഗന്ധര്‍വവിജയം, പാഞ്ചാലീസ്വയംവരം, കല്യാണസൌഗന്ധികം എന്നിവയാണ് ആ കൃതികള്‍. കത്തിവേഷത്തിന്റെ സാദ്ധ്യതകള്‍ മുന്‍നിര്‍ത്തി വീരരസപ്രൌഡി  തികഞ്ഞ ഒരു കഥാപാത്രമായിട്ടാണ് കാര്‍ത്തികതിരുനാള്‍ രാജസൂയത്തില്‍ ജരാസന്ധനെ അവതരിപ്പിച്ചത്.  
പിന്നീടുണ്ടായതും ഉത്തരകേരളത്തില്‍  പ്രചാരപ്പെട്ടതുമായ വടക്കന്‍ രാജസൂയത്തില്‍ ജരാസന്ധന്‍ താടിയാണ്. 
രാജസൂയം കഥയിലെ പ്രതിനായകന്മാര്‍ ജരാസന്ധനും ശിശുപാലനും ആണ്.  രണ്ടും ശക്തരായ  രാജാക്കന്മാരാണ് എങ്കിലും ജരാസന്ധനാണ് ചക്രവര്‍ത്തി.  ശിശുപാലന്‍ താരതമ്യേന അത്രശക്തനോ പ്രാഭാവശാലിയോ അല്ല. അതാണ്‌ കാര്‍ത്തികതിരുനാള്‍  'ഗോത്രനാഥന്മാരെല്ലാം അത്രവന്നു വണങ്ങുന്ന' ജരാസന്ധനെ കത്തിയിലവതരിപ്പിച്ചത്.

നരകാസുരവധം മുഴുവനും കാര്‍ത്തികതിരുനാളല്ല എഴുതിയത് എന്നാണ് കേള്‍വി. 'അര്‍ണോജാക്ഷികളെ ഹരിച്ചൊരു നിന്‍ കര്‍ണ്ണ നാസികാ- കുചകൃന്തനമിഹ തുര്‍ണ്ണം ചെയ് വന്‍ കണ്ടു കൊള്‍ക നീ' എന്ന പദം ഇത്രയുമായപ്പോള്‍ ആശയം തീര്‍ന്നു പോയി. നാലാമത്തെ വരി പിന്നെ പൂരിപ്പിക്കാം എന്നു വിചാരിച്ചു കാര്‍ത്തിക തിരുനാള്‍ ഓലയും നാരായവും വെച്ചിട്ടു പോയി എന്നും, അശ്വതി തിരുനാള്‍ അതു നോക്കിയശേഷം 'നിര്‍ണ്ണയമതിനുണ്ടുമേ കരാളേ' എന്നെഴുതി ചേര്‍ത്തുവെന്നും അതുകണ്ടു സന്തുഷ്ടനായ മഹാരാജാവ് അദ്ദേഹത്തോട്  'ഇന്നിശേഷം അപ്പന്‍ എഴുതിയാല്‍ മതി എന്നു പറഞ്ഞതിനാല്‍ നരകാസുരവധം കഥ മുഴുവനാക്കിയത് അശ്വതി ആയിരുന്നു എന്നാണ് ഐതിഹ്യം. ഏതായാലും നരകാസുരവധം ആട്ടക്കഥയിലെ  ഉത്തര  ഭാഗത്തിന്റെ ശൈലി പൂര്‍വഭാഗത്തെ അപേക്ഷിച്ചു വളരെ വ്യത്യസ്ഥമായിരിക്കുന്നതിനാല്‍ ഈ ഐതിഹ്യത്തില്‍ കഴമ്പുണ്ടായിരിക്കണം.

കാര്‍ത്തികതിരുനാള്‍ സുഭദ്രാഹരണം രചിച്ചു എങ്കിലും പ്രചാരപ്പെട്ടത്‌ മന്ത്രേടത്തു നമ്പൂതിരിയുടെ കൃതിയാണ്.  കോട്ടയത്തു തമ്പുരാന്റെ കൃതികള്‍  ബകവധവും കല്യാണസൌഗന്ധികവും ഉണ്ടായിരുന്നതിനാല്‍ കാര്‍ത്തികയുടെ കൃതികള്‍ ആരും ആടാന്‍ ഒരുമ്പെട്ടില്ല. കോട്ടയം തമ്പുരാന്റെ കൃതികളെ അപേക്ഷിച്ച് കാര്‍ത്തികയുടെ കൃതികള്‍ കൂടുതല്‍ ലളിതവും സംഗീത മധുരവും ആണെങ്കിലും ചിട്ടപ്പെടുത്തി ഉറപ്പിച്ചു കഴിഞ്ഞ കോട്ടയം കൃതികളെ അവയ്ക്കു സ്ഥാനഭ്രംശം ചെയ്യാന്‍ കഴിഞ്ഞില്ല. മഹാരാജാവുമായി വളരെ അടുത്ത ആശ്രിതബന്ധം പുലര്‍ത്തിയിരുന്ന കപ്ലിങ്ങാട്‌ നമ്പൂതിരിയോടു കല്യാണസൌഗന്ധികം ചൊല്ലിയാടിക്കുവാന്‍ ആവശ്യപ്പെട്ടു എങ്കിലും അദ്ദേഹം അതില്‍ നിന്നൊഴിയുകയായിരുന്നു ചെയ്തത്. മഹാമനസ്കനായ കാര്‍ത്തികയ്ക്ക് അതുകൊണ്ട് കുണ്ടിതമോ  പരിഭവമോ ഉണ്ടായില്ല. കാര്‍ത്തിക തിരുനാളിന്റെ മറ്റു ആട്ടക്കഥകള്‍ പില്‍ക്കാലത്ത് പ്രചാരപ്പെട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ രാജസൂയവും നരകാസുരവധവും ഇന്നും പുതുമയോടെ ആടിവരുന്നുണ്ട്. 

കാര്‍ത്തികതിരുനാളിന്റെ കാലത്താണ് കഥകളിക്ക് ഏറ്റവും പ്രസ്താവ്യമായ പരിഷ്കാരങ്ങള്‍ ഉണ്ടായത്. അക്കാലത്തു തലപ്പള്ളി താലൂക്കിന്റെ വടക്കുഭാഗത്തുള്ള നെടുമ്പുര ഗ്രാമത്തില്‍ കപ്ലിങ്ങാട്‌ ഇല്ലത്തില്‍ നാരായണനെന്നു പേരായി ഒരു നമ്പൂതിരി ജനിച്ചു. ആ ഉണ്ണിയുടെ അച്ഛന് വേളികൂടാതെ ദേശമംഗലത്തു വാര്യത്ത് സംബന്ധവുമുണ്ടായിരുന്നു. അന്തര്‍ജ്ജനവും വാര്യസാരും ഒരേ സമയം ഗര്‍ഭവതികളായത്രേ. അച്ഛന്‍ നമ്പൂതിരി നല്ല കുട്ടികള്‍ ഉണ്ടാവാനായി ദിവസവും വെണ്ണ രണ്ടായി വെവ്വേറെ ജപിച്ചു അന്തര്‍ജ്ജനത്തെ ഏല്‍പ്പിക്കും. ഒന്ന് അവര്‍ക്കും ഒന്ന് വാര്യസാര്‍ക്കും വേണ്ടിയായിരുന്നു. രണ്ടുപേരും അടുത്തടുത്തു പ്രസവിച്ചു. വാര്യസാരുടെ കുട്ടി ഗ്രന്ഥപഠനത്തില്‍ അതീവ തല്‍പ്പരനായി. ഉണ്ണിനമ്പൂതിരിയാകട്ടെ പാട്ടിലും കൊട്ടിലുമാണ്  ആകര്‍ഷിതനായത്. നമ്പൂതിരിക്ക് വാര്യസാരില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടെന്നു ശങ്കിച്ച അന്തര്‍ജ്ജനം തനിക്കു നിശ്ചയിച്ചിരുന്ന വെണ്ണ കൂടി  വാര്യസാര്‍ക്ക് ദിവസവും കൊടുത്തിരുന്നുവത്രേ. ഐതിഹ്യം ശരിയായിരിക്കാം, അല്ലായിരിക്കാം. കപ്ലിങ്ങാട്‌ നമ്പൂതിരി അനുഗ്രഹീതനായ ഒരു താളമേളസംഗീത വിദഗ്ദനും നാട്യ കലയില്‍ അസാധാരണ വിദ്വാനുമായിരുന്നു. എന്നത് ചരിത്ര വാസ്തവമാണ്. ആ വാര്യരുകുട്ടിയാണ് ദേശമംഗലത്ത് ഉഴുത്രവാര്യര്‍  എന്നു പ്രശസ്തനായിതീര്‍ന്ന ശാസ്ത്രജ്ഞന്‍. കുഞ്ഞിട്ടി രാഘവന്‍ നമ്പ്യാര്‍, മനോരമ തമ്പുരാട്ടി, കല്ലൂര്‍ നമ്പൂതിരിപ്പാട്‌ എന്നിവരുടെ ഗുരുവായിരുന്നു വാര്യര്‍. 

കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ നാട്യ കലാപ്രേമം മനസിലാക്കിയ കപ്ലിങ്ങാട്‌ നമ്പൂതിരി അദ്ദേഹത്തെ മുഖം കാണിച്ചു. അന്നുമുതല്‍ കൊട്ടാരത്തില്‍ തന്നെ താമസിച്ചു മഹാരാജാവുമായി ഒത്തുചേര്‍ന്ന് ഒരു കഥകളി പരിഷ്കരണയജ്ഞം തുടങ്ങി. അന്ന് നടപ്പിലിരുന്നത്‌ കല്ലടിക്കോടന്‍ സമ്പ്രദായമായിരുന്നു. ആ സമ്പ്രദായത്തെ ഉടച്ചു വാര്‍ക്കുകയായിരുന്നു കപ്ലിങ്ങാടന്റെ സംരംഭം. വേഷം, രസാഭിനയം, നൃത്തം, പാട്ട് , മേളം എന്നിങ്ങനെ കഥകളിയുടെ എല്ലാ വശങ്ങളിലും കപ്ലിങ്ങാടന്റെയും കാര്‍ത്തിക തിരുനാളിന്റെയും സംയുക്ത പ്രതിഭ ആവരണം ചെയ്തു.  ഈ മഹാ   സംരഭത്തില്‍ പങ്കെടുത്ത മഹാരഥന്മാര്‍ ഇട്ടീരിപ്പണിക്കര്‍,  കൃഷ്ണപ്പണിക്കര്‍, ഉണ്ണീരിപ്പണിക്കര്‍ എന്ന മഹാനടന്മാര്‍  ആയിരുന്നു.       സൌഗന്ധികത്തില്‍ ഹനുമാന്റെ ചിട്ട 
അവതരിപ്പിച്ചത്  ഇട്ടീരിപ്പണിക്കാരാണ്.   

                                                                          (തുടരും )

2012 നവംബർ 1, വ്യാഴാഴ്‌ച

കാര്‍ത്തികതിരുനാളും അശ്വതിതിരുനാളും (ഭാഗം -2)




(ശ്രീ.എം.കെ.നായര്‍ അവര്‍കളുടെ ലേഖനത്തിന്റെ തുടര്‍ച്ച) 

പില്‍ക്കാലത്ത് മാത്തൂര്‍ കളിയോഗത്തിന്റെ നിലവാരം ക്ഷയിക്കുകയാല്‍ ഉത്രം തിരുനാള്‍ മഹാരാജാവ് വലിയകൊട്ടാരം വകയായി ഒരു കളിയോഗം രൂപീകരിക്കുകയും ഉത്സവക്കളി  ആ കളിയോഗത്തെ ഏല്‍പ്പിക്കുകയും ചെയ്തു. എങ്കിലും മാത്തൂര്‍ കളിയോഗം വടക്കേ നടയില്‍ ആടാറുണ്ടായിരുന്നു. കിഴക്കേ നടയില്‍ നടക്കുന്ന കളിക്ക് ദൃഷ്ടിദോഷം വരാതിരിക്കാനാണോ എന്ന് തോന്നും ആ വടക്കേ നട ആട്ടം കണ്ടാല്‍. 

മാര്‍ത്താണ്ഡവര്‍മ്മയുടെ സദസ്സില്‍ ഉണ്ണായിവാര്യരും , കുഞ്ചന്‍നമ്പ്യാരും ഉണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ മരണത്തിനു മുന്‍പു തന്നെ ഉണ്ണായിവാര്യര്‍ നളചരിതം രചിച്ചിരുന്നു. നാലു ദിവസത്തെ കഥയാണെങ്കിലും ആദ്യമായി ചൊല്ലിയാടിച്ചത് രണ്ടാം ദിവസം മാത്രമാണ്. ഇന്നും കളരികളില്‍ രണ്ടാം ദിവസം മാത്രമേ അഭ്യാസ പരിപാടിയായി ചൊല്ലിയാടാറുള്ളൂ.
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തിരുവനന്തപുരത്ത് കഥകളി പ്രചാരത്തിലുണ്ടായിരുന്നു. കാര്‍ത്തിക തിരുനാള്‍ ആ കലാരൂപത്തില്‍ വളരെ പ്രതിപത്തി കാണിക്കുകയും ചെയ്തിരുന്നു. കളിയോഗങ്ങള്‍ വന്നു കളിയരങ്ങുകള്‍ നടത്തുക എന്നല്ലാതെ സ്ഥിരമായി ചില സന്ദര്‍ഭങ്ങളില്‍ ആട്ടം ആടുന്ന പതിവുണ്ടായിരുന്നില്ല. കിടങ്ങൂര്‍, കുറിച്ചി എന്നീ പ്രദേശങ്ങളിലായിരുന്നു കളരികള്‍ ചിട്ടയായി പ്രവര്‍ത്തിച്ചിരുന്നത്. ആ കളിയോഗങ്ങള്‍ തിരുവനന്തപുരത്തു വന്ന് ആടിയിരുന്നു. കുറിച്ചിയിലെ ഒരു ആശാനാണ് നളചരിതം രണ്ടാം ദിവസം സംവിധാനം ചെയ്തതും ചൊല്ലിയാടിച്ചതും, മാര്‍ത്താണ്ഡവര്‍മ്മയുടെ മുന്‍പില്‍ അരങ്ങേറ്റം നടത്തിയതും.  

                                                         
അന്നുണ്ടായിരുന്ന കഥകളിയുടെ ഒരു ഏകദേശ രൂപം മനസിലാക്കുന്നതു നന്നായിരിക്കും. 
കൊട്ടാരക്കരയില്‍നിന്നും വെട്ടത്തു നാട്ടിലേക്കു പോയ സംഘം പാളക്കിരീടവുംനീലത്തേപ്പും ചില ഉടയാടകളുമാണ് സ്വീകരിച്ചിരുന്നത്.  നടന്മാര്‍ തന്നെ പദങ്ങള്‍ പാടിആടിയിരുന്നു. മദ്ദളവും ഇലത്താളവും മാത്രമേ മേളമായിട്ടുണ്ടായിരുന്നുള്ളൂ. വെട്ടത്തു തമ്പുരാന്‍ സാരമായ പരിഷ്കാരങ്ങള്‍ വരുത്തി , മുഖത്തു ചുട്ടിയും ധീരോദാത്ത നായകര്‍ക്കു പച്ചയും ധീരോദ്ധതര്‍ക്ക് കൂടിയാട്ടത്തിലെ കത്തിയും നിശ്ചയിച്ചു. മേളത്തിനു ചെണ്ടയും ചേര്‍ത്തു. തോരണയുദ്ധം ചൊല്ലിയാടുമ്പോള്‍ രാവണന്റെ വേഷത്തിന് അസാമാന്യനായ നടനെയാണ് കിട്ടിയത്. അയാള്‍ക്ക്‌ വിക്കുണ്ടായിരുന്നതിനാല്‍ പദങ്ങള്‍ പാടാന്‍ വിഷമമായി. മാത്രമല്ല, വെട്ടത്തു തമ്പുരാന്‍ കലാശം ചിട്ടപ്പെടുത്തിയപ്പോള്‍ കളരിപ്പയറ്റില്‍ അഭ്യസിച്ച് ഊറ്റം വെച്ച നടന്മാരെയാണ് ഉപയോഗിച്ചത്. കലാശങ്ങള്‍ എടുത്തു കഴിഞ്ഞപ്പോള്‍ നടന്മാര്‍ക്കു പദം പാടാന്‍ ശ്വാസം ശരിയാവാതെയായി. അങ്ങിനെയാണ് ശ്ലോകങ്ങളും പദങ്ങളും പാടാന്‍ വെട്ടത്തു തമ്പുരാന്‍ ഒരു പാട്ടുകാരനെ പിന്നില്‍ നിര്‍ത്തി ഇലത്താളവും കൊടുത്തത്.  

കോട്ടയം തമ്പുരാന്‍ ആട്ടത്തിന്റെ ഉള്ളടക്കത്തിലും നാട്യധര്‍മ്മി അനുസരിച്ചുള്ള രീതികളിലുമാണ് ശ്രദ്ധ ചെലുത്തിയത്. തോടയം,പുറപ്പാട്, മഞ്ജുതര മുതലായവയെല്ലാം അദ്ദേഹത്തിന്‍റെ സംഭാവനകളാണ്. വെട്ടത്തു തമ്പുരാന്‍ അവതരിപ്പിച്ചിരുന്ന തിരനോട്ടം കോട്ടയം തമ്പുരാന്‍ ഭാവോദ്ദീപകമാക്കി. രാമായണ കഥാരംഗങ്ങളില്‍ നാടകീയതയും ഭാവോല്‍ക്കടതയും കുറവായതിനാലാണ് കോട്ടയം അതെല്ലാം അത്ഭുതകരമാം വിധത്തില്‍ നിറഞ്ഞിരുന്ന ഭാരതകഥയെ ആസ്പദമാക്കി ആട്ടക്കഥകള്‍ രചിച്ചത്. രചിക്കുക മാത്രമല്ല കഥകളിയുടെ അടിത്തറയായി അവ എന്നും നിലനിലക്കത്തക്ക വിധത്തില്‍ അവയ്ക്ക് ചിട്ടകള്‍ നിര്‍ദ്ദേശിക്കുകയും നിര്‍ദ്ദാക്ഷിണ്യം അവയെ അദ്ദേഹം നടപ്പില്‍ വരുത്തുകയും ചെയ്തു. കല്ലടിക്കോട്ടു പ്രദേശത്തു കറതീര്‍ന്ന ആ സമ്പ്രദായം കല്ലടിക്കോടന്‍ എന്നപേരില്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രചാരപ്പെടുകയും കിടങ്ങൂര്‍, കുറിച്ചി മുതലായ കളരിയോഗങ്ങള്‍ ആ സമ്പ്രദായത്തെ സ്വീകരിക്കുകയും ചെയ്തു. കാലക്രമേണ കിടങ്ങൂരും കുറിച്ചിയും ആ സമ്പ്രദായത്തില്‍ കാലോചിതമായ ചില പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അങ്ങിനെ കുറിച്ചിക്കാര്‍ അവതരിപ്പിച്ച ഒരു പരിഷ്കാരം രണ്ടു പാട്ടുകാരെ നിയോഗിക്കുക എന്നതായിരുന്നു. ഒന്നാമന്‍ ചേങ്കില കൊട്ടി പാടുകയും രണ്ടാമന്‍ ഇലത്താളം കൊണ്ടു മേളക്കൊഴുപ്പു നല്‍കി ഏറ്റുപാടുകയും ചെയ്തു തുടങ്ങിയത് കുറിച്ചിയിലാണ്. അതോടുകൂടി കഥകളിയില്‍ പൊന്നാനിയും ശങ്കിടിയും സ്ഥലം പിടിച്ചു.

കുറിച്ചിക്കാരുടെ പരിഷ്കരണം കൂടി ഉണ്ടായശേഷമാണ്   മാര്‍ത്താണ്ഡവര്‍മ്മയുടെ  മുന്‍പില്‍ ഉണ്ണായിവാര്യരുടെ നളചരിതം രണ്ടാംദിവസം അരങ്ങേറിയത്. അതേസമയം കിടങ്ങൂര്‍ കളരി മറ്റൊരു കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നു. കിടങ്ങൂരും പരിസരങ്ങളിലും കൂടിയാട്ടം പ്രചാരപ്പെട്ടിരുന്നു. കൂടിയാട്ടത്തില്‍ കത്തിവേഷത്തിനുള്ള പ്രത്യേകത അവരെ ആകര്‍ഷിച്ചു. കത്തിവേഷം അഭിനേതാവിന്റെ ദൃഷ്ടിയില്‍ അസാധാരണമായ സാദ്ധ്യതകള്‍ ഉള്ളതാണെന്നു കാണുകയാല്‍ കിടങ്ങൂര്‍ ആശാന്മാര്‍ ഖരവധം, തോരണയുദ്ധം മുതലായവ പ്രത്യേകം ശ്രദ്ധിച്ചു. ശൂര്‍പ്പണകാങ്കം  മുതലായവയ്ക്ക് പ്രത്യേകമായ പരിഗണനയുണ്ടാക്കി.കോട്ടയം കഥകളില്‍ കത്തി വേഷത്തിനു വലിയ പ്രാധാന്യം കല്‍പ്പിചിട്ടില്ലാതിരുന്നതിനാല്‍ കിടങ്ങൂര്‍ കളരിയില്‍ ചിട്ട ചെയ്തു മിനുക്കിയെടുത്ത കത്തി വേഷങ്ങള്‍ എല്ലാം രാമായണം കഥകളിലെ മാത്രമായിരുന്നു. കിടങ്ങൂര്‍ കളിയോഗം കൊച്ചിയിലും തിരുവിതാംകൂറിലും സഞ്ചരിച്ച് അനവധി കളിയരങ്ങുകള്‍ നടത്തുകയുണ്ടായി. അങ്ങനെ തൃപ്പൂണിത്തുറയിലും തിരുവനന്തപുരത്തും കിടങ്ങൂര്‍ക്കാരുടെ ഖരനും രാവണനും കഥകളി രംഗത്തു ശക്തമായ ചില തരംഗങ്ങള്‍ ഇളക്കിവിട്ടു. കഥകളിയുടെ ചരിത്രത്തില്‍ ഒരു സുപ്രധാനമായ വഴിത്തിരിവിന് ആ തരംഗങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. വാര്യരുടെ നളചരിതത്തോടുകൂടി ഋതുമതിയായിത്തീര്‍ന്ന കഥകളി ബാലിക നവോഢയായത്‌ അടുത്ത അറുപതു കൊല്ലങ്ങള്‍ കൊണ്ടാണ്.

ബാലിവിജയം, രാവണോത്ഭവം, കാര്‍ത്തവീര്യവിജയം, നരകാസുരവധം, രാജസൂയം, കീചകവധം, ഉത്തരാസ്വയംവരം, രാവണവിജയം  എന്നീ എട്ടു കഥകളാണ് കഥകളിയെ പരിപുഷ്ടയാക്കിയത്.  
                                                                         (തുടരും) 

2012 ഒക്‌ടോബർ 24, ബുധനാഴ്‌ച

കാര്‍ത്തികതിരുനാളും അശ്വതിതിരുനാളും (ഭാഗം -1)


കേരളചരിത്രവും കഥകളിയുടെ ചരിത്രവും ഊടും പാവുംപോലെ പരസ്പര ബന്ധങ്ങളാണ്. കഥകളിയാകുന്ന പാവമുണ്ടിനെ പരിഷ്കരണത്തിന്റെ കസവണിയിച്ച കാര്‍ത്തിക - അശ്വതി - കോട്ടയം തമ്പുരാക്കന്മാരുടെ കരവിരുതിനെ വസ്തു നിഷ്ടമായി  വിലയിരുത്തിക്കൊണ്ട്   ശ്രീ. എം.കെ.കെ. നായര്‍ അവര്‍കള്‍ 1981- ല്‍ എഴുതിയയതാണ്  ഈ  ലേഖനം.  അദ്ദേഹത്തിന്റെ   പ്രസ്തുത  ലേഖനം ഇന്നത്തെ  ഇന്റര്‍നെറ്റ് യുഗത്തിലെ  കഥകളി  ആസ്വാദകര്‍ വായിച്ചിരിക്കുവാനിടയില്ല. അതുകൊണ്ട്   അദ്ദേഹത്തിന്‍റെ ലേഖനത്തെ പല   ഭാഗങ്ങളാക്കി  വിഭജിച്ച്  പോസ്റ്റു ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു. ലേഖനത്തിന്റെ ആദ്യഭാഗം  കഥകളിയെയും കഥകളി കലാകാരന്മാരെയും സ്നേഹിച്ചിരുന്ന മഹാനായ എം. കെ.കെ. നായര്‍ അവര്‍കളെ മനസാ സ്മരിച്ചു കൊണ്ട് ആസ്വാദകസമക്ഷം സമര്‍പ്പിക്കുന്നു. നിങ്ങളുടെ പരിപൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നു. 



                                                             Sri. M.K.K. Nair

ഒരു അവിസ്മരണീയ മഹാ പുരുഷനായിരുന്നു കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്.  ധര്‍മ്മരാജാ എന്നും രാമരാജ ബഹദൂറെന്നും മറ്റും ഇന്നും ഏവരും സ്നേഹ ബഹുമാനപൂര്‍വ്വം സ്മരിക്കുന്ന കാര്‍ത്തികതിരുനാള്‍  AD1758 - ലാണ്‌ ശ്രീ. വീര മാര്‍ത്താണ്ഡവര്‍മ്മയുടെ മരണാനന്തരം രാജ്യ ഭാരമേറ്റത്.  ചെറിയ ഒരു പ്രദേശമായിരുന്ന വേണാടിന്റെ ആധിപത്യം ലഭിച്ച ഉടനെ, മരണംവരെ പടവെട്ടി, അയല്‍ രാജ്യങ്ങളെല്ലാം പിടിച്ചെടുത്തു.   കന്യാകുമാരി മുതല്‍ അങ്കമാലി വരെ തിരുവിതാംകൂര്‍ എന്ന പേരില്‍ ഒരു രാജ്യമാക്കിത്തീര്‍ത്ത മാര്‍ത്താണ്ഡവര്‍മ്മയുടെ മരണ സമയത്ത് രാജ്യത്തിനുള്ളില്‍ ക്രമ സമാധാന നില വളരെ മോശമായിരുന്നു. നിരന്തരമായ യുദ്ധം മൂലം ഖജനാവും ശോഷിച്ചിരുന്നു. ആ സമയത്താണ് യുവാവായ കാര്‍ത്തികതിരുനാള്‍ രാജ്യഭാരമേറ്റത്.  വിദ്വാനും സമചിത്തനുമായ അദ്ദേഹം നാലഞ്ചുവര്‍ഷം കൊണ്ടുതന്നെ  തന്റെ രാജ്യത്തെ ഐശ്ചര്യഭൂയിഷ്ഠമാക്കിത്തീര്‍ത്തു.  ഖജനാവ്‌ നിറഞ്ഞൊഴുകി. ജനങ്ങള്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ ഭയാശങ്കാരഹിതരായി ജീവിക്കുവാന്‍ തുടങ്ങി. പക്ഷെ ആ അന്തരീക്ഷം അധികം നിലനിന്നില്ല. ആദ്യം ഹൈദരാലിയും പിന്നീടു ടിപ്പുസുല്‍ത്താനും ഹരിതമനോഹരമായ കേരളത്തില്‍ കണ്ണു വെച്ചപ്പോള്‍ മുതല്‍ കേരളത്തിലെ അന്തരീക്ഷം കലങ്ങി മറിഞ്ഞു. ഹൈദരാലിയും  ടിപ്പുസുല്‍ത്താനുംഅസാമാന്യശേഷിയും കാര്യബോധവും സഹിഷ്ണതയും നേതാക്കളായിരുന്നുവെങ്കിലും അവരുടെ കീഴ്- സില്‍ബന്ദികളില്‍ പലരും ക്രൂരന്മാരും മാദോന്‍മത്തരുമായിരുന്നു. അവരുടെ ആക്രമണ പീഡനങ്ങള്‍ക്ക് ഇരയായി തീര്‍ന്ന  ഉത്തരകേരളീയര്‍  ഭയന്നു പലായനം ചെയ്തത് തിരുവിതാംകൂറിലേക്ക്  ആയിരുന്നു. അങ്ങിനെ ലക്ഷക്കണക്കിനു വന്നുചേര്‍ന്ന അഭയാര്‍ത്ഥികളെയെല്ലാം സ്നേഹപൂര്‍വ്വം ധര്‍മ്മരാജാവിന്റെ ആജ്ഞപ്രകാരം തിരുവിതാംകൂറില്‍ സ്വീകരിക്കുകയും അവര്‍ക്ക് സുഖമായി ജീവിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുകയും ചെയ്തു. ഈ തന്റേടം ടിപ്പുവിനെ കൃദ്ധനാക്കി. അതോടുകൂടി ടിപ്പു പടയൊരുക്കുവാനും തുടങ്ങി. അങ്ങിനെ ഒരു വന്‍യുദ്ധത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ മറ്റു ഗത്യന്തരമില്ലായ്കയാല്‍ അഭിമാനിയായ ധര്‍മ്മരാജാവിനു  തുടങ്ങേണ്ടിവന്നു. യുദ്ധം ഒന്നല്ല, രണ്ടെണ്ണം നടന്നു. പക്ഷെ ടിപ്പുവിന്റെ ഉദ്ദേശം നടന്നില്ല. ആലുവ, പറവൂര്‍ മുതലായ ചില സ്ഥലങ്ങളില്‍ നാശനഷ്ടങ്ങള്‍ ഏല്‍പ്പിച്ച ശേഷം ടിപ്പുവിനു മടങ്ങേണ്ടി വന്നു. അതികായനായ രാജാകേശവദാസ്‌ ദിവാന്‍ജിയുടെ അസാധാരണമായ നേതൃത്വവും രാജ്യ സ്നേഹവുമായിരുന്നു ധര്‍മ്മരാജാവിനെ ഈ ദുര്‍ഘടങ്ങളിലെല്ലാം പരിരക്ഷിച്ചതും  തിരുവിതാംകൂറിന്റെ നാനാമുഖമായ വളര്‍ച്ചയ്ക്ക് വഴി തെളിച്ചതും.


തന്നേക്കാള്‍ എത്രയോ ശക്തനും തന്റേടക്കാരനുമായ ഒരു ശത്രുവിനെ യുദ്ധത്തില്‍ നേരിടുന്ന ബദ്ധപ്പാടില്‍ വര്‍ഷാ- വര്‍ഷങ്ങളായി കഷ്ടപ്പെടേണ്ടി വന്നുവെങ്കിലും പണ്ഡിതനും, കലോപാസകനും സഹൃദയാഗ്രണിയുമായിരുന്ന കാര്‍ത്തികതിരുനാള്‍ തന്റെ ഏറ്റവും വിഷമഘട്ടത്തില്‍ പോലും മനസ്വാസ്ഥ്യം കണ്ടത് കവിതയെഴുത്തിലും കഥകളിയിലുമാണ്. ഏതാണ്ട്  AD. 1575-ല്‍ കൊട്ടാരക്കരയില്‍ പ്രാകൃതരൂപം കൊണ്ട രാമനാട്ടം വെട്ടത്തു തമ്പുരാന്റെ പരിചരണവും ഉടച്ചുവാര്‍ക്കലും കഴിഞ്ഞു കഥകളിയായി തീര്‍ന്ന കാലത്താണ് കാര്‍ത്തിക തിരുനാള്‍ രംഗപ്രവേശനം ചെയ്തത്. നാട്യകലയില്‍  കോട്ടയത്തു തമ്പുരാനെപ്പോലെ  പ്രവീണ്യം നേടിയിരുന്ന കാര്‍ത്തിക തിരുനാള്‍ ഭാരതമുനിയെ തുടര്‍ന്ന്, എന്നാല്‍ കേരളീയ സമ്പ്രദായങ്ങളെ മുന്‍നിര്‍ത്തി ഒരു അപൂര്‍വ ഗ്രന്ഥം നിര്‍മ്മിച്ചു.  "ബാലഭാരതം" എന്നറിയപ്പെടുന്ന ആ വിശിഷ്ട ഗ്രന്ഥം നാട്യകലയുടെ കാതലാണ്. അതിലളിതമായ, സരസമായ സംസ്കൃത ശൈലിയില്‍ ഇപ്രകാരമൊരു മൂലഗ്രന്ഥം  വേറെ കാണുകയില്ല.  

                                                           മാര്‍ത്താണ്ഡവര്‍മ്മ

 മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തു ചെമ്പകശേരി രാജ്യം യുദ്ധം ചെയ്തു പിടിച്ചടക്കിയ സേനയുടെ നേതൃത്വം കാര്‍ത്തിക തിരുനാള്‍ യുവരാജാവിനായിരുന്നു. യുദ്ധം കഴിഞ്ഞ് അവിടെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചതും അദ്ദേഹമായിരുന്നു.  
അന്ന് ചെമ്പകശേരിയിലെ മന്ത്രിയായിരുന്ന മാത്തൂര്‍ പണിക്കരുടെ കുടുംബത്തില്‍  പേരുകേട്ട ഒരു കളിയോഗം ഉണ്ടായിരുന്നു. ചെമ്പകശേരി പിടിച്ചെടുക്കുന്നതിനു വേണ്ടി  ഒത്താശകള്‍  ചെയ്ത മാത്തൂര്‍ പണിക്കരുടെ കളിയോഗത്തിന്റെ പ്രകടനം യുവരാജാവ് കാണാനിടയായി. അഭ്യാസത്തികവും    അഭിനയനൈപുണിയും തികഞ്ഞ ആ കളിയോഗം യുവരാജാവിനെ വശീകരിച്ചു എന്നു പറയേണ്ടല്ലോ.


                                                             കാര്‍ത്തിക തിരുനാള്‍

മാര്‍ത്താണ്ഡവര്‍മ്മയുടെ മരണശേഷം ഭരണമേറ്റ് അധികനാള്‍ കഴിയും മുമ്പുതന്നെ കാര്‍ത്തിക തിരുനാള്‍ മഹാരാജാവ്   മാത്തൂര്‍ കാരണവരെയും കളിയോഗത്തെയും തിരുവനന്തപുരത്തേക്കു വരുത്തി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനു കളി അരങ്ങുകള്‍ നടത്തി. സന്തുഷ്ടനായ മഹാരാജാവ് അന്നുമുതല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനു മാത്തൂര്‍ പണിക്കരുടെ നേതൃത്വത്തിലുള്ള കളി എല്ലാ ദിവസവും വേണമെന്നു നിര്‍ദ്ദേശിക്കുകയും  മാത്തൂര്‍ കുടുംബത്തിന് അനുയോജ്യമായ വേതനം നിശ്ചയിക്കുകയും ചെയ്തു. അങ്ങിനെയാണ് തിരുവനന്തപുരം  ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍  ഉത്സവത്തിന് കഥകളി ഒരു അനിവാര്യ ഘടകമായിത്തീര്‍ന്നത്. 
                   
                                                                                     (തുടരും ... )
 

2012 ഒക്‌ടോബർ 17, ബുധനാഴ്‌ച

ഗുരുസ്മരണാദിനം (2012)


ചെന്നൈ ബസന്റ് നഗറില്‍  ( നമ്പര്‍ -1, എലിയാട്സ് ബീച്ച് ) 14-10 -2012 -നു വൈകിട്ട് അഞ്ചര മണിയ്ക്ക് 'കലാസാഗര്‍'  സംഘടനയുടെ നേതൃത്വത്തില്‍ പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ ആശാന്റെ സ്മരണാദിനം ആചരിച്ചു.
വൈകിട്ട് അഞ്ചര മുതല്‍ ശ്രീ. ധനഞ്ജയന്‍, ശ്രീമതി. ശാന്താ ധനഞ്ജയന്‍ എന്നിവരുടെ ശിഷ്യരുടെ നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു
  •  
                               നൃത്ത പരിപാടികള്‍

ആറുമണിക്ക് ആരംഭിച്ച ഗുരുവന്ദനം പരിപാടിയില്‍  ശ്രീ.പി.എന്‍.ശ്രീകുമാര്‍ അവര്‍കള്‍ സദസ്യരെയും  വിശിഷ്ട അതിഥികളെയും സ്വാഗതം ചെയ്തു.  മുഖ്യ അതിഥി ഡോക്ടര്‍. വൈജയന്തിമാലാ ബാലി നിലവിളക്ക് തെളിച്ച് ഉത്ഘാടനം ചെയ്തു. പ്രസിദ്ധ വയലിന്‍ വിദ്വാന്‍  T.N. കൃഷ്ണന്‍,  ശ്രീ.ശാന്താ ധനഞ്ജയന്‍, ശ്രീമതി. ധനഞ്ജയന്‍, ഡോക്ടര്‍.വൈജയന്തിമാലാ ബാലി, എന്നിവരെയും   പ്രശസ്തനായ  എഴുത്തുകാരന്‍, നാടകകൃത്ത്,  എന്നീ നിലയിലും ശ്രീ. രാജാ രവിവര്‍മ്മയുടെ കൊച്ചുമകന്‍ എന്ന നിലയിലും അറിയപ്പെടുന്ന ശ്രീ.ശ്രീകുമാര്‍ വര്‍മ്മ, പ്രശസ്ത തൊഴിലുടമ  ശ്രീ. നല്ലികുപ്പുസ്വാമി എന്നിവര്‍  അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തുകയും  പിന്നീട് കലാസാഗര്‍ അവരെയെല്ലാം  ആദരിക്കുകയും ചെയ്തു. ഡോക്ടര്‍. കെ.എസ്സ്. മോഹന്‍ദാസ്‌ അവര്‍കള്‍ വിശിഷ്ട അതിഥികള്‍ക്കും, ഗുരുസ്മരണയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും  നന്ദി പ്രകടിപ്പിച്ചു. 


ശ്രീ. ശ്രീകുമാര്‍ വര്‍മ്മ , ശ്രീമതി. വൈജയന്തീമാലാ ബാലി, ശ്രീ. നല്ലി കുപ്പുസ്വാമി,
ശ്രീ.T.N .കൃഷ്ണന്‍, ശ്രീ. ധനഞ്ജയന്‍ , ശ്രീമതി. ശാന്താ ധനഞ്ജയന്‍ 
                                                                   

രാത്രി എട്ടുമണിക്ക് ബാലിവധം കഥകളി അവതരിപ്പിച്ചു. സുഗ്രീവന്റെ തിരനോക്കോടെയാണ്  രംഗം ആരംഭിച്ചത്. തന്റെ ആഗ്രഹപ്രകാരം ദുന്ദുഭിയുടെ അസ്ഥികൂടം രാമന്‍ തന്റെ കാലിന്റെ പെരുവിരല്‍  കൊണ്ട്‌ പൊക്കി എറിഞ്ഞു. എന്നാലും ബാലിയെ വധിച്ചു തന്റെ ദുഖത്തെ ശമിപ്പിക്കുവാന്‍ രാമന് സാധിക്കുമോ എന്നുള്ള സംശയ ചിന്തയും തനിക്കു നേരിട്ട ദുഖകരമായ അവസ്ഥയെയുമാണ് രംഗത്ത് സുഗ്രീവന്‍ അവതരിപ്പിച്ചത്. 



                                                                    സുഗ്രീവന്‍


                                                             ശ്രീരാമനും സുഗ്രീവനും 

ബാലി തന്റെ കയ്യൂക്കു ശമിപ്പിക്കുന്ന ഏഴു വൃക്ഷങ്ങളില്‍  ഒന്നിനെ മുറിക്കണം എന്ന് സുഗ്രീവന്‍ ശ്രീരാമനോട് അപേക്ഷിക്കുന്നതു  മുതലാണ്‌   രണ്ടാം രംഗം തുടങ്ങിയത്. അതിനു സമ്മതിച്ച  ശ്രീരാമന്‍ തന്റെ ഒരേയൊരു  അസ്ത്രപ്രയോഗം കൊണ്ട്  ഏഴു വൃക്ഷങ്ങളെയും മുറിച്ചു വീഴ്ത്തുന്നത് കണ്ട് അത്ഭുതപ്പെട്ട  സുഗ്രീവന് രാമനില്‍ വിശ്വാസം ഉണ്ടാകുന്നു. സുഗ്രീവന്‍ രാമനെ നമസ്കരിച്ചു. ബാലിയെ പോരിനു വിളിച്ചു ധൈര്യമായി നേരിടുക എന്നും  ഞാന്‍ സഹായിക്കാമെന്നും  ശ്രീരാമന്‍ സുഗ്രീവനോടു  നിര്‍ദ്ദേശിക്കുന്നു.  ദേവന്മാരും അസുരന്മാരും പാലാഴി കടഞ്ഞു ക്ഷീണിതരായപ്പോള്‍ ഇന്ദ്രന്‍ ബാലിയെ വിളിച്ചു പാലാഴി കടയുവാന്‍ ആവശ്യപ്പെട്ടു. ബാലി ഒറ്റയ്ക്ക് പാലാഴി കടഞ്ഞു. സന്തോഷവാനായ ഇന്ദ്രന്‍ ബാലിയെ അഭിനന്ദിച്ചുകൊണ്ട്  "നിന്നെ നേരിട്ട് യുദ്ധം ചെയ്യുന്ന ശത്രുവിന്റെ പകുതി ബലം നിനക്ക് വന്നുചേരും എന്ന് അനുഗ്രഹിച്ചിട്ടുണ്ട് " എന്നും കാഴ്ചയില്‍ ഞാനും ബാലിയും ഒരേ രൂപസാദൃശ്യം ഉള്ളതിനാല്‍ അപദ്ധത്തില്‍ ബാലിയുടെ നേര്‍ക്ക്‌ അയയ്ക്കുന്ന അങ്ങയുടെ അമ്പേറ്റു തനിക്കു മരണം സംഭവിച്ചേക്കുമോ  എന്ന ഭീതി തനിക്കുണ്ടെന്നും സുഗ്രീവന്‍ രാമനെ അറിയിക്കുന്നു. ഞാന്‍ നല്‍കുന്ന  ഹാരം അണിഞ്ഞു കൊണ്ട് ബാലിയെ നേരിടൂ, ഞാന്‍ മറഞ്ഞിരുന്നു കൊണ്ട് ബാലിയെ വധിച്ചു കൊള്ളാം എന്ന് സുഗ്രീവന്, ശ്രീരാമന്‍ ഉറപ്പു നല്‍കുന്നു. രാമന്‍ നല്‍കിയ മാലയും  അണിഞ്ഞുകൊണ്ട്  സുഗ്രീവന്‍ ബാലിയെ പോരിനു വിളിക്കുന്നു. 


                                                          ബാലിയുടെ തിരനോക്ക് 

 ബാലിയുടെ തിരനോക്കോടെ മൂന്നാം രംഗം ആരംഭിച്ചു. തന്നെ ആരോ പോരിനു വിളിക്കുന്നതു കേട്ട് ക്രുദ്ധനായ ബാലി  മരങ്ങളുടെ ഇടയിലൂടെ വീക്ഷിച്ചു. സുഗ്രീവന്‍ തൊഴുതുകൊണ്ട്  സാവധാനം  ബാലിയുടെ സമീപമെത്തി ബാലിയുടെ പാദത്തില്‍ തൊട്ടു വന്ദിച്ചശേഷം പിന്തിരിഞ്ഞോടി ദൂരെ നിലയുറച്ചു. എന്നെ യുദ്ധത്തിനു വിളിച്ചത് നീയാണോ എന്നും, യുദ്ധത്തിനു വിളിച്ചിട്ട് ഭയന്ന് ഓടുന്നത് എന്തിനാണ് എന്നും ബാലി സുഗ്രീവനോട് ചോദിച്ചു. 
അങ്ങ് എന്നെ തെറ്റി ധരിച്ചിരിക്കുകയാണ്.  അങ്ങയുടെ മുഖം കാണുമ്പോള്‍ എനിക്കു  ഭയമാണ് എന്ന് സുഗ്രീവന്‍ മറുപടി പറഞ്ഞപ്പോള്‍ "നീ ഭയപ്പെടേണ്ട, അടുത്തുവാ" എന്ന് ബാലി സുഗ്രീവനെ വിളിച്ചു. സുഗ്രീവന്‍ ഭയത്തോടെ പതുക്കെ ബാലിയെ സമീപിച്ചു കൊണ്ട് കാലില്‍ തൊട്ടു വന്ദിച്ചു. 

 ബാലി സുഗ്രീവന്റെ കൈവെള്ളയില്‍ പിടിച്ചു തടവിക്കൊണ്ട്  "നിനക്ക് ഞാന്‍ ഈ കയ്യില്‍ ചോറ് ഉരുട്ടിവെച്ചു തന്നിട്ടില്ലേ"  എന്ന് ചോദിച്ചു. സുഗ്രീവന്‍ ചേട്ടന്‍ തന്നിട്ടുള്ള ആഹാരം ഭുജിച്ചത് സ്മരിച്ചു. ഞാന്‍ നല്‍കിയ ആഹാരം സ്വീകരിച്ച ഈ കൈകൊണ്ടു തന്നെയല്ലേ ഒരു പാമ്പിനെ പോലെ നീ എന്നെ ചതിച്ചത് എന്ന് ചോദിച്ചുകൊണ്ട് ബാലി, സുഗ്രീവന്റെ കൈ പിടിച്ചു ഒടിക്കുവാന്‍ ശ്രമിച്ചു. സുഗ്രീവന്‍ ഒരുതരത്തില്‍ ബാലിയുടെ പിടിയില്‍ നിന്നും രക്ഷപെട്ടു. 

ദേവന്മാരും അസുരന്മാരും പാലാഴി കടഞ്ഞു ക്ഷീണിച്ചപ്പോള്‍ എന്റെ പിതാവിന്റെ ആഞ്ജയനുസരിച്ച് ഞാന്‍ ഒറ്റയ്ക്ക് പാലാഴി കടയുകയും സംപ്രീതനായ  പിതാവ് എന്നെ നേരിടുന്ന ശത്രുവിന്റെ പകുതി ബലം എനിക്ക് വന്നുചേരും എന്ന് വരം നല്‍കിയതും   പണ്ട് ലോകപരാക്രമിയായ ദശമുഖന്‍ എന്റെ വാലില്‍ കുടുങ്ങി കിടന്നു ദീനരോദനം ചെയ്തതും അറിവുള്ള നിനക്ക്    എന്നെ നേരിടുവാനുള്ള ധൈര്യം എങ്ങിനെ ഉണ്ടായി എന്നും ചോദിച്ചു.

എനിക്ക് ഒട്ടും തന്നെ ധൈര്യമില്ല എന്നു പറയുന്ന സുഗ്രീവനോട് രണ്ടു സന്യാസിമാര്‍ വനത്തില്‍ എത്തിയതും നീ അവരുമായി സഖ്യം ഉണ്ടാക്കിയതും ചാരന്മാര്‍ മൂലം ഞാന്‍  അറിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു .


                                                        ബാലിയും സുഗ്രീവനും 

സുഗ്രീവന്‍ വീണ്ടും  ബാലിയുടെ സമീപമെത്തി കാല്‍തൊട്ടുവന്ദിച്ച് തിരിഞ്ഞോടുന്നു. ബാലി പുറകെ ഓടി. പര്‍വതത്തിനു  മറഞ്ഞിരിക്കുന്ന സുഗ്രീവനെ മറഞ്ഞിരുന്നു കൊണ്ട് ബാലി വീക്ഷിക്കുന്നു. ബാലി പര്‍വ്വതത്തിന്റെ മറവില്‍ നിന്നും സുഗ്രീവനെ പുറത്തുചാടിച്ചു കൊണ്ട് വീണ്ടും സംവാദത്തില്‍ ഏര്‍പ്പെടുന്നു. എന്റെ തെറ്റുകള്‍ എല്ലാം ക്ഷമിച്ച് എനിക്ക് യുവരാജ പദവി നല്‍കണമെന്ന്  സുഗ്രീവന്‍ ബാലിയോട് അപേക്ഷിക്കുന്നു. 

ഞാന്‍ പണ്ട്  മായാവി എന്ന അസുരനുമായി ഗുഹയില്‍ യുദ്ധത്തിലേര്‍പ്പട്ടപ്പോള്‍ നീ ഗുഹയുമടച്ചുവന്ന് എന്റെ ശേഷക്രിയയും ചെയ്ത് രാജ്യമേറ്റേടുത്തില്ലെ?  അങ്ങിനെയുള്ള നിന്നെ ഞാന്‍ ഇന്ന് നശിപ്പിക്കുന്നുണ്ട് എന്ന് ബാലി പറഞ്ഞപ്പോള്‍ അരുതേ! എന്നപേക്ഷിച്ചു കൊണ്ട് സുഗ്രീവന്‍ ബാലിയെ കുമ്പിടുന്നു. ബാലി തന്റെ   ഇടതു  കാല്‍കൊണ്ട് സുഗ്രീന്റെ തലയില്‍ ശക്തിയായി ചവിട്ടി. സുഗ്രീവന്‍ താഴെ വീണു.

ക്രുദ്ധനായ സുഗ്രീവന്‍ എഴുന്നേറ്റ് ബാലിയുടെ നേരേചെന്ന് ബാലിയെ നിന്ദിച്ചു കൊണ്ട് പോരിനു വിളിച്ചു. വാനരചേഷ്ടകള്‍ നിറഞ്ഞ യുദ്ധത്തിനിടയില്‍ സുഗ്രീവന്‍ മുന്നിലും  ബാലി പിന്നിലുമായി ഓടി. മറഞ്ഞിരുന്ന  രാമന്‍ ബാലിയുടെ നേര്‍ക്ക്‌ അമ്പയച്ചു. നെഞ്ചില്‍ തറച്ച അമ്പുമായി വീണ ബാലിയുടെ വിലാപം കേട്ട് താരയും അംഗദനും എത്തി ബാലിയുടെ സമീപമിരുന്നു വിലപിച്ചു. 

രാഘവാ, രാജാവേ, എന്നെ നേരിട്ടുകൊല്ലാന്‍ സാധിക്കാതെ  ഒളിഞ്ഞുനിന്ന് ചതിചെയ്തത് ഉചിതമായില്ല. വാനരമാംസം ഭക്ഷണയോഗ്യമല്ല, തോലുകൊണ്ടും ഉപയോഗമില്ല.     വനത്തില്‍ കഴിയുന്ന  ഞാന്‍    അങ്ങയുടെ രാജ്യത്ത് ഒരപരാധവും ചെയ്തിട്ടുള്ളവനല്ല എന്നുള്ള ബാലിയുടെ വിലാപത്തിന് മറുപടിയായി " വാനരശ്രേഷ്ടാ!  ദു:ഖിക്കേണ്ട. അയോദ്ധ്യയുടെ  രാജാവായ  ഭരതന്‍ സകലദിക്കുകളിലേക്കും രാജസമൂഹത്തെ അയച്ചവരില്‍ ഒരുവനായ രാമനാണ് ഞാന്‍. അധര്‍മ്മം നശിപ്പിച്ച്  ധമ്മത്തെ പരിപാലിക്കുന്നതിനാണ്  അദ്ദേഹം ഞങ്ങളെ അയച്ചിട്ടുള്ളത്. പുത്രനും സഹോദരനും   തുല്യരാണ്. ആ നിലയ്ക്ക് താങ്കള്‍ പുത്രഭാര്യയെ അപഹരിച്ച കുറ്റത്തിനാണ്    വധിക്കുന്നതെന്ന് അറിയിച്ചു.

 "സ്വര്‍ഗ്ഗം മോഹിച്ച് അങ്ങ് കിഷ്ക്കിന്ധയെ ഉപേക്ഷിച്ചുവോ" എന്നു താര ബാലിയോട്  ചോദിക്കുകയും  പത്നീവിരഹം മൂലം അങ്ങ് എന്റെ ഭര്‍ത്താവിനെ കൊന്നില്ലേ എന്നും എന്റെ ഭര്‍ത്താവിനൊപ്പം  എന്നെയും  അയച്ചാലും എന്ന് ശ്രീരാമനോട് അപേക്ഷിക്കുകയും ചെയ്തു.  അമ്പും വില്ലുമെന്തി നില്‍ക്കുന്ന ശ്രീരാമനിലെ വിഷ്ണു ചൈതന്യം ദര്‍ശിച്ചു ഭക്തിയോടെ തൊഴുതു കൊണ്ട്  മരണപ്പെടുവാന്‍  താന്‍ അര്‍ഹനാണ് എന്നും  നിരാധാരരായ  അംഗദനും താരയ്ക്കും അങ്ങയുടെ കാരുണ്യം ഉണ്ടാകണം എന്ന്  ബാലി അപേക്ഷിച്ചു.

ബാലി തന്റെ പിതാവ്  അണിയിച്ച   സുവര്‍ണ്ണഹാരം സ്വന്തം  കഴുത്തില്‍ നിന്നും ഊരിയെടുത്ത്   സുഗ്രീവനെ അണിയിച്ച്  അനുഗ്രഹിച്ചു. 
അല്ലയോ കരുണാനിധിയായ രാമാ ഒരു  വാക്ക് ഉച്ചരിക്കാന്‍ പോലും  കഴിയാതെയായ എനിക്ക് മുക്തി തരേണമേ  എന്ന് അപേക്ഷിച്ചു . ശ്രീരാമന്‍ ഒരു കാല്‍ ബാലിയുടെ ശരീരത്തു  ചവിട്ടിക്കൊണ്ട്‌ അസ്ത്രം ഊരിയെടുത്തു. മരണ വേദനകൊണ്ട ബാലി രാമനോട് കുടിക്കുവാന്‍ ജലം ആവശ്യപ്പെട്ടു. ശ്രീരാമന്‍ ഭൂമിയിലേക്ക്‌ അമ്പ്‌ തൊടുത്തപ്പോള്‍ ഭൂമിയില്‍ നിന്നും ജലധാര ബാലിയുടെ വായിലേക്ക് ചെന്നെത്തി. വിഷ്ണുചൈതന്യം  നിറഞ്ഞു നിന്നനുഗ്രഹിക്കുന്ന രാമരൂപം കണ്ടു കൊണ്ട് ബാലി ജീവന്‍ മുക്തി നേടുന്നതോടെ ബാലിവധം കഥകളി അവസാനിച്ചു. 

 ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആശാന്‍ രൂപകല്‍പ്പന ചെയ്ത  ചുട്ടി സമ്പ്രദായം  തന്നെയാണ് ബാലിയുടെയും സുഗ്രീവന്റെയും വേഷത്തിന് സ്വീകരിച്ചത്. ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ബാലിയായും ശ്രീ. കലാമണ്ഡലം ഹരി. ആര്‍.നായര്‍ സുഗ്രീവനായും രംഗത്തെത്തി വിജയിപ്പിച്ചു. ശ്രീരാമനായി അരങ്ങു വിജയിപ്പിച്ചത് ശ്രീ. സദനം കൃഷ്ണദാസായിരുന്നു. താര, അംഗദന്‍  എന്നീ വേഷങ്ങള്‍ കലാമണ്ഡലത്തിലെ രണ്ടു യുവ കലാകാരന്മാര്‍  കൈകാര്യം ചെയ്തു. ശ്രീ. കോട്ടക്കല്‍ പി.ഡി. നമ്പൂതിരി, ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണന്‍  എന്നിവര്‍ സംഗീതവും ശ്രീ. കലാമണ്ഡലം വിജയകൃഷ്ണന്‍, ശ്രീ. കൃഷ്ണ പ്രവീണ്‍  എന്നിവര്‍ ചെണ്ടയും ശ്രീ. കലാമണ്ഡലം അനീഷ്‌  മദ്ദളവും കൈകാര്യം ചെയ്തു വിജയിപ്പിച്ചു. 

                                                         ബാലിവധം (തരാവിലാപം)  
ശ്രീ. കലാമണ്ഡലം ശിവരാമന്‍, ശ്രീ. വൈശാഖ്  എന്നിവര്‍ ചുട്ടി കൈകാര്യം ചെയ്തു . ശ്രീ. കുട്ടന്‍, ശ്രീ. മോഹനന്‍, ശ്രീ. നാരായണന്‍ എന്നിവര്‍  അണിയറയും അരങ്ങും വിജയിപ്പിക്കുന്നതില്‍  പ്രധാന പങ്കു വഹിച്ചു. 

*********************************************************************************
അണിയറ വിശേഷങ്ങള്‍
  
14-10-2012- ന്  കലാകാരന്മാര്‍ എല്ലാവരും എത്തിയപ്പോള്‍ ഞാനും അവിടെ എത്തിയിരുന്നു. ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനുമായി വളരെ അധികം സംസാരിക്കുവാന്‍ സമയം ലഭിച്ചു. കലാമണ്ഡലത്തിലെ അഭ്യാസം കഴിഞ്ഞു ദക്ഷിണ കേരളത്തിലെ അരങ്ങുകളിലേക്ക് പ്രവേശിച്ച കാലഘട്ടം അദ്ദേഹം പങ്കുവെച്ചു. മങ്കൊമ്പ് ആശാന്‍, ചെന്നിത്തല ആശാന്‍, ചിറക്കര മാധവന്‍കുട്ടി എന്നിവരുമായി ബന്ധപ്പെട്ട വളരെ രസകരമായ കഥകളാണ് അദ്ദേഹം പങ്കു വെച്ചത്. 
ദക്ഷിണ കേരളത്തില്‍ പ്രചാരമുള്ള  ഹരിശ്ചന്ദ്രചരിതം   കഥയിലെ  വിശ്വാമിത്രന്റെ വേഷം ചെയ്യാന്‍ ശ്രീ. ഉണ്ണിത്താന്  അവസരം ലഭിച്ചിട്ടുള്ള  സന്ദര്‍ഭങ്ങളില്‍ മങ്കൊമ്പ് ആശാന്റെ വസിഷ്ഠനെ നേരിടേണ്ടി വന്നിട്ടുള്ള അനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞു.
 ചെന്നിത്തല ആശാന്റെ വേഷങ്ങള്‍, അരങ്ങിലെയും അണിയറയിലെയും രസകരമായ കഥകള്‍ പറഞ്ഞു തീര്‍ക്കണമെങ്കില്‍ തീരെ കുറഞ്ഞത്‌ ഒരു ദിവസമെങ്കിലും വേണം എന്നാണ് ശ്രീ. ഉണ്ണിത്താന്‍ പറഞ്ഞത്.


                                    ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനോടൊപ്പം

ശ്രീ. ചിറക്കര മാധവന്‍ കുട്ടിയുടെ അരങ്ങു കഥകളാണ് പിന്നീട് പങ്കുവെച്ചത്. മദ്യത്തിന്റെ ലഹരിയില്‍ ഒരു അരങ്ങില്‍ ഉണ്ടായിട്ടുള്ള  കോട്ടങ്ങള്‍ അടുത്ത അരങ്ങില്‍ പരിഹരിച്ച്‌ ആസ്വാദകരെ സ്വാധീനിക്കാനുള്ള അദ്ദേഹത്തിനുണ്ടായിരുന്ന പ്രത്യേക  കഴിവുകള്‍  മനസിലാക്കുവാന്‍ സാധിച്ചു. ദേവയാനീചരിതത്തില്‍ അദ്ദേഹത്തിന്‍റെ ശുക്രന്‍, കര്‍ണ്ണശപഥത്തില്‍ കുന്തി തുടങ്ങിയ വേഷങ്ങള്‍ക്ക് കൂട്ടു വേഷക്കാരന്‍ വളരെ ശ്രദ്ധയോടെ വേണം പ്രവര്‍ത്തിക്കുവാന്‍ എന്നുള്ളതിന്റെ  കഥകള്‍ ശ്രീ. ഉണ്ണിത്താന്‍ അവര്‍കള്‍ പറഞ്ഞത് വളരെ രസകരമായിരുന്നു.

ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണന്‍, ഡോക്ടര്‍. കെ.എസ്. മോഹന്‍ദാസ്‌ എന്നിവര്‍ കഥകളി സംഗീതത്തെ പറ്റി സംസാരിച്ചു തുടങ്ങി. കൂട്ടത്തില്‍ ഞാനും കൂടി. ശ്രീ. കലാമണ്ഡലം ഹൈദരാലി, ശ്രീ.  ഹരിദാസ്, ശ്രീ. ശങ്കരന്‍ എമ്പ്രാന്തിരി എന്നിവരുടെ സംഗീതത്തില്‍ കൂടി കടന്നു പോയ ചര്‍ച്ച ചെന്നെത്തിയത് ശ്രീ. കലാമണ്ഡലം ബലരാമന്റെ ജന്മദിന ആഘോഷത്തിനു  ശ്രീ. ചേമാഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ആശാന്‍ ചെയ്ത  ദുര്യോധനവധത്തിലെ കൃഷ്ണന്റെ മനോഹരമായ  അവതരണത്തിലായിരുന്നു.

കീചകവധം കഥയില്‍ ഇന്നത്തെ  ആസ്വാദകര്‍ക്ക് തീരെ അറിവില്ലാത്ത ഒരു വേഷമായ മദോല്‍ഘടന്‍ എന്ന കഥാപാത്രത്തെയും  വേഷരീതിയെ  പറ്റിയുമുള്ള അറിവ്  നേടാനുള്ള സംഭാഷണങ്ങളില്‍   ഉത്തരീയം കഥകളി  സംഘടനയുടെ ഭാരവാഹികള്‍ പങ്കുകൊണ്ടിരുന്നു. ശ്രീ.കലാമണ്ഡലം വിജയകൃഷ്ണന്‍ സംഭാഷണങ്ങളില്‍ പങ്കു വഹിച്ചത് വളരെ സന്തോഷം  ഉണ്ടാക്കി.

2012 ഒക്‌ടോബർ 10, ബുധനാഴ്‌ച

ശ്രീ. മങ്കൊമ്പ് ആശാന്‍ - കഥകളിയിലൂടെ ഒരു ആത്മബന്ധം


1998- നവംബര്‍ മാസം ആദ്യവാരത്തില്‍  ശ്രീ. ഹരിപ്പാട്ടു രാമകൃഷ്ണപിള്ള ആശാന്റെ സഹോദരന്‍ ശ്രീ. ശങ്കരപിള്ളയുടെ ഷഷ്ട്യബ്ദപൂര്‍ത്തിയുടെ ഭാഗമായി  ഹരിപ്പാട്‌ തലത്തോട്ട മഹാദേവര്‍ ക്ഷേത്രത്തില്‍  ഒരു കഥകളി തീരുമാനിച്ചിരുന്നു. ശ്രീ. ശങ്കരപിള്ളയുടെ  അതീവ താല്‍പ്പര്യവും,   നിര്‍ബ്ബന്ധവും ഉണ്ടായപ്പോള്‍  ശാരീരികാസ്വസ്ഥതയിലും   ഒരു വേഷം ചെയ്യാമെന്ന്  ചെന്നിത്തല ആശാനും സമ്മതിച്ചിരുന്നു .  കാര്യമായ അരങ്ങു പ്രയോഗത്തിനൊന്നും  വകയില്ലാത്ത ഹരിശ്ചന്ദ്രചരിതം കഥയിലെ നാരദന്റെ വേഷമാണ് അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചിരുന്നത് . എന്നാല്‍ ഒക്ടോബര്‍ മുപ്പതിന് ശ്രീ. ചെന്നിത്തല ആശാന്‍ മരണപ്പെടുകയുണ്ടായി. ചെന്നിത്തല ആശാന്‍ മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ശ്രീ. മങ്കൊമ്പ് ആശാനും ശ്രീ. ആയാംകുടി കുട്ടപ്പന്‍ മാരാരും ആശുപത്രിയില്‍ എത്തി ചെന്നിത്തല ആശാനേ കണ്ടിരുന്നു. സുഹൃത്തുക്കളെ കണ്ടയുടന്‍ രോഗത്തിന്റെ കാഠിന്യം മറന്നുള്ള ചെന്നിത്തല ആശാന്റെ സംഭാഷണങ്ങള്‍ മൂലം ആ സംഗമം ഇരുവര്‍ക്കും മറക്കാനാവത്ത ഒരു അനുഭവം തന്നെ  ആയിത്തീര്‍ന്നു.

ഹരിശ്ചന്ദ്രചരിതം കഥയില്‍ ആദ്യരംഗം ദേവസഭയാണ്.  സത്യസന്ധനായ ധര്‍മ്മിഷ്ഠനാണ്   ഹരിശ്ചന്ദ്രന്‍  എന്നു സഭയില്‍   വസിഷ്ഠമഹര്‍ഷി പ്രസ്താവിച്ചത്  വിശ്വാമിത്ര മഹര്‍ഷിയെ ചൊടിപ്പിച്ചു. വസിഷ്ഠമഹര്‍ഷിയുമായുള്ള  പൂര്‍വ വൈരാഗ്യം കാരണം ഹരിശ്ചന്ദ്രന്‍ നിന്ദ്യനും നീചനും അധമനുമാണെന്ന്  വിശ്വാമിത്രന്‍ വാദിച്ചു.  വസിഷ്ഠന്‍ വിശ്വാമിത്രന്റെ അഭിപ്രായത്തെ ശക്തിയായി ഖണ്ഡിച്ചു.   ഇരുവര്‍ക്കും തമ്മില്‍ വാഗ്വാദം ഉണ്ടായി . സഭയില്‍ ഉണ്ടായിരുന്ന കലഹപ്രിയനായ   നാരദന്‍  വസിഷ്ഠനെയും  വിശ്വാമിത്രനെയും ആവുംവിധം മാറിമാറി പ്രോല്‍സാഹിപ്പിച്ചു കൊണ്ട് തന്റെ റോള്‍ ഭംഗിയാക്കി. മഹര്‍ഷിമാരെ സമാധാനപ്പെടുത്തുവാന്‍ ഇന്ദ്രന്‍ വളരെ കഷ്ടപ്പെടുകയും ചെയ്തു.   ഹരിക്കു സമനായ ഹരിശ്ചന്ദ്ര മഹാരാജാവ്  ഒരിക്കലെങ്കിലും അസത്യം പറഞ്ഞാല്‍ മദ്യകുംഭവും വഹിച്ചു കൊണ്ട് തെക്കോട്ട്‌  യാത്രയാകുമെന്നു വസിഷ്ഠന്‍ സത്യം ചെയ്തു. വസിഷ്ഠന്‍ ധീരതയോടെ സത്യം ചെയ്തുവെന്ന്  നാരദന്‍ പ്രശംസിക്കുകയും ചെയ്തതോടെ  ഹരിശ്ചന്ദ്രന്‍ സത്യസന്ധനല്ലാ   എന്ന് താന്‍ തെളിയിക്കുമെന്നും അപ്രകാരം തനിക്ക് സാധിക്കാതെ വന്നാല്‍ താന്‍ ഇത്രകാലം നേടിയെടുത്ത തപ:ശക്തിയുടെ പകുതി ഹരിശ്ചന്ദ്രനു നല്‍കുമെന്നും വിശ്വാമിത്രനും  സത്യം ചെയ്തു.   ഹരിശ്ചന്ദ്രനെ കൊണ്ട് അസത്യം പറയിക്കാനും അധര്‍മ്മം ചെയ്യിക്കുവാനുമുളള   വിശ്വാമിത്രന്റെ  ആലോചനകളുമാണ്  പ്രസ്തുത രംഗത്തിലുള്ളത്. 

തലത്തോട്ടായിലെ  കളിക്ക് വിശ്വാമിത്രനായി വേഷമിട്ടത്  
പത്മശ്രീ, കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ ശിഷ്യന്‍ ശ്രീ. തോന്നക്കല്‍ പീതാംബരനും വസിഷ്ഠമഹര്‍ഷിയുടെ വേഷമിട്ടത് ശ്രീ. മങ്കൊമ്പ് ആശാനും ആയിരുന്നു. 

വളരെ ചെറുപ്പം മുതല്‍ ഒന്നിച്ചു കൂട്ടുവേഷം ചെയ്തനുഭവവും സഹോദരതുല്യം പരസ്പരം സ്നേഹിച്ചിരുന്ന മങ്കൊമ്പ് ആശാനും ചെന്നിത്തല ആശാനും അവസാനമായി ഒരു അരങ്ങില്‍ വേഷമിടാനിരുന്ന ചില ദിനങ്ങള്‍ക്ക്‌ മുന്‍പാണ് ചെന്നിത്തല ആശാന്റെ മരണം. ശ്രീ. തലവടി അരവിന്ദന്‍ ആയിരുന്നു ചെന്നിത്തല  ആശാന്‍ ചെയ്യാനിരുന്ന നാരദന്റെ വേഷം ചെയ്തത്. അന്നത്തെ തലത്തോട്ടയിലെ കളിയരങ്ങില്‍  വിശ്വാമിത്ര മഹര്‍ഷിയും വസിഷ്ഠമഹര്‍ഷിയെയും തമ്മിലുള്ള സഭയിലെ വാഗ്വാദം  ആസ്വാദകര്‍ക്കെല്ലാം  ഒരു അവിസ്മരണീയ അനുഭവം ആയിരുന്നു. പ്രസ്തുത രംഗത്തിനു ആസ്വാദകരില്‍ നിന്നും ഉയര്‍ന്ന കരഘോഷത്തിന്റെ കഥയും മറ്റും ചില ആസ്വാദകര്‍ മൂലവും ചില കലാകാരന്മാര്‍ മൂലവും ഞാന്‍ അറിഞ്ഞപ്പോള്‍ മങ്കൊമ്പ് ആശാന് ഞാന്‍ ഒരുകത്ത് അയയ്ക്കുക ഉണ്ടായി. പ്രസ്തുത കത്തിന്   അദ്ദേഹം എനിക്ക് ഒരു മറുപടി അയച്ചിരുന്നു. 
കഥകളി സംബന്ധിച്ച ഒരു ആര്‍ട്ടിക്കിള്‍  തേടുമ്പോള്‍ ഈ ലെറ്റര്‍ വീണ്ടും എന്റെ ശ്രദ്ധയില്‍ പെട്ടു. പതിനാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചപ്പോള്‍ തോന്നാതിരുന്ന ഒരു പ്രത്യേക അനുഭൂതിയാണ്  ആ  ലറ്റര്‍ വീണ്ടും വീണ്ടും വായിച്ചപ്പോള്‍ എനിക്ക് അനുഭവപ്പെട്ടത്.  മങ്കൊമ്പ് ആശാനും ചെന്നിത്തല ആശാനും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ആഴം അതില്‍ പ്രതിഫലിച്ചു കാണാന്‍ എനിക്കു  കഴിഞ്ഞത്‌  ഇപ്പോഴാണ് .  "ഇനിയും വല്ലപ്പോഴുമൊക്കെ ഇങ്ങിനെ എഴുതണം. ഇടയ്ക്ക് ചെന്നിത്തലയില്‍  വരുമ്പോള്‍ ഒരു കാര്‍ഡിട്ടാല്‍ ഞാന്‍ അവിടെ വന്നു കണ്ടു കൊള്ളാം" എന്ന് അദ്ദേഹം അതില്‍ എഴുതിയിരിക്കുന്നതില്‍  കൂടി എന്റെ പിതാവായ ചെന്നിത്തല ആശാനും  മങ്കൊമ്പ്  ആശാനും  തമ്മില്‍ ഉണ്ടായിരുന്ന വിലമതിക്കാനാവാത്ത ആത്മബന്ധത്തിന്റെ  പ്രസക്തിയെയാണ് വെളിപ്പെടുത്തിയിരിക്കുന്നത് .

                                                       ശ്രീ. മങ്കൊമ്പ് ശിവശങ്കരപിളള 

                         വാര്‍ദ്ധക്ക്യ കാലത്ത് മങ്കൊമ്പ് ആശാനേ തേടി എത്തുന്ന ബഹുമതി 

 എത്രയോ ബഹുമതികള്‍ക്ക്   അര്‍ഹനായ മങ്കൊമ്പ് ആശാന്‍ എന്ന മഹാനായ കലാകാരന്റെ ഈ എളിമ കഥകളി ലോകം
അറിയേണ്ടതു  തന്നെയാണ് . വാര്‍ദ്ധക്ക്യത്തിന്റെ പിടിയില്‍ പെട്ട്  അവശത അനുഭവിക്കുന്ന ബഹുമാന്യനായ  മങ്കൊമ്പ് ആശാന്റെ പാദാരവിന്ദങ്ങളില്‍ നമിച്ചു കൊണ്ട്   ഈ കത്ത് ഞാന്‍ ആസ്വാദകസമക്ഷം സമര്‍പ്പിക്കുന്നു.


                                       മങ്കൊമ്പ് ആശാന്റെ കത്ത്


                                                           

 മങ്കൊമ്പ് ശിവശങ്കരപ്പിള്ള                ചെങ്ങന്നൂര്‍                          അംബാലയം                                        5 -12 -98                      ചെങ്ങന്നൂര്‍ (po) - 68912 .
(ആലപ്പുഴ ജില്ല)
 
പ്രിയപ്പെട്ട അംബുജന്,അയച്ച കത്തു കിട്ടി. ഹരിപ്പാട്ട്‌ തലത്തോട്ടായില്‍ നടന്ന കളിക്ക് വസിഷ്ഠന്റെ ഭാഗം ചെയ്തെങ്കിലും അന്ന് ഞാന്‍ ഒട്ടും തന്നെ ഉല്‍സാഹവാനല്ലായിരുന്നു.  കാരണം എന്താണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. രംഗത്ത് ചെന്ന് നാരദന്റെ വേഷം കെട്ടി വന്ന അരവിന്ദനെ കണ്ടതോടെ എന്റെ മന:പ്രയാസം ഒരളവുകൂടി വര്‍ദ്ധിച്ചു. ആ സ്ഥാനത്തു ഇരിക്കേണ്ട നാരദന്‍ വേറെ ആളായിത്തീരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. നാരദന് ആട്ട മൊന്നും  കൂടുതല്‍ ആടാനില്ലെങ്കിലും ഞങ്ങളൊന്നിച്ച് ഒടുവു കാലത്തും വേഷം കെട്ടാന്‍ ഭാഗ്യം ഉണ്ടാകുമെന്ന് ഞാന്‍ അത്യധികം ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ദൈവം സാധിച്ചു തന്നില്ല. അരവിന്ദന്റെ നാരദനെ നോക്കുമ്പോഴെല്ലാം എന്റെ മനസ്സ് വേറെ എവിടെയൊക്കയോ പൊയ്ക്കൊണ്ടിരുന്നു. പിന്നീടൊരു വിധത്തില്‍ ധൈര്യം അവലംബിച്ചാണ് ആട്ടങ്ങളാടിയത്. 

മുന്‍പ് പീതാംബരന്റെ ആശാന്‍ കൃഷ്ണന്‍ നായര്‍ ചോദിക്കാറുള്ള ചോദ്യം തന്നെ പീതാംബരന്‍ എന്നോടു ചോദിച്ചു. ഹരിശ്ചന്ദ്രന് അഗ്നി സാക്ഷിയായി ഒരു ഭാര്യ ഇല്ലല്ലോ എന്നായിരുന്നു ചോദ്യം. ഞാന്‍ പറഞ്ഞു , ഒന്നല്ല പല ഭാര്യയുണ്ട് . ക്ഷത്രിയര്‍ക്ക് പല ഭാര്യമാരാകാമെന്ന് വിധിയുണ്ട്. എന്നാല്‍ മഹര്‍ഷിമാര്‍ അന്യസ്ത്രീയെ സ്വീകരിക്കുന്നത് ധര്‍മ്മമാണോ ? എന്ന് ഞാന്‍ അങ്ങോട്ടു കൊടുത്തു. അതോടെ പീതാംബരന്‍ ക്ഷീണനായി. തുടര്‍ന്ന് വസിഷ്ഠന്‍ സൂര്യവംശത്തിന്റെ ഗുരുവാകാനുണ്ടായ സാഹചര്യങ്ങള്‍ ഓരോന്നായി പറഞ്ഞു. അതോടൊപ്പം വസിഷ്ഠന്റെ ആശ്രമത്തില്‍ വന്ന് അതിഥിപൂജ നടന്നതും, "നന്ദിനി"യെന്ന ദിവ്യ'ഗോ'വിനെ അപഹരിക്കുവാന്‍ തുനിഞ്ഞതും, തോല്‍വി പറ്റിയതും, പറഞ്ഞു.  ഞാന്‍ ആഗ്രഹിച്ച നാരദന്‍ കൂടി അന്നുണ്ടായിരുന്നെങ്കില്‍ അതെന്നന്നേക്കും മറക്കാനാവാത്ത ഒരു രംഗമായിത്തീരുമായിരുന്നു. അങ്ങിനെ ഒന്നും നടക്കുവാന്‍ ദൈവം അനുവദിച്ചില്ല. എനിക്ക് ഒരു 'പൊന്നാട' ശങ്കരപിള്ള തന്നു. ഞാന്‍ ഒരു തരത്തില്‍ രണ്ടുവാക്ക്‌ മറുപടി പറഞ്ഞെന്നു വരുത്തിപ്പിരിഞ്ഞു.
 
ആശുപത്രിയില്‍ രോഗിയുടെ കിടക്കയിലിരുന്ന് എന്നോടും അയാംകുടിയോടും സംസാരിച്ച രംഗം എന്റെ മനസ്സില്‍ ഇപ്പോഴും ഞാന്‍ കണ്ടു കൊണ്ടിരിക്കുകയാണ്.
അംബുജന്‍ കത്തയച്ചതില്‍ എനിക്ക് അതിരറ്റ സന്തോഷമുണ്ട്. ഇനിയും വല്ലപ്പോഴുമൊക്കെ ഇങ്ങിനെ എഴുതണം. ഇടയ്ക്ക് ചെന്നിത്തല(യില്‍) വരുമ്പോള്‍ ഒരു കാര്‍ഡിട്ടാല്‍ ഞാന്‍ അവിടെ വന്നു കണ്ടു കൊള്ളാം. 
സര്‍വമംഗളങ്ങളും നേര്‍ന്നുകൊണ്ട് - സ്നേഹവാത്സല്ല്യങ്ങളോടെ  
സ്വന്തം - മങ്കൊമ്പ് ശിവശങ്കരപ്പിള്ള