(ശ്രീ. എം. കെ. കെ. നായരുടെ ലേഖനം അവസാന ഭാഗം)
കാര്‍ത്തികതിരുനാളിന്റെ വിശിഷ്ടകൃതിയായ ബാലരാമഭാരതം നാട്യശാസ്ത്ര ഗ്രന്ഥങ്ങളുടെ കൂ
അശ്വതി തിരുനാള്‍ രാജകുമാരന്‍ 1856 -ല്‍ ജനിച്ചു. തന്റെ മുപ്പത്തി എട്ടാമത്തെ വയസ്സില്‍ (1894) മൂപ്പേല്‍ക്കാതെ അദ്ദേഹം മരിച്ചു. എന്നാല്‍ ഈ ചെറിയ കാലം കൊണ്ട് ആട്ടക്കഥാ രംഗത്ത് ഉണ്ണായിവാര്യരെ പോലെ തന്നെ പേര് അദ്ദേഹം സമ്പാദിച്ചു. അസാമാന്യ ദൃശ്യനെന്ന പണ്ഡിതനും വാസനാ കവിയുമായി രുന്ന അദ്ദേഹത്തിന്‍റെ കൃതികള്‍ 'പാടി രസിക്കുവാന്‍ പാട്ടുകാര്‍ക്കും അഭിനയിച്ചു ഫലിപ്പിക്കുവാന്‍ നടന്മാര്ക്കും കണ്ടും ചിന്തിച്ചും ആസ്വദിക്കുവാന്‍ പ്രേക്ഷകര്‍ക്കും വകനല്‍കുന്ന' ഉത്തമ സാഹിത്യമാണ് . രുഗ്മിണീസ്വയംവരം, അംബരീക്ഷ ചരിതം, പൂതനാമോക്ഷം , പൌണ്ട്രകവധം എന്നിവയാണ് അശ്വതിയുടെ കൃതികള്‍ . അശ്വതിയെ പറ്റി പ്രൊഫ. എന്‍. കൃഷ്ണപിള്ള പറയുന്നത് ഇപ്രകാരമാണ്.
' കരുതിക്കൂട്ടി തിരഞ്ഞെടുത്ത സുന്ദര ശബ്ദങ്ങളെ പാലും പഞ്ചസാരയും എന്നപോലെ ഇണക്കിച്ചേര്‍ത്തു, രമണീയാര്‍ത്ഥങ്ങളുടെ ലോകത്തിലേക്ക് അനുവാചകരെ ആനയിക്കുവാന്‍ കെല്‍പ്പുണ്ടായിരുന്ന ഒരു വിദഗ്ദശില്‍പ്പിയും ഉന്നത കലാകാരനുമായിരുന്നു അശ്വതി തിരുനാള്‍'. ചൈതന്യ പൂര്‍ണ്ണമായ ഒരു അന്തരീക്ഷം അശ്വതി തിരുനാളിന്റെ കഥകളില്‍ ആദ്യന്തം കാണാം. അദ്ദേഹത്തിന്റെ കഥകള്‍ എല്ലാം തന്നെ പ്രചുര പ്രചാരം സിദ്ധിച്ചിട്ടുള്ളവയാണ്. അവയിലെ ഗാനങ്ങളും സംഗീത രസികന്മാരുടെ നാവിന്‍ തുമ്പത്ത് ഇന്നും തത്തിക്കളിക്കുന്നുണ്ട്. കഥകളി പാട്ടുകാരും കഥകളി നടന്മാരും അശ്വതിയുടെ കഥകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ പ്രത്യേകം കൌതുകമുള്ളവരാണ്. അവരുടെ കഴിവിന്റെ പരമസീമകള്‍ പ്രകാശിപ്പിക്കാന്‍ പര്യാപ്തമായ വിധത്തില്‍ ആ കൃതികള്‍ നിര്‍മ്മിച്ചിരുന്നു എന്നതാണ് ഈ അഭിനിവേശത്തിനു കാരണം. മാതുലനായ കാര്‍ത്തിക തിരുനാള്‍ മഹാഭാരതത്തില്‍ നിന്നും ഇതിവൃത്തങ്ങള്‍ ആദാനം ചെയ്തു. അനന്തരവനായ അശ്വതിയാകട്ടെ ഭാഗവതത്തെ ആശ്രയിച്ച് കഥാരചന നടത്തി.
അശ്വതി തിരുനാള്‍
ആട്ടക്കഥകള്‍ കൂടാതെ അശ്വതി രചിച്ച മറ്റു കൃതികള്‍ അധികവും സംസ്കൃതത്തിലാണ്. അവ വഞ്ചീശസ്തവം, കാര്‍ത്തവീര്യവിജയം , സന്താനഗോപാലം എന്ന മൂന്നു പ്രബന്ധങ്ങളും ശ്രുംഗാര- സുധാകരംഭാണവും രുഗ്മിണീപരിണയം നാടകവും ദശാവതാര ദണ്ഡകവുമാണ്. രുഗ്മിണീപരിണയമാണത്രെ ഇവയില്‍ സര്‍വ്വപ്രധാനമായത്. കൂടാതെ അശ്വതി ശ്രീപത്മനാഭ കീര്‍ത്തനവും രചിച്ചിട്ടുണ്ട്. പ്രസന്ന പ്രൌഡമധുരമാണ് അശ്വതിയുടെ കാവ്യശൈലി.
'ചന്ദ്രമുഖിമാരേ കാണ്‍ക ' ' കരുണാലയവീര' ' മാധവസമയമിദം' 'പ്രാണനായക ശ്രുണുവചനം' 'ആരതാരിതസാധാരണമനുജന്മാര്‍' 'കനകരുചി രുചിരാംഗിമാരേ' 'എന്തഹോ ഭൂസുരന്മാരേ' ഇത്യാദി പദങ്ങള്‍ അനശ്വര മധുരങ്ങളാണ്. ' ഈരേഴുപാരിലൊരു വേരായി മേവിന' എന്ന ദണ്ഡകവും ' ചഞ്ചലാക്ഷിമാരണിയും മൌലിമാലാ വന്നു' എന്നാ വരിയും മറ്റും ആട്ടക്കഥാ സാഹിത്യത്തിലെ അപൂര്‍വരത്നങ്ങളാണ്.
സംസ്കൃതം ഇത്രയും അനായാസമായും സ്വാരസ്യപൂര്‍ണ്ണമായും ആട്ടക്കഥകളില്‍ മറ്റൊരു കവിയും കൈകാര്യം ചെയ്തിട്ടില്ല എന്നു പറയാവുന്നതാണ്. ഇക്കാര്യത്തില്‍ അനന്ന്യ പ്രഭാവനായ കോട്ടയത്തു തമ്പുരാനെയും അശ്വതി കവച്ചുവെച്ചിട്ടുണ്ടെന്നതില്‍ സംശയം ഇല്ല. പൂതനാമോക്ഷം, അംബരീഷചരിതം, രുഗ്മിണീസ്വയംവരം എന്ന കഥകള്‍ അരങ്ങുകള്‍ തകര്‍ക്കുന്ന കാലത്ത് സദസ്യരില്‍ ഉണ്ടായിരുന്ന ഒരു നാരദന്‍ യാദൃശ്ചികമെന്ന വിധം അശ്വതിയോട് പറഞ്ഞുവത്രേ, "പരമ സുന്ദരമായ ഈ കഥകള്‍ അവിടുന്നു രചിച്ചുവെങ്കിലും അവയ്ക്ക് കോട്ടയം കഥകളുടെ പ്രൌഡി ഇല്ലല്ലോ. ശ്രോതാക്കളെ പിടിച്ചു കെട്ടുന്ന ആ സംസ്കൃത വ്യുല്‍പ്പത്തി വടക്കര്‍ക്കേ വരികയുള്ളുവോ?" ഇത് അശ്വതിയെ ചൊടിപ്പിച്ചു എന്നും പൌണ്ട്രകവധം ആട്ടക്കഥ എഴുതുവാനിടയായത് അതിനാലാണെന്നും പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്.
അശ്വതി തിരുനാള്‍ അന്തരിച്ചു പത്തുവര്‍ഷം കഴിഞ്ഞാണ് കാര്‍ത്തിക തിരുനാള്‍ നാടുനീങ്ങിയത്. ഉള്ളൂരിന്റെ അഭിപ്രായം ഭോജരാജാവ്, ഹര്‍ഷവര്‍ദ്ധനന്‍, കൃഷ്ണദേവരായര്‍, എന്നീ സുപ്രസിദ്ധ ഭാരതീയ രാജാക്കന്മാരുമായി വേണം കാര്‍ത്തിക തിരുനാളിനെ ഉപമിക്കാനെന്നാണ് അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ വിപുലീകരിച്ച നിരവധി അപൂര്‍വഗ്രന്ഥങ്ങള്‍ സംഭരിച്ചു സൂക്ഷിച്ച വലിയകൊട്ടാരം ഗ്രന്ഥപ്പുര ഒരു മഹാ- വിജ്ഞാനസാഗരം തന്നെയായിരുന്നുവത്രേ.
കാര്‍ത്തികയുടെയും അശ്വതിയുടെയും കാലത്ത് അഭിനയിച്ചു പേരെടുത്ത നടന്മാരെ പറ്റി ചുരുക്കം ചില വിവരങ്ങളേ ഉള്ളൂ. അവ പത്മനാഭസ്വാമി ക്ഷേത്രത്തിലെ രേഖകളില്‍ നിന്നും ലഭിച്ചതാണ്. ആറന്മുള കാവുക്കാട് ഇരവിപ്പണിക്കര്‍ , കൊട്ടാരക്കര ശങ്കരപണിക്കര്‍, തിരുവല്ലാ അയ്യപ്പപണിക്കര്‍, കുളത്തൂര്‍ ത്രിവിക്രമന്‍ ആശാന്‍, മീനച്ചില്‍ ഇട്ടുണ്ടാപ്പണിക്കര്‍ എന്നിവരുടെ പേരുകള്‍ പല തവണകളിലായി ആടിയ ആദ്യാവസാനക്കാരായി കാണുന്നു. നളചരിതം, സന്താനഗോപാലം (ഇപ്പോള്‍ ആടുന്നതല്ല), കിരാതം, ധ്രുവചരിതം, ജയദ്രഥവധം, രാവണോത്ഭവം (ഇപ്പോള്‍ ആടുന്നതല്ല), എന്നിവ മറ്റു കഥകളുടെ കൂട്ടത്തില്‍ ആടിയതായി കാണുന്നുണ്ട്. കോട്ടയം കഥകള്‍ AD 1748-നു ശേഷം മാത്രമേ തിരുവനന്തപുരത്ത് ആടിയിട്ടുള്ളൂ. പക്ഷെ അവ കുറിച്ചിയിലും കിടങ്ങൂരും അതിനു മുന്‍പ് സ്വീകരിച്ചു കഴിഞ്ഞിരുന്നു.
അശ്വതിതിരുനാള്‍ രചിച്ചഅംബരീഷചരിതം ആട്ടക്കഥയിലെ
ഒരു സംസ്കൃതശ്ലോകം :
'സോമകോടിസമധാമ കഞ്ചുകിലലാമ
മഞ്ചതലമാസ്ഥിതം
ശ്യാമതാമരസദാമകോമളരമാ
ദൃഗഞ്ചലകലാഞ്ചിതം
കാമദായകമമോഘമേഘകുല
കാമാനീയകഹരംപരം
സാമജാമയഹരം ഹരിം സ മുനി
രാമനാമ വനമാലിനം.'
(ലേഖനം അവസാനിച്ചു)
ലേഖനം കഥകളി ചരിത്രത്തെ പറ്റി ഏറെ വിവരങ്ങള്‍ നേടാന്‍ സഹായിച്ചു. ഇപ്രകാരം മറഞ്ഞിരിക്കുന്ന ലേഖനങ്ങള്‍ പുന: പ്രസിദ്ധീകരിക്കുമെങ്കില്‍ ആസ്വാദകര്‍ക്ക് ഒരു വലിയ അനുഗ്രഹം ആയിരിക്കും എന്നതില്‍ സംശയം ഇല്ല. അങ്ങ് ഈ സപര്യ അനസ്യുതം തുടരണം എന്നപേക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂ