1998- നവംബര്‍ മാസം ആദ്യവാരത്തില്‍ ശ്രീ. ഹരിപ്പാട്ടു
രാമകൃഷ്ണപിള്ള ആശാന്റെ സഹോദരന്‍ ശ്രീ.
ശങ്കരപിള്ളയുടെ ഷഷ്ട്യബ്ദപൂര്‍ത്തിയുടെ ഭാഗമായി ഹരിപ്പാട് തലത്തോട്ട
മഹാദേവര്‍ ക്ഷേത്രത്തില്‍ ഒരു കഥകളി തീരുമാനിച്ചിരുന്നു. ശ്രീ.
ശങ്കരപിള്ളയുടെ അതീവ താല്‍പ്പര്യവും, നിര്‍ബ്ബന്ധവും ഉണ്ടായപ്പോള്‍
ശാരീരികാസ്വസ്ഥതയിലും ഒരു വേഷം ചെയ്യാമെന്ന് ചെന്നിത്തല
ആശാനും സമ്മതിച്ചിരുന്നു . കാര്യമായ
അരങ്ങു പ്രയോഗത്തിനൊന്നും വകയില്ലാത്ത ഹരിശ്ചന്ദ്രചരിതം കഥയിലെ നാരദന്റെ
വേഷമാണ് അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചിരുന്നത് . എന്നാല്‍ ഒക്ടോബര്‍ മുപ്പതിന് ശ്രീ. ചെന്നിത്തല ആശാന്‍ മരണപ്പെടുകയുണ്ടായി. ചെന്നിത്തല
ആശാന്‍ മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ശ്രീ. മങ്കൊമ്പ് ആശാനും ശ്രീ.
ആയാംകുടി കുട്ടപ്പന്‍ മാരാരും ആശുപത്രിയില്‍ എത്തി ചെന്നിത്തല ആശാനേ
കണ്ടിരുന്നു. സുഹൃത്തുക്കളെ കണ്ടയുടന്‍ രോഗത്തിന്റെ കാഠിന്യം മറന്നുള്ള
ചെന്നിത്തല ആശാന്റെ സംഭാഷണങ്ങള്‍ മൂലം ആ സംഗമം ഇരുവര്‍ക്കും മറക്കാനാവത്ത ഒരു
അനുഭവം തന്നെ ആയിത്തീര്‍ന്നു.
ഹരിശ്ചന്ദ്രചരിതം കഥയില്‍ ആദ്യരംഗം ദേവസഭയാണ്. സത്യസന്ധനായ ധര്‍മ്മിഷ്ഠനാണ് ഹരിശ്ചന്ദ്രന്‍ എന്നു സഭയില്‍ വസിഷ്ഠമഹര്‍ഷി പ്രസ്താവിച്ചത് വിശ്വാമിത്ര മഹര്‍ഷിയെ ചൊടിപ്പിച്ചു. വസിഷ്ഠമഹര്‍ഷിയുമായുള്ള പൂര്‍വ വൈരാഗ്യം കാരണം ഹരിശ്ചന്ദ്രന്‍ നിന്ദ്യനും നീചനും അധമനുമാണെന്ന് വിശ്വാമിത്രന്‍ വാദിച്ചു. വസിഷ്ഠന്‍ വിശ്വാമിത്രന്റെ അഭിപ്രായത്തെ ശക്തിയായി ഖണ്ഡിച്ചു. ഇരുവര്‍ക്കും തമ്മില്‍ വാഗ്വാദം
ഉണ്ടായി . സഭയില്‍ ഉണ്ടായിരുന്ന കലഹപ്രിയനായ നാരദന്‍ വസിഷ്ഠനെയും
വിശ്വാമിത്രനെയും ആവുംവിധം മാറിമാറി പ്രോല്‍സാഹിപ്പിച്ചു കൊണ്ട് തന്റെ റോള്‍ ഭംഗിയാക്കി. മഹര്‍ഷിമാരെ സമാധാനപ്പെടുത്തുവാന്‍ ഇന്ദ്രന്‍ വളരെ കഷ്ടപ്പെടുകയും ചെയ്തു. ഹരിക്കു സമനായ ഹരിശ്ചന്ദ്ര മഹാരാജാവ് ഒരിക്കലെങ്കിലും അസത്യം പറഞ്ഞാല്‍ മദ്യകുംഭവും വഹിച്ചു കൊണ്ട് തെക്കോട്ട് യാത്രയാകുമെന്നു വസിഷ്ഠന്‍ സത്യം ചെയ്തു. വസിഷ്ഠന്‍ ധീരതയോടെ സത്യം ചെയ്തുവെന്ന് നാരദന്‍ പ്രശംസിക്കുകയും ചെയ്തതോടെ ഹരിശ്ചന്ദ്രന്‍ സത്യസന്ധനല്ലാ എന്ന് താന്‍ തെളിയിക്കുമെന്നും അപ്രകാരം തനിക്ക് സാധിക്കാതെ വന്നാല്‍ താന്‍ ഇത്രകാലം നേടിയെടുത്ത തപ:ശക്തിയുടെ പകുതി ഹരിശ്ചന്ദ്രനു നല്‍കുമെന്നും വിശ്വാമിത്രനും സത്യം ചെയ്തു. ഹരിശ്ചന്ദ്രനെ കൊണ്ട് അസത്യം പറയിക്കാനും അധര്‍മ്മം ചെയ്യിക്കുവാനുമുളള വിശ്വാമിത്രന്റെ ആലോചനകളുമാണ് പ്രസ്തുത രംഗത്തിലുള്ളത്.
തലത്തോട്ടായിലെ കളിക്ക്
വിശ്വാമിത്രനായി വേഷമിട്ടത്
പത്മശ്രീ, കലാമണ്ഡലം കൃഷ്ണന്‍ നായര്‍
ആശാന്റെ ശിഷ്യന്‍ ശ്രീ. തോന്നക്കല്‍ പീതാംബരനും വസിഷ്ഠമഹര്‍ഷിയുടെ
വേഷമിട്ടത് ശ്രീ. മങ്കൊമ്പ് ആശാനും ആയിരുന്നു.
വളരെ ചെറുപ്പം മുതല്‍
ഒന്നിച്ചു കൂട്ടുവേഷം ചെയ്തനുഭവവും സഹോദരതുല്യം പരസ്പരം സ്നേഹിച്ചിരുന്ന
മങ്കൊമ്പ് ആശാനും ചെന്നിത്തല ആശാനും അവസാനമായി ഒരു അരങ്ങില്‍
വേഷമിടാനിരുന്ന ചില ദിനങ്ങള്‍ക്ക് മുന്‍പാണ് ചെന്നിത്തല
ആശാന്റെ
മരണം. ശ്രീ. തലവടി അരവിന്ദന്‍ ആയിരുന്നു ചെന്നിത്തല ആശാന്‍
ചെയ്യാനിരുന്ന നാരദന്റെ വേഷം ചെയ്തത്. അന്നത്തെ തലത്തോട്ടയിലെ കളിയരങ്ങില്‍
വിശ്വാമിത്ര മഹര്‍ഷിയും വസിഷ്ഠമഹര്‍ഷിയെയും തമ്മിലുള്ള സഭയിലെ വാഗ്വാദം
ആസ്വാദകര്‍ക്കെല്ലാം ഒരു അവിസ്മരണീയ അനുഭവം ആയിരുന്നു. പ്രസ്തുത
രംഗത്തിനു ആസ്വാദകരില്‍ നിന്നും ഉയര്‍ന്ന കരഘോഷത്തിന്റെ കഥയും മറ്റും
ചില ആസ്വാദകര്‍ മൂലവും ചില കലാകാരന്മാര്‍ മൂലവും ഞാന്‍ അറിഞ്ഞപ്പോള്‍
മങ്കൊമ്പ് ആശാന് ഞാന്‍ ഒരുകത്ത് അയയ്ക്കുക ഉണ്ടായി. പ്രസ്തുത കത്തിന്
അദ്ദേഹം എനിക്ക്
ഒരു മറുപടി അയച്ചിരുന്നു.
കഥകളി സംബന്ധിച്ച ഒരു ആര്‍ട്ടിക്കിള്‍
തേടുമ്പോള്‍ ഈ ലെറ്റര്‍ വീണ്ടും എന്റെ
ശ്രദ്ധയില്‍ പെട്ടു. പതിനാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചപ്പോള്‍
തോന്നാതിരുന്ന ഒരു പ്രത്യേക അനുഭൂതിയാണ് ആ ലറ്റര്‍ വീണ്ടും വീണ്ടും
വായിച്ചപ്പോള്‍ എനിക്ക് അനുഭവപ്പെട്ടത്. മങ്കൊമ്പ് ആശാനും
ചെന്നിത്തല ആശാനും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ആഴം അതില്‍
പ്രതിഫലിച്ചു
കാണാന്‍ എനിക്കു കഴിഞ്ഞത് ഇപ്പോഴാണ് . "ഇനിയും വല്ലപ്പോഴുമൊക്കെ
ഇങ്ങിനെ എഴുതണം. ഇടയ്ക്ക് ചെന്നിത്തലയില്‍ വരുമ്പോള്‍ ഒരു കാര്‍ഡിട്ടാല്‍ ഞാന്‍
അവിടെ വന്നു കണ്ടു കൊള്ളാം" എന്ന് അദ്ദേഹം അതില്‍
എഴുതിയിരിക്കുന്നതില്‍ കൂടി എന്റെ പിതാവായ ചെന്നിത്തല ആശാനും മങ്കൊമ്പ് ആശാനും തമ്മില്‍ ഉണ്ടായിരുന്ന വിലമതിക്കാനാവാത്ത
ആത്മബന്ധത്തിന്റെ പ്രസക്തിയെയാണ്
വെളിപ്പെടുത്തിയിരിക്കുന്നത് .
എത്രയോ ബഹുമതികള്‍ക്ക് അര്‍ഹനായ മങ്കൊമ്പ് ആശാന്‍ എന്ന
മഹാനായ കലാകാരന്റെ ഈ എളിമ കഥകളി ലോകം
അറിയേണ്ടതു തന്നെയാണ് . വാര്‍ദ്ധക്ക്യത്തിന്റെ പിടിയില്‍ പെട്ട് അവശത അനുഭവിക്കുന്ന ബഹുമാന്യനായ മങ്കൊമ്പ് ആശാന്റെ പാദാരവിന്ദങ്ങളില്‍ നമിച്ചു കൊണ്ട് ഈ കത്ത് ഞാന്‍ ആസ്വാദകസമക്ഷം സമര്‍പ്പിക്കുന്നു.
അറിയേണ്ടതു തന്നെയാണ് . വാര്‍ദ്ധക്ക്യത്തിന്റെ പിടിയില്‍ പെട്ട് അവശത അനുഭവിക്കുന്ന ബഹുമാന്യനായ മങ്കൊമ്പ് ആശാന്റെ പാദാരവിന്ദങ്ങളില്‍ നമിച്ചു കൊണ്ട് ഈ കത്ത് ഞാന്‍ ആസ്വാദകസമക്ഷം സമര്‍പ്പിക്കുന്നു.
മങ്കൊമ്പ് ആശാന്റെ കത്ത്
മങ്കൊമ്പ് ശിവശങ്കരപ്പിള്ള ചെങ്ങന്നൂര്‍ അംബാലയം 5 -12 -98 ചെങ്ങന്നൂര്‍ (po) - 68912 .
(ആലപ്പുഴ ജില്ല)
പ്രിയപ്പെട്ട അംബുജന്,അയച്ച
കത്തു കിട്ടി. ഹരിപ്പാട്ട് തലത്തോട്ടായില്‍ നടന്ന കളിക്ക് വസിഷ്ഠന്റെ
ഭാഗം ചെയ്തെങ്കിലും അന്ന് ഞാന്‍ ഒട്ടും തന്നെ ഉല്‍സാഹവാനല്ലായിരുന്നു.
കാരണം എന്താണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. രംഗത്ത് ചെന്ന്
നാരദന്റെ വേഷം കെട്ടി വന്ന അരവിന്ദനെ കണ്ടതോടെ എന്റെ മന:പ്രയാസം ഒരളവുകൂടി
വര്‍ദ്ധിച്ചു. ആ സ്ഥാനത്തു ഇരിക്കേണ്ട നാരദന്‍ വേറെ ആളായിത്തീരുമെന്ന്
ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. നാരദന് ആട്ട മൊന്നും കൂടുതല്‍
ആടാനില്ലെങ്കിലും ഞങ്ങളൊന്നിച്ച് ഒടുവു കാലത്തും വേഷം കെട്ടാന്‍ ഭാഗ്യം
ഉണ്ടാകുമെന്ന് ഞാന്‍ അത്യധികം ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ദൈവം സാധിച്ചു
തന്നില്ല. അരവിന്ദന്റെ നാരദനെ നോക്കുമ്പോഴെല്ലാം എന്റെ മനസ്സ് വേറെ
എവിടെയൊക്കയോ പൊയ്ക്കൊണ്ടിരുന്നു. പിന്നീടൊരു വിധത്തില്‍ ധൈര്യം
അവലംബിച്ചാണ് ആട്ടങ്ങളാടിയത്.
മുന്‍പ് പീതാംബരന്റെ ആശാന്‍ കൃഷ്ണന്‍ നായര്‍ ചോദിക്കാറുള്ള ചോദ്യം തന്നെ പീതാംബരന്‍ എന്നോടു ചോദിച്ചു. ഹരിശ്ചന്ദ്രന് അഗ്നി സാക്ഷിയായി ഒരു ഭാര്യ ഇല്ലല്ലോ എന്നായിരുന്നു ചോദ്യം. ഞാന്‍ പറഞ്ഞു , ഒന്നല്ല പല ഭാര്യയുണ്ട് . ക്ഷത്രിയര്‍ക്ക് പല ഭാര്യമാരാകാമെന്ന് വിധിയുണ്ട്. എന്നാല്‍ മഹര്‍ഷിമാര്‍ അന്യസ്ത്രീയെ സ്വീകരിക്കുന്നത് ധര്‍മ്മമാണോ ? എന്ന് ഞാന്‍ അങ്ങോട്ടു കൊടുത്തു. അതോടെ പീതാംബരന്‍ ക്ഷീണനായി. തുടര്‍ന്ന് വസിഷ്ഠന്‍ സൂര്യവംശത്തിന്റെ ഗുരുവാകാനുണ്ടായ സാഹചര്യങ്ങള്‍ ഓരോന്നായി പറഞ്ഞു. അതോടൊപ്പം വസിഷ്ഠന്റെ ആശ്രമത്തില്‍ വന്ന് അതിഥിപൂജ നടന്നതും, "നന്ദിനി"യെന്ന ദിവ്യ'ഗോ'വിനെ അപഹരിക്കുവാന്‍ തുനിഞ്ഞതും, തോല്‍വി പറ്റിയതും, പറഞ്ഞു. ഞാന്‍ ആഗ്രഹിച്ച നാരദന്‍ കൂടി അന്നുണ്ടായിരുന്നെങ്കില്‍ അതെന്നന്നേക്കും മറക്കാനാവാത്ത ഒരു രംഗമായിത്തീരുമായിരുന്നു. അങ്ങിനെ ഒന്നും നടക്കുവാന്‍ ദൈവം അനുവദിച്ചില്ല. എനിക്ക് ഒരു 'പൊന്നാട' ശങ്കരപിള്ള തന്നു. ഞാന്‍ ഒരു തരത്തില്‍ രണ്ടുവാക്ക് മറുപടി പറഞ്ഞെന്നു വരുത്തിപ്പിരിഞ്ഞു.
ആശുപത്രിയില്‍
രോഗിയുടെ കിടക്കയിലിരുന്ന് എന്നോടും അയാംകുടിയോടും സംസാരിച്ച രംഗം എന്റെ
മനസ്സില്‍ ഇപ്പോഴും ഞാന്‍ കണ്ടു കൊണ്ടിരിക്കുകയാണ്.
അംബുജന്‍ കത്തയച്ചതില്‍ എനിക്ക് അതിരറ്റ സന്തോഷമുണ്ട്. ഇനിയും വല്ലപ്പോഴുമൊക്കെ ഇങ്ങിനെ എഴുതണം. ഇടയ്ക്ക് ചെന്നിത്തല(യില്‍) വരുമ്പോള്‍ ഒരു കാര്‍ഡിട്ടാല്‍ ഞാന്‍ അവിടെ വന്നു കണ്ടു കൊള്ളാം.
അംബുജന് കത്തയച്ചതില്‍ എനിക്ക് അതിരറ്റ സന്തോഷമുണ്ട്. ഇനിയും വല്ലപ്പോഴുമൊക്കെ ഇങ്ങിനെ എഴുതണം. ഇടയ്ക്ക് ചെന്നിത്തല(യില്‍) വരുമ്പോള്‍ ഒരു കാര്‍ഡിട്ടാല്‍ ഞാന്‍ അവിടെ വന്നു കണ്ടു കൊള്ളാം.
സര്‍വമംഗളങ്ങളും നേര്‍ന്നുകൊണ്ട് - സ്നേഹവാത്സല്ല്യങ്ങളോടെ
സ്വന്തം - മങ്കൊമ്പ് ശിവശങ്കരപ്പിള്ള
ഗൃഹാതുരത്വം ഉണര്‍ത്തുന്ന അങ്ങയുടെ ലേഖനം പല ആവര്‍ത്തി വായിച്ചു. മന്കൊമ്പാശന്റെ വടിവൊത്ത കയ്യക്ഷരത്തിലുള്ള കത്തും ആര്‍ത്തിയോടെ വായിച്ചു. അന്നത്തെ കളിയരങ്ങുകളില്‍ നില നിന്നിരുന്ന ആരോഗ്യകരമായ ബൌദ്ധിക സംവാദങ്ങളിലേക്ക് വെളിച്ചം വീശുക കൂടി ചെയ്യുന്നു ഈ കത്ത്. ചെങ്ങന്നൂര്‍ രാമന്‍പിള്ള ആശാന്റെ ശിഷ്യ ചതുഷ്ടയത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ആസ്വാദകര്‍ക്ക് അങ്ങയുടെ പോസ്റ്റ് ഒരു നിധി കുംഭം തന്നെ ആണ്‍. ആശാന്‍ കായകല്പം ചെയ്ത് വീണ്ടും യൌവനം നേടി അരങ്ങില്‍ പരശുരാമാനായി നിറഞ്ഞാടുന്നത് ഞാന്‍ ഇടക്കിടെ സ്വപ്നം കാണാറുണ്ട. നിസ്സീമമായ നന്ദി അറിയിക്കുന്നു.
മറുപടിഇല്ലാതാക്കൂസ്നേഹം തുളുമ്പുന്ന വാക്കുകള്‍. ഒരിക്കല്‍ കഥകളിയിലെ ചില വിഷയങ്ങലെക്കുരിച്ച്ചു നീരസത്തോടെ ഞാന്‍ ഒരു കത്ത് മന്കൊമ്പാശാനു അയച്ചു. എന്റെ അച്ഛനെ വളരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ആശാന്‍ അക്കര്യമെല്ലാം പരാമര്‍ശിച്ചു കൊണ്ട് എനിക്കും ഇതുപോലൊരു കത്തയച്ചിരുന്നത് ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. നന്മയും സ്നേഹവും മനസ്സിലുള്ളവരുടെ ഭാഷ ഒന്ന് വേറെ തന്നെയാണ്. രോഗശയ്യയില്‍ കിടക്കുന്ന ആ വലിയ കലാകാരനെ ഓര്‍ക്കാന്‍ സന്ദര്‍ഭം ഉണ്ടാക്കിയതിനു നായര്‍ക്കു നന്ദി. അദ്ദേഹം അരങ്ങത്തവതരിപ്പിച്ച് സ്നേഹിച്ച ദൈവങ്ങള്‍ അദ്ദേഹത്തിനു സമാധാനവും ശാന്തിയും നല്‍കും. തീര്‍ച്ച..
മറുപടിഇല്ലാതാക്കൂഫേസ് ബൂക്കിലൂടെ വന്ന കമന്റ്:
മറുപടിഇല്ലാതാക്കൂSuma Rajasekharan:
ബ്ലോഗ് കണ്ടു.വളരെ സന്തോഷം തോന്നി.എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടന്‍.ശാന്തന്‍!സൌമ്യന്‍!നന്ദി അമ്ബുജാക്ഷന്ചേട്ടാ ,വൈകാതെ ഞാന്‍ അദ്ദേഹത്തെ പോയി കാണുന്നുണ്ട്.
Mahesan Madavan:
നന്നേ കുട്ടിക്കാലത് നാവായികുളം ക്ഷേത്രത്തില്‍ അച്ഛനോടൊപ്പം ഹരിച്ച്ന്ദ്രചരിതം കണ്ടത് ഓര്‍ത്തിരുന്നുപോയി. വിശ്വാമിത്രനും ചുടല ഹരിച്ചന്ദ്രനും കൃഷ്ണന്‍നായര്‍ ആശാന്‍ ആയിരുന്നു . മംകൊമ്പ് ആശാന്‍ ചന്ദ്രമതി ആയിരുന്നു . മാംകുളം തിരുമേനി ആയിരുന്നു ഹരിചന്ദ്രന്‍..., തകഴി , മുദാക്കല്‍ ടീമിന്‍റെ പാട്ട് . മേളത്തിന് വാരണാസി ആയിരുന്നന്നാണ് ഓര്‍മ്മ . എന്തായാലും ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ വല്ലാത്ത ഒരനുഭവം തന്നെയാണ് .
Sreechithran Mj: 6:19pm Oct 12
പതിവുപോലെ മനോഹരമായി അംബുചേട്ടൻ മങ്കൊമ്പ് ആശാനേയും അവതരിപ്പിച്ചിരിയ്ക്കുന്നു. കഥകളിയുടെ ഒരു തലമുറ നിലനിർത്തിപ്പോന്ന പരസ്പരസ്നേഹത്തിന്റെ തിളക്കം മങ്കൊമ്പാശാന്റെ കത്ത് അനുഭവിപ്പിക്കുന്നു. ആശംസകൾ.
ente gurunadananu mankombashan..Aashante vijnanaparapp kalariyiloode nerittarian sadhicha oru eliya shishyananu njan..aashnate pandithyavum ,cholliyatta vrithiyum anyadrishyamanu...kalariyil chengannor ashane kurichum chellappan pilla aashane kurich matu sahapadikale kurichum samsarikumbol 100 navanu...Ang aashanayacha kath facebookiloode kattithanath vazhy ente kannum manasum alakkanavath santhoshamund.1000 nanni..kalamandalam Gopakumr
മറുപടിഇല്ലാതാക്കൂAswathy Gopan: അഭിപ്രായക്കുറിപ്പിന് വളരെ നന്ദി. മങ്കൊമ്പ് ആശാനും അച്ഛനുമായി നിലനിന്നിരുന്ന സഹൃദം ഒരിക്കലും പങ്കുവെയ്ക്കാൻ സാധ്യമല്ലാത്ത വിധത്തിൽ ആയിരുന്നു.
മറുപടിഇല്ലാതാക്കൂ