കേരളചരിത്രവും കഥകളിയുടെ ചരിത്രവും ഊടും പാവുംപോലെ പരസ്പര ബന്ധങ്ങളാണ്. കഥകളിയാകുന്ന പാവമുണ്ടിനെ പരിഷ്കരണത്തിന്റെ കസവണിയിച്ച കാര്‍ത്തിക - അശ്വതി - കോട്ടയം തമ്പുരാക്കന്മാരുടെ കരവിരുതിനെ വസ്തു നിഷ്ടമായി വിലയിരുത്തിക്കൊണ്ട് ശ്രീ. എം.കെ.കെ. നായര്‍ അവര്‍കള്‍ 1981- ല്‍ എഴുതിയയതാണ് ഈ ലേഖനം. അദ്ദേഹത്തിന്റെ പ്രസ്തുത ലേഖനം ഇന്നത്തെ ഇന്റര്‍നെറ്റ് യുഗത്തിലെ കഥകളി ആസ്വാദകര്‍ വായിച്ചിരിക്കുവാനിടയില്ല. അതുകൊണ്ട് അദ്ദേഹത്തിന്‍റെ ലേഖനത്തെ പല ഭാഗങ്ങളാക്കി വിഭജിച്ച് പോസ്റ്റു ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു. ലേഖനത്തിന്റെ ആദ്യഭാഗം കഥകളിയെയും കഥകളി കലാകാരന്മാരെയും സ്നേഹിച്ചിരുന്ന മഹാനായ എം. കെ.കെ. നായര്‍ അവര്‍കളെ മനസാ സ്മരിച്ചു കൊണ്ട് ആസ്വാദകസമക്ഷം സമര്‍പ്പിക്കുന്നു. നിങ്ങളുടെ പരിപൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നു.
Sri. M.K.K. Nair
ഒരു അവിസ്മരണീയ മഹാ പുരുഷനായിരുന്നു കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്. ധര്‍മ്മരാജാ എന്നും രാമരാജ ബഹദൂറെന്നും മറ്റും ഇന്നും ഏവരും സ്നേഹ ബഹുമാനപൂര്‍വ്വം സ്മരിക്കുന്ന കാര്‍ത്തികതിരുനാള്‍ AD1758 - ലാണ് ശ്രീ. വീര മാര്‍ത്താണ്ഡവര്‍മ്മയുടെ മരണാനന്തരം രാജ്യ ഭാരമേറ്റത്. ചെറിയ ഒരു പ്രദേശമായിരുന്ന വേണാടിന്റെ ആധിപത്യം ലഭിച്ച ഉടനെ, മരണംവരെ പടവെട്ടി, അയല്‍ രാജ്യങ്ങളെല്ലാം പിടിച്ചെടുത്തു. കന്യാകുമാരി മുതല്‍ അങ്കമാലി വരെ തിരുവിതാംകൂര്‍ എന്ന പേരില്‍ ഒരു രാജ്യമാക്കിത്തീര്‍ത്ത മാര്‍ത്താണ്ഡവര്‍മ്മയുടെ മരണ സമയത്ത് രാജ്യത്തിനുള്ളില്‍ ക്രമ സമാധാന നില വളരെ മോശമായിരുന്നു. നിരന്തരമായ യുദ്ധം മൂലം ഖജനാവും ശോഷിച്ചിരുന്നു. ആ സമയത്താണ് യുവാവായ കാര്‍ത്തികതിരുനാള്‍ രാജ്യഭാരമേറ്റത്. വിദ്വാനും സമചിത്തനുമായ അദ്ദേഹം നാലഞ്ചുവര്‍ഷം കൊണ്ടുതന്നെ തന്റെ രാജ്യത്തെ ഐശ്ചര്യഭൂയിഷ്ഠമാക്കിത്തീര്ത്
തന്നേക്കാള്‍ എത്രയോ ശക്തനും തന്റേടക്കാരനുമായ ഒരു ശത്രുവിനെ യുദ്ധത്തില്‍ നേരിടുന്ന ബദ്ധപ്പാടില്‍ വര്‍ഷാ- വര്‍ഷങ്ങളായി കഷ്ടപ്പെടേണ്ടി വന്നുവെങ്കിലും പണ്ഡിതനും, കലോപാസകനും സഹൃദയാഗ്രണിയുമായിരുന്ന കാര്‍ത്തികതിരുനാള്‍ തന്റെ ഏറ്റവും വിഷമഘട്ടത്തില്‍ പോലും മനസ്വാസ്ഥ്യം കണ്ടത് കവിതയെഴുത്തിലും കഥകളിയിലുമാണ്. ഏതാണ്ട് AD. 1575-ല്‍ കൊട്ടാരക്കരയില്‍ പ്രാകൃതരൂപം കൊണ്ട രാമനാട്ടം വെട്ടത്തു തമ്പുരാന്റെ പരിചരണവും ഉടച്ചുവാര്‍ക്കലും കഴിഞ്ഞു കഥകളിയായി തീര്‍ന്ന കാലത്താണ് കാര്‍ത്തിക തിരുനാള്‍ രംഗപ്രവേശനം ചെയ്തത്. നാട്യകലയില്‍ കോട്ടയത്തു തമ്പുരാനെപ്പോലെ പ്രവീണ്യം നേടിയിരുന്ന കാര്‍ത്തിക തിരുനാള്‍ ഭാരതമുനിയെ തുടര്‍ന്ന്, എന്നാല്‍ കേരളീയ സമ്പ്രദായങ്ങളെ മുന്‍നിര്‍ത്തി ഒരു അപൂര്‍വ ഗ്രന്ഥം നിര്‍മ്മിച്ചു. "ബാലഭാരതം" എന്നറിയപ്പെടുന്ന ആ വിശിഷ്ട ഗ്രന്ഥം നാട്യകലയുടെ കാതലാണ്. അതിലളിതമായ, സരസമായ സംസ്കൃത ശൈലിയില്‍ ഇപ്രകാരമൊരു മൂലഗ്രന്ഥം വേറെ കാണുകയില്ല.
മാര്‍ത്താണ്ഡവര്‍മ്മ
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തു ചെമ്പകശേരി രാജ്യം യുദ്ധം ചെയ്തു പിടിച്ചടക്കിയ സേനയുടെ നേതൃത്വം കാര്‍ത്തിക തിരുനാള്‍ യുവരാജാവിനായിരുന്നു. യുദ്ധം കഴിഞ്ഞ് അവിടെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചതും അദ്ദേഹമായിരുന്നു.
അന്ന് ചെമ്പകശേരിയിലെ മന്ത്രിയായിരുന്ന മാത്തൂര്‍ പണിക്കരുടെ കുടുംബത്തില്‍ പേരുകേട്ട ഒരു കളിയോഗം ഉണ്ടായിരുന്നു. ചെമ്പകശേരി പിടിച്ചെടുക്കുന്നതിനു വേണ്ടി ഒത്താശകള്‍ ചെയ്ത മാത്തൂര്‍ പണിക്കരുടെ കളിയോഗത്തിന്റെ പ്രകടനം യുവരാജാവ് കാണാനിടയായി. അഭ്യാസത്തികവും അഭിനയനൈപുണിയും തികഞ്ഞ ആ കളിയോഗം യുവരാജാവിനെ വശീകരിച്ചു എന്നു പറയേണ്ടല്ലോ.
കാര്‍ത്തിക തിരുനാള്‍
മാര്‍ത്താണ്ഡവര്‍മ്മയുടെ മരണശേഷം ഭരണമേറ്റ് അധികനാള്‍ കഴിയും മുമ്പുതന്നെ കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് മാത്തൂര്‍ കാരണവരെയും കളിയോഗത്തെയും തിരുവനന്തപുരത്തേക്കു വരുത്തി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനു കളി അരങ്ങുകള്‍ നടത്തി. സന്തുഷ്ടനായ മഹാരാജാവ് അന്നുമുതല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനു മാത്തൂര്‍ പണിക്കരുടെ നേതൃത്വത്തിലുള്ള കളി എല്ലാ ദിവസവും വേണമെന്നു നിര്‍ദ്ദേശിക്കുകയും മാത്തൂര്‍ കുടുംബത്തിന് അനുയോജ്യമായ വേതനം നിശ്ചയിക്കുകയും ചെയ്തു. അങ്ങിനെയാണ് തിരുവനന്തപുരം ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കഥകളി ഒരു അനിവാര്യ ഘടകമായിത്തീര്‍ന്നത്.
(തുടരും ... )
പ്രിയപ്പെട്ട അമ്പുജക്ഷന്‍ നായര്‍, ഈ ലേഖനം ആസ്വാദക സമക്ഷം വീണ്ടും കൊണ്ടുവരുന്നത് അങ്ങ് പറഞ്ഞ പോലെ ഇന്നത്തെ തലമുറക്ക് ചരിത്രത്തിന്റെ അവബോധം സൃഷ്ടിക്കാന്‍ ഉതകും എന്നാ കാര്യത്തില്‍ സംശയമില്ല. തുടര്‍ന്നു വായിക്കാനായി കാത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഇന്നു് അച്ചടി മാധ്യമം വഴി ലഭിക്കാന്‍ ഇടയില്ലാത്ത ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന അങ്ങേക്കു് അനല്പമായ നന്ദി രേഖപ്പെടുത്തട്ടെ.
മറുപടിഇല്ലാതാക്കൂനിഷികാന്ത്
Ashamsakal...! :)
മറുപടിഇല്ലാതാക്കൂ