പേജുകള്‍‌

2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

'ബ്രഹ്മശ്രീ. തോട്ടം ശങ്കരന്‍ നമ്പൂതിരി' - ശ്രീ.കുടമാളൂര്‍ കരുണാകരന്‍ നായരുടെ അനുസ്മരണം

(എന്റെ കഥകളി ബ്ലോഗ്‌ വായിക്കാറുള്ള കുടമാളൂര്‍ സ്വദേശി ഡോക്ടര്‍. ശ്രീ. മാധവന്‍ നമ്പൂതിരി  അവര്‍കള്‍  (Dr. Nampoothiri,  Marlandwood,  USA.), ബ്രഹ്മശ്രീ. തോട്ടം ശങ്കരന്‍ നമ്പൂതിരിയെ പറ്റി ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍ ആശാന്‍ സ്വന്തം കൈപ്പടയില്‍ എഴുതി അദ്ദേഹത്തിനു നല്‍കിയിരുന്ന ഒരു കുറിപ്പ് എനിക്ക് അയച്ചു തന്നിരുന്നു. 1943- ല്‍ കല്‍ക്കട്ട കള്‍ച്ചറല്‍ സെന്ററില്‍ അനേകം പ്രശസ്തരുടെ സാന്നിദ്ധ്യത്തില്‍ ഭീമപ്രഭാവം അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ ഹൃദയാഘാതത്താല്‍ മരണപ്പെട്ട തോട്ടം ശങ്കരന്‍ നമ്പൂതിരിയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു  കൊണ്ട്  അന്നത്തെ പത്രമാസികളില്‍  ചില പ്രശസ്ത വ്യക്തികള്‍  എഴുതിയ അനുശോചന സന്ദേശങ്ങളും അതോടൊപ്പം ഉണ്ടായിരുന്നുശ്രീ. മാധവന്‍ നമ്പൂതിരി അവര്‍കളുടെ അനുവാദത്തോടെ ഈ കുറിപ്പുകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു). 

                                                      Thottam Sankaran Nampoothiri

കഥകളിയരങ്ങെന്ന മഹാ സാമ്രാജ്യത്തിലെ ചക്രവര്‍ത്തി ആയിരുന്ന ബ്രഹ്മശ്രീ. തോട്ടം ശങ്കരന്‍ നമ്പൂതിരിയെ, ഒരു പ്രാവശ്യമെങ്കിലും അദ്ദേഹത്തിന്‍റെ വേഷം കണ്ടിട്ടുള്ള ഒരു കഥകളിപ്രേമിക്കും മറക്കുവാന്‍ സാദ്ധ്യമല്ല. അത്രമാത്രം വേഷഭംഗിയും രസ ഭാവ പ്രകടനത്തിലുള്ള കഴിവും ഒത്തു ചേര്‍ന്ന ഒരു മഹാ നടന്‍തന്നെ ആയിരുന്നു അദ്ദേഹം. തിരുമേനിയുടെ വേഷഭംഗിയും അഭിനയ പാടവവും കണ്ട്, ലോക പ്രസിദ്ധ നര്‍ത്തകനായ ഉദയശങ്കര്‍ പോലും ആ മഹാനടന്റെ ശിഷ്യത്വം സ്വീകരിച്ചു. എന്റെ അര നൂറ്റാണ്ടിലധികമായുള്ള കലാ ജീവിതത്തില്‍ തോട്ടം തിരുമേനിക്ക് തുല്യമായി നായക വേഷങ്ങള്‍ അഭിനയിക്കുന്ന ഒരു നടനെ കണ്ടിട്ടില്ല. തിരുമേനിയുടെ കൂടെ നായികയായി അഭിനയിക്കുമ്പോഴുണ്ടായിട്ടുള്ള അനുഭവം മറ്റാരുടെ കൂടെ അഭിനയിക്കുമ്പോഴും ഉണ്ടാകുന്നില്ല എന്നുള്ളത് ഒരു സത്യം മാത്രമാണ്. "അഴകിയരാവണന്‍" എന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിചിരുന്നത്. തിരുമേനി അരങ്ങത്തു വന്നാല്‍ ആ മുഖത്തു നിന്നും ഒരു കഥകളി പ്രേമിക്കും കണ്ണുപറിക്കുവാന്‍ സാധിച്ചിരുന്നില്ല. അനന്യസിദ്ധമായ അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ അത്രമാത്രം അദ്ദേഹത്തിലേക്ക്‌ ലയിപ്പിച്ചിരുന്നു. ഒരു സംഭവം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. മാവേലിക്കരയില്‍ നടന്ന ഒരു രാവണവിജയം കഥകളി. തിരുമേനിയുടെ രാവണന്‍. നിറഞ്ഞ സദസ്സ്. രാവണനും മണ്ഡോദരിയുമായുള്ള ശ്രുംഗാരപ്പദമാണ്‌ രംഗം. കാണികള്‍, ശ്രുംഗാരരസരാജനായ തിരുമേനിയുടെ അഭിനയത്തില്‍ ലയിച്ചിരിക്കുമ്പോള്‍ ആട്ടവിളക്കിന്റെ മരം കൊണ്ടുള്ള കാലിനു എങ്ങിനെയോ തീ പിടിച്ചു. അരങ്ങിനു മുന്‍പിലിരുന്നു കളികണ്ടവര്‍ ആരും ഇതറിഞ്ഞില്ല. അവസാനം തീ ആളിക്കത്തിയപ്പോള്‍ പുറകില്‍ നിന്നാരോ വിളിച്ചു പറഞ്ഞപ്പോഴാണ് എല്ലാവരും അതു ശ്രദ്ധിച്ചത്. തീ കെടുത്തുവാന്‍ മണലുവാരിയിട്ടവരുടെ കൂട്ടത്തില്‍ ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കരാശാനുമുണ്ടായിരുന്നു. 



                                                   

കോട്ടയം അടുത്തുള്ള പാറപ്പാടം ക്ഷേത്രത്തിലെ കഥകളിക്കാണ് തിരുമേനിയുടെ കൂടെ ആദ്യമായി ഒരു വേഷം കെട്ടുവാന്‍ എനിക്ക് ഭാഗ്യമു ണ്ടായത്. തിരുമേനിയുടെ, സുപ്രസിദ്ധമായ കാര്‍ത്തവീര്യാര്‍ജുനവിജയത്തിലെ രാവണന്റെ കൂടെ ണ്ഡോദരിയായിരുന്നു എന്റെ വേഷം. ഈശ്വരകൃപയാലും എന്റെ ഗുരുത്വം കൊണ്ടും ഞാന്‍ കെട്ടിയ വേഷം തിരുമേനിക്ക് ഇഷ്ടപ്പെട്ടു. ആ കഥകളിയാണ് ആ കലാവല്ലഭന്റെ ശിഷ്യത്വം സ്വീകരിക്കുന്നതിനും അനവധി തവണ അദ്ദേഹത്തോടൊപ്പം നായികാ വേഷങ്ങള്‍ കെട്ടുന്നതിനും, ഉദയശങ്കറിന്റെ അപേക്ഷപ്രകാരം തിരുമേനി ഉത്തരേന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ ആ സംഘത്തിലെ പ്രധാന സ്ത്രീവേഷക്കാരനാകുന്നതിനു എനിക്ക് ഇടവരുത്തിയത്. തകഴിയില്‍ തോട്ടം മഠത്തില്‍ വെച്ച്, ഉര്‍വ്വശി, രംഭ, പൂതനാമോക്ഷത്തില്‍ ലളിത തുടങ്ങിയ വേഷങ്ങളുടെ അഭിനയം, തിരുമേനി എനിക്ക് നടിച്ചു കാണിച്ചു തന്നിട്ടുള്ളതാണ്. ആ ഓര്‍മ്മയില്‍ കൂടിയാണ് ഇന്നും ആ വേഷങ്ങള്‍ ഞാന്‍ രംഗത്ത് അഭിനയിക്കുന്നതും.


സമകാലീനരായ അതി പ്രഗല്‍ഭന്മാര്‍ പ്രതിഫലമായി അഞ്ച് രൂപാ വരെ ചോദിച്ചു വാങ്ങിയിരുന്നപ്പോള്‍, ഒന്നും ചോദിക്കാതെ തിരുമേനിക്ക് അമ്പതു രൂപായെങ്കിലും ഒരു കഥകളിക്ക് കിട്ടിയിരുന്നു എന്ന് പറയുമ്പോള്‍തന്നെ ആ മഹാനടന് അന്ന്‌ കഥകളി രംഗത്തുണ്ടായിരുന്ന അംഗീകാരവും പ്രൌടിയും ഊഹിക്കാമല്ലോ!. ഉത്തരാസ്വയംവരത്തിലെ ദുര്യോധനന്റെ "ഏകലോചനം" എന്ന ഭാഗം തിരുമേനിയെപോലെ നടിക്കുന്ന ഒരു നടന്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. കോപവും ശോകവും ഇടവിട്ട്‌ കണ്ണുകൊണ്ടുള്ള ആ പ്രയോഗം അപാരമെന്നേ പറയാവൂ. കണ്ണുസാധകത്തെപ്പറ്റിയുള്ള കഥ തിരുമേനി തന്നെ പറഞ്ഞിട്ടുണ്ട്. "നിലാവുസാധകം" നിലാവ് തീരുന്നത് വരെ കണ്ണു സാധകം നടത്തി അവസാനം ഇരുപത്തിരണ്ടു നാഴികവരെ കണ്ണു സാധകം ഒറ്റയിരുപ്പില്‍ ചെയ്തപ്പോള്‍ കണ്ണിനു നീരുവന്നത്രേ! എല്ലാ കഥകളിലേയും കത്തിവേഷങ്ങളിലും പച്ചവേഷങ്ങളിലും സുന്ദരബ്രാഹ്മണന്‍ തുടങ്ങിയ മിനുക്കു വേഷങ്ങളിലും തിരുമേനി അജയ്യനായിരുന്നു. അടുത്ത കാലത്ത് നളചരിതം നാലാംദിവസം വീണ്ടും ചിട്ടപ്പെടുത്തിയത് തിരുമേനി ആയിരുന്നു. മാവേലിക്കര കഥകളി ക്ലബ്ബില്‍ വെച്ചായിരുന്നു. അന്ന്‌ തിരുമേനിയുടെ ബാഹുകനും എന്റെ ദമയന്തിയുമായിരുന്നു. ശ്രീ. ഇറവങ്കര നീലകണ്ടന്‍ ഉണ്ണിത്താന്‍ ആയിരുന്നു പാടിയത്. ഡോക്ടര്‍. ഈ.കെ. രാമന്‍പിള്ള, ശ്രീ. തോപ്പില്‍ ഗോപാലപിള്ള എന്നിവരായിരുന്നു ആ കളിക്ക് നേതൃത്വം നല്‍കിയവര്‍.
തിരുമേനി, മഹാതേജസ്വിയും തികഞ്ഞ ഈശ്വരഭക്തനും, പരിശുദ്ധഹൃദയനും ആയിരുന്നു. ഇന്നത്തെ യുവ തലമുറയ്ക്ക് ആ മഹാ നടന്റെ കഴിവുകള്‍ കാണുവാനിടവരുത്താതെ ഹത:വിധി അദ്ദേഹത്തെ അപഹരിച്ചു. എങ്കിലും, ആ വേഷം ഒരിക്കലെങ്കിലും കണ്ടിട്ടുള്ള പരശതം ആസ്വാദക ഹൃദയങ്ങളില്‍, കഥകളി പ്രസ്ഥാനം ഇന്നേവരെ കണ്ടിട്ടുള്ളവരില്‍ വെച്ച് ഒന്നാമനായ ആ "നടസാര്‍വഭൌമന്‍" എന്നെന്നും തെളിഞ്ഞു നില്‍ക്കും 
********************************************************************************************
 തോട്ടം തിരുമേനിയുടെ മരണവാര്‍ത്തയറിഞ്ഞു ചില പ്രമുഖരുടെ അനുശോചന കുറിപ്പുകള്‍.
"I am heart stricken to hear the news of Guru. Sankaran Namboothiri's death. A great jewel of India is lost.......... We do not have the power to realise what a great soul he has been; he was not only a great dancer but a ' mahapurush' a 'Rishi'.......... It is beyond me to describe his greatness............
 USTHAD ALLAUDIN KHAN

" Like a thunderbolt came today the very sad news of sudden and unexpected death of Guru. Sankaran Namboothiri. Away with him has gone the great and glorious Kathakali traditions and culture. I should say that India has lost a great man well versed in the art of Abhinaya, and your institution its guiding star. My his soul rest in peace.
(Sri. MUKUNDARAJA , 
Formerly founder Secretary of Kalamandalam )

" I was shocked to learn of the tragic death of the celebrated Guruji. I can hardly imagine that he is no more! His eyes were so full of light and life..... How marvellous was his art..... He made it so living and realistic, I could never imagine that a man could never possess such powers.... He by himself seemed to fill the entire stage........A great man of the motherland has ceased to be......
07-08-1943
Mr. S.K. RUDRA
Economic Adviser to the U.P. Government.

2 അഭിപ്രായങ്ങൾ:

  1. പ്രിയപ്പെട്ട അമ്പുജാക്ഷൻ നായർ അവർകൾ,
    തോട്ടം ശങ്കരൻ നമ്പൂതിരിയെപ്പറ്റി കുടമാളൂർ എഴുതിയ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മക്കുറിപ്പ് പുന:പ്രസിദ്ധീകരിച്ചത് ഏറ്റവും ഉചിതമായി. മൺ മറഞ്ഞു പോയ ഈ മഹാരഥനെ പുതു തലമുറക്ക് അടുത്തറിയാൻ ഹൃദയത്തിൽ നിന്നും ആവിർഭവിച്ച ഈ ചുരുക്കം വാക്കുകൾ ധാരാളം. അങ്ങയുടെ ബ്ലൊഗ് ഇത്തരം കൂടിച്ചേരലുകൾക്കും, ചരിത്രത്തിലെ നിർണ്ണായകങ്ങളായ ഏടുകൾ അനാവരണം ചെയ്യുന്നതിനും വേദിയാകുന്നത് ധന്യമായ ഒരു അനുഭവം തന്നെ. ഇനിയും ഇപ്രകാരം എവിടെയൊ മറഞ്ഞു നിൽക്കുന്ന വിലപ്പെട്ട രേഖകൾ അങ്ങിലൂടെ ആസ്വദക സമക്ഷം എത്തി ചേരുവാൻ ജഗദീശ്വരൻ തുണയാകെട്ടെ എന്നു പ്രാർത്ഥിക്കുന്നു. അങ്ങേക്ക് ഇതോടൊപ്പം ഓണാശംസകളും അർപ്പിക്കുന്നു.
    സ്നേഹ ബഹുമാനാദരങ്ങളൊടെ
    ഉണ്ണികൃഷ്ണൻ

    മറുപടിഇല്ലാതാക്കൂ
  2. വളരെ നന്ദി. മിസ്റ്റര്‍. ഉണ്ണികൃഷ്ണന്‍

    മറുപടിഇല്ലാതാക്കൂ