SPICMACAY Chapter, IIT Madras, കൂട്ടായ്മയില്‍ ചെന്നൈ IIT - യിലുള്ള Central Lecture Theatre- ല്‍ 02-09-2012 വൈകിട്ട് ആറര മണി മുതല്‍ കഥകളി Lecture Demonstration, കല്യാണ സൌഗന്ധികം കഥകളി എന്നിവ അവതരിക്കപ്പെട്ടു.
കഥകളി Lecture ചെയ്തത് ശ്രീ.സ്വരലയം അപ്പുക്കുട്ടന്‍ (പ്രശസ്ഥ കഥകളി ആചാര്യന്‍ പത്മശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്റെ മകന്‍) അവര്‍കളും Demonstration ചെയ്തത് ശ്രീ. കലാമണ്ഡലം കുട്ടന്‍ ആശാന്‍ (പത്മശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്റെ പ്രസിദ്ധ ശിഷ്യന്‍) അവര്‍കളും ആയിരുന്നു.
ശ്രീ.സ്വരലയം അപ്പുക്കുട്ടന്‍ അവര്‍കള്‍
കഥകളി (Classical dance drama) എന്നാല്‍ കഥയും കളിയും ചേര്‍ന്നതാണ് എന്നും ഭാരതനാട്യം, കുച്ചുപ്പിടി തുടങ്ങിയ കലാരൂപങ്ങളില്‍ കഥയ്ക്ക് മുഖ്യത്തം ഇല്ലെന്നും കഥകളി എന്ന കലാരൂപം ജന്മിമാരുടെയും മറ്റും പിടിയില്‍ നിന്നും ജനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത് കലാമണ്ഡലം രൂപം കൊണ്ടതിനു ശേഷമാണെന്നും ശ്രീ. അപ്പുക്കുട്ടന്‍ അഭിപ്രായപ്പെട്ടു. കഥകളിയില്‍ ആംഗീകാഭിനയം പോലെ തന്നെ മുഖാഭിനയത്തിനും പ്രാധാന്യമുണ്ടെന്നു അദ്ദേഹം വിവരിച്ചു.
കഥകളി ഭാഷയില്‍ ഉപയോഗിക്കുന്ന പതാകം, മുദ്രാഖ്യം, കടകം, മുഷ്ടി, കര്‍ത്തരീമുഖം, ശുകതുണ്ഡം, കപിത്ഥം, ഹംസപക്ഷം, ശിഖരം, ഹംസാസ്യം, അഞ്ജലി, അര്‍ദ്ധചന്ദ്രം, മുകുരം, ഭ്രമരം, സൂചീമുഖം, പല്ലവം, ത്രിപതാകം, മൃഗശീര്‍ഷം, സര്‍പ്പശിരസ്സ്, വര്‍ദ്ധമാനകം, അരാളം, ഊര്‍ണ്ണനാഭം, മുകുളം, കടകാമുഖം എന്നീ ഇരുപത്തിനാലു മുദ്രകളെ പറ്റി ശ്രീ. അപ്പുക്കുട്ടന്‍ അവര്‍കള്‍ വിവരിക്കുകയും ശ്രീ. കുട്ടന്‍ ആശാന്‍ മുദ്രകള്‍ ഓരോന്നും ചെയ്തു കാണിക്കുകയുമുണ്ടായി. കണ്ണ് സാധകം ചെയ്യുന്ന രീതികളും, തുടര്‍ന്ന് കഥകളിയ്ക്കു ഉപയോഗിക്കുന്ന മദ്ദളം, ചെണ്ട, ഇലത്താളം (ചേങ്കില ഇല്ലായിരുന്നു) എന്നീ വാദ്യോപകരണങ്ങള്‍ സദസ്സിനു പരിചയപ്പെടുത്തുകയും അവ ഓരോന്നും പ്രയോഗിച്ചു കാട്ടുകയും ചെയ്തു.
ശ്രീ. സദനം പ്രസാദ് , ശ്രീ. കലാമണ്ഡലം ദേവരാജന്‍, ശ്രീ. കലാമണ്ഡലം
അനന്തനാരായണന്‍, ശ്രീ. കലാമണ്ഡലം കുട്ടന്‍ ആശാന്‍ .
നവരസങ്ങളുടെ അവതരണം
ശ്രുംഗാരം, ഹാസ്യം,കരുണം ,രൌദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളും, സ്ത്രീലജ്ജ, പുരുഷലജ്ജ എന്നിവയും സ്ത്രീപരിഭവം, പുരുഷപരിഭവം എന്നിവയും കല്യാണസൌഗന്ധികം കഥയിലെ ഭീമന്റെ "വഴിയില്‍ നിന്നു പോക വൈകാതെ" എന്ന പദാട്ടവും അവതരിപ്പിച്ചു. കഥകളിയെ പറ്റിയുളള സദസ്യരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ട് ശ്രീ. അപ്പുകുട്ടന്‍ അവര്‍കള്‍ കഥകളി Lecture Demonstration അവസാനിപ്പിച്ചു. തുടര്‍ന്ന് കല്യാണസൌഗന്ധികം ഭീമനും ഹനുമാനും തമ്മിലുള്ള സംഗമരംഗം അവതരിപ്പിച്ചു.
ഹനുമാന്‍: ശ്രീ.കലാനിലയം ഗോപിനാഥന്‍
ഭീമനും ഹനുമാനും (ഭീമന്‍: കലാമണ്ഡലം കുട്ടികൃഷ്ണന്‍)
ഭീമനും ഹനുമാനും
ശ്രീ. കലാനിലയം ഗോപിനാഥന്‍ ഹനുമാനായും കലാമണ്ഡലം കുട്ടികൃഷ്ണന്‍ ഭീമനായും രംഗത്തെത്തി. ശ്രീ. ഇരുവരും വളരെ ഭംഗിയായി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രീ. ഗോപിനാഥന്റെ ഫലിത പ്രയോഗങ്ങള്‍ അരങ്ങിനെ വളരെയധികം സ്വാധീനിച്ചു എന്നതില്‍ സംശയം ഇല്ല. കഥയുടെ വിവരണം ശ്രീ. അപ്പുക്കുട്ടന്‍ അവര്‍കള്‍ നല്‍കിയിരുന്നതിനാല്‍ ആദ്യമായി കഥകളി കാണുന്ന IIT -യിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഥകളി ഒരു പരിധിവരെ ആസ്വദിക്കുവാന്‍ സാധിച്ചു എന്നാണ് മനസിലാക്കുവാന്‍ കഴിഞ്ഞത്.
ശ്രീ.കലാമണ്ഡലം അനന്തനാരായണന്‍ സംഗീതവും ശ്രീ. കലാമണ്ഡലം ദേവരാജന്‍ ചെണ്ടയും, ശ്രീ. സദനം പ്രസാദ് മദ്ദളവും വളരെ ഭംഗിയായി കൈകാര്യം ചെയ്തു.
കഥകളി വേഷങ്ങള്‍ക്ക് ചുട്ടി കുത്തിയത് ശ്രീ. കലാനിലയം ശങ്കരനാരായണന്‍ ആയിരുന്നു.
------------------------------------------------------------------------------------------
അണിയറ വിശേഷങ്ങള്‍:
കഥകളി Demonstration ആരഭിക്കുന്നതിനു മുന്‍പ് അണിയറയില്‍ എത്തി ശ്രീ. കുട്ടന്‍ ആശാനുമായി സംസാരിക്കുന്നതിന് അവസരം ലഭിച്ചു. ആശാന്റെ കലാനിലയത്തിലെ ജീവിതകാലത്ത് ഒരു തരത്തിലുള്ള നീരസമോ വൈഷമ്യമോ ശ്രീ. പള്ളിപ്പുറം ഗോപാലന്‍ നായര്‍ ആശാനുമായി ഉണ്ടായിട്ടില്ല എന്ന് ശ്രീ. കുട്ടന്‍ ആശാന്‍ പറഞ്ഞു. പ്രത്യേകിച്ച് കഥകളിക്കു സീസന്‍ എന്നൊന്ന് പള്ളിപ്പുറം ആശാന്റെ കഥകളി ജീവിതത്തില്‍ ഉണ്ടായിരുന്നില്ല എന്ന അഭിപ്രായം വളരെ ശരിയാണ് അദ്ദേഹം സമ്മതിച്ചു
ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ കളി കഴിഞ്ഞു അണിയറയില്‍ വെച്ച് പള്ളിപ്പുറം ആശാനു മരണം സംഭവിച്ചപ്പോഴുണ്ടായ അനുഭവം ഞാന്‍ അശാനോട് പങ്കു വെച്ചു.
ശ്രീ. കുട്ടന്‍ആശാനുമായി കുറച്ചു സമയം
കഥകളി Demonstration- നുവേണ്ടി നാടിന്റെ പലഭാഗത്തും ചെല്ലുമ്പോള്‍ പല വ്യത്യസ്തമായ അനുഭവങ്ങളാണ് ലഭിക്കുന്നത് എന്ന് ആശാന്‍ പറഞ്ഞു. ദക്ഷിണ കേരളത്തിലെ അരങ്ങുകളില്‍ എത്തിയിരുന്ന കാലത്ത് അന്ന് അരങ്ങു പങ്കിട്ട ദക്ഷിണ കേരളത്തിലെ മണ്മറഞ്ഞ കലാകാരന്മാരെയെല്ലാം സ്മരിക്കുവാനുള്ള ഒരു മഹത്തായ അവസരമാണ് ഇന്ന് ലഭിച്ചതെന്ന് ആശാന്‍ അഭിപ്രായപ്പെട്ടു. ശ്രീ. ചെന്നിത്തല ആശാന്റെ ഹംസത്തോടൊപ്പം നളനും നിഴല്‍കുത്തിലെ മാന്ത്രികനോടൊപ്പം ദുര്യോധനനും ധാരാളം ചെയ്തിട്ടുണ്ടെന്ന് ആശാന്‍ സ്മരിച്ചു.
കഥകള്‍ രസിക്കുന്ന ശ്രീ. കലാമണ്ഡലം ദേവരാജന്‍.
ശ്രീ.കലാനിലയം ഗോപിനാഥനും പണ്ട് ദക്ഷിണ കേരളത്തില്‍ കഥകളിക്കു എത്തിയിട്ടുള്ളതും അക്കാലത്ത് അവിടെ കളികള്‍ക്ക് പങ്കെടുത്തിരുന്ന എല്ലാ കലാകാരന്മാരെയും സ്മരിക്കുകയുണ്ടായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ