ചെന്നൈ അടയാറിലുള്ള എം.ജി.ആര്‍ ജാനകി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ആഡിറ്റോറിയത്തില്‍ 19 - 08 - 2012 -ന് ദുര്യോധനവധം കഥകളി അവതരിപ്പിക്കുക ഉണ്ടായി. പ്രസ്തുത കോളേജിലെ നാട്യവിഭാഗമാണ് കഥകളിയുടെ അവതരണ ചുമതല വഹിച്ചത്. വൈകിട്ട് കൃത്യം അഞ്ചരമണിക്ക് കേളിയും തുടര്‍ന്ന് കഥകളി, ഭരതനാട്യം എന്നിവയില്‍ പ്രശസ്തി നേടിയ ശ്രീ.V .P. ധനജ്ഞയന്‍ വിളക്ക് കൊളുത്തി പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ശ്രീ.V .P. ധനജ്ഞയന്‍ അവര്‍കളെ കോളേജിലെ നാട്യവിഭാഗം ആദരിക്കുകയും തുടര്‍ന്ന് പുറപ്പാടും ദുര്യോധനവധം കഥയിലെ "പരിപാഹി" മുതലുള്ള രംഗങ്ങളും അവതരിപ്പിക്കുകയുണ്ടായി.
പുറപ്പാട് : ശ്രീ. കോട്ടക്കല്‍ ശ്രീ. സി. എം. ഉണ്ണികൃഷ്ണന്‍
ചൂതില്‍ തോറ്റ പാണ്ഡവര്‍ കൌരവര്‍ വിധിച്ച വനവാസവും അജ്ഞാതവാസവും കഴിഞ്ഞ ശേഷം തങ്ങള്‍ക്കു അര്‍ഹമായ പകുതി രാജ്യം നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുവാന്‍ കൌരവസഭയിലേക്ക് ദൂതനായി ശ്രീകൃഷ്ണന്‍ പോകുന്നു എന്ന വൃത്താന്തം അറിഞ്ഞു പാഞ്ചാലി കൃഷ്ണനെ സമീപിക്കുന്നതാണ് ആദ്യ രംഗം. കൌരവര്‍ പകുതി രാജ്യം നല്‍കി സമാധാനം ഉണ്ടായാല്‍ കൌരവസഭയില്‍ വെച്ചു ദുശാസനനാല്‍ താന്‍ അപമാനിക്കപ്പെട്ടപ്പോള്‍ ദുശാസനന്റെ മാറ് പിളര്‍ന്ന രക്തം പുരട്ടിയ കൈകാല്‍ മാത്രമേ ഇനി തന്റെ തലമുടി കെട്ടുകയുള്ളൂ എന്ന തന്റെ ശപഥം നിറവേറാതെ പോകുമോ എന്ന ഭയമാണ് പാഞ്ചാലിയെ ശ്രീകൃഷ്ണന്റെ സമീപം എത്തിച്ചത്. അങ്ങ് കൌരവരുമായി ദൂതുപറയുമ്പോള്‍ എന്റെ തലമുടിയുടെ കാര്യം മനസ്സില്‍ ഉണ്ടാകണം എന്നാണ് പാഞ്ചാലി കൃഷ്ണനെ അറിയിക്കുന്നത്.
യുദ്ധം ആരാലും ഒഴിവാക്കാവുന്നതല്ലെന്നും നിന്റെ ശപഥം നിറവേറും എന്നും കൃഷ്ണന്‍ പാഞ്ചാലിയെ സമാധാനപ്പെടുത്തി അയയ്ക്കുന്നു.
കൃഷ്ണനും പാഞ്ചാലിയും
ദുര്യോധനന്റെയും ദുശാസനന്റെയും തിരനോക്ക് കഴിഞ്ഞു അടുത്ത രംഗം കൌരവസഭയാണ്. ശ്രീകൃഷ്ണന്‍ പാണ്ഡവരുടെ ദൂതനായി എത്തുന്നു എന്നുള്ള വൃത്താന്തവും അദ്ദേഹം വരുമ്പോള്‍ ആരും ബഹുമാനിക്കരുതെന്നും ബഹുമാനിച്ചാല്‍ പിഴ നല്‍കേണ്ടിവരും എന്ന് ദുര്യോധനന്‍ സഭാവാസികളെ അറിയിക്കുന്നു. പാണ്ഡവര്‍ക്കു നിങ്ങള്‍ വിധിച്ച വനവാസവും അജ്ഞാത വാസവും പൂര്‍ത്തി ചെയ്തിരിക്കുന്നു. അവര്‍ക്ക് അവകാശപ്പെട്ട പകുതി രാജ്യം നല്‍കണം എന്ന് ദുര്യോധനനോട് ശ്രീകൃഷ്ണന്‍ അറിയിക്കുന്നു. പകുതി രാജ്യം നല്‍കുവാന്‍ വിസമ്മതിക്കുന്ന ദുര്യോധനനോട് അഞ്ച് ദേശം നല്‍കണം എന്ന് അറിയിച്ചു. ദുരോധനന്‍ അതും വിസമ്മതിച്ചപ്പോള്‍ ഒരു മന്ദിരം എങ്കിലും നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചു. സൂചി കുത്തുവാന്‍ പോലും അവകാശം നല്‍കുകയില്ല എന്ന് ദുര്യോധനന്‍ ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്നു വാഗ്വാദം മൂത്തപ്പോള്‍ ദുര്യോധനാദികള്‍ ശ്രീകൃഷ്ണനെ ബന്ധിക്കുവാന്‍ തയ്യാറായി. അപ്പോള്‍ ശ്രീകൃഷ്ണന്‍ തന്റെ വിശ്വരൂപം പ്രകടിപ്പിക്കുകയും ദുര്യോധനാദികള്‍ ബോധമറ്റ് നിലംപതിക്കുകയും ചെയ്തു. ശ്രീകൃഷ്ണന്‍ അപ്രത്യക്ഷമായപ്പോള്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ദുര്യോധനാദികള്‍ തയ്യാറായി.
തിരനോട്ടം: ദുര്യോധനന്‍
തിരനോട്ടം: ദുശാസനന്‍
ദുര്യോധനനും ദുശാസനനും
കൃഷ്ണന്റെ സഭാപ്രവേശം
ശ്രീകൃഷ്ണനെ ബന്ധിക്കുവാന്‍ ഒരുങ്ങുന്ന ദുര്യോധനനും ദുശാസനനും
മൂന്നാം രംഗം പടക്കളമാണ്. രൌദ്രഭീമന്‍ ദുശാസനനെ തേടി കണ്ടെത്തി പോരിനു വിളിക്കുന്നു. രണ്ട് പേരും ശക്തമായി ഏറ്റുമുട്ടി. നരസിംഹ ആവേശം കൊണ്ട ഭീമന്‍ ദുശാസനനെ വധിച്ച് കുടല്‍എടുത്തു മാലയായി ധരിച്ചു കൊണ്ട് പാഞ്ചാലിയുടെ സമീപം എത്തി. പാഞ്ചാലിയുടെ മുടിയില്‍ ദുശാസനന്റെ കുടല്‍ മാലയിലെ രക്തം പുരട്ടി മുടികെട്ടി സത്യം പാലിച്ചു.
രൌദ്രഭീമന്‍
രൌദ്രഭീമനും ദുശാസനനും ഏറ്റുമുട്ടുന്നു
ദുശാസനനെ കൊന്നു കുടല്‍മാലയുമായി രൌദ്രഭീമന്‍
രൌദ്രഭീമന്‍ ദുശാസനന്റെ രക്തം പുരണ്ട കൈകളാല്‍ പാഞ്ചാലിയുടെ മുടി കെട്ടുന്നു
തുടര്‍ന്നു വീണ്ടും പടക്കളത്തില്‍ എത്തിയ ഭീമന്‍ ദുര്യോധനനെ പോരിനു വിളിച്ചു. ഉഗ്രയുദ്ധത്തില്‍ ദുര്യോധനന്റെ ഗദാപ്രഹരമേറ്റ ഭീമന്‍ കൃഷ്ണന്റെ സഹായം തേടി. കൃഷ്ണന്‍ തന്റെ തുടയ്ക്കു കൈകൊണ്ട് അടിച്ചു കാണിച്ചു. ദുര്യോധനന്റെ മര്‍മ്മം തുടയിലാണ് എന്ന് മനസിലാക്കിയ ഭീമന്‍ ദുര്യോധനന്റെ തുടയ്ക്കു പ്രഹരിച്ചു വധിക്കുന്നു.
കൃഷ്ണന്‍ , രൌദ്രഭീമന്‍, ദുര്യോധനന്‍
നരസിംഹആവേശത്താല്‍ കൊലവെറി പൂണ്ടു നിന്ന ഭീമനെ കണ്ട കൃഷ്ണന്‍ നരസിംഹശക്തിയെ ശരീരത്തില്‍ നിന്നും ഉഴിഞ്ഞു നീക്കി. ഇനി എന്റെ കര്‍മ്മം എന്താണ് എന്ന് ചോദിക്കുന്ന ഭീമനോട് സ്നാനം ചെയ്ത ശേഷം ധൃതരാഷ്ട്രരെ ചെന്നു കണ്ടു വണങ്ങുവാന്‍ ഉപദേശിച്ചു ഗദയും നല്‍കി യാത്രയാക്കുന്നതോടെ കഥ അവസാനിക്കുന്നു.
ഭീമനെ ഗദ ഏല്‍പ്പിച്ചു യാത്രയാക്കുന്നു.
കഥകളിയുടെ അവതരണത്തെ വിലയിരുത്തുമ്പോള്‍ കൃഷ്ണനും പാഞ്ചാലിയും തമ്മിലുള്ള ആദ്യരംഗം വളരെയധികം ഹൃദ്യമായി. തിരനോക്കു കഴിഞ്ഞു ദുര്യോധനന്‍ സഭാവാസികളോട് കൃഷ്ണന്റെ ആഗമന വൃത്താന്തം അറിയിച്ച ശേഷം ഇരുന്നാല്‍ തല പൊട്ടിത്തെറിക്കും എന്ന ശാപമുള്ള പീഠം കൃഷ്ണനു ഇരിക്കുവാന്‍ വേണ്ടി വെയ്ക്കുന്നതും കൃഷ്ണന്‍ പീഠത്തില്‍ അമരുമ്പോള്‍ പ്രതീക്ഷയ്ക്കു വിഫലം സംഭവിച്ചതു കണ്ടു അന്ധാളിക്കുന്നതും വളരെ നന്നായി. ദുര്യോധനന്റെ കൃഷ്ണനോടുള്ള കുശലാന്വേഷണവും നന്നായി.
വനവാസവും അജ്ഞാതവാസവും പൂര്‍ത്തിയാക്കിയ ശേഷം പാണ്ഡവര്‍ക്ക് അവകാശപ്പെട്ട പകുതി രാജ്യം നല്‍കുകയില്ല എന്ന് പറയുന്നത് ശരിയല്ല എന്ന് കൃഷ്ണന്‍ ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് കൃഷ്ണനെ ബന്ധിക്കുവാന്‍ തയ്യാറായി. സാധാരണ ദൂതിന്റെ പകുതിയില്‍ ദുശാസനന്‍ പ്രവേശിക്കുകയാണ് പതിവ്. ഇവിടെ "പാശമമ്പൊടു കൊണ്ടുവാ യദുപാശനേയിഹ കെട്ടുവാന്‍" എന്ന ദുര്യോധനന്റെ പദത്തിനാണ് ദുശാസനന്‍ രംഗത്ത് എത്തിയത്.
ദുര്യോധനാദികള്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ തുടങ്ങുമ്പോള്‍ കൃഷ്ണന്‍ പീഠത്തില്‍ കയറി നിന്ന് വിശ്വരൂപം കാണിക്കുന്നു എന്ന രീതിയാണ് പണ്ട് ഞാന്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ദുര്യോധനനെയും ദുശാസനനും ബന്ധിക്കുവാന്‍ മുതിരുമ്പോള്‍ സഭയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന കൃഷ്ണനെയാണ് അവതരിപ്പിച്ചു കാണുന്നത്. ഈ രീതിയോട് എനിക്ക് ഒരു യോജിപ്പും ഇല്ല. നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്ക് എതിരായിട്ടുള്ള ഈ രീതിയുടെ അവതരണം കൊണ്ട് ഭഗവാന്‍ കൃഷ്ണനെ കുറിച്ചുള്ള സങ്കല്‍പ്പത്തിനു എതിരല്ലേ എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. ദുര്യോധനനും ദുശാസനനും കയറിന്റെ രണ്ടു ഭാഗത്തു പിടിച്ചു കൊണ്ട് കൃഷ്ണനെ ബന്ധിക്കുവാന്‍ തയ്യാറായപ്പോള്‍ കൃഷ്ണന്‍ കുനിഞ്ഞുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി. കയര്‍ കൃഷ്ണന്റെ മുടിയില്‍ തട്ടുകയും കിരീടം ഇളകുകയും ചെയ്ത കാരണത്താല്‍ തിരശീല പിടിച്ചതല്ലാതെ വിശ്വരൂപം പ്രകടനം ഉണ്ടായില്ല.
കൃഷ്ണന്റെ വിശ്വരൂപം കണ്ടു (സങ്കല്‍പ്പത്തില്‍) മയങ്ങി വീണ ദുര്യോധനനും ദുശാസനനും ഒരു കലാശം എടുത്തു രംഗം വിട്ടതല്ലാതെ പടനയിക്കുകയോ യുദ്ധത്തിനായി ദുശാസനനു ഗദ നല്‍കി അനുഗ്രഹിക്കുകയോ ചെയ്യുന്ന രീതി രംഗത്ത് കണ്ടില്ല. ഭീമനുമായുള്ള യുദ്ധത്തില്‍ താഴെ വീഴുന്ന ദുശാസനന്‍ ഇടയ്ക്ക് ഒന്നോ രണ്ടോ തവണ കാലും കയ്യും അനക്കി എന്നല്ലാതെ ഒരു അനുഭവവും നല്‍കാന്‍ ശ്രമിച്ചില്ല.
രൌദ്രഭീമന്റെ ശരീരത്തില്‍ നിന്നും നരസിംഹശക്തിയെ ഉഴിഞ്ഞു മാറ്റിയ കൃഷ്ണന്‍ ഇനി സ്നാനം ചെയ്ത ശേഷം ധൃതരാഷ്ട്രരെ ചെന്ന് കാണുവാന്‍ ഉപദേശിക്കുന്നു. പണ്ട് ധൃതരാഷ്ട്രര്‍ ചെയ്ത ആലിംഗനത്തെ സ്മരിച്ചു ഭയപ്പെടുന്നു. ധൈര്യമായി പോയി അദ്ദേഹത്തെ കാണൂ ഞാന്‍ ഇല്ലേ! എന്ന് പറഞ്ഞു ഭീമനെ ആശ്വസിപ്പിച്ചു.
ശ്രീ. കോട്ടക്കല്‍ സി. എം. ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണനായും , ശ്രീ. കോട്ടക്കല്‍ രാജ് മോഹന്‍ പാഞ്ചാലിയായും , ശ്രീ. കോട്ടക്കല്‍ ഹരികുമാര്‍ ദുര്യോധനനായും , ശ്രീ. കോട്ടക്കല്‍ സുനില്‍ ദുശാസനനായും , ശ്രീ. കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരുടെ രൌദ്രഭീമനായും രംഗത്ത് എത്തി കളി വിജയിപ്പിച്ചു. എല്ലാ വേഷക്കാരും അവരുടെ വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. ശ്രീ. വേങ്ങേരി നാരായണനും ശ്രീ. കോട്ടക്കല്‍ സന്തോഷ് കുമാറും സംഗീതവും ശ്രീ. കോട്ടക്കല്‍ പ്രസാദ് ചെണ്ടയും ശ്രീ. കോട്ടക്കല്‍ രവികുമാര്‍ മദ്ദളവും കൈകാര്യം ചെയ്തു. യുദ്ധരംഗത്തില്‍ രണ്ടു ചെണ്ടയും രണ്ടു മദ്ദളവും അരങ്ങിലുള്ള പ്രതീതിയാണ് ഉണ്ടായത്.
ശ്രീ. കലാനിലയം പത്മനാഭന്‍ ചുട്ടിയും ശ്രീ. കുഞ്ഞിരാമന്‍, ശ്രീ.കുട്ടന്‍, ശ്രീ.മോഹനന്‍ എന്നിവര്‍ അണിയറ ജോലികളില്‍ പങ്കെടുത്തുകൊണ്ട് കളിയുടെ വിജയത്തിനായി ശ്രമിച്ചതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ചെന്നൈയിലെ കഥകളി ആസ്വാദകര്‍ക്ക് വളരെ നല്ല അനുഭവമായിരുന്നു അഡയാര്‍ എം.ജി.ആര്‍ ജാനകി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അവതരിപ്പിച്ച ദുര്യോധനവധം കഥകളി ഒരു നല്ല അനുഭവം തന്നെയായിരുന്നു എന്നതില്‍ സംശയമില്ല.
പ്രിയപ്പെട്ട അമ്പുജക്ഷന്‍ നായര്‍, ദുര്യോധന വധത്തിന്റെ വിമര്‍ശനാത്മകമായ വിവരണം നന്നായി. അങ്ങേയെപ്പോലെയുള്ളവരുടെ സജീവ സാന്നിധ്യം അരങ്ങില്‍ ഒരു ബലവത്തായ തിരുത്തല്‍ ശക്തിയായി നിലകൊള്ളും എന്നതില്‍ സംശയമില്ല. അങ്ങയുടെ സപര്യ അനസ്യൂതം തുടരണം എന്നപേക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂ