ചെന്നൈയിലുള്ള കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ "ഉത്തരീയം" എന്ന സംഘടനയുടെ ഔപചാരികമായ ഉത്ഘാടനം ചെന്നൈ I.I.T- കാംപസ്സിലുള്ള Central Lecture Theatre Hall- ല്‍ 2012- ജൂണ്‍ 16 -വൈകിട്ട് ശ്രീമതി. മീരാകൃഷ്ണന്‍ കുട്ടി (Freelance Journalist) അവര്‍കള്‍ നിര്‍വഹിച്ചു. കഥകളി, കൂടിയാട്ടം തുടങ്ങിയ നമ്മുടെ സാംസ്കാരിക കലകളെ പരിപോഷിപ്പിക്കേണ്ട ആവശ്യകതയെ പറ്റി ഉത്ഘാടക എടുത്തു പറയുകയും "ഉത്തരീയം" സംഘടനയുടെ പ്രവര്‍ത്തകരുടെ അത്മാര്‍ത്ഥതയെ അഭിനന്ദിക്കുകയും ചെയ്തു.
ഉത്ഘാടകയെ ശ്രീമതി. ഹരിദാസ് ആദരിക്കുന്നു.
ഉത്ഘാടനത്തിനു ശേഷം കലാമണ്ഡലം ഹരിഹരന്‍ ശുദ്ധ മദ്ദളം കൊട്ടി കളിക്ക് തുടക്കം കുറിച്ചു. ശ്രീ. സദനം വിഷ്ണുപ്രസാദിന്റെ പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു.
വേഷ ഭംഗിയും രംഗ പ്രവര്‍ത്തിയും കൊണ്ട് ഏവരെയും ആകര്‍ഷിക്കുവാന്‍ ശ്രീ. സദനം വിഷ്ണു പ്രസാദിന് സാധിച്ചു. പുറപ്പാടിന് ശേഷം കിര്‍മ്മീരവധം കഥകളിയിലെ നിണം ഒഴിച്ചുള്ള അവസാന ഭാഗങ്ങളാണ് അവതരിപ്പിച്ചത്.
പുറപ്പാട് (വേഷം: ശ്രീ. സദനം വിഷ്ണു പ്രസാദ്)
പാണ്ഡവരുടെ വനവാസ കാലമാണ് കഥയ്ക്ക് ആധാരം. കിര്‍മ്മീരന്‍ എന്ന രാക്ഷസന്റെ സഹോദരിയാണ് സിംഹിക. സിംഹികയുടെ ഭര്‍ത്താവാണ് ശാര്‍ദ്ദൂലന്‍. തങ്ങളുടെ ആവാസകേന്ദ്രമായ വനഭാഗത്തു എത്തിച്ചേര്‍ന്നവരെ കൊന്നു ഭക്ഷിക്കുവാന്‍ ശ്രമിച്ച ശാര്‍ദ്ദൂലനെ അര്‍ജുനന്‍ വധിച്ചു. ഭര്‍ത്താവിന്റെ മരണ വൃത്താന്തം അറിയുന്ന സിംഹിക പ്രതികാര ദാഹിയായി തീര്‍ന്നു കൊണ്ട് പാണ്ഡവരുടെ പ്രേമഭാജനമായ പത്നി പാഞ്ചാലിയെ സ്വാധീനിച്ചു തന്റെ സങ്കേതത്തിലേക്ക് കൂട്ടിവന്ന് കിര്‍മ്മീരന് കാഴ്ച വെച്ച് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. പാഞ്ചാലിയെ തേടി എത്തുന്ന പാണ്ഡവരെ കിര്‍മ്മീരന്‍ നശിപ്പിക്കും എന്ന വിശ്വാസവും സിംഹികയില്‍ ഉണ്ട്. അതിസുന്ദരിയായ ഒരു സ്ത്രീ രൂപം സ്വീകരിച്ചു കൊണ്ട് (ലളിത) പാഞ്ചാലിയെ സമീപിക്കുന്നു. വനത്തില്‍ ഏകയായിരിക്കുന്ന പാഞ്ചാലിയുടെ സമീപം എത്തിയ ലളിത താന്‍ ആകാശ സഞ്ചാരിയാണെന്നും 'ഗണിക' എന്നാണ് തന്റെ പേരെന്നും പാഞ്ചാലിയെ അറിയിക്കുന്നു. ലളിതയുടെ മധുര വാക്കുകളില്‍ വിശ്വസിച്ച പാഞ്ചാലി തന്റെ കണവന്മാര്‍ അഞ്ചുപേരും ഗംഗാസ്നാനം ചെയ്യുവാന്‍ പോയിരിക്കുകയാണെന്നും ഉടന്‍ മടങ്ങി എത്തും എന്നും അറിയിക്കുന്നു.
പാണ്ഡവര്‍ മടങ്ങി എത്തുന്നതിനു മുന്‍പ് പാഞ്ചാലിയെ കടത്തികൊണ്ടു പോകണം എന്ന ഉദ്ദേശത്തോടു കൂടി വനത്തില്‍ സ്ത്രീകള്‍ക്ക് അഭീഷ്ട സിദ്ധി നല്‍കുന്ന ഒരു ദുര്‍ഗ്ഗാ ക്ഷേത്രം ഉണ്ടെന്നും അവിടെ പോയി ദര്‍ശനം ചെയ്യാന്‍ തന്നോടൊപ്പം വരണം എന്ന് ലളിത അഭ്യര്‍ത്ഥിക്കുന്നു. പല തടസങ്ങള്‍ പറഞ്ഞു ലളിതയുടെ ഉദ്യമങ്ങളില്‍ നിന്നും ഒഴിയുവാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ പാഞ്ചാലി ലളിതയുടെ ഇഷ്ടത്തിനു വഴങ്ങി ഒപ്പം യാത്ര തിരിച്ചു. വനത്തിലെ കാഴ്ചകള്‍ ഓരോന്നും വര്‍ണ്ണിച്ചു കൊണ്ട് കാട്ടിനുള്ളിലേക്ക് നീങ്ങി. തുടര്‍ന്ന് ചില ദുസ്സൂചനകള്‍ കണ്ടു ഭയന്ന പാഞ്ചാലി മടങ്ങുവാന്‍ ഒരുമ്പെട്ടപ്പോള്‍ ലളിത തന്റെ സ്വഭീകര രൂപം ധരിച്ചു പാഞ്ചാലിയെ ബലം പ്രയോഗിച്ചു കൊണ്ട് യാത്ര തുടങ്ങി. ഭയന്നുപോയ പാഞ്ചാലി തന്റെ കണവന്മാരെ വിളിച്ചു വിലപിച്ചു. വിലാപം ഗ്രഹിച്ച സഹദേവന്‍ അവിടെ പാഞ്ഞെത്തി പാഞ്ചാലിയെ സിംഹികയില്‍ നിന്നും മോചിപ്പിച്ചു. പാഞ്ചാലി ഓടി രക്ഷപെട്ടു. തുടര്‍ന്ന് സഹദേവനും സിംഹികയും തമ്മില്‍ ഏറ്റുമുട്ടി. സഹദേവന്‍ സിംഹികയുടെ നാസികയും സ്തനങ്ങളും കരവാളുകൊണ്ട് മുറിച്ചു. ശരീരമാസകലം രക്തമൊലിപ്പിച്ചു കൊണ്ടും ഭൂലോകം നടുങ്ങുമാറു അലറി വിലപിച്ചു കൊണ്ടും സിംഹിക തന്റെ സഹോദരനായ കിര്‍മ്മീരന്റെ സമീപത്തേക്ക് ഓടി. നാസികയും സ്തനങ്ങളും മുറിക്കപ്പെട്ടതിനാല്‍ ചോര ഒലിപ്പിച്ചു കൊണ്ട് ബീഭത്സ രൂപയായി വിലപിച്ചു കൊണ്ട് എത്തിയ സഹോദരിയെ കണ്ട കിര്‍മ്മീരന്‍ സംഭവിച്ചതെല്ലാം കേട്ടറിയുന്നു. തന്റെ സഹോദരിയുടെ അംഗഭംഗം വരുത്തിയ പാണ്ഡവരെ ഉന്മൂലനം ചെയ്യുവാനായി സൈന്യത്തോടെ യാത്ര തുടരുന്നു. പാണ്ഡവരുടെ അവാസസ്ഥലത്തെത്തി അവരെ പോരിനു വിളിക്കുന്നു. ഭീമസേനനും കിര്‍മ്മീരനും തമ്മില്‍ ഏറ്റുമുട്ടി. കിര്‍മ്മീരന്‍ ഭീമനാല്‍ വധിക്കപ്പെടുന്നതോടെ കഥ അവസാനിക്കുന്നു.
സിംഹിക ( ശ്രീ. സദനം ഭാസി)
സിംഹികയുടെ തിരനോക്കോടെയാണ് കിര്‍മ്മീരവധം കഥ ആരംഭിച്ചത്. തിരനോക്കിനു ശേഷം സിംഹികയുടെ ഒരുക്കം ആണ് രംഗത്ത് അവതരിപ്പിച്ചത്. ജട പിടിച്ച മുടി മണപ്പിച്ചു നോക്കി. ദുര്‍ഗ്ഗന്ധം വമിക്കുന്ന മുടിയില്‍ എണ്ണ പുരട്ടി, കൈവിരലുകള്‍ മുടിക്കുള്ളില്‍ വിട്ടു ജട നീക്കി ചീകി കെട്ടി. വിളക്കിന്‍ കരി കൊണ്ട് കണ്ണെഴുതി. കണ്ണ് നീറി. കണ്ണ് ചിമ്മി ചിമ്മി തുറന്നു കൊണ്ട് കണ്ണില്‍ അധികമായ കരി തുടച്ചു വൃത്തിയാക്കി. കണ്ണാടിയില്‍ തന്റെ മുഖം നോക്കിയ സിംഹികയ്ക്ക് തന്റെ സൌന്ദര്യത്തില്‍ നാണം ഉണ്ടായി. ചന്ദന മരത്തിന്റെ കൊമ്പ് ഒടിച്ചെടുത്ത് കൊമ്പിന്റെ അഗ്രഭാഗം കല്ലുകൊണ്ട് ഇടിച്ചു ചതച്ചെടുത്തു. .ചന്ദനം തയ്യാര്‍ ചെയ്യുവാന്‍ അല്‍പ്പം ജലം വേണം. തന്റെ സ്തനങ്ങള്‍ പിഴിഞ്ഞ് നോക്കി.ജലം ലഭ്യമില്ലാതെ വന്നപ്പോള്‍ സ്തനങ്ങള്‍ കൈകൊണ്ടു മര്‍ദ്ദിച്ചു പിഴിഞ്ഞ് പാലെടുത്ത് അതില്‍ ചന്ദനം ചാലിച്ചു തിലകം ചാര്‍ത്തി.
തിലകം ഒന്ന് ശ്രദ്ധിച്ചു അതിന്റെ അരികുകള്‍ തുടച്ചു വൃത്തിയാക്കി. കാതിലെ കമ്മല്‍ ഓരോന്നായി ഊരിവെച്ച ശേഷം വീണ്ടും ഇട്ട് നേരെയാക്കി. ഒരുക്കം കഴിഞ്ഞ ശേഷം തന്നോടൊപ്പം കേളികളില്‍ പങ്കു കൊള്ളുവാന്‍ പല സ്ത്രീകളെയും ക്ഷണിച്ചു. ആരും മുന്‍വന്നില്ല. പരിഭവം തോന്നിയെങ്കിലും ഒറ്റയ്ക്ക് കളിക്കുവാന്‍ തീരുമാനിച്ചു. പന്ത് കളി തുടങ്ങി. ഒറ്റയ്ക്ക് പന്ത് കളിച്ചിട്ട് മനസ്സിന് ഒരു സന്തോഷവും തോന്നിയില്ല അതുകൊണ്ട് പന്തുകളി നിര്‍ത്തി. കൂടെ നൃത്തം ചെയ്യുവാന്‍ പലരെയും ക്ഷണിച്ചു നോക്കി. ആരും തയ്യാറായില്ല. ഒറ്റയ്ക്ക് നൃത്തം ചെയ്തു. ഒടുവില്‍ ക്ഷീണിതയായി.
സിംഹിക ഭര്‍ത്താവിനെ പറ്റി ചിന്തിച്ചു. ഭര്‍ത്താവ് ഇനിയും എത്തിയിട്ടില്ല. തേടി പോവുക എന്ന് തീരുമാനിച്ചു പുറപ്പെട്ടു. ഒരു ശബ്ദം കേട്ട് ശ്രദ്ധിച്ച സിംഹിക തന്റെ ഭര്‍ത്താവിനെ അര്‍ജുനന്‍ വധിച്ച വാര്‍ത്ത അറിഞ്ഞു. തങ്ങളുടെ ശത്രുവിനെ വധിച്ച അര്‍ജുനനെ പലരും പ്രശംസിക്കുന്നത് കേട്ടു. ഭര്‍ത്താവ് നഷ്ടപ്പെട്ട സിംഹികയുടെ വിലാപം. ഇനി എനിക്കാരാണ് ഉള്ളത്? എന്നെ ദുഖത്തിലാക്കിയിട്ടു നീ യമപുരിക്ക് പോയോ എന്ന് വിലപിച്ചുകൊണ്ട് നെറ്റിയിലെ തിലകം തുടച്ചു കളഞ്ഞു.
കോപാന്ധയായ സിംഹിക
സിംഹിക പാണ്ഡവരുടെ പ്രവര്‍ത്തികളെ പറ്റി ചിന്തിച്ചു. ഏകചക്രയില്‍ ചെന്ന് ഭീമന്‍ ബകനെ വധിച്ചു. രാക്ഷസനായ ഹിടുംബനെ ദുര്‍ബ്ബലനായ ഭീമന്‍ വധിച്ചു, നാണം ഇല്ലാത്ത ഹിഡുംബി ഭതൃ ഘാതകനോടൊപ്പം രമിക്കുന്നു. ഹിഡുംബിയെ പോലെ ഇത്രയും നാണം ഇല്ലാത്ത ഒരുത്തിയെ മൂന്നു ലോകത്തിലും ഞാന്‍ കണ്ടിട്ടില്ല. ഭര്‍ത്താവിനെ കൊന്ന പാണ്ഡവരോട് പ്രതികാരം ചെയ്യുന്നതിനെ പറ്റി ആലോചിച്ചു. പാണ്ഡവരോട് നേരിട്ട് പൊരുതുവാന്‍ തനിക്കാവില്ല. അതുകൊണ്ട് പാണ്ഡവരുടെ പ്രിയങ്കരിയായ പത്നി പാഞ്ചാലിയെ ചതിച്ചു കൂട്ടിവന്ന് സഹോദരനായ കിര്‍മ്മീരന് കാഴ്ചവെയ്ക്കാം എന്ന് തീരുമാനിക്കുന്നു. തന്മൂലം പാണ്ഡവരുടെ മരണം കിര്‍മ്മീരനാല്‍ ഭവിക്കും എന്നും സിംഹിക ആശ്വസിക്കുന്നു. പാഞ്ചാലീ സവിധത്തിലേക്കു തിരിക്കുമ്പോള്‍ തന്റെ ഘോരരൂപം ഉപേക്ഷിച്ചു വശീകരണ ശക്തിയുള്ള സുന്ദരീ രൂപം ധരിക്കുക എന്ന് തീരുമാനിച്ചു പുറപ്പെടുന്നു.
(ലളിത ) സുന്ദരീ രൂപം ധരിച്ച സിംഹിക
വനത്തില്‍ ഏകയായി കഴിയുന്ന പാഞ്ചാലിയുടെ സമീപം ലളിത വേഷധാരിയായ സിംഹിക എത്തുന്നതാണ് അടുത്ത രംഗത്തിന്റെ തുടക്കം. ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് ലളിത. കപട വേഷധാരിയായ ലളിത സുസ്മേരവദനയായി പാഞ്ചാലിയെ സമീപിക്കുന്നതും വനത്തിലേക്ക് പാഞ്ചാലിയെ തന്ത്രപൂര്‍വ്വം കൂട്ടി പോകുന്നതും പാഞ്ചാലി മടങ്ങി പോകുവാനൊരുങ്ങുമ്പോള്‍ കുപിതയായി സ്വരൂപ പ്രകടനവും എല്ലാം ഒന്നാം തരമായി.
പാഞ്ചാലിയുടെ സമീപം എത്തുന്ന ലളിത വശീകരണമായി സംസാരിച്ചു അടുത്തുള്ള ദുര്‍ഗാ ക്ഷേത്രത്തിലേക്ക് പോകുന്നതിനു തന്നോടൊപ്പം വരണം എന്ന് നിര്‍ബ്ബന്ധിച്ചു കൂട്ടിപ്പോവുകയും ദുര്‍ലക്ഷണങ്ങള്‍ കണ്ട പാഞ്ചാലി തനിക്കു മടങ്ങണം എന്ന് പറഞ്ഞപ്പോള്‍ സ്വരൂപം കാട്ടിക്കൊണ്ട് പാഞ്ചാലിയെ കടത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഭാഗങ്ങള്‍ എല്ലാം ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു.
ലളിതയുടെ "നല്ലാര്‍ കുലമണിയും അണിയും മൌലിമാലേ"എന്ന പദവും തുടര്‍ന്നുള്ള മൂന്നു ചരണങ്ങളും വനമുണ്ടിവിടെ ദുര്‍ഗ്ഗാ- ഭവനമുണ്ടു എന്ന പദവും കണ്ടാലതി മോദം- ഉണ്ടായ്‌വരും എന്ന പദവും തുടര്‍ന്നുള്ള മൂന്നു ചരണങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ചു.
ലളിത വനകാഴ്ചകള്‍ വിവരിച്ചു കൊണ്ടും പാഞ്ചാലിയുടെ മുടികളുടെ നിരകള്‍ കണ്ടു വണ്ടുകള്‍ സന്തോഷത്തോടു മണ്ടിയിടുന്നതും, കുയില്‍ നാദത്തിനോടൊപ്പം മുളങ്കാടുകളില്‍ നിന്നും ഉയരുന്ന കുഴല്‍ ഊതുന്ന ശബ്ദവും , പൂമരങ്ങളില്‍ നിന്നും പൂക്കള്‍ പാഞ്ചാലിയുടെ മേല്‍ പൊഴിച്ച് സ്വീകരിക്കുന്നു എന്നെല്ലാം വര്‍ണ്ണിച്ചു കൊണ്ട് വനാന്തര്‍ ഭാഗത്തേക്ക് പാഞ്ചാലിയെ കൂട്ടി പോകുന്നതും കാട്ടിലെ അരോചകമായ ശബ്ദങ്ങള്‍ കേട്ട് ഭയത്താല്‍ ശരീരം വിറയ്ക്കുകയും ചെയ്യുന്ന പാഞ്ചാലി മടങ്ങി പോകുവാന്‍ ശ്രമിക്കുമ്പോള്‍ കോപത്താല്‍ സ്വയരൂപം കാട്ടുകയും (പെട്ടെന്നങ്ങു ഗമിപ്പാനും എന്ന പദാട്ടം ) പാഞ്ചാലിയെ ബലം പ്രയോഗിച്ചു കൂട്ടിപോകുവാനുള്ള ഉദ്യമവും ചെയ്യുന്ന ലളിത മനസ്സില്‍ മായാത്ത അനുഭവം പകര്‍ത്തി.
വനത്തില്‍ ഏകയായി കഴിയുന്ന പാഞ്ചാലി, ലളിതയുടെ വരവിനാല്‍ അല്‍പ്പം സന്തോഷവതിയാവുകയും ലളിതയുടെ വചന കൌശലത്തില്‍ മയങ്ങി വിശ്വസിച്ചു അവളോടൊപ്പം യാത്ര തിരിക്കുകയും വനാന്തര്‍ഭാഗത്ത് എത്തുമ്പോള്‍ ദുസൂചനകള്‍ കാണുന്ന പാഞ്ചാലി തനിക്കു മടങ്ങണം എന്ന് പറയുന്നതും, ലളിതയുടെ വര്‍ണ്ണനകള്‍ ശ്രദ്ധിക്കാതെ മടങ്ങുവാന്‍ ഉദ്യമിക്കുകയും സിംഹിക സ്വരൂപം കാട്ടി തന്നെ ബലമായി കൂട്ടി പോകാന്‍ ശ്രമിക്കുമ്പോഴുള്ള ഭയവും വിലാപവും എല്ലാം ശ്രീ. കലാമണ്ഡലം കേശവന്‍ നമ്പൂതിരിയുടെ പാഞ്ചാലി ഹൃദ്യമാക്കി.
ശ്രീ. സദനം ഭാസിയാണ് സിംഹികയുടെ വേഷം അവതരിപ്പിച്ചത്. പ്രമുഖരായ താടിവേഷക്കാര്‍ അവതരിപ്പിച്ചു കണ്ടിട്ടുള്ള വേഷമാണ് സിംഹിക. സാധാരണയിലും പൊക്കം കുറഞ്ഞ ഈ നടന്‍ തന്റെ അഭിനയ വൈശിഷ്ട്യം കൊണ്ട് സിംഹിക എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോട് അവതരിപ്പിച്ചു വിജയിച്ചു എന്നത് പ്രത്യേകം സ്മരിക്കേണ്ടതാണ്.
പാഞ്ചാലിയെ സമീപിക്കുന്ന ലളിത വേഷധാരിയായ സിംഹിക
ലളിതയുടെ മധുര വാക്കുകളില്‍ മയങ്ങിയ
പാഞ്ചാലി തന്റെ നിജസ്ഥിതികള്‍ അറിയിക്കുന്നു.
സ്വരൂപം സ്വീകരിക്കുന്ന ലളിത
പാഞ്ചാലിയെ കടത്തിക്കൊണ്ട് പോകുന്ന സിംഹികയെ സഹദേവന്‍ നേരിടുന്നു.
സിംഹികയുടെ സ്തനം സഹദേവന്‍ മുറിക്കുന്നു.
അടുത്ത രംഗം കിര്‍മ്മീരന്റെ തിരനോട്ടത്തോടെയാണ് ആരംഭിക്കുന്നത്. തിരനോട്ടം കഴിഞ്ഞു തന്റേടാട്ടം അവതരിപ്പിച്ചു. എനിക്ക് സുഖം ഭവിച്ചു! അതിനു കാരണം എന്ത്? ഈ ലോകത്തില്‍ എന്നോളം പരാക്രമം ഉള്ളവന്‍ വേറെ ആരും ഇല്ല. ഇനി ശിവ പൂജ ചെയ്തിട്ട് ശതൃക്കളായ ദേവന്മാരെ ജയിക്കാന്‍ പോവുക തന്നെ എന്ന് തീരുമാനിച്ചു കൊണ്ട് ക്ഷേത്ര നട തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന പൂക്കളെല്ലാം മാറ്റി, വിഗ്രഹം കുളിപ്പിച്ച് പൂമാലകള്‍ ചാര്‍ത്തിയ ശേഷം പൂജ ചെയ്തു വണങ്ങി.
കിര്‍മ്മീരന്റെ തിരനോട്ടം
കിര്‍മ്മീരന്‍
അപ്പോള്‍ ഉണ്ടായ ശബ്ദം കിര്‍മ്മീരന്‍ ശ്രദ്ധിച്ചു. സഹോദരീ ഭര്‍ത്താവായ ശാര്‍ദ്ദൂലനെ നിസാരനായ ഒരു മനുഷ്യന്‍ വധിച്ചു എന്ന വാര്‍ത്ത അറിഞ്ഞു കോപാന്ധനായി. അകലെ നിലവിളിച്ചു കൊണ്ട് വരുന്ന ഒരു രൂപം കിര്‍മ്മീരന്‍ ശ്രദ്ധിച്ചു. നാസികാകുചങ്ങള്‍ അറുക്കപ്പെട്ട നിലയില്‍ രക്തം ഒലിപ്പിച്ചു കൊണ്ട് വരുന്ന ബീഭല്‍സ സ്ത്രീരൂപം തന്റെ പ്രിയ സഹോദരി തന്നെയാണ് എന്ന് കിര്‍മ്മീരന്‍ മനസിലാക്കി. വിവരങ്ങള്‍ (പകര്‍ന്നാട്ടം) സിംഹികയില്‍ നിന്നും മനസിലാക്കി തന്റെ സഹോദരിയോടു ക്രൂരമായി പെരുമാറിയ മനുഷ്യാധമന്മാരെ നേരിടുവാന്‍ വില്ല്, വാള്‍, പരിച, കുന്തം എന്നീ യുദ്ധായുധങ്ങള്‍ ഒരുക്കി (പടപ്പുറപ്പാട് ) യാത്രയാകുന്നു. തുടര്‍ന്ന് കിര്‍മ്മീരന്റെ പോരിനുവിളി.
ഭീമന്റെ ഗദാപ്രഹരംഏറ്റു തളരുന്ന കിര്‍മ്മീരന്‍
ഭീമന്റെ ഗദാപ്രഹരംഏറ്റു തളരുന്ന കിര്‍മ്മീരന്‍
കിര്‍മ്മീരന്റെ പോരിനു വിളി കേട്ട ഭീമസേനന്‍ കിര്‍മ്മീരനുമായി ഏറ്റുമുട്ടി. ഗദായുദ്ധത്തിലും മുഷ്ടി യുദ്ധത്തിലും ഭീമന്‍ കിര്‍മ്മീരനെ വധിച്ചു. ഭീമന്‍ ധനാശി എടുത്തു കളി അവസാനിപ്പിച്ചു.
കിര്‍മ്മീരന്‍ വേഷമിട്ട ശ്രീ. സദനം ബാലകൃഷ്ണന്‍ ആശാന്‍ തന്റെ പ്രായത്തെ മറന്നുകൊണ്ടുള്ള പ്രകടനം കാഴ്ചവെച്ചു. തന്റേടാട്ടവും പടപ്പുറപ്പാടും എല്ലാം ഭംഗിയായി അവതരിപ്പിച്ചു. പാഞ്ചാലിയുടെ രോദനം കേട്ടെത്തി സിംഹികയുടെ പിടിയില്‍ നിന്നും പാഞ്ചാലിയെ മോചിപ്പിച്ചശേഷം സിംഹികയുമായി ഏറ്റുമുട്ടി അവളുടെ നാസികയും, സ്തനങ്ങളും മുറിക്കുകയും ചെയ്യുന്ന സഹദേവനായും കിര്‍മ്മീരനെ യുദ്ധത്തില്‍ വധിക്കുന്ന ഭീമസേനനായും രംഗത്ത് എത്തിയത് ശ്രീ. സദനം മണികണ്ഠന്‍ ആയിരുന്നു. ഈ രണ്ടു വേഷങ്ങളും ഭംഗിയായി അവതരിപ്പിച്ചു ഫലിപ്പിക്കുവാന്‍ ശ്രീ. മണികണ്ഠനു സാധിച്ചു.
സംഗീതം നല്‍കിയ ശ്രീ. കലാമണ്ഡലം വിനോദ്, ശ്രീ. സദനം ശിവദാസന്‍, ശ്രീ. കലാമണ്ഡലം സുധീഷ് എന്നിവര്‍ അവരുടെ കഴിവുകള്‍ തെളിയിച്ചു. ശ്രീ. സദനം രാമകൃഷ്ണന്‍, ശ്രീ. സദനം ജിതിന്‍ എന്നിവരുടെ ചെണ്ടയും ശ്രീ. സദനം ദേവദാസ് , ശ്രീ.കലാമണ്ഡലം ഹരിഹരന്‍ എന്നിവരുടെ മദ്ദളവും ഒന്നാം തരമായി. ശ്രീ. കലാമണ്ഡലം സതീശനും ശ്രീ. സദനം ശ്രീനിവാസനും ചുട്ടി കൈകാര്യം ചെയ്തു.
കൃത്യ സമയത്തിനു വേഷം ഒരുക്കുവാനും, തിരശീല പിടിക്കുവാനും, പുറപ്പാട് വേഷത്തിനും, കിര്‍മ്മീരന്റെ വേഷങ്ങള്‍ക്കും ആലവട്ടം പിടിക്കുന്നതിലും ശ്രദ്ധ കാണിച്ച അണിയറ കലാകാരന്മാരായ ശ്രീ. കുഞ്ഞിരാമന്‍, ശ്രീ. വിവേക്, ശ്രീ, രമേഷ് എന്നിവരുടെ ആത്മാര്‍ത്ഥതയും സ്മരണാര്‍ഹം തന്നെ.
വളരെ നല്ലരീതിയില്‍ കിര്‍മ്മീരവധം കഥകളി അവതരിപ്പിക്കുവാന്‍ പരിശ്രമം ചെയ്ത ഉത്തരീയം സംഘടനയുടെ സംഘാടകരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നവരാണ്. ഇനിയും തുടര്‍ന്നുള്ള അവരുടെ പരിശ്രമങ്ങള്‍ക്ക് ചെന്നൈയിലുള്ള കഥകളി ആസ്വാദകരുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
പ്രിയപ്പെട്ട അമ്പുജാക്ഷന്‍ നായര്‍, ബ്ലോഗ് വായിച്ചു. ഉത്തരീയത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍. തുടര്‍ച്ചയായ കളികള്‍ നടത്താന്‍ സര്‍വേശ്വരന്‍ ആളും അര്‍തഥവും നല്‍കി ഉത്തരീയത്തെ പരിപോഷിപ്പിക്കട്ടെ എന്ന്‍ ആശംസിക്കുന്നു. CLT യുടെ ഓര്‍മ്മകള്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു. അവിടെ പഠിച്ചിരുന്ന കാലത്ത് ചേമന്‍ചേരി കുഞ്ഞിരാമന്‍ നായര്‍ ആശാന്‍ കലാക്ഷേത്രത്തിലെ കഥകളിക്കു ശേഷം CLT യില്‍ വന്നതും അദ്ദേഹത്തിന്റെ ശിഷ്യന്‍ (പേരോര്‍ക്കുന്നില്ല) lecture demonstration നല്കിയതും ഇന്നലെ എന്നപോലെ ഓര്‍ക്കുന്നു.
മറുപടിഇല്ലാതാക്കൂഅമ്ബുജാക്ഷേട്ടാ എങ്ങിനെ ആണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല ഈ വിശദമായ വിവരണത്തിന്. അതിലേറെ സന്തോഷം കളിയുടെ ഇടയില്‍ നമ്മള്‍ ഒരുമിച്ചു ഇരുന്നു കളി വിശകലനം ചെയ്തതു ശരിക്കും സന്തോഷം തന്നു. ഉത്തരീയത്ത്തിന്റെ ഒരു ഭാഗം ആവാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ അധികം സന്തോഷിക്കുന്നു. ഇനിയും കുറെ നല്ല കളികള്‍ നടത്താന്‍ ഉത്തരീയത്ത്തിനു സാധിക്കട്ടെ എന്ന് ആത്മാര്‍ഥമായി ജഗധീശരനോട് പ്രാര്ത്തിക്കുന്നു. അമ്ബുജാക്ഷേട്ടന്‍ കൃത്യ സമയത്ത് ഈ കളി കാണാന്‍ ഇത്രയും ദൂരത്ത് നിന്ന് വന്നത് തന്നെ ഞങ്ങള്‍ക്ക് വളരെ സന്തോഷം തന്നു. ഇനി എങ്ങനെ ആണ് തിരിച്ചു പോവുക അന്ന് ആ സംശയം എന്നോട് ചോദിച്ചപ്പോള്‍, ഒരു വഴിയും ഇല്ലെങ്കില്‍ ഞാന്‍ അങ്ങയെ എന്റെ വീട്ടില്‍ കൊണ്ട് പോകണം എന്ന് വിചാരിച്ചിരുന്നു, എന്തായാലും അങ്ങയുടെ സുഹൃത്ത് വന്നു കൊണ്ട് പോയത് കൊണ്ട് പിന്നെ ഞാന്‍ നിര്ബന്ധിച്ചില്ല എന്ന് മാത്രം.
മറുപടിഇല്ലാതാക്കൂഅങ്ങ് പറഞ്ഞ മാതിരി അവിടെ ഉള്ള എല്ലാവരും വളരെ നന്നായി പരിശ്രമിച്ചു. പിന്നീട് അറിയാന്‍ സാധിച്ചു പ്രതിഭലത്തിന്റെ കാര്യത്തിലും എലാവരും വളരെ ഹാപ്പി ആയിരുന്നു എന്ന്, എല്ലാം ഒരു ഈശ്വര അനുഗ്രഹം.
അമ്പുച്ചേട്ടാ, കളിയും വിവരണവും നന്നായിഎന്ന് കാണുന്നതിൽ സതോഷം. ഉത്തരീയത്തിന് ആശംസകൾ! ഇനിയും നല്ല നല്ല കളികൾ നടത്തുവാനാകട്ടെ...
മറുപടിഇല്ലാതാക്കൂഎത്രയും പ്രിയപ്പെട്ട അംബുജാക്ഷൻ ചേട്ടൻ, നമസ്കാരം. “ഉത്തരീയത്തിന്റെ”ആദ്യ സംരംഭത്തെ കുറിച്ച് നിങ്ങൾ എഴുതിയ വിശദമായ വിവരണത്തിന് എങ്ങിനെ ആണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല. കളിയുടെ ഇടയിൽ നാം തമ്മിൽ ഒരുമിച്ചു ഇരുന്നു കളി വിശകലനം ചെയ്തിരുന്നതു പോലെ “ഉത്തരീയത്തിന്റെ”സംഘാടകരുമായും നിങ്ങൾ ചേർന്നു പ്രവർത്തിച്ചു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. “ഉത്തരീയത്തിന്റെ” ഒരു ഭാഗം ആവാൻ നിങ്ങൾക്കും സാധിച്ചതിൽ ഞാനും വളരെ അധികം സന്തോഷിക്കുന്നു. ഇനിയും കുറെ നല്ല കളികൾ നടത്താൻ “ഉത്തരീയം” ശ്രമം നടത്തികൊണ്ടിരിക്കുന്നു. ചേട്ടൻ നേരത്തെ തന്നെ ഇത്രയും ദൂരത്ത് നിന്ന് എത്തി പരിപാടിയിൽ പങ്കെടുത്തത് സംഘാടകർ എല്ലാവർക്കും വളരെ സന്തോഷമായി എന്ന് അറിഞ്ഞു. പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിച്ച കലാകാരന്മാർക്കും അണിയറ പ്രവര്‍ത്തകർക്കും സംഘാടകർക്കും ഐ.ഐ.റ്റി.യിലെ നല്ലവരായ എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ. തുടർച്ചയായി ഇനിയും കളികൾ നടത്താൻ സർവ്വേശ്വരൻ മനവും ധനവും നല്‍കി “ഉത്തരീയത്തെ“ പരിപോഷിപ്പിക്കട്ടെ എന്ന്‍ ആശംസിക്കുന്നു. എല്ലാം ഈശ്വര അനുഗ്രഹം.
മറുപടിഇല്ലാതാക്കൂഎന്റെ ബ്ലോഗ് വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ ശ്രീ. ഉണ്ണികൃഷ്ണന്‍, ശ്രീ. സജീഷ്, ശ്രീ. മണി, ശ്രീ. വൈദ്യനാഥന്‍ എന്നിവര്‍ക്ക് നന്ദി.
മറുപടിഇല്ലാതാക്കൂ" ഉത്തരീയം " പരിപാടി കാണുവാന്‍ ചെന്നൈ - IIT, ഹാളില്‍ എത്തിയപ്പോള്‍ ശ്രീമതി. ബിന്ദു മാധവന്‍ അവര്‍കളെ കണ്ടു. ഫേസ് ബുക്ക് കഥകളി ഗ്രൂപ്പില്‍ കൂടി എന്നെ പരിചയം ഉണ്ടെന്നു വ്യക്തമാക്കിയപ്പോള്‍ എന്റെ ബ്ലോഗ് ഇളകിയാട്ടം വായിക്കാറുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഉണ്ട് എന്നും ബ്ലോഗ് വളരെ ഇഷ്ടമാണ് എന്നും പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി.
അണിയറയില്‍ പോയി ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യനെ കണ്ടു. ശ്രീ. ബാലസുബ്രഹ്മണ്യനും ശ്രീ. കേശവന്‍ നമ്പൂതിരിയും അടുത്തടുത്തിരുന്നു വേഷം മിനുക്കുന്നു. എന്നെ കണ്ട ബാലസുബ്രഹ്മണ്യന്‍ ഞാന്‍ താങ്കളുടെ അച്ഛന്റെ ഹംസത്തിന്റെ കൂടെ ദമയന്തി കെട്ടിയിട്ടുണ്ട് എന്ന് ഓര്‍മ്മിപ്പിച്ചു. ഉടന്‍ തന്നെ കേശവന്‍ നമ്പൂതിരി ബാലസുബ്രഹ്മണ്യനോട് ആര് , ചെന്നിത്തലയുടെ കാര്യമാണോ പറയുന്നത് എന്ന് ചോദിച്ചു. "ഹംസം" എന്നുപറഞ്ഞപ്പോള്‍ ചെന്നിത്തലയെ ഓര്‍മ്മിക്കത്തക്ക സാഹചര്യം ഒരു കഥകളി കലാകാരന് ഉണ്ടായതില്‍ അങ്ങേയറ്റം അഭിമാനിക്കുവാന്‍ എനിക്ക് ഇടയായി.
കളി കഴിഞ്ഞു CLTഹാള്‍ - വിട്ടു വെളിയില്‍ വരുമ്പോള്‍ ഒരു ബഹുമാന്യ വ്യക്തിയുമായി ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുന്നു. ശ്രീ. ബാലസുബ്രഹ്മണ്യന്‍ എന്നെ വിളിച്ചു ആ മാന്യ വ്യക്തിക്ക് പരിചയപ്പെടുത്തി. അദ്ദേഹം കുന്നംകുളത്ത്കാരന്‍ ആണെന്ന് പറഞ്ഞപ്പോള്‍ എന്റെ പിതാവിനെ അറിയുവാന്‍ സാധ്യത ഇല്ല എന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹം(പാണ്ടമ്പറമ്പത്ത് മനക്കല്‍ വാസുദേവന്‍ നമ്പൂരിപ്പാട് ) ഉടനെ ചെല്ലപ്പന്‍ പിള്ളയുടെ ധാരാളം വേഷങ്ങള്‍ കണ്ടിട്ടുണ്ട് എന്നും എന്റെ താമസം കുന്നംകുളത്താണ് എങ്കിലും മാത്രുഭവനം കുടമാളൂരില്‍ ആണെന്നും പറഞ്ഞപ്പോള്‍ എന്റെ പിതാവിനെ അറിയാവുന്ന ഒരു കഥകളി ആസ്വാദകനെ കണ്ട സംതൃപ്തിയോടെ IIT -കാംപസ്സിനു വെളിയിലേക്ക് ഞാനും എന്റെ സുഹൃത്ത് ഡോക്ടര്‍. മോഹന്‍ദാസും, അദ്ദേഹത്തിന്‍റെ മകനും കൂടി നടന്നു നീങ്ങി. ഒരു കാര്‍ ഞങ്ങളുടെ സമീപം വന്നു നിന്നു. ശ്രീമതി. ബിന്ദു മാധവനാണ് കാറിനുള്ളില്‍. കാറിന്റെ ഡോര്‍ തുറന്നു ഞങ്ങളെ അതില്‍ കയറ്റി IT -കാമ്പസ്സിന്റെ ഗേറ്റില്‍ കൊണ്ടു വിട്ടു. തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് ഒരു ആട്ടോ പിടിച്ചു മദ്ധ്യ കൈലാസില്‍ എത്തി അവിടെ നിന്നും ബസ്സ് പിടിച്ചു കല്പാക്കത്ത് എത്തിയത്.
അങ്ങേക്കുണ്ടായ അനുഭവം ആനന്ദ ദായകം തന്നെ. അങ്ങേക്കെന്ന പോലെ ശ്രീ ചെല്ലപ്പന്‍ പിള്ളയുടെ വേഷങ്ങള്‍ കണ്ടിട്ടുള്ള എല്ലാവര്ക്കും അങ്ങിനെ തന്നെ. ഐ ഐ ടി മദിരാശി നല്ല ഒരു സാംസ്കാരിക കേന്ദ്രം കൂടി ആയി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട. ഹോസ്റ്റല്‍ താമസത്ത്തില്‍ ഒരു മുറിയില്‍ നിന്നെ മൃദംഗം, മറ്റൊരു മുറിയില്‍ നിന്നെ ഓടക്കുഴല്‍, വേറൊരിടത്ത് നിന്നെ സിത്താര്‍, ഇനിയൊരിടത്ത് നിന്ന്‍ വായ്പാട്ട് എന്നിങ്ങനെ കേള്‍ക്കാം. അനേകം വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് വീണ വാദനം അഭ്യസിച്ച്ചിരുന്നതായി അറിഞ്ഞിരുന്നു. ശാസ്ത്രീയ സംഗീതവുമായി എനിക്ക് ഉണ്ടായിരുന്ന അടുപ്പം ഉറച്ചത് ഇവുടുത്തെ താമസം ഒന്ന് കൊണ്ടു മാത്രമായിരുന്നു. ആദ്യമായി മഹാരാജപുരം സന്താനത്തിന്റെ മനോഹര ശാരീരം കേട്ടതും ഇഷ്ടപ്പെട്ടു പോയതും കര്‍ണാടക സംഗീതത്തെ ആഴത്തില്‍ അറിയാനുള്ള ത്വര ഉണര്‍ത്തി. അവിടന്നങ്ങോട് കാലത്തിന്റെ പിന്നിലേക്ക് നടക്കാനും സംഗീതത്തിലെ മഹാരഥന്‍മാരെ അറിയുവാനും ഉള്ള ആകാംക്ഷ ഉണ്ടായി. അന്ന് തുടങ്ങി സമ്പാദിച്ച അനേകം കാസറ്റുകള്‍ ഇന്നും നിധി പോലെ സൂക്ഷിക്കുന്നു. ഇന്നും ഡിസംബര്‍ മാസത്തില്‍ മദിരാശിയില്‍ എത്താന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ എന്ന് ഞാന്‍ അന്വേഷിക്കാറഉണ്ട്ട് അനേകം സൌജന്യ കച്ചേരികള്‍ മദിരാശിയില്‍ നടക്കുന്നത് കലയുടെയും സംസ്കാരത്തിന്റെയും അനേകം ആസ്വാദകരെ സൃഷ്ടിക്കാന്‍ ഉതകുന്നു. ഐ ഐ ടി മ്യൂസിക് ക്ലബ് തന്നെ അനേകം പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇനി ഐ ഐ ടി യില്‍ നിന്ന്‍ കഥകളി മേളവും ഉയരട്ടെ.
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂഎല്ലാവിധ ആശംസകളും..