കഥകളി എന്ന മഹത്തായ കലാരൂപം ഓരോ കാലഘട്ടത്തില്‍ പല പല
പരിഷ്കരണത്തില്‍ കൂടി വളര്‍ന്നു വന്നിട്ടുള്ളതാണ്. അപ്പോഴും
പ്രാദേശികമായി കഥകളിയുടെ അവതരണ രീതിയിലും ആസ്വാദന രീതിയിലും വളരെ
വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഓരോ സമ്പ്രദായം പ്രബലമാകുമ്പോള്‍ നിലനിന്നിരുന്ന സമ്പ്രദായങ്ങള്‍ക്ക് കാലക്രമത്തില്‍ മങ്ങലേല്‍ക്കുന്ന
പ്രവണതയാണ് കഥകളി ലോകം നമുക്ക് അനുഭവമാക്കി തന്നിട്ടുള്ളത്. സമ്പ്രദായം,
ശൈലികള്‍ എന്നിവയുടെ വ്യത്യസ്തതകളിലും ഒന്നിച്ചു കൂട്ടുവേഷം ചെയ്തു ഒരു കഥ
അവതരിപ്പിച്ചു വിജയിപ്പിക്കുന്നതില്‍ പല കലാകാരന്മാരും വിജയിച്ചിട്ടുണ്ട്.
ഇങ്ങിനെയുള്ള വിജയം ചിട്ടവട്ടമായ കഥകളി അഭ്യാസം കൊണ്ട് മാത്രം
നേടിയെടുത്തതാകണം എന്നില്ല.
ഒരു ഗുരുനാഥന്‍ പഠിപ്പിക്കുന്നത് അതേപടി പകര്‍ത്തി
പ്രവര്‍ത്തിക്കുന്ന ശിഷ്യന്‍ ഒരു യഥാര്‍ത്ഥ കലാകാരന്‍ ആകുന്നില്ല. താന്‍
അഭ്യസിച്ച കലയുടെ അടിസ്ഥാന തത്വങ്ങള്‍ പകര്‍ന്നു നല്‍കുക എന്നതാണ്
ഗുരുവിന്റെ കടമ. അഭ്യസിച്ച കലയിലെ മൌലീക തത്വങ്ങള്‍
സ്വന്തം പരിശ്രമങ്ങള്‍ കൊണ്ടും പഠനം കൊണ്ടും വികസിപ്പിച്ചെടുത്ത്
ആവിഷ്കരിക്കുക എന്നത് ശിഷ്യന്റെ ചുമതലയാണ്. അതിന് സ്വന്ത
ജീവിതാനുഭവങ്ങളില്‍ നിന്നും ഉയിര്‍ക്കൊണ്ട ഒരു സംസ്ക്കാരം ആര്‍ജ്ജിക്കണം.
കാവ്യം നാടകം പുരാണം എന്നിവയില്‍ നല്ല പരിജ്ഞാനം സമ്പാദിക്കണം.
കഥാപാത്രങ്ങളുടെ സ്വഭാവ വിശേഷണങ്ങള്‍ നിരവധി തവണ മനനം ചെയ്ത് എപ്രകാരം
രംഗത്ത് അവതരിപ്പിക്കണം എന്ന് തീരുമാനിക്കണം.
"ആചാര്യാല്‍ പാദമാദസ്യ പാദം ശിഷ്യ സ്വമേധയാ,
പാദം സബ്രഹ്മചാരിഭ്യ പാദം കാലക്രമേണച." എന്നതാണ് ഇതിന്റെ തത്വം. ഈ
തത്വത്തില്‍ കൂടി കഥകളി ലോകത്ത് പ്രശസ്തി ആര്‍ജ്ജിച്ച കഥകളിയിലെ
അഗ്രഗണ്യന്മാരായ കലാകാരന്മാരില്‍ ശ്രീ. വാഴേങ്കട കുഞ്ചു നായര്‍ ആശാന്റെ
സ്ഥാനം പ്രമുഖമാണെന്ന് നാം മനസിലാക്കിയിട്ടുണ്ട്.
ശ്രീ. വാഴേങ്കട കുഞ്ചു
നായര്‍ ആശാന്‍ ജീവിച്ചിരുന്ന അതേ കാലഘട്ടത്തില്‍ അദ്ദേഹം അഭ്യസിച്ച
സമ്പ്രദായം, അവതരണ രീതി എന്നിവയില്‍ നിന്നും വ്യത്യസ്ഥമായ രീതി കൈക്കൊണ്ട്
പ്രഗത്ഭനായിരുന്ന ഒരു കഥകളി കലാകാരനായിരുന്നു ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു
നമ്പൂതിരി. ഒരു കഥകളി കലാകാരന് വേണ്ടിയ പ്രധാന ഗുണ വിശേഷമായ കണ്ണിന്റെ ഗുണം
മാങ്കുളത്തിനു ഇല്ലായിരുന്നു.
അദ്ദേഹത്തിന്‍റെ കണ്ണുകളെ "പൂച്ചകണ്ണ് " എന്നാണ് പറയപ്പെട്ടിരുന്നത്. ശ്രീ. കുഞ്ചു നായര്‍ ആശാന്‍ അഭ്യസിച്ച
സമ്പ്രദായത്തിന്റെ ഗുണ വിശേഷങ്ങളില്‍ ഒന്നായ മിതത്വം മാങ്കുളത്തിനു തീരെ
ഇല്ലായിരുന്നു. ആവശ്യത്തില്‍ കവിഞ്ഞ ഇളകിയാട്ടം അദ്ദേഹം ചെയ്തിരുന്നു എന്ന
അഭിപ്രായം പല കലാകാരന്മാര്‍ ആസ്വാദകര്‍ എന്നിവരില്‍ നിന്നും
ഉണ്ടായിട്ടുണ്ട് . മഹാനായ ശ്രീ. വാഴേങ്കട കുഞ്ചു നായര്‍ ആശാന്റെ ജന്മനാട്ടില്‍ വിലമതിക്കാനാവാത്ത ഒരു അംഗീകാരം നേടിയെടുത്ത ഒരു കഥകളി കലാകാരനും ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരിയാണ്. വാഴേങ്കടയിലെ കഥകളി പ്രേമികളുടെ വകയായി ഒരു സ്വര്‍ണ്ണ
ശ്രുംഖല വാഴേങ്കട ക്ഷേത്ര സന്നിധിയില്‍ വെച്ച് അന്നത്തെ കേരള കലാമണ്ഡലം
ചെയര്‍മാന്‍ ആയിരുന്ന ഡോക്ടര്‍. കെ. എന്‍. പിഷാരടി നല്‍കുകയുണ്ടായി. ഇതില്‍
നിന്നും വഴേങ്കടയിലെ കഥകളി ആസ്വാദകരെ സ്വാധീനിക്കുവാനുള്ള എന്തോ ഒരു
സവിശേഷത മാങ്കുളം തിരുമേനിക്ക് ഉണ്ടായിരുന്നു എന്ന് മനസിലാക്കുവാന്‍
സാധിക്കും.
ഏഷ്യാനെറ്റ് അവതരിപ്പിച്ച കഥകളി സമാരോഹത്തിലെ നളചരിതം
ഒന്നാം ദിവസത്തെ ഹംസത്തെ അവതരിപ്പിച്ചു വിജയിപ്പിച്ചത് ശ്രീ. കലാമണ്ഡലം
പത്മനാഭന്‍ നായര്‍ ആശാനാണ്. പ്രസ്തുത കഥകളിയുടെ പ്രക്ഷേപണം സംബന്ധിച്ചുള്ള ആമുഖ
പ്രസംഗത്തില്‍ (എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍) ശ്രീ. കെ. ബി. രാജ്ആനന്ദ് അവര്‍കള്‍ ശ്രീ. വൈക്കം
(കലാമണ്ഡലം) കരുണാകരന്‍ നായര്‍ ആശാന്റെ ഹംസം കണ്ടിട്ടുണ്ടെന്നും കഥയിലെ പദങ്ങളിലെയും ശ്ലോകങ്ങളിലെയും അര്‍ത്ഥം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു കൊണ്ടുള്ള അവതരണ രീതിയാണ് അദ്ദേഹം ചെയ്തിരുന്നത് എന്ന്
വ്യക്തമാക്കിയിരുന്നു. ശ്രീ. പത്മനാഭന്‍ നായര്‍ ആശാന്റെ ഹംസത്തിന്റെയും
ശ്രീ. കരുണാകരന്‍ ആശാന്റെ ഹംസത്തിന്റെയും അവതരണത്തിലുള്ള ചെറിയ വ്യത്യാസം ഇവിടെ
സ്പഷ്ടമാകുന്നുണ്ട്.
മാങ്കുളം തിരുമേനിയുടെ ഒന്നാം ദിവസത്തെ നളന്റെ കൂടെ ഹംസ വേഷം ചെയ്യുന്ന നടന് കഥാപാത്രത്തെയും കഥയിലെ
പദങ്ങളും ശ്ലോകങ്ങളും മാത്രമല്ല കഥാസന്ദര്‍ഭങ്ങളെ നല്ലതു പോലെ മനസിലാക്കി അരങ്ങില്‍ നളന്റെ
ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ കഴിവും മനസ്സും ഉണ്ടായിരിക്കണം.
ഇപ്രകാരമുള്ള ചോദ്യങ്ങളും മറുപടികളും കഥകളിക്കു ആവശ്യമില്ല എന്ന്
ചിന്തിക്കുന്ന കലാകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും മാങ്കുളം തിരുമേനി യുടെ വേഷങ്ങള്‍ സ്വീകാര്യമായിരുന്നില്ല. ഒരു പക്ഷെ ശ്രീ. കരുണാകരന്‍ ആശാന്റെ ഹംസത്തിന്റെ അവതരണ രീതി
മാങ്കുളത്തിനു ഇഷ്ടമായതുകൊണ്ടായിരിക്കാം തന്റെ ചുമതലയില്‍
വരുന്ന കളികള്‍ക്ക് ഹംസ വേഷത്തിനു അദ്ദേഹത്തെയും ക്ഷണിച്ചിരുന്നത്.
നളനും ഹംസവും തമ്മിലുള്ള രംഗത്തില്‍ "അല്ലയോ ഹംസമേ! നിന്നെ ഞാന്‍ പിടിച്ചപ്പോള്‍ നീ വിലപിച്ചു. നിന്റെ വിലാപം കേട്ട ഞാന്‍ നിന്നെ വിട്ടു. നീ പോയിട്ട് മടങ്ങി വന്നതിന്റെ കാരണം എന്താണ് ? എന്ന് ഇളകിയാട്ടത്തില്‍ നളന്‍ ചോദിക്കുക പതിവായിരുന്നു.
അല്ലയോ രാജാവേ ! അങ്ങ് എന്നെ വിട്ടയച്ചപ്പോള്‍ ഞാന്‍ എന്റെ ഗൃഹത്തില്‍ പോയി എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും കണ്ടു. എനിക്ക് വളരെ സന്തോഷമായി. എന്റെ ജീവന്‍ രക്ഷിച്ച രാജാവിന് ഉപകാരം ചെയ്യണം എന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാന്‍ മടങ്ങി വന്നത് എന്ന് ഹംസം മറുപടിയും നല്‍കുമായിരുന്നു. ഇത്തരത്തില്‍ ഒരു ചോദ്യം നളന്‍ നല്‍കിയാല്‍ ഒരു മറുപടി നല്‍കുവാന്‍ സാധിക്കാത്ത പല ഹംസത്തെയും ഞാന്‍ കണ്ടിട്ടുണ്ട്.
1979- 80 കാലത്ത് തട്ടാരമ്പലത്തിനു
സമീപമുള്ള മറ്റം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവക്കളിക്ക് നളചരിതം
ഒന്നാം ദിവസം ആയിരുന്നു ആദ്യ കഥ. ശ്രീ. ചെന്നിത്തല ആശാന്റെ നളനും ശ്രീ.
ഫാക്റ്റ് പത്മനാഭന്റെ ദമയന്തിയും കലാനിലയത്തില്‍ അഭ്യസിച്ച ഒരു യുവ നടന്റെ (പേര് ഞാന്‍ ഇവിടെ പറയുന്നില്ല)
ഹംസവുമായിരുന്നു. "അല്ലയോ
ഹംസമേ! നിന്നെ ഞാന്‍
പിടിച്ചപ്പോള്‍ നീ
വിലപിച്ചു. നിന്റെ വിലാപം കേട്ട ഞാന്‍ നിന്നെ വിട്ടു. നീ പോയിട്ട് മടങ്ങി
വന്നതിന്റെ കാരണം എന്താണ് ? എന്ന് നളന്‍ ചോദിച്ചപ്പോള്‍ ആ ചോദ്യം
ശ്രദ്ധിക്കാതെ നിന്ന ഹംസത്തെയാണ് കാണാന്‍ സാധിച്ചത്. ഇങ്ങിനെയുള്ള
ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും ഈ ഹംസത്തില്‍ നിന്നും കിട്ടില്ല എന്ന്
മനസിലാക്കിയ നളനടന്‍ പിന്നീടു ഒരു
പരീക്ഷണത്തിനും തയ്യാറായില്ല. കളി കഴിഞ്ഞു കളിപ്പണം വാങ്ങി
തട്ടാരമ്പലത്തിലേക്ക് നടന്നു പോകുമ്പോള്‍ ഹംസ നടനെ നേരിട്ട്
വിമര്‍ശിക്കുന്ന ദമയന്തി നടനെയാണ് കാണുവാന്‍ സാധിച്ചത്. ഇങ്ങിനെ ചുണ്ടും
ചിറകും വെച്ചു കെട്ടി ഞങ്ങളെ ഉപദ്രവിക്കുവാന്‍ വരാതേ! എന്നായിരുന്നു
അദ്ദേഹത്തിന്‍റെ വിമര്‍ശനം. അരങ്ങില്‍ മറ്റു നടന്മാര്‍ ചെയ്യുന്നത് ഒന്ന്
മനസിരുത്തി കണ്ടിട്ട് വേഷം കെട്ടിക്കൂടെ, അല്ലെങ്കില്‍ ചെയ്യാന്‍
പോകുന്ന രീതിയെ കുറിച്ച് സഹ നടന്മാരോട് ഒന്ന് ചോദിച്ചറിഞ്ഞു ചെയ്തു കൂടെ എന്ന
ചോദ്യത്തിന് ഞാന്‍ ഇതുവരെ ആറോളം ഹംസം ചെയ്തിട്ടുണ്ട് എന്നായിരുന്നു ഹംസ നടന്റെ മറുപടി.
ഇതിനു മുന്‍പ് ആറു തവണ ഹംസം ചെയ്തപ്പോള്‍ സംഭവിക്കാത്ത എന്തു കുറവാണ് ഈ
ദമയന്തിക്ക് തോന്നിയത് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന്റെ ഹംസത്തിനു ശേഷം ദക്ഷിണ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള ആശാന്റെയും ശ്രീ. ചെന്നിത്തല ആശാന്റെയും ഹംസം ആണ്. ഹംസവേഷത്തില്‍ പ്രസിദ്ധനായിരുന്ന ശ്രീ. വൈക്കം കരുണാകരന്‍ ആശാന്റെ ശിഷ്യനും ധാരാളം ഹംസവേഷം ചെയ്തു വരുന്ന നടനുമായ ശ്രീ . ഫാക്റ്റ് പത്മനാഭന്‍ അവര്‍കളുടെ ഒരു അഭിപ്രായം ഞാന്‍ ഇവിടെ സ്മരിക്കുകയാണ്.
സുമാര്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈ മ്യൂസിക് അക്കാദമിയില്‍ ഒരു കളിക്ക് എത്തിയ ശ്രീ. ഫാക്റ്റ് പത്മനാഭനും ശ്രീ. കലാനിലയം രാജീവന്‍ നമ്പൂതിരിയും അടുത്തദിവസം ഓച്ചിറയില്‍ ഒരു കളിക്ക് കൂടേണ്ടതുണ്ടെന്നും രാത്രിയില്‍ ചെന്നൈ കോയമ്പേട് ബസ് സ്റ്റാന്റ്റില്‍ നിന്നും കോയമ്പത്തൂരിനു പുറപ്പെടുന്ന ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ അവരോടൊപ്പം ഞാനും ഡാക്ടര്‍. ഏവൂര്‍ മോഹന്‍ദാസും കോയമ്പേട് വരെ യാത്രയായി. ഞങ്ങള്‍ യാത്രാമദ്ധ്യേ സംസാരിക്കുമ്പോള്‍ ചെന്നിത്തല ആശാന്റെ ഹംസമാണ് ഏറ്റവും നല്ലത് എന്ന് (എന്നെ ചൂണ്ടിക്കൊണ്ട് ) ഇദ്ദേഹം എപ്പോഴും പറയാറുണ്ട് എന്നും താങ്കളുടെ വിലയിരുത്തല്‍ എന്താണ് എന്ന് അറിയുവാന്‍ താല്‍പ്പര്യം ഉണ്ട് എന്നും ഡാക്ടര്‍.മോഹന്‍ദാസ് ഫാക്റ്റ് പത്മനാഭനോട് ചോദിച്ചു.
ഇവന്‍ വെറുതെ പറയുകയാണ് എന്ന് ധരിക്കരുത്. ഒരിക്കല്‍ തിരുവല്ല ക്ഷേത്രത്തിലെ ഒരു കളിക്ക് മാങ്കുളം തിരുമേനിയുടെ നളനും ചെല്ലപ്പന്‍ ചേട്ടന്റെ ഹംസവുമായി ഒരു അരങ്ങു കണ്ടിരുന്നു. ഞാന്‍ ഹംസം കെട്ടി തുടങ്ങിയ കാലം ആയിരുന്നതിനാല്‍ പ്രഗത്ഭ നടന്മാരുടെ ഈ രംഗങ്ങള്‍ ശ്രദ്ധിക്കുമായിരുന്നു. അന്നത്തെ കളിയില്‍ നള-ഹംസ രംഗത്തിലെ ഇളകിയാട്ടത്തില്‍ "അല്ലയോ ഹംസമേ ! ഉറങ്ങിയിരുന്ന നിന്നെ ഞാന്‍ പിടിച്ചപ്പോള്‍ നീ വിലപിച്ചു. നിന്നെ ഞാന്‍ വിട്ടയച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ നീ മടങ്ങി വന്ന് സുന്ദരിയായ ഒരു സ്ത്രീ രത്നത്തെ കുറിച്ച് എന്നോട് പറയുവാന്‍ കാരണം എന്താണ് എന്ന് നളന്‍ ചോദിച്ചു?
അല്ലയോ രാജാവേ! അങ്ങ് എന്നെ വിട്ടയച്ചപ്പോള്‍ ഞാന്‍ എന്റെ ഗൃഹത്തില്‍ പോയി. എന്റെ കുടുംബത്തെയും കുട്ടികളെയും കണ്ടു. എന്റെ ജീവന്‍ രക്ഷിച്ച അങ്ങയെ പറ്റി ഞാന്‍ ചിന്തിച്ചു. ഒരു ശ്രേഷ്ടനായ മഹാരാജാവ് പരിവാരങ്ങളും ഒന്നും ഇല്ലാതെ പൂന്തോട്ടത്തില്‍ ഏകനായി കാണുന്നു. അദ്ദേഹത്തിന്റെ മാനസീകമായ അസ്വസ്ഥത തന്നെയായിരിക്കണം ഇതിന്റെ കാരണം. ചിന്തിച്ചപ്പോള്‍ രാജാവ് അവിവാഹിതന്‍ എന്ന് മനസിലായി. അപ്പോള്‍ തീര്‍ച്ചയായും രാജാവിന്റെ അസ്വസ്ഥതയ്ക്ക് കാരണം ഒരു സ്ത്രീ തന്നെയായിരിക്കണം. എന്ന് എനിക്ക് തോന്നി. എന്തുകൊണ്ടും രാജാവിന് യോജിച്ച ഒരു കുടുംബിനി ദമയന്തി തന്നെയാണെന്ന് ഞാന്‍ മനസിലാക്കി. അതുകൊണ്ടാണ് സ്ത്രീരത്നമായ ദമയന്തിയെ പറ്റി ഞാന്‍ അങ്ങയെ അറിയിച്ചത് എന്നായിരുന്നു ഹംസത്തിന്റെ ഉത്തരം.
ഇങ്ങിനെ ഒരു ചോദ്യം എന്റെ ഹംസത്തിനോട് ഒരു നളന്‍ ചോദിച്ചാല്‍ അന്നുവരെ പറയുവാന്‍ ഒരു ഉത്തരം എനിക്ക് ഇല്ലായിരുന്നു. ആ ഉത്തരം ചെല്ലപ്പന്‍ ചേട്ടന്റെ ഹംസത്തില്‍ നിന്നുമാണ് എനിക്ക് ലഭിച്ചത് എന്നായിരുന്നു ഫാക്റ്റ് പത്മനാഭന്റെ മറുപടി.
ഹംസവും ദമയന്തിയും തമ്മില്‍ പിരിയുന്നതിനു മുന്‍പ് ഒരു
ഇളകിയാട്ടം പതിവുണ്ട്. ഈ ഇളകിയാട്ടത്തില്‍ അടുത്ത രംഗത്തില്‍ നളനെ
സന്ധിക്കുന്ന ഹംസം എന്താണ് പറയുന്നത് എന്ന് ഒരു ശ്ലോകത്തില്‍ കൂടി
കഥാകൃത്ത് ഉണ്ണായി വാര്യര്‍ വ്യക്തമാക്കുന്നതിനെ ആസ്പദമാക്കിയുള്ളതാണ്.
ടിന്ദ്രന്‍ താനേ വരികിലിളകാ കാകഥാന്യേഷ്ഠ രാജന്‍ " എന്ന ശ്ലോകത്തെ
ഉള്‍ക്കൊണ്ടു ചെയ്യുന്ന ഇളകിയാട്ടം ശ്രീ. പത്മനാഭന്‍ നായര്‍ ആശാന്‍ ചെയ്തു
കണ്ടിട്ടില്ല. ഇന്ദ്രന്‍ നേരിട്ടുവന്നു ദമയന്തിയോട് തന്നെ വരിക്കണം എന്ന് ആവശ്യപ്പെട്ടാല്‍ നീ എന്ത് ചെയ്യും എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഈ ചോദ്യത്തിന് മാന്യമായ ഉത്തരം നല്‍കുവാന്‍ ദമയന്തി നടന്‍ കഴിവുള്ളവന്‍
ആയിരിക്കണം. ഈ ചോദ്യം ശീലം ഇല്ലാത്ത, അനുഭവം ഇല്ലാത്ത നടന്മാര്‍ അരങ്ങില്‍ ഉത്തരം മുട്ടി കണ്ടിട്ടുള്ള ഒരു അനുഭവ കഥയാണ് ഇവിടെ സ്മരിക്കുന്നത്.
1977- 78 കാലഘട്ടത്തില്‍ കോട്ടയം ജില്ലയിലെ പാമ്പാടി എന്ന സ്ഥലത്ത് നടന്ന ഒരു നളചരിതം കളിക്ക് ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിക്ക് പകരക്കാരനായി എത്തിയത് കലാമണ്ഡലത്തില്‍ അഭ്യാസം പൂര്‍ത്തിയാക്കിയ ഒരു യുവ നടന്‍ ആയിരുന്നു. ആദ്യമായാണ് അയാള്‍ ചെന്നിത്തല ആശാന്റെ കൂടെ വേഷം ചെയ്യുന്നത്. പദാട്ടങ്ങള്‍ എല്ലാംവളരെ ഭംഗിയായി തന്നെ ദമയന്തി രംഗത്ത് അവതരിപ്പിച്ചു.
"സന്ധിപ്പിച്ചേന്‍ തവ ഖുലു മനം ഭൈമി തന്‍ മാനസത്തോ-
ടിന്ദ്രന്‍ താനേ വരികിലിളകാ കാകഥാന്യേഷ്ഠ രാജന്‍ " എന്ന ശ്ലോകത്തെ
ഉള്‍ക്കൊണ്ടു ചെയ്യുന്ന ഇളകിയാട്ടത്തില്‍ കൂടി ദമയന്തി തന്റെ ഹൃദയത്തില്‍ നളനെ ബലമായി ഉറപ്പിച്ചിരിക്കുകയാണ് എന്നും ഒരു ശക്തിക്കും ദമയന്തിയുടെ ഹൃദയത്തില്‍ ഉറപ്പിച്ചിരിക്കുന്ന നളനെ ഇളക്കുവാന്‍ സാധിക്കില്ല എന്ന് സ്ഥിതീകരിക്കുന്നതാണ് ചെന്നിത്തല ആശാന്റെ അവതരണ രീതി.
അല്ലയോ ദമയന്തി! നിന്റെ സൌന്ദര ഗുണങ്ങള്‍ അറിഞ്ഞു ഇന്ദ്രാദികള്‍ക്ക് എല്ലാം നിന്നില്‍ മോഹം ഉണ്ട്. (ദേവലോകത്തെ അത്ഭുതങ്ങള്‍ വര്‍ണ്ണിച്ചു കൊണ്ട് ) ഇന്ദ്രന്‍ നേരിട്ട് എത്തി നിന്നെ ഞാന്‍ വരിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചാല്‍ നീ എന്ത് ചെയ്യും എന്ന് ഹംസം ചോദിച്ചു.
ഞാന്‍ നളന്‍ മഹാരാജാവിനെ മനസാ വരിച്ചു കഴിഞ്ഞു . അദ്ദേഹം എന്നെ വരിക്കുവാന്‍ എന്നെ അനുഗ്രഹിക്കണം എന്ന് ദമയന്തി മറുപടിയും പറഞ്ഞു.
ഒരു സംശയം കൂടി. ഇന്ദ്രന്‍ നിന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ നിന്നെ ബലമായി (ഇന്ദ്രന്‍ അത്തരക്കാരന്‍ ആണല്ലോ) പിടിച്ചു കൊണ്ടു പോയാല്‍ നീ എന്ത് ചെയ്യും എന്നായി ഹംസത്തിന്റെ അടുത്ത ചോദ്യം.
ഈ ചോദ്യത്തിന് (ഈ ദമയന്തിനടന് ഇത്തരം ചോദ്യം ആന്നുവരെ അനുഭവം ഇല്ലാത്ത ആട്ടം ആയതിനാല്‍) എന്താണ് മറുപടി പറയേണ്ടത് എന്ന് അറിയാതെ ദമയന്തി നടന്‍ ഒന്നു പരിഭ്രമിച്ച ശേഷം "ഞാന്‍ കയറു കൊണ്ട് കെട്ടിച്ചാടി ചത്തു കളയും" എന്നു കാണിച്ചു. ദമയന്തി നടനില്‍ നിന്നും ഇത്തരം ഒരു മറുപടി ആദ്യമായാണ് ഹംസ നടന് ലഭിച്ചത്.
രംഗം കഴിഞ്ഞു ദമയന്തി വെളിയില്‍ എത്തിയപ്പോള്‍ ഒരു ചില ആസ്വാദകരും പിന്നണി ഗായകനും എല്ലാം ചേര്‍ന്ന് ദമയന്തി നടനെ വളരെ അധികം അധിക്ഷേപിച്ചു. ഒരു നടനുമായി ആദ്യമായി ഒരു കൂട്ടു വേഷം ചെയ്യുമ്പോള്‍ പ്രസ്തുത നടന്റെ അവതരണ രീതികള്‍ ചോദിച്ചറിഞ്ഞു വേണ്ടേ ചെയ്യേണ്ടത് എന്നായിരുന്നു ദമയന്തി നടനോടുള്ള അവരുടെ പ്രതികരണം.
ഇന്ദ്രന്‍ എന്നെ ബലമായി പിടിച്ചു കൊണ്ട് പോയാല്‍ ഞാന്‍ പിന്നീട് ജീവനെ ചുമന്നു കൊണ്ട് (അല്ലെങ്കില്‍ ധരിച്ചുകൊണ്ട് ) ഇരിക്കുകയില്ല എന്നാണ് എല്ലാ ദമയന്തിമാരും അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. ഇവിടെ എത്ര ശ്രേഷ്ടനായ ഗുരുനാഥന്റെ ശിഷ്യന്‍ ആണെങ്കില്‍ കൂടി ചെയ്തു ശീലം ഇല്ലാത്ത നടന്മാരുടെ കൂടെ വേഷം കെട്ടുമ്പോള്‍ അവരുടെ രീതികള്‍ ചോദിച്ചറിഞ്ഞു ചെയ്‌താല്‍ മാത്രമേ ഇത്തരം അനൌചിത്യങ്ങള്‍ ഒഴിവാക്കുവാന്‍ സാധിക്കുകയുള്ളൂ.
ഉണ്ണായി വാര്യരുടെ സൃഷ്ടിയിലുള്ള ദമയന്തി ഇവിടെ ഒരു സാധാരണ സ്ത്രീയെക്കാള്‍ തരം താഴ്ന്നു പോകേണ്ടി വന്നത് വേഷം ചെയ്യുന്ന നടന്‍ കഥാപാത്രത്തെ പറ്റി പൂര്‍ണ്ണമായി മനസിലാക്കുവാന്‍ ശ്രമിക്കാത്തത് കൊണ്ടാണ് എന്നതിന് ഒരു സംശയവും ഇല്ല.
മണ്മറഞ്ഞ പല കലാകാരന്മാരുടേയും കഥാപാത്രസമീപനങ്ങൾ അറിയുന്നത് രസകരവും വിജ്ഞാനപ്രദവും തന്നെ. അഭിനന്ദനങ്ങൾ, അംബുചേട്ടാ.
മറുപടിഇല്ലാതാക്കൂചിത്രന് പറഞ്ഞത് തന്യേ നിക്കും പറയാനുള്ളൂ... പഴേ ആള്‍ക്കാരെ പറ്റി പറഞ്ഞുതരുന്നത് വായിക്കാന്‍ രസം...
മറുപടിഇല്ലാതാക്കൂഡിഗ്രീ കടലാസ്സിനെ അല്ലെ പഴി പറയേണ്ടത്? നാല് കൊല്ലം പഠിച്ചു ഡിഗ്രീ കിട്ടിയാല്‍ എല്ലാം പഠിച്ചു എന്ന് തോന്നുന്നവര്‍ അറിയുന്നുണ്ടോ ഭാരതീയ -പ്രത്യേകിച്ച് കേരള കലകള്‍ പഠിച്ചു തീരുന്നില്ല എന്ന്. 'പഴയവരിലെ പുതുമ' കുറിച്ചതില്‍ വളരെ സന്തോഷം അമ്പുചേട്ടാ.
മറുപടിഇല്ലാതാക്കൂഅംബുചേട്ടാ, ഹംസം അവതരണത്തെപറ്റി എഴുതിയത് വളരെ നന്നായി. പത്മനാഭൻ നായർ,വൈക്കം കരുണാകരൻ നായർ, ഫാക്റ്റ് ഭാസ്ക്കരൻ, ഫാക്റ്റ് പത്മനാഭൻ(ഇദ്ദേഹവും ഹംസം അവതരണത്തിൽ പ്രസിദ്ധനാണ്. ലേഘനത്തിൽ പേർ പരാമർശിച്ച് കണ്ടില്ല.) ഇങ്ങിനെ വികസിച്ചുവന്ന കലാമണ്ഡലം വഴി, രാഘവന്റെ കലാനിലയം വഴി,കീഴ്പ്പടം വഴി,കുറിച്ചി,ഓയൂർ ഇവരിലൂടെ വികസിച്ച് തെക്കൻ വഴി ഇങ്ങിനെ പലവഴികളും ഹംസാവതരണത്തിൽ ഉണ്ടായിരുന്നല്ലൊ. ഇവകളെ വസ്തുനിഷ്ഠമായി പഠിക്കുകയും ഡോക്കുമെന്റ് ചെയ്തുവെയ്ക്കുകയും ചെയ്യേണ്ടതാണ്. ഇന്ന് ഹംസാവതരണത്തിൽ മികവുപുലർത്തുന്ന അപൂർവ്വം കലാകാരന്മാരെ ഉള്ളു എന്നുതോന്നുന്നു. അതെങ്ങിനെ യുവകലാകാരന്മാർ ഡിഗ്രികൾ കരസ്തമാക്കുന്നതല്ലാതെ തന്റേതായ പ്രവർത്തനത്തിലൂടെ അവതരണങ്ങൾ മികച്ചതാക്കാൻ ശ്രമിക്കുന്നത് കുറവാണല്ലൊ. തന്നെയുമല്ല, എല്ലാവർക്കും നളനാകാനാണല്ലൊ താൽപ്പര്യം. ഹംസത്തെ വെറും ഒരു ഇടത്തരം വേഷം എന്നതിലധികം കണക്കാന്നുമില്ല പലരും.
മറുപടിഇല്ലാതാക്കൂലേഘനത്തിൽ പരാമർശിച്ച മറ്റൊരു കാര്യം അരങ്ങിലെ പ്രവർത്തിയിലെ യോജിപ്പ് കുറവ് എന്നതാണല്ലൊ. പലപ്പോഴും സഹകലാകാരൻമാരുമായി ചെയ്യുന്ന ഭാഗത്തെപ്പറ്റി മുങ്കൂട്ടി ചർച്ചചെയ്യുന്നതിൽ കലാകാരന്മാർ വിമുഖരായാണ് കാണപ്പെടുന്നത്. അത് എന്തോ കുറവായി പല കലാകരന്മാരും കരുതുന്നു. ഇങ്ങിനെ കരുതു മൂലം തന്റെ കുറവ് സദസ്യർമുഴുവൻ മനസിലാക്കുകയാവും ഫലമെന്ന് ഇവർ മനസ്സിലാക്കുന്നില്ല.
ഇപ്പോഴത്തെ ചില കലാകാരന്മാര്‍ക്ക് "ഈഗോ" അല്പം കൂടുതലാണ്. അത് കാരണം, അവര്‍ സഹ കലാകാരന്മാരോട് യോജിച്ചു പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അഭിപ്രായം ചോദിക്കാറില്ല, പറയാറും ഇല്ല.
മറുപടിഇല്ലാതാക്കൂഎന്റെ ബ്ലോഗ് വായിച്ചു അഭിപ്രായം പങ്കു വെച്ച എല്ലാ കഥകളി സ്നേഹികള്‍ക്കും നന്ദി.
മറുപടിഇല്ലാതാക്കൂപ്രിയമുള്ള മണി,
ശ്രീ. ഓയൂര്‍ ആശാനെയും ,ശ്രീ. പത്മനാഭന്‍ നായര്‍ ആശാനെയും ശ്രീ. വൈക്കം കരുണാകരന്‍ ആശാനെയും, ശ്രീ. ഫാക്റ്റ് പത്മനാഭനെയും, ഹംസത്തിന്റെ അവതരണക്കാരായി എന്റെ ഈ ബ്ലോഗ് കുറിപ്പില്‍ സ്മരിക്കപ്പെട്ടിട്ടുണ്ട്. ശ്രീ. കലാനിലയം രാഘവന്‍ ആശാനെ സ്മരിച്ചില്ല എന്നത് ഒരു അപരാധം തന്നെയാണ് എന്നത് ഞാന്‍ സമ്മതിക്കുന്നു. ശ്രീ. ഫാക്റ്റ് ഭാസ്കരന്റെ ഹംസം ഞാന്‍ കണ്ടിട്ടില്ല. ശ്രീ. കരുണാകരന്‍ ആശാന്റെ അവതരണ രീതി പോലെ തന്നെയാണ് ശ്രീ. രാഘവന്‍ ആശാന്റെയും ഹംസം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്ഥാപനത്തില്‍ കൂടിയുള്ള കഥകളി അഭ്യാസവും ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ പ്രയോഗിച്ചു വന്ന കൌശല പ്രയോഗങ്ങളും ചേര്‍ത്തു പ്രയോഗിക്കുന്ന ഹംസത്തെയാണ് ശ്രീ. കരുണാകരന്‍ ആശാന്‍ അവതരിപ്പിച്ചിട്ടുള്ളത്. ശ്രീ. ഫാക്റ്റ് പത്മനാഭന്‍, ശ്രീ. ഫാക്റ്റ് ഭാസ്കരന്‍ എന്നിവരുടെ ഹംസത്തില്‍ ശ്രീ. കരുണാകരന്‍ ആശാന്റെ ഹംസത്തിന്റെ അവതരണ രീതി പ്രതിഫലിക്കാതിരിക്കുവാന്‍ സാധ്യത ഇല്ലല്ലോ.
ഇക്കൂട്ടത്തില്‍ ഒയൂരിന്റെ മകനായ ശ്രീ. കലാമണ്ഡലം രതീശനെയും ഹംസവേഷക്കരനായി ഞാന്‍ സ്മരിക്കുന്നു.
എന്റെ പിതാവിന്റെ അപ്പുപ്പന്‍ ശ്രീ. ചെന്നിത്തല കൊച്ചു പിള്ള പണിക്കരുടെ ശിഷ്യനായി ശ്രീ. ഓയൂര്‍ ആശാന്‍ അരങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ധാരാളം ഹംസം കെട്ടി വന്നിരുന്നു. എന്നാല്‍ കുറിച്ചി ശ്രീ. കുഞ്ഞന്‍ പണിക്കര്‍ ആശാന്റെ ശിഷ്യന്‍ എന്ന പദവി ലഭിച്ചതോടെയാണ് അദ്ദേഹം ഹംസ വേഷത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ശ്രീ. കുഞ്ഞന്‍ പണിക്കര്‍ ആശാന്റെ മരണത്തിനു ശേഷം ഹംസ വേഷത്തിനു ദക്ഷിണ കേരളത്തില്‍ ഓയൂര്‍ മാത്രമേയുള്ളൂ എന്ന അവസ്ഥ വന്നപ്പോള്‍ അവസരങ്ങള്‍ ചെന്നിത്തല ആശാന് ഗുണകരമായി. എന്നാല്‍ ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയുടെ പ്രീതി നേടാതെ അക്കാലത്ത് ഹംസം കെട്ടി അരങ്ങില്‍ പ്രബലമാകുവാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. കഥാപാത്രപരമായി മാങ്കുളത്തിന്റെ നളന്‍ ഓരോ അരങ്ങിലും വ്യത്യസ്തമായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തക്ക ഉത്തരം നല്‍കുക എന്നത് ചെന്നിത്തല ആശാനെ സംബന്ധിച്ചിടത്തോളം ഒരു സവാല്‍ ആയിരുന്നു. എന്നാല്‍ കുഞ്ഞന്‍ പണിക്കര്‍ ആശാനും മാങ്കുളവും തമ്മിലുള്ള ഈ രംഗങ്ങളില്‍ കൂടി ലഭിച്ചിട്ടുള്ള അനുഭവം ഒയൂരിനു (കുഞ്ഞന്‍ പണിക്കര്‍ ആശാന്റെ ശിഷ്യനായി കളി അരങ്ങുകളില്‍ പ്രവര്‍ത്തിച്ച കാലത്ത് ) ഒരു വലിയ അനുഗ്രഹമായിത്തീര്‍ന്നു.
ഈ സാഹചര്യത്തില്‍ പലപ്പോഴും മാങ്കുളത്തിന്റെ നളന്റെ കൂടെ ഹംസം കെട്ടുവാന്‍ കിട്ടുന്ന അവസരത്തില്‍ മാങ്കുളം പ്രകടിപ്പിക്കുന്ന നീരസം മാറ്റി എടുക്കുവാന്‍ മാങ്കുളവും ഒയൂരും നളനും ഹംസവുമായി ഒന്നിക്കുന്ന എത്രയോ അരങ്ങുകളുടെ മുന്‍പില്‍ ഇരുന്നു അവരുടെ അരങ്ങു പ്രയോഗങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ചു മനസ്സില്‍ ഉറപ്പിച്ചുകൊണ്ട് അരങ്ങില്‍ പ്രവര്‍ത്തിച്ചു വന്നു. കാലക്രമത്തില്‍ ചെന്നിത്തലയും മാങ്കുളത്തിന്റെ പ്രീതി സമ്പാദിക്കുകയാണ് ഉണ്ടായത്.
അക്കാലത്ത് ദമയന്തി വേഷത്തില്‍ പ്രഗത്ഭനായിരുന്ന ശ്രീ. മങ്കൊമ്പ് ആശാന്റെ സാഹായവും, അഭിപ്രായ സ്വാതന്ത്ര്യവും ചെന്നിത്തല ആശാന് വളരെ സഹായകരമായി. ഗുരു. ചെങ്ങന്നൂര്‍ ആശാന്‍ അദ്ദേഹം ഉപയോഗിച്ച് കൊണ്ടിരുന്ന ഹംസത്തിന്റെ "ചുണ്ട് " ഇത് നിനക്ക് പ്രയോജനപ്പെടട്ടെ എന്ന് അനുഗ്രഹിച്ചു കൊണ്ട് ശിഷ്യനായ ചെന്നിത്തലയ്ക്ക് നല്‍കുകയും ഉണ്ടായി.
വിവിധ ചിന്താഗതിയോടെ കഥകളി കൈകാര്യം ചെയ്യുന്ന കലാകാരന്മാര്‍, ആസ്വാദകര്‍ എന്നിവരുടെ മനോഗതിക്കനുസരിച്ചാണ് ഈ കലാകാരന്മാരുടെ അരങ്ങു പ്രവര്‍ത്തിയെ പറ്റിയുള്ള വിലയിരുത്തലുകള്‍ എന്ന് നാം മനസിലാക്കണം. എന്നാല്‍ ഇവിടെ കുറിപ്പിട്ടിട്ടുള്ള കലാകാരന്മാരില്‍ എല്ലാവരുടെയും ഹംസവേഷം ഒന്നാംതരമാണ് എന്നതിന് ഒരു സംശയവും ഇല്ല.
ചെന്നിത്തല ആശാന്റെ കൂടെ ധാരാളം ദമയന്തി വേഷം ചെയ്തിട്ടുള്ള നടന്‍ എന്ന നിലയില്‍ ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ചേട്ടന്‍ പറഞ്ഞ ഒരു അനുഭവം ഞാന്‍ ഇവിടെ സ്മരിക്കട്ടെ.
ഒരിക്കല്‍ ചേര്‍ത്തല ഭഗവതി ക്ഷേത്രത്തില്‍ ഒരു കളിക്ക് ശ്രീ. വൈക്കം കരുണാകരന്‍ ആശാന്റെ ഹംസവും, ശ്രീ. കോട്ടക്കല്‍ ശിവരാമന്‍ അവര്‍കളുടെ ദമയന്തിയും, മാത്തൂരിന് അടുത്ത കഥയിലെ ഒരു വേഷവും ആണ് നിശ്ചയിച്ചിരുന്നത്. എന്തു കൊണ്ടോ കരുണാകരന്‍ ആശാന്‍ അന്ന് കളിക്ക് എത്തിയില്ല. കളി നടക്കണം. അന്ന് മാത്തൂര്‍ ഹംസം കെട്ടി. ഹംസം നന്നായി എന്ന് പലരും അഭിപ്രായപ്പെട്ടപ്പോള്‍ " ഞാന്‍ ചെല്ലപ്പന്‍ പിള്ളയുടെ ഹംസത്തെ മനസ്സില്‍ കണ്ടു കൊണ്ടാണ് അരങ്ങത്തു പ്രവര്‍ത്തിച്ചത് " എന്നാണ് പറഞ്ഞത്.