തിരുവല്ലയില്‍ നടന്ന യുവജനോത്സവത്തിലെ കഥകളി മത്സരത്തില്‍ പങ്കെടുത്ത കഥാനായകനായ ബാലന് തന്റെ തലയില്‍ കിരീടം ഉറച്ച നാള്‍ മുതല്‍ ചെന്നിത്തല ആശാനോട് ഒരു പ്രത്യേക ആദരവ് ഉണ്ടായി. വേഷം കെട്ടുമ്പോള്‍ ചെന്നിത്തല ആശാന്‍ തന്നെ കിരീടം വെച്ച് മുറുക്കി കൊടുക്കണം എന്ന നിര്‍ബ്ബന്ധം ഉണ്ടായിരുന്നു. ചെങ്ങന്നൂരിനു കിഴക്ക് മാലക്കര ആനന്ദവാടി ആശ്രമത്തിലെ ഒരു കുടുംബാംഗമാണ് ഈ ബാലന്‍. ഇന്ത്യന്‍ പ്രതിരോധ മന്ത്രിയായിരുന്ന ശ്രീ. വി.കെ. കൃഷ്ണമേനോന്‍ അവര്‍കളുടെ ഫോട്ടോ ആശ്രമത്തില്‍ വെച്ചിരുന്നതായി ഓര്‍ക്കുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്‍റെ കുടുംബവും ഈ ആശ്രമവും തമ്മില്‍ എന്തെകിലും ബന്ധം ഉണ്ടായിരിക്കണം. മാലക്കര ആനന്ദവാടി ആശ്രമത്തില്‍ ധാരാളം വിദേശിയര്‍ താമസിച്ചു കൊണ്ട് ശ്രീ. കലാമണ്ഡലം (അമ്പലപ്പുഴ) ശേഖറിന്റെ ശിഷ്യരായി കഥകളി അഭ്യസിച്ചു വന്നിരുന്നു.
ശ്രീ. അമ്പലപ്പുഴ ശേഖർ ഗുരു. കുഞ്ചുക്കുറുപ്പിനോടൊപ്പം
കാലക്രമത്തില്‍ ആശ്രമത്തിനു സ്വന്തമായി ഒരു
കഥകളിയോഗം വേണം എന്ന താല്‍പ്പര്യം ഉണ്ടായി. അക്കാലത്ത് കൊല്ലം ഇരവിപുരത്തു നടത്തിവന്നിരുന്ന ഒരു
കഥകളിയോഗത്തിന്റെ മാനേജര്‍ക്ക് പ്രായാധിക്ക്യം കാരണം കളിയോഗം നടത്തി കൊണ്ട്
പോകാന്‍ സാധിക്കാത്ത നിലയെ അറിഞ്ഞു കൊണ്ട് ചെന്നിത്തല ആശാനും
അമ്പലപ്പുഴ ശേഖറും കൂടി ആ കളിയോഗം വാങ്ങി ആശ്രമത്തില്‍ എത്തിച്ചു.
ആശ്രമത്തില്‍ കഥകളിയോഗം വാങ്ങി പുതുപ്പിക്കുകയും ചെയ്തതോടെ കഥാനായകന് കഥകളിയോടുള്ള ഭ്രമം അമിതമായി വര്‍ദ്ധിക്കുകയും
ചെയ്തു. തുടര്‍ന്ന് ആശ്രമത്തില്‍ ധാരാളം കളികള്‍ നടത്തി വന്നിരുന്നു.
ഞാന്‍ ആദ്യമായി അവിടെ കണ്ടത് കംസവധം കഥകളിയാണ് . കൃഷ്ണന്‍ നായര്‍ ആശാന്റെ അക്രൂരന്‍, ചെന്നിത്തല ആശാന്റെ കംസന്‍, മങ്കൊമ്പ് ആശാന്റെയും ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരിയുടെയും മല്ലന്മാര്‍, മാങ്ങാനം രാമപിഷാരടിയുടെ അരിഷ്ടന്‍, അമ്പലപ്പുഴ ശേഖറിന്റെ സുദാമന്‍, കഥാനായകന്റെ കൃഷ്ണന്‍, നീലമ്പേരൂര്‍ കുട്ടപ്പപണിക്കര്‍ ( സംഗീതം) എന്നിങ്ങനെയായിരുന്നു. ഒരിക്കല്‍ തിരുവല്ല ക്ഷേത്രത്തില്‍ ആശ്രമത്തിന്റെ വകയായി ഒരു വഴിപാടു കഥകളി നടത്തിയതും ഓര്‍മ്മയുണ്ട്. സന്താനഗോപാലവും ദുര്യോധനവധവും ആയിരുന്നു അന്നത്തെ കഥകള്‍. അമ്പലപ്പുഴ ശേഖറിന്റെ അര്‍ജുനന്‍ ധര്‍മ്മപുത്രര്‍ എന്നീ വേഷങ്ങളും, മങ്കൊമ്പ് ആശാന്റെ ബ്രാഹ്മണനും രൌദ്രഭീമനും ചെന്നിത്തല ആശാന്റെ ദുര്യോധനനും കഥാനായകന്റെ രണ്ടു കഥയിലെ കൃഷ്ണനും.
മാലക്കര ആനന്ദവാടി ആശ്രമത്തില്‍ പത്മശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്റെ ഹനുമാനും ശ്രീ. ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരിയുടെ അഴകിയ രാവണനുമായി തോരണയുദ്ധം, പത്മശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്റെ ബലഭദ്രനും ശ്രീ. മങ്കൊമ്പ് ആശാന്റെ കൃഷ്ണനും ചേര്‍ന്നുള്ള സുഭദ്രാഹരണം, ബ്രഹ്മശ്രീ. മാങ്കുളം തിരുമേനി, ശ്രീ. കുടമാളൂര്‍ ആശാന്‍, ശ്രീ. ചെന്നിത്തല ആശാന്‍ എന്നിവര്‍ കാട്ടാളന്‍, കാട്ടാളത്തി, അര്‍ജുനന്‍ എന്നിങ്ങിനെ കിരാതം എന്നിങ്ങനെ ധാരാളം കളികള്‍ അവിടെ നടന്നിട്ടുണ്ട്. അവിടെ നടന്നിട്ടുള്ള ഒട്ടുമിക്ക കഥകളികളും റിക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പത്മശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്റെ രുഗ്മാംഗദനും , ശ്രീ. കുടമാളൂര്‍ ആശാന്റെ മോഹിനിയും , മാലക്കര ബാലന്റെ ധര്‍മ്മാംഗദനുമായുള്ള രുഗ്മാംഗദചരിതം കളിയുടെ വീഡിയോ കാസ്സറ്റുമാത്രം എങ്ങിനെയോ ചില കഥകളി ആസ്വാദകരില്‍ എത്തിയിട്ടുണ്ട്.
കലാജീവിതത്തോടൊപ്പം വിദ്യാഭ്യാസവും
തുടര്‍ന്ന കഥാനായകന്‍ തന്റെ കോളേജു പഠനത്തില്‍ ഏതോ ഒരു വിഷയത്തിന്
മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മാനസീകമായി ബാധിപ്പ് ഉണ്ടായി.
താന്‍ പഠിച്ചു മാര്‍ക്ക് കുറഞ്ഞ ആ സബ്ജക്റ്റിലെ പാഠങ്ങള്‍ എപ്പോഴും ഉരുവിട്ടു കൊണ്ടിരിക്കുന്ന ഒരു
രീതിയിലേക്ക് മാറി. കഥകളിക്കു തേച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരുക്കം
നിര്‍ത്തി പഠിച്ച പാഠങ്ങള്‍ ഉരുവിടും. ഈ ബാലന്റെ ശ്രദ്ധ വീണ്ടും വേഷം
ഒരുങ്ങുന്നതിലേക്ക് കൊണ്ടു വരേണ്ട ജോലി ചെന്നിത്തല ആശാനില്‍ നിക്ഷിപ്തമായി.
"കുഞ്ഞേ! ഇങ്ങിനെ ഇരുന്നാല്‍ മതിയോ ? സമയം പോകുന്നു വേഷം തേച്ചാട്ടെ" എന്ന് ചെന്നിത്തല ആശാന്‍ പറഞ്ഞാല്‍ വീണ്ടും തേപ്പു തുടങ്ങും.
വേഷം കെട്ടി അരങ്ങത്തു വന്നാല്‍ കുഴപ്പം ഇല്ലാതെ രംഗ ക്രിയകള്‍ ചെയ്തിരുന്നു. ചെന്നിത്തല ആശാന്റെ സരസമായ ഇടപെടലില്‍ കൂടിയും ധൈര്യം നല്‍കിയും കുറച്ചു കാലത്തിനു ശേഷം ബാലന്‍ സ്വയം കിരീടം വെച്ചു മുറുക്കുവാന്‍ പ്രാപ്തനായി.
കാലക്രമത്തില്‍ കഥകളി ഈ ബാലന്റെ ഒരു ബലഹീനതയായി മാറി.
ഒരു ചെറിയ സംഭവം സൂചിപ്പിക്കട്ടെ. ഒരിക്കല്‍ മാലക്കര ആശ്രമത്തില്‍ ശ്രീരാമപട്ടാഭിഷേകം അവതരിപ്പിക്കുക ഉണ്ടായി.
ചെന്നിത്തല ആശാന്റെ ശ്രീരാമന്‍, അമ്പലപ്പുഴ ശേഖറിന്റെ ഹനുമാന്‍, കടപ്ര ഗോപിയുടെ
(കഥകളി അഭ്യസിച്ച ശേഷം ബോംബയില്‍ ഡാന്‍സര്‍. നാട്ടില്‍ വരുമ്പോള്‍
സൌകര്യമുള്ള കളികള്‍ക്ക് കൂടുക പതിവായിരുന്നു.) വിഭീഷണന്‍, കഥാനായകന്റെ
ഭരതന്‍. കളി കഴിഞ്ഞു വീട്ടില്‍ എത്തിയ ചെന്നിത്തല ആശാന്‍ ദിനചര്യ
കഴിഞ്ഞു ഉറങ്ങാന്‍ കിടന്നപ്പോള്‍ ആശാനേ വീണ്ടും കൂട്ടി പോകുവാന്‍ മാലക്കരയില്‍
നിന്നും കാര്‍ എത്തി. അന്ന് പട്ടാഭിഷേകം കഥകളി നടത്തണം എന്നും കഥാനായകന് ശ്രീരാമന്‍ കെട്ടണം എന്നും നിര്‍ബ്ബന്ധം.
മാര്‍ഗ്ഗ മദ്ധ്യേ ചെങ്ങന്നൂരില്‍ നിന്നും മങ്കൊമ്പ് ആശാനേ കൂടി കൂട്ടി
പോയി പട്ടാഭിഷേകം അവതരിപ്പിച്ചു. ഇതുപോലെയുള്ള കഥകളി സംഭവങ്ങള്‍ മാലക്കരയില്‍ ധാരാളം ഉണ്ടായിട്ടുണ്ട്.
മാലക്കരയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കളികള്‍ക്ക്
പങ്കെടുക്കേണ്ടി വരുന്നത് കാരണം ചെന്നിത്തല ആശാന്റെ പല പതിവു കളികള്‍ക്കും
പങ്കെടുക്കുന്നതില്‍ തടസ്സം ഉണ്ടായി. ഇക്കാരണത്താല്‍ മാലക്കരയിലെ
കളികളില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണം എന്ന് അമ്പലപ്പുഴ
ശേഖറിനോട് സൂചിപ്പിക്കുവാന്‍ ചെന്നിത്തല ആശാന്‍ മറന്നില്ല. മാലക്കര ആശ്രമത്തിലെ ഒരു വിവാഹച്ചടങ്ങിന് ചെന്നിത്തല ആശാന്
ക്ഷണം ലഭിച്ചു. അന്ന് കൊല്ലം ജില്ലയില്‍ ഒരു കളിക്ക് പോകേണ്ടത് കൊണ്ട്
വിവാഹച്ചടങ്ങില്‍ പങ്കെടുക്കുവാന്‍ തനിക്കു സാധിക്കുന്നില്ല എന്ന വിവരം
ചെന്നിത്തല ആശാന്‍ അമ്പലപ്പുഴ ശേഖറിനെ അറിയിച്ചിരുന്നു . ആശ്രമത്തില്‍ നടക്കുന്ന
കളികളില്‍ സ്ഥിരമായി പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരും
വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയും ചെന്നിത്തല ആശാന്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തതോടെ മാലക്കര ആനന്ദവാടിയുമായുള്ള
ചെന്നിത്തല ആശാന്റെ ബന്ധം മുറിഞ്ഞു. കാലക്രമത്തില്‍ കഥാനായകന് ചെണ്ട കൊട്ട് പഠിക്കണം എന്ന് ആഗ്രഹം
ഉണ്ടാവുകയും പിന്നീട് ഭ്രമം ചെണ്ടയിലേക്ക് മാറുകയും ചെയ്തു. ശ്രീ.ആയാംകുടി കുട്ടപ്പന്‍ മാരാര്‍ ആശാന്‍ ആയിരുന്നു ചെണ്ട
അഭ്യസിപ്പിച്ചിരുന്നത് എന്നാണ് എന്റെ അറിവ്.
ഈ ബാലന്റെ കഥകളി ഭ്രമം കാരണം ആനന്ദവാടിയില്‍ ധാരാളം കളികള്‍ നടക്കുകയും പരിസരവാസികള്‍ക്ക് ധാരാളം കളികള്‍ കാണുവാന്‍ അവസരവും കഥകളി കലാകാരന്മാര്‍ക്ക് കുറച്ചു സാമ്പത്തീക ലാഭം ഉണ്ടാകുവാന്‍ അവസരം ഉണ്ടായി എന്നത് ഒരു തരത്തില്‍ ആശ്വാസകരമാണ്.
പ്രിയപ്പെട്ട അമ്പുജാക്ഷന്‍ നായര്‍, ബ്ലോഗ് വായിച്ചു. ഏറെ രസകരം തന്നെ. മാലക്കരയില്‍ ആശ്രമ വാസികളുടെ ഭാഗ്യവും കഥകളിയുടെ മധ്യതിരുവിതാംകൂറിലെ സുവര്‍ണ്ണ കാലവും എത്രയും ഭംഗിയായി വിവരിച്ചിരിക്കുന്നു. എങ്കിലും അന്ന് രേഖപ്പെടുത്തിയ വീഡിയോകള്‍ കിട്ടിയിരുന്നെങ്കില്‍ ആസ്വാദക ലോകത്തിനു ഒരു വലിയ വരദാനമാകുമായിരുന്നു എന്ന് ആശിക്കുന്നു.
മറുപടിഇല്ലാതാക്കൂ