കഥകളിയും കദളിപ്പഴവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ? ഉണ്ടെന്ന്
പറഞ്ഞാല്‍ അത്ഭുതം തോന്നും അല്ലെ?.ബന്ധം തിരുവല്ലയില്‍ ഉണ്ട്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ മുഖ്യ
വഴിപാടാണ് ഇവ രണ്ടും. കഥകളീശ്വരനായ ശ്രീവല്ലഭന് കദളിപ്പഴം വഴിപാടായി ലഭിക്കാത്ത ഒരു ദിവസം പോലും ഇല്ലത്രെ.
ശ്രീവല്ലഭ ക്ഷേത്രത്തിന്റെ നടയ്ക്കു നേരെയുള്ള കഥകളി മണ്ഡപം ക്ഷേത്ര മതില്‍ക്കെട്ടിന് വെളിയില്‍ ആകയാല്‍ കഥകളി
ഇല്ലാത്ത ദിവസങ്ങള്‍ ഭിക്ഷാടനം ചെയ്തു ജീവിക്കുന്ന സ്വാമിമാരുടെ രാത്രികാല താവളമായിത്തീരും.
ഓരോ വഴിപാടു കഥകളിയുടെ കഥ, പങ്കെടുക്കുന്ന കലാകാരന്മാരുടെ
പേരുവിവരങ്ങള്‍ അടങ്ങിയ ഫ്ലക്സ് ബോര്‍ഡുകള്‍ കഥകളി മണ്ഡപത്തില്‍ കാണാം. പണ്ട് ഇത്തരം ഫ്ലക്സ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. നോട്ടീസ് അടിച്ചു വിതരണം ചെയ്യുകയും, മണ്ഡപത്തിന്റെ തൂണുകളില്‍ പ്രസ്തുത നോട്ടീസ് ഒട്ടുകയും ചെയ്യുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്ര
മതിലിനോട് ചേര്‍ന്ന് ഒരു അണിയറയുണ്ട്. കഥകളി ഉള്ള ദിവസം ഉച്ചയ്ക്ക്
മൂന്നു മണിയോടെ അണിയറയില്‍ കളിക്കോപ്പുകള്‍ എത്തും. കഥകളി മണ്ഡപത്തില്‍
സ്ഥിരമായി രാത്രി കഴിച്ചു കൂട്ടുവാന്‍ എത്തുന്ന സ്വാമിമാരെല്ലാം കഥകളി
ഉള്ള ദിവസങ്ങളില്‍ വേറെ താവളം അന്വേഷിച്ചു പോകുന്നത് പതിവാണ്. ഈ അണിയറ
കണ്ടാണ് ഇന്ന് കളിയുണ്ടെന്നും നാം വേറെ താവളം തേടണം എന്നും ഇവര്‍
മനസിലാക്കുന്നത്.
1970- കാലഘട്ടത്തില്‍ ഒരു രാത്രിയില്‍ തിരുവല്ല ക്ഷേത്രത്തിലെ കഥകളിക്കുള്ള അണിയറ പൂട്ടിയിട്ടിരിക്കുന്നത് കണ്ട് ഇന്ന് കഥകളി ഇല്ല എന്ന വിശ്വാസത്തോടെ കഥകളി മണ്ഡപത്തില്‍
നിമ്മതിയോടെ ഉറങ്ങികൊണ്ടിരുന്ന സ്വാമിമാര്‍ക്കെല്ലാം ഒരു ഷോക്ക് നല്‍കികൊണ്ട്
അപ്രതീക്ഷിതമായ ഒരു കഥകളി അവതരണം ഉണ്ടായി. കഥകളിയുടെ ചരിത്രത്തില്‍ ഇത്രയും രസകരമായ ഒരു സംഭവം ഉണ്ടായിക്കാണുമോ എന്ന് സംശയം ആണ്.
മാവേലിക്കരയിലും പരിസരക്ഷേത്രങ്ങളിലും നടന്നിരുന്ന കഥകളികളില്‍ സ്ഥിര
സാന്നിദ്ധ്യവും കൃഷ്ണന്‍, അര്‍ജുനന്‍, രുഗ്മാംഗദന്‍, കചന്‍, കര്‍ണ്ണന്‍, പുഷ്ക്കരന്‍, ഹംസം, മാന്ത്രികന്‍ തുടങ്ങിയ വേഷങ്ങള്‍ക്ക് ആ ഭാഗത്തെ ജനങ്ങള്‍ക്കിടയില്‍
വളരെ നല്ല അംഗീകാരം ഉണ്ടായിരുന്ന നടന്‍ ആയിരുന്നു ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ആശാന്‍.
മാവേലിക്കര ക്ഷേത്ര പരിസരത്തുള്ള ഒരു വീട്ടിലെ പെണ്‍കുട്ടിയെ കഥകളി അഭ്യസിപ്പിച്ചു
സ്കൂള്‍ യുവജനോത്സവങ്ങളിലും മറ്റും പങ്കെടുപ്പിക്കണം എന്ന് കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്കു താല്‍പ്പര്യം
ഉണ്ടായപ്പോള്‍ ഗുരുനാഥനായി അവരുടെ മനസ്സില്‍ കണ്ടത് ചെന്നിത്തല
ആശാനെയാണ്. അവര്‍ ആശാന്റെ വീട്ടില്‍ എത്തി താല്‍പ്പര്യം അറിയിച്ചു. കഥകളിക്കു പങ്കെടുക്കുക എന്നതൊഴിച്ചാല്‍ മറ്റു
പ്രവര്‍ത്തന മേഖലകളില്‍ തീരെ താല്‍പ്പര്യം ഇല്ലാത്ത ആശാന്‍ തന്റെ
കഴിവുകളുടെ പരിമിതികളെ പറ്റി അവരെ പറഞ്ഞു മനസിലാക്കുവാന്‍ പരമാവധി
ശ്രമിച്ചു. ചിട്ടപ്രകാരം കഥകളി അഭ്യസിപ്പിക്കുന്ന കലാമണ്ഡലം, കോട്ടക്കല്‍, സദനം, കലാനിലയം തുടങ്ങിയ സ്ഥാപനങ്ങളില്‍
അഭ്യസിച്ചിട്ടുള്ള ഏതെങ്കിലും കലാകാരനെ കൊണ്ട് കുട്ടിയെ കഥകളി
അഭ്യസിപ്പിക്കുക എന്ന ആശാന്റെ നിര്‍ദ്ദേശം അവര്‍ അംഗീകരിക്കുവാന്‍
തയ്യാറായില്ല. തങ്ങളുടെ കുട്ടിക്ക് ഒരു കല അറിഞ്ഞിരിക്കണം, യുവജനോത്സവത്തില്‍
പങ്കെടുപ്പിക്കണം എന്ന ലക്‌ഷ്യം അല്ലാതെ സമ്മാനം ലഭിച്ചില്ല എന്ന പരാതി
ഒരിക്കലും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു ആശാനേ പരമാവധി സ്വാധീനിക്കുകയും
കഥകളി അഭ്യാസം തുടങ്ങുവാന്‍ നല്ല ദിവസവും സമയവും കുറിക്കുകയും ചെയ്താണ്
അവര്‍ മടങ്ങിയത്.
കേരള കലാമണ്ഡലം തെക്കന്‍ കളരിയിലേക്ക് ചെന്നിത്തല ആശാനേ
ക്ഷണിച്ചു കൊണ്ടുള്ള കത്ത്. ആശാന്‍ ക്ഷണം നിരസിക്കുകയായിരുന്നു.
കഥകളി അഭ്യസിക്കുവാന്‍ വളരെ താല്‍പ്പര്യത്തോടെ തന്നെ
സമീപിച്ച പലരെയും വളരെ നയപരമായും തന്ത്രപരമായും അകറ്റി രക്ഷപെട്ട കഥകള്‍
ചെന്നിത്തല ആശാന്‍ സ്മരിച്ചു. തന്റെ ഗുരുനാഥന്‍ ശ്രീ. ചെങ്ങന്നൂര്‍ രാമന്‍പിള്ള ആശാന്റെ പേരില്‍
പകല്‍ക്കുറിയില്‍ സ്ഥാപിച്ചിട്ടുള്ള കലാഭാരതി കഥകളി സ്കൂളില്‍ ആശാന്റെ
ശിഷ്യന്മാര്‍ നാലുപേരും സഹകരിച്ചു കുട്ടികളെ കഥകളി അഭ്യസിപ്പിക്കണം എന്ന
ഒരു തീരുമാനം ഉണ്ടായിട്ടു കൂടി കലാഭാരതിയുടെ ചുമതലയില്‍ നടക്കുന്ന കളികളില്‍
പങ്കെടുത്തിട്ടുള്ളതല്ലാതെ കഥകളി അഭ്യസിപ്പിക്കുവാന്‍ പോയിട്ടില്ല. ഒരു
പ്രത്യേക സാഹചര്യത്തില്‍ കലാഭാരതിയില്‍ ആശാന്മാര്‍ ആരുമില്ല, അവിടെ എത്തിയേ
പറ്റൂ എന്ന നിര്‍ബ്ബന്ധം ഉണ്ടായപ്പോള്‍ അവിടെ വരെപോയി ഒരു ദിവസം താമസിച്ചു
അടുത്ത ദിവസം തിരുവല്ലയില്‍ ഒരു കളിക്ക് കൂടണം എന്ന കാരണത്താല്‍ തടിതപ്പിയ
സംഭവംവരെ ആശാന്റെ ചിന്തകളില്‍ എത്തി. തനിക്കു ഈ സാഹസത്തില്‍ നിന്നും എങ്ങിനെ രക്ഷപെടാം എന്ന് ചിന്തിച്ചു ഒരേ കുഴപ്പത്തില്‍ കഴിഞ്ഞ ആശാന്റെ മനസ്സില്‍
എത്തിയത് തന്റെ ആത്മസുഹൃത്തായ ശ്രീ. കലാമണ്ഡലം (അമ്പലപ്പുഴ) ശേഖറിന്റെ രൂപം
ആണ്. കഥകളി അഭ്യസിപ്പിക്കുവാനും അരങ്ങില്‍ പ്രവര്‍ത്തിക്കുവാനും ഒരുപോലെ
കഴിവുള്ള ശ്രീ. ശേഖറിനെ പ്രസ്തുത കുട്ടിയെ അഭ്യസിപ്പിക്കുന്നതിനുള്ള ചുമതല
ഏല്‍പ്പിച്ചുകൊണ്ട് രക്ഷപെടുകയല്ലാതെ വേറൊരു മാര്‍ഗ്ഗവും ആശാന്റെ മുന്നില്‍
കണ്ടില്ല. ഉടന്‍ തന്നെ വളരെ അത്യാവശ്യമായി (അഭ്യാസത്തിനു നാള്‍ കുറിച്ച ദിവസം) തന്റെ വീട്ടില്‍ വരെ എത്തണം എന്ന് കാണിച്ചു അമ്പലപ്പുഴ ശേഖറിനു ഒരു ലെറ്റര്‍ ചെന്നിത്തല ആശാന്‍ എഴുതി പോസ്റ്റ് ചെയ്തു.
ബാലിവധത്തില്‍ ശ്രീരാമനും (ചെന്നിത്തല ആശാന്‍) ലക്ഷ്മണനും (കലാമണ്ഡലം ശേഖര്‍)
ശ്രീ. ശേഖര്‍ പ്രസ്തുത ദിവസം രാവിലെ തന്നെ ചെന്നിത്തല
ആശാന്റെ വീട്ടില്‍ എത്തി. കത്തയയ്കാനുള്ള സാഹചര്യവും മറ്റു വിവരങ്ങളും
ആശാന്‍ ശേഖറിനോട് വിശദീകരിച്ചു. പിന്നീടു ഇരുവരും മാവേലിക്കരയ്ക്ക് യാത്ര തിരിച്ചു.
പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി, കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് അമ്പലപ്പുഴ ശേഖറിനെ
പരിചയപ്പെടുത്തി. കഥകളിയിലെ മിന്നിത്തിളങ്ങുന്ന രണ്ടു നക്ഷത്രങ്ങളായ ബ്രഹ്മശ്രീ.
മാങ്കുളം വിഷ്ണുനമ്പൂതിരിയുടെയും പത്മശ്രീ. കലാമണ്ഡലം രാമന്‍കുട്ടിനായരുടെയും
ശിഷ്യന്‍ എന്ന നിലയില്‍ ശ്രീ. ശേഖറിനെ കുട്ടിയുടെ രക്ഷിതാക്കള്‍ സസന്തോഷം
സ്വീകരിക്കുകയും ആദ്യം ചെന്നിത്തല ആശാനും പിന്നീടു ശേഖറിനും ദക്ഷിണ നല്‍കി അന്നു തന്നെ കഥകളി അഭ്യാസം തുടങ്ങി വെയ്ക്കുകയും ചെയ്തു. അമ്പലപ്പുഴ ശേഖറിന്റെ ശിഷ്യ എന്ന നിലയില്‍ കഥകളി അഭ്യസിച്ചു
അരങ്ങേറ്റവും കഴിഞ്ഞു. ഈ കാലഘട്ടങ്ങളിലെല്ലാം തന്നെ ചെന്നിത്തല ആശാനോടുള്ള
സ്നേഹബന്ധം നിലനിര്‍ത്തുന്നതിലും ആ കുടുംബത്തിലെ അംഗങ്ങള്‍ ആരും വീഴ്ച
വരുത്തിയിരുന്നില്ല.
തിരുവല്ലയില്‍ വെച്ചു നടന്ന ഒരു യുവജനോത്സവത്തില്‍
പങ്കെടുക്കുവാന്‍ ഈ കുട്ടിയേയും കൂട്ടി രക്ഷിതാക്കള്‍ യാത്രയാകുമ്പോള്‍
ചെന്നിത്തല ആശാനെയും കൂട്ടിയാണ് പോയത്. യുവജനോത്സവത്തിനു ശ്രീ. ശേഖറിന്റെ മറ്റൊരുശിഷ്യന്‍ (മാലക്കര സ്വദേശിയായ ഒരു ബാലന്‍ ) കഥകളി മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. കുടുംബം, സ്വാധീനം,
സാമ്പത്തീകം എന്നിങ്ങനെ മുന്‍പന്തിയിലുള്ള ഒരു കുടുംബാംഗമാണ് ഈ
ബാലന്‍. ഈ കുട്ടിയുടെ വേഷത്തിന് വേണ്ടിയ കഥകളി ഗായകര്‍, മേളക്കാര്‍, ചുട്ടികലാകാരന്‍ എന്നിവരും രക്ഷിതാക്കളും ബന്ധുജനങ്ങളും എല്ലാം കൂടി മൂന്നു മിനിവാനിലാണ് അവിടെ എത്തിയിരുന്നത്. കഥകളി മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ എല്ലാം വേഷം
ഒരുങ്ങി കൊണ്ടിരിക്കുന്ന വേളയില്‍ ശ്രീ. ശേഖര്‍, ചെന്നിത്തല ആശാനേ വിളിച്ചു
ഇങ്ങിനെ പറഞ്ഞു.
ചെല്ലപ്പന്‍ പിള്ളേ, (മാലക്കര കുട്ടിയെ കാട്ടിക്കൊണ്ട്) ഇവന്റെ തലയില്‍
കിരീടം ഉറയ്ക്കാറില്ല. ഞാനും പിന്നീട് പലരും ഇവന് കിരീടം വെച്ചു മുറുക്കി കൊടുത്തിട്ടുണ്ട്.
അരങ്ങത്തു ചെന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കിരീടം ഇളകും. പിന്നീട് ഇവന്‍ കിരീടം വീഴുമോ എന്ന
ശ്രദ്ധയിലാവും കളിക്കുക. അതിനാല്‍ അരങ്ങില്‍ സ്വാതന്ത്ര്യമായി ഒന്നും ചെയ്യുവാന്‍ അവനു ഇതുവരെ
കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇന്ന് താങ്കള്‍ എനിക്കുവേണ്ടി അവന്റെ കിരീടം
വെച്ചുമുറുക്കി കൊടുക്കുക.
ശേഖറിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു കൊണ്ട് ചെന്നിത്തല ആശാന്‍ അവന്റെ
കിരീടം (സാമാന്യം ശക്തി ഉപയോഗിച്ച് ) വെച്ചുമുറുക്കി കൊടുത്തു.
തലയില്‍ കിരീടം നല്ലതുപോലെ ഉറച്ചിട്ടുണ്ടോ എന്ന് തലയാട്ടി പരീക്ഷിച്ചു
നോക്കിയ ആ ബാലന്റെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി സംതൃപ്തിയുടെ സൂചന തന്നിരുന്നു.
യുവജനോത്സവത്തില്‍ ബാലിവിജയത്തില്‍ രാവണന്റെ " ചിത്രമഹോ നമുക്കൊരു
ശതൃവുണ്ടായതും " എന്ന പദമാണ് ആടാന്‍ നിശ്ചയിച്ചിരുന്നത്. അരങ്ങില്‍ എത്തിയ ബാലന് "ചിത്രമാഹോ നമുക്കൊരു ഭാഗ്യം
ഉണ്ടായതും" എന്ന അനുഭൂതിയാണ് തോന്നിയത്. തന്റെ കിരീടം അല്‍പ്പം പോലും അനങ്ങിയിട്ടില്ല. കളി കഴിഞ്ഞു, അരങ്ങില്‍ തന്നാല്‍ ആവും വിധം ഭംഗിയായി ചെയ്തു എന്ന
തൃപ്തിയോടെ വെളിയില്‍ വന്ന ബാലന് വേഷം അഴിക്കുവാന്‍
താല്‍പ്പര്യം ഇല്ല. ആശാന്റെയും, രക്ഷിതാക്കളുടെയും, ബന്ധു
മിത്രാദികളുടെയും എല്ലാവരുടെയും അഭ്യര്‍ത്ഥന അവന്‍ തള്ളി. അവനു ഇനിയും
കളിക്കണം. കിരീടം ആദ്യമായി ഉറച്ചു കിട്ടിയതാണ്. ഇനി ഇതുപോലെ കിരീടം ഉറച്ചു
കിട്ടുമോ എന്ന് അവനു സംശയം. ഈ അവസരം പാഴാക്കുവാന്‍ അവനു താല്‍പ്പര്യം ഇല്ല.
എനിക്ക് മതിയാവോളം കളിക്കണം.
ഇനിയും കളിക്കാതെ വേഷം അഴിക്കില്ല എന്ന് ബാലന്‍ കടും
നിര്‍ബ്ബന്ധം ആയപ്പോള്‍ ഒരു വേദി ഒരുക്കുവാന്‍ രക്ഷിതാക്കളും, ബന്ധുക്കളും
ഗുരുവും നിര്‍ബ്ബന്ധിതരായി. തിരുവല്ല ശ്രീവല്ലഭന്‍ അല്ലാതെ ആരാണ് ഇവിടെ രക്ഷകന്‍.
രാത്രി ഒന്‍പതര മണിയോടെ യുവജനോത്സവവേദിയില്‍ നിന്നും വേഷത്തോടെ ബാലനും
ഗായകര്‍, മേളക്കാര്‍, രക്ഷിതാക്കള്‍, ബന്ധുജനങ്ങള്‍ എല്ലാം മിനിവാനുകളില്‍ ശ്രീവല്ലഭ
ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തില്‍ എത്തി. മണ്ഡപത്തിനു മുന്‍പില്‍ ഒരു വിളക്ക് കൊളുത്തി
വെച്ചു. മേളക്കാരും ഗായകരും എല്ലാം തയ്യാറായി. ശുദ്ധമദ്ദളം കൊട്ടുന്ന ശബ്ദം
കേട്ടപ്പോള്‍ മണ്ഡപത്തില്‍ ഉറങ്ങികൊണ്ടിരുന്ന സ്വാമിമാരെല്ലാം ഉണര്‍ന്നു.
ഉറക്കച്ചടവോടെ അവര്‍ എഴുനേറ്റു ഒരു ഭാഗത്തേക്ക് ഒതുങ്ങി. ബാലന്റെ രക്ഷിതാക്കളും
ബന്ധുജനങ്ങളും മണ്ഡപത്തിനു മുന്‍പില്‍ കാണികളായി ഇരുന്നു. ഗായകന്‍ വന്ദനശ്ലോകം പാടി.
പിന്നീട് ആ ബാലന്റെ കളിയും തുടങ്ങി.
ഏതു പദം പാടണം എന്ന് ബാലന്‍
ഗായകര്‍ക്ക് നിര്‍ദ്ദേശം നല്‍കും. അത് ഗായകന്‍ പാടും. അവന്‍ കളിക്കും. വേഷം
(രാവണന്‍) കത്തിയാണ് എന്നല്ലേ ഉള്ളൂ, പാര്‍ഷതി മമ സഖീ! മാകുരു ദേവിതം", "വഴിയില്‍ നിന്നു പോക വൈകാതെ വാനരാധമ", "കുവലയ വിലോചനെ കുമതിയാകിയ ദക്ഷന്‍" തുടങ്ങിയ പദങ്ങള്‍ നിര്‍ദ്ദേശ പ്രകാരം
ഗായകര്‍ പാടുകയും ബാലന്‍ കളിക്കുകയും ഉണ്ടായി. തലയില്‍ ഉറച്ച കിരീടവുമായി, തന്റെ ഗുരുനാഥന്‍ ചൊല്ലിയാടിച്ച പദങ്ങള്‍ എല്ലാം ആ തിരുനടയില്‍ അവന്‍ കളിച്ചു, മതിയാവോളം .
ശ്രീവല്ലഭന്റെ മുന്‍പില്‍ ഇത്രയും സന്തോഷത്തോടെയും താല്‍പ്പര്യത്തോടെയും സംതൃപ്തിയോടെയും കളിച്ച ഒരു വേഷക്കാരന്‍ ഉണ്ടാകുമോ എന്ന് സംശയമാണ്.
അത്യന്തം രസകരമായ സംഭവം അംബുജാക്ഷൻ ചേട്ടൻ പതിവു പോലെ തന്മയത്വത്തോടെ വിവരിച്ചിരിക്കുന്നു.
മറുപടിഇല്ലാതാക്കൂസംഭവം പതിവുപോലെ രസകരമായി എഴുതിയിരിയ്ക്കുന്നു. യുവജനോൽസവക്കുട്ടികളിൽ ഇത്തരം വികാരങ്ങളുണ്ടാകുന്നതും അതിത്രകാലം കഴിഞ്ഞും ഓർമ്മിക്കപ്പെടുന്നതും അത്ഭുതം തന്നെ. അംബുചേട്ടന് ആശംസകൾ.
മറുപടിഇല്ലാതാക്കൂനല്ല വിവരണം. കലാരംഗത്തെ ഇത്തരം അനുഭവങ്ങള്‍ ക്രോഡീകരിച്ചാല്‍ അതൊരു വിലപ്പെട്ട സാഹിത്യ സൃഷ്ടിയാകും. ഇതേപോലെ ചിരിക്കാനും വിസ്മയംകൊള്ളാനും ഉതകുന്ന എത്രയോ കഥകള്‍ കേട്ടിരിക്കുന്നു. ഒന്നു ശ്രമിച്ചാല്‍ അംബുജന്‍ ചേട്ടന് ഇക്കാര്യത്തില്‍ മുന്നേറാന്‍ കഴിയും.
മറുപടിഇല്ലാതാക്കൂഎന്റെ ഇളകിയാട്ടം ബ്ലോഗ് വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ ശ്രീ.കപ്ലിങ്ങാട്,ശ്രീ. വികടശിരോമണി, ശ്രീ. ഖാദര്‍, പറ്റേപ്പാടം എന്നിവര്‍ക്ക് നന്ദി.
മറുപടിഇല്ലാതാക്കൂഈ ബ്ലോഗ് കഥയിലെ കഥകളി അഭ്യസിച്ച ബാലന്റെ തിരുവല്ലയില്‍ നടന്ന ഈ സംഭവത്തിനു ശേഷമുള്ള കുറെകാലത്തെ രസകരമായ കഥകളി ജീവിതത്തില്‍ ഒരു പ്രധാന പങ്കാളിയാകേണ്ട സാഹചര്യം എന്റെ പിതാവിന് ഉണ്ടായതു കാരണം എനിക്ക് ഈ കഥകള്‍ പലരോടും, പലപ്പോഴും പങ്കുവെയ്ക്കേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ ഇത്തരം കഥകള്‍ മനസ്സില്‍ നിന്നും മായാതെ നിലനില്‍ക്കുന്നു. എന്റെ ഇളകിയാട്ടം എന്ന ബ്ലോഗില്‍ കൂടി പല രസകരമായ അനുഭവങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട്.
അംബുജാക്ഷന്‍ സര്‍, വളരെ നന്നായിരിക്കുന്നു. ഇത്തരം കുറിപ്പുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട അംബുജാക്ഷൻ ചേട്ടാ...............ഇളകിയാട്ടം ബ്ലോഗ് കുറച്ച് ദിവസങ്ങൾക്കു ശേഷം ‘സടകുടഞ്ഞ്’ എഴുന്നേറ്റതിൽ വളരെ സന്തോഷം തോന്നുന്നു. പല സന്ദർഭങ്ങളിലും നാം തമ്മിൽ കാണുമ്പോൾ പല കഥകളും പറഞ്ഞ് രസിക്കുന്ന കൂട്ടത്തിൽ ഈ കഥയും എന്നോട് പറഞ്ഞിട്ടുണ്ടല്ലോ..........ഹ ഹ ഹ. ബ്ലോഗ് വായിക്കുമ്പോഴും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ പറഞ്ഞ ഭാഷയിൽ (സ്ലാങ്ങിൽ) എന്റെ മനസ്സിൽ പൊങ്ങി വരാറുണ്ട്. “തന്റെ മനസ്സിനു ശരി“ എന്ന് തോന്നാത്ത ഒരു കാര്യങ്ങളും ചെല്ലപ്പൻപിള്ള ചേട്ടൻ ചെയ്തതായി ചരിത്രം ഇല്ല തന്നെ. തനിക്കു തോന്നുന്നത് കൃത്യമായും ചെയ്യുകയും ചെയ്യും..............കൂട്ടുവേഷക്കാരൻ ഏതു കൊലകൊമ്പനായാലും............! വീണ്ടും എഴുതൂ..........നന്ദി. നമസ്കാരം.
മറുപടിഇല്ലാതാക്കൂKALAKKI KADUVARUTHU!
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷവും കാര്യങ്ങള്‍ കൃത്യമായി ഓര്‍ത്തുവെയ്ക്കുവാന്‍ കഴിയുന്നത് വലിയ കാര്യം തന്നെ. ഒപ്പം അതിനെ രസകരമായി അവതരിപ്പിച്ചിരിക്കുന്നതും അഭിനന്ദാര്‍ഹം തന്നെ
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട അമ്പുജാക്ഷന്‍ നായര്‍, ബ്ലോഗ് വളരെ നന്നായി. ശ്രീവല്ലഭന്റെ സന്നിധിയിലെ വിശേഷങ്ങള്‍ കൌതുകകരം തന്നെ. ഞാന്‍ ഇന്നെലെയും വല്ല്യമ്പലത്തില്‍ സന്താനഗോപാലം കഥകളി കണ്ടു. മടവൂര്‍ വാസുദേവന്‍ നായരുടെ ബ്രാഹ്മണനും ഇഞ്ച്ക്കാട്ടു രാമചന്ദ്രന്‍ പിള്ളയുടെ അര്‍ജുനനും. കോട്ടക്കല്‍ മധുവിന്റെ പാട്ട് പ്രതീക്ഷിച്ചു. വന്നില്ല.
മറുപടിഇല്ലാതാക്കൂഇനിയും തുടര്‍ച്ചയായി എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു
പ്രിയപ്പെട്ട അമ്പുച്ചേട്ടാ,
മറുപടിഇല്ലാതാക്കൂരസകരമായ സംഭവം, വളരെ നല്ല അവതരണം.
ശ്രീ. മണി, ശ്രീ. ഉണ്ണികൃഷ്ണന്‍, ശ്രീ. വൈദ്യനാഥന്‍, ശ്രീ. സുരേശന്‍ , ശ്രീ. മോഹന്‍ദാസ് , ശ്രീ. ദേവദാസ് വേമ്പനാട് : അഭിപ്രായം എഴുതിയതിനു നന്ദി.
മറുപടിഇല്ലാതാക്കൂഫേസ് ബുക്കില്‍ എഴുതിയ ചിലരുടെ അഭിപ്രായം കൂടി ഇവിടെ ചേര്‍ക്കുന്നു.
Padmini Narayanan 11:16am May 20
വളരെ ഇഷ്ടപ്പെട്ടു. താങ്കളുടെ ഈ വിവരണങ്ങള്‍ ഒക്കെ ഒരുമിച്ചു ഒന്ന് പ്രസിദ്ധീകരിക്കാന്‍ ഞാന്‍ ആവശ്യപെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി.. ഞാന്‍ മാത്രമല്ല നിരവധി കലി പ്രേമികള്‍ . ഇനിയും സരസമായ ഇത്തരം അനുഭവ കുറിപ്പുക പ്രതീക്ഷിക്കുന്നു . മാത്രമല്ല വാക്കുകളുടെ കസര്‍ത്ത് ഇല്ലാതെ സരസമായ ശൈലിയും . ആ കുട്ടിയുടെ അന്നത്തെ ആഹാര്യത്തില്‍ പാര്‍ഷധി മമ സഖി എന്ന രംഗം ചിരിക്കും വക നല്‍കുന്നു .
Vinod Kumar
Vinod Kumar 6:53pm May 20
sir............njan chennithala asante randu veshangal kandittundu. onnam divasam nalanum,kachanum.kollathuvachanu kandathu. randum ippozhum manasil niranju nilkkunnu.othukkamaanu addehathinte ettavum valiya gunam.vesham orungunnathilum, abhinathilum ellam. palarudeyum pachaveshangal kandittundenkilum aasante orikkalum marakkan sadhikkilla. addehathepolullavar innu rangathundayirunnuvenkil vythysthathayulla pacha veshangal undayene.........
"ചിത്രമാഹോ നമുക്കൊരു ഭാഗ്യം ഉണ്ടായതും" (ഇത് വായിക്കാന്‍ ). ഇതുപോലുള്ള രസകരമായ സംഭവങ്ങള്‍ പങ്കുവയ്ക്കാന്‍ അമ്പു ചേട്ടന് ഇനിയും കഴിയട്ടെ.
മറുപടിഇല്ലാതാക്കൂ