പേജുകള്‍‌

2012, ഏപ്രിൽ 30, തിങ്കളാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും - 4 (അഭിമാനത്തോടെ ആശാൻ

മാവേലിക്കരയ്ക്ക്  കിഴക്ക്   കൊച്ചാലുംമൂട് എന്ന സ്ഥലത്ത്   ശ്രീ. രാഘവന്‍പിള്ള  ഒരു കഥകളി ആസ്വാദകന്‍  ഉണ്ടായിരുന്നു. കറുത്ത നിറം, ആറടി നീളം, ഒത്തവണ്ണം,  കപ്പടാമീശ, കഷണ്ടി എന്നിവയാണ് അദ്ദേഹത്തിന്‍റെ ലക്ഷണം.  മാവേലിക്കര - തിരുവല്ല റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബ്ളൂസ്റ്റാര്‍ എന്ന ബസ്സിലെ ചെക്കിംഗ് ഇന്‍സ്പെക്റ്ററായി അദ്ദേഹം കുറച്ചു കാലം ജോലി ചെയ്തിരുന്നു. പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍, ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി , ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കുന്ന കഥകളി  സമീപപ്രദേശത്തു എവിടെയെങ്കിലും ഉണ്ടെന്നു അറിഞ്ഞാല്‍ അവിടെ ശ്രീ. രാഘവന്‍ പിള്ള എത്തുകയും അണിയറയില്‍ ഈ  കലാകാരന്മാരുമായി നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും  ചെയ്യും.  കൃഷ്ണന്‍ നായര്‍ ആശാനും, മാങ്കുളവും ഒന്നിക്കുന്ന സീതാസ്വയംവരം, സുഭദ്രാഹരണം എന്നിവയും  കൃഷ്ണന്‍ നായര്‍ ആശാനും  കുടമാളൂര്‍ ആശാനും ഒന്നിക്കുന്ന നളചരിതം -4 , മണ്ണാനും മണ്ണാത്തിയും  എന്നിവ  ഇദ്ദേഹത്തിനു വളരെ ഹരമായിരുന്നു.  അരങ്ങത്തു വേഷക്കാര്‍ രസകരമായ ഇളകിയാട്ടം  ചെയ്യുമ്പോള്‍ അദ്ദേഹത്തിനു  രസിച്ചാല്‍ പരിസരം മറന്നു  ഉച്ചത്തില്‍  ചിരിക്കുകയും മറ്റും ചെയ്യുമായിരുന്നു. കഥകളി കണ്ടിട്ട് കലാകാരന്മാരോട് അവര്‍ ചെയ്ത വേഷത്തെ പറ്റിയുള്ള  തന്റെ അഭിപ്രായം പറയുന്നതിനു ഒരു മടിയും അദ്ദേഹം കാട്ടിയിരുന്നില്ല.


              കഥകളി ആസ്വാദകന്‍ ശ്രീ. രാഘവന്‍ പിള്ള ചേട്ടന്‍  ശ്രീ. ചെന്നിത്തല 
               ആശാനെ ആദരിക്കുന്നു. സമീപം ശ്രീ. വാരണാസി മാധവന്‍ നമ്പൂതിരി.
                

പന്തളത്തിന് കിഴക്ക് തട്ടയില്‍ ഒരിപ്പുറം ക്ഷേത്രത്തില്‍ എല്ലാ മീനമാസത്തിലെ ഭരണിക്ക് കഥകളി പതിവാണ്. സുമാര്‍ മുപ്പത്തി അഞ്ചു  വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ നടന്ന ഒരു കളിക്ക്  നളചരിതം മൂന്നാം ദിവസവും കീചകവധവും ആയിരുന്നു അവതരിപ്പിച്ച കഥകള്‍. അന്ന് ബാഹുക വേഷത്തിന് ക്ഷണിക്കപ്പെട്ടിരുന്നത്  ശ്രീ.  കൃഷ്ണന്‍ നായര്‍ ആശാനെയാണ്.

 കാര്‍ക്കോടകനുമായി പിരിഞ്ഞ ശേഷം ബാഹുകന്‍  വനത്തിലൂടെ യാത്ര തുടര്‍ന്നു. വനകാഴ്ചയില്‍  പുല്ലുമേയുന്ന   ഒരു പേടമാനിനെ ബാഹുകന്‍ കണ്ടു. വനത്തില്‍  ശത്രുക്കള്‍ ധാരാളം  ഉണ്ടെന്ന കാരണം കൊണ്ട് ഒരു ചെറിയ ശബ്ദം ഉണ്ടായാല്‍ പോലും മാന്‍ ഭയത്താല്‍  നടുങ്ങുകയും ചുറ്റും പകച്ചുകൊണ്ട്, ചെവി കൂര്‍പ്പിക്കുന്നതും  ബാഹുകന്‍ കണ്ടു. അല്‍പ്പം അകലെ മാനിനെ ശ്രദ്ധിച്ചു കൊണ്ട് ഒരു സിംഹം ശബ്ദം ഉണ്ടാക്കാതെ പതുക്കെ പതുക്കെ സമീപിക്കുന്നു. വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്കിടയില്‍ പലമുറ ഇരുന്നും പിന്നീട് സാവധാനം നീങ്ങി മാനിനോട് അടുക്കുവാന്‍ സിംഹം ശ്രമിക്കുന്നു. സിംഹം മാനിനെ തുറിച്ചു നോക്കികൊണ്ട്  ഇടയ്ക്കിടെ ചുണ്ട് നനയ്ക്കുന്നുമുണ്ട്. മാനിന്റെ ശരീരത്തില്‍ തന്നെ ശ്രദ്ധ വെച്ചുകൊണ്ട് സാവധാനം മുന്നോട്ടു നീങ്ങിയ സിംഹം കാലെടുത്തു വെച്ചത് ഒരു ചുള്ളിക്കൊമ്പിലാണ്. ചുള്ളിക്കൊമ്പ് ഒടിഞ്ഞ നേരിയ ശബ്ദം കേട്ട് മാന്‍ ഞെട്ടി, ശബ്ദം  ഉണ്ടായ ഭാഗത്തേക്ക് നോക്കിയപ്പോള്‍ തന്നെ സമീപിക്കുന്ന ക്കുന്ന സിംഹത്തെയാണ് കണ്ടത്. പിന്നെ ഒട്ടും അമാന്തിച്ചില്ല മാന്‍ വേഗത്തില്‍ ചാടി ചാടി ഓടുവാന്‍ തുടങ്ങി . സിംഹം അല്‍പ്പദൂരം മാനിന്റെ പിന്നാലെ ഓടി. എന്നാല്‍ മാന്‍ വളരെ വേഗം ചാടി ഓടി മറയുന്നത്‌   കണ്ട്  ഓട്ടം നിര്‍ത്തി മാന്‍ പോയ ഭാഗത്തേക്ക് നോക്കി നിന്ന ശേഷം വിഷണ്ണനായി മടങ്ങി.

                             
                                 ബാഹുകന്‍: ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ 

കൃഷ്ണന്‍ നായര്‍ ആശാന്‍  "ആരും തുണയില്ലാത്തവര്‍ക്ക് ദൈവം തുണ ചെയ്യും" എന്ന ആശയം ഉള്‍ക്കൊണ്ടു കൊണ്ട് വിസ്തരിച്ചു കാണിച്ച ഈ ഇളകിയാട്ടം ശ്രദ്ധിച്ചു കൊണ്ട്  അരങ്ങിനു വളരെ മുന്‍പില്‍   ശ്രീ. രാഘവന്‍ പിള്ളയും ഉണ്ടായിരുന്നു

മാംസക്കൊതി പൂണ്ടു സിംഹം മാനിനെ സമീപിക്കുകയും സിംഹത്തിന്റെ കാല്‍ ചുള്ളിക്കൊമ്പില്‍ പെട്ട ശബ്ദം കേട്ട്   മാന്‍ ചാടി ഓടി മറയുന്നതും സിംഹം അല്‍പ്പദൂരം ഓടിയ ശേഷം വിഷണ്ണനായി മടങ്ങി എന്ന് ആശാന്‍ കാണിച്ച ഉടന്‍ അരങ്ങിനു മുന്‍പില്‍ ഇരുന്ന ശ്രീ. രാഘവന്‍ പിള്ള പെട്ടെന്ന് ചാടി എഴുനേറ്റു ആശാന്റെ മുഖത്തേക്ക് നോക്കി കൈകുത്തി എന്തോ കാണിച്ചു കൊണ്ട്  എഴുനേറ്റു പോയി. തന്റെ ഒരു പ്രിയപ്പെട്ട ആസ്വാദകന്‍ തന്റെ അരങ്ങിലേക്ക് കൈകുത്തി കാട്ടിയിട്ട്  അരങ്ങിനു മുന്‍പില്‍ നിന്നും എഴുനേറ്റു പോകുന്നത് കണ്ടപ്പോള്‍ ആശാന് വളരെ വിഷമം തോന്നി. തനിക്കു എന്തെങ്കിലും പിശക് സംഭവിച്ചോ എന്ന സംശയം ആശാനെ വല്ലാതെ  അലട്ടി. തുടര്‍ന്നുള്ള ബാഹുകന്റെ രംഗങ്ങള്‍ക്ക് മുന്‍പില്‍ പ്രസ്തുത ആസ്വാദകന്‍ ഉണ്ടായിരുന്നു എങ്കിലും   തനിക്കു ഉണ്ടായ സംശയം ആസ്വാദകനെ കണ്ടു ചോദിച്ചു അറിയണം എന്ന് ആശാന്‍ ഉറപ്പിച്ചു.  വേഷം അഴിച്ച ശേഷം അരങ്ങിനു മുന്‍പിലും പരിസരങ്ങളിലും ആശാന്‍ ആസ്വാദകനെ  തേടി. ഒടുവില്‍ ക്ഷേത്ര പരിസരത്തുള്ള ചായക്കടയില്‍ ചായകുടിച്ചു കൊണ്ടിരുന്ന തന്റെ ആസ്വാദകനെ കണ്ട് കടയിലേക്ക്  ചെന്നു.  ആശാന്‍ കടയുടെ സമീപത്തേക്ക് വരുന്നത് കണ്ടപ്പോള്‍ രാഘവന്‍ പിള്ള ഒരു ചായ ഓര്‍ഡര്‍ ചെയ്ത് വാങ്ങി ആശാനു  നല്‍കി.  ചായ സ്വീകരിച്ചു കൊണ്ട് ആശാന്‍ തന്റെ സംശയം അദ്ദേഹത്തിനോട് ചോദിച്ചു? അരങ്ങിലേക്ക് നോക്കി കൈകുത്തി കാട്ടുവാന്‍ ഞാന്‍ എന്ത് തെറ്റാണ് എന്റെ ഭാഗത്ത് നിന്നും സംഭവിച്ചത്? അപ്പോഴേക്കും ഒരു ചില ആസ്വാദകര്‍ ഇരുവര്‍ക്കു ചുറ്റും കൂടിയിരുന്നു. ആശാന്റെ ചോദ്യം കേട്ടപ്പോള്‍ "ആ മാനിനെ പിടിക്കുവാന്‍ കഴിയാതെ പോയ സിംഹത്തെയാണ് ഞാന്‍ " പോയി കടിക്കട്ടെ " എന്ന് കൈകൊണ്ടു കാണിച്ചത് എന്ന് അദ്ദേഹം  മറുപടി പറയുന്നതു കേട്ടപ്പോള്‍  ചുറ്റും കൂടിയിരുന്നവര്‍ പൊട്ടിച്ചിരിച്ചു.  ആശാനും സന്തോഷത്തോടെ പുഞ്ചിരിച്ചു.

തന്റെ അരങ്ങിനു മുന്‍പില്‍ ഇരുന്ന ഒരു ആസ്വാദകന്റെ മനസ്സില്‍, തന്റെ അരങ്ങു പ്രവര്‍ത്തിയിലൂടെ ഒരു മാനിനേയും സിംഹത്തെയും ചിത്രീകരിച്ചു പരിസരം മറന്നുപോകും വിധത്തിലുള്ള  ഒരു അനുഭവം സൃഷ്ടിക്കുവാന്‍ സാധിച്ചതിലുള്ള അഭിമാനത്തോടെയാണ്   ആശാന്‍ അണിയറയിലേക്ക് മടങ്ങിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ