പേജുകള്‍‌

2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -3 (വെളുത്ത നളനും ബാഹുകനും)

കഥകളിയില്‍ പദാട്ടത്തിനു ശേഷം അവതരിപ്പിക്കുന്ന രംഗത്തിന്റെ പൂര്‍ണ്ണതയ്ക്കായി നടന്മാര്‍ ചെയ്യുന്ന ആട്ടത്തിനാണ് ഇളകിയാട്ടം എന്ന് പറയുന്നത്. കഥയിലെ ശ്ലോകങ്ങളിലോ പദങ്ങളിലോ ഉള്‍ക്കൊള്ളുന്നതോ  കഥയുമായോ കഥയിലെ കഥാപാത്രങ്ങളുമായോ  കഥാസന്ദര്‍ഭങ്ങളുമായി ബന്ധമുള്ളതോ,  രംഗ സന്ദര്‍ഭങ്ങള്‍ക്ക് ഇണങ്ങുന്നതോ ആയ  വിഷയങ്ങള്‍   അവതരിപ്പിച്ചു ഫലിപ്പിച്ചു രംഗ പൂര്‍ണ്ണത വരുത്തുക എന്നതാണ്  ഇളകിയാട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്. നളചരിതം മൂന്നാം ദിവസത്തില്‍ കാര്‍ക്കോടക ദംശനത്തിന് മുന്‍പുള്ള   നളന്റെ മാനസീകാവസ്ഥയും  കാര്‍ക്കോടക ദംശനത്തിന് ശേഷമുള്ള മാനസീകാവസ്ഥയും വനകാഴ്ചകളിലൂടെ നടന്‍ രംഗത്ത്‌ അവതരിപ്പിക്കുന്നു. പ്രിയപത്നിയായ  ദമയന്തിയെ ഘോരവനത്തില്‍ ഉപേക്ഷിച്ച  കുറ്റബോധമാണ് വെളുത്ത നളന്‍ രംഗത്ത്‌ അവതരിപ്പിക്കുക. ഭാവിയില്‍  ദമയന്തിയുമായി ഒന്നിച്ചു ജീവിക്കാനാവും എന്ന ഒരു പ്രതീക്ഷ വെളുത്ത നളനില്‍ ഇല്ല. എന്നാല്‍ കാര്‍ക്കോടകനുമായുള്ള സംവാദത്തില്‍   ബാഹുകന്  ഒരു ശുഭ പ്രതീക്ഷ ലഭിക്കുന്നുണ്ട്. " മുന്നേപ്പോലെ  മന്ദിരത്തില്‍ ചെന്നു വാണുകൊള്ളുവാനും എന്നിയേ അറിയാമെന്നാകില്‍ ചൊല്ലേണമെല്ലാം" എന്നുള്ള ബാഹുകന്റെ പദത്തിനു  "ചിന്തിതമചിരാല്‍ വരുമേ നിനക്കൊരന്തരമില്ല നൃപതേ" എന്ന കാര്‍ക്കോടകന്റെ മറുപടിപ്പദം ഈ ശുഭ പ്രതീക്ഷയ്ക്ക് വഴി ഒരുക്കുകയാണ്. അതുകൊണ്ട് ബാഹുകന്‍  ശുഭകരമായി അവസാനിക്കുന്ന  വനകാഴ്ചയാണ് അവതരിപ്പിച്ചു ഫലിപ്പിക്കുക. 

ഒരു കൊമ്പനാന തന്റെ ഇണയായ  ഒരു പിടിയാന കാട്ടുതീയില്‍പെട്ടപ്പോള്‍ അതിനെ രക്ഷിക്കുന്ന കാഴ്ചയാണ്   ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്‍ വെളുത്ത നളനായി ഒരു അരങ്ങില്‍ അവതരിപ്പിച്ചു  കണ്ടത്.   ആപത്തില്‍പെട്ട ഇണയെ രക്ഷിക്കുന്ന മൃഗധര്‍മ്മം കണ്ട നളന്‍  തന്റെ  പ്രിയപത്നിയെ ഘോരവനത്തില്‍ രാത്രിയില്‍ ഉപേക്ഷിച്ചു വന്ന കുറ്റ ബോധം നിറഞ്ഞ മനസീകാവസ്ഥയാണ് അദ്ദേഹം  രംഗത്തു പ്രകടമാക്കിയത്. 

ഒരു മരത്തിന്റെ കൊമ്പില്‍ രണ്ടു  ഇണക്കിളികള്‍. അവയില്‍ ഒന്നിനെ ലക്ഷ്യമാക്കി അമ്പ്‌എയ്യാന്‍ ശ്രമിക്കുന്ന ഒരു വേടന്‍. അപ്പോള്‍ മരത്തിന്റെ പൊന്തില്‍ നിന്നും വെളിയില്‍ വന്ന ഒരു സര്‍പ്പം വേടന്റെ കാലില്‍ കൊത്തുകയും തുടര്‍ന്ന് വേടന് ലക്ഷ്യം തെറ്റുകയും, അമ്പ്‌ മരത്തിന്റെ ഇലകളില്‍ പെട്ട ശബ്ദം   കേട്ട് ഇണക്കിളികള്‍ പറന്നു പോകുകയും  വേടന്‍ പാമ്പു കടിയാല്‍ മരിച്ചു  വീഴുകയും ചെയ്യുന്ന കാഴ്ചകണ്ട് ഇതുപോലൊരു സര്‍പ്പം ഞങ്ങളുടെ ( നളന്റെയും ദമയന്തിയുടെയും)  ജീവിതത്തില്‍ വന്നു ഞങ്ങളെ രക്ഷിക്കുമോ എന്നുള്ള ചിന്തയോടെ  ചില നടന്മാര്‍  വെളുത്ത നളനെ   അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. അടുത്ത രംഗത്തില്‍ നളന് സഹായിയായി സര്‍പ്പരാജനായ കാര്‍ക്കോടകന്‍ എത്തുന്നതിന്റെ സൂചനയെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള അവതരണമാണ് ഇവിടെ പ്രകടമാകുന്നത്.

കാര്‍ക്കോടകനില്‍ നിന്നും ശുഭപ്രതീക്ഷയുടെ സൂചന ലഭിക്കുന്ന ബാഹുകന്‍   എല്ലാ കഷ്ടതകളും മാറി ശുഭകരമായി പര്യവസാനിക്കുന്ന കാഴ്ചകളാണ് കാണുക.  ശ്രീ. കലാമണ്ഡലം ഗോപി ആശാന്‍ ബാഹുകനായി വരുമ്പോള്‍ "മാന്‍പ്രസവമാണ്" അവതരിപ്പിക്കുന്നത്.  ആരും തുണയില്ലാതെ കഷ്ടം അനുഭവിക്കുന്നവര്‍ക്ക് ഈശ്വരന്‍ തുണ ചെയ്യും എന്ന ആശയം ആണ് ഈ ആട്ടത്തിന്റെ ഉദ്ദേശം.  പ്രസവസമയമടുത്ത നിലയില്‍ ഗര്‍ഭിണിയായ ഒരു  മാനിനെ  ലക്ഷ്യമാക്കി അമ്പ്‌ എയ്യാന്‍ ശ്രമിക്കുന്ന ഒരു വേടന്‍, ഒരുഭാഗത്ത്  ക്രൂരനായ ഒരു സിംഹം, മറ്റൊരു ഭാഗത്ത് കാട്ടുതീ മറുഭാഗം പുഴ എന്നിങ്ങനെ മാനിനു രക്ഷ പെടുവാന്‍ ഒരു മാര്‍ഗ്ഗവുമില്ലാത്ത അവസ്ഥയില്‍ ഈശ്വര കൃപയാല്‍ പെട്ടെന്ന് ഉണ്ടായ മിന്നലേറ്റ് വേടന്‍ മരിച്ചു വീഴുകയും, വേടന്‍ കുലച്ച അമ്പ്  ലക്ഷ്യം തെറ്റി സിംഹത്തിന്റെമേല്‍  തറയ്ക്കുകയും  സിംഹം മരിച്ചു വീഴുകയും (മിന്നലിനെയും ഇടിയെയും തുടര്‍ന്ന് ) മഴപെയ്തു കാട്ടുതീ അണയുകയും ചെയ്യുന്നു. മാന്‍ സുഖപ്രസവം കഴിഞ്ഞു   കുട്ടികളുമായി നടന്നു നീങ്ങുന്ന കാഴ്ചയാണ്  മാന്‍പ്രസവം എന്ന പേരില്‍ അവതരിപ്പിക്കുന്നത്‌. രക്ഷപെടുവാന്‍ ഒരു പഴുതും ഇല്ലാത്ത അവസ്ഥയിലുള്ള മാനിനു ഈശ്വരന്‍ തുണ ചെയ്തു.  മാനിനു ആപത്തുകള്‍ ഒഴിഞ്ഞു സുഖ പ്രസവം ഉണ്ടായി അതിന്റെ കുട്ടികളുമായി സന്തോഷത്തോടു നടന്നു നീങ്ങിയതു പോലെ തന്റെ ജീവിതത്തില്‍ സംഭവിച്ച വിപത്തുക്കള്‍ എല്ലാം നീങ്ങി വീണ്ടും ദമയന്തിയുമൊത്തു കൊട്ടാരത്തില്‍ ജീവിക്കുവാന്‍ ഈശ്വരന്‍ വഴിയൊരുക്കും എന്നൊരു  ശുഭപ്രതീക്ഷ ബാഹുകന് ഉണ്ടാകുന്നു എന്നതാണ് ഈ ആട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരു അരങ്ങില്‍ എത്തുന്ന  വെളുത്ത നളനും ബാഹുകനും  വേടനെ ഉള്‍പ്പെടുത്തിക്കൊണ്ട്   ഒരേ പോലുള്ള വനകാഴ്ചകള്‍ അവതരിപ്പിക്കുന്ന രീതി ഉണ്ടാകാറുണ്ട്.  അപ്പോള്‍ ഒരു ആവര്‍ത്തന വിരസത  ആസ്വാദകര്‍ക്കിടയില്‍  ഉണ്ടാകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. വെളുത്ത നളനായും ബാഹുകനായും ഒരു അരങ്ങില്‍ എത്തുന്ന കലാകാരന്മാര്‍ക്കിടയില്‍ ഒരു ധാരണ ഉണ്ടായാല്‍ ഈ ആവര്‍ത്തന വിരസത ഒഴിവാക്കാം എന്ന അഭിപ്രായം പരക്കെ ഉയര്‍ന്നിരുന്ന കാലം സ്മരണീയമാണ്.  ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ വെളുത്ത നളനും ശ്രീ.കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ ബാഹുകനും ഉണ്ടായിട്ടുള്ള അരങ്ങുകളില്‍ ഒരേ പോലുള്ള വനകാഴ്ചകള്‍ അവതരിപ്പിക്കുമ്പോള്‍  അല്‍പ്പം പോലും ആവര്‍ത്തന വിരസത ഉണ്ടാകാതെ ഇതില്‍ ഏതു കൂടുതല്‍ ആകര്‍ഷകമായി എന്ന് വിലയിരുത്തുന്ന ആസ്വാദക സമൂഹവും ഉണ്ടായിരുന്നു എന്ന് അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്.  

ദക്ഷിണ കേരളത്തില്‍ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ എന്നിവരുടെ ബാഹുകന്‍ ഉണ്ടാകുമ്പോള്‍ വെളുത്ത നളന്‍ ചെയ്യുവാനുള്ള കൂടുതല്‍ അവസരം ശ്രീ. ചെന്നിത്തല ആശാന് ലഭിച്ചിരുന്നു. വനത്തില്‍ വിശ്രമിക്കുന്ന ഒരു കലമാനെയും ഒരു പേടമാനെയും വെളുത്ത നളന്‍ കാണുന്നു. കലമാന്‍ തന്റെ വളഞ്ഞു പുളഞ്ഞു നില്‍ക്കുന്ന കൊമ്പുകൊണ്ട് പേടമാന്റെ കണ്‍പുരികം ചൊറിഞ്ഞു കൊടുക്കുന്നു. അപ്പോള്‍ കലമാനിനു പേടമാന്റെ കണ്ണോ പുരികമോ കാണുവാന്‍ സാധിക്കുന്നില്ല.  അല്‍പ്പം ശ്രദ്ധ തെറ്റികലമാന്റെ കൊമ്പു കൊണ്ടാല്‍ നഷ്ടപ്പെടുന്നത് തന്റെ കണ്ണാണ് എന്ന് അറിഞ്ഞും  പേടമാന്‍ തന്റെ ഇണയെ വിശ്വസിച്ചു ചലിക്കാതെ കിടക്കുന്ന കാഴ്ച വെളുത്ത നളന്‍ കാണുന്നു. "ഒരു മൃഗം  തന്റെ ഇണയ്ക്ക് നല്‍കുന്ന വിശ്വാസം പോലും  തന്റെ പ്രിയതമയ്ക്ക് നല്‍കുവാന്‍ തനിക്കു സാധിച്ചില്ലല്ലോ എന്നും  താന്‍ ആപത്തു നിറഞ്ഞ കൊടുംകാട്ടില്‍  തന്റെ പ്രിയതമയെ ദയാലേശം  ഉപേക്ഷിച്ചു വന്നതിലുള്ള പാശ്ചാത്താപവുമാണ് ചെന്നിത്തല ആശാന്‍ അവതരിപ്പിച്ചു വന്നിരുന്നത്.

എല്ലാ അരങ്ങുകളിലും ഒരേ വനകാഴ്ച എന്ന രീതി ശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്‍ സ്വീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കൃഷ്ണന്‍ നായര്‍ ആശാന്റെ ബാഹുകനും ചെന്നിത്തല ആശാന്റെ വെളുത്ത നളനും ഉണ്ടാകുമ്പോള്‍ അണിയറയില്‍ വെച്ച്  കൃഷ്ണന്‍ നായര്‍ ആശാനോട് എന്താണ്  ഇന്നത്തെ വനകാഴ്ചയില്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുന്ന സ്വഭാവം ചെന്നിത്തല ആശാന് ഉണ്ടായിരുന്നു. എന്നാല്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ ഒരിക്കലും എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പറയുന്ന അനുഭവം ഉണ്ടായിട്ടില്ല . എന്നാല്‍ താങ്കള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്  ചെന്നിത്തല ആശാനോട് തിരിച്ചു ചോദിക്കുകയും അതില്‍ നിന്നും  വ്യത്യാസമായി  അവതരിപ്പിക്കുക  എന്ന രീതി കൃഷ്ണന്‍ നായര്‍ ആശാന്‍ സ്വീകരിച്ചിരുന്നു . ശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്‍ ഒരു അരങ്ങില്‍ ബാഹുകനായി അവതരിപ്പിച്ച വനകാഴ്ചയും തുടര്‍ന്നുണ്ടായ ഒരു ആസ്വാദകന്റെ പ്രതികരണവും എന്റെ അടുത്ത ബ്ലോഗ്‌ പോസ്റ്റില്‍ കൂടി വായനക്കാര്‍ക്ക്   സമര്‍പ്പിക്കുന്നതാണ്. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ