1970- 80 കാലഘട്ടത്തില്‍ മാവേലിക്കരയ്ക്ക് സമീപമുള്ള ചെറുകോല്‍ ശ്രീ. ശുഭാനന്ദാശ്രമത്തില്‍ കഥകളി പതിവായി നടന്നിരുന്നു. പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ അവിടെ നടക്കുന്ന കളിക്ക് പതിവുകാരന്‍ ആയിരുന്നതിനാല്‍ ആ ഭാഗത്തുള്ള കഥകളി സ്നേഹികള്‍ക്ക് ആശാന്‍ വളരെ സുപരിചിതന്‍ ആയിരുന്നു. ഒരു കളിക്ക് അവിടെ നളചരിതം ഒന്നാം ദിവസവും കീചകവധവുമായിരുന്നു നിശ്ചയിച്ചിരുന്ന കഥകള്‍. ആശാന്റെ ഒന്നാം ദിവസത്തെ നളന്‍ , ചെന്നിത്തല ആശാന്റെ ഹംസവും വലലനും, ഹരിപ്പാട്ട് ആശാന്റെ കീചകന്‍ എന്നിങ്ങിനെ പ്രധാന വേഷങ്ങള്‍. കളി ദിവസം വൈകിട്ട് ആശ്രമത്തിലെ കഥകളി "വധത്തില്‍" അവസാനിപ്പിക്കുന്നതിനോട് ആശ്രമവാസികളില്‍ ചിലര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും വിവരം സ്വാമിജിയുടെ ശ്രദ്ധയില്‍ എത്തിയപ്പോള്‍ കിരാതം കഥ നടത്തി കഥകളി അവസാനിപ്പിക്കണം എന്ന് സ്വാമിജിയുടെ നിര്‍ദ്ദേശം ഉണ്ടായി. ഈ വിവരം കഥകളിയുടെ ചുമതലക്കാരെ അറിയിച്ചപ്പോള്‍ ഒന്നാം ദിവസവും കീചകവധവും കഴിഞ്ഞ് കിരാതം കഥ അവതരിപ്പിക്കുന്നതിനെ പറ്റി ആലോചന നടത്തി. അപ്പോള്‍ ഒന്നാം ദിവസത്തെ ഹംസം കഴിഞ്ഞു ചെന്നിത്തല ആശാന്‍ കിരാതത്തിലെ കാട്ടാളന്‍ വേഷം കെട്ടണം എന്നായി തീരുമാനം. വലലന്‍ കെട്ടുവാന്‍ വേഷക്കാരന്‍ ഇല്ല. ഒരേ ഒരു മാര്‍ഗ്ഗം കൃഷ്ണന്‍ നായര്‍ ആശാന്‍ വലലന്‍ കെട്ടുക എന്നതാണ്. ഒരു കാലത്ത് ആശാന്‍ ഒരു കളിക്ക് രണ്ടു വേഷങ്ങള്‍ സ്ഥിരമായി ചെയ്തിരുന്നു എന്നാല്‍ പിന്നീട് ഒരു കളിക്ക് ഒരു വേഷമേ ചെയ്യൂ എന്ന നിര്‍ബ്ബന്ധം പ്രസ്തുത കാലഘട്ടത്തില്‍ ഉണ്ടായിരുന്നതിനാല്‍ ആശാനോട് ഈ വിവരം സൂചിപ്പിക്കുവാന്‍ കലാകാരന്മാരോ കഥകളിയുടെ ചുമതലക്കാരോ മുന്‍വന്നതുമില്ല. കീചകവധത്തിനു പകരം കഥ രംഭാപ്രവേശമായാല്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ കളി നടക്കും എന്ന് ചെന്നിത്തല ആശാന്‍ മുന്‍വെച്ച അഭിപ്രായം അവിടെ സ്വീകാര്യമായാതുമില്ല.
ചെറുകോല്‍, ചെന്നിത്തലയുടെ സമീപ പ്രദേശമാണ്. അതുകൊണ്ട് നാട്ടുകാരനായ ചെന്നിത്തല ആശാന് സ്ഥലത്ത് നടക്കുന്ന കഥകളി വിജയിപ്പിക്കുവാന്‍ കടമയുണ്ട് എന്നും കൃഷ്ണന്‍ നായര്‍ ആശാനേ കൊണ്ട് എങ്ങിനെയെങ്കിലും വലലവേഷം ചെയ്യിപ്പിക്കേണ്ട ചുമതല ചെന്നിത്തല ആശാനെ ഏല്‍പ്പിക്കുന്നു എന്നുമായി കളിയുടെ ചുമതലക്കാര്‍.
കൃഷ്ണന്‍ നായര്‍ ആശാന്‍ ചില സമയങ്ങളില്‍ രണ്ടു വേഷം ചെയ്യില്ല എന്ന തീരുമാനത്തില്‍ നിന്നും അയഞ്ഞു വന്നിട്ടുള്ള അനുഭവങ്ങള്‍ ചെന്നിത്തല ആശാന്‍ സ്മരിക്കുവാനും മറന്നില്ല. അത്തരം ഒരു അനുഭവം കൊല്ലം ജില്ലയിലെ കുണ്ടറ, പള്ളിമണ്‍ ക്ഷേത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ശ്രീ. കൃഷ്ണന്‍ നായര്‍ ആശാനും ശ്രീ. രാമന്‍കുട്ടി ആശാനും ഒന്നിച്ചുള്ള ഒരു സൌഗന്ധികം കഴിഞ്ഞ ശേഷം കിരാതം കഥയില്‍ കൃഷ്ണന്‍ നായര്‍ ആശാന്റെ കാട്ടാളസ്ത്രീ കാണണം എന്ന ഒരു മോഹം അവിടെയുള്ള ആസ്വാദകര്‍ക്ക് ഉണ്ടായി. ആശാന്‍ വിസമ്മതം ഒന്നും പറയാതെ രാമന്‍കുട്ടി നായര്‍ കാട്ടാളന്‍ കെട്ടിയാല്‍ ഞാന്‍ കാട്ടാളസ്ത്രീ ചെയ്തു കൊള്ളാം എന്ന് സമ്മതിക്കുക ഉണ്ടായി. ശ്രീ. രാമന്‍കുട്ടി ആശാന്‍ ഒരു കളിക്ക് ഒരു വേഷമേ ചെയ്യൂ എന്ന നിര്‍ബ്ബന്ധ സ്വഭാവം ഉള്ളതിനാല്‍ അദ്ദേഹം കാട്ടാളന്‍ ചെയ്യുവാന്‍ തയ്യാറാവുകയില്ല എന്ന വിശ്വാസത്തോടെയാണ് ഈ സമ്മതം നല്‍കിയത്. എന്നാല്‍ രാമന്‍കുട്ടി ആശാന്‍ ഒട്ടും മടി കാണിക്കാതെ കാട്ടാളന്‍ ചെയ്യാന്‍ തയ്യാറായപ്പോൾ കൃഷ്ണന്‍ നായര്‍ ആശാന്‍ കാട്ടാളസ്ത്രീ കെട്ടുകയും ചെയ്തു.
എന്റെ പരിശ്രമം വിഫലമായി കൃഷ്ണന്‍ നായര്‍ ആശാന്‍ വലലന്‍ കെട്ടാന്‍ തയ്യാറാകാതെ വന്നാല്‍ നാം എന്താണ് ചെയ്യേണ്ടത് എന്നതിനെ പറ്റി ഒരു തീരുമാനം കൂടി ഇപ്പോള്‍ ഉണ്ടാകണം എന്ന ചെന്നിത്തല ആശാന്റെ അഭിപ്രായത്തിന് ദുര്യോധനനെ വധിക്കാത്ത ദുര്യോധനവധവും , കാലകേയനെയും, ലവണാസുരനെയും, ബാണനെയും, കിർമ്മീരനെയും അരങ്ങത്തു എത്തിക്കാതെ കാലകേയവധം , ലവണാസുരവധം , ബാണയുദ്ധം, കിർമ്മീരവധം എന്നിങ്ങിനെ കഥകള്‍ നിശ്ചയിച്ചുകൊണ്ട് പ്രസ്തുത കഥകളിലെ ഭാഗങ്ങള്‍ മാത്രം അവതരിപ്പിച്ചു കഥകളി നടത്തുന്ന രീതിയെ പോലെ കീചകവധത്തിലെ വലലന്‍ ഒഴിച്ചുള്ള ഭാഗങ്ങള്‍ മാത്രം അവതരിപ്പിച്ചാൽ മതി എന്ന ഉറച്ച അഭിപ്രായം കളിയുടെ ചുമതലക്കാരില്‍ നിന്നും ഉണ്ടായപ്പോള്‍ മറ്റു മാര്‍ഗ്ഗം ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ ചുമതലക്കാരുടെ താല്‍പ്പര്യം പോലെ തന്നെ കളി നടക്കട്ടെ എന്ന് ചെന്നിത്തല ആശാനും തീരുമാനിച്ചു.
കളിയുടെ ചുമതലക്കാരില്‍ സ്വാതന്ത്ര്യമുള്ള ഒരുവനെ സമീപിച്ചു കൃഷ്ണന്‍ നായര്‍ ആശാനെ ഒന്നു സന്തോഷിപ്പിക്കണം അതിനു എവിടെ നിന്നെങ്കിലും അല്‍പ്പം സാധനം സംഘടിപ്പിക്കണം എന്നും ആശാന്‍ അത് സ്വീകരിച്ചാല്‍ വലലന്‍ ഉണ്ടാകും എന്നും ചെന്നിത്തല ആശാന്‍ പറഞ്ഞപ്പോള്‍ അതിനെന്താ ഒരു അര മണിക്കൂര്‍, അതിനുള്ളില്‍ സാധനം റെഡി എന്നു പറഞ്ഞു അദ്ദേഹം പോയി സാധനം കൊണ്ടുവന്നു ചെന്നിത്തല ആശാനേ ഏല്‍പ്പിക്കുകയും ചെയ്തു. കഥയുടെയും വേഷവിവരങ്ങളുടെയും ലിസ്റ്റില്‍ വലലന്‍ ഒഴിച്ചുള്ള എല്ലാ വേഷങ്ങള്‍ ചെയ്യുന്ന നടന്മാരുടെ പേര് എഴുതി അണിയറയില്‍ വെച്ചിട്ടുണ്ട്.
കൃഷ്ണന്‍ നായര്‍ ആശാനും മറ്റു നടന്മാരും വേഷം തീരുന്നതിന്റെ തിരക്കിലാണ്. അപ്പോള്‍ കഥകളി ഭാഗവതര്‍ ശ്രീ . തകഴി കുട്ടന്‍ പിള്ള, ചെണ്ട വിദഗ്ദന്‍ ശ്രീ. വരണാസി മാധവന്‍ നമ്പൂതിരി തുടങ്ങിയവര്‍ കീചകന്റെ വേഷം തേച്ചു കൊണ്ടിരുന്ന ഹരിപ്പാട്ടു ആശാനെ നോക്കി "ഇന്നത്തെ കീചകനു മരണം ഇല്ല" എന്ന് ഫലിതം പറയുകയും ചെയ്തിരുന്നു. ഈ ഫലിത വാക്കുകൾ കൃഷ്ണൻ നായര്‍ ആശാന്റെ കാതിലും എത്തും വിധമായിരുന്നു പ്രയോഗിച്ചിരുന്നത്.
കൃഷ്ണന്‍ നായര്‍ ആശാന്‍ നളന്‍ കഴിഞ്ഞു വേഷം അഴിച്ചിട്ടു അണിയറയിലെ ആട്ടപ്പെട്ടിയുടെ പിറകില്‍ വിശ്രമിക്കുവാന്‍ കിടന്നു. ഒന്നാം ദിവസം കളി കഴിഞ്ഞു കീചകന്‍ അരങ്ങത്തേക്ക് പോയി. ചെന്നിത്തല ആശാന്‍ ഹംസം തുടച്ചിട്ടു കാട്ടാളന്റെ വേഷത്തിന്റെ തേപ്പും മൂക്കിലെ പൂവും പിടിപ്പിച്ച ശേഷം അണിയറ കലാകാരനെ വിളിച്ചു വലലന്റെ വേഷത്തിനുള്ള എല്ലാ കളികോപ്പുകളും ഒരുക്കി വെയ്ക്കുവാന്‍ പറഞ്ഞിട്ട് ബാഗ് തുറന്നു ആശാനേ സല്ക്കരിപ്പിക്കുവാന്‍ കരുതിയിരുന്ന സാധനവും ഒരു ഗ്ലാസ്സും, ആവശ്യത്തിന് വെള്ളവും എടുത്തു കൊണ്ട് ആശാന്റെ സമീപമിരുന്നു.
ആശാനേ! എന്ന ചെന്നിത്തല ആശാന്റെ വിളികേട്ടു കൃഷ്ണന്‍ നായര്‍ ആശാന്‍ "ഉം" എന്ന് ഒന്ന് മൂളി. അടുത്ത വിളിക്ക് ഉറക്കച്ചടവോടെ ആശാന്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ചെന്നിത്തല ആശാന്‍ കരുതിയിരുന്ന സാധനം കൃഷ്ണന്‍ നായര്‍ ആശാന്റെ മുന്‍പില്‍ വെച്ചു. ഒരു നിമിഷം നിശബ്ദനായി കിടന്ന ശേഷം ആശാന്‍ ഇതെന്താണ് എന്ന് ചോദിച്ചു. ചെന്നിത്തല ആശാന്‍ മറുപടി ഒന്നും പറഞ്ഞില്ല. അല്‍പ്പനേരം മൌനമായി ഇരുന്ന ശേഷം ആശാനെ, ഒരു വലലന്‍ വേണം എന്ന് പറഞ്ഞു.
അപ്പോള്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ " എന്റെ ഒരു വേഷത്തിന് താന്‍ വില കല്‍പ്പിച്ചിരിക്കുന്നത് ഇതാണ് അല്ലെ? കൃഷ്ണന്‍ നായര്‍ക്കു അല്‍പ്പം സാധനം വാങ്ങിക്കൊടുത്താല്‍ അയാള്‍ എന്തും ചെയ്യും എന്നാണ് നിങ്ങള്‍ എല്ലാം ധരിച്ചിരിക്കുന്നത് അല്ലെ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തുടങ്ങി. ചെന്നിത്തല ആശാന്‍ മറുപടി ഒന്നും പറയാതെ ആശാന്റെ മുഖത്തേക്ക് ദയാപൂര്‍വ്വം നോക്കിക്കൊണ്ടിരുന്നു.
അരങ്ങില്‍ കീചകന്റെ " ഹരിണാക്ഷീജന മൌലിമണേ! നീ " എന്ന പദം പാടുന്നത് കേട്ടപ്പോള്‍ ആശാന്‍ വേഗം എഴുനേറ്റു. തനിക്കുവേണ്ടി കൊണ്ടുവന്ന സാധനം ഗ്ലാസില്‍ ഒഴിച്ച് രണ്ടു പ്രാവശ്യമായി ഉപയോഗിച്ച ശേഷം എഴുനേറ്റു വേഷം കെട്ടുവാന്‍ തയ്യാറായി. ഉടുത്തിരുന്ന മുണ്ട് സൌകര്യത്തിനു മുറുക്കി കെട്ടി, കച്ചമണി എടുത്തു കാലില്‍ കെട്ടി. ഇടുപ്പുമെത്ത എടുത്തു അരയില്‍ കെട്ടി, ഉടുത്തുകെട്ട് ചില നിമിഷങ്ങള്‍ കൊണ്ട് തീര്‍ത്തു. (സാധാരണ മുഖം മിനുക്കിയ ശേഷമാകും ഉടുത്തു കെട്ട് നടന്‍ തീര്‍ക്കുക എന്നത് ഇവിടെ സ്മരിച്ചു കൊള്ളട്ടെ) ഉത്തരീയം എടുത്തു കെട്ടിയ ശേഷം അണിയറ വിളക്കിനു മുന്‍പില്‍ ഇരുന്നു കൊണ്ട് ചായം എടുത്തു ഇരുകൈകളിലും നല്ലതുപോലെ മുഖത്തു തേച്ചു പിടിപ്പിച്ചു. പിന്നീടു ഇരു കൈകളിലെ ചൂണ്ടു വിരല്‍ കൊണ്ട് കറുപ്പ് മഷി തോണ്ടി എടുത്തു കണ്ണും പിരികവും വരച്ച ശേഷം വീണ്ടും ഒരു തവണ കറുപ്പ് മഷി എടുത്തു ഇരുകൈകള്‍ കൊണ്ട് രണ്ട് മീശയും വരച്ച് തലയിലെ കെട്ടും വളരെ വേഗം ചെയ്ത ശേഷം കണ്ണാടി എടുത്തു മുഖം നോക്കി. വേഷം അസ്സലായിട്ടുണ്ട് എന്ന സംതൃപ്തി ആശാന്റെ മുഖത്തു തെളിഞ്ഞു. വലലന്‍ റെഡി. ആശാന്‍ എഴുനേറ്റ് വിളക്കിനു മുന്‍പില്‍ തൊഴുതു കഴിഞ്ഞപ്പോള്‍ വലലന്റെ ആയുധമായ "ചട്ടുകം" എടുത്തു ചെന്നിത്തല ആശാന്‍ വലലനെ ഏല്‍പ്പിച്ചു.
രംഗാവസാനത്തില്‍ (ഹരിണാക്ഷീ) സൈരന്ധ്രിയും പിന്നാലെ കീചകനും അരങ്ങില്‍ നിന്നും വെളിയില്‍ എത്തി. തനിക്കു വധം ഉണ്ടാകുമോ ഇല്ലയോ എന്ന ആശയ കുഴപ്പത്തോടെ അരങ്ങില്‍ നിന്നും വെളിയില്‍ എത്തിയ കീചകന് മരണം നിശ്ചയം എന്ന് ഉറപ്പു വരുത്തിക്കൊണ്ട് അരങ്ങിലേക്കെത്തുവാന്‍ തയ്യാറായി നില്‍ക്കുന്ന വലലന്റെ രൂപം കണ്ടപ്പോഴാണ് "തന്നെ കൊല്ലുവാന്‍ ഈ വലലന്‍ തന്നെ വേണം " അത്രയ്ക്ക് ബലം തനിക്കുണ്ട് എന്ന് ഹരിപ്പാട്ട് ആശാന്റെ കീചകന്‍ മനസിലാക്കിയത്.
അരങ്ങും അണിയറയുമായുള്ള ബന്ധം നിരീക്ഷിച്ചു കൊണ്ട് കലാധര്‍മ്മം നിറവേറ്റുന്ന കഥകളി ഗായകനായിരുന്ന തകഴി കുട്ടന്‍ പിള്ള ഭാഗവതര്‍ "ഇത്ഥം തേനാനു നീതാ മുഹുരപി കുഹനാ മസ്കരീന്ദ്രേണ ഭര്‍ത്ത്രാ" എന്ന ശ്ലോകം പാടി തിരശീല നീങ്ങിയപ്പോള്‍ അരങ്ങില്‍ കിടക്കുന്ന മാംസമല വലലനെ കണ്ടപ്പോള്‍ത്തന്നെ ആസ്വാദകരുടെ ബലത്ത കരഘോഷം ഉണ്ടായി.
കളി ഭംഗിയായി അവസാനിച്ചു. ആശാന്റെ വലലന്‍ ഏല്ലാവര്‍ക്കും ഇഷ്ടമായി. കളിപ്പണം നല്‍കുമ്പോള്‍ സ്വാമിജി വലലന്‍ കേമമമായി എന്ന് ആശാനോട് പറഞ്ഞു. ആശാനും വിട്ടില്ല, എല്ലാവരെയും കൃഷ്ണന്‍ സന്തോഷിപ്പിച്ചു എന്നാല്‍ കൃഷ്ണന് സന്തോഷമായോ എന്ന് ആരും അന്വേഷിച്ചില്ല എന്ന് ആശാന്‍ മറുപടി പറഞ്ഞപ്പോള്‍ സ്വാമിജിക്കു വിഷയം ബോദ്ധ്യമാവുകയും ആശാന് കളിപ്പണം കൂട്ടി കൊടുക്കുകയും ചെയ്തു. കൃഷ്ണന്‍ നായര്‍ ആശാനെക്കൊണ്ട് വലലന്‍ കെട്ടിച്ച ഈ കഥ പിന്നീടു പല പല അണിയറകളിലും നേരമ്പോക്കിനായി പറയുമ്പോള്‍ വലലന്റെ വേഷം ചെയ്യുവാന്‍ തന്നെ സമീപിക്കും എന്ന പ്രതീക്ഷയോടെ ഒരു "ശ്രീകൃഷ്ണ- കപടനിദ്രയില്‍" ആയിരുന്നു കൃഷ്ണന്‍ നായര്‍ ആശാന്‍ എന്ന് ചെന്നിത്തല ആശാന്‍ അഭിപ്രായപ്പെട്ടിരുന്നു.
നല്ല രസകരമായ ഈ സംഭവം ഭംഗിയായി അവതരിപ്പിച്ചതിൽ വളരെ സന്തോഷവും നന്ദിയും അറിയിക്കട്ടെ.
മറുപടിഇല്ലാതാക്കൂ[വലലന്റെ വേഷം ചെയ്യുവാന്‍ തന്നെ സമീപിക്കും എന്ന പ്രതീക്ഷയോടെ ഒരു "ശ്രീകൃഷ്ണ- കപടനിദ്രയില്‍" ആയിരുന്നു കൃഷ്ണന്‍ നായര്‍ ആശാന്‍ എന്ന് ചെന്നിത്തല ആശാന്‍ അഭിപ്രായപ്പെട്ടിരുന്നു]കൃഷ്ണന്‍ നായര്‍ ആശാന്റെ കഥകളിയോടുള്ള ആത്മാർത്ഥത ആണ് അത്കൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നത്.
കഥകളിയെ നെഞ്ചിലേറ്റുന്ന ഒരു ആസ്വാദകനെ ആണ് ശ്രി. അംബുജാക്ഷന്‍ നായരില്‍ കാണാന്‍ കഴിയുന്നത്. അരങ്ങും അണിയറയും രസകരമായി പരിചയപ്പെടുത്തിക്കൊണ്ടുള്ള ശൈലി ആകര്‍ഷകം തന്നെ. അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂaniyaraye kurich Nannayi paranjirikkunnu
മറുപടിഇല്ലാതാക്കൂഎന്റെ ഇളകിയാട്ടം വായിച്ചു ബ്ലോഗിലും ഫേസ് ബുക്കിലും അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. ഫേസ് ബുക്കിലെ അഭിപ്രായങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.
മറുപടിഇല്ലാതാക്കൂ(1)Mukundan Menon : ഇളകിയാട്ടം നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു ഒരുകാര്യം കൃഷ്ണന്‍നായര്‍ ആശാന് രണ്ടു വേഷം ഒരുദിവസം കെട്ടാന്‍ ഒട്ടും മടി ഉണ്ടായിരുന്നില്ല അറുപതു എഴുപതു കാലങ്ങളില്‍ തൃപുനിതുറഉത്സവങ്ങള്‍ക്ക് ആദ്യം മൂന്നു ദിവസം മേജര്‍സെറ്റ് കഥകളി ആണ് ആക്കാലങ്ങളില്‍ധാരാളം രണ്ടുവേഷങ്ങള്‍കണ്ടിട്ടുണ്ട ്
1 Rugmangadanum ബാലിവിജയത്തില്‍ നാരദനും 2 സുന്ദരബ്രാഹ്മണനും നരസിംഹവും
3 വിശ്വ മിത്രനും ചുടല ഹരിച്ചന്ദ്രനും 4 ആര്‍ എല്‍ വി യില്‍ വാര്ഷികതിന്നു നാലാം ദിവസം
ബഹുകാനും പിന്നെ രൌദ്രഭീമനും അങ്ങിനെ പല പല തവണയും trippunithura സ്പെഷ്യല്‍ ആണോ എന്നറിയില്ല
രാമന്‍ കുട്ടി ആശാന്‍ ആത്മകഥയില്‍ ഈ കാര്യം പറഞ്ഞിട്ടുണ്ട് രണ്ടു പേരും കൂടി കിരാതം കളിച്ചത് നേരെ മറിച്ചാണ്
എന്നാണ് ഓര്‍മ രാമന്‍ കുട്ടി ആശാന്‍ ഒരു വേഷമേ എടുക്കു കൃഷ്ണന്‍ നായര്‍ ആശാന്‍ ആണ് പറഞ്ഞത് അയാള്‍
കാട്ടാളന്‍ ആയാല്‍കാട്ട ളതിആകാന്‍ റെഡി എന്ന് പറ്റിയാല്‍ ബുക്ക് റെഫര്‍ ചെയ്താല്‍ വിവരം അറിയാം എന്റെ കയ്യില്‍
ബുക്ക് ഇല്ല ഒന്ന് നോക്കാമോ?
(2)Sureshkumar EB: അംബുജാക്ഷന്‍ ചേട്ടാ, ബ്ലോഗ് കണ്ടു. നന്നായിട്ടുണ്ട്. ഔപചാരികത ഒട്ടും ഇല്ലാതെ, അനാവശ്യമായി നിറക്കൂട്ടുകള്‍ പകരാതെ ഉള്ള ആ അവതരണം നന്നായി.
(3)Sreevalsan Thiyyadi: വളരെ ശരി, Sureshkumar സര്‍. "അനാവശ്യമായി നിറക്കൂട്ടുകള്‍ പകരാതെ ഉള്ള ആ അവതരണം..." ആ ടെക്നിക് അമ്പുച്ചേട്ടനില്‍ നിന്ന് സ്വായത്തമാക്കാനുള്ള മോഹത്തിലാണ് ഞാന്‍.
(4)Kalesh Poroopparambil chetta valare nannayittundu ...
(5)Aniyan Nisari ആ കളിസ്ഥലത്ത് ഉണ്ടായിരുന്നതുപോലെ , നേരിട്ട് കണ്ടതുപോലെ ഒരനുഭവം .ആഖ്യാനശൈലി ഹൃദ്യം. അനുമോദനങ്ങള്‍ .
(6)Manikandan Mp chetta valare nannayitund
(7)Arun Pv കഥകളി അനുഭവങ്ങള്‍ തീരെ കുറവായ, കഥകളി ആസ്വദിക്കുവാനും കാണുവാനും പഠിക്കുന്ന പുതു തലമുറയ്ക്ക് അമ്പു ചേട്ടന്റെ ബ്ലോഗും അതിലെ വിവരണങ്ങളും വളരെ വിലപെട്ടത് തന്നെ ,,,,,,
(8)Padmini Narayanan gone thru ur blog n liked it a lot.....pl. post more...)
അമ്പു ചേട്ടാ,...ഈ ബ്ലോഗിലെ കഥകള്‍ എല്ലാം ഒരു പുസ്തക രൂപത്തില്‍ ഇറക്കാന്‍ ഉദേശമുണ്ടോ? ഉണ്ടെങ്കില്‍ വളരെ നന്നായിരുന്നു...അല്ലെങ്കില്‍ ഇതല്ലാം വേറെ ആരെങ്കിലും പകര്‍ത്തി പുസ്തകം ആക്കുമോ എന്നാ പേടി.
മറുപടിഇല്ലാതാക്കൂ