ഡിസംബര്‍ 13- നു കോട്ടയം ജില്ലയിലെ വാഴപ്പള്ളി മഹാദേവര്‍ ക്ഷേത്രത്തിലെ ദീപരാധനയ്ക്ക് ശേഷം കൂണ്ടൂര്‍ ഫാംസ് (തേനി, തമിഴ്‌നാട്) കര്‍ണ്ണശപഥം കഥകളി വഴിപാടായി അവതരിപ്പിച്ചു. വളരെ നല്ല ഒരു ആസ്വാദക സമൂഹം ക്ഷേത്രത്തില്‍ എത്തിയിരുന്നത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ക്ഷേത്രത്തിന്റെ ആനക്കൊട്ടിലില്‍ നടന്ന കഥകളി കാണുവാന്‍ ഇടതു ഭാഗം സ്ത്രീജനങ്ങളും വലതു ഭാഗം പുരുഷന്മാരും നിറഞ്ഞിരുന്നു.
ശ്രീ. രവീന്ദ്രനാഥടാഗോറിന്റെ കര്‍ണ്ണനും കുന്തിയും എന്ന ഏകാങ്ക നാടകമാണ് കര്‍ണ്ണശപഥം എന്ന പേരില്‍ പ്രസിദ്ധ ബാലസാഹിത്യകാരനായിരുന്ന ശ്രീ. മാലി മാധവന്‍ നായര്‍ കഥകളി രൂപമായി ആവിഷ്ക്കരിച്ചത്. മഹാഭാരത യുദ്ധത്തിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളുടെ സൃഷ്ടിയാണ് കര്‍ണ്ണശപഥം. മഹാഭാരതയുദ്ധത്തില്‍ തന്റെ കണവനും കൌരവ രാജാവുമായ ദുര്യോധനന് ജീവഹാനി സംഭവിക്കുമോ എന്ന ഭയചകിതയായ ഭാനുമതിയെ ദുര്യോധനന്‍ സമാധാനപ്പെടുത്തുവാന്‍ ശ്രമം നടത്തി പരാജിതനാകുന്നു. അപ്പോള്‍ അവിടെ എത്തിയ കര്‍ണ്ണന്‍ ഭാനുമതിയെ സമാധാനപ്പെടുത്തുന്നു. അല്ലയോ സഹോദരീ, നമ്മുടെ ശത്രുക്കളായ പാണ്ഡവന്മാരെ നശിപ്പിച്ചു ഞാന്‍ ദുര്യോധനനെ രാജാവായി വാഴിക്കും എന്ന കര്‍ണ്ണന്റെ വാക്കുകള്‍ കേട്ട് ഭാനുമതിയുടെ ഭയം വിട്ടകന്നു. ഇതറിഞ്ഞു ദുര്യോധനനും സന്തോഷവാനായി. ഈ സമയത്ത് യുദ്ധ തന്ത്രങ്ങളെ പറ്റി വിവാദിക്കുവാന്‍ മന്ത്രഗൃഹത്തില്‍ മന്ത്രി പ്രമുഖരും തന്ത്ര വിദഗ്ദന്മാരെല്ലാം എത്തിയിട്ടുണ്ടെന്നും അവിടേക്ക് പോകാമെന്നും ദുശാസനന്‍ എത്തി അറിയിക്കുന്നു. നിങ്ങള്‍ പോവുക, എനിക്ക് ചില നാളുകളായി നിദ്രാഭംഗം ഉണ്ടാകുന്നുണ്ട്. ഞാന്‍ ഗംഗാസ്നാനം ചെയ്തു ഉടനെ എത്തിക്കൊള്ളാം എന്ന് ദുര്യോധനനെയും ദുശാസനനെയും കര്‍ണ്ണന്‍ അറിയിക്കുന്നു. തുടര്‍ന്ന് കര്‍ണ്ണന്‍ ഗംഗാ തീരത്തേക്ക് യാത്രയാകുന്നു.
ഗംഗയില്‍ സ്നാനം ചെയ്ത ശേഷം കര്‍ണ്ണന്‍ സൂര്യദേവനെ പ്രാര്‍ത്ഥിക്കുവാനായി ഇരുന്നു. കര്‍ണ്ണന് മനസ്സിന് ഏകാഗ്രത ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മനസ്സില്‍ തന്റെ മാതാ പിതാക്കള്‍ രാധയും അധിരഥനും തന്നെയാണോ എന്നും മരണത്തിനു മുന്‍പ് തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടു മുട്ടുവാന്‍ സാധിക്കുമോ എന്നുള്ള ചിന്ത അദ്ദേഹത്തെ അലട്ടി. ഗംഗാ തീരത്തു കൂടി തന്നെ നോക്കി ഒരു സ്ത്രീരത്നം വരുന്നത് കര്‍ണ്ണന്‍ കണ്ടു. അടുത്തു എത്തിയപ്പോഴാണ് അത് പാണ്ഡവരുടെ മാതാവായ കുന്തീ ദേവിയാണെന്ന് കര്‍ണ്ണന് മനസിലായത്. കര്‍ണ്ണന്‍ കുന്തിയെ സന്തോഷപൂര്‍വ്വം സ്വീകരിച്ചിരുത്തി, അഗമാനോദ്ദേശം എന്തു തന്നെയാണെങ്കിലും സാധിച്ചുതരാമെന്നു ഉറപ്പു നല്‍കി. കൌരവന്മാരോടുള്ള ബന്ധം വീരനാകിയ നിനക്ക് ഒരിക്കലും ചേരുകയില്ല എന്നും എന്റെ പുത്രന്മാരോടു ചേരുകയാണ് യോജിച്ചത് എന്ന കുന്തിയുടെ അഭിപ്രായത്തോട് കര്‍ണ്ണന്‍ നിങ്ങള്‍ ഒരു സ്ത്രീയായതുകൊണ്ട് ഞാന്‍ വധിക്കുന്നില്ല എന്നാണ് പ്രതികരിച്ചത്. താന്‍ കര്‍ണ്ണന്റെ മാതാവാണെന്നും സൂര്യദേവന്‍ പിതാവാണെന്നും കുന്തീദേവി അറിയിക്കുന്നു. തുടര്‍ന്ന് കര്‍ണ്ണന്‍ ആവശ്യപ്പെടുന്നതനുസരിച്ച് കുന്തി കര്‍ണ്ണന്റെ ജനന രഹസ്യം വെളിപ്പെടുത്തുന്നു.
ഒരിക്കല്‍ പിതാവിന്റെ കൊട്ടാരത്തില്‍ ദുര്‍വാസാവ് മഹര്‍ഷി എത്തിയപ്പോള്‍ മഹര്‍ഷിയെ പരിചരിച്ചത് താന്‍ ആണെന്നും തന്റെ പരിചരണത്തില്‍ സംതൃപ്തനായ മഹര്‍ഷി, തനിക്ക് അഞ്ചു വരങ്ങള്‍ നല്‍കി എന്നും അതില്‍ ഒന്ന് സൂര്യദേവനെ മനസ്സില്‍ സ്മരിച്ചു കൊണ്ട് പരീക്ഷിച്ചു നോക്കിയെന്നും തന്മൂലം താന്‍ ഗര്‍ഭിണിയായി, ഒരു ആണ്‍ കുട്ടിയെ പ്രസവിക്കുകയും ചെയ്തുവെന്നും വിവാഹത്തിനു മുന്‍പ് പ്രസവിച്ച മകനെ മാനഭയം ഓര്‍ത്ത് ഒരു പെട്ടിയില്‍ അടച്ചു നദിയില്‍ ഒഴുക്കിയെന്നും ആ മകനാണ് നീയെന്നും കുന്തി കര്‍ണ്ണനെ അറിയിക്കുന്നു.
കുന്തിയുടെ മൂത്ത പുത്രനാനെന്ന അഭിമാനത്തോടെ കര്‍ണ്ണന്‍ കുന്തിയെ നമസ്കരിച്ചു. ഇളയ സഹോദരന്മാരായ പാണ്ഡവരെ കാത്തു രക്ഷിക്കേണ്ട ചുമതല മൂത്ത പുത്രനായ കര്‍ണ്ണനിലാണ് ഉള്ളത് എന്ന് കുന്തി ഓര്‍മ്മിപ്പിച്ചു. തന്നെ ജീവന് തുല്ല്യം സ്നേഹിക്കുകയും എല്ലാ മഹിമകളും നല്‍കിയ ദുര്യോധനനെ പിരിഞ്ഞു ഒരിക്കലും വരികില്ല എന്ന് കര്‍ണ്ണന്‍ കുന്തിയെ അറിയിച്ചു. ഒടുവില്‍ ലോകം അറിയുന്ന കുന്തീ പുത്രന്മാരായ പാണ്ഡവര്‍ അഞ്ചു പേരാണെന്നും ആറുപേര്‍ ഇല്ലെന്നും അര്‍ജുനനെ ഒഴിച്ച് സഹോദരന്മാരില്‍ ആരെയും വധിക്കുകയില്ല എന്ന് സത്യം ചെയ്തുകൊണ്ട് കര്‍ണ്ണന്‍ കുന്തിയെ യാത്രയാക്കുന്നു.
കര്‍ണ്ണ കുന്തീ സംഗമവും കര്‍ണ്ണന്‍ കുന്തീ പുത്രനാണെന്നും അറിയുന്ന ദുശാസനന്‍ പാമ്പിനു പാല് കൊടുത്തു വളര്‍ത്തിയാലുള്ള അനുഭവം പോലെയാണ് കര്‍ണ്ണനില്‍ നിന്നും ഉണ്ടാകുവാന്‍ പോകുന്നതെന്നും അതുകൊണ്ട് അങ്ങ് അനുവദിച്ചാല്‍ ഈ രാത്രിയില്‍ കര്‍ണ്ണനെ വധിക്കുവാന്‍ തയ്യാറാണെന്നും ദുശാസനന്‍ ദുര്യോധനനെ അറിയിക്കുന്നു. ദുശാസനന്റെ വാക്കുകള്‍ കേട്ട് ദുര്യോധനന്‍ കോപം കൊണ്ടു. കര്‍ണ്ണന്റെ മഹത്വം അറിയാതെ നീ ഇങ്ങിനെ സംസാരിക്കുന്നതിനു നിന്റെ നാവാണ് മുറിക്കേണ്ടതെന്നും വേഗം പോയി കര്‍ണ്ണനെ കൂട്ടി വരൂ, അദ്ദേഹത്തിന്‍റെ മഹത്വം നിനക്ക് തെളിയിച്ചു തരാം എന്ന് ദുര്യോധനന്‍ പറയുന്നു. ദുശാസനന്‍ കര്‍ണ്ണനെ കൂട്ടി വരുന്നു. എല്ലാ കഥകളും ഞാന്‍ അറിഞ്ഞു. അല്ലയോ കുന്തീ പുത്രാ, സഹോദരന്മാരോട് യുദ്ധം ചെയ്യുന്നത് പാപമാണെങ്കില്‍ എന്നെ പിരിയുന്നതിനു ഞാനിതാ അനുവാദം തരുന്നു എന്നും ഒരിക്കലും നാം തമ്മിലുള്ള സ്നേഹം കുറയുകയില്ല എന്നും അറിയിക്കുന്നു. ദുര്യോധനന്റെ ഈ വാക്കുകള്‍ കര്‍ണ്ണനെ വളരെ നിരാശപ്പെടുത്തി.
ദുര്യോധനാ!പിരിയാനാണോ നിന്റെ നിര്‍ദ്ദേശം? എന്നും ഇങ്ങിനെ പറഞ്ഞതിന് തന്നെ ശിക്ഷ ഞാന്‍ തരേണ്ടതാണ് എന്നാല്‍ സ്നേഹം എന്നെ തടയുന്നു എന്നും എന്നാണ് കര്‍ണ്ണന്റെ പ്രതികരണം. തുടര്‍ന്ന് "മരണം ശരണം ഛേദിപ്പന്‍ ഞാന്‍ കരവാളാലെന്‍ ഗളനാദം" എന്ന് പ്രഖ്യാപിച്ചു കൊണ്ട് കരവാളെടുത്തു സ്വയം കഴുത്തു മുറിക്കുവാന്‍ കര്‍ണ്ണന്‍ ഒരുമ്പെടുമ്പോള്‍ ദുര്യോധനന്‍ കര്‍ണ്ണനെ തടയുന്നു. കര്‍ണ്ണന്റെ മാനസീക നില മനസിലായോ എന്ന് ദുര്യോധനന്‍ ദുശാസനനോട് ശാസനാ രൂപത്തില്‍ ചോദിക്കുന്നു. അമ്മയെ ദുര്യോധനന് വേണ്ടി ഉപേക്ഷിച്ചു കൊണ്ട് അര്‍ജുനനും ഒന്നിച്ചു ഈ ഭൂമിയില്‍ ജീവിക്കില്ല എന്ന് കര്‍ണ്ണന്‍ ശപഥം ചെയ്യുന്നു. ഇതാണ് കര്‍ണ്ണശപഥം കഥയുടെ ചുരുക്കം.
ദുര്യോധനന്റെ തിരനോട്ടത്തോടെ കഥകളി ആരംഭിച്ചു. ഭാനുമതിയുടെ ശോകകാരണം ദു:സ്വപ്നമാണ് എന്നാണ് അവതരണത്തില്‍ പ്രകടമായത്. ഭാനുമതിയെ സമാധാനപ്പെടുത്തുന്ന ദുര്യോധനന്‍ തനിക്കു പാണ്ഡവര്‍ വെറും പുഴുക്കള്‍ക്ക് സമാനമാണ് എന്നാണ് അവതരിപ്പിച്ചത്. ഭാനുമതിയെ സമാധാനപ്പെടുത്തുവാന്‍ കര്‍ണ്ണന് മാത്രമേ കഴിയൂ എന്ന് ദുര്യോധനന്‍ ഉറപ്പിക്കുന്നു. ഈ രംഗത്ത് എത്തുന്ന കര്‍ണ്ണന്‍ ഒരു ദൂതനെ കണ്ടു രാജാവിനെ മുഖം കാണിക്കുവാനുള്ള നിര്‍ദ്ദേശം അറിയിക്കുന്നതായി അവതരിപ്പിച്ചു. കര്‍ണ്ണനെ, ഭാനുമതിയെ സമാധാനപ്പെടുത്തുവാനുള്ള ചുമതല ഏല്‍പ്പിച്ചു ദുര്യോധനന്‍ രംഗം വിടുന്നു. ഭഗവാന്‍ കൃഷ്ണന് പാണ്ഡവരുമായുള്ള സഖ്യമാണ് ഭാനുമതിയെ കൂടുതല്‍ ഭയപ്പെടുത്തിയത്. ഈ സൂചനയ്ക്ക് കൃഷ്ണന്‍ യുദ്ധത്തില്‍ ആയുധം തൊടുകയില്ല എന്ന് സത്യം ചെയ്തിട്ടുള്ളത് കര്‍ണ്ണന്‍ സൂചിപ്പിച്ചു. അര്‍ജുനന്‍ ഇരു കരങ്ങള്‍ കൊണ്ടും അസ്ത്രം എയ്യുവാന്‍ കഴിവുള്ളവനാണ് എന്ന ഭാനുമതിയുടെ ചിന്തയ്ക്ക് തന്റെ മുന്‍പില്‍ അര്‍ജുനന്‍ ഒരു പുഴുവിനു തുല്യം എന്നാണ് കര്‍ണ്ണന്‍ നല്‍കിയ മറുപടി.
ദുര്യോധനന്‍ ( തിരനോട്ടം)
ഭാനുമതി, ദുര്യോധനന്‍ , കര്‍ണ്ണന്‍
ദുര്യോധനന്‍ , ദുശാസനന്‍, കര്‍ണ്ണന്‍
ഭാനുമതിയുടെ സന്തോഷം കണ്ടുകൊണ്ട് ദുര്യോധനന്‍ എത്തി. തുടര്‍ന്ന് വെപ്രാളപ്പെട്ടു കൊണ്ടു വരുന്ന ദുശാസനനെ ദുര്യോധനന്‍ കണ്ടു. ഭാനുമതിയെ അന്തപ്പുരത്തിലേക്ക് അയച്ച ശേഷം ദുര്യോധനന്‍ ദുശാസനനെ കാത്തിരുന്നു. യുദ്ധ തന്ത്രങ്ങളെ പറ്റി ആലോചിക്കുവാന്‍ മന്ത്രഗൃഹത്തില്‍ മന്ത്രിമാരും തന്ത്ര വിദഗ്ദരും മറ്റും എത്തിയിട്ടുണ്ടെന്നും നാം അമാന്തിച്ചാല്‍ നമുക്ക് ഹാനി സംഭവിക്കും എന്നാണ് അദ്ദേഹം മുന്‍പോട്ടു വെച്ച നിര്‍ദ്ദേശം. ഭീമന് നാഗരസം കലര്‍ന്ന ആഹാരം നല്കിയതും അരക്കില്ലം ചുട്ടു പാണ്ഡവരെ നശിപ്പിക്കുവാന്‍ ശ്രമിച്ചത് പരാജയപ്പെട്ടതും ദുശാസനന്‍ ഓര്‍മ്മിപ്പിച്ചു. പണ്ട് സഭയില്‍ വെച്ച് പാഞ്ചാലിയുടെ വസ്ത്രം അഴിച്ചപ്പോള്‍ കൃഷ്ണന്‍ വസ്ത്രം നല്‍കി രക്ഷിച്ചത് ദുര്യോധനന്‍, ദുശാസനനെ ഓര്‍മ്മപ്പെടുത്തി.
ദുശാസനനും ദുര്യോധനനും തമ്മില്‍ നടന്ന സംഭാഷണങ്ങള്‍ കര്‍ണ്ണന്‍ ശ്രദ്ധിക്കുന്നില്ല എന്ന് ഇരുവരും മനസിലാക്കി. ഉറക്കം തൂങ്ങുകയാണോ എന്നു ദുര്യോധനന്‍ കര്‍ണ്ണനോട് ചോദിച്ചു. തനിക്കു നിദ്രാഭംഗം ഉണ്ടെന്നും സ്നാനം കഴിഞ്ഞാല്‍ എല്ലാം ശരിയാകും എന്നും കര്‍ണ്ണന്‍ അവരെ അറിയിച്ചു. സ്നാനം കഴിഞ്ഞു ഉടന്‍ എത്താം എന്ന് അറിയിച്ചു കര്‍ണ്ണന്‍ ഗംഗാതീരത്തേക്ക് യാത്ര തിരിച്ചു.
ഗുരുവായ പരശുരാമന്‍ തന്റെ മടിയില്‍ സുഖ നിദ്ര അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു വണ്ട് വന്നു തന്റെ തുട തുളച്ചു, രക്തം ധാരയായി ഒഴുകി. ഗുരുവിന്റെ നിദ്രയ്ക്കു ഭംഗം വരുത്താതെ വേദന സഹിച്ചു കൊണ്ടു താന്‍ ഇരുന്നതും ഗുരു ഉണര്‍ന്നപ്പോള്‍ ഈ കാഴ്ച കണ്ട് താന്‍ ഒരു ബ്രാഹ്മണന്‍ അല്ലെന്നു മനസിലാക്കി അഭ്യസിച്ച വിദ്യ തക്ക സമയത്ത് പ്രയോജനം ഇല്ലാതെ പോകട്ടെ എന്നു ഗുരു ശപിച്ചതും കര്‍ണ്ണന്‍ സ്മരിച്ചു.
ഗംഗാനദി കണ്ട കര്‍ണ്ണന്‍ ആ പുണ്യ നദിയുടെ ഉത്ഭവം ഒന്നു സ്മരിച്ചു. പിന്നീടു സ്നാനം കഴിഞ്ഞു ധ്യാന്യത്തിനിരുന്നു. പൂര്‍ണ്ണമായും മനസിനെ ധ്യാന്യത്തിലുറപ്പിക്കുവാന്‍ കര്‍ണ്ണന് കഴിയുന്നില്ല. ഗംഗാ തീരത്ത് കര്‍ണ്ണനും കുന്തിയും തമ്മില്‍ കണ്ടു മുട്ടുമ്പോള്‍ അറിയാതെ ഉണ്ടാകുന്ന ഒരു മാനസീക ആകര്‍ഷത രംഗത്ത് പ്രകടമാക്കി.
കര്‍ണ്ണന്റെ ജന്മരഹസ്യം അറിയിക്കുന്ന കുന്തി ദുര്‍വാസാവ് നല്‍കിയ വരം സൂര്യദേവനെ മനസ്സില്‍ സ്മരിച്ചു കൊണ്ടു പരീക്ഷിക്കുവാന്‍ ശ്രമിക്കുകയും തന്മൂലം ഒരു ശിശു ജനിച്ചു എന്നും ആ കുട്ടി വളരെ ശോഭയുടന്‍ കാണപ്പെട്ടു എന്നാണ് അവതരിപ്പിച്ചത്.
കര്‍ണ്ണന്‍ ജനിക്കുമ്പോള്‍ കവച- കുണ്ഡലങ്ങള്‍ ഉണ്ടായിരുന്നു
എന്ന് അപ്പോള്‍ സൂചിപ്പിച്ചു കണ്ടില്ല. ഇത് സൂചിപ്പിച്ചു കൊണ്ട് ആ കവച- കുണ്ഡലങ്ങള്‍ എവിടെ എന്ന് കുന്തിക്ക് കര്‍ണ്ണനോട് ചോദിക്കുവാനും, ഒരു ബ്രാഹ്മണന്‍ വന്ന് എന്റെ കവച - കുണ്ഡലങ്ങള്‍ എന്നോട് ആവശ്യപ്പെട്ടു എന്നും ഞാന്‍ അത് അദ്ദേഹത്തിനു നല്‍കി എന്ന് കര്‍ണ്ണന് പറയാനുള്ള അവസരവും ഇത് മൂലം നഷ്ട്ടപ്പെടുകയാണ് ഉണ്ടായത്. ( അര്‍ജുനന്റെ പിതാവായ ഇന്ദ്രന്‍, തന്റെ മകന്റെ വിജയവും കര്‍ണ്ണന്റെ പരാജയവും ഉദ്ദേശിച്ചു കൊണ്ട് ഒരു ബ്രാഹ്മണ വേഷത്തില്‍ എത്തി കര്‍ണ്ണനില്‍ കവച - കുണ്ഡലങ്ങള്‍ വാങ്ങിയത് കര്‍ണ്ണന്റെ ചരിത്രത്തിലെ പ്രധാന ഘടകം തന്നെയാണ് )
കര്‍ണ്ണന് അമ്മയുടെ മടിയില്‍ ഒന്നു ശയിക്കണം എന്ന ആഗ്രഹം കുന്തി സാധിച്ചു കൊടുത്തു.
ദുര്യോധനനെ അവതരിപ്പിച്ചത് ശ്രീ. ആര്‍.എല്‍.വി. രാജശേഖരന്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ രംഗ പ്രവര്‍ത്തിയില്‍ ചിട്ടയോടെ കഥകളി അഭ്യസിച്ചതിന്റെ ഗുണങ്ങളും കൌരവരാജാവിനു വേണ്ടിയ രാജസപ്രൌഡിയും അരങ്ങില്‍ പ്രകടമായില്ല. ദുര്യോധനന്റെ കിരീടം തലയില്‍ ഉറയ്ക്കാതിരുന്നതും ഒരു അസഹ്യമായി തോന്നി.
ശ്രീ. കലാമണ്ഡലം അരുണ്‍ ഭാനുമതിയെ സാമാന്യം ഭംഗിയായി അവതരിപ്പിച്ചു.
ശ്രീ. കലാമണ്ഡലം വിനോദിന്റെ കര്‍ണ്ണന്‍ ഒരു യുവ കലാകാരന്‍ എന്ന അടിസ്ഥാനത്തില്‍ വെച്ച് നോക്കുമ്പോള്‍ ഭംഗിയായി എന്ന് ഉറപ്പിച്ചു പറയാം. ഗംഗാസ്നാനം കഴിഞ്ഞു "മനസ്സ് ദൃഡപ്പെടുത്തുവാന്‍ സാധിക്കാതെ വന്ന കര്‍ണ്ണന്‍" എന്നാണ് കഥയുടെ രീതി. ഇവിടെ മനസ്സ് ദൃഡപ്പെടുത്തുവാന്‍ ശ്രമിക്കാത്ത കര്‍ണ്ണന്‍ എന്നാണ് തോന്നിയത്.
ദുശാസനനായി വേഷമിട്ടത് ശ്രീ. തിരുവല്ലാ ബാബുവാണ്. തന്റെ കഴിവുകള്‍ അരങ്ങില്‍ പൂര്‍ണ്ണമായി പ്രയോഗിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. ശ്രീ. തലവടി അരവിന്ദന്‍ ചേട്ടന്റെ ശിഷ്യന്‍ എന്ന നിലയില്‍ അരവിന്ദന്‍ ചേട്ടന്റെ ദുശാസനനെയാണ് എനിക്ക് അരങ്ങില്‍ ദര്‍ശിക്കുവാന്‍ സാധിച്ചത്.
ശ്രീ. കലാമണ്ഡലം (ചമ്പക്കര) വിജയന്‍ വളരെ ഭംഗിയായി കുന്തിയെ അവതരിപ്പിച്ചു. പദങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു കൊണ്ടുള്ള ഭാവാഭിനയങ്ങള്‍ കുന്തിയില്‍ പ്രകടമായിരുന്നു.
ശ്രീ. കലാമണ്ഡലം ജയപ്രകാശ്, ശ്രീ. രാജേഷ് ബാബു എന്നിവര്‍ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍ ചെണ്ടയും ശ്രീ. കലാഭാരതി ജയന്‍ മദ്ദളവും ഭംഗിയായി കൈകാര്യം ചെയ്തു. ശ്രീ. കലാഭാരതി ഹരികുമാറിന്റെ ചുമതലയിലുള്ള തിരുവല്ല ശ്രീവൈഷ്ണവം കഥകളി യോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.
കുന്തിയും കര്‍ണ്ണനും ( കലാമണ്ഡലം വിജയനും കലാനിലയം വിനോദും )
കുന്തിയും കര്‍ണ്ണനും
കുന്തി
ഭാനുമതി, ദുര്യോധനന്‍ , കര്‍ണ്ണന്‍, ദുശാസനന്‍
കിരാത സ്തുതി
"ഭൂമൗ തൽപുഷ്പതല്പേ വിജയനഥ പതിച്ചാകുലപ്പെട്ടു പാരം" എന്ന ശ്ലോകം മുതല്‍ " പാരാളും കുരുവീര ഹേ ഹരി സഖേ! ഖേദിക്കൊലാ ചെറ്റുമേ " എന്ന ശിവന്റെ പദവും പാടിയ ശേഷമാണ് ധനാശി പാടിയത്.
വാഴപ്പള്ളി ക്ഷേത്രത്തില്‍ കര്‍ണ്ണശപഥം കഥകളി കഴിഞ്ഞ ശേഷവും അക്ഷമരായി നിന്നുകൊണ്ട് കിരാത സ്തുതികള്‍ ഭക്തിപൂര്‍വ്വം കേട്ട ശേഷമാണ് അവിടെ കൂടിയിരുന്ന ആസ്വാദകര്‍ പിരിഞ്ഞത്.
വളരെ ലളിതവും സമ്യവുമായ ഭാഷയില്‍ ആണ് ഈ ബ്ലോഗ് തയ്യാറാകിയിരിക്കുനത്,അതുകൊണ്ട് വളരെ എളുപ്പത്തില്‍ തന്നെ കഥ മനസിലാക്കാന്‍ കഴിഞ്ഞു .ഇപ്പോള്‍ കഥകളിയോടുള്ള താല്പര്യം കൂടി എന്ന് തന്നെ പറയാം .ഏല്ലാവരും ഇതുപോലെ കഥ മനസിലാക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും , കഥകളി ആസ്വാദകര്‍ കൂടും എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ സാദിക്കും ,ഈ ബ്ലോഗ് തയ്യാറാക്കിയ Ambujakshan Nair ചേട്ടന് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേകപെടുതുന്നു .
മറുപടിഇല്ലാതാക്കൂപോസ്റ്റ് വായിച്ചു. എത്ര സൂക്ഷ്മമായി അംബുജാക്ഷന്‍ ചേട്ടന് വിശദാംശങ്ങള്‍ നല്‍കുന്നു. വാഴപ്പള്ളിയിലെ കളിയില്‍ എന്തൊക്കെയോ പോരായ്മകള്‍ എന്നല്ലാതെ ഇത്രയൊന്നും മനസ്സിലായിരുന്നില്ല. വളരെ ഉപകാരം. മേലില്‍ കര്‍ണശപദം കാണുമ്പൊള്‍ കുറച്ചുകൂടി ശ്രദ്ധിച്ചു ആസ്വദിക്കാന്‍ കഴിയുമെന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂഅമ്പുചേട്ടാ,
മറുപടിഇല്ലാതാക്കൂകർണ്ണശപഥം കഥയും കളിയുടെ വിവരണവും എഴുതിയത് ഭംഗിയായി.
അമ്പുചേട്ടന്റെ വിവരണം എന്നെ വാഴപ്പള്ളി വല്യമ്പലമുറ്റത്തേക്ക് കൂട്ടികൊണ്ടുപോയി.... ആ വല്യമതിൽക്കകത്ത് ഞാൻ ഉണ്ടായിരുന്നു അപ്പോൾ എന്നു തോന്നിപോകുന്നവിധം മനോഹരമായിരുന്നു വരികൾ....
മറുപടിഇല്ലാതാക്കൂതിരുവാഴപ്പള്ളി ശിവപെരുമാൾക്കു നമസ്തുഭ്യം... നമസ്തുഭ്യം....
വളരെ സൂക്ഷ്മമായി അമ്പുവേട്ടൻ വിശദീകരിച്ചു. അതിൽ പറഞ്ഞിരിക്കുന്നതുപോലെ കുരുക്ഷേത്രയുദ്ധത്തിനു അല്പം ദിവസങ്ങൾ മുൻപിലായി നടന്ന കഥകളാണ് കർണ്ണശപഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള വിവരണങ്ങൾ കഥകളി പ്രേക്ഷകരെ കൂട്ടാൻ ഉപകരിക്കും എന്നുള്ളതിൽ ഒരു സംശയവും ഇല്ല.... നന്ദിയോടെ.......
വാഴപ്പള്ളിയില്‍ ധാരാളംഉണ്ട് കഥകളി ആസ്വാദകര്‍.ഫ്ലക്സ് വെചെതോഴിച്ചാല്‍ കഥകളി നടക്കുന്നതയിട്ടു അദികം ആരും അറിഞ്ഞിരുന്നില്ല
മറുപടിഇല്ലാതാക്കൂഎന്ന് തോന്നന്നു .പിറ്റേ ദിവസം വരാന്‍ പട്ടത്തിന്റെ വിഷമം ആരും മറച്ചു വെച്ചതും ഇല്ല.കഥയെ ഇത്രയും ആഴത്തില്‍ മനസിലാക്കാന്‍ അമ്പു ഏട്ടന്റെ വിവരണം എല്ലാവര്ക്കും സഹായമാണ്,എല്ലകതകളുടെയും ഇത്തരത്തിലുള്ള വിവരണം പ്രദിക്ഷിക്കുന്നു ചേട്ടാ ഞങ്ങള്‍ കുട്ടികള്‍
വിവിധ കലാകാരന്മാർ ചെയ്യുന്ന ഇളകിയാട്ടങ്ങളിൽ അല്പസ്വല്പം മാറ്റങ്ങൾ ഉണ്ടാകറുണ്ട്. അതു കൊണ്ട് ഇതുപോലെ ഇളകിയാട്ടങ്ങൾ വിവിരിക്കുമ്പോൾ അസ്വാദകർക്ക് ഉപകരിക്കും.ഇത്രയും വിശദമായി എഴുതിയത് അഭിനന്ദനമർഹിക്കുന്നു.
മറുപടിഇല്ലാതാക്കൂപിന്നെ ശിവക്ഷേത്രത്തിൽ കിരാതത്തിലെ ഭക്തിപ്രധാനമായ പദങ്ങൾ പാടി ധനാശിചെയ്തത് ഔചിത്യമായി. കഥകളി അവതരിപ്പിക്കാൻ തിരുനട ഒഴിഞ്ഞു തന്നതിനുള്ള നന്ദി പ്രകടനം പോലെ ആയി.
തീര്‍ച്ചയായും ...................വിജയേട്ടന്‍ പറഞ്ഞത് ഞങ്ങള്‍ (സജീവ്,മണികണ്ടന്‍ ,ഞാനും ) ചര്‍ച്ചചെയ്തതാണ് .ഭയങ്കര ഭക്തി നിര്‍ഭരമായി പോയ് അത്
മറുപടിഇല്ലാതാക്കൂഎന്റെ ബ്ളോഗ് വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ ഏല്ലാവര്‍ക്കും നന്ദി.
മറുപടിഇല്ലാതാക്കൂവാഴപ്പള്ളില് കളികാണാന്‍ വരുന്നു എന്ന് അറിയിച്ചപ്പോള്‍ തന്നെ ശ്രീ. സുരേഷ് കുമാര്‍ ഇ. ബി, ശ്രീ. രാജേഷ് ഉന്നുപ്പള്ളി, ശ്രീ. സജീവ് കുമാര്‍ തിരുവമ്മടം, ശ്രീ. രാഗേഷ് നന്ദന്‍ എന്നിവര്‍ എനിക്ക് വാഴപ്പള്ളില്‍ എന്തു സൌകര്യവും വേണമെങ്കിലും ചെയ്തു തരാം എന്ന് പറഞ്ഞിരുന്നു. ആദ്യം എത്തിയത് ശ്രീ. സുരേഷ് കുമാര്‍ ഇ. ബി അവര്‍കള്‍ ആണ്. കഥകളി കഴിഞ്ഞു അദ്ദേഹത്തിന്‍റെ വീട്ടില്‍ താമസിച്ചു അടുത്ത നാള്‍ ചങ്ങനാശ്ശേരിയില്‍ വരെ വന്നു എന്നെ അദ്ദേഹം യാത്രയാക്കി. അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സ്വീകരണം മറക്കാന്‍ ആവാത്ത അനുഭവം തന്നെ ആയിരുന്നു. രാത്രി ഒരുമണിക്ക് മേല്‍ വരെ കഥകളി സംബന്ധിച്ച ചര്‍ച്ച തന്നെ ആയിരുന്നു.
കര്‍ണ്ണശപഥം കഥയുടെ അവതരണത്തില്‍ ധാരാളം ഇളകിയാട്ടങ്ങള്‍ ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയുടെ കര്‍ണ്ണന്‍ മുതല്‍ ധാരാളം നടന്മാരുടെ കര്‍ണ്ണന്‍ കണ്ടു മനസിലാക്കുവാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതൊരു ഭാഗ്യമായി കരുതുന്നു.
ഇനി എപ്പോഴെങ്കിലും വാഴപ്പള്ളില്‍ ഒരു കളി കാണുവാന്‍ എത്തുമ്പോള്‍ നിങ്ങളെ എല്ലാവരെയും കണ്ടു സംസാരിക്കുവാന്‍ അവസരം ലഭിക്കും എന്ന് വിശ്വസിക്കുന്നു.
AMBUCHETTANTE VIVARANAM NANAYITTUNDU
മറുപടിഇല്ലാതാക്കൂ