പേജുകള്‍‌

2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

കലിയോട്ടം



കഥകളി എന്ന കലാരൂപത്തെ ഭക്തിയുടെ ഭാഗമായി കാണുന്ന രീതി ദക്ഷിണ കേരളത്തില്‍ നിലവിലുണ്ട്. അതുകൊണ്ടു തന്നെയാണ് ദക്ഷിണ കേരളത്തിലെ പല ക്ഷേത്രങ്ങളിലും കഥകളി വഴിപാടായി നടത്തപ്പെടുന്നത്. വഴിപാട്ടുകാരന്റെ സാമ്പത്തീക സ്ഥിതി അനുസരിച്ചായിരിക്കും പല കളികള്‍ക്കും കലാകാരന്മാരെ നിശ്ചയിക്കുക. 

വഴിപാട്ടു കളികളില്‍ സന്താനഗോപാലം കഥയ്ക്ക്‌ എപ്പോഴും മുന്‍ഗണന ഉണ്ടാകും. സന്താനലബ്ദി എന്ന ഉദ്ദേശം ആണ് സന്താനഗോപാലം വഴിപാടിന്റെ ഉദ്ദേശം. വിവാഹം വധൂഗൃഹത്തില്‍ നടത്തിയിരുന്ന കാലത്ത് എന്റെ ഗ്രാമത്തില്‍  പല വീടുകളിലും വിവാഹത്തോട് അനുബന്ധിച്ച് നളചരിതം ഒന്നാം ദിവസം അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.  രണ്ടു മനസു തമ്മില്‍ അടുപ്പിക്കുന്ന പ്രേമ ദൂതനായ ഹംസത്തിന്റെ  രസകരമായ അവതരണം വധുവിന്റെ മനസ്സിനു സന്തോഷം നല്‍കും എന്നതായിരിക്കാം ഈ കഥകളി അവതരണം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.  നളന്റെ സമീപത്തേക്ക് ഹംസത്തിന്റെ  തിരിച്ചു വരവ് വരെ അവതരിപ്പിക്കുന്ന രീതിയാണ് അന്ന് നിലവില്‍ ഉണ്ടായിരുന്നത്. ഇങ്ങിനെ എന്തെങ്കിലും ചില വിശ്വാസങ്ങളുടെ അടിസ്ഥാനമാണ് ദക്ഷിണ കേരളത്തില്‍ കഥകളിക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുവാന്‍ കാരണമായി തീര്‍ന്നത് എന്ന് കരുതാം.


1970 -കളില്‍ ഒരിക്കല്‍ കഥകളിക്കു പ്രാധാന്യമുള്ള ഏവൂര്‍ ക്ഷേത്രത്തിനു സമീപം ഉള്ള ഒരു ഗൃഹത്തില്‍ നളചരിതം മൂന്നാം ദിവസം കഥകളി അവതരിപ്പിച്ചു . ഗൃഹത്തിന് മുന്‍പില്‍ ഒരു സ്റ്റേജുകെട്ടി നൂറോളം പേര്‍ക്ക് ഇരുന്നു കളി കാണുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

 ഗൃഹനാഥന്റെ മകന്‍ കഥകളി അഭ്യസിച്ചിരുന്നു.  വെളുത്തനളനും  ഋതുപര്‍ണ്ണനും അദ്ദേഹമാണ് ചെയ്തത്. ഒരു പക്ഷെ തന്റെ മകന് പ്രസ്തുത വേഷങ്ങള്‍ കെട്ടി പരിചയം ലഭിക്കുവാന്‍ ഒരു അവസരം എന്നു കൂടി ഈ കളി നടത്തിപ്പിന്റെ ലക്‌ഷ്യം ആയിരുന്നിരിക്കാം . ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരിയായിരുന്നു അന്ന് ബാഹുകായി വേഷമിട്ടത്.  മാങ്കുളം തിരുമേനിയുടെ ശിഷ്യത്തം   സ്വീകരിച്ചിരുന്ന ഒരു കലാകാരനായിരുന്നു  കലി വേഷം ചെയ്തത്. ആ കാലഘത്തിൽ  ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളിലും നടക്കുന്ന കളികളിൽ അദ്ദേഹത്തിൻറെ   വേഷങ്ങൾക്ക് നല്ല അംഗീകാരം ഉണ്ടായിരുന്നു.  


                                                              നളചരിതത്തിലെ  കലി


ഋതുപര്‍ണ്ണനില്‍ നിന്നും അക്ഷഹൃദയം  വശമാക്കിയ ബാഹുകന്‍ പ്രസ്തുത മന്ത്രം പരീക്ഷിച്ചു നോക്കുവാന്‍ താന്നിച്ചുവട്ടിലേക്ക് പോകുന്ന രംഗം വരെ കളി ഗംഭീരമായി നടന്നു കൊണ്ടിരുന്നു. 

 ദമയന്തിയുടെ ശാപമാകുന്ന അഗ്നി ജ്വാലയില്‍ ദഹിച്ചു ശോഷിക്കുകയും കാര്‍ക്കോടകന്റെ വിഷമാകുന്ന നദിയില്‍ മുങ്ങി വലയുകയും ചെയ്ത  കലി, ഋതുപര്‍ണ്ണനില്‍ നിന്നും നേടിയ അക്ഷഹൃദയ വിദ്യയുടെ പ്രഭാവം കൊണ്ട് പൊറുതി മുട്ടി നളനെ വിട്ട് ഒഴിയുന്നതാണ് അടുത്ത രംഗം. ഇവിടെ കലി മുന്നിലും പിന്നാലെ വാളോങ്ങിക്കൊണ്ട് ബാഹുകനും രംഗത്ത് പ്രവേശിച്ചു   സദസ്യരുടെ ഇടയിലേക്ക് ഓടി എത്തി, അവിടെ വെച്ച് ബാഹുകന്‍  കലിയെ പിടിച്ചു  രംഗത്തു കൊണ്ടു വന്നു  " എന്നെ ചതിച്ച നീ എവിടേക്ക് പോയിടുന്നു ? " എന്ന  പദം ആരംഭിക്കുകയാണ് പതിവ്. 


 ഇവിടെ സംഭവിച്ചത് വേറൊന്നാണ്‌.  തിരശീല നീങ്ങിയപ്പോള്‍ കലി മുന്നിലും ബാഹുകന്‍ വാളോങ്ങിയ നിലയില്‍ പിന്നലെയുമായി ആസ്വാദകരുടെ ഇടയില്‍  എത്തിയെങ്കിലും  കലി ബാഹുകന് പിടി കൊടുക്കാതെ കളി നടക്കുന്ന ഗൃഹത്തിന്റെ പിന്നിലേക്ക്‌ ഓടി മറഞ്ഞു. ബഹുകന്‍ ഒന്നും മനസിലാകാതെ ഒരു നിമിഷം അവിടെ നിന്നിട്ട് തിരികെ സ്റ്റേജിലെത്തി.  എന്തു ചെയ്യണം എന്നറിയാതെ പിന്നണി കലാകാരന്മാരോട് എന്താണ് എന്ന് തിരക്കി. അവര്‍ക്കും ഒരു വിവരവും ഇല്ല. ബാഹുകന്‍ അരങ്ങില്‍ ഇരുന്നു. കലി വന്നാല്‍ അല്ലേ കളി തുടരൂ. ഒരു നിമിഷം അങ്ങിനെ ഇരുന്നിട്ട് ബാഹുകന്‍ അണിയറയിലേക്ക്  പോയി. ബാഹുകന്‍ അണിയറയില്‍ എത്തിയപ്പോള്‍ കലി സദസ്യരുടെ നടുവില്‍ എത്തി. ഇപ്പാള്‍ കലി ബാഹുകനെ പ്രതീക്ഷിച്ചു നില്‍പ്പായി. കലി എത്തിയപ്പോള്‍ പൊന്നാനി ഭാഗവതര്‍ ബാഹുകനെ അണിയറയില്‍ ചെന്ന് കലി എത്തിയിരിക്കുന്നു കളി തുടരാം എന്ന് അറിയിച്ചു. കോപം കൊണ്ടു വിറച്ചു നിന്നിരുന്ന ബാഹുകന്‍ അരങ്ങിലേക്ക് വരുവാന്‍ വിസമ്മതിച്ചു.   ഒടുവില്‍ പൊന്നാനി ഭാഗവതര്‍ സ്വാന്തനപ്പെടുത്തി അരങ്ങിലേക്ക് കൂട്ടിവന്നു. കലി സ്റ്റേജിനു വളരെ സമീപം  ബാഹുകന് പിടിക്കുവാന്‍ സൌകര്യമായി നിന്നിരുന്നു. ബാഹുകന്‍ കലിയെ പിടിച്ചു കൊണ്ടു സ്റ്റേജില്‍ എത്തി കളി തുടര്‍ന്നു. 

കളി  അവസാനിച്ച ശേഷം അണിയറയില്‍ എത്തിയ മാങ്കുളം കലി കെട്ടിയ ശിഷ്യ പ്രവരനെ അതി ശക്തമായി നേരിട്ടു. കുറ്റ ബോധത്തോടെ ഒന്നും പ്രതികരിക്കാതെ നില്‍ക്കുക മാത്രമാണ് ശിഷ്യന്‍ ചെയ്തത്. കലി നടനോട് എല്ലാവരും ചോദിച്ചു കൊണ്ടിരുന്ന ഒരേ ചോദ്യം "താന്‍ എവിടെക്കാണ്‌ പോയത്?" ഉത്തരം പറയാതെ കലി നടന്‍ മൌനമായി നില്‍ക്കുക മാത്രമാണ്  ചെയ്തത്. 

ഗൃഹനാഥന്‍ കളിപ്പണം നല്‍കി എല്ലാ കലാകാരന്മാരെയും യാത്രയാക്കി. കലി നടനെ വളരെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. എന്തോ ഒരു മഹാത്യാഗം തനിക്കു വേണ്ടി ആ നടന്‍ ചെയ്ത സംതൃപ്തി ആ ഗൃഹനാഥനില്‍ പ്രകടമായിരുന്നു. 
അന്ന് കഥകളിക്കു പങ്കെടുത്ത മിക്ക കലാകാരന്മാര്‍ക്കും കാണികള്‍ക്കും കലി ബാഹുകന് പിടി കൊടുക്കാതെ നടത്തിയ കലിയോട്ടത്തിന്റെ  മര്‍മ്മം അറിഞ്ഞിട്ടുണ്ടാവുമോ എന്ന് സംശയമാണ്. 

വളരെ കുറച്ചു നാളുകള്‍ കഴിഞ്ഞു എവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന ഒരു കളി കാണുവാന്‍ പോയപ്പോള്‍ കഥകളിയോഗം മാനേജരും കഥകളി നടനുമായിരുന്ന  ശ്രീ. ഏവൂര്‍ പരമേശ്വരന്‍ നായരില്‍ നിന്നുമാണ് ഈ  "കലിയോട്ടത്തിന്റെ " രഹസ്യം അറിയുവാന്‍ സാധിച്ചത്. 

ഋതുപര്‍ണ്ണനില്‍ നിന്നും നേടിയ അക്ഷഹൃദയ വിദ്യയുടെ പ്രഭാവം കൊണ്ട് കലി പൊറുതി മുട്ടിഓടുമ്പോള്‍  തന്റെ ഗൃഹത്തിന്  ഒരു തവണ വലം വെച്ച് ഓടിയാല്‍ തന്റെ ഗൃഹത്തിനെയോ ഗൃഹാംഗങ്ങളെയോ ഏതെങ്കിലും രീതിയില്‍  " കലിദോഷം"  ബാധിച്ചിട്ടുണ്ടെങ്കില്‍ മാറി കിട്ടും എന്ന്  കഥകളി നടത്തിയ ഗൃഹനാഥന്റെ വിശ്വാസത്തിനു മുന്‍പില്‍ സാമ്പത്തിക ലാഭം ആഗ്രഹിച്ചു  കലി നടന്‍ ചെയ്ത സാഹസമാണ് അന്ന് നടന്നത്. 

നീളം കുറവും വീതി കൂടുതലുമായ ആ വീടിനെ ചുറ്റി മരച്ചീനി, ചേമ്പ് തുടങ്ങിയവ   കൃഷി ചെയ്തിരുന്നതിനാലും കലി നടന്‍ ഒരു തവണ വീടിനെ വലം വെച്ച് വരുവാന്‍ മൂന്ന് നിമിഷത്തിലധികം  സമയം എടുത്തു. ഗൃഹനാഥനും അദ്ദേഹത്തിന്‍റെ കാര്യസ്ഥനും കലിക്കു വഴികാട്ടുവാന്‍ വിളക്കുമായി വീടിനു പിറകില്‍ തയ്യാറായി നിന്നിരുന്നു അത്രേ. 

മാങ്കുളം തിരുമേനിയോട് പറഞ്ഞു  ഈ പദ്ധതി പറ്റി ഒരു ധാരണ ഉണ്ടാക്കണം എന്ന് കലി നടന്‍    ഗൃഹനാഥനോട് അപേക്ഷിച്ചിരുന്നു. മാങ്കുളം തിരുമേനിയോട് വിവരം പറഞ്ഞാല്‍ അദ്ദേഹം ഈ വികൃതിക്ക്  സമ്മതിക്കുമോ എന്ന് അറിയില്ല. അതുകൊണ്ട് എന്ത് പ്രശ്നം വന്നാലും ഞാന്‍  പരിഹരിച്ചു കൊള്ളാം എന്ന് അദ്ദേഹം കലി നടന്  ഉറപ്പു നല്‍കിയിരുന്നത്രേ.

ഈ കഥയിലെ  ഗൃഹനാഥനെ പോലെ ചിന്തിക്കുന്ന കഥകളി സ്നേഹികള്‍ കേരളമെങ്ങും ഉണ്ടായാല്‍ കഥകളി കഥകളില്‍ ഏറ്റവും കൂടുതല്‍ അരങ്ങു കാണുന്ന   കഥ നളചരിതം മൂന്നാം ദിവസം തന്നെ ആയിരുന്നിരിക്കും.


 

14 അഭിപ്രായങ്ങൾ:

  1. :):) എന്തൊക്കെ സംഗതികളാ ലോകത്തില്‍!!!!

    മറുപടിഇല്ലാതാക്കൂ
  2. നന്ദി, സർ - ഹൃദ്യമായ വിവരണം. നളനു കലിയിൽ നിന്നു മുക്തി കിട്ടുന്ന ഈ രംഗം മാങ്കുളം തിരുമേനി വളരെ പ്രധാനമായി കണക്കാക്കിയിരുന്നുവെന്നും തനിയ്ക്കു മൂന്നാം ദിവസം ബാഹുകൻ നിശ്ചയിയ്ക്കുന്നിടത്തൊക്കെ ഈ രംഗം അവതരണത്തിൽ ഉൾപ്പെടുത്തണമെന്നു നിർദേശിയ്ക്കാറുണ്ടെന്നും അയ്മനം കൃഷ്ണക്കൈമൾ "മാങ്കുളം വിഷ്ണുനമ്പൂതിരി" എന്ന ജീവചരിത്രഗ്രന്ഥത്തിൽ (NBS, 1987) സൂചിപ്പിച്ചിട്ടുണ്ട്.

    തന്റെ കുടുംബത്തിന്റെ കലിദോഷം ഇങ്ങിനെയൊരു ലളിതമായ പ്രദക്ഷിണത്തിലൂടെ മാറുകയാണെങ്കിൽ മാറട്ടെ എന്നു വിശ്വാസപൂർവം ആഗ്രഹിച്ച ഗൃഹനാഥൻ, കളി നടത്തുന്നയാളുടെ ഈ ആഗ്രഹം ഗുരുവിന്റെ അപ്രീതിനേടിയിട്ടാണെങ്കിലും സാധിച്ചുകൊടുക്കാം എന്നു നിശ്ചയിച്ച യുവനടൻ, അനാവശ്യമായ, അസ്ഥാനത്തുള്ള രംഗനിഷ്ക്രമണത്തിലൂടെ കളിയുടെ തുടർച്ചയ്ക്കു വിഘാതമുണ്ടാക്കിയ ശിഷ്യനെതിരെ കോപാവിഷ്ടനായ ഗുരു - ഇവർ മൂന്നുപേരും അവരവരുടെ നിലയ്ക്കു ശരിയാണെന്നു തോന്നി, ഇതു വായിച്ചപ്പോൾ....

    -Srikrishnan

    മറുപടിഇല്ലാതാക്കൂ
  3. ഇത്തരം (അ)വിശ്വാസങ്ങള്‍ കഥകളിക്കും, കളിക്കാരനും മെച്ചം. കളിക്കാര്‍ സാമ്പത്തികമായി നേടുമ്പോള്‍, നടത്തിപ്പുകാര്‍ ഭൌദീകമായി നേടുന്നു സന്തോഷം. എല്ലാവര്‍ക്കും ഉപയോഗപ്രദമായ വിശ്വാസം!!

    മറുപടിഇല്ലാതാക്കൂ
  4. Mr. Srikrishnan Ar, Mr. Sunil, Mr. murali , Mr. ഹരി നാരായണന്‍, Mr.RamanNambisan Kesavath, Smt. Padmini Narayanan എന്നിവര്‍ എന്റെ ബ്ളോഗ് കഥ "കലിയോട്ടം " വായിച്ചു ബ്ലോഗിലും ഫേസ് ബുക്കിലും വിലയേറിയ അഭിപ്രായം പങ്കു വെച്ചതില്‍ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  5. write up gambheeramayirikkunnu. Thankal oru ezhuthukaaranayikkondirikkunnu. avatharana reethiyanu ee lekhanathinte bhangi.

    congrats & best wishes

    മറുപടിഇല്ലാതാക്കൂ
  6. നാഗരികതയുടെ പരക്കം പാച്ചിലുകളില്‍ വേരുകള്‍ മറക്കപ്പെടുന്നു, കലാരൂപങ്ങള്‍ അന്യാമാകുന്നു. ആസ്വാദകര്‍ കുറയുന്നു . ചുരുങ്ങിയത്, ഇങ്ങനെ ഉള്ള (അ)വിശ്വാസത്തിന്റെ പേരിലെങ്കിലും ഈ കലാരൂപം നില നില്‍ക്കട്ടെ.

    -- ഒരു ചെറിയ ആസ്വാദകന്‍

    മറുപടിഇല്ലാതാക്കൂ
  7. വളരെ നല്ല വിവരണം. ഏറെ രസകരവും. ഗൃഹനാഥന്‍ രാജകുടുംബത്തില്‍ പെട്ടയാളാവാഞ്ഞത് നന്നായി. രാജകൊട്ടാരം വലം വച്ച് വരുമ്പോഴേക്കും തിരുമേനി കലിയെ കാണാഞ്ഞ് കളിപ്പണവും പറ്റി പണ്ടേ ഇല്ലത്ത് എത്തിയേനെ!

    മറുപടിഇല്ലാതാക്കൂ
  8. അത് ശരിയാണ്. ഈ സംഭവം ഒന്ന് കാര്യമായി പ്രചരിപ്പിച്ചാൽ കുറേ അരങ്ങുകൾ കിട്ടിക്കൂടെന്നില്ല. അക്ഷയ തൃതീയ ദിവസം സ്വർണ്ണം വാങ്ങി ജോയ് ആലുക്കായ്ക്ക് ഐശ്വര്യം ഉറപ്പിക്കുന്നവരാണല്ലോ പൂവർ മലയാളീസ്.

    ലേഖനം നന്നായിരിക്കുന്നു, രസകരമായ ആഖ്യാനവും. അഭിനന്ദനങ്ങൾ, അംബുജാക്ഷൻ നായർ.

    മറുപടിഇല്ലാതാക്കൂ
  9. ഇത്തരം നവം നവങ്ങളായ വിവരണങ്ങളാണു് ഈ ബ്ലോഗിനെ ആകര്‍ഷകമാക്കുന്നതു്.ഏറെ രസകരവും പുതിയ അറിവും പകരുന്നു അവതരണം. കലിബാധ എന്നു കേട്ടിട്ടുണ്ടു്. എന്നാല്‍ ഈ കലിയോട്ടം പുതിയതും പുതുമ നിറഞ്ഞതുമാണു്. നന്ദി.

    മറുപടിഇല്ലാതാക്കൂ
  10. കഥകളിക്ക് ഗുണമാവുന്നതിനാല്‍ ഇത്തരം (അന്ധ)വിശ്വാസങ്ങള്‍ (മന:പൂര്‍വ്വം തന്നെ) പ്രചരിപ്പിചാലും വലിയ കുഴപ്പം ഇല്ല എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  11. ഇതൊക്കെ കഥകളി ആസ്വാദനത്തിന്റെ ഭാഗം ആണ്. ചേട്ടന്റെ അച്ഛൻ ഒരു മഹാനായ കലാകാരന ആയതുകൊണ്ടും കളി കാണാൻ കൂടുതൽ സാധിച്ചതുകൊണ്ടും ധാരാളം അനുഭവങ്ങൾ ഉണ്ടാകും. പലരോടും ഇപ്പോളും പഴയ ഒരു ബ്ലോഗിലെ കഥ പറയാറുണ്ട് (ഷർട്ട്‌ ഇട്ടു പൊന്നാനി പാടിയ കഥ). ഈ ബ്ലോഗും ഒരു കഥകളി യുവ ഭാഗവതർക്ക് മെസ്സേജ് ആയി അയച്ചു കൊടുത്തു . ഇനിയും എഴുതൂ . പുതുവത്സര ആശസകൾ

    മറുപടിഇല്ലാതാക്കൂ
  12. ഇതൊക്കെ കഥകളി ആസ്വാദനത്തിന്റെ ഭാഗം ആണ്. ചേട്ടന്റെ അച്ഛൻ ഒരു മഹാനായ കലാകാരന ആയതുകൊണ്ടും കളി കാണാൻ കൂടുതൽ സാധിച്ചതുകൊണ്ടും ധാരാളം അനുഭവങ്ങൾ ഉണ്ടാകും. പലരോടും ഇപ്പോളും പഴയ ഒരു ബ്ലോഗിലെ കഥ പറയാറുണ്ട് (ഷർട്ട്‌ ഇട്ടു പൊന്നാനി പാടിയ കഥ). ഈ ബ്ലോഗും ഒരു കഥകളി യുവ ഭാഗവതർക്ക് മെസ്സേജ് ആയി അയച്ചു കൊടുത്തു . ഇനിയും എഴുതൂ . പുതുവത്സര ആശസകൾ ...

    മറുപടിഇല്ലാതാക്കൂ
  13. ആ വീട്ടുവളപ്പിൽ കിണർ ഇല്ലാതെ ഇരുന്നത് ഭാഗ്യം .................ചിലപ്പോള ബഹുകാൻ ധനശി വരെ കാത്തിരിക്കേണ്ടി വന്നേനെ !!!!!

    മറുപടിഇല്ലാതാക്കൂ