പേജുകള്‍‌

2015 മേയ് 27, ബുധനാഴ്‌ച

ബാല്യകാലസ്മരണകൾ -7 (ജീവിതത്തിലെ സൗഭാഗ്യങ്ങൾ നിറഞ്ഞ കാലഘട്ടം-1)



അച്ഛന്റെ കലാജീവിതത്തിൽ ലോകധർമ്മിത്തം നിറഞ്ഞ അവതരണം കൊണ്ട് ജനശ്രദ്ധ നേടിയ അച്ഛന്റെ പ്രധാന രണ്ട് വേഷങ്ങളായിരുന്നു   നളചരിതം ഒന്നിലെ ഹംസവും നിഴൽക്കുത്തിലെ മാന്ത്രികനും. എവിടെ കളിക്ക് ക്ഷണിച്ചാലും വേറെന്തു കഥ നിശ്ചയിച്ച് ഉറപ്പിച്ചു വെച്ചിരുന്നാലും അച്ഛൻ കളി സ്ഥലത്തു ചെന്നെത്തിക്കഴിയുംപോൾ കഥകളി ആസ്വാദകരുടെ സമ്മർദ്ദം മൂലം  കഥകൾ മാറി "ഒന്നും കുത്തും" (നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തും)  എന്ന ഒരു നില ഉണ്ടായിരുന്നു. ഹംസം ചെയ്യാൻ ഓയൂർ അല്ലെങ്കിൽ ചെന്നിത്തല എന്നും  മാന്ത്രികൻ ചെയ്യാൻ ചെന്നിത്തല അല്ലെങ്കിൽ മുട്ടാർ ശിവരാമൻ എന്നും അക്കാലത്ത് ആസ്വാദകർക്കിടയിൽ ഒരു അഭിപ്രായം നിലനിന്നിരുന്നു. 1970 കളിൽ അച്ഛൻ ചെയ്തിട്ടുള്ള കൂടുതൽ വേഷങ്ങളും ഹംസവും മാന്ത്രികനും ആയിരുന്നു എന്നതിൽ സംശയവും  ഇല്ല.

 അച്ഛന്റെ സഹോദരീ പുത്രനായ ശ്രീ. ചെന്നിത്തല ഭാസ്കരൻ  പിള്ള ഗുരു. ചെങ്ങന്നൂരിന്റെ കീഴിൽ കഥകളി അഭ്യസിച്ചു വന്നിരുന്നു.   ചെന്നിത്തല സിദ്ധാശ്രമത്തിൽ എല്ലാ വർഷവും പത്താമുദയത്തിന് കഥകളി പതിവുണ്ടായിരുന്നു. ആ കാലയളവിൽ  ഒരു കളിക്ക്        ഹരിശ്ചന്ദ്രചരിതം   കഥയായിരുന്നു അവിടെ നിശ്ചയിച്ചിരുന്നത്. അന്നത്തെ  കളിക്ക് ശ്രീ. ചെന്നിത്തല ഭാസ്കരൻ  പിള്ളയുടെ അരങ്ങേറ്റവും തീരുമാനിച്ചിരുന്നു. ഹരിശ്ചന്ദ്രചരിത്തിലെ  ഇന്ദ്രനും സത്യകീർത്തിയും ആയിരുന്നു അദ്ദേഹത്തിൻറെ  അരങ്ങേറ്റ വേഷങ്ങൾ.     പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ വിശ്വാമിത്രൻ,  ഗുരു. ചെങ്ങന്നൂരിന്റെ വസിഷ്ടനും കാളകണ്ഠനും, ശ്രീ. മങ്കൊമ്പ്   ആശാന്റെ ചന്ദ്രമതി, അച്ഛന്റെ ഹരിശ്ചന്ദ്രൻ എന്നിങ്ങനെ വേഷങ്ങളും ശ്രീ. വൈക്കം സഹോദരന്മാരായ ശ്രീ. തങ്കപ്പൻ പിള്ള ചേട്ടനും പുരുഷോത്തമൻ ചേട്ടനും സംഗീതം, ശ്രീ. കണ്ടല്ലൂർ സദാശിവൻ ചെണ്ടയും ശ്രീ. ഏവൂർ കുട്ടപ്പൻ നായരുടെ മദ്ദളം , പോരുവഴി മാധവൻ ഉണ്ണിത്താൻ അവർകളുടെ കളിയോഗവും എന്നിങ്ങനെയായിരുന്നു നിശ്ചയിച്ചിരുന്നത്.

                                                                               ഗുരു. ചെങ്ങന്നൂർ  

                                     പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാൻ,  


                                                  ശ്രീ. വൈക്കം സഹോദരന്മാർ 

പത്താമുദയത്തിനു മുൻ ദിവസം അച്ഛന് വടക്കൻ പറവൂരിൽ ആയിരുന്നു കളി. ആ കാലഘട്ടങ്ങളിൽ ആലുവാ, വടക്കൻ പറവൂർ (ഏലൂർ നാറാണത്ത്, പെരുവാരം തുടങ്ങിയ ക്ഷേത്രങ്ങളിൽ)   ഭാഗങ്ങളിൽ ധാരാളം കളികൾക്ക് അച്ഛനെ ക്ഷണിക്കപ്പെട്ടിരുന്നു.   വടക്കൻ പറവൂരിൽ  കളിക്ക് പോകുന്നതിനു മുൻപ് അച്ഛൻ  വീട്ടിനുള്ളിൽ കിടന്ന രണ്ടു കട്ടിലും എടുത്ത് തൊഴുവത്തിന്റെ തിണ്ണയിൽ കൊണ്ടിട്ടു. പത്താമുദയത്തിനു വീടിനടുത്തുള്ള സിദ്ധാശ്രമത്തിൽ   കളിയുള്ളതിനാൽ സഹകലാകാരന്മാർ ആരെങ്കിലും വീട്ടിൽ എത്തിയാൽ അവർക്ക് വിശ്രമിക്കാൻ ഒരു സൗകര്യം എന്ന ഉദ്ദേശത്തോടെയാണ് അച്ഛൻ അങ്ങിനെ ചെയ്തത്. കൊല്ലം ജില്ലയിലെ ഒരു കളി കഴിഞ്ഞ്  ചെങ്ങന്നൂർ ആശാനും   കൃഷ്ണൻ നായർ ആശാനും വൈക്കം സഹോദരന്മാരും കൂടി നേരേ വീട്ടിലേക്കാണ് എത്തിയത്. എന്റെ വീടിന് അരികിൽ  പ്രകൃതി അനുഗ്രഹിച്ച് നൽകിയ തേവർകുളം പൊതുജനങ്ങളാൽ വളരെ ശുദ്ധമായി വെച്ചിരുന്ന കാലമായിരുന്നു അത്. ചെങ്ങന്നൂർ ആശാനും കൃഷ്ണൻ നായർ ആശാനും വൈക്കം സഹോദരന്മാരും  ദിനചര്യകളുടെ ഭാഗമായ  സ്നാനം തേവർ കുളത്തിൽ  പൂർത്തിയാക്കി.  കുളത്തിലെ വെള്ളത്തിൽ ശരീരം  കഴുത്തുവരെ താഴ്ത്തി സുമാർ ഒരുമണി നേരത്തോളം സമയം നർമ്മ സംഭാഷണങ്ങളോടെ കഴിഞ്ഞ ശേഷമാണ് നാലുപേരും വീട്ടിലെത്തിയത്.  കാപ്പികുടി കഴിഞ്ഞപ്പോൾ ശ്രീ. ഭാസ്കരൻ പിള്ള എത്തി.  ഭാസ്കരൻ പിള്ളയുടെ സഹായത്തോടെ കൃഷ്ണൻ നായർ ആശാൻ  ഒരു കട്ടിൽ തൊഴുവത്തിന്റെ തിണ്ണയിൽ നിന്നും എടുത്ത് വൈക്കോൽ തുറുവിട്ടിരുന്ന തെങ്ങിൻ ചുവട്ടിൽ നിഴൽ സൗകര്യം നോക്കിയിട്ട്  വിശ്രമിച്ചു. ശരീരത്തിൽ വെയിൽ പതിക്കുമ്പോൾ  അദ്ദേഹം എഴുനേറ്റ് നിഴൽ സ്ഥാനം നോക്കി കട്ടിൽ നീക്കിയിടുന്നതും കാണാമായിരുന്നു.  വീടിന്റെ തിണ്ണയിൽ ഒരു പായുമിട്ട് വൈക്കം സഹോദരന്മാരും വിശ്രമിച്ചു. തൊഴുവത്തിന്റെ തിണ്ണയിലിട്ടിരുന്ന കട്ടിലിൽ ഇരുന്നുകൊണ്ട്  ചെങ്ങന്നൂർ ആശാൻ ഭാസ്കരൻ പിള്ളയ്ക്ക് ഇന്ദ്രന്റെയും സത്യകീർത്തിയുടെയും   പദങ്ങളും അരങ്ങിൽ ചെയ്യേണ്ടതുമായ വിവരങ്ങളും  പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. പിന്നീട് ചെങ്ങന്നൂർ ആശാൻ  ആ കട്ടിലിൽ  വിശ്രമിക്കുകയും ചെയ്തു.  അച്ഛൻ എത്തിയശേഷം മാത്രം വിളിച്ചാൽ മതിയെന്ന് അറിയിച്ചാണ് എല്ലാവരും വിശ്രമിക്കാൻ കിടന്നത്.

ഉച്ചയ്ക്ക്  ഒന്നര  രണ്ടു  മണിയോടെയാണ് അച്ഛൻ വടക്കൻ പറവൂരിൽ നിന്നും വീട്ടിൽ എത്തിയത്. ഗുരുനാഥൻ തൊഴുവത്തിന്റെ തിണ്ണയിലും കൃഷ്ണൻ നായർ ആശാൻ വൈക്കോൽ തുറുവിന്റെ നിഴലിലും സഹപ്രവർത്തകരായ വൈക്കം സഹോദരന്മാർ വീടിന്റെ തിണ്ണയിലും വിശ്രമിക്കുന്നത് കണ്ടപ്പോൾ അച്ഛൻ മാനസീകമായി തളർന്നു. ഒരു കള്ളനെന്നപോലെ ശബ്ദമുണ്ടാക്കാതെ ദിനചര്യകൾ പൂർത്തിയാക്കി  ആഹാരവും കഴിച്ചു . ഗുരുവും കൃഷ്ണൻ നായർ ആശാനും വൈക്കം സഹോദരന്മാരും ഉണർന്നാൽ ആഹാരം നൽകണമെന്നും അവർ തന്നെ പറ്റി  ചോദിച്ചാൽ   കളിസ്ഥലത്തെക്ക് പോയിട്ടുണ്ട് എന്ന് പറഞ്ഞാൽ മതി എന്നും പറഞ്ഞുകൊണ്ട് അച്ഛൻ ബാഗുമെടുത്ത് സിദ്ധാശ്രമത്തിലേക്ക് നടന്നു നീങ്ങി.  മൂന്ന് മണിക്ക് കൃഷ്ണൻ നായർ ആശാൻ എഴുനേറ്റു. ആശാന്റെ ഉറക്കം വൈക്കോൽ തുറുവിന്റെ നിഴൽ അടിക്കടി ശല്ല്യം ചെയ്തു കൊണ്ടിരുന്നു.  ആശാൻ എഴുനേറ്റപ്പോൾ ആഹാരം റെഡി എന്ന്  മുത്തശ്ശി അറിയിച്ചു.

                                                          ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ

ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാന്റെ (മുത്തശ്ശിയുടെ പിതാവ്)   ഒരു വേഷമേ  ഞാൻ കണ്ടിട്ടുള്ളൂ. നളചരിതം-2 ലെ കാട്ടാളൻ.  അതും വളരെ അവശനായ കാലത്ത്. അദ്ദേഹത്തോടുള്ള അളവറ്റ ബഹുമാനമാണ് ചെല്ലപ്പൻപിള്ളയോട് ഞാൻ പുലർത്തുന്ന സ്നേഹബന്ധം   എന്ന്  മുത്തശ്ശിയോട്    കൃഷ്ണൻ നായർ ആശാൻ അറിയിച്ചു കൊണ്ട് ചെങ്ങന്നൂർ ആശാനെയും വൈക്കം സഹോദരന്മാരെയും വിളിച്ചുണർത്തി.   എല്ലാവരും അച്ഛനെ അന്വേഷിച്ചു. കളിസ്ഥലത്തേക്ക് പോയി എന്ന് ഞങ്ങൾ അവരെ  അറിയിച്ചു. പുഞ്ച കൃഷി കഴിഞ്ഞുള്ള  പുത്തരിയുടെ  ചോറും, പഴുത്തമാങ്ങാക്കറിയും   ചീമചക്കത്തീയലും,  ചക്കക്കുരുവും  മുരിങ്ങക്കായ് തോരനുംകൂട്ടിയുള്ള ഭക്ഷണം കഴിഞ്ഞ് എല്ലാവരും വീണ്ടും വിശ്രമിച്ചു.  ആറുമണിക്ക് ചായകുടിയും കഴിഞ്ഞ് യാത്രയ്ക്കുള്ള ഒരുക്കമായി. വീടിന്റെ ഉമ്മറത്ത് വെച്ചിരുന്ന  അച്ഛന്റെ മുത്തച്ഛന്റെ (ചെന്നിത്തല കൊച്ചുപിള്ള പണിക്കർ) ചിത്രത്തിന്റെ മുൻപിൽ എത്തി വണങ്ങിയ ശേഷമാണ്    ഗുരു. ചെങ്ങന്നൂരും കൃഷ്ണൻ നായർ ആശാനും യാത്ര പറഞ്ഞത്. വൈക്കം സഹോദരന്മാരാകട്ടെ യാത്ര പറഞ്ഞ് മുന്നോട്ടു നീങ്ങിയ ശേഷം മടങ്ങി വന്ന് "പഴുത്ത മാങ്ങാക്കറിയുടെയും ചീമചക്കത്തീയലിന്റെയും രുചിയെ പറ്റി  അമ്മയോടും മുത്തശ്ശിയോടും പ്രശംസ  അറിയിച്ച  ശേഷമാണ്  യാത്രയായത്.        

2015 മേയ് 3, ഞായറാഴ്‌ച

ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാന് ബാഷ്പാഞ്ജലി


ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാൻ കൊട്ടാരക്കരയ്ക്ക് സമീപം വെളിനല്ലൂർ കിഴക്കേമേലതിൽ ശ്രീമതി പാർവതിയമ്മയുടെയും തുള്ളൽ വിദഗ്ദൻ.   ശ്രീ.പുത്തൻ മഠത്തിൽ ശങ്കരപ്പിള്ളയുടെയും  പുത്രനായി   26-06-1936 -ൽ ജനിച്ചു. ചെറുപ്പകാലം   മുതലേ നാദസ്വരത്തിലും സംഗീതത്തിലുമുള്ള     അഭിരുചി മനസിലാക്കിയ അദ്ദേഹത്തിൻറെ  മാതുലന്റെ സഹായത്തോടെ   ശ്രീ. കടയ്ക്കാവൂർ വേലുക്കുട്ടി നായരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. ഈ അവസരത്തിൽ  ശ്രീ. വൈക്കം വാസുദേവൻ നായരുമായി പരിചയപ്പെടുവാനും ഉപദേശങ്ങൾ നേടുവാനും അദ്ദേഹത്തിനു സാധിച്ചു.   17 -മത്തെ വയസ്സിൽ കേരള കലാമണ്ഡലത്തിൽ ചേർന്ന്  കഥകളി   സംഗീതം അഭ്യസിച്ചു. ശ്രീ. ശിവരാമൻ നായർ, ശ്രീ. മാധവപ്പണിക്കർ, ശ്രീ. നീലകണ്ഠൻ നമ്പീശൻ എന്നിവരായിരുന്നു ഗുരുനാഥന്മാർ.  ഇരുപത്തി ഒന്നാമത്തെ വയസ്സിൽ കലാമണ്ഡലത്തിൽ വെച്ച് അരങ്ങേറ്റം നടത്തി.   ആറുവർഷത്തെ സംഗീത അഭ്യസനം പൂർത്തിയാക്കിയ അദ്ദേഹം എഴാം വർഷത്തിൽ കലാമണ്ഡലത്തിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. കലാമണ്ഡലം കളരിയിൽ നിന്നും കഥകളി സംഗീതജ്ഞന്മാരായി പുറത്തുവന്ന നാൽപ്പതിലധികം കലാകാരന്മാരെയാണ് ആശാൻ സംഗീതം അഭ്യസിപ്പിച്ചത്.  

                                                     
                                                              ശ്രീ. ഗംഗാധരൻ ആശാൻ





1991-ൽ  വൈസ്പ്രിൻസിപ്പാൾ  പദവിവഹിച്ചുകൊണ്ട്   അദ്ദേഹം കലാമണ്ഡലത്തിൽ നിന്നും വിരമിച്ചു.  ശ്രീ. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പ് എന്നീ ഗായകരുടെ ശിങ്കിടി ഗായകനായി അരങ്ങിൽ പ്രവർത്തിക്കാൻ സാധിച്ചത് മഹാഭാഗ്യമായിട്ടാണ് ആശാൻ വിശ്വസിച്ചിരുന്നത്.   കേരള കലാമണ്ഡലം പുരസ്കാരം,സംഗീത  നാടക അക്കാഡമി പുരസ്കാരം, കൊട്ടാരക്കര തമ്പുരാൻ പുരസ്കാരം എന്നിങ്ങനെ അനേകം പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്. കേരളകലാമണ്ഡലം ചുമതല വഹിച്ച ധാരാളം വിദേശയാത്രകളിലൂടെ ഒട്ടനവധി നാടുകൾ സന്ദർശിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.   
  2015 ഏപ്രിൽ 26 -ന്   അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. 


  
ആശാനും  കുടുംബവും 




                                                 
                                                    ശ്രീ. മടവൂർ ആശാനും ശ്രീ. ഗംഗാധരൻ ആശാനും.

ശ്രീ. ഗംഗാധരൻ ആശാന്റെ ഏറ്റവും പ്രധാന ആത്മമിത്രമായി കണ്ടിരുന്നത്‌ ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാനെയായിരുന്നു. ശ്രീ.  ഓയൂർ ആശാൻ മരണപ്പെടുന്ന കാലംവരെ ആ ആത്മബന്ധം നിലനിർത്തുവാൻ ആശാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

 എന്റെ ചെറുപ്പകാലം മുതൽ അദ്ദേഹത്തിൻറെ ധാരാളം അരങ്ങുകളുടെ മുന്നിൽ  എത്തിച്ചേരുവാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കരുതുന്നു. ശിഷ്യന്മാരായ ശ്രീ. കലാമണ്ഡലം (വെണ്മണി) ഹരിദാസ്, ശ്രീ.കലാമണ്ഡലം  രാധാകൃഷ്ണൻ, ശ്രീ. കലാമണ്ഡലം രവീന്ദ്രൻ എന്നിവരുമൊത്ത് പ്രവർത്തിച്ച അരങ്ങുകൾ  മനസാസ്മരിച്ചു കൊണ്ട് ബഹുമാന്യനായ ഗംഗാധരൻ ആശാന് ഞാൻ   കണ്ണീർ അഞ്ജലി സമര്പ്പിക്കുന്നു.

ശ്രീ.ഗംഗാധരൻ ആശാന്റെ വേർപാടിൽ ദുഖിക്കുന്ന കുടുംബാംഗങ്ങൾ, ശിഷ്യന്മാർ, സുഹൃത്തുക്കൾ, ആസ്വാദകർ എന്നിവരോടൊപ്പം ഞാനും ദുഖത്തിൽ പങ്കുചേരുന്നു.  

  
പ്രത്യേക അറിയിപ്പ്: എന്റെ ഈ ബ്ലോഗിൽ ചേർത്തിട്ടുള്ള ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാന്റെ എല്ലാ ഫോട്ടോകൾക്കും    ഫേസ്ബുക്കിലെ   പോസ്റ്റുകളോട് കടപ്പാട് അറിയിക്കുന്നു.  

2015 ഏപ്രിൽ 10, വെള്ളിയാഴ്‌ച

ബാല്യകാലസ്മരണകൾ -6 (കഥകളിയെ വിശ്വസിച്ച് മുപ്പതു സെന്റ്‌ ഭൂമി )

എന്റെ ഗ്രാമമായ ചെന്നിത്തലയിലുള്ള സിദ്ധാശ്രമത്തിലെ പത്താമുദയ മഹോത്സവത്തിന് കഥകളി പതിവായിരുന്നു. പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരാശാനും  ശ്രീ. കുടമാളൂർ കരുണാകരൻ നായർ ആശാനും അവിടെ പതിവുകാരായിരുന്നു. മാവേലിക്കര കൊച്ചാലുംമൂട്  സ്വദേശിയായ ശ്രീ. രാഘവൻ പിള്ള എന്നൊരു കഥകളി ആസ്വാദകൻ ഉണ്ടായിരുന്നു.
ആശ്രമത്തിൽ ലവണാസുരവധം  കഥയിലെ മണ്ണാനും മണ്ണാത്തിയും കൃഷ്ണൻ നായർ ആശാനും കുടമാളൂരും ചേർന്ന് അവതരിപ്പിക്കുമ്പോൾ പരിസരബോധം  മറന്ന് രംഗത്ത് അവർ ചെയ്യുന്നത് ഉച്ചത്തിൽ വിളിച്ചു  പറഞ്ഞുംചിരിച്ചും രസിച്ചും ആസ്വദിച്ചിരുന്ന  ശ്രീ. രാഘവൻപിള്ള ചേട്ടന്റെ മുഖത്തേക്ക്   നോക്കിയിരുന്ന് ഞാനും എന്റെ സുഹൃത്തുക്കളും  ധാരാളം  രസിച്ചിട്ടുണ്ട്. 

 ഒരു വീട് വെയ്ക്കാൻ സൌകര്യത്തിന് ഒരു സെന്റ്‌ ഭൂമി പോലും ഇല്ലാതെ ഒരു ബന്ധുവിന്റെ വീട്ടിൽ  വാടകക്കാരനായിരുന്നു അച്ഛൻ. അമ്മയുടെ നിരന്തരമായ നിർബ്ബന്ധം മൂലം പത്ത് സെന്റ്‌  ഭൂമി തേടി അച്ഛൻ  അലഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചെന്നിത്തല കിഴക്കേ വഴിയിൽ  തേവർകുളത്തിന് തൊട്ടു വടക്കേ മുപ്പതു സെന്റ്‌ വസ്തു വില്ക്കാനുണ്ട് എന്ന വിവരം അച്ഛന്റെ സ്നേഹിതനും കഥകളി കലാകാരനുമായിരുന്ന ശ്രീ. ചെന്നിത്തല രാഘവൻ പിള്ള ചേട്ടൻ അച്ഛനെ അറിയിച്ചത്.  അച്ഛനും രാഘവൻപിള്ള ചേട്ടനും കൂടി വസ്തു ഉടമയെ ചെന്നു കണ്ടു. ഒരു തമ്പാനായിരുന്നു വസ്തുഉടമ.  കഥകളി കലാകാരനായിരുന്ന അച്ഛന്റെ മുത്തച്ഛൻ ശ്രീ. ചെന്നിത്തല കൊച്ചുപിള്ളപണിക്കർ അവർകളെ  അങ്ങേയറ്റം സ്നേഹിക്കയും    ബഹുമാനിക്കുകയും ചെയ്തിരുന്ന  ഒരു  വ്യക്തിയായിരുന്നു ശ്രീ. തമ്പാൻ. (അച്ഛന്റെ മുത്തച്ഛന്റെ ഗുരുനാഥൻ വടയത്തു ശ്രീ. രാമവർമ്മ തമ്പാന്റെ ബന്ധുവായിരുന്നു അദ്ദേഹം)         അദ്ദേഹം  തന്റെ  പേരിലുള്ള വസ്തുക്കൾ   കുറേശ്ശെ എഴുതി വിറ്റ് കുടുംബച്ചിലവ് നടത്തുകയായിരുന്നു. ശ്രീ. തമ്പാൻ അച്ഛന്റെ കൈവശം ഉണ്ടായിരുന്ന വളരെ  തുശ്ചമായ തുക കൈപ്പറ്റിക്കൊണ്ട് മുപ്പതു സെന്റ്‌ ഭൂമിയും അച്ഛന്റെ പേരിൽ രജിസ്റ്റർ ചെയ്തു നല്കി. കഥകളിയെന്ന കലയെ ഒന്നുപോലെ വിശ്വസിച്ചു കൊണ്ടാണ്   അച്ഛനും തമ്പാനും  ഈ സാഹസത്തിന് മുതിർന്നത്.   ബാക്കിത്തുകയ്ക്ക് വാക്കാലുള്ള ഒരു എഗ്രിമെന്റു മാത്രമാണ് ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നത്.  ഒരു കളിക്ക് പോയാൽ  അച്ഛന് ലഭിക്കുന്ന  കളിപ്പണത്തിന്റെ പകുതി തമ്പാനെ ഏൽപ്പിക്കണം എന്നതായിരുന്നു ആ എഗ്രിമെന്റ്. അച്ഛൻ    പ്രസ്തുത എഗ്രിമെന്റ് കൃത്യമായി പാലിച്ചു വന്നു. ഒരിക്കൽ ഒരു കളിയും കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയിൽ  അച്ഛൻ    ലഭിച്ച കളിപ്പണത്തിന്റെ പകുതി തമ്പാനെ എൽപ്പിക്കുവാനായി അദ്ദേഹത്തിന്റെ വീട്ടിൽ എത്തി പണം എടുത്തു നീട്ടി. അപ്പോൾ   "നീ ഇനി ഒന്നും തരേണ്ടതില്ല,  കഴിഞ്ഞ കളിപ്പണത്തോടെ വസ്തുവിന്റെ വില പൂർത്തിയായി" എന്നാണ്  അദ്ദേഹം അറിയിച്ചത്. 

"ഞാൻ  അങ്ങേയ്ക്ക് കൊണ്ടുവന്ന പണമാണിത്‌. ഇത് തിരികെ കൊണ്ടുപോകുന്നില്ല. അങ്ങ് സസന്തോഷം  സ്വീകരിച്ചാലും"എന്ന്   അപേക്ഷിച്ചു കൊണ്ട് വൃദ്ധനായ  തമ്പാന്റെ കാലടികളിൽ തൊട്ട്  അച്ഛൻ വന്ദിച്ചു.  ആ പണം അദ്ദേഹം സ്വീകരിച്ചു.  "നിന്റെ സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കും  എന്നും ഈശ്വന്റെ അനുഗ്രഹം നിനക്ക് ഉണ്ടാകും". ഈ വസ്തുവിൽ വളരെ വേഗം ഒരു വീട് കെട്ടി തമസമാക്കൂ. നിനക്ക് ഐശ്യര്യം ഉണ്ടാകും  എന്ന്  ആ വൃദ്ധനായ തമ്പാൻ അച്ഛന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.  


തേവർകുളത്തിന് തെക്ക് ഭാഗത്തായിരുന്നു പ്രസിദ്ധ കഥകളി ഭാഗവതന്മാരായ  ശ്രീ. ഇറവങ്കര ഉണ്ണിത്താന്മാരുടെ ശിങ്കിടി ഗായകനായ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള നായർ താമസിച്ചിരുന്നത്.  ഉടൻ   തന്നെ ഒരു കുടിലെങ്കിലും കെട്ടി താമസമാകണം എന്ന് അദ്ദേഹവും അച്ഛനെ നിർബ്ബന്ധിക്കുവൻ തുടങ്ങി. ഒട്ടും വൈകാതെ ഒരു മുറിയും ഒരു അടുക്കളയും രണ്ടു ചായിപ്പും അടങ്ങിയ ഒരു ഓടിട്ട വീട് അച്ഛൻ ഉണ്ടാക്കി. തടി കൊണ്ട് മറച്ച ഒരു ചായിപ്പിൽ ഞാനും എന്റെ സഹോദരങ്ങളും മറ്റൊരു ചായിപ്പിൽ മുത്തശ്ശിയും (അച്ഛന്റെ അമ്മ) സ്ഥാനമുറപ്പിച്ചു.  അക്കാലത്തും ഒരു കളി കഴിഞ്ഞ് അടുത്ത കളിസ്ഥലത്തെക്ക് പോകുന്ന അവസരത്തിൽ പല കലാകാരന്മാരെയും അച്ഛൻ വീട്ടിൽ കൂട്ടി വന്നിരുന്നു.  ചിറക്കര മാധവൻ കുട്ടി ചേട്ടനും പാറുക്കുട്ടി ചേച്ചിയും താമസിച്ചിട്ടും ഉണ്ട്. 
 കുറച്ച് പുഞ്ച കൃഷിയും, വിരിപ്പ് കൃഷിയും ഉണ്ടായിരുന്നതിനാൽ ആഹാരത്തിന് ഞങ്ങൾ വിഷമം അനുഭവിച്ചിട്ടില്ല എങ്കിലും അച്ഛന്റെ സാമ്പത്തീകം കഥകളിയിൽ നിന്നുമുള്ള   വരുമാനം മാത്രമായിരുന്നു.   വീട് പണി കഴിഞ്ഞ് ഒരു ചില വർഷങ്ങൾക്കു   ശേഷം രണ്ട് പശുക്കളെ വാങ്ങുകയും അവയ്ക്കായി തൊഴുവം കെട്ടുക എന്നതായിരുന്നു അച്ഛന്റെ മനസ്സിൽ ഉണ്ടായിരുന്ന  ഏറ്റവും വലിയ  ആഗ്രഹം.   ചെന്നിത്തല ഒരിപ്രത്തിലുള്ള ശ്രീ. വാസുആശാരിയെ വരുത്തി  തൊഴുവത്തിന് സ്ഥാനം കണ്ടു. ജോതിഷം വശമായിരുന്ന വാസു ആശാരിയെ വളരെ ബഹുമാനമായിരുന്നു അച്ഛന്. അച്ഛനോട് വളരെ സ്നേഹം വാസു ആശാരിക്കും ഉണ്ടായിരുന്നു. 

തടിപ്പണിയാണ് ആദ്യം തുടങ്ങിയത്.  പണിയുടെ മേൽനോട്ടത്തിന്‌ ചേപ്പാട്ട് നിന്നും  എന്റെ മുത്തച്ഛനും  ( മാതൃപിതാവ്)  എത്തിയിരുന്നു. അദ്ദേഹവും  പഞ്ചാംഗം നോക്കി സമയത്തിന്റെ കാര്യത്തിൽ സംതൃപ്തി വരുത്തിയിരുന്നു.  
തൊഴുവം പണി ആരംഭിക്കുന്ന ദിവസം വളരെ നേരത്തെ തന്നെ ശ്രീ. വാസു ആശാരി എത്തി. വിളക്ക് കൊളുത്തി അതിനു മുൻപിൽ വാഴയിലയിൽ ഒരുക്കുകളെല്ലാം വെച്ചു.   പണിയാനുള്ള തടിയും എടുത്തു  വെച്ച് പൂജാദികൾ നടത്തി.      രാവിലെ ഒൻപതു മണിക്ക് പണി തുടങ്ങണം എന്നാണ് അദ്ദേഹം കുറിച്ചിരുന്നത്‌. ഒൻപതു മണിക്ക്  ഉളിയെടുത്ത് തടിയിൽ വെച്ച് കൊട്ടുവടിയും   (wooden  hammer) കയ്യിൽ വെച്ചു കൊണ്ട് അങ്ങുമിങ്ങും ശ്രദ്ധിച്ചു കൊണ്ടിരുന്നു. കയ്യിൽ വെച്ചിരുന്ന ഒരു ഘടികാരം നോക്കിക്കൊണ്ട് മുത്തച്ഛൻ പണി ആരംഭിക്കുവാൻ വാസു ആശാരിക്ക് നിർദ്ദേശം നൽകി. 
"ഇല്ലേ, വാസുവിന് പണി ആരംഭിക്കുവാൻ സമയം ആയിട്ടില്ല.  ഇവിടെ ഒട്ടും താമസിയാതെ  ഒരു ഉപ്പൻ എത്തി ചിലയ്ക്കും.  അപ്പോഴേ വാസു പണി  തുടങ്ങൂ" എന്ന് അദ്ദേഹം  ഉറപ്പിച്ചുപറഞ്ഞു. "നീയും നിന്റെ ഒരു ശാസ്ത്രവും" എന്ന് പുശ്ച്ചരസത്തിൽ പറഞ്ഞു കൊണ്ട്   പണി തുടങ്ങെടോ എന്ന്  മുത്തച്ഛൻ ആജ്ഞാപിച്ചു.   ഒട്ടും വൈകാതെ  ഒരു ഉപ്പൻ പറന്നു വന്ന് വൈക്കോൽ തുറുവിന് സമീപം വന്ന് ഇരുന്നതും ചിലച്ചതും     ഉളിയിൽ ആശാരി  കൊട്ടുവടി കൊണ്ടാഞ്ഞടിച്ചതും ഒരേ സമയത്തായിരുന്നു. അവിടെ   ഉണ്ടായിരുന്ന എല്ലാവർക്കും അത്ഭുതം ഉണ്ടാക്കിയ ഒരു അനുഭവം തന്നെയായിരുന്നു അത്. 
കുചേലൻ ശ്രീകൃഷ്ണനെ കാണാൻ യാത്രയാകുമ്പോൾ "ചാകോരാദി പക്ഷി"യുടെ കോലാഹലം കേട്ടുകൊണ്ടാണ് യാത്രയായത് എന്നും  ആ"ചാകോരാദി പക്ഷി"   "ഉപ്പൻ" തന്നെയാണ് എന്നുമായിരുന്നു ശ്രീ. വാസു ആശാരിയുടെ അഭിപ്രായം. 

തൊഴുവം പണി ഏതാണ്ട് ആറുമാസം കൊണ്ട് അവസാനിച്ചു. തൊഴുവത്തോട് ചേർന്ന്  ഒരു മുറിയും ഉണ്ടായിരുന്നു.  പശുക്കൾക്ക്‌  വൈക്കോൽ ഇട്ടുകൊടുക്കാനുള്ള   ഇടം കല്ലുകെട്ടി തിരിച്ചിരുന്നു.  ശേഷമുള്ള ഭാഗത്ത്    രണ്ടു കട്ടിലിടുവാനുള്ള നീളവും വീതിയും തൊഴുവത്തിന് ഉണ്ടായിരുന്നു.  ആരെങ്കിലും വിശേഷാൽ വന്നാൽ ഇരുന്ന് സംഭാഷണത്തിന് കൂടുതലും    ഉപയോഗിച്ചിരുന്നത് ഈ തൊഴുവത്തിന്റെ തിണ്ണയായിരുന്നു. 

2015 ഏപ്രിൽ 1, ബുധനാഴ്‌ച

ബാല്യകാലസ്മരണകൾ -5 ( കളിക്കിടയിൽ ഒരു മരണം )


എന്റെ ബാല്യകാലത്ത് ഗുരു. ചെങ്ങന്നൂരിന്റെ ധാരാളം     വേഷങ്ങൾ  കാണാൻ സാധിച്ചിട്ടുണ്ട്. ആശാന്റെ   കാട്ടാളനും  ഹനുമാനും രാവണനും  ദുര്യോധനനും രൗദ്രഭീമനും   കാണാൻ സാധിച്ചിട്ടുണ്ട്.  തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ ആശാന്റെ കംസവധത്തിൽ കംസൻ  കണ്ട നേരിയ ഓർമ്മയും ഉണ്ട്.   അദ്ദേഹത്തിൻറെ ഒരേ ഒരു പച്ചവേഷം കണ്ടിട്ടുള്ളത് കിർമ്മീരവധത്തിൽ ധർമ്മപുത്രർ .  മാത്രമാണ്.  ആലുംതുരുത്തി,  വളഞ്ഞവട്ടം ക്ഷേത്രത്തിൽ വെച്ച്.     ശ്രീ. വെണ്‍പാലാ   (തിരുവല്ല) ശ്രീധരൻ പിള്ളയുടെ പാഞ്ചാലിയും   ശ്രീ.  മങ്കൊമ്പ് ആശാന്റെ ലളിതയും, എന്റെ പിതാവിന്റെ  ശ്രീകൃഷ്ണനുമായിരുന്നു.      

 മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ കളികളാണ് മുടങ്ങാതെ കണ്ടിട്ടുള്ളത്. ഉത്സവക്കളിക്ക്  സൌഗന്ധികവും കിരാതവും പതിവായിരുന്നു.   എന്റെ ഓർമ്മയിൽ പണ്ട് കണ്ടിയൂരിൽ    നടന്നിട്ടുള്ള മിക്ക  സൌഗന്ധികത്തിലും  ഭീമസേനൻ എന്റെ പിതാവ് തന്നെയായിരിക്കും  ഗുരു. ചെങ്ങന്നൂർ, ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ ആശാൻ, ശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ ആശാൻ, ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള ആശാൻ   എന്നിവരുടെ ഹനുമാൻ കണ്ടിയൂർ ക്ഷേത്രത്തിൽ ഉണ്ടായി കണ്ടിട്ടുണ്ട്.    


                           ഭീമനും ഹനുമാനും ( ചെന്നിത്തല ആശാനും ഗുരു. ചെങ്ങന്നൂരും)

                             ഭീമനും ഹനുമാനും ( ചെന്നിത്തല ആശാനും ഗുരു. ചെങ്ങന്നൂരും)

                          ഭീമനും ഹനുമാനും ( ചെന്നിത്തല ആശാനും ഗുരു. ചെങ്ങന്നൂരും)

ശ്രീ. മങ്കൊമ്പ് ആശാൻ പുരുഷവേഷം ചെയ്തു തുടങ്ങിയ കാലഘട്ടത്തിലെ  തൃക്കണ്ടിയൂർ ക്ഷേത്രത്തിലെ  ഒരു ഉത്സവ  കളിക്ക്  സൌഗന്ധികവും ദുര്യോധനവധവുമായിരുന്നു അവതരിപ്പിച്ച കഥകൾ.  എന്റെ പിതാവിന്റെ  ഭീമനും, ശ്രീകൃഷ്ണനും,  ചെങ്ങന്നൂർ ആശാന്റെ ഹനുമാൻ,   മടവൂർ ആശാന്റെ ദുര്യോധനൻ, ചിറക്കര മാധവൻ  കുട്ടി ചേട്ടന്റെ പാഞ്ചാലി, ചെന്നിത്തല രാഘവൻ പിള്ളയുടെ ദുശാസനൻ, മങ്കൊമ്പ് ആശാന്റെ രൌദ്രഭീമൻ എന്നിങ്ങനെ ആയിരുന്നു വേഷങ്ങൾ. ശ്രീ. മങ്കൊമ്പ് ആശാൻ ചങ്ങനാശേരിയിലെ ഒരു  ക്ഷേത്രത്തിൽ സീതാസ്വയംവരത്തിലെ  ശ്രീരാമൻ കഴിഞ്ഞ് ചുട്ടിയോടെ കാറിൽ കണ്ടിയൂർ ക്ഷേത്രത്തിലെത്തിയാണ്  രൌദ്രഭീമൻ ചെയ്തത്. ഒരു കളികഴിഞ്ഞ് മറ്റൊരു കളിസ്ഥലത്ത് ഒരു കലാകാരൻ എത്തി വേറൊരു വേഷം ചെയ്തു കാണുന്ന എന്റെ ആദ്യ അനുഭവം അതായിരുന്നു. 

ശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ ആശാനെയും ശ്രീ. വൈക്കം കരുണാകരൻ നായർ ആശാനെയും    ആദ്യമായി കാണുന്നത് കണ്ടിയൂർ ക്ഷേത്രത്തിൽ  വെച്ചാണ്. നളചരിതം ഒന്നാം ദിവസവും സുഭദ്രാഹരണവുമായിരുന്നു അന്ന് അവതരിപ്പിച്ച കഥകൾ.   സുഭദ്രാഹരണത്തിൽ രാമൻകുട്ടി ആശാന്റെ ബലഭദ്രനും കരുണാകരൻ ആശാന്റെ കൃഷ്ണനും ആയിരുന്നു വേഷങ്ങൾ. സുഭദ്രാഹരണ വാർത്തയറിഞ്ഞ് കോപിഷ്ടനായ ബലരാമനെ ശ്രീകൃഷ്ണൻ  സ്വാന്തനപ്പെടുത്തി പിന്നീട് അർജുന-സുഭദ്രാ ദമ്പതികളെ സന്ദർശിച്ച് ബലരാമനെക്കൊണ്ട് അവർക്ക്    വിവാഹ സമ്മാനങ്ങൾ നൽകിപ്പിക്കുകയും  ചെയ്യുന്നതിനിടെ   ബലരാമൻ അറിയാതെ ഞാൻ 'എന്തു കഷ്ടപ്പെട്ടാണ് ചേട്ടനെ സമാധാനപ്പെടുത്തി കൂട്ടി വന്നത് ' എന്ന് ദമ്പതികളെ അറിയിക്കുന്ന കരുണാകരൻ ആശാന്റെ  കള്ളകൃഷ്ണനെ ഇന്നും സ്മരണയിൽ ഉണ്ട്.  

ഈ കാലയളവിൽ ചങ്ങനാശേരി കാവിൽ ഒരു കളിയും കഴിഞ്ഞ് വളരെ വൈകിയാണ് എന്റെ പിതാവ് വീട്ടിൽ എത്തിയത്. എന്റെ അമ്മയും മുത്തശ്ശിയുമെല്ലാം അച്ഛൻ വരാൻ വൈകുന്തോറും എന്തുകൊണ്ടോ  പരിഭ്രമിച്ചു കാണപ്പെട്ടിരുന്നു. വീട്ടിൽ ആകപ്പാടെ  മൂകത നിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നു അന്ന്. ഏതാണ്ട് വൈകിട്ട് അഞ്ചരമണിയോടെ   വീട്ടിൽ എത്തിയ പിതാവിന്റെ മാനസീകാവസ്ഥ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വിധത്തിലായിരുന്നു. പിന്നീട് അച്ഛനിൽ നിന്നും ഞങ്ങൾ മനസിലാക്കിയ വിവരം ഇപ്രകാരമായിരുന്നു. 

ചങ്ങനാശേരി കാവിൽ  കളിക്ക് രണ്ടാമത്തെ കഥ ദുര്യോധനവധം ആയിരുന്നു. തിരുവല്ലയിലെ ഒരു ആശാൻ ആയിരുന്നു ദുശാസനൻ.  എന്റെ പിതാവിന്റെ രൌദ്രഭീമനും.  ഭഗവത്ദൂത് കഴിഞ്ഞ് പാണ്ഡവരെ യുദ്ധത്തിൽ നേരിടുവാൻ ദുര്യോധനൻ ദുശാസനനു  ഗദ നൽകി അനുഗ്രഹിച്ച് അയച്ചു. ഗദയുമായി ദുശാസനൻ രൗദ്രഭീമനെ നേരിടുവാൻ സദസ്യരുടെ നടുവിൽ എത്തുകയും ചെയ്തു.  അരങ്ങിൽ തിരശീല അൽപ്പം താഴ്ത്തി  രൗദ്രഭീമൻ യുദ്ധക്കളം നോക്കി കണ്ട്  ശതൃവിനെ തേടുകയാണ്.   ഗദയുമായി സദസ്യരുടെ ഇടയിൽ നിന്നിരുന്ന ദുശാസനൻ പെട്ടെന്ന് താഴേക്കിരുന്ന് പിന്നോട്ട് മറിഞ്ഞു വീണു. പിന്നീട് ഒരു അനക്കവും ഇല്ല. എന്തോ അസംഭാവിതം ഉണ്ടായി എന്ന് മനസിലാക്കിയ സദസ്യർ എഴുനേറ്റ് ദുശാസനന്റെ സമീപത്തേക്ക് ഓടിയെത്തി.  ദുശാസനന്  മരണം സംഭവിച്ചിരിക്കുന്നു എന്ന് മനസിലാക്കുവാൻ അധിക സമയം വേണ്ടിവന്നില്ല. നടന് ഹൃദയ സ്തംഭനം സംഭവിച്ചു എന്നാണ് എല്ലാവരും വിധി എഴുതിയത്. രൌദ്രഭീമനും കളി നിർത്തി. തിരശീല താഴെയിട്ട് അണിയറക്കാരും  പിന്നാലെ  പാട്ടുകാരും മേളക്കാരും തങ്ങളുടെ  വാദ്യ ഉപകരണങ്ങൾ താഴെ വെച്ച് ദുശാസനന്റെ  സമീപത്തെത്തി. എങ്ങിനെയൊക്കെയോ ആ കലാകാരന്റെ ശരീരത്തുനിന്നും വേഷം അഴിച്ച് മുഖത്തെ തേപ്പും തുടച്ച് ആ ശരീരം ക്ഷേത്രത്തിന്റെ കൊമ്പൌണ്ടിനു വെളിയിൽ എത്തിക്കുകയും അവിടെനിന്നും തിരുവല്ലയിലെ അദ്ദേഹത്തിൻറെ വസതിയിൽ എത്തിക്കുകയുമായിരുന്നു. 
സഹനടന്റെ ദേഹം അഗ്നിദേവനു സമർപ്പിച്ചതിനു ശേഷമാണ് എല്ലാ കലാകാരന്മാരും മടങ്ങിയത്.  

ശ്രീവല്ലഭൻ എന്നെ രക്ഷിച്ചു. രൗദ്രഭീമനും ദുശാസനനും തമ്മിലുള്ള യുദ്ധ രംഗത്തിനിടയിൽ ദുശാസനനടന് മരണം സംഭവിച്ചിരുന്നു എങ്കിൽ  കൊലക്കുറ്റത്തിന്റെ പഴി എന്റെ ചുമലിൽ വീഴുമായിരുന്നു. അങ്ങിനെയായാൽ എന്റെ കലാജീവിതം പാഴായിപോകുമായിരുന്നു    എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട്  അച്ഛൻ  രൗദ്രഭീമന്റെ വേഷം ചെയ്യുന്നതിൽ നിന്നും പരമാവധി ഒഴിഞ്ഞു നിന്നിരുന്നു. 
ഈ സംഭവത്തിനു ശേഷം എന്നിൽ നിന്നോ എന്റെ സഹോദരങ്ങളിൽ നിന്നോ അച്ഛനു പിടിക്കാത്ത എന്തെങ്കിലും പ്രവർത്തി ഉണ്ടായാൽ "തിരുവല്ലയിലെ ആശാന്റെ ശവം പുലർച്ചയിൽ അദ്ദേഹത്തിൻറെ വീട്ടിൽ  എത്തിയതു പോലെ ഒരു ദിവസം പുലർച്ചയിൽ  എന്റെ ശവവും നിങ്ങളുടെ മുൻപിൽ എത്തും" എന്ന് പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ട്‌.  അതുകൊണ്ടു തന്നെ   അച്ഛൻ കളിക്ക് പോയിട്ട് മടങ്ങി വരാൻ താമസിക്കുമ്പോൾ പലപ്പോഴും ഞങ്ങൾ ഭയന്നിട്ടുമുണ്ട് .

2015 മാർച്ച് 22, ഞായറാഴ്‌ച

ബാല്യകാലസ്മരണകൾ -4 (ശ്രീ. കുഞ്ഞൻപിള്ളസാർ)



ചെന്നിത്തലയിൽ പ്രത്യേകിച്ചും തൃപ്പെരുംതുറയിലുള്ള പൊതുജനങ്ങൾ എല്ലാവരും എന്റെ പിതാവിനെ ഒരു കഥകളി കലാകാരനെന്ന നിലയിൽ അത്യധികം സ്നേഹിച്ചിരുന്നു.   പ്രസിദ്ധ  കഥകളി കലാകാരനും കവിയുമായിരുന്ന പിതാവിന്റെ മുത്തച്ഛനോടുള്ള ബഹുമാനവും ഇതിന് ഒരു പ്രധാന ഘടകമായിരുന്നു. അച്ഛനെക്കാൾ മുതിർന്ന ഈ ഗ്രാമവാസികളിൽ പലരും  കളികളുടെയും വേഷങ്ങളുടെയും സഹ കലാകാരന്മാരെയും കുറിച്ചുള്ള വിവരങ്ങൾ അച്ഛനോട് ചോദിച്ചറിയും. ചിലർക്ക്    ഏറ്റവും കൗതുകമായിരുന്നത് അച്ഛൻ പങ്കെടുക്കുന്ന കളിസ്ഥലങ്ങളെ പറ്റിയുള്ള  അന്വേഷണം തന്നെയായിരുന്നു. പ്രക്കാനം, മൈലപ്ര, കണ്ണാടി എന്നിങ്ങനെയുള്ള  സ്ഥലങ്ങളുടെ പേരുകൾ അച്ഛൻ പറയുമ്പോൾ ഈ സ്ഥലപ്പേരുകൾ  അവർ ആദ്യമായി കേൾക്കുകയാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്യും. 

ചെന്നിത്തല ഒരിപ്രത്തിലുള്ള ശ്രീ. കൃഷ്ണപിള്ള ചേട്ടനായിരുന്നു ചെന്നിത്തല പോസ്റ്റാഫീസിലെ പോസ്റ്റുമാൻ. അന്നൊക്കെ കളിക്ക് ക്ഷണിക്കുന്നത്   പോസ്റ്റ്കാർഡു മൂലമാണ്. അച്ഛന്  കത്ത് ഉണ്ടെങ്കിൽ  തടികൊണ്ട് പിടിയുള്ള ഒരു കുടയും പിടിച്ചു കൊണ്ട് വീടിന്റെ വാതുക്കൽ എത്തി "ചെല്ലപ്പാ" എന്ന്  അദ്ദേഹം വിളിക്കും. അക്കാലത്ത് ഒരു കളിക്ക് അച്ഛന് അഡ്വാൻസ്   മണിയോർഡറായി ലഭിക്കുന്നത്    അഞ്ചുരൂപയാണ്.       ശ്രീ.   കൃഷ്ണപിള്ള ചേട്ടനും അദ്ദേഹത്തിൻറെ സഹോദരൻ ശ്രീ. നാരായണപിള്ള ചേട്ടനും നാട്ടിലെ പ്രധാന കഥകളി ആസ്വാദകർ ആയിരുന്നു. മാവേലിക്കര, മാന്നാർ പ്രദേശങ്ങളിലെ കളിയരങ്ങുകളുടെ മുൻവരിയിൽ ഇരുവരും ഉണ്ടായിരിക്കും.  അച്ഛന്റെ മുത്തച്ഛന്റെ വേഷങ്ങൾ കണ്ടിട്ടുണ്ടെന്ന് അവർ ഇരുവരും പറയുന്നത് പലപ്പോഴും ഞാൻ കേട്ടിട്ടുമുണ്ട്. 

ഈ കാലയളവിൽ ചുനക്കര കോമല്ലൂർ ക്ഷേത്രത്തിൽ ഒരു കളിക്ക് ക്ഷണിച്ചുകൊണ്ട് ഉത്സവത്തിന്റെ ഭാരവാഹികൾ കഥകളി കലാകാരന്മാർക്ക് കാർഡ് അയച്ചിട്ടും  ആരുടേയും മറുപടി ലഭിക്കാത്തതിന്റെ പേരിൽ വിവരം അന്വേഷിച്ചു കൊണ്ട്  വീട്ടിലും ചെന്നിത്തല പോസ്റ്റാഫീസിലും എത്തിയത്  ഓർക്കുന്നുണ്ട്. കോമല്ലൂർ  ക്ഷേത്രപരിസരത്തുള്ള കഥകളിയോട്‌ താൽപ്പര്യമില്ലാത്ത  ഒരു കൂട്ടർ അവിടെയുള്ള ഒരു പോസ്റ്റൽ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് കഥകളി കലാകാരന്മാർക്ക് അയച്ച പോസ്റ്റുകാർഡുകൾ കൈവശമാക്കി നശിപ്പിച്ചതായാണ് പിന്നീട് അറിഞ്ഞത്. ആ വർഷം അവിടെ കഥകളി അവതരിപ്പിക്കുകയും ഉണ്ടായി. പിന്നീട് കോമല്ലൂർ ക്ഷേത്രത്തിൽ കഥകളി നടന്നതായി ഇന്നുവരെ എനിക്ക് അറിവ് ഇല്ല. 

എന്റെ ആദ്യ സ്കൂൾ ജീവിതം ആരംഭിക്കുന്നത് ചെന്നിത്തല കളരിക്കൽ സ്കൂളിലായിരുന്നു. നാലാം ക്ലാസ്സിൽ   എന്റെ പ്രധാന അദ്ധ്യാപകൻ എന്റെ പിതാവിനെ പഠിപ്പിച്ച  ചെന്നിത്തല തൃപ്പെരുംതുറ സ്വദേശിയായ   ശ്രീ. കുഞ്ഞൻപിള്ളസാർ അവർകൾ തന്നെയായിരുന്നു.  അച്ഛനോട് വളരെ സ്നേഹവും സ്വാതന്ത്ര്യവും പ്രകടിപ്പിച്ചിരുന്ന  അദ്ദേഹം 'ഇപ്പോൾ വലിയ കലാകാരനായി നടക്കുന്ന നിന്റെ തന്തയെ ഞാൻ തന്നെയാടാ  പഠിപ്പിച്ചത് ' എന്ന്  അടിക്കടി ക്ലാസിൽ  എന്നെ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.  ബാലചാപല്യങ്ങൾ എന്നിൽ ഏറെ   ഉണ്ടായിരുന്ന കാരണത്താൽ   കുഞ്ഞൻപിള്ളസാറിന്റെ ശകാരവും തല്ലും ഞാൻ അധികം നേടിയിട്ടുണ്ട്. ഒരിക്കൽ ക്ലാസ്സിൽ ഏതോ ചോദ്യത്തിന് മടത്തരമായ ഉത്തരം പറഞ്ഞതിന്റെ പേരിൽ അദ്ദേഹം എന്നെ വഴക്കുപറയുകയും തല്ലുകയും ചെയ്തു. 

 മഴ പെയ്യുന്നത് എങ്ങിനെ എന്ന് ചോദിച്ചതിന്  "ദൈവം മൂത്രം ഒഴിക്കുന്നതാണ് "എന്ന് എഴുതിയതാണടാ  നിന്റെ അച്ഛൻ.  പിന്നെ നീ ഇങ്ങിനെ ഉത്തരം   പറയുന്നതിൽ കുറ്റം പറയാനാവില്ലല്ലോ  എന്ന് പറഞ്ഞുകൊണ്ടാണ്  എന്നെ ശിക്ഷിച്ചത്. അന്ന് ഞാൻ  കരഞ്ഞു കൊണ്ട് സ്കൂളിൽ നിന്നും വീട്ടിലെത്തി  കുഞ്ഞൻപിള്ള സാറിന്റെ ശിക്ഷാ വിവരങ്ങൾ         അമ്മയെ അറിയിച്ചു. അന്ന് അച്ഛൻ വീട്ടിൽ ഇല്ലായിരുന്നു. അടുത്തദിവസം എവിടെയോ കളിയും കഴിഞ്ഞ് എത്തിയപ്പോൾ അമ്മ ഈ വിവരം അച്ഛനെ അറിയിക്കുകയും അച്ഛൻ ഉടൻ തന്നെ സ്കൂളിലെത്തി കുഞ്ഞൻപിള്ള സാറിനെ കണ്ട്  "ഞാൻ പണ്ട് ചെയ്തെന്നു പറയുന്ന ഏതോ  മടത്തരത്തിന്റെ  പേരിൽ  എന്റെ മകനെ ശിക്ഷിക്കരുതെന്ന് " എന്ന് അപേക്ഷിക്കുകയും ചെയ്തു.  ഒരു ചെറിയ കുറ്റ ബോധം അദ്ദേഹത്തിനു ഉണ്ടായതിന്റെ പേരിലാവും   പിന്നീട് ഒരിക്കലും അദ്ദേഹം എന്നെ ശിക്ഷിച്ചിട്ടുമില്ല. 

2015 മാർച്ച് 12, വ്യാഴാഴ്‌ച

വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവക്കളി


ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ  (2015)  ആറാം ഉത്സവത്തിന്റെ ഭാഗമായി   01-03-2015 -ന് രാത്രി പത്തര മണിക്ക്  തിരുവല്ല ശ്രീവൈഷ്ണവം കഥകളി യോഗത്തിന്റെ നേതൃത്വത്തിൽ  കഥകളി അവതരിപ്പിച്ചു.    കല്യാണസൌഗന്ധികം കഥയാണ് അവതരിപ്പിച്ചത്.  പുറപ്പാടും മേളപ്പദവും ഉണ്ടായില്ല. 'എൻ കണവാ കണ്ടാലും' എന്ന പദം മുതലാണ്‌ കളി ആരംഭിച്ചത്. ശ്രീ. കലാഭാരതി ഹരികുമാറാണ്  ഭീമനായി രംഗത്തെത്തിയത്. പാഞ്ചാലിയായി ശ്രീ. കലാമണ്ഡലം മാധവൻ നമ്പൂതിരിയും ഹനുമാനായി  ശ്രീ. കലാനിലയം രവീന്ദ്രനാഥപൈയും രംഗത്തെത്തി. ശ്രീ. ഫാക്റ്റ് ദാമുവും ശ്രീ. മംഗലം നാരായണൻ നമ്പൂതിരിയും സംഗീതവും ശ്രീ.കലാഭാരതി പീതാംബരൻ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ   മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. തിരുവല്ല പ്രതീപ് ചുട്ടിയും ശ്രീ. നീലമ്പേരൂർ നാരായണൻ നായരുടെ നേതൃത്വത്തിൽ അണിയറ പ്രവർത്തനവും നടന്നു. വളരെ നല്ല പ്രകടനമാണ് കലാകാരന്മാർ കാഴ്ച വെച്ചത്.  കളിക്ക് പങ്കെടുത്തിരുന്ന കലാകാരന്മാർക്കെല്ലാം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നടക്കുന്ന കിരാതം കളിയിൽ പങ്കെടുക്കേണ്ടിയിരുന്നതിന്റെ ധൃതിയും പ്രകടമായിരുന്നു. 


                                                                    ഭീമനും പാഞ്ചാലിയും 

                                           ഭീമനും പാഞ്ചാലിയും 

                                               ഭീമൻ 

                                              ഹനുമാൻ 

                                              ഹനുമാൻ

                                             ഭീമനും ഹനുമാനും 

                                          ഹനുമാനും ഭീമനും 

                                         ഹനുമാനും ഭീമനും 

                                                          ഹനുമാനും ഭീമനും 

                                                         ഹനുമാനും ഭീമനും 
 ചേപ്പാട്  വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ വഴിപാട് പലകയിൽ കഥകളിക്ക് സ്ഥാനം ഉണ്ട്. വഴിപാട് കളികൾ നടന്നിട്ടുള്ള അനുഭവം ഉണ്ട്. എന്റെ മാതൃഗൃഹം ക്ഷേത്രത്തിന് സമീപമാണ്. വർഷത്തിൽ രണ്ടു കളികൾ ക്ഷേത്രത്തിൽ പതിവായിരുന്നു. ചെങ്ങന്നൂർ ആശാന്റെ   ശിഷ്യന്മാരായിരുന്നു പതിവ്. ഈ രണ്ടു കളികൾക്കും എത്തുന്ന കലാകാരന്മാർക്ക് എന്റെ മാതൃഭവനത്തിലാവും ആഹാരം. ശ്രീ. കലാമണ്ഡലം അച്യുതവാര്യരുടെ ജന്മഗൃഹവും ക്ഷേത്രത്തിനു സമീപമാണ്. ശ്രീ.  അച്യുതവാര്യരുടെ പിതാവും കഥകളി അഭ്യസിച്ച് വേഷങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീ. കലാഭാരതി ഹരികുമാറിന്റെ മാതൃഗൃഹവും ക്ഷേത്രസമീപം തന്നെ. എന്റെ മാതാവും ഹരികുമാറിന്റെ മാതാവും ഒന്നിച്ചു പഠിച്ചവരാണ്. ശ്രീ. കലാമണ്ഡലം മാധവൻ നമ്പൂതിരിയുടെ മാതൃസഹോദരിയുടെ ഭവനവും  ക്ഷേത്രസമീപത്തു തന്നെയാണ്. 

കഥകളിക്ക് പ്രാധാന്യവും ധാരാളം കഥകളി കലാകാരന്മാരുള്ളതും  കേരള കലാമണ്ഡലത്തിന്റെ ശാഖ പ്രവർത്തിക്കുന്ന ഏവൂരും ചേപ്പാടിന്റെ സമീപ പ്രദേശമാണ്.  

2015 മാർച്ച് 11, ബുധനാഴ്‌ച

ബാല്യകാലസ്മരണകൾ -3 (അരീക്കരയിലെ കഥകളി)


എന്റെ ചെറുപ്പകാലത്ത്  എന്റെ ഗ്രാമമായ ചെന്നിത്തലയിലും  പരിസര പ്രദേശങ്ങളിലും  ധാരാളം കഥകളികൾ അവതരിപ്പിച്ചിട്ടുള്ളത് ഓർമ്മയിൽ ഉണ്ട്. സാമാന്യം സാമ്പത്തീകമായി ഉയർന്ന  നായർ തറവാടുകളിൽ നടക്കുന്ന വിവാഹത്തിനു മുൻനാൾ രാത്രിയിൽ നളചരിതം ഒന്നാം ദിവസം അവതരിപ്പിച്ചിരുന്നു. എന്റെ ഓർമ്മയിലുള്ള ഇത്തരം മിക്ക കളികൾക്കും എന്റെ പിതാവ് നളനും ഓയൂർ ആശാന്റെ ഹംസവും മങ്കൊമ്പ് ആശാന്റെ ദമയന്തിയുമായിരിക്കും. ചില കളികൾക്ക് ഹരിപ്പാട്‌ ആശാന്റെ നളനും എന്റെ പിതാവ് ഹംസവുമായിരിക്കും. 
വിവാഹ വീടുകളിലെ കളികൾക്ക് മെടഞ്ഞ ഓലകൾ കൊണ്ട് പകുതി മറച്ചതാവും   അണിയറ. കുട്ടികൾക്ക് അണിയറയിൽ പ്രവേശന അനുമതി ഉണ്ടായിരിക്കില്ല. അതുകൊണ്ട് മെടഞ്ഞ ഓലയിൽ വിരൽ കൊണ്ട് സുഷിരമുണ്ടാക്കി ചുട്ടി കുത്തുന്നതും വേഷം ഒരുങ്ങുന്നതും നോക്കി നിന്നിട്ടുള്ള ഓർമ്മകളും ഉണ്ട്.     

എന്റെ ഗ്രാമത്തിൽ   ചാലയിൽ ശ്രീ. ശങ്കരൻപോറ്റിയുടെ ചുമതലയിൽ 'ചാലയിൽ  കഥകളിയോഗം' നിലവിൽ ഉണ്ടായിരുന്നു. ശ്രീ. ശങ്കരൻപോറ്റി അവർകൾ എന്റെ പിതാവിന്റെ മുത്തച്ഛൻ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ അവർകളുടെ  ശിഷ്യൻ ആയിരുന്നു. ശ്രീ. ശങ്കരൻപോറ്റിയുടെ   നളചരിതം ഒന്നാം ദിവസത്തിലെ   നാരദൻ ധാരാളം കണ്ടിട്ടുണ്ട്.    ചാലയിൽ കളിയോഗത്തിൽ ചെന്നിത്തല സ്വദേശികളായ  ശ്രീ. നീലകണ്ഠൻ ആശാരി  ചുട്ടി ആർട്ടിസ്റ്റായും ശ്രീ. കൊച്ചനുജൻ   അണിയറ ആർട്ടിസ്റ്റായും ശ്രീ. ലക്ഷ്മണൻ ആശാരി പുറപ്പാടും മറ്റും കുട്ടിത്തരം വേഷങ്ങളും ചെയ്തു വന്നിരുന്നു. പ്രസിദ്ധ ചുവന്ന താടി വേഷക്കരനായിരുന്ന ശ്രീ. ചെന്നിത്തല രാഘവൻപിള്ളയുടെ മകൾ സുകുമാരിചേച്ചിയും (മുംബയിൽ വസിക്കുന്നു) ചാലയിൽ    കളിയോഗത്തിലെ ഒരംഗമായി ബാലവേഷങ്ങൾ ചെയ്തു വന്നിരുന്നു. ശ്രീ. ചെന്നിത്തല കൊച്ചുപിള്ള ശിങ്കിടി  ഗായകനും   ശ്രീ. അരിയന്നൂർ നാരായണൻ നമ്പൂതിരി ചെണ്ടയും ചെയ്തു വന്നിരുന്നു.  ശ്രീ. ശങ്കരൻപോറ്റിയ്ക്ക്  അനാരോഗ്യം ബാധിച്ചതോടെ കളിയോഗം വിൽക്കുകയും തുടർന്ന്  കളിയോഗത്തിലെ മിക്ക അംഗങ്ങളും  മറ്റു ജീവിതമാർഗ്ഗം തേടുകയായിരുന്നു.  

അമ്പലപ്പാട്ട് ദാമോദരൻ ആശാൻ എന്ന് അറിയപ്പെട്ടിരുന്ന ഒരു മഹത് വ്യക്തി എന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ കൊച്ചുമകളെ  എന്റെ പിതാവ് കഥകളി  അഭ്യസിപ്പിചിരുന്നത് ഓർമ്മയിൽ ഉണ്ട്. ശ്രീ. ദാമോദരനാശാൻ താമസിച്ചിരുന്ന ചെന്നിത്തല ഒരിപ്രത്തിലുള്ള അരീക്കരവീട്ടിൽ ഒരു കഥകളി നടന്നത് എന്റെ ഓർമ്മയിൽ ഉണ്ട്. എന്റെ മുത്തശ്ശിയോടൊപ്പമാണ് അന്ന്  കളി കാണാൻ പോയത്. പഴയ കാലത്തെ പ്രതാപത്തോടെ പണി കഴിപ്പിച്ചിരുന്ന അരീക്കര  വീടിന്റെ പൂമുഖത്താണ് കഥകളി അവതരിപ്പിച്ചത്. നളചരിതം രണ്ടിലെ കാട്ടാളനും ദമയന്തിയും രംഗവും കിരാതവുമാണ് അവതരിപ്പിച്ചത്. എന്റെ പിതാവായിരുന്നു കാട്ടാളൻ ചെയ്തത്.  എന്റെ പിതാവ് പഠിപ്പിച്ച ആ വീട്ടിലെ കുട്ടിയുടെ ദമയന്തിയും കാട്ടാളത്തിയും. ശ്രീ. മടവൂർ ആശാനായിരുന്നു അർജുനൻ. 

പ്രസ്തുത കളിയിൽ  അർജുനനും കാട്ടാളനും  തമ്മിലുള്ള യുദ്ധത്തിനിടയിൽ അർജുനനെ വട്ടംകറക്കി എറിയുമ്പോൾ  ആട്ടവിളക്കിലെ എരിതീയിൽ അർജുനവേഷത്തിന്റെ  മുടി തട്ടി തീപിടിക്കുകയും  കാട്ടാളൻ അർജുനനെ പിടിച്ചു നിർത്തി കൈകൊണ്ട് തീ തട്ടി  അണച്ചതും  ഇന്നു നടന്നതുപോലെ സ്മരിക്കുന്നു.