പേജുകള്‍‌

2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

കഥകളി ഗായകൻ ശ്രീ. വൈക്കം തങ്കപ്പൻ പിള്ള അനുസ്മരണം


ദക്ഷിണ കേരളത്തിൽ കഥകളി സംഗീതത്തിൽ ഒരു കാലഘട്ടത്തിൽ കളിയരങ്ങിന്റെ ഒഴിച്ചു കൂടാൻ വയ്യാത്ത ഘടകമായി ശ്രീ. ഇറവങ്കര ഉണ്ണിത്താൻ സഹോദരന്മാരുടെ പാട്ട് ഉജ്വലമായി നിലച്ചു നിന്നിരുന്നു. അടുത്ത കാലഘട്ടത്തിൽ  കഥകളി മേളത്തിന് ദക്ഷിണ കേരളത്തിൽ  ശ്രീ. വാരണാസി സഹോദരന്മാർ എങ്ങിനെയോ അങ്ങിനെ കഥകളി സംഗീതത്തിന് ശ്രീ. വൈക്കം സഹോദരന്മാരും പ്രസിദ്ധി നേടിയിരുന്നു. ശ്രീ. വൈക്കം തങ്കപ്പൻപിള്ള ചേട്ടനും അദ്ദേഹത്തിൻറെ സഹോദരൻ ശ്രീ. വൈക്കം പുരുഷോത്തമൻ ചേട്ടനും ഒന്നിച്ചു പാടിയിട്ടുള്ള ധാരാളം അരങ്ങുകൾ സ്മരണയിൽ ഉണ്ട്, കൂടുതലും  ഹരിശ്ചന്ദ്രചരിതം കഥ .

എന്റെ വളരെ ചെറുപ്പകാലത്ത് ഒരിക്കൽ എന്റെ ഗ്രാമത്തിലുള്ള സിദ്ധാശ്രമത്തിൽ നടന്ന  ഹരിശ്ചന്ദ്രചരിതം കളിക്ക് പാടുവാൻ അദ്ദേഹം സഹോദരനുമായി രാവിലെ പത്തു മണിക്ക് എത്തി. കൊല്ലം ജില്ലയിലെ ഒരു കളികഴിഞ്ഞ് ഗുരു. ചെങ്ങന്നൂരും  ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാനും ഒപ്പം  ഉണ്ടായിരുന്നു. അന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നത് ഒരു   'വീട് ' എന്ന് പറയുവാൻ പറ്റിയ ഒന്നില്ല. അച്ഛൻ വടക്കൻ പറവൂർ ഭാഗത്ത് ഒരു കളിക്ക് പോയിട്ട് മടങ്ങി എത്തിയിട്ടില്ല. ഈ നാലുപേരെ സീകരിച്ച് അവർക്ക് വിശ്രമിക്കുവാനുള്ള സൗകര്യം ഗൃഹത്തിൽ ഇല്ലായിരുന്നു. കുളിയും കാപ്പികുടിയും കഴിഞ്ഞു ആസ്ബസ്റ്റോസ് ഷീറ്റിട്ട വരാന്തയിൽ  തങ്കപ്പൻ പിള്ള ചേട്ടനും  പുരുഷോത്തമൻ ചേട്ടനും സ്ഥാനം പിടിച്ചു. ആയിടെ പണികഴിപ്പിച്ച എരുത്തിലിന്റെ തിണ്ണയ്ക്ക് ഗുരു. ചെങ്ങന്നൂരും വൈക്കോൽ തുറുവിന്റെ നിഴൽ ലഭിക്കുന്ന ഭാഗത്ത് കട്ടിൽ നീക്കി നീക്കിയിട്ട് കൃഷ്ണൻ നായർ ആശാനും വിശ്രമിച്ചു. 
അച്ഛൻ എത്തിയപ്പോൾ മണി നാല്. തന്റെ ഗുരുനാഥനും, ഗുരുസമാനനും,   സഹപ്രവർത്തകരും എത്തിയപ്പോൾ, അവർക്ക് വിശ്രമിക്കാൻ നല്ലൊരിടം തന്റെ വസതിയിൽ ഇല്ലാത്തതിന്റെ ഖേദം അച്ഛന് ഉണ്ടായി. എല്ലാവരും ഉണരുമ്പോൾ ആഹാരം നൽകുക, ഞാൻ കളിസ്ഥലത്തേക്ക് പോയി എന്ന് അവരോടു പറയുക എന്ന് അമ്മയോട് പറഞ്ഞിട്ട് അച്ഛൻ പോയി. എല്ലാവരും ഉണർന്ന് കാപ്പികുടിയും കഴിഞ്ഞ് കളിസ്ഥലത്തേക്ക് യാത്രയായി. ഈ കളിയുടെ അടുത്തനാൾ തന്നെ എന്റെ അച്ഛൻ വീട്ടുപണിയുടെ തുടക്കം കുറിച്ചു. പിന്നീട് ശ്രീ. തങ്കപ്പൻ പിള്ളച്ചേട്ടനെ പിന്നീട് കണ്ടിട്ടുള്ള അവസരങ്ങളിൽ എല്ലാം അന്നത്തെ ഞങ്ങളുടെ വീട്ടിലെ ആഹാരത്തിന്റെ രുചിയെ പറ്റി പറയുമായിരുന്നു. 

                                           ശ്രീ. വൈക്കം തങ്കപ്പൻ പിള്ള 




 30-10-1923 -ന്  വൈക്കത്ത് വല്ലൂർ പിണക്കേഴത്തുവീട്ടിൽ മാധവിയമ്മയുടെയും തുതിക്കാട്ട് കോവിലകത്ത് ശ്രീ. ഗോദവർമ്മ തമ്പാന്റെയും പുത്രനായി ശ്രീ. തങ്കപ്പൻ പിള്ള ചേട്ടൻ ജനിച്ചു. അച്ഛൻ നാടകം, ഹരികഥ, കഥകളി സംഗീതം എന്നിവയിൽ വിദഗ്ദനായിരുന്നു. പതിനാലാം വയസ്സിൽ  അച്ഛന്റെ കീഴിൽ കഥകളി സംഗീതം അഭ്യസിച്ചു തുടങ്ങിയ ശ്രീ. തങ്കപ്പൻ പിള്ളചേട്ടൻ, ശ്രീ. ചേർത്തല വാസുദേവൻ ഭാഗവതർ, ശ്രീ. വൈക്കം ശിവരാമകൃഷ്ണയ്യർ എന്നിവരുടെ കീഴിൽ കർണ്ണാടക സംഗീതവും ശ്രീ. ചെമ്പിൽ (വൈക്കം) വേലപ്പൻ നായർ, ശ്രീ. തകഴി കുട്ടൻപിള്ള എന്നിവരുടെ കീഴിലും കഥകളി സംഗീതം അഭ്യസിച്ചു. തുടർന്ന് കോട്ടക്കൽ PSV നാട്യസംഘത്തിൽ   ശ്രീ. കോട്ടയ്ക്കൽ വാസു നെടുങ്ങാടിയുടെ കീഴിലും ശ്രീ. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ ഗൃഹത്തിലും താമസിച്ച് അഭ്യസിച്ചു. ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ചുമതലയിൽ കീരിക്കാട്ടിൽ നടത്തിവന്ന സമസ്ത കേരള കഥകളി വിദ്യാലയത്തിൽ അദ്ദേഹം വളരെക്കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. എല്ലാ കഥകളും പാടി അവതരിപ്പിക്കുവാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ശ്രീ. കളർകോട് നാരായണൻ നായർ അവർകൾ എഴുതിയ പല കഥകളും അദ്ദേഹം ചിട്ടപ്പെടുത്തി പാടി അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. ശ്രീ. മാലി മാധവൻ നായർ എഴുതിയ കർണ്ണശപഥം കഥ ആദ്യഅരങ്ങിൽ  പാടിയത് ശ്രീ. തങ്കപ്പൻ പിള്ള ചേട്ടനാണ്.  2010-  നവംബര്‍ ഒന്‍പതിന് കുടമാളൂരിൽ ശ്രീ. മാത്തൂർ ഗോവിന്ദൻകുട്ടി ചേട്ടന്റെ സപ്തതി ആഘോഷ വേളയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.   അവിടെ വെച്ച് ശ്രീ. തങ്കപ്പൻ പിള്ളചേട്ടനെ കാണുവാനും ധാരാളം സംസാരിക്കുവാനും അവസരം ലഭിച്ചിരുന്നു. 
ശ്രീ. തങ്കപ്പൻ പിള്ള ചേട്ടൻ   സാധുശീലനായിരുന്നതിനാൽ പലരാലും കബളിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു കഥ ശ്രീ. കലാമണ്ഡലം കേശവൻ അവർകൾ എഴുതിയ 'അരങ്ങിലെ കഥകൾ' എന്ന പുസ്തകത്തിൽ വായിച്ചത് എന്റെ ഓർമ്മയിലുണ്ട്.   വൈക്കം മഹാദേവർ ക്ഷേത്രത്തിലെ ഒരു ഉത്സവത്തിന്   നടന്ന കളിക്ക് പ്രസിദ്ധ കഥകളി ഗായകൻ ശ്രീ. ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അവർകളെയാണ്   ക്ഷണിച്ചിരുന്നത്. എന്നാൽ  കളി ആരംഭിക്കുന്നതിനു ഒരു ചില മണിക്കൂറുകൾക്ക് മുൻപ്  അദ്ദേഹം കളിക്ക് വരില്ല എന്ന് അറിയിച്ചു കൊണ്ടുള്ള ടെലെഗ്രാമാണ്‌  ലഭിച്ചത്. എന്തു ചെയ്യണം എന്നറിയാതെ ഉത്സവ കമ്മറ്റിക്കാർ വിഷമിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ശ്രീ. വൈക്കം തങ്കപ്പൻ പിള്ള ഭാഗവതർ ടവുണിലുള്ള കടയിൽ നിൽക്കുന്ന വിവരം അറിഞ്ഞത്. ഉടൻ തന്നെ കഥകളിയോഗം     മാനേജർ     ടവുണിലേക്കോടി. മാനേജരുടെ ക്ഷണം ആദ്യമൊക്കെ അദ്ദേഹം നിരസിച്ചെങ്കിലും ഒരു കളി മുടങ്ങരുത്‌ എന്ന സസുദ്ദേശത്തോടെ കളിക്കുകൂടി. കളി കഴിഞ്ഞപ്പോൾ കമ്മറ്റിക്കാർ കളിയോഗം മാനേജരെ വിളിച്ച് തങ്കപ്പൻ പിള്ളയ്ക്ക് എന്തു കൊടുക്കണം എന്ന് ചോദിച്ചു. 
'നമ്മുടെ കളി വിജയിപ്പിച്ചു തന്ന തങ്കപ്പൻ പിള്ളയ്ക്ക് അഞ്ഞൂറ് രൂപയെങ്കിലും നൽകണം' എന്ന് കളിയോഗം മാനേജർ കമ്മറ്റിക്കാരെ അറിയിച്ചു. കമ്മറ്റിക്കാർ നൽകിയ നാനൂറ്റി അൻപതു രൂപയിൽ നിന്നും നാനൂറുരൂപ എടുത്തു മാനേജർ തന്റെ കീശയിലാക്കിയ ശേഷം അൻപതു രൂപ ഒരു കവറിലിട്ട്‌  ഭാഗവതരുടെ ഷർട്ടിന്റെ പോക്കറ്റിലേക്കിട്ടു.  "ഒരു ചെറിയ തുകയേ ഇതിലുള്ളൂ. വീട്ടിൽ ചെന്നേ കവർ തുറക്കാവൂ, എന്നൊരു അപേക്ഷയും "പാട്ട് അസ്സലായീട്ടോ" എന്നൊരു അഭിനന്ദനവും. അദ്ദേഹം ഒരു സധുവായതു കൊണ്ടാണ് ഇങ്ങിനെ അദ്ധ്വാനിച്ച പണം മറ്റൊരാളാൽ  ചൂഷണം ചെയ്യപ്പെട്ടത്.  

                                   ശ്രീ. വൈക്കം സഹോദരന്മാർ
                               (ശ്രീ. വൈക്കം പുരുഷോത്തമൻ, ശ്രീ. വൈക്കം തങ്കപ്പൻപിള്ള)

 കലാദർപ്പണ പുരസ്കാരം, കൊല്ലം കഥകളി ക്ളബ് പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ നേടിയ     ശ്രീ. തങ്കപ്പൻപിള്ള ചേട്ടൻ ഒരു തികഞ്ഞ സത്യസായീ ഭക്തനായിരുന്നു.  
ശ്രീ. തങ്കപ്പൻപിള്ള ചേട്ടൻ 07- 08 - 2014 -ന് ഇഹലോകവാസം വെടിഞ്ഞ വാർത്ത അറിഞ്ഞു. അദ്ദേഹത്തിൻറെ  സ്മരണയ്ക്കു മുൻപിൽ ഈ ഓർമ്മകൾ ഞാൻ അഞ്ജലിയായി സമർപ്പിക്കുന്നു.

2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ഹരിപ്പാട്‌, തലത്തോട്ട മഹാദേവർ ക്ഷേത്രത്തിൽ അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി.


ആഗസ്റ്റ്‌ -3 ന് ഹരിപ്പാട്‌, തലത്തോട്ട മഹാദേവർ ക്ഷേത്രത്തിൽ  വൈകിട്ട് ഏഴു മണിമുതൽ പൂതനാമോക്ഷം കഥകളി അവതരിപ്പിക്കുകയുണ്ടായി.  മധുരാപുരിയിലെ രാജാവായ ഉഗ്രസേനനെ കാരാഗൃഹത്തിൽ ബന്ധിതനാക്കിയശേഷം  പുത്രനായ  കംസൻ രാജാവായി. കംസൻറെ സഹോദരിയായ ദേവകിയുടെ വിവാഹശേഷം ഉണ്ടായ ഒരശരീരി അദ്ദേഹത്തെ ഭയപ്പെടുത്തി. ദേവകിയുടെ എട്ടാമത്തെ പുത്രൻ അദ്ദേഹത്തെ വധിക്കും എന്നതായിരുന്നു അശരീരി. 
ദേവകീ വസുദേവർ ദമ്പതികൾക്ക് ജനിച്ച ഏഴു കുട്ടികളെയും കംസൻ വധിച്ചു. എട്ടാമതും ദേവകി ഗർഭിണിയായപ്പോൾ ദമ്പതികളെ കംസൻ കാരാഗൃഹത്തിൽ അടച്ചു. അഷ്ടമിരോഹിണി നാളിൽ ദേവകി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ഈ കുഞ്ഞിനെയെങ്കിലും രക്ഷിക്കണം എന്ന് അവർക്ക് മോഹം ഉണ്ടായപ്പോൾ കാരാഗൃഹത്തിന്റെ വാതിലുകൾ തുറക്കുകയും കാവൽ ഭടന്മാർ നിദ്രയിൽ മുഴുകുകയും ചെയ്തു. വസുദേവർ കുഞ്ഞിനേയും കൊണ്ട് വെളിയിലെത്തി. കരകവിഞ്ഞൊഴുകുന്ന കാളിന്ദീനദി വസുദേവർക്കായി വഴിയൊതുങ്ങി ആഴം കുറച്ചു. കനത്ത മഴയിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ അനന്തൻ ഫണം നിവർത്തി പിന്നാലേ ഇഴഞ്ഞു നീങ്ങി. വസുദേവർ കുഞ്ഞുമായി അമ്പാടിയിലെ നന്ദഗോപരുടെ വസതിയിലെത്തി. നന്ദഗോപന്റെ പത്നി യശോദയുടെ സമീപം സ്വപുത്രനെ കിടത്തിയശേഷം യശോദയുടെ പെണ്‍കുട്ടിയെ എടുത്തു കൊണ്ട് കാരാഗൃഹത്തിൽ മടങ്ങിയെത്തി. കാരാഗൃഹത്തിന്റെ വാതിലുകൾ താനേ അടയുകയും ചെയ്തു. പെണ്‍കുട്ടി കരഞ്ഞപ്പോൾ കാവൽ ഭടന്മാർ ഉണർന്നു. അവർ കംസനെ വിവരം അറിയിച്ചു. കംസൻ എത്തി. പെണ്‍കുട്ടിയെ  വധിക്കാനായി കാലിൽ പിടിച്ച് ഉയർത്തിയപ്പോൾ കുട്ടി കംസൻറെ കയ്യിൽ നിന്നും വഴുതി ആകാശത്തേക്ക് ഉയർന്നു. "തവാന്തകൻ ഭൂമിയിൽ ജനിച്ചിട്ടുണ്ട് എന്നറിയിച്ചുകൊണ്ട് പെണ്‍കുട്ടി അപ്രത്യക്ഷയായി. 

അമ്പാടിയിൽ കൃഷ്ണൻ വളർന്നു വന്നു. ദൂതന്മാർ മുഖേന ഈ വൃത്താന്തം അറിഞ്ഞ കംസൻ, കൃഷ്ണനെ വധിക്കുവാൻ പൂതനയെന്ന രാക്ഷസിയെ നിയോഗിക്കുന്നു. കംസാജ്ഞ സ്വീകരിച്ചു കൊണ്ട് സുന്ദരിയായ ലളിതാരൂപം ധരിച്ച് അമ്പാടിയിൽ എത്തി. അത്ഭുതബാലനായ കൃഷ്ണനെ വാത്സല്യത്തോടെ ലളിത  സമീപിക്കുന്നു. പിഞ്ചു  കുഞ്ഞിനെ വധിക്കുവാൻ ആ രാക്ഷസിക്കു  ആദ്യം  മനസ്സു വന്നില്ല.  എന്നാൽ കുട്ടിയെ വധിക്കാതെ മടങ്ങിയാൽ കംസൻ തന്നെ വധിക്കും എന്നു മനസിലാക്കിയ ലളിത തന്റെ മുലകളിൽ വിഷം പുരട്ടിയ ശേഷം കുഞ്ഞിനു മുലപ്പാൽ നല്കുന്നു. കുട്ടി പൂതനയുടെ ജീവനെ ആ മുലകൾനുകർന്ന് അപഹരിക്കുന്നു. പൂതനയ്ക്ക് മോക്ഷം ലഭിക്കുന്നു. ഇതാണ് പൂതനാമോക്ഷം കഥയുടെ ഇതിവൃത്തം. 
 കംസൻറെ തിരനോക്കിനു ശേഷം  കംസസന്നിധിയിൽ നാരദ മഹർഷി എത്തുന്നതാണ് അവതരിപ്പിച്ച ആദ്യരംഗം. ദേവലോകത്തു നിന്നുമാണ് താൻ  വരുന്നതെന്നും മഹാവിഷ്ണു കംസാരിയായി ജനിക്കാമെന്ന് ഇന്ദ്രന് വാഗ്ദാനം ചെയ്തിട്ടുള്ള   വൃത്താന്തവും ശത്രു   ജനിച്ചിട്ടുണ്ട് എന്ന വിവരവും   നാരദൻ കംസനെ ഓർമ്മിപ്പിക്കുന്നു. ഞാൻ അങ്ങയോടു പറയുന്നതെല്ലാം  സത്യമാണെന്നും മന്ത്രി സത്തമന്മാരുമായി ആലോചിച്ച് വേണ്ടത് ചെയ്താലും എന്ന് ഉപദേശിച്ച് നാരദൻ മടങ്ങി.   ശത്രുവിനെ നശിപ്പിക്കുവാൻ എന്താണ് ചെയ്യുക. നാടിന്റെ നാനാഭാഗത്തും ദൂതന്മാരെ അയച്ച് നാട്ടിൽ ജനിച്ച എല്ലാ കുഞ്ഞുങ്ങളെയും നശിപ്പിക്കണമെന്നും എത്രയും വേഗം  പൂതനയുടെ ഗൃഹത്തിലെത്തി അവളോട്‌    ഇവിടെ എത്തുവാൻ അറിയിക്കണമെന്നും ദൂതനോട് ആജ്ഞാപിക്കുന്നു. 

                ശ്രീ.ഏവൂർ മധു (മദ്ദളം), ശ്രീ. ഹരിപ്പാട്‌ ദാമു, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ  

                            കംസൻ: ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ 



                                            കംസൻ: ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ

                               കംസനും നാരദനും (നാരദൻ : ശ്രീ. കലാമണ്ഡലം അഖിൽ)

                                              കംസനും നാരദനും
                                           
 പൂതനയുടെ (പെണ്‍കരി) തിരനോക്കിനു ശേഷം ഒരുക്കം ആരംഭിച്ചു. കൈവിരലുകൾ കടക്കാത്ത വിധം ജട പിടിച്ച മുടികൾ എണ്ണപുരട്ടി ഓരോ മുടികളും ജടയിൽ നിന്നും വേർപെടുത്തി. തല ചൊറിഞ്ഞപ്പോൾ  കൈയ്യിൽ തടഞ്ഞ പേൻകൾ ഓരോന്നിനെയും കൊന്നു. മുടികൾ  കോതി ഒരുക്കി. ചെടിയിൽ നിന്നും പൂവ് ഇറുത്ത് തലയിൽ ചൂടി. ചന്ദനം ചാലിച്ച് പൊട്ടും തൊട്ടു.  വിളക്കിൽ നിന്നും കരിയെടുത്ത് കണ്ണെഴുതി. പൂക്കൾ രണ്ടു കാതിലും വെച്ചു. മുലകൾ ചലിക്കാത്ത വിധം ഭംഗിയായി കെട്ടിവെച്ചു. അങ്ങിനെ ഒരുക്കങ്ങൾക്ക് ശേഷം വിശ്രമിക്കുന്നു. 

                                     കരിപൂതന : ശ്രീ. ചാത്തന്നൂർ കൊച്ചുനാരായണപിള്ള 


                         കരിപൂതന : ശ്രീ. ചാത്തന്നൂർ കൊച്ചുനാരായണപിള്ള

                                              കരിപൂതന
  കംസന്റെ  ദൂതൻ തന്റെ ആവാസ സ്ഥലത്തേക്ക് വരുന്നത് പൂതന കാണുന്നതും ദൂതനോട് ആഗമന കാരണം       കാരണം തിരക്കുന്നതുമാണ് അടുത്ത  രംഗം.  കംസന്റെ സന്നിധിയിൽ പൂതനയെത്തുന്നതാണ് മൂന്നാം രംഗം. പൂതന തന്നെ ആനയിച്ചതിന്റെ കാരണം കംസനോട് തിരക്കുന്നു. തന്റെ ശതൃ ജനിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയുവാൻ സാധിച്ചു. അതുകൊണ്ട്   നാട്ടിൽ വളരുന്ന എല്ലാ കുട്ടികളെയും വധിക്കുവാനും  നന്ദഗൃഹത്തിൽ വളരുന്ന ശ്രീകൃഷ്ണനെ മുലയിൽ വിഷം പുരട്ടി, മുലപ്പാൽ കൊടുത്ത് വധിക്കുവാനും കംസൻ പൂതനയോട്  നിർദ്ദേശിക്കുന്നു. അങ്ങയുടെ ആജ്ഞ നിറവേറ്റുവാൻ തയ്യാറാണെന്നും എത്ര കുട്ടികളെയും വധിക്കാൻ തയ്യാറാണെന്നും പൂതന അറിയിക്കുന്നു. കംസനോട് യാത്ര പറഞ്ഞ പൂതന അമ്പാടിയിലേക്ക് യാത്ര തിരിക്കുന്നു. യാത്ര തിരിക്കുമ്പോൾ ചില ദുർലക്ഷണങ്ങൾ ലളിതയ്ക്ക് അനുഭവപ്പെടുന്നു. അന്തരീക്ഷത്തിൽ കൂടി സഞ്ചരിച്ച്  പൂതന അമ്പാടിയിൽ എത്തി.  സിംഹം,  ആന,  പാമ്പ് തുടങ്ങിയ വന്യ ജീവികൾ സ്വാതന്ത്ര്യമായി വിഹരിക്കുന്നത്  കണ്ടു.    പശുവൃന്ദങ്ങൾ,   സ്ത്രീകൾ കുടവും തലയിൽ ചുമന്ന് പോകുന്നത്,  സ്ത്രീകൾ തൈർ കടഞ്ഞ് വെണ്ണയെടുക്കുന്നത്    ഗോപസ്ത്രീകളുടെ നൃത്തം തുടങ്ങിയ കാഴ്ചകൾ പൂതന കണ്ടു.    രാക്ഷസി  വേഷത്തോടെ അമ്പാടിയ്ക്കുള്ളിൽ   പ്രവേശിച്ചാൽ അവിടെയുള്ള ജനങ്ങൾ  തന്നെ ഓടിക്കുമെന്ന്  മനസിലാക്കി പൂതന സുന്ദരിയായ ഒരു ലളിതയുടെ വേഷം സ്വീകരിക്കുവാൻ തീരുമാനിക്കുന്നു.  

                                                           കംസനും കരിപൂതനയും 

നാലാം രംഗത്തിൽ പൂതന "കന്നൽ കണ്ണികൾ മൌലിരത്ന കലികാരൂപം ധരിച്ച്, പൊന്നിൻ മാലയുമണിഞ്ഞ് ആദരവോടെ ലളിത വേഷധാരിയായി പൂതന   അമ്പാടിയിൽ  പ്രവേശിച്ചു. അമ്പാടിയിലെ  കാഴ്ചകൾ ഓരോന്നും കണ്ടു രസിച്ച ശേഷം   നന്ദഗൃഹത്തിൽ പ്രവേശിച്ച ലളിത (കൃഷ്ണനെ) ഉണ്ണിക്കണ്ണനെ കണ്ടു. ഉണ്ണിക്കണ്ണന്റെ സുന്ദരമായ മേനി കണ്ട് കണ്ണുകൾ സായൂജ്യം അടഞ്ഞു. ഉണ്ണിയെ സ്നേഹപൂർവമെടുത്തു താലോലിച്ചു. എത്രയോ കുട്ടികളെ താൻ കണ്ടിരിക്കുന്നു, വധിച്ചിരിക്കുന്നു എന്നാൽ ഇത്രയും ശോഭയുള്ള ഒരു കുട്ടിയെ താൻ ഇതുവരെ കണ്ടിട്ടില്ല, ഈ കുട്ടിയെ വധിക്കുവാൻ എനിക്ക് മനസ്സ് വരുന്നില്ല, അതുകൊണ്ട് മടങ്ങുക തന്നെ എന്ന് ലളിത തീരുമാനിച്ച് മടങ്ങുവാൻ തയ്യാറായി.    "ഈ കുഞ്ഞിനെ വധിച്ചില്ല എങ്കിൽ ആ ദുഷ്ടനായ കംസൻ എന്നെ വധിക്കും" ഒരു പക്ഷേ ഈ കുഞ്ഞിനെ വധിക്കുന്നതിൽ കൂടി തനിക്ക്‌ ശാപമോക്ഷം ലഭിന്നെങ്കിൽ ലഭിക്കട്ടെ എന്ന് തീരുമാനിച്ച്   മടങ്ങി  വന്ന് സൂക്ഷിച്ചു വെച്ചിരുന്ന വിഷം മുലകളിൽ പുരട്ടിയ ശേഷം മുലപ്പാൽ ഉണ്ണിക്കണ്ണന് നല്കുന്നു.     സ്തനപാനത്തിലൂടെ ലളിതയുടെ ജീവൻ ഉണ്ണിക്കണ്ണൻ നുകർന്നു. മരണവെപ്രാളം കൊണ്ട് ലളിത വളഞ്ഞു. കുട്ടിയെ തൻറെ സ്തനം നുകരുന്നതിൽ  മാറ്റുവാൻ ലളിത പരമാവധി ശ്രമിച്ചു. ഒടുവിൽ ഭീകരരൂപിണിയായി പൂതന മാറി മരിക്കുകയും തുടർന്ന് ശാപമോക്ഷം ലഭിക്കുകയും ചെയ്യുന്നു. 

                                    ലളിത: ശ്രീ. സദനം വിജയൻ 

                                     ലളിത: ശ്രീ. സദനം വിജയൻ


                                    ലളിത: ശ്രീ. സദനം വിജയൻ
                                  
 ശ്രീ. കലാമണ്ഡലം ബാലകൃഷ്ണനാണ് കംസനായി വേഷമിട്ടത്. പൂതനാമോക്ഷം കഥയിലെ കംസന്റെ വേഷം ചെയ്തുള്ള  ശീലം കുറവാണ് എങ്കിലും വളരെ ഭംഗിയായി അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ശ്രീ. കലാമണ്ഡലം അഖിലാണ് നാരദനെ അവതരിപ്പിച്ചു വിജയിപ്പിച്ചത്. കഥകളി എന്ന കലാരൂപവുമായി ഒരു ബന്ധവുമില്ലാത്ത ഹൈറേഞ്ചാണ് അഖിലിന്റെ ജന്മസ്ഥലം. കഥകളി  കണ്ടു ശീലമോ, കഥകളി എന്താണെന്ന് അറിയാതെയുമാണ്‌ അദ്ദേഹം കഥകളി പഠിക്കാൻ കലാമണ്ഡലം കളരിയിൽ എത്തിയത്. ദക്ഷിണ കേരളത്തിലെ കലാകാരന്മാരും ആസ്വാദകരും ഈ യുവകലാകാരനെ കഥകളിയിൽ നിലനിർത്തും എന്നൊരു ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. പൂതനാമോക്ഷം കഥയിലെ നാരദന്റെ രംഗം അദ്ദേഹവും ആദ്യമായാണ് കൈകാര്യം ചെയ്യുന്നത്. കരിപൂതനയായി രംഗത്തെത്തിയത് ശ്രീ. ചാത്തന്നൂർ കൊച്ചു നാരായണപിള്ള അവർകളാണ്. അദ്ദേഹത്തിന് ഈ കഥയിലെ വേഷങ്ങൾ ചെയ്തു ശീലമുണ്ട് എന്നത് പ്രത്യേകം സ്മരിക്കേണ്ടതാണ്. കരി പൂതനയെ അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. ശ്രീ.ആർ.എൽ.വി. രാധാകൃഷ്ണനെയാണ് ലളിതയുടെ വേഷത്തിനായി  ക്ഷണിച്ചിരുന്നത്. അദ്ദേഹത്തിന് എന്തോ അസൌകര്യം ഉണ്ടായത് കാരണം ശ്രീ. സദനം വിജയനാണ് ലളിതയുടെ വേഷമിട്ടത്. വേഷഭംഗി കൊണ്ടും ലാളിത്യം കൊണ്ടും വളരെ നല്ല പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. "അമ്പാടി ഗുണം", സുകുമാര! നന്ദകുമാര! വരിക" എന്നീ പദാട്ടങ്ങളും  ലളിതയുടെ  അവതരണവും വളരെ ഹൃദ്യമായിരുന്നു. 

 ശ്രീ. ഹരിപ്പാട്‌ ദാമു, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ സംഗീതവും ശ്രീ. കലാഭാരതി മുരളി ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ, ശ്രീ. ഏവൂർ മധു എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. ചിങ്ങോലി പുരുഷോത്തമൻ അവർകളാണ് ചുട്ടി കൈകാര്യം ചെയ്തത്. ശ്രീ. ഏവൂർ കണ്ണംപള്ളിൽ കളിയോഗത്തിന്റെ കോപ്പുകളും അണിയറ ശിൽപ്പികളും കളിയുടെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു.  

(പൂതനാമോക്ഷം കഥയിൽ കാരാഗൃഹത്തിൽ ബന്ധനസ്ഥനായ വസുദേവർ, ബന്ധന വിമുക്തനായി എട്ടാമത്തെ പുത്രനുമായി കാരാഗൃഹത്തിൽ നിന്നും വെളിയിൽ വരുന്നതും കടൽ കടന്ന് നന്ദഗൃഹത്തിൽ എത്തുന്നതും പെണ്‍കുട്ടിയുമായി കാരാഗൃഹത്തിൽ മടങ്ങിയെത്തുന്നതും പെണ്‍കുട്ടിയുടെ കരച്ചിൽ കേട്ട് ഭടന്മാർ വിവരം കംസനെ അറിയിക്കുന്നത് വരെ  ദണ്ഡകമായാണ് കഥയിൽ ആവിഷ്കരിച്ചിരിക്കുന്നത്. "പത്മനാഭ! പരമപുരുഷ പാഹിമാം വിഭോ" എന്ന വസുദേവരുടെ സ്തുതിയും കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .) 

2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

മാവേലിക്കരയിൽ അവതരിപ്പിച്ച സന്താനഗോപാലം കഥകളി


ആഗസ്റ്റ്‌ 3- ന് കൊല്ലം ജില്ലയിൽ നടത്തുന്ന ഒരു കുടുംബ  സംഗമത്തിന് പങ്കെടുക്കുവാനായി ഈ കഴിഞ്ഞ ജൂലായ്‌ 31-ന്  നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ ഒരു കഥകളിയെങ്കിലും കാണാൻ അവസരം ഉണ്ടാകും എന്നൊരു പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു. ഞാൻ നാട്ടിൽ എത്തിയ ശേഷം ശ്രീ. കണ്ടിയൂർ ഗോപൻ സാർ അവർകളെ ഫോണിൽ കൂടി   ബന്ധപ്പെട്ടപ്പോഴാണ് ആഗസ്റ്റ്‌ -2 ന് വൈകിട്ട് 7 മണിക്ക് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സന്താനഗോപാലം, അന്നേ ദിവസം വൈകിട്ട് 7 മണിക്ക്    ഹരിപ്പാട്‌ തലത്തോട്ട മഹാദേവർ ക്ഷേത്രത്തിൽ കിരാതവും ആഗസ്റ്റ്‌ -3 ന് സമ്പൂർണ്ണ പൂതനാമോക്ഷവും, ആഗസ്റ്റ്‌ നാലിന് കായംകുളം, കണ്ണമംഗലം ക്ഷേത്രത്തിൽ കിരാതം കഥകളിയും ഉണ്ടെന്ന വിവരം അറിയുന്നത്. ആഗസ്റ്റ്‌ -3  ന് പുലർച്ചയിൽ കൊല്ലത്തിന് യാത്രയാകണം. അതുകൊണ്ട് ആഗസ്റ്റ്‌ -2 ന് രാത്രി പത്തുമണിവരെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സന്താനഗോപാലം കഥകളി കാണുക എന്ന് തീരുമാനിച്ചു. 

ആഗസ്റ്റ്‌ - 2 നു  വൈകിട്ട് മാവേലിക്കര ബസ് സ്റ്റാന്റിൽ നിന്നും ക്ഷേത്രത്തിലേക്ക് പോകും വഴിയിൽ ശ്രീ. കലാമണ്ഡലം സുരേന്ദ്രനെ കൂട്ടിനു ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു അണിയറയിൽ എത്തുമ്പോൾ   അവിടെ ഉണ്ടായിരുന്ന ശ്രീ. കലാമണ്ഡലം രാജീവൻ, ശ്രീ. ഫാക്റ്റ് ജയദേവവർമ്മ, ശ്രീ. കലാഭാരതി സുരേഷ് എന്നിവരുമായി സൗഹൃദസംഭാഷണം ചെയ്ത ശേഷം അരങ്ങിനു മുൻപിൽ സ്ഥാനം പിടിച്ചു. ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം ശ്രീ. കലാമണ്ഡലം വിശാഖു് പുറപ്പാട് അവതരിപ്പിച്ചു.   മേളപ്പദം ഉണ്ടായില്ല. തുടർന്ന്  സന്താനഗോപാലം കഥ ആരംഭിച്ചു. 

                       ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. കലാഭാരതി സുരേഷ് 

                                 പുറപ്പാട് : ശ്രീ. കലാമണ്ഡലം വിശാഖ് 

ആദ്യ രംഗത്തിൽ മഹാഭാരതയുദ്ധത്തിനു ശേഷം പാണ്ഡവർ രാജ്യം ഭരിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിൽ ഒരു നാൾ അർജുനൻ ദ്വാരകയിൽ എത്തി ശ്രീകൃഷ്ണനെ വണങ്ങുന്നതും  ശ്രീകൃഷ്ണൻ അർജുനനെ സസന്തോഷം സ്വീകരിക്കുകയും  തന്നോടൊപ്പം കുറച്ചു കാലം ദ്വാരകയിൽ താമസിക്കുവാൻ താൽപ്പര്യം അറിയിക്കുകയും ചെയ്യുന്നു.

 പണ്ട് യുദ്ധക്കളത്തിൽ സഹോദരന്മാരെയും ഗുരുനാഥന്മാരെയും എതിർത്ത് യുദ്ധം ചെയ്യാൻ വിഷമിച്ചു മനം തളർന്നപ്പോൾ  ശ്രീകൃഷ്ണൻ ധൈര്യവും ഉപദേശവും നൽകി പരിപാലിച്ചത് അർജുനൻ സ്മരിച്ചു. അങ്ങയെ ഇവിടെ വന്ന് കാണുവാൻ കുറച്ചു കാലമായി ആഗ്രഹിച്ചിരുന്നു  എങ്കിലും കാലതാമസം നേരിട്ടു. ഇപ്പോൾ ആ ആഗ്രഹം കൈവന്നു. കുറച്ചു കാലം അങ്ങയുടെ ആഗ്രഹപ്രകാരം ഞാൻ ദ്വാരകയിൽ താമസിക്കുവാൻ തീരുമാനിച്ചു എന്ന് അർജുനൻ ശ്രീകൃഷ്ണനെ അറിയിച്ചു. ദ്വാരകയിൽ ഒരു യാഗം നടത്തുന്ന വിവരം കൃഷ്ണൻ അർജുനനെ അറിയിക്കുന്നു. യാഗരക്ഷയുടെ ചുമതല വഹിക്കുവാൻ  അർജുനൻ സന്നദ്ധനായി.   ബലരാമനെ കണ്ടു വണങ്ങുവാൻ അർജുനൻ യാത്രയാകുന്നതോടെ ആദ്യരംഗം അവസാനിച്ചു. 

 ശ്രീകൃഷ്ണനും അർജുനനും (ശ്രീ. കലാമണ്ഡലം വിശാഖും ശ്രീ. കലാമണ്ഡലം രാജീവനും)
 
                     ശ്രീകൃഷ്ണനും  ബ്രാഹ്മണനും  (ബ്രാഹ്മണൻ: ശ്രീ. ഫാക്റ്റ് ജയദേവവർമ്മ)

അർജുനൻ ദ്വാരകയിൽ താമസിച്ചു കൊണ്ടിരുന്ന കാലത്ത് ഒരു ദിവസം ഒരു ബ്രാഹ്മണൻ തനിക്കു ജനിച്ചു മരിച്ച ഒൻപതാമത്തെ കുട്ടിയുടെ മൃത ശരീരവുമായി യാദവസഭയിൽ എത്തി വിലപിക്കുന്നതാണ് രണ്ടാം രംഗം. യാദവസഭയിൽ അർജുനനൻ ഇല്ല എന്ന രീതിയിലുള്ള അവതരണമാണ് രംഗത്ത് കാഴ്ച വെച്ചത്. 
"കഷ്ടമിതു കാണ്മിനെന്റെ കറ്റക്കിടാവിതിഹ 
ദൃഷ്ടിമലച്ചേഷശേതേ; എട്ടു ബാലന്മാരീവണ്ണം 
പെട്ടുപോയിമമ മക്കൾ ദൃഷ്ട തര രാജദോഷാൽ ശിവശിവ!"
എന്ന ബ്രാഹ്മണന്റെ പദത്തിനാണ് അർജുനൻ രംഗത്ത് പ്രവേശിച്ചത്‌. ബ്രാഹ്മണന്റെ വിലാപം ശ്രദ്ധിക്കാത്ത ശ്രീകൃഷ്ണനെ ശ്രദ്ധിക്കുകയും പുത്ര ദുഖഭാരത്താൽ ബ്രാഹ്മണൻ   ശ്രീകൃഷ്ണനെ ഭൽസിക്കുമ്പോൾ അരുതേ!, അരുതേ! എന്ന് അർജുനൻ ബ്രാഹ്മണനോട് അപേക്ഷിക്കുകയും ചെയ്യുന്നു. ബ്രാഹ്മണനെ സ്വന്തനപ്പെടുത്തുവാൻ അർജുനൻ തയ്യാറാകുന്നതോടെ ശ്രീകൃഷ്ണനും യാദവവീരന്മാരും സഭ വിട്ടു പോകുന്നു. ഇത് കണ്ട അർജുനൻ ക്ഷത്രിയധർമ്മം പരിപാലിക്കുവാൻ   തയ്യാറായി,      ബ്രാഹ്മണന്റെ ഭാവി സന്താനങ്ങളെ സംരക്ഷിച്ചു നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്യുന്നു.  ഭഗവാൻ കൃഷ്ണൻ കയ്യൊഴിഞ്ഞ വിഷയം  അർജുനൻ സാധിച്ചു തരാമെന്ന് പറയുന്നത് അവിവേകമാണ് എന്ന് ഉറപ്പുള്ള ബ്രാഹ്മണൻ അർജുനനെ പരിഹസിക്കുന്നു. അർജുനൻ തന്റെ വിജയ കഥകളെല്ലാം ബ്രാഹ്മണനെ അറിയിക്കുന്നു. ഇന്ദ്രപുത്രനായ തന്റെ ശരകൂടാരത്തിനു മുൻപിൽ   ഭാവി സന്താനത്തിന് മരണഭയം ഉണ്ടാകും എന്ന ഭയം ലേശവും വേണ്ടെന്ന് ആശ്വസിപ്പിച്ചു. ഇനി അങ്ങയുടെ പത്നിക്ക് ഇനി ഗർഭം പൂർത്തിയാകുമ്പോൾ ഇവിടെ എത്തി എന്നെ അറിയിക്കുക. ഇനി മേലിൽ ജനിക്കുന്ന കുട്ടിയെ രക്ഷിച്ചു തരാൻ കഴിഞ്ഞില്ലാ എങ്കിൽ അഗ്നികുണ്ഡത്തിൽ ചാടി ദേഹത്യാഗം ചെയ്യുമെന്ന്  സത്യം ചെയ്യുകയും ചെയ്തു അർജുനൻ. അർജുനൻ ബ്രാഹ്മണനെ ആശ്വസിപ്പിച്ച് യാത്രയാക്കി. 

                               ശ്രീകൃഷ്ണൻ, അർജുനൻ, ബ്രാഹ്മണൻ 

"സ്വർഗ്ഗവാസികൾക്കും സുഖ വിതരണം ചെയ്യും 
ഫൽഗുന വീരനെ കേട്ടറിയുന്നില്ലയോ ഭവാൻ" എന്ന പദാട്ടം  സ്വർഗ്ഗത്തിൽ കടന്നു കൂടിയ അസുരന്മാരെ വധിച്ചത് സ്മരിച്ചു കൊണ്ടാണ് അവതരിപ്പിച്ചത്. ശരകൂടം നിർമ്മിച്ച്‌ ഖാണ്ഡവവനം അഗ്നിക്ക് ദഹിക്കാൻ നല്കിയതും ഗാന്ധീവം ലഭിച്ച കഥയും രംഗത്ത് അർജുനൻ അവതരിപ്പിച്ചു. 

 രണ്ടു സത്യം കഴിഞ്ഞ ശേഷം ഇനി ജനിക്കുന്ന ബ്രാഹ്മണപുത്രന്മാരെ രക്ഷിക്കാൻ സാധിച്ചില്ലാ എങ്കിൽ അഗ്നിയിൽ ചാടി ദേഹത്യാഗം ചെയ്യാമെന്ന് ഭഗവാൻ കൃഷ്ണന്റെ പദകമലം സ്മരിച്ച്   ഒരു സത്യം കൂടി ചെയ്യണം എന്ന്  ബ്രാഹ്മണൻ ആവശ്യപ്പെടുമ്പോൾ അർജുനൻ വിസമ്മതിക്കുകയും തുടർന്ന് ബ്രാഹ്മണൻ വിലപിച്ച് മടങ്ങുവാൻ തുടങ്ങുമ്പോൾ അർജുനൻ ബ്രാഹ്മണനെ തിരിച്ചു വിളിച്ചു സത്യം ചെയ്തു ബ്രാഹ്മണനെ തൃപ്തിപ്പെടുത്തുന്ന രീതിയാണ്‌ ഞാൻ അധികം കണ്ടു ശീലിച്ചിട്ടുള്ളത്. 
"ഇദ്ദേഹം ഒരു സാധാരണ ബ്രാഹ്മണനല്ല" എന്ന് സ്മരിച്ചു കൊണ്ട് മൂന്നാമത്തെ സത്യവും മടി കൂടാതെ ചെയ്തു കൊടുക്കുന്ന അർജുനനെയാണ് അവതരിപ്പിച്ചത്. 

                                      അർജുനനും ബ്രാഹ്മണനും

പുത്രശവവുമായി യാദവ സഭയിൽ എത്തിയ തന്റെ ദുഖത്തിന് പരിഹാരം ലഭിക്കുന്ന വാർത്ത ലഭിച്ചു എന്നും  ഭഗവാൻ കൃഷ്ണന്റെ സഹോദരീ ഭർത്താവായ അർജുനൻ ചെയ്ത സത്യവും  അർജുനനെ ആപത്ഘട്ടത്തിൽ ഭഗവാൻ ഉപേക്ഷിക്കുകയും ഇല്ലെന്ന വിശ്വാസവും ബ്രാഹ്മണൻ പത്നിയെ അറിയിക്കുന്നതാണ് മൂന്നാം രംഗം. (മൂന്നാം രംഗം അവസാനിക്കുമ്പോൾ സമയം പത്തു മണിയോട്‌ അടുത്തിരുന്നു.   ഇനിയും അമാന്തിച്ചാൽ വീട്ടിലെത്താനുള്ള യാത്രാ സൗകര്യം ഇല്ലാത്തതിനാൽ കളി മതിയാക്കി യാത്രയകേണ്ടി വന്നു.) 

                   ബ്രാഹ്മണപത്നിയും ബ്രാഹ്മണനും  (ബ്രാഹ്മണപത്നി: ശ്രീ. മധു വാരണാസി)
ശ്രീകൃഷ്ണനായി ശ്രീ. കലാമണ്ഡലം വിശാഖും അർജുനനായി ശ്രീ. കലാമണ്ഡലം രാജീവനും ബ്രാഹ്മണനായി ശ്രീ. ഫാക്റ്റ് ജയദേവ വർമ്മയും ബ്രാഹ്മണപത്നിയായി ശ്രീ. മധു, വാരണാസിയും രംഗത്തെത്തിയത്. 
 ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. കലാഭാരതി സുരേഷ് എന്നിവർ സംഗീതവും ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ, ശ്രീ. കലാഭാരതി സുമേഷ് എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ, ശ്രീ. വരനാട് (RLV) സുദേവവർമ്മ എന്നിവർ മദ്ദളവും   ശ്രീ. ചിങ്ങോലി പുരുഷോത്തമൻ ചുട്ടിയും കൈകാര്യം ചെയ്തു.  കൊല്ലം, മയ്യനാട് നവരംഗം കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. 

2014 ഓഗസ്റ്റ് 6, ബുധനാഴ്‌ച

"നിഴൽകുത്ത് " പ്രാകൃത ഗാനത്തിൽ നിന്നും ഒരു ആട്ടക്കഥ (ഭാഗം -2)


നിഴൽക്കുത്ത് ആട്ടക്കഥ എഴുതിയ കാലഘട്ടത്തിൽ കഥയ്ക്ക്‌ നല്ല പ്രചാരം  ഉണ്ടായിരുന്നെങ്കിലും കാലക്രമേണ അരങ്ങുകളിൽ പ്രചാരം നിലച്ചു. കഥകളി ആചാര്യൻ ഗുരു. ചെങ്ങന്നൂരും കഥകളി ഭാഗവതർ ശ്രീ. തകഴി കുട്ടൻ പിള്ളയും നിഴൽക്കുത്തിനെ വീണ്ടും പ്രചാരത്തിലെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങി. ഗുരു. ചെങ്ങന്നൂർ ദുര്യോധനൻ   ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ളയുടെ   മലയൻ  ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ളയുടെ  മലയത്തിയുമായി പലയിടങ്ങളിലും നിഴൽക്കുത്ത് അവതരിപ്പിച്ചു. എന്നാൽ കഥകളി അരങ്ങിൽ പതിവില്ലാത്ത മന്ത്രവാദ രംഗം ഉദ്ദേശിച്ചത്ര ശോഭിക്കുന്നില്ല എന്ന ഒരു കുറവ് അനുഭവപ്പെട്ടിരുന്നു. അക്കാലത്ത് ഉണ്ടായിരുന്ന പല നടന്മാരെയും കൊണ്ട് മാന്ത്രികവേഷം ചെയ്യിച്ചും ഉദ്ദേശിച്ചത്ര വിജയം നേടിയില്ല. 

  നിഴൽക്കുത്ത് കഥകളിക്ക് പ്രചാരം ഉണ്ടായിരുന്ന കാലത്ത് മാന്ത്രികവേഷം ചെയ്ത് ഫലിപ്പിച്ചിരുന്ന പ്രശസ്തനായ കഥകളി ആചാര്യൻ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ അവർകൾ  ഗുരു. ചെങ്ങന്നൂരിന്റെ സ്മരണയിൽ എത്തി. അദ്ദേഹം മാന്ത്രികനായി  രംഗത്ത് എത്തുമ്പോൾ മണ്ണെണ്ണ വായിലൊഴിച്ച് പന്തത്തിൽ ഊതുകയും മറ്റും ചെയ്ത് രംഗത്ത് ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.  ശ്രീ.ചെന്നിത്തല കൊച്ചുപിള്ള പണിക്കരുടെ കൊച്ചുമകനും തന്റെ പ്രിയ ശിഷ്യനുമായ ചെന്നിത്തല ചെല്ലപ്പൻ പിള്ളയെക്കൊണ്ട് മാന്ത്രിക വേഷം ചെയ്യിച്ചു പരീക്ഷിക്കുവാൻ ഗുരു. ചെങ്ങന്നൂർ തീരുമാനിച്ചു. വിവരം ചെല്ലപ്പൻ പിള്ളയെ ഗുരു. ചെങ്ങന്നൂർ അറിയിക്കുകയും ചെയ്തു. ചെന്നിത്തല സ്വദേശിയും വേലൻ സമുദായ അംഗവുമായിരുന്ന ശ്രീ. നാരായണപണിക്കൻ ചെയ്യുന്ന ചില മാന്ത്രീക വേലകൾ എല്ലാം ശ്രീ. ചെല്ലപ്പൻ പിള്ള ശ്രദ്ധിച്ചു കണ്ടു. മന്ത്രവാദത്തിന്റെ ഒരുക്കുകൾ, മന്ത്രവാദം തുടങ്ങുന്നതിനു മുൻപുള്ള ശംഖുകറക്കൽ, മാവിൻതൂപ്പും തീപ്പന്തവും മാറിനോട് ചേർത്തുവെച്ചു തുള്ളുൽ  തുടങ്ങിയ നാരായണ പണിക്കന്റെ വിദ്യകളെല്ലാം മനസിൽ ഉറപ്പിച്ചു കൊണ്ടും ഗുരു. ചെങ്ങന്നൂരിന്റെ അനുഗ്രഹാശിസ്സുകൾ നേടിക്കൊണ്ടും   ചെല്ലപ്പൻ പിള്ളയുടെ മാന്ത്രികൻ അരങ്ങേറി. മാന്ത്രികന്റെ അവതരണത്തിൽ പ്രതീക്ഷിച്ചതിലധികം വിജയം നേടുകയും ചെയ്തു. 

         നിഴൽക്കുത്ത് കഥകളിയെ കലാലോകത്തിനു മുൻപിൽ എത്തിച്ച കലാകാരന്മാർ. 

                                                മലയത്തി : ശ്രീ. മങ്കൊമ്പ് ആശാൻ 
                                                  മലയത്തി : ശ്രീമതി. ചവറ പാറുക്കുട്ടി 


ഈ കാലയളവിൽ നിഴൽക്കുത്ത് ആട്ടക്കഥയുടെ ഓരോ രംഗവും അതിന്റെ വിവരണങ്ങളും ഓരോ ദിവസം എന്ന രീതിയിൽ അക്കാലത്തെ പ്രസിദ്ധ ദിനപ്പത്രമായ മലയാളരാജ്യത്തിൽ പ്രസിദ്ധീകരിച്ചു. അവസാനരംഗം പ്രസിദ്ധീകരിച്ച ദിവസം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിൽ നിഴൽക്കുത്ത് കഥകളിയുടെ അവതരണവും ഉണ്ടായി. കഥകളി മണ്ഡപം ജനംകൊണ്ട് നിറഞ്ഞു കവിഞ്ഞപ്പോൾ കളി ക്ഷേത്രാങ്കണത്തിലേക്ക് മാറ്റി. കളി വൻ വിജയമായപ്പോൾ തിരുവല്ലയിലെ മിക്ക വഴിപാട്ടു കളികൾക്കും, തുടർന്ന് ദക്ഷിണ കേരളത്തിലെ കളിയരങ്ങുകളിലും നിഴൽക്കുത്തിന്റെ അവതരണത്തിന് പ്രചാരം ലഭിച്ചു. ശ്രീ. ഗുരു. ചെങ്ങന്നൂർ, ശ്രീ.ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ, ശ്രീ. മടവൂർ വാസുദേവൻ‌ നായർ എന്നിവരുടെ ദുര്യോധനൻ, പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ, ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, ശ്രീ. പള്ളിപ്പുറം ആശാൻ, ശ്രീ. പന്തളം കേരളവർമ്മ എന്നിവരുടെ മലയൻ, ശ്രീ. കുടമാളൂർ കരുണാകരൻ നായർ, ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള തുടങ്ങിയവരുടെ മലയത്തി, ശ്രീ. ചമ്പക്കുളം പാച്ചുപിള്ള, ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി എന്നിവരുടെ ത്രിഗർത്തൻ ആദ്യകാലയളവിൽ ജനശ്രദ്ധ നേടിയിരുന്നു. മിക്ക കളിയരങ്ങുകളിലും മാന്ത്രികൻ ശ്രീ.  ചെല്ലപ്പൻ പിള്ള തന്നെ വേണം എന്ന നിർബ്ബന്ധം ആസ്വാദകർക്ക് ഉണ്ടായിരുന്നു.

                             മാന്ത്രികൻ (ചെന്നിത്തല ചെല്ലപ്പൻ പിള്ള)


 ദുര്യോധനനും (ഹരിപ്പാട്‌ രാമകൃഷ്ണ പിള്ള) മാന്ത്രികനും (ചെന്നിത്തല ചെല്ലപ്പൻ പിള്ള)

 മന്ത്രവാദം എന്ന രംഗം കഥകളി രംഗത്ത് ഒരു പുതുമനേടിയ സന്ദർഭത്തിൽ ഈ രംഗത്തിലെ ഒരുക്കുകൾക്ക് ഒരു സഹായി എന്ന ഉദ്ദേശത്തിൽ പരികർമ്മി എന്നൊരു കഥാപാത്രത്തെ ഉൾപ്പെടുത്തി. ശ്രീ. ചെന്നിത്തല രാഘവൻപിള്ള എന്ന കഥകളി നടനെയാണ് ശ്രീ. ചെല്ലപ്പൻ പിള്ള ആദ്യമായി ഇതിന് പരീക്ഷിച്ചത്. ശ്രീ. രാഘവൻ പിള്ള ഫലിത പ്രിയനാകയാൽ രംഗത്ത് ഈ കഥാപാത്രത്തിനു സ്ഥാനം ഉണ്ടാവുകയും ചെയ്തു.   ശ്രീ.  ചെല്ലപ്പൻ പിള്ളയുടെ അസാന്നിദ്ധ്യത്തിൽ ശ്രീ. മുട്ടാർ ശിവരാമനും  ശ്രീ. പന്തളം കേരളവർമ്മയും, ശ്രീ. മടവൂർ ആശാനും, ശ്രീ. ചമ്പക്കുളവും    മാന്ത്രികനെ അവതരിപ്പിച്ചു വിജയിപ്പിച്ചിരുന്നു. 

നിഴൽക്കുത്ത് കഥകളിക്ക് സ്വാധീനമുള്ള ഒരു ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ പോരുവഴി മലനട ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദുര്യോധനനാണ്. മാന്ത്രികവുമായി ബന്ധമുള്ള ഈ ക്ഷേത്രത്തിൽ മദ്യവും കോഴിയും നേർച്ചയായി ഭക്തർ സമർപ്പിക്കാറുണ്ട് . ഈ ക്ഷേത്രത്തിൽ നിഴൽക്കുത്ത് കഥകളി ഉത്സവത്തിന് അവതരിപ്പിക്കുക പതിവാണ്. ദുര്യോധനന്റെ സന്തോഷമായ കഥ എന്നതാണ് അവതരണത്തിന്റെ പ്രധാന അടിസ്ഥാനം. ദുര്യോധനവധം അവതരിപ്പിക്കില്ല എന്നതും പ്രത്യേകതയാണ്. 

1972-ൽ മാവേലിക്കര - കറ്റാനം     റോഡിലുള്ള ഭരണിക്കാവ് ക്ഷേത്രത്തിൽ നിഴൽക്കുത്ത് അവതരിപ്പിക്കുകയുണ്ടായി. ചെങ്ങന്നൂർ ആശാന്റെ ശിഷ്യന്മാരാണ് പ്രധാനവേഷങ്ങൾ ചെയ്തത്. പ്രസ്തുത ക്ഷേത്രത്തിൽ പണ്ട് നിഴൽക്കുത്ത് കഥകളി അവതരിപ്പിച്ചുവെന്നും ഏതോ കാരണവശാൽ കളി പൂർത്തിയാകാതെ മുടങ്ങിയെന്നും തന്മൂലം ക്ഷേത്രത്തിന്റെ പരിസരവാസികൾക്ക് ചില അനർത്ഥങ്ങൾ ഉണ്ടായി എന്നും ഈ ദോഷം മാറുവാൻ നിഴൽക്കുത്ത് കഥകളി അവതരിപ്പിച്ച് മുഴുപ്പിക്കണം എന്നും ഒരു വിശ്വാസം ഉണ്ടായതിന്റെ പേരിൽ അവതരിപ്പിക്കപ്പെട്ട കഥകളിയാണ് അന്ന് നടത്തപ്പെട്ടത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ചില വിശ്വാസികൾ   ഈ ക്ഷേത്രത്തിൽ കഥകളി നടത്തുന്നത് ദോഷമാണ് എന്ന് വിശ്വസിക്കുന്നുണ്ട്. അതിന്റെ കാരണം എന്താണ് എന്ന് അവർക്ക്‌ അറിയുകയുമില്ല.  ഞാൻ  2006 -ൽ narthaki.com എന്ന വെബ് സൈറ്റിൽ നിഴൽക്കുത്ത് കഥകളിയെ പറ്റി ഒരു article പ്രസിദ്ധീകരിച്ചിരുന്നു. അത് വായിച്ച   ഭരണിക്കാവ് സ്വദേശി ശ്രീ. സുനിൽ അവർകൾ എന്നോട്  ബന്ധപ്പെടുകയും അവരുടെ ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുവാൻ പാടില്ല എന്ന് തെറ്റിധാരണയുടെ മർമ്മം മനസിലാക്കുകയും ചെയ്തിരുന്നു. 

കലാമണ്ഡലം ഉൾപ്പടെയുള്ള കഥകളി സ്ഥാപനങ്ങൾ ഈ കഥയെ തള്ളിപ്പറഞ്ഞിരുന്നു. പല പ്രസിദ്ധരായ കഥകളി ഗായകരും ഈ കഥ പാടില്ല എന്ന് വാശി പിടിച്ചിട്ടുണ്ട്. ദുര്യോധനൻ എന്ന കഥാപാത്രം അച്ഛനെകൊണ്ട് കള്ള സത്യം ചെയ്യുന്നുണ്ട് എന്നൊക്കെ പല പരാതികളും കഥയ്ക്ക്‌ എതിരായി പ്രചാരം ചെയ്തു വന്നിരുന്നു. കാലക്രമേണ ഉണ്ണായിവാര്യർ സ്മാരക കലാനിലയം,  കോട്ടയ്ക്കൽ,  കലാമണ്ഡലം തുടങ്ങിയ സ്ഥാപനങ്ങളിലെ കലാകാരന്മാർ നിഴൽക്കുത്ത് കഥയിലെ വേഷങ്ങൾ ചെയ്തുതുടങ്ങി. കലാമണ്ഡലത്തിൽ തെക്കൻ കളരി ആരംഭിച്ച് വളരെ വർഷങ്ങൾ പിന്നിട്ടുവെങ്കിലും 2003-ലെ വള്ളത്തോൾ ജയന്തിക്കാണ് നിഴൽക്കുത്ത് കഥ അവിടെ അരങ്ങേറിയത്. 2005-ൽ ന്യൂഡൽഹിയിലെ ഇന്റർ നാഷണൽ കഥകളി സെൻററിൽ നിഴൽക്കുത്ത് അരങ്ങേറി. ശ്രീ. സദനം ബാലകൃഷ്ണൻ ദുര്യോധനനായും ശ്രീ. ആർ.എൽ.വി രാജേന്ദ്രൻ പിള്ള മലയാനായും ശ്രീ. തിരുവട്ടാർ ജഗദീശൻ മാന്ത്രികനായും രംഗത്തെത്തി കളി വിജയിപ്പിച്ചു. 2007-ലും 2008-ലും കോട്ടക്കൽ വിശ്വംഭര ക്ഷേത്രത്തിൽ നിഴൽക്കുത്ത് അവതരിപ്പിക്കുക ഉണ്ടായി. 
ശ്രീ. ചിറക്കര മാധവൻ കുട്ടി , ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി, ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, ശ്രീ. തോന്നക്കൽ പീതംബരൻ,ശ്രീ. ചാത്തന്നൂർ കൊച്ചുനാരായണ പിള്ള, ശ്രീ. ഓയൂർ രാമചന്ദ്രൻ, ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ, ശ്രീമതി ചവറ പാറുക്കുട്ടി തുടങ്ങിയവർ നിഴൽക്കുത്തിലെ വേഷങ്ങൾ അവതരിപ്പിച്ചു വിജയിപ്പിച്ചിട്ടുള്ള കലാകാരന്മാരാണ് എന്ന് പ്രത്യേകം സ്മരിക്കുന്നു. 

2007-ൽ കോട്ടയ്ക്കലിൽ പ്രസിദ്ധ കഥകളി ആചാര്യനായ ശ്രീ. കോട്ടക്കൽ ചന്ദ്രശേഖരവാര്യരുടെ ഷഷ്ട്യബ്ദപൂർത്തി ആഘോഷിക്കുകയുണ്ടായി. തനിക്ക് ദക്ഷിണ കേരളം നൽകിയ കളിയരങ്ങുകളുടെ എണ്ണം നന്ദിപൂർവ്വം മനസ്സിൽ സ്മരിച്ച ശ്രീ. ചന്ദ്രശേഖരവാര്യർ പ്രസ്തുത ആഘോഷങ്ങളിൽ ഒരു ദിവസത്തെ കളിയിൽ ദക്ഷിണ കേരളത്തിലെ കഥകളി കലാകാരന്മാരെ പങ്കെടുപ്പിക്കണം എന്ന് തീരുമാനിക്കുകയും ചെയ്തു. അന്ന് നിഴൽക്കുത്തും അവതരിപ്പിച്ചിരുന്നു. ശ്രീ. ഫാക്റ്റ് മോഹനന്റെ ദുര്യോധനൻ, ശ്രീ. തലവടി അരവിന്ദന്റെ ത്രിഗർത്തൻ, ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്റെ മലയൻ, ശ്രീ. കലാമണ്ഡലം (ഓയൂർ) രാമചന്ദ്രൻറെ മലയത്തി, ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടിയുടെ മാന്ത്രികനുമായി അവതരിപ്പിച്ച നിഴൽക്കുത്ത് കോട്ടയ്ക്കലിലെ ആസ്വാദകരുടെ മനം കവർന്നു. ഇതിൻ കാരണമായി 2008 -ലെ ഉത്സവക്കളിക്ക് നിഴൽക്കുത്ത് കഥകളി കാണണം എന്നുള്ള  ആസ്വാദകരുടെ താൽപ്പര്യ പ്രകാരം ആദ്യദിവസത്തെ കളിക്ക് തന്നെ നിഴൽക്കുത്ത് അവതരിപ്പിക്കുകയുണ്ടായി.  

പണ്ടത്തെ കലാകാരന്മാർ നിഴൽക്കുത്ത് എങ്ങിനെ അവതരിപ്പിച്ചിരുന്നു എന്നതിന് അധാരമായുള്ളത് 1980 -കളിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ അവതരിപ്പിച്ച നിഴൽക്കുത്ത് കഥയിലെ ചില രംഗങ്ങൾ അടങ്ങിയ ഒരു വീഡിയോ മാത്രമാണ് ആധാരമായുള്ളത്. അതിന്റെ കോപ്പി മിക്ക കലാകാരന്മാരുടെ കൈവശവും ഉണ്ടാകാനാണ് സാധ്യത. ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള (ദുര്യോധനൻ), ശ്രീ.മങ്കൊമ്പ് ശിവശങ്കരപ്പിള്ള (മലയൻ), ശ്രീ. മാത്തൂർ ഗോവിന്ദൻകുട്ടി (മലയത്തി), ശ്രീ. തലവടി അരവിന്ദൻ (ത്രിഗർത്തൻ), ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള (മാന്ത്രികൻ), ശ്രീ. തിരുവല്ല ഗോപിക്കുട്ടൻ നായർ (സംഗീതം) ശ്രീ. ആയാംകുടി കുട്ടപ്പൻ മാരാർ (ചെണ്ട) എന്നീ കലാകാരന്മാരാണ് പങ്കെടുത്തിട്ടുള്ളത്. 


നിഴൽക്കുത്ത് കഥകളി ഇന്ന് തെക്കു മാത്രമല്ല കേരളത്തിന്റെ വടക്കൻ പ്രദേശത്തും അവതരിപ്പിക്കാറുണ്ട്. സ്ഥാപനങ്ങളിൽ കഥകളി അഭ്യസിച്ച മികച്ച കലാകാരന്മാരാണ് കഥ അവതരിപ്പിക്കുന്നത്‌. 'ലോകധർമ്മി'യായ നിഴൽക്കുത്ത് കഥകളി 'നാട്യധർമ്മി'കളായ കലാകാരന്മാരിൽ കൂടെ എന്നെന്നും ശോഭിക്കട്ടെ എന്ന് ആശംസിക്കാം. 

2014 ജൂലൈ 25, വെള്ളിയാഴ്‌ച

"നിഴൽകുത്ത് " പ്രാകൃത ഗാനത്തിൽ നിന്നും ഒരു ആട്ടക്കഥ (ഭാഗം-1)

ദക്ഷിണ കേരളത്തിൽ വളരെയധികം   പ്രചാരമുണ്ടായിരുന്ന ഒരു ആട്ടക്കഥയാണ് നിഴൽകുത്ത്. വേലഭാരതത്തിലെ നിഴൽക്കുത്ത് പാട്ട് എന്ന പ്രാകൃത ഗാനമാണ് കഥയ്ക്ക്‌ ആധാരം.   പണ്ട് കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ക്ഷുദ്രപ്രയോഗം, ആഭിചാര പ്രയോഗം എന്നിവകളിൽ  നിന്നും കുടുംബരക്ഷയ്ക്കായി വേലൻ സമുദായത്തിലെ അംഗങ്ങൾ മാസത്തിൽ ഒരിക്കൽ    സന്ധ്യാവേളയിൽ  ദക്ഷിണ കേരളത്തിലെ ഹിന്ദുഭവനങ്ങൾ സന്ദർശിക്കുകയും ആചാരപ്രകാരം നിലവിളക്കു കൊളുത്തി വെച്ച്   വേലഭാരതത്തിലെ നിഴൽക്കുത്ത് പാട്ട് പാടുകയും  ദക്ഷിണ സ്വീകരിച്ച്   മടങ്ങുകയും   പതിവായിരുന്നു. ഈ സംസ്കാരം കൊണ്ടാകാം ദക്ഷിണ കേരളത്തിൽ   ഈ കഥയ്ക്ക്  പ്രചാരം നിലനിന്നിരുന്നത്. 

11 -09 -1885 -ൽ കരുനാഗപ്പള്ളി, മരുതൂർകുളങ്ങര കണ്ണുംകുഴി വീട്ടിൽ  ജനിച്ച ശ്രീ. പന്നിശ്ശേരി നാണുപിള്ള അവർകളാണ്  വേലഭാരതത്തിലെ  നിഴൽക്കുത്ത് പാട്ടിനെ ആസ്പദമാക്കി നിഴൽക്കുത്ത് ആട്ടക്കഥ  രചിച്ചത്. പ്രശസ്ത  കഥകളി ആചാര്യനായിരുന്ന ശ്രീ. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ അവർകൾ സാധാരണ ജനങ്ങളെ കഥകളി അരങ്ങിലേക്ക് ആകർഷിക്കുവാൻ വേണ്ടി ഒരു   ആട്ടക്കഥ എഴുതണം എന്ന് ശ്രീ. പന്നിശ്ശേരി നാണുപിള്ള അവർകളോട് ആവശ്യപ്പെട്ടു.    സംസ്കൃത പണ്ഡിതൻ,  കഥകളി വിമർശകൻ എന്നീ നിലയിൽ പ്രശസ്തനായിരുന്ന ശ്രീ. പന്നിശ്ശേരി, അക്കാലത്ത്  സാധാരണ ജനങ്ങളിൽ വളരെ സ്വാധീനമുണ്ടായിരുന്ന നിഴൽക്കുത്ത് പാട്ടിനെ ആസ്പദമാക്കി ആട്ടക്കഥ രചിക്കുകയും ചെയ്തു.  നിഴൽക്കുത്ത്  ആട്ടക്കഥ മഹാകവി വള്ളത്തോൾ   സശ്രദ്ധം വായിക്കുകയും  ഒരു  പ്രാകൃത ഗീതത്തെ  കഥകളി ആവിഷ്കാരമാക്കിയ  ശ്രീ. പന്നിശ്ശേരിയെ അനുമോദിക്കുകയും ചെയ്തു.  
"തന്വികളണി മണി മാലികേ! വൃതം  ഇന്നവസാനിച്ചിതു ബാലികേ !.. എന്ന മലയന്റെ മലയത്തിയോടുള്ള പദം അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടതായി  ആട്ടകഥയുടെ പ്രസിദ്ധീകരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിഴൽക്കുത്ത് ആട്ടക്കഥയിൽ 14 രംഗങ്ങൾ ഉണ്ടെങ്കിലും അവസാനത്തെ ഏഴു രംഗങ്ങൾക്ക് മാത്രമാണ് രംഗപ്രചാരം ലഭിച്ചത്.  പദങ്ങൾ  ലളിതവും സാധാരണ ജനങ്ങൾക്ക്‌   ഹൃദ്യമായ കഥയായതിനാലും ദക്ഷിണ  കേരളത്തിൽ നിഴൽക്കുത്ത് കഥകളിക്ക് നല്ല പ്രചാരം ലഭിച്ചു.

കൌരവരുടെ മാതുലനായ ശകുനിയുടെ നിർദ്ദേശപ്രകാരം പാണ്ഡവന്മാരെ "നിഴൽക്കുത്ത്" എന്ന മാന്ത്രിക പ്രയോഗത്തിലൂടെ വധിക്കുവാൻ  വേണ്ടി    വനവാസിയും മാന്ത്രികനുമായ ഭാരതമലയനെ   വരുത്തുവാനായി ദുര്യോധനൻ നിയോഗിച്ചയച്ച  ദൂതൻ, മലയനെ കണ്ടശേഷം കൊട്ടാരത്തിൽ മടങ്ങിയെത്തുന്നു. മാന്ത്രികൻ വ്രതത്തിലാണെന്നും വ്രതം കഴിഞ്ഞ് രണ്ടു  ദിവസങ്ങൾക്കുള്ളിൽ   കൊട്ടാരത്തിൽ എത്തുമെന്നും   ദൂതൻ ദുര്യോധനനെ അറിയിക്കുന്നു. സിംഹതുല്യനായ ത്രിഗർത്തന്റെ ഗൃഹത്തിൽ ചെന്ന് ത്രിഗർത്തനെ കണ്ടു എത്രയും വേഗം കൊട്ടാരത്തിലെത്തുവാൻ അറിയിക്കണം എന്ന് ദൂതന് ദുര്യോധനൻ നിർദ്ദേശം നൽകി യാത്രയാക്കുന്നതുമാണ് അവതരിപ്പിക്കുന്ന ആദ്യ രംഗം. 

                                             ദുര്യോധനൻ 

രണ്ടാം രംഗത്തിൽ ത്രിഗർത്തൻ ദുര്യോധനന്റെ കൊട്ടാരത്തിൽ  എത്തുന്നു. പാണ്ഡവരെ നശിപ്പിക്കുവാനെത്തുന്ന മാന്ത്രികന്റെ മന്ത്രശക്തി പരീക്ഷിക്കുവാനായി   കോട്ടവാതിലിൽ നിൽക്കണം എന്നും കോട്ടയ്ക്കുള്ളിലേക്ക് മാന്ത്രികനെ കടത്തിവിടരുതെന്നും ദുര്യോധനൻ ത്രിഗർത്തന് നിർദ്ദേശം നൽകുന്നു. ത്രിഗർത്തൻ കോട്ടയുടെ കാവൽ ചുമതല ഏറ്റെടുക്കുന്നു. 

മൂന്നാം രംഗത്തിൽ വൃതം കഴിഞ്ഞ് സ്വഗൃഹത്തിൽ മടങ്ങിയെത്തുന്ന മലയനെ പത്നിയായ മലയത്തിയും മകൻ മണികണ്ഠനും സ്വീകരിക്കുന്നു. താൻ ഉടനെ ദുര്യോധന മഹാരാജാവിനെ കാണാൻ യാത്രയാവുകയാണ് എന്ന് മലയൻ മലയത്തിയെ അറിയിക്കുന്നു. വൃതം കഴിഞ്ഞു വന്നയുടൻ മടങ്ങുന്നതിൽ പരിഭവിച്ചു കൊണ്ടാണ് എങ്കിലും മഹാരാജാവിന് സമർപ്പിക്കുവാൻ ആനക്കൊമ്പ്, തേൻ തുടങ്ങിയ കാഴ്ചവസ്തുക്കൾ മലയത്തി മലയനെ ഏൽപ്പിക്കുന്നു. മഹാരാജാവിനെ കണ്ടു മടങ്ങുമ്പോൾ തന്റെ ചെറുപ്പകാലത്ത് തനിക്ക് ആഹാരവും വസ്ത്രങ്ങളും  നൽകി സഹായിച്ചിട്ടുള്ള കുന്തീദേവിയെ കണ്ടു വണങ്ങി വരേണം എന്ന് മലയത്തി മലയനെ അറിയിക്കുന്നു. യാത്രാരംഭത്തിൽ ചില ദുർലക്ഷണങ്ങൾ മലയന് അനുഭവപ്പെടുന്നു.  

                                   മലയൻ, മലയത്തി, മണികണ്ഠൻ 

നാലാം രംഗത്തിൽ കോട്ടവാതുക്കൽ എത്തുന്ന മലയനെ ത്രിഗർത്തൻ തടയുന്നു. രാജാവിന്റെ ക്ഷണം അനുസരിച്ചാണ് താൻ എത്തിയതെന്നും തന്നെ കൊട്ടാരത്തിനുള്ളിലേക്ക് കടത്തി വിടണമെന്നും അപേക്ഷിച്ചും വഴങ്ങാത്ത ത്രിഗർത്തനെ തന്റെ മാന്ത്രിക ശക്തിയാൽ നിർവീര്യനാക്കുകയും പിന്നീട്  മോചിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ത്രിഗർത്തന്റെ അനുമതിയോടെ കോട്ടയ്ക്കുള്ളിൽ കടന്ന മലയൻ കൊട്ടാരത്തിലെ കാഴ്ചകൾ എല്ലാം കണ്ടപ്പോൾ തന്റെ വേഷം മാറി സുന്ദരരൂപം ധരിച്ച് രാജസവിധത്തിൽ എത്തുകതന്നെ എന്ന് തീരുമാനിക്കുന്നു.  

                                                           ത്രിഗർത്തനും മലയനും 

അഞ്ചാം രംഗത്തിൽ മാന്ത്രികൻ കൊട്ടാരത്തിൽ എത്തി കാഴ്ച വസ്തുക്കൾ സമർപ്പിച്ച്‌ ദുര്യോധനമഹാരാജാവിനെ വണങ്ങി. തന്നെ വരുത്തിയത് എന്തിനാണ് എന്ന് അന്വേഷിക്കുന്നു.   തന്റെ ശതൃക്കളായ പാണ്ഡവരെ നിഴൽക്കുത്തിക്കൊല്ലണം എന്ന രാജാവിന്റെ ആവശ്യം അറിഞ്ഞ് മാന്ത്രികൻ  വിഷമിക്കുന്നു. കൗരവരും പാണ്ഡവരും തനിക്ക് തമ്പുരാക്കന്മാരാണ് അതുകൊണ്ട് അവരെ വധിക്കുവാൻ തനിക്ക് സാധിക്കില്ല എന്ന് സങ്കടപൂർവം മാന്ത്രികൻ രാജാവിനെ ഉണർത്തിച്ചു. തുടർന്ന് പല കാരണങ്ങളും പറഞ്ഞ്   ഈ   ദുഷ്ക്കർമ്മം   ചെയ്യുന്നതിൽ   നിന്നും ഒഴിഞ്ഞു മാറുവാനുള്ള മാന്ത്രികന്റെ തന്ത്രശ്രമങ്ങളെല്ലാം  വിഫലമായി.    സ്തംഭനം, മോഹനം തുടങ്ങിയ മാന്ത്രിക പ്രയോഗങ്ങൾ മഹാരാജാവിൽ ഫലിക്കുകയും ഇല്ല, രാജാവിന്റെ ഇംഗിതം പൂർത്തീകരിക്കാതെ  കൊട്ടാരത്തിൽ നിന്നും ജീവനോടെ രക്ഷപ്പെടുവാൻ സാധിക്കുകയില്ല എന്ന് മാന്ത്രികനു മനസിലായി. ഒടുവിൽ ജീവഭയം മൂലം പാണ്ഡവരെ നിഴൽക്കുത്തിക്കൊല്ലുവാനുള്ള മാന്ത്രികവേലകൾ ആരംഭിച്ചു. അഞ്ജനത്തിൽ പാണ്ഡവരെ ആവാഹിച്ചപ്പോൾ അവരോടൊപ്പം ശ്രീകൃഷ്ണന്റെ രൂപം കണ്ട മാന്ത്രികൻ അമ്പരന്നു. മാന്ത്രികവിധിപ്രകാരം അഞ്ജനത്തിൽ രക്തം അർപ്പിച്ച് ശ്രീകൃഷ്ണന്റെ രൂപം അഞ്ജനത്തിൽ നിന്നും ഒഴിവാക്കിയ ശേഷം മാന്ത്രികൻ പാണ്ഡവരെ നിഴൽക്കുത്തി വധിക്കുന്നു. സന്തോഷവാനായ ദുര്യോധനൻ മാന്ത്രികന് ധാരാളം സമ്മാനങ്ങൾ നല്കി യാത്രയാക്കുന്നു.  

                                      ദുര്യോധനനും മാന്ത്രികനും 

രാജകൊട്ടാരത്തിൽ നിന്നും സമ്മാനങ്ങളുമായി എത്തുന്ന മാന്ത്രികൻറെ മുഖത്തെ വിഷാദകാരണം എന്തെന്ന്  മലയത്തി അന്വേഷിക്കുന്നതാണ് ആറാം രംഗം.  സംഭാഷണ മദ്ധ്യേ പാണ്ഡവരെ വധിച്ച വാർത്ത  മലയത്തി മനസിലാക്കി.   അഞ്ചു കുഞ്ഞുങ്ങൾ നഷ്ടമായ കുന്തീദേവിയുടെ ദുഃഖത്തെ മനസ്സിൽ കണ്ട മലയത്തി, അതിനു കാരണക്കാരനായ   തന്റെ ഭർത്താവും  പുത്രദുഖം അറിയണം എന്ന് തീരുമാനിച്ചു കൊണ്ട്  സ്വപുത്രനെ ഓടിച്ചിട്ടു പിടിച്ച് മലയന്റെ കണ്‍മുൻപിൽ വെച്ചു തന്നെ വധിച്ചു. പുത്രവധം കണ്ട മലയനും  ബോധരഹിതനായി നിലംപതിച്ചു.  മലയത്തി പാണ്ഡവരുടെ വസതി ലക്ഷ്യമാക്കി ഓടി. 

ഏഴാം രംഗത്തിൽ പാണ്ഡവരുടെ മൃതശരീരങ്ങൾക്ക് മുൻപിലിരുന്നു വിലപിക്കുന്ന കുന്തീദേവിയുടെ സമീപം ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെടുന്നു. ശ്രീകൃഷ്ണൻ പുണ്യജലം പാണ്ഡവരുടെ മൃത ശരീരങ്ങളിൽ തളിച്ച്   ജീവൻ നല്കുന്നു. 

                                    ശ്രീകൃഷ്ണൻ, മലയത്തി, കുന്തി 

സ്വപുത്രൻറെ രക്തം പുരണ്ട കൈകളുമായി ഭ്രാന്തിയെ പോലെ മലയത്തി അവിടെ എത്തിച്ചേരുന്നു. മലയത്തിയുടെ ഭക്തിയിൽ അലിയുന്ന ശ്രീകൃഷ്ണൻ മലയൻ നിരപരാധിയാണെന്നും ദുര്യോധനനാണ് കുറ്റക്കാരനെന്നും നിന്റെ  മകനും ഭർത്താവും ജീവിക്കും എന്ന്   അറിയിച്ച്  മലയത്തിയെ ആശ്വസിപ്പിച്ചും അനുഗ്രഹിച്ചും യാത്രയാക്കുന്നതോടെ കഥ അവസാനിക്കുന്നു.                            (തുടരും)

2014 ജൂലൈ 8, ചൊവ്വാഴ്ച

മദം പിടിച്ച 'ആനയും' മദ്യപിച്ച 'ബകനും'.

ആനയ്ക്ക് മദം പിടിച്ചാൽ ഉണ്ടാകാവുന്ന അവസ്ഥ വളരെ ഭീകരമാണ്. ഉത്സവ കാലത്ത് ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കുന്ന ആനയ്ക്ക് മദം പിടിച്ച് ആനക്കാരന്റെയോ കാണികളുടെയോ മരണത്തിനു ഇടയാക്കിയിട്ടുള്ള സംഭവങ്ങൾ ധാരാളം ഉണ്ട്. ഉത്സവത്തിന് എഴുന്നള്ളിച്ച ഒരു ആനയ്ക്ക് മദം പിടിക്കുകയും ആ ആനയുടെ മുകളിൽ ഇരുന്നു അലക്കിട്ട കുട പിടിച്ചിരുന്ന ഒരു പോറ്റി അത്ഭുതകരമാം വിധം രക്ഷപെട്ട ഒരു അനുഭവ കഥയുണ്ട്.

  ഈ സംഭവം 1990 - കളിലാണ് നടന്നത്. ആലപ്പുഴ ജില്ലയിൽ NH 47- നിലുള്ള ചേപ്പാട് നിന്നും ഒരു കിലോമീറ്റർ ദൂരമുള്ള വെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്  അവിടെ എഴുന്നള്ളിച്ച ആനയ്ക്കാണ് മദം പിടിച്ചത്. ആനയ്ക്ക് മദം പിടിക്കുമ്പോൾ അലക്കിട്ട കുടയും പിടിച്ച് ഒരു പോറ്റി ആനയുടെ മുകളിൽ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ആനയ്ക്ക് മദമിളകിയത്. ആനയുടെ മാറ്റം ശ്രദ്ധിച്ചപ്പോൾ തന്നെ പോറ്റി കുട താഴേക്കെറിഞ്ഞിട്ട് ആനയുടെ കഴുത്തിൽ ബന്ധിച്ചിരുന്ന ചങ്ങിലയിൽ ഇരുകാലുകളും നുഴച്ചുകൊണ്ടും രണ്ടു കൈകൾ കൊണ്ട് ചങ്ങിലയിൽ ബലമായി പിടിച്ചു കൊണ്ടുമിരുന്നു.   ക്ഷേത്രത്തിന്റെ മുൻഭാഗത്തു നിന്നും ക്ഷേത്രപരിസരത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടി അലഞ്ഞ ആന കുറച്ചു സമയം കഴിഞ്ഞപ്പോൾ ക്ഷേത്രത്തിന്റെ ഒരു ഭാഗത്തു നിലയുറപ്പിച്ചു കൊണ്ട് തലയാട്ടിയും തുമ്പിക്കൈ  ഉയർത്തിയും ചിന്നം വിളിച്ചും മദപ്പാട് വെളിപ്പെടുത്തിക്കൊണ്ടിരുന്നു. ആനയുടെ പരാക്രമങ്ങൾ അടക്കാൻ ശ്രമിക്കുന്ന ആനക്കാരനെ സമീപത്തേക്ക് അടുപ്പിക്കാതിരിക്കാനും ആന ശ്രമിച്ചു കൊണ്ടിരുന്നു. ഈ സമയമെല്ലാം ജീവൻ പണയത്തിലായ പോറ്റി ഭയത്തോടെയും ശ്രദ്ധയോടെയും ആനയുടെ മുകളിൽത്തന്നെ പിടിച്ചിരുന്നു. ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ അങ്ങുമിങ്ങുമായി നിന്നിരുന്ന ജനങ്ങൾ മദയാനയുടെ പുറത്തു നിന്നും പോറ്റിയുടെ രക്ഷയ്ക്ക് വേണ്ടി വെട്ടിക്കുളങ്ങരയമ്മയെ വിളിച്ച് ഉച്ചത്തിൽ പ്രാർത്ഥന ചെയ്തു കൊണ്ടിരുന്നു. ആകെ ഭയാനകമായിരുന്ന  അന്തരീക്ഷം പെട്ടെന്ന് ഒന്ന് ശാന്തമായി. അതുവരെ പരാക്രമം കാട്ടിയിരുന്ന ആന ഒരു നിമിഷം ശാന്തനായി, സമീപത്തു നിന്നിരുന്ന ഒരു തെങ്ങിലേക്ക് ചാരി നിന്നു. ഈ സമയം വളരെ ബുദ്ധിപൂർവ്വം ആനപ്പുറത്തിരുന്ന പോറ്റി തന്റെ കാലുകൾ ചങ്ങിലയിൽ നിന്നും സാവധാനം പുറത്തെടുത്ത ശേഷം കൈകൾ കൊണ്ട് തെങ്ങിൽ പിടിച്ചുകൊണ്ട് തെങ്ങിന്റെ മറുവശത്തേക്ക് ചാടി, ഓടി രക്ഷപെട്ടു. ഏതു നിമിഷവും ആപത്തു സംഭവിച്ചേക്കാം എന്ന ഭയത്തോടെ ചില മണിക്കൂറുകൾ കഴിച്ചു കൂട്ടിയ പോറ്റി വളരെ അത്ഭുതകരമായി ആ മദയാനയിൽ നിന്നും രക്ഷപെട്ട സംഭവം സ്മരണാർഹാമാണ്. 


എന്റെ ചെറുപ്പകാലത്ത്, 1966 - 1968 കാലഘട്ടങ്ങളിൽ നടന്ന മറ്റൊരു സംഭവമാണ് ഇപ്പോൾ  എന്റെ ഓർമ്മയിൽ എത്തുന്നത്. ഇവിടെ മദം പിടിച്ചത് ബകനാണ്, അല്ല ബകനടനാണ്.      എന്റെ ഗ്രാമമായ ചെന്നിത്തലയിലുള്ള ക്ഷേത്രങ്ങളിലെ പ്രധാന ഉത്സവമാണ് അൻപൊലി മഹോത്സവം. പ്രസ്തുത  കാലഘട്ടത്തിൽ നടന്ന ഒരു അൻപൊലി മഹോത്സവത്തിന് കഥകളി വേണം എന്ന് ഉത്സവ കമ്മറ്റി തീരുമാനിച്ചു. കഥ: നളചരിതം ഒന്നാം ദിവസം. സമീപ പ്രദേശത്തുള്ള പ്രഗത്ഭ കലാകാരന്മാരെയാണ് കളിക്ക് ക്ഷണിച്ചിരുന്നത്.   കഥയിലെ നാരദന്റെ വേഷം എന്റെ നാട്ടിലുണ്ടായിരുന്ന ഒരു  പ്രഗത്ഭനായ കഥകളി കലാകാരനാണ് നിശ്ചയിച്ചിരുന്നത്. അദ്ദേഹം ചുവന്ന താടി വേഷക്കരനാണ്.  തന്റെ ജന്മനാട്ടിൽ നടക്കുന്ന കഥകളിയിൽ ഒന്നാം ദിവസത്തെ നാരദവേഷത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിനോട് അദ്ദേഹത്തിനു ഒട്ടും താൽപ്പര്യം ഉണ്ടായില്ല. അദ്ദേഹം തന്റെ സങ്കടം ഉത്സവ ക്കമ്മിറ്റിക്കാരെ  അറിയിക്കുകയും ഒന്നാം ദിവസം കഴിഞ്ഞ് ഒരു ബകവധം അവതരിപ്പിക്കണം എന്നൊരു നിർദ്ദേശവും വെച്ചു. കമ്മിറ്റി സമ്മതിച്ചാൽ നളൻ ചെയ്യുന്ന നടനെക്കൊണ്ട് ബകവധത്തിലെ ഭീമൻ ചെയ്യിക്കാൻ ഞാൻ സമ്മതിപ്പിച്ചുകൊള്ളാം എന്ന് നടൻ അറിയിക്കുകയും ചെയ്തു. 

കഥകളി കലാകാരന്മാരിൽ പലരും മദ്യം സേവിക്കുന്നവരാണ്. അവരെ സ്നേഹിക്കുന്ന പല ആസ്വാദകരും കലാകാരന്മാർക്ക് മദ്യം നല്കി സന്തോഷിപ്പിക്കുന്ന പതിവ് അക്കാലത്തും ഉണ്ടായിരുന്നു. നളചരിതം ഒന്നാം ദിവസത്തെ നളന്റെ വേഷം ചെയ്യുന്ന നടനെക്കൊണ്ട് ബകവധത്തിൽ ഭീമൻ കൂടി ചെയ്യിക്കുവാൻ   സമ്മതിപ്പിക്കുന്നതിന്  ബകനടൻ മനസിൽ ഉറപ്പിച്ചു വെച്ചിരുന്ന പദ്ദതിയും മറ്റൊന്നായിരുന്നില്ല. നളനടൻ കളിസ്ഥലത്ത് നേരത്തേ എത്തി. ബകനടൻ അദ്ദേഹത്തെ സമീപിച്ച് വിവരങ്ങൾ എല്ലാം അറിയിച്ചു.  നളൻ കഴിഞ്ഞ്  ബകവധത്തിൽ ഭീമൻ ചെയ്യാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ ബകനടൻ കരുതി വെച്ചിരുന്ന പാനിയവുമായി സമീപിച്ചപ്പോൾ ഇപ്പോൾ വേണ്ട, നളന്റെ ഭാഗം കഴിയട്ടെ അതിനു ശേഷമാകാം എന്ന് പറഞ്ഞ്  ഒഴിഞ്ഞുമാറുകയും ചെയ്തു.  

കളി തുടങ്ങി. മദ്യപാനം ഒരു പതിവാക്കിയിട്ടില്ലാത്ത ബകനടൻ  കരുതിയിരുന്ന മദ്യം അൽപ്പം അകത്താക്കിയ ശേഷമാണ് തേക്കാനിരുന്നത്. ഒന്നാം ദിവസം കഥയിലെ നളനും ഹംസവും തമ്മിലുള്ള രംഗം കഴിഞ്ഞു നളൻ അണിയറയിൽ എത്തി, കിരീടം അഴിച്ചു. ദമയന്തിയും തോഴിമാരും രംഗത്തേക്കും പോയി. ബകനടൻ, നളനടനെ പാനിയവുമായി സമീപിച്ചു. അദ്ദേഹം അത് സ്വീകരിച്ചു കൊണ്ട് ഇങ്ങിനെ പറഞ്ഞു   
"ഇന്ന് തന്റെ ദിവസമാണ്.   എന്ത്, എത്ര  കഴിച്ചാലും മതിയാകാത്ത ഒരു കഥാപാത്രത്തെയാണ് താങ്കൾ അവതരിപ്പിക്കുവാൻ പോകുന്നത്, അതുകൊണ്ട് എനിക്ക് മതി, ബാക്കി താങ്കൾ ഉപയോഗിച്ചു കൊള്ളുക".  
ബകനടന്   അത്യധികം  സന്തോഷമായി.  ആവശ്യത്തിലധികം അകത്താക്കിയ ശേഷമാണ് അദ്ദേഹം വേഷമൊരുങ്ങുവാൻ ആരംഭിച്ചത്. അണിയറക്കാരോട്  വളരെ ശാന്തനായി പെരുമാറുന്ന നടൻ അന്ന് അൽപ്പം കടന്നുള്ള പെരുമാറ്റം ആയിരുന്നു എന്നാണ് പറയപ്പെട്ടത്.

ഒന്നാം ദിവസം കഥ അവസാനിച്ചു. മാതാവായ കുന്തിയുടെ നിർദ്ദേശ പ്രകാരം ബ്രാഹ്മണസവിധത്തിൽ ഭീമൻ എത്തി, ബകനുള്ള ഭക്ഷണങ്ങൾ ശകടത്തിലാക്കി ബകന്റെ താവളത്തിലേക്ക് യാത്രയാകുന്ന രംഗത്തോടെയാണ്  ബകവധം ആരംഭിച്ചത്. അടുത്ത രംഗം ബകനാണ്.   തിരനോട്ടവും തുടർന്ന് തന്റേടാട്ടം വരെ   വലിയ കുഴപ്പം ഇല്ലാതെ പോയി. വിശപ്പ് ആട്ടം ആരംഭിച്ചപ്പോഴേക്കും ഉള്ളിലാക്കിയ മദ്യത്തിന്റെ ലഹരി ആരോഗ്യവാനായ ബകനടന്റെ സിരകളിൽ പ്രവർത്തിച്ചു തുടങ്ങി. തന്റെ ഭക്ഷണവുമായി എത്തേണ്ടവൻ എത്താത്തതിനാൽ അക്ഷമനായി, വിശപ്പിന്റെ കഠിനം മൂലം    കോപാന്ധനായിരിക്കുകയാണ് ബകൻ. 
നടൻ അവതരിപ്പിക്കുന്ന ബകന്റെ വിശപ്പും കോപവും ഒപ്പം സിരകളിൽ പ്രവർത്തിക്കുന്ന മദ്യവും കൂടി ഒന്നു ചേർന്നപ്പോൾ എന്തോ ഒരു ആവേശത്തിൽ അരങ്ങിനു മുൻപിലിരുന്ന ഒരു വൃദ്ധനെ ബകനടൻ തൂക്കിയെടുത്ത്, ഒരു കുട്ടിയെയെന്നപോലെ   തന്റെ ഒക്കത്തു വെച്ച് മുറുക്കിപ്പിടിച്ചു കൊണ്ട് രംഗത്ത് അങ്ങോട്ടു മിങ്ങോട്ടും നടക്കുകയും നിന്നെ കടിച്ചു തിന്നും എന്നൊക്കെ ആംഗ്യവും കാട്ടിത്തുടങ്ങി. അപ്രതീക്ഷിതമായി സംഭവിച്ചത് എന്താണ് എന്നറിയാതെ ഭയന്ന് ബകനടന്റെ ബലിഷ്ടമായ കൈക്കുള്ളിൽ അമർന്നിരിക്കുകയാണ് ആ വൃദ്ധൻ. എന്നാൽ രംഗത്ത് ഇന്നുവരെ സംഭവിച്ചു കണ്ടിട്ടില്ലാത്ത ഈ പ്രവർത്തി കണ്ടു പൊട്ടിച്ചിരിക്കുകയാണ് അരങ്ങിലെ പിന്നണി കലാകാരന്മാരും കാണികളും.  മൂന്നു നാലു നിമിഷം ആ വൃദ്ധനെയും കൊണ്ട്   അരങ്ങിൽ കഴിച്ചു കൂട്ടിയ ശേഷം ബകൻ വൃദ്ധനെ താഴെ വെച്ചു. ഉടൻ തന്നെ   എങ്ങിനെയോ സംഭരിച്ച  ഒരു ശക്തിയോടെ പ്രാണരക്ഷയ്ക്കെന്ന പോലെ വൃദ്ധൻ അരങ്ങിൽ നിന്നും ഓടി ഇരുട്ടിൽ  മറഞ്ഞു. 
ഭീമൻ  ബകന്റെ മുൻപിലെത്തി.   താൻ കൊണ്ടുവന്ന ആഹാരം ബകന്റെ മുൻപിലിരുന്നു ഭക്ഷിക്കുവാൻ തുടങ്ങി. തുടർന്ന് ബകൻ  ഭീമസേനനുമായി  ഏറ്റുമുട്ടി. ഭീമൻ ബകനെ വധിക്കുന്നതോടെ കഥകളിയും അവസാനിച്ചു. 

അരങ്ങിൽ ബകൻ വൃദ്ധനെ തൂക്കിയ രസകരമായ കഥ നാട്ടിൽ പാട്ടായി. കുറച്ചു കാലത്തേക്ക് ബകൻ ചെയ്ത നടനെ കാണുമ്പോൾ, അദ്ദേഹത്തിൻറെ സ്നേഹിതരും നാട്ടുകാരും   ഈ സംഭവം പറഞ്ഞു രസിക്കാറുണ്ടായിരുന്നു. 

 ഇനി   ആ വൃദ്ധന്റെ അവസ്ഥ കൂടി അറിയണമല്ലോ? അദ്ദേഹം  ആരോഗ്യമുള്ള കാലഘട്ടത്തിൽ അറിയപ്പെടുന്ന ഒരു മോഷ്ടാവായിരുന്നു. അർദ്ധരാത്രിയിൽ സധൈര്യം സഞ്ചരിച്ചിരുന്ന അദ്ദേഹത്തിന്,  തന്റെ വാർദ്ധക്ക്യ കാലത്ത് (മുൻ കഥയിൽ മദയാനയുടെ മുകളിൽ പെട്ടു പോയ പോറ്റിയെ പോലെ) ഒരു ചുവന്ന താടി വേഷക്കാരന്റെ കയ്യിൽ അകപ്പെട്ടപ്പെട്ട സംഭവം ഭയവും നാണക്കേടുമാണ് ഉണ്ടാക്കിയത്. വൃദ്ധന്റെ ഭവനവും കളി നടന്ന ക്ഷേത്രവും തമ്മിൽ ഒരു ഫർലോങ്ങ്‌ ദൂരമേയുള്ളൂ.  അടിക്കടി ക്ഷേത്ര പരിസരത്ത് എത്തുമായിരുന്ന ആ വൃദ്ധൻ  എന്തുകൊണ്ടോ   പിന്നീട് തന്റെ ജീവിതകാലം വരെ ആ ഭാഗത്തേക്ക് എത്തിയിട്ടില്ല എന്നതാണ് എടുത്തു പറയാനുള്ള അനുഭവം.

2014 ജൂൺ 23, തിങ്കളാഴ്‌ച

ഒരു കലാകാരന്റെ നർമ്മ പ്രകടനം

എന്റെ ഗ്രാമമായ ചെന്നിത്തലയിൽ പണ്ട് ഒരു കഥകളി വിദ്യാലയവും, കഥകളി യോഗവും ഒരു കഥകളി നടത്തുവാൻ ആവശ്യമായ കലാകാരന്മാരും ഉണ്ടായിരുന്ന കാലം ഓർമ്മയിൽ ഉണ്ട്. ചെന്നിത്തലയിൽ വടയത്തു ശ്രീ. രാമവർമ്മ തിരുമുൽപ്പാട്‌ അവർകളുടെ ശിഷ്യനായ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാന്റെ പേരിലായിരുന്നു പ്രസ്തുത കഥകളി വിദ്യാലയം.   മണ്മറഞ്ഞ കഥകളി കലാകാരന്മാരായ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ശ്രീ. ചെന്നിത്തല രാഘവൻ പിള്ള തുടങ്ങിയവർ   ശ്രീ. കൊച്ചുപിള്ള പണിക്കർ ആശാന്റെ ശിഷ്യന്മാരാണ്.  ശ്രീ. കൊച്ചുപിള്ള പണിക്കർ ആശാൻ അവശനായപ്പോൾ മാങ്കുളവും ഓയൂരും ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കർ ആശാന്റെ കീഴിലും ഹരിപ്പാടും ചെന്നിത്തലയും ഗുരു. ചെങ്ങന്നൂരിന്റെ കീഴിലും കഥകളി അഭ്യാസം തുടർന്നു. 

                          ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാൻ 

ശ്രീ. കൊച്ചുപിള്ള പണിക്കർ ആശാന്റെ ശിഷ്യനായിരുന്നു   ചെന്നിത്തല, ചാലയിൽ ശ്രീ. ശങ്കരൻ പോറ്റി. ശ്രീ. ശങ്കരൻ പോറ്റിയുടെ ചുമതലയിൽ ചാലയിൽ കഥകളിയോഗം നിലനിന്നിരുന്നു.  ഒരു കഥകളി നടത്തുവാൻ ആവശ്യമായ കലാകാരന്മാർ ചെന്നിത്തലയിൽ ഉണ്ടായിരുന്നു. അവരിൽ  പലരുടെയും പേരുകൾ എന്റെ ഓർമ്മയിൽ ഇല്ല. ശ്രീ. ചാലയിൽ ശങ്കരൻ പോറ്റി കളിയോഗത്തിലെ പ്രധാന നടനും ശ്രീ. ചെന്നിത്തല കൊച്ചുപിള്ള അവർകൾ  കഥകളി പാട്ടും ശ്രീ. അരിയന്നൂർ നാരായണൻ നമ്പൂതിരി ചെണ്ടയും ശ്രീ.  നീലകണ്ഠൻ ആചാരി ചുട്ടിയും, ശ്രീ. കൊച്ചനുജൻ  അണിയറയും ചെയ്തു വന്നിരുന്നു. പുറപ്പാടും കുട്ടിത്തരം വേഷങ്ങൾ ശ്രീ. ചെന്നിത്തല ലക്ഷ്മണൻ അവർകളാണ് ചെയ്തിരുന്നത്. പുറപ്പാട് ചെയ്യാൻ പ്രാപ്തനാക്കിയാൽ  മറ്റു വേഷങ്ങൾ അരങ്ങിൽ നടന്മാർ ചെയ്യുന്നത് കണ്ടു പഠിക്കുക എന്നതാണ് അക്കാലത്ത് മിക്ക കളിയോഗത്തിലെ നടന്മാരുടെയും കഥകളി ശീലം. പ്രഹളാദൻ, ദൂതൻ, ഉത്തരൻ, നിഴൽക്കുത്തിൽ കൃഷ്ണൻ തുടങ്ങിയ  കുട്ടിത്തരം  വേഷങ്ങൾ ചെയ്യുമ്പോൾ രംഗത്ത് ആടേണ്ട പദങ്ങൾ വായിച്ചു മനസിലാക്കിയും സീനിയർ നടന്മാരോട് സംശയനിവർത്തി ചെയ്തുമാണ് പ്രവർത്തിച്ചു വന്നത്. ശ്രീ.  ചാലയിൽ പോറ്റിക്ക് അനാരോഗ്യം ബാധിച്ചപ്പോൾ, അതായത് 1960- കളുടെ അവസാന കാലഘട്ടത്തിൽ   അദ്ദേഹം   കളിയോഗം വിറ്റു. അതോടെ  ലക്ഷ്മണന്റെ കഥകളി ജീവിതവും അവസാനിച്ചു.    ഗുരു. ചെങ്ങന്നൂർ, ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ, ശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള, ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ചിറക്കര മാധവൻ കുട്ടി, ശ്രീ. ചെന്നിത്തല രാഘവൻ പിള്ള  തുടങ്ങിയ കലാകാരന്മാരുമൊത്ത് വേഷങ്ങൾ ചെയ്തിട്ടുള്ളത്   സ്മരണയിൽ   സൂക്ഷിക്കുന്ന ശ്രീ. ലക്ഷ്മണൻ ഇപ്പോൾ അനാരോഗ്യവാനാണ്. അപ്രതീക്ഷിതമായാണ്  (2014) മെയ് മാസത്തിൽ ശ്രീ. ലക്ഷ്മണനെ ചെന്നിത്തല തൃപ്പെരുംതുറ മഹാദേവർ ക്ഷേത്രത്തിൽ വെച്ച് കണ്ടു മുട്ടിയത്‌. 



                                                        ശ്രീ. ചെന്നിത്തല ലക്ഷ്മണൻ

ദക്ഷിണ കേരളത്തിൽ അറിയപ്പെട്ടിരുന്ന ചുവന്ന താടി വേഷക്കാരനായിരുന്ന ശ്രീ. ചെന്നിത്തല രാഘവൻ പിള്ള ആശാന്റെ മകൾ സുകുമാരിയും ചാലാ കളിയോഗത്തിലെ അംഗമായിരുന്നു. ഹരിശ്ചന്ദ്രചരിതത്തിലെ ലോഹിതാക്ഷൻ, നിഴൽകുത്തിലെ മണികണ്ഠൻ, രുഗ്മാംഗദചരിതത്തിൽ മഹാവിഷ്ണു,  ധർമ്മാംഗദൻ, സന്ധ്യാവലി തുടങ്ങിയ വേഷങ്ങൾ ചെയ്തു കണ്ടിട്ടുണ്ട്. ഉദ്യോഗാർത്ഥം മുംബയ്ക്ക് പോയതോടെ കഥകളി ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. 

തൃപ്പെരുംതുറ മഹാദേവർ ക്ഷേത്രത്തിന്റെ മുൻപിൽ കട നടത്തുന്ന ശ്രീ. ചെന്നിത്തല  ഭാസ്കരൻ പിള്ളയും കഥകളി അഭ്യസിച്ച വ്യക്തിയാണ്. ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യത്വത്തിൽ ഗുരുകുല സമ്പ്രദായപ്രകാരം കഥകളി അഭ്യസിച്ച ശ്രീ. ഭാസ്കരൻ പിള്ളയുടെ അരങ്ങേറ്റം ചെന്നിത്തല സിദ്ധാശ്രമത്തിൽ വെച്ച് ഹരിശ്ചന്ദ്രചരിതത്തിൽ ദേവേന്ദ്രൻറെ വേഷത്തിലായിരുന്നു. ഹരിശ്ചന്ദ്രൻ  സത്യസന്ധനാണ് എന്ന് ഇന്ദ്രസഭയിൽ വസിഷ്ഠൻറെ പ്രസ്താവനയെ  രാജർഷിയായ വിശ്വാമിത്രൻ എതിർക്കുകയും ഇരുവരെയും സമാധാനിപ്പിക്കുവാൻ ഇന്ദ്രൻ ശ്രമിക്കുമ്പോൾ ഇടയിൽ നാരദൻ ഇടപെട്ട് പ്രശ്നം വലുതാക്കുകയും സഭവിട്ടു പോകാൻ തയ്യാറാകുന്ന വിശ്വാമിത്രനെ കൂട്ടിവന്ന് സഭ നടത്തുന്നതാണ്‌ രംഗം. ഗുരു. ചെങ്ങന്നൂരിന്റെ വസിഷ്ഠനും ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ വിശ്വാമിത്രനും ശ്രീ. മങ്കൊമ്പ് ആശാന്റെ നാരദനും ആയിരുന്നു അന്നത്തെ അരങ്ങിൽ.

ശ്രീ. ഭാസ്കരൻ പിള്ള പച്ച വേഷക്കാരനായി വളരെക്കാലം കഥകളി അരങ്ങിൽ പ്രവർത്തിച്ചു വന്നു. തിരുവല്ലാ ക്ഷേത്രത്തിലെ വഴിപാട്ട് കഥകളികളിൽ സ്ഥിരസാന്നിദ്ധ്യം നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.   വേഷഭംഗിക്കുറവ്‌ അദ്ദേഹത്തിൻറെ കഥകളി ജീവിതത്തെ ബാധിച്ചപ്പോൾ   കഥകളി വിട്ട് ശ്രീ. അമ്പലപ്പുഴ രാമുണ്ണി ആശാന്റെ നേതൃത്വത്തിലുള്ള ബാലൈ ട്രൂപ്പിൽ പ്രവർത്തിച്ചു വന്നു. പിന്നീട്  കലാജീവിതം ഉപേക്ഷിക്കുകയായിരുന്നു.

ചെന്നിത്തലയിൽ കഥകളി അഭ്യസിച്ച് പ്രവർത്തിച്ചു വന്നിരുന്ന ഒരു നമ്പൂതിരിയെയും  ഓർമ്മയുണ്ട് (പേര് ചേർക്കുന്നില്ല).    ചാലയിൽ കഥകളി യോഗത്തിലെ കളികൾക്ക് കുചേലപത്നി, ബ്രാഹ്മണസ്ത്രീ നിഴൽകുത്തിലെ കുന്തി, നളചരിതം ഒന്നിലെ സഖി, സൌഗന്ധികത്തിൽ പാഞ്ചാലി, ദക്ഷയാഗത്തിൽ വേദവല്ലി    തുടങ്ങിയ സ്ത്രീവേഷങ്ങൾ അദ്ദേഹം ചെയ്തു കണ്ടിട്ടുണ്ട്.   ചാലയിൽ പോറ്റി കളിയോഗം വിറ്റപ്പോൾ  പല  ബാലൈ നൃത്ത സംഘങ്ങളിലെയും  പ്രധാന നർത്തകനായി അദ്ദേഹം പ്രവർത്തിച്ചു വന്നിരുന്നു.  ബാലൈയിൽ  ഹരിശ്ചന്ദ്രൻ, ദുഷ്യന്തൻ, കർണ്ണൻ തുടങ്ങിയ പ്രധാന വേഷങ്ങൾ ചെയ്തു കണ്ട അനുഭവം സ്മരിച്ചു കൊള്ളട്ടെ. ഉത്സവ സീസണ്‍ കഴിഞ്ഞാൽ വാച്ച് റിപ്പയറിങ്ങും, ക്ഷേത്രത്തിലെ ശാന്തിയും ചെയ്തു വന്നിരുന്ന തിരുമേനി അൽപ്പം മദ്യപിച്ചു കഴിഞ്ഞാൽ    ഒരു നർമ്മ   രാജനായി   മാറുമെന്നതാണ് പ്രത്യേകത. അദ്ദേഹത്തിന്റെ അരങ്ങിലെ നർമ്മ പ്രകടനം കാണുവാൻ എനിക്ക് സാധിച്ചിട്ടിലലാ എങ്കിലും അരങ്ങിനു വെളിയിൽ അദ്ദേഹം ചെയ്ത ഒരു നർമ്മപ്രകടനം  കാണാൻ അവസരം ഉണ്ടായിട്ടുണ്ട്. പ്രസ്തുത അനുഭവം   വായനക്കാരിൽ  എത്തിക്കുക കൂടിയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. 

ഓച്ചിറ - മാന്നാർ റൂട്ടിൽ   "ആനന്ദാ മോട്ടോർസ് " എന്ന പേരിൽ ഒരു ബസ് സർവീസ് ഉണ്ടായിരുന്നു.  കായംകുളം,  മാവേലിക്കര വഴി ചെന്നിത്തലയിലെത്തിയാൽ, മെയിൻ റോഡ്‌ വിട്ട്  ഗ്രാമറോഡിൽ കൂടി തൃപ്പെരുംതുറ വഴിയാണ്  മാന്നാറിന് പോവുക.  ഈ ബസ്സ് അടിയ്ക്കടി ചില്ലറ അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.  ഒരിക്കൽ മാന്നാറിൽ നിന്നും ഓച്ചിറയ്ക്ക് പോകും വഴിയിൽ  ഈ ബസ് ചെറുകോൽ ജംഗ്ഷനിലെ   വളവു തിരിയാതെ, നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്  ഇടിച്ച് കയറി ഉണ്ടായ  അപകടത്തിൽ ഒരു  വിദ്യാർത്ഥി മരണമടയുകയും മറ്റവർക്കു അംഗഭംഗം  സംഭവിക്കുകയും ചെയ്തു.    പ്രസ്തുത  അപകടം കഴിഞ്ഞ് ചില മാസങ്ങൾക്ക് ശേഷം ബസ്സിന്റെ അറ്റകുറ്റപ്പണികളും  തീർത്ത്‌ , പെയിന്റിംഗ് ചെയ്ത് ആദ്യ സർവീസ് തുടങ്ങിയ ദിവസമാണ് സന്ദർഭം. ചെന്നിത്തല (കല്ലുംമൂട്) ജംഗ്ഷഷനിൽ നിന്നുമുള്ള  ഗ്രാമറോഡിൽ  ചെന്നിത്തല മഹാത്മാഗേൾസ്‌ സ്ക്കൂളിലെയും ബോയിസ് സ്ക്കൂളിലെയും വിദ്യാർത്ഥികൾ,   അദ്ധ്യാപകർ  മറ്റു പൊതുജനങ്ങൾ എന്നിവരെക്കൊണ്ട്  തിരക്കേറിയ സമയം.   നമ്മുടെ കഥാനായകനായ കലാകാരൻ നമ്പൂതിരിയും (അൽപ്പം മദ്യ ലഹരിയിൽ)   സൈക്കിളിൽ ചെന്നിത്തല  ജംഗ്ഷന് സമീപത്ത് എത്തിയ സമയത്താണ് മെയിൻ റോഡ്‌ വിട്ട് ഗ്രാമറോഡിലേക്ക് പ്രസ്തുത ബസ് തിരിഞ്ഞത്. ബസ് കണ്ട ഉടൻ നമ്പൂതിരിയുടെ മനസ്സിൽ നർമ്മം വിരിഞ്ഞു. അദ്ദേഹം സൈക്കിളിൽ നിന്നും ചാടിയിറങ്ങി, സൈക്കിൾ റോഡിന്റെ ഒരു വശത്തേക്ക് തള്ളി വിട്ടിട്ട് അടുത്ത പുരയിടത്തിലേക്ക് ഓടിക്കയറിയ  ശേഷം ബസ്സിനെ നോക്കി   രണ്ടു കൈകളും കൂപ്പി സാഷ്ടാംഗം നമസ്കരിച്ചു. 

പ്രസ്തുത ബസ്,  റോഡ്‌ വിട്ട് ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ളിൽ  എത്തി  അപകടം വരുത്തിയ സംഭവത്തെ സ്മരിച്ചു കൊണ്ട് "എന്നെ ഇടിക്കല്ലേ"  എന്ന അപേക്ഷിക്കുന്നതു പോലെ   രക്ഷപെടുവാനെന്ന    രീതിയിൽ അടുത്ത പുരയിടത്തിലേക്ക് ഓടി ബസ്സിനെ നോക്കിക്കൊണ്ട്‌ നമ്പൂതിരി നമസ്കരിച്ചത് കണ്ട്    ബസ്സ് നിർത്തി ഡ്രൈവറും പൊട്ടിച്ചിരിച്ചു പോയി.  ഈ നർമ്മാവതരണം നേരിൽ കണ്ടവർക്കെല്ലാം  കുറച്ചു സമയത്തേക്ക് പൊട്ടിച്ചിരി   അടക്കാനായില്ല.