പേജുകള്‍‌

2014 ജനുവരി 27, തിങ്കളാഴ്‌ച

22-12-2013-ന് തിരുവല്ലായിൽ കലാകാരന്മാരും കലാസ്നേഹികളുമൊത്ത്


 എന്റെ സുഹൃത്തായ തിരുവല്ല കിഴക്കുംമുറിയിൽ  ശ്രീ. ഉണ്ണികൃഷ്ണൻ അവർകൾ, അദ്ദേഹത്തിൻറെ  വഴിപാടായി തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ 2013  ഡിസംബർ  22- ന്  കുചേലവൃത്തം  കംസവധം കഥകളി അവതരിപ്പിക്കുന്നു എന്നും എന്റെ സാന്നിധ്യം ഉണ്ടാകണം  എന്നും എന്നെ വളരെ മുൻപു തന്നെ അറിയിച്ചിരുന്നു. ചെന്നൈയിൽ നിന്നും നാട്ടിൽ എത്തിയ ശേഷം പ്രസ്തുത കഥകളി ദിവസം വൈകിട്ട് ഏഴരമണിയോടെ തിരുവല്ലാ ക്ഷേത്രത്തിന്റെ കഥകളി മണ്ഡപത്തിൽ എത്തിയപ്പോൾ തന്നെ തിരുവല്ലാ ശ്രീവല്ലഭവിലാസം കഥകളിയോഗം മാനേജർ ശ്രീ. തിരുവല്ലാ രാധാകൃഷ്ണൻ അവർകളെ കണ്ടു. ഞാൻ കളി കാണാൻ  എത്തുമെന്ന വിവരം ശ്രീ. ഉണ്ണികൃഷ്ണൻ അവർകൾ ശ്രീ. രാധാകൃഷ്ണനെ അറിയിച്ചിരുന്നു. ശ്രീ. രാധാകൃഷ്ണൻ അവർകൾ എന്നെ അണിയറയിലേക്ക് കൂട്ടിപ്പോയി. ഈ അടുത്ത കാലത്ത് ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പിൽ ഞാൻ എഴുതിയ  പോസ്റ്റുകൾ  നിമിത്തം ഉണ്ടായ ചില വിവാദങ്ങൾ കാരണം അണിയറയിൽ പോകുവാനും കഥകളി കലാകാരന്മാരെ അഭിമുഖീകരിക്കുവാനും  ഒരു മടി ഉണ്ടായിരുന്നു. എന്നാൽ എനിക്ക് സുപരിചയക്കാരായ എല്ലാ കഥകളി  കലാകാരന്മാരും പതിവ് സ്നേഹത്തോടെ തന്നെയാണ്  എന്നോട് പെരുമാറിയത്. 

                               ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ 

                                                            ശ്രീ  ഫാക്റ്റ് മോഹനൻ

                                                   ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള

                                  ശ്രീ. തിരുവല്ലാ രാധാകൃഷ്ണൻ , ശ്രീ കലാനിലയം രാജീവൻ 

                              ശ്രീ. കലാനിലയം കരുണാകരകുറുപ്പ് ,ശ്രീ. തിരുവല്ലാ രാധാകൃഷ്ണൻ , 
                                                          ശ്രീ കലാനിലയം രാജീവൻ

                                              ശ്രീ. കലാനിലയം കരുണാകരകുറുപ്പ്

ശ്രീ. തിരുവല്ല  രാധാകൃഷ്ണൻ അവർകൾ എന്നെ അദ്ദേഹത്തിൻറെ വസതിയിലേക്ക് കൂട്ടിപ്പോയി. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുമൊത്ത്‌ ആഹാരവും കഴിച്ച ശേഷം വളരെ സന്തോഷത്തോടെ ഒരു മണിക്കൂർ സമയം അവിടെ ചിലവഴിച്ചു. ശ്രീ. രാധാകൃഷ്ണന്റെ മുത്തച്ഛനും ശ്രീവല്ലഭവിലാസം കഥകളി യോഗത്തിന്റെ സ്ഥാപകനുമായ ശ്രീ. തിരുവല്ലാ ഗോപാലപ്പണിക്കർ ആശാനും എന്റെ പിതാവും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധത്തിന്റെ കഥകളാണ് അവിടെ പങ്കു വെച്ചത്.  

ശ്രീ. രാധാകൃഷ്ണന്റെ വീട്ടിൽ നിന്നും തിരിച്ച് ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിൽ എത്തിയപ്പോൾ ശ്രീ. ഉണ്ണികൃഷ്ണനും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ, ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പിലെ അംഗങ്ങളായ ശ്രീ. രവീന്ദ്രനാഥ്  പുരുഷോത്തമൻ അവർകൾ, ശ്രീ.ജയദേവ് രാജേന്ദ്രൻ, ശ്രീ. ഗിരീഷ്‌ നീലകണ്ഠഅയ്യർ,     അദ്ദേഹത്തിൻറെ പിതാവ് നീലകണ്ഠ അയ്യർ എന്നിവരെ അവിടെ കാണാൻ സാധിച്ചു. ശ്രീ. നീലകണ്ഠഅയ്യർ അവർകളെ എനിക്ക് നേരത്തേ   പരിചയമുണ്ട്. സിംഗപ്പൂർ ഭാസ്കർ അക്കാഡമിയുടെ ഭാരതപര്യടനത്തിന്റെ ഭാഗമായി ചെന്നൈ മൈലാപ്പൂരിൽ താടകാവധം കഥകളി (തമിഴ് ഭാഷയിൽ) അവതരിപ്പിക്കുവാൻ എത്തിയപ്പോൾ അദ്ദേഹത്തെ അവിടെ വെച്ച് പരിചയപ്പെട്ടിരുന്നു. അദ്ദേഹവും അദ്ദേഹത്തിൻറെ മൂത്ത മകനും കഥകളി കലാകാരനുമായ ശ്രീ. ഗണേഷും അടുത്ത ദിവസം ചെന്നൈയിൽ അവതരിപ്പിച്ച ഒരു ഗംഭീര കഥകളി കാണുവാൻ എത്തിയിരുന്നു. അന്ന് അവിടെ അവതരിപ്പിച്ച സൌഗന്ധികം, കീചകവധം, ദുര്യോധനവധം എന്നീ കഥകളിൽ ദുര്യോധനവധത്തിലെ ഒരു രംഗത്തിന്റെ അവതരണത്തിൽ എനിക്കുണ്ടായ അഭിപ്രായവുമായി പൂർണ്ണമായും യോജിക്കുന്ന നിലപാടാണ് ശ്രീ. നീലകണ്ഠഅയ്യർക്ക്  ഉണ്ടായിരുന്നത് എന്നത് പ്രത്യേകം സ്മരിക്കുന്നു.

                                      ശ്രീ. കിരണ്‍ പരമേശ്വരൻ 

.                          ശ്രീ. രവീന്ദ്രനാഥ്  പുരുഷോത്തമൻ , ശ്രീ. കിരണ്‍ പരമേശ്വരൻ

                             ശ്രീ. ജയദേവ് രാജേന്ദ്രൻ,  ശ്രീ. രവീന്ദ്രനാഥ്  പുരുഷോത്തമൻ

ഫേസ് ബൂക്കിലൂടെ മാത്രം ആശയവിനിമയം ചെയ്തിട്ടുള്ള കഥകളി കലാകാരനും ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിനു സമീപമുള്ള അറപ്പുര  മഠത്തിലെ മുരുകൻ എന്നറിയപ്പെടുന്ന ശ്രീ. കിരണ്‍ പരമേശ്വരൻ അവർകളെയും കാണുവാനും സംസാരിക്കുവാനും അവസരം ഉണ്ടായി. ചുനക്കരയിൽ നിന്നും കംസവധം കഥകളി കാണാൻ എത്തിയ മുൻപരിചയക്കാരായ മൂന്ന് അസ്വാദകരുമായും കുറച്ചു സമയം സന്തോഷം പങ്കുവെച്ചു.

 കഥകളി വഴിപാട് സമർപ്പിച്ച ശ്രീ. ഉണ്ണികൃഷ്ണൻ അവർകളുടെ ക്യാമറയിൽ പതിഞ്ഞ അണിയറ ചിത്രങ്ങൾ എൻറെ ബ്ലോഗ്‌ വായനക്കാർക്കായി സമർപ്പിക്കുന്നു. 

                            ശ്രീ. രാജീവൻ നമ്പൂതിരിയും ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടിയും

                                        ശ്രീ. നെല്ലിയോട് തിരുമേനിയും ശ്രീ. ഇഞ്ചക്കാടും

                                                ശ്രീ. ഫാക്റ്റ് പത്മനാഭനും ശ്രീ. ഇഞ്ചക്കാടും

                                                 ശ്രീ. ഇഞ്ചക്കാടും ഫാക്റ്റ് മോഹനനും

                               ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ 

                                ശ്രീ. കലാമണ്ഡലം അരുണ്‍, ശ്രീ. കലാമണ്ഡലം ഉല്ലാസ്

കഥകളി കഴിഞ്ഞ ശേഷം എന്റെ മടക്കയാത്ര ചുട്ടി ആർട്ടിസ്റ്റ് ശ്രീ. ചിങ്ങോലി പുരുഷോത്തമൻ അവർകളോടൊപ്പം ആയിരുന്നു.   അദ്ദേഹം   തന്റെ ബൈക്കിൽ ചിങ്ങോലിക്ക് പോകും വഴിയിൽ എന്നെ  എന്റെ ഗ്രാമത്തിൽ എത്തിച്ചതും നന്ദിപൂർവ്വം സ്മരിക്കുന്നു.

2014 ജനുവരി 18, ശനിയാഴ്‌ച

22-12- 2013-ന് തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിൽ അവതരിപ്പിച്ച കഥകളി -2


 2013, ഡിസംബർ 22 -ന്  തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തിൽ   കുചേലവൃത്തം കഥയ്ക്ക്‌ ശേഷം കംസവധം കഥകളിയാണ് അവതരിപ്പിച്ചത്. കംസന്റെ തിരനോക്ക് കഴിഞ്ഞ ശേഷം ഇരുന്നാട്ടത്തോടെയാണ് കഥ ആരംഭിച്ചത്. തന്റെ ബല- പരാക്രമങ്ങൾ, പിതാവായ ഉഗ്രസേനനെ ജയിലിൽ അടച്ച് സ്വയം രാജാവായതും ജരാസന്ധന്റെ പുത്രിമാരെ വിവാഹം ചെയ്തതും, സഹോദരിയായ ദേവകിയെ വസുദേവർക്ക് വിവാഹം ചെയ്തു കൊടുത്തതും വിവാഹശേഷം  അവരെ തന്റെ  രഥത്തിൽ കൂട്ടി പോകുമ്പോൾ "ദേവകിയുടെ എട്ടാമത്തെ പുത്രൻ നിന്നെ വധിക്കും" എന്ന് ഒരു അശരീരി ഉണ്ടായതും ഇത് കേട്ട് കോപം കൊണ്ട് ദേവകിയെ വധിക്കാൻ ശ്രമിച്ചപ്പോൾ വസുദേവർ ഞങ്ങളെ വധിക്കരുതേ! എന്ന് അപേക്ഷിച്ചുകൊണ്ട്  ഇവൾ പ്രസവിക്കുന്ന എല്ലാ കുട്ടികളെയും ഞാൻ അങ്ങയുടെ  കാലടികളിൽ സമർപ്പിക്കാം  എന്ന് അറിയിച്ചതും,  നാരദമഹർഷി കൊട്ടാരത്തിൽ എത്തി മഹാവിഷ്ണു കംസാരിയായി ജനിക്കാമെന്ന് ഇന്ദ്രന് വാഗ്ദാനം ചെയ്ത വിവരം അറിയിച്ചതും അതിനാലുള്ള ഭയത്താൽ   ദേവകീ വാസുദേവ ദമ്പതിമാർക്ക് ജനിച്ച  എല്ലാ  കുട്ടികളെയും  താൻ വധിച്ചതും എട്ടാമത് ജനിച്ച പെണ്‍കുട്ടിയെ വധിക്കാൻ ഒരുങ്ങുമ്പോൾ തന്റെ കയ്യിൽ നിന്നും രക്ഷപെട്ട് "ദുഷ്ടാ! നിന്റെ അന്തകൻ ഭൂമിയിൽ ജനിച്ചു കഴിഞ്ഞിരിക്കുന്നു, നീ അവനെ തിരഞ്ഞു കൊള്ളുക എന്ന് അറിയിച്ചു മറഞ്ഞു. അശരീരിയാലും വധിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപെട്ട പെണ്‍കുഞ്ഞിന്റെ അറിയിപ്പും തുടർന്ന്   നാനാ ദിക്കിലും സമീപ കാലത്തു ജനിച്ച കുഞ്ഞുങ്ങളെ വധിക്കുവാൻ പൂതന എന്ന രാക്ഷസിയെയും, ബകൻ, അരിഷ്ടൻ, ശകടൻ തുടങ്ങിയ അസുരന്മാരെയും അയച്ചതും അവർ എല്ലാവരും വധിക്കപ്പെട്ടതും കാരണം  മനസിന്റെ ധൈര്യം നഷ്ടപ്പെട്ട കംസൻ ദൂരെ നാരദന്റെ വരവ് കാണുന്നതുമാണ് ആട്ടത്തിൽ അവതരിപ്പിച്ചത്. 

                                                          കംസന്റെ തിരനോട്ടം

                                                              കംസൻ, നാരദൻ

മധുരാപുരിയിലെ കംസന്റെ  കൊട്ടാരത്തിൽ നാരദൻ എത്തുന്നതാണ് രണ്ടാമത് അവതരിപ്പിച്ച രംഗം. കംസൻ നാരദനെ സ്വീകരിച്ചു. നന്ദഗൃഹത്തിൽ വളരുന്ന രാമകൃഷ്ണന്മാർ യഥാർത്ഥത്തിൽ   വാസുദേവപുത്രന്മാർ തന്നെയാണ് എന്നും കൃഷ്ണൻ തന്നെയാണ് നീ അയച്ച പൂതന, ബകാദികളെ വധിച്ചത് എന്നും നിന്നെ വധിക്കുവാൻ അവസരം നോക്കി കഴിയുകയാണ് കൃഷ്ണൻ എന്നും നാരദൻ കംസനെ അറിയിക്കുന്നു. നാരദനെ യാത്രയാക്കിയ കംസൻ ശതൃവിനെ ഹനിക്കുവാനുള്ള മാർഗ്ഗം മന്ത്രിമാരുമായി ആലോചിക്കുന്നു. കാർമ്മുകയാഗം നടത്തി, അതിലേക്ക് രാമകൃഷ്ണന്മാരെ ക്ഷണിക്കുകയും അവർ എത്തുമ്പോൾ കരിവരയുദ്ധം, മല്ലയുദ്ധം എന്നിവ മൂലം അവരെ ഹനിക്കാമെന്നും തീരുമാനിക്കുന്നു .
മൂന്നാം രംഗത്തിൽ  ചണൂരൻ, മുഷ്ടികൻ എന്നീ മല്ലന്മാർ കംസനെ വണങ്ങുന്നു. നന്ദഗൃഹത്തിൽ വാഴുന്ന രാമകൃഷ്ണന്മാർ, വാസുദേവപുത്രന്മാരായ തന്റെ ശത്രുക്കളാണെന്നും അവരെ വധിക്കുവാൻ ഒരു ഉപായം കണ്ടിട്ടുണ്ടെന്നും അതിനായി  കൊട്ടാരത്തിൽ ഒരു കാർമുകയാഗം നടത്തുന്നുവെന്നും,   യാഗം കാണാൻ എത്തുന്ന അവരെ ഗോപുരവാതുക്കൽ വെച്ച് കൊമ്പനാനയെ കൊണ്ട് വധിക്കാമെന്നും അതിൽ നാം പരാജയപ്പെട്ടാൽ നിങ്ങൾ അവരെ മല്ലയുദ്ധത്തിൽ കൂടി വധിക്കണം എന്ന് നിയോഗിക്കുന്നു. ഗോപാലകന്മാരായ രാമ- കൃഷ്ണന്മാർ തങ്ങളുടെ മുൻപിൽ വിജയിക്കുകയില്ല എന്ന് അറിയിക്കുന്നു. മല്ലന്മാരുടെ അഭ്യാസപ്രയോഗങ്ങളും മല്ലന്മാരുടെ ശാരീരിക ശക്തിയും കംസന് തൃപ്തിയായി. കംസൻ ആനക്കാരെ വരുത്തി, രാമ- കൃഷ്ണന്മാർ എത്തുമ്പോൾ ഗോപുരവാതുക്കൽ വെച്ച് കൊമ്പനാനയെ കൊണ്ട് വധിക്കുവാനുള്ള നിർദ്ദേശം നൽകിയ  
 ശേഷം രാമ- കൃഷ്ണന്മാരെ ക്ഷണിക്കുവാൻ അക്രൂരനെ അയയ്കാം എന്ന് തീരുമാനിക്കുന്നു.

                                                     കംസൻ, ആനക്കാർ, മല്ലന്മാർ

                                                        കംസൻ, ആനക്കാർ, മല്ലന്മാർ

 അക്രൂരൻ  കംസന്റെ മുൻപിൽ എത്തുന്നതാണ് നാലാം രംഗം.  അക്രൂരാ, ഭവാനു തുല്ല്യനായി ഒരു ബന്ധു എനിക്ക് വേറാരും ഇല്ല.   എന്റെ ശതൃക്കളായി നന്ദഗൃഹത്തിൽ വസിക്കുന്ന രാമകൃഷ്ണന്മാരെ, നാം ഇവിടെ നടത്തുവൻ തീരുമാനിച്ചിരിക്കുന്ന കാർമുകയാഗം  കാണുവാനായി നീ പോയി ക്ഷണിച്ചു കൂട്ടി വരണം. രാമകൃഷ്ണന്മാരെയും എല്ലാ ഗോപന്മാരേയും യാഗത്തിന് ആവശ്യമായ ഗോരസങ്ങളുമായി എത്തുവാൻ ക്ഷണിക്കണം. അവർ കൊട്ടാരത്തിൽ എത്തിയാൽ അവരെ നമ്മുടെ മല്ലന്മാർ തീർച്ചയായും സംഹരിക്കും. അവർ കൊല്ലപ്പെട്ടാൽ നമുക്ക് പിന്നീട് പറയാൻ പോലും ഒരു ശതൃ നമുക്ക് വേറെ ഇല്ല. എന്റെ രഥം എടുത്തു കൊണ്ട് എത്രയും വേഗം നന്ദഗൃഹത്തിലേക്ക് ഗമിച്ചാലും എന്ന് കംസൻ അക്രൂരനോട് പറയുന്നു.

അല്ലയോ രാജാവേ! എല്ലാം വിധി പോലെ നടക്കും. ഞാൻ വേഗം പോയി വസുദേവ പുത്രന്മാരെയും ഗോപന്മാരെയുമെല്ലാം വിഷമമില്ലാതെ കൂട്ടി വരാം എന്ന് അറിയിക്കുന്നു. അക്രൂരൻ ചിന്താധീനനാവുന്നു. ഞാൻ എന്താണ് ചെയ്യുക. കംസന്റെ നിർദ്ദേശം സീകരിച്ചാൽ പാപം ഭവിക്കും. കംസാജ്ഞ നിരസിച്ചാൽ ആ ദുഷ്ടൻ എന്നെ വധിക്കും. സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് കൃഷ്ണനായി അവതരിച്ചിരിക്കുന്നത് എന്ന് മഹാമുനി നാരദൻ പറഞ്ഞു അറിവുണ്ട്. ദുഷ്ടനായ കംസന്റെ ആഗ്രഹം എങ്ങിനെ സഫലമാകും. ഭഗവാനെ കാണുവാൻ എന്റെ കണ്ണുകൾക്ക്‌ സായൂജ്യം ലഭിച്ചിരിക്കുന്നു. ദുഷ്ടനായ കംസാജ്ഞ മൂലം ഒരു മഹാഭാഗ്യം എനിക്ക് കൈവന്നിരിക്കുന്നു. എന്നെ കാണുമ്പോൾ അക്രൂരാ വന്നാലും എന്ന് പറഞ്ഞുകൊണ്ട് ലോകചക്രം ചലിപ്പിക്കുന്ന അദ്ദേഹത്തിൻറെ കൈകൾ കൊണ്ട് എന്നെ സ്വീകരിക്കും എന്ന് ചിന്തിച്ചു കൊണ്ട് രഥം ഒരുക്കി, ഭഗവാൻ കൃഷ്ണന് പൂക്കളാൽ അലങ്കരിച്ച ഇരിപ്പിടം ഒരുക്കി അക്രൂരൻ ഗോകുലത്തെക്ക് യാത്ര തിരിച്ചു.


                                                         കംസനും അക്രൂരനും

ശ്രീകൃഷ്ണനെ കാണാൻ സാധിക്കുമെന്ന ചിന്തകളുമായുള്ള  അക്രൂരന്റെ  യാത്ര തുടർന്നു. സൂര്യാസ്തമയം അടുത്തിരിക്കുന്നു. സന്ധ്യാ നേരത്തെ സൂര്യകിരണമേറ്റ്  തിളങ്ങുന്ന  ഗോവർദ്ദന ഗിരിയും  ഗോകുലവും കണ്ട് അക്രൂരൻ വണങ്ങി. ഇത്ര മനോഹരമായ ഒരു പ്രദേശം മറ്റൊരിടത്തും ഉണ്ടാവില്ല. രഥത്തിൽ നിന്നും അശ്വങ്ങളെ അഴിച്ചു മാറ്റി അവയോട് കൃഷ്ണനാമം ജപിച്ചു കൊള്ളുവാൻ പറഞ്ഞശേഷം അക്രൂരൻ ഗോകുലമാകെ ചുറ്റിക്കാണുവാൻ തീരുമാനിച്ചു. 
ഗോകുലമാകെ ഭഗവാൻ കൃഷ്ണൻറെ കാൽപ്പാടുകൾ കണ്ട് ഭക്തി പുരസ്സരം തൊഴുതു. ഭഗവത്പാദം പതിഞ്ഞ മണ്ണെടുത്ത് തൻറെ ശരീരമാകെ വിതറി. ഈ പുണ്യം ചെയ്ത മണ്‍തരികളിൽ ഒരു പുല്ലായി കുരുത്ത് ജന്മസായൂജ്യം നേടാൻ സാധിക്കുമോ എന്ന് ചിന്തിച്ചു.   ഭഗവാൻ കൃഷ്ണൻ ദിനവും നീരാടുന്ന കാളിന്ദീ നദി കണ്ട അക്രൂരൻ, നദിയിലെ ജലം എടുത്ത് തന്റെ ദേഹത്തിൽ തളിച്ചു. 
 ഗോകുലത്തിലെ  സന്ധ്യാനാമ ജപങ്ങളും കൃഷ്ണഗാനങ്ങൾ പാടിയുള്ള  ഗോപികമാരുടെ നൃത്തവും മറ്റു ഭക്തികാഴ്ചകളും കണ്ടു കൊണ്ട് അക്രൂരൻ നന്ദഭവനത്തിലേക്ക് പ്രവേശിച്ചു.

അഞ്ചാം രംഗത്തിൽ ഭഗവാനെ പറ്റിയുള്ള ചിന്തകളിൽ മുഴുകിക്കൊണ്ട് അക്രൂരൻ ദേവന്മാരുടെ ദേവന്മാരായ    ബലരാമന്റെയും ശ്രീകൃഷ്ണന്റെയും സമീപമെത്തി, അവരെ ഭക്ത്യാ നമസ്കരിച്ചു.
 
(സാനന്ദം നടന്നു മന്ദം ഗാന്ദിനീ നന്ദനൻ പര-
മാനന്ദമൂർത്തിയെ മുദാ ചിന്ത ചെയ്തു.
കണ്ടാലാനന്ദമുണ്ടാകും കൊണ്ടാൽവർണ്ണരാമന്മാരെ 
കണ്ടീടാമഹോ നിതരാം ശോഭനം ജേ 
ചഞ്ചലമണികുണ്ഡല പുഞ്ചിരി കടാക്ഷങ്ങളാ-
ലഞ്ചിതമാം തിരുമുഖം കണ്ടീടുന്നേൻ 
ഈശാനവിരിഞ്ചവൃന്ദാരേശവന്ദിതങ്ങളാകും 
കേശവപാദയുഗളം കണ്ടീടുന്നേൻ.
ദുർമ്മതികംസൻ നമുക്കു നന്മയത്രേ ചെയ്തു നൂനം 
ചിന്മയനെക്കാണ്‍മാറായി നന്ദിയോടെ.
അക്രൂരാ! വന്നാലുമെന്നു തൃക്കൈകൊണ്ടുപിടിച്ചെന്നെ
സൽക്കരിച്ചിരുത്തീടും പുഷ്കരാക്ഷൻ.
എവമോർത്തു ഗോകുലത്തിൽ വേഗമോടു ചെന്നനേരം
ദേവദേവന്മാരെക്കണ്ടു കൈവണങ്ങിനാൻ.)

                                                    ബലരാമൻ, കൃഷ്ണൻ, അക്രൂരൻ

കൃഷ്ണൻ അക്രൂരനെ സ്വീകരിച്ചിരുത്തി. സൽഗുണങ്ങൾ നിറഞ്ഞ അല്ലയോ ഗാന്ദിനീനന്ദനാ!, സ്വാഗതം. താങ്കളെ കണ്ടതിനാൽ ഞങ്ങള്ക്ക് അതിയായ സന്തോഷം. ബന്ധു മിത്രാദികൾക്കെല്ലാം സുഖമല്ലേ? എന്റെ മാതാപിതാക്കൾ ഞാൻ നിമിത്തം എന്റെ മാതുലനായ കംസനാൽ ദു:ഖം അനുഭവിച്ചു. ചിന്തിച്ചാൽ വളരെ കഷ്ടം തന്നെ. അങ്ങ് ഇവിടെ എത്തിയത്  കംസൻറെ നിയോഗം എന്ന് ഞാൻ അറിയുന്നു. ഒട്ടും സംശയിക്കാതെ ആഗമന കാരണം പറഞ്ഞാലും. അങ്ങേയ്ക്ക് മംഗളം ഭവിക്കും എന്ന് കൃഷ്ണൻ അക്രൂരനെ ആശീർവദിച്ചു.

കംസരാജൻ നിഷ്കരുണം അങ്ങയുടെ മാതാപിതാക്കളെ കാരാഗൃഹത്തിൽ അടച്ചു ദുഖിപ്പിച്ചു. കംസൻ  നടത്തുന്ന ചാപമഹോത്സവം കാണാൻ അങ്ങ് ഗോപീജനത്തോടെ  എത്തുവാൻ അദ്ദേഹം ക്ഷണിച്ചിരിക്കുന്നു. കടുത്തവിരോധം കൊണ്ട് നിങ്ങളെ ജയിക്കുവാൻ ദുഷ്ടനായ കംസൻ ശ്രമിക്കുന്നു. അങ്ങയുടെ മാഹാത്മ്യം ആ ദുഷ്ടന്മാർക്ക് അറിയുവാനാവില്ല എന്ന് അക്രൂരൻ കൃഷ്ണനെ അറിയിച്ചു.

കൃഷ്ണൻ: അല്ലയോ അക്രൂരാ ഞാൻ ആ കംസൻറെ മനസ് അറിയുന്നു. നാം ഒട്ടും അമാന്തിക്കാതെ യാത്രയാവുകയല്ലേ? (ആക്രൂരനെ ശ്രദ്ധിച്ച്) എന്താണ് അങ്ങയുടെ മുഖം മ്ലാനമായിരിക്കുന്നത് ?

അക്രൂരൻ: അല്ലയോ രാമകൃഷ്ണന്മാരേ,  ചാപ മഹോത്സവത്തിന് ആവശ്യമായ ഗോരസങ്ങളുമായി നിങ്ങളെ കൂട്ടിചെല്ലുവാനാണ് രഥവും നൽകി കംസൻ എന്നെ നിയോഗിച്ചിരിക്കുന്നത്.    നിങ്ങളെ  വധിക്കുവാൻ അവിടെ  മദയാനയെയും  മല്ലന്മാരെയും കംസൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.  ഇത് ചതിയാണ്.

കൃഷ്ണൻ: ഞാൻ എല്ലാം അറിയുന്നു.    ദുഷ്ടനായ കംസന്റെ നാശം അടുത്തിരിക്കുന്നു.
കൃഷ്ണൻ മാതാപിതാക്കന്മാരുടെ അനുവാദം വാങ്ങി. മധുരാപുരിയിലേക്ക് ഗോരസങ്ങളുമായി യാത്ര തിരിക്കുവാൻ ഗോപന്മാർക്ക് നിർദ്ദേശം നൽകി. വിഷാദരായി കാണപ്പെട്ട  ഗോപികമാരെ കൃഷ്ണൻ ആശ്വസിപ്പിച്ചു.   ബലരാമനും കൃഷ്ണനും  അക്രൂരനും രഥത്തിൽ യാത്ര ആരംഭിച്ചു.
യാത്രാമദ്ധ്യേ യമുനാനദി കണ്ട അക്രൂരൻ രഥം നിർത്തി, യമുനയിൽ സ്നാനം സ്നാനകർമ്മം ചെയ്യാൻ അക്രൂരൻ   കൃഷ്ണനോട് അനുവാദം ചോദിച്ചു. കൃഷ്ണാനുവാദത്തോടെ യമുനയിൽ മുങ്ങിയ അക്രൂരന് യമുനാനദിയുടെ അന്തർ ഭാഗത്ത് ശ്രീരാമകൃഷ്ണന്മാരെ കണ്ട് ആശ്ചര്യപ്പെട്ടു. നദിയിൽ നിന്നും മുകളിലേക്ക് ഉയർന്ന് രഥത്തിലേക്ക്  നോക്കി. രാമകൃഷ്ണന്മാർ രഥത്തിൽത്തന്നെ  ഇരിക്കുന്നതു കണ്ടു. തന്റെ മനസിന്റെ തോന്നലാകും എന്നു  കരുതി അക്രൂരൻ  വീണ്ടും നദിയിൽ മുങ്ങി. നദിയുടെ അന്തർഭാഗത്ത് ചതുർബാഹുക്കളിൽ ശംഖു, ചക്ര, ഗദാ, പത്മത്തോടു കൂടി ഭഗവത് ദർശനം കണ്ട അക്രൂരൻ ജലത്തിൽ നിന്നും ഉയർന്ന് വീണ്ടും രഥത്തിൽ ശ്രദ്ധിച്ചു. ഭഗവാൻ കൃഷ്ണൻ രഥത്തിൽത്തന്നെയുണ്ട്. തന്റെ  മനസിന്റെ ചഞ്ചലത്തമാണ് ഈ ദർശിക്കുന്നത് എന്ന് കരുതി വീണ്ടും അക്രൂരൻ നദിയിൽ മുങ്ങുമ്പോൾ ജലത്തിനടിയിൽ വൈകുണ്ഠദർശനം കണ്ടു പുളകിതനായി. സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് കൃഷ്ണൻ എന്നും അദ്ദേഹത്തിൻറെ ലീലാവിനോദമാണ്‌ യമുനാനദിയിൽ താൻ കണ്ടത് എന്നും മനസിലാക്കിയ അക്രൂരൻ നദിയിൽ നിന്നും കര കയറി കൃഷ്ണനെ ഭക്തിപുരസ്സരം  നമസ്കരിച്ചു. കൃഷ്ണൻ അക്രൂരനെ സ്നേഹപൂർവ്വം പിടിച്ച് എഴുനേൽപ്പിച്ച് അനുഗ്രഹിച്ചു.

വീണ്ടും യാത്ര തുടർന്നു. മധുരാപുരിയുടെ സമീപം എത്തിയപ്പോൾ രഥം നിർത്താൻ കൃഷ്ണൻ അക്രൂരനോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ ആഗമന വൃത്താന്തം അങ്ങ് ദയവായി കംസനെ അറിയിച്ചാലും. ഞങ്ങൾ ഈ മധുരാപുരി ഒന്ന് ചുറ്റിക്കണ്ടശേഷം അവിടെ എത്താം എന്ന് അറിയിച്ചു കൊണ്ട് രാമകൃഷ്ണന്മാർ അക്രൂരനെ സ്നേഹപൂർവ്വം ആശ്ലേഷിച്ച്‌  യാത്രയാക്കി. 
                                                      ബലരാമൻ, കൃഷ്ണൻ, അക്രൂരൻ

                                                     ബലരാമൻ, കൃഷ്ണൻ, അക്രൂരൻ

ആറാം രംഗത്തിൽ   മധുരാപുരിയാകെ ബലരാമനും കൃഷ്ണനും ചുറ്റിക്കാണുന്നു. വിശിഷ്ടവസ്ത്രങ്ങൾ അടങ്ങിയ ഭാണ്ഡവുമായി വരുന്ന രജകനെ കണ്ടപ്പോൾ ആ വസ്ത്രങ്ങൾ തങ്ങൾക്കു നൽകണമെന്ന് ബലരാമനും കൃഷ്ണനും ആവശ്യപ്പെടുന്നു. മഹാരാജാവിനുള്ള  വസ്ത്രങ്ങൾ ഗോപന്മാക്കുള്ളതല്ല എന്ന് പറഞ്ഞ് രജകൻ രാമ-കൃഷ്ണന്മാരെ നിന്ദിക്കുന്നു. രജകനിൽ നിന്നും വസ്ത്രം പിടിച്ചു വാങ്ങിയശേഷം കൃഷ്ണൻ അവനെ വധിക്കുന്നു.


                                                      ബലരാമൻ, കൃഷ്ണൻ, രജകൻ

സ്തുതി ഗീതങ്ങൾ ആലപിച്ചു കൊണ്ടും സുഗന്ധപുഷ്പങ്ങൾ കൊണ്ടുണ്ടാക്കിയ വിശിഷ്ട ഹാരങ്ങളുമായി എത്തുന്ന ഭക്തനായ സുദാമനെ കണ്ടു മുട്ടുന്നു. സുദാമൻ ഹാരങ്ങൾ രാമ-കൃഷ്ണമാർക്ക് നല്കി വലം വെച്ച് സ്തുതിച്ചു. പിന്നീട് കംസന് ശരീരാമാകസലം പൂശുവാനുള്ള കളഭകൂട്ടുമായി പോകുന്ന കുബ്ജയെ രാമകൃഷ്ണന്മാർ കണ്ടു മുട്ടുന്നു. രാമകൃഷ്ണന്മാരുടെ ആവശ്യപ്രകാരം കുബ്ജ ഭക്തിയോടെ കളഭകൂട്ട്‌ നല്കുന്നു. സംപ്രീതനായ കൃഷ്ണൻ കുബ്ജയുടെ ഗാത്രവക്രത മാറ്റി ആകാരഭംഗി നല്കി അനുഗ്രഹിക്കുന്നു.

                                                     ബലരാമൻ, കൃഷ്ണൻ, സുദാമൻ

                                                       ബലരാമൻ, കൃഷ്ണൻ, കുബ്ജ

എഴാം രംഗത്തിൽ ഗോപുരവാതിലിൽ ആനക്കാർ  മദയാനയുമായി നിന്നുകൊണ്ട് ആഗതർക്ക് ആനയുടെ ക്രൂരസ്വഭാവത്തെ പറ്റി മുന്നറിയിപ്പ് നൽകുന്നു. അവിടെ എത്തുന്ന രാമകൃഷ്ണന്മാർ  തങ്ങൾക്കു മാർഗ്ഗം നൽകണമെന്ന് അപേക്ഷിക്കുന്നു. ഗോരസം രാജാവിന് കാഴ്ചവെയ്ക്കുവാൻ വന്ന ഞങ്ങളെ അതിന് അനുവദിക്കണമെന്ന കൃഷ്ണന്റെ അപേക്ഷ ആനക്കാർ നിരസിക്കുന്നു. രാമ-കൃഷ്ണന്മാർ ഗജവീരന്റെ മസ്തകം അടിച്ചു പൊളിച്ച് ദന്തങ്ങൾ ഊരിയെടുക്കുന്നു. ആനയെയും ആനക്കാരെയും വധിക്കുന്നു. 

                            ഗോപുരവാതുക്കൽ രാമ-കൃഷ്ണന്മാരെ നേരിടാൻ 
                                              തയ്യാർ നിലയിൽ ആനയും ആനക്കാരും 

                                                രാമകൃഷ്ണന്മാർ മല്ലന്മാരുമായി ഏറ്റുമുട്ടുന്നു

എട്ടാം  രംഗത്തിൽ ആനകൊമ്പുകളുമായി ഗോപുരത്തിൽ കടന്ന രാമകൃഷ്ണന്മാരെ മല്ലന്മാർ നേരിടുന്നു. മല്ലന്മാരെ രാമകൃഷ്ണന്മാർ വധിക്കുന്നു. മല്ലന്മാരുമായി രാമകൃഷ്ണന്മാർ യുദ്ധം ചെയ്യുന്നത് കണ്ടു കൊണ്ട് സിംഹാസനത്തിലിരുന്ന കംസനെ അത്യധികം കോപത്തോടെ കൃഷ്ണൻ പിടിച്ചു വലിച്ചു താഴെയിട്ടു. കൃഷ്ണന്റെ മുഷ്ടി പ്രഹരത്താൽ കംസൻ വധിക്കപ്പെടുന്നു. ഉഗ്രസേനൻ ഉൾപ്പടെ കംസനാൽ കാരാഗൃഹത്തിൽ ബന്ധിക്കപ്പെട്ടവരെ    രാമ-കൃഷ്ണന്മാർ ബന്ധനത്തിൽ നിന്നും മുക്തരാക്കി. രാജ്യ ഭരണം സംബന്ധിച്ച ഭാവിവിഷയങ്ങളെ പറ്റി ആലോചിക്കാൻ തീരുമാനിക്കുന്നതോടെ   കഥ അവസാനിച്ചു.

                                    ബലരാമൻ, കൃഷ്ണൻ, കംസൻ 

23 -പുലർച്ച ആറുനാൽപ്പതു മണിക്കാണ് കളി അവസാനിച്ചത്‌. അക്രൂരന്റെ രംഗം കഴിഞ്ഞ ശേഷം വളരെ വേഗത്തിലാണ് രംഗങ്ങൾ അവതരിപ്പിച്ചത്.  പ്രധാന വേഷങ്ങളായ കംസനെ ശ്രീ. ഫാക്റ്റ് മോഹനനും ആക്രൂരനെ ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയും ഒരു മല്ലനെ ശ്രീ. കലാമണ്ഡലം ബാലകൃഷ്ണനും ശ്രീകൃഷ്ണനെ   ശ്രീ. ഫാക്റ്റ് പത്മനാഭനും വളരെ ഭംഗിയായി അവതരിപ്പിച്ചു.    ശ്രീ. കലാനിലയം കരുണാകരകുറുപ്പിന്റെ നാരദനും , സുദാമനും  ശ്രീ. തിരുവല്ല ബാബുവിന്റെ മല്ലൻ, ശ്രീ. നെല്ലിയോട് വാസുദേവൻ‌ നമ്പൂതിരി, ശ്രീ. കലാമണ്ഡലം ഉല്ലാസ് എന്നിവരുടെ ആനക്കാർ, ശ്രീ. മധു വാരണാസിയുടെ രജകൻ, ശ്രീ. കലാമണ്ഡലം അരുണിന്റെ ബലഭദ്രർ, ശ്രീ. കലാമണ്ഡലം അനിൽ കുമാറിന്റെ   കുബ്ജ  എന്നീ വേഷങ്ങളും  നല്ല നിലവാരം പുലർത്തി.

കംസവധം പാടിയത് ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ , ശ്രീ. പരിമണം മധു എന്നിവരാണ്‌. ശ്രീ. കലഭാരതി ഉണ്ണികൃഷ്ണൻ ചെണ്ടയും  ശ്രീ. കലാനിലയം മനോജ്‌   മദ്ദളവും കൈകാര്യം ചെയ്തു.
 ശ്രീ. ചിങ്ങോലി പുരുഷോത്തമൻ,  ശ്രീ. തിരുവല്ല പ്രതീപ് എന്നിവർ ചുട്ടി ആർട്ടിസ്റ്റുകളായി പ്രവർത്തിച്ചു. ശ്രീ. തിരുവല്ല രാധാകൃഷ്ണന്റെ (മാനേജർ ,ശ്രീവല്ലഭവിലാസം കഥകളിയോഗം) ചുമതലയിലായിരുന്നു കളി നടന്നത്. 

ഇത്രയും വലിയ കളി നടന്നിട്ടും വളരെ പരിമിതമായ ആസ്വാദകർ മാത്രമാണ്  എത്തിയിരുന്നത്.  തിരുവല്ലാ സ്വദേശികളായ മിക്ക   ആസ്വാദകരും  പുറപ്പാട് മേളപ്പദം കഴിഞ്ഞപ്പോൾത്തന്നെ മടങ്ങി. ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പിലെ ചില അംഗങ്ങളുടെ സാന്നിദ്ധ്യം ആശ്വാസമുളവാക്കി. 

2014 ജനുവരി 12, ഞായറാഴ്‌ച

22-12- 2013-ന് തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിൽ അവതരിപ്പിച്ച കഥകളി -1



2013  ഡിസംബർ - 22 ന് തിരുവല്ല കിഴക്കുംമുറിയിൽ  ശ്രീ. ഉണ്ണികൃഷ്ണൻ, ശ്രീ ഹരികൃഷ്ണൻ എന്നിവരുടെ വഴിപാടായി തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിൽ കഥകളി  അവതരിപ്പിച്ചു. രാത്രി ഒൻപതു മണിക്ക് കളിക്ക് വിളക്ക് വെച്ച ശേഷം  പുറപ്പാടും തുടർന്ന്  മേളപ്പദവും അവതരിപ്പിച്ചു.  ശ്രീ. കലാമണ്ഡലം ഉല്ലാസ്, ശ്രീ. കലാമണ്ഡലം അരുണ്‍ എന്നിവരാണ് പുറപ്പാടിന് വേഷമിട്ടത്.  

                                    പുറപ്പാട്: ബലഭദ്രനും ശ്രീകൃഷ്ണനും 

ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടിയും   ശ്രീ. കലാനിലയം രാജീവൻ നമ്പൂതിരിയും സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസും  ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണനും    ചെണ്ടയും  ശ്രീ. കലാമണ്ഡലം അച്യുതവാര്യരും    ശ്രീ. കലാനിലയം മനോജും    മദ്ദളവും ഒത്തു ചേർന്നവതരിപ്പിച്ച   മേളപ്പദം വളരെ ഗംഭീരമായി. തുടർന്ന് ആദ്യം അവതരിപ്പിച്ചത് കുചേലവൃത്തം കഥയാണ്. അഞ്ചു  രംഗങ്ങളായിട്ടാണ് കുചേലവൃത്തം അവതരിപ്പിച്ചത്.

                                                                      മേളപ്പദം 

 ലോകപാലകനായ ഭഗവാൻ ശ്രീകൃഷ്ണൻറെ സഹപാടിയാണ് സുദാമാവ് (കുചേലൻ). ദാരിദ്ര്യ ദുഃഖം മൂലം വിഷമിക്കുന്ന കുചേലന്റെ കുടുംബത്തിൻറെ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാകുവാൻ കുചേലൻ ഭഗവാൻ കൃഷ്ണനെ ചെന്നു ഒന്ന് കണ്ടാൽ മതി എന്ന് കുചേലപത്നി കുചേലനെ അറിയിക്കുന്നു. അടുത്ത ദിവസം തന്നെ കൃഷ്ണനെ കാണാൻ യാത്രയാകുവാൻ സമ്മതിച്ച കുചേലൻ അദ്ദേഹത്തിനു നൽകുവാൻ എന്തെങ്കിലും കാഴ്ച ദ്രവ്യം കൂടി കൊണ്ടുപോകണം എന്ന് പത്നിയെ അറിയിക്കുന്നു. ഇതാണ്   ആദ്യം അവതരിപ്പിച്ച രംഗം. 

                                                         കുചേലനും കുചേലപത്നിയും 
രണ്ടാം രംഗത്തിൽ ശ്രീകൃഷ്ണന് നൽകുവാൻ ഭിക്ഷയാചിച്ചു കിട്ടിയ നെല്ലുകൊണ്ട് അവൽ ഉണ്ടാക്കി  കുചേലപത്നി കുചേലനെ ഏൽപ്പിക്കുന്നു. കൊണ്ടൽ വർണ്ണൻ മുകുന്ദൻ എന്റെ കയ്യിൽ എന്തെങ്കിലും തന്നാൽ അതു കൊണ്ടുവന്ന് നിന്നെ ഏൽപ്പിക്കാം എന്ന് കുചേലൻ പത്നിയെ അറിയിച്ചു കൊണ്ട് കുടയും വടിയും എടുത്തു കൊണ്ട് യാത്രയാകുന്നു. 

മൂന്നാം രംഗത്തിൽ ദ്വാരകയിലേക്കുള്ള കുചേലന്റെ യാത്രയാണ്. ബാല്യസ്നേഹിതനായ ഭഗവാൻ കൃഷ്ണൻ തന്നെ കാണുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കും, സൽക്കരിക്കും എന്നെല്ലാം മനോരാജ്യം നിർമ്മിച്ചു ഭക്തിപുരസ്സരാ ദ്വാരകയിലേക്ക് യാത്രയാകുന്നു. 


                          കുചേലൻ : ശ്രീ. നെല്ലിയോട് വാസുദേവൻ‌ നമ്പൂതിരി 

നാലാം രംഗത്തിൽ ദ്വാരകയിലെ ഏഴുനില മാളികയിൽ രുഗ്മിണിയുമായി   സല്ലപിച്ചു കൊണ്ടിരുന്ന ശ്രീകൃഷ്ണൻ തന്റെ സുഹൃത്തിന്റെ വരവ് മനസിലാക്കി. എല്ലാം മറന്ന് തന്റെ സുഹൃത്തിന്റെ സമീപത്ത് ഓടിയെത്തി നമസ്കരിച്ച ശേഷം ആലിംഗനം ചെയ്തുകൊണ്ട് രാജമഞ്ചത്തിൽ ഇരുത്തി. കുചേലനെ പാദപൂജചെയ്തു. രുഗ്മിണീദേവിയും കുചേലനെ പരിചരിച്ചു. എല്ലാം മറന്ന് ബാല്യകാല സ്മരണകൾ  ഇരുവരും പങ്കുവെച്ചു. കുചേലന്റെ കക്ഷത്തിൽ മറച്ചു വെച്ചിരുന്ന അവൽപ്പൊതി കൃഷ്ണൻ കൈക്കലാക്കി. പൊതി അഴിച്ച് ഒരു പിടി അവൽ സന്തോഷപൂർവ്വം കൃഷ്ണൻ ഭജിച്ചു. വീണ്ടും ഒരു പിടി അവൽ കൃഷ്ണൻ ഭുജിക്കാൻ ഒരുങ്ങുമ്പോൾ രുഗ്മിണി തടഞ്ഞു (കൃഷ്ണൻ ഒരു പിടി അവൽ ഭുജിച്ചപ്പോൾ കുചേലന്റെ ഭവനത്തിൽ സകലവിധ സൌഭാഗ്യങ്ങളും ഉണ്ടായി എന്നും വീണ്ടും കൃഷ്ണൻ അവൽ ഭുജിച്ചാൽ കുചേലപത്നിയുടെ ഭൃത്യയായിത്തീരുമോ എന്നു ഭയന്നാണ്  രുഗ്മിണി തടഞ്ഞത് ). രുഗ്മിണിയുടെ പരിഭവം കൃഷ്ണൻ മനസിലാക്കി. ബാക്കിയുള്ള അവൽ കൃഷ്ണൻ രുഗ്മിണിയെ ഏൽപ്പിച്ചു (കൃഷ്ണന്റെയും രുഗ്മിണിയുടെയും സംവാദം കുചേലൻ അറിഞ്ഞിരുന്നില്ല).  സഹപാഠിയുടെ വരവ് നിമിത്തം ഇന്ന് ഒരു സുദിനമായിത്തീർന്നുവെന്ന് കൃഷ്ണൻ കുചേലനെ അറിയിച്ചു. 

                                                        രുഗ്മിണി, കുചേലൻ, ശ്രീകൃഷ്ണൻ 


                                           കുചേലനും ശ്രീകൃഷ്ണനും 
തന്നെ സ്വീകരിച്ചു സല്ക്കരിച്ചത് വലിയ ഭാഗ്യമായി കരുതുവെന്നും തന്റെ കുടുംബവും കുട്ടികളും തൻറെ വരവും കാത്ത് കഴിയുകയാണെന്നും ഉടൻ മടങ്ങണം എന്നും കുചേലൻ  അറിയിക്കുന്നു. ഗുരുകുലവാസകാലത്ത് താൻ ആസ്വദിച്ചിട്ടുള്ള ശ്രീകൃഷ്ണന്റെ വേണുഗാനം കേൾക്കണം എന്ന കുചേലന്റെ ആഗ്രഹം കൃഷ്ണൻ സഫലമാക്കി. കൃഷ്ണൻ കുചേലനെ മനസില്ലാമനസ്സോടെ യാത്രയാക്കുന്നു. ദ്വാരകവിട്ടകലുന്ന കുചേലനെ കൃഷ്ണനും  രുഗ്മിണിയും ചേർന്നുനിന്ന് അനുഗ്രഹിച്ചു. 

                                       വൃദ്ധ: ശ്രീ. മധു വാരണാസി.

 കുചേലന്റെ ഗൃഹമായിരുന്നു അഞ്ചാം  രംഗം.  ശ്രീകൃഷ്ണന്റെ അനുഗ്രഹത്താൽ  സർവ്വ ഐശ്വര്യങ്ങളും നേടിയ കുചേലഭവനം. കുചേലപത്നിയുടെ പരിചാരികയുടെ പുലമ്പൽ. വയസ്യനായ കുചേലൻ, തന്റെ ആരോഗ്യപരമായ ക്ഷീണതകൾ മാറി സ്വഗൃഹത്തിൽ എത്തിച്ചേരുന്നു. ഗൃഹാന്തരീക്ഷത്തിനു സംഭവിച്ച മാറ്റങ്ങൾ കണ്ടു അദ്ദേഹം അത്ഭുതപ്പെടുകയും ഭഗവാൻ കൃഷ്ണനോട് ഒന്നും ആവശ്യപ്പെടാതെതന്നെ എല്ലാം നല്കിയ ഭഗവാനെ സ്മരിച്ചു കൊണ്ട് കൃഷ്ണഭക്തിയിൽ  പരവശനാവുകയും തന്റെ സന്തോഷം പത്നിയെ അറിയിക്കുകയും ചെയ്യുന്നു. പരിചാരികയായ വൃദ്ധയ്ക്ക്  കുചേലൻ സമ്മാനം നൽകുകയും ചെയ്യുന്നു. 
കുചേലനായി ശ്രീ. നെല്ലിയോട് വാസുദേവൻ‌ നമ്പൂതിരിയും  വയസ്യനായ കുചേലൻറെ രൂപസാദൃശ്യം മൂലം പ്രകടമായ ദാരിദ്ര്യദുഖത്തിന്റെ ലക്ഷണം എന്നിവ നെല്ലിയോടിന്റെ കുചേലന്റെ വിജയത്തിന്റെ പ്രധാന ഘടകം തന്നെയാണ്. കുചേലഗതിയിൽ അരങ്ങിനു വെളിയിലും നടന്നു പോകുന്നതിനുള്ള ക്ഷീണം നടനിൽ പ്രകടമാക്കിയിരുന്നു. അഞ്ചാം  രംഗത്തിൽ ആരോഗ്യപരമായ ക്ഷീണം മാറിയ അദ്ദേഹത്തിൻറെ കുചേലനെ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി. ഭക്തിസാഗരത്തിൽ ആസ്വാദകനെ കൊണ്ടെത്തിക്കുന്ന വളരെ നല്ല ഒരു അവതരണമാണ് ശ്രീ.നെല്ലിയോട് തിരുമേനിയുടെ കുചേലൻ കാഴ്ചവെച്ചത്.

തന്നോടൊപ്പം ഗുരുകുലത്തിൽ പഠിച്ച സുദമാവിൻറെ വരവ് മനസിലാക്കി, ഓടിച്ചെന്ന് അദ്ദേഹത്തെ സ്വീകരിക്കുന്ന വളരെ ചടുലതയാർന്ന ശ്രീകൃഷ്ണനെയാണ്  ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ അവതരിപ്പിച്ചത്. ഗുരുനാഥനായ സാന്ദീപനി മുനിയെ സ്മരിക്കുമ്പോഴുള്ള ഭക്തി, ചിരകാലമായി അങ്ങയെ വന്നു കാണണം എന്ന് ആഗ്രഹിച്ചിരുന്നു എന്ന് കുചേലൻ അറിയിക്കുമ്പോൾ "കള്ളം പറയുന്നു" എന്നുള്ള പരിഭവം എന്നിവ വളരെ ഹൃദ്യമായി അവതരിപ്പിച്ചു. കുചേലന്റെ കുടയും വടിയും എടുത്തുകൊണ്ട് 'കുട' ഒന്ന് ശ്രദ്ധിച്ച് ' ഒരു കാറ്റടിച്ചാൽ കുട പറന്നു പോകും എന്നൊരു കമന്റും പാസ്സാക്കി കുചേലന്റെ  മനസില്ലാ മനസ്സോടെ കുചേലനെ ശ്രീകൃഷ്ണൻ യാത്രയാക്കുന്നതും    വളരെ ഭംഗിയും ഹൃദ്യമായി.
വേഷഭംഗി കൊണ്ടും അരങ്ങു പ്രവർത്തികൊണ്ടും ശ്രീ. കലാമണ്ഡലം അനിൽ കുമാറിന്റെ രുഗ്മിണി ശ്രദ്ധേയമായി. ശ്രീ. കലാനിലയം വിനോദിന്റെ ബ്രാഹ്മണപത്നിയും വളരെ നന്നായി. കുചേലഗൃഹം വൃത്തിയാക്കിക്കൊണ്ട് രംഗപ്രവേശം ചെയ്ത ശ്രീ.മധു വാരണാസിയുടെ വൃദ്ധയും  വളരെ നന്നായി. ചെയ്യുന്ന വേഷം എന്തുതന്നെയാണെങ്കിലും, ആ വേഷത്തെ തികഞ്ഞ അർപ്പണ ബുദ്ധിയോടും   ആത്മാർത്ഥതയോടും പാത്ര ബോധത്തോടും അവതരിപ്പിക്കുന്ന ഈ യുവ കലാകാരന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.  (ഏവൂർ ക്ഷേത്രത്തിലെ ഒരു കളി കഴിഞ്ഞാണ് അദ്ദേഹം തിരുവല്ലയിലെ കളിക്ക് എത്തിയത്.)
 
കുചേലവൃത്തം  ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടിയും   ശ്രീ. കലാനിലയം രാജീവൻ നമ്പൂതിരിയും ചേർന്ന് വളരെ ഹൃദ്യമായി ആലപിച്ചു.  ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്  ചെണ്ടയും    ശ്രീ. കലാമണ്ഡലം അച്യുതവാര്യർ മദ്ദളവും ചെയ്ത്    കളി വളരെ ഗംഭീരമാക്കി.

2013 ഡിസംബർ 18, ബുധനാഴ്‌ച

ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി അവർകൾക്ക് ആദരാഞ്ജലി



                                             ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി അവർകൾ.

     ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി  അവർകൾ 12-08-1914 ന് കോട്ടയം ജില്ലയിലെ നാട്ടാശ്ശേരയിൽ, കുറൂർ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെയും പാർവ്വതി അന്തർജ്ജനത്തിന്റെയും പുത്രനായി ജനിച്ചു. ഗുരുകുല സമ്പ്രദായത്തിൽ സംസ്കൃതപഠനം പൂർത്തിയാക്കി. പതിനേഴാമത്തെ വയസ്സിൽ കഥകളി അഭ്യാസം തുടങ്ങി. ശ്രീ. കുറിച്ചി കൃഷ്ണപിള്ള, ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കർ എന്നിവരുടെ കീഴിൽ തെക്കൻ ചിട്ടയും, ശ്രീ. കലാമണ്ഡലം കൃഷ്ണൻ കുട്ടിപ്പൊതുവാളുടെ കീഴിൽ വടക്കൻ ചിട്ടയും അഭ്യസിച്ചു. പത്തൊൻപതാമത്തെ വയസ്സിൽ കുമാരനല്ലൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു അരങ്ങേറ്റം. ശ്രീ. പൈങ്കുളം രാമചാക്യാരുടെ കീഴിൽ കണ്ണുസാധകവും, ശ്രീ. കൂറ്റൽപ്പള്ളി വാസുദേവൻ സോമയോജിപ്പാടിന്റെ കീഴിൽ പാഠകവും അഭ്യസിച്ചു. തിരുവനന്തപുരം കൊട്ടാരം കളിയോഗത്തിൽ ഇരുപതു വർഷത്തെ സേവനം, ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ ആറുവർഷത്തെ സേവനവും അനുഷ്ടിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെയും മറ്റു കലാസംഘടനകളുടെയും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 




ശ്രീ. പള്ളിപ്പുറം ഗോപലൻ നായർ (ദുര്യോധനൻ), ശ്രീ.കുറൂർ വാസുദേവൻ‌ നമ്പൂതിരി (ദുശാസനൻ) ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി (ശ്രീകൃഷ്ണൻ).

 ഗുരു. ചെങ്ങന്നൂർ, മാങ്കുളം വിഷ്ണുനമ്പൂതിരി, കലാമണ്ഡലം കൃഷ്ണൻ നായർ, കുടമാളൂർ കരുണാകരൻ നായർ, ചമ്പക്കുളം പാച്ചുപിള്ള തുടങ്ങിയ കലാകാരന്മാരോടൊപ്പം ശ്രീ. കുറൂർ അനവധി അരങ്ങുകളിൽ കൂട്ടു വേഷം ചെയ്ത് അരങ്ങുകൾ വിജയിപ്പിച്ചിരുന്നു. ചുവന്ന താടി വേഷക്കാരനായിട്ടാണ് അദ്ദേഹത്തെ കൂടുതൽ അറിയപ്പെട്ടിരുന്നത്. കോട്ടയം ജില്ലയിലെ കളിയരങ്ങുകളിൽ രൌദ്രഭീമൻ, ഹരിശ്ചന്ദ്രചരിതത്തിൽ വിശ്വാമിത്രൻ തുടങ്ങിയ വേഷങ്ങൾ അദ്ദേഹം ചെയ്തു വിജയിപ്പിച്ചിട്ടുണ്ട്.  ചമ്പക്കുളം പാച്ചുപിള്ള, കുറൂർ വാസുദേവൻ‌ നമ്പൂതിരി എന്നിവർ ഒന്നിച്ച് അവതരിപ്പിച്ചിട്ടുള്ള ബാലി- സുഗ്രീവന്മാർ, കലി- ദ്വാപരന്മാർ എന്നിവ ഒരു കാലഘട്ടത്തിലെ ആസ്വാദകരുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.  കുറൂരിന്റെ മകൻ ശ്രീ. കുറൂർ ചെറിയ വാസുദേവൻ‌ നമ്പൂതിരി പ്രസിദ്ധനായ കഥകളി ചെണ്ട വിദഗ്ദനാണ്. 

1975 -1976 കാലഘട്ടത്തിൽ ശ്രീ. അയ്മനം കൃഷ്ണക്കൈമളുടെ നേതൃത്വത്തിൽ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. പന്തളം കേരളവർമ്മ, ശ്രീ. ചന്ദ്രമന തിരുമേനി, ശ്രീ. കുറൂർ  തിരുമേനി, ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി,   ശ്രീ. കലാമണ്ഡലം  ഹരിദാസ്‌ (കോട്ടയം) എന്നിവർ  അടങ്ങുന്ന ഒരു കഥകളി സംഘം മുംബയിൽ മൂന്നു കളികൾ അവതരിപ്പിക്കുവാൻ എത്തിയിരുന്നു. അവർ മുംബൈയിൽ എത്തിയത് മുതൽ അവിടെ നിന്നും പോകുന്നത് വരെ ഞാൻ അവരോടൊപ്പം ഉണ്ടായിരുന്നു. ഈ അവസരത്തിലാണ് ശ്രീ. കുറൂർ  തിരുമേനിയുമായി കൂടുതൽ സംസാരിക്കാൻ അവസരം ഉണ്ടായത്. ഓരോ വേഷവും ചെയ്യുമ്പോൾ, ഓരോ കലാകാരന്മാർ  കൂട്ടു  വേഷക്കരായി എത്തുമ്പോൾ ഉണ്ടാകുന്ന അനുഭവം അദ്ദേഹം എന്നോട് പറഞ്ഞിട്ടുള്ളത് ഞാൻ ഇന്നും ഓർക്കുന്നുണ്ട്.  എന്നോട് വളരെ നല്ല സമീപനമായിരുന്നു. പിന്നീട് ഞാൻ മുംബയിൽ നിന്നും തിരിച്ചെത്തിയ ശേഷവും പല കളിസ്ഥലങ്ങളിലും  അദ്ദേഹത്തിൻറെ ധാരാളം വേഷങ്ങൾ കണ്ടിട്ടുണ്ട്. 

ഒരിക്കൽ ഏറ്റുമാനൂരിൽ ദുര്യോധനവധം കളിക്ക് ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ ദുര്യോധനനും ശ്രീ. കുറൂരിന്റെ ദുശാസനനും ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയുടെ കൃഷ്ണനും ശ്രീ. മാത്തൂരിന്റെ പാഞ്ചാലിയുമായി ഒരു കളി നടന്നത് ഓർമ്മയിൽ ഉണ്ട്. പ്രായാധിക്ക്യം കണക്കിലെടുക്കാതെ പല കളിയരങ്ങുകളുടെ മുൻപിലും കഥകളി ആസ്വദിക്കുവനായി അദ്ദേഹം എത്തിയിരുന്നത്തിലൂടെ  അദ്ദേഹത്തിൻറെ കലായോടുള്ള സ്നേഹാദരവ് പ്രകടമായിരുന്നു. ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി ജ്യേഷ്ഠൻറെ സപ്തതി ആഘോഷപരിപാടികളിൽ ശ്രീ. കുറൂർ തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നതും സ്മരണീയമാണ്.
 
17-12 -2013-ന്  99-മത്തെ വയസ്സിൽ ശ്രീ. കുറൂർ വലിയ വാസുദേവൻ‌ നമ്പൂതിരി അന്തരിച്ചു. അദ്ദേഹത്തിൻറെ വേർപാടിൽ ദുഖിക്കുന്ന കലാകാരന്മാർ, കലാസ്നേഹികൾ, ബന്ധു മിത്രാദികൾ എന്നിവരോടൊപ്പം ഞാനും ദു:ഖത്തിൽ പങ്കു ചേരുന്നു. ആ കലാകാരനെ മനസാ സ്മരിച്ചുകൊണ്ട് ഒരു തുള്ളി കണ്ണീർ അഞ്ജലിയായി സമർപ്പിക്കുന്നു.
 

2013 ഡിസംബർ 6, വെള്ളിയാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 15- മത് അനുസ്മരണം -(2)

കഥകളി ആചാര്യൻ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 15- മത്  അനുസ്മരണ പരിപാടികൾ  2013, നവംബർ 24-ന്    ചെന്നിത്തല മഹാത്മാ ഗേൾസ്‌ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ അവതരിപ്പിക്കുകയുണ്ടായി. രാവിലെ കൃത്യം  ഒൻപതു മണിക്ക് ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക സമിതിയിലുള്ള ആചാര്യന്റെ ചിത്രത്തിനു മുൻപിൽ സമതി പ്രസിഡന്റ്  ശ്രീ. ഞാഞ്ഞൂർ  സുകുമാരൻ നായർ, ചെന്നിത്തല,  തൃപ്പെരുംതുറ ഗ്രാമപഞ്ചായത്ത് മെമ്പർ  ശ്രീ. ജി. ഹരികുമാർ, ആചാര്യന്റെ കുടുംബാംഗങ്ങൾ   മുതലായവർ  പുഷ്പാർച്ചന നടത്തി. 11: 30 മണിക്ക് മഹാത്മാ ഗേൾസ്‌ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ  വെച്ച് മലയാള കലാവേദിയുടെ നേതൃത്വത്തിൽ  കാവ്യാർച്ചന നടത്തി. കഥകളിപ്പദം, വഞ്ചിപ്പാട്ട് എന്നിവയാണ് പ്രധാനമായി കാവ്യാർച്ചയിൽ ഉൾപ്പെടുത്തിയിരുന്നത്.

 വൈകിട്ട്  മൂന്നുമുപ്പതിന് ബഹുമാനപ്പെട്ട തൊഴിൽ വകുപ്പ് സഹമന്ത്രി ശ്രീ. കൊടിക്കുന്നിൽ സുരേഷ് അവർകളെ മഹാത്മാ ഗേൾസ്‌ ഹൈസ്കൂളിന്റെ മുൻപിൽ നിന്നും ബാലികമാരുടെ താലപ്പൊലി, അലക്കിട്ട കുടകൾ, ചെണ്ടമേളം, കുഴൽവാദ്യം എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സമതിയിൽ എത്തിച്ചു. അദ്ദേഹത്തിൻറെ ഫണ്ടുകൊണ്ട് നിർമ്മിച്ച സമിതി കെട്ടിടത്തിന്റെ മൂന്നാമത്തെ  നിലയുടെ ഉത്ഘാടനകർമ്മം അദ്ദേഹം സസന്തോഷം നിർവഹിച്ചു.  തുടർന്ന് സ്കൂൾ ആഡിറ്റോറിയത്തിൽ എത്തി  ഈശ്വര പ്രാർത്ഥനയും തുടർന്ന് അനുസ്മരണ സമ്മേളനവും ആരംഭിച്ചു.   ശ്രീ. ഞാഞ്ഞൂർ  സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച അനുസ്മരണ സമ്മേളനത്തിൽ സമിതി എക്സിക്യൂട്ടീവ് അംഗം ശ്രീ. ചെന്നിത്തല ആർ. ഗോപാലകൃഷ്ണൻ നായർ സ്വാഗതം ആശംസിച്ചു. 2013- ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക പുരസ്കാരം നേടാനെത്തിയ  പ്രസിദ്ധ കഥകളി നടൻ ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകളെ സമിതി എക്സിക്യൂട്ടീവ് അംഗം ശ്രീ. കെ. രഘുനാഥ് സദസ്സിന് പരിചയപ്പെടുത്തി. ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകൾ   ബഹു: മന്ത്രി ശ്രീ. കൊടിക്കുന്നിൽ സുരേഷ് അവർകളിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് സദസ്സിനും സംഘാടകർക്കും നന്ദി പ്രകാശിപ്പിക്കുകയും അനുസ്മരണ പ്രസംഗവും  ചെയ്തു. 

                            സമിതിയിൽ അഭ്യസിച്ച കുട്ടികളുടെ ചെണ്ടമേളം 


ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകളുടെ അനുസ്മരണ പ്രസംഗം കഴിഞ്ഞ് ശ്രീമതി. കവിതാ സജീവ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മാവേലിക്കര), ശ്രീമതി ഷീജാ അനിൽ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ചെന്നിത്തല- തൃപ്പെരുന്തുറ)  ശ്രീ. ജി. ഹരികുമാർ (ചെന്നിത്തല,  തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് മെമ്പർ), ശ്രീ. ജി. ജയദേവ് (ഗ്രാമ പഞ്ചായത്ത് മെമ്പർ) എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. അയ്യപ്പൻ നായർ (സമിതി ജോയിൻ സെക്രട്ടറി) കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് സമതിയിൽ അഭ്യസിച്ച വിദ്യാർത്ഥിനികളുടെ ഡാൻസ് അവതരിപ്പിച്ചു. 
               ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകൾക്ക് ബഹു. മന്ത്രി കൊടിക്കുന്നിൽ 
                                       സുരേഷ് അവർകൾ പുരസ്കാരം നല്കി ആദരിക്കുന്നു.

വൈകിട്ട് ആറു മുപ്പതിന് നളചരിതം ഒന്നാം ഭാഗം അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് (നളൻ), ശ്രീ. ചന്ദ്രമന നാരായണൻ നമ്പൂതിരി (നാരദൻ), അഡ്വ: ശ്രീ. മോഴൂർ രാജേന്ദ്ര ഗോപിനാഥ്‌ (ഹംസം), ശ്രീ. കലാനിലയം രവീന്ദ്രനാഥപൈ (ദമയന്തി), കലാമണ്ഡലം അരുണ്‍ (സഖി) എന്നിവർ വേഷമിട്ടു. ശ്രീ. കലാമണ്ഡലം സജീവൻ, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ സംഗീതവും ശ്രീ. കലാഭാരതി മുരളി ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ മദ്ദളവും കൈകാര്യം ചെയ്തു.  എല്ലാ കലാകാരന്മാരും മികച്ച പ്രകടനം കാഴ്ച വെച്ചു.
ശ്രീ. ഏവൂർ അജികുമാർ ചുട്ടിയും ശ്രീ. പന്മന അരുണിന്റെ നേതൃത്വത്തിൽ അണിയറ പ്രവർത്തനവും കളിയുടെ വിജയത്തിന് പങ്കു വഹിച്ചു. ഏവൂർ ശ്രീകൃഷ്ണവനമാലയുടെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. 

                                                നളൻ (കലാമണ്ഡലം കൃഷ്ണപ്രസാദ്‌)

                                                               നളനും നാരദനും 
                                                                            നളൻ

                                            ഹംസം (അഡ്വ: മോഴൂർ രാജേന്ദ്രഗോപിനാഥ്‌ )


                                                ദമയന്തി  (കലാനിലയം രവീന്ദ്രനാഥപൈ)

                                                             ഹംസവും ദമയന്തിയും

മാവേലിക്കരയിൽ പ്രസിദ്ധ കലാകാരന്മാർ പങ്കെടുത്ത കർണ്ണശപഥം കഥകളി നടന്നു കൊണ്ടിരുന്ന സന്ദർഭത്തിലും മാവേലിക്കര,   ചുനക്കര എന്നിവിടങ്ങളിലെ  കഥകളി ആസ്വാദകരുടേയും facebook    സുഹൃത്തുക്കളുടെയും  സാന്നിധ്യം ചെന്നിത്തലയിൽ പ്രകടമായത് നന്ദിപൂർവ്വം സ്മരിച്ചു കൊള്ളുന്നു. 

(അനുസ്മരണ സമ്മേളനം, അവാർഡ് ദാനം, കഥകളി തുടങ്ങിയവയുടെ ഫോട്ടോകൾ ചില സാങ്കേതിക കാരണങ്ങളാൽ ലഭ്യമായിട്ടില്ല. ലഭ്യമായാൽ ഉടൻ upload ചെയ്യുന്നതാണ്‌)
 

2013 നവംബർ 29, വെള്ളിയാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 15- മത് അനുസ്മരണം-(1)

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 15 -മത് അനുസ്മരണം 24-11- 2013 -ന് ചെന്നിത്തലയിൽ ആഘോഷിച്ചപ്പോൾ പ്രസിദ്ധ കഥകളി ആചാര്യൻ ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകളെ ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ- സാംസ്കാരിക സമിതി ഈ വർഷത്തെ പുരസ്കാരം നൽകി ആദരിച്ചു.   ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകൾ നടത്തിയ അനുസ്മരണ പ്രസംഗത്തിന്റെ ഉള്ളടക്കം: 

                                            ഫാക്റ്റ് പത്മനാഭൻ 

ഞാൻ താമസിക്കുന്നത് തൃപ്പൂണിത്തുറയിൽ ആണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം തിരുവല്ലയിലാണ്. തിരുവല്ലയും ചെന്നിത്തലയും തമ്മിൽ വലിയ അകലം ഇല്ല. എന്റെ 12-മത്തെ വയസ്സിൽ കഥകളി അരങ്ങേറ്റം കഴിഞ്ഞ് ചില്ലറ വേഷങ്ങളൊക്കെ കെട്ടി വന്ന കാലം. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, മങ്കൊമ്പ് ശിവശങ്കരപിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള എന്നീ 'പിള്ളത്രയങ്ങൾ' എന്നും  'ത്രിമൂർത്തികൾ' എന്നുമൊക്കെ അറിയപ്പെട്ട് തെക്കൻ ദിക്കുകളിലെ കളിയരങ്ങുകൾ അടക്കി വാണിരുന്ന കാലഘട്ടം. ആ കാലം മുതലേ ഞാൻ ചെല്ലപ്പൻ പിള്ള ചേട്ടനുമായി വളരെ കൂടുതൽ അടുപ്പം പാലിച്ചിരുന്നു. അന്നു മുതലേ 'എടാ കുഞ്ഞേ', 'എടാ മക്കളേ', 'എടാ പത്മനാഭാ' എന്നിങ്ങനെ സന്ദർഭങ്ങൾക്കനുസരിച്ച്   മൂന്നു തരത്തിലുള്ള സംബോധനകൾ കൊണ്ട് അകലമില്ലാത്ത ആത്മാർത്ഥതയും വാൽസല്ല്യവുമാണ്   ചേട്ടൻ എന്നോട്  പ്രകടിപ്പിച്ചിരുന്നത്.  പല സംഘടനകളുടെയും പുരസ്കാരങ്ങൾ സ്വീകരിച്ചിട്ടുള്ള എനിക്ക്, എന്നോട് വളരെ അടുപ്പവും വാത്സല്യവും ആത്മാർത്ഥതയും നിറഞ്ഞു നിന്നിരുന്ന ചെന്നിത്തല ചേട്ടന്റെ പേരിലുള്ള  പുരസ്‌കാരം സ്വീകരിക്കുമ്പോൾ   ഏറ്റവും അധികം സന്തോഷവും, ഒരു പ്രത്യേക വികാരവുമാണ് എനിക്ക് അനുഭവപ്പെട്ടത്. ചെല്ലപ്പൻ ചേട്ടന്റെ പേരിലുള്ള പുരസ്കാരം    എനിക്ക് നൽകുവാൻ  സന്മനസ്സു കാണിച്ച സമിതിയുടെ സംഘാടകർക്കും അവാർഡു ദാനത്തിന് സാക്ഷ്യം വഹിച്ച നിങ്ങൾ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി  രേഖപ്പെടുത്തുന്നു. 

ചേട്ടനെ കുറിച്ച് അനുസ്മരിക്കുവാൻ ധാരാളമുണ്ട്.  വളരെ വേഗം പറഞ്ഞു തീർക്കണമെന്നാണ്  സംഘാടകരുടെ നിർദ്ദേശം. എങ്കിലും പറയാതിരിക്കുവാൻ പറ്റുകയില്ല. ക്ഷമിക്കുക. അക്കാലത്ത് ഒരു കഥകളി കഴിഞ്ഞാൽ അടുത്ത ദിവസം കലാകാരന്മാർ ഒന്നുചേർന്ന് അവതരിപ്പിച്ച കഥാപാത്രങ്ങളെ വിലയിരുത്തുക, പാത്രബോധം, പാത്രസൃഷ്ടി, ഔചിത്യബോധം, സന്ദർഭോചിതമായ  ഇളകിയാട്ടങ്ങൾ,    മനോധർമ്മം, പുരാണജ്ഞാനം എന്നിവ ചർച്ച ചെയ്യുക പതിവായിരുന്നു. അപ്പോൾ പലപ്പോഴും ഞാൻ ഒരു കേൾവിക്കാരൻ മാത്രമായിരിക്കും. ചിലപ്പോൾ സംശയങ്ങൾ ചോദിച്ചിട്ടുമുണ്ട്. ഇങ്ങിനെയുള്ള അനുഭവങ്ങളിൽ പുരാണജ്ഞാനമുള്ള ശ്രീ. പന്തളം കേരളവർമ്മ, ശ്രീ. ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി തുടങ്ങിയ കലാകാരന്മാരുമായി  അഭിപ്രായം പങ്കിട്ടിരുന്നതിലൂടെ  പല വേഷങ്ങൾ ചെയ്യാനുള്ള പ്രചോദനവും പ്രയോജനവും   നേടാൻ എനിക്ക് സാധിക്കുകയും തുടർന്ന്  എനിക്ക് ഉണ്ടാവുന്ന സംശയങ്ങൾ ചെല്ലപ്പൻ പിള്ള ചേട്ടനോട് ചോദിച്ച് മനസിലാക്കുകയും ചെയ്തിരുന്നു. 

രുഗ്മാംഗദൻ- മോഹിനി, ഹംസം- ദമയന്തി, കൃഷ്ണൻ- രുഗ്മിണി, കൃഷ്ണൻ- പാഞ്ചാലി, കചൻ- ദേവയാനി, കർണ്ണൻ- കുന്തി, ഹരിശ്ചന്ദ്രൻ- ചന്ദ്രമതി എന്നിങ്ങനെ ചേട്ടനോടൊപ്പം ഞാൻ അരങ്ങു പങ്കിട്ടിരുന്ന എത്രയോ രാവുകൾ, ആ രാവുകളെല്ലാം തന്നെ മറക്കാനാവാത്ത അനുഭവങ്ങൾ തന്നെയായിരുന്നു. ഒരു കളി കഴിഞ്ഞ് അടുത്ത കളി സ്ഥലത്തേക്ക് ഒന്നിച്ച് യാത്രചെയ്യുന്ന  പല സന്ദർഭങ്ങളിലും എന്നെ നിർബ്ബന്ധിച്ച്‌ ചേട്ടന്റെ വീട്ടിലേക്കു കൂട്ടിപ്പോവുകയും അവിടെ ഊണും ഉറക്കവും കഴിഞ്ഞ് അടുത്ത കളിസ്ഥലത്തേക്ക് യാത്രയായിട്ടുണ്ട്. 

തിരുവല്ലായിൽ ഒരു കളിക്കു ചെന്നാൽ ചേട്ടന്റെ അനുജൻ ശങ്കരനാരായണൻ ചേട്ടൻ അവിടെ ഉണ്ടാകും. ചേട്ടൻ  വേഷം കഴിഞ്ഞു അണിയറയിൽ എത്തിയാൽ ശങ്കരനാരായണൻ ചേട്ടൻ ചെല്ലപ്പൻ ചേട്ടന് നാരങ്ങാവെള്ളവുമായി എത്തും. ചേട്ടൻ പകുതി കുടിച്ചിട്ട് ബാക്കി  എനിക്ക് തരും അല്ലെങ്കിൽ "എടാ ഒന്നു കൂടി വാങ്ങി വാ"  എന്ന് ശങ്കരനാരായണൻ ചേട്ടനോട് പറഞ്ഞ് വാങ്ങി, അത് എനിക്ക് നൽകും. അത്രകണ്ട് എന്നെ ചേട്ടൻ സ്നേഹിച്ചിരുന്നു. ചേട്ടനുമൊത്തുള്ള യൂറോപ്യൻ പര്യടന വേളയിൽ ചേട്ടന്  പാന്റും,  ഷൂസം ധരിച്ച് ശീലമില്ലാത്തതിനാൽ, അതെല്ലാം ശ്രദ്ധിക്കുന്ന ചുമതല എനിക്കായിരുന്നു. പലപ്പോഴും പാന്റുധരിച്ച ശേഷം  പാന്റിനു മുകളിലൂടെ ചേട്ടന്റെ കൗപീനത്തിന്റെ കുറച്ചു ഭാഗം വെളിയിൽ കാണും. അത് ചേട്ടന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്റെ ജോലിയായിരുന്നു. 

 അസുഖം ബാധിച്ച് കളിക്ക് പോകാൻ സാധിക്കാതെ വിശ്രമിച്ചിരുന്ന സമയങ്ങളിൽ, തെക്കൻ നാട്ടിലെ കളി കഴിഞ്ഞു മടങ്ങുമ്പോൾ ഞാൻ ചേട്ടനെ വീട്ടിൽ പോയി കാണും. തലേനാളിലെ കളിയുടെവിവരങ്ങൾ, നടന്മാരുടെയും വേഷവിവരങ്ങൾ എന്നിവ എന്നോട്      ചേട്ടൻ ചോദിച്ചറിയും. കളിക്ക് പോകാൻ സാധിക്കാത്ത ഒരു കലാകാരന്റെ മാനസീകാവസ്ഥ മനസിലാക്കി പിന്നീട് ആ യാത്ര ഞാൻ കുറച്ചു. ചേട്ടൻ പിന്നീട് മകൻ അംബുജന്റെ കൂടെ മദ്രാസിൽ പോയി അപ്പോളോ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങി എത്തിയപ്പോൾ ഞാൻ പോയി കണ്ടിരുന്നു. 

"എടാ ഉവ്വേ! എനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് അപ്പോളോക്കാർ പറയുന്നു.  എന്നെ വീട്ടിൽ കൊണ്ടു വിടൂ,   ഞാൻ അവിടെ കിടന്നു മരിച്ചോളാമെന്ന് ഞാൻ അംബുജനോട് പറഞ്ഞു. അങ്ങിനെ ഞാൻ ഇങ്ങു പോന്നു" എന്നാണ്   ചേട്ടൻ ഒരു ലാഘവത്തോടെ പറഞ്ഞത്. അദ്ദേഹത്തിൻറെ മരണശേഷം ആ ഭൌതീകശരീരം ദഹനം ചെയ്യപ്പെടുന്നത് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യവും എനിക്ക് ഉണ്ടായി. എല്ലാം ഗുരുനാഥന്മാരുടെ അനുഗ്രഹം. 

'എടാ കുഞ്ഞേ', 'എടാ മക്കളേ', 'എടാ പത്മനാഭാ' എന്നിങ്ങനെയുള്ള ചെല്ലപ്പൻ ചേട്ടന്റെ എന്നോടുള്ള സംബോധനകളും  വികാരാധീനനാകുന്ന  സന്ദർഭങ്ങളിൽ  "എന്റെ അപ്പൂപ്പനാണെ സത്യം" എന്നുള്ള അദ്ദേഹത്തിൻറെ വാക്കുകളും എന്റെ കാതുകളിൽ  ഇപ്പോഴും മുഴങ്ങുന്നുണ്ട്. 
           (ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ-സാംസ്കാരിക സമിതി) 

ചെല്ലപ്പൻ ചേട്ടന്റെ പേരിൽ ചെന്നിത്തലയിൽ പ്രവർത്തിക്കുന്ന കലാസ്ഥാപനം വളരെ നല്ല രീതിയിൽ ഉയരട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഒരിക്കൽ കൂടി ഇതിന്റെ സംഘടകർക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ടും ഞാൻ നിർത്തുന്നു.