പേജുകള്‍‌

2011 ജനുവരി 21, വെള്ളിയാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) -2

 ദമയന്തീ സ്വയംവരം കഴിഞ്ഞു ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തേക്കു മടങ്ങുന്ന, ഇന്ദ്രാദികളെ  ദമയന്തിയുടെ സ്വയംവരത്തിനു പങ്കെടുക്കുവാന്‍   യാത്രയാകുന്ന യുഗപാലകന്മാരായ കലിയും ദ്വാപരനും കണ്ടുമുട്ടുന്നതാണ് നളചരിതം രണ്ടാം ഭാഗത്തിന്റെ മൂന്നാം രംഗം. ദമയന്തിയുടെ വിവാഹം മംഗളമായി കഴിഞ്ഞു എന്നും നളന്‍ എന്ന സല്‍ഗുണങ്ങള്‍ നിറഞ്ഞ രാജവിനെയാണ് വരിച്ചതെന്നും ഇന്ദ്രനില്‍ നിന്നും അറിയുന്നതോടെ കലിയും ദ്വാപരനും കോപം കൊണ്ട് ജ്വലിച്ചു.  നള- ദമയന്തിമാരെയും രാജ്യത്തെയും പിരിക്കും എന്നു കലി പ്രതിജ്ഞ ചെയ്തു. നളനെ ദ്രോഹിച്ചാല്‍  പിന്നീടു നീ വ്യസനിക്കേണ്ടി വരും എന്നു കലിയെ ഉപദേശിച്ചു ഇന്ദ്രന്‍ യാത്രയായി. 
  

നളനു ലഭിച്ച സൗഭാഗ്യത്തില്‍ അസൂയയും കോപവും കൊണ്ട് കലി  നളനെ ദ്രോഹിക്കാന്‍ പഴാകാത്തതും അപായം ഇല്ലാത്തതുമായ ഒരു ഉപായം പറയുവാന്‍ ദ്വാപരനോട് ആവശ്യപ്പെട്ടു. 
"വളരെ ഗുണ ഗണങ്ങള്‍ നിറഞ്ഞവനും ദേവന്മാരുടെ പ്രീതി  സമ്പാദിച്ചവനും ആയ  നളനെ  ജയിക്കുന്നത് അസാദ്ധ്യമാണ്.
ചൂതു കളിയിലൂടെ മാത്രമേ നളനെ ജയിക്കുവാന്‍ സാദ്ധ്യമാകൂ.  നളന്റെ കുലത്തില്‍ ജനിച്ച പുഷ്കരനെ നാം കണ്ട് അവനെ പ്രീതിപ്പെടുത്തി അവനില്‍ വഞ്ചകത്തം ജനിപ്പിക്കണം. പിന്നീടു അവനെ  കൊണ്ട്  നളനുമായി ചൂതു കളിപ്പിച്ചു തോല്‍പ്പിച്ച് നളന്റെ പല തരത്തിലുള്ള ധനം, നാട്, പ്രജകള്‍ തുടങ്ങിയവ എല്ലാം പണയപ്പെടുത്തി നളനെ  കാട്ടിലേക്ക് അയക്കുവാന്‍ വഴി ഒരുക്കാം" എന്ന് ദ്വാപരന്‍ കലിയെ അറിയിച്ചു. 

തുടര്‍ന്ന്  കലി- ദ്വാപരന്മാര്‍ നിഷധ രാജ്യത്ത് പ്രവേശിക്കാനായി യാത്ര തുടരുന്നു.  കലി- ദ്വാപരന്മാരുടെ  യാത്രയില്‍ നിഷധ രാജ്യത്ത് നടക്കുന്ന  സല്‍ക്കര്‍മ്മങ്ങള്‍ മാത്രമാണ് അവര്‍ക്ക് കാണാന്‍ സാധിച്ചത്.  സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നിടത്ത് കലിക്ക് കാല് കുത്തുവാന്‍  സാധിക്കുകയില്ല. അതുകൊണ്ട് അതിനുള്ള ഒരു ചെറിയ പഴുത് കിട്ടുമോ എന്ന്   നോക്കുവാന്‍ ദ്വാപരനെ ഒരു വഴിക്ക് യാത്രയാക്കിയിട്ട്   കലി രാജ്യമാകെ ചുറ്റി നടന്നു വീക്ഷിച്ചു. ഒരു പഴുതും ലഭിക്കാതെ വന്നപ്പോള്‍ ഒരു താന്നി മരത്തില്‍ കയറി കലി ഇരുപ്പുറപ്പിച്ചു കൊണ്ട് രാജ്യം വീക്ഷിച്ചു. പന്ത്രണ്ടു വര്‍ഷക്കാലം കാത്തിരുന്ന കലിക്ക് സന്ധ്യാ വന്ദനത്തിന്  മുന്‍പു കാല്‍ കഴുകിയ രാജാവിന്റെ കാലിന്റെ മുളങ്കാല്‍ നനഞ്ഞില്ല. ഇക്കാരണം മതി നിഷധ രാജ്യത്ത്  പ്രവേശിക്കാന്‍ എന്നു ഉറച്ചു  സന്തോഷവാനായ കലി   ദ്വാപരനെയും കൂട്ടി പുഷ്കര ഗൃഹത്തിലേക്ക് പോകാം എന്നു തീരുമാനിക്കുന്നു. ഇതാണ് ഈ രംഗത്തിന്റെ ചുരുക്കം.

രംഗ അവതരണത്തില്‍   കലി- ദ്വാപരന്മാര്‍ ഒന്നിച്ചു തിരക്കി നോക്കി. ഇരുവരും യാത്രാ മദ്ധ്യേ സന്ധിച്ചു. 
കലി: അല്ലയോ ദ്വാപരാ! നീ എവിടെക്കാണ്‌ ധൃതിയില്‍ പോകുന്നത്? 
ദ്വാപരന്‍: ഞാന്‍ ദമയന്തിയുടെ സ്വയംവര വാര്‍ത്ത അറിഞ്ഞു അവിടേക്ക് പോകുന്നു.
കലി: ഞാന്‍ അവളെ പരിണയം ചെയ്യും. നീ അതു കാണും,  തീര്‍ച്ച. നമുക്ക് ഒന്നിച്ചു പോകാം. 

ഒന്നിച്ചു യാത്രാ തുടര്‍ന്ന കലി- ദ്വാപരന്മാര്‍ ദൂരെ ഒരു പ്രകാശം കണ്ടു. അത് എന്താണെന്ന് ശ്രദ്ധിച്ചു. യാത്രാ മദ്ധ്യേ അവര്‍ എത്തുവാന്‍ എന്താണ് കാരണം എന്നു ചിന്തിച്ചു. അവരെ വണങ്ങുക തന്നെ എന്നു തീരുമാനിച്ചു.  

കലി-ദ്വാപരന്മാരും ഇന്ദ്രനും തമ്മിലുള്ള രംഗം ഇളകിയാട്ടം ചുരുക്കി കൊണ്ടുള്ള അവതരണം ആയിരുന്നു.
 
നിഷധ രാജ്യത്തു പ്രവേശിക്കുവാന്‍ യാത്ര തുടര്‍ന്ന കലിക്കും ദ്വാപരനും  നിഷധ രാജ്യത്ത്‌ അന്നദാനം, ഗോദാനം, കഷ്ടം അനുഭവിക്കുന്നവര്‍ക്ക് ദ്രവ്യ ദാനം, മംഗല്ല്യം, പൂജാദി സല്‍- കര്‍മ്മങ്ങള്‍ എന്നിവയാണ് കണ്ടത് .  നിഷധ രാജ്യത്ത്‌ പ്രവേശിക്കാന്‍ അവസരം കണ്ടുപിടിക്കാന്‍ ദ്വാപരനെ  ഒരു വഴിക്ക് യാത്രയാക്കിയ കലി മറു വഴിക്ക് യാത്ര തുടര്‍ന്നു രാജ്യമാകെ വീക്ഷിച്ചു. രാജ്യത്ത്‌ ശിവപൂജ, ബ്രാഹ്മണര്‍ ഒന്നിച്ചിരുന്നുള്ള യാഗ മന്ത്രാദികള്‍, അര്‍ച്ചന എന്നിവയാണ് കലി കണ്ടത്. ഒടുവില്‍ ഏതെങ്കിലും മരത്തില്‍ കയറി മറഞ്ഞിരുന്നു വീക്ഷിക്കുക എന്നു തീരുമാനിച്ചു കൊണ്ട്  എത്തിയത് ഒരു ചന്ദന മരത്തിനു സമീപമാണ്. ചന്ദനമരത്തില്‍ കലിക്ക് തൊടുവാന്‍ പോലും സാധിക്കില്ല. അതുകൊണ്ട് കലി പിന്നീടു കണ്ട ഒരു താന്നി മരത്തില്‍ കയറി ഇരുന്നു നിഷധ രാജ്യം വീക്ഷിച്ചു. 

                                        കലി 

ഉഷ്ണകാലം, മഴക്കാലം, ശൈത്യകാലം  എന്നിങ്ങനെ കാലഭേദങ്ങള്‍  ( ഉത്തരീയം വീശി ഉഷ്ണം നടിച്ചും, മഴയില്‍ നനഞ്ഞു അസ്വസ്ഥത കാട്ടി മഴക്കാലവും, തണുപ്പ് കൊണ്ട് വിറച്ചും, തണുപ്പിന്റെ ഘോരത കൊണ്ട് ചിറി പൊട്ടിയതായും കാട്ടി കുളിര്‍ കാലവും കലി രംഗത്ത്‌ പ്രകടമാക്കി.) മാറി മാറി പോയി.   
നള മഹാരാജാവ് തന്റെ രണ്ട് കുട്ടികളുമായി പോകുന്നത് കലി കണ്ടു.  താന്നി മരത്തില്‍ ഇരുപ്പു തുടങ്ങിയിട്ട് 12  വര്‍ഷങ്ങളായി എന്നു കലി  കണക്കാക്കി. രാജാവും കുട്ടികളും എങ്ങോട്ടാണ് പോകുന്നത് എന്ന് കലി ശ്രദ്ധിച്ചു. സന്ധ്യാ വന്ദനം ചെയ്യുവാന്‍ കാലു കഴുകുന്ന നള മഹാരാജാവിന്റെ കാല്‍ പൂര്‍ണ്ണമായും നനഞ്ഞിട്ടില്ല എന്ന് കലി മനസ്സിലാക്കി. ഇതു തന്നെ പറ്റിയ അവസരം എന്ന് തീര്‍ച്ചയാക്കി കലി സന്തോഷത്തോടെ  താന്നി മരത്തില്‍ നിന്നും ഇറങ്ങി.  ഇനി ദ്വാപരനെയും കൂട്ടി പുഷ്കരനെ സമീപിക്കുക തന്നെ എന്നു ഉറപ്പിച്ചു യാത്രയാകുന്നു. 

കലിയായി രംഗത്തെത്തിയ ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ വളരെ നല്ല പ്രകടനം കാഴ്ച വെച്ചു. ഇന്ദ്രനിന്ദ  കലിയുടെ ആട്ടത്തില്‍ ഉണ്ടായില്ല. ദ്വാപരനായി ( നെടുംകത്തി വേഷം) രംഗത്ത്‌ എത്തിയ ശ്രീ. സദനം വിഷ്ണു പ്രസാദ് തന്റെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം ശുചീന്ദ്രന്‍ ഇന്ദ്രാനായി രംഗത്തെത്തി. നല്ല വേഷഭംഗിയും, മുദ്രാഭംഗിയും  ശുചീന്ദ്രന് അനുഗ്രഹമാണ്. കലിയാട്ടത്തിന് ഡബിള്‍ മേളം നല്ല നടന്മാര്‍ക്കും കാണികള്‍ക്കും ഉല്‍സാഹത്തെയും രംഗ ബലത്തെയും  നല്‍കി എന്നത് സ്മരണാര്‍ഹം തന്നെ. 









2011 ജനുവരി 14, വെള്ളിയാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) -1

ചെന്നൈ അഡയാര്‍ കലാക്ഷേത്രയിലെ ഡാന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബര്‍ 30-നു , വൈകിട്ട് ആറു മണിക്ക് കഥകളി കേളി നടത്തി. ശ്രീ. സദനം രാമകൃഷ്ണന്‍ ചെണ്ടയും ശ്രീ. സദനം ദേവദാസ് മദ്ദളവും ശ്രീ. കലാമണ്ഡലം ബാബു നമ്പൂതിരി ചേങ്കിലയും ശ്രീ. നെടുമ്പള്ളി രാംമോഹന്‍  ഇലത്താളവും കൈകാര്യം ചെയ്തു. വൈകിട്ട് ആറര മണി മുതല്‍ രാത്രി പന്ത്രണ്ടര മണി വരെ നളചരിതം രണ്ടാം ഭാഗം കഥകളി അവതരിപ്പിച്ചു.  

ദേവ ശ്രേഷ്ടന്മാരായ ഇന്ദ്രാദികളുടെ അനുഗ്രഹത്തോടെ ദമയന്തി നളനെ വരിച്ചു. ദമയന്തിയുമൊത്ത് നളന്‍ നിഷധ രാജ്യത്തെത്തി. നര്‍മ്മ സംഭാഷണങ്ങളില്‍ കൂടി ദമയന്തിയുടെ നാണം മാറ്റി എടുക്കാന്‍ ശ്രമിക്കുന്ന " കുവലയ വിലോചനേ ബാലെ  ഭൈമി" എന്ന പദത്തോടെ കഥകളിയുടെ ഒന്നാം രംഗം  ആരംഭിച്ചു.

                                 നളനും  ദമയന്തിയും    

കരിംകൂവളപ്പൂ പോലെയുള്ള കണ്ണുകള്‍, തളിരു പോലുള്ള അധരം, നല്ല സ്വഭാവം എന്നീ ഗുണങ്ങള്‍ ഉള്ളവളേ! എന്നു  നളന്‍ ദമയന്തിയെ സംബോധന ചെയ്തു കൊണ്ട് ഇന്ദ്രാദികള്‍ നമ്മുടെ
സ്വയംവരത്തിനു  എത്തി നമ്മെ കുറച്ചു കഷ്ടപ്പെടുത്തി, പിന്നീടു ആ തടസ്സങ്ങള്‍ എല്ലാം നീങ്ങി. പണ്ടു ചെയ്ത പുണ്യ ഫലങ്ങള്‍ കൊണ്ട് നിന്നെ എനിക്ക് ലഭിച്ചു. ഇനി നിന്റെ നാണം ഒന്നു മാത്രമാണ് എനിക്ക് ശതൃവായുള്ളത്. നിന്റെ നാണം ഉപേക്ഷിച്ചു നീ എന്നെ പുണരുകയില്ലേ? നിന്റെ പ്രിയ തോഴിമാരോട്  എങ്ങിനെ സ്വാതന്ത്ര്യമായി എങ്ങിനെ പെരുമാരുന്നുവോ അതുപോലെ  നീ എന്നോട് പെരുമാറുക. നമുക്ക് ഇനി ഉദ്യാനത്തിലേക്ക്‌ പോകാം എന്നു പറയുന്ന നളനെ ദമയന്തി ആലിംഗനം ചെയ്തു.  നളനും ദമയന്തിയെ  ആലിംഗനം ചെയ്തു കൊണ്ട് നളന്‍ ഉദ്യാനത്തിലേക്ക്‌ പോകുന്നു.  

രണ്ടാം രംഗം നിഷധ രാജ്യത്തിലെ ഉദ്യാനമാണ്.  നളനും ദമയന്തിയും ഒന്നിച്ചു ഉദ്യാനത്തില്‍ എത്തുന്നു.ദമയന്തി  ഉദ്യാനം നോക്കി കാണുന്നു. അതുല്യമാണ് ഈ ഉദ്യാനം. ദേവലോകത്തിലെ ഉദ്യാനവും അളകാപുരിയിലെ ഉദ്യാനവും ഈ ഉദ്യാനത്തിനോട് സാമ്യമല്ല എന്നു ദമയന്തി പറയുന്നു. ഉദ്യാനത്തിലെ അവര്‍ണ്ണനീയമായ കാഴ്ചകള്‍ നോക്കി കാണുന്ന ദമയന്തി ഒടുവില്‍ ഹംസ കോകങ്ങളുടെ ക്രീഡാ തടാകം കണ്ടു സന്തോഷത്തോടെ ആനന്ദിച്ചു. ദമയന്തി  വര്‍ണ്ണിക്കുന്ന കാഴ്ചകള്‍ അല്ല മറിച്ചു ആ മനോഹാരിത എല്ലാം ദമയന്തിയിലാണ് നളന്‍ കാണുന്നത്.

നളന്‍ വിവാഹത്തിന് മുന്‍പ് ഓരോരോ ജനങ്ങള്‍ നിന്റെ ഗുണങ്ങള്‍ പറയുന്നത് കേട്ട് കാമ പീഡകള്‍ കൊണ്ടു നിന്റെ ലാവണ്യ ശരീരം ചിന്തിച്ചു കൊണ്ടു ഓരോ ദിവസവും ഓരോ യുഗം എന്നപോലെ ആഗ്രഹം മനസ്സില്‍ ഒളിപ്പിച്ചു കഴിഞ്ഞു എന്നും പിന്നീടു സ്വര്‍ണ്ണ വര്‍ണ്ണ ഹംസവുമായി സൗഹൃദം  ഉണ്ടായി. ഹംസം  നിന്റെ ഇംഗിതം അറിഞ്ഞു വന്ന്, എന്റെ ചെവികളില്‍ അമൃത് എന്നപോലെ അറിയിച്ചു. പിന്നീടു എനിക്ക് നിന്നെ ലഭിക്കയും ചെയ്തു എന്ന് സ്മരിച്ചു.

(തുടര്‍ന്നുള്ള ഇളകിയാട്ടത്തില്‍) നളന്‍ ദമയന്തിയെ നോക്കി " ഈ ശില്‍പ്പം" വര്‍ണ്ണിക്കാന്‍ ആവുന്നതല്ല" എന്ന് ആരംഭിച്ച് "ബ്രഹ്മസൃഷ്ടി" എന്ന ആട്ടം അവതരിപ്പിച്ചു. ബ്രഹ്മാവ് വിശിഷ്ട വസ്തുക്കള്‍ ഒന്നു ചേര്‍ത്ത് ദമയന്തിയെ സൃഷ്ടിച്ചു എന്നും ദമയന്തിയുടെ ബാക്കി  അവശിഷ്ടങ്ങള്‍ ചന്ദ്രനിലേക്ക് എറിഞ്ഞു എന്നും ആ അവശിഷ്ടമാണ്‌ ചന്ദ്രനില്‍ കാണുന്ന കരിം പുള്ളികള്‍ എന്നും, പിന്നീടു ആ കൈകള്‍ പൊയ്കയില്‍ ശുദ്ധി ചെയ്തപ്പോള്‍ ആ പൊയ്കയില്‍ താമര പൂക്കള്‍ വിരിഞ്ഞു എന്നും, ശുദ്ധി ചെയ്ത ശേഷം കൈ കുടഞ്ഞപ്പോള്‍ അത് തെറിച്ചു വീണതാണ് നക്ഷത്രങ്ങള്‍ എന്നും ആണ് ബ്രഹ്മസൃഷ്ടി ആട്ടത്തിന്റെ ചുരുക്കം.  ദമയന്തിയുടെ സൌന്ദര്യം കണ്ട ദേവേന്ദ്രന്‍  ദേവസ്ത്രീകളെ  ഉപേക്ഷിച്ചു എന്നും ദേവസ്ത്രീകള്‍ ബ്രഹ്മാവിനോട് തങ്ങളുടെ സൌന്ദര്യം വര്‍ദ്ധിപ്പിച്ചു തരണം എന്ന് അപേക്ഷിച്ചു. ഭൂമിയില്‍ ചെന്ന് ദമയന്തിയോട്  സൌന്ദര്യം തരുവാന്‍ അപേക്ഷിക്കൂ എന്ന് ബ്രഹ്മാവ് ദേവസ്ത്രീകളെ ഉപദേശിച്ചു . അങ്ങിനെ സൌന്ദര്യ വര്‍ദ്ധനക്കു വേണ്ടി ദമയന്തിയോട് യാചിച്ചു നില്‍ക്കുന്ന ദേവ സ്ത്രീകളാണ് പൊയ്കയില്‍ കാണുന്ന താമര മൊട്ടുക്കള്‍ എന്നിങ്ങനെയുള്ള (അലങ്കാര പ്രയോഗങ്ങള്‍) ആട്ടങ്ങള്‍ അവതരിപ്പിച്ചു. 
തുടര്‍ന്നു  ഇന്ദ്രാദികളില്‍ ഒരുവനെ വരിക്കണം എന്ന് ദമയന്തിയെ  അറിയിക്കാന്‍ ഇന്ദ്രാദികളാല്‍ നിയോഗിക്കപ്പെട്ടതും തിരസ്കരണി മന്ത്രം ഉപയോഗിച്ച് അദൃശ്യനായി കൊട്ടാരത്തില്‍ എത്തി ദമയന്തിയെ  കണ്ടു നിയോഗം അറിയിച്ചതും, അതിന് ദമയന്തിയുടെ മറുപടിയും  എല്ലാം  നളന്‍ സ്മരിച്ചു. 

പിന്നീടു നളന്‍  ദമയന്തിയും ഒന്നിച്ചു ഉദ്യാനം ചുറ്റി കണ്ടു. ഉദ്യാനം മുഴുവനും ആരോ പൂക്കള്‍ വിതറി വിട്ടിരിക്കുന്നതു പോലെ കണ്ട നളന്‍, കാമദേവന്‍  സന്തോഷം  കൊണ്ട്   നിന്റെ കാലു വേദനിക്കാതിരിക്കാന്‍ വിതറിയതാണ് ഈ പൂക്കള്‍ എന്ന്  ദമയന്തിയോട് പറഞ്ഞു. മരത്തില്‍ ചുറ്റി വരിഞ്ഞു നില്‍ക്കുന്ന വള്ളികള്‍ കണ്ട നളന്‍, നാം ഇരുവരും ആലിംഗന ബദ്ധരായി നില്‍ക്കുന്നതു പോലെ അല്ലേ എന്ന് ചോദിച്ചു. 
ചെടികളില്‍ ഇരുന്നു രമിച്ച രണ്ട് ഇണക്കിളികള്‍. അതില്‍ ഒന്നു ചെടികളുടെ ഇടയില്‍ പെട്ടെന്ന് മറഞ്ഞപ്പോള്‍  വിരഹ ദുഃഖം കൊള്ളുന്ന മറ്റേ  കിളിയെ കണ്ട് നമുക്കിടയില്‍ അങ്ങിനെ ഒരു ദുഃഖം  ഒരിക്കലും ഉണ്ടാകല്ലേ  എന്ന് പറഞ്ഞു. രണ്ട് മാന്‍ കുട്ടികള്‍ അതിന്റെ അമ്മയുടെ സ്തനങ്ങളില്‍ നിന്നും പാല് കുടിക്കുന്നത് കണ്ട് നളന്‍ ദമയന്തിയോട് നമുക്കും ഇതു പോലെ കുട്ടികള്‍ ഉണ്ടായി അതിനു നീ പാല്  കൊടുക്കും എന്ന് പറഞ്ഞു.    ഉദ്യാനത്തിലുള്ള ഒരു വള്ളിക്കുടില്‍ കണ്ട് നമുക്ക് ആ വള്ളിക്കുടിലില്‍ പോയി ഇരിക്കാം എന്ന് പറഞ്ഞു ദമയന്തിയെ കൂട്ടി പോകുന്നതോടെ രംഗം അവസാനിപ്പിച്ചു. 

നളനായി ശ്രീ. കലാമണ്ഡലം ഗോപി ആശാനും ദമയന്തിയായി ശ്രീ. മാര്‍ഗി വിജയകുമാറുമാണ് രംഗത്തെത്തിയത്. ഈ രംഗത്തിന് ശ്രീ. കോട്ടക്കല്‍ മധുവും ശ്രീ. കലാമണ്ഡലം ബാബു നമ്പൂതിരിയും സംഗീതവും ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ചെണ്ടയും ശ്രീ. കോട്ടക്കല്‍ രവികുമാര്‍ മദ്ദളവും കൈകാര്യം  ചെയ്തു. കലാക്ഷേത്രയിലെ കഥകളിയും ഡാന്‍സും അഭ്യസിച്ച വിദ്യാര്‍ത്ഥികള്‍ കഥകളി കാണുവാന്‍ മുന്‍ നിരയില്‍ ഇരുന്നതിനാല്‍ ഈ രംഗങ്ങള്‍ ശ്രീ. ഗോപി ആശാനും ശ്രീ. മാര്‍ഗി വിജയകുമാറും മിതത്വം പാലിച്ചു കൊണ്ട് വളരെ ഭംഗിയായി    അവതരിപ്പിച്ചു  എന്നത് പ്രശംസാവഹമാണ്.




2011 ജനുവരി 4, ചൊവ്വാഴ്ച

ചെന്നൈ, മഹാലിംഗപുരം ക്ഷേത്രത്തിലെ കഥകളി

ഡിസംബര്‍ ഇരുപത്, തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്ക് ചെന്നൈ  മഹാലിംഗപുരം ക്ഷേത്രത്തില്‍ പകുതി പുറപ്പാടോടെ  കഥകളി ആരംഭിച്ചു. ശ്രീ. മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റി എഴുതിയ ഭക്തി രസ പ്രധാനമായ കുചേലവൃത്തം കഥയാണ് അവതരിപ്പിച്ചത്. കഥകളിയോട്‌ വളരെ അധികം താല്‍പ്പര്യം ഉള്ള ഒരു കുടുംബമാണ്‌ കളി  സ്പോണ്‍സര്‍ ചെയ്തത്.

                                    പുറപ്പാട്  (വേഷം: കൃഷ്ണന്‍ )
  
 ശ്രീകൃഷ്ണനും സുദാമാവും (കുചേലന്‍) സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യന്മാരാണ്. സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ താമസിച്ചു ഇരുവരും വിദ്യ അഭ്യസിച്ചു. ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞ ശേഷം ഇരുവരും തമ്മില്‍ കണ്ടിട്ടില്ല. കാലാന്തരത്തില്‍ കുചേലന്റെ കുടുംബം ദാരിദ്ര്യ ദുഃഖം കൊണ്ട് വലഞ്ഞപ്പോള്‍ കുചേലപത്നി യാചിച്ചു കിട്ടിയ നെല്ല് ഇടിച്ചു അവലുണ്ടാക്കി അത്  ഒരു തുണിയില്‍ പൊതിഞ്ഞു സുഹൃത്തും ലോകനാഥനുമായ കൃഷ്ണനെ കണ്ടു വരുവാന്‍ കുചേലനോട് പറയുന്നു. കുചേലന്‍ തന്റെ ഓലക്കുടയും ഊന്നുവടിയും, കക്ഷത്തില്‍ അവല്‍ പൊതിയും വെച്ചു കൊണ്ട്   ദ്വാരകാ പുരിയിലേക്ക് കൃഷ്ണനെ ദര്‍ശിക്കുവാന്‍  യാത്രയാകുന്നു. 

ദ്വാരകാപുരിയിലെ  ഏഴു നിലമാളികയില്‍ രുഗ്മിണിയുമായി സല്ലപിച്ചു കൊണ്ടിരുന്ന കൃഷ്ണന്‍ വളരെ ദൂരെ തന്റെ സതീര്‍ത്ഥ്യനെ കണ്ടപ്പോള്‍ മാളിക വിട്ടു താഴെയിറങ്ങി ഓടി ചെന്ന് സ്വീകരിച്ചു ലക്ഷ്മീ തല്‍പ്പത്തില്‍ ഇരുത്തി പാദപൂജചെയ്തു ആദരിച്ചു.  പിന്നീടു കുലങ്ങള്‍, ഗുരുകുല സ്മരണകള്‍ ഇവ പങ്കുവെച്ചു . തന്നെ കാണാന്‍ വന്ന കുചേലനോട് തനിക്കു    വിക്കുന്നു എന്നും തനിക്കു എന്താണ് കൊണ്ടു വന്നതെന്നും ചോദിക്കുന്നു. കുചേലന്റെ കക്ഷത്തില്‍ മറച്ചു വെച്ചിരുന്ന അവല്‍ പൊതി കണ്ടെടുത്തു കൃഷ്ണന്‍ ഭുജിക്കുന്നു.  ആ "കുചിപീടകം" അത്യധികം സന്തോഷത്തോടെ ശ്രീകൃഷ്ണന്‍ വീണ്ടും ഭുജിക്കാന്‍ തുടങ്ങുമ്പോള്‍ രുഗ്മിണി തടഞ്ഞു. വൃദ്ധനായ കുചേലന്റെ ഭാര്യയുടെ ദാസിയാക്കാനാണോ അങ്ങയുടെ ഭാവം എന്ന രുഗ്മിണിയുടെ പരാതിക്ക് ഭക്തന്മാരോടുള്ള തന്റെ സക്തിയാണ്  തന്റെ ഈ പ്രവര്‍ത്തിക്കു കാരണം എന്നു പറഞ്ഞു സമാധാനിപ്പിക്കുന്നു. (സാക്ഷാല്‍ ലക്ഷ്മീ ദേവിയുടെ അവതാരമാണ്  കൃഷ്ണാവതാരത്തില്‍ രുഗ്മിണിയായി എത്തുന്നത്‌ ) മീതിയുള്ള അവല്‍  രുഗ്മിണിയോട്  ഭുജിക്കുവാനും  മറ്റു പത്നിമാര്‍ക്കും വിതരണം ചെയ്യുവാനും  കൃഷ്ണന്‍ രുഗ്മിണിയോട് നിര്‍ദ്ദേശിക്കുന്നു. ആ ഒരു രാത്രി കുചേലന്‍ കൃഷ്ണനോടൊപ്പം സ്മരണകള്‍ പങ്കുവെച്ച് അടുത്ത നാള്‍ പ്രഭാതത്തില്‍ തന്റെ വസതിയിലേക്ക് മടങ്ങുന്നു . സ്വഗൃഹത്തില്‍  മടങ്ങി എത്തിയ കുചേലന് സര്‍വ്വ സമൃദ്ധിയോടെ കഴിയുന്ന കുടുംബത്തെയാണ് കാണാന്‍ സാധിച്ചത്. ഇതാണ് കുചേലവൃത്തം കഥയുടെ ചുരുക്കം.
 

                  കുചേലന്‍ ദ്വാരകാ പുരിയിലേക്ക്            
                   
ശ്രീകൃഷ്ണനെ കാണുവാനായി ദ്വാരകാപുരിയിലേക്ക് യാത്ര തിരിക്കുന്ന "ദാനവാരി മുകുന്ദനെ സാനന്ദം കണ്ടീടാന്‍ വിപ്രന്‍ താനേ നടന്നീടിനാനേ ചിന്ത ചെയ്തു"  എന്ന പദത്തോടെ കഥകളി ആരംഭിച്ചു. മംഗളങ്ങളായ  കുനങ്ങള്‍  കണ്ടു കൊണ്ടാണ് കുചേലന്റെ യാത്ര തുടങ്ങിയത്. എത്ര കാലമായി താന്‍ കൃഷ്ണനെ കണ്ടിട്ട്, ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞശേഷം ഇതു വരെ കൃഷ്ണനെ കണ്ടിട്ടില്ല, ഈ പ്രാകൃതനായ എന്നെ കണ്ടാല്‍ കൃഷ്ണന് എന്നെ ഓര്‍മ്മ വരുമോ? തീര്‍ച്ചയായും ഭക്ത വല്‍സലനായ ഭഗവാന്‍ തന്നെ കണ്ടാല്‍ മാനിക്കും. എന്നിങ്ങനെ ചിന്തിച്ചു കൊണ്ടു കുചേലന്‍ ദ്വാരകാപുരിയില്‍ എത്തുന്നു. കുചേലന്‍ (വൃന്ദാവനത്തില്‍ എത്തുന്ന അക്രൂരനെ പോലെ)  ഭഗവാന്‍ കൃഷ്ണന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ മണ്ണിനെ വണങ്ങി.  ആ പാദദൂളിയാല്‍ തന്നെ പവിത്രനാക്കുന്നു. 

                            കൃഷ്ണന്‍  കുചേലന്റെ പാദ പൂജ ചെയ്യുന്നു.  

 അടുത്ത രംഗത്തില്‍  ദ്വാരകാ പുരിയിലെ എഴുനില മാളികയില്‍ രുഗ്മിണീ  ദേവിയോടൊപ്പം ലക്ഷ്മീ തല്‍പ്പത്തില്‍ ഇരിക്കുന്ന കൃഷ്ണന്‍ വളരെ ദൂരത്തില്‍ എത്തിയ തന്റെ സതീര്‍ത്ഥ്യനായ കുചേലനെ തിരിച്ചറിഞ്ഞു. ആ കണ്ണുകള്‍ സന്തോഷാശ്രുക്കളാല്‍  ഈറനണിഞ്ഞു . കൃഷ്ണന്‍ കണ്ണുനീര്‍ തുടയ്ക്കുന്നതു കണ്ട് രുഗ്മിണീ ദേവി കാരണം തിരക്കി.  " ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ,  എന്റെ കൂടെ പഠിച്ച സുദാമാവ്  എന്ന ഒരു സാധു  ബ്രാഹ്മണനെ കുറിച്ച്‌... " അതാ ആ സാധു ബ്രാഹ്മണന്‍ എന്നെ കാണാന്‍ താഴെ എത്തിയിരിക്കുന്നു  എന്നു കൃഷ്ണന്‍ പറഞ്ഞിട്ട് അദ്ദേഹത്തെ സ്വീകരിക്കാന്‍ എല്ലാം തയ്യാറാക്കി വെയ്ക്കാന്‍ രുഗ്മിണിയോടു നിര്‍ദ്ദേശിച്ച ശേഷം കൃഷ്ണന്‍ കുചേലന്റെ അടുത്തേക്ക് ഓടി എത്തുന്നു . കുചേലനെ നമസ്കരിച്ച്, ആശ്ലേഷിച്ച് തന്റെ ഏഴു നിലമാളികയിലേക്ക്‌ കൂട്ടി വന്നു. കൃഷ്ണന്‍ കുചേലനെ  ലക്ഷ്മീ തല്‍പ്പത്തില്‍ ഇരുത്തുവാന്‍ ശ്രമിച്ചപ്പോള്‍ അതിനു താല്‍പ്പര്യം കാണിക്കാതെ  കുചേലന്‍ താഴെ ഇരുന്നു. അപ്പോള്‍ കൃഷ്ണനും താഴെ ഇരിക്കുവാന്‍ തയ്യാറായപ്പോള്‍ കുചേലന്‍ ലക്ഷ്മീതല്‍പ്പത്തില്‍ ഇരുന്നു. കൃഷ്ണന്‍ കുചേലന്റെ  പാദപൂജ ചെയ്ത  ശേഷം  പാദ തീര്‍ത്ഥം കൃഷ്ണന്‍ തന്റെയും, രുഗ്മിണിയുടെയും, കൊട്ടാരവാസികളുടെയും രീരത്തില്‍  തളിച്ചു. (അരങ്ങില്‍ കൃഷ്ണന്‍ പാദ പൂജക്ക്‌ മണി ഉപയോഗിച്ചു. പാദ പൂജക്ക്‌ മണി ഉപയോഗിക്കുന്നത് ശരിയല്ല എന്നൊരു വാദം നിലവില്‍ ഉണ്ട്. ചില നടന്മാര്‍ പാപൂജക്ക് മണി ഉപയോഗിക്കാറില്ല. പാദ പൂജയെ പറ്റി അറിവുള്ളവര്‍ കമന്റില്‍ ചേര്‍ത്താല്‍ ഉപകാരം ആവും. ദൈവീകപൂജകളെ പോലെ അല്ലല്ലോ പാദപൂജ. ) കൃഷ്ണന്‍ ചന്ദനം ചാലിച്ച് കുചേലന്റെയും രുഗ്മിണിയുടെയും നെറ്റിയില്‍  ചാര്‍ത്തി. രുഗ്മിണി ചന്ദനം വാങ്ങി കൃഷ്ണന്റെ നെറ്റിയിലും ചാര്‍ത്തി.  അതിനു ശേഷം കുചേലനെ ആലിംഗനം ചെയ്ത് കുലാന്വേഷണങ്ങളില്‍  ഏര്‍പ്പെട്ടു. 
 
                                     രുഗ്മിണി, കുചേലന്‍, കൃഷ്ണന്‍

സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിദ്യ അഭ്യസിച്ചു കൊണ്ടിരുന്ന കാലഘട്ടത്തില്‍  മഹര്‍ഷി പത്നിയുടെ നിര്‍ദ്ദേശ പ്രകാരം വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയതും സന്ധ്യാ സമയം ആയപ്പോള്‍ ഇടവിടാതെ പെയ്ത  മഴയും കൂരിരുട്ടും കൊണ്ടു ഭയന്ന് പരസ്പരം കൈകോര്‍ത്തു കാട്ടിലെ വള്ളീ ബന്ധത്തില്‍ കഴിഞ്ഞതും പിന്നീടു മഹര്‍ഷി ഇരുവരെയും കാണാതെ അലഞ്ഞു വനത്തില്‍ വന്നു ഇരുവരെയും കൂട്ടിപ്പോയതും എല്ലാം കൃഷ്ണന്‍ സ്മരിച്ചു. 

തുടര്‍ന്നു കുചേലന്റെ മറുപടി പദമായ അജിതാ ഹരേ! ജയാ മാധവ വിഷ്ണോ എന്ന പദത്തിന്  (കുചേലന്‍) "ലക്ഷ്മി ദേവിയുടെ ഭര്‍ത്താവ് " (വിഷ്ണു ) എന്ന മുദ്രയാണ് കുചേലന്‍ കാണിച്ചത്. "പല ദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ നലമൊടു കണ്മതിനു കളിയല്ലേ രുചിക്കുന്നു" എന്ന പദത്തിന് കള്ളമാണ് കുചേലന്‍ പറയുന്നത് എന്നായി  കൃഷ്ണന്‍. " ബലഭദ്രാനുജാ" എന്ന സംബോധനയില്‍  കുചേലന്‍ ബലഭദ്രനെ തിരക്കി. ജ്യേഷ്ടന്‍ സുഖമായി കഴിയുന്നു എന്ന് കൃഷ്ണന്‍ മറുപടി പറഞ്ഞു.  (പണ്ടത്തെ നടന്മാര്‍  ഇതിനുള്ള മറുപടി " അദ്ദേഹം  മദ്യ ലഹരിയില്‍ മുഴുകി കഴിയുന്നു" എന്നാണ് കാട്ടി വന്നിരുന്നത്. ബലഭദ്രന്‍ മദ്യപിക്കാറുണ്ട് എന്നത്  പുരാണ പ്രസിദ്ധം ആണല്ലോ.)

തുടര്‍ന്നുള്ള കൃഷ്ണന്റെ " ഗുരുപുരേ നിന്നും ഭവാന്‍ പിരിഞ്ഞതില്‍ പിന്നെ സഖേ" എന്ന പദത്തിന്റെ അവതരണത്തില്‍  തനിക്കു വിക്കുന്നു, എന്താണ് കൊണ്ടു വന്നിട്ടുള്ളത് എന്ന ചോദ്യത്തിന് " ലോക നാഥനായ ഭഗവാന് വിശക്കുകയോ? എന്ന് (സന്ദര്‍ഭോചിത സംശയം) കുചേലന് സംശയം ഉണ്ടായി. എന്താണ് ആ കക്ഷത്തില്‍ ഒളിച്ചു വെച്ചിരിക്കുന്നത് എന്ന കൃഷ്ണന്റെ ചോദ്യത്തിന് വ്രീളാംശത്തോടെ ഇരിക്കുന്ന കുചേലന്റെ കക്ഷത്തില്‍ മറച്ചു വെച്ചിരുന്ന അവല്‍പ്പൊതി കൃഷ്ണന്‍ കണ്ടെടുത്തു. ഒരു പിടി അവല്‍  അത്യാനന്ദത്തോടെ  കൃഷ്ണന്‍ ഭുജിച്ചു. വീണ്ടും അവല്‍ ഭുജിക്കാന്‍ തുടങ്ങിയപ്പോള്‍ രുഗ്മിണി ദേവി കൃഷ്ണന്റെ  കയ്യില്‍ പിടിച്ചു തടഞ്ഞു.  പദത്തില്‍ "കല്യാണാംഗി രമാ മുരാന്തക കരം മെല്ലെ പിടിച്ചീടിനാള്‍" എന്നാണ്. എന്നാല്‍  ഇവിടെ രുഗ്മിണിയുടെ പിടിയും പരിഭവ പ്രകടനവും അല്‍പ്പം അധികമായി പോയോ എന്ന് സംശയം തോന്നി. കൃഷ്ണനെ രണ്ടോ മൂന്നോ തവണ പിടിച്ചു തള്ളുകയും ചെയ്തു.  തുടര്‍ന്നു രുഗ്മിണിയുടെ പദവും  കൃഷ്ണന്റെ മറുപടി പദവും കഴിയുന്നതുവരെ കണ്ണും മൂടിയിരുന്ന കുചേലനെ കൃഷ്ണന്‍  ആലിംഗനം  ചെയ്തു. (ക്ഷീണം കൊണ്ടു കുചേലന്‍ ഉറങ്ങുന്നതായാണ്  സാധാരണ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്.)  ശ്രീകൃഷ്ണന്റെ ആലിംഗനത്തില്‍ കുചേലന്‍ കണ്ണുതുറന്നു. ഉറങ്ങിപ്പോയോ എന്ന് കൃഷ്ണന്‍ ചോദിച്ചു . ധ്യാന്യത്തില്‍ ആയിരുന്നു എന്ന് കുചേലന്‍ മറുപടി നല്‍കി. അങ്ങയുടെ സംഗമത്താല്‍ ഇന്നു വളരെ നല്ല ഒരു ദിവസം ആണ് എന്ന് കൃഷ്ണനും എനിക്കും അങ്ങിനെ തന്നെ എന്ന്  കുചേലനും പറഞ്ഞു. 

തുടര്‍ന്നു കുചേലന്റെ "പുഷ്കര വിലോചന" എന്ന പദാട്ടത്തിനു ശേഷം കുചേലന്റെ ഇളകിയാട്ടത്തില്‍ .  " ലോകനാഥനായ അങ്ങ് എന്നെ സുഹൃത്തേ! എന്ന് അതി സംബോധന  ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം സീമാതീതമാണ് " എന്നും 
എനിക്ക് ഒരു ആഗ്രഹം ഉണ്ട് എന്നും  കുചേലന്‍ കൃഷ്ണനോട് പറഞ്ഞു. ( ഈ പതിവില്ലാത്ത ഒരു ചോദ്യം  ആസ്വാദകര്‍ക്ക്   ഒരു ഞെട്ടല്‍ ഉണ്ടാക്കി കാണണം.)
ആഗ്രഹം എന്താണ് എന്ന് കൃഷ്ണന്റെ ചോദ്യത്തിന് കുചേലന്‍  "ഈ സംസാരമാകുന്ന സാഗരത്തില്‍ ജനനം മരണം എന്നുള്ള ആ ചക്രത്തില്‍ നിന്നും ഞങ്ങളെ (ഭക്തന്മാരെ) മോചിപ്പിക്കുവാന്‍ സംസാര സാഗരത്തില്‍ ഒരു തോണിയായി വന്നു കരയേറ്റണമേ" എന്ന് അഭ്യര്‍ത്ഥിച്ചു. 
അങ്ങയുടെ ആഗ്രഹങ്ങള്‍ എല്ലാം വഴി പോലെ സാദ്ധ്യമാകും എന്ന് കൃഷ്ണന്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് മടങ്ങുകയാണ് എന്ന് പറയുന്ന കുചേലനോട് ഇന്നു തന്നെ തിരിച്ചു പോകണമോ എന്ന് ചോദിച്ചു. തന്റെ കുടുംബവും കുട്ടികളും തന്റെ വരവും നോക്കി  കാത്തിരിക്കുകയാണ്. വീണ്ടും ഒരിക്കല്‍ കാണാം  എന്ന് പറഞ്ഞു കുചേലന്‍ യാത്ര പുറപ്പെട്ടു.  യാത്ര തുടര്‍ന്ന കുചേലനെ കൃഷ്ണന്‍  വീണ്ടും വീണ്ടും ആശ്ലേഷിച്ചു, പിന്നീടു കുചേലന്‍ പോകുന്നത് നോക്കി നിന്നു. ദൂരെ മറയുന്ന കുചേലനെ കൃഷ്ണനും  രുഗ്മിണിയും ഒന്നിച്ചു നിന്നു  അനുഗ്രഹിച്ചു. 


ഇളകിയാട്ടങ്ങളില്‍  ഓരോ അരങ്ങിനേയും വ്യത്യസ്തമാക്കുന്ന കീഴ്പ്പടം ശൈലി ഇവിടെ സ്പഷ്ടമാക്കാന്‍ കുചേലനായി വേഷമിട്ട ശ്രീ. സദനം ബാലകൃഷ്ണന്‍ ആശാനും കൃഷ്ണനായി വേഷമിട്ട  ശ്രീ. സദനം ഭാസിക്കും   സാധിച്ചു എന്നത്  പ്രത്യേകം   സ്മരണാര്‍ഹമാണ്. രുഗ്മിണിയായി വേഷമിട്ടത് ശ്രീ. വെള്ളിനേഴി ഹരിദാസ്‌ ആയിരുന്നു. 

 ശ്രീ. പാലനാട് ദിവാകരന്‍ ശ്രീ. പനയൂര്‍  കുട്ടന്‍  എന്നിവര്‍ സംഗീതവും ശ്രീ. കലാമണ്ഡലം ബാലസുന്ദരന്‍ ചെണ്ടയും  ശ്രീ. സദനം ദേവദാസ്  മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. സദനം ശ്രീനിവാസന്‍ ആയിരുന്നു ചുട്ടി കൈകാര്യം ചെയ്തത് .
 
കഥകളിയോട്‌ വളരെ താല്‍പ്പര്യവും കഥകളി പഠിച്ചിട്ടുള്ളതുമായ ചെന്നൈ അഡയാര്‍ കലാക്ഷേത്രയിലെ യുവ കലാകാരന്മാര്‍ അതീവ താല്‍പ്പര്യത്തോടെ അണിയറ ജോലികള്‍ ചെയ്യുകയും ഉടുത്തു കെട്ടിക്കുന്നതു മുതല്‍ കളിക്ക് ശേഷം കളിക്കോപ്പുകള്‍ അടുക്കി വെയ്ക്കുന്നതു വരെയുള്ള ജോലികള്‍ ശുഷ്ക്കാന്തിയോടു ചെയ്യുന്നത് അഭിനന്ദനാര്‍ഹമാണ്.
 കഥകളിക്കു അനുയോജ്യമായ  സ്റ്റേജ് സൌകര്യങ്ങള്‍ അല്ല  മഹാലിംഗപുരം ക്ഷേത്രത്തില്‍ ഉള്ളത്. എന്നിട്ടും കഥകളി വിജയത്തില്‍ എത്തിയത് കലാകാരന്മാരുടെ മികച്ച  പ്രകടനം  കൊണ്ടു മാത്രമാണ്  എന്നതില്‍ ഒരു സംശയവും ഇല്ല. 

2010 ഡിസംബർ 10, വെള്ളിയാഴ്‌ച

12- മത് ചെന്നിത്തല ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ അനുസ്മരണം

12- മത് ചെന്നിത്തല ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ അനുസ്മരണം 2010  നവംബര്‍ 13 , ശനിയാഴ്ച ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ സ്കൂള്‍ ആഡിറ്റോറിയത്തില്‍  നടന്നു. ഉച്ചക്ക് രണ്ടു മണിക്കു അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ സമിതി അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരണ പരിപാടികള്‍   ആരംഭിച്ചു. രണ്ട്  പതിനഞ്ചു മണിക്ക്  മലയാളവേദി, ചെന്നിത്തല എന്ന സംഘടന  കാവ്യാര്‍ച്ചന നടത്തി.


                                     Sri. Chennithala Chellappan Pillai


വൈകിട്ട് അഞ്ചു മണിക്കു  ശ്രീ. ഞാഞ്ഞൂല്‍ ശ്രീ. സുകുമാരന്‍ നായര്‍ ( സമിതി, വൈസ് പ്രസിഡന്റ് ) അവര്‍കളുടെ ഈശ്വര പ്രാര്‍ത്ഥനയോടെ,  ശ്രീ. എം. മുരളി (എം. എല്‍. എ, സമിതി രക്ഷാധികാരി ) യുടെ  അദ്ധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനം ആരംഭിച്ചു. ഡോ: വി.ആര്‍.കൃഷ്ണന്‍ നായര്‍ (സമിതി പ്രസിഡന്റ് ) സ്വാഗതം ചെയ്തു.  ശ്രീ.എന്‍. വിശ്വനാഥന്‍ നായര്‍ (സമിതി, സെക്രട്ടറി) റിപ്പോര്‍ട്ട് വായിച്ചു. ശ്രീ. കൊടിക്കുന്നില്‍ സുരേഷ് (എം.പി, സമിതിയുടെ മുഖ്യ രക്ഷാധികാരി) സമ്മേളനം ഉത്ഘാടനം ചെയ്തു.
 
                                  Sri. Thiruvalla Gopikuttan Nair

പ്രസിദ്ധ കഥകളി ഗായകന്‍ ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ക്ക്   ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള പുരസ്കാരം ബഹുമാന്യ എം.പി അവര്‍കള്‍  സമര്‍പ്പിച്ച്‌ അദ്ദേഹത്തെ ആദരിച്ചു. ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ പിന്നീടു ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
 
സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവായ സമിതി അംഗം ശ്രീ.മായര നീലമന ഇല്ലം എന്‍.വിഷ്ണു നമ്പൂതിരിയെ ബഹുമാനപ്പെട്ട എം. എല്‍. എ. ശ്രീ. എം. മുരളി സമിതിയുടെ വക പുരസ്കാരം നല്‍കി ആദരിച്ചു. ശ്രീ. എന്‍.വിഷ്ണു നമ്പൂതിരിയുടെ മറുപടി പ്രസംഗത്തിനു ശേഷം ഡോക്ടര്‍. ശ്രീ. ഏവൂര്‍ മോഹന്‍ദാസ്‌ അവര്‍കള്‍ ശ്രീ.ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയെ പറ്റിയുള്ള അനുസ്മരണ പ്രസംഗം നടത്തി. ഡോ: മോഹന്‍ ദാസിനും  അദ്ദേഹത്തിന്റെ പിതാവിനും ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുമായി    ഉണ്ടായിരുന്ന   സ്നേഹബന്ധം, ഒരിക്കല്‍  എവൂരില്‍ ഒരു കഥകളിക്ക് നിശ്ചയിച്ചിരുന്ന കഥ മാറ്റി ചെന്നിത്തലയുടെ നളചരിതത്തില്‍ ഹംസം കാണണം എന്ന ഒരു താല്‍പ്പര്യം ഉണ്ടായപ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ച്‌, തന്റെ താല്‍പ്പര്യത്തിനു സമ്മതിപ്പിച്ചതും ഹംസവേഷത്തിനു ആവശ്യമായ  ചുണ്ടും ചിറകും  പിന്നീടു ഡോ:  മോഹന്‍ദാസ്‌  ചെന്നിത്തലക്ക് പോയി  എടുത്തു കൊണ്ട് വന്ന അനുഭവവും , ചെന്നിത്തല ആശാന്‍ മരിക്കുന്നതിനു രണ്ട് ദിവസം മുന്‍പ് തട്ടാരമ്പലം വി. എസ്. എം. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ധിച്ച അനുഭവവും ആണ് ഡോക്ടര്‍ ശ്രീ. ഏവൂര്‍ മോഹന്‍ദാസ്‌ അനുസ്മരിച്ചത്. 

തുടര്‍ന്ന് ശ്രീ. അഡ്വക്കേറ്റ്. ആശാരാജ് (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീമതി. സതീരവീന്ദ്രന്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ശ്രീ. ഹരികുമാര്‍ (ഗ്രാമ പഞ്ചായത്ത് മെമ്പര്‍), ശ്രീ. ജി.ജയദേവ് (ഗ്രാമ പഞ്ചായത്ത് മെമ്പര്‍) എന്നിവര്‍ ചെന്നിത്തലയെ അനുസ്മരിച്ചു. ശ്രീ. വേണാട്ട് ചന്ദ്രശേഖരന്‍ നായര്‍ (സമിതി ട്രെഷറര്‍) കൃതജ്ഞത രേഖപ്പെടുത്തി. 
                            Sri. N. Vishnu Nampoothiri

കൃത്യം ഏഴു മണിക്ക് പ്രഹ്ലാദചരിതം കഥകളി ആരംഭിച്ചു. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് ഹിരണ്യനായും, ശ്രീ.മധു വാരണാസി പ്രഹളാനായും, ശ്രീ.കലാനിലയം രവീന്ദ്രനാഥപൈ ശുക്രനായും ,  ശ്രീ. കലാമണ്ഡലം ബാലകൃഷ്ണന്‍ നരസിംഹമായും വേഷമിട്ടു. ശ്രീ. ചിങ്ങോലി ഗോപാലകൃഷ്ണന്‍, കലാമണ്ഡലം അശ്വിന്‍ എന്നിവര്‍  ശിഷ്യന്മാരായും, കിങ്കരന്മാരായും രംഗത്തെത്തി.

                                 ഹിരണ്യന്‍: ശ്രീ. കലാമണ്ഡലം കൃഷ്ണ പ്രസാദ്‌
                                നരസിംഹം: ശ്രീ. കലാമണ്ഡലം ബാലകൃഷ്ണന്‍
                                  നരസിംഹവും ഹിരണ്യനും 
                                  നരസിംഹവും പ്രഹളാദനും

                                 നരസിംഹവും പ്രഹളാദനും

ശ്രീ. തിരുവല്ലാ ഗോപികുട്ടന്‍ നായര്‍, ശ്രീ. പരിമണം മധു എന്നിവര്‍ സംഗീതവും, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍ ചെണ്ടയും ശ്രീ. ഏവൂര്‍ മധു മദ്ദളവും ചെയ്തു.  ശ്രീ. കലാനിലയം സജി (ചുട്ടി), ശ്രീ.ഏവൂര്‍  കേശവന്‍ നായര്‍, ശ്രീ. ഏവൂര്‍  മാധവന്‍ കുട്ടി, ശ്രീ. പന്മന അരുണ്‍  എന്നിവരായിരുന്നു  അണിയറ ശില്‍പ്പികള്‍. കലാമണ്ഡലം അശ്വിന്‍ എന്ന ബാല നടന്‍  നരസിംഹ വേഷത്തിനു വേഷത്തിനു പന്തം പിടിക്കുവാനും "സിംഹ   കുമുറല്‍ " ശബ്ദം നല്‍കുന്നതിനും കാണിച്ച താല്‍പ്പര്യം വളരെ ശ്രദ്ധേയമായി. 

2010 ഡിസംബർ 6, തിങ്കളാഴ്‌ച

മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടെ സപ്തതി -3 ( തുടര്‍ച്ച )



കഥകളി ആചാര്യന്‍ ശ്രീ.കലാമണ്ഡലം ഗോപി ആശാനും കഥകളി ആചാര്യന്‍  ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയും യഥാക്രമം കര്‍ണ്ണനും കുന്തിയുമായി രംഗത്ത് എത്തുന്ന കര്‍ണ്ണശപഥം കഥകളി ഡിസംബര്‍ 25-നു വൈകിട്ട് ആറര മണിക്ക്  നെടുമുടി, മാത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ അവതരിപ്പിക്കുന്നു.


ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അവര്‍കള്‍,  ശ്രീ. ദാമോദരന്‍ നമ്പൂതിരിയുടെയും കാര്‍ത്ത്യായനി കുഞ്ഞമ്മയുടെയും പുത്രനായി 1940 ഒക്ടോബര്‍ 5-നു  മാത്തൂര്‍ തറവാട്ടില്‍  ജനിച്ചു.  ശ്രീ. നെടുമുടി കുട്ടപ്പപണിക്കര്‍, ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ , ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍ , ശ്രീ. അമ്പലപ്പുഴ ശേഖര്‍ എന്നിവരുടെ കീഴില്‍ കഥകളി അഭ്യസിച്ചു . എല്ലാ സ്ത്രീ വേഷങ്ങളും അഭിനയിക്കാനുള്ള അദ്വിതീയ പാടവത്തിനു പുറമേ  കൃഷ്ണന്‍, ശ്രീരാമന്‍, ഹംസം  തുടങ്ങിയ പുരുഷ  വേഷങ്ങള്‍ക്ക് പുറമേ കുചേലന്‍, സുദേവന്‍, സന്താനഗോപലത്തില്‍ ബ്രാഹ്മണന്‍ തുടങ്ങിയ വേഷങ്ങളിലും ശ്രീ. ഗോവിന്ദന്‍ കുട്ടി തന്റെ അഭിനയ പാടവം തെളിയിച്ചിട്ടുണ്ട്. 

കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കോട്ടയം കളിയരങ്ങ് അവാര്‍ഡ്, ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബു അവാര്‍ഡ്, കലാമണ്ഡലം കീര്‍ത്തി ശംഖു , കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് , കേരള സംഗീത നാടക അക്കാദമി ജെനറല്‍ കൌണ്‍സില്‍ അംഗത്വം, തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ മാത്തൂരിനു ലഭിച്ചിട്ടുണ്ട്. മകന്‍ ശ്രീ. കലാകേന്ദ്രം മുരളീകൃഷ്ണന്‍ അറിയപ്പെടുന്ന കഥകളി കലാകാരനാണ്.

2010 ഡിസംബർ 2, വ്യാഴാഴ്‌ച

മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടെ സപ്തതി ആഘോഷം -3

ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റ്  ശ്രീ. എ.പി. ജെ. അബ്ദുള്‍ കലാം അവര്‍കളില്‍  നിന്നും  ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി കേന്ദ്ര  സംഗീത നാടക അക്കാദമി അവാര്‍ഡ്  അവാര്‍ഡ്‌ സ്വീകരിക്കുന്നു.

കഥകളി കലാകാരന്‍ ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടെ സപ്തതി ആഘോഷ പരിപാടികളുടെ ഭാഗമായി 2010 നവംബര്‍ ഒന്‍പതാം തീയതി  ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ശ്രീ. ബേബി മാരാര്‍  (വൈക്കം ക്ഷേത്ര കലാപീഠം)  അഷ്ടപദി നടത്തി.  അഞ്ചു മുപ്പതിന്  ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയെ വാദ്യ മേളങ്ങളോടെ സമ്മേളന മണ്ഡപത്തിലേക്ക്  സ്വീകരിച്ചു വന്നു. 

ആറുമണിക്ക് സാംസ്കാരിക സമ്മേളനം ആരംഭിച്ചു. ശ്രീ. മാടവന അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ശ്രീ. മാടവന ബാലകൃഷ്ണ പിള്ള ആമുഖം നടത്തി. ശ്രീ. തോമസ്‌ ചാഴിക്കാടന്റെ  അദ്ധ്യക്ഷതയില്‍ നടന്ന യോഗം ബഹുമാനപെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരന്‍ നിര്‍വഹിച്ചു. സമ്മേളനത്തില്‍ മുഖ്യ അതിഥിയായി എത്തിയത് ശ്രീ. വൈക്കം വിശ്വന്‍  (LDF കണ്‍വീനര്‍) ആയിരുന്നു. ശ്രീ. വി. എന്‍.വാസവന്‍  (MLA) ഉപഹാര സമര്‍പ്പണവും ശ്രീമതി. മിനി ആന്റണി IAS (ജില്ലാ കലക്ടര്‍) സുവനീര്‍ പ്രകാശനവും നിര്‍വഹിച്ചു. ശ്രീ. പ്രൊഫ: അമ്പലപ്പുഴ രാമവര്‍മ്മ, ശ്രീ. കുടമാളൂര്‍ ശര്‍മ്മ തുടങ്ങിയ എട്ടോളം ആരാധ്യ പ്രമുഖരുടെ ആശിര്‍വാദം ഏറ്റു വാങ്ങിയ ശേഷം  ശ്രീ. ഗോവിന്ദന്‍ കുട്ടി  മറുപടി പ്രസംഗം നടത്തി. ശ്രീ. ആര്‍. പ്രമോദ് ചന്ദ്രന്‍ നന്ദി പ്രകടിപ്പിച്ചു. 

                            സാംസ്കാരിക സമ്മേളനം  ഉത്ഘാടനം ചെയ്യുന്നു.

                                 ശ്രീമതി. മാത്തൂര്‍ വിളക്ക് കൊളുത്തുന്നു.

                     ശ്രീ. മാത്തൂരിന്റെ മറുപടി പ്രസംഗം

 രാത്രി ഒന്‍പതു മണിക്കു മാസ്റ്റേഴ്സ്: ശരത്, ദീപക്, അരുണ്‍, അശ്വിന്‍ എന്നീ കലാകാരന്മാര്‍  നാല് കൃഷ്ണ വേഷങ്ങളുടെ പുറപ്പാടോടെ കഥകളി ആരംഭിച്ചു. മേളപ്പദം ഉണ്ടായില്ല. നളചരിതം നാലാം ദിവസം ആയിരുന്നു ആദ്യ കഥ. ശ്രീ. സദനം
 കൃഷ്ണന്‍ കുട്ടി ബാഹുകനായും ശ്രീ. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും ശ്രീ.കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി കേശിനിയായും രംഗത്തെത്തി. മൂന്നു കലാകാരന്മാരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

അടുത്ത കഥ ഉത്തരാസ്വയംവരത്തില്‍  ശ്രീ.കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ (ദുര്യോധനന്‍),  ശ്രീ. കലാമണ്ഡലം ഷണ്മുഖന്‍ (ഭാനുമതി),  ശ്രീ.കലാനിലയം കരുണാകര കുറുപ്പ് (ദൂതന്‍, വലലന്‍), കലാ: ശരത് (കര്‍ണ്ണന്‍, വിരാടന്‍),  ശ്രീ. 
കലാമണ്ഡലം ബാലകൃഷ്ണന്‍ (ത്രിഗര്‍ത്തന്‍) , ശ്രീ. കലാമണ്ഡലം  കൃഷ്ണപ്രസാദ്‌ (ഉത്തരന്‍),  ശ്രീ. ഫാക്ട് മോഹനന്‍ (ബ്രഹന്ദള), ശ്രീ.കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി (സൈരന്ധ്രി) എന്നിങ്ങനെ പ്രധാന  കലാകാരന്മാരും അവരുടെ വേഷങ്ങളും. കളി മൊത്തത്തില്‍ വിജയം ആയിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്കുള്ളില്‍  കളി തീര്‍ക്കണം  എന്ന് നിര്‍ബ്ബന്ധം ഉണ്ടായതിനാല്‍  ഉത്തരനും ബ്രഹന്ദളയും തമ്മിലുള്ള രംഗം വളരെ വേഗം തീര്‍ക്കേണ്ടി വന്നു .

ശ്രീ. കോട്ടക്കല്‍ പി. ഡി.നമ്പൂതിരി, ശ്രീ. പത്തിയൂര്‍ ങ്കരന്‍ കുട്ടി, ശ്രീ. കോട്ടക്കല്‍ മധു, ശ്രീ. കലാനിലയം രാജീവന്‍, ശ്രീ. കലാനിലയം സിനു, ശ്രീ. പരിമണം മധു, ശ്രീ. മംഗലം നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംഗീതം പകര്‍ന്നു.


ശ്രീ.കുറൂര്‍ വാസുദേവന്‍‌ നമ്പൂതിരി, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍, ശ്രീ. കോട്ടക്കല്‍ പ്രസാദ്‌, ശ്രീ. രാജേഷ്, ശ്രീ. പുരുഷോത്തമന്‍, ശ്രീ. അരുണ്‍  തുടങ്ങിയര്‍ ചെണ്ടയും ശ്രീ. മാര്‍ഗി. നാരായണന്‍ നമ്പൂതിരി, ശ്രീ. കലാമണ്ഡലം അച്യുത വാര്യര്‍, ശ്രീ. കോട്ടക്കല്‍ ഹരി, ശ്രീ. ശശി എന്നിവര്‍ മദ്ദളവും ശ്രീ. പന്തളം ഉണ്ണികൃഷ്ണന്‍ ഇടയ്ക്കയും  കൈകാര്യം ചെയ്തു. ശ്രീ. ചിങ്ങോലി പുരുഷോത്തമന്‍, ശ്രീ.കലാനിലയം സജി എന്നിവരാണ് ചുട്ടി കൈകാര്യം ചെയ്തത്.  തിരുവല്ല ശ്രീവല്ലഭ വിലാസം  കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.


  






 

2010 നവംബർ 23, ചൊവ്വാഴ്ച

മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടെ സപ്തതി ആഘോഷം -2

                                          
                                (Sri. Mathur Govindan kutty as brahmanan)

    അവാര്‍ഡ് ചടങ്ങിനോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന കഥകളിയിലെ രംഗം.  
                 ബാഹുകന്‍ (ശ്രീ. സദനം ബാലകൃഷ്ണന്‍) ദമയന്തി (മാത്തൂര്‍)          

ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ശ്രീ. ഗുരുസ്വാമി അവര്‍കള്‍ മാത്തൂരിനെ പൊന്നാട അണിയിച്ച് ആശംസിച്ചു. ശ്രീ. വാഴേങ്കട കുഞ്ചുനായര്‍  ആശാന്റെ ശഷ്ട്യബ്ടപൂര്‍ത്തി പഴയ കലാമണ്ഡലത്തില്‍  ആഘോഷിച്ചപ്പോള്‍ അന്ന് ശ്രീ. കുഞ്ചു നായര്‍ ആശാനും  ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനും ചേര്‍ന്നുള്ള കൂട്ടു വേഷം കാണാനായി ചെന്ന  അനുഭവമാണ് പങ്കുവെച്ചത്. അന്ന് അവതരിപ്പിച്ച അഞ്ചു കഥകളില്‍ ഏറ്റവും ആകര്‍ഷിച്ചത് ശ്രീ. കുടമാളൂര്‍ ആശാന്‍ ചിത്രലേഖയായും   മാത്തൂര്‍ ഉഷയായും ചേര്‍ന്നു അവതരിപ്പിച്ച   രംഗമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. ഈ കഴിഞ്ഞ ഒക്ടോബറില്‍ മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ മാത്തൂര്‍ അവതരിപ്പിച്ച കുചേലനെ കണ്ട് അന്നുതന്നെ അഭിപ്രായം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. അന്ന് ഏര്‍പ്പെട്ട മാനസീകമായ അടുപ്പമാണ് തന്നെ ഈ വേദിയില്‍ എത്തിച്ചതെന്നും അറിയിച്ചു. എന്നും കഥകളി വേഷത്തില്‍ മാത്തൂരിനു കുട്ടിത്തം നില നില്‍ക്കട്ടെ എന്ന് ആശംസിക്കയും ഗുരുവായൂരപ്പനെ നമിക്കയും ചെയ്യുന്നു എന്ന് അറിയിച്ചു. 

ഗുരുവായൂര്‍ ജയശ്രീ ലോഡ്ജിന്റെ ഉടമ (ശ്രീ. ശങ്കരന്‍ നമ്പൂതിരി എന്നാണ് ഓര്‍മ്മ) തൃശൂര്‍ കഥകളി ക്ലബ്ബിന്റെ വകയായി ഉപഹാരം നല്‍കി മാത്തൂരിനെ ആശംസിച്ചു. ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യം ഞങ്ങളില്‍ കൂടി ഈ വേദിയില്‍ എത്തി ചേര്‍ന്നതായി അറിയിച്ചു കൊണ്ട്  മാത്തൂരിന്റെ കര്‍ത്തവ്യ ബോധത്തെ പ്രശംസിച്ചു കൊണ്ട് പൊന്നാട അണിയിച്ചു. 
  
കഥകളി നടന്‍ ശ്രീ.തലവടി അരവിന്ദനാണ് പിന്നീടു സംസാരിച്ചത്. 1961 ജൂലൈ 11-നു ആര്‍. എല്‍. വി. കഥകളി അക്കാദമിയില്‍ തന്നോടൊപ്പം മാത്തൂരും ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനു ദക്ഷിണ നല്‍കി  കഥകളി അഭ്യാസത്തിനു ചേര്‍ന്ന നാള്‍ സ്മരിച്ചു. സുമാര്‍ ആറു മാസക്കാലം കഴിഞ്ഞപ്പോള്‍ കഥകളിക്കാര്‍ക്കുള്ള ചവുട്ടി തിരുമ്മിനാലുള്ള ശരീര വേദന കൊണ്ടോ അതോ ലേലം വിളിച്ചു വാങ്ങി വരുന്ന കുഴമ്പിന്റെ അസഹ്യമായ ഗന്ധം കൊണ്ടോ എന്തോ മാത്തൂര്‍ ആര്‍.എല്‍.വി  വിട്ടു പോയി. ആറു വര്‍ഷത്തെ കഥകളി അഭ്യാസം കഴിഞ്ഞ് ഞാന്‍ 1967- ല്‍ തെക്കന്‍ കേരളത്തിലെ കളിയരങ്ങുകളില്‍ അവസരം തേടി ചെന്നെത്തിയ എനിക്ക് ഒരു തികഞ്ഞ സ്ത്രീ വേഷക്കാരനായി, കൃഷ്ണന്‍ നായര്‍ ആശാന്‍, മാങ്കുളം തിരുമേനി ഉള്‍പ്പടെയുള്ള  പ്രസിദ്ധ നടന്മാരുടെ  നായികാ വേഷക്കാരനായി നില്‍ക്കുന്ന മാത്തൂരിനെയാണ്  കാണാന്‍ കഴിഞ്ഞത് . 

ഒരു കളിസ്ഥലത്ത് ശ്രീ. ചമ്പക്കുളം പാച്ചുപിള്ള ആശാന്‍ എത്താതെ വന്നപ്പോള്‍ തന്നെകൊണ്ട് നിര്‍ബ്ബന്ധിച്ച്‌, ധൈര്യം തന്ന് താടിവേഷം കെട്ടിച്ചത് മാത്തൂരാണ്. ആ പ്രചോദനം  കൊണ്ട് താന്‍ ഇന്ന് കഥകളിക്കാരന്‍ ആയി   ജീവിച്ചു പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. അസൂയ, കുശുമ്പ് എന്നിവ ഇല്ലാത്ത ഒരു കഥകളി കലാകാരന്‍, പുറപ്പാട്  കെട്ടുന്ന കലാകാരനോട് പോലും നല്ല സമീപനം കൊള്ളുന്ന സന്മനസ്സിന്റെ ഉടമ എന്നിവയാണ് മാത്തൂരിന്റെ ഗുണ വിശേഷങ്ങള്‍.  ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ആശാനും  മാത്തൂരും  ഒന്നിച്ചു തെക്കന്‍ കേരളത്തിലെ ഒരു അരങ്ങില്‍ നിന്നും ഒന്നിച്ചു മറ്റൊരു അരങ്ങിലേക്കുള്ള യാത്രകളുടെ ഓര്‍മ്മകള്‍ സ്മരിച്ചുകൊണ്ട് ശ്രീ. തലവടി അരവിന്ദന്‍  മാത്തൂരിന്റെ ശതാഭിഷേകം, നവതി എന്നിവ ആഘോഷിക്കാന്‍ ഇട വരട്ടെ എന്ന് ശ്രീവല്ലഭ നാമത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. 


കലാകാരന്മാര്‍ക്കും  സഹപ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും അഭിമാനിക്കുവാനും സന്തോഷിക്കുവാനും ഉള്ള ധന്യ  മുഹൂര്തമാണിത് എന്നാണ് പ്രസിദ്ധ കഥകളി കലാകാരന്‍ ആയിരുന്ന ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ മകനും , കഥകളി ചെണ്ട വിദഗ്ദനും പ്രൊഫസ്സറുമായ   ശ്രീ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടത്. മാങ്കുളത്തിന്റെ കാലഘട്ടത്തില്‍ ശ്രീ. കുടമാളൂര്‍ ആശാനുമൊന്നിച്ചുള്ള അവരുടെ രംഗ പ്രവര്‍ത്തികള്‍, ചെങ്ങന്നൂര്‍ ആശാന്‍, മാങ്കുളം, കുഞ്ചുനായര്‍ ആശാന്‍ തുടങ്ങിയവര്‍ മുതല്‍  ഇപ്പോഴത്തെ കഥകളി തലമുറയുടെ പിന്നില്‍ വരെ കഥകളി ചെണ്ടക്കാരനായി പ്രവര്‍ത്തിക്കാന്‍ സാധിച്ച അനുഭവങ്ങള്‍ എന്നിവ സ്മരിച്ചു.  ചിറക്കര മാധവന്‍ കുട്ടി, കോട്ടക്കല്‍ ശിവരാമന്‍  തുടങ്ങിയ പ്രശസ്തരായ സ്ത്രീ വേഷക്കാരെ പോലെ കഥകളി രംഗത്ത്‌ ആസ്വാദകരുടെ അനുഗ്രഹാശിസ്സുകള്‍ നേടാന്‍ മാത്തൂരിനു സാധിച്ചുവെന്നും ഏതു വേഷക്കാരനോടും ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള മനസ്സും വേഷ സൌന്ദര്യവും അഭിനയത്തിലെ മിതത്വവും മാത്തൂരിന്റെ കലാ വിജയത്തിന് കാരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഒരു സഹോദരന്‍ എന്ന നിലയിലും കഥകളി കലാകാരന്‍ എന്ന നിലയിലും കൂട്ടു വേഷക്കാരന്‍ എന്ന നിലയിലും ശ്രീ. മാത്തൂരിനെ പറ്റി കൂടുതല്‍ പറയുവാന്‍ എനിക്ക് സാധിക്കും എന്നാണ് ശ്രീ. കലാമണ്ഡലം രാജശേഖരന്‍ അഭിപ്രായപ്പെട്ടത്. ഒരു സ്ത്രീ വേഷക്കാരന് വേണ്ടിയ വേഷ സൌന്ദര്യം, സൌഭാഗ്യം, ഔചിത്യം, പെരുമാറ്റം, മാന്യത ഇവകള്‍ എല്ലാം നിറഞ്ഞ ഒരു കലാകാരനാണ് ശ്രീ. ഗോവിന്ദന്‍കുട്ടി ജ്യേഷ്ടന്‍ എന്നും ഇനിയും അദ്ദേഹത്തിന്റെ ധാരാളം വേഷങ്ങള്‍ ആസ്വദിക്കാന്‍  ആസ്വാദകര്‍ക്ക് അവസരം ഉണ്ടാകട്ടെ എന്നും മാത്തൂര്‍ കുടുംബത്തിന്റെ കലാ പാരമ്പര്യം നിലനിര്‍ത്താന്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മകനായ മുരളീ കൃഷ്ണനും കഴിയട്ടെ എന്ന് ആശംസിച്ചു. 


കഥകളിയെ പോലെ കലകാരന്മാര്‍ക്കിടയില്‍  സൗഹൃദം സൂക്ഷിക്കുന്ന മറ്റൊരു കലാരൂപവും ഇല്ല എന്നാണ് പ്രൊഫസ്സര്‍  ശ്രീ.അമ്പലപ്പുഴ രാമവര്‍മ്മ അവര്‍കളുടെ പുത്രനും കോട്ടയം സി. എം. എസ് കോളേജിലെ ഉദ്യോഗസ്ഥനുമായ ശ്രീ. രാജാ ശ്രീകുമാര്‍ വര്‍മ്മ അഭിപ്രായപ്പെട്ടത്. ടൂറിസ്റ്റ് വാരാഘോഷത്തോട്‌ അനുബന്ധിച്ച് ഒരിക്കല്‍ ഒരു  കഥകളി നടന്നപ്പോള്‍ അന്നു അവതരിപ്പിച്ച നളചരിതത്തില്‍  ശ്രീ. ഓയൂര്‍ ആശാന്റെ ഹംസവും മാത്തൂരിന്റെ ദമയന്തിയും തമ്മിലുള്ള രംഗം കണ്ട് ഒരു കന്യാസ്ത്രീ " പാഞ്ചാലിയും കോഴിയും" തമ്മിലുള്ള രംഗം വളരെ നന്നായി എന്ന് അഭിപ്രായപ്പെട്ടത് ശ്രീ. ശ്രീകുമാര്‍ വര്‍മ്മ സൂചിപ്പിച്ചപ്പോള്‍  സദസ്സില്‍ പൊട്ടിച്ചിരി ഉണ്ടായി.  ശ്രീ.കുടമാളൂരിന്റെ കഥകളി പാരമ്പര്യം നിലനിര്‍ത്തുവാന്‍  മാത്തൂരിനു ശേഷം ശ്രീ. മുരളീകൃഷ്ണന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. 


കരുണാകരന്‍ ആശാന്‍ കഴിഞ്ഞാല്‍ സ്ത്രീ വേഷത്തിനു ചിറക്കര മാധവന്‍ കുട്ടി, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി എന്നിവരില്‍ ഏതു കുട്ടി എന്നാണ് ഒരുകാലത്ത് നിലനിന്നിരുന്ന കഥകളി  ആസ്വാദകരുടെ ചോദ്യം എന്നായിരുന്നു ശ്രീ. രാജു,കുമ്മനം പറഞ്ഞത്. ആപല്‍ ബാന്ധവനാണ് ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി എന്നും തന്റെ അനുഭവത്തില്‍ അദ്ദേഹം കളിക്കെത്തിയാല്‍ സംഘാടകരില്‍ ഒരാള്‍ ആയിരിക്കും. ഏതെങ്കിലും വേഷക്കാര്‍ എത്തിയില്ലെങ്കില്‍  അതിനു പരിഹാരം കാണാന്‍ ശ്രമിക്കുന്നത് ഗോവിന്ദന്‍ കുട്ടി ആയിരിക്കും. അണിയറ ശാഠ്യം തീരെ ഇല്ലാത്ത
ഗോവിന്ദന്‍ കുട്ടി ഒരു കളിക്ക് രണ്ടോ മൂന്നോ വേഷങ്ങള്‍ വരെ കെട്ടാന്‍ തയ്യാറാവുന്നത് കണ്ടിട്ടുണ്ടെന്ന്  സ്മരിച്ചു.

സംഗീതജ്ഞയായ മാതംഗി സത്യമൂര്‍ത്തി കുടമാളൂര്‍ ആശാന്റെ കുടുംബവുമായി ഇരുപത്തി ആറു വര്‍ഷത്തെ ആത്മബന്ധം നില നിര്‍ത്തിയതു സ്മരിച്ചു കൊണ്ട്  മാത്തൂരിനു സര്‍വ മംഗളവും നേര്‍ന്നു.

പ്രസിദ്ധ കഥകളി നടി ശ്രീമതി. ചവറ പാറുക്കുട്ടി സൌഹൃദ സമ്മേളനത്തിന്റെ ലിസ്റ്റില്‍ തന്റെ പേര് ചേര്‍ത്തിരുന്നില്ല എന്നതിന്റെ ഖേദമാണ്‌ ആദ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് മാത്തൂരിന്റെ ചിത്രലേഖയും തന്റെ ഉഷയുമായി ഉണ്ടായിട്ടുള്ള ധാരാളം അരങ്ങുകള്‍ സ്മരിച്ചു.  പരസ്പരം രംഗത്ത്‌ എന്തു ചെയ്യണം എന്നതിനെ പറ്റി സംസാരിക്കാതെ മാത്തൂര്‍ വേദിയിലേക്ക് പോയിട്ടില്ലെന്നും കണ്ണു കൊണ്ട് ആശയം കാണിച്ചാലും അതു മനസ്സിലാക്കി പ്രവര്‍ത്തിക്കാനും, അംഗീകരിക്കുവാനും ഉള്ള സന്മനസും, സ്ത്രീ വേഷക്കാരന് വേണ്ടിയ വേഷ സൌന്ദര്യവും   അദ്ദേഹത്തിന്റെ വിജയത്തിന് പ്രധാന കാരണം എന്നും ശ്രീമതി. ചവറ അഭിപ്രായപ്പെട്ടു.    ഒരിക്കല്‍ മുതുപിലാക്കാട്ടു നടന്ന കളിക്ക് ചെന്നിത്തല ആശാന്‍ എത്താതെ വന്നപ്പോള്‍ ധൈര്യപൂര്‍വ്വം  തന്റെ ദേവയാനിക്ക് കചന്‍  കെട്ടി താന്‍ പുരുഷ വേഷങ്ങള്‍ക്കും പ്രാപ്തനാണ് എന്ന് ഗോവിന്ദന്‍ കുട്ടി തെളിയിച്ചു എന്നും പറഞ്ഞു. കളി അരങ്ങില്‍ എന്നും യവ്വനത്തോടെ ധാരാളം വേഷങ്ങള്‍ കെട്ടുവാനും അദ്ദേഹത്തിനോടൊപ്പം ധാരാളം കൂട്ടു വേഷങ്ങള്‍  കെട്ടുവാന്‍  തനിക്കും സൌഭാഗ്യം  ഉണ്ടാകട്ടെ എന്ന്  ഈശ്വരനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് ശ്രീമതി. ചവറ അവസാനിപ്പിച്ചു. 

ആര്‍. എല്‍. വി കഥകളി അക്കാദമിയില്‍ കൃഷ്ണന്‍ നായര്‍ ആശാന്റെ  കളരിയില്‍ തന്നോടൊപ്പം മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി  കഥകളി അഭ്യസിച്ച കാലഘട്ടം ശ്രീ. മയ്യനാട് കേശവന്‍ നമ്പ്യാതിരി സ്മരിച്ചു. ആശാന്റെ വിശ്വാമിത്രനോടൊപ്പം താനും മാത്തൂരും ഒന്നിച്ചു  രതി വിരതികളുടെ വേഷമിട്ടതും ലോഹിതാക്ഷന്‍ കെട്ടിയതു മുതല്‍ ഇന്നുവരെയുള്ള   അനുഭവങ്ങള്‍ മനസ്സില്‍ സ്മരിക്കുന്നതായി അദ്ദേഹം അറിയിച്ചു.

തുടര്‍ന്ന്  ശ്രീ. കുടമാളൂര്‍ അപ്പുക്കുട്ടന്‍ തുടങ്ങിയ പ്രമുഖരും സുഹൃത്ത് സമ്മേളനത്തില്‍ പങ്കെടുത്തു. സുഹൃത്ത് സമ്മേളനത്തിളും അന്നത്തെ കഥകളിയിലും  പങ്കെടുത്ത കഥകളി കലാകാരന്മാര്‍ക്കു പുറമേ (എനിക്ക് കണ്ടാല്‍ അറിയാവുന്ന)  ശ്രീമാന്മാര്‍.  വാരണാസി വിഷ്ണു നമ്പൂതിരി, കലാമണ്ഡലം ഭാഗ്യനാഥ്, പ്രശാന്ത്,  ശശീന്ദ്രന്‍, അമ്പിളി (ഇന്റര്‍നാഷണല്‍ കഥകളി സെന്റര്‍, ന്യു ഡല്‍ഹി), കലാനിലയം വിജയന്‍,  കുടമാളൂര്‍ ബാലു, കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, പന്തളം ഉണ്ണികൃഷ്ണന്‍, തട്ടയില്‍ ഉണ്ണികൃഷ്ണന്‍, കലാഭാരതി ഹരികുമാര്‍, കൊട്ടാരക്കര ഗംഗ , കലാനിലയം രവീന്ദ്രനാഥ പൈ,  ചുട്ടി ആര്‍ട്ടിസ്റ്റ്: ശ്രീ. തിരുവല്ല ഗോപിനാഥന്‍ നായര്‍  തുടങ്ങി ധാരാളം  കലാകാരന്മാര്‍ സന്നിഹിതരായിരുന്നു. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.