പേജുകള്‍‌

2015 ജനുവരി 7, ബുധനാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 16-മത് അനുസ്മരണം -(2)


ശ്രീ. ചെന്നിത്തല ചെല്ലപ്പൻപിള്ളയുടെ പതിനാറാമത്   അനുസ്മരണ സമ്മേളനത്തിന് ശേഷം പാലക്കാട്ട്  ശ്രീ. അമൃതശാസ്ത്രികൾ രചിച്ച ലവണാസുരവധം കഥകളിയാണ് അവതരിപ്പിച്ചത്.  കഥയിലെ മണ്ണാനും  മണ്ണാത്തിയും തമ്മിലുള്ള രംഗമാണ് ആദ്യം അവതരിപ്പിച്ചത്.    

 രാവണവധവും  വനവാസകാലവും കഴിഞ്ഞ ശേഷം ശ്രീരാമനും സീതയും ലക്ഷ്മണനും അയോദ്ധ്യയിൽ മടങ്ങിയെത്തി. പട്ടാഭിഷേകം കഴിഞ്ഞ് ശ്രീരാമൻ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് പ്രസ്തുത രംഗത്തിന്റെ സന്ദർഭം. മണ്ണാൻ അലക്കുജോലികൾ കഴിഞ്ഞ് നേരത്തെ വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിൻറെ ഭാര്യയെ അവിടെ കണ്ടില്ല. മാതൃഗൃഹത്തിൽ ഒരു ദിവസം താമസിച്ചു മടങ്ങിയെത്തിയ മണ്ണാന്റെ ഭാര്യ,  മണ്ണാത്തിക്ക് പരപുരുഷബന്ധമുണ്ടെന്നു സംശയിച്ചുള്ള കുടുംബശണ്ഠയാണ് രംഗം. രാവണപുരിയിൽ വസിച്ച സീതയെ ശ്രീരാമൻ സ്വീകരിച്ചതുപോലെ ഞാൻ നിന്നെ സ്വീകരിക്കില്ല എന്ന് പറഞ്ഞ് മണ്ണാൻ മണ്ണാത്തിയെ വീട്ടിൽ നിന്നും അടിച്ചോടിക്കുന്നതോടെ രംഗം അവസാനിക്കുന്നു.

                                                              മണ്ണാനും മണ്ണാത്തിയും

                                                             മണ്ണാനും മണ്ണാത്തിയും

                                                           മണ്ണാനും  മണ്ണാത്തിയും

(മണ്ണാന്റെ കുടുംബശണ്ഠയും സീതാദേവിയുടെ പേരിൽ മണ്ണാൻ നടത്തിയ പ്രസ്താവനയും ദൂതന്മാർ മൂലം അറിഞ്ഞ ശ്രീരാമൻ 
പ്രജകളുടെ പ്രീതി സമ്പാദിക്കുവാനായി   സീതാദേവിയെ വനത്തിൽ  ഉപേക്ഷിച്ചു. ഗർഭിണിയായ സീതാദേവിയെ വാത്മീകി മഹർഷി അദ്ദേഹത്തിൻറെ ആശ്രമത്തിലേക്ക് കൂട്ടിപ്പോയി. സീതാദേവി രണ്ടു ആണ്‍കുട്ടികളെ പ്രസവിക്കുകയും അവർക്ക് കുശൻ എന്നും ലവൻ എന്നും പേരിട്ടു വളർത്തി. വാത്മീകി മഹർഷി കുശനെയും ലവനെയും വിദ്യകൾ അഭ്യസിപ്പിച്ചു.)

 ഒരു ദിവസം ആശ്രമത്തിലെ മറ്റു കുമാരന്മാരുമൊത്ത് വനത്തിൽ കളിക്കുവാൻ കുശനും ലവനും സീതാദേവിയോട് അനുവാദം ചോദിക്കുന്നു. കുമാരന്മാരെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ സാധിക്കാത്ത അവസ്ഥയിലും മനസില്ലാ മനസ്സോടെ സീതാദേവി കുമാരന്മാർക്ക്‌ അനുവാദം നൽകുന്നു. അമ്പും വില്ലും ധരിച്ച് കുമാരന്മാർ വനത്തിലേക്ക് യാത്ര തിരിക്കുന്നു.  വനകാഴ്ചകൾ കണ്ട് സഞ്ചരിക്കുന്ന കുമാരന്മാർ  ശ്രീരാമന്റെ യാഗാശ്വത്തെ കണ്ടു. യാഗാശ്വത്തിന്റെ തലയിൽ എഴുതിവെച്ചിരിക്കുന്ന "ശ്രീരാമനുതുല്യം മറ്റൊരാൾ ഈ ലോകത്തിലുണ്ടെങ്കില്‍ ഈ കുതിരയെ പിടിച്ചുകെട്ടണം" എന്ന വാചകം കണ്ട ലവൻ യാഗാശ്വത്തെ ബന്ധിക്കുവാൻ    കുശന്റെ അനുവാദം തേടി. കുശന്റെ അനുവാദത്തോടെ ലവൻ യാഗാശ്വത്തെ ബന്ധിക്കുകയും കുശൻ വനത്തിൽ സഞ്ചരിച്ച് കാഴ്ചകൾ കണ്ടു രസിക്കുകയും ചെയ്തു. 

                                                           സീത , ലവൻ , കുശൻ

                                                            സീത , കുശൻ , ലവൻ

                                                                  കുശൻ , ലവൻ

                                                                          ലവൻ          

                                                           ശതൃഘ്നൻ,  ലവൻ

                                                         ശതൃഘ്നൻ,  ലവൻ

                                                  കുശൻ, ശതൃഘ്നൻ,  ലവൻ

യാഗാശ്വത്തെ പിന്തുടർന്ന് എത്തിയ  ശ്രീരാമന്റെ സഹോദരനായ ശതൃഘ്നൻ വനത്തിലെത്തി. യാഗാശ്വത്തെ ബന്ധിച്ചു കാവൽ നിന്നിരുന്ന ലവനുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. തുടർന്ന് ശതൃഘ്നനും ലവനും തമ്മിൽ പോരാടി. ശതൃഘ്നൻ ലവനെ ബന്ധിച്ചു. ഈ സമയം കുശൻ എത്തി   ലവനെ മോചിപ്പിക്കുകയും ശതൃഘ്നനോട് യുദ്ധത്തിൽ ഏർപ്പെട്ടു.  ശതൃഘ്നൻ പരാജയപ്പെട്ടു മടങ്ങുന്നതുമാണ് അടുത്ത രംഗം. 

യാഗാശ്വത്തെ രണ്ടു കുമാരന്മാരാൽ  ബന്ധിക്കപ്പെട്ടതും ശതൃഘ്നൻ കുമാരന്മാരോട് പരാജയപ്പെട്ടതും അറിഞ്ഞ് ശ്രീരാമനിയോഗം സ്വീകരിച്ച് ഹനുമാൻ വനത്തിൽ  എത്തുന്നതാണ് മൂന്നാം രംഗം. വനത്തിലെത്തിയ ഹനുമാൻ കുമാരന്മാർക്ക് രാമലക്ഷണന്മാരുമായുള്ള സാമ്യം അനുഭവപ്പെട്ടു. തന്മൂലം ഉണ്ടായ സ്നേഹത്തോടെ കുമാരന്മാരുമായി ഒരു വിനോദയുദ്ധത്തിന് ഹനുമാൻ തയ്യാറായി. ഒടുവിൽ കുമാരന്മാർ ആരെന്നു അറിയുവാനുള്ള ആഗ്രഹത്തോടെ ഹനുമാൻ കുമാരന്മാർക്ക്‌ കീഴടങ്ങി. 
കുമാരന്മാർ ഹനുമാനെയും  ബന്ധിച്ചു. ബന്ധനസ്ഥനായ  ഹനുമാനെയും യാഗാശ്വത്തെയും കൂട്ടി കുമാരന്മാർ ആശ്രമത്തിലേക്കു മടങ്ങി. 

                                                                     ഹനുമാൻ

                                                                       ഹനുമാൻ

                                                       ഹനുമാനും ലവകുശന്മാരും

                                                       ഹനുമാനും ലവകുശന്മാരും

                                                         ഹനുമാനും ലവകുശന്മാരും

                                                         ഹനുമാനും ലവകുശന്മാരും

                                                       ഹനുമാനും ലവകുശന്മാരും

 ബന്ധനസ്ഥനായ ഹനുമാനെ  കുമാരന്മാർ  സീതാദേവിയുടെ മുൻപിൽ എത്തിച്ചു. സീത ഹനുമാനെ തിരിച്ചറിഞ്ഞു.   വന്ദനീയനാണ് ഹനുമാൻ എന്നും ഹനുമാനെ  ബന്ധന  വിമുക്തനാകണം എന്നും സീതാദേവി കുമാരന്മാരെ അറിയിച്ചു. കുമാരന്മാരാൽ ബന്ധന  വിമുക്തനാക്കപ്പെട്ട ഹനുമാൻ സീതാദേവിയുടെ കാൽക്കൽ നമസ്കരിച്ചു. തുടർന്ന് കുമാരന്മാർ യാഗാശ്വത്തെ ബന്ധിച്ചതും യാഗാശ്വത്തെ തേടിയെത്തിയ കുമാരന്മാരുമായി ശതൃഘ്നൻ  യുദ്ധം ചെയ്തു പരാജയപ്പെട്ടതും തുടർന്ന് ശ്രീരാമസ്വാമിയുടെ നിയോഗത്താൽ താൻ യാഗാശ്വത്തെ തേടി ഇവിടെ എത്തിയെന്നും  കുമാരന്മാരാൽ താനും ബന്ധനസ്ഥനാക്കപ്പെട്ടു എന്നും ഹനുമാൻ അറിയിച്ചു. 

ആശ്വമേധയാഗം ചെയ്യുമ്പോൾ രാജാവിനോടൊപ്പം ആവശ്യമായ രാജ്ഞിയുടെ സാന്നിദ്ധ്യത്തെ പറ്റി സീത ഹനുമാനോട് തിരക്കി. സ്വർണ്ണം കൊണ്ട് നിർമ്മിച്ച സീതാദേവിയുടെ പ്രതിമയാണ് രാജാവിനു സമീപം വെച്ചുകൊണ്ടാണ്‌ യാഗം നടത്തിയത് എന്ന് ഹനുമാൻ അറിയിച്ചപ്പോൾ സീതാദേവി വികാരപരവശയായി. രാജാവിന്റെ ക്ഷേമവിവരം സീതാദേവി ഹനുമാനോട് അന്വേഷിച്ചു. ഈ മിടുമിടുക്കന്മാരായ  കുമാരന്മാരുടെ മുഖം കണ്ടു ആനന്ദിക്കുവാനുള്ള  ഭാഗ്യം രാജാവിനിവില്ലല്ലോ എന്ന് പറഞ്ഞ് സീതാദേവിയെ ഹനുമാൻ ആശ്വസിപ്പിക്കുന്നു.

                                                 സീതയും കുശലവന്മാരും ഹനുമാനും

                                                  സീതയും കുശലവന്മാരും ഹനുമാനും

                                                 സീതയും കുശലവന്മാരും ഹനുമാനും

                                                         സീതയും  ഹനുമാനും

                                                      സീതയും കുശനും  ഹനുമാനും

                                                     സീതയും കുശനും  ഹനുമാനും

                                                  സീതയും കുശലവന്മാരും ഹനുമാനും

                                                       സീതയും ലവനും  ഹനുമാനും

ഹനുമാന്റെ അപേക്ഷയനുസരിച്ച് സീതാദേവി കുമാരന്മാരോട് യാഗാശ്വത്തെ മോചിപ്പിക്കുവാൻ നിർദ്ദേശിക്കുന്നു. കുമാരന്മാർ യാഗാശ്വത്തെ മോചിപ്പിച്ചു. സീതയും കുമാരന്മാരും യാഗാശ്വത്തെ വണങ്ങുകയും, ഹനുമാൻഹനുമാൻഹനുമാൻഹനുമാൻ ഹനുമാൻ യാഗാശ്വത്തെ അതിന്റെ യാത്ര തുടരുവാനും  അനുവദിച്ചു. പരാക്രമശാലികളായ കുമാരന്മാർ മൂന്നു ലോകത്തെയും ഭരിക്കുവാൻ പ്രാപ്തരായി വരും എന്ന് അറിയിച്ചു കൊണ്ട് സീതാദേവിയോട് യാത്ര പറഞ്ഞ ഹനുമാൻ കുമാരന്മാരുമൊത്ത് വിനോദ സംഭാഷണങ്ങൾ നടത്തി. ഒരിക്കൽ താൻ തിരികെ വന്ന് നിങ്ങളെ രണ്ടു പേരെയും തോളിലേറ്റി ശ്രീരാമസ്വാമിയുടെ മുന്നിൽ എത്തിക്കും എന്നറിയിച്ച് മടങ്ങുന്നതോടെ കഥ അവസാനിക്കുന്നു.  

                                                സീതയും കുശലവന്മാരും ഹനുമാനും

                                                സീതയും കുശലവന്മാരും ഹനുമാനും

                                                സീതയും കുശലവന്മാരും ഹനുമാനും

                                                            സീതയും  ഹനുമാനും

                                                          ഹനുമാനും കുശലവന്മാരും

                                                      ഹനുമാനും കുശലവന്മാരും

                                                      (ധനാശി )  കുശലവന്മാർ

ശ്രീ.കലാമണ്ഡലം ബാലകൃഷ്ണൻ മണ്ണാനെയും     ശ്രീ. കലാമണ്ഡലം  അനിൽകുമാർ  മണ്ണാത്തിയെയും അവതരിപ്പിച്ചു വിജയിപ്പിച്ചു. പ്രസ്തുത രംഗത്തിന് ചെണ്ട കൈകാര്യം ചെയ്തു വിജയിപ്പിച്ചത്  ശ്രീ. കണ്ടല്ലൂർ ഉണ്ണികൃഷ്ണനായിരുന്നു. സീതാദേവിയായി ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ അവർകൾ അഭിനന്ദനീയമായ പ്രകടനം കാഴ്ചവെച്ചു. കുശനായി ശ്രീ. കലാനിലയം രവീന്ദ്രനാഥപൈയും ലവനായി ശ്രീ. ചന്ദ്രമന നാരായണൻ നമ്പൂതിരിയും ശതൃഘ്നനായി ശ്രീ. ആർ. എൽ. വി. മോഹനകുമാറും വേഷമിട്ട് രംഗങ്ങൾ വിജയിപ്പിച്ചു. 
മിതത്വവും ഭംഗിയേറിയ അവതരണവും കൊണ്ട് ഹനുമാൻ എന്ന കഥാപാത്രത്തെ വളരെ ഭംഗിയായി ശ്രീ. കലാമണ്ഡലം രതീശൻ അവതരിപ്പിച്ചു. രംഗവസാനത്തിൽ കുശലവന്മാരെ തന്റെ മാറുപിളർന്ന്  ഹൃദയത്തിൽ  കുടികൊള്ളുന്ന ശ്രീരാമനെയും സീതാദേവിയെയും കാട്ടി. ഇന്നുമുതൽ നിങ്ങൾ ഇരുവരും എന്റെ ഹൃദയത്തിൽ ഉണ്ടാവും എന്ന് അറിയിച്ചാണ് മടങ്ങിയത്. 


                 സമതി പ്രസിഡന്റ് ശ്രീ. ഞാഞ്ഞൂർ സുകുമാരൻ നായർ അവർകൾ 
                           ശ്രീ. തിരുവല്ലാ ഗോപിക്കുട്ടൻ നായർ അവർകളെ ആദരിക്കുന്നു.

ശ്രീ. തിരുവല്ലാ ഗോപിക്കുട്ടൻ നായർ അവർകളായിരുന്നു പ്രധാന ഗായകൻ.  സപ്തതി ആഘോഷിക്കുന്ന ശ്രീ. ഗോപിച്ചേട്ടനെ ആദ്യരംഗത്തിനു ശേഷം സമതി പ്രസിഡന്റ് പൊന്നാട അണിയിച്ച്  ആദരിച്ചു. ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണൻ, ശ്രീ. മംഗലം നാരായണൻ നമ്പൂതിരി എന്നിവരും ഗായകരായി പ്രവർത്തിച്ച്‌ കളി ഗംഭീരമാക്കി. ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മയുടെ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ, ശ്രീ. കലാമണ്ഡലം രാജേഷ് എന്നിവരുടെ മദ്ദളവും വളരെ നന്നായി.

തിരുവല്ലാ ശ്രീ. ഗോപാലപ്പണിക്കർ ആശാന്റെ   സ്മരണാർത്ഥം  ശ്രീ. തിരുവല്ല രാധാകൃഷ്ണൻ നടത്തി വരുന്ന     ശ്രീവല്ലഭ വിലാസം കഥകളി യോഗത്തിന്റെ കോപ്പുകളും അണിയറ ശില്പികളും കളിയുടെ വിജയത്തിന്  പ്രശംസനീയമായ പങ്കുവഹിച്ചിരുന്നു.
  


മണ്‍മറഞ്ഞ ബഹുമാന്യനായ കഥകളി കലാകാരൻ ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള ആശാന്റെ കുടുംബാംഗങ്ങളുടെയും, ചുനക്കരയിലെ പ്രധാന കഥകളി ആസ്വാദകരായ ശ്രീ. കൃഷ്ണൻ നമ്പൂതിരി, ശ്രീ. രാധാകൃഷ്ണക്കുറുപ്പ് എന്നിവരുടെയും ശ്രീ. തിരുവല്ല രവീന്ദ്രനാഥ്‌ പുരുഷോത്തമൻ അവർകളുടെയും  മാവേലിക്കര കഥകളി ആസ്വാദക സംഘത്തിലെ ശ്രീ. ഗോപകുമാർ ജനാർദ്ദനൻപിള്ള അവർകൾ ഉൾപ്പെട്ട പ്രതിനിധികളുടെയും മറ്റും ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പിലെ ചില അംഗങ്ങളുടെയും അരങ്ങിനു മുൻപിലെ  സാന്നിദ്ധ്യം പ്രത്യേകം സ്മരണാർഹം എന്ന് നന്ദിപൂർവ്വം അറിയിക്കുന്നു. 

2014 ഡിസംബർ 30, ചൊവ്വാഴ്ച

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 16-മത് അനുസ്മരണം -(1)


ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 16-മത് അനുസ്മരണം 
13-12-2014 -നു രാവിലെ ഒൻപതു മണിക്ക് ശ്രീ.  ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക സമിതിയിൽ ആചാര്യന്റെ ചിത്രത്തിന് പുഷ്പാർച്ചന നടത്തി ആരംഭിച്ചു. 

സമിതി പ്രസിഡന്റ് ശ്രീ. ഞാഞ്ഞൂർ സുകുമാരൻ നായർ, സെക്രട്ടറി ശ്രീ. എൻ. വിശ്വനാഥൻ
          നായർ എന്നിവർ ആചാര്യൻറെ ചിത്രത്തിന് പുഷ്പാർച്ചന നടത്തി വണങ്ങുന്നു.

10:30 മണിക്ക് മലയാള കലാവേദിയുടെ നേതൃത്വത്തിൽ കാവ്യാർച്ചനയും അക്ഷരശ്ലോക സദസ്സും നടത്തി. കാവ്യാർച്ചനയിൽ പങ്കെടുത്ത മലയാള ഭാഷാ പണ്ഡിതനായ മാന്നാർ സ്വദേശി ശ്രീ. പീതാംബരൻ മാഷ്‌ നടത്തിയ അനുസ്മരണത്തിൽ അദ്ദേഹം ചെന്നിത്തല ചെല്ലപ്പൻ പിള്ളയുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന സൗഹൃദ ബന്ധത്തെ പറ്റി ഇങ്ങിനെ അനുസ്മരിക്കുകയുണ്ടായി.


1990- കാലഘട്ടത്തിൽ ചെന്നിത്തല കിഴക്കേവഴിയിൽ 'അക്ഷര' എന്ന പേരിൽ നടത്തി വന്നിരുന്ന ട്യൂട്ടോറിയലിൽ മലയാളം അദ്ധ്യാപകനായി ഞാൻ ജോലി ചെയ്തിരുന്നു. അവിടെ ജോലിക്ക് ചേർന്ന് ഒരു ചില ദിവസങ്ങൾക്കുള്ളിൽ ശ്രീ. ഉണ്ണായിവാര്യർ രചിച്ച നളചരിതം ആട്ടക്കഥയിലെ ഹംസ- ദമയന്തിയുടെ പദങ്ങൾ പാടി അതിന്റെ അർത്ഥം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുമ്പോൾ ഒരു വ്യക്തി ട്യൂട്ടോറിയലിന്റെ വാതുക്കൽ എത്തി. അദ്ദേഹം കുറച്ചു സമയം അവിടെ നില്ക്കുന്നത് കണ്ടപ്പോൾ ട്യൂട്ടോറിയലിൽ പഠിക്കുന്ന ഏതെങ്കിലും കുട്ടിയുടെ രക്ഷകർത്താവ് ആയിരിക്കാം എന്ന് കരുതി ട്യൂട്ടോറിയലിന്റെ പ്രിൻസിപ്പാൾ ശ്രീ. ഹരിസാറിനെ ഞാൻ വിവരം ധരിപ്പിച്ചു.
പ്രിൻസിപ്പാൾ ഹരിസാർ അവർകൾ ആഗതനെ  കണ്ടു വണങ്ങിയിട്ട് "നളചരിതത്തിലെ ഹംസത്തിനെ ഏറ്റവും കൂടുതൽ ജനശ്രദ്ധയിൽ എത്തിച്ച മഹാനായ കഥകളി കലാകാരൻ ശ്രീ. ചെന്നിത്തല ചെല്ലപ്പൻപിള്ളയാണ് ഈ നില്ക്കുന്നത് "എന്ന് എന്നെ അറിയിച്ചു. ഞാൻ ഉടൻ തന്നെ കളാസ് വിട്ട് വെളിയിൽ എത്തി അദ്ദേഹത്തിൻറെ പാദത്തിൽ തൊട്ടു വണങ്ങി.
"ഞാൻ അരങ്ങിലാടുന്ന പദങ്ങൾ അങ്ങ് കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുക്കുന്നത് കേട്ടപ്പോൾ ഉണ്ടായ കൌതുകമാണ് എന്നെ ഇവിടേയ്ക്ക് ആകർഷിച്ചത് " എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. 

അന്നാണ് ഒരു മഹാനായ കലാകാരന്റെ വീടിനു വളരെ സമീപത്താണ് ഞാൻ ക്ലാസ് എടുക്കുന്നത് എന്ന് മനസിലാക്കിയത്. പിന്നീട് ഒഴിവു സമയങ്ങളിൽ അദ്ദേഹത്തിൻറെ വീട്ടിൽ പോവുകയും അദ്ദേഹവുമായി ധാരാളം സംസാരിക്കുകയും സംസ്കൃതം സംബന്ധപ്പെട്ട പല സംശയങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം മരണമടയുന്ന ചില ദിവസങ്ങള്ക്ക് മുന്പുവരെ എനിക്ക് അദ്ദേഹവുമായി സൌഹൃദ ബന്ധം നിലനിർത്തുവാൻ സാധിച്ചത് ഒരു മഹാഭാഗ്യമായിട്ടാണ് കരുതുന്നത്.

                                  ശ്രീ. പീതാംബരൻ മാഷ്‌ നടത്തിയ അനുസ്മരണ പ്രസംഗം 

വൈകിട്ട് 4:00 മണിക്ക് സമിതി പ്രസിഡന്റ്  ശ്രീ. എം. സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ അനുസ്മരണ സമ്മേളനം ആരംഭിച്ചു. സമിതി എക്സിക്ക്യൂട്ടീവ് അംഗം ശ്രീ. ചെന്നിത്തല ഗോപാലകൃഷ്ണൻ നായർ സ്വാഗതം ചെയ്തു. സമിതി സെക്രട്ടറി ശ്രീ. എൻ. വിശ്വനാഥൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ബഹുമാനപ്പെട്ട M.L.A . ശ്രീ. P. C.  വിഷ്ണുനാഥ് അവർകൾ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. 


പ്രസിദ്ധ കഥകളി മേളആചാര്യൻ ശ്രീ. കണ്ടല്ലൂർ സദാശിവൻ അവർകളെ സമിതി എക്സിക്ക്യൂട്ടീവ് അംഗം ശ്രീ. ഗോപൻ ചെന്നിത്തല അവർകൾ സദസ്സിനു പരിചയപ്പെടുത്തുകയും അദ്ദേഹത്തിന് ബഹുമാനപ്പെട്ട M.L.A . ശ്രീ. P. C.  വിഷ്ണുനാഥ് അവർകൾ ശ്രീ. ചെന്നിത്തല ചെല്ലപ്പൻപിള്ള സ്മാരക പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു. ഡോക്ടർ. ഏവൂർ മോഹൻദാസ് അവർകൾ ഗുരുപ്രണാമം നടത്തി ശ്രീ. ചെല്ലപ്പൻപിള്ള ആശാനുമായി ഉണ്ടായിരുന്ന അടുപ്പം, അനുഭവങ്ങൾ, ഏവൂർ ക്ഷേത്രത്തിൽ പണ്ട് നടന്നിട്ടുള്ള കളികളിലെ സ്ഥിര സാന്നിദ്ധ്യം ഉണ്ടായിരുന്ന കലാകാരന്മാരായ ബ്രഹ്മശ്രീ. മാങ്കുളം തിരുമേനി, ശ്രീ. ഹരിപ്പാട്‌ ആശാൻ, ശ്രീ. ചെന്നിത്തല ആശാൻ, ശ്രീ. ചിറക്കര മാധവൻ കുട്ടി, ശ്രീ. കണ്ടല്ലൂർ സദാശിവൻ, ശ്രീ. ഏവൂർ കുട്ടപ്പൻ നായർ എന്നിവരെ സ്മരിക്കുകയുണ്ടായി. തുടർന്ന് ശ്രീ. കണ്ടല്ലൂർ സദാശിവൻ അവർകൾ ആചാര്യ അനുസ്മരണവും മറുപടി പ്രസംഗവും നടത്തി. 

                               ബഹുമാനപ്പെട്ട M.L.A . ശ്രീ. P. C.  വിഷ്ണുനാഥ് അവർകൾ 
                             ശ്രീ. കണ്ടല്ലൂർ സദാശിവൻ അവർകൾക്ക് പുരസ്കാരം നൽകുന്നു.

                                 ഗുരുപ്രണാമം: ഡോക്ടർ. ഏവൂർ മോഹൻദാസ് അവർകൾ.

തന്റെ കലാജീവിതത്തിൽ അനുഭവിച്ചിട്ടുള്ള നേട്ടങ്ങളും  കഷ്ടങ്ങളും  ശ്രീ. കണ്ടല്ലൂർ സദാശിവൻ അവർകൾ സദസ്സിനു മുൻപിൽ അവതരിപ്പിച്ചു.  ഇന്നത്തെ കാലഘട്ടത്തിൽ വൈകിട്ട് ആറു മണിക്ക് ആരംഭിച്ച് പത്തു മണിക്ക് അവസാനിക്കുന്ന കളികൾക്ക് പോലും രണ്ടിലധികം ചെണ്ട കലാകാരന്മാർ പങ്കെടുക്കുന്നുണ്ടാവും.   മുഴുരാത്രി കളികൾക്ക് അതായത് എട്ടു മണിക്കൂർ ഒറ്റയ്ക്ക് ചെണ്ട  കൊട്ടിയിട്ടുള്ള അനുഭവങ്ങളാണ് തന്റെ കലാജീവിതത്തിൽ അധികവും ഉണ്ടായിട്ടുള്ളത്. കുടുംബ പ്രാരാബ്ദം കാരണം ഈ സാഹസം ചെയ്യാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥ തന്നെയായിരുന്നു  അതിന്റെ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മാങ്കുളം തിരുമേനിയുടെയും, ഹരിപ്പാട്‌, ചെന്നിത്തല, ഓയൂർ തുടങ്ങിയ കലാകാരന്മാരുടെ വേഷങ്ങൾക്ക് പിന്നിൽ നിന്ന് പ്രവർത്തിക്കുകയും  അവരുടെ വേഷങ്ങൾ ആസ്വദിക്കുകയും ചെയ്തിരുന്നപ്പോൾ തൻറെ കഠിനാദ്ധ്വാനത്തിന്റെ വിഷമം ലേശവും അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 
"സദാശിവാ, നീ ഇങ്ങിനെ കഠിനാദ്ധ്വാനം ചെയ്യുന്നത് ഭാവിയിൽ നിനക്ക് ദോഷമാകും"  എന്ന് പലപ്പോഴും ശ്രീ. ചെന്നിത്തല ആശാൻ എന്നോട് പറഞ്ഞിട്ടുണ്ട്. 
അരങ്ങിലും  അണിയറയിലും, കളിസ്ഥലങ്ങളിലേക്കുള്ള യാത്രയിലും മറ്റും   സ്നേഹപൂർണ്ണമായ സഹകരണം കൊണ്ട് എന്നെന്നും സ്മരണയിൽ നിലനിൽക്കുന്ന യശ:ശരീരനായ  കലാകാരൻ   ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള ആശാന്റെ പേരിൽ എനിക്ക് പുരസ്‌കാരം നൽകി എന്നെ ആദരിച്ച സമിതി അംഗങ്ങൾക്കും,  കുടുംബാംഗങ്ങൾക്കും,  നാട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു എന്ന് അറിയിച്ചു കൊണ്ടാണ് അദ്ദേഹം മറുപടി പ്രസംഗം അവസാനിപ്പിച്ചത്.
 
                                           മറുപടി പ്രസംഗം : ശ്രീ. കണ്ടല്ലൂർ സദാശിവൻ 

സമ്മേളന സദസ്സിനു മുൻപിൽ മഹാത്മാ ഗേൾസ്‌ ഹൈസ്കൂളിലെ വിദ്യാർത്ഥിനികളും പൂർവ്വവിദ്യാർത്ഥിനികളും വഞ്ചിപ്പാട്ട് അവതരിപ്പിക്കുയുണ്ടായി. സംസ്ഥാന ടെന്നിക്കോയ് മത്സരത്തിൽ കഴിഞ്ഞ വർഷം സ്വർണ്ണമെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്പോർട്സ് ക്വോട്ടായിൽ MBBS- ന് അഡ്മിഷൻ ലഭിച്ച ചെന്നിത്തല കാളിയത്ത് ശ്രീ. അശോകന്റെ മകൾ ശ്രീപാർവതിയെയും ഈ വർഷം സ്വർണ്ണമെഡൽ കരസ്ഥമാക്കിയ തൂവിലേത്ത് ശ്രീ. പ്രകാശ് കുമാറിന്റെ മകൾ പാർവതിയെയും സമിതിയുടെ പേരിൽ ബഹുമാനപ്പെട്ട M.L.A . ശ്രീ. P. C.  വിഷ്ണുനാഥ് അവർകൾ അനുമോദിച്ചു. 

    മഹാത്മാ ഗേൾസ്‌ ഹൈസ്കൂളിലെ  പൂർവ്വവിദ്യാർത്ഥിനികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട്

            മഹാത്മാ ഗേൾസ്‌ ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട്


                                       ബഹുമാനപ്പെട്ട M.L.A . ശ്രീ. P. C.  വിഷ്ണുനാഥ് 

തുടർന്ന് ശ്രീമതി. കവിതാ സജീവ്‌ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മാവേലിക്കര), ശ്രീമതി  ഷീജ അനിൽ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീ. ജി. ഹരികുമാർ(ഗ്രാമ പഞ്ചായത്ത് മെമ്പർ)ശ്രീ. ജി.ജയദേവ് (ഗ്രാമ പഞ്ചായത്ത് മെമ്പർ)  എന്നിവർ ആശംസകൾ അർപ്പിച്ചു.  ശ്രീ. ഗോപി മോഹനൻ നായർ (സമിതി എക്സിക്ക്യൂട്ടീവ് അംഗം) കൃതജ്ഞത രേഖപ്പെടുത്തി.           
                                                                                          (തുടരും)

(Chennithala Chellappan Pillai Smaraka Samskarika Samithi)
https://www.facebook.com/groups/771326816276271/

2014 നവംബർ 25, ചൊവ്വാഴ്ച

ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിക്ക് കണ്ണീർ അഞ്ജലി

ശ്രീ. വാരണാസി മാധവൻ നമ്പൂതിരിയുടെ മകൻ എന്ന നിലയിലും ഒരു കഥകളി ചെണ്ട വിദഗ്ദൻ എന്ന നിലയിലും ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുമായി എനിക്ക് വളരെ നല്ല നിലയിലുള്ള  ആത്മബന്ധം ഉണ്ടായിരുന്നു.  21-11-2014 നു ശ്രീ. തിരുവല്ല ഗോപിചേട്ടന്റെ സപ്തതി ആഘോഷ ചടങ്ങുകൾ നടക്കുമ്പോൾ ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ മരണവാർത്ത അറിഞ്ഞത്. 22-11-2014 നു വാരണാസി ഇല്ലത്ത് പോയി ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ ചലനമറ്റ ശരീരം കണ്ടപ്പോൾ എന്റെ മനസ്സ് വളരെ പിന്നോട്ട് സഞ്ചരിച്ചു.

                                              ശ്രീ. വാരണാസി നാരായണൻ നമ്പൂതിരി
                                             (ഫോട്ടോ : ഫേസ് ബൂക്കിനോട് കടപ്പാട്) 
 
ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിക്ക് ഒരു അനുജൻ ഉണ്ടായിരുന്നു. അദ്ദേഹത്തിനെ മദ്ദളം അഭ്യസിപ്പിച്ചു കൊണ്ട് വാരണാസി ജൂനിയർ  സഹോദരന്മാർ എന്ന രണ്ടാം തലമുറയെ സൃഷ്ടിക്കാൻ പിതാവായ ശ്രീ. വാരണാസി മാധവൻ നമ്പൂതിരിയും അദ്ദേഹത്തിൻറെ അനുജൻ ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരിയും  ഉദ്ദേശിച്ചിരുന്നു.  വാരണാസി സഹോദരന്മാർ അതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു.   1975-
1976 കാലഘട്ടം എന്നാണ് എനിക്ക് ഓർമ്മ, മാവേലിക്കരയിൽ  വെച്ച് ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ അനുജനെയും കൂട്ടി ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരി ഒരു അമ്പാസ്സഡർ കാറിൽ ഡോക്ടർ പിലിഫ്സിന്റെ ആശുപത്രിക്ക് പോകും വഴിയിൽ എന്നെ കണ്ട്  കാർ നിർത്തി. (വാരണാസി സഹോദരന്മാരുമായി  എന്റെ പിതാവും ഞാനും പുലർത്തി വന്നിരുന്ന സ്നേഹബന്ധമാണ് ഇതിനു പ്രധാന കാരണം.)  ഞങ്ങൾ സംസാരിച്ചു. ഒരു മെഡിക്കൽ ചെക്ക്അപ്പിന് വേണ്ടി പിലിഫ്സിന്റെ ആശുപത്രിക്ക് പോകുകയാണ് എന്നാണ് എന്നോട് പറഞ്ഞത്.  ഏതാനും  ചില ദിവസങ്ങൾ  കഴിഞ്ഞ്   ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിന് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ കഥകളി കാണാൻ ഞാൻ  നിൽക്കുമ്പോഴാണ് ആ കുട്ടിയുടെ മരണ വാർത്ത അറിഞ്ഞത്. ആ രാത്രിയിൽ തന്നെ ഞാൻ  വാരണാസി ഇല്ലത്തേക്ക് ചെട്ടികുളങ്ങരയിൽ നിന്നും ഓടുകയായിരുന്നു എന്ന് പറയുന്നതാവും ശരി. ലുക്കൂമിയ എന്ന മാരക രോഗമാണ് ആ കുട്ടിയുടെ ജീവൻ കവർന്നെടുത്തത്.  
ഞാൻ വാരണാസി ഇല്ലത്ത് എത്തിയപ്പോൾ മരിച്ച കുട്ടിയുടെ ഒരു ആത്മസുഹൃത്ത് കുളത്തൂപ്പുഴ നെടുമങ്ങാട് റൂട്ടിലുള്ള ഒരു ഫോറസ്റ്റ് ആഫീസ്സിൽ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തെ വിവരം അറിയിച്ച് കൂട്ടി വരുവാനുള്ള ചുമതല വാരണാസി സഹോദരന്മാർ എന്നെയാണ് ഏൽപ്പിച്ചത്. 

 
ശ്രീ. വാരണാസി നാരായണൻ നമ്പൂതിരി കഥകളി ചെണ്ട അഭ്യസിച്ചു കലാമണ്ഡലം കളരിയിൽ അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചുകൊണ്ട് അടുത്ത വർഷം വിരമിക്കുവാനിരുന്ന സന്ദർഭത്തിലാണ് അദ്ദേഹത്തെ മരണം കടന്നാക്രമിച്ചത്. 

]ശ്രീ. വാരണാസി മാധവൻ  നമ്പൂതിരിയും ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരിയും വാരണാസി സഹോദരന്മാർ എന്നപേരിൽ കഥകളി മേളക്കാരായി ദക്ഷിണ കേരളത്തിലെ കളിയരങ്ങുകളിൽ നിറഞ്ഞു നിന്നിരുന്ന കാലഘട്ടം എന്റെ ഓർമ്മയിൽ ഉണ്ട്.  ജ്യേഷ്ഠന്റെ മരണശേഷം  ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരി  ജ്യേഷ്ഠപുത്രനായ  ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുമൊത്ത്  ധാരാളം അരങ്ങുകൾ പങ്കിട്ടു വന്നിരുന്ന കാലഘട്ടവും ഓർമ്മയിൽ ഉണ്ട്.  ശ്രീ. വാരണാസി നാരായണൻ നമ്പൂതിരി കലാമണ്ഡലം കളരിയിൽ നിയമിതനായത്തോടെ ശ്രീ. വിഷ്ണു നമ്പൂതിരി തന്റെ കലാജീവിതത്തിൽ നിന്നും കുറേശ്ശെ വിട്ടു നില്ക്കുവാൻ തുടങ്ങി. ഇപ്പോൾ ആ ജ്യേഷ്ഠ പുത്രനും അദ്ദേഹത്തെ വിട്ടു പോയി. 
ശ്രീ. തിരുവല്ല ശ്രീ.ഗോപിക്കുട്ടൻ നായരുടെ സപ്തതി ആഘോഷത്തിൽ  പങ്കെടുത്തു കൊണ്ടിരുന്ന ശ്രീ. വാരണാസി വിഷ്ണുനമ്പൂതിരിയെ നാരായണൻ നമ്പൂതിരിയുടെ മരണവാർത്ത അറിയിക്കാതെയാണ് വാരണാസി ഇല്ലത്തേക്ക് സംഘാടകർ അയച്ചത്. 

മുൻനിരയിൽ ഇടത്തു നിന്നും ശ്രീ. ആയാങ്കുടി കുട്ടപ്പൻ മാരാർ, ശ്രീ. വെന്നിമല (കലാനിലയം) ബാബു, ശ്രീ വാരണാസി വിഷ്ണു നമ്പൂതിരി എന്നിവർ)     (ഫോട്ടോ : ഫേസ് ബൂക്കിനോട് കടപ്പാട്)

ഒരു കൂടുകുടുംബമായി ജീവിച്ചു വന്ന ജ്യേഷ്ഠനെയും ജ്യേഷ്ഠപുത്രന്മാരെയും പിരിയേണ്ടി വന്ന അനുഭവം കൊണ്ട് സദാ ക്ലേശിക്കുന്ന ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരിക്ക് എല്ലാ ദുഖത്തെയും താങ്ങി തന്റെ ജീവിതം മുന്നോട്ടു പോകാനുള്ള ധൈര്യവും മനശക്തിയും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ സ്മരണയ്ക്ക് മുൻപിൽ ഞാൻ ഒരു തുള്ളി കണ്ണീർ അഞ്ജലിയായി സമർപ്പിക്കുന്നു.

(കഥകളി കലാകാരൻ ശ്രീ. മധു വാരണാസി ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ പുത്രനാണ്.)

2014 നവംബർ 18, ചൊവ്വാഴ്ച

അണിയറയിൽ ഒരു അറസ്റ്റു വാറണ്ട്


ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള ആശാന്റെ സഹോദരൻ  ശ്രീ. ശങ്കരപ്പിള്ള അവർകൾ പോലീസ് ഉദ്യോഗസ്ഥനും ഒരു നല്ല കഥകളി ആസ്വാദകനുമായിരുന്നു. ഹരിപ്പാട്‌ പരിസരങ്ങളിൽ നടക്കുന്ന കളിയരങ്ങുകളുടെ മുൻപിൽ അദ്ദേഹം ഉണ്ടാകും. ഹരിപ്പാട്‌ ആശാനെപ്പോലെ തന്നെ ശ്രീ. ശങ്കരപ്പിള്ളയും  എന്റെ പിതാവുമായി ആത്മബന്ധം പുലർത്തിയിരുന്നു. 

    ഒരിക്കൽ എന്റെ പിതാവ് കുട്ടനാട്ടിലെ വീയപുരത്തുള്ള  ഒരു ക്ഷേത്രത്തിലെ  കഥകളിക്ക് അണിയറയിൽ ചുട്ടിക്ക് കിടക്കുമ്പോൾ എന്റെ പിതാവിന് അറസ്റ്റു വാറണ്ടുമായി രണ്ടു പോലീസുകാർ അവിടെയെത്തി. എന്റെ പിതാവ് ഭയന്നു പോയി. പോലീസ് അറസ്റ്റു ചെയ്യത്തക്ക കുറ്റം ഒന്നും ചെയ്തതായി എന്റെ പിതാവിന് ഒരു ഓർമ്മയുമില്ല. ഉത്സവക്കമ്മറ്റിക്കാരും  ചില നാട്ടുകാരും ഒന്ന് ചേർന്ന് പോലീസിനു എതിരായി ശബ്ദമുയർത്തി. ഈ സമയത്താണ്  ശ്രീ. ശങ്കരപ്പിള്ള അവർകൾ അവിടെ എത്തിയത്. അദ്ദേഹം ഈ വാറണ്ട് വാങ്ങി നോക്കി. അറസ്റ്റു വാറണ്ട് തന്നെയാണ് എന്ന് ഉറപ്പു വരുത്തി. 

പിന്നീട് ശ്രീ. ശങ്കരപ്പിള്ള അവർകൾ ഒരു അപേക്ഷ എഴുതി എന്റെ പിതാവിനെക്കൊണ്ട് ഒപ്പിടീച്ചു  പോലീസിനെ ഏൽപ്പിച്ചു. പോലീസ് മടങ്ങി. അടുത്തനാൾ കളി കഴിഞ്ഞ്
എന്റെ പിതാവും ശ്രീ. ശങ്കരപ്പിള്ളയും കൂടി നേരെ തിരുവനന്തപുരത്തുള്ള  പട്ടം പോലീസ് സ്റ്റേഷനിലേക്ക്  യാത്രയായി. പോലീസ് സ്റ്റേഷനിൽ എത്തിയ എന്റെ പിതാവിനെ പിന്നീട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 

ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള ആശാനും അദ്ദേഹത്തിൻറെ സഹോദരൻ ശ്രീ. ശങ്കരപ്പിള്ളയും.

                                    ശ്രീ. ഹരിപ്പാട്‌ ആശാനും ശ്രീ. ചെന്നിത്തല ആശാനും


പണ്ടുകാലത്ത് കഥകളിക്കു എഴുത്ത് മൂലം കലാകാരനെ ക്ഷണിച്ചാൽ സൗകര്യം അറിയിക്കും. കളിക്ക് കൂടാൻ സൌകര്യമാണ് എങ്കിൽ ക്ഷണിക്കുന്നവർ അഡ്വാൻസു തുക മണിയോർഡർ അയയ്ക്കും. കളി കഴിയുമ്പോൾ ഈ കളിപ്പണത്തിൽ ഈ അഡ്വാൻസു തുക കുറച്ചിരിക്കും. തിരുവനന്തപുരത്ത് ഒരിക്കൽ ഒരു കളിക്ക് എന്റെ പിതാവിന് സംഘാടകർ അയച്ച അഡ്വാൻസു തുക ലഭിച്ചില്ല.
ഈ വിവരം കളിയുടെ ചുമതലക്കാരോട് പിതാവ് പറഞ്ഞു. കളിയുടെ ചുമതലക്കാരിൽ ഒരുവൻ ഈ അഡ്വാൻസ് തുക ലഭിക്കാതെ വന്നത് കാണിച്ചു കൊണ്ട് തിരുവനന്തപുരം പോസ്റ്റ് മാസ്റ്റർ ജനറലിന് ഒരു പരാതി എഴുതി. അതിൽ എന്റെ പിതാവ് ഒപ്പിട്ടു കൊടുത്തു. പ്രസ്തുത പരാതി സംബന്ധിച്ച് അന്വേഷണം ഉണ്ടായപ്പോൾ ഒരു പോസ്റ്റൽ ഉദ്യോഗസ്ഥൻ അറസ്റ്റിലുമായി. അദ്ദേഹത്തിൻറെ പേരിൽ  നിരവധി കേസുകൾ. ഇതെല്ലം കോടതിയിൽ എത്തി. ഈ  അന്വേഷണത്തിന്റെ ഭാഗമായി പിതാവിന് സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരായില്ല എന്ന കാരണത്താലാണ്  പിതാവിന് അറസ്റ്റു വാറണ്ട് അയച്ചത്..
താൻ ഒരു കഥകളി നടൻ ആണെന്നും ഉത്സവകാലങ്ങളിൽ ഒരു അരങ്ങിൽ നിന്നും മറ്റൊരു അരങ്ങിലേക്കുള്ള യാത്രയും തിരക്കുമായിരുന്നതിനാൽ കോടതിയിൽ നിന്നും അയച്ച സമൻസ് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നും അതിനാൽ തനിക്ക് മാപ്പു നൽകണം എന്നും കോടതിയെ അറിയിച്ചു എന്റെ പിതാവ് തലയൂരുകയായിരുന്നു.