പേജുകള്‍‌

2014 മേയ് 22, വ്യാഴാഴ്‌ച

'ഇന്റർനെറ്റ് യുഗവും ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പും' ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥകളി ഫെസ്റ്റിവൽ -1

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നിന്നും കൊട്ടാരക്കര റൂട്ടിൽ കല്ലുകടവ് ജങ്ക്ഷനിൽ നിന്നും സുമാർ മൂന്നു കിലോമീറ്റർ ദൂരത്തിലുള്ള ഗ്രാമ പ്രദേശമാണ് മണ്ണൂർക്കാവ്. മണ്ണൂർക്കാവ്   ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കഥകളി. ഒരു വർഷത്തിൽ നൂറോളം കഥകളികൾ ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിൽ അരങ്ങേറാറുണ്ട് എന്നാണ്  ഔദ്യോകമായ അറിവ്.  മണ്ണൂർക്കാവ് ക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു കഥകളി കേന്ദ്രം പ്രവർത്തിച്ചു വരുന്നുണ്ട്. ശ്രീ. കലാമണ്ഡലം പ്രശാന്ത് (ചവറ, കൊല്ലം) അവർകളാണ് പ്രധാന കഥകളി അദ്ധ്യാപകൻ. 

                                                          മണ്ണൂർക്കാവ് ദേവീക്ഷേത്രം 
                                     മണ്ണൂർക്കാവ് ദേവീക്ഷേത്രത്തിലെ കഥകളി മണ്ഡപം

2014 മേയ് - 9 മുതൽ 18 വരെ പത്തു ദിവസങ്ങൾ നീണ്ടു നിന്ന പത്തു ദിവസത്തെ കഥകളി മഹോത്സവത്തിൽ കഥകളികൾ, കഥകളി സെമിനാറുകൾ, പഠന ക്ളാസുകൾ, ചർച്ചാവേദികൾ, കഥകളി demonstration, കഥകളി കോപ്പുകളുടെ പ്രദർശനം, കഥകളി ഫോട്ടോ പ്രദർശനം, ചൊല്ലിയാട്ട മത്സരം, മണ്ണൂർക്കാവ് വനദുർഗ്ഗാ പുരസ്കാര സമർപ്പണം എന്നിങ്ങനെയുള്ള വിവിധ പരിപാടികളാണ് അരങ്ങേറിയത്. പ്രസ്തുത പരിപാടികളുടെ വിവരങ്ങൾ സംബന്ധിച്ച്     ഇന്റർനെറ്റ്, ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പ് എന്നിവയിൽ വേണ്ടത്ര പബ്ളിസിറ്റി ഉണ്ടായിരുന്നില്ല എന്നതാണ് ഖേദകരമായ വിഷയം. 

മെയ് - 9-ന് ശ്രീ. എടവന ഗണപതി പോറ്റി രചിച്ച  ദാരികവധം, 10-ന് ശ്രീ. കല്ലൂർ നീലകണ്ഠൻ നമ്പൂതിരി രചിച്ച  ബാലിവിജയം, 11 ന് ശ്രീ. കോട്ടയത്തു തമ്പുരാൻ രചിച്ച  കിർമ്മീരവധം കഥയുടെ രണ്ടാംഭാഗം , 12 ന് ശ്രീ. അശ്വതി തിരുനാൾ രചിച്ച രുഗ്മിണീസ്വയംവരം, 13-ന് ശ്രീ. മധു, വാരണാസി എഴുതി ചിട്ട ചെയ്ത മഹാകവി കുമാരനാശാന്റെ കരുണ,    ശ്രീ. പേട്ടയിൽ രാമൻപിള്ള രചിച്ച ഹരിശ്ചന്ദ്രചരിതം, 14-ന് ശ്രീ. ഉണ്ണായി വാര്യർ രചിച്ച നളചരിതം കഥയിലെ  മൂന്നാംദിവസം  , 15 -ന് ശ്രീ. വയസ്കര നാരായണൻ മൂസ്സ് രചിച്ച ദുര്യോധനവധം, 16-ന് ശ്രീ. പന്നിശ്ശേരി നാണുപിള്ള അവർകൾ രചിച്ച  നിഴൽക്കുത്ത് , 17-ന് ശ്രീ. കൊട്ടാരക്കര തമ്പുരാൻ രചിച്ച  തോരണയുദ്ധം, 18-ന് ശ്രീ. കൊട്ടാരത്തിൽ ശന്കുണ്ണി രചിച്ച   ശ്രീരാമപട്ടാഭിഷേകം എന്നീ കഥകളാണ് അവതരിപ്പിച്ചത്. പത്തു കളികളും സമീപ പ്രദേശത്തുള്ള  പത്തു ഭക്തരുടെ  വഴിപാടായാണ് മണ്ണൂർക്കവിലമ്മയുടെ തിരുനടയിൽ സമർപ്പിച്ചത്. ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ പേര് രജിസ്റ്റർ ചെയ്തിരുന്ന കഥകളി ആസ്വാദകർക്ക്  ഭക്ഷണവും, താമസ സൗകര്യവും   ഒരുക്കിയിരുന്നു.

കേരളത്തിലെ തെക്കും വടക്കുമുള്ള പ്രസിദ്ധരായ കലാകാരന്മാർ മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു.  വേഷക്കരായി  പത്മഭൂഷണ്‍. മടവൂർ വാസുദേവൻ‌ നായർ, ശ്രീ. നെല്ലിയോട് വാസുദേവൻ‌ നമ്പൂതിരി, ശ്രീ. സദനം കൃഷ്ണൻ കുട്ടി, ശ്രീ. കോട്ടക്കൽ ചന്ദ്രശേഖരവാര്യർ, ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി, ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, ശ്രീ. ചാത്തന്നൂർ കൊച്ചുനാരായണപിള്ള, ശ്രീ. കലാമണ്ഡലം   രാജശേഖരൻ, ശ്രീ. കലാ: ബാലസുബ്രഹ്മണ്യൻ, ശ്രീ.കലാ: രാമകൃഷ്ണൻ,   ശ്രീ.കലാ: ശ്രീകുമാർ, ശ്രീ.കലാ: രാമചന്ദ്രൻ  ഉണ്ണിത്താൻ, ശ്രീ.കലാ:  രതീശൻ, ശ്രീ.കലാ:  രാമചന്ദ്രൻ,  ശ്രീ.കലാ: ഹരി ആർ. നായർ, ശ്രീ.കലാ: കേശവൻ നമ്പൂതിരി,   ശ്രീ.കലാ:  വിജയകൃഷ്ണൻ ഉണ്ണിത്താൻ,  ശ്രീ.കലാ: രവികുമാർ, ശ്രീ.കലാ:കൃഷ്ണപ്രസാദ്, ശ്രീ.കലാ:  ബാലകൃഷ്ണൻ,  ശ്രീ.കലാ: അനിൽകുമാർ, ശ്രീ. ശ്രീ.കലാ: പ്രശാന്ത്,  ശ്രീ.കലാ: ഗണേശൻ, ശ്രീ. ശ്രീ.കലാ: രാജീവൻ നമ്പൂതിരി ,   ശ്രീ. മാർഗി വിജയകുമാർ, ശ്രീ. ഏറ്റുമാനൂർ കണ്ണൻ, ശ്രീ. ഫാക്റ്റ് മോഹനൻ, ശ്രീ. ഫാക്റ്റ് ജയദേവവർമ്മ,  ശ്രീ. തലവടി അരവിന്ദൻ, ശ്രീ. അർക്കന്നൂർ ഗോപാലകൃഷ്ണൻ,  ശ്രീ. മധു വാരണാസി, ശ്രീ. കലാഭാരതി വാസുദേവൻ‌, ശ്രീ. കലാഭാരതി ഹരികുമാർ, ശ്രീ.ചിറയിൻകീഴ് മുരുകൻ തുടങ്ങിയവരും   ധാരാളം യുവ  കലാകാരന്മാരും  ശ്രീമതി. ചവറ പാറുക്കുട്ടി, ശ്രീമതി. കൊട്ടാരക്കര ഗംഗ, ശ്രീമതി. ഭദ്ര തുടങ്ങിയ കലാകാരികളും പങ്കെടുത്തു. 

ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടി, ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. ബാലചന്ദ്രൻ, ശ്രീ. രാജീവൻ, ശ്രീ. ഹരീഷ് നമ്പൂതിരി, ശ്രീ. സുധീഷ്‌, ശ്രീ. മോഹനകൃഷ്ണൻ, ശ്രീ. ബാബു നമ്പൂതിരി,  ശ്രീ. വിനോദ്, ശ്രീ. അജേഷ് പ്രഭാകർ,  ശ്രീ. സജീവൻ, ശ്രീ. കൃഷ്ണകുമാർ, ശ്രീ. വിഷ്ണു, ശ്രീ. വേങ്ങേരി നാരായണൻ, ശ്രീ. ശ്രീ. കോട്ടക്കൽ മനു, ശ്രീ. സന്തോഷ്‌,  ശ്രീ. അനീഷ്‌, ശ്രീ. പരിമണം മധു, ശ്രീ. കലാനിലയം സിനു, ശ്രീ. കലഭാരതി സുരേഷ് തുടങ്ങി ധാരാളം ഗായകരും  ശ്രീ. കലാമണ്ഡലം രാമൻ നമ്പൂതിരി, ശ്രീ. കൃഷ്ണദാസ്,  ശ്രീ. ശിവദാസൻ,  ശ്രീ. രാധാകൃഷ്ണൻ, ശ്രീ. വേണു മോഹൻ, ശ്രീ. ശ്രീഹരി,  ശ്രീ. ശ്രീകാന്ത് വർമ്മ,  ശ്രീ. ശ്രീവിൻ, ശ്രീ. ശ്രീരാജ്, ശ്രീ. രവിശങ്കർ,  ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, ശ്രീ. മുരളി, ശ്രീ. സുമേഷ്, ശ്രീ. മാർഗി വേണുഗോപാൽ, ശ്രീ. കലാനിലയം കൃഷ്ണകുമാർ, ശ്രീ. കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ, ശ്രീ. ഹരികുമാർ, ശ്രീ. രവീന്ദ്രൻ, ശ്രീ. അജികൃഷ്ണൻ, ശ്രീ. കലാഭാരതി രമണൻ, ശ്രീ. ജയശങ്കർ, ശ്രീ. അജികുമാർ, ശ്രീ. ഏവൂർ  മധു, ശ്രീ. ആർ. എൽ. വി. ജിതിൻ എന്നിവർ  മദ്ദളവും കൈകാര്യം ചെയ്തു.

മണ്ണൂർക്കാവ് വനദുർഗ്ഗാ പുരസ്കാരം ബഹുമാന്യ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ്‌ ചെന്നിത്തലയുടെ സാന്നിധ്യത്തിൽ പത്മഭൂഷണ്‍. മടവൂർ വാസുദേവൻ‌ നായർ അവർകൾക്ക് മലയാള മനോരമയുടെ കോ- ഓർഡിനേറ്റിംഗ് എഡിറ്റർ ശ്രീ. ബി. അജയകുമാർ കഥകളിയുടെ സമാപനദിനം മെയ് 18-ന് സമർപ്പിച്ചു. 

ശ്രീ. മുതുപിലക്കാട്‌ ചന്ദ്രശേഖരൻ പിള്ള, ശ്രീ. ചിങ്ങോലി പുരുഷോത്തമൻ, ശ്രീ. തിരുവല്ലാ പ്രതീപ്, ശ്രീ. മാർഗി ശ്രീകുമാർ, ശ്രീ. മുകുന്ദപുരം ഗോപൻ, ശ്രീ. കലാമണ്ഡലം വൈശാഖൻ എന്നിവരാണ് ചുട്ടി കൈകാര്യം ചെയ്ത കലാകാരന്മാർ.  ശ്രീ. തേവലക്കര രാജൻ പിള്ള, ശ്രീ. മുകുന്ദപുരം രാധാകൃഷ്ണപിള്ള, ശ്രീ. തുളസി,  ശ്രീ. പോരുവഴി വാസുദേവൻ‌ പിള്ള, ശ്രീ. മുളങ്കാടകം രമേശൻ,  ശ്രീ. പന്മന അരുണ്‍, ശ്രീ. ഏവൂർ അനു എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ച കലാകാരന്മാർ. 

നവരംഗം  മയ്യനാട്, ശ്രീകൃഷ്ണവിലാസം പോരുവഴി, കണ്ണംപള്ളിൽ ഏവൂർ എന്നീ കഥകളിയോഗങ്ങളിലെ കോപ്പുകളാണ് കളികൾക്കും കഥകളി കോപ്പുകളുടെ പ്രദർശനത്തിനും ഉപയോഗിച്ചത്.


2014 മേയ് 4, ഞായറാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച രാവണോത്ഭവം കഥകളി

ചെന്നൈയിലെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചു വരുന്ന ഉത്തരീയം കഥകളി സംഘടനയുടെ പന്ത്രണ്ടാമത് കഥകളി പ്രോഗ്രാം  2014- മെയ് മൂന്നിന് വൈകിട്ട് ആറുമണിക്ക് ചെന്നൈ ബസന്ത് നഗറിലുള്ള നമ്പർ.1, എല്ലിയോട്സ് ബീച്ച് റോഡിൽ അവതരിപ്പിച്ചു.     വൈകിട്ട് അഞ്ചരമണിയ്ക്ക്   കേളിയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.

                                                            കേളി അവതരണം

ശ്രീ.കല്ലേക്കുളങ്ങര രാഘവപ്പിഷാരടി അവർകൾ  എഴുതിയ രാവണോത്ഭവം കഥയിലെ പ്രധാന  രംഗമാണ് അവതരിപ്പിച്ചത്.   തിരനോക്കിനു ശേഷം  തന്റേടാട്ടമായാണ് അവതരണാരംഭം. "എനിക്ക് സുഖം ഭവിച്ചു. അതിനുള്ള കാരണം എന്താണ് " എന്ന ആത്മഗതത്തോടെ ആരംഭിച്ച്  ബ്രഹ്മാവിനെ വർഷങ്ങളോളം കൊടും തപസ്സു ചെയ്ത് ആഗ്രഹിച്ച വരസിദ്ധികളെല്ലാം നേടിയെടുത്ത  കഥ ആത്മഗതം പോലെ വിസ്തരിക്കുകയാണ്   രാവണൻ.  

                                                 തിരനോട്ടം 

 കിടന്നുറങ്ങുവാൻ പോലും  സ്വന്തമായി ഒരിടമില്ലാതെ മധുവനത്തിൽ  രാവണനും സഹോദരന്മാരും   മാതാവായ  കൈകസിയുമൊത്ത്  വസിക്കുന്ന  കാലത്ത് ഒരു ദിവസം രാവണൻ ക്ഷീണാധിക്ക്യത്താൽ മാതാവിന്റെ മടിയിൽ തലവെച്ച് ഉറങ്ങി. എന്തോ ആസാധാരണ ശബ്ദം കേട്ട് ആകാശത്തേക്ക് ശ്രദ്ധിച്ച കൈകസി തന്റെ ഭർത്താവായ വിശ്രവസ്സിന്റെ മറ്റൊരു മകനും  ലങ്കാവാസിയുമായ  വൈശ്രവണൻ പുഷ്പകവിമാനത്തിൽ യാത്ര ചെയ്യുന്നതു കണ്ടു. സമ്പൽസമൃദ്ധി നിറഞ്ഞ  വൈശ്രവണന്റെ പദവിയും പ്രതാപജീവിതവും തന്റെ പുത്രനായ രാവണന്റെ പരിതാപമായ അവസ്ഥയെ പറ്റിയും കൈകസി ചിന്തിച്ചപ്പോൾ ആ കണ്ണുകൾ കലങ്ങി.  കണ്ണുനീർ  ശരീരത്തിൽ പതിച്ചപ്പോൾ രാവണന് ഉറക്കതടസ്സം നേരിട്ടു. രാവണൻ  എഴുനേറ്റ്  മാതാവിന്റെ ശോകകാരണം തിരക്കി. മാതാവിന്റെ ശോകകാരണം മനസിലാക്കിയ രാവണൻ "ആ നിസ്സാരനായ വൈശ്രവണനും  ഞാനും  എങ്ങിനെ സമമാകും? ഞാൻ വൈശ്രവണന്റെ കൈകാൽ ബന്ധിച്ച് അമ്മയുടെ കാലടികളിൽ എത്തിക്കാം" എന്ന് പറഞ്ഞ് സമാധാനപ്പെടുത്തി. സർവലോകങ്ങളെയും ജയിക്കാനായി ബ്രഹ്മാവിനെ തപസ്സു ചെയ്ത് വരസിദ്ധികൾ നേടാനായി  മാതാവിന്റെ  അനുവാദത്തോടും  അനുഗ്രഹത്തോടും കൂടി രാവണൻ യാത്ര തിരിക്കുന്നു.

 തപസ്സിന് ഏറ്റ ഇടമായി രാവണൻ ഗോകർണ്ണക്ഷേത്രം തിരഞ്ഞെടുത്തു. സഹോദരന്മാരായ കുംഭകർണ്ണനെയും വിഭീഷണനെയും കണ്ട് അവരെയും തപസ്സു ചെയ്യാനായി ക്ഷണിച്ചു. തപസ്സു ചെയ്ത് ദേവന്മാരെ ജയിക്കാനുള്ള വരം നേടാൻ ഇരുവർക്കും നിർദ്ദേശം നൽകി അവരെ അനുഗ്രഹിച്ച് രാവണൻ ഗോകർണ്ണക്ഷേത്രത്തിൽ എത്തി. നാലു മൂലയിൽ വിറകുകൾ അടുക്കി, സ്നാനം കഴിഞ്ഞ് ഭസ്മലേപനവും ചെയ്ത ശേഷം    വിറകിൽ തീ പിടിപ്പിച്ച് അഗ്നിപൂജയും ചെയ്തു. അഞ്ചാമത്തെ (പഞ്ചാഗ്നി) അഗ്നിയായി സൂര്യദേവനെകണ്ട് എന്റെ അനുവാദമില്ലാതെ ചലിക്കരുത്  എന്ന് നിർദ്ദേശവും നൽകി. രാവണൻ ഘോരതപസ്സു തുടങ്ങി. വർഷങ്ങൾ കഴിഞ്ഞിട്ടും ബ്രഹ്മാവ് പ്രത്യക്ഷമാകായ്കയാൽ  രാവണൻ കണ്ണുതുറന്നു. ബ്രഹ്മദേവനെ പ്രീതിപ്പെടുത്തുവാനുള്ള മാർഗ്ഗം എന്താണ് എന്നാലോചിച്ചു. ഒരു ശിരസ്സ്‌ ത്യാഗം ചെയ്യുക എന്നുറപ്പിച്ച് ഒരു കയ്യാൽ ഒരു സിരസ്സിന്റെ മുടിയിൽ പിടിച്ചു കൊണ്ട് മറ്റൊരു കയ്യാൽ വാളൂരി ആ ശിരസ്സ് അറുത്ത് അഗ്നിയിൽ ഹോമിച്ച് പൂജ ചെയ്ത ശേഷം വീണ്ടും ഘോരതപസ്സിൽ മുഴുകി.

 വർഷങ്ങൾ കഴിഞ്ഞ് വീണ്ടും രാവണൻ കണ്ണുകൾ തുറന്നു. ബ്രഹ്മാവ് പ്രത്യക്ഷമാകാത്തതിനാൽ ഒരു തലയൊഴിച്ച് എല്ലാ തലകളും അറുത്ത് അഗ്നിയിൽ ഹോമിക്കുക എന്ന് തീരുമാനിച്ചു. രാവണൻ തന്റെ ഒരു തലയൊഴികെ മറ്റു തലകൾ അറുത്ത് അഗ്നിയിൽ ഹോമിച്ച ശേഷം ഒറ്റക്കാലിൽ തപസ്സുതുടങ്ങി. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ബ്രഹ്മാവ്‌ പ്രത്യക്ഷമാകാതെ വന്നപ്പോൾ, ഒരു ഭക്തനെ നിരസിച്ച കാരണത്താൽ തന്റെ നാശം കൊണ്ട് ബ്രഹ്മദേവന് ദുഷ്കീർത്തി ഉണ്ടാകട്ടെ എന്ന് കരുതി ശേഷിച്ച ഒരു സിരസ്സുകൂടി അറുത്ത് ഹോമിക്കുവാൻ രാവണൻ തീരുമാനിച്ചു. ഒരു ഇടതുകൈ  കൊണ്ട് ശിരസ്സിൽ പിടിച്ച് ഒരു വലതുകൈ കൊണ്ട് വാളെടുത്ത് ശിരസ്സ് അറുക്കാൻ തുടങ്ങിയപ്പോൾ ബ്രഹ്മാവ് പ്രത്യക്ഷനായി രാവണനെ തടഞ്ഞു. രാവണന്റെ നഷ്ടപ്പെട്ട എല്ലാ സിരസ്സുകളും ബ്രഹ്മപ്രീതിയാൽ പൂർവസ്ഥാനത്ത് ഉണ്ടായി. രാവണൻ സന്തോഷവാനായി. 
ത്രിലോകാധിപസ്ഥാനം, കണക്കില്ലാത്തത്ര സമ്പത്ത്,   പത്തു ദിശകളിലും കീർത്തിമാൻ  സ്ഥാനം, ഒരു മനുഷ്യനാലല്ലാതെ വേറാരാലും വധിക്കപ്പെടരുത് എന്നിങ്ങനെയുള്ള വരങ്ങൾ ബ്രഹ്മാവിൽ നിന്നും രാവണൻ നേടിയെടുത്ത ശേഷം സന്തോഷവാനായി സഹോദരങ്ങളെ കണ്ട് അവരുടെ തപനേട്ടങ്ങൾ അറിയുവാൻ തീരുമാനിച്ചു. 

രാവണൻ

                                                                       രാവണൻ

സഹോദരന്മാരായ കുംഭകർണ്ണനെയും വിഭീഷണനെയും രാവണൻ കണ്ടു.  തപസ്സുമൂലം ബ്രഹ്മാവിൽ നിന്നും താൻ ആഗ്രഹിച്ചതുപോലെ എല്ലാ വരങ്ങളും നേടിയെടുത്തുവെന്നും ഈ ലോകത്തെ ജയിക്കാൻ താൻ ഒരുവൻ മാത്രം മതിയെന്നും അറിയിച ശേഷം   നിങ്ങൾ നേടിയ വരങ്ങളെ പറ്റി പറഞ്ഞാലും എന്ന് രാവണൻ ആവശ്യപ്പെടുന്നു. 

ഇന്ദ്രപദവി  ആഗ്രഹിച്ചു തപസ്സു ചെയ്തുവെങ്കിലും നേടിയത് നിദ്രാപദവിയാണ് എന്ന്  വളരെ വിഷമത്തോടെ കുംഭകർണ്ണൻ രാവണനെ അറിയിച്ചു. വിഷ്ണുഭക്തനാകാനുള്ള തന്റെ ആഗ്രഹം സഫലീകരിച്ചു എന്ന് വിഭീഷണനും അറിയിച്ചപ്പോൾ കോപത്തോടും  ലജ്ജയോടും പരിഹാസത്തോടും രാവണൻ അവരെ നിന്ദിച്ചയച്ചു. സഹോദരങ്ങളുടെ ഒരു സഹായവും ഇല്ലാതെ സർവലോകത്തെയും വെല്ലാൻ തനിക്കാവും എന്ന് രാവണൻ അഹങ്കരിക്കുന്നതോടെ രംഗം അവസാനിക്കുന്നു. 

രാവണോത്ഭവം കളിയുടെ വിജയത്തിന് ഏറ്റവും പ്രധാനമായുള്ള ഘടകങ്ങൾ  മികച്ച ചൊല്ലിയാട്ടവും അഭ്യാസസബലവും നേടിയ രാവണനടന്റെ പ്രകടനവും അതിനേറ്റ ഉജ്വലമായ മേളപ്രകടനവുമാണ്.   രാവണനായി രംഗത്തെത്തിയ കഥകളിയിലെ യുവ തലമുറയിലെ ശ്രദ്ധേയനായ കലാകാരൻ ശ്രീ. കലാമണ്ഡലം പ്രതീപ്,  വളരെ അഭിനന്ദനീയമായ  പ്രകടനമാണ് കാഴ്ചവെച്ചത്.  ശ്രീ. കലാമണ്ഡലം ബാലസുന്ദരൻ, ശ്രീ. കലാമണ്ഡലം വേണുമോഹൻ എന്നിവരുടെ ചെണ്ടയും ശ്രീ. കലാമണ്ഡലം ഹരിദാസൻ, ശ്രീ. കലാമണ്ഡലം വൈശാഖ് എന്നിവരുടെ മദ്ദളവും ചേർന്നുള്ള മേളപ്രകടനം കളിയെ വിജയത്തിലെത്തിച്ച ഉജ്വല പ്രകടനം തന്നെയായിരുന്നു . 

തന്റെ മാതാവ് വൈശ്രവണന്റെ പ്രതാപ ജീവിതത്തെ പറ്റി ചിന്തിച്ചു വേദനപ്പെടുമ്പോൾ വൈശ്രവണനെ വെറും നിസ്സാരനായി കരുതിയുള്ള പുശ്ചം, ഗംഭീരമായ  തപസ്സാട്ടം, രംഗാനുസൃണമായ അലർച്ച, ബ്രഹ്മാവിൽ നിന്നും എല്ലാ വരങ്ങളും  നേടിയെടുത്ത ശേഷം ബ്രഹ്മാവിനെ വെറും നിസ്സാരനായി കണ്ട് "പോയില്ലേ" എന്നുള്ള പരിഹാസചോദ്യവും എന്നാൽ ഇനി പോകൂ എന്ന് ബ്രഹ്മാവിന് നൽകുന്ന ആജ്ഞ,    ആകാരത്താൽ  ശക്തിമാനായ കുംഭകർണ്ണൻ വർഷങ്ങളോളം തപസ്സു ചെയ്ത്   നിദ്രത്വം നേടിയതിലും വിഭീഷണൻ   വിഷ്ണുഭക്തിമാൻ എന്ന പദവി നേടി പരിഹാസപാത്രമായി തീർന്നതിലുള്ള   കോപം, ലജ്ജ, അപമാനം  എന്നിവയും സമസ്ത ലോകത്തെയും വെല്ലാൻ താൻ ഒരാൾ മതി എന്നുള്ള അഹങ്കാരം എന്നിവ വളരെ ഭംഗിയായി പ്രതീപ് അവതരിപ്പിച്ചു.  

 സഹോദരിക്ക് അനുയോജ്യനായ ഒരു വരനെ തേടി  വിവാഹം ചെയ്തുകൊടുക്കണം (രണ്ടു സഹോദരങ്ങളുടെ ജന്മം പാഴായിപോയതിനാൽ) എന്ന കടമ ഉണർവോടെയാണ് രാവണൻ രംഗം അവസാനിപ്പിച്ചത്. വരസിദ്ധി ഒരു അപദ്ധമായിത്തീർന്നതിലുളള നിരാശയും സംഭവിച്ചത് ജ്യേഷ്ഠനെ അറിയിക്കുവാനുള്ള ഭയവും ശ്രീ. കലാമണ്ഡലം ബാജിയോ അവതരിപ്പിച്ച കുംഭകർണ്ണനിൽ പ്രകടമായിരുന്നു. ശ്രീ. കലാമണ്ഡലം ശിബി ചക്രവർത്തി വിഭീഷണനായും രംഗത്തെത്തി കഥാപാത്രത്തെ വിജയകരമായി അവതരിപ്പിച്ചു.  


                                               രാവണൻ, വിഭീഷണൻ, കുംഭകർണ്ണൻ 

കുംഭകർണ്ണനെയും  വിഭീഷണനെയും രാവണൻ കണ്ട് തപനേട്ടങ്ങൾ അറിയുന്ന രംഗാവസാനത്തിൽ മാത്രമാണ് സംഗീതത്തിന് പ്രാധാന്യമുള്ളത്.  ശ്രീ. അത്തിപ്പറ്റ രവി, ശ്രീ. പനയൂർ കുട്ടൻ എന്നിവർ വളരെ ഭംഗിയായി സംഗീതം ചെയ്ത് കളി വിജയിപ്പിച്ചു. ശ്രീ. കലാമണ്ഡലം സതീശൻ അവർകൾ ചുട്ടിയും ശ്രീ. കോട്ടക്കൽ കുഞ്ഞിരാമൻ, ശ്രീ. ഉണ്ണികൃഷ്ണൻ ശ്രീ. രാജൻ എന്നിവർ അണിയറ ശിൽപ്പികളായി പ്രവർത്തിച്ച്‌ കളിയുടെ  വിജയത്തിന്റെ പങ്കാളികളായി. 

 ചെന്നൈയിലുള്ള എല്ലാ  കലാസ്നേഹികളുടെയും  ആത്മാർത്ഥമായ സഹകരണം 'ഉത്തരീയം' സംഘടനയ്ക്ക് ഉണ്ടാകണം എന്ന് എന്റെ വിനീതമായ അപേക്ഷ. 

2014 മേയ് 2, വെള്ളിയാഴ്‌ച

രംഭാപ്രവേശം



കേരളത്തിന്റെ അഭിമാനകലാരൂപമെന്ന്   വാഴ്ത്തപ്പെടുന്ന കഥകളിയിൽ സ്ത്രീകൾക്ക് ഇടമില്ല എന്ന വിഷയത്തെക്കുറിച്ച് പ്രസിദ്ധ കഥകളി ആചാര്യൻ ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ അഭിമുഖം സംബന്ധിച്ച് ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പിൽ ഒരു ചർച്ച നിലവിലിരിക്കുന്ന സന്ദർഭത്തിലാണ് ഈ പോസ്റ്റ് ഞാൻ എന്റെ ബ്ളോഗ് വായനക്കാർക്ക് സമർപ്പിക്കുന്നത്. 

 1, സിനിമയിലേപ്പോലെ ഇഴുകിച്ചേർന്ന് അഭിനയിക്കാൻ കഥകളിയിൽ ബുദ്ധിമുട്ടുണ്ട്. കെട്ടിപ്പിടിയ്ക്കലടക്കമുള്ളവ, ലോകധർമ്മിയായ അഭിനയം ചേർന്നു ചെയ്യാൻ പുരുഷനടന്മാർക്കും ബുദ്ധിമുട്ട്.
 
2. സ്ത്രീകൾ വേഷങ്ങൾ ചെയ്താൽ നന്നാവില്ല എന്നല്ല, പക്ഷേ പുരുഷന്മാർ ചെയ്യുന്നത്ര തന്മയത്വം വരില്ല എന്നൊരു മുൻവിധിയുണ്ട്. അതുകൊണ്ടാവണമല്ലോ സ്ത്രീകൾ വേണ്ട എന്നു നിശ്ചയിച്ചത്.
 
 3,  സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ ദീർഘകാലം കഥകളിയിൽ മുന്നോട്ടു പോവാൻ പലകാരണങ്ങൾ കൊണ്ടും കഴിഞ്ഞെന്നു വരില്ല.

ഈ മൂന്നു വാദങ്ങളാണ് പ്രധാനമായി അദ്ദേഹം മുൻവെച്ചിട്ടുള്ളത്‌. ഇതിൽ ഒന്നാമത്തെ വാദം വളരെ പ്രസക്തിയുള്ളതാണ് എങ്കിലും സിനിമയിലെ പോലുള്ള, ലോകധർമ്മി പരമായ ഇഴുകി ചേർന്നുള്ള അഭിനയിക്കൽ വളരെ വിരളമായ ചില കഥാപാത്രങ്ങൾക്കു മാത്രമേ വിധിച്ചിട്ടുള്ളൂ.    ഇതിൽ കൂട്ടുവേഷക്കാരന്റെ പ്രവർത്തികളിൽ സംശയത്തിനുള്ള വക കലാകാരിക്ക് ഉണ്ടാകാതെ ശ്രദ്ധിക്കേണ്ട ചുമതല നടന് ഉണ്ട് എന്നത് വളരെ പ്രസക്തമായ വിഷയമാണ്. കഥകളിയിൽ അങ്ങിനെ ഉണ്ടായിട്ടുള്ള സംഭവങ്ങളും വളരെ വിരളമാണ്. 

രണ്ടാമത്തെ വിഷയമായ സ്ത്രീകൾക്ക് തന്മയത്തം കുറവാണ് എന്ന് പറയുന്നതിനോട്    എനിക്ക് ഒരു യോജിപ്പും ഇല്ല. 1970 - കളിലാണ് ഞാൻ ഏറ്റവും കൂടുതൽ കഥകളി കണ്ടു നടന്നിട്ടുള്ളത്. ആ കാലയളവിൽ സംഗീതം, മേളം എന്നിവയ്കാണ് സ്ഥാപനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സാന്നിദ്ധ്യം ദക്ഷിണ കേരളത്തിൽ  വളരെ കൂടുതൽ ഉണ്ടായിരുന്നത്. അക്കാലത്ത്  ആലപ്പുഴ ജില്ലയിലെ അറവുകാട് ക്ഷേത്രത്തിൽ നടന്ന ഒരു കളി ഇന്നും  ഓർമ്മയിൽ ഉണ്ട്. ശ്രീ. ഹൈദരാലിയുടെ  സംഗീതം, ശ്രീ. സദനം വാസുദേവൻ‌ ശ്രീ. സദനം ശ്രീധരൻ എന്നിവർ പ്രധാന മേളക്കാർ, കഥകൾ നളചരിതം രണ്ടാം ദിവസവും കിരാതവും. ബ്രഹ്മശ്രീ. മാങ്കുളം തിരുമേനി, ശ്രീ. പള്ളിപ്പുറം ആശാൻ, ശ്രീ. ചമ്പക്കുളം ആശാൻ, ശ്രീ. ചെന്നിത്തല ആശാൻ എന്നിവരായിരുന്നു പ്രധാന നടന്മാർ.  പാറുക്കുട്ടി ചേച്ചിയും കളിക്ക് ഉണ്ടായിരുന്നു. അക്കാലത്തും   കഥകളി ലോകത്തിൽ ഏറ്റവും പ്രസിദ്ധി നേടിയിരുന്ന  കലാകാരി ശ്രീമതി. ചവറ പാറുക്കുട്ടി ചേച്ചിയാണ്. ചേച്ചിയുടെ അന്നത്തെ ദമയന്തി ഒരിക്കലും മറക്കാനാവാത്ത അനുഭവം തന്നെ ആയിരുന്നു. അന്നത്തെ കളിക്ക് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ചേച്ചി വിവാഹിതയാകുവാൻ പോകുന്നു, അറവുകാട് ക്ഷേത്രത്തിലെ കളിയ്ക്കാവും  അവസാനമായി വേഷം ചെയ്യുക എന്ന് ഒരു വാർത്ത പരന്നിരുന്നു. വിവാഹ ശേഷം കുറെ വർഷങ്ങൾ കഥകളി അരങ്ങുകളിൽ നിന്നും വിട്ടുനിന്നിരുന്നു എങ്കിലും പിന്നീട് സജീവമായി മടങ്ങി എത്തുകയായിരുന്നു. കഥകളിയിലെ എല്ലാ സ്ത്രീ വേഷങ്ങളുടെ അവതരണത്തിലും ചിന്തിച്ചു പ്രവർത്തിക്കുന്ന രീതിയാണ് ചേച്ചിയിൽ കണ്ടിട്ടുള്ളത്. കീചകവധത്തിൽ സൈരന്ധ്രി, ദുര്യോധനവധത്തിൽ പാഞ്ചാലി ബാണയുദ്ധത്തിലെ ഉഷ എന്നീ വേഷങ്ങളുടെ അവതരണത്തിൽ ആ പ്രത്യേകതകൾ മനസിലാക്കുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ദേവയാനീചരിതം കഥയിലെ ദേവയാനി, നിഴൽകുത്തിലെ മലയത്തി എന്നീ കഥാപാത്രങ്ങളുടെ അവതരണത്തിന്റെ  പല രീതികളും കൂട്ടുവേഷക്കാരുമായി ആലോചിച്ചു ചെയ്യുന്ന രീതിയാണ് ചേച്ചിയുടേത്.   പുതിയ കഥകൾ അവതരിപ്പിച്ചു കണ്ടിട്ടുള്ള അവസരങ്ങളിൽ കഥാകൃത്തിന്റെ ഉദ്ദേശം മനസിലാക്കി അവർ അഭിനന്ദിക്കുന്ന രീതിയിലുള്ള മനോധർമ്മ പ്രകടനം ചേച്ചിയിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രത്യേകതയാണ്. തുളസീവനം രചിച്ച ഭട്ടാരകവിജയം കഥയിലെ കാന്തിമതി എന്ന കഥാപാത്രവും   ശ്രീ. കളർകോട് നാരായണൻ നായർ അവർകൾ രചിച്ച ശ്രീരാമസ്വർഗ്ഗാരോഹണം കഥയിലെ ഊർമ്മിള എന്ന കഥാപാത്രവും  ഇതിന്  ഉത്തമ  ഉദാഹരണങ്ങളാണ്. 

വനവാസകാലത്ത് ശ്രീരാമനോടൊപ്പം സീതയും ലക്ഷ്മണനും ഉണ്ടായിരുന്നു.  ഈ കാലയളവിൽ ലക്ഷ്മണപത്നിയായ ഊർമ്മിള വിരഹിണിയായി കൊട്ടാരത്തിൽ വസിക്കുകയായിരുന്നു. ശ്രീരാമപട്ടാഭിഷേകം കഴിഞ്ഞ് ഗർഭിണിയായ സീത, വനവാസകാലത്ത്  താൻ കണ്ടു രസിച്ച കാനനഭംഗി കാണണം എന്നുള്ള ആഗ്രഹം ശ്രീരാമനെ അറിയിച്ചു. പത്നിയുടെ ഗർഭകാലാഭിലാഷം സാധിച്ചു കൊടുക്കുക എന്ന പേരിൽ സീതയെ വനത്തിൽ കൂട്ടിപ്പോയി ഉപേക്ഷിക്കുന്ന    വഞ്ചനയ്ക്കും  ലക്ഷ്മണനെയാണ് ശ്രീരാമൻ നിയോഗിച്ചത്. ശ്രീരാമന്റെ കൊട്ടാരത്തിൽ ഉണ്ടായ ഒരു സംഭവത്തിന്റെ പേരിൽ ലക്ഷ്മണനെ മരിച്ചവൻ എന്ന് സങ്കൽപ്പിച്ച് ഉപേക്ഷിക്കുവാൻ (പടി അടച്ചു പിണ്ണം വെയ്ക്കൽ എന്ന സമ്പ്രദായം) ശ്രീരാമൻ തയ്യാറായി. ഇതിൽ പ്രതിഷേധിച്ച് വികാരാധീനയായി, ഭക്തി വിട്ട് ശ്രീരാമനെ നേരിടുന്ന ഊർമ്മിള എന്ന കഥാപാത്രത്തെ ചേച്ചി അവതരിപ്പിച്ചു കണ്ട അനുഭവം എനിക്ക് ഉണ്ട്. ചേച്ചി അല്ലാതെ ആര് അവതരിപ്പിച്ചാലും ആ കഥാപാത്രം അത്ര നന്നാവുകയില്ല എന്ന ഒരു തോന്നൽ മനസിലുണ്ടാവും വിധമായിരുന്നു അവതരണം.

 പുരുഷന്മാരെപോലെ ദീർഘകാലം കഥകളിയിൽ മുന്നോട്ടു പോകാൻ സ്ത്രീകൾക്ക് സാധിക്കുന്നില്ല എന്ന മൂന്നാമത്തെ വിഷയത്തോട്  എനിക്ക് പൂർണ്ണ യോജിപ്പാണ് ഉള്ളത്.  ജോലിക്ക് പോകുന്നത് ഭർത്താവിന് ഇഷ്ടമല്ല എന്നു പറഞ്ഞ് ജോലി ഉപേക്ഷിച്ച സ്ത്രീകളുടെ കഥകൾ ധാരാളമുള്ള നാട്ടിലാണല്ലോ നാം ജീവിക്കുന്നത്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും സഹകരണം ഇല്ലെങ്കിൽ ഒരു നടിക്ക് കഥകളി ലോകത്തിൽ പിടിച്ചു നിൽക്കാനാവില്ലാ  എന്നത് സത്യം തന്നെയാണ്. ഒരു കഥകളി കലാകാരനെ വിവാഹം ചെയ്ത സ്ത്രീ, തന്റെ ഭർത്താവ് രാത്രിയിൽ പുറത്തെങ്ങും പോകരുതെന്ന് നിർബ്ബന്ധം പിടിക്കുകയും  ഒടുവിൽ വിവാഹബന്ധം വേർപെടുത്തേണ്ടി വന്ന അനുഭവ കഥകളും  ഉണ്ട്. 
 

  പ്രസിദ്ധ കഥകളി ആചാര്യൻ ശ്രീ. വാഴേങ്കട കുഞ്ചുനായർ ആശാൻ, ശ്രീ. ചമ്പക്കുളം ആശാൻ, ശ്രീ. മങ്കൊമ്പ് ആശാൻ, ശ്രീ. ചെന്നിത്തല ആശാൻ തുടങ്ങിയവരും      1960- 1970 കാലത്ത്  തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന   'വികടകേസരി' പത്രത്തിന്റെ എഡിറ്ററും പ്രസിദ്ധ കഥകളി വിമർശകനുമായിരുന്ന ശ്രീ. ഉള്ളൂർ കൃഷ്ണൻനായരും ഉൾപ്പെടുന്ന ചിത്രവും അതിൽ  "ഇതൊരു രസമാണ് ' എന്ന തലക്കെട്ടോടു കൂടിയ പേപ്പർക്കട്ടിംഗ് ഫേസ് ബുക്കിൽ ഒരു സുഹൃത്ത് അപ്പ്‌ലോഡ് ചെയ്തിരുന്നു.   പ്രസ്തുത ചിത്രത്തിൽ ഒരു സ്ത്രീരത്നവും  ഉണ്ട്. "കഥകളിയുടെ വസന്തകാലം" എന്ന് കഥകളി ആസ്വാദകരാൽ വിശേഷിപ്പിച്ചിരുന്ന അറുപതുകളിൽ ദക്ഷിണ കേരളത്തിലെ കഥകളി അരങ്ങുകളിൽ നിറസാന്നിദ്ധ്യമായിരുന്ന ശ്രീമതി. പെരുന്ന ലീലാമണിയാണ് പ്രസ്തുത സ്ത്രീരത്നം. 

ഫേസ് ബുക്ക്‌ പോസ്റ്റുകളിൽ ഞാൻ ശ്രീമതി. പെരുന്ന ലീലാമണി അവർകളെ പറ്റി ഒരിക്കൽ സൂചിപ്പിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ആശാൻ, മാങ്കുളം വിഷ്ണുനമ്പൂതിരി, ചെങ്ങന്നൂർ ആശാന്റെ ശിഷ്യന്മാർ തുടങ്ങിയ കലാകാരന്മാരോടൊപ്പം കഥകളി അരങ്ങുകളിൽ സജീവമായി പങ്കെടുത്തു കൊണ്ടിരുന്ന കാലത്താണ് ലീലാമണി  പ്രസിദ്ധ സിനിമാഗാന സംവിധായകനായിരുന്ന ദേവരാജൻ മാസ്റ്ററുടെ പത്നീപദവി നേടിയത്.      വിവാഹശേഷം തന്റെ കഥകളി പ്രവർത്തനം  ലീലാമണിക്ക് ഉപേക്ഷിക്കേണ്ടിവന്നു. 1975-1976 കാലഘട്ടത്തിൽ കോട്ടയം ജില്ലയിലെ മണിമലക്ക് സമീപമുള്ള ഏറത്തുവടകര എന്ന ഗ്രാമത്തിലുള്ള എന്റെ ബന്ധുവീട്ടിൽ എത്തിയ എന്റെ മുത്തശിയെ കാണാനായി ഒരു അയൽവാസിയായ ഒരു സ്ത്രീ എത്തി. അവർ മുത്തശിയെ അവരുടെ വീട്ടിലേക്കുകൂട്ടിപ്പോയി സ്വീകരിച്ചു. എന്റെ പിതാവിന്റെ കൂടെ ധാരാളം അരങ്ങുകളിൽ കൂട്ടുവേഷം ചെയ്തിരുന്ന ശ്രീമതി. പെരുന്ന  ലീലാമണിയുടെ സഹോദരിയായിരുന്നു ആ സ്ത്രീ.

കഥകളിയിൽ ഒരു രംഗം അവസാനിപ്പിക്കുമ്പോൾ രംഗത്തിന്റെ പൂർണ്ണതയ്ക്കായി ഒരു  ഇളകിയാട്ടം പതിവ് ഉണ്ടല്ലോ.  അത്തരത്തിൽ ഒരു ചെറിയ ഇളകിയാട്ടത്തോടെ ഈ പോസ്റ്റും അവസാനിപ്പിക്കുന്ന തണല്ലോ ഭംഗി. അതുകൊണ്ട് നമുക്കിനി ഒരു ചെറിയ കഥയിലേക്ക് പോകാം. 
 പണ്ടു  കാലത്തും ധാരാളം പെണ്‍കുട്ടികൾ കഥകളി അഭ്യസിച്ചിട്ടുണ്ട്. അവരിൽ മിക്കവരും വിവാഹത്തോടെ കഥകളി  അവസാനിപ്പിച്ചതായാണ് അനുഭവം. കഥകളി പഠിക്കുന്ന കാലത്തു തന്നെ പലവേഷങ്ങളും തന്നെ അഭ്യസിപ്പിച്ച ഗുരുവിനോട് ഒപ്പമോ അല്ലെങ്കിൽ സഹപാഠികളോട്  ഒപ്പമോ മാത്രമേ ചെയ്യൂ എന്നൊക്കെ വാശിപിടിച്ചിട്ടുള്ള പെണ്‍കുട്ടികൾ  ഉണ്ട്. എന്നാൽ ഒരു  ചിലർ ഏതു വേഷമായാലും, ഏതു അരങ്ങിലായാലും എത്ര പ്രസിദ്ധനായ കലാകാരന്റെ കൂട്ടുവേഷമായാലും ധൈര്യമായി കൈകാര്യം  ചെയ്തിട്ടുള്ള കഥകളും ഉണ്ട്. അത്തരത്തിലുള്ള ഒരു കലാകാരി രംഭയായും   ഒരു പ്രസിദ്ധനായ നടൻ  രംഭാപ്രവേശത്തിൽ രാവണനുമായി ഒരു അരങ്ങിൽ എത്തിയ പഴയ   കാലമാണ് കഥാ സന്ദർഭം. 

രാവണനടന്റെ വിവാഹം കഴിഞ്ഞ്  രണ്ടോ മൂന്നോ മാസങ്ങൾക്കു ശേഷമാണ് സംഭവം. നടന്റെ ഗൃഹത്തിന് സമീപപ്രദേശത്തുളള  ക്ഷേത്രത്തിൽ ഒരു കഥകളി ഉണ്ടായി. ഭർത്താവിന്റെ കഥകളി വേഷം കാണുവാനുള്ള അതിയായ മോഹം നടന്റെ ഭാര്യക്ക്‌ ഉണ്ടാവുകയും  ബന്ധു ജനങ്ങളോടൊപ്പം കളി കാണാനെത്തിയ നടന്റെ ഭാര്യ അണിയറയിലും  എത്തി. തന്റെ ഭർത്താവ് കഥകളി വേഷത്തിന് തേച്ചുകൊണ്ടിരിക്കുന്നതിനിടയിൽ   സമീപത്തിരിക്കുന്ന     സുന്ദരിയായ ഒരു പെണ്‍കുട്ടിയുമായി സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ  ആ ഭാര്യയുടെ ഉള്ളൊന്നു പിടഞ്ഞു. തന്നേക്കാൾ സുന്ദരിയായ ഒരു പെണ്‍കുട്ടിയോട് തന്റെ ഭർത്താവ് സംസാരിക്കുകയും ചിരിക്കുകയുമൊക്കെ  ചെയ്യുന്നത് കാണാനുള്ള ധൈര്യം നടന്റെ പത്നിക്ക്‌ ഉണ്ടായിരുന്നില്ല. അതിനാൽ അണിയറയിൽ വെച്ച് ഭർത്താവിനെ കാണാൻ നിൽക്കാതെ   അണിയറ വിട്ടു അരങ്ങിനു മുൻപിൽ സ്ഥാനം പിടിച്ചു. കളി തുടങ്ങുന്നതിനു മുൻപ് കഥാസാരവും ഭർത്താവിന്റെ രാവണനോടൊപ്പം രംഭയായി രംഗത്ത് എത്താൻ പോകുന്നത് താൻ അണിയറയിൽ കണ്ട പെണ്‍കുട്ടിയുമാണ് എന്നറിഞ്ഞപ്പോൾ നടന്റെ സഹധർമ്മിണിയുടെ മാനസീകാവസ്ഥ ആകെ തകരാറിലായി. 

കഥകളി തുടങ്ങി. പുറപ്പാടും മേളപ്പദവും രാവണന്റെ തിരനോട്ടവും ഒന്നും നടന്റെ സഹധർമ്മിണിയെ ബാധിച്ചില്ല. അരങ്ങിൽ രംഭ എത്തുകയും രാവണൻ രംഭയെ തടഞ്ഞ് തന്റെ കാമപൂർത്തിക്ക് ക്ഷണിക്കുകയും  തുടർന്നുള്ള  സംവാദങ്ങൾക്കു ശേഷം രാവണൻ രംഭയെ ഓടിച്ചിട്ടു  പിടിച്ച് ബലാൽ പ്രാപിക്കാൻ മുതിർന്നു കൊണ്ട് രംഭയെയും കൂട്ടി അരങ്ങു വിടുകയും  ഉദ്ദേശപൂർത്തിയുടെ സന്തോഷത്താൽ രാവണൻ മടങ്ങി എത്തുകയും ചെയ്തപ്പോൾ രാവണ    നടന്റെ സഹധർമ്മിണിയുടെ മാനസീക നിലയാകെ  തകർന്നു കഴിഞ്ഞിരുന്നു.  ഈ രംഗാവതരണം നടക്കുമ്പോൾ ആ സ്ത്രീയുടെ മനസ്സിലാകെ  കഥകളി വേഷമില്ലാത്ത ഭർത്താവും  ആ പെണ്‍കുട്ടിയുമായിരുന്നു. കളി കഴിഞ്ഞു കളിപ്പണവുമായി വീട്ടിലെത്തിയ എത്തിയ നടനെ സ്വീകരിച്ചത് കരഞ്ഞു കരഞ്ഞു വീർത്ത മുഖവുമായി നിൽക്കുന്ന അബലയായ  സഹധർമ്മിണിയുടെ രൂപമാണ്.  

കർണ്ണശപഥം കഥകളിയിൽ ദുര്യോധനന് ജീവഹാനി സംഭവിക്കുമോ എന്ന് ഭയന്ന്‌   സ്വജീവൻ വെടിയുമെന്ന് പ്രഖ്യാപിക്കുന്ന ഭാനുമതിയെ സമാധാനിപ്പിക്കുവാൻ കർണ്ണന്റെ സഹായം തേടുന്ന ദുര്യോധനനെ നാമെല്ലാം അരങ്ങിൽ കണ്ടിട്ടുണ്ട്. എല്ലാ കളികൾക്കും ഈ പെണ്‍കുട്ടിയുമൊത്താവും തന്റെ ഭർത്താവ് വേഷം ചെയ്യുക എന്ന ചിന്തയോടെ   ഇനി കഥകളിക്കു പോയാൽ ജീവൻ വെടിയും എന്നു പറഞ്ഞ് പ്രശ്നം സൃഷ്ടിച്ച സ്വപത്നിയെ  സമാധാനപ്പെടുത്തുവാൻ സഹ കലാകാരന്മാരായ രണ്ടു നടന്മാരുടെയും (കർണ്ണന്മാർ) അവരുടെ പത്നിമാരുടെയും സഹായമാണ്   ആവശ്യമായി വന്നത്. 

2014 ഏപ്രിൽ 19, ശനിയാഴ്‌ച

ഈശ്വരോ രക്ഷതു ! -(2)



 യാത്ര കൂടുതൽ ചെയ്യുന്നവർക്ക് അവരുടെ യാത്രകളിൽ രസകരമായ പല അനുഭവങ്ങളും ഉണ്ടാവാറുണ്ട്. കഥകളി കലാകാരന്മാർ കൂടുതൽ യാത്ര ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ വളരെയധികം അനുഭവകഥകൾ അവർക്ക് പങ്കുവെയ്ക്കാൻ ഉണ്ടാകും. പണ്ട് കഥകളി കലാകാരന്മാരുടെ ഒരു കളിസ്ഥലത്ത് നിന്നും അടുത്ത കളിസ്ഥലത്തേക്കുള്ള യാത്രയും വീട്ടിലേക്കുള്ള മടക്കയാത്രയും ഇന്നത്തെപ്പോലെ സുഗമമായിരുന്നില്ല.  എന്റെ പിതാവ് അദ്ദേഹം കഥകളി അഭ്യസിച്ചശേഷമുള്ള   ആദ്യ കാലഘട്ടങ്ങളിലെ പല യാത്രാനുഭവങ്ങളും   പറഞ്ഞ് അറിവുണ്ട്. എന്റെ ഗ്രാമമായ  ചെന്നിത്തലയിൽ നിന്നും അക്കാലത്ത് തട്ടാരമ്പലം വഴി സുമാർ 17-കിലോമീറ്ററിലധികം ദൂരമുള്ള ആയിരംതെങ്ങിലോ വവ്വാക്കാവിലോവരെ   (കായംകുളം കൊച്ചുണ്ണിയുടെ സാമ്രാജ്യം)  നടന്നു ചെന്ന്  അവിടെ നിന്നും ബോട്ടിലാണ് പരവൂരും പരിസരത്തും (കൊല്ലം)  കളിക്ക് പോയിരുന്നത്. ഒരിക്കൽ പരവൂരിലെ ഒരു കളിയും കഴിഞ്ഞ് ആയിരംതെങ്ങ് ബോട്ട് ജെട്ടിയിൽ എത്തി അവിടെ  പുതുപ്പള്ളി വഴി കായംകുളത്തിന് നടന്ന് അച്ഛൻ യാത്ര തിരിച്ചു. പുതുപ്പള്ളിയിൽ അച്ഛന്റെ മുത്തശ്ശി താമസമുണ്ട്. മുത്തശ്ശിക്ക് നല്കാനുദ്ദേശിച്ച    മൂന്നുരൂപ ഷർട്ടിന്റെ പോക്കറ്റിൽ വെച്ചിട്ട്   മിച്ചമുള്ള പണം ശരീരഭാഗത്ത് ഭദ്രമായി ഒളിപ്പിച്ച ശേഷമാണ് യാത്ര തുടർന്നത്. യാത്രാമദ്ധ്യേ ഒരു വിജനമായ സ്ഥലത്തു വെച്ച് ഒരു കള്ളൻ അച്ഛനെ മടക്കി. ആദ്യം തന്നെ അയാൾ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ട് മൂന്നു രൂപ കൈക്കലാക്കി. പിന്നീട് കഥകളി സാധനങ്ങൾ കൊണ്ടുപോകുന്ന ചാക്കുസഞ്ചി (അന്ന് ബാഗ് ഇല്ല. പണ്ടത്തെ ചാക്കുതുണി കൊണ്ട് തൈച്ച സഞ്ചിയാണ് ഉപയോഗിച്ചിരുന്നത്) തുറന്ന് അതിലിരുന്ന   കഴുത്താരം, ചുട്ടിത്തുണി, ഹസ്തകടകം,  പട്ടുത്തരീയം, ചെപ്പ്, കണ്ണാടി എന്നീ സാധനങ്ങൾ ഓരോന്നായി എടുത്തു വെളിയിലേക്ക് എറിഞ്ഞിട്ട് അതിനുള്ളിൽ എവിടെയെങ്കിലും പണം ഒളിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു.  അയാൾക്ക് പ്രതീക്ഷയ്ക്കനുസരിച്ചുള്ള  പണം ലഭിക്കാത്തതിനാൽ ക്രുദ്ധനായി, ഇനി പണം കയ്യിലില്ലാതെ ഇതുവഴി വരരുത് എന്ന് ഒരു താക്കീതും  നൽകിയ ശേഷമാണ് അയാൾ പോയത്. പിന്നീട് ഒരിക്കലും പരവൂരിലേക്ക് കളിക്ക് പോകുമ്പോഴും വരുമ്പോഴും ആ വിജനവീഥിയിൽ തനിയേയാത്ര ചെയ്തിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

1980 കാലഘട്ടങ്ങളിൽ ഒരിക്കൽ കൊല്ലം ജില്ലയിലെ മൂന്നോ നാലോ ദിവസത്തെ തുടർക്കളി കഴിഞ്ഞുള്ള അച്ഛന്റെ മടക്കയാത്ര.  തുടർക്കളികൾ കഴിഞ്ഞു വരുമ്പോൾ ഒരിക്കലും കളിപ്പണം പേഴ്സിൽ വെയ്ക്കുകയില്ല. കളിപ്പണം ഭദ്രമായി ഒരു മുഷിഞ്ഞ വേഷ്ടിയിൽ പൊതിഞ്ഞു ബാഗിനുള്ളിൽ സൂക്ഷിക്കും. യാത്രാച്ചിലവിനുള്ള പണം മാത്രം പേഴ്സിൽ കരുതും. അതായിരുന്നു രീതി. അച്ഛൻ മാവേലിക്കരയിൽ എത്തി അവിടെ നിന്നും ചങ്ങനാശേരിക്ക് പോകുന്ന "സെന്റ്‌ ജോർജ് " ബസ്സിൽ കയറി ചെന്നിത്തലയ്ക്ക് ടിക്കറ്റ് വാങ്ങി. ടിക്കറ്റിനുള്ള പണം നൽകിയ ശേഷം പേഴ്സ് മടിയിൽ സൂക്ഷിച്ചുവെച്ചു. യാത്രാക്ഷീണം കൊണ്ട് ഉറങ്ങുകയും  ചെയ്തു. ചെന്നിത്തലയിൽ എത്തിയപ്പോൾ ആരോ ഉണർത്തി. ഇറങ്ങാൻ നേരമാണ്  മടിയിൽ പേഴ്സ് ഇല്ല എന്ന് മനസിലായത്. എന്റെ പേഴ്സ് നഷ്ടപ്പെട്ടു. ഞാൻ ടിക്കറ്റിനു പണം നല്കിയശേഷം മടിയിൽ സൂക്ഷിച്ചതാണ് എന്ന് അച്ഛൻ പറഞ്ഞപ്പോൾ ബസ്സിലെ കണ്ടക്ടറും ക്ളീനറും  ബസ്സ് യാത്രക്കാരും ബസ്സിലാകെ തേടി. എന്നാൽ പേഴ്സ് കണ്ടെടുക്കാനായില്ല. പേഴ്സിൽ പണം കുറവായിരുന്നതിനാൽ അതൊരു ഇഷ്യു ആക്കാതെ അദ്ദേഹം  ബസ്സിൽ നിന്നും ഇറങ്ങി വീട്ടിലെത്തി കുളിയും ഭക്ഷണവും കഴിഞ്ഞ്  ഉറക്കമായി.

ഉച്ചയോടെ "സെന്റ്‌ ജോർജ്" ബസ്സിലെ കണ്ടക്റ്റർ ഞങ്ങളുടെ  വീട്ടിലെത്തി. ഉറങ്ങിക്കിടന്നിരുന്ന അച്ഛനെ അദ്ദേഹം വിളിച്ചുണർത്തി. നഷ്ടപ്പെട്ട പേഴ്സ് ലഭിച്ചു എന്നും ബസ്സിൽ നിന്നും പേഴ്സ് കൈക്കലാക്കിയ വ്യക്തി ചങ്ങനാശേരി  പോലീസ് കസ്റ്റടിയിൽ ഉണ്ടെന്നും, ഇന്നു തന്നെ ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെത്തി പേഴ്സ് കൈപ്പറ്റണം എന്നും അച്ഛനെ അദ്ദേഹം അറിയിച്ചു. നഷ്ടപ്പെട്ട പേഴ്സിനുള്ളിൽ ഉള്ള നോട്ടും  ചില്ലറയും എല്ലാം ചേർത്താൽ ചങ്ങനാശേരിവരെ പോയി മടങ്ങിവരാനുള്ള യാത്ര ക്കൂലിക്കുള്ള പണം പോലും കാണില്ല എന്നും, ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിട്ടില്ല   എന്നൊക്കെ പറഞ്ഞ് ചങ്ങനാശേരിയാത്ര ഒഴിവാക്കാൻ അച്ഛൻ പരമാവധി ശ്രമിച്ചു നോക്കി. അച്ഛന്റെ കഥകളിയിലെ  തിരക്കുള്ള പ്രവർത്തനമേഖല അധികവും കൊല്ലം ജില്ലയാണ്. ഒരു വർഷത്തിൽ കുറച്ച്  അരങ്ങുകളാവും കോട്ടയം ജില്ലയിൽ ലഭിക്കുക. കോട്ടയം ജില്ലയിലെ ഏതെങ്കിലും ഒരു കളിക്ക് പോകുമ്പോൾ ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ പോയി പേഴ്സ് കൈപ്പറ്റിക്കൊള്ളാം എന്ന അഭിപ്രായം അച്ഛൻ കണ്ടക്റ്ററെ അറിയിച്ചു. അങ്ങിനെയെങ്കിൽ ആവിവരം ഒരു പേപ്പറിൽ എഴുതി ഒപ്പിട്ടുതരൂ, ഞാൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാം എന്നായി കണ്ടക്റ്റർ. ഒടുവിൽ കണ്ടക്റ്ററുടെ അഭിപ്രായപ്രകാരം അച്ഛൻ എഴുതിക്കൊടുത്ത ലറ്ററുമായാണ്  കണ്ടക്റ്റർ മടങ്ങിയത്.  ബസ്സിൽ നഷ്‌ടമായ പേഴ്സ്  ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ എങ്ങിനെ എത്തിച്ചേർന്നു എന്ന വിവരം കൂടി അറിയണമല്ലോ?

ഒരു  കലാകാരൻ എന്ന നിലയിൽ  സ്ഥിരയാത്രക്കാരനാകയാൽ  അച്ഛനെ അറിയാവുന്നവരാണ് ആ ബസ്സിൽ ഉണ്ടായിരുന്നവരിൽ പലരും. അച്ഛന്റെ മടിയിൽ നിന്നും പേഴ്സ് ബസ്സിനുള്ളിൽ വീഴുകയും ബസ്സ് നീങ്ങുന്നതിനനുസരിച്ച്   പേഴ്സ്  മുന്നോട്ട് നീങ്ങി മുൻ സീറ്റിലിരുന്ന ഒരു യാത്രക്കാരന്റെ കാലിൽത്തട്ടി.   തന്റെ കാലിൽ തട്ടിയത് ഒരു പേഴ്സ് ആണെന്ന് മനസിലാക്കിയപ്പോൾ, അതിൽ അധികം പണം ഉണ്ടാകും എന്ന ധാരണയിൽ അയാൾ അത് എങ്ങിനെയോ  മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാതെ മറച്ചു. ഇതിനിടെ പല യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്തിരുന്നു. ചങ്ങനാശേരി ടവുണിനു സമീപം ബസ്സ് എത്തിയപ്പോൾ പേഴ്സ് മറച്ചു വെച്ചിരുന്ന യാത്രക്കാരൻ  കുനിഞ്ഞ് ഒളിപ്പിച്ചു വെച്ചിരുന്ന പേഴ്സ്  എടുക്കുന്നത് ഒരു യാത്രിക കണ്ടു. അവർ ഉടൻ തന്നെ കണ്ടക്റ്ററെ വിവരം ധരിപ്പിക്കുകയും ബസ്സ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ  നിർബ്ബന്ധിക്കുകയും ചെയ്തു. ആ യാത്രിക പോലീസ് സ്റ്റേഷനിൽ ഒരു പരാതി എഴുതി നൽകുകയും  കുറ്റവാളിയെ കസ്റ്റടിയിൽ എടുക്കുകയും ചെയ്തു. പിന്നീട് എപ്പോഴോ കോട്ടയം ജില്ലയിലെ ഒരു കളിക്ക് പോകും വഴിയില ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ എത്തി  അച്ഛൻ പേഴ്സ് കൈപ്പറ്റുകയും ചെയ്തു. 

ഉദ്യോഗമണ്ഡൽ കഥകളി ട്രൂപ്പിന്റെ വിദേശയാത്രയിൽ പങ്കെടുക്കുവാൻ ഒരവസരം എന്റെ പിതാവിന് ലഭിച്ചിരുന്നു. ആ യാത്രയിലെ ഒരു അനുഭവം അച്ഛന്റെ ഡയറിക്കുറിപ്പുകളിൽ ഞാൻ വായിച്ചിട്ടുണ്ട്. ലണ്ടനിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് നഷ്ടപ്പെട്ട മൂക്കുക്കണ്ണാടി, പ്രസ്തുത ഹോട്ടലിലെ റസിപ് ഷനിസ്റ്റ് കണ്ടെടുത്ത് ലണ്ടൻ വിട്ടു ജർമ്മനിയിൽ എത്തിയ കഥകളി സംഘവുമായി എങ്ങിനെയോ  ബന്ധപ്പെടുകയും സംഘം  ജർമ്മനിയിൽ തങ്ങിയിരുന്ന ഹോട്ടലിൽ തപാൽ  മൂലം മൂക്കുകണ്ണാടി എത്തിച്ചതായും   സൂചിപ്പിച്ചിട്ടുണ്ട്. 
 
ഇങ്ങിനെ യാത്രാനുഭവകഥകൾ അച്ഛന്റെ ജീവിതത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. അതൊക്കെ ഇനി പിന്നീടാവാം. ഒരു പ്രശസ്തനായ കഥകളി ഗായകന്റെ യാത്രാനുഭാവമാണ് ഇനി നിങ്ങളുടെ മുൻപിൽ സമർപ്പിക്കുന്നത്. അറിയപ്പെടുന്ന ഒരു കലാകാരനായതു കൊണ്ടുമാത്രമാണ് നമ്മുടെ കഥാനായകൻ ശരീരത്തിനു ഒരു കേടുംകൂടാതെ സ്വഗൃഹത്തിൽ എത്തിച്ചേർന്നത് എന്നാണ് എന്റെ അറിവ് എന്ന് പറയുമ്പോൾ ഇദ്ദേഹം വലിയ ഒരു അപരാധം ചെയ്തു എന്ന് ആരും തെറ്റിധരിക്കരുത്. ഒരു ചെറിയ അപദ്ധം സംഭവിച്ചു എന്ന് മാത്രം കരുതിയാൽ മതി. 

 എറണാകുളം ജില്ലയിലെ പിറവം ക്ഷേത്രത്തിലെ ഒരു കഥകളി കഴിഞ്ഞ് ഏറണാകുളം വരെയുള്ള   മടക്കയാത്രയിലാണ് സംഭവം നടന്നത്. പിറവത്തു നിന്നും ഏറണാകുളത്തിനുള്ള  സുമാർ ഒന്നേകാൽ മുതൽ ഒന്നര മണിനേരത്തിനുള്ളിൽ  എന്ത് സംഭവമാണ് നടന്നത് എന്ന ആകാംക്ഷ  വായനക്കാരിൽ ഉണ്ടായേക്കാം. കളി കഴിഞ്ഞ് ഗായകൻ പിറവം സ്റ്റാന്റിൽ എത്തി. ബസ് കാത്തു നിൽക്കുമ്പോൾ ബാഗിൽ സൂക്ഷിച്ചിരുന്ന അൽപ്പം പുകയില എടുത്തു വായിൽ തിരുകി. അപ്പോഴാണ്‌ ഒരു കഥകളി ആസ്വാദകൻ അവിടെയെത്തിയത്. അലക്കി തേച്ച്  ശുഭ (വെള്ളവസ്ത്രം) വസ്ത്രധാരിയായ ആ ആസ്വാദകൻ  ഗായകനെ കണ്ടപ്പോൾ ആദരവാൽ  കൈകൂപ്പി സന്തോഷപൂർവ്വം  അടുത്തു കൂടി. കഴിഞ്ഞ രാത്രിയിലെ പിറവം ക്ഷേത്രത്തിലെ കളി കാണാൻ താനും ഉണ്ടായിരുന്നു എന്നും പുറപ്പാടും മേളപ്പദവും മറ്റും ഒന്നാം തരമായി എന്നും ആസ്വാദകൻ അറിയിച്ചപ്പോൾ ഗായകനും  ഉത്സാഹം വർദ്ധിച്ചു. ബസ്സ് എത്തിയപ്പോൾ ആസ്വാദകൻ ഗായകന് തന്റെ സമീപത്തുള്ള സീറ്റ് തരപ്പെടുത്തിക്കൊടുക്കുകയും യാത്രയിലും  സംഭാഷണം ചെയ്തു കൊണ്ടിരുന്നു.   സംസാരമദ്ധ്യേ താൻ ഒരു വിവാഹത്തിനു പങ്കെടുക്കുവാൻ പോവുകയാണെന്നുള്ള വിവരവും  ആസ്വാദകൻ ഗായകനെ അറിയിക്കാനും മറന്നില്ല. കളികഴിഞ്ഞുള്ള ഉറക്കക്ഷീണം കൊണ്ട് ഗായകൻ കുറേശ്ശെ ഉറക്കത്തിലേക്ക് വഴുതുന്നത് ആസ്വാദകൻ മനസിലാക്കിയപ്പോൾ  സംസാരം നിർത്തി. താൻ ആരാധിക്കുന്ന ഒരു കഥകളി ഗായകൻ ഉറക്കക്ഷീണം കൊണ്ട് തന്റെ ശരീരത്തിലേക്ക് ചാഞ്ഞുറങ്ങുന്നത് ഒരു സുഖമായി പ്രസ്തുത  ആസ്വാദകന്നും  തോന്നിയിട്ടുണ്ടാവണം.

യാത്ര തുടർന്നു കൊണ്ടേയിരുന്നു. ബസ്സ് സിറ്റിയിലേക്ക് പ്രവേശിച്ചപ്പോൾ ട്രാഫിക്കിന്റെ ഏതോ തിരക്കുകൊണ്ടാവണം ഡ്രൈവർ ശക്തിയായി ഒരു ബ്രേക്ക്‌ പിടിച്ചു. ഈ ബ്രേക്കാണ് കുഴപ്പം ഉണ്ടാക്കിയത്. ആസ്വാദകന്റെ തോളിലേക്ക് ചാഞ്ഞുറങ്ങിക്കൊണ്ടിരുന്ന ഗായകൻ ഈ ബ്രേക്ക്പിടിത്തം മൂലം ഉണ്ടായ ഉലച്ചിലിൽ ഞെട്ടിഉണരുകയും അദ്ദേഹത്തിൻറെ  വായിൽ തിരുകി വെച്ചിരുന്ന പുകയില ആസ്വാദകന്റെ ഷർട്ടിലേക്ക് വീഴുകയും ചെയ്തു. ഗായകന്റെ ഉമിനീരിൽ കുതിർന്ന പുകയില ചുരുൾ ഷർട്ടിൽ നിന്നും മുണ്ടിലേക്ക്. നല്ല ചുവന്ന നിറം നൽകിക്കൊണ്ട് ഉരുണ്ട് ഉരുണ്ട് മുണ്ടിന്റെ താഴെ വരെ എത്തി പിന്നീട് ബസ്സിനുള്ളിൽ  വീഴുന്നത് ഗായകൻ കണ്ടു.  അബദ്ധം സംഭവിച്ചതു  മനസിലാക്കിയ ഗായകൻ നിസ്സഹായതയോടും  കുറ്റബോധത്തോടും ആ   ആസ്വാദകന്റെ മുഖത്തേക്ക് ഒന്നു  നോക്കി. ദുശാസനനെ പോർക്കളത്തിൽ കണ്ട  രൌദ്രഭീമന്റെ രൂക്ഷമായ നോട്ടമാണ്   ആ ആസ്വാദകന്റെ കണ്ണുകളിൽ ഗായകൻ കണ്ടത്.  എന്ത് ചെയ്യണം എന്നറിയാതെ ജീവശ്ശവം പോലെ പകച്ചിരുന്നു  പോയ   ഗായകൻ പിന്നീട് ആ ആസ്വാദകന്റെ മുഖത്തേക്ക് നോക്കുവാൻ ധൈര്യപ്പെട്ടില്ല. അദ്ദേഹം ഇറങ്ങുന്നതിനു മുൻപ്  തന്നെ തീർച്ചയായും മർദ്ദിക്കും എന്ന ഭയത്തോടെയാണ് ഗായകന്റെ ഓരോ നിമിഷവും  നീങ്ങിയത്. 

 അടുത്ത സ്റ്റോപ്പിൽ ആസ്വാദകൻ ഇറങ്ങിയപ്പോഴാണ് ഗായകന് ശ്വാസം വീണത്‌.  താൻ ഒരു കലാകാരനായത് കൊണ്ട് മാത്രം രക്ഷപ്പെട്ടു എന്ന ബോധത്തോടെ അദ്ദേഹം ആശ്വസിച്ചു. ഈശ്വരോ രക്ഷതു!

2014 ഏപ്രിൽ 14, തിങ്കളാഴ്‌ച

സ്മരണയിൽ ഒരു വിഷുക്കൈനീട്ടം


                                                                വിഷുക്കൈനീട്ടം

ചെറുപ്പകാലത്ത് വിഷുദിവസം രാവിലെ അച്ഛൻ, അമ്മ, മുത്തശ്ശി, മുത്തച്ഛൻ, അമ്മാവൻ,  ബന്ധുമിത്രാദികൾ എന്നിവരിൽ നിന്നും   വിഷുക്കൈനീട്ടം ലഭിക്കുന്നത് വളരെ സന്തോഷപ്രദമാണ്. ലഭിക്കുന്ന കൈനീട്ടത്തുകയുടെ വലിപ്പം കൂടിയാൽ കൂടുതൽ സന്തോഷമുണ്ടാവുകയും സ്മരണയിൽ നിലനില്ക്കുകയും ചെയ്യും. തുകയുടെ വലിപ്പം കൊണ്ടല്ലാ എങ്കിലും എന്റെ സ്മരണയിൽ നിലനില്ക്കുന്ന ഒരു വിഷുക്കൈനീട്ടത്തിന്റെ കഥയാണ് ഈ പോസ്റ്റിൽ കൂടി സമർപ്പിക്കുന്നത്. 

1973 - ലെ ഒരു വിഷുവിനാണ് ഈ സ്മരണാർഹമായ വിഷുക്കൈ നീട്ടം ലഭിച്ചത്. എന്റെ ITI പഠന കാലം. കായംകുളത്തിനു കിഴക്ക് കരിമുളയ്ക്കൽ (കാഷ്യുനട്ട് ഫാക്റ്ററിക്ക് പിന്നിൽ കൂടി യാത്ര ചെയ്താൽ) പര്യാരത്തുകുളങ്ങര ക്ഷേത്രത്തിൽ ആ വർഷം വിഷുവിനു മുൻ ദിവസം കഥകളി ഉണ്ടായിരുന്നു. ഒരു കഥകളി പ്രേമി എന്നതിലുപരി ഒരു സംഗീത പ്രേമിയായ ഒരു മാന്യവ്യക്തിയുടെ ചുമതലയിൽ നടന്ന കഥകളി ആയിരുന്നു അത്. അതുകൊണ്ടു തന്നെ സംഗീതത്തിന്  ശ്രീ. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, ശ്രീ. കലാമണ്ഡലം സുബ്രഹ്മണ്യൻ എന്നിവരെ വിശേഷാൽ ക്ഷണിക്കപ്പെട്ടിരുന്നു. വിഷുവിനു മുൻദിനം നടത്തുന്ന കളിയാകയാൽ കളിപ്പണം വിഷു ദിവസം വിഷുക്കൈനീട്ടമായാവും കലാകാരന്മാർക്ക് ലഭിക്കുക. 
"അങ്ങയെപ്പോലുള്ള ഒരു മഹാന്റെ കയ്യിൽ നിന്നും വിഷുക്കൈ നീട്ടം വാങ്ങുവാൻ സാധിച്ചത് മഹാഭാഗ്യം" എന്ന് പറഞ്ഞാണ് എന്റെ പിതാവ് കളിയുടെ ചുമതല വഹിച്ച വ്യക്തിയിൽ നിന്നും കളിപ്പണം സ്വീകരിച്ചത്. എന്റെ പിതാവിന് കളിപ്പണം നല്കിയശേഷം അദ്ദേഹം എന്നെ വിളിച്ച് എന്റെ കയ്യിൽ അഞ്ചു രൂപ നൽകിയിട്ട് "വിഷുക്കൈനീട്ടം" എന്ന് പറഞ്ഞു. ഞാൻ അത് സസന്തോഷം സ്വീകരിച്ചു. കഥകളിക്ക് പങ്കെടുത്ത കലാകാരന്മാർക്ക് കളിപ്പണം നൽകിയിട്ട് ഒരു കലാകാരന്റെ മകന് ഒരു സംഘാടകൻ വിഷുക്കൈനീട്ടം നൽകുന്നതിന്റെ പിന്നിൽ    ഒരു പ്രത്യേക കാരണം കൂടി ഉണ്ടായിരിക്കണം  അല്ലേ? ഉണ്ട്. 

 സാധാരണ പല കലാകാരന്മാരിൽ കാണുന്ന ശീലങ്ങൾ കുറച്ചൊക്കെ എന്റെ പിതാവിനും ഉണ്ടായിരുന്നു. ഈ കളിക്ക് മുൻദിനം കോട്ടയം ജില്ലയിലെ വെള്ളൂത്തുരുത്തിയിലെ ഒരു  കഴിഞ്ഞ്  ഒരു ചിലർ അച്ഛനെ കാറിൽ വീട്ടിൽ എത്തിക്കുകയായിരുന്നു. അന്ന് അദ്ദേഹം നല്ലതു പോലെ സേവിച്ചിട്ടുണ്ടായിരുന്നു. വീട്ടിൽ വന്നയുടൻ തന്നെ ആഹാരം ഒന്ന് കഴിക്കാതെ ഉറങ്ങാൻ കിടന്നു. വൈകിട്ട് അഞ്ചു മണിമുതൽ അച്ഛനെ ഉണർത്തി കരിമുളയ്ക്കലിലെ കളിക്ക് അയയ്ക്കാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു. വൈകിട്ട് ഏഴു മണിയായപ്പോൾ ഞാൻ അച്ഛന്റെ ഒരു സുഹൃത്തിനെ കൂട്ടി വന്നു. അദ്ദേഹത്തിൻറെ ശ്രമം വിജയിച്ചു. രാത്രി ഒൻപതു മണിക്ക് ഒരു കാർ തരപ്പെടുത്തി അച്ഛനോടൊപ്പം ഞാനും കരിമുളയ്ക്കൽ ക്ഷേത്രത്തിലെ അണിയറയിൽ എത്തി.

 നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തുമായിരുന്നു അവിടെ നിശ്ചയിച്ചിരുന്ന കഥകൾ. ശ്രീ. മങ്കൊമ്പ് ആശാന്റെ നളനും അച്ഛന്റെ ഹംസവും നിഴൽകുത്തിൽ ശ്രീ. പന്തളം കേരള വർമ്മയുടെ ദുര്യോധനനും ആയിരുന്നു നിശ്ചയിച്ചിരുന്ന വേഷങ്ങൾ. ഞങ്ങൾ അണിയറയിൽ എത്തുമ്പോൾ അച്ഛന് പകരം ഹംസം ചെയ്യാൻ ശ്രീ. പന്തളം കേരളവർമ്മ തേച്ചു തുടങ്ങിയിരുന്നു. അച്ഛനെ കണ്ടയുടൻ തന്നെ അദ്ദേഹം തേച്ചത് തുടയ്ക്കുകയും ചെയ്തു.  ശ്രീ. മങ്കൊമ്പ് ആശാൻ സ്ത്രീവേഷങ്ങളും പുരുഷവേഷങ്ങളും ഒന്ന് പോലെ ചെയ്തു കൊണ്ടിരുന്ന കാലഘട്ടം ആയിരുന്നു അത്. അദ്ദേഹം തന്നെ മലയത്തി ചെയ്യണം എന്ന് അവിടെയുള്ള ആസ്വാദകർക്ക് വളരെ നിർബ്ബന്ധം ഉണ്ടായിരുന്നു. ശ്രീ. മയ്യനാട് കേശവൻ നമ്പൂതിരിയുടെ ദമയന്തിയും മലയനും, ശ്രീ. മങ്കൊമ്പ് ആശാന്റെ നളൻ കഴിഞ്ഞു മലയത്തിയും എന്റെ പിതാവ് ഹംസം കഴിഞ്ഞു മന്ത്രികനുമായിരുന്നു ചെയ്ത വേഷങ്ങൾ.

കലാകാരന്മാർക്കെല്ലാം കളിപ്പണം നൽകുമ്പോൾ അദ്ദേഹം ഉദ്ദേശിച്ചതുപോലെ തന്നെ കളി നടന്നതിന്റെ പിന്നിൽ എന്റെ പരിശ്രമം ഉണ്ടായിരുന്നു എന്ന് എങ്ങിനെയോ അദ്ദേഹം മനസിലാക്കിയിരുന്നതു കൊണ്ടാവാം കലാകാരന്മാരോടൊപ്പം എനിക്കും ഒരു വിഷുക്കൈനീട്ടം ലഭിക്കാനിടയായത്.

2014 ഏപ്രിൽ 12, ശനിയാഴ്‌ച

ഈശ്വരോ രക്ഷതു ! -(1)


ഒരു മനുഷ്യന്റെ ജീവിതകാലത്ത് എത്രയോ സംഭവങ്ങളാവും ഉണ്ടായിരിക്കുക, അവകളിൽ  അബദ്ധങ്ങളും    സുബദ്ധങ്ങളും ഉണ്ടായിരിക്കും. ലോകം അതെല്ലാം  ശ്രദ്ധിക്കണം എന്നില്ല. എന്നാൽ ഒരു കലാകാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന അബദ്ധങ്ങളും    സുബദ്ധങ്ങളും വളരെ താൽപ്പര്യത്തോടെ ജനങ്ങൾ  ശ്രദ്ധിക്കുന്നത് പതിവാണ്. കലാകാരൻ പ്രസിദ്ധനാണ് എങ്കിൽ പറയേണ്ടതുമില്ല. മദ്യപിച്ചും അല്ലാതെയും  കളി അരങ്ങിലും, അണിയറയിലും മറ്റും  പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ള    പല കലാകാരന്മാരും  ഉണ്ട്.   ഒരു കലാകാരൻ എന്ന മഹത്തായ പരിഗണന കൊണ്ട്  ഇവർക്ക്   യാതൊരുവിധമായ   കേടും സംഭവിക്കാതെ മടങ്ങുവാനും  സാധിച്ചിട്ടുണ്ട്. കലാകാരന്റെ മദ്യപാനം മൂലം സംഘാടകരും ആസ്വാദകരും അതൃപ്തിയായിട്ടുള്ള സന്ദർഭങ്ങൾ കഥകളിയിൽ ധാരാളം ഉണ്ടായിട്ടുണ്ട്.   ഒരു കലാകാരന്റെ മകൻ എന്ന നിലയിൽ  ഈ വിഷയത്തെ കുറിച്ച് ഞാൻ എഴുതുന്നത്‌ ശരിയല്ല എങ്കിലും ഞാൻ നേരിട്ട് അനുഭവിക്കേണ്ടി വന്നതും അങ്ങേയറ്റം വിഷമിക്കുകയും ചെയ്ത ഒരു അനുഭവം  എന്ന നിലയിൽ ഒരു മുൻ‌കൂർ ക്ഷമാപണത്തോടെയാണ് ഞാനിതു  കുറിക്കുന്നത്. 

ഞാൻ ജനിച്ചതും എന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിചെയ്തതും ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള എന്റെ മാതൃഗൃഹത്തിലായിരുന്നു.   വെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ എനിക്ക് ഓർമ്മയുള്ള കാലം മുതൽ ഉത്സവത്തിനും കാർത്തിക മഹോത്സവത്തിനുമായി വർഷത്തിൽ രണ്ടു കഥകളി പതിവുണ്ടായിരുന്നു. എന്റെ പിതാവ് ചേപ്പാട്ടു നിന്നും വിവാഹിതനായ കാലം മുതലാണ്‌ അവിടെ കളി പതിവാക്കിയത്. ഈ രണ്ടു കളികൾക്കും എത്തുന്ന കലാകാരന്മാർക്ക് ആഹാരം എന്റെ മാതൃഗൃഹത്തിലായിരുന്നു പതിവ്. ഒരു ഉത്സവക്കളിക്ക് അവിടെ പതിവുകാരായിരുന്ന ഹരിപ്പാട്‌ ആശാനും മങ്കൊമ്പ് ആശാനും എന്റെ പിതാവിനും അസൗകര്യമായി വന്നതു മുതലാണ്  ആ പതിവ് നിന്നുപോയത്. 

എന്റെ സ്കൂൾ വിദ്യാഭ്യാസവും I.T.I പഠനവും കഴിഞ്ഞ് ചെന്നിത്തലയിലുണ്ടായിരുന്ന VARMA &CO സ്ഥാപനത്തിൽ Radio mechanic ജോലി ചെയ്തിരുന്ന 1976 -77  കാലം. ഒരു ദിവസം ഉച്ചയ്ക്ക് രണ്ടു മണി സമയത്ത്  എന്റെ ഒരു സുഹൃത്ത് അവിടെയെത്തി  വളരെ അത്യാവശ്യമായി ഞാൻ വീട്ടിലേക്ക് എത്തണം എന്ന് എന്നെ അറിയിച്ചു. ഞാൻ ഉടൻ തന്നെ ഓടി അണച്ച് വീട്ടിൽ എത്തി. വീട്ടിൽ എത്തുമ്പോൾ എന്റെ പിതാവ് പട്ടാഴിയിൽ  (കൊല്ലം ജില്ല)   ഒരു കളിക്ക് പോകാനായി ഒരുങ്ങി നിൽക്കുകയാണ്.  ഞാൻ വീട്ടിനുള്ളിലേക്ക് കയറി. പ്രസിദ്ധനായ ഒരു കലാകാരൻ, മദ്യ ലഹരിയിൽ മൂളുകയും ഞരങ്ങുകയും ചെയ്തു കൊണ്ട് വീട്ടിനുള്ളിൽ ശയിക്കുന്നു. 

എന്നെ കണ്ടപ്പോൾ എന്റെ പിതാവ് വളരെ ആശ്വാസത്തോടെ നെടുവീർപ്പിടുന്നതു കണ്ടു . "മകനേ, ഇന്ന് വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ  ഉത്സവക്കളിയാണ്. ഇദ്ദേഹത്തിന്  അവിടെ കളിക്ക് പോകണം. ഞാൻ അവിടെ കളിക്ക് പതിവുകാരനാണ് എന്ന വിശ്വാസത്തിൽ എന്നോടൊപ്പം ഒന്നിച്ചു അവിടേക്ക് പോകാനാണ് അയാൾ ഇവിടെ എത്തിയിരിക്കുന്നത്.  എനിക്ക് ഇന്ന് പട്ടാഴിയിൽ പോകണം.  ഇപ്പോൾ തിരിച്ചാലേ എനിക്ക് കൃത്യസമയത്ത് അവിടെ എത്തിച്ചേരാൻ സാധിക്കൂ. വൈകിട്ട് നാലുമണിയോടെ ചായകുടിയും  കഴിഞ്ഞ് നീ എങ്ങിനെയെങ്കിലും ഇദ്ദേഹത്തെ  വെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ എത്തിക്കണം" (എന്റെ മുഖത്തെ വല്ലായ്മ ശ്രദ്ധിച്ചു കൊണ്ട്) നീ നിന്റെ അച്ഛനു വേണ്ടി ഇത് ചെയ്തേ പറ്റൂ എന്ന് പറഞ്ഞിട്ട് യാത്രയായി. 

മദ്യപിച്ചു സ്വബോധം ഇല്ലാത്ത അവസ്ഥയിൽ ഇദ്ദേഹത്തെ സുമാർ 12 കിലോമീറ്റർ ദൂരമുള്ള വെട്ടിക്കുളങ്ങരയിൽ എത്തിക്കണം. വളരെ ദുഷ്കരമായ ഒരു ജോലിയാണ് പിതാവ് എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ചെന്നിത്തലയിൽ നിന്നും മാവേലിക്കര, മാവേലിക്കരയിൽ നിന്നും നങ്ങ്യാർകുളങ്ങര, അവിടെ  നിന്നും ചേപ്പാട്, ഇങ്ങിനെ മൂന്നു ബസ്സ് കയറിയിറങ്ങിവേണം അക്കാലത്ത് ചേപ്പാട്ടെത്തുവാൻ. ചേപ്പാട്ടെത്തിയാൽ അവിടെ നിന്നും ഒരു കിലോമീറ്റർ ദൂരം നടന്നു വേണം ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ. മൂന്നരമണിയായപ്പോൾ മുതൽ ഞാൻ അദ്ദേഹത്തെ ഉണർത്തുവാൻ ശ്രമിച്ചുതുടങ്ങി. സുമാർ ഒരു മണിക്കൂർ നേരത്തെ പരിശ്രമം പിന്നീട്   സഫലമായി. ചായ കുടിയും കഴിഞ്ഞ്  അദ്ദേഹത്തിൻറെ  ബാഗ് എടുത്ത് ഞാൻ എന്റെ തോളിൽ ഇട്ടുകൊണ്ട്   ജംഗ് ഷനിലേക്ക് യാത്രതുടർന്നു. മദ്യലഹരിയിൽ വേച്ചു വെച്ചു നടക്കുന്ന അദ്ദേഹത്തെയും  കൊണ്ടുള്ള യാത്ര അൽപ്പം ബുദ്ധിമുട്ടു തന്നെയായിരുന്നു. എന്റെ പരിചയക്കാരെല്ലാം "ഇത് ആരാണ് " എന്ന് ആംഗ്യം കൊണ്ട് ചോദിക്കും. ആംഗ്യം കൊണ്ട് വ്യക്തി ആരെന്ന് എനിക്ക് മറുപടി പറയാനും സാധിക്കുന്നില്ല. ഒരുവിധത്തിൽ   ഞങ്ങൾ ചേപ്പാട് ജംഗ്ഷനിൽ എത്തി. അപ്പോഴേക്കും സമയം ആറരയോളമായി. അദ്ദേഹത്തിൻറെ സിരകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മദ്യത്തിന്റെ ലഹരി  ശമിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ട് എനിക്ക് അൽപ്പം ആശ്വാസവുമായി. കഥകളിയുമായി ബന്ധപ്പെട്ട ഓരോരോ കഥകളും പറഞ്ഞു കൊണ്ട്   ഞങ്ങൾ യാത്ര തുടർന്നു. 

ചേപ്പാട് ജംഗ്ഷനിൽ നിന്നും ഒരു ഫർലോങ്ങ് ദൂരത്തിൽ ക്ഷേത്രത്തിന്റെ ആറാട്ടുകുളവും മണ്ഡപവും ഉണ്ട്. അവിടെ എത്തിയപ്പോൾ അദ്ദേഹം  പെട്ടെന്ന് നിന്നു.  എനിക്ക് നിന്നോട് ഒരു ചോദ്യമുണ്ട്. ചോദിക്കട്ടെ എന്നായി. ഞാനും ശരി ചോദിച്ചു കൊള്ളൂ എന്ന് പറഞ്ഞു. 
"കർണ്ണനെ ഗർഭം ധരിച്ചിരുന്ന കുന്തിയുടെ മാനസീകാവസ്ഥ എന്തായിരുന്നു"? എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എന്താണ് മറുപടി പറയേണ്ടത് എന്ന് ഒരു നിമിഷം ഞാൻ ഒന്ന് സംശയിച്ചു എങ്കിലും "ഇതെങ്ങിനെ എങ്കിലും ഒന്ന് ഒഴിവായി കിട്ടിയാൽ മതി എന്നാവും ചിന്ത" എന്ന് ഒരു തമാശരൂപേണ ഒരു മറുപടി പറഞ്ഞു. 
എന്റെ മറുപടി കേട്ട ഉടൻ തന്നെ അദ്ദേഹം ശോകത്തിൽ വിതുമ്പിക്കൊണ്ട് പറഞ്ഞു "എന്നാൽ ഞാൻ ഇപ്പോൾ ഗർഭിണിയാണ്. എനിക്ക് ആ ഗർഭം ഒഴിവാക്കിയേ പറ്റൂ" എന്ന് പറഞ്ഞുകൊണ്ട് ഷർട്ട് മുകളിലേക്ക് പൊക്കി വയറിനും മുണ്ടിനും ഇടയിൽ സൂക്ഷിച്ചു വെച്ചിരുന്ന മദ്യക്കുപ്പി വെളിയിൽ എടുത്തു നിമിഷനേരം കൊണ്ട് അൽപ്പം വെള്ളംപോലും ചേർക്കാതെ കുടിച്ചു തീർത്തു. പിന്നീട് നടന്നത് എന്താണ് എന്ന് പറയുവാൻ തന്നെ വിഷമമാണ്. സ്വബോധം നഷ്ടപ്പെട്ട് കാലുകൾ നിലത്തുറയ്ക്കാതെ എന്റെ തോളിലേക്ക് അദ്ദേഹം അഭയം പ്രാപിച്ചു. അദ്ദേഹത്തെ എങ്ങിനെയോ ഞാൻ ക്ഷേത്രത്തിൽ കൊണ്ട്ത്തിച്ചു. ക്ഷേത്രവളപ്പിൽ കൂടി അദ്ദേഹത്തെ അണിയറയിൽ എത്തിച്ച് ഒരു മൂലയിൽ കിടത്തി. സംഘാടകർ, നാട്ടുകാർ, ഉത്സവഭാരവാഹികൾ എല്ലാവരും "എന്തിനാണ് ഈ നിലയിൽ ഇയ്യാളെ ഇവിടെ കൊണ്ടുവന്നത് "? എന്ന് ചോദിച്ചു കൊണ്ട് എന്നോട് പ്രതികരിച്ചു. ചിലർ കയ്യേറ്റം ചെയ്യാനും തയ്യാറായി. എല്ലാവരും എനിക്ക്  പരിചയക്കാർ ആയതിനാൽ രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. രണ്ടാമത്തെ കഥയിലായിരുന്നു അദ്ദേഹത്തിന് വേഷം. അതുകൊണ്ട് വലിയ കുഴപ്പം ഇല്ലാതെ വേഷമൊക്കെ ചെയ്തു എന്നതാണ് ആശ്വാസമായത്. 

കലാകാരന്മാരെ പറ്റി ഓരോ കഥകൾ പറയുമ്പോൾ സംഘാടകർ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങൾ എത്രയോ കഷ്ടമാണ് എന്ന് നാം ചിന്തിക്കുന്നതേ ഇല്ല. ചങ്ങനാശേരി NSS കോളേജിന്റെ നേരെ എതിർ ഭാഗത്തുള്ള തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണിക്ക് കളി പതിവാണ്. 1985- 86 കാലഘട്ടത്തിലെ (എന്നാണ് ഓർമ്മ) അഷ്ടമിരോഹിണിക്കളി. കുചേലവൃത്തവും  ബാലിവിജയവുമായിരുന്നു  കഥകൾ. ശ്രീ. കുടമാളൂർ ആശാന്റെ കുചേലൻ, ശ്രീ. ചെന്നിത്തല ആശാന്റെ ശ്രീകൃഷ്ണൻ, ശ്രീ. കലാമണ്ഡലം രാമകൃഷ്ണന്റെ രാവണൻ ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടന്റെ നാരദൻ , ശ്രീ. തലവടി അരവിന്ദൻ ചേട്ടന്റെ ബാലി, ശ്രീ. തിരുവല്ല ഗോപാലപ്പണിക്കരാശാന്റെ കളിയോഗം.  കളിക്ക് വിളക്കു വെയ്ക്കേണ്ട സമയമായിട്ടും പ്രധാന ചെണ്ട കലാകാരൻ എത്തിയിട്ടില്ല. അദ്ദേഹം എത്തുമോ ഇല്ലയോ എന്ന് അറിയുവാൻ ഇന്നത്തെപ്പോലെ ഫോണ്‍ സംവിധാനങ്ങൾ അന്നില്ല. ഒടുവിൽ ഒരു കാറുപിടിച്ച് ശ്രീ. തിരുവല്ല ഗോപാലപ്പണിക്കരാശാൻ ഒരു ചെണ്ട കലാകാരനെ കൊണ്ടുവന്നു. അപ്പോഴാണ് അടുത്ത പ്രശ്നം. ക്ഷണിക്കപ്പെട്ട ഒരു പ്രധാനഗായകരിൽ ഒരുവൻ എത്തിയിരിക്കുന്നത് ഫുൾ ഫിറ്റിലാണ്. മറ്റു ഗായകർ  കുചേലവൃത്തം പാടട്ടെ. അതിനുള്ളിൽ ഗായകന്റെ ലഹരി കുറഞ്ഞാൽ ബാലിവിജയം പാടട്ടെ എന്ന് സംഘാടകർ പച്ചക്കൊടി കാട്ടി. പക്ഷേ ഉള്ളിൽ ചെന്നതിന്റെ വീര്യം ധനാശി പാടുന്നതു വരെ കുറഞ്ഞില്ല എന്നതാണ് സത്യം. 
കളി കഴിഞ്ഞു എല്ലാ കലാകാരന്മാർക്കും കളിപ്പണം നൽകുമ്പോൾ  ഈ ഗായകന് ബസ്സുകൂലി നൽകി യാത്രയാക്കുവാനുള്ള സന്മനസ്സു സംഘാടകർക്ക് ഉണ്ടായി എന്നതാണ് സ്മരണാർഹമായ വിഷയം. എന്നാൽ ക്ഷേത്രം മുതൽ ചങ്ങനാശേരി ബസ് സ്റ്റാന്റുവരെയുള്ള മടക്കയാത്രയിൽ പ്രസ്തുത  കലാകാരന് ഒരു കുറ്റബോധവും ഉള്ളതായി എനിക്ക് അനുഭവപ്പെട്ടില്ല എന്നതാണ് സത്യം. 

(ഒരു കഥകളി കലാകാരന്റെ  പിറവം മുതൽ എറണാകുളം വരെയുള്ള യാത്രയിൽ ഉണ്ടായ രസകരമായ ഒരു അനുഭവകഥയാണ്  അടുത്ത പോസ്റ്റിൽ.)
   

2014 മാർച്ച് 30, ഞായറാഴ്‌ച

ശ്രീ. കലാമണ്ഡലം ഹരിദാസന് കണ്ണീർ അഞ്ജലി.



കഥകളി കലാകാരൻ   ശ്രീ. കലാമണ്ഡലം (കുടമാളൂർ) ഹരിദാസൻ അന്തരിച്ചു. കഥകളിക്കു വളരെ പ്രാധാന്യമുള്ള ചേർത്തല മരുത്തൂർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ 29- 03- 2014-നു വൈകിട്ട് സന്താനഗോപാലം കഥയിലെ   ബ്രാഹ്മണന്റെ വേഷം ചെയ്തു കൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. . ആശുപത്രിയിൽ വെച്ചാണ്‌   അദ്ദേഹം മരണമടഞ്ഞത്.

                                                       ശ്രീ. കലാമണ്ഡലം ഹരിദാസൻ 

  31 -05- 1952- ൽ കോട്ടയത്ത്   കുടമാളൂരിൽ ശ്രീ. കെ. ആർ. ശങ്കരൻ,  മാധവിയമ്മ ദമ്പതികളുടെ പുത്രനായി ശ്രീ. ഹരിദാസൻ  ജനിച്ചു. അയ്യപ്പൻ പാട്ടുകാരനായിരുന്നു പിതാവ്.   ഒന്പതാമത് വയസ്സുമുതൽ സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ശ്രീ. കുടമാളൂർ കരുണാകരൻ നായർ, ശ്രീ. കുടമാളൂർ കുഞ്ചുപിള്ള  എന്നിവരുടെ കീഴിൽ കഥകളി അഭ്യസിച്ചു. 12- മത്തെ വയസ്സിൽ കുടമാളൂർ ഇരവീശ്വരം ക്ഷേത്രത്തിൽ അരങ്ങേറി. 1966-ൽ കലാമണ്ഡലം കളരിയിൽ ചേർന്ന് ആറുവർഷം കഥകളി അഭ്യസിച്ചു. തുടർന്ന് രണ്ടു വർഷത്തെ ഉപരിപഠനവും കഴിഞ്ഞ് കഥകളി രംഗത്ത് പ്രവർത്തിച്ചു വന്ന കാലഘട്ടത്തിൽ, ശ്രീ. ഹരിദാസൻ തൃപ്പൂണിത്തുറ ആർ.എൽ.വി. സ്കൂളിൽ കഥകളി അദ്ധ്യാപകനായി നിയമിതനായി. ചില വർഷങ്ങൾക്കു മുൻപ് അദ്ദേഹം ആർ.എൽ.വിയിൽ നിന്നും വിരമിച്ചു.
ചിത്രമെഴുത്തിൽ ശ്രീ. ഹരിദാസൻ  അതീവ താൽപ്പര്യം കാട്ടിയിരുന്നു. ശ്രീ. വാഴേങ്കട കുഞ്ചുനായർ, ശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ, ശ്രീ. കലാമണ്ഡലം പത്മനാഭൻ നായർ, ശ്രീ. കലാമണ്ഡലം ഗോപി, ശ്രീ. സദനം കൃഷ്ണൻകുട്ടി എന്നിവർ ശ്രീ. ഹരിദാസനെ കഥകളി അഭ്യസിപ്പിച്ചിട്ടുണ്ട്. കഥകളി ട്രൂപ്പിനോടൊപ്പം അമേരിക്ക, ഹോംകോങ്ങ് , കാനഡ തുടങ്ങിയ തുടങ്ങിയ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 


                                        ഹരിദാസൻ അവസാനമായി ചെയ്ത ബ്രാഹ്മണവേഷം 

                   രുഗ്മിണീസ്വയംവരത്തിൽ രുഗ്മിണിയായി ശ്രീ. ഹരിദാസൻ 

കലാമണ്ഡലത്തിൽ നിന്നും അഭ്യാസം പൂർത്തിയാക്കിയ ശ്രീ. ഹരിദാസന്  ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി അവർകളുടെ പരിശ്രമം മൂലം 1970 കാലഘട്ടങ്ങളിൽ ദക്ഷിണ കേരളത്തിലെ മാവേലിക്കര, പന്തളം, ഹരിപ്പാട് , കായംകുളം, ഏവൂർ ഭാഗങ്ങളിൽ ധാരാളം അരങ്ങുകൾ ലഭിച്ചിരുന്നു. ഈ കാലയളവിൽ അദ്ദേഹത്തിൻറെ ദേവയാനീചരിതത്തിൽ ദേവയാനി, കിരാതത്തിൽ അർജുനൻ, കാട്ടാളത്തി, ബാലിവധത്തിൽ ശ്രീരാമൻ, തോരണയുദ്ധത്തിൽ സീത, നളചരിതം ഒന്നിലെ ദമയന്തി, സഖി, പ്രഹളാദചരിതത്തിൽ ശുക്രൻ, സൌഗന്ധികത്തിൽ പാഞ്ചാലി, ദുര്യോധനവധത്തിൽ കൃഷ്ണൻ, ധർമ്മപുത്രർ എന്നിങ്ങനെ ധാരാളം വേഷങ്ങൾ കാണാൻ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. 

1978 -79   കാലയളവിൽ ശ്രീ. അയ്മനം കൃഷ്ണക്കയ്മൽ അവര്കളുടെ നേതൃത്വത്തിൽ  ഒരു കഥകളി സംഘം ബോംബേ പര്യടനം നടത്തിയിരുന്നു. ആ ട്രൂപ്പിൽ ശ്രീ. ഹരിദാസനും ഉണ്ടായിരുന്നു.  കഥകളി ട്രൂപ്പ് ബോംബയിൽ എത്തി, പരിപാടികൾ കഴിഞ്ഞു മടങ്ങും വരെ ഞാനും അവരോടൊപ്പം ഉണ്ടായിരുന്നു. ഏതാണ്ട് എന്റെ സമപ്രായം ഹരിദാസന് ഉണ്ടായിരുന്ന കാരണത്താൽ അദ്ദേഹവുമായിട്ടയിരുന്നു ഞാൻ കൂടുതൽ സമയവും ചിലവഴിച്ചത്. എന്റെ പിതാവിന്റെ മരണ വാർത്ത അറിഞ്ഞ് മറ്റു കലാകാരന്മാരോടൊപ്പം അദ്ദേഹവും എത്തിയിരുന്നു എന്ന് അറിയുവാൻ കഴിഞ്ഞിരുന്നു. 

    1981 -നു ശേഷം അദ്ദേഹത്തെ കാണാൻ സാധിച്ചിട്ടില്ല. ഒരു കാലയളവിൽ ശ്രീ. കലാനിലയം ഗോപാലകൃഷ്ണനും ശ്രീ. ഹരിദാസനും  മാവേലിക്കര പ്രദേശത്തെ ധാരാളം അരങ്ങുകളിൽ എത്തിയിരുന്നു.  ശ്രീ. മാത്തൂർ ചേട്ടന്റെ സപ്തതിക്ക് ഇവർ ഇരുവരെയും കാണാം എന്ന് കരുതിയെങ്കിലും സാധിച്ചില്ല. 

അദ്ദേഹത്തിൻറെ വേർപാടിൽ അങ്ങേയറ്റം ദുഖിക്കുന്ന അദ്ദേഹത്തിൻറെ ഭാര്യ ശ്രീമതി. ലീലാമണി ഹരിദാസൻ, കുടുംബാംഗങ്ങൾ, കലാകാരന്മാർ, സുഹൃത്തുക്കൾ എന്നിവരോടൊപ്പം  ഞാനും ദുഖത്തിൽ പങ്കുചേരുന്നു. 
പരേതനായ ഹരിദാസനെ മനസാ സ്മരിച്ചു കൊണ്ട് ഒരു തുള്ളി കണ്ണീർ അഞ്ജലിയായി സമർപ്പിക്കുന്നു.