പേജുകള്‍‌

2014 മാർച്ച് 21, വെള്ളിയാഴ്‌ച

മങ്കൊമ്പ് ആശാന് കണ്ണീർ അഞ്ജലി


പ്രസിദ്ധനായ  കഥകളി കലാകാരനും ആചാര്യനുമായിരുന്ന ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള അവർകൾ 2014,  മാർച്ച് 20, വ്യാഴാഴ്ച്ച  അന്തരിച്ചു എന്ന വാർത്ത ശ്രീ. ഏവൂർ രാജേന്ദ്രൻപിള്ളയാണ് എന്നെ ഫോണ്‍ മൂലം  അറിയിച്ചത്. ആശാൻ വാർദ്ധക്ക്യ സഹജമായ അസുഖം ബാധിച്ചു അവശതയിൽ കഴിഞ്ഞിരുന്ന കാലഘട്ടങ്ങളിൽ  പലതവണ ഞാൻ അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഒരിക്കൽ അദ്ദേഹത്തിൻറെ ശോഷിച്ചു വിറയ്ക്കുന്ന കൈകളിൽ വിരിഞ്ഞ കഥകളി മുദ്രകൾ അവസാനമായി കാണാനും എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തിൻറെ സഹ  കലാകാരന്മാരായിരുന്ന ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള എന്നിവരെ ഉദ്ദേശിച്ചു കൊണ്ട്  'അവരൊക്കെ പോയി, ഞാൻ ഇങ്ങിനെ കിടക്കുന്നു' എന്നായിരുന്നു  അദ്ദേഹം മുദ്ര കാട്ടിയത്. അപ്പോൾ  എനിക്ക് അതീവ ദുഃഖം ഉണ്ടായി. അദ്ദേഹത്തിൻറെ മനസ്സ് അദ്ദേഹം ഇവരുമായി വേഷമിട്ട അരങ്ങുകളുടെ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതായി  എനിക്ക് തോന്നി.    അദ്ദേഹത്തിൻറെ സഹധർമ്മിണിയും മകൻ ശ്രീ. ശ്രീകുമാർ അവർകളും സമീപം ഉണ്ടായിരുന്നു. 

                                      ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള 

നളചരിതം രണ്ടാം ദിവസത്തിന്റെ അവതരണത്തിൽ പുഷ്കരനെ സ്വാധീനിക്കുവാൻ ശ്രമിക്കുന്ന കലി, പുഷ്കരനോട് ചെയ്യുന്ന ഇളകിയാട്ടത്തിൽ ഒരു മനുഷ്യജന്മത്തിന്റെ അവസ്ഥയെ പറ്റി സൂചിപ്പിക്കാറുണ്ട്. ഒരു മനുഷ്യജന്മത്തിൽ   ൈശശവം, ബാല്യം, കൌമാരം, യവ്വനം, വാര്ദ്ധക്ക്യം എന്നിങ്ങനെ അഞ്ചു  പ്രധാന അവസ്ഥകൾ ഉണ്ട്. ഈ അഞ്ചും അനുഭവിച്ച്  ജീവിതകാലം പൂർത്തീകരിക്കുന്നവർക്കു വേണ്ടി മാത്രമേ   സ്വർഗ്ഗകവാടം തുറക്കുകയുള്ളൂ എന്നാവും ഈ സൂചന. അങ്ങിനെ നോക്കുമ്പോൾ  വാർദ്ധക്ക്യം അനുഭവിക്കുകയും പത്നിയുടെയും മൂന്നു പുത്രന്മാരുടെയും കുടുംബാംഗങ്ങളുടെയും  ശ്രുശൂഷകൾ സ്വീകരിച്ച് ഈ ലോകത്തോടെ വിട പറഞ്ഞ ശ്രീ. മങ്കൊമ്പ് ആശാൻ സ്വർഗ്ഗത്തിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന് ഏവർക്കും വിശ്വസിക്കാം. 


മങ്കൊമ്പിന്റെ ജനനം 1922 -ലായിരുന്നു. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിൽ മാടപ്പള്ളി വീട്ടിൽ പാർവതി അമ്മ, കെ.ജി. കൃഷ്ണപിള്ള എന്നിവരാണ് മാതാപിതാക്കൾ. മലയാളം ഏഴാം ക്ളാസുവരെ വിദ്യാഭ്യാസം. മഹാകവി വള്ളത്തോൾ കലാമണ്ഡലം സ്ഥാപിച്ചപ്പോൾ കഥകളി അഭ്യസിക്കുവാനായി മങ്കൊമ്പ് അവിടെയെത്തി. അന്ന് ഗുരു. കുഞ്ചുക്കുറുപ്പ് ആശാൻ കലാമണ്ഡലത്തിൽ ഇല്ലെന്നറിഞ്ഞപ്പോൾ അദ്ദേഹം  ചെങ്ങന്നൂരിലെത്തി    ഗുരു. ചെങ്ങന്നൂരിനെ കണ്ട്  തന്റെ ആഗ്രഹം അറിയിച്ചു.   ഗുരു. ചെങ്ങന്നൂരിന്റെ നിർദ്ദേശപ്രകാരം ശ്രീ. തകഴി അയ്യപ്പൻപിള്ള ആശാന്റെ കീഴിൽ കഥകളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച ശേഷം ഏഴു വർഷക്കാലം ഗുരു. ചെങ്ങന്നൂരിന്റെ വസതിയിൽ താമസിച്ച് ഗുരുകുല സമ്പ്രദായ പ്രകാരം കഥകളി അഭ്യസിച്ചു. മങ്കൊമ്പ് ദേവീക്ഷേത്രത്തിൽ വെച്ച് പൂതനാമോക്ഷത്തിൽ ലളിതയുടെ വേഷം ചെയ്ത് അരങ്ങേറ്റം നടന്നു. പ്രസിദ്ധ സംസ്കൃത പണ്ഡിതൻ ശ്രീ. പന്നിശേരി നാണുപിള്ളയുടെ കീഴിൽ സംസ്കൃതജ്ഞാനവും  പുരാണജ്ഞാനവും നേടി. വേഷ സൌന്ദര്യം, ലാസ്യത എന്നിവ കൊണ്ട്  സ്ത്രീവേഷങ്ങളുടെ  അവതരണത്തിലാണ് അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നത്.  മങ്കൊമ്പ്  കുറച്ചുകാലം  അഹമ്മദബാദിലുള്ള ദർപ്പണ അക്കാദമിയിൽ ശ്രീ. മൃണാളിനി സാരാഭായിയോടൊപ്പം  നൃത്തപരിപാടികളിൽ പങ്കെടുക്കുകയും  വിദേശപര്യടനം നടത്തുകയും ചെയ്തിരുന്നു. ഈ കാലയളവിൽ ദർപ്പണയിൽ ഉണ്ടായിരുന്ന   ശ്രീ. കാവുങ്കൽ ചാത്തുണ്ണി പണിക്കർ,  ശ്രീ. കലമണ്ഡലം ഗോവിന്ദൻകുട്ടി (രവീന്ദ്രഭാരതി സർവ്വകലാശാല കൽക്കട്ട) എന്നിവരുമായി    കഥകളിയിലും നൃത്തത്തിലും ഒന്നിച്ച് പ്രവർത്തിക്കുവാൻ അവസരം ലഭിച്ചിരുന്നു.

                                      മൃണാളിനി സാരാഭായിയോടൊപ്പം മങ്കൊമ്പ് ആശാൻ.

           പ്രധാന മന്ത്രി ശ്രീ. ജവഹർലാൽ നെഹ്രുവിനോടൊപ്പം മങ്കൊമ്പ് ആശാൻ (ഇടതു 
               നിന്നും രണ്ടാമത്)  മൃണാളിനി സാരാഭായി, കാവുങ്കൽ ചാത്തുണ്ണിപ്പണിക്കർ etc

                 
                ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ, ഗുരു. ചെങ്ങന്നൂര് , ബ്രഹ്മശ്രീ. മാങ്കുളം,
ശ്രീ.ചെന്നിത്തല, ശ്രീ.ഹരിപ്പാട്‌, പ്രൊഫ: അമ്പലപ്പുഴ രാമവർമ്മ , ശ്രീ.മങ്കൊമ്പ് , ശ്രീ. LPR വർമ്മ.

                                    ഗുരു. ചെങ്ങന്നൂരും ശിഷ്യന്മാരും 

ശ്രീ.മങ്കൊമ്പ് (ദുര്യോധനൻ), ശ്രീ.ചെന്നിത്തല(കർണ്ണൻ), ശ്രീ. തലവടി അരവിന്ദൻ (ദുശാസനൻ).

അഹമ്മദബാദിൽ നിന്നും തിരിച്ചെത്തിയ ശേഷം മങ്കൊമ്പിന് തെക്കൻ കേരളത്തിലെ കളിയരങ്ങുകളിൽ അസൂയാവഹമായ പ്രാധാന്യമാണ് ലഭിച്ചു വന്നത്. ഗുരു. ചെങ്ങന്നൂർ, കൃഷ്ണൻ നായർ, മാങ്കുളം പള്ളിപ്പുറം, ഹരിപ്പാട്‌ തുടങ്ങിയ നടന്മാരുടെ വേഷങ്ങൾക്ക് നായികയായി. 1970- കളിൽ ശ്രീ. എം.കെ.കെ. നായർ അവര്കളുടെ നിർദ്ദേശപ്രകാരം പുരുഷ വേഷങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തിത്തുടങ്ങി. ബ്രാഹ്മണൻ, കുചേലൻ, വിശ്വാമിത്രൻ, പരശുരാമൻ, കൃഷ്ണൻ, ശ്രീരാമൻ എന്നിങ്ങനെ തുടങ്ങി കഥകളിയിലെ എല്ലാ പച്ച, കത്തി, കരി,  മിനുക്ക്‌ വേഷങ്ങളുടെ അവതരണങ്ങളിലും അംഗീകാരം നേടി. FACT കഥകളി സംഘത്തിന്റെ വിദേശയാത്രകളിൽ മങ്കൊമ്പ് ഉൾപ്പെട്ടിരുന്നു. ഒരു പുരുഷ വേഷക്കാരനായി അദ്ദേഹത്തെ ആസ്വാദകർ അംഗീകരിച്ച കാലഘട്ടത്തിലും  ആസ്വാദകരുടെ നിർബ്ബന്ധത്തിനു വഴങ്ങി   കുന്തി, മണ്ണാത്തി, മലയത്തി എന്നീ വേഷങ്ങൾ ചെയ്തിട്ടുണ്ട്.  കലാമണ്ഡലം തെക്കൻ കളരിയിൽ രണ്ടു തവണ പ്രൊഫസ്സറായി നിയമിക്കപ്പെട്ടു.  അക്കാലത്ത് കലാമണ്ഡലം ട്രൂപിന്റെ എല്ലാ വിദേശയാത്രകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 

കലാമണ്ഡലം   കളികളിൽ തോരണയുദ്ധത്തിലെ അഴകിയ രാവണൻ സീതയെ പ്രലോഭിക്കുന്ന രംഗത്തിൽ, രാവണനും മണ്ഡോദരിയും ചേർന്ന് രംഗപ്രവേശം ചെയ്യുന്ന രീതിയാണ്‌  നിലവിൽ നിന്നിരുന്നത്. ഈ രീതിയെ മാറ്റിയെടുത്ത് സീതയെ വെട്ടാനൊരുങ്ങുമ്പോൾ മണ്ഡോദരി ഓടിയെത്തി രാവണന്റെ തടയുന്നതായി അവതരിപ്പിച്ചു തുടങ്ങുന്നതിനു വഴിയൊരുക്കിയത് ശ്രീ.മങ്കൊമ്പാണ്. രംഗത്ത് സഹനടന്മാർ ചെയ്യുന്ന യുക്തിഹീനമായ പ്രവർത്തികൾ കണ്ടാൽ പ്രതികരിക്കുവാൻ ഒരു മടിയും ശ്രീ. മങ്കൊമ്പ് കാട്ടിയിരുന്നില്ല. അത്തരം അനുഭവങ്ങൾ എനിക്ക് ധാരാളം ഉണ്ട്. അതിൽ ഒന്ന് കായംകുളത്തിന് കിഴക്ക് നൂറനാട് സാനിറ്റോറിയം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ അരങ്ങിലാണ് ഉണ്ടായത്. കഥ. കർണ്ണശപഥം. മങ്കൊമ്പിന്റെ കുന്തിയും പ്രസിദ്ധനും മങ്കൊമ്പിനേക്കാൾ സീനിയറായ ഒരു നടന്റെ (പേര് പറഞ്ഞു ഒരു പ്രശ്നം ഉണ്ടാക്കേണ്ടതില്ലല്ലോ) കർണ്ണനും. "സ്ത്രീത്വം ഭവതിയെ രക്ഷിക്കുന്നു മൃത്യുവിൽ നിന്നെന്നറിയുന്നോ?" എന്ന കർണ്ണന്റെ കുന്തിയോടുള്ള പദത്തിന് കർണ്ണനടൻ അമ്പെടുത്ത് കുന്തിയുടെ നെഞ്ചിനു നേരെ വെച്ചു. ഈ പ്രയോഗം മങ്കൊമ്പിനു ഒട്ടും തന്നെ രസിച്ചില്ല. കളി കഴിഞ്ഞു കർണ്ണനടൻ  അണിയറയിൽ എത്തിയപ്പോൾ മങ്കൊമ്പ് അദ്ദേഹത്തോട് പറഞ്ഞു. 
 "കർണ്ണൻ ആരാണ് എന്ന് താങ്കൾക്ക് അറിയുമോ ? വീര പുരുഷന്മാർ ആവനാഴിയിൽ നിന്നും അമ്പെടുത്താൽ അത് പ്രയോഗിക്കാതിരിക്കില്ല. അത് മനസിലാക്കി വേണം രംഗത്ത് പ്രയോഗിക്കുവാൻ " കർണ്ണനടൻ മൌനമായിരുന്നതല്ലാതെ പ്രതികരിക്കുവാൻ അദ്ദേഹത്തിനു വാക്കുകൾ ഇല്ലായിരുന്നു. 

                                                       നിഴൽക്കുത്തിലെ മലയത്തി

                                 ശ്രീ. മങ്കൊമ്പ് ആശാനും ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടിയും

                              ഹരിശ്ചന്ദ്രനും  വിശ്വാമിത്രനും (ചെന്നിത്തലയും മങ്കൊമ്പും)

ടാഗോർ രത്നാ അവാർഡ് സ്വീകരിക്കുന്ന മങ്കൊമ്പ് ആശാൻ.
ശ്രീ. സദനം ബാലകൃഷ്ണൻ ആശാൻ, ശ്രീമതി. മങ്കൊമ്പ്, മകൻ ശ്രീകുമാർ എന്നിവർ.
http://www.thehindu.com/news/cities/Kochi/tagore-ratna-presented-to-mankombu/article3473228.ece

മങ്കൊമ്പ് ആശാന് ധാരാളം ബഹുമതികൾ ശ്രീ.  ലഭിച്ചിട്ടുണ്ട്.  കേരള സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ്, ടാഗോർ രത്നാ അവാർഡ് (മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ 150 -ത്  ജന്മദിനത്തിന്റെ സ്മരണാർത്ഥം കേന്ദ്ര സംഗീത നാടക അക്കാദമി നൽകിയത് ) എന്നിവ  ആ ബഹുമതികളിൽ ഉൾപ്പെടുന്നു.  

കഥകളിയെ സംബന്ധിച്ച് ആധികാരികമായി സംസാരിക്കുവാനും എഴുതുവാനുമുള്ള  കഴിവ്  മങ്കൊമ്പ് ആശാന് ഉണ്ടായിരുന്നു.  "മലയാണ്‍മയിലെ ഒന്നാമത്തെ നാട്യശാസ്ത്രഗ്രന്ഥം" എന്ന് വിശേഷിപ്പിച്ചു കൊണ്ട് മഹാകവി വള്ളത്തോൾ അവതാരിക എഴുതി പ്രസിദ്ധീകരിച്ച   ശ്രീ. മാത്തൂർ കുഞ്ഞുപിള്ള പണിക്കർ ആശാൻറെ കഥകളി പ്രകാശികയിൽ ചേർത്തിരിക്കുന്ന ലേഖനം, കപ്ളിങ്ങാടൻ കഥകളി ശൈലിയെപറ്റി 'നൃത്യനാട്യരംഗം' എന്ന മാസികയിൽ പ്രസിദ്ധീകരിച്ച തുടർലേഖനങ്ങൾ,  'കഥകളി സ്വരൂപം' എന്ന ഗ്രന്ഥം ഇവയെല്ലാം അദ്ദേഹത്തിൻറെ എഴുതുവാനുള്ള കഴിവും അറിവും വ്യക്തമാക്കുന്നവയാണ്. 

ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യത്വം സ്വീകരിച്ച എന്റെ പിതാവിന് ഒരു കഥകളി കലാകാരന് ലഭിക്കേണ്ടത്ര അഭ്യാസമോ, ചൊല്ലിയാടിക്കലോ ലഭിച്ചിരുന്നില്ല. ഇത് നല്ലതു പോലെ അറിയാവുന്ന ഗുരു. ചെങ്ങന്നൂർ ഒരിക്കൽ തന്റെ ശിഷ്യനായ മങ്കൊമ്പിനോട് ഇങ്ങിനെ പറഞ്ഞു 
'ശിവശങ്കരാ, എൻറെ കലാലോകവളർച്ചയിൽ ചെല്ലപ്പന്റെ മുത്തച്ഛൻ ചെന്നിത്തല കൊച്ചുപിള്ള പണിക്കരാശാന്റെ പങ്ക് നിർണ്ണയാധീനമാണ്. അദ്ദേഹത്തിൻറെ താൽപ്പര്യപ്രകാരമാണ് ചെല്ലപ്പൻറെ  കഥകളി അഭ്യാസ ചുമതല ഞാൻ ഏറ്റത്. ഇന്നുള്ള എല്ലാ പ്രഗത്ഭരായ നടന്മാരുടെ നായികാ വേഷക്കാരനായി നിന്നെ കഥകളി ലോകം അംഗീകരിച്ചിരിക്കുന്നു. ചെല്ലപ്പന്റെ നായക വേഷങ്ങൾക്ക് നീ നായികാ വേഷം ചെയ്യാൻ തയ്യാറായാൽ മാത്രം മതി, അവനും കഥകളി ലോകത്ത് പിടിച്ചു നിന്നു കൊള്ളും.'

ഗുരുവിന്റെ വാക്കുകൾ സത്യത്തിൽ മങ്കൊമ്പ് ആശാനും ഒരു അനുഗ്രഹം തന്നെയായിരുന്നു. കൃഷ്ണൻ നായർ ആശാന്റെയോ, മാങ്കുളം തിരുമേനിയുടെയോ, ഹരിപ്പാട്ടു ആശാന്റെയോ വേഷങ്ങൾക്ക് നായികാ വേഷങ്ങൾ ചെയ്യുമ്പോൾ പുരുഷവേഷ മേധാവിത്വം അനുഭവപ്പെട്ടിരുന്ന കാലഘട്ടത്തിൽ പരസ്പരം ഒരു ധാരണയോടെ രംഗത്ത് പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം എന്റെ പിതാവിന്റെ നായകവേഷങ്ങൾക്ക് നായികാ വേഷം ചെയ്തപ്പോൾ മങ്കൊമ്പ് ആശാന് ലഭിച്ചു. മങ്കൊമ്പ് ആശാൻ എന്റെ പിതാവിന്റെ വേഷങ്ങൾക്ക് നായികാ വേഷം ചെയ്യാൻ തയ്യാറായതോടെ എന്റെ പിതാവിന് ലഭിച്ച അംഗീകാരം ഒറ്റവാക്കിൽ പറയുവാൻ സാധിക്കുന്നതല്ല. അവർ ഒന്നിച്ചു കചൻ- ദേവയാനി, രുഗ്മാംഗദൻ- മോഹിനി, മലയൻ- മലയത്തി, കാട്ടാളൻ- കാട്ടാളത്തി എന്നിങ്ങനെയുള്ള വേഷങ്ങൾ തെക്കൻ കേരളത്തിലെ കഥകളി ആസ്വാദകരെ സ്വാധീനിക്കുവാൻ കഴിഞ്ഞു. 

മങ്കൊമ്പ് ആശാൻ  പുരുഷവേഷക്കാരനായപ്പോൾ എന്റെ പിതാവ് അദ്ദേഹത്തിൻറെ കൂട്ടുവേഷക്കാരനായി. ആശാന്റെ പരശുരാമന് ശ്രീരാമൻ, വിശ്വാമിത്രന് ഹരിശ്ചന്ദ്രൻ, വസിഷ്ഠൻ ബലരാമന് കൃഷ്ണൻ, നളന് ഹംസം, പുഷ്ക്കരൻ, ബ്രാഹ്മണന് അർജുനൻ, കുചേലന് കൃഷ്ണൻ, രാവണന് നാരദൻ എന്നിങ്ങനെ. അരങ്ങിൽ മങ്കൊമ്പ് ആശാൻ ചെയ്യുന്ന മനോധർമ്മപരമായ പൊടിക്കൈകൾക്ക് ഉചിതമായി  ഉത്തരം നല്കുവാൻ എന്റെ പിതാവിന് സാധിച്ചിട്ടുമുണ്ട്. 

മങ്കൊമ്പ് ആശാൻ ഞങ്ങളുടെ ഗൃഹത്തിൽ എത്തിയാൽ ബലരാമനെ  കണ്ട   കൃഷ്ണൻ  എന്നപോലെയാണ്  എന്റെ പിതാവ് അദ്ദേഹത്തെ സ്വീകരിച്ചിരുന്നത്. ചെങ്ങന്നൂർ ആശാന്റെ മരണശേഷവും ആശാന്റെ കുടുംബത്തിൽ എന്തെങ്കിലും വിശേഷമോ, പ്രശ്നമോ ഉണ്ടായാൽ, മങ്കൊമ്പ് ആശാൻ വീട്ടിലെത്തി എന്റെ പിതാവിനെയും കൂട്ടിയാവും അവിടേക്ക് പോവുക. എന്റെ പിതാവ്  മരണമടയുന്നതിനു ഒരു ദിവസം മുൻപ് തട്ടാരമ്പലം VSM ആശുപത്രിയിൽ മങ്കൊമ്പ് ആശാൻ കുടുംബസമേതം എത്തി, സന്ധ്യാസമയം വരെ എന്റെ പിതാവിനെ  ആശ്വാസിപ്പിച്ചു കൊണ്ടിരുന്നതും, രസികത്തങ്ങൾ പങ്കുവെച്ചതും സ്മരണീയമാണ്. ആ കാലഘട്ടത്തിൽ  ആശാന്റെ  മകൻ ശ്രീ.  ശ്രീകുമാർ അവർകൾ മാവേലിക്കരയിലെ  RTO പോസ്റ്റിൽ ആയിരുന്നു. എന്റെ പിതാവ്  ആശുപത്രിയിൽ ആണെന്ന് അറിഞ്ഞാൽ അദ്ദേഹവും  അവിടെ എത്തിയിരിക്കും. 
ചെങ്ങന്നൂർ ആശാന്റെ മരണസമയത്ത് മങ്കൊമ്പ് ആശാൻ കലാമണ്ഡലത്തിൽ ആയിരുന്നു. കാലിനു ഒരു സർജറി കഴിഞ്ഞു നടക്കുവാൻ സാധിക്കാതെ വിശ്രമത്തിലായിരുന്നു അദ്ദേഹം. ആശാന്റെ മരണാനന്തര ചടങ്ങിൽ മങ്കൊമ്പ് ആശാന് പങ്കെടുക്കുവാൻ സാധിക്കുമോ എന്ന് എല്ലാവരും സംശയിച്ചിരുന്നു .   മങ്കൊമ്പ് ആശാൻ ചെറുതുരുത്തിയിൽ നിന്നും ഒരു കാറിൽ  ആശാന്റെ ഗൃഹത്തിന് മുൻപിൽ വന്നിറങ്ങി,  നടക്കുവാനുള്ള വിഷമത്തെയും മറന്നു കൊണ്ട്  ഗൃഹത്തിനുള്ളിലേക്ക് കയറി ചെങ്ങന്നൂരാശാന്റെ ചലനമറ്റ ശരീരം കണ്ട് വിതുമ്പലോടെ ആ   കാലടികളിലേക്ക് വീണപ്പോൾ   അവിടെ കൂടിയിരുന്ന എല്ലാ ബന്ധു - മിത്രാദികളുടെയും, ആസ്വാദകരുടെയും ശ്രദ്ധ മങ്കൊമ്പ് ആശാനിലായിരുന്നു  പതിഞ്ഞത്. 

                           ശ്രീ. മങ്കൊമ്പ് ആശാനോടൊപ്പം Dr. K.S. മോഹൻദാസും ഞാനും.

 കഥകളിയിൽ കൊമ്പും തലയും എന്ന് ആസ്വാദകർ മങ്കൊമ്പ് ആശാനെയും എന്റെ പിതാവിനെയും വിശേഷിപ്പിച്ചിരുന്നു. അവരുടെ കൂട്ടുവേഷങ്ങൾക്കുള്ള യോജിപ്പ് അത്രകണ്ട് ആസ്വാദകർ ഇഷ്ടപ്പെട്ടിരുന്നു.  അവർ തമ്മിലുണ്ടായിരുന്ന സ്നേഹബന്ധം അനുഭവിച്ച് അറിയുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെ  ഞാൻ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഒരു   മകനോടെന്നപോലെ  അദ്ദേഹവും എന്നെ സ്നേഹിച്ചിരുന്നു എന്നാണ് എന്റെ വിശ്വാസവും അനുഭവവും. 

മഹാനായിരുന്ന മങ്കൊമ്പ് ആശാന്റെ സ്നേഹ  സ്മരണയ്ക്ക് മുൻപിൽ ഒരു തുള്ളി കണ്ണുനീർ അഞ്ജലിയായി സമർപ്പിക്കുന്നു. 

എന്റെ പഴയ പോസ്റ്റ്:
http://ilakiyattam.blogspot.in/2012/10/blog-post.html
ശ്രീ. മങ്കൊമ്പ് ആശാന്‍ - കഥകളിയിലൂടെ ഒരു ആത്മബന്ധം

2014 മാർച്ച് 11, ചൊവ്വാഴ്ച

'ഉത്തരീയം' ചെന്നൈയിൽ അവതരിപ്പിച്ച 'ഉഷ - ചിത്രലേഖ' കഥകളി


ചെന്നൈയിലെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചു വരുന്ന ഉത്തരീയം കഥകളി സംഘടനയുടെ പതിനൊന്നാമത്തെ  പ്രോഗ്രാം  2014- മാർച്ച് ഒന്നിന് വൈകിട്ട് നാലരമണിക്ക് അണ്ണാനഗർ അയ്യപ്പ ക്ഷേത്രത്തിലെ ആഡിറ്റോറിയത്തിൽ അവതരിപ്പിച്ചു.  

ശ്രീ.കോട്ടക്കൽ മധുവും  ശ്രീ. സദനം ശിവദാസനും അവതരിപ്പിച്ച  വളരെ ഹൃദ്യമായ കഥകളിപ്പദക്കച്ചേരിയ്കു ശേഷം     ബാണയുദ്ധം കഥയിലെ 'ഉഷ-ചിത്രലേഖ' രംഗമാണ് അവതരിപ്പിച്ചത്.   


                                                                കഥകളിപ്പദക്കച്ചേരി

അസുരരാജാവായിരുന്ന  മഹാബലിയുടെ പുത്രനായ ബാണൻ കൈലാസത്തിലെത്തിയ അവസരത്തിൽ പരമശിവന്റെ നൃത്തത്തിന് മിഴാവ് കൊട്ടി ശിവപ്രീതി സമ്പാദിച്ചു. പരമശിവൻ ബാണന് ആയിരം കൈകൾ നൽകി അനുഗ്രഹിച്ചു. (ബാണനിൽ പ്രീതനായ പരമശിവനും കുടുംബവും പരിവാരങ്ങളും ബാണന്റെ ആഗ്രഹപ്രകാരം ശോണിതപുരിയുടെ കവലാളികളുമായി.) ശിവപീതിയാൽ നേടിയ ആയിരം കൈകൾ കൊണ്ട് ബാണൻ പരമശിവൻറെ നൃത്തത്തിന്  അഞ്ഞൂറ് മിഴാവ് വാദ്യം വായിക്കുകയും നൃത്തം മുറുകിയപ്പോൾ ആകൃഷ്ടയായ പാർവതീദേവിയും   നൃത്തത്തിൽ പങ്കുചേർന്നു. പരമശിവൻറെ താണ്ഡവനൃത്തത്തിന്  പാർവതീദേവി ലാസ്യ നൃത്തം ചെയ്യാൻ ഒരുങ്ങിയപ്പോൾ അതിനുവേണ്ടിയ വാദ്യങ്ങളായ മദ്ദളവും ഇടയ്ക്കയും ബാണൻ ഉണ്ടാക്കി.  പരമശിവൻറെ താണ്ഡവനൃത്തത്തിന് മിഴാവും പാർവതീദേവിയുടെ  ലാസ്യ നൃത്തത്തിന് മദ്ദളവും ഇടയ്ക്കയും ബാണൻ തന്റെ കൈകൾ കൊണ്ട് സമർത്ഥമായി  പ്രയോഗിച്ചു. താണ്ഡവ, ലാസ്യ നൃത്തലയം  ദ്രുതഗതിയിലെത്തിയപ്പോൾ ദേവതകളെല്ലാം സ്തബ്ദരായി നിന്നുപോയി. നൃത്തം അവസാനിച്ചപ്പോൾ സന്തോഷത്താൽ പ്രീതയായ പാർവതീ ദേവി നിനക്ക് ത്രൈലോക്യ സുന്ദരിയായ ഒരു പുത്രിയുണ്ടാകും, ആപുത്രിയെ ഞാൻ ലാസ്യ നൃത്തം അഭ്യസിപ്പിക്കും എന്ന് അരുളിചെയ്ത് അനുഗ്രഹിച്ചു. അങ്ങിനെ  ബാണന് ജനിച്ച പുത്രിയാണ് ഉഷ. ഉഷയുടെ സഖിയാണ് ചിത്രലേഖ.
"സുന്ദരിമാർ മണി ബാണ നന്ദിനിയും സഖീ 
വൃന്ദമോടുമൊത്തു ചേർന്നു -ഭംഗിയോടെ 
ചന്ദ്രകര രഞ്ജിതമാം ചന്ദ്രശാലോപരി 
ചന്ദ്രമുഖി ചെന്നു കളിയാടി മന്ദം" 
....................................................
എന്നുള്ള സാരി നൃത്തത്തോടെയാണ് രംഗാരംഭം. ഉഷയും ചിത്രലേഖയും പലതരം ലീലാവിനോദങ്ങളിൽ ഏർപ്പെടുകയും തുടർന്ന് ക്ഷീണിതയായ ഉഷയെ  ചിത്രലേഖ ഉഷയുടെ ശയനഗൃഹത്തിലേക്ക് കൂട്ടി പോകുകയും ചെയ്യുന്നു.

ചിത്രലേഖയുടെ മടിയിൽ തലവെച്ചുറങ്ങിയ ഉഷ നിദ്രയിൽ സുന്ദരനായ ഒരു കുമാരനുമായി കാമസ്വപ്നം കണ്ട്  ഞെട്ടിയുണർന്നു. ഉഷയുടെ നിദ്രയിലെ   ചേഷ്ടകൾ, കണ്ട സ്വപ്നം പെട്ടെന്ന് അവസാനിച്ചതിലുള്ള നിരാശ,  പിന്നീടുള്ള സംഭ്രമം തുടർന്നുള്ള ഭയം എന്നിവയെല്ലാം സഖി ശ്രദ്ധിച്ചു.  
എന്താണ് നിനക്ക് സംഭവിച്ചതെന്ന്   അൽപ്പം പോലും മടി കൂടാതെന്നോട് പറയണമെന്നും അങ്ങിനെ പറഞ്ഞാൽ മാത്രമേ എനിക്ക് നിന്നെ സമാധാനിപ്പിക്കാൻ സാധ്യമാകൂ, നിന്റെ ഹൃദയം കവർന്ന ആ ധന്യൻ ആരാണ് എന്ന് പറയൂ എന്ന് സഖി ഉഷയോട്‌ ആവശ്യപ്പെട്ടു. 


                                                             ഉഷയും ചിത്രലേഖയും

                                                                  ഉഷയും ചിത്രലേഖയും

                                                                ഉഷയും ചിത്രലേഖയും

നിദ്രയിൽ കമോപമരൂപനായ ഒരു കുമാരൻ തന്നെ  സമീപിച്ചതും  ഒടുവിൽ തന്റെ ഉടുതുണി അഴിക്കാൻ തുനിഞ്ഞപ്പോൾ താൻ ഞെട്ടി ഉണർന്നു എന്നും ഒരു മിന്നൽക്കൊടി പോലെ തന്റെ കമനൻ അപ്രത്യക്ഷനായി എന്നും ഉഷ തന്റെ സഖിയെ ലജ്ജയോടും കടുത്ത നിരാശയോടും കൂടി അറിയിക്കുന്നു.

സ്വപ്നത്തിൽ കണ്ട കമനൻ ആരാണ് എന്ന് ഉഷയ്ക്ക് അറിയുവാനുള്ള വ്യഗ്രത ചിത്രലേഖ മനസിലാക്കുകയും  തനിക്കുള്ള ചിത്ര രചനാ വൈദഗ്ദം കൊണ്ട് ഉഷയെ സഹായിക്കാനും  ചിത്രലേഖ തയ്യാറായി. സ്വപ്നത്തിൽ കണ്ട കുമാരന്റെ രൂപ വിവരങ്ങൾ   ഉഷയിൽ നിന്നും മനസിലാക്കിയ ചിത്രലേഖ, തനിക്ക് അറിയാവുന്ന ദേവന്മാർ,  അസുരന്മാർ   മനുഷ്യാദികൾ എന്നിവരുടെ ചിത്രങ്ങൾ ഉഷയെ കാണിച്ചു. ആ ചിത്രങ്ങൾ ഒന്നും തന്റെ സ്വപ്ന നായകനുമായി സാമ്യം ഇല്ലെന്നു ഉഷ അറിയിച്ചു. 

ചിത്രലേഖ കാട്ടിയ യദുവംശശ്രേഷ്ഠനായ വസുദേവരുടെ ചിത്രവുമായി തന്റെ കമനനു സാമ്യം ഉണ്ടെങ്കിലും   ഇദ്ദേഹത്തിന് എന്റെ മുത്തച്ഛനാകാനുള്ള പ്രായം ഉണ്ടെന്നും ഉഷ അറിയിച്ചപ്പോൾ ചിത്രലേഖ ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രം കാണിച്ചു. ഭഗവാൻ കൃഷ്ണന്റെ രൂപ സാദൃശ്യം ഉണ്ട്, എന്നാൽ ഇതിലും ചെറുപ്പമാണ് തന്റെ കമനന് എന്നായി ഉഷ. കൃഷ്ണ പുത്രനായ പ്രദ്യുമ്നന്റെ ചിത്രമാണ്‌ പിന്നീട് സഖി കാണിച്ചത്‌. ആ ചിത്രം കണ്ടപ്പോൾ ഈ രൂപം തന്നെ എന്നും അല്പ്പം കൂടി ചെറുപ്പം ആണെന്നും ഉഷ അറിയിച്ചു.  ഉഷയുടെ കമനൻ അനിരുദ്ധൻ തന്നെ എന്ന് മനസിലാക്കിയ ചിത്രലേഖ അനിരുദ്ധന്റെ ചിത്രം ഉഷയെ കാണിച്ചു. ഉഷ ചിത്രലേഖയിൽ നിന്നും ആ ചിത്രം കൈക്കലാക്കി, നിർന്നിമേഷയായി ചിത്രത്തിൽത്തന്നെ നോക്കി നിന്നു. തന്നെ സ്വപ്നത്തിൽ പ്രാപിക്കനെത്തിയ കമനൻ ഈ കുമാരൻ തന്നെയാണ്  എന്നും, കുമാരൻ ഇല്ലാതെ ഒരു നിമിഷം പോലും തനിക്കു ജീവിക്കാനാവില്ല എന്നും അതിനാൽ    എങ്ങിനെയെങ്കിലും കുമാരനെ തന്റെ സമീപം കൂട്ടി വരണം  എന്നും ഉഷ ചിത്രലേഖയെ അറിയിക്കുന്നു.

                                                                               ഉഷ

അനിരുദ്ധൻ  ഏകദേശം  പതിനായിരം യോജന അകലെയുള്ള, സമുദ്രത്താൽ ചുറ്റപ്പെട്ട   ദ്വാരകയിലാണ് വസിക്കുന്നത് . ഞാൻ എങ്ങിനെ അദ്ദേഹത്തെ കൂട്ടി വരും? ആ ദ്വാരകയിൽ കടക്കുന്നത്‌ അത്ര നിസ്സാരമല്ല. അവിടെ നിന്നും അനിരുദ്ധനെ കൂട്ടി വന്നാലും  ശ്രീപരമേശ്വരനും കുടുംബവും അനുചരന്മാരും കാവൽ നിൽക്കുന്ന ശോണിതപുരിയിൽ എങ്ങിനെ കടന്നുകൂടും? എന്നൊക്കെ ചിന്തിക്കുന്ന ചിത്രലേഖ ഉഷയുടെ താൽപ്പര്യം കഠിനമായപ്പോൾ തന്റെ യോഗബലം ഉപയോഗിച്ച് അനിരുദ്ധനെ കൂട്ടിവരാം എന്ന് സമ്മതിക്കുന്നു. 

യോഗബലത്താൽ രാത്രിയിൽ  ദ്വാരകയിലെത്തിയ ചിത്രലേഖ     അനിരുദ്ധനെ നിദ്രാധീനനാക്കി  ഉഷയുടെ ശയനഗൃഹത്തിൽ എത്തിച്ചു. തന്റെ നയനങ്ങളെ പോലും വിശ്വസിക്കുവാൻ സാധിക്കാത്ത അവസ്ഥയിലായി ഉഷ. താൻ അനിരുദ്ധനെ എത്തിച്ച വിധം അറിയിക്കുന്ന ചിത്രലേഖ, ഈ കഥകൾ തോഴിമാരോ, ദുർജ്ജനങ്ങളോ , ദൂഷണപ്രിയരോ  അറിയാതെ ശ്രദ്ധിക്കണം എന്നും അച്ഛൻ അറിഞ്ഞാൽ കോപിക്കും എന്ന് അറിയിക്കുകയും 'ദോഷമില്ലേതും ബാലേ സൂക്ഷിച്ചു കൊണ്ടാൽ' എന്നുപദേശിച്ച ശേഷം 'നാണമെന്തേവം ബാലേ! കേണതും നീയല്ലയോ? ചേണാർന്നു കാന്തനോടും കൂടി രമിച്ചീടുക' എന്ന് അറിയിച്ചു കൊണ്ട് ഉഷയുടെ ശയനാഗൃഹത്തിൽ നിന്നും പോകുന്നതോടെ 'ഉഷ- ചിത്രലേഖ' ഭാഗം  അവസാനിക്കുന്നു.

 ശ്രീ. കോട്ടക്കൽ സി.എം. ഉണ്ണികൃഷ്ണനാണ് ലാസ്യം നിറഞ്ഞ ഉഷയെ വളരെ ഭംഗിയായി അവതരിപ്പിച്ചത്. നല്ല വേഷഭംഗിയും ഭാവാഭിനയവും കൊണ്ട്  കഥാപാത്രത്തെ വിജയിപ്പിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. ശ്രീ. കലാമണ്ഡലം ശിവദാസിന്റെ  ചിത്രലേഖയും വളരെ ഭംഗിയായി.  ശ്രീ. കോട്ടക്കൽ മധു, ശ്രീ. സദനം ശിവദാസൻ എന്നിവരുടെ സംഗീതവും   ശ്രീ. സദനം ദേവദാസിന്റെ മദ്ദളം, ശ്രീ. സദനം ജിതിൻറെ ഇടയ്ക്ക എന്നിവയും നന്നായി . അണിയറയിൽ സജീവമായി പ്രവർത്തിച്ചുകൊണ്ട്  ശ്രീ. കോട്ടക്കൽ കുഞ്ഞിരാമനും കളിയുടെ വിജയത്തിന്റെ പങ്കാളികളായി.  

കഥകളിയുടെ അവതരണത്തിനു ആഡിറ്റോറിയം നൽകിയ അണ്ണാനഗർ അയ്യപ്പൻ ക്ഷേത്രത്തിന്റെ ഭാരവാഹികൾക്കും ചെന്നൈയിലെ കഥകളി ആസ്വാദകർക്കു വേണ്ടി വളരെ നല്ല കഥകളി വിരുന്ദൊരുക്കിയ ഉത്തരീയം കഥകളി സംഘടനയുടെ ഭാരവാഹികൾക്കും എളിയ കഥകളി ആസ്വാദകന്റെ   കൂപ്പുകൈ. 

2014 ഫെബ്രുവരി 20, വ്യാഴാഴ്‌ച

കാർത്തിക തിരുനാൾ തിയേറ്ററിലേക്ക് ഒരു യാത്ര


 1986 ഫെബ്രവരി 2 -ന്  എൻറെ  വിവാഹം കഴിഞ്ഞ് ഞാൻ എന്റെ ജോലി സ്ഥലമായ കൽപ്പാക്കത്ത്  കുടുംബ സമേതം  എത്തിയ ശേഷമാണ്   ഒരു വിനോദയാത്ര ചെയ്യുന്നതിനെ പറ്റി ആലോചിച്ചത്. തേക്കടിയാണ് പ്രധാനമായി തിരഞ്ഞെടുത്ത  സ്ഥലം. മാർച്ച്‌ മാസം ഏതാണ്ട് മദ്ധ്യത്തോടെ യാത്ര തിരിച്ച്  പഴനി, സുരുളി, തേക്കടി എന്നിവിടങ്ങിളിൽ സന്ദർശിച്ചു. കേരളത്തിൽ കാലടി വെച്ചിട്ട് വീട്ടിൽ വരെ പോയി അമ്മ, അച്ഛൻ, മുത്തശ്ശി, സഹോദരങ്ങൾ എന്നിവരെ കാണാതെ മടങ്ങുന്നത് ഒട്ടും ശരിയല്ല എന്ന തോന്നൽ എനിക്ക് ഉണ്ടായി. പിന്നീട് ഒന്നും ആലോചിച്ചില്ല. ഞങ്ങൾ കുമളിയിൽ നിന്നും യാത്ര തിരിച്ച്  ചെന്നിത്തലയിൽ എത്തിച്ചേർന്നപ്പോൾ രാത്രി പത്തു മണി. വീട്ടിൽ അച്ഛൻ മാത്രം ഇല്ല.   മാർച്ച് മാസം മുഴുവൻ ഉത്സവങ്ങളുടെ തിരക്കാണ്. മാർച്ചിൽ 31- ദിവസവും അച്ഛന് കഥകളി ഉണ്ടാവും. ചില ദിവസങ്ങളിൽ രണ്ടു കളികൾക്ക് പങ്കെടുക്കേണ്ടതായും വരും. എന്റെ അനുഭവത്തിൽ വയ്യാ എന്ന് തീരുമാനിച്ച് മാർച്ച് മാസത്തിൽ ഒരു കളി ഒഴിഞ്ഞ അനുഭവം ഉണ്ട്. ഞങ്ങളുടെ മടക്കയാത്രയ്ക്ക് മുൻപ്  അച്ഛൻ പങ്കെടുക്കുന്ന കളിസ്ഥലത്ത് പോയാൽ  മാത്രമേ അച്ഛനെ കാണാൻ സാധിക്കുകയുള്ളൂ എന്ന സ്ഥിതിയായിരുന്നു അന്ന്. അച്ഛൻ പങ്കെടുക്കുന്ന കളിസ്ഥലങ്ങളുടെ വിവരങ്ങൾ വീട്ടിലെ കലണ്ടറിൽ കുറിച്ചിട്ടിട്ടുള്ളത്‌ ഞാൻ നോക്കി. അന്ന് ആലപ്പുഴയിൽ ആണ് കളി. അടുത്ത ദിവസം  കാർത്തികതിരുനാൾ തിയേറ്ററിൽ   തിരുവനന്തപുരം കഥകളി ക്ലബ്ബിന്റെ കളിയാണ്. അതു കഴിഞ്ഞുള്ള കളികൾ മിക്കതും തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം  ഭാഗങ്ങളിലാണ്, അതെല്ലാം ഉത്സവക്കളികളും.   അന്നുവരെ കഥകളി കണ്ടിട്ടില്ലാത്ത എന്റെ കുടുംബിനിയെയും കൂട്ടിപോയി അച്ഛനെ കാണാൻ പറ്റിയത് ക്ലബ്ബുകളി തന്നെയാണ് എന്ന് ഉറപ്പിച്ചു. അക്കാലത്ത് രാത്രി പത്തു മണിക്ക് അവസാനിക്കുന്നത് ക്ലബ്ബുകളിയാണല്ലോ. ഈ തീരുമാനത്തോടെ ഞങ്ങൾ അടുത്ത ദിവസം രാവിലെ തിരുവനന്തപുരത്തിന് യാത്ര തിരിച്ചു. 

രാവിലെ ഒൻപതു മണിയോടെ ഞങ്ങൾ ഹരിപ്പാട്ട്‌ എത്തി. യാത്രാ സൗകര്യം അതാണ്‌. ഞങ്ങൾ ബസ് സ്റ്റാന്റിന് സമീപം എത്തിയപ്പോൾ തിരുവനന്തപുരത്തിനുള്ള KSRTC -യുടെ ഒരു ഫാസ്റ്റ് പാസഞ്ചർ ഹരിപ്പാട്ട്‌ സ്റ്റാന്റിലേക്ക് കയറി. സ്റ്റാന്റിൽ നിന്നും ആ ബസ് പുറപ്പെടുമ്പോഴാണ് ബസ്സിലെ ഒരു സൈഡിലെ സീറ്റിൽ ശ്രീ. കലാനിലയം ഉണ്ണികൃഷ്ണൻ ചേട്ടൻ ഇരിക്കുന്നത് ഞാൻ കണ്ടത്.   അദ്ദേഹവും  എന്നെ കണ്ടു.   അപ്പോൾ ഉണ്ണികൃഷ്ണൻ ചേട്ടൻ ആരെയോ വിളിച്ചു എന്തൊക്കയോ  പറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും തിരുവനന്തപുരത്തിനുള്ള KSRTC -യുടെ മറ്റൊരു ഫാസ്റ്റ് പാസഞ്ചർ അവിടെ എത്തി. ഞങ്ങൾ ആ ബസ്സിൽ കയറുന്നത് ഉണ്ണികൃഷ്ണൻ ചേട്ടൻ കാണുകയും ചെയ്തു. ഉണ്ണികൃഷ്ണൻ ചേട്ടൻ യാത്രചെയ്യുന്ന ബസ്സിനു തൊട്ടു പിന്നാലെ ഞങ്ങളുടെ ബസ്സും മുൻപോട്ടു നീങ്ങി കൊണ്ടിരുന്നു. കായംകുളത്ത് ബസ് സ്റ്റാന്റിൽ ഞങ്ങളുടെ ബസ്  പ്രവേശിക്കുമ്പോൾ ഉണ്ണികൃഷ്ണൻ ചേട്ടൻ സഞ്ചരിക്കുന്ന ബസ്സ്‌  സ്റ്റാന്റിൽ നിന്നും വെളിയിലേക്ക് വരുന്നു.  ആ ബസ്സിലിരുന്നു കൊണ്ട് ഞങ്ങൾ യാത്ര ചെയ്യുന്ന ബസ്സിനെ ശ്രദ്ധിക്കുന്ന എന്റെ അച്ഛനെയും  ഉണ്ണികൃഷ്ണൻ ചേട്ടനെയും, മങ്കൊമ്പ് ആശാനെയും വാരണാസി മാധവൻ നമ്പൂതിരിയെയും എനിക്ക് കാണാൻ സാധിച്ചത്. ആലപ്പുഴയിലെ കളി കഴിഞ്ഞ് അവർ ഒന്നിച്ച് തിരുവനന്തപുരത്തേക്കുള്ള  യാത്രയാണ് എന്ന് ഞാൻ മനസിലാക്കി. 
ഞങ്ങൾ നാട്ടിൽ എത്തുമെന്ന വിവരം  അച്ഛന് അറിയില്ല. ഞങ്ങൾ തിരുവനന്തപുരത്തിനുള്ള ബസിൽ കയറുന്നു എന്ന് ഉണ്ണികൃഷ്ണൻ ചേട്ടൻ അച്ഛനോട് പറഞ്ഞപ്പോൾ ഞങ്ങൾ എങ്ങോട്ട് പോകുന്നു എന്ന ചിന്തയും ഉണ്ടായി കാണണം. കൊല്ലം ബസ് സ്റ്റാന്റിൽ നിന്നും അവർ സഞ്ചരിച്ചിരുന്ന ബസ്, സ്റ്റാന്റു വിട്ടു വെളിയിൽ എത്തിയപ്പോഴാണ് ഞങ്ങളുടെ ബസ്, ബസ് സ്റ്റാന്റിലേക്ക് കയറിയത്. ബസ്സിന്റെ മറു സൈഡിൽ   മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടനും വാരണാസി വിഷ്ണു നമ്പൂതിരിയും ഇരിക്കുന്നതും  ഞാൻ കണ്ടു.  

ഞങ്ങൾ തിരുവനന്തപുരത്ത് എത്തിയ ശേഷം ഒരു ലോഡ്ജിൽ മുറിയെടുക്കുയും ഭക്ഷണം കഴിഞ്ഞ് വിശ്രമിച്ച   ശേഷമാണ് കാർത്തിക തിരുനാൾ തിയേറ്ററിൽ എത്തിയത്. ഞങ്ങൾ നേരെ അണിയറയിൽ എത്തി.  അച്ഛനോട് ഞങ്ങൾ പെട്ടെന്ന് തീരുമാനിച്ച യാത്രാവിവരങ്ങൾ എല്ലാം അറിയിച്ചു. മരുമകളെയും കൂട്ടി കഥകളി കാണാൻ എത്തിയതിന്റെ സന്തോഷം അച്ഛനിൽ പ്രകടമായിരുന്നു. മങ്കൊമ്പ് ആശാൻ, മാത്തൂർ ചേട്ടൻ, ഉണ്ണികൃഷ്ണൻ ചേട്ടൻ, വാരണാസിമാർ എന്നിവരെയും കണ്ടു സംസാരിച്ചു.  അച്ഛന്റെ ക്ഷണപ്രകാരം ഞങ്ങളുടെ വിവാഹത്തിന് എത്തിച്ചേരാൻ സാധിക്കാത്ത തിരുവനന്തപുരം കഥകളി ക്ലബ്ബിലെ ചില അംഗങ്ങൾ ഇതിനിടെ അവിടെ എത്തി ഞങ്ങൾക്ക് തരുവാൻ വേണ്ടി ചില പാരിതോഷികങ്ങൾ അച്ഛനെ ഏൽപ്പിക്കുവാൻ സമീപിച്ചു. നവദമ്പതികൾ ഇവിടെ എത്തിയിട്ടുണ്ട് എന്ന് അച്ഛൻ അവരെ അറിയിച്ചപ്പോൾ അവരുടെ അനുഗ്രഹവും വാങ്ങി അവർ നൽകിയ പാരിതോഷികങ്ങൾ സ്വീകരിച്ചു കൊണ്ട് ഞങ്ങൾ കാർത്തിക തിരുനാൾതിയേറ്ററിന്റെ മുൻ നിരയിൽ ഇടം പിടിച്ചു. 


                                                         ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള 

                                                     ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള

                                                                ശ്രീ.  മാത്തൂർ ഗോവിന്ദൻ കുട്ടി


                                         ശ്രീ. മാർഗി വിജയകുമാർ 

അന്ന് അവതരിപ്പിച്ച കഥ നളചരിതം ഒന്നാം ദിവസം ആയിരുന്നു. ശ്രീ. മങ്കൊമ്പ് ആശാന്റെ നളൻ, അച്ഛന്റെ ഹംസം, ശ്രീ. മാത്തൂരിന്റെ ദമയന്തി, ശ്രീ. മാർഗി വിജയകുമാറിന്റെ സഖി എന്നിങ്ങനെയായിരുന്നു വേഷങ്ങൾ. അന്നാണ്  ശ്രീ. മാർഗി വിജയകുമാറിനെ ആദ്യമായി കാണുന്നത്.  കഥകളി ലോകത്തിൽ ശ്രീ. മാർഗി വിജയകുമാർ ശ്രദ്ധേയനായ ഒരു നടനായിത്തീരും എന്ന് അന്നത്തെ സഖി തെളിയിച്ചിരുന്നു. ഹംസവും ദമയന്തിയും തമ്മിലുള്ള ഇളകിയാട്ടങ്ങൾ ഞാൻ എന്റെ കുടുംബിനിയ്ക്ക് വിശദമാക്കി കൊടുക്കുകയും അതെല്ലാം   മനസിലാകുന്നുണ്ട് എന്ന മട്ടിൽ തലകുലുക്കുകയും ചെയ്തുകൊണ്ടിരുന്നു. 

 കളി കഴിഞ്ഞ് അച്ഛനോടും അച്ഛന്റെ സ്നേഹിതന്മാരായ കലാകാരന്മാരോടും യാത്ര പറഞ്ഞു ഞങ്ങൾ ലോഡ്ജിലെത്തി. ഞങ്ങൾക്ക് ലഭിച്ച വിവാഹ പാരിതോഷികങ്ങൾ  പരിശോധിച്ചു. അത് കുറച്ചു നോട്ടുകൾ ആയിരുന്നു. ആ നോട്ടുകൾ വീട്ടിലേക്കുകൊണ്ടു പോകുന്നത് ശരിയല്ല. ചിലവാക്കുക തന്നെ എന്ന്‌ ഉദ്ദേശിച്ചു കൊണ്ട് ഞങ്ങൾ തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിക്കാണ് യാത്ര തിരിച്ചത്. 

2014 ഫെബ്രുവരി 11, ചൊവ്വാഴ്ച

കഥകളി കലാകാരന്റെ കളിപ്പണം


പണ്ടത്തെ കഥകളി കലാകാരന്മാരുടെ  ജീവിതം വളരെ ക്ലേശം നിറഞ്ഞതായിരുന്നു. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മാത്രം കലാകാരൻമാർ വേഷം കെട്ടിയിരുന്ന കാലഘട്ടം വരെ ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞ് അറിവുണ്ട്. ന്യായമായ കളിപ്പണം ചോദിച്ചു വാങ്ങുന്ന രീതി തുടങ്ങി വെച്ചത് പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാനാണ് എന്നാണ് പറയപ്പെടുന്നത്‌. ആശാൻ കളിപ്പണം ചോദിച്ചു വാങ്ങുന്നത് കണ്ടാണ്‌ അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചിരുന്ന   മറ്റു   കലാകാരന്മാർ  അവരവരുടെ യോഗ്യതയ്ക്ക്  അനുസരിച്ച്‌ കളിപ്പണം ചോദിച്ചു വാങ്ങുവാൻ തുടങ്ങിയത്. ആശാനെ ക്ഷണിച്ച് ഒരു വേഷം ചെയ്യിച്ച ശേഷം ആശാന്റെ വേഷം വളരെ നന്നായി എന്ന് കളിയുടെ സംഘാടകർ ആരെങ്കിലും ആശാനോട് അഭിപ്രായപ്പെട്ടാൽ നിങ്ങൾക്ക് സന്തോഷമായി അല്ലേ, എങ്കിൽ നിങ്ങളെ സന്തോഷിപ്പിച്ച ഈ കൃഷ്ണന്   കളിപ്പണം കൂട്ടി നല്കി  സന്തോഷപ്പെടുത്തൂ എന്ന് പറയുവാൻ അദ്ദേഹം മടിക്കില്ല എന്ന് പ്രസിദ്ധ കഥകളി കലാകാരനായിരുന്ന ശ്രീ. പന്തളം കേരളവർമ്മ അവർകൾ ഒരിക്കൽ നർമ്മത്തോടെ പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്. 

കഥകളി അവതരിപ്പിക്കുമ്പോൾ കലാകാരന്മാരെ തീരുമാനിക്കുക, അവരുടെ സൗകര്യം അറിയുക, അവരെ ക്ഷണിക്കുക,  ഉദ്ദേശിച്ച കലാകാരന് അസൌകര്യമുള്ള പക്ഷം പകരക്കാരനെ തീരുമാനിക്കുകയും അവരെ ക്ഷണിക്കുകയും, തക്ക സമയത്ത് ക്ഷണിച്ച കലാകാരൻ എത്താതെ പോയാൽ പകരക്കാരനെ സംഘടിപ്പിച്ച് കളി നടത്തുക തുടങ്ങിയവ പല സംഘാടകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങിനെയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ കളിയുടെ ചുമതല ഒരു കഥകളി കലാകാരനെയോ അല്ലെങ്കിൽ ഒരു കഥകളിയോഗം മാനേജരെയോ ഏൽപ്പിക്കുന്ന രീതിയുണ്ട്. കളിയുടെ ചുമതല ഏൽക്കുന്ന കലാകാരനായാലും കഥകളിയോഗം മാനേജർ ആയാലും അവർക്ക് സ്വാതന്ത്ര്യമുള്ള കലാകാരന്മാരെ പങ്കെടുപ്പിക്കുന്നതിലാവും കൂടുതൽ താൽപ്പര്യം കാട്ടുക.  കളിയോഗം മാനേജർക്കും അദ്ദേഹത്തിൻറെ താൽപ്പര്യക്കാരായ കലാകാരന്മാർക്കും തമ്മിൽ ഒരു ധാരണയുണ്ടാകും. ഒരു കളിക്ക് ക്ഷണിച്ചാൽ ഞാൻ ഇത്ര പണം തരും എന്നതാവും മുഖ്യ ധാരണ. സംഘാടകർക്ക് എഴുതി കൊടുക്കുന്ന ലിസ്റ്റിലെ തുകയും കലാകാരന് നൽകുന്ന തുകയും തമ്മിൽ അന്തരം ഉണ്ടായിരിക്കും. ഈ അന്തരമുള്ള തുക മനേജർക്കുള്ള കമ്മീഷനായാണ് കണക്കാക്കുന്നത്. ഇങ്ങിനെ ഒരു കമ്മീഷൻ സമ്പ്രദായം നിലവിലുള്ളത് സംഘാടകർക്ക് അറിയുകയും ചെയ്യാം. കലാകാരന്മാർ എല്ലാവരും അവർക്ക് നൽകാമെന്ന് മാനേജർ പറഞ്ഞിട്ടുള്ള തുക ലഭിച്ചാൽ  തൃപ്തരാവുകയും ചെയ്യും. 

ഒരു സന്ദർഭത്തിൽ ഒരു കളിയോഗം മാനേജർ ഒരു കലാകാരനെ ഒരു കളിക്ക് ക്ഷണിക്കുകയും അവർ തമ്മിൽ കളിപ്പണം സംബന്ധിച്ച് ഒരു ധാരണ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ കളി കഴിഞ്ഞപ്പോൾ ആ കലാകാരന് പണം നൽകിയത് സംഘാടകർ ആണ്. കലാകാരനും മാനേജരും തമ്മിൽ കളിപ്പണം സംബന്ധിച്ച് ഉണ്ടായിരുന്ന ധാരണത്തുകയും മാനേജർ പ്രസ്തുത  കലാകാരന് ലിസ്റ്റിട്ട് നൽകിയ തുകയും തമ്മിൽ വളരെ അന്തരം ഉണ്ടായിരുന്നു. സംഘാടകർ കലാകാരന് പണം നേരിട്ട് നൽകാൻ ഒരു കാരണവും അവിടെ ഉണ്ടായി. അത്തരം ഒരു കഥയാണ് എന്റെ ഇളകിയാട്ടത്തിൽ കൂടി നിങ്ങളുടെ മുൻപിൽ സമർപ്പിക്കുന്നത്. 

 തുളസീവനം എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ശ്രീ. ആർ. രാമചന്ദ്രൻ നായർ (EX. വിദ്യാഭ്യാസ ഡയറക്ടർ) എഴുതിയ പാർവതീ പരിണയം എന്ന കഥ 1970 കളുടെ ആദ്യ കാലത്ത്  മേജർ തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ അവതരിപ്പിച്ചിരുന്നു. കഥയിലെ   പരമശിവൻ, പാർവതി, നാരദൻ നന്ദികേശ്വരൻ, മന്മഥൻ, വസന്തൻ, ഹിമവാൻ, കാട്ടാളൻ എന്നീ പ്രധാന വേഷങ്ങൾ യഥാക്രമം ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള, ശ്രീമതി ചവറ പാറുകുട്ടി, ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, ശ്രീ. മടവൂർ വാസുദേവൻ നായർ, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. മയ്യനാട് കേശവൻ പോറ്റി, ശ്രീ. പകൽക്കുറി ദേവദാസ്‌, ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള എന്നിവരാണ് ചെയ്തത്.  കളി കഴിഞ്ഞ് ഓയൂർ ആശാനും അദ്ദേഹത്തിൻറെ മകനും  (കലാമണ്ഡലം രതീശന്റെ ജ്യേഷ്ടൻ. Mr. ഗോപാലകൃഷ്ണൻ. മിലട്ടറി സർവീസ്. അവധിക്കു എത്തിയപ്പോൾ ആശാനോടൊപ്പം കളി കാണുവാൻ എത്തിയതാണ് ) എന്റെ പിതാവും ഞാനും കൂടി തിരുവൻവണ്ടൂരിൽ നിന്നും നടന്ന് ആലുംതുരുത്തിയിൽ എത്തി അവിടെ നിന്നും ചെന്നിത്തലയിലേക്ക് ബസ്സിലായിരുന്നു യാത്ര. തിരുവൻവണ്ടൂരിൽ നിന്നും ആലുംതുരുത്തിവരെയുള്ള ഒരു മണിക്കൂർ നേരത്തോളം നടന്നുള്ള യാത്രാ മദ്ധ്യേ ഓയൂർ ആശാനും എന്റെ പിതാവും തമ്മിലുണ്ടായ സംഭാഷണങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ഞാനും ഗോപാലകൃഷ്ണൻ അവർകളും അവരുടെ പിന്നാലേ നടന്നു. അങ്ങിനെ മനസിലാക്കാൻ കഴിഞ്ഞതാണ് ഈ കഥ.

കളിപ്പണം സംബന്ധിച്ച് വലിയ നിർബ്ബന്ധം പ്രകടിപ്പിക്കാത്ത കലാകാരന്മാരിൽ ശ്രീ. ഓയൂർ ആശാനും ഉൾപ്പെടും. ഈ കാരണം കൊണ്ട് അദ്ദേഹത്തെ ക്ഷണിച്ച് വേഷം ചെയ്യിച്ച ശേഷം അദ്ദേഹത്തിന് കളിപ്പണം വളരെ കുറച്ചു കൊടുത്ത ഒരു കളിയോഗം മാനേജരായിരുന്നു സംഭാഷണത്തിലെ പ്രധാന കഥാനായകൻ. ഇതിനെ തുടർന്നുള്ള സംഭാഷണത്തിലാണ് എന്റെ പിതാവ് പ്രസ്തുത കളിയോഗം മാനേജരുടെ ചുമതലയിലുള്ള ഒരു കളിക്ക് പങ്കെടുത്ത കഥ വിവരിച്ചത്. 

                                       ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള 

                                              ഓയൂർ ആശാൻ ചെന്നിത്തല ആശാന്റെ 
                                        ഫോട്ടോവിന്  മുൻപിൽ നിലവിളക്ക് തെളിക്കുന്നു 

കുട്ടനാടൻ പ്രദേശത്തുള്ള വേഴപ്ര ക്ഷേത്രത്തിലായിരുന്നു കളി. ആദ്യ കഥ ദേവയാനിചരിതം. കളിയുടെ ചുമതല തിരുവല്ലയിൽ അക്കാലത്ത് നിലവിൽ ഉണ്ടായിരുന്ന ഒരു കളിയോഗം മാനേജർക്ക് ആയിരുന്നു. അദ്ദേഹത്തിൻറെ ചുമതലയിലുള്ള   കളികൾക്ക് പങ്കെടുക്കുവാൻ അച്ഛന് ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല. തീരെ കുറഞ്ഞ പക്ഷം തിരുവല്ലയിലെ ഒരു വഴിപാട്ടുകളിക്ക് ലഭിക്കുന്ന പണം ലഭിക്കണം എങ്കിൽ മാത്രമേ അയാൾ ക്ഷണിക്കുന്ന കളികൾക്ക് പോകൂ എന്ന് ഒരു നിർബ്ബന്ധം അച്ഛന് ഉണ്ടായിരുന്നു.  അക്കാലത്ത് തിരുവല്ലായിലെ ഒരു വഴിപാട്‌ കളിക്ക് അച്ഛന് ലഭിക്കുന്ന പണം നൂറ്റിഅമ്പതു രൂപയാണ് ലഭിക്കുക (ഒരു ഗ്ലാസ്‌ ചായ , മിനിമം ബസ് ചാർജ് എന്നിവ പത്തു പൈസയാണ് അക്കാലത്ത് എന്ന് കൂടി അറിഞ്ഞിരിക്കുക). വേഴപ്രായിലെ  കളിക്ക് അച്ഛനെ ക്ഷണിക്കാൻ മാനേജർ വീട്ടിൽ എത്തി. കളിക്ക് എത്തണം. കളിപ്പണമായി നൂറുരൂപയിൽ കൂടുതൽ തരുവാൻ നിർവാഹമില്ല, സഹകരിക്കണം എന്ന അദ്ദേഹത്തിൻറെ അഭ്യർത്ഥന അച്ഛൻ നിരസിച്ചു. ഒടുവിൽ മനസില്ലാ മനസോടെ നൂറ്റിഅമ്പതു രൂപ നൽകാമെന്ന് അദ്ദേഹം സമ്മതിക്കുകയും  അച്ഛൻ കളി ഏൽക്കുകയും ചെയ്തു. ദേവയാനീചരിതമാണ്‌ നിശ്ചയിച്ചിരുന്ന കഥ. അച്ഛന്റെ കചനും ശ്രീമതി ചവറ പാറുക്കുട്ടി അവർകളുടെ ദേവയാനിയും. സംഘാടകരുടെ താൽപ്പര്യം അനുസരിച്ചാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. 

                                   ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള 

അച്ഛൻ വേഴപ്രയിലെ കളിക്ക് എത്തി. അന്ന് കലാകാരന്മാരുടെ വാച്ച്, പേഴ്സ് എന്നിവ ചുട്ടി ആർട്ടിസ്റ്റിനെ എല്പ്പിച്ചിട്ടാണ് കലാകാരന്മാർ വേഷമിടുന്നത്. കലാകാരന്മാർക്ക് ചായ, സോഡാ എന്നിവ വാങ്ങി കൊടുക്കുന്ന ജോലി അണിയറക്കാർ ചെയ്യും. അവർക്ക് അതിന് കളികഴിയുമ്പോൾ കലാകാരന്മാർ ഒരു വിഹിതം നല്കുകയും ചെയ്യും. കചനും ദേവയാനിയും തമ്മിലുള്ള രംഗം കഴിഞ്ഞ് അച്ഛൻ അണിയറയിൽ എത്തി. സുകേതു രംഗത്തേക്ക് പോയി. അച്ഛൻ കിരീടം അഴിച്ചു വെച്ച് അണിയറക്കാരിൽ ഒരുവനോട് ഒരു ചായ വേണം എന്ന് ആവശ്യപ്പെട്ടു. കളിപ്പണം സംബന്ധിച്ച് നീരസം മനസ്സിൽ വെച്ചിരുന്ന കളിയോഗം മാനേജർ ഇതിനു എതിർപ്പ് പ്രകടിപ്പിച്ചു. ഇത് സാധാരണ നടപ്പുള്ള രീതിയാണ്‌ എന്നും അച്ഛനും വാദിച്ചു. ഒടുവിൽ ഇരുവരും തമ്മിലുള്ള വാദം  മൂത്തപ്പോൾ   കളിയുടെ സംഘാടകർ എത്തി. അവർ ചായയോ കാപ്പിയോ സോഡായോ ഏതുവേണമെങ്കിലും വാങ്ങിത്തരാം എന്ന് അച്ഛനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.  ഒടുവിൽ ചായ എത്തി. അച്ഛൻ അടുത്ത സുകേതുവുമായുള്ള  യുദ്ധരംഗത്തിന് അരങ്ങിലേക്ക് പോവുകയും ചെയ്തു. 

കളി കഴിഞ്ഞപ്പോൾ അച്ഛനുള്ള  കളിപ്പണം സംഘാടകർ തന്നെ നേരിട്ട് അച്ഛന് നല്കി. കളിപ്പണവും വാങ്ങി ക്ഷേത്രപരിസരം വിട്ട് വെളിയിൽ എത്തിയ ശേഷമാണ് അച്ഛൻ കവർ തുറന്നു നോക്കിയത്. അതിൽ നാല് അൻപതിന്റെ നോട്ടുകൾ. കളിയോഗം മാനേജരുമായുള്ള  ധാരണത്തുകയിൽ അൻപതുരൂപ കൂടുതൽ. ഉടൻ തന്നെ അച്ഛൻ ക്ഷേത്രത്തിലേക്ക് തിരികെ നടന്നു. സംഘാടകരാണ് തനിക്ക്‌ കളിപ്പണം നല്കിയത് എന്നാലും വേറൊരുവന് അവകാശപ്പെട്ട പണം തനിക്കു വേണ്ട എന്ന ഉദ്ദേശത്തോടെയാണ് അച്ഛൻ അണിയറയിലേക്ക്  മടങ്ങിയെത്തിയത്. കളിക്കോപ്പുകൾ ഓരോന്നായി   ആട്ടപ്പെട്ടിക്കുള്ളിൽ അടുക്കി വെച്ചു കൊണ്ടിരുന്ന, കഴിഞ്ഞ രാത്രിയിൽ തന്നോട് തകരാര് ഉണ്ടാക്കിയ   കളിയോഗം  മാനേജരെ വിളിച്ച് തനിക്കു അധികം ലഭിച്ച അൻപതു രൂപ അദ്ദേഹത്തിന് നൽകി. 
"ഇത് ചെല്ലപ്പനുള്ള പണം അല്ല. താങ്കൾക്കുള്ളതാണ് " എന്ന് പറഞ്ഞ ശേഷം അച്ഛൻ മടങ്ങി.

2014 ഫെബ്രുവരി 9, ഞായറാഴ്‌ച

ചെന്നിത്തല പുത്തുവിള ക്ഷേത്രത്തിൽ അവതരിപ്പിച്ച സന്താനഗോപാലം കഥകളി


 ചെന്നിത്തല പുത്തുവിള ഭഗവതി ക്ഷേത്രത്തിലെ ശ്രീകൃഷ്ണസന്നിധിയിൽ 2013,ഡിസംബറിൽ  നടത്തി വന്ന   സപ്താഹ മഹോത്സവത്തോട് അനുബന്ധിച്ച്   25-ന് വൈകിട്ട് ഏഴരമണിക്ക് മണ്ടവപ്പിള്ളി ശ്രീ.  ഇട്ടിരാരിശി മേനോൻ രചിച്ച   സന്താനഗോപാലം കഥകളി അവതരിപ്പിച്ചു.  ചെന്നിത്തല ഒരിപ്രം, നാനാട്ട് വീട്ടിൽ  ശ്രീധരൻ അവർകളാണ് കഥകളി വഴിപാടായി  സമർപ്പിച്ചത്. സന്താനഗോപാലം കഥയുടെ വിശദവിവരങ്ങൾ എന്റെ ബ്ലോഗ്‌ പോസ്റ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. അതിനാൽ വിശദമായ കഥാ വിവരണത്തിലേക്ക് കടക്കുന്നില്ല.


                                                          ശ്രീകൃഷ്ണനും അർജുനനും


                                                 ശ്രീകൃഷ്ണൻ , അർജുനൻ, ബ്രാഹ്മണൻ


                                                               അർജുനൻ, ബ്രാഹ്മണൻ


                                                       ബ്രാഹ്മണൻ,  ബ്രാഹ്മണസ്ത്രീ


                                                         ബ്രാഹ്മണൻ , അർജുനൻ


                                             ബ്രാഹ്മണൻ ,  ശ്രീകൃഷ്ണൻ, അർജുനൻ,


                                          ബ്രാഹ്മണസ്ത്രീ , ബ്രാഹ്മണപുത്രന്മാർ, അർജുനൻ


  ശ്രീകൃഷ്ണനായി ശ്രീ. കലാമണ്ഡലം വിശാഖ്, അർജുനനായി ശ്രീ. ഫാക്റ്റ് മോഹനൻ, ബ്രാഹ്മണനായി ശ്രീ. കലാമണ്ഡലം   കൃഷ്ണപ്രസാദ്‌, ബ്രാഹ്മണസ്ത്രീയായി ശ്രീ. മധു വാരണാസിയും   രംഗത്തെത്തിയത്.  സൂതകർമ്മിണിയായി ശ്രീ. ഏവൂർ അനുവുമാണ്  വേഷമിട്ടത്. 

 ശ്രീ. തിരുവല്ല ഗോപിക്കുട്ടൻ നായർ, ശ്രീ. പരിമണം മധു, ശ്രീ. തട്ടയിൽ ഉണ്ണികൃഷ്ണൻ എന്നിവർ സംഗീതവും ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ മദ്ദളവും കൈകാര്യം ചെയ്തു.  ശ്രീ. ഏവൂർ അജികുമാർ ചുട്ടിയും ശ്രീ. ഏവൂർ മാധവൻ കുട്ടി, ശ്രീ. ചേർത്തല കണ്ണൻ, ശ്രീ. ഏവൂർ അനു എന്നിവരാണു് അണിയറ ജോലികൾ ചെയ്തത്.  ഏവൂർ ശ്രീകൃഷ്ണവനമാല കഥകളിയോഗത്തിൻറെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. 

കഥകളിയുടെ ചുമതല എന്റെ ഉറ്റ ബന്ധുവിനായിരുന്നു. അപ്രതീക്ഷിതമായ സാഹചര്യം നിമിത്തം അദ്ദേഹത്തിന് ക്ഷേത്രത്തിൽ എത്താൻ സാധിക്കാതെ വന്നതിനാൽ കളിയുടെ ചുമതല എന്നിൽ എത്തിച്ചേർന്നു. കലാകാരന്മാർക്ക് കളിപ്പണം നൽകി അവരെ സന്തോഷത്തോടെ യാത്രയാക്കുവാൻ  പുത്തുവിളയിൽ ഭഗവതി എനിക്ക് ഒരു അവസരം നൽകിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

  ശ്രീ. ഫാക്റ്റ് മോഹനന്റെ ബ്രാഹ്മണൻ, ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദിന്റെ അർജുനൻ, ശ്രീ. മധു വാരണാസിയുടെ ശ്രീകൃഷ്ണൻ, ശ്രീ. കലാനിലയം രവീന്ദ്രനാഥപൈയുടെ  ബ്രാഹ്മണസ്ത്രീ എന്നിങ്ങനെയായിരുന്നു തീരുമാനിച്ചിരുന്നത്.  ശ്രീ. രവീന്ദ്രനാഥപൈയുടെ അച്ഛന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിനു കളിക്ക് കൂടാൻ അസൗകര്യമായി. ശ്രീ. ഫാക്റ്റ് മോഹനൻ അര്ജുനൻ ചെയ്യാൻ എന്നോട് താൽപ്പര്യം പ്രകടിപ്പിച്ചു. കൃഷ്ണപ്രസാദിന്റെ അർജുനൻ മുൻപ് കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻറെ ബ്രാഹ്മണനും ഫാക്റ്റ് മോഹനന്റെ അര്ജുനനും കണ്ടിട്ടുമില്ല. അങ്ങിനെ ഒരു അവസരം ഉണ്ടാകുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ എന്ന് അവരെ അറിയിക്കുകയും വഴിപാട്ടുകാരനോട്‌ വിവരം ധരിപ്പിക്കുകയും ചെയ്തു.
 
കഥകളി വളരെ നന്നായി എന്ന അഭിപ്രായമാണ് എല്ലാ ആസ്വാദകരിൽ നിന്നും ലഭിച്ചത്. കലാകാരന്മാരുടെ സഹകരണവും ആത്മാർത്ഥതയുമാണ്  ഈ വിജയത്തിന് കാരണം. പുത്തുവിള ഭഗവതി ക്ഷേത്രത്തിൽ ഇനി വഴിപാട് കഥകളികൾ ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം. 

പുത്തുവിള ഭഗവതി ക്ഷേത്രത്തിൽ ആദ്യമായാണ്  കഥകളിയുടെ  അവതരണം എന്നാണ് അവിടെ പലരും അഭിപ്രായപ്പെട്ടത്. എന്റെ അറിവ് അങ്ങിനെയല്ല. പണ്ട് ചെന്നിത്തലയിൽ ചാലയിൽ ശങ്കരൻ പോറ്റിയുടെ ചുമതലയിൽ ഒരു കഥകളിയോഗം ഉണ്ടായിരുന്നു. ചാലയിൽ കഥകളിയോഗം, ചെന്നിത്തല എന്ന പേരിൽ അറിയപ്പെട്ടിരുന്നു.   ആ കാലഘട്ടത്തിൽ പുത്തുവിള ക്ഷേത്രത്തിൽ ദക്ഷയാഗം കഥകളി അവതരിപ്പിച്ചിരുന്നു എന്നും അന്ന് ദക്ഷനായി വേഷമിട്ടത്  ശ്രീ. ചാലയിൽ ശങ്കരൻ പോറ്റി ആയിരുന്നു എന്നും ഭദ്രകാളി വേഷമിട്ട നടൻ രംഗത്ത് എന്തോ ഒരു ആവേശം ഉണ്ടാവുകയും ദക്ഷനെ അമിതമായി ഉപദ്രവിച്ചു എന്നും പന്തികേട്‌ മനസിലാക്കിയ ദക്ഷനടൻ വേഷത്തോടെ അരങ്ങിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു എന്നും എന്റെ മുത്തശി പറഞ്ഞ് അറിവുണ്ട്. 
എന്റെ മുത്തശ്ശിയുടെ പിതാവും എന്റെ പിതാവിന്റെ മുത്തച്ഛനും കഥകളി ആചാര്യനുമായിരുന്ന   ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ അവർകളുടെ ശിഷ്യനായിരുന്നു ശ്രീ. ചാലയിൽ ശങ്കരൻ പോറ്റി. 

2014 ജനുവരി 27, തിങ്കളാഴ്‌ച

22-12-2013-ന് തിരുവല്ലായിൽ കലാകാരന്മാരും കലാസ്നേഹികളുമൊത്ത്


 എന്റെ സുഹൃത്തായ തിരുവല്ല കിഴക്കുംമുറിയിൽ  ശ്രീ. ഉണ്ണികൃഷ്ണൻ അവർകൾ, അദ്ദേഹത്തിൻറെ  വഴിപാടായി തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ 2013  ഡിസംബർ  22- ന്  കുചേലവൃത്തം  കംസവധം കഥകളി അവതരിപ്പിക്കുന്നു എന്നും എന്റെ സാന്നിധ്യം ഉണ്ടാകണം  എന്നും എന്നെ വളരെ മുൻപു തന്നെ അറിയിച്ചിരുന്നു. ചെന്നൈയിൽ നിന്നും നാട്ടിൽ എത്തിയ ശേഷം പ്രസ്തുത കഥകളി ദിവസം വൈകിട്ട് ഏഴരമണിയോടെ തിരുവല്ലാ ക്ഷേത്രത്തിന്റെ കഥകളി മണ്ഡപത്തിൽ എത്തിയപ്പോൾ തന്നെ തിരുവല്ലാ ശ്രീവല്ലഭവിലാസം കഥകളിയോഗം മാനേജർ ശ്രീ. തിരുവല്ലാ രാധാകൃഷ്ണൻ അവർകളെ കണ്ടു. ഞാൻ കളി കാണാൻ  എത്തുമെന്ന വിവരം ശ്രീ. ഉണ്ണികൃഷ്ണൻ അവർകൾ ശ്രീ. രാധാകൃഷ്ണനെ അറിയിച്ചിരുന്നു. ശ്രീ. രാധാകൃഷ്ണൻ അവർകൾ എന്നെ അണിയറയിലേക്ക് കൂട്ടിപ്പോയി. ഈ അടുത്ത കാലത്ത് ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പിൽ ഞാൻ എഴുതിയ  പോസ്റ്റുകൾ  നിമിത്തം ഉണ്ടായ ചില വിവാദങ്ങൾ കാരണം അണിയറയിൽ പോകുവാനും കഥകളി കലാകാരന്മാരെ അഭിമുഖീകരിക്കുവാനും  ഒരു മടി ഉണ്ടായിരുന്നു. എന്നാൽ എനിക്ക് സുപരിചയക്കാരായ എല്ലാ കഥകളി  കലാകാരന്മാരും പതിവ് സ്നേഹത്തോടെ തന്നെയാണ്  എന്നോട് പെരുമാറിയത്. 

                               ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ 

                                                            ശ്രീ  ഫാക്റ്റ് മോഹനൻ

                                                   ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള

                                  ശ്രീ. തിരുവല്ലാ രാധാകൃഷ്ണൻ , ശ്രീ കലാനിലയം രാജീവൻ 

                              ശ്രീ. കലാനിലയം കരുണാകരകുറുപ്പ് ,ശ്രീ. തിരുവല്ലാ രാധാകൃഷ്ണൻ , 
                                                          ശ്രീ കലാനിലയം രാജീവൻ

                                              ശ്രീ. കലാനിലയം കരുണാകരകുറുപ്പ്

ശ്രീ. തിരുവല്ല  രാധാകൃഷ്ണൻ അവർകൾ എന്നെ അദ്ദേഹത്തിൻറെ വസതിയിലേക്ക് കൂട്ടിപ്പോയി. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുമൊത്ത്‌ ആഹാരവും കഴിച്ച ശേഷം വളരെ സന്തോഷത്തോടെ ഒരു മണിക്കൂർ സമയം അവിടെ ചിലവഴിച്ചു. ശ്രീ. രാധാകൃഷ്ണന്റെ മുത്തച്ഛനും ശ്രീവല്ലഭവിലാസം കഥകളി യോഗത്തിന്റെ സ്ഥാപകനുമായ ശ്രീ. തിരുവല്ലാ ഗോപാലപ്പണിക്കർ ആശാനും എന്റെ പിതാവും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധത്തിന്റെ കഥകളാണ് അവിടെ പങ്കു വെച്ചത്.  

ശ്രീ. രാധാകൃഷ്ണന്റെ വീട്ടിൽ നിന്നും തിരിച്ച് ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിൽ എത്തിയപ്പോൾ ശ്രീ. ഉണ്ണികൃഷ്ണനും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ, ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പിലെ അംഗങ്ങളായ ശ്രീ. രവീന്ദ്രനാഥ്  പുരുഷോത്തമൻ അവർകൾ, ശ്രീ.ജയദേവ് രാജേന്ദ്രൻ, ശ്രീ. ഗിരീഷ്‌ നീലകണ്ഠഅയ്യർ,     അദ്ദേഹത്തിൻറെ പിതാവ് നീലകണ്ഠ അയ്യർ എന്നിവരെ അവിടെ കാണാൻ സാധിച്ചു. ശ്രീ. നീലകണ്ഠഅയ്യർ അവർകളെ എനിക്ക് നേരത്തേ   പരിചയമുണ്ട്. സിംഗപ്പൂർ ഭാസ്കർ അക്കാഡമിയുടെ ഭാരതപര്യടനത്തിന്റെ ഭാഗമായി ചെന്നൈ മൈലാപ്പൂരിൽ താടകാവധം കഥകളി (തമിഴ് ഭാഷയിൽ) അവതരിപ്പിക്കുവാൻ എത്തിയപ്പോൾ അദ്ദേഹത്തെ അവിടെ വെച്ച് പരിചയപ്പെട്ടിരുന്നു. അദ്ദേഹവും അദ്ദേഹത്തിൻറെ മൂത്ത മകനും കഥകളി കലാകാരനുമായ ശ്രീ. ഗണേഷും അടുത്ത ദിവസം ചെന്നൈയിൽ അവതരിപ്പിച്ച ഒരു ഗംഭീര കഥകളി കാണുവാൻ എത്തിയിരുന്നു. അന്ന് അവിടെ അവതരിപ്പിച്ച സൌഗന്ധികം, കീചകവധം, ദുര്യോധനവധം എന്നീ കഥകളിൽ ദുര്യോധനവധത്തിലെ ഒരു രംഗത്തിന്റെ അവതരണത്തിൽ എനിക്കുണ്ടായ അഭിപ്രായവുമായി പൂർണ്ണമായും യോജിക്കുന്ന നിലപാടാണ് ശ്രീ. നീലകണ്ഠഅയ്യർക്ക്  ഉണ്ടായിരുന്നത് എന്നത് പ്രത്യേകം സ്മരിക്കുന്നു.

                                      ശ്രീ. കിരണ്‍ പരമേശ്വരൻ 

.                          ശ്രീ. രവീന്ദ്രനാഥ്  പുരുഷോത്തമൻ , ശ്രീ. കിരണ്‍ പരമേശ്വരൻ

                             ശ്രീ. ജയദേവ് രാജേന്ദ്രൻ,  ശ്രീ. രവീന്ദ്രനാഥ്  പുരുഷോത്തമൻ

ഫേസ് ബൂക്കിലൂടെ മാത്രം ആശയവിനിമയം ചെയ്തിട്ടുള്ള കഥകളി കലാകാരനും ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിനു സമീപമുള്ള അറപ്പുര  മഠത്തിലെ മുരുകൻ എന്നറിയപ്പെടുന്ന ശ്രീ. കിരണ്‍ പരമേശ്വരൻ അവർകളെയും കാണുവാനും സംസാരിക്കുവാനും അവസരം ഉണ്ടായി. ചുനക്കരയിൽ നിന്നും കംസവധം കഥകളി കാണാൻ എത്തിയ മുൻപരിചയക്കാരായ മൂന്ന് അസ്വാദകരുമായും കുറച്ചു സമയം സന്തോഷം പങ്കുവെച്ചു.

 കഥകളി വഴിപാട് സമർപ്പിച്ച ശ്രീ. ഉണ്ണികൃഷ്ണൻ അവർകളുടെ ക്യാമറയിൽ പതിഞ്ഞ അണിയറ ചിത്രങ്ങൾ എൻറെ ബ്ലോഗ്‌ വായനക്കാർക്കായി സമർപ്പിക്കുന്നു. 

                            ശ്രീ. രാജീവൻ നമ്പൂതിരിയും ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടിയും

                                        ശ്രീ. നെല്ലിയോട് തിരുമേനിയും ശ്രീ. ഇഞ്ചക്കാടും

                                                ശ്രീ. ഫാക്റ്റ് പത്മനാഭനും ശ്രീ. ഇഞ്ചക്കാടും

                                                 ശ്രീ. ഇഞ്ചക്കാടും ഫാക്റ്റ് മോഹനനും

                               ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ 

                                ശ്രീ. കലാമണ്ഡലം അരുണ്‍, ശ്രീ. കലാമണ്ഡലം ഉല്ലാസ്

കഥകളി കഴിഞ്ഞ ശേഷം എന്റെ മടക്കയാത്ര ചുട്ടി ആർട്ടിസ്റ്റ് ശ്രീ. ചിങ്ങോലി പുരുഷോത്തമൻ അവർകളോടൊപ്പം ആയിരുന്നു.   അദ്ദേഹം   തന്റെ ബൈക്കിൽ ചിങ്ങോലിക്ക് പോകും വഴിയിൽ എന്നെ  എന്റെ ഗ്രാമത്തിൽ എത്തിച്ചതും നന്ദിപൂർവ്വം സ്മരിക്കുന്നു.