പേജുകള്‍‌

2013 ഏപ്രിൽ 23, ചൊവ്വാഴ്ച

അരങ്ങിലും അരങ്ങിനു പിന്നിലും - 11

(തട്ടയിൽ ഒരിപ്രം ക്ഷേത്രത്തിലെ കഥകളി) 

പത്തനംതിട്ട ജില്ലയിലെ ഒരിപ്രം ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്   പണ്ട് മുതലേ കഥകളിക്കു പ്രാധാന്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ  ഈ ക്ഷേത്രത്തിനു സ്വന്തമായി ഒരു കഥകളിയോഗവും ഉണ്ട്. കഥകളിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തി വെയ്ക്കേണ്ട ധാരാളം കളി അനുഭവങ്ങൾ ഈ ക്ഷേത്ര അരങ്ങിൽ ഉണ്ടായിട്ടുമുണ്ട്‌ . 
 കഥകളി ഗായകൻ  ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്    വളരെ സ്വാധീനമുള്ള പ്രദേശമാകയാൽ  കലാമണ്ഡലത്തിലെ ആചാര്യന്മാരെ  കളികൾക്ക് ക്ഷണിക്കുകയും അവരെ  ആദരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം പ്രത്യേകം താൽപ്പര്യം കാട്ടി വന്നിരുന്നു. ഈ ക്ഷേത്രത്തിൽ നടന്നിട്ടുള്ള കഥകളി വിശേഷങ്ങളുടെ ധാരാളം ഓർമ്മകൾ പങ്കുവെയ്ക്കുവാൻ  ശ്രീ. ഉണ്ണികൃഷ്ണൻ  ചേട്ടന്  സാധിക്കും.  എന്റെ ചെറുപ്പകാലം  മുതൽ 1981-വരെയുള്ള കാലങ്ങളിൽ  തട്ടയിലെ കളിഅരങ്ങിനു മുൻപിൽ സ്ഥിരമായി ഞാനും എത്തിയിരുന്നതിനാൽ അവിടെ എത്തിയിരുന്ന എല്ലാ  കഥകളി ആസ്വാദകർക്കും  ഞാൻ സുപരിചിതനായിരുന്നു. ശ്രീ. പല്ലശന ചന്ദ്രമന്നാടിയാർ, ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണകുറുപ്പ് എന്നീ മഹാന്മാരായ കലാകാരന്മാരെ ആദ്യമായി ഞാൻ കാണുന്നത് ഈ ക്ഷേത്രത്തിലെ അരങ്ങുകളിലാണ് എന്നത് പ്രത്യേകം സ്മരിക്കുന്നു. ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ    (നളചരിതം-2, ദമയന്തി) ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി  എന്നിവരുടെ വേഷങ്ങൾ  ആദ്യമായി കാണുന്നതും ഈ ക്ഷേത്ര   അരങ്ങിലാണ്. 

 ഒരു പ്രസിദ്ധ കഥകളി സ്ഥാപനത്തിൽ  ചിട്ടപ്രകാരം  കഥകളി  അഭ്യസിച്ച ശേഷം   ദക്ഷിണ കേരളത്തിൽ, ആ പ്രദേശത്തുള്ള പണ്ട് ഉണ്ടായിരുന്ന നടന്മാരുടെ കൂടെ വേഷം ചെയ്തു   അംഗീകാരം പിടിച്ചു പറ്റുന്നതിന്റെ പിറകിൽ പ്രസ്തുത  നടൻ അനുഭവിച്ചിട്ടുള്ള ത്യാഗങ്ങൾ  ഒരിക്കലും ഒരു ഇന്റർവ്യൂവിലും  അവർ  തുറന്നു പറയുകയില്ല, പറയാനാവുകയുമില്ല. പലതും  മറച്ചു വെച്ചേ അവർക്ക് സംസാരിക്കാനാവൂ. അത്തരം ധാരാളം അനുഭവങ്ങൾ  എനിക്ക് നല്കുവാൻ സാധിക്കും.    ദക്ഷിണ കേരളത്തിലെ പ്രധാന  കഥകളി  നടന്മാർക്ക് കളരി അഭ്യാസം ഇല്ലായിരുന്നു എന്ന് പറയപ്പെടുമ്പോൾ അന്നത്തെ  കഥകളി യോഗങ്ങളിലെ  നടന്മാരുടെ സ്ഥിതി എന്തായിരുന്നു നമുക്ക് ചിന്തിക്കാവുന്നതാണ്. 1981- ൽ   ശ്രീ. കലാമണ്ഡലം വാസുപിഷാരടി അവർകളെ തട്ടയിൽ  ഒരു കളിക്ക് ക്ഷണിക്കപ്പെടുകയും അന്നത്തെ കളിക്ക് എത്തിയ "സ്ഥാപന"  നായികാ  വേഷക്കാരന്  പെട്ടെന്ന്  അസൗകര്യം ഉണ്ടായപ്പോൾ ശ്രീ. ആലാ രാഘവപ്പണിക്കർ എന്ന വൃദ്ധനായ  ഒരു കളിയോഗനടന്റെ രുഗ്മാംഗദചരിതത്തിൽ  മോഹിനിക്ക് രുഗ്മാംഗദനായും , (കർണ്ണശപഥത്തോടു കൂടി അവതരിപ്പിച്ച ദുര്യോധനവധം കഥയിൽ)   പാഞ്ചാലിക്കു കൃഷ്ണനായും, രൗദ്രഭീമനായും മൂന്നു വേഷം അദ്ദേഹം  ചെയ്ത അനുഭവവും ഈ ക്ഷേത്രത്തിലെ കളിയരങ്ങിൽ ഉണ്ടായിട്ടുണ്ട്.  അദ്ദേഹത്തിൻറെ കഥകളിയുടെ ചരിത്രത്തിൽ മറക്കാനാവാത്ത  ഒരു സംഭവം തന്നെ ആയിരിക്കണം ഇത്.  കളിക്ക് ആദ്യം തീർന്ന വേഷം  രുഗ്മാംഗദൻ. കിരീടം മാത്രം മാറ്റി അദ്ദേഹം കൃഷ്ണനായി അരങ്ങിലെത്തി. (രുഗ്മാംഗദൻ കഴിഞ്ഞു അദ്ദേഹം അണിയറയിൽ  എത്തിയപ്പോൾ എന്റെ പിതാവ് എന്നെ വിളിച്ചു പറഞ്ഞു " എടാ ആ പിഷാരടിക്ക് ഒരു ഗ്ലാസ് നാരങ്ങാ വെള്ളം വാങ്ങി നല്കൂ എന്ന് പറയുകയും ഞാൻ വാങ്ങി നല്കിയതും ഇപ്പോഴെന്നപോലെ ഓർമ്മിക്കുന്നുണ്ട് .) കളി കഴിഞ്ഞപ്പോൾ  തനിക്ക് അരങ്ങിൽ  തൃപ്തിയായി ഒന്നും പ്രവർത്തിക്കാൻ  സാധിച്ചില്ല എന്നും എന്റെ ഖേദം തീരാൻ അടുത്ത കളിക്ക് തന്നെ കൂടെ പങ്കെടുപ്പിക്കണം എന്ന് ശ്രീ.വാസുപിഷാരടി ക്ഷേത്ര ഭാരവാഹികളോട് അപേക്ഷിച്ചു. 1982 -ൽ  അദ്ദേഹം ക്ഷണിക്കപ്പെടുകയും തോരണയുദ്ധത്തിൽ രാവണൻ വേഷം ചെയ്തു വിജയിപ്പിക്കുകയും ചെയ്തതായി എനിക്ക് അറിവുണ്ട്.  
 
 1980-ൽ  ശ്രീ. പന്തളം കേരളവർമ്മയുടെ ബ്രാഹ്മണനും ശ്രീ. ചെന്നിത്തല ആശാന്റെ അർജുനനുമായി സന്താനഗോപലവും 1981- ൽ ശ്രീ. മങ്കൊമ്പ് ആശാന്റെ കുന്തിയും ശ്രീ. ചെന്നിത്തല ആശാന്റെ കർണ്ണനുമായി കർണ്ണശപഥവും ഉണ്ടായി. ക്ഷേത്രത്തിനു കുറച്ച് അകലെ താമസിച്ചിരുന്ന ഒരു അമ്മയ്ക്ക് ഈ രണ്ടു കഥകളും അതേ നടന്മാരെ കൊണ്ടു തന്നെ  വീണ്ടും  അവതരിപ്പിച്ചു കാണണം എന്ന് മോഹം ഉണ്ടായി.  അങ്ങിനെ 1981- 1982 കാലഘട്ടത്തിൽ ആ അമ്മയുടെ ജന്മദിനത്തിനു സ്വഗൃഹത്തിൽ കഥകളി അവതരിപ്പിച്ചു. മങ്കൊമ്പ് ആശാൻ സ്ത്രീവേഷം ചെയ്യില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതിനാൽ ശ്രീ. കോട്ടയ്ക്കൽ ശിവരാമൻ അവർകളെയാണ്   കുന്തിയുടെ  വേഷത്തിന്   ക്ഷണിച്ചത്. സന്താനഗോപലത്തിൽ  അർജുനൻ   കഴിഞ്ഞു കർണ്ണശപഥത്തിൽ കർണ്ണൻ ചെയ്യാൻ വിഷമം ഉണ്ടെന്നു ചെന്നിത്തല ആശാൻ എത്ര പറഞ്ഞും അവർ  താൽപ്പര്യത്തിൽ നിന്നും പിന്തിരിയുവാൻ തയ്യാറായില്ല.  അർജുനൻ കഴിഞ്ഞു  വിശ്രമം ലഭിക്കത്തക്ക വിധത്തിൽ കർണ്ണശപഥത്തിനു മുൻപ് ഭഗവത്ദൂത് രംഗം കൂടി ഉൾപ്പെടുത്തി കളി നടത്തി. ശ്രീ. മയ്യനാട് കേശവൻ നമ്പ്യാതിരിയുടെ കൃഷ്ണൻ, ശ്രീ. കോട്ടക്കൽ അപ്പുനമ്പൂതിരിയുടെ ബ്രാഹ്മണസ്ത്രീയും ഭാനുമതിയും, ശ്രീ.  തോന്നക്കൽ പീതാംബരന്റെ ദുര്യോധനൻ, ശ്രീ.കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്റെ ദുശാസനൻ  എന്നിങ്ങനെയായിരുന്നു മറ്റു വേഷങ്ങൾ.  ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്റെ സംഗീതവും , ശ്രീ. കുറൂർ വാസുദേവൻ‌ (മിടുക്കൻ) നമ്പൂതിരിയുടെ ചെണ്ടയും ശ്രീ.കലാനിലയം ബാബുവിന്റെ മദ്ദളവും.   കളി കഴിഞ്ഞുള്ള  കലാകാരന്മാരുടെ  മടക്കയാത്രയ്ക്ക് തട്ടയിൽ ജങ്ക്ഷനിൽ നിന്നും അടൂർ ഭാഗത്തേക്കും പത്തനംതിട്ട ഭാഗത്തേക്കും ബസ് ലഭിക്കാതെ രണ്ടു  മണിക്കൂറിലധികം  ബസ് സ്റ്റോപ്പിൽ   കാത്തു നില്ക്കേണ്ടി വന്നു. ഈ സമയം    ഈ കലാകാരന്മാർ  (ശ്രീ. കലാനിലയം ഉണ്ണികൃഷ്ണൻ ഒഴികെ) പങ്കു വെച്ച  നർമ്മ സംഭാഷണങ്ങളും അരങ്ങുകഥകളും എല്ലാം എന്നെ വളരെയധികം  ആകർഷിച്ചുവെങ്കിലും എന്റെ സാന്നിധ്യം അവരുടെ സ്വാതന്ത്ര്യത്തിനു പലപ്പോഴും  തടസ്സപ്പെടുന്നതായി  തോന്നിയിരുന്നു. 

1981-നു ശേഷം തട്ടയിൽ ഒരു കളി കാണുവാനുളള അവസരം ലഭിച്ചത് 2013- ഏപ്രിൽ 12-നാണ് അതായത് 32 വർഷങ്ങൾക്കു  ശേഷം.   അവതരിപ്പിക്കുന്ന കഥകൾ  വിക്രമോർവശീയം, തോരണയുദ്ധവും ആണ് എന്ന് അറിഞ്ഞു. വിക്രമോർവശീയം  എന്ന കഥയുടെ പേര് എവിടെയോ ഞാൻ  കേട്ടിരുന്നു. ചില വർഷങ്ങൾക്ക് മുൻപ് ശ്രീ. ഫാക്റ്റ് പത്മനാഭൻ ചേട്ടനും ശ്രീ. കലാനിലയം രാജീവൻ  നമ്പൂതിരിയും കൂടി ചെന്നൈ മ്യൂസിക് അക്കാദമിയിൽ ഒരു കളിക്ക് എത്തിയപ്പോൾ അവർക്ക് അടുത്ത ദിവസം ഓച്ചിറയിൽ ഒരു കളിയുണ്ടെന്നും,  വിക്രമോർവശീയം  കഥയാണെന്നും പറഞ്ഞതും അവർ കളികഴിഞ്ഞാലുടാൻ മടങ്ങുമെന്നും പറഞ്ഞതും അപ്പോൾ അവരെ യാത്രയാക്കുവാൻ ചെന്നൈ കോയമ്പേട് വരെ അവരോടൊപ്പം പോയതും  ഓർമ്മയിൽ എത്തി.  

ഞാൻ തട്ടയിൽ  ക്ഷേത്രത്തിലെ അണിയറയിൽ എത്തുമ്പോൾ രാത്രി  എട്ടു മണിയോളമായി. കലാകാരന്മാർ എല്ലാവരും വളരെ സ്നേഹത്തോടെയാണ്  എന്നെ സ്വീകരിച്ചത്.  ശ്രീ. കലാനിലയം  ഉണ്ണികൃഷ്ണൻ ചേട്ടനെ കണ്ടു കഥയുടെ വിവരങ്ങൾ എല്ലാം  മനസിലാക്കി. ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരിയുടെയും ശ്രീ. ഉണ്ണികൃഷ്ണൻ ചേട്ടനുമൊപ്പം  ഊണ്  കഴിച്ചു കൊണ്ടിരുന്നപ്പോൾ  ഫേസ് ബുക്കിലെ കഥകളി ചർച്ചകളിലെ എന്റെ പോസ്റ്റുകൾ, അഭിപ്രായങ്ങൾ എന്നിവയും ശ്രീ. കുറൂർ എന്നോട് പങ്കുവെച്ചു.  ഞാൻ വല്ല വിഡ്ഢിത്തവും എഴുതുന്നുണ്ടെങ്കിൽ ക്ഷമിക്കണം എന്ന് ഒരു അപേക്ഷ സമർപ്പിക്കുവാനും ഞാൻ മറന്നില്ല. ഞങ്ങൾ കുറച്ചധികം സംസാരിച്ചു.  ശ്രീ. ഉണ്ണിത്താൻ  ചേട്ടൻ അദ്ദേഹം ചെയ്യുന്ന നാരദന്റെ വേഷത്തെ പറ്റിയുള്ള വിവരങ്ങൾ പറഞ്ഞു തന്നു.   ശ്രീ. ഓയൂർ രാമചന്ദ്രൻ അവർകളുമായി  വളരെയധികം  സംസാരിക്കുവാൻ അവസരം ലഭിച്ചു. വളരെ രസകരമായ അദ്ദേഹത്തിൻറെ കഥകൾ കൂടുതൽ അറിയുവാൻ  എനിക്ക് താൽപ്പര്യം  ഉണ്ടായി. അദ്ദേഹത്തിൻറെ വീട്ടിൽ പോയി  അദ്ദേഹവുമായി കൂടുതൽ സംസാരിച്ചു വിവരങ്ങൾ മനസിലാക്കുവാൻ  അദ്ദേഹത്തിൻറെ   സൌകര്യം തിരക്കിയപ്പോൾ   ഏപ്രിൽ 28 വരെ കളികളുടെ തിരക്കുണ്ട് എന്നാണ്  അദ്ദേഹം പറഞ്ഞത്.  പിന്നീടൊരിക്കൽ ആകാം എന്ന് പറഞ്ഞു തല്ക്കാലം ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. 

വിക്രമോർവശീയം ആട്ടക്കഥയുടെ രചയിതാവും കഥകളി ആസ്വാദകനുമായ ഡോക്ടർ. കെ. പി. കേശവൻ നമ്പൂതിരി അവർകൾ അണിയറയിൽ എത്തിയപ്പോൾ  ശ്രീ. ഉണ്ണികൃഷ്ണൻ ചേട്ടൻ എന്നെ അദ്ദേഹത്തിനു  പരിചയപ്പെടുത്തികൊടുക്കുവാൻ മറന്നില്ല. ഡോക്ടർ. കെ. പി. കേശവൻ നമ്പൂതിരിയുമായി  വളരെ അധികം സംസാരിച്ചു. പണ്ട് കണ്ടു പരിചയമുണ്ടായിരുന്ന തട്ടയിലെ മൂന്നു ആസ്വാദകരെയും ചുനക്കരയിലെ രണ്ടു കഥകളി  ആസ്വാദകരെയും  കണ്ടു പരിചയം പുതുക്കുവാൻ സാധിക്കുകയും ചെയ്തു. 

രാത്രി പതിനൊന്നര മണിക്കാണ്  കളി തുടങ്ങിയത്. സമയം  വളരെ അതിക്രിച്ചതിനാൽ  പുറപ്പാടു കഴിഞ്ഞു മേളപ്പദം വേണ്ടെന്നു വെച്ചു. വിക്രമോർവശീയം കഥയുടെ  വിവരണം രചയിതാവ് സദസ്യർക്ക് വിശദീകരിച്ചശേഷം രംഗം തുടങ്ങി.   

   (വിക്രമോർവശീയം കഥയുടെ  വിവരണം  അടുത്തപോസ്റ്റിൽ )  

2013 ഏപ്രിൽ 4, വ്യാഴാഴ്‌ച

ശ്രീ. അമ്പലപ്പുഴ രാമവർമ്മ അനുസ്മരണം.


 കോട്ടയം ജില്ലയിലെ കിടങ്ങൂർ വടവാമന ഇല്ലത്ത് ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും അമ്പലപ്പുഴ പുതിയ കോവിലകത്ത് അംബികയുടെയും പുത്രനായി ശ്രീ.രാമവർമ്മ   1926- ൽ  ജനിച്ചു.  മലയാളം M.A. ബിരുദം നേടിയ ശ്രീ.രാമവർമ്മ സംസ്കൃതത്തിലും പാണ്ഡിത്യം നേടിയിരുന്നു. ആലുവ UC കോളേജിൽ രണ്ടു വർഷവും , കോട്ടയം C.M.S കോളേജിൽ 34 വർഷവും ആദ്ധ്യാപകനായും  സേവനം അനുഷ്ടിച്ച അദ്ദേഹം കഥകളി ലോകത്തിനു വളരെ  സുപരിചിതനായിരുന്നു. 

കോട്ടയം തിരുനക്കര മഹാദേവർ  ക്ഷേത്രത്തിൽ പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ  പരശുരാമനും  ശ്രീ. ചെന്നിത്തല ആശാന്റെ ശ്രീരാമനുമായി  നടന്ന ഒരു സീതാസ്വയംവരം കഥകളിയുടെ വിമർശനം  മാതൃഭൂമി   ആഴ്ചപ്പതിപ്പിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. "ക്രോധത്തിന്റെ    കൊടുമുടിയിൽ  നിന്നും ഭക്തിയുടെ  താഴ്വരയിലേക്ക് " എന്ന  തലക്കെട്ടിലാണ്  അദ്ദേഹം  പ്രസിദ്ധീകരിച്ചത്. 

                                             പ്രൊഫസ്സർ.  അമ്പലപ്പുഴ ശ്രീ.രാമവർമ്മ

 കലാമണ്ഡലം കഥകളി സംഘത്തിന്റെ പ്രചാരത്തിനായി   കേരളത്തിന്റെ എല്ലാ ജില്ലാ തലസ്ഥാനത്തും  കഥകളി അവതരിപ്പിച്ചു വന്നിരുന്ന  കാലഘട്ടത്തിൽ   കോട്ടയം തിരുനക്കര മൈതാനത്ത് അവതരിപ്പിച്ച സീതാസ്വയംവരം കഥകളി കണ്ട്  മാതൃഭൂമിയുടെ വാരാന്ത്യപതിപ്പിൽ  പ്രൊഫസർ . ശ്രീ. അമ്പലപ്പുഴ രാമവർമ്മ ഒരു വിമർശനം എഴുതി.  ശ്രീ. അമ്പലപ്പുഴ രാമവർമ്മയുടെ വിമർശനത്തിനു   രാമൻ എന്ന പേരുള്ള  ഒരു മാന്യവ്യക്തി അടുത്ത  വാരാന്ത്യപതിപ്പിൽ മറുപടി എഴുതി പ്രസിദ്ധീകരിച്ചപ്പോൾ അതിനും  ശ്രീ. അമ്പലപ്പുഴ രാമവർമ്മ  മറുപടി എഴുതി. ഇങ്ങിനെ വാരാന്ത്യപതിപ്പിൽ   തുടർന്നുപോയ  രാമയുദ്ധം    ശുഭം കണ്ടത് വളരെ അമാന്തിച്ചാണ്. ഈ രണ്ടു രാമന്മാരുടെ യുദ്ധം നീണ്ടു പോവുകയും അതിലെ പ്രധാന കഥാപാത്രം പരശുരാമനും  കലാകാരൻ ശ്രീ. രാമൻകുട്ടിനായർ ആശാനും ആയിരുന്നു. ഈ രാമയുദ്ധത്തിൽ പ്രതിഷേധിച്ച്   തിരുനക്കര ക്ഷേത്രത്തിലെ ഉത്സവക്കളിക്ക് ക്ഷണിച്ചാൽ ആശാൻ  എത്തതെയായി.   കുറച്ചു കാലത്തിനു ശേഷം ശ്രീ. രാമൻകുട്ടി   നായർ ആശാനും  ശ്രീ. രാമവർമ്മയും വളരെ ഉറ്റ  സ്നേഹിതന്മാരാവുകയും  പിന്നീട് തിരുനക്കര കളികൾക്ക് ആശാൻ സഹകരിക്കുകയും ചെയ്തു വന്നിരുന്നു. 

                                        
(മുൻ നിരയിൽ ഇടതു നിന്നും വലത്തോട്ട് ) ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ, ഗുരു ചെങ്ങന്നൂർ, ശ്രീ. LPR വർമ്മ, (പിൻ നിരയിൽ) ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള,  ശ്രീ. ഹരിപ്പാട് രാമകൃഷ്ണ പിള്ള , പ്രൊഫസർ. അമ്പലപ്പുഴ രാമവർമ്മ , ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള എന്നിവർ . 

കഥകളി സംബന്ധപ്പെട്ടതും അല്ലാതെയുമുള്ള  ധാരാളം പുസ്തകങ്ങൾക്ക്  അദ്ദേഹം  അവതാരിക എഴുതുകയും ധാരാളം  പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്.    ശ്രീ.എം.കെ.കെ. നായർ അവാർഡ്,   കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം,  ഹെർമൻ ഗുണ്ടർട്ട്  പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 87 വയസ്സിലും അദ്ദേഹം ധാരാളം സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തു വന്നിരുന്നു. കഥകളി നിരൂപണം എന്ന ഒരു പുസ്തകവും അദ്ദേഹം എഴുതി 1969- ൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സീതാസ്വയംവര'ത്തിൽ പരശുരാമൻ എന്നൊരു ആർട്ടിക്കിളും, പരശുരാമന്റെ രംഗ പ്രവേശം, അഭിനയം, വേഷവിധാനം മുതലായവ ഉൾപ്പെടുത്തി ഒരു അനുബന്ധവും പ്രസ്തുത പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അദ്ദേഹത്തെ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻറെ മകൻ ശ്രീ. രാജാ ശ്രീകുമാർവർമ്മ അവർകൾ  ഒരിക്കൽ ചെന്നൈയിലുള്ള അദ്ദേഹത്തിൻറെ സഹോദരിയുടെ ഗൃഹത്തിൽ എത്തുന്ന വിവരം എന്നെ അറിയിക്കുകയും ഞാനും  എന്റെ സുഹൃത്ത്  മിസ്റ്റർ. വൈദ്യനാഥനും കൂടി അദ്ദേഹത്തെ  ചെന്ന് കാണുകയും വളരെ അധികം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. 

 കഥകളി എന്ന കലയെ അത്യധികം സ്നേഹിച്ചിരുന്ന ഒരു  മഹത് വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിനോടുള്ള സ്നേഹത്തിനും  ബഹുമാനത്തിനും അതിരില്ല. 2013 മാർച്ച് 31-ന് ശ്രീ. രാമവർമ്മ  അവർകൾ ഇഹലോകവാസം വെടിഞ്ഞു.      അദ്ദേഹത്തിൻറെ വേർപാടിൽ ദുഖിക്കുന്ന കുടുംബാംഗങ്ങൾ, കലാസ്നേഹികൾ, കലാകാരന്മാർ, ശിഷ്യഗണങ്ങൾ,  ബന്ധു മിത്രാദികൾ   എന്നിവരോടൊപ്പം  ഞാനും ദുഖിക്കുന്നു. അദ്ദേഹത്തിൻറെ  ആത്മാവിനു നിത്യശാന്തി നേർന്നു കൊള്ളുന്നു.  

2013 ഏപ്രിൽ 2, ചൊവ്വാഴ്ച

ശ്രീ. മയ്യനാട് കേശവൻ നമ്പൂതിരി അനുസ്മരണം


ദക്ഷിണ കേരളത്തിൽ ഒരു കാലത്ത് അറിയപ്പെട്ടിരുന്ന സ്ത്രീ വേഷക്കാരനായിരുന്നു   ശ്രീ. മയ്യനാട് കേശവൻ നമ്പൂതിരി.  ആർ. എൽ. വി. കഥകളി അക്കാഡമിയിൽ  പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ കീഴിൽ കഥകളി അഭ്യാസം പൂർത്തീകരിച്ചു മടങ്ങി എത്തുമ്പോൾ സ്ത്രീവേഷത്തിന്      ഉണ്ടായിരുന്ന  കലാകാരന്മാരുടെ അഭാവം  ഏറ്റവും പ്രയോജനം ഉണ്ടായത്    ശ്രീ.മയ്യനാടിനായിരുന്നു.    ദമയന്തി, പാഞ്ചാലി, മോഹിനി, രംഭ, സൈരന്ധ്രി, ഉർവശി , ദേവയാനി , ഭാനുമതി, ചന്ദ്രമതി,   കുന്തി, ബ്രാഹ്മണസ്ത്രീ,   രതിവിരതിമാർ,     മലയത്തി, കാട്ടാളത്തി  തുടങ്ങി അദ്ദേഹം അവതരിപ്പിച്ചിരുന്ന    എല്ലാ സ്ത്രീ വേഷങ്ങളും കാണുവാൻ അവസരം ഉണ്ടായിട്ടുണ്ട്.

                                                  ശ്രീ. മയ്യനാട് കേശവൻ നമ്പ്യാതിരി

 അദ്ദേഹം പുരുഷവേഷം ചെയ്യുന്നതിൽ കൂടുതൽ  ശ്രദ്ധ ചെലുത്തുവാൻ തുടങ്ങിയ ശേഷം തിരുവനന്തപുരം,  കൊല്ലം   ജില്ലകളിലെ  കളിയരങ്ങുകളിലാണ് കൂടുതൽ  പ്രബലമായത്.  കൃഷ്ണൻ, ശ്രീരാമൻ, ദശരഥൻ,  കചൻ,    കാട്ടാളൻ,  മലയൻ,  അർജുനൻ (കിരാതം) , പുഷ്ക്കരൻ,, ഭരതൻ, ഉത്തരൻ, ദുര്യോധനൻ (കർണ്ണശപഥം), സത്യകീർത്തി, ശുക്രൻ, നാരദൻ , മാന്ത്രികൻ  എന്നിങ്ങനെ ധാരാളം  പുരുഷവേഷങ്ങളും   കാണാൻ അവസരം ലഭിച്ചിട്ടുണ്ട്.  കായംകുളത്തിന് കിഴക്ക് കരിമുളയ്ക്കൽ  പര്യാരത്തു കുളങ്ങര ക്ഷേത്രത്തിലെ ഒരു കളിക്കാണ് അദ്ദേഹം മലയൻ  ആദ്യമായി (1973) ചെയ്തത്‌. അന്ന്  അദ്ദേഹത്തിനു മലയത്തി ചെയ്തത് മങ്കൊമ്പ് ആശാനും.   ദുര്യോധനവധത്തിൽ ദുശാസനൻ പാഞ്ചാലിയോട് നിന്റെ വസ്ത്രം ഞാൻ അഴിക്കും എന്ന് പറയുമ്പോൾ തന്റെ ഭർത്താക്കന്മാർ തലകുനിഞ്ഞു നില്ക്കുന്നതു കണ്ട്  ശകുനിയോടും ദുര്യോധനനോടും തന്നെ രക്ഷിക്കണം എന്ന് അപേക്ഷിക്കുന്ന രീതി തുടങ്ങി വെച്ചത് ശ്രീ. മയ്യനാടാണ്  എന്ന് പറഞ്ഞറിവ് ഉണ്ട്. പല കലാകാരന്മാരും ഇദ്ദേഹത്തിന്റെ ഈ രംഗ പ്രവർത്തിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുള്ള  അനുഭവവും ഉണ്ട്. 

 ദുര്യോധനനും ഭാനുമതിയും (ഹരിപ്പാട്ട്‌ രാമകൃഷ്ണപിള്ളയും മയ്യനാട് കേശവൻ നമ്പ്യാതിരിയും)

ചില വർഷങ്ങൾക്കു  മുൻപ് നീണ്ടകര പരിമണം  ക്ഷേത്രത്തിലെ  കഥകളിക്കും  ശ്രീ.മാത്തൂർ ഗോവിന്ദൻ കുട്ടി ജ്യേഷ്ടന്റെ അറുപതാം   ജന്മദിന ആഘോഷത്തിനും പങ്കെടുത്തിരുന്ന   അദ്ദേഹത്തെ കണ്ടു വളരെയധികം  സംസാരിച്ചിരുന്നു.  ദൂരെ കളികൾക്ക് പോകാറില്ലെന്നും അദ്ദേഹത്തിൻറെ സ്വന്ത കളിയോഗത്തിന്റെ  കളികൾക്കുപോലും മിനുക്ക്‌ വേഷങ്ങളിൽ ഒതുങ്ങുകയാണ് എന്നും  അദ്ദേഹം പറഞ്ഞിരുന്നു. ഒരു കഥകളി കലാകാരൻ എന്ന നിലയിലും   ഒരു വലിയ കഥകളി ആസ്വാദകന്റെ മകഎന്ന നിലയിലും, ഒരു പ്രസിദ്ധനായ യുവ കഥകളി കലാകാരന്റെ പിതാവ് (കലാമണ്ഡലം രാജീവൻ) എന്ന നിലയിലും ശ്രീ.  മയ്യനാട് കേശവൻ നമ്പ്യാതിരി ശ്രദ്ധിക്കപ്പെട്ടിരുന്നു.


                                ശ്രീ. മയ്യനാട് കേശവൻ നമ്പ്യാതിരി

നിഷ്ക്കളങ്കത നിറഞ്ഞ പെരുമാറ്റവും അദ്ദേഹത്തിൻറെ സംസാര ശൈലിയും എന്നെ വളരെ അധികം ആകർഷിച്ചിട്ടുണ്ട്. ഒരു കളിയരങ്ങിൽ നിന്നും മറ്റൊരു കളിയരങ്ങിലേക്ക് പോകും വഴിയിൽ  ധാരാളം തവണ മറ്റു പല കലാകാരന്മാരോടൊപ്പം  ശ്രീ.  മയ്യനാട് കേശവൻ നമ്പ്യാതിരിയെയും എന്റെ പിതാവ്  വീട്ടിൽ കൂട്ടി വന്നിട്ടുണ്ട്.    അന്നൊക്കെ അവർ പങ്കു വെച്ചിരുന്ന  രസകരമായ നർമ്മ സംഭാഷണങ്ങളെല്ലാം ഇന്നും സ്മരണയിൽ ഉണ്ട്.  

 കൊല്ലം ജില്ലയിലെ കൂട്ടിക്കടയിൽ  നവരംഗം എന്ന പേരിൽ ഒരു കലാസ്ഥാപനം അദ്ദേഹം നടത്തി വന്നിരുന്നു. കളിക്കോപ്പ് നിർമ്മാണത്തിലും അദ്ദേഹം തന്റെ വൈദഗ്ദ്യം തെളിയിച്ചിട്ടുണ്ട്.  2013 മാർച്ച് 29- ന്  71- മത്തെ വയസ്സിൽ  ശ്രീ. മയ്യനാട്  കേശവൻ നമ്പ്യാതിരി  നിര്യാതനായി. അദ്ദേഹത്തിൻറെ   വേർപാടിൽ ദുഖിക്കുന്ന  കുടുംബാംഗങ്ങൾ, ശിഷ്യർ, ആസ്വാദകർ എന്നിവരോടൊപ്പം ഞാനും പങ്കുചേരുന്നു. 

2013 മാർച്ച് 11, തിങ്കളാഴ്‌ച

ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്‌ ബാഷ്പാഞ്ജലി


കഥകളി ലോകത്ത് നാം പല പല കലാകാരന്മാരെയും  അവരുടെ അരങ്ങുകളെയും കണ്ട് ആസ്വദിച്ചിട്ടുണ്ട്. ഓരോ  പ്രസിദ്ധ  കലാകാരന്മാരിലും നാം ഓരോ പ്രത്യേകതകളും കണ്ട് ആസ്വദിച്ചിട്ടുണ്ട് . ശ്രീ. രാമന്‍കുട്ടി നായര്‍  ആശാന്റെ വേഷങ്ങളില്‍  മാത്രമാണ്  കഥകളി  മുദ്രകളുടെ ശരിയായ  ഭംഗിയും വെടിപ്പും നിറഞ്ഞു കണ്ടിട്ടുള്ളത്. 

                             ശ്രീ. കലാമണ്ഡലം രാമന്‍കുട്ടിനായര്‍ ആശാന്‍ 

                                ശ്രീ. രാമന്‍കുട്ടിനായര്‍ ആശാന്റെ ഹനുമാന്‍ 

അദ്ദേഹത്തിന്‍റെ  സൌഗന്ധികത്തില്‍  ഹനുമാനായിരുന്നു  ഞാന്‍ ആദ്യം കാണുന്ന വേഷം. തൃക്കണ്ടിയൂര്‍ മഹാദേവര്‍  ക്ഷേത്രത്തില്‍. അന്ന് ഭീമന്‍ ചെയ്തത്   എന്റെ പിതാവായിരുന്നു. പിന്നീട് ധാരാളം തവണ ആശാന്റെ  സൌഗന്ധികത്തില്‍    ഹനുമാന്‍ കാണാന്‍ സാധിച്ചിട്ടുണ്ട് .   അദ്ദേഹത്തിന്‍റെ ബാലിവിജയത്തില്‍ രാവണന്‍, കിരാതത്തിലെയും  നളചരിതം രണ്ടിലെയും കാട്ടാളന്‍,    ഉത്തരാസ്വയംവരത്തില്‍  ദുര്യോധനന്‍,  ലവണാസുരവധം  തോരണയുദ്ധം കഥകളില്‍    ഹനുമാന്‍, കീചകവധത്തില്‍ കീചകന്‍, രാജസൂയത്തില്‍  ശിശുപാലന്‍,   കാലകേയവധത്തില്‍   അര്‍ജുനന്‍, സന്താനഗോപലത്തില്‍ ബ്രാഹ്മണന്‍ എന്നിങ്ങനെ  ധാരാളം വേഷങ്ങള്‍ ആസ്വദിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്.  

                                             ആശാന്‍ രാവണനാകാനുള്ള ഒരുക്കത്തില്‍ 

 മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രത്തില്‍ ഒരു കളിക്ക് പ്രസിദ്ധ  കഥകളി ഗായകന്‍ ശ്രീ. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി എത്താതിരിക്കുകയും  അദ്ദേഹം അയച്ച രണ്ട്  പകരക്കാരെ വെച്ച് കളി നടത്തുകയും ചെയ്തു.  കളി കഴിഞ്ഞപ്പോള്‍  എമ്പ്രാന്തിരിയുടെ പകരക്കാരായി വന്ന കഥകളി ഗായകന്മാര്‍ക്ക്  കളിപ്പണം നല്‍കാന്‍ ഉത്സവത്തിന്റെ  ഭാരവാഹികള്‍  തയ്യാറായില്ല. അപ്പോള്‍ കളിയില്‍  പങ്കെടുത്ത എല്ലാ  കലകാരന്മാരും കളിപ്പണം വാങ്ങാന്‍ വിസമ്മതിച്ചു കൊണ്ട്   പ്രതികരിച്ചു.  തൃക്കുരട്ടിയില്‍ നടന്ന കഥകളിയില്‍  ആദ്യ കഥയിലെ ഒരു വേഷം കഴിഞ്ഞു കടപ്രയ്ക്ക് സമീപം വേറൊരു  കളിക്ക് പങ്കെടുക്കാന്‍ പോയ  എന്റെ പിതാവ് മടങ്ങി എത്തിയ ശേഷമാണ്  പ്രശ്നത്തിന് പരിഹാരം ഉണ്ടായത്. കളി കഴിഞ്ഞു ആദ്യത്തെ ബസ്സില്‍ ഏറ്റവും സമീപറയില്‍വേ  സ്റ്റേഷനില്‍  എത്തി വേണാട് എക്സ്പ്രസ്സില്‍  ഷൊര്‍ണ്ണൂരില്‍ എത്താന്‍ ശ്രമിക്കാറുള്ള  ആശാന്‍ ബാധിക്കപ്പെട്ട  കലകാരന്മാരോടൊപ്പം നിന്ന്  മൌനമായി  പ്രതികരിച്ച   സംഭവം  സ്മരണീയമാണ്. 

ആശാനുമായി ധാരാളം സംസാരിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. ശ്രീ.രാമന്‍കുട്ടി ആശാന്‍, ശ്രീ. കൃഷ്ണന്‍കുട്ടി പൊതുവാള്‍ ആശാന്‍, ശ്രീ. അപ്പുക്കുട്ടിപൊതുവാള്‍ ആശാന്‍ എന്നിവര്‍ അരങ്ങില്‍ ഒന്നിക്കുന്ന "കുട്ടിത്രയം" അനുഭവിക്കാനുള്ള ഭാഗ്യവും  എനിക്ക്  ഉണ്ടായിട്ടുണ്ട്.  

ബഹുമാന്യ കഥകളി ആചാര്യന്‍ ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്റെ വേര്‍പാട് കഥകളി ലോകത്തിനു  ഒരിക്കലും  നികത്താനാകാത്ത നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്‍റെ അരങ്ങിലെ ഒരു ചില ചലനങ്ങള്‍ അദ്ദേഹത്തിന്‍റെ   ശിഷ്യ സമൂഹങ്ങളുടെ  അരങ്ങുകളില്‍  കണ്ട് സംതൃപ്തി നേടുവാനല്ലാതെ  മറ്റെന്താണ് നമുക്കിനി   സാധിക്കുക. അദ്ദേഹത്തിന്‍റെ കഥകളി  കാലഘട്ടത്തില്‍ ജനിക്കുവാനും ജീവിക്കുവാനും സാധിച്ചു.  അതിനാല്‍ അദ്ദേഹം ചെയ്തു വിജയിപ്പിച്ച സുപ്രധാനമായ  വേഷങ്ങളെല്ലാം  കാണുവാനും അവ  ആസ്വദിക്കുവാനും സാധിച്ചത്  മഹാഭാഗ്യമായി കരുതുന്നു. 

മഹാശിവരാത്രി കഴിഞ്ഞുള്ള അമാവാസി  പുണ്യദിവസമാണ്. അദ്ദേഹം പരലോകം പൂണ്ടത്  ഈ പുണ്യ ദിനത്തിലാണ്.  കുട്ടിത്രയത്തിന്റെ കൂട്ടാളികള്‍ അദ്ദേഹത്തെ പരലോകത്തേക്ക്   സസന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ടാവും എന്ന് നമുക്ക് സമാധാനിക്കാം.    
  മഹാനായിരുന്ന  രാമന്‍കുട്ടി ആശാന്റെ പാവന  സ്മരണയ്ക്കു  മുന്‍പില്‍ ഒരു തുള്ളി കണ്ണുനീര്‍ ഞാന്‍  അഞ്ജലിയായി സമര്‍പ്പിച്ചു കൊള്ളുന്നു. 

2013 മാർച്ച് 6, ബുധനാഴ്‌ച

ചെന്നൈ കലാക്ഷേത്രയില്‍ അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി


ചെന്നൈ, അഡയാര്‍  കലാക്ഷേത്ര  ഡാന്‍സ് ഫെസ്റ്റിവല്‍ - 2013 ന്റെ ഭാഗമായി  23 - 02 - 2013 ന്  വൈകിട്ട് ആറുമണിക്ക്   കലാക്ഷേത്ര രുഗ്മിണി ദേവി  അരങ്ങില്‍ പൂതനാമോക്ഷം കഥകളി അവതരിപ്പിക്കുകയുണ്ടായി. 

കംസന്റെ ആജ്ഞ  അനുസരിച്ച്  നന്ദകുമാരനായ  ഉണ്ണിക്കണ്ണനെ വധിക്കുവാനായി പൂതന എന്ന രാക്ഷസി സുന്ദരിയായ ലളിത  വേഷം ധരിച്ച് അമ്പാടിയിലെത്തുന്നതും  ഉണ്ണിക്കണ്ണനെ കാണുന്നതും, താലോലിക്കുന്നതും പിന്നീട്  തന്റെ ആഗമന ഉദ്ദേശം   ഉണര്‍ന്ന്   കുട്ടിക്ക്  വിഷം പുരട്ടിയ മുലയൂട്ടി   വധിക്കുവാന്‍ ശ്രമിക്കുകയും തന്മൂലം പൂതന മോക്ഷം പ്രാപിക്കുകയും  ചെയ്യുന്നതാണ് അവതരിപ്പിച്ച രംഗം. 

"കന്നൽക്കണ്ണികൾമൗലി രത്നകലികാ രൂപം ധരിച്ചാദരാൽ
 പൊന്നിന്മാലയണിഞ്ഞു പൂതന തദാ മന്ദം നടന്നീടിനാൾ
 പിന്നെചെന്നവൾ ഗോകുലേ കുളിർമുലക്കുന്നിന്നുമീതേ ചിരം
 മിന്നും ചന്ദ്രികപോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടിനാൾ"
 എന്ന മനോഹരമായ ശ്ലോകം കഴിഞ്ഞ ഉടന്‍ തിരശീല നീങ്ങി  സുന്ദരീ വേഷധാരിയായ പൂതന രംഗത്തെത്തി അമ്പാടിയെ നോക്കി കണ്ടു വര്‍ണ്ണിച്ചു. 


 
അമ്പാടിയില്‍ എത്തുന്ന ലളിത 

                                         അമ്പാടിവര്‍ണ്ണന 

അമ്പാടിയെ വര്‍ണ്ണിക്കുവാന്‍ ആയിരം നാവുള്ള  അനന്തനാല്‍ പോലും സാദ്ധ്യമല്ല  എന്നും     ഏഴുനിലകളോടുകൂടിയ മനോഹരമായ   മണി മന്ദിരങ്ങളും , മധുരജലം ഒഴുകുന്ന അരുവികളും ,   കണ്ണിനു  കുളിർമ്മയുള്ള പൂങ്കാവനങ്ങളും    കൊണ്ട്  മനോഹരമായ അമ്പാടിയോട്  മത്സരിക്കുവാന്‍ ദേവപുരിക്കു പോലും  സാദ്ധ്യമല്ല എന്നും  അമ്പാടിയിലെ  സൌന്ദര്യവതികളായ  സ്ത്രീകളുടെ സംഗീതവും   നർത്തകരുടെ നൃത്തവൈദഗ്ദ്ധ്യവും കണ്ടാൽ വിരഹികളുടെ   മനസിന്   എരിച്ചില്‍ ഉണ്ടാകുമെന്നുമാണ്  ആട്ടത്തിന്റെ ഉള്ളടക്കം.  
  മദത്തോടെ   മയിലുകൾ നൃത്തം ചെയ്യുന്നതും  ഗോവർദ്ധന പർവ്വതത്തിന്റെ  ഭംഗിയും     മനോഹാരിതയും കണ്ട് ആസ്വദിച്ച ലളിത  പിന്നീട്  നന്ദഗോപരുടെ  ഭവനം കണ്ടു.  ഒരു ഭാഗത്ത് പശുക്കൂട്ടം കണ്ടു. തൈരിന്റെ ഗന്ധം എല്ലായിടവും നിറഞ്ഞു നില്‍ക്കുന്നതു ആസ്വദിച്ചു.   ഞാന്‍   തേടി വന്ന കമലക്കണ്ണന്‍  ഗൃഹത്തിനുള്ളില്‍ ഉണ്ടാവും എന്ന് കരുതി അമാന്തിക്കാതെ  ഗൃഹത്തിനുള്ളിലേക്ക്  കടക്കുക തന്നെ  എന്നു തീരുമാനിച്ച്  ലളിത മന്ദിരത്തിന്റെ  ഉള്ളിലേക്ക്  പ്രവേശിച്ചു.

                                                  മന്ദിരത്തിനുള്ളില്‍ എത്തിയ ലളിത 

മന്ദിരത്തിനുള്ളില്‍ കടന്ന ലളിത കണ്ണഞ്ചിക്കുന്ന  ശോഭ നിറഞ്ഞ  കണ്ണനെ കണ്ട് കൈകള്‍ കൂപ്പി.  വാത്സല്യത്തോടെ കണ്ണനെ  കൊഞ്ചിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു. 

 "അല്ലയോ  നന്ദകുമാരാ, നീ സന്തോഷത്തോടെ എന്റെ അരികില്‍  വന്നാലും.  നിന്റെ കോമളമായ ശരീരം കാണുന്ന കണ്ണുകൾ സായൂജ്യമടയുന്നു.   നിന്റെ മുഖം കണ്ണുനീര്‍ കൊണ്ട് നിറയുവാന്‍    എന്താണ്  കാരണം? പൈതലേ ! നിനക്ക്   ദാഹം   അധികം  ഉണ്ടെങ്കില്‍ സന്തോഷത്തോടെ എന്റെ മുലകള്‍  കുടിച്ചാലും.



ലളിത സ്നേഹത്തോടെ  കുഞ്ഞിനെ    നോക്കി കണ്ടു.     നീ  എന്തിനാണ് കരയുന്നത് ? നിന്റെ വയറു നിറയെ ഞാന്‍ മുലപ്പാല്‍ നല്‍കാം. 
ഞാന്‍ ധാരാളം കുട്ടികളെ കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലൊരു കുട്ടിയെ എങ്ങുമേ  കണ്ടിട്ടില്ല. (തൊട്ടിലാട്ടിക്കൊണ്ട് കുട്ടിയെ സന്തോഷിപ്പിച്ചു.)
ലളിത : (ഒരു ആഗതയെ കണ്ടതായി നടിച്ചു കൊണ്ട്) ഞാന്‍ വളരെ ദൂരത്തു നിന്നും ഈ കുട്ടിയെ  കാണാന്‍ എത്തിയതാണ്. (ആഗതയോടായി) കുട്ടിയെ കുളിപ്പിക്കാന്‍ എത്തിയതാണോ? പോയി കുളിച്ചിട്ടു വന്നാലും. ഞാന്‍ ഇവിടെ ഉണ്ടാകും. വേഗം വരണം. (കുട്ടിയെ കാണാന്‍ എത്തിയ മറ്റു ചിലരെയും ലളിത കണ്ടു. കുറച്ചു നേരം തനിക്ക്‌  കുഞ്ഞിനോടൊപ്പം സമയം ചിലവഴിക്കണം എന്ന് അനുവാദം വാങ്ങി അവരെ യാത്രയാക്കി.

ലളിത കുഞ്ഞിനെ തൊട്ടിലില്‍ നിന്നും കയ്യില്‍  എടുത്തുകൊണ്ട്   സ്നേഹത്തോടെ താലോലിച്ച ശേഷം മടിയില്‍ വെച്ചുകൊണ്ട്   കുട്ടിയുടെ ശരീരഭംഗി നോക്കികണ്ടു. ഒരു ശില്‍പ്പം പോലെ വടിവൊത്ത ശരീരം. കുറുനിരകള്‍ വണ്ടുകള്‍ ഒട്ടി നില്‍ക്കുന്നത് പോലെയും, പുരികക്കൊടി വില്ല് രണ്ടായി ഒടിച്ചു വെച്ച പോലെയും വദനം ചന്ദ്രപ്രഭപോലെയും യോഗ്യതയുള്ള കുഞ്ഞ്  (എന്നിങ്ങനെയുള്ള വര്‍ണ്ണനകള്‍)
   
(ലളിതയുടെ ചിന്ത ) ഞാന്‍ എന്തിനാണ് ഇവിടെ വന്നത്? ധാരാളം കുട്ടികളെ  ഞാന്‍ വധിച്ചിട്ടുണ്ട്. പക്ഷെ ഈ കുഞ്ഞിനെ വധിക്കുവാന്‍ എന്നാല്‍ സാധിക്കില്ല . ദുഷ്ടനായ കംസന്‍ ഈ കുട്ടിയെ വധിക്കുവാന്‍ എന്നെ നിയോഗിച്ചിരിക്കുകയാണ് (കംസനോട് കോപവും  കുഞ്ഞിനോട്  സ്നേഹവും മാറി മാറി പ്രകടിപ്പിക്കുന്നു.) ഈ കുഞ്ഞിനെ വധിക്കാന്‍ എനിക്ക് സധിക്കില്ല. (കുട്ടിയെ തൊട്ടിലില്‍ കിടത്തി ലാളിച്ച ശേഷം ) ഞാന്‍ മടങ്ങുകയാണ്. ( ലാളിച്ചു കൊണ്ട്  കുട്ടിയോട് ) ഞാന്‍  പോകട്ടെ. (കുട്ടിയെ നോക്കി) ചുണ്ട് പാല് കുടിക്കാന്‍ നുണയുന്നോ? ഞാന്‍ പോയി വരാം.  
 (ലളിത മടങ്ങുകയും പിന്നീട്  രുദ്രയായി തിരികെ വന്ന് ) ഈ കുട്ടിയെ  വധിക്കുക തന്നെ. എനിക്ക് അന്നം തന്ന കംസനോട് നന്ദി  കാട്ടണം. അദ്ദേഹത്തിന്‍റെ  നിര്‍ദ്ദേശം പോലെ ഇവനെ ഒരു പുഴുവെന്ന പോലെ   വധിക്കുക തന്നെ .   (ചുറ്റും നോക്കി കുട്ടിയോട്  ) ഞാന്‍ തിരികെ വന്നത് നിനക്ക് മുലപ്പാല്‍  തരുവാനാണ്. (കുട്ടിയെ എടുക്കാനായി  മുതിരുമ്പോള്‍  കൈ തുടിക്കുക, ശരീരത്തിന്റെ ഒരു വശം  ചലിക്കുക തുടങ്ങിയ  ദുസൂചന ലളിതയ്ക്ക്  അനുഭവപ്പെട്ടു. സാരമില്ല  എന്ന് ചിന്തിച്ചു കൊണ്ട് കുട്ടിയെ വീണ്ടും എടുത്തു.) ഈ  കൊച്ചു കുട്ടിക്ക് അമിതമായ ഭാരമോ? ഞാന്‍ ഇത്രയും ദൂരം നടന്നു വന്നതിനാല്‍  അനുഭവപ്പെടുന്നതാവും. (ചുറ്റും ശ്രദ്ധിച്ച് ) വന്ന ജോലി  വേഗം തീര്‍ത്ത്‌  മടങ്ങണം. വിഷം ഉപയോഗിക്കുക  (ആലോചിച്ച്   സൂക്ഷിച്ചിരുന്ന വിഷം എടുത്തു മുലയില്‍ പുരട്ടി. കുട്ടിയെ ശ്രദ്ധിച്ച് )   എന്താ തുറിച്ചു നോക്കുന്നത്? നീ മുല കുടിച്ചു കൊള്ളൂ  (കുട്ടിക്ക് മുല നല്‍കുന്നു).  

കുട്ടിയുടെ  മുലകുടി ആദ്യം  ആസ്വദിക്കുന്ന ലളിതയ്ക്ക്  പിന്നീട് പല രീതിയില്‍   അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. യാത്ര ചെയ്തു വന്നതിന്റെ ക്ഷീണമാകാം  എന്ന് കരുതുന്നു. ഇടയില്‍  കുട്ടി  മൂത്രം ഒഴിക്കുകയും വസ്ത്രത്തില്‍ മൂത്രം വീണ ഭാഗം ലളിത  പിഴിഞ്ഞു.  കുട്ടിയുടെ  ശരീരത്തിലും തലയിലും തടവി  മുലകുടിക്കുവാന്‍ പ്രോത്സാഹിപ്പിച്ച   ലളിതക്ക്   ക്രമേണ   മയക്കം, കൈ, കാല്‍  കുടച്ചില്‍, നടുവിനു വേദന തുടങ്ങിയവ അനുഭപ്പെട്ടപ്പോള്‍ കുട്ടിയെ മുലയില്‍    നിന്നും വേര്‍പെടുത്തുവാന്‍ വേണ്ടി  ശ്രമിച്ചു.  തുടര്‍ന്ന്  ഒരു ഭ്രാന്തിയെ പോലെ  കുട്ടിയെ മര്‍ദ്ദിച്ചു   നോക്കി. സാധിക്കുന്നില്ല.  മരണ വെപ്രാളത്താല്‍ അലറിയും      നാവും  തലമുടിയും   കടിച്ചും   ശരീരമാകെ  പിടച്ചും അസ്വസ്ഥതകള്‍  പ്രകടിപ്പിച്ചു.   
  കുട്ടി ലളിതയുടെ മുല കുടിക്കുന്നതോടൊപ്പം   അവളുടെ  ജീവന്‍ കൂടി  അപഹരിക്കുന്ന പ്രതീതി ഉണ്ടാക്കുകയും ഒരു ദിവ്യരൂപം കണ്ടു മോക്ഷമടയുന്നതായും പിന്നീട്  ലളിത  മരിച്ചു വീഴുന്നതായും രംഗത്ത്  അവതരിപ്പിച്ചു. 




                                                    മരണ വെപ്രാളത്തോടെ ലളിത 

"കന്നൽക്കണ്ണികൾമൗലി രത്നകലികാ രൂപം ധരിച്ചാദരാൽ
 പൊന്നിന്മാലയണിഞ്ഞു പൂതന
തദാ മന്ദം നടന്നീടിനാൾ " എന്ന ശ്ലോകത്തിനേറ്റപോലെയുള്ള  വേഷ ഭംഗി നിറഞ്ഞ  ലളിതയെ   അവതരിപ്പിച്ചത്   ശ്രീ. കലാമണ്ഡലം രാജശേഖരന്‍  ആയിരുന്നു. വളരെ നല്ല ഒരു അവതരണമാണ്  അദ്ദേഹം കാഴ്ച വെച്ചത് .  നര്‍ത്തകരുടെ കളിചാതുര്യം, നൃത്തവാദ്യ പ്രയോഗങ്ങള്‍  ദധിവിന്ദുപരിമളം എന്നിവ വളരെ ഹൃദ്യമായി അവതരിപ്പിച്ചു.  മന്ദിരത്തിനുള്ളില്‍ പ്രവേശിച്ച്    കുട്ടിയെ കാണുന്നതും  സ്നേഹ വാത്സല്ല്യ  പ്രകടനങ്ങളും വളരെ ഭംഗിയായി.  കുട്ടിയുടെ മുലകുടിയില്‍ കൂടി ലളിതയുടെ ജീവന്‍ നഷ്ടപ്പെടുന്ന  രംഗം വളരെ ഭംഗിയാക്കി.

 അമ്പാടിയില്‍ എത്തിയ ലളിത മന്ദിരത്തിനുള്ളില്‍ കടക്കുന്നതിനു മുന്‍പ്   അവിടെയുള്ളവരെ കണ്ട് ഞാന്‍ കുട്ടിയെ കാണാന്‍ വന്നതാണ് എന്നറിയിച്ച്  അനുവാദം വാങ്ങുക എന്ന രീതിയും       കുട്ടിയെ വധിക്കുക എന്ന  കംസന്റെ നിയോഗം ഞാന്‍ അനുസരിച്ചില്ല   എങ്കില്‍  കംസന്‍ എന്നെ  വധിക്കും  എന്ന ഒരു ചിന്തയും സാധാരണ ലളിതയുടെ അവതരണത്തില്‍ കണ്ടിട്ടുണ്ട്.   കുട്ടി മുലകുടിക്കുന്നതില്‍  കൂടി ലളിതയുടെ   ജീവന്‍ അപഹരിക്കുമ്പോള്‍   മുഖത്തു കരി വരയ്ക്കുകയും വായില്‍  ദമിഷ്ട്രം ഘടിപ്പിക്കുകയും ചെയ്ത്  പൂതനയുടെ ഘോരരൂപം പ്രകടിപ്പിക്കുന്ന രീതിയും  അവതരണത്തില്‍ പതിവുണ്ട്.  ഈ  അവതരണങ്ങള്‍ ശ്രീ. രാജശേഖരന്റെ   പൂതനയില്‍  ഉണ്ടായില്ല. 

കഥകളിക്കു  പിന്നണിയില്‍ പ്രവര്‍ത്തിച്ചത്  യുവകലാകാരന്മാര്‍ ആയിരുന്നു എന്നതാണ് ഏറ്റവും  സ്വാഗതാര്‍ഹമായ വിഷയം.        ശ്രീ. കലാമണ്ഡലം സുധീഷ്‌, ശ്രീ. കലാമണ്ഡലം വിഷ്ണു  എന്നിവരുടെ സംഗീതം ഹൃദ്യമായി.  ശ്രീ കലാമണ്ഡലം രാജ് നാരായണന്റെ മദ്ദളവും  ശ്രീ.  കലാമണ്ഡലം ഹരീഷിന്റെ   ചെണ്ടയും  ഇടയ്ക്കയും  വളരെ നല്ല ഒരു അനുഭവം നല്‍കി. 


                    കഥകളി ആചാര്യന്‍ ശ്രീ. അമ്പു പണിക്കര്‍ ആശാന്റെ മകന്‍ 
                                ശ്രീ. കലാക്ഷേത്ര കുഞ്ഞിരാമന്‍ അവര്‍കള്‍ ആദരിക്കുന്നു.

                       (ഇടതു നിന്നും) ശ്രീ. കലാമണ്ഡലം രാജ് നാരായണന്‍ , ശ്രീ. ഹരീഷ് 
                ശ്രീ. രാജശേഖരന്‍, ശ്രീ. സുധീഷ്‌ , ശ്രീ. വിഷ്ണു , ശ്രീ. കുഞ്ഞിരാമന്‍ അവര്‍കള്‍  
        
  പ്രസിദ്ധ കഥകളി ആചാര്യന്‍  ശ്രീ. അമ്പുപണിക്കര്‍ ആശാന്റെ മകന്‍ ശ്രീ. കലാക്ഷേത്ര കുഞ്ഞിരാമന്‍  അവര്‍കള്‍ കഥകളിയില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും പൊന്നാട അണിയിച്ച്‌  ആദരിച്ചു.  കളി അവാസാനിച്ചപ്പോഴും കലാകാരന്മാരെ ആദരിച്ചപ്പോഴും ആസ്വാദകരുടെ ബലത്ത കരഘോഷം മുഴങ്ങിയിരുന്നു. 

*********************************************************************************
അണിയറ വിശേഷങ്ങള്‍.

23 - 02 - 2013 ന് ഉച്ചയോടെ കലാക്ഷേത്രയില്‍ എത്തി. ശ്രീ.  രാജശേഖരന്‍ താമസിച്ചിരുന്ന ബംഗ്ലാവില്‍ എത്തി. മടവൂര്‍  ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കളി കഴിഞ്ഞ് ഫ്ലൈറ്റിലാണ്  അദ്ദേഹം എത്തിയത്. 
ഞാന്‍ ബംഗ്ലാവില്‍  എത്തുമ്പോള്‍ ശ്രീ. കലാമണ്ഡലം സുധീഷ്‌ , ശ്രീ. കലാമണ്ഡലം വിഷ്ണു, ശ്രീ. കലാമണ്ഡലം രാജ് നാരായണന്‍, ശ്രീ. കലാമണ്ഡലം ഹരീഷ് എന്നിവരുമായി പൂതനാമോക്ഷം കഥയുടെ അവതരണം സംബന്ധിച്ചുള്ള ആശയ വിനിമയം നടത്തുകയായിരുന്നു.  സമ്പ്രദായ  ഭേദം മനസിലാക്കി അരങ്ങില്‍  പ്രവര്‍ത്തിക്കുവാന്‍ കലാകാരന്മാര്‍ കാണിച്ച താല്‍പ്പര്യം വളരെ സ്വാഗതാര്‍ഹമായി തോന്നി. 

  പൂതനാമോക്ഷം കഥയിലെ ലളിത വേഷം  ആദ്യമായി  ചെയ്ത  അവസരം ശ്രീ. രാജശേഖരന്‍ പങ്കുവെച്ചു.  കോഴിക്കോട് കഥകളി ക്ലബ്ബ്  നിലവിലിരുന്ന കാലത്ത് അവിടെ  ഒരിക്കല്‍   നടന്ന  നളചരിതം  നാലാം ദിവസം   കളിക്ക്  ദമയന്തി വേഷം ചെയ്യാനെത്തിയ നടന്‍ അമിതമായി മദ്യപിച്ചിരുന്നതിനാല്‍     അദ്ദേഹത്തിന്  വേഷം തീരുവാനും  രംഗത്തെത്തുവാന്‍ സമയ സാവകാശത്തിനു   വേണ്ടിയും   പൂതനാമോക്ഷം കഥ കൂടി      ഉള്‍പ്പെടുത്തുകയും     കേശിനി  വേഷത്തിന്  ക്ഷണിച്ചിരുന്ന രാജശേഖരനോട്  ലളിത ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.  

തന്റെ  ചെറുപ്പത്തില്‍ തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തിലെ  ഒരു കളി കഴിഞ്ഞു ചെന്നിത്തല ആശാന്‍ തൃപ്പുലിയൂര്‍ ക്ഷേത്രത്തിലെ ഒരു കളിക്ക് കൂട്ടി പോയതും  ഉത്സവ കമ്മിറ്റിക്കാരുടെ അനുവാദം    വാങ്ങി  തന്നെക്കൊണ്ട്   ഒരു വേഷം ചെയ്യിച്ചതും രാജശേഖരന്‍ സ്മരിച്ചു.  ഗുരു. ചെങ്ങന്നൂരിന്റെ കീചകനോടൊപ്പം   സുദേഷ്ണയുടെ വേഷമാണ് അന്ന്  അവിടെ ലഭിച്ചത്.  
വാര്‍ദ്ധക്ക്യത്താല്‍ വളരെ അവശനായി കഴിയുന്ന ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള ആശാനെ സ്മരിക്കുവാനും  അവസരം ഉണ്ടായി. 

കലാകാരന്മാരോടൊപ്പം കലാക്ഷേത്രയിലെ കളിക്കോപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ എത്തി കളിക്ക് ആവശ്യമായ കോപ്പുകള്‍ തിരഞ്ഞെടുക്കുവാനും,  അവരുടെ സ്നേഹവും  നര്‍മ്മവും   നിറഞ്ഞ സംഭാഷണങ്ങളില്‍ പങ്കുകൊള്ളുവാനും സാധിച്ചു.  

                       ഡോക്ടര്‍. ഏവൂര്‍ മോഹന്‍ദാസ്‌, ശ്രീ. കലാമണ്ഡലം രാജശേഖരന്‍.  


             ശ്രീ. T. N. കൃഷ്ണ ദാസ്, ശ്രീ. കലാമണ്ഡലം രാജശേഖരന്‍ എന്നിവരോടൊപ്പം 
                                                           
കലാക്ഷേത്രയില്‍ ഇത്തവണ കഥകളി ആചാര്യന്‍  ശ്രീ. അമ്പുപണിക്കര്‍ ആശാന്റെ സ്മരണയ്ക്കായി നിലനില്‍ക്കുന്ന ക്ലാസ് മുറിയാണ് അണിയറയ്ക്കായി നല്‍കിയത്.