നളചരിതം മൂന്നാം ദിവസം കഥകളി " ഋതുപർണ്ണ ധാരണീപാല" എന്ന രംഗം മുതൽ അവതരിപ്പിക്കുന്നതിനെ പറ്റി കഥകളി ഗ്രൂപ്പുകളിൽ ചർച്ചകൾ നടക്കുന്നത് വായിച്ചു. പ്രസ്തുത വിഷയത്തെ കുറിച്ച് എനിക്ക് പറയുവാനുള്ള അഭിപ്രായം ഇവിടെ കുറിക്കുന്നു.
വെളുത്തനളനും കാർക്കോടകനും ഇല്ലാത്ത നളചരിതം മൂന്നാം ഭാഗത്തിന്റെ അവതരണം ഉണ്ടാകും എന്ന് ചിന്തിച്ചിരുന്നു എന്ന് പോലും കരുതാനാവില്ല. അങ്ങിനെയുള്ള അവതരണത്തിനോട് എനിക്ക് യാതൊരു അനുഭാവവും ഇല്ല എന്നതുതന്നെയാണ് സത്യം. എന്നാൽ ഇതിനെ കുറിച്ച് അഭിപ്രായം പറയുന്നതിന് മുൻപ് ഒരു ചില വിഷയങ്ങൾ കൂടി നാം ചിന്തിക്കേണ്ടതുണ്ട്.
മുഴുരാത്രി കളികൾ നടന്നു കൊണ്ടിരുന്ന ഒരു വളരെ പഴയകാലഘട്ടത്തിൽ മനുഷ്യർ ചില വിശ്വാസങ്ങളിൽ അടിയുറച്ചിരുന്നു. രാത്രികാലങ്ങളിൽ അന്നിത്രയും മനുഷ്യ സഞ്ചാരത്തിനുള്ള ആവശ്യങ്ങളും സാഹചര്യങ്ങളും ഇല്ലായിരുന്നു. ദേവന്മാർ അസുരന്മാർ മനുഷ്യർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ ഉണ്ട് എന്നുള്ള വിശ്വാസം ജനങ്ങളിൽ ഉണ്ടായിരുന്നു. ഇവരിൽ പകൽ മനുഷ്യസഞ്ചാരത്തിനും രാത്രികാലം ദേവന്മാരുടയും അസുരന്മാരുടെയും സഞ്ചാരത്തിനുമുള്ള സമയങ്ങളായിട്ടായിരുന്നു വിശ്വാസം. കഥകളി കഥകളിൽ കഥാപാത്രങ്ങളായി മനുഷ്യർ വേഷമിടുന്നത് ദേവന്മാരായും അസുരന്മാരായും ആണല്ലോ. രാത്രി സഞ്ചാരികളായ ദേവാസുരന്മാർ കഥകളി കാണാൻ എത്തിയിരുന്നു എന്നൊക്കെയാണ് അക്കാലത്തെ ജനങ്ങൾ ചിന്തിച്ചിരുന്നത്. കാലങ്ങളുടെ മാറ്റം മനുഷ്യ സഞ്ചാരങ്ങൾ, സ്വഭാവങ്ങൾ ജീവിത ശൈലികൾ എന്നിവകളിൽ എല്ലാം മാറ്റം വരുത്തിയല്ലോ. രാത്രി സഞ്ചാരം മനുഷ്യരും മനുഷ്യർ നിർമ്മിച്ച വാഹനങ്ങളും കയ്യടക്കിയപ്പോൾ ദേവന്മാരും അസുരന്മാരും മനുഷ്യരെ കണ്ടു ഭയന്നോടി എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലല്ലോ?
എന്നാൽ ഈ പഴയകാല സമൂഹത്തിലുള്ളവരിൽ ചിലർ പകലിൽ കഥകളി നടത്തുന്നതിന് പിന്നീട് ശ്രമം നടത്തിയിരുന്നു. അവർ ഈ പകൽ കഥകളി അവതരണത്തിന് വേണ്ടി ഓലക്കൊട്ടകകൾ ഉണ്ടാക്കി സൂര്യപ്രകാശം മറച്ചു കൊണ്ട് കഥകളി അവതരിപ്പിച്ചു. ഈ പരീക്ഷണത്തിന് അക്കാലത്തെ ഭൂരിപക്ഷം ആസ്വാദകർ പരസ്യമായി എതിർത്തു. പ്രതിഷേധസൂചകമായി പകലിൽ ഓലച്ചൂട്ടു കത്തിച്ചുകൊണ്ടു അവർ കഥകളി കാണാൻ എത്തിയത്രെ. ഇങ്ങിനെയുള്ള ധാരാളം കഥകൾ ഉണ്ട്.
എന്റെ കുട്ടിക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്ന ദുര്യോധനവധം കഥകളി അവതരിപ്പിക്കുമ്പോൾ കൗരവസഭയിലേക്കു ദൂതുമായി പോകുവാൻ ശ്രീകൃഷ്ണനോട് അപേക്ഷിക്കുന്ന ധർമ്മപുത്രരുടെ (ധർമ്മപുത്രരും ശ്രീകൃഷ്ണനും തമ്മിലുള്ള രംഗം) രംഗം ഒഴിവാക്കിയിരുന്നില്ല. പ്രസിദ്ധരായ നടൻമാർ തന്നെയാണ് ധർമ്മപുത്രർ ചെയ്തിരുന്നതും. എന്നാൽ പ്രസ്തുത രംഗം ഏതാണ്ട് നാൽപ്പതു വർഷങ്ങളോളമായി അവതരിപ്പിച്ചു കണ്ടിട്ട്. എന്റെ ഓർമ്മയിൽ "പാർഷതി മമ സഖി" എന്ന കൃഷ്ണന്റെ പദത്തിന് പകരം " ഉത്തമ രാജേന്ദ്ര പുത്രീ" എന്ന ഒരു പദമാണ് അവതരിപ്പിച്ചിരുന്നത്. ഈ മാറ്റങ്ങളൊക്കെ എങ്ങിനെ ഉണ്ടായി. ഇത് ആസ്വാദകരുടെ താല്പര്യത്തിലൂടെ ഉണ്ടായ മാറ്റങ്ങളാണോ ?
മുഴുരാതി കളികൾ തുടങ്ങിയിരുന്ന അല്ലെങ്കിൽ പുറപ്പാടും മേളപ്പദവുമൊക്കെ കഴിഞ്ഞു ഒരു കളി തുടങ്ങുന്ന സമയം ഇന്ന് കളി അവസാനിക്കുന്ന കാലഘട്ടത്തിലേക്ക് മാറിയിരിക്കുന്നു. ഗുരുകുല സമ്പ്രദായം മാറി കലാലയങ്ങളിലൂടെയുള്ള അഭ്യാസ രീതികൾ നിലവിൽ വന്നു. എല്ലാ വേഷങ്ങളും ചെയ്യാൻ പ്രാപ്തരായ കലാകാരന്മാരെ സൃഷ്ടിച്ചിരിക്കുന്നു. കളിയുടെ സമയം ചുരുങ്ങിയപ്പോൾ കളികളുടെ എണ്ണങ്ങളും വർദ്ധിച്ചിരിക്കുന്നു. മെച്ചപ്പെട്ട കോപ്പുകളുള്ള കളിയോഗങ്ങൾ ധാരാളം ഉണ്ടായിരിക്കുന്നു.
കഥകളി കഥകളിലെ കുറിപ്പിട്ട ചില രംഗങ്ങൾ മാത്രം അവതരിപ്പിക്കുക എന്ന രീതി കാലത്തിന്റെ മാറ്റത്തിൽ കൂടി ഉണ്ടായിട്ടുള്ളതാണ്. കിർമ്മീരവധം കഥ ലളിത- പാഞ്ചാലിയുടെയും ബാണയുദ്ധം ഉഷ - ചിത്രലേഖയിലും ലവണാസുരവധം മണ്ണാനും മണ്ണാത്തിയിലും, ബകവധം ആശാരിയിലും എങ്ങിനെ ഒതുങ്ങുവാൻ കാരണമായി എന്ന് നാം ചിന്തിക്കണം. നളചരിതം ഒന്നിലെ ഹംസം ദമയന്തി രംഗവും രണ്ടാം ദിവസത്തലെ കാട്ടാളന്റെയും ദമയന്തിയുടെയും രംഗവും മാത്രമായി അവതരിപ്പിച്ചു കണ്ടിട്ടുമുണ്ട്.
ഒരു കുറിപ്പിട്ട പ്രശസ്ത കലാകാരന്റെ പ്രശസ്തമായ വേഷം കാണണം എന്ന് ആഗ്രഹിക്കുമ്പോൾ ആ കലാകാരന്റെ (ആരോഗ്യം) സൗകര്യത്തിനും താല്പര്യത്തിനുള്ള സഹവേഷക്കാരൻ, പിന്നണി കലാകാരൻമാർ, അണിയറ ശിൽപ്പികൾ എന്നിവയെല്ലാം നാം സംഘടിപ്പിച്ചു നൽകുന്നു. അതിന്റെ ഗുണം നാം അരങ്ങിൽ നിന്നും ആസ്വദിക്കുന്നു. പ്രസ്തുത കലാകാരൻ തീരുമാനിക്കുന്ന രംഗങ്ങളാകും അവതരിപ്പിക്കുക. ഇത് അടുത്ത മറ്റൊരു പ്രശസ്ത കലാകാരൻ ആവർത്തിക്കുകയും ചെയ്യും