പേജുകള്‍‌

2017, ജനുവരി 12, വ്യാഴാഴ്‌ച

ശ്രീ.ജഗന്നാഥവർമ്മയ്ക്ക് ആദരാഞ്ജലികൾ


ശ്രീ. ജഗന്നാഥവർമ്മ അവർകളോടു  സംസാരിക്കുവാനും അദ്ദേഹം അഭിനയിച്ചിട്ടുള്ള ധാരാളം സിനിമകൾ  കാണുവാനും അദ്ദേഹത്തിൻറെ ചെണ്ടമേളം കണ്ടും കേട്ടും ആസ്വദിക്കുവാനും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരിക്കൽ അദ്ദേഹവുമൊന്നിച്ചു  ഒരു മുഴുരാത്രി കഥകളി കണ്ടു ആസ്വദിക്കുവാൻ  സാധിച്ച അനുഭവം ഉണ്ടായി. സുമാർ രണ്ടു വർഷങ്ങൾക്ക് മുൻപ് കായംകുളത്തിന് കിഴക്കുള്ള വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തിൽ വെച്ചായിരുന്നു ആ അനുഭവം. ശ്രീ.ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ മകൻ എന്ന അംഗീകാരത്തെ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് വളരെ സ്നേഹത്തോടെയും സ്വാതന്ത്ര്യത്തോടെയുമാണ് അദ്ദേഹം എന്നോട് പെരുമാറിയത്. ചെല്ലപ്പൻ പിള്ളയുമൊന്നിച്ചു വേഷം ചെയ്തിട്ടുണ്ട് എന്നും ധാരാളം വേഷങ്ങൾ കണ്ടിട്ടുണ്ട് എന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. 

പ്രായാധിക്ക്യം മൂലം നന്നേ അസ്വസ്ഥത ബാധിച്ചിരുന്നും പുലരും വരെ അരങ്ങിനു മുൻപിൽ സ്ഥാനം പിടിച്ചു കഥകളി കാണാനിരുന്ന അദ്ദേഹത്തിൻറെ കലാസ്നേഹത്തിന്റെ മുന്നിൽ ഞാൻ കീഴടങ്ങികൊണ്ട് അരങ്ങിൽ തിരശീല പിടിക്കുമ്പോഴൊക്കെ അദ്ദേഹത്തിൻറെ പ്രാഥമീക ആവശ്യങ്ങൾക്ക് സഹായിയായിട്ടുകൂടിയാണ് ആ രാത്രി കഴിച്ചുകൂട്ടിയത്. 

കളികഴിഞ്ഞപ്പോൾ   അദ്ദേഹത്തെ വെട്ടികോട്ട് ഇല്ലത്തെത്തിക്കുവാൻ എന്റെ സഹായം അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹത്തിൻറെ ഒരു ആരാധകൻ ആ ദൗത്യം ഏറ്റെടുക്കുവാൻ തയ്യാറായപ്പോൾ വളരെ സന്തോഷത്തോടെ എന്നെ യാത്രയാക്കുകയായിരുന്നു  അദ്ദേഹം.  

നമ്മെ എല്ലാവരെയും വിട്ടുപിരിഞ്ഞ കലാകാരനും കലാസ്നേഹിയുമായ ശ്രീ.ജഗന്നാഥവർമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. 

2017, ജനുവരി 7, ശനിയാഴ്‌ച

കഥകളി അരങ്ങിൽ "മരഉരൽ"


കഥകളി വേഷക്കാർക്ക് അരങ്ങിൽ ഇരിക്കുവാനും നിൽക്കുവാനും മറ്റും ഇന്ന് ഉപയോഗിക്കാറുള്ള സ്റ്റൂളുകൾക്കു പകരം പണ്ട് ഉപയോഗിച്ചിരുന്നത് മര ഉരലുകളാണ്. പണ്ടത്തെ കഥകളി കളരികളിൽ ഇതിനു വേണ്ടി പ്രത്യേകം മരഉരലുകൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ പല അരങ്ങുകളിലും വീടുകളിൽ ഉപയോഗിച്ചു കൊണ്ടിരുന്ന മരഉരൽ തിരിച്ചിട്ടാവും ഉപയോഗിച്ചിരുന്നത്. അക്കാലത്ത് വലിയ തറവാടുകളിലും ഇല്ലങ്ങളിലും അവതരിപ്പിച്ചിരുന്ന കഥകളി കാലോചിതമായ മാറ്റങ്ങൾ രൂപം കൊണ്ടാണ് ഉത്സവപ്പറമ്പുകളിലും വിദേശീയരുടെ മുൻപിലും വിദേശരാജ്യങ്ങളിലും എത്തിപ്പെട്ടത്. ഈ കാലോചിതമായ മാറ്റങ്ങൾ കഥകളിയെ കൂടുതൽ ആകർഷകമാക്കുകയും കലാകാരന്മാരുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്തിട്ടുണ്ട് എന്നതിൽ സംശയത്തിന് ഇടമില്ലല്ലോ?

                                                                        മരഉരൽ


പല ആട്ടപ്രകാരം പുസ്തകങ്ങളിൽ |"നടൻ മരഉരൽ അല്ലെങ്കിൽ പീഠത്തിൽ ഇരുന്നുകൊണ്ട് ഉത്തരീയം വീശി|' എന്നൊക്കെ കുറിപ്പിട്ടിരിക്കുന്നതു വായിച്ചിട്ടുണ്ട്. എന്നാൽ ഒരു പുസ്തകത്തിലും സ്റ്റൂൾ എന്ന് വിശേഷിപ്പിച്ചു കണ്ടിട്ടില്ല. അരങ്ങിൽ ഇന്ന് ഉപയോഗിക്കുന്ന സ്റ്റൂളിലിനു പകരം രണ്ടു "മരഉരലുകൾ" കൊണ്ടിട്ടാൽ ഇന്നത്തെ കലാകാരന്മാരുടെ അരങ്ങു സ്വാതന്ത്ര്യത്തെ എത്രകണ്ട് ബാധിക്കും എന്ന് നമുക്ക് ചിന്തിക്കാവുന്നതാണ്. അരങ്ങു പ്രവർത്തിയുടെ സ്വാതന്ത്ര്യത്തിനായി അരങ്ങിൽ നടന്മാർ അടിക്കടി 'സ്റ്റൂൾ' കാലുകൊണ്ട് തട്ടി നീക്കുന്നത് സർവ്വ സാധാരണമാണല്ലോ .

അരങ്ങിൽ  രണ്ടു മരഉരൽ ഉപയോഗിച്ചുകൊണ്ടുള്ള  ഒരു കളി എനിക്ക് കാണുവാൻ അവസരം ഉണ്ടായിട്ടുണ്ട്. 1979 കാലത്ത്  കൊല്ലം ജില്ലയിലെ കടമ്പനാടിനു സമീപമുള്ള തൂവയൂർ മഹർഷിമംഗലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കളിക്കാണ് ആദ്യമായും അവസാനമായും 'മര ഉരൽ' ഉപയോഗിച്ച് കണ്ടത്.  ധാരാളം കഥകളി ആസ്വാദകർ ഉണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു 'തൂവയൂർ'. തൂവയൂരിലെ കഥകളി ആസ്വാദകരുടെ താല്പര്യപ്രകാരം ഗുരു . ചെങ്ങന്നൂർ അവിടെ ഒരു കഥകളി കളരി ആരംഭിച്ചു. നാട്ടുകാർ കുറെ കുട്ടികളെ കഥകളി അഭ്യസിപ്പിക്കുവാൻ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ശ്രീ.മടവൂർ കഥകളി പഠിക്കുവാൻ വിദ്യാർത്ഥിയായി   എത്തിയത് ആ കളരിയിലായിരുന്നു എന്നും കുറച്ചുനാളത്തെ അഭ്യാസത്തിനു ശേഷം ശ്രീ. മടവൂർ ഒഴികയുള്ള മറ്റു കുട്ടികൾ ആരും തന്നെ കഥകളിക്കു യോജിച്ചവരല്ല എന്ന് കണ്ടെത്തിയ ഗുരു. ചെങ്ങന്നൂർ മടവൂർ ആശാനെയും കൂട്ടി ആശാന്റെ ഗൃഹത്തിലേക്ക് മടങ്ങുകയായിരുന്നു എന്ന് ചെങ്ങന്നൂർ ആശാൻ  തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.

1979 കാലഘട്ടങ്ങളിൽ തൂവയൂരിൽ എത്തുവാൻ യാത്രാസൗകര്യം വളരെ കുറവായിരുന്നു. ഏതാണ്ട് മൂന്നോളം കിലോമീറ്റർ ദൂരം നടന്നാണ് ബസ് സ്റ്റോപ്പിൽ നിന്നും ക്ഷേത്രത്തിലെത്തിയതും മടങ്ങിയതും. അന്നത്തെയൊക്കെ കളിക്ക് ശേഷം പുലർച്ചെ നടനുള്ള ഈ മടക്കയാത്രകളെല്ലാം വളരെ രസമുള്ള അനുഭവങ്ങൾ തന്നെയായിരുന്നു. രംഗാനുഭവങ്ങൾ, അരങ്ങു വിശേഷങ്ങൾ, കഴിഞ്ഞകളിയിലെ അരങ്ങുപ്രവർത്തികളിൽ ഉണ്ടായ ഗുണങ്ങൾ, വിയോജിപ്പുകൾ എന്നിവ ചർച്ച ചെയ്തുകൊണ്ടാവും യാത്ര. സീനിയർ കലാകാരന്മാരുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ട് ജൂനിയർ നടന്മാർ പിന്നാലെ നടക്കും.

മഹർഷിമംഗലം ക്ഷേത്രത്തിലെ അണിയറയിൽ കളിദിവസം ഏതാണ്ട് വൈകിട്ട് ആറുമണിയോടെ തന്നെ ഒരു ആസ്വാദക സമൂഹം എത്തിയിരുന്നു. ഓരോരോ കലാകാരന്മാർ എത്തുന്നതും അവർ അണിയറ വിളക്കിനെ വണങ്ങുന്നതും ആദ്യം എത്തുന്ന കലാകാരന്മാർ പിന്നീട് എത്തുന്ന സഹ കലാകാരന്മാരെ സ്വീകരിക്കുന്നതും അത് ശ്രദ്ധിച്ചു വിലയിരുത്തുന്നതും ചെയ്യുന്ന രീതി അന്നവിടെ കാണപ്പെട്ടു.  മഹർഷി മംഗലം ക്ഷേത്രത്തിലെ അണിയറയിൽ ഏതാണ്ട്‌ വൈകിട്ട് ആറുമണിയോടെ ഒരു ആസ്വാദകരുടെ സംഘം എത്തിയിരുന്നു. ഓരോരോ കലാകാരന്മാരെത്തുമ്പോൾ നേരത്തെ എത്തിയ കലാകാരന്മാർ അവരെ സ്വീകരിക്കുന്ന രീതിയും മറ്റും ശ്രദ്ധിച്ചു വിലയിരുത്തുന്ന രീതി അവിടുത്തെ ആസ്വാദകരിൽ കാണാൻ സാധിച്ചിരുന്നു.  പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാൻ, ശ്രീ. കുടമാളൂർ കരുണാകരൻ ആശാൻ, ശ്രീ. ചെന്നിത്തല ആശാൻ, ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരി, ശ്രീ. തോന്നയ്ക്കൽ പീതാംബരൻ എന്നിങ്ങനെയുള്ള കലാകാരന്മാരായിരുന്നു കളിക്ക് പങ്കെടുത്തിരുന്നത്‌. 

  കളി ആരംഭിക്കുന്നതിനു മുൻപ് എവിടെ നിന്നോ അരങ്ങിൽ രണ്ടു മരഉരൽ എത്തിക്കുവാൻ തൂവയൂരിലെ കഥകളി സംഘാടകർ മറന്നില്ല എന്നതായിരുന്നു അരങ്ങിൽ കണ്ട പ്രധാന വിശേഷം. മരഉരൽ സ്റ്റേജിൽ നടക്കുന്ന കഥകളിക്കു നടന്മാരുടെ അരങ്ങു സ്വാതന്ത്ര്യത്തിനു അസൗകര്യം സൃഷ്ട്ടിക്കും എന്നതിന് ഒരു സംശയവും ഇല്ല. എന്നാൽ അതൊന്നും വലിയ കാര്യമാക്കാതെയും പ്രകടമാക്കാതെയും പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാനൊഴികെയുള്ള കലാകാരന്മാർ അരങ്ങിൽ പ്രവർത്തിച്ചത്. അരങ്ങിലെ അസ്വാതന്ത്ര്യം ആശാനിൽ രംഗാവസാനം വരെ പ്രകടമായിക്കൊണ്ടിരുന്നു എന്ന് എനിക്ക് മനസിലാക്കുവാൻ സാധിച്ചിരുന്നു.