പേജുകള്‍‌

2014, മാർച്ച് 30, ഞായറാഴ്‌ച

ശ്രീ. കലാമണ്ഡലം ഹരിദാസന് കണ്ണീർ അഞ്ജലി.



കഥകളി കലാകാരൻ   ശ്രീ. കലാമണ്ഡലം (കുടമാളൂർ) ഹരിദാസൻ അന്തരിച്ചു. കഥകളിക്കു വളരെ പ്രാധാന്യമുള്ള ചേർത്തല മരുത്തൂർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ 29- 03- 2014-നു വൈകിട്ട് സന്താനഗോപാലം കഥയിലെ   ബ്രാഹ്മണന്റെ വേഷം ചെയ്തു കൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. . ആശുപത്രിയിൽ വെച്ചാണ്‌   അദ്ദേഹം മരണമടഞ്ഞത്.

                                                       ശ്രീ. കലാമണ്ഡലം ഹരിദാസൻ 

  31 -05- 1952- ൽ കോട്ടയത്ത്   കുടമാളൂരിൽ ശ്രീ. കെ. ആർ. ശങ്കരൻ,  മാധവിയമ്മ ദമ്പതികളുടെ പുത്രനായി ശ്രീ. ഹരിദാസൻ  ജനിച്ചു. അയ്യപ്പൻ പാട്ടുകാരനായിരുന്നു പിതാവ്.   ഒന്പതാമത് വയസ്സുമുതൽ സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ശ്രീ. കുടമാളൂർ കരുണാകരൻ നായർ, ശ്രീ. കുടമാളൂർ കുഞ്ചുപിള്ള  എന്നിവരുടെ കീഴിൽ കഥകളി അഭ്യസിച്ചു. 12- മത്തെ വയസ്സിൽ കുടമാളൂർ ഇരവീശ്വരം ക്ഷേത്രത്തിൽ അരങ്ങേറി. 1966-ൽ കലാമണ്ഡലം കളരിയിൽ ചേർന്ന് ആറുവർഷം കഥകളി അഭ്യസിച്ചു. തുടർന്ന് രണ്ടു വർഷത്തെ ഉപരിപഠനവും കഴിഞ്ഞ് കഥകളി രംഗത്ത് പ്രവർത്തിച്ചു വന്ന കാലഘട്ടത്തിൽ, ശ്രീ. ഹരിദാസൻ തൃപ്പൂണിത്തുറ ആർ.എൽ.വി. സ്കൂളിൽ കഥകളി അദ്ധ്യാപകനായി നിയമിതനായി. ചില വർഷങ്ങൾക്കു മുൻപ് അദ്ദേഹം ആർ.എൽ.വിയിൽ നിന്നും വിരമിച്ചു.
ചിത്രമെഴുത്തിൽ ശ്രീ. ഹരിദാസൻ  അതീവ താൽപ്പര്യം കാട്ടിയിരുന്നു. ശ്രീ. വാഴേങ്കട കുഞ്ചുനായർ, ശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ, ശ്രീ. കലാമണ്ഡലം പത്മനാഭൻ നായർ, ശ്രീ. കലാമണ്ഡലം ഗോപി, ശ്രീ. സദനം കൃഷ്ണൻകുട്ടി എന്നിവർ ശ്രീ. ഹരിദാസനെ കഥകളി അഭ്യസിപ്പിച്ചിട്ടുണ്ട്. കഥകളി ട്രൂപ്പിനോടൊപ്പം അമേരിക്ക, ഹോംകോങ്ങ് , കാനഡ തുടങ്ങിയ തുടങ്ങിയ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 


                                        ഹരിദാസൻ അവസാനമായി ചെയ്ത ബ്രാഹ്മണവേഷം 

                   രുഗ്മിണീസ്വയംവരത്തിൽ രുഗ്മിണിയായി ശ്രീ. ഹരിദാസൻ 

കലാമണ്ഡലത്തിൽ നിന്നും അഭ്യാസം പൂർത്തിയാക്കിയ ശ്രീ. ഹരിദാസന്  ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി അവർകളുടെ പരിശ്രമം മൂലം 1970 കാലഘട്ടങ്ങളിൽ ദക്ഷിണ കേരളത്തിലെ മാവേലിക്കര, പന്തളം, ഹരിപ്പാട് , കായംകുളം, ഏവൂർ ഭാഗങ്ങളിൽ ധാരാളം അരങ്ങുകൾ ലഭിച്ചിരുന്നു. ഈ കാലയളവിൽ അദ്ദേഹത്തിൻറെ ദേവയാനീചരിതത്തിൽ ദേവയാനി, കിരാതത്തിൽ അർജുനൻ, കാട്ടാളത്തി, ബാലിവധത്തിൽ ശ്രീരാമൻ, തോരണയുദ്ധത്തിൽ സീത, നളചരിതം ഒന്നിലെ ദമയന്തി, സഖി, പ്രഹളാദചരിതത്തിൽ ശുക്രൻ, സൌഗന്ധികത്തിൽ പാഞ്ചാലി, ദുര്യോധനവധത്തിൽ കൃഷ്ണൻ, ധർമ്മപുത്രർ എന്നിങ്ങനെ ധാരാളം വേഷങ്ങൾ കാണാൻ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. 

1978 -79   കാലയളവിൽ ശ്രീ. അയ്മനം കൃഷ്ണക്കയ്മൽ അവര്കളുടെ നേതൃത്വത്തിൽ  ഒരു കഥകളി സംഘം ബോംബേ പര്യടനം നടത്തിയിരുന്നു. ആ ട്രൂപ്പിൽ ശ്രീ. ഹരിദാസനും ഉണ്ടായിരുന്നു.  കഥകളി ട്രൂപ്പ് ബോംബയിൽ എത്തി, പരിപാടികൾ കഴിഞ്ഞു മടങ്ങും വരെ ഞാനും അവരോടൊപ്പം ഉണ്ടായിരുന്നു. ഏതാണ്ട് എന്റെ സമപ്രായം ഹരിദാസന് ഉണ്ടായിരുന്ന കാരണത്താൽ അദ്ദേഹവുമായിട്ടയിരുന്നു ഞാൻ കൂടുതൽ സമയവും ചിലവഴിച്ചത്. എന്റെ പിതാവിന്റെ മരണ വാർത്ത അറിഞ്ഞ് മറ്റു കലാകാരന്മാരോടൊപ്പം അദ്ദേഹവും എത്തിയിരുന്നു എന്ന് അറിയുവാൻ കഴിഞ്ഞിരുന്നു. 

    1981 -നു ശേഷം അദ്ദേഹത്തെ കാണാൻ സാധിച്ചിട്ടില്ല. ഒരു കാലയളവിൽ ശ്രീ. കലാനിലയം ഗോപാലകൃഷ്ണനും ശ്രീ. ഹരിദാസനും  മാവേലിക്കര പ്രദേശത്തെ ധാരാളം അരങ്ങുകളിൽ എത്തിയിരുന്നു.  ശ്രീ. മാത്തൂർ ചേട്ടന്റെ സപ്തതിക്ക് ഇവർ ഇരുവരെയും കാണാം എന്ന് കരുതിയെങ്കിലും സാധിച്ചില്ല. 

അദ്ദേഹത്തിൻറെ വേർപാടിൽ അങ്ങേയറ്റം ദുഖിക്കുന്ന അദ്ദേഹത്തിൻറെ ഭാര്യ ശ്രീമതി. ലീലാമണി ഹരിദാസൻ, കുടുംബാംഗങ്ങൾ, കലാകാരന്മാർ, സുഹൃത്തുക്കൾ എന്നിവരോടൊപ്പം  ഞാനും ദുഖത്തിൽ പങ്കുചേരുന്നു. 
പരേതനായ ഹരിദാസനെ മനസാ സ്മരിച്ചു കൊണ്ട് ഒരു തുള്ളി കണ്ണീർ അഞ്ജലിയായി സമർപ്പിക്കുന്നു.


2014, മാർച്ച് 21, വെള്ളിയാഴ്‌ച

മങ്കൊമ്പ് ആശാന് കണ്ണീർ അഞ്ജലി


പ്രസിദ്ധനായ  കഥകളി കലാകാരനും ആചാര്യനുമായിരുന്ന ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള അവർകൾ 2014,  മാർച്ച് 20, വ്യാഴാഴ്ച്ച  അന്തരിച്ചു എന്ന വാർത്ത ശ്രീ. ഏവൂർ രാജേന്ദ്രൻപിള്ളയാണ് എന്നെ ഫോണ്‍ മൂലം  അറിയിച്ചത്. ആശാൻ വാർദ്ധക്ക്യ സഹജമായ അസുഖം ബാധിച്ചു അവശതയിൽ കഴിഞ്ഞിരുന്ന കാലഘട്ടങ്ങളിൽ  പലതവണ ഞാൻ അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഒരിക്കൽ അദ്ദേഹത്തിൻറെ ശോഷിച്ചു വിറയ്ക്കുന്ന കൈകളിൽ വിരിഞ്ഞ കഥകളി മുദ്രകൾ അവസാനമായി കാണാനും എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തിൻറെ സഹ  കലാകാരന്മാരായിരുന്ന ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള എന്നിവരെ ഉദ്ദേശിച്ചു കൊണ്ട്  'അവരൊക്കെ പോയി, ഞാൻ ഇങ്ങിനെ കിടക്കുന്നു' എന്നായിരുന്നു  അദ്ദേഹം മുദ്ര കാട്ടിയത്. അപ്പോൾ  എനിക്ക് അതീവ ദുഃഖം ഉണ്ടായി. അദ്ദേഹത്തിൻറെ മനസ്സ് അദ്ദേഹം ഇവരുമായി വേഷമിട്ട അരങ്ങുകളുടെ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതായി  എനിക്ക് തോന്നി.    അദ്ദേഹത്തിൻറെ സഹധർമ്മിണിയും മകൻ ശ്രീ. ശ്രീകുമാർ അവർകളും സമീപം ഉണ്ടായിരുന്നു. 

                                      ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള 

നളചരിതം രണ്ടാം ദിവസത്തിന്റെ അവതരണത്തിൽ പുഷ്കരനെ സ്വാധീനിക്കുവാൻ ശ്രമിക്കുന്ന കലി, പുഷ്കരനോട് ചെയ്യുന്ന ഇളകിയാട്ടത്തിൽ ഒരു മനുഷ്യജന്മത്തിന്റെ അവസ്ഥയെ പറ്റി സൂചിപ്പിക്കാറുണ്ട്. ഒരു മനുഷ്യജന്മത്തിൽ   ൈശശവം, ബാല്യം, കൌമാരം, യവ്വനം, വാര്ദ്ധക്ക്യം എന്നിങ്ങനെ അഞ്ചു  പ്രധാന അവസ്ഥകൾ ഉണ്ട്. ഈ അഞ്ചും അനുഭവിച്ച്  ജീവിതകാലം പൂർത്തീകരിക്കുന്നവർക്കു വേണ്ടി മാത്രമേ   സ്വർഗ്ഗകവാടം തുറക്കുകയുള്ളൂ എന്നാവും ഈ സൂചന. അങ്ങിനെ നോക്കുമ്പോൾ  വാർദ്ധക്ക്യം അനുഭവിക്കുകയും പത്നിയുടെയും മൂന്നു പുത്രന്മാരുടെയും കുടുംബാംഗങ്ങളുടെയും  ശ്രുശൂഷകൾ സ്വീകരിച്ച് ഈ ലോകത്തോടെ വിട പറഞ്ഞ ശ്രീ. മങ്കൊമ്പ് ആശാൻ സ്വർഗ്ഗത്തിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന് ഏവർക്കും വിശ്വസിക്കാം. 


മങ്കൊമ്പിന്റെ ജനനം 1922 -ലായിരുന്നു. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിൽ മാടപ്പള്ളി വീട്ടിൽ പാർവതി അമ്മ, കെ.ജി. കൃഷ്ണപിള്ള എന്നിവരാണ് മാതാപിതാക്കൾ. മലയാളം ഏഴാം ക്ളാസുവരെ വിദ്യാഭ്യാസം. മഹാകവി വള്ളത്തോൾ കലാമണ്ഡലം സ്ഥാപിച്ചപ്പോൾ കഥകളി അഭ്യസിക്കുവാനായി മങ്കൊമ്പ് അവിടെയെത്തി. അന്ന് ഗുരു. കുഞ്ചുക്കുറുപ്പ് ആശാൻ കലാമണ്ഡലത്തിൽ ഇല്ലെന്നറിഞ്ഞപ്പോൾ അദ്ദേഹം  ചെങ്ങന്നൂരിലെത്തി    ഗുരു. ചെങ്ങന്നൂരിനെ കണ്ട്  തന്റെ ആഗ്രഹം അറിയിച്ചു.   ഗുരു. ചെങ്ങന്നൂരിന്റെ നിർദ്ദേശപ്രകാരം ശ്രീ. തകഴി അയ്യപ്പൻപിള്ള ആശാന്റെ കീഴിൽ കഥകളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച ശേഷം ഏഴു വർഷക്കാലം ഗുരു. ചെങ്ങന്നൂരിന്റെ വസതിയിൽ താമസിച്ച് ഗുരുകുല സമ്പ്രദായ പ്രകാരം കഥകളി അഭ്യസിച്ചു. മങ്കൊമ്പ് ദേവീക്ഷേത്രത്തിൽ വെച്ച് പൂതനാമോക്ഷത്തിൽ ലളിതയുടെ വേഷം ചെയ്ത് അരങ്ങേറ്റം നടന്നു. പ്രസിദ്ധ സംസ്കൃത പണ്ഡിതൻ ശ്രീ. പന്നിശേരി നാണുപിള്ളയുടെ കീഴിൽ സംസ്കൃതജ്ഞാനവും  പുരാണജ്ഞാനവും നേടി. വേഷ സൌന്ദര്യം, ലാസ്യത എന്നിവ കൊണ്ട്  സ്ത്രീവേഷങ്ങളുടെ  അവതരണത്തിലാണ് അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നത്.  മങ്കൊമ്പ്  കുറച്ചുകാലം  അഹമ്മദബാദിലുള്ള ദർപ്പണ അക്കാദമിയിൽ ശ്രീ. മൃണാളിനി സാരാഭായിയോടൊപ്പം  നൃത്തപരിപാടികളിൽ പങ്കെടുക്കുകയും  വിദേശപര്യടനം നടത്തുകയും ചെയ്തിരുന്നു. ഈ കാലയളവിൽ ദർപ്പണയിൽ ഉണ്ടായിരുന്ന   ശ്രീ. കാവുങ്കൽ ചാത്തുണ്ണി പണിക്കർ,  ശ്രീ. കലമണ്ഡലം ഗോവിന്ദൻകുട്ടി (രവീന്ദ്രഭാരതി സർവ്വകലാശാല കൽക്കട്ട) എന്നിവരുമായി    കഥകളിയിലും നൃത്തത്തിലും ഒന്നിച്ച് പ്രവർത്തിക്കുവാൻ അവസരം ലഭിച്ചിരുന്നു.

                                      മൃണാളിനി സാരാഭായിയോടൊപ്പം മങ്കൊമ്പ് ആശാൻ.

           പ്രധാന മന്ത്രി ശ്രീ. ജവഹർലാൽ നെഹ്രുവിനോടൊപ്പം മങ്കൊമ്പ് ആശാൻ (ഇടതു 
               നിന്നും രണ്ടാമത്)  മൃണാളിനി സാരാഭായി, കാവുങ്കൽ ചാത്തുണ്ണിപ്പണിക്കർ etc

                 
                ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ, ഗുരു. ചെങ്ങന്നൂര് , ബ്രഹ്മശ്രീ. മാങ്കുളം,
ശ്രീ.ചെന്നിത്തല, ശ്രീ.ഹരിപ്പാട്‌, പ്രൊഫ: അമ്പലപ്പുഴ രാമവർമ്മ , ശ്രീ.മങ്കൊമ്പ് , ശ്രീ. LPR വർമ്മ.

                                    ഗുരു. ചെങ്ങന്നൂരും ശിഷ്യന്മാരും 

ശ്രീ.മങ്കൊമ്പ് (ദുര്യോധനൻ), ശ്രീ.ചെന്നിത്തല(കർണ്ണൻ), ശ്രീ. തലവടി അരവിന്ദൻ (ദുശാസനൻ).

അഹമ്മദബാദിൽ നിന്നും തിരിച്ചെത്തിയ ശേഷം മങ്കൊമ്പിന് തെക്കൻ കേരളത്തിലെ കളിയരങ്ങുകളിൽ അസൂയാവഹമായ പ്രാധാന്യമാണ് ലഭിച്ചു വന്നത്. ഗുരു. ചെങ്ങന്നൂർ, കൃഷ്ണൻ നായർ, മാങ്കുളം പള്ളിപ്പുറം, ഹരിപ്പാട്‌ തുടങ്ങിയ നടന്മാരുടെ വേഷങ്ങൾക്ക് നായികയായി. 1970- കളിൽ ശ്രീ. എം.കെ.കെ. നായർ അവര്കളുടെ നിർദ്ദേശപ്രകാരം പുരുഷ വേഷങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തിത്തുടങ്ങി. ബ്രാഹ്മണൻ, കുചേലൻ, വിശ്വാമിത്രൻ, പരശുരാമൻ, കൃഷ്ണൻ, ശ്രീരാമൻ എന്നിങ്ങനെ തുടങ്ങി കഥകളിയിലെ എല്ലാ പച്ച, കത്തി, കരി,  മിനുക്ക്‌ വേഷങ്ങളുടെ അവതരണങ്ങളിലും അംഗീകാരം നേടി. FACT കഥകളി സംഘത്തിന്റെ വിദേശയാത്രകളിൽ മങ്കൊമ്പ് ഉൾപ്പെട്ടിരുന്നു. ഒരു പുരുഷ വേഷക്കാരനായി അദ്ദേഹത്തെ ആസ്വാദകർ അംഗീകരിച്ച കാലഘട്ടത്തിലും  ആസ്വാദകരുടെ നിർബ്ബന്ധത്തിനു വഴങ്ങി   കുന്തി, മണ്ണാത്തി, മലയത്തി എന്നീ വേഷങ്ങൾ ചെയ്തിട്ടുണ്ട്.  കലാമണ്ഡലം തെക്കൻ കളരിയിൽ രണ്ടു തവണ പ്രൊഫസ്സറായി നിയമിക്കപ്പെട്ടു.  അക്കാലത്ത് കലാമണ്ഡലം ട്രൂപിന്റെ എല്ലാ വിദേശയാത്രകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 

കലാമണ്ഡലം   കളികളിൽ തോരണയുദ്ധത്തിലെ അഴകിയ രാവണൻ സീതയെ പ്രലോഭിക്കുന്ന രംഗത്തിൽ, രാവണനും മണ്ഡോദരിയും ചേർന്ന് രംഗപ്രവേശം ചെയ്യുന്ന രീതിയാണ്‌  നിലവിൽ നിന്നിരുന്നത്. ഈ രീതിയെ മാറ്റിയെടുത്ത് സീതയെ വെട്ടാനൊരുങ്ങുമ്പോൾ മണ്ഡോദരി ഓടിയെത്തി രാവണന്റെ തടയുന്നതായി അവതരിപ്പിച്ചു തുടങ്ങുന്നതിനു വഴിയൊരുക്കിയത് ശ്രീ.മങ്കൊമ്പാണ്. രംഗത്ത് സഹനടന്മാർ ചെയ്യുന്ന യുക്തിഹീനമായ പ്രവർത്തികൾ കണ്ടാൽ പ്രതികരിക്കുവാൻ ഒരു മടിയും ശ്രീ. മങ്കൊമ്പ് കാട്ടിയിരുന്നില്ല. അത്തരം അനുഭവങ്ങൾ എനിക്ക് ധാരാളം ഉണ്ട്. അതിൽ ഒന്ന് കായംകുളത്തിന് കിഴക്ക് നൂറനാട് സാനിറ്റോറിയം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ അരങ്ങിലാണ് ഉണ്ടായത്. കഥ. കർണ്ണശപഥം. മങ്കൊമ്പിന്റെ കുന്തിയും പ്രസിദ്ധനും മങ്കൊമ്പിനേക്കാൾ സീനിയറായ ഒരു നടന്റെ (പേര് പറഞ്ഞു ഒരു പ്രശ്നം ഉണ്ടാക്കേണ്ടതില്ലല്ലോ) കർണ്ണനും. "സ്ത്രീത്വം ഭവതിയെ രക്ഷിക്കുന്നു മൃത്യുവിൽ നിന്നെന്നറിയുന്നോ?" എന്ന കർണ്ണന്റെ കുന്തിയോടുള്ള പദത്തിന് കർണ്ണനടൻ അമ്പെടുത്ത് കുന്തിയുടെ നെഞ്ചിനു നേരെ വെച്ചു. ഈ പ്രയോഗം മങ്കൊമ്പിനു ഒട്ടും തന്നെ രസിച്ചില്ല. കളി കഴിഞ്ഞു കർണ്ണനടൻ  അണിയറയിൽ എത്തിയപ്പോൾ മങ്കൊമ്പ് അദ്ദേഹത്തോട് പറഞ്ഞു. 
 "കർണ്ണൻ ആരാണ് എന്ന് താങ്കൾക്ക് അറിയുമോ ? വീര പുരുഷന്മാർ ആവനാഴിയിൽ നിന്നും അമ്പെടുത്താൽ അത് പ്രയോഗിക്കാതിരിക്കില്ല. അത് മനസിലാക്കി വേണം രംഗത്ത് പ്രയോഗിക്കുവാൻ " കർണ്ണനടൻ മൌനമായിരുന്നതല്ലാതെ പ്രതികരിക്കുവാൻ അദ്ദേഹത്തിനു വാക്കുകൾ ഇല്ലായിരുന്നു. 

                                                       നിഴൽക്കുത്തിലെ മലയത്തി

                                 ശ്രീ. മങ്കൊമ്പ് ആശാനും ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടിയും

                              ഹരിശ്ചന്ദ്രനും  വിശ്വാമിത്രനും (ചെന്നിത്തലയും മങ്കൊമ്പും)

ടാഗോർ രത്നാ അവാർഡ് സ്വീകരിക്കുന്ന മങ്കൊമ്പ് ആശാൻ.
ശ്രീ. സദനം ബാലകൃഷ്ണൻ ആശാൻ, ശ്രീമതി. മങ്കൊമ്പ്, മകൻ ശ്രീകുമാർ എന്നിവർ.
http://www.thehindu.com/news/cities/Kochi/tagore-ratna-presented-to-mankombu/article3473228.ece

മങ്കൊമ്പ് ആശാന് ധാരാളം ബഹുമതികൾ ശ്രീ.  ലഭിച്ചിട്ടുണ്ട്.  കേരള സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ്, ടാഗോർ രത്നാ അവാർഡ് (മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ 150 -ത്  ജന്മദിനത്തിന്റെ സ്മരണാർത്ഥം കേന്ദ്ര സംഗീത നാടക അക്കാദമി നൽകിയത് ) എന്നിവ  ആ ബഹുമതികളിൽ ഉൾപ്പെടുന്നു.  

കഥകളിയെ സംബന്ധിച്ച് ആധികാരികമായി സംസാരിക്കുവാനും എഴുതുവാനുമുള്ള  കഴിവ്  മങ്കൊമ്പ് ആശാന് ഉണ്ടായിരുന്നു.  "മലയാണ്‍മയിലെ ഒന്നാമത്തെ നാട്യശാസ്ത്രഗ്രന്ഥം" എന്ന് വിശേഷിപ്പിച്ചു കൊണ്ട് മഹാകവി വള്ളത്തോൾ അവതാരിക എഴുതി പ്രസിദ്ധീകരിച്ച   ശ്രീ. മാത്തൂർ കുഞ്ഞുപിള്ള പണിക്കർ ആശാൻറെ കഥകളി പ്രകാശികയിൽ ചേർത്തിരിക്കുന്ന ലേഖനം, കപ്ളിങ്ങാടൻ കഥകളി ശൈലിയെപറ്റി 'നൃത്യനാട്യരംഗം' എന്ന മാസികയിൽ പ്രസിദ്ധീകരിച്ച തുടർലേഖനങ്ങൾ,  'കഥകളി സ്വരൂപം' എന്ന ഗ്രന്ഥം ഇവയെല്ലാം അദ്ദേഹത്തിൻറെ എഴുതുവാനുള്ള കഴിവും അറിവും വ്യക്തമാക്കുന്നവയാണ്. 

ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യത്വം സ്വീകരിച്ച എന്റെ പിതാവിന് ഒരു കഥകളി കലാകാരന് ലഭിക്കേണ്ടത്ര അഭ്യാസമോ, ചൊല്ലിയാടിക്കലോ ലഭിച്ചിരുന്നില്ല. ഇത് നല്ലതു പോലെ അറിയാവുന്ന ഗുരു. ചെങ്ങന്നൂർ ഒരിക്കൽ തന്റെ ശിഷ്യനായ മങ്കൊമ്പിനോട് ഇങ്ങിനെ പറഞ്ഞു 
'ശിവശങ്കരാ, എൻറെ കലാലോകവളർച്ചയിൽ ചെല്ലപ്പന്റെ മുത്തച്ഛൻ ചെന്നിത്തല കൊച്ചുപിള്ള പണിക്കരാശാന്റെ പങ്ക് നിർണ്ണയാധീനമാണ്. അദ്ദേഹത്തിൻറെ താൽപ്പര്യപ്രകാരമാണ് ചെല്ലപ്പൻറെ  കഥകളി അഭ്യാസ ചുമതല ഞാൻ ഏറ്റത്. ഇന്നുള്ള എല്ലാ പ്രഗത്ഭരായ നടന്മാരുടെ നായികാ വേഷക്കാരനായി നിന്നെ കഥകളി ലോകം അംഗീകരിച്ചിരിക്കുന്നു. ചെല്ലപ്പന്റെ നായക വേഷങ്ങൾക്ക് നീ നായികാ വേഷം ചെയ്യാൻ തയ്യാറായാൽ മാത്രം മതി, അവനും കഥകളി ലോകത്ത് പിടിച്ചു നിന്നു കൊള്ളും.'

ഗുരുവിന്റെ വാക്കുകൾ സത്യത്തിൽ മങ്കൊമ്പ് ആശാനും ഒരു അനുഗ്രഹം തന്നെയായിരുന്നു. കൃഷ്ണൻ നായർ ആശാന്റെയോ, മാങ്കുളം തിരുമേനിയുടെയോ, ഹരിപ്പാട്ടു ആശാന്റെയോ വേഷങ്ങൾക്ക് നായികാ വേഷങ്ങൾ ചെയ്യുമ്പോൾ പുരുഷവേഷ മേധാവിത്വം അനുഭവപ്പെട്ടിരുന്ന കാലഘട്ടത്തിൽ പരസ്പരം ഒരു ധാരണയോടെ രംഗത്ത് പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം എന്റെ പിതാവിന്റെ നായകവേഷങ്ങൾക്ക് നായികാ വേഷം ചെയ്തപ്പോൾ മങ്കൊമ്പ് ആശാന് ലഭിച്ചു. മങ്കൊമ്പ് ആശാൻ എന്റെ പിതാവിന്റെ വേഷങ്ങൾക്ക് നായികാ വേഷം ചെയ്യാൻ തയ്യാറായതോടെ എന്റെ പിതാവിന് ലഭിച്ച അംഗീകാരം ഒറ്റവാക്കിൽ പറയുവാൻ സാധിക്കുന്നതല്ല. അവർ ഒന്നിച്ചു കചൻ- ദേവയാനി, രുഗ്മാംഗദൻ- മോഹിനി, മലയൻ- മലയത്തി, കാട്ടാളൻ- കാട്ടാളത്തി എന്നിങ്ങനെയുള്ള വേഷങ്ങൾ തെക്കൻ കേരളത്തിലെ കഥകളി ആസ്വാദകരെ സ്വാധീനിക്കുവാൻ കഴിഞ്ഞു. 

മങ്കൊമ്പ് ആശാൻ  പുരുഷവേഷക്കാരനായപ്പോൾ എന്റെ പിതാവ് അദ്ദേഹത്തിൻറെ കൂട്ടുവേഷക്കാരനായി. ആശാന്റെ പരശുരാമന് ശ്രീരാമൻ, വിശ്വാമിത്രന് ഹരിശ്ചന്ദ്രൻ, വസിഷ്ഠൻ ബലരാമന് കൃഷ്ണൻ, നളന് ഹംസം, പുഷ്ക്കരൻ, ബ്രാഹ്മണന് അർജുനൻ, കുചേലന് കൃഷ്ണൻ, രാവണന് നാരദൻ എന്നിങ്ങനെ. അരങ്ങിൽ മങ്കൊമ്പ് ആശാൻ ചെയ്യുന്ന മനോധർമ്മപരമായ പൊടിക്കൈകൾക്ക് ഉചിതമായി  ഉത്തരം നല്കുവാൻ എന്റെ പിതാവിന് സാധിച്ചിട്ടുമുണ്ട്. 

മങ്കൊമ്പ് ആശാൻ ഞങ്ങളുടെ ഗൃഹത്തിൽ എത്തിയാൽ ബലരാമനെ  കണ്ട   കൃഷ്ണൻ  എന്നപോലെയാണ്  എന്റെ പിതാവ് അദ്ദേഹത്തെ സ്വീകരിച്ചിരുന്നത്. ചെങ്ങന്നൂർ ആശാന്റെ മരണശേഷവും ആശാന്റെ കുടുംബത്തിൽ എന്തെങ്കിലും വിശേഷമോ, പ്രശ്നമോ ഉണ്ടായാൽ, മങ്കൊമ്പ് ആശാൻ വീട്ടിലെത്തി എന്റെ പിതാവിനെയും കൂട്ടിയാവും അവിടേക്ക് പോവുക. എന്റെ പിതാവ്  മരണമടയുന്നതിനു ഒരു ദിവസം മുൻപ് തട്ടാരമ്പലം VSM ആശുപത്രിയിൽ മങ്കൊമ്പ് ആശാൻ കുടുംബസമേതം എത്തി, സന്ധ്യാസമയം വരെ എന്റെ പിതാവിനെ  ആശ്വാസിപ്പിച്ചു കൊണ്ടിരുന്നതും, രസികത്തങ്ങൾ പങ്കുവെച്ചതും സ്മരണീയമാണ്. ആ കാലഘട്ടത്തിൽ  ആശാന്റെ  മകൻ ശ്രീ.  ശ്രീകുമാർ അവർകൾ മാവേലിക്കരയിലെ  RTO പോസ്റ്റിൽ ആയിരുന്നു. എന്റെ പിതാവ്  ആശുപത്രിയിൽ ആണെന്ന് അറിഞ്ഞാൽ അദ്ദേഹവും  അവിടെ എത്തിയിരിക്കും. 
ചെങ്ങന്നൂർ ആശാന്റെ മരണസമയത്ത് മങ്കൊമ്പ് ആശാൻ കലാമണ്ഡലത്തിൽ ആയിരുന്നു. കാലിനു ഒരു സർജറി കഴിഞ്ഞു നടക്കുവാൻ സാധിക്കാതെ വിശ്രമത്തിലായിരുന്നു അദ്ദേഹം. ആശാന്റെ മരണാനന്തര ചടങ്ങിൽ മങ്കൊമ്പ് ആശാന് പങ്കെടുക്കുവാൻ സാധിക്കുമോ എന്ന് എല്ലാവരും സംശയിച്ചിരുന്നു .   മങ്കൊമ്പ് ആശാൻ ചെറുതുരുത്തിയിൽ നിന്നും ഒരു കാറിൽ  ആശാന്റെ ഗൃഹത്തിന് മുൻപിൽ വന്നിറങ്ങി,  നടക്കുവാനുള്ള വിഷമത്തെയും മറന്നു കൊണ്ട്  ഗൃഹത്തിനുള്ളിലേക്ക് കയറി ചെങ്ങന്നൂരാശാന്റെ ചലനമറ്റ ശരീരം കണ്ട് വിതുമ്പലോടെ ആ   കാലടികളിലേക്ക് വീണപ്പോൾ   അവിടെ കൂടിയിരുന്ന എല്ലാ ബന്ധു - മിത്രാദികളുടെയും, ആസ്വാദകരുടെയും ശ്രദ്ധ മങ്കൊമ്പ് ആശാനിലായിരുന്നു  പതിഞ്ഞത്. 

                           ശ്രീ. മങ്കൊമ്പ് ആശാനോടൊപ്പം Dr. K.S. മോഹൻദാസും ഞാനും.

 കഥകളിയിൽ കൊമ്പും തലയും എന്ന് ആസ്വാദകർ മങ്കൊമ്പ് ആശാനെയും എന്റെ പിതാവിനെയും വിശേഷിപ്പിച്ചിരുന്നു. അവരുടെ കൂട്ടുവേഷങ്ങൾക്കുള്ള യോജിപ്പ് അത്രകണ്ട് ആസ്വാദകർ ഇഷ്ടപ്പെട്ടിരുന്നു.  അവർ തമ്മിലുണ്ടായിരുന്ന സ്നേഹബന്ധം അനുഭവിച്ച് അറിയുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെ  ഞാൻ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഒരു   മകനോടെന്നപോലെ  അദ്ദേഹവും എന്നെ സ്നേഹിച്ചിരുന്നു എന്നാണ് എന്റെ വിശ്വാസവും അനുഭവവും. 

മഹാനായിരുന്ന മങ്കൊമ്പ് ആശാന്റെ സ്നേഹ  സ്മരണയ്ക്ക് മുൻപിൽ ഒരു തുള്ളി കണ്ണുനീർ അഞ്ജലിയായി സമർപ്പിക്കുന്നു. 

എന്റെ പഴയ പോസ്റ്റ്:
http://ilakiyattam.blogspot.in/2012/10/blog-post.html
ശ്രീ. മങ്കൊമ്പ് ആശാന്‍ - കഥകളിയിലൂടെ ഒരു ആത്മബന്ധം

2014, മാർച്ച് 11, ചൊവ്വാഴ്ച

'ഉത്തരീയം' ചെന്നൈയിൽ അവതരിപ്പിച്ച 'ഉഷ - ചിത്രലേഖ' കഥകളി


ചെന്നൈയിലെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചു വരുന്ന ഉത്തരീയം കഥകളി സംഘടനയുടെ പതിനൊന്നാമത്തെ  പ്രോഗ്രാം  2014- മാർച്ച് ഒന്നിന് വൈകിട്ട് നാലരമണിക്ക് അണ്ണാനഗർ അയ്യപ്പ ക്ഷേത്രത്തിലെ ആഡിറ്റോറിയത്തിൽ അവതരിപ്പിച്ചു.  

ശ്രീ.കോട്ടക്കൽ മധുവും  ശ്രീ. സദനം ശിവദാസനും അവതരിപ്പിച്ച  വളരെ ഹൃദ്യമായ കഥകളിപ്പദക്കച്ചേരിയ്കു ശേഷം     ബാണയുദ്ധം കഥയിലെ 'ഉഷ-ചിത്രലേഖ' രംഗമാണ് അവതരിപ്പിച്ചത്.   


                                                                കഥകളിപ്പദക്കച്ചേരി

അസുരരാജാവായിരുന്ന  മഹാബലിയുടെ പുത്രനായ ബാണൻ കൈലാസത്തിലെത്തിയ അവസരത്തിൽ പരമശിവന്റെ നൃത്തത്തിന് മിഴാവ് കൊട്ടി ശിവപ്രീതി സമ്പാദിച്ചു. പരമശിവൻ ബാണന് ആയിരം കൈകൾ നൽകി അനുഗ്രഹിച്ചു. (ബാണനിൽ പ്രീതനായ പരമശിവനും കുടുംബവും പരിവാരങ്ങളും ബാണന്റെ ആഗ്രഹപ്രകാരം ശോണിതപുരിയുടെ കവലാളികളുമായി.) ശിവപീതിയാൽ നേടിയ ആയിരം കൈകൾ കൊണ്ട് ബാണൻ പരമശിവൻറെ നൃത്തത്തിന്  അഞ്ഞൂറ് മിഴാവ് വാദ്യം വായിക്കുകയും നൃത്തം മുറുകിയപ്പോൾ ആകൃഷ്ടയായ പാർവതീദേവിയും   നൃത്തത്തിൽ പങ്കുചേർന്നു. പരമശിവൻറെ താണ്ഡവനൃത്തത്തിന്  പാർവതീദേവി ലാസ്യ നൃത്തം ചെയ്യാൻ ഒരുങ്ങിയപ്പോൾ അതിനുവേണ്ടിയ വാദ്യങ്ങളായ മദ്ദളവും ഇടയ്ക്കയും ബാണൻ ഉണ്ടാക്കി.  പരമശിവൻറെ താണ്ഡവനൃത്തത്തിന് മിഴാവും പാർവതീദേവിയുടെ  ലാസ്യ നൃത്തത്തിന് മദ്ദളവും ഇടയ്ക്കയും ബാണൻ തന്റെ കൈകൾ കൊണ്ട് സമർത്ഥമായി  പ്രയോഗിച്ചു. താണ്ഡവ, ലാസ്യ നൃത്തലയം  ദ്രുതഗതിയിലെത്തിയപ്പോൾ ദേവതകളെല്ലാം സ്തബ്ദരായി നിന്നുപോയി. നൃത്തം അവസാനിച്ചപ്പോൾ സന്തോഷത്താൽ പ്രീതയായ പാർവതീ ദേവി നിനക്ക് ത്രൈലോക്യ സുന്ദരിയായ ഒരു പുത്രിയുണ്ടാകും, ആപുത്രിയെ ഞാൻ ലാസ്യ നൃത്തം അഭ്യസിപ്പിക്കും എന്ന് അരുളിചെയ്ത് അനുഗ്രഹിച്ചു. അങ്ങിനെ  ബാണന് ജനിച്ച പുത്രിയാണ് ഉഷ. ഉഷയുടെ സഖിയാണ് ചിത്രലേഖ.
"സുന്ദരിമാർ മണി ബാണ നന്ദിനിയും സഖീ 
വൃന്ദമോടുമൊത്തു ചേർന്നു -ഭംഗിയോടെ 
ചന്ദ്രകര രഞ്ജിതമാം ചന്ദ്രശാലോപരി 
ചന്ദ്രമുഖി ചെന്നു കളിയാടി മന്ദം" 
....................................................
എന്നുള്ള സാരി നൃത്തത്തോടെയാണ് രംഗാരംഭം. ഉഷയും ചിത്രലേഖയും പലതരം ലീലാവിനോദങ്ങളിൽ ഏർപ്പെടുകയും തുടർന്ന് ക്ഷീണിതയായ ഉഷയെ  ചിത്രലേഖ ഉഷയുടെ ശയനഗൃഹത്തിലേക്ക് കൂട്ടി പോകുകയും ചെയ്യുന്നു.

ചിത്രലേഖയുടെ മടിയിൽ തലവെച്ചുറങ്ങിയ ഉഷ നിദ്രയിൽ സുന്ദരനായ ഒരു കുമാരനുമായി കാമസ്വപ്നം കണ്ട്  ഞെട്ടിയുണർന്നു. ഉഷയുടെ നിദ്രയിലെ   ചേഷ്ടകൾ, കണ്ട സ്വപ്നം പെട്ടെന്ന് അവസാനിച്ചതിലുള്ള നിരാശ,  പിന്നീടുള്ള സംഭ്രമം തുടർന്നുള്ള ഭയം എന്നിവയെല്ലാം സഖി ശ്രദ്ധിച്ചു.  
എന്താണ് നിനക്ക് സംഭവിച്ചതെന്ന്   അൽപ്പം പോലും മടി കൂടാതെന്നോട് പറയണമെന്നും അങ്ങിനെ പറഞ്ഞാൽ മാത്രമേ എനിക്ക് നിന്നെ സമാധാനിപ്പിക്കാൻ സാധ്യമാകൂ, നിന്റെ ഹൃദയം കവർന്ന ആ ധന്യൻ ആരാണ് എന്ന് പറയൂ എന്ന് സഖി ഉഷയോട്‌ ആവശ്യപ്പെട്ടു. 


                                                             ഉഷയും ചിത്രലേഖയും

                                                                  ഉഷയും ചിത്രലേഖയും

                                                                ഉഷയും ചിത്രലേഖയും

നിദ്രയിൽ കമോപമരൂപനായ ഒരു കുമാരൻ തന്നെ  സമീപിച്ചതും  ഒടുവിൽ തന്റെ ഉടുതുണി അഴിക്കാൻ തുനിഞ്ഞപ്പോൾ താൻ ഞെട്ടി ഉണർന്നു എന്നും ഒരു മിന്നൽക്കൊടി പോലെ തന്റെ കമനൻ അപ്രത്യക്ഷനായി എന്നും ഉഷ തന്റെ സഖിയെ ലജ്ജയോടും കടുത്ത നിരാശയോടും കൂടി അറിയിക്കുന്നു.

സ്വപ്നത്തിൽ കണ്ട കമനൻ ആരാണ് എന്ന് ഉഷയ്ക്ക് അറിയുവാനുള്ള വ്യഗ്രത ചിത്രലേഖ മനസിലാക്കുകയും  തനിക്കുള്ള ചിത്ര രചനാ വൈദഗ്ദം കൊണ്ട് ഉഷയെ സഹായിക്കാനും  ചിത്രലേഖ തയ്യാറായി. സ്വപ്നത്തിൽ കണ്ട കുമാരന്റെ രൂപ വിവരങ്ങൾ   ഉഷയിൽ നിന്നും മനസിലാക്കിയ ചിത്രലേഖ, തനിക്ക് അറിയാവുന്ന ദേവന്മാർ,  അസുരന്മാർ   മനുഷ്യാദികൾ എന്നിവരുടെ ചിത്രങ്ങൾ ഉഷയെ കാണിച്ചു. ആ ചിത്രങ്ങൾ ഒന്നും തന്റെ സ്വപ്ന നായകനുമായി സാമ്യം ഇല്ലെന്നു ഉഷ അറിയിച്ചു. 

ചിത്രലേഖ കാട്ടിയ യദുവംശശ്രേഷ്ഠനായ വസുദേവരുടെ ചിത്രവുമായി തന്റെ കമനനു സാമ്യം ഉണ്ടെങ്കിലും   ഇദ്ദേഹത്തിന് എന്റെ മുത്തച്ഛനാകാനുള്ള പ്രായം ഉണ്ടെന്നും ഉഷ അറിയിച്ചപ്പോൾ ചിത്രലേഖ ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രം കാണിച്ചു. ഭഗവാൻ കൃഷ്ണന്റെ രൂപ സാദൃശ്യം ഉണ്ട്, എന്നാൽ ഇതിലും ചെറുപ്പമാണ് തന്റെ കമനന് എന്നായി ഉഷ. കൃഷ്ണ പുത്രനായ പ്രദ്യുമ്നന്റെ ചിത്രമാണ്‌ പിന്നീട് സഖി കാണിച്ചത്‌. ആ ചിത്രം കണ്ടപ്പോൾ ഈ രൂപം തന്നെ എന്നും അല്പ്പം കൂടി ചെറുപ്പം ആണെന്നും ഉഷ അറിയിച്ചു.  ഉഷയുടെ കമനൻ അനിരുദ്ധൻ തന്നെ എന്ന് മനസിലാക്കിയ ചിത്രലേഖ അനിരുദ്ധന്റെ ചിത്രം ഉഷയെ കാണിച്ചു. ഉഷ ചിത്രലേഖയിൽ നിന്നും ആ ചിത്രം കൈക്കലാക്കി, നിർന്നിമേഷയായി ചിത്രത്തിൽത്തന്നെ നോക്കി നിന്നു. തന്നെ സ്വപ്നത്തിൽ പ്രാപിക്കനെത്തിയ കമനൻ ഈ കുമാരൻ തന്നെയാണ്  എന്നും, കുമാരൻ ഇല്ലാതെ ഒരു നിമിഷം പോലും തനിക്കു ജീവിക്കാനാവില്ല എന്നും അതിനാൽ    എങ്ങിനെയെങ്കിലും കുമാരനെ തന്റെ സമീപം കൂട്ടി വരണം  എന്നും ഉഷ ചിത്രലേഖയെ അറിയിക്കുന്നു.

                                                                               ഉഷ

അനിരുദ്ധൻ  ഏകദേശം  പതിനായിരം യോജന അകലെയുള്ള, സമുദ്രത്താൽ ചുറ്റപ്പെട്ട   ദ്വാരകയിലാണ് വസിക്കുന്നത് . ഞാൻ എങ്ങിനെ അദ്ദേഹത്തെ കൂട്ടി വരും? ആ ദ്വാരകയിൽ കടക്കുന്നത്‌ അത്ര നിസ്സാരമല്ല. അവിടെ നിന്നും അനിരുദ്ധനെ കൂട്ടി വന്നാലും  ശ്രീപരമേശ്വരനും കുടുംബവും അനുചരന്മാരും കാവൽ നിൽക്കുന്ന ശോണിതപുരിയിൽ എങ്ങിനെ കടന്നുകൂടും? എന്നൊക്കെ ചിന്തിക്കുന്ന ചിത്രലേഖ ഉഷയുടെ താൽപ്പര്യം കഠിനമായപ്പോൾ തന്റെ യോഗബലം ഉപയോഗിച്ച് അനിരുദ്ധനെ കൂട്ടിവരാം എന്ന് സമ്മതിക്കുന്നു. 

യോഗബലത്താൽ രാത്രിയിൽ  ദ്വാരകയിലെത്തിയ ചിത്രലേഖ     അനിരുദ്ധനെ നിദ്രാധീനനാക്കി  ഉഷയുടെ ശയനഗൃഹത്തിൽ എത്തിച്ചു. തന്റെ നയനങ്ങളെ പോലും വിശ്വസിക്കുവാൻ സാധിക്കാത്ത അവസ്ഥയിലായി ഉഷ. താൻ അനിരുദ്ധനെ എത്തിച്ച വിധം അറിയിക്കുന്ന ചിത്രലേഖ, ഈ കഥകൾ തോഴിമാരോ, ദുർജ്ജനങ്ങളോ , ദൂഷണപ്രിയരോ  അറിയാതെ ശ്രദ്ധിക്കണം എന്നും അച്ഛൻ അറിഞ്ഞാൽ കോപിക്കും എന്ന് അറിയിക്കുകയും 'ദോഷമില്ലേതും ബാലേ സൂക്ഷിച്ചു കൊണ്ടാൽ' എന്നുപദേശിച്ച ശേഷം 'നാണമെന്തേവം ബാലേ! കേണതും നീയല്ലയോ? ചേണാർന്നു കാന്തനോടും കൂടി രമിച്ചീടുക' എന്ന് അറിയിച്ചു കൊണ്ട് ഉഷയുടെ ശയനാഗൃഹത്തിൽ നിന്നും പോകുന്നതോടെ 'ഉഷ- ചിത്രലേഖ' ഭാഗം  അവസാനിക്കുന്നു.

 ശ്രീ. കോട്ടക്കൽ സി.എം. ഉണ്ണികൃഷ്ണനാണ് ലാസ്യം നിറഞ്ഞ ഉഷയെ വളരെ ഭംഗിയായി അവതരിപ്പിച്ചത്. നല്ല വേഷഭംഗിയും ഭാവാഭിനയവും കൊണ്ട്  കഥാപാത്രത്തെ വിജയിപ്പിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. ശ്രീ. കലാമണ്ഡലം ശിവദാസിന്റെ  ചിത്രലേഖയും വളരെ ഭംഗിയായി.  ശ്രീ. കോട്ടക്കൽ മധു, ശ്രീ. സദനം ശിവദാസൻ എന്നിവരുടെ സംഗീതവും   ശ്രീ. സദനം ദേവദാസിന്റെ മദ്ദളം, ശ്രീ. സദനം ജിതിൻറെ ഇടയ്ക്ക എന്നിവയും നന്നായി . അണിയറയിൽ സജീവമായി പ്രവർത്തിച്ചുകൊണ്ട്  ശ്രീ. കോട്ടക്കൽ കുഞ്ഞിരാമനും കളിയുടെ വിജയത്തിന്റെ പങ്കാളികളായി.  

കഥകളിയുടെ അവതരണത്തിനു ആഡിറ്റോറിയം നൽകിയ അണ്ണാനഗർ അയ്യപ്പൻ ക്ഷേത്രത്തിന്റെ ഭാരവാഹികൾക്കും ചെന്നൈയിലെ കഥകളി ആസ്വാദകർക്കു വേണ്ടി വളരെ നല്ല കഥകളി വിരുന്ദൊരുക്കിയ ഉത്തരീയം കഥകളി സംഘടനയുടെ ഭാരവാഹികൾക്കും എളിയ കഥകളി ആസ്വാദകന്റെ   കൂപ്പുകൈ.