പേജുകള്‍‌

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ശ്രീരാമപട്ടാഭിഷേകം കഥകളികളുടെ ഓർമ്മകൾ -1


1970- കളുടെ ആദ്യ കാലഘട്ടമാണ് സന്ദർഭം. എവിടെയോ  ഒരു കളി കഴിഞ്ഞു വന്ന് അച്ഛൻ നല്ല ഉറക്കത്തിലാണ്. വീട്ടു പടിക്കൽ ഒരു കാർ വന്നു നിന്ന ശബ്ദം കേട്ട് ഞാൻ ഉമ്മറത്തേക്ക് ഓടിയെത്തി. വീട്ടു പടിക്കൽ വന്നു നിന്ന അമ്പാസിഡർ കാറിൽ നിന്നും നാലഞ്ചുപേർ  ഇറങ്ങി വന്ന്  ഉമ്മറത്തെത്തി. കൂട്ടത്തിൽ ഒരാൾ  അന്വേഷിച്ചു 'ചെല്ലപ്പൻപിള്ളയുണ്ടോ' എന്ന് ? 
ഉണ്ട്, ഉറക്കമാണ് എന്ന് പറഞ്ഞുകൊണ്ട് ആഗതരെ സ്വീകരിച്ചു.  ഞാൻ അച്ഛനെ ഉണർത്തിയിട്ട്  ചിലർ കാണാൻ വന്നിരിക്കുന്നു എന്ന വിവരം   അറിയിച്ചു. ഉറക്കച്ചടവോടെ എഴുന്നേറ്റ അച്ഛനും ആഗതരും പരസ്പരം തൊഴുതു. 

ആഗതരിൽ  പ്രധാനി സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സംഭാഷണം ആരംഭിച്ചു:
ഞങ്ങൾ കിടങ്ങറയിൽ നിന്നും വരികയാണ്. എന്നെ കിടങ്ങറാസ്വാമി എന്ന പേരിലാണ് അറിയപ്പെടുന്നത്.
ശ്രീനാരായണ ധർമ്മ  സേവാ സംഘത്തിന്റെ ആഘോഷത്തിന്  കിടങ്ങറയിൽ എല്ലാ വർഷവും   കഥകളി നടത്തുന്നുണ്ട്. ഈ വർഷം സീതാസ്വയംവരവും  ശ്രീരാമപട്ടാഭിഷേകവും   കഥകളാണ് നിശ്ചയിച്ചിരിക്കുന്നത്. കലാമണ്ഡലം കൃഷ്ണൻ നായരുടെ പരശുരാമനും, ഭരതനും   മാങ്കുളത്തിന്റെ ശ്രീരാമൻ, കുടമാളൂർ കരുണാകരൻ നായരുടെ സീത,  ഹരിപ്പാട്‌ രാമകൃഷ്ണപിള്ളയുടെ വിഭീഷണൻ, ചമ്പക്കുളത്തിന്റെ സുഗ്രീവൻ, പള്ളിപ്പുറം ഗോപാലൻ നായരുടെ ഹനുമാൻ, മുട്ടാർ ശിവരാമന്റെ ഗുഹൻ  എന്നിങ്ങനെയാണ് വേഷങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ മാങ്കുളം ഒഴികെയുള്ള എല്ലാ കലാകാരന്മാർക്കും കളിക്ക് കൂടാൻ സൌകര്യമാണ് എന്ന് അറിയിച്ചിട്ടുണ്ട്. മാങ്കുളത്തിന് കളിക്ക്  എത്തുവാൻ അസൌകര്യമാണ് എന്ന് കത്തു ലഭിച്ചപ്പോൾ അദ്ദേഹത്തിനു പകരക്കാരനായി താങ്കളുടെ പേരാണ് കമ്മിറ്റി നിർദ്ദേശിചിരിക്കുന്നത്‌.
താങ്കളെ പ്രസ്തുത കളിക്ക് ക്ഷണിക്കുവാനാണ് ഞങ്ങൾ എത്തിയിരിക്കുന്നത്.

അച്ഛൻ ഉടൻ തന്നെ ഡയറി എടുത്ത്  പരിശോധിച്ചശേഷം    അസൗകര്യത്തെ അറിയിച്ചു.    പ്രസ്തുത ദിവസം  വർക്കലയിൽ ഒരു കളി ഏറ്റിട്ടുണ്ട്. കഥകളി ഗായകനും, ചുട്ടി ആർട്ടിസ്റ്റും, കഥകളിയോഗം മാനേജറുമായ   ശ്രീ. വർക്കല ശ്രീനിവാസൻ മാസ്റ്റർ  ഏൽപ്പിച്ചിരിക്കുന്ന കളിയാണ്. അച്ഛന്റെ മുഖത്ത് നിസ്സഹായതയും ആഗതരുടെ മുഖത്ത് നിരാശയും നിറഞ്ഞു.

വർക്കലയിലെ കളി  ഒഴിഞ്ഞ് ഞങ്ങളുടെ കളിക്ക് എത്തുവാൻ എന്തെങ്കിലും ഉപായം ഉണ്ടോ? എന്നായി കിടങ്ങറാ സ്വാമി. 

ഞാനും വർക്കല ശ്രീനിവസനും തമ്മിൽ ചെറുപ്പകാലം മുതലേ  ആത്മമിത്രങ്ങളാണ്.    അദ്ദേഹം ഏൽപ്പിച്ച ഒരു കളി ഒഴിയുക വളരെ വിഷമമാണ്.  ഞങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ അടയാളമായിട്ടാണ് എന്റെ ഇളയ മകന് ശ്രീനിവസൻ എന്ന് പേരിട്ടിരിക്കുന്നത് എന്ന് അച്ഛന്റെ മറുപടി കേട്ടപ്പോൾ ആഗതർ പരസ്പരം എന്തൊക്കെയോ ആലോചിച്ച ശേഷം,  ഇനി ഓയൂർ കൊച്ചുഗോവിന്ദപ്പിള്ളയുടെ സൌകര്യം കൂടി അറിയാം എന്ന് പറഞ്ഞു കൊണ്ട് എഴുനേറ്റു. 

                                                  ശ്രീ. വർക്കല ശ്രീനിവാസൻ മാസ്റ്റർ

ഗോവിന്ദപ്പിള്ള ചേട്ടനും വർക്കലയിലെ കളിയ്ക്കുണ്ട്. എന്റെ അവസ്ഥ തന്നെയാണ് അദ്ദേഹത്തിനും.  ശ്രീനിവാസൻ ഏൽപ്പിച്ച കളി ഒഴിഞ്ഞ് വേറൊരു കളിക്ക് ഗോവിന്ദപ്പിള്ള ചേട്ടനും  പോവുകയില്ല  എന്ന് അച്ഛൻ അറിയിച്ചു.

ഇതോടെ ആഗതർ വീണ്ടും വിഷമത്തിലായി. അവർ  വീടിനു പുറത്തിറങ്ങി നിന്ന് തമ്മിൽ എന്തൊക്കെയോ സംസാരിച്ചു.   അൽപ്പം കഴിഞ്ഞ്  അവർ വീണ്ടും വീട്ടിനുള്ളിൽ കയറി ഇരുന്നു കൊണ്ട് അച്ഛനോട് വർക്കലയിലെ കളി ഒഴിഞ്ഞ് ഞങ്ങളുടെ കളിക്ക് കൂടുവാൻ സുഗമമായ ഒരു മാർഗ്ഗം താങ്കൾ  തന്നെ നിർദ്ദേശിക്കുക, ഞങ്ങൾ അതിനു വേണ്ടി പ്രയത്നിക്കാം എന്നായി. തുടർന്ന്  അവരുടെ നിർബ്ബന്ധം മുറുകിയപ്പോൾ, അച്ഛനും  കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചശേഷം    "കിടങ്ങറയിലെ കളിക്ക് മുട്ടാർ ശിവരാമൻ ഉണ്ട് അല്ലേ?എന്ന് ചോദിച്ചു. 
'ഉണ്ട്' എന്ന് അവരുടെ മറുപടി. 
 എന്നാൽ മുട്ടാർ ശിവരാമൻ   പറഞ്ഞാൽ ഞാൻ കിടങ്ങറയിലെ കളി ഏൽക്കാം" എന്ന് അച്ഛൻ അവരെ അറിയിച്ചു. 

                                                               ശ്രീ.മുട്ടാർ ശിവരാമൻ 

'അതിനെന്താ, കൂടിയാൽ ഒരു മണിക്കൂർ, അതിനുള്ളിൽ ഞങ്ങൾ മുട്ടാറിനെയും കൂട്ടി ഇവിടെ എത്താം' എന്നറിയിച്ചു കൊണ്ട് തെല്ലൊരാശ്വാസത്തോടെ അവർ മടങ്ങി. 

വർക്കല ശ്രീനിവാസൻ മാസ്റ്ററും എന്റെ അച്ഛനും തമ്മിലുള്ള സ്നേഹബന്ധം ആരംഭിക്കുന്നത് പരവൂർ കഥകളിയോഗത്തിൽ അവരൊന്നിച്ചു പ്രവർത്തിക്കുവാൻ തുടങ്ങിയപ്പോൾ  മുതലാണ്‌. അച്ഛന് സുമാർ ഇരുപതു വയസുള്ള കാലം എന്നാണ് പറഞ്ഞു കേട്ടുള്ള   അറിവ്.  വർക്കല നാഗപ്പൻ നായർ എന്ന അച്ഛന്റെ സമപ്രായക്കാരനായ ഒരു ആസ്വാദകന് കഥകളി അഭ്യസിക്കണം എന്ന് മോഹമുണ്ടായി.   ഗുരുനാഥനായി അദ്ദേഹം മനസ്സിൽ കണ്ടിരുന്നത് എന്റെ അച്ഛനെത്തന്നെ ആയിരുന്നു. വർക്കല ശ്രീനിവാസൻ മാസ്റ്ററും നാഗപ്പൻ നായരും സ്നേഹിതരാണ്. നാഗപ്പൻ നായരെ   ശിഷ്യനായി സ്വീകരിച്ച് അദ്ദേഹത്തിൻറെ ഗൃഹത്തിൽ താമസിച്ചു കൊണ്ട് കഥകളി അഭ്യസിപ്പിക്കാൻ അച്ഛൻ തയ്യാറായതും ഈ സ്നേഹബന്ധങ്ങൾ കൊണ്ടാകാം. (ചെങ്ങന്നൂർ ആശാൻ അവശനിലയിൽ എന്ന പത്രവാർത്ത കണ്ടയുടൻ ശ്രീ. നാഗപ്പൻ നായർ അവർകൾ തിരുവനന്തപുരത്ത് ഗൗരീശപട്ടത്തു നിന്നും ചെങ്ങന്നൂരിൽ ആശാന്റെ വസതിയിൽ എത്തി. അദ്ദേഹത്തിൻറെ ഉച്ചത്തിലുള്ള നാമജപം നടന്നു കൊണ്ടിരിക്കുമ്പോഴാണ് ആശാൻ ദിവംഗതനായത് )

ഈ  അഭ്യസിപ്പിക്കലിന് വർക്കല ശ്രീനിവാസൻ മാസ്റ്ററുടെ പരിപൂർണ്ണ സഹകരണം  ഉണ്ടായിരുന്നു. നാഗപ്പൻ നായരുടെ അരങ്ങേറ്റം കഴിഞ്ഞു. നാഗപ്പൻ നായർ  ശ്രീനിവാസൻ മാസ്റ്ററുടെ ചുമതലയിലുള്ള കളികൾക്ക് ധാരാളം വേഷങ്ങൾ കെട്ടി വന്നിരുന്നു. അദ്ദേഹത്തിന്  ഫോറെസ്റ്റ് ഡിപ്പാർട്ടുമെൻറ്റിൽ  ഉദ്യോഗം ലഭിച്ചതോടെ കഥകളി വേഷം ചെയ്യുന്നത് നിർത്തി ഒരു തികഞ്ഞ കഥകളി ആസ്വാദകനായി മാറി. 

 ശ്രീനിവാസൻ മാസ്റ്റർക്ക് സ്വന്തമായി ഒരു കളിയോഗം ഉണ്ടായി. അദ്ദേഹത്തിൻറെ ചുമതലയിൽ വരുന്ന എല്ലാ   കളികൾക്കും  ഓയൂരും, അച്ഛനും ഉണ്ടാകും. കഥയും  വേഷങ്ങളും   അനുസരിച്ച്   ശ്രീനിവാസൻ മാസ്റ്റരുടെ സ്നേഹിതനായ കലാകാരൻ മുട്ടാർ ശിവരാമനെയും  കളികൾക്ക്  പങ്കെടുപ്പിക്കും.  നിഴൽക്കുത്തിൽ മാന്ത്രികന്റെ  വേഷത്തിൽ അച്ഛൻ പ്രസിദ്ധി നേടിയപ്പോൾ ഒപ്പം മുട്ടാർ ശിവരാമന്റെ മാന്ത്രികനും  ആസ്വാദകരുടെ  അംഗീകാരം നേടിയിരുന്നു എന്നത് സ്മരണീയമാണ്. അച്ഛന്റെ മാന്ത്രികനും മുട്ടാറിന്റെ ദുര്യോധനനും,  അച്ഛന്റെ ദുര്യോധനനും, മുട്ടാറിന്റെ  മാന്ത്രികനും എന്നിങ്ങനെ  മാറി മാറി ധാരാളം ഉണ്ടായിരിക്കുന്നത്  ശ്രീനിവാസൻ മാസ്റ്ററുടെ ചുമതലയിലുള്ള കളികൾക്കാണ്.  ശ്രീനിവാസൻ മാസ്റ്ററും മുട്ടാർ ശിവരാമനും തമ്മിലും വളരെ ഉറച്ച ആത്മബന്ധമാണ് നിലനിന്നിരുന്നത്. ഈ ആത്മബന്ധം മനസിലാക്കിക്കൊണ്ടാണ് മുട്ടാർ ശിവരാമൻ   പറഞ്ഞാൽ ഞാൻ  കളി ഏൽക്കാം എന്ന് കിടങ്ങറക്കാർക്ക് അച്ഛൻ ഉറപ്പു നൽകിയത്. 

ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ കിടങ്ങറക്കാർ മടങ്ങിയെത്തി. കൂട്ടത്തിൽ മുട്ടാർ ശിവരാമനും. അദ്ദേഹവും ഒരു കളികഴിഞ്ഞ് എത്തി നല്ല  ഉറക്കത്തിലായിരുന്നു. "സുഹൃത്തിന് ഒരു ധർമ്മസങ്കടത്തെയാണ് ഞാൻ ഉണ്ടാക്കിയത്" എന്ന ക്ഷമാപണത്തോടെയാണ് അച്ഛൻ മുട്ടാറിനെ സ്വീകരിച്ചത്. ശ്രീനിവാസൻ മാസ്റ്ററുമായുളള സ്നേഹബന്ധത്തിന്റെ ആഴം കിടങ്ങറാക്കാരെ പരമാവധി ബോദ്ധ്യപ്പെടുത്തുവാൻ മുട്ടാറും ശ്രമിച്ചിരുന്നു. ഒടുവിൽ കിടങ്ങറാ സ്വാമി എഴുനേറ്റ്  ഒരു കവർ എടുത്ത് അച്ഛന്റെ നേരെ നീട്ടി. അച്ഛൻ മുട്ടാറിന്റെ മുഖത്തേക്ക് നോക്കി. കിടങ്ങറാ സ്വാമിയും മുട്ടാറിനെ ശ്രദ്ധിച്ചു. ഒരു വലിയ അപരാധമാണ്  ചെയ്യുന്നത് നല്ലതുപോലെ അറിഞ്ഞു കൊണ്ടുതന്നെ അച്ഛനോട്    മുട്ടാർ കവർ സ്വീകരിക്കാൻ തലകുലുക്കി സമ്മതം പ്രകടിപ്പിച്ചു. 

സുഹൃത്ത് പറഞ്ഞാലേ ചെല്ലപ്പൻ കവർവാങ്ങൂ എന്ന് അച്ഛൻ നിർബ്ബന്ധമായി പറഞ്ഞപ്പോൾ;  "കവർ സ്വീകരിക്കൂ ചെല്ലപ്പൻ പിള്ളേ" എന്ന് മുട്ടാർ പറയുകയും ചെയ്തു.

 അച്ഛൻ കിടങ്ങറാ സ്വാമിയുടെ കയ്യിൽ നിന്നും കവർ സ്വീകരിച്ചു. 
"ഇത് അഡ്വാൻസല്ല, കളിപ്പണമാണ്".  കളി കഴിയുമ്പോൾ പിള്ളയെ ഞങ്ങൾ വെറും കയ്യോടെ അയയ്ക്കില്ല എന്ന് പറഞ്ഞു കൊണ്ട്  കിടങ്ങറാ സ്വാമിയും കൂട്ടരും യാത്രയായി. അച്ഛൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി.

കിടങ്ങറയിലെ കളി  ഭംഗിയായി നടന്നു. കളി കാണാൻ ഞാനും പോയിരുന്നു.  അടുത്ത വർഷത്തെ കളിക്കുള്ള അഡ്വാൻസ് തുകയും പറ്റിയാണ് അച്ഛൻ മടങ്ങിയത്. ഈ സംഭവത്തിനു ശേഷം വർക്കല ശ്രീനിവാസൻ മാസ്റ്റർ  എന്റെ പിതാവിനോടും , മുട്ടാർ ശിവരാമനോടും   നിലനിർത്തി വന്നിരുന്ന സ്നേഹ ബന്ധത്തിന് എന്തു മാറ്റമാണ്   ഉണ്ടായത്  എന്നതിനെ പറ്റി എന്ന് വിശദമായി അറിയുവാൻ എനിക്ക് സാധിച്ചിട്ടില്ല, എങ്കിലും അദ്ദേഹത്തിൻറെ ചുമതലയിലുള്ള  കളികൾക്ക് മുൻപ് ക്ഷണിക്കപ്പെട്ടിരുന്നതു പോലെ അച്ഛൻ   ക്ഷണിക്കപ്പെടാറില്ല എന്നു മാത്രമല്ല കാലക്രമേണ  വർക്കല ജനാർജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് രണ്ടു ദിവസത്തെ പതിവു കളികളും   നഷ്ടമായി   എന്ന് മനസിലാക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു. 

വർക്കല ശ്രീനിവാസൻ മാസ്റ്ററുടെ മകൻ വർക്കല സുദേവൻ കഥകളി കലാകാരനാണ്. കലാമണ്ഡലം (അമ്പലപ്പുഴ) ശേഖറാണ് സുദേവനെ പഠിപ്പിച്ചത്. ഈ കാലഘട്ടത്തിൽ ശ്രീനിവാസൻ മാസ്റ്ററുടെ കളികൾക്ക് ഓയൂരിനെയും  ശേഖറിനെയും മുഖ്യമായി ക്ഷണിക്കപ്പെട്ടിരുന്നു. ഒരിക്കൽ തിരുവല്ല ക്ഷേത്രത്തിലെ അണിയറയിൽ വെച്ച് ശേഖറും അച്ഛനും കൂടി സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. 

സുദേവന്റെ തുടർന്നുള്ള  അഭ്യാസച്ചുമതല മടവൂർ വാസുദേവൻ നായരെ ഏൽപ്പിച്ചിരിക്കുന്നു എന്ന് ശ്രീനിവാസൻ മാസ്റ്റർ ശേഖറിനെ ഒരു കത്തിലൂടെ അറിയിച്ചുവത്രേ. അതിന്  ശേഖർ, ശ്രീനിവാസൻ മാസ്റ്റർക്ക് ഒരു മറുപടി അയയ്ക്കുകയും   ചെയ്തു.

"സുദേവന്റെ തുടർന്നുള്ള അഭ്യാസം മടവൂർ വാസുദേവൻ നായരാണ് നിർവഹിക്കാൻ പോകുന്നത് എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.  താങ്കളുടെ ചുമതലയിൽ വരുന്ന ഒരു ചില കളികൾക്കെങ്കിലും എന്നെകൂടി  ഉൾപ്പെടുത്താൻ മറക്കരുതേ" എന്ന് ഒരഭ്യർത്ഥനയുമാണ്‌  മറുപടിയിൽ ശേഖർ എഴുതിയിരുന്നത്  എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്.

കഥകളിയിൽ ഗായകനായും, ചുട്ടി കലാകാരനായും, കളിയോഗം മാനേജരായും കലാജീവിതം നയിച്ചതിനെ അനുസ്മരിച്ച് ശ്രീ. വർക്കല ശ്രീനിവാസൻ മാസ്റ്ററെ കേരളകലാമണ്ഡലം  ആദരിച്ചിട്ടുണ്ട്.   ഞാൻ  1981- ൽ കേരളം വിട്ട ശേഷം ഒരിക്കൽ പോലും അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചിട്ടില്ല.  ശ്രീ. മുട്ടാർ ശിവരാമൻ പ്രായാധിക്ക്യത്താൽ വളരെ അവശതയിലാണ് എന്ന് അറിഞ്ഞു. അദ്ദേഹത്തിന് ഒരു ക്ഷേമനിധി നൽകുന്നതിന്  Facebook കമലദളം / കഥകളി  ഗ്രൂപ്പ്  അംഗം ശ്രീ. രവീന്ദ്രനാഥ്  പുരുഷോത്തമൻ അവർകൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പരിശ്രമം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. 

വളരെക്കാലം എന്റെ പിതാവിന്റെ ആത്മമിത്രങ്ങളായിക്കഴിഞ്ഞ ശ്രീ. വർക്കല ശ്രീനിവാസൻ മാസ്റ്റർ, ശ്രീ. മുട്ടാർ ശിവരാമൻ എന്നീ  കലാകാരന്മാരെ  മനസാസ്മരിച്ചു കൊണ്ട് ഈ കുറിപ്പ് ഇവിടെ നിർത്തുന്നു.


2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

കഥകളിയുടെ കെടാവിളക്ക് - ശ്രീ. കെ. എസ്. മേനോൻ എഴുതിയ ലേഖനം-(ഭാഗം-3).

കേരള കലാമണ്ഡലത്തിൽ  മഹാകവി വള്ളത്തോളിന്റെ    വലംകയ്യായി പ്രവർത്തിച്ച ശ്രീ. എം. മുകുന്ദരാജാവിന്റെ മാതുലപുത്രൻ ശ്രീ.  കെ. എസ്സ്. മേനോൻ അവർകൾ എറണാകുളം കഥകളി ക്ലബ്ബിന്റെ മൂന്നാം വർഷത്തെ സോവനീയറിനു വേണ്ടി (1961- 1962-ൽ) എഴുതിയ ലേഖനം. ദക്ഷിണ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിലെത്തിയ  ഗുരു. കുഞ്ചുക്കുറുപ്പ് ആശാന്റെ വേഷങ്ങളെ പറ്റി ലേഖകൻ സ്മരിക്കുന്നുണ്ട്. ഈ     ഇന്റർനെറ്റ് കാലഘട്ടത്തിലെ  കഥകളിയുടെ വായനക്കാർക്കു വേണ്ടി ഇളകിയാട്ടത്തിൽ പ്രസ്തുത ലേഖനത്തിന്റെ മൂന്നാം  ഭാഗം പ്രസിദ്ധീകരിക്കുന്നു.


അപ്പോഴിതാ കഥകളി നഭോമണ്ഡലത്തിൽ ഒരു പുതിയ താരം ഉദിച്ചുയരുന്നു- മഹാകവി വള്ളത്തോൾ. ഒപ്പം അച്ഛന്റെ ഭാഗിനേയനായ ശ്രീ.മുകുന്ദരാജാവുമുണ്ട്. കാരണവപ്പാടു സ്ഥാനം കിട്ടുന്നതിനു മുൻപ് അച്ഛൻ മണക്കുളം കോവിലകത്തു താമസിക്കുന്ന കാലത്തുതന്നെ മഹാകവിയും അച്ഛനുമായി അടുപ്പമായിരുന്നു. കഥകളി പരിജ്ഞാനത്തിൽ വള്ളത്തോൾ അന്നും അദ്വിതീയൻ തന്നെയായിരുന്നു. കോവിലകത്തെ ചൊല്ലിയാട്ടം കാണാൻ മഹാകവി നിത്യമെന്നോണം വരാറുണ്ട്. അങ്ങിനെയിരിക്കെ കളിയോഗത്തിന്റെ ഭാരം ചുമക്കാൻ തനിക്ക് ഇനിയെത്രകാലം സാധിക്കുമെന്ന് അച്ഛന് ആശങ്ക തുടങ്ങി. 1097-ലാണെന്ന് തോന്നുന്നു, ഒരു ദിവസം മഹാകവിയും അച്ഛനും മുകുന്ദരാജാവും തമ്മിൽ നടന്ന സംഭാഷണത്തിനിടയ്ക്ക് ഈ വിഷയവും പരാമർശിക്കപ്പെട്ടു. കഥകളിയുടെ ഭാവി ഭദ്രമാകണമെങ്കിൽ സംഘടിതമായ ഒരു ഉദ്യമം കൂടാതെ പറ്റില്ല എന്ന തീരുമാനത്തിലാണ്, ക്രമത്തിൽ ഗൌരവ പൂർണ്ണമായിത്തീർന്ന ആ ചർച്ച ചെന്നെത്തിയത്. ആ ഉദ്യമത്തിന് മഹാകവി തന്നെ നേതൃത്വം നൽകാനും നിശ്ചയിച്ചു. പിന്നീടുള്ള സംഭവങ്ങളെല്ലാം കഥകളിപ്രിയർക്ക് സുപരിചിതം ആയിരിക്കുമല്ലോ? കേരള കലാമണ്ഡലത്തിന്റെ സംസ്ഥാപനത്തിലാണ് ആ സംഭവം ചെന്നു കലാശിച്ചത്. കലാമണ്ഡലദ്വാരാ മഹാകവിയും മുകുന്ദരാജാവും കൂടി കഥകളിക്കു നൽകിയ പുനരുജ്ജീവനവും നവചൈതന്യവും സീമാതീതമാണ്. ആ ചരിത്രമൊക്കെ അധുനാതനമാകയാൽ, കൂടുതൽ പറയേണ്ട ആവശ്യമില്ല. 

1106-ൽ കക്കാട്ടു കോവിലകത്ത്, അച്ഛന്റെ സാന്നിധാനത്തിൽ വെച്ചാണ്, കേരള കലാമണ്ഡലം ഉൽഘാടനം ചെയ്യപ്പെട്ടത്. തന്റെ കളിയോഗംവക കളിക്കോപ്പുകളെയും, വേഷക്കാരേയും, മേളക്കാരേയുമെല്ലാം അച്ഛൻ, ഭാവി കണ്ടറിഞ്ഞിട്ടോ എന്നു തോന്നുമാറ് കലാമണ്ഡലത്തിന് സമർപ്പിച്ചു. കോപ്പുകളും വാദ്യോപകരണങ്ങളുമെല്ലാം ദാനമായിട്ടുതന്നെയാണ് ആ ഔദാര്യനിധി കലാമണ്ഡലത്തിനു നൽകിയത്. അങ്ങിനെ തന്റെ വേഷം ആദ്യവസാനമായി ത്തന്നെ ആടിയിട്ട് സ്മര്യപുരുഷൻ തിരശീലക്കുള്ളിൽ മറഞ്ഞു- അതിനു ശേഷം "കഥകളിഅരങ്ങത്തേക്ക് " വന്നിട്ടില്ല. 1118 കന്നിയിൽ 82-ആം വയസ്സിൽ, വാർദ്ധക്ക്യസഹജമായ, സുഖക്കേട്‌ കൊണ്ട്; അച്ഛൻ ദിവംഗതനായി. 

"വാമനാവതാരത്തിനു" പുറമേ മൂന്നു ആട്ടക്കഥകൾ കൂടി അച്ഛൻ എഴുതുകയുണ്ടായി. ഓരോന്നിനുമുണ്ട് ഓരോ സവിശേഷത. വാമാനാവതാരത്തിൽ വാമനന്റെ 'വടു'വേഷമാണ് പുതുമയുടെ വശം. പ്രസിദ്ധീകൃതമായ മറ്റൊരു ആട്ടക്കഥയാണ് "ഗോപാലഘൃതകുംഭം". ഇത് കുഞ്ചുക്കുറുപ്പാശാൻ ചിട്ടപ്പെടുത്തി  അരങ്ങേറുകയും ചെയ്തിട്ടുണ്ട് എന്നാണ് ഓർമ്മ. ഭക്തിനിർഭരമാണ് കഥ. ഒരു ബ്രഹ്മചാരി ബാലനും, ഉണ്ണികൃഷ്ണനും, ബാലന്റെ അമ്മയും, ഗുരുവും, ഗുരുപത്നിയുമാണ്‌ പ്രധാനപാത്രങ്ങൾ. ഇന്ന് കയ്യെഴുത്തുപ്രതിപോലും കിട്ടാനില്ലാത്ത "നാഗാനന്ദ'വും "ദേവീമാഹാത്മ്യ"വുമാണ് മറ്റു രണ്ടു കഥകൾ. നാഗാനന്ദത്തിലെ ഇതിവൃത്തം സാക്ഷാൽ സംസ്കൃതനാടകത്തിലേതുതന്നെ. അഹിംസയാണ് പ്രധാന പ്രമേയം. ഇത് മറ്റു കഥകളിൽനിന്ന് ഇതിനെ ഒറ്റപ്പെടുത്തിയിരുന്നു. ഗാന്ധിജിയുടെ അഹിംസാ സന്ദേശം ആസേതുഹിമാലയം അലയടിക്കുന്ന കാലത്താണ് ഇതെഴുതപ്പെടുന്നത്. ദേവീമാഹാത്മ്യത്തിന്റെ പ്രത്യേകത, അതിലെ ആദ്യാവസാന കഥാപാത്രം ദുർഗ്ഗാദേവിയാണെന്നത്രേ. ഈ കഥകൾ രണ്ടും ഇന്നെവിടെയാണെന്നറിയില്ല. 

അച്ഛന്റെ  കലോപാസനാത്മകമായ ജീവിതത്തെക്കുറിച്ചുള്ള ഈ വിനീതപുത്രന്റെ സ്മരണ ബ്രുഹത്താണ്; സുന്ദരകലകളുടെ പരിപോഷണത്തിന്നായിത്തന്നെ സ്വജീവിതം സമർപ്പണം ചെയ്ത ആ കലോപാസകന്റെ സ്മരണയ്ക്കുമുമ്പിൽ നമോവാകം.
                                                                           (അവസാനിച്ചു.)

2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

കഥകളിയുടെ കെടാവിളക്ക് - ശ്രീ. കെ. എസ്. മേനോൻ എഴുതിയ ലേഖനം-(ഭാഗം-2).

കേരള കലാമണ്ഡലത്തിൽ  മഹാകവി വള്ളത്തോളിന്റെ    വലംകയ്യായി പ്രവർത്തിച്ച ശ്രീ. എം. മുകുന്ദരാജാവിന്റെ മാതുലപുത്രൻ ശ്രീ.  കെ. എസ്സ്. മേനോൻ അവർകൾ എറണാകുളം കഥകളി ക്ലബ്ബിന്റെ മൂന്നാം വർഷത്തെ സോവനീയറിനു വേണ്ടി (1961- 1962-ൽ) എഴുതിയ ലേഖനം. ദക്ഷിണ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിലെത്തിയ  ഗുരു. കുഞ്ചുക്കുറുപ്പ് ആശാന്റെ വേഷങ്ങളെ പറ്റി ലേഖകൻ സ്മരിക്കുന്നുണ്ട്. ഈ     ഇന്റർനെറ്റ് കാലഘട്ടത്തിലെ  കഥകളിയുടെ വായനക്കാർക്കു വേണ്ടി ഇളകിയാട്ടത്തിൽ പ്രസ്തുത ലേഖനത്തിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുന്നു.

കോവിലകത്തുവെച്ചുള്ള കളികൾ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് നടത്താറുള്ളത്. "ഇന്ന് കളി വേണം. എല്ലാവരും ഇല്ലേ?" ഉച്ച തിരിഞ്ഞ് മൂന്നോ നാലോ മണിയാകുമ്പോഴായിരിക്കും  കൽപ്പന പുറപ്പെടുന്നത്. കഥയും വേഷക്കരേയും മറ്റും ഉടൻ നിശ്ചയിക്കും. ഈ കളികൾ നാലു മണിക്കൂറിലധികം നീണ്ടു നിൽക്കാറില്ല. അന്ന്, കഥകളിയെ സംബന്ധിച്ചിടത്തോളം, അതൊരു നീണ്ട സമയമല്ലല്ലൊ. കോവിലകത്തിന്റെ പടിഞ്ഞാറെ തിണ്ണയിലാണ് ഇത്തരം അരങ്ങുകൾ അധികവും നടത്തുക പതിവ്. 


ഈ അരങ്ങുകളിൽ തന്റെ രസികത്തം മുഴുവൻ പ്രകടിപ്പിക്കാൻ അച്ഛൻ മടിക്കാറില്ല. കുഞ്ചുക്കുറുപ്പിനെക്കൊണ്ട് എന്തെല്ലാം വേഷങ്ങളാണ് കെട്ടിച്ചിട്ടുള്ളത്‌!. ഹനൂമാൻ, കാട്ടാളൻ, ലളിത- ഇതെല്ലാം അദ്ദേഹം കെട്ടിയത് ഈ ലേഖകൻ കണ്ടിട്ടുണ്ട്; ചുവന്ന താടി കെട്ടി കണ്ടിട്ടില്ല. ഒരു ഒന്നാംകിട നടന് എതു നിസ്സാരവേഷവും കെട്ടാമെന്നും അത് ഒന്നാംതരമാക്കാമെന്നും അച്ഛൻ കരുതിയിരുന്നു. ആ ധാരണ തികച്ചും ശരിയാണെന്ന് കുറുപ്പാശാൻ അനേകം തവണ തെളിയിച്ചിട്ടുണ്ട്. അവർക്ക് പരസ്പരം ഉണ്ടായിരുന്ന സ്നേഹാദരങ്ങൾക്ക് തെളിവാണ് ഈ സംഭവങ്ങൾ. 

കോവിലകത്തിന്റെ മുറ്റത്ത് തയാറാക്കുന്ന പന്തലിൽ വെച്ച് നടത്തുന്ന 'മുഴുവൻ കളി'കളിൽപ്പോലും, പുലരുന്നതുവരെ അച്ഛൻ ചെണ്ട കൊട്ടിയിട്ടുണ്ട്- പുറപ്പാടും മേളപ്പദവുമടക്കം. ഷഷ്ട്യബ്ദപൂർത്തി കഴിഞ്ഞതിനുശേഷമുണ്ടായ ഇത്തരം രണ്ടു സംഭവങ്ങൾക്ക് ഈ ലേഖകൻ ദൃക്സാക്ഷിയാണ്. ഇവയിൽ ഒന്ന് വിശേഷിച്ചും എടുത്തു പറയേണ്ടതാണ്; സ്ഥലം ചിറ്റഞ്ഞൂർ കോവിലകം; കഥ ദക്ഷയാഗം- വീരഭദ്രനും ഭദ്രകാളിയും ദക്ഷന്റെ യാഗശാല തകർക്കുന്നതും, ദക്ഷനുമായി ഏറ്റുമുട്ടി യുദ്ധം ചെയ്യുന്നതുമായ ശബ്ദായമാനമായ രംഗം കൂടി, യാതൊരു കൂസലും കൂടാതെ, വാർദ്ധക്ക്യം പോലും മറന്ന്, ചെണ്ടമേൽ കൈകാര്യം ചെയ്തതോർക്കുമ്പോൾ ഇപ്പോഴാണ് അത്ഭുതം തോന്നുന്നത്. ഇതാണ് ശരിയായ കളിഭ്രാന്ത്.

ഈ ഭ്രാന്തിന് മറ്റൊരു ഉദാഹരണം പറയാം: അച്ഛൻ കുന്നംകുളത്ത് മണക്കുളം കോവിലകത്ത് താമസിക്കുന്ന കാലത്താണ് ഇതും സംഭവിക്കുന്നത്‌. യശശ്ശരീരനായ കാവുങ്കൽ ശങ്കരപ്പണിക്കരെന്ന അനുഗ്രഹീത നടനെ പറ്റി കേട്ടിട്ടില്ലാത്ത കഥകളി പ്രേമികൾ ഉണ്ടാകാൻ ഇടയില്ല. (കഥകളി രംഗത്തിന് കഴിവുറ്റ നടന്മാരെ സംഭാവന ചെയ്യുന്ന പാരമ്പര്യം കാവുങ്കൽ തറവാട് വളരെക്കാലമായി പുലർത്തിവരുന്നുണ്ട്. ഇന്നത്തെ കാവുങ്കൽ ശങ്കരൻകുട്ടിപ്പണിക്കരും, ചാത്തുണ്ണിപ്പണിക്കരും ആ പാരമ്പര്യത്തിന്റെ അവകാശികളാണ്.) എന്നാൽ  ഒരു കാര്യം, അന്ന് പരക്കെ അറിവുള്ള സംഗതിയായിരുന്നുവെങ്കിലും, ഇന്ന് അധികംപേരും അറിഞ്ഞിരിക്കനിടയില്ല. അന്നത്തെ രാജശാസനപ്രകാരം ജാതിഭ്രഷ്ട് കൽപ്പിക്കപ്പെട്ടവരിൽ ഒരാളായിരുന്നു കാവുങ്കൽ ശങ്കരപ്പണിക്കർ. അതുകാരണം പണിക്കരെ ക്ഷേത്രത്തിലേക്കും ഇല്ലങ്ങളിലേക്കും കളിക്ക് ക്ഷണിക്കാറില്ല. പക്ഷേ, അച്ഛന് ശങ്കരപ്പണിക്കരുടെ വേഷം കാണണമെന്ന് വലിയ ആഗ്രഹം. പണിക്കർക്കാകട്ടെ തന്റെ വേഷം അച്ഛനെ കാണിക്കണമെന്ന് അതിലധികം ആഗ്രഹം. ഈ ആഗ്രഹങ്ങൾ രണ്ടും ഒന്നിച്ചുചേർന്നപ്പോൾ ചിലതൊക്കെ സംഭവിച്ചു. അച്ഛൻ തന്റെ "വാമനാവതാരം" ആട്ടക്കഥ എഴുതിയതും പ്രസിദ്ധീകരിച്ചതും അതിനു കുറച്ചുമുമ്പായിരുന്നു. അത് ചിട്ടപ്പെടുത്തിയതും, അതിലെ പ്രധാന കഥാപാത്രമായ മഹാബലിയുടെ വേഷം ഇദംപ്രഥമമായി കെട്ടിയതും കുഞ്ചുക്കുറുപ്പാണ്. ശങ്കരപ്പണിക്കരെക്കൊണ്ട് 'മഹാബലി' കെട്ടിക്കണമെന്ന് അച്ഛനൊരു മോഹം. സ്വന്തം കോവിലകമുറ്റത്ത് പണിക്കരെ കേറ്റാൻതന്നെ പാടില്ല. പിന്നെയല്ലേ കളിപ്പിക്കുന്ന കാര്യം. എന്തു ചെയ്യും? അവസാനം അടുത്തുതന്നെയുള്ള ഒരു നായർവീട്ടിൽ വെച്ച് കളി നിശ്ചയിച്ചു. അച്ഛൻ അവിടെ പോയി കളികണ്ടു.  കഥകളിയോഗം ശങ്കരപ്പണിക്കരുടേതുതന്നെ. മഹാബലി "വിശ്വജിദാഖ്യം മുഖ്യമഖം" നടത്തുവാൻ തീരുമാനിച്ച്, അതിന്റെ പ്ലാൻ കുലഗുരുവായ ശുക്രമഹർഷിക്ക് വിവരിച്ചു കൊടുക്കയാണ്. പ്രസ്തുത പദത്തിൽ ഇങ്ങിനെയൊരു ഭാഗമുണ്ട്;

"ദേവമാമുനികളൊക്കെ വരേണം;
ദേവോപദേവകുലവും വരേണം;
ഭാവമാർന്നപല നാരികളും, നര-
ദേവരും പലരുമിങ്ങുവരേണം."

ഇതിൽ  "ഭാവമാർന്ന പല നാരികളും" എന്ന ഭാഗവും, അവരുടെ വരവും ശങ്കരപ്പണിക്കർ ഒന്നു വിസ്തരിച്ചഭിനയിച്ചു. അതെങ്ങിനെയായിരുന്നുവെന്ന് പണിക്കരുടെ വേഷം കണ്ടിട്ടുള്ളവരോട് പറയേണ്ട ആവശ്യമില്ല. ഇതിന്റെ ഫലം എന്തായിരുന്നു എന്നല്ലേ? അടുത്ത ദിവസമോ, അടുത്ത മറ്റൊരു അവസരത്തിലോ എന്ന് ഓർമ്മയില്ല, പണിക്കരെക്കൊണ്ട് സ്വന്തം കോവിലകമുറ്റത്തുതന്നെ അച്ഛൻ കളിപ്പിച്ചു! ആരും ഒന്നും പറഞ്ഞില്ല. അച്ഛന് ധൈര്യമായി. വീണ്ടും കളിപ്പിച്ചു. അപ്പോഴും ഒന്നുമുണ്ടായില്ല. അതിനു ശേഷം അച്ഛന്റെ നിർദ്ദേശം അനുസരിച്ച് പലപ്രാവശ്യവും മണക്കുളം കോവിലകമുറ്റത്ത് ശങ്കരപ്പണിക്കരുടെ കളിയുണ്ടായിട്ടുണ്ട്. ഭ്രഷ്ടിനെ കളിവാതിലിന് അകത്തേക്ക് കടത്താത്ത വിശിഷ്ടന്മാർ പലരും അച്ഛനോടൊപ്പം മുൻവരിയിൽത്തന്നെയിരുന്ന് കളി കണ്ട് തലകുലുക്കി "ബലേ, ഭേഷ്" എന്ന് പറഞ്ഞിട്ടുണ്ട്. 

ഭ്രഷ്ട് എന്നെല്ലാം കേൾക്കുമ്പോൾ ഇന്നു നമുക്ക് ചിരിയാണ് വരുക. അന്നത്തെ സാമൂഹ്യ പരിതസ്ഥിതികളിൽ അത് സ്ത്രീ പുരുഷന്മാർക്ക് വരാവുന്ന ഗുരുതരമായ ഒരു പതിത്വമായിരുന്നു. ആദ്യമാദ്യം ശങ്കരപ്പണിക്കർ മുറ്റത്തു നിന്നുകൊണ്ടും, അച്ഛൻ മാളികമുകളിലിരുന്ന് ജനലിൽ കൂടി നോക്കിയുമാണ് സംസാരിച്ചിരുന്നത്. ക്രമേണ പണിക്കർ ഇറയത്തുകയറാനും, അച്ഛൻ താഴേക്കിറങ്ങിവന്ന് നേരിട്ട് സംസാരിക്കാനും തുടങ്ങി. ഒടുവിൽ, നിറഞ്ഞ സദസ്സിൽ വെച്ച് അച്ഛൻ ശങ്കരപ്പണിക്കർക്ക് ഓണപ്പുടവ നൽകാനും സന്നദ്ധനായി. അങ്ങിനെ, ജാതിഭ്രഷ്ടിനെ അച്ഛന്റെ കളിഭ്രാന്ത് നാമാവിശേഷമാക്കി.

1099-ലാണ് അച്ഛന് ചരിത്രപ്രസക്തിയുള്ള കക്കാട്ട് കാരണവപ്പാട് സ്ഥാനം ലഭിച്ചത്. തന്റെ ദേഹവും ദേഹിയുമായ കഥകളിയോഗത്തോടൊന്നിച്ച് അച്ഛൻ കക്കാട്ട് കോവിലകത്തേക്ക് താമസം മാറ്റി. ചൊട്ടിശങ്കുണ്ണി നായരും, കുഞ്ചുക്കുറുപ്പും, തലപ്പിള്ളി അപ്പുവും, മൂത്താൻ ഭാഗവതരും എല്ലാം ഒന്നിച്ചുണ്ടായിരുന്നു. അരക്കളിയായിട്ടും മുഴുക്കളിയായിട്ടും മറ്റും അവിടെയുമുണ്ടാകാറുണ്ട് ഇടയ്ക്കിടെ കളിയരങ്ങുകൾ. അരക്കളിയാണെങ്കിൽ കോവിലകത്തിനകത്ത്;  മുഴുക്കളിയാണ് എങ്കിൽ പുറത്ത് ഇതായിരുന്നു ചിട്ട. മുഴുക്കളിയാണെങ്കിൽ മേളക്കാരെയും ചിലപ്പോൾ വേറെ വേഷക്കാരേയും പുറമേനിന്ന് ക്ഷണിച്ചുവരുത്തും. ഇങ്ങിനെ കഴിഞ്ഞു ചില വർഷങ്ങൾ.
                                                                                                                ( തുടരും )

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

കഥകളിയുടെ കെടാവിളക്ക് - ശ്രീ. കെ. എസ്. മേനോൻ എഴുതിയ ലേഖനം-(ഭാഗം-1).

കേരള കലാമണ്ഡലത്തിൽ  മഹാകവി വള്ളത്തോളിന്റെ    വലംകയ്യായി പ്രവർത്തിച്ച ശ്രീ. എം. മുകുന്ദരാജാവിന്റെ മാതുലപുത്രൻ ശ്രീ.  കെ. എസ്സ്. മേനോൻ അവർകൾ എറണാകുളം കഥകളി ക്ലബ്ബിന്റെ മൂന്നാം വർഷത്തെ സോവനീയറിനു വേണ്ടി (1961- 1962-ൽ) എഴുതിയ ലേഖനം. ദക്ഷിണ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിലെത്തിയ  ഗുരു. കുഞ്ചുക്കുറുപ്പ് ആശാന്റെ വേഷങ്ങളെ പറ്റി ലേഖകൻ സ്മരിക്കുന്നുണ്ട്. ഈ     ഇന്റർനെറ്റ് കാലഘട്ടത്തിലെ  കഥകളിയുടെ വായനക്കാർക്കു വേണ്ടി ഇളകിയാട്ടത്തിൽ പ്രസ്തുത ലേഖനം പ്രസിദ്ധീകരിക്കുന്നു.


ഞാൻ ഒരു കഥകളി ഭ്രാന്തനല്ല; കഥകളി പ്രേമിയാണ്‌. എന്നാൽ കഥകളി ഭ്രാന്തിന്റെ ഒരംശം എന്റെ സിരകളിലൂടെ സദാ ഒഴുകി കൊണ്ടിരിക്കുന്നുണ്ട്. സാമാന്യസങ്കേതത്തിന് വിരുദ്ധമായി, അനുകൂല സാഹചര്യങ്ങളിൽ ഈ പ്രേമം തനി ഭ്രാന്തായി മാറുമെന്നും എനിക്കറിയാം. കാരണം ഈ ലേഖകന്റെ വന്ദ്യ  പിതാവ് 1118-ൽ തീപ്പെട്ട കക്കാട്ട് കാരണവപ്പാട് തമ്പുരാൻ  ഒരു തികഞ്ഞ കഥകളി ഭ്രാന്തനായിരുന്നു എന്നതു തന്നെ.

മുപ്പതു  മുപ്പത്തഞ്ച് കൊല്ലങ്ങൾക്കു മുൻപ് കേരളകലാമണ്ഡലം, യശശ്ശരീരനായ മഹാകവി വള്ളത്തോളിന്റെ ഹൃദയത്തിൽ നിന്ന് ജന്മമെടുക്കുന്നതിനുമുമ്പ്  മദ്ധ്യകേരളത്തിൽ നാലഞ്ചു കഥകളി യോഗങ്ങളുണ്ടായിരുന്നു. പുന്നത്തൂർ കളിയോഗം, ഒളപ്പമണ്ണ കളിയോഗം, കവളപ്പാറ കളിയോഗം, മഞ്ഞക്കുളം കളിയോഗം എന്നിവ അവയിൽ പ്രമുഖങ്ങൾ ആയിരുന്നു. ഇതിൽ മഞ്ഞക്കുളം കളിയോഗത്തിന്റെ ജനയിതാവ്, അന്നത്തെ മഞ്ഞക്കുളം മൂപ്പിലായിരുന്ന വലിയ തമ്പുരാൻ ആയിരുന്നു.  ഇന്നത്തെ വലിയ തമ്പുരാനും കലാമണ്ഡലസ്ഥാപനത്തിൽ മഹാകവിയുടെ വലംകയ്യായി പ്രവർത്തിച്ച ദേഹവുമായ ശ്രീ.എം.മുകുന്ദ  രാജാവിന്റെ   മാതുലൻ; ഈ ലേഖകന്റെ പിതാവ്. സംസ്കൃത വിദ്വാൻ, കവി, സംഗീതജ്ഞൻ, വൈണികൻ, വാദ്യവിദഗ്ദൻ, എന്നുവേണ്ട, ഒരു സകലകലാവല്ലഭൻ എന്ന് തന്നെ വേണം അദ്ദേഹത്തെ പറ്റി പറയുക. സുന്ദരകലകളുടെ ഉറവിടമായിരുന്ന അവിടുന്ന് കേരളീയർക്ക് പൊതുവെ സുപരിചിതനായിരുന്നില്ല 
എങ്കിലും, വളരെ പരിമിതമല്ലാത്ത ഒരു പരിധിക്കകത്ത്- വിശേഷിച്ച് കർണ്ണാടക സംഗീതം, കഥകളി എന്നീ കലകളുമായി ബന്ധപ്പെട്ട കലോപാകസകരുടെയും കലാസ്വാദകരുടെയും ഇടയിൽ- അദ്ദേഹം സുപ്രസിദ്ധനും സമാരാധ്യനും ആയിരുന്നു. 

എറണാകുളം കഥകളി ക്ലബ്ബിന്റെ  മൂന്നാം വാർഷിക (1961 -1962) സോവനീയറിനു വേണ്ടി ഒരു ലേഖനം എഴുതാൻ പുറപ്പെടുമ്പോൾ, സ്വാഭാവികമായി, ഈ ലേഖകൻ ഒരു നാൽപ്പത്തഞ്ചു കൊല്ലം മുൻപുള്ള തന്റെ ബാല്യ കാലത്തേക്ക് തിരിഞ്ഞു നോക്കാൻ നിർബ്ബന്ധിതനായിത്തീരുകയാണ്. അന്ന് കണ്ണിലും കാതിലും, അതുവഴി ഹൃദയത്തിലും പതിഞ്ഞ കേളികൊട്ടും പാട്ടും ചൊല്ലിയാട്ടവും കളിയരങ്ങുകളും, കാലത്തിന്റെ കനത്ത തിരശീല നീക്കി, ഭാവനാരംഗത്ത് വീണ്ടും പ്രത്യക്ഷപ്പെടുകയാണ്.

വടക്കാഞ്ചേരി - മുളങ്കുന്നത്തുകാവ് റോഡിൽ 'അത്താണി' എന്നൊരു സ്ഥലമുണ്ട്.  അവിടെനിന്ന്, റയിൽ മുറിച്ചു കടന്ന്, ഏകദേശം ഒന്നരനാഴിക നടന്നു ചെന്നാൽ അമ്പലപ്പുരത്തുള്ള മണക്കുളം കോവിലകത്ത് എത്തുകയായി. അന്ന് നാൽപ്പത്തിഅഞ്ചു കൊല്ലത്തോളം മുൻപ്- അവിടെ ചെല്ലുന്ന ഒരാൾക്ക്‌ കോവിലകത്തിന്റെ തന്നെ ഭാഗമായ ഓടുമേഞ്ഞ ഒരു ഷെഡിൽ നിന്ന്, 
"ന്തത്തീന്ധത്താ, കിടധീത്തീ, ധിത്തിത്തൈ"  എന്നോ  "ഥോം, ന്തത്തീന്ധകത്തോം, ധിത്താ ധികിതത്തൈ" എന്നോ ഇത്യാദി ചില വായ്‌ത്തരികൾ കേൾക്കാമായിരുന്നു.  കോപ്പനാശാൻ - "ആശാരിക്കോപ്പൻ" എന്ന  അപരാഭിദാനത്താൽ പ്രസിദ്ധനായ കൊളപ്പുള്ളി കോപ്പൻ നായർ കഥകളി വിദ്യാർത്ഥികളെ ചൊല്ലിയാടിക്കുന്ന ശബ്ദമാണ് ആ കേട്ടത്.

                                         ശ്രീ. കോപ്പൻനായർ 
ഏറെക്കഴിഞ്ഞില്ല, മൂന്നു ബാലന്മാരുടെയും ഒരു ബാലികയുടെയും അരങ്ങേറ്റം നടക്കുന്ന കാഴ്ചയാണ് അന്നത്തെ പ്രേക്ഷകർ കാണുന്നത്. കഥ, ലവണാസുരവധം. രണ്ടു ബാലന്മാർ കുശലവന്മാർ; മറ്റൊരു ബാലൻ ശത്രുഘ്നൻ; ബാലിക സീത; കോപ്പനാശാൻ ഹനൂമാൻ, ഇത്രയുമായിരുന്നു നടീനടന്മാരും വേഷങ്ങളും. ഇന്ന് ബാലികമാർ കഥകളി വേഷം ചെയ്യുന്നതിൽ പുതുമയൊന്നും ഇല്ലെങ്കിലും, ഏകദേശം അരനൂറ്റാണ്ടിനു മുൻപുള്ള ആ കാലത്തെല്ലാം അതൊരു ധീരമായ കാൽവെപ്പു തന്നെയായിരുന്നുവെന്ന് നിസ്സംശയം പറയാം. ഇതിൽ ശ്ലാഘയർഹിക്കുന്നത് മണക്കുളം രാജാവും, ബാലികയുടെ തറവാട്ടുകാരുമാണെന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും ഇതിൽ അന്തർഭവിച്ചിട്ടുള്ള ധീരതയെ അഭിനന്ദിക്കുവാൻ അന്ന് അധികംപേർ ഉണ്ടായിരുന്നില്ല. 

                                    ഗുരു.കുഞ്ചുക്കുറുപ്പ് സിംഹമുദ്രയിൽ

കാലം പിന്നെയും കഴിഞ്ഞു. ഗുരു.കുഞ്ചുക്കുറുപ്പ് എന്ന് ഇന്നും പ്രഖ്യാതനായ തകഴി കുഞ്ചുക്കുറുപ്പെന്ന യുവനടൻ, തെക്ക് തിരുവിതാംകൂറിൽ നിന്നും മദ്ധ്യകേരളത്തിൽ പ്രത്യക്ഷപ്പെടുകയായി. താമസമുണ്ടായില്ല അദ്ദേഹം മണക്കുളം രാജാവിന്റെ കഥകളി വലയത്തിൽ വന്നുചേരാൻ. ഇതിന്നിടെ, അന്നത്തെ അരങ്ങേറ്റരംഗത്ത് നാം കണ്ട ബാലന്മാരിൽ ഒരാൾ മറ്റുള്ളവരേക്കാൾ രംഗശ്രീമാനായി ശോഭിക്കുന്നു. രാജാവിന്റെ വാത്സല്ല്യവർഷം ഈ ബാലന്റെമേൽ ചൊരിയുവാൻ തുടങ്ങി. ഈ ബാലന് നാട്യകലയിൽ സവിശേഷപരിശീലനം നൽകാനുള്ള ചുമതല പുതിയ ആചാര്യനായ കുഞ്ചുക്കുറുപ്പ് ഏറ്റെടുക്കുന്നു. കുന്നംകുളത്തുകാരനായ ഈ ബാലനാണ് തലപ്പിള്ളി അപ്പു. കൗമാരകാലത്തും അതിനുശേഷവും പ്രധാനപ്പെട്ട പല വേഷങ്ങളും ഈയാൾ കെട്ടിയിട്ടുണ്ട്. അരങ്ങത്ത് തന്റെ പ്രാഗത്ഭ്യം എന്നും പ്രകടിപ്പിച്ചിരുന്ന അപ്പു, മിക്കപ്പോഴും തന്റെ ഗുരുനാഥനായ കുഞ്ചുക്കുറുപ്പാശാന്റെകൂടെത്തന്നെയാണ് വേഷം കെട്ടിയിരുന്നത്. കുറുപ്പാശാന്റെ കുചേലനും അപ്പുവിന്റെ കൃഷ്ണനും ചേർന്നുള്ള കുചേലവൃത്തം അന്നത്തെ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല.

കൃഷ്ണനു പുറമേ സുഭദ്രാഹരണത്തിൽ അർജുനൻ, നളചരിതത്തിൽ നളൻ, ബാഹുകൻ തുടങ്ങിയ വേഷങ്ങളും ഈ നടൻ ഭംഗിയായി അഭിനയിച്ചിരുന്നു. പ്രായേണ ശാന്ത സ്വഭാവങ്ങളായ പച്ചവേഷങ്ങളിലാണ് അപ്പു ഏറ്റവും ശോഭിക്കാറുള്ളത്. അതിമനോഹരമായ മുഖം, വൃത്തിയായ മുദ്രകൾ, ഒതുക്കവും ചിട്ടയുമൊത്ത ചൊല്ലിയാട്ടം എന്നിവയെല്ലാം ഈ നടന്റെ നേട്ടങ്ങളായിരുന്നു. കണ്ണുകൾക്ക്‌ ഓജസ്സ് സ്വൽപ്പം കുറവായിരുന്നു. എന്നാൽ നെറ്റി, മൂക്ക്, ചുണ്ട്, കവിൾ, താടി എന്നീ ഉപാംഗങ്ങളെ സംബന്ധിച്ചിടത്തോളം കഥകളിക്ക് അനുയോജ്യമായ  ഇതിലും നല്ലൊരു മുഖം കാണാൻ പ്രയാസം. നേത്രരോഗം അപ്പുവിന്റെ കുടുംബത്തിന്റെ പാരമ്പര്യമാണ് എന്നു പറയാം. അവസാനം ഈ ഹതഭാഗ്യവാന് കാഴ്ചതന്നെ നഷ്ടപ്പെട്ടു എന്നാണ് അറിവ്. ഏതായാലും അച്ഛന്റെ വാത്സല്ല്യ ഭാജനമായിരുന്ന ഈ കലാകാരൻ ചെറുപ്പത്തിൽതന്നെ അതായത് ഇരുപത്തിഅഞ്ചു വയസ്സിനിടയ്ക്കാണ് എന്ന് തോന്നുന്നു മരണമടഞ്ഞു.  

ഇതിന്നിടെ, മണക്കുളം മൂപ്പിൽ രാജാവ് തിരുത്തിപ്പറമ്പിലുള്ള (അമ്പലപുരം) കോവിലകത്തുനിന്ന് കുന്നംകുളത്തുള്ള കോവിലകത്തേക്ക് താമസം മാറ്റി. അപ്പോഴേക്കും അദ്ദേഹത്തിൻറെ കീഴിൽ സ്വന്തമായി ഒരു കളിയോഗംതന്നെ രൂപം പ്രാപിച്ചു കഴിഞ്ഞിരുന്നു. താമസംവിനാ അദ്ദേഹം ഒരു സെറ്റ് ഒന്നാംതരം കളിക്കോപ്പിന്റെ ഉടമസ്ഥനായിത്തീർന്നു. കിരീടങ്ങൾ, മെയ്ക്കോപ്പുകൾ, കുപ്പായങ്ങൾ, തിരശീല, ചെണ്ട, മദ്ദളം ഇത്യാദികൾ നിറച്ച അഞ്ചാറുകളിപ്പെട്ടികൾ കുന്നംകുളത്തുള്ള മണക്കുളം കോവിലകത്ത് സ്ഥലംപിടിച്ചു. വേഷക്കാരിൽ പ്രധാനി കുഞ്ചുക്കുറുപ്പാശാനും തലപ്പിള്ളി അപ്പുവും തന്നെ; പാട്ടിന് മൂത്താൻ ഭാഗവതർ; ശങ്കിടിപ്പാട്ടിനും മദ്ദളത്തിനും മണക്കുളത്തിലെ പ്രവൃത്തിക്കാരായ രണ്ട് നമ്പിടിമാർ; ചുട്ടിക്കാരൻ ആറടിയിലധികം ഉയരമുള്ള സാക്ഷാൽ 'ചൊട്ടി ശങ്കുണ്ണി' നായർ. ചെണ്ടയ്ക്കു മാത്രം സ്ഥിരമായ ആളില്ല. ആ കുറവ് അച്ഛൻ തന്നെയാണ് നികത്താറു്. നിന്നുകൊണ്ടല്ല, കസേരയിൽ ഇരുന്നു കൊണ്ടാണ് കൊട്ടുക എന്നൊരു വ്യത്യാസം മാത്രം.
                                                                                 ( തുടരും)

2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

കൈപ്പുഴ മഠത്തിൽ ഗണപതി - തോട്ടം ശങ്കരൻ നമ്പൂതിരിയുടെ സമകാലീകൻ.


ബ്രഹ്മശ്രീ. തോട്ടം ശങ്കരൻ നമ്പൂതിരിയുടെ സമകലീകനായ പ്രശസ്ത കഥകളി നടൻ ശ്രീ. തിരുവല്ലാ കൈപ്പുഴ മഠത്തിൽ ശ്രീ. ഗണപതി  അവർകളെ  പറ്റി പ്രൊഫസ്സർ: അമ്പലപ്പുഴ രാമവർമ്മ  എഴുതി 1980- ൽ പ്രസിദ്ധീകരിച്ച ലേഖനം.


തിരുവല്ലാ താലൂക്ക് അനവധി പ്രശസ്ത നടന്മാരെ കഥകളി ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അവരിൽ ബ്രഹ്മസ്വം കുഞ്ഞുപിള്ള കേരളത്തിന്റെ തെക്കും വടക്കും ഒരു പോലെ കേൾവി കേട്ട മഹാനടനായിരുന്നു. പിൽക്കാലത്ത് തോട്ടം ശങ്കരൻ നമ്പൂതിരിയോടൊപ്പം കൽക്കട്ടയിൽ പോയി ഉദയശങ്കറുടെ പ്രീതി ബഹുമാനങ്ങൾ ആർജ്ജിക്കുവാൻ ഭാഗ്യം സിദ്ധിച്ച അതിപ്രഗത്ഭനായ ഒരു നടനായിരുന്നു ശ്രീ. തിരുവല്ലാ കൈപ്പുഴ മഠത്തിൽ ഗണപതി (ഗണപതിപ്പണ്ടാരത്തിൽ അഥവാ  ഗണപതി തമ്പാൻ)

 ഗണപതിയെപറ്റി ഇന്നത്തെ കഥകളി പ്രേമികളിൽ മുതിർന്ന തലമുറയിൽപ്പെട്ടവർക്ക് പോലും വേണ്ടത്ര അറിവുണ്ടെന്നും തോന്നുന്നില്ല. ആ അനുഗഹീത നടൻ യവ്വനദശയിൽത്തന്നെ കാലയവനികയിൽ മറഞ്ഞതാവാം അതിനു കാരണം. അദ്ദേഹത്തിൻറെ വേഷങ്ങൾ പലതും കണ്ടിട്ടുള്ള വയോവൃദ്ധന്മാർ അത്യാവേശത്തോടെ അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നതു കേട്ടിട്ടുണ്ട്. ഈ ലേഖകന്റെ ബാല്യകാലത്ത് അദ്ദേഹത്തിൻറെ ഒരു കൃഷ്ണൻ (ദുര്യോധനവധത്തിൽ) കാണാൻ ഇടയായത് ഇന്നും അവ്യക്ത കാന്തിയോടെ പച്ചപിടിച്ചു നിൽക്കുന്നു. 

അന്നത്തെ കഥകളി പ്രേമികളുടെ കണ്ണിലുണ്ണിയും ആരാധ്യ പുരുഷനുമായിരുന്നു ഗണപതി. കേരളത്തിലുടനീളം അരങ്ങുകളിൽ പ്രത്യക്ഷപ്പെട്ട് ബഹുജന പ്രീതിനേടാൻ അൽപ്പായുസായിരുന്ന ആ ഹതഭാഗ്യവാനു കഴിഞ്ഞില്ല. കഥകളി  ലോകത്ത് ഏതാനും വർഷങ്ങൾ അനൽപ്പമായ കാന്തി പ്രചുരിമ പരത്തി പ്രേക്ഷകരുടെ കണ്ണും കരളും കവർന്നശേഷം പെട്ടെന്നു പൊലിഞ്ഞു പോയ ഒരുജ്ജ്വല താരമായിരുന്നു ഗണപതി. 

തിരുവല്ലാ താലൂക്കിൽ മതിൽ ഭാഗം മുറിയിൽ കൈപ്പുഴ മഠത്തിൽ കൊല്ലവർഷം 1080- ലാണ്‌ ഗണപതിയുടെ ജനനം. അമ്മ കുഞ്ഞുലക്ഷ്മിത്തമ്പുരാട്ടിയും അച്ഛൻ ചെറുകുടൽ ഇല്ലത്തെ ഒരു പോറ്റിയുമായിരുന്നു. ബാല്യത്തിൽത്തന്നേ ഗണപതിയിൽ കഥകളിക്കമ്പം മൊട്ടിട്ടു. നാലാം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന ആ ബാലൻ പള്ളിക്കൂടത്തിൽ പോകാതെ, അടുത്തുണ്ടായിരുന്ന കഥകളിക്കളരിയിൽ ചെന്ന്  അവിടത്തെ അഭ്യാസമുറകൾ നോക്കി നിൽക്കുമായിരുന്നു. ബാലന്റെ കലാവാസന കണ്ടറിഞ്ഞ ആശാൻ അയാളെ കച്ചകെട്ടിക്കുവാൻ അച്ഛനമ്മമാരെ പ്രേരിപ്പിച്ചു. അങ്ങിനെ പന്ത്രണ്ടാമത്തെ വയസ്സിൽ ഗണപതി, അരയാക്കീഴ് ഇല്ലത്ത് പരമേശ്വരൻ പോറ്റിയുടെ ശിഷ്യത്വം സ്വീകരിച്ച്‌  കഥകളിക്ക് കച്ചകെട്ടി. കളരിയിലെ ക്ലേശങ്ങൾ സഹിച്ച് ആ ബാലൻ അടിക്കടി അഭ്യാസത്തിൽ തെളിഞ്ഞു വന്നു. പതിനഞ്ചാം വയസ്സിൽ രുഗ്മിണീസ്വയംവരത്തിൽ കൃഷ്ണനായി അരങ്ങേറി.

പിന്നീട് പല പ്രധാന നടന്മാരുമായുള്ള സമ്പർക്കം കൊണ്ടും വിദ്വജ്ജന സഹവാസം കൊണ്ടും സ്വപരിശ്രമം കൊണ്ടും ഗണപതി, കളിയരങ്ങുകളിൽ ഒന്നിനൊന്നു ശോഭിച്ചു വന്നു. സംസ്കൃതത്തിൽ ശാസ്ത്രി ബിരുദം അദ്ദേഹം നേടിയിരുന്നു. ആദ്യ കാലത്ത് കുറേനാൾ മുത്തുറ്റ് സംസ്കൃത കോളേജിൽ ആദ്ധ്യാപകനും   ആയിരുന്നു. 

ഗണപതിയുടെ വേഷങ്ങളിൽ ഏറ്റവും മികച്ചവ ശ്രീകൃഷ്ണനും ശ്രീരാമനുമായിരുന്നു. രുഗ്മിണീസ്വയംവരം, ദുര്യോധനവധം, കുചേലവൃത്തം എന്നീ കഥകളിൽ അദ്ദേഹത്തിൻറെ കൃഷ്ണനെ ജയിക്കുവാൻ അക്കാലത്ത് ആരുമുണ്ടായിരുന്നില്ല എന്നാണ് ദൃക് സാക്ഷികളുടെ അഭിപ്രായം. അന്ന് രാമായണം കഥ മുഴുവൻ തിരുവല്ലാ ക്ഷേത്രത്തിൽ തുടർച്ചയായി ആടി വന്നിരുന്നു. ഗണപതിയുടെ ശ്രീരാമനും, മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ലക്ഷ്മണനും കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടിയിരുന്നു.  ഗണപതിയുടെ ചിട്ടകളും അഭിനയ രീതികളും  മാങ്കുളത്തിനെ നല്ലതുപോലെ സ്വാധീനിച്ചിരുന്നു. മുദ്ര, കലാശം, ചുറുചുറുക്ക് എന്നിവയിലെല്ലാം മാങ്കുളം ഗണപതിയെയാണ് അനുകരിച്ചിരുന്നത്. 

ഒന്നാം ദിവസത്തെ നളൻ, കചൻ, 'സന്താനഗോപാല'ത്തിലും 'കാലകേയവധ'ത്തിലും 'കിരാത'ത്തിലും അർജുനൻ മുതലായവയാണ് ഗണപതിയുടെ മറ്റു പ്രധാന പച്ച വേഷങ്ങൾ. 'സന്താനഗോപാല'ത്തിൽ ബ്രാഹ്മണൻ, സുന്ദരബ്രാഹ്മണൻ, മാതലി തുടങ്ങിയ മിനുക്ക്‌ വേഷങ്ങളും അതീവ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. 'ബകവധ'ത്തിൽ ആശാരി, ഹംസം, നിഴൽക്കുത്തിലെ മലയൻ, നളചരിതത്തിലെയും, കിരാതത്തിലെയും കാട്ടാളൻ എന്നിവയും ഗണപതിയുടെ പ്രസിദ്ധിയാർജ്ജിച്ച വേഷങ്ങളാണ്. കത്തിയും താടിയും വേഷങ്ങൾ അദ്ദേഹം കെട്ടാറില്ലായിരുന്നു. 

അസാമാന്യമായ വേഷഭംഗി, കൈമുദ്രയുടെ വെടിപ്പ്, കലാശത്തിന്റെ അനായാസത, പ്രസരിപ്പ്, രസസ്പുരണപാടവം, പുരാണപരിജ്ഞാനം മുതലായവയിൽ ഗണപതി അദ്വിതീയനായിരുന്നു. അദ്ദേഹത്തിൻറെ വേഷം ഒരിക്കൽ കണ്ടാൽ മതി അതങ്ങിനെ മായാതെ മനസിൽ പതിഞ്ഞു കിടക്കുമായിരുന്നു. അത്ഭുതാവഹമായ ഓജസ്സും തേജസ്സും കളിയാടിയിരുന്ന ആ കൃഷ്ണന്റെ മുൻപിൽ ഭക്തജനങ്ങൾ കൂപ്പുകൈയ്യുമായി ചെന്ന് വന്ദിച്ച് അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. 

തോട്ടം  ശങ്കരൻ നമ്പൂതിരിയുടെ പ്രധാന സഹനടനായിരുന്നു ഗണപതി. ഉദയശങ്കറിന്റെ ക്ഷണപ്രകാരം തോട്ടം കൽക്കട്ടയിലേക്ക് പോയപ്പോൾ, തന്റെ യുവസുഹൃത്തും കൂട്ടുവേഷക്കരനുമായ ഗണപതിയേയും കൂട്ടിപ്പോയിരുന്നു. അവരിരുവരുടെയും അഭിനയചാതുരിയിൽ ഉദയശങ്കറിന് അളവറ്റ മതിപ്പു തോന്നി. കൽക്കട്ടയിൽ വെച്ച് തോട്ടവും ഗണപതിയും പ്രേക്ഷകരുടെ കരകവിഞ്ഞ ആദരാഭിനന്ദനങ്ങൾ  നേടി. ബോംബെ, ഡെൽഹി മുതലായ നഗരങ്ങളിൽ കഥകളി പ്രകടനങ്ങൾ നടത്തി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു തുടങ്ങിയ മഹാന്മാരിൽ നിന്ന് അനവധി പാരിതോഷികങ്ങൾ വാങ്ങിയിട്ടുണ്ട്. 

കൽക്കത്തയിൽ വെച്ച് ഒരിക്കൽ രംഗത്ത് അഭിനയിച്ചു തീർന്നയുടൻ ഗണപതി അന്ത്യ ശ്വാസം വലിക്കുകയാണ്‌ ഉണ്ടായത്. തോട്ടത്തിന്റെ അന്ത്യവും അങ്ങിനെ തന്നെ ആയിരുന്നുവല്ലോ. മരണത്തിലും അഭേദ്യമായ സൗഹൃദവും സഹകരണവും പുലർത്തണമെന്നായിരുന്നുവോ വിധി നിശ്ചയം? കേവലം മുപ്പത്തിരണ്ടാമത്തെ വയസ്സിലായിരുന്നു ആ ദാരുണ മരണം.

ഗണപതിയുടെ മരണവാർത്ത കേരളത്തിലറിഞ്ഞപ്പോൾ കഥകളി പ്രേമികൾ പൊട്ടിക്കരഞ്ഞു പോയി: സാക്ഷാൽ ശ്രീകൃഷ്ണഭഗവാന്റെ ദേഹവിയോഗത്തിൽ ദ്വാരകാവാസികളെന്ന പോലെ.

ഗണപതിയുടെ ജീവിതം കലാരംഗത്തു വൻപിച്ച   വിജയമായിരുന്നുവെങ്കിലും, ഒട്ടേറെ ദു:ഖാനുഭവങ്ങൾ  വ്യക്തിപരമായി അദ്ദേഹത്തിനു സഹിക്കേണ്ടിവന്നുചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു. മുത്തൂറ്റ് ഒരു നല്ല നായർ തറവാട്ടിൽ നിന്നാണ് അദ്ദേഹം വിവാഹം ചെയ്തിരുന്നത്. വിവാഹ ശേഷം മൂന്നു കുട്ടികൾക്ക് ജന്മം നൽകിയിട്ട് ആ സഹധർമ്മിണിയും അദ്ദേഹത്തെ വിട്ടു പരലോകത്തേക്കു പോയി. അതിന്റെ പത്താം ദിവസം മൂത്ത മകളും അമ്മയെ അനുഗമിച്ചു. താമസിയാതെ ഇളയ മകളും ദിവംഗതയായി.ഈ ദുർയോഗങ്ങൾ താങ്ങാൻ ആർക്കു സാധിക്കും? ഭാര്യയും രണ്ടു മക്കളും മരിച്ചതിനു ശേഷമാണ് ഗണപതി തോട്ടത്തോടൊപ്പം കൽക്കട്ടാക്കു പോയത്. നാടുവിട്ടു പോയാൽ ഒരു പക്ഷേ തനിക്കു മന:സ്വാസ്ഥ്യം ലഭിച്ചേക്കാം എന്നു കരുതിയാവാം അങ്ങിനെ ചെയ്തത്. അവിടെയും ദുർവിധി അദ്ദേഹത്തെ വെറുതേ വിട്ടില്ല. വിലമതിക്കാനാവാത്ത ആ ജീവൻ തന്നെ വിധി അപഹരിച്ചു കളഞ്ഞു.

രണ്ടാമത് കൽക്കട്ടാക്ക്  പോയപ്പോഴായിരുന്നു ആ കലാകാരന്റെ എന്നെന്നേക്കുമായുള്ള വേർപാട്. തന്റെ അൽപ്പായുസിനെ പറ്റി അദ്ദേഹത്തിന് നന്നേ ബോധ്യമുണ്ടായിരുന്നുവെന്ന് തോന്നുന്നു. അന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് അദ്ദേഹം തന്റെ ജാതകം പരിശോധിച്ചു; മനസു കൊണ്ടു ചില നിശ്ചയങ്ങൾ ചെയ്തു. സ്വത്തുക്കൾ ജ്യേഷ്ഠത്തിയുടെ പേർക്ക് ഇഷ്ടദാനമായി എഴുതിക്കൊടുത്തു. ഇരുനൂറുരൂപ അവശേഷിച്ച ഏകപുത്രനു കൊടുക്കണമെന്നും വ്യവസ്ഥ ചെയ്തു. 

ജ്യേഷ്ഠത്തിയോട് യാത്ര ചോദിച്ചപ്പോൾ പറഞ്ഞത് ഇങ്ങിനെയായിരുന്നു. 'ചേച്ചീ ഞാൻ പോകട്ടെ.'  അത് ജ്യേഷ്ഠത്തിയെ വല്ലാതെ സ്പർശിച്ചു. 
അവർ പറഞ്ഞു:- ' നീ അങ്ങിനെ പറയാതെ. പോയിട്ട് വരാമെന്നു പറഞ്ഞു പോകൂ'. ഉടൻ തന്നെ ആ അനുജൻ  പറയുകയാണ്:- 'മനുഷ്യന്റെ സ്ഥിതിയല്ലേ? വരണമെന്ന് തന്നെയാണ് കരുതുന്നത്. വരുന്നെങ്കിൽ ആറുമാസത്തിനകം വരും.'

കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ആ കലാകാരൻ അന്തരിച്ചതായി കൽക്കട്ടയിൽ നിന്നും ജ്യേഷ്ഠന്റെ പേർക്ക് കമ്പി സന്ദേശം ലഭിച്ചു. എഴുമറ്റൂർ ഉത്സവം നടക്കുന്നതിനിടയിലാണ് നാട്ടുകാർ ഈ ദു:ഖവാർത്തയറിഞ്ഞത്. അത് അവരെ കണ്ണീർക്കയത്തിൽ ആറാടിച്ചു. 
ഗണപതിയുടെ ജ്യേഷ്ഠസഹോദരനും പുത്രനും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ജ്യേഷ്ഠനായ രാമവർമ്മ പാണ്ടാരത്തിലിന് തൊണ്ണൂറ്റിമൂന്നു വയസ്സു കഴിഞ്ഞു. ചേർത്തല പുത്തൻ കോവിലകത്ത് തങ്കം നമ്പിഷ്ടാതിരിയെയാണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻറെ പുത്രീ ഭർത്താവായിരുന്നു യശശരീരനായ ശ്രീ. വയലാർ രാമവർമ്മ.

ഗണപതിക്ക്‌ ഒരു അനന്തിരവൻ ഉണ്ട്, കവിയും ആട്ടക്കഥാകൃത്തുമായ ശ്രീ. ചേർത്തല കേരളവർമ്മ. ഈ ലേഖനത്തിന് അവശ്യം ആവശ്യമായ വിവരങ്ങൾ തന്നു സഹായിച്ചത് അദ്ദേഹമാണെന്നുകൂടി കൃതജ്ഞതാപുരസ്സരം ഇവിടെ സ്മരിച്ചു കൊള്ളട്ടെ.

ഗണപതി ഈ ലോകത്തുനിന്നു നിഷ്ക്രമിച്ചു എന്നേയുള്ളൂ. അദ്ദേഹത്തിന്റെ സദ്‌യശസ്സ് കഥകളി രംഗത്ത് എന്നെന്നും നൂതന ചൈതന്യത്തോടെ നിലനിൽക്കും എന്നതിന് സംശയം ഇല്ല.