പേജുകള്‍‌

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -12

 (തട്ടയിൽ ഒരിപ്രം ക്ഷേത്രത്തിലെ കഥകളി).
 വിക്രമോർവ്വശീയം കഥകളിയുടെ കഥാവിവരണം

ഭൂമിയെയും  സ്വർഗ്ഗത്തെയും പ്രേമം കൊണ്ട് കോർത്തിണക്കുന്ന മഹാകവി കാളിദാസന്റെ വിക്രമോർവ്വശീയം നാടകമാണ് ഈ    കഥയുടെ ആധാരം. കഥാനായകനായ പുരൂരവസ്സിന് കഥാനായിക  ഉർവ്വശിയെ പറ്റി കേട്ട് അറിയാം. കാളിദാസന്റെ ചില കഥാപാത്രങ്ങളെ ഒഴിവാക്കിയും രംഗപുഷ്ടിക്കായി  നളചരിതം കഥയിലെന്ന പോലെ നാരദനിൽ കൂടി അറിയുന്നതായും  പുരൂരവസ്സിനെയും ഉർവ്വശിയെയും ബന്ധിപ്പിക്കുന്നതിനു ഒരു രാജഹംസത്തെയും പ്രതിനായകനായ കേശിയുടെ കൂട്ടാളിയായി    വജ്രദംഷ്ടൻ എന്നൊരു കഥാപാത്രത്തെയും   കഥാകൃത്ത് കഥയിൽ ചേർത്തിരിക്കുന്നു. 

ചന്ദ്രവംശത്തിൽ ജനിച്ച  വിഖ്യാതനായ ഒരു ചക്രവർത്തിയാണ് പുരൂരവസ്സ് പുരൂരവസ്സ്    തന്റെ പരാക്രമബലം  കൊണ്ട് വിക്രമൻ എന്ന അപരനാമധേയവും നേടിയിരുന്നു. യവ്വന യുക്തനായ പുരൂരവസിന്റെ സമീപം ഒരു ദിവസം നാരദ മഹർഷി എത്തിച്ചേരുന്നു. അദ്ദേഹത്തെ സൽക്കരിച്ചിരുത്തിയ ശേഷം വിക്രമൻ നാരദനോട് ദേവലോക വിശേഷങ്ങൾ ആരായുന്നു. നാരയണ മഹർഷിയുടെ മകളായ "ഉർവ്വശി" എന്നു പേരുള്ള ദേവസുന്ദരി പുരൂരവസ്സിന്റെ ഭാര്യയാകുവാൻ യോഗ്യയാണെന്ന് നാരദൻ പറയുന്നു. നാരദന്റെ വാക്കു കേട്ടതു  മുതൽ വിക്രമൻ ഉർവ്വശിയിൽ അനുരക്തയാകുന്നു. ഒരു  ദിവസം  പുരൂരവസ്സ് ഉർവ്വശിയെ പറ്റി ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ദ്രദൂതനായ മാതലി അവിടെ എത്തി അസുരന്മാരോട് യുദ്ധം ചെയ്യുന്നതിന് ദേവലോകത്തേക്ക് ചെല്ലണം എന്നുള്ള ഇന്ദ്രസന്ദേശം അറിയിക്കുന്നു. പുരൂരവസ്സ്  സ്വന്തത്തേരിൽ ദേവലോകത്തേക്ക് യാത്രയാകുന്നു.  ദേവലോക സൌന്ദര്യങ്ങൾ ആസ്വദിച്ചും ഉർവ്വശിയെ ചിന്തിച്ചു കൊണ്ടും ഇന്ദ്രസമീപം പുരൂരവസ്സ് എത്തിച്ചേരുന്നു.

ഇന്ദ്രലൊകത്തുപോലും പാട്ടായിത്തീർന്ന വിക്രമന്റെ സൗന്ദര്യാദി- ഗുണഗണങ്ങൾ ശ്രവിച്ച് ഉർവ്വശിയും അദ്ദേഹത്തിൽ അനുരക്തയായിത്തീരുന്നു. വേശ്യാവൃത്തിയിലും സുരലോക സുഖങ്ങളിലും ഉർവ്വശിക്ക് ആസക്തിയില്ലാതാകുന്നു. ഒരു ദിവസം തോഴിയുമൊത്തു നന്ദനോദ്യാനത്തിൽ വിരഹിക്കുന്ന ഉർവ്വശി തന്റെ ദുഃഖം സഖിയോടു പറയുന്നു. ഇങ്ങിനെയിരിക്കെ ഒരു ദിവസം നന്ദനോദ്യാനത്തിൽ  ഉർവശി ഏകാകിനിയായി ഇരിക്കുമ്പോൾ  കേശി എന്ന അസുരനായകൻ ഉർവ്വശിയെ കണ്ട് പ്രണയാഭ്യർത്ഥന നടത്തുന്നു. പ്രണയാഭ്യർത്ഥന നിരസിച്ച    ഉർവ്വശിയെ  കേശി ബലാൽ കീഴ്പ്പെടുത്തുന്നു. 

അസുരന്മാമാരെ യുദ്ധത്തിൽ ജയിച്ച് ദേവേന്ദ്രനാൽ സമ്മാനിതനായി രഥത്തിൽ ഭൂമിയിലേക്ക്‌ യാത്ര തിരിക്കുന്ന  പുരൂരവസ്സ്, അസുരന്റെ അട്ടഹാസവും ഉർവ്വശിയുടെ വിലാപവും കേൾക്കുന്നു. ദൂരെ നിന്നുതന്നെ ശബ്ദവേദിയായ അമ്പയച്ച് കേശിയെ വധിക്കുന്നു. ബോധക്ഷയം സംഭവിച്ചു വീഴുന്ന ഉർവ്വശിയെ പുരൂരവസ്സ് പരിചരിച്ചുണർത്തുന്നു. പരസ്പരാനുരാഗം ഉണ്ടാകുന്നു. ആ സമയം ഉർവ്വശിയെ  രക്ഷിക്കാനായി ദേവേന്ദ്രൻ അയച്ച "ചിത്രരഥൻ" എന്ന ഗാന്ധർവ്വൻ അവിടെ എത്തുന്നു. ചിത്രരഥന്റെ വാക്കുകളിൽ   നിന്നും  ഇവർ  പരസ്പരം അറിയുന്നു.  ചിത്രരഥനോടൊപ്പം ഉർവ്വശിയെ പുരൂരവസ്സ് യാത്രയാക്കുന്നു.  

വിക്രമനെ (പുരൂരവസ്സ്) കണ്ടതു മുതൽ അത്യന്തം കാമപരവശയായ ഉർവ്വശി സുരലോക സുഖങ്ങൾ എല്ലാം വെടിഞ്ഞ്  ഏകാകിനിയായി കഴിഞ്ഞു കൂടുകയാണ്. ഒരു ദിവസം മാനസസരസ്സിനു സമീപം നന്ദനോദ്യാനത്തിൽ ഉർവ്വശി ചിന്താകുലയായിരിക്കുമ്പോൾ ഒരു രാജഹംസം പറന്നെത്തി. ദേവസുന്ദരികളെ നൃത്തം പഠിപ്പിക്കുവാൻ ഇന്ദ്രനാൽ   നിയോഗിക്കപ്പെട്ട ഹംസമാണ് താനെന്നും നിന്റെ  ദുഃഖ കാരണം താൻ അറിയുന്നുണ്ട് എന്നും അതിനു പ്രതിവിധി ചെയ്യാൻ താൻ തയ്യാറാണെന്നും ഉർവ്വശിയെ അറിയിക്കുന്നു. ദുഖിതയായ തന്നെ രക്ഷിക്കുവാൻ വിക്രമൻ ദേവലോകത്തു വന്ന് ഇന്ദ്രനെ ജയിച്ച് തന്നെ ഭൂമിയിലേക്ക്‌ കൊണ്ടു പോകണം എന്നുള്ള സന്ദേശം ഉർവ്വശി ഹംസത്തിന്റെ പക്കൽ കൊടുത്തയയ്ക്കുന്നു. 

ഉർവ്വശിയെ കണ്ടതുമുതൽ വിക്രമന്  രാജ്യഭാരത്തിൽ പോലും തീരെ താൽപ്പര്യമില്ലാതെ അതീവ ദുഖിതനായി. ഒരു ദിവസം ഏകാന്തനായി അദ്ദേഹം ഉദ്യാനത്തിലിരിക്കുമ്പോൾ ഹംസം അദ്ദേഹത്തെ സമീപിച്ച് ഉർവ്വശിയുടെ സന്ദേശം അറിയിക്കുന്നു. സന്തുഷ്ടനായെങ്കിലും പല പല ചിന്തകളോടെ സങ്കടത്തിലായ  വിക്രമൻ ദേവലോകത്തെത്തി ഇന്ദ്രനെ പോരിനു വിളിച്ചു. ഇന്ദ്രൻ വിക്രമനുമായി ഘോരയുദ്ധം ചെയ്തു. പരാജയ ഭീതിയാൽ വിക്രമന്റെ നേർക്ക്‌ വജ്ജ്രായുധം പ്രയോഗിക്കുവാൻ  ഇന്ദ്രൻ  മുതിർന്നപ്പോൾ മഹാവിഷ്ണു പ്രത്യക്ഷനായി യുദ്ധത്തിൽ  നിന്നും പിന്മാറാൻ ഇന്ദ്രനെ ഉപദേശിക്കുന്നു. വിഷ്ണുവിന്റെ വാക്കുകളിൽ ശാന്തനായ ഇന്ദ്രൻ യുദ്ധം നിർത്തി വിഷ്ണുവിനെ സ്തുതിച്ചു. ഇന്ദ്രന്റെ സമ്മതത്തോടെ ദേവലോകത്തു വെച്ച് ഉർവ്വശിയുടെ സ്വയംവരം ആർഭാടമായി നടത്തുന്നു. ഇന്ദ്രനും വിഷ്ണുവും വിക്രമനെയും ഉർവ്വശിയെയും ദേവലോകത്തേക്ക് യാത്രയാക്കുന്നതോടെ കഥ അവസാനിക്കുന്നു. 
 (രംഗങ്ങളുടെയും  വേഷങ്ങളുടെയും   വിവരങ്ങളും പങ്കെടുത്ത കലാകാരന്മാരുടെ വിവരങ്ങളും അടുത്ത പോസ്റ്റിൽ)  

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

അരങ്ങിലും അരങ്ങിനു പിന്നിലും - 11

(തട്ടയിൽ ഒരിപ്രം ക്ഷേത്രത്തിലെ കഥകളി) 

പത്തനംതിട്ട ജില്ലയിലെ ഒരിപ്രം ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്   പണ്ട് മുതലേ കഥകളിക്കു പ്രാധാന്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ  ഈ ക്ഷേത്രത്തിനു സ്വന്തമായി ഒരു കഥകളിയോഗവും ഉണ്ട്. കഥകളിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തി വെയ്ക്കേണ്ട ധാരാളം കളി അനുഭവങ്ങൾ ഈ ക്ഷേത്ര അരങ്ങിൽ ഉണ്ടായിട്ടുമുണ്ട്‌ . 
 കഥകളി ഗായകൻ  ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്    വളരെ സ്വാധീനമുള്ള പ്രദേശമാകയാൽ  കലാമണ്ഡലത്തിലെ ആചാര്യന്മാരെ  കളികൾക്ക് ക്ഷണിക്കുകയും അവരെ  ആദരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം പ്രത്യേകം താൽപ്പര്യം കാട്ടി വന്നിരുന്നു. ഈ ക്ഷേത്രത്തിൽ നടന്നിട്ടുള്ള കഥകളി വിശേഷങ്ങളുടെ ധാരാളം ഓർമ്മകൾ പങ്കുവെയ്ക്കുവാൻ  ശ്രീ. ഉണ്ണികൃഷ്ണൻ  ചേട്ടന്  സാധിക്കും.  എന്റെ ചെറുപ്പകാലം  മുതൽ 1981-വരെയുള്ള കാലങ്ങളിൽ  തട്ടയിലെ കളിഅരങ്ങിനു മുൻപിൽ സ്ഥിരമായി ഞാനും എത്തിയിരുന്നതിനാൽ അവിടെ എത്തിയിരുന്ന എല്ലാ  കഥകളി ആസ്വാദകർക്കും  ഞാൻ സുപരിചിതനായിരുന്നു. ശ്രീ. പല്ലശന ചന്ദ്രമന്നാടിയാർ, ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണകുറുപ്പ് എന്നീ മഹാന്മാരായ കലാകാരന്മാരെ ആദ്യമായി ഞാൻ കാണുന്നത് ഈ ക്ഷേത്രത്തിലെ അരങ്ങുകളിലാണ് എന്നത് പ്രത്യേകം സ്മരിക്കുന്നു. ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ    (നളചരിതം-2, ദമയന്തി) ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി  എന്നിവരുടെ വേഷങ്ങൾ  ആദ്യമായി കാണുന്നതും ഈ ക്ഷേത്ര   അരങ്ങിലാണ്. 

 ഒരു പ്രസിദ്ധ കഥകളി സ്ഥാപനത്തിൽ  ചിട്ടപ്രകാരം  കഥകളി  അഭ്യസിച്ച ശേഷം   ദക്ഷിണ കേരളത്തിൽ, ആ പ്രദേശത്തുള്ള പണ്ട് ഉണ്ടായിരുന്ന നടന്മാരുടെ കൂടെ വേഷം ചെയ്തു   അംഗീകാരം പിടിച്ചു പറ്റുന്നതിന്റെ പിറകിൽ പ്രസ്തുത  നടൻ അനുഭവിച്ചിട്ടുള്ള ത്യാഗങ്ങൾ  ഒരിക്കലും ഒരു ഇന്റർവ്യൂവിലും  അവർ  തുറന്നു പറയുകയില്ല, പറയാനാവുകയുമില്ല. പലതും  മറച്ചു വെച്ചേ അവർക്ക് സംസാരിക്കാനാവൂ. അത്തരം ധാരാളം അനുഭവങ്ങൾ  എനിക്ക് നല്കുവാൻ സാധിക്കും.    ദക്ഷിണ കേരളത്തിലെ പ്രധാന  കഥകളി  നടന്മാർക്ക് കളരി അഭ്യാസം ഇല്ലായിരുന്നു എന്ന് പറയപ്പെടുമ്പോൾ അന്നത്തെ  കഥകളി യോഗങ്ങളിലെ  നടന്മാരുടെ സ്ഥിതി എന്തായിരുന്നു നമുക്ക് ചിന്തിക്കാവുന്നതാണ്. 1981- ൽ   ശ്രീ. കലാമണ്ഡലം വാസുപിഷാരടി അവർകളെ തട്ടയിൽ  ഒരു കളിക്ക് ക്ഷണിക്കപ്പെടുകയും അന്നത്തെ കളിക്ക് എത്തിയ "സ്ഥാപന"  നായികാ  വേഷക്കാരന്  പെട്ടെന്ന്  അസൗകര്യം ഉണ്ടായപ്പോൾ ശ്രീ. ആലാ രാഘവപ്പണിക്കർ എന്ന വൃദ്ധനായ  ഒരു കളിയോഗനടന്റെ രുഗ്മാംഗദചരിതത്തിൽ  മോഹിനിക്ക് രുഗ്മാംഗദനായും , (കർണ്ണശപഥത്തോടു കൂടി അവതരിപ്പിച്ച ദുര്യോധനവധം കഥയിൽ)   പാഞ്ചാലിക്കു കൃഷ്ണനായും, രൗദ്രഭീമനായും മൂന്നു വേഷം അദ്ദേഹം  ചെയ്ത അനുഭവവും ഈ ക്ഷേത്രത്തിലെ കളിയരങ്ങിൽ ഉണ്ടായിട്ടുണ്ട്.  അദ്ദേഹത്തിൻറെ കഥകളിയുടെ ചരിത്രത്തിൽ മറക്കാനാവാത്ത  ഒരു സംഭവം തന്നെ ആയിരിക്കണം ഇത്.  കളിക്ക് ആദ്യം തീർന്ന വേഷം  രുഗ്മാംഗദൻ. കിരീടം മാത്രം മാറ്റി അദ്ദേഹം കൃഷ്ണനായി അരങ്ങിലെത്തി. (രുഗ്മാംഗദൻ കഴിഞ്ഞു അദ്ദേഹം അണിയറയിൽ  എത്തിയപ്പോൾ എന്റെ പിതാവ് എന്നെ വിളിച്ചു പറഞ്ഞു " എടാ ആ പിഷാരടിക്ക് ഒരു ഗ്ലാസ് നാരങ്ങാ വെള്ളം വാങ്ങി നല്കൂ എന്ന് പറയുകയും ഞാൻ വാങ്ങി നല്കിയതും ഇപ്പോഴെന്നപോലെ ഓർമ്മിക്കുന്നുണ്ട് .) കളി കഴിഞ്ഞപ്പോൾ  തനിക്ക് അരങ്ങിൽ  തൃപ്തിയായി ഒന്നും പ്രവർത്തിക്കാൻ  സാധിച്ചില്ല എന്നും എന്റെ ഖേദം തീരാൻ അടുത്ത കളിക്ക് തന്നെ കൂടെ പങ്കെടുപ്പിക്കണം എന്ന് ശ്രീ.വാസുപിഷാരടി ക്ഷേത്ര ഭാരവാഹികളോട് അപേക്ഷിച്ചു. 1982 -ൽ  അദ്ദേഹം ക്ഷണിക്കപ്പെടുകയും തോരണയുദ്ധത്തിൽ രാവണൻ വേഷം ചെയ്തു വിജയിപ്പിക്കുകയും ചെയ്തതായി എനിക്ക് അറിവുണ്ട്.  
 
 1980-ൽ  ശ്രീ. പന്തളം കേരളവർമ്മയുടെ ബ്രാഹ്മണനും ശ്രീ. ചെന്നിത്തല ആശാന്റെ അർജുനനുമായി സന്താനഗോപലവും 1981- ൽ ശ്രീ. മങ്കൊമ്പ് ആശാന്റെ കുന്തിയും ശ്രീ. ചെന്നിത്തല ആശാന്റെ കർണ്ണനുമായി കർണ്ണശപഥവും ഉണ്ടായി. ക്ഷേത്രത്തിനു കുറച്ച് അകലെ താമസിച്ചിരുന്ന ഒരു അമ്മയ്ക്ക് ഈ രണ്ടു കഥകളും അതേ നടന്മാരെ കൊണ്ടു തന്നെ  വീണ്ടും  അവതരിപ്പിച്ചു കാണണം എന്ന് മോഹം ഉണ്ടായി.  അങ്ങിനെ 1981- 1982 കാലഘട്ടത്തിൽ ആ അമ്മയുടെ ജന്മദിനത്തിനു സ്വഗൃഹത്തിൽ കഥകളി അവതരിപ്പിച്ചു. മങ്കൊമ്പ് ആശാൻ സ്ത്രീവേഷം ചെയ്യില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതിനാൽ ശ്രീ. കോട്ടയ്ക്കൽ ശിവരാമൻ അവർകളെയാണ്   കുന്തിയുടെ  വേഷത്തിന്   ക്ഷണിച്ചത്. സന്താനഗോപലത്തിൽ  അർജുനൻ   കഴിഞ്ഞു കർണ്ണശപഥത്തിൽ കർണ്ണൻ ചെയ്യാൻ വിഷമം ഉണ്ടെന്നു ചെന്നിത്തല ആശാൻ എത്ര പറഞ്ഞും അവർ  താൽപ്പര്യത്തിൽ നിന്നും പിന്തിരിയുവാൻ തയ്യാറായില്ല.  അർജുനൻ കഴിഞ്ഞു  വിശ്രമം ലഭിക്കത്തക്ക വിധത്തിൽ കർണ്ണശപഥത്തിനു മുൻപ് ഭഗവത്ദൂത് രംഗം കൂടി ഉൾപ്പെടുത്തി കളി നടത്തി. ശ്രീ. മയ്യനാട് കേശവൻ നമ്പ്യാതിരിയുടെ കൃഷ്ണൻ, ശ്രീ. കോട്ടക്കൽ അപ്പുനമ്പൂതിരിയുടെ ബ്രാഹ്മണസ്ത്രീയും ഭാനുമതിയും, ശ്രീ.  തോന്നക്കൽ പീതാംബരന്റെ ദുര്യോധനൻ, ശ്രീ.കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്റെ ദുശാസനൻ  എന്നിങ്ങനെയായിരുന്നു മറ്റു വേഷങ്ങൾ.  ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്റെ സംഗീതവും , ശ്രീ. കുറൂർ വാസുദേവൻ‌ (മിടുക്കൻ) നമ്പൂതിരിയുടെ ചെണ്ടയും ശ്രീ.കലാനിലയം ബാബുവിന്റെ മദ്ദളവും.   കളി കഴിഞ്ഞുള്ള  കലാകാരന്മാരുടെ  മടക്കയാത്രയ്ക്ക് തട്ടയിൽ ജങ്ക്ഷനിൽ നിന്നും അടൂർ ഭാഗത്തേക്കും പത്തനംതിട്ട ഭാഗത്തേക്കും ബസ് ലഭിക്കാതെ രണ്ടു  മണിക്കൂറിലധികം  ബസ് സ്റ്റോപ്പിൽ   കാത്തു നില്ക്കേണ്ടി വന്നു. ഈ സമയം    ഈ കലാകാരന്മാർ  (ശ്രീ. കലാനിലയം ഉണ്ണികൃഷ്ണൻ ഒഴികെ) പങ്കു വെച്ച  നർമ്മ സംഭാഷണങ്ങളും അരങ്ങുകഥകളും എല്ലാം എന്നെ വളരെയധികം  ആകർഷിച്ചുവെങ്കിലും എന്റെ സാന്നിധ്യം അവരുടെ സ്വാതന്ത്ര്യത്തിനു പലപ്പോഴും  തടസ്സപ്പെടുന്നതായി  തോന്നിയിരുന്നു. 

1981-നു ശേഷം തട്ടയിൽ ഒരു കളി കാണുവാനുളള അവസരം ലഭിച്ചത് 2013- ഏപ്രിൽ 12-നാണ് അതായത് 32 വർഷങ്ങൾക്കു  ശേഷം.   അവതരിപ്പിക്കുന്ന കഥകൾ  വിക്രമോർവശീയം, തോരണയുദ്ധവും ആണ് എന്ന് അറിഞ്ഞു. വിക്രമോർവശീയം  എന്ന കഥയുടെ പേര് എവിടെയോ ഞാൻ  കേട്ടിരുന്നു. ചില വർഷങ്ങൾക്ക് മുൻപ് ശ്രീ. ഫാക്റ്റ് പത്മനാഭൻ ചേട്ടനും ശ്രീ. കലാനിലയം രാജീവൻ  നമ്പൂതിരിയും കൂടി ചെന്നൈ മ്യൂസിക് അക്കാദമിയിൽ ഒരു കളിക്ക് എത്തിയപ്പോൾ അവർക്ക് അടുത്ത ദിവസം ഓച്ചിറയിൽ ഒരു കളിയുണ്ടെന്നും,  വിക്രമോർവശീയം  കഥയാണെന്നും പറഞ്ഞതും അവർ കളികഴിഞ്ഞാലുടാൻ മടങ്ങുമെന്നും പറഞ്ഞതും അപ്പോൾ അവരെ യാത്രയാക്കുവാൻ ചെന്നൈ കോയമ്പേട് വരെ അവരോടൊപ്പം പോയതും  ഓർമ്മയിൽ എത്തി.  

ഞാൻ തട്ടയിൽ  ക്ഷേത്രത്തിലെ അണിയറയിൽ എത്തുമ്പോൾ രാത്രി  എട്ടു മണിയോളമായി. കലാകാരന്മാർ എല്ലാവരും വളരെ സ്നേഹത്തോടെയാണ്  എന്നെ സ്വീകരിച്ചത്.  ശ്രീ. കലാനിലയം  ഉണ്ണികൃഷ്ണൻ ചേട്ടനെ കണ്ടു കഥയുടെ വിവരങ്ങൾ എല്ലാം  മനസിലാക്കി. ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരിയുടെയും ശ്രീ. ഉണ്ണികൃഷ്ണൻ ചേട്ടനുമൊപ്പം  ഊണ്  കഴിച്ചു കൊണ്ടിരുന്നപ്പോൾ  ഫേസ് ബുക്കിലെ കഥകളി ചർച്ചകളിലെ എന്റെ പോസ്റ്റുകൾ, അഭിപ്രായങ്ങൾ എന്നിവയും ശ്രീ. കുറൂർ എന്നോട് പങ്കുവെച്ചു.  ഞാൻ വല്ല വിഡ്ഢിത്തവും എഴുതുന്നുണ്ടെങ്കിൽ ക്ഷമിക്കണം എന്ന് ഒരു അപേക്ഷ സമർപ്പിക്കുവാനും ഞാൻ മറന്നില്ല. ഞങ്ങൾ കുറച്ചധികം സംസാരിച്ചു.  ശ്രീ. ഉണ്ണിത്താൻ  ചേട്ടൻ അദ്ദേഹം ചെയ്യുന്ന നാരദന്റെ വേഷത്തെ പറ്റിയുള്ള വിവരങ്ങൾ പറഞ്ഞു തന്നു.   ശ്രീ. ഓയൂർ രാമചന്ദ്രൻ അവർകളുമായി  വളരെയധികം  സംസാരിക്കുവാൻ അവസരം ലഭിച്ചു. വളരെ രസകരമായ അദ്ദേഹത്തിൻറെ കഥകൾ കൂടുതൽ അറിയുവാൻ  എനിക്ക് താൽപ്പര്യം  ഉണ്ടായി. അദ്ദേഹത്തിൻറെ വീട്ടിൽ പോയി  അദ്ദേഹവുമായി കൂടുതൽ സംസാരിച്ചു വിവരങ്ങൾ മനസിലാക്കുവാൻ  അദ്ദേഹത്തിൻറെ   സൌകര്യം തിരക്കിയപ്പോൾ   ഏപ്രിൽ 28 വരെ കളികളുടെ തിരക്കുണ്ട് എന്നാണ്  അദ്ദേഹം പറഞ്ഞത്.  പിന്നീടൊരിക്കൽ ആകാം എന്ന് പറഞ്ഞു തല്ക്കാലം ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. 

വിക്രമോർവശീയം ആട്ടക്കഥയുടെ രചയിതാവും കഥകളി ആസ്വാദകനുമായ ഡോക്ടർ. കെ. പി. കേശവൻ നമ്പൂതിരി അവർകൾ അണിയറയിൽ എത്തിയപ്പോൾ  ശ്രീ. ഉണ്ണികൃഷ്ണൻ ചേട്ടൻ എന്നെ അദ്ദേഹത്തിനു  പരിചയപ്പെടുത്തികൊടുക്കുവാൻ മറന്നില്ല. ഡോക്ടർ. കെ. പി. കേശവൻ നമ്പൂതിരിയുമായി  വളരെ അധികം സംസാരിച്ചു. പണ്ട് കണ്ടു പരിചയമുണ്ടായിരുന്ന തട്ടയിലെ മൂന്നു ആസ്വാദകരെയും ചുനക്കരയിലെ രണ്ടു കഥകളി  ആസ്വാദകരെയും  കണ്ടു പരിചയം പുതുക്കുവാൻ സാധിക്കുകയും ചെയ്തു. 

രാത്രി പതിനൊന്നര മണിക്കാണ്  കളി തുടങ്ങിയത്. സമയം  വളരെ അതിക്രിച്ചതിനാൽ  പുറപ്പാടു കഴിഞ്ഞു മേളപ്പദം വേണ്ടെന്നു വെച്ചു. വിക്രമോർവശീയം കഥയുടെ  വിവരണം രചയിതാവ് സദസ്യർക്ക് വിശദീകരിച്ചശേഷം രംഗം തുടങ്ങി.   

   (വിക്രമോർവശീയം കഥയുടെ  വിവരണം  അടുത്തപോസ്റ്റിൽ )  

2013, ഏപ്രിൽ 4, വ്യാഴാഴ്‌ച

ശ്രീ. അമ്പലപ്പുഴ രാമവർമ്മ അനുസ്മരണം.


 കോട്ടയം ജില്ലയിലെ കിടങ്ങൂർ വടവാമന ഇല്ലത്ത് ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും അമ്പലപ്പുഴ പുതിയ കോവിലകത്ത് അംബികയുടെയും പുത്രനായി ശ്രീ.രാമവർമ്മ   1926- ൽ  ജനിച്ചു.  മലയാളം M.A. ബിരുദം നേടിയ ശ്രീ.രാമവർമ്മ സംസ്കൃതത്തിലും പാണ്ഡിത്യം നേടിയിരുന്നു. ആലുവ UC കോളേജിൽ രണ്ടു വർഷവും , കോട്ടയം C.M.S കോളേജിൽ 34 വർഷവും ആദ്ധ്യാപകനായും  സേവനം അനുഷ്ടിച്ച അദ്ദേഹം കഥകളി ലോകത്തിനു വളരെ  സുപരിചിതനായിരുന്നു. 

കോട്ടയം തിരുനക്കര മഹാദേവർ  ക്ഷേത്രത്തിൽ പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ  പരശുരാമനും  ശ്രീ. ചെന്നിത്തല ആശാന്റെ ശ്രീരാമനുമായി  നടന്ന ഒരു സീതാസ്വയംവരം കഥകളിയുടെ വിമർശനം  മാതൃഭൂമി   ആഴ്ചപ്പതിപ്പിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. "ക്രോധത്തിന്റെ    കൊടുമുടിയിൽ  നിന്നും ഭക്തിയുടെ  താഴ്വരയിലേക്ക് " എന്ന  തലക്കെട്ടിലാണ്  അദ്ദേഹം  പ്രസിദ്ധീകരിച്ചത്. 

                                             പ്രൊഫസ്സർ.  അമ്പലപ്പുഴ ശ്രീ.രാമവർമ്മ

 കലാമണ്ഡലം കഥകളി സംഘത്തിന്റെ പ്രചാരത്തിനായി   കേരളത്തിന്റെ എല്ലാ ജില്ലാ തലസ്ഥാനത്തും  കഥകളി അവതരിപ്പിച്ചു വന്നിരുന്ന  കാലഘട്ടത്തിൽ   കോട്ടയം തിരുനക്കര മൈതാനത്ത് അവതരിപ്പിച്ച സീതാസ്വയംവരം കഥകളി കണ്ട്  മാതൃഭൂമിയുടെ വാരാന്ത്യപതിപ്പിൽ  പ്രൊഫസർ . ശ്രീ. അമ്പലപ്പുഴ രാമവർമ്മ ഒരു വിമർശനം എഴുതി.  ശ്രീ. അമ്പലപ്പുഴ രാമവർമ്മയുടെ വിമർശനത്തിനു   രാമൻ എന്ന പേരുള്ള  ഒരു മാന്യവ്യക്തി അടുത്ത  വാരാന്ത്യപതിപ്പിൽ മറുപടി എഴുതി പ്രസിദ്ധീകരിച്ചപ്പോൾ അതിനും  ശ്രീ. അമ്പലപ്പുഴ രാമവർമ്മ  മറുപടി എഴുതി. ഇങ്ങിനെ വാരാന്ത്യപതിപ്പിൽ   തുടർന്നുപോയ  രാമയുദ്ധം    ശുഭം കണ്ടത് വളരെ അമാന്തിച്ചാണ്. ഈ രണ്ടു രാമന്മാരുടെ യുദ്ധം നീണ്ടു പോവുകയും അതിലെ പ്രധാന കഥാപാത്രം പരശുരാമനും  കലാകാരൻ ശ്രീ. രാമൻകുട്ടിനായർ ആശാനും ആയിരുന്നു. ഈ രാമയുദ്ധത്തിൽ പ്രതിഷേധിച്ച്   തിരുനക്കര ക്ഷേത്രത്തിലെ ഉത്സവക്കളിക്ക് ക്ഷണിച്ചാൽ ആശാൻ  എത്തതെയായി.   കുറച്ചു കാലത്തിനു ശേഷം ശ്രീ. രാമൻകുട്ടി   നായർ ആശാനും  ശ്രീ. രാമവർമ്മയും വളരെ ഉറ്റ  സ്നേഹിതന്മാരാവുകയും  പിന്നീട് തിരുനക്കര കളികൾക്ക് ആശാൻ സഹകരിക്കുകയും ചെയ്തു വന്നിരുന്നു. 

                                        
(മുൻ നിരയിൽ ഇടതു നിന്നും വലത്തോട്ട് ) ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ, ഗുരു ചെങ്ങന്നൂർ, ശ്രീ. LPR വർമ്മ, (പിൻ നിരയിൽ) ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള,  ശ്രീ. ഹരിപ്പാട് രാമകൃഷ്ണ പിള്ള , പ്രൊഫസർ. അമ്പലപ്പുഴ രാമവർമ്മ , ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള എന്നിവർ . 

കഥകളി സംബന്ധപ്പെട്ടതും അല്ലാതെയുമുള്ള  ധാരാളം പുസ്തകങ്ങൾക്ക്  അദ്ദേഹം  അവതാരിക എഴുതുകയും ധാരാളം  പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്.    ശ്രീ.എം.കെ.കെ. നായർ അവാർഡ്,   കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം,  ഹെർമൻ ഗുണ്ടർട്ട്  പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 87 വയസ്സിലും അദ്ദേഹം ധാരാളം സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തു വന്നിരുന്നു. കഥകളി നിരൂപണം എന്ന ഒരു പുസ്തകവും അദ്ദേഹം എഴുതി 1969- ൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സീതാസ്വയംവര'ത്തിൽ പരശുരാമൻ എന്നൊരു ആർട്ടിക്കിളും, പരശുരാമന്റെ രംഗ പ്രവേശം, അഭിനയം, വേഷവിധാനം മുതലായവ ഉൾപ്പെടുത്തി ഒരു അനുബന്ധവും പ്രസ്തുത പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അദ്ദേഹത്തെ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻറെ മകൻ ശ്രീ. രാജാ ശ്രീകുമാർവർമ്മ അവർകൾ  ഒരിക്കൽ ചെന്നൈയിലുള്ള അദ്ദേഹത്തിൻറെ സഹോദരിയുടെ ഗൃഹത്തിൽ എത്തുന്ന വിവരം എന്നെ അറിയിക്കുകയും ഞാനും  എന്റെ സുഹൃത്ത്  മിസ്റ്റർ. വൈദ്യനാഥനും കൂടി അദ്ദേഹത്തെ  ചെന്ന് കാണുകയും വളരെ അധികം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. 

 കഥകളി എന്ന കലയെ അത്യധികം സ്നേഹിച്ചിരുന്ന ഒരു  മഹത് വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിനോടുള്ള സ്നേഹത്തിനും  ബഹുമാനത്തിനും അതിരില്ല. 2013 മാർച്ച് 31-ന് ശ്രീ. രാമവർമ്മ  അവർകൾ ഇഹലോകവാസം വെടിഞ്ഞു.      അദ്ദേഹത്തിൻറെ വേർപാടിൽ ദുഖിക്കുന്ന കുടുംബാംഗങ്ങൾ, കലാസ്നേഹികൾ, കലാകാരന്മാർ, ശിഷ്യഗണങ്ങൾ,  ബന്ധു മിത്രാദികൾ   എന്നിവരോടൊപ്പം  ഞാനും ദുഖിക്കുന്നു. അദ്ദേഹത്തിൻറെ  ആത്മാവിനു നിത്യശാന്തി നേർന്നു കൊള്ളുന്നു.  

2013, ഏപ്രിൽ 2, ചൊവ്വാഴ്ച

ശ്രീ. മയ്യനാട് കേശവൻ നമ്പൂതിരി അനുസ്മരണം


ദക്ഷിണ കേരളത്തിൽ ഒരു കാലത്ത് അറിയപ്പെട്ടിരുന്ന സ്ത്രീ വേഷക്കാരനായിരുന്നു   ശ്രീ. മയ്യനാട് കേശവൻ നമ്പൂതിരി.  ആർ. എൽ. വി. കഥകളി അക്കാഡമിയിൽ  പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ കീഴിൽ കഥകളി അഭ്യാസം പൂർത്തീകരിച്ചു മടങ്ങി എത്തുമ്പോൾ സ്ത്രീവേഷത്തിന്      ഉണ്ടായിരുന്ന  കലാകാരന്മാരുടെ അഭാവം  ഏറ്റവും പ്രയോജനം ഉണ്ടായത്    ശ്രീ.മയ്യനാടിനായിരുന്നു.    ദമയന്തി, പാഞ്ചാലി, മോഹിനി, രംഭ, സൈരന്ധ്രി, ഉർവശി , ദേവയാനി , ഭാനുമതി, ചന്ദ്രമതി,   കുന്തി, ബ്രാഹ്മണസ്ത്രീ,   രതിവിരതിമാർ,     മലയത്തി, കാട്ടാളത്തി  തുടങ്ങി അദ്ദേഹം അവതരിപ്പിച്ചിരുന്ന    എല്ലാ സ്ത്രീ വേഷങ്ങളും കാണുവാൻ അവസരം ഉണ്ടായിട്ടുണ്ട്.

                                                  ശ്രീ. മയ്യനാട് കേശവൻ നമ്പ്യാതിരി

 അദ്ദേഹം പുരുഷവേഷം ചെയ്യുന്നതിൽ കൂടുതൽ  ശ്രദ്ധ ചെലുത്തുവാൻ തുടങ്ങിയ ശേഷം തിരുവനന്തപുരം,  കൊല്ലം   ജില്ലകളിലെ  കളിയരങ്ങുകളിലാണ് കൂടുതൽ  പ്രബലമായത്.  കൃഷ്ണൻ, ശ്രീരാമൻ, ദശരഥൻ,  കചൻ,    കാട്ടാളൻ,  മലയൻ,  അർജുനൻ (കിരാതം) , പുഷ്ക്കരൻ,, ഭരതൻ, ഉത്തരൻ, ദുര്യോധനൻ (കർണ്ണശപഥം), സത്യകീർത്തി, ശുക്രൻ, നാരദൻ , മാന്ത്രികൻ  എന്നിങ്ങനെ ധാരാളം  പുരുഷവേഷങ്ങളും   കാണാൻ അവസരം ലഭിച്ചിട്ടുണ്ട്.  കായംകുളത്തിന് കിഴക്ക് കരിമുളയ്ക്കൽ  പര്യാരത്തു കുളങ്ങര ക്ഷേത്രത്തിലെ ഒരു കളിക്കാണ് അദ്ദേഹം മലയൻ  ആദ്യമായി (1973) ചെയ്തത്‌. അന്ന്  അദ്ദേഹത്തിനു മലയത്തി ചെയ്തത് മങ്കൊമ്പ് ആശാനും.   ദുര്യോധനവധത്തിൽ ദുശാസനൻ പാഞ്ചാലിയോട് നിന്റെ വസ്ത്രം ഞാൻ അഴിക്കും എന്ന് പറയുമ്പോൾ തന്റെ ഭർത്താക്കന്മാർ തലകുനിഞ്ഞു നില്ക്കുന്നതു കണ്ട്  ശകുനിയോടും ദുര്യോധനനോടും തന്നെ രക്ഷിക്കണം എന്ന് അപേക്ഷിക്കുന്ന രീതി തുടങ്ങി വെച്ചത് ശ്രീ. മയ്യനാടാണ്  എന്ന് പറഞ്ഞറിവ് ഉണ്ട്. പല കലാകാരന്മാരും ഇദ്ദേഹത്തിന്റെ ഈ രംഗ പ്രവർത്തിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുള്ള  അനുഭവവും ഉണ്ട്. 

 ദുര്യോധനനും ഭാനുമതിയും (ഹരിപ്പാട്ട്‌ രാമകൃഷ്ണപിള്ളയും മയ്യനാട് കേശവൻ നമ്പ്യാതിരിയും)

ചില വർഷങ്ങൾക്കു  മുൻപ് നീണ്ടകര പരിമണം  ക്ഷേത്രത്തിലെ  കഥകളിക്കും  ശ്രീ.മാത്തൂർ ഗോവിന്ദൻ കുട്ടി ജ്യേഷ്ടന്റെ അറുപതാം   ജന്മദിന ആഘോഷത്തിനും പങ്കെടുത്തിരുന്ന   അദ്ദേഹത്തെ കണ്ടു വളരെയധികം  സംസാരിച്ചിരുന്നു.  ദൂരെ കളികൾക്ക് പോകാറില്ലെന്നും അദ്ദേഹത്തിൻറെ സ്വന്ത കളിയോഗത്തിന്റെ  കളികൾക്കുപോലും മിനുക്ക്‌ വേഷങ്ങളിൽ ഒതുങ്ങുകയാണ് എന്നും  അദ്ദേഹം പറഞ്ഞിരുന്നു. ഒരു കഥകളി കലാകാരൻ എന്ന നിലയിലും   ഒരു വലിയ കഥകളി ആസ്വാദകന്റെ മകഎന്ന നിലയിലും, ഒരു പ്രസിദ്ധനായ യുവ കഥകളി കലാകാരന്റെ പിതാവ് (കലാമണ്ഡലം രാജീവൻ) എന്ന നിലയിലും ശ്രീ.  മയ്യനാട് കേശവൻ നമ്പ്യാതിരി ശ്രദ്ധിക്കപ്പെട്ടിരുന്നു.


                                ശ്രീ. മയ്യനാട് കേശവൻ നമ്പ്യാതിരി

നിഷ്ക്കളങ്കത നിറഞ്ഞ പെരുമാറ്റവും അദ്ദേഹത്തിൻറെ സംസാര ശൈലിയും എന്നെ വളരെ അധികം ആകർഷിച്ചിട്ടുണ്ട്. ഒരു കളിയരങ്ങിൽ നിന്നും മറ്റൊരു കളിയരങ്ങിലേക്ക് പോകും വഴിയിൽ  ധാരാളം തവണ മറ്റു പല കലാകാരന്മാരോടൊപ്പം  ശ്രീ.  മയ്യനാട് കേശവൻ നമ്പ്യാതിരിയെയും എന്റെ പിതാവ്  വീട്ടിൽ കൂട്ടി വന്നിട്ടുണ്ട്.    അന്നൊക്കെ അവർ പങ്കു വെച്ചിരുന്ന  രസകരമായ നർമ്മ സംഭാഷണങ്ങളെല്ലാം ഇന്നും സ്മരണയിൽ ഉണ്ട്.  

 കൊല്ലം ജില്ലയിലെ കൂട്ടിക്കടയിൽ  നവരംഗം എന്ന പേരിൽ ഒരു കലാസ്ഥാപനം അദ്ദേഹം നടത്തി വന്നിരുന്നു. കളിക്കോപ്പ് നിർമ്മാണത്തിലും അദ്ദേഹം തന്റെ വൈദഗ്ദ്യം തെളിയിച്ചിട്ടുണ്ട്.  2013 മാർച്ച് 29- ന്  71- മത്തെ വയസ്സിൽ  ശ്രീ. മയ്യനാട്  കേശവൻ നമ്പ്യാതിരി  നിര്യാതനായി. അദ്ദേഹത്തിൻറെ   വേർപാടിൽ ദുഖിക്കുന്ന  കുടുംബാംഗങ്ങൾ, ശിഷ്യർ, ആസ്വാദകർ എന്നിവരോടൊപ്പം ഞാനും പങ്കുചേരുന്നു.