പേജുകള്‍‌

2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

ചെന്നൈ മൈലാപ്പൂരില്‍ അവതരിപ്പിച്ച കുചേലവൃത്തം കഥകളി


30-08-2012,  വ്യാഴാഴ്ച വൈകിട്ട് ചെന്നൈ മൈലാപ്പൂരിലുള്ള ഭാരതീയ വിദ്യാഭവന്‍ ആഡിറ്റോറിയത്തില്‍  ഉത്തരീയം കഥകളി സംഘടനയുടെ ചുമതലയില്‍ കുചേലവൃത്തം കഥകളി അവതരിപ്പിച്ചു. 

വൈകിട്ട് അഞ്ചര മണിക്ക്  വിദ്യാഭവന്റെ മുന്‍പില്‍  കേളികൊട്ട് നടത്തി. കേളി കൊട്ടിന്റെ മാധുര്യം കേട്ടുകൊണ്ട്  ധാരാളം തമിഴ് ജനങ്ങള്‍ വിദ്യാഭവന്റെ മുന്‍പില്‍ എത്തി  ആശ്ചര്യത്തോടെ നോക്കി നിന്നു.ചെണ്ടക്കോലിന്റെ ഇടവിടതെയുള്ള താള പ്രയോഗങ്ങളും മദ്ദളത്തിന്റെയും കൈമണിയുടെയും നാദം ചെണ്ടയുടെ ശബ്ദത്തോടുള്ള ഒത്തുചേരലും കണ്ടു ഭ്രമിച്ചു നിന്നിരുന്ന ആ ജനങ്ങളെയെല്ലാം  ഞാന്‍ ഒരു മലയാളിയാണെന്നും ഇതു ഞങ്ങളുടെ കലയുമാണ് എന്നുള്ള ഒരു അഭിമാനത്തോടെയാണ്  നോക്കിക്കണ്ടത്.

ശ്രീകൃഷ്ണനും , ബലരാമനും  സാന്ദീപനിമുനിയുടെ ആശ്രമത്തില്‍ ഗുരുകുല വിദ്യാഭ്യാസം ചെയ്തിരുന്ന കാലത്ത് അവിടെ കൃഷ്ണനുമായി വളരെയധികം ആത്മ ബന്ധം പുലര്‍ത്തിയിരുന്ന സഹപാഠിയായിരുന്നു സുദാമാവ്‌ (ഈ സുദാമാവു തന്നെയാണ് കുചേലന്‍.).  ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞശേഷം കൃഷ്ണനും സുദാമാവും പരസ്പരം കണ്ടിട്ടില്ല. കുചേലന്‍ കാലാന്തരത്തില്‍ വിവാഹം കഴിഞ്ഞു കുട്ടികളുമായപ്പോള്‍  ദാരിദ്ര്യവും പട്ടിണിയും സഹിക്കാനാവതെ വരികയും  പത്നിയുടെ ഉപദേശപ്രകാരം കൃഷ്ണനെ കണ്ടു സങ്കടം ഉണര്‍ത്തിക്കുവാന്‍ തീരുമാനിക്കുന്നു. പത്നിയാചിച്ചു കിട്ടിയ നെല്ലുകൊണ്ടുണ്ടാക്കിയ അവല്‍ പൊതിയുമായി കൃഷ്ണനെ കാണുവാന്‍ കുചേലന്‍ ദ്വാരകയിലേക്ക്  പുറപ്പെടുന്നു. ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞ ശേഷം താന്‍ ഇതു വരെ കണ്ടിട്ടില്ല എന്നും, കൃഷ്ണനെ കാണുവാന്‍ എത്ര നാളായി താന്‍ ആഗ്രഹിക്കുന്നു എന്നും തന്നെ കാണുമ്പോള്‍ കൃഷ്ണന്‍ ആശ്ചര്യപ്പെടും, തന്നെ സന്തോഷത്തോടെ സ്വീകരിക്കും എന്നുള്ള ചിന്തകളുമായി, നാമജപങ്ങളോടെ  ദ്വാരക ലക്ഷ്യമാക്കി നടന്നു. 

                                             കുചേലന്‍ ദ്വാരക ലക്ഷ്യമാക്കി നടക്കുന്നു.

                                                   കുചേലന്റെ വരവ്  കൃഷ്ണന്‍ കാണുന്നു.

                                    എഴാംമാളിക മുകളില്‍ എത്തിയ കുചേലന്റെ അത്ഭുതം 

                                            കൃഷ്ണന്‍  കുചേലന്റെ  പാദപൂജ ചെയ്യുന്നു 
 ശ്രീകൃഷ്ണന്‍, പത്നിരുഗ്മിണിയുമൊന്നിച്ചു ദ്വാരകയിലെ ഏഴുനിലമാളികയിലെ സുമശയ്യയിരിക്കുമ്പോള്‍ ദൂരെ  തന്റെ സുഹൃത്ത് നടന്നു വരുന്നത് കണ്ടു. ആത്മസുഹൃത്തിനെ കണ്ട ശ്രീകൃഷ്ണന്‍ ഒട്ടും അമാന്തിക്കാതെ താഴേക്ക്‌ ഓടിച്ചെന്നു സുഹൃത്തിനെ നമസ്കരിച്ച ശേഷം ആശ്ലേഷിച്ചു കൂട്ടിവന്നു സുമസയ്യയില്‍ ഇരുത്തി. കുചേലന്റെ പാദപൂജ ചെയ്തു  കൊണ്ട് കൃഷ്ണന്‍ തന്റെ സ്നേഹം വെളിപ്പെടുത്തി.  കൃഷ്ണനും കുചേലനും പരസ്പരം കെട്ടിപ്പിടിച്ചു ആനന്ദബാഷ്പം പൊഴിച്ചു കൊണ്ട് ഇരുവരും ഗുരുകുലവാസകാലത്തെ ജീവിതാനുഭവങ്ങള്‍ അനുസ്മരിച്ചു. 

                                                           കുചേലനും കൃഷ്ണനും 

 കൃഷ്ണനും രുഗ്മിണിയും 

   കുചേലനും കൃഷ്ണനും 

തുടര്‍ന്നു തനിക്കു വിശക്കുന്നു എന്നും എന്താണ് എനിക്ക് വേണ്ടി കൊണ്ട് വന്നിട്ടുള്ളത് എന്ന് കൃഷ്ണന്‍ ചോദിക്കുകയും  കുചേലന്റെ കയ്യിടുക്കില്‍ സൂക്ഷിച്ചിരിക്കുന്ന അവല്‍ പൊതി കണ്ട കൃഷ്ണന്‍ അതു അല്‍പ്പം ബലമായി തന്നെ എടുത്തു. കല്ലും മണ്ണും നിറഞ്ഞ അവല്‍ പൊതിയില്‍ നിന്നും ഒരു പിടി എടുത്തു  സന്തോഷത്തോടെ കൃഷ്ണന്‍ ഭുജിച്ചു. രണ്ടാമതും ഒരു പിടി അവല്‍ എടുത്തു ഭുജിക്കുവാന്‍ കൃഷ്ണന്‍ മുതിര്‍ന്നപ്പോള്‍ രുഗ്മിണി ശ്രീകൃഷ്ണനെ തടഞ്ഞു. കുചേലന്‍ കൊണ്ടുവന്ന ആദ്യ ഒരു പിടി അവല്‍ കൃഷ്ണന്‍ ഭുജിച്ചതു  മൂലം  കുചേലകുടുംബം പ്രഭു കുടുംബമായതു മനസിലാക്കിയ രുഗ്മിണി അടുത്ത പിടി അവല്‍ കൂടി കൃഷ്ണന്‍  ഭുജിച്ചാല്‍ താന്‍ കുചേലപത്നിയുടെ ഭ്രുത്യയായി തീരും എന്ന പരിഭവം കൃഷ്ണനെ അറിയിച്ചു. ഭക്തന്മാരോടുള്ള ഭക്തി കാരണം ഞാന്‍ അക്കാര്യം മറന്നു പോയി എന്ന് രുഗ്മിണിയെ അറിയിച്ചു കൃഷ്ണന്‍  സമാധാനപ്പെടുത്തി. ബാക്കിയുള്ള അവല്‍ നീയും  ഭുജിച്ചു ദ്വാരകയില്‍ ഏല്ലാവര്‍ക്കും വീതിച്ചു നല്‍കൂ എന്നറിയിച്ചു കൊണ്ട് കൃഷ്ണന്‍ രുഗ്മിണിയെ ഏല്‍പ്പിച്ചു. യാത്രാ ക്ഷീണം കൊണ്ട് മയങ്ങിയ കുചേലന്‍ ഈ സംവാദങ്ങള്‍ ഒന്നും അറിഞ്ഞില്ല.

 
കൃഷ്ണന്‍ കുചേലനെ വീണ്ടും ആശ്ലേഷിച്ചു കൊണ്ട് മയക്കത്തില്‍ നിന്നും ഉണര്‍ത്തി. തന്നെ സ്വീകരിച്ചു മഹാസൌധത്തില്‍ ഇരുത്തി സല്ക്കരിച്ചതു മഹാഭാഗ്യം എന്ന് കുചേലന്‍ കൃഷ്ണനെ അറിയിച്ചു. എന്റെ കുടുംബവും കുട്ടികളും എന്നെ കാത്തിരിക്കുകയാണെന്നും ഉടനെ മടങ്ങണമെന്നും കുചേലന്‍ അറിയിക്കുന്നു. ഇന്നു ഒരു ദിവസം  എങ്കിലും ഒന്നിച്ചു താമസിച്ചു നാളെ മടങ്ങാം എന്ന് കൃഷ്ണന്‍ അറിയിക്കുമ്പോള്‍  തന്റെ കുടുംബം തന്റെ വരവും പ്രതീക്ഷിചിരിക്കുകയാണെന്ന്  കുചേലന്‍ അറിയിക്കുന്നു.  കുടയും വടിയും നല്‍കി  മനസ്സില്ലാ മനസ്സോടെ കൃഷ്ണന്‍ കുചേലനെ യാത്രയാക്കുന്നു. ദൂരെ കുചേലന്‍ മറയുന്നത് വരെ കൃഷ്ണന്‍ ഭക്തിയോടും സ്നേഹത്തോടും നോക്കി നിന്നു. കൃഷ്ണനും രുഗ്മിണിയും ഒന്ന് ചേര്‍ന്നു കൊണ്ട് ആ സാധു ബ്രാഹ്മണന് സര്‍വഐശ്യര്യങ്ങളും നേര്‍ന്ന് അനുഗ്രഹിച്ചു.  ശ്രീകൃഷ്ണന്റെ അനുഗ്രഹത്താല്‍ കുചേലന്റെ ഗൃഹം മണി മാളികയായി മാറുകയും  ആ കുടുംബത്തിനു  സര്‍വസമ്പല്‍ സമൃദ്ധിയും ഉണ്ടാവുകയും ചെയ്തു. ഇതാണ് കുചേലവൃത്തം കഥയുടെ സാരാംശം. 
 
 കുചേലന്  സര്‍വാശ്യര്യങ്ങളും നേരുന്നു 

ശ്രീകൃഷ്ണനെ ചിന്ത ചെയ്തു കൊണ്ട് കുചേലന്റെ ദ്വാരകയിലേക്കുള്ള യാത്രയാണ് ആദ്യ രംഗം. രണ്ടാം രംഗത്തില്‍ കുചേലനെ കൃഷ്ണന്‍ ദ്വാരകയിലേക്ക് സ്വീകരിച്ചു കൊണ്ടുവന്ന്  കുചേലന്റെ പാദ പൂജ ചെയ്യുന്നതും നര്‍മ്മ സംഭാഷണവും അവല്‍പൊതി കരസ്ഥമാക്കി കൃഷ്ണന്‍ ഭുജിക്കുന്നതും രണ്ടാമതും കൃഷ്ണന്‍ അവല്‍ ഭക്ഷിക്കുമ്പോള്‍ രുഗ്മിണി പരിഭവപ്പെടുന്നതും കുചേലന്‍ യാത്രാനുമതി തേടുന്നതും കൃഷ്ണന്‍ കുചേലനെ യാത്രയാക്കുന്നതും സര്‍വ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് കുചേലനെ അനുഗ്രഹിക്കുന്നതുമാണ്.

വളരെ ദൂരത്തു നിന്നും വരുന്ന കുചേലനെ കൃഷ്ണന്‍ കണ്ടു. ദൂരേക്ക്‌ ചൂണ്ടി കാട്ടി കൃഷ്ണന്‍ രുഗ്മിണിയോട് ആ വരുന്ന ബ്രാഹ്മണനെ അറിയുമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞിട്ടില്ലേ! എന്റെ കൂടെ ആശ്രമത്തില്‍ പഠിച്ച സുഹൃത്തിനെ പറ്റി, അദ്ദേഹമാണ് അത് എന്ന് രുഗ്മിണിയെ അറിയിച്ചു. കൃഷ്ണന്‍ മാളികയില്‍ നിന്നും ഇറങ്ങി ഓടി കുചേലന്റെ സമീപം എത്തി. കുചേലനെ കണ്ട് നമസ്കരിച്ച ശേഷം "ഇത്രയും കാലം എവിടെ ആയിരുന്നു" എന്ന് ചോദിച്ചു. കുചേലന്റെ കയ്യില്‍ നിന്നും കുടയും വടിയും വാങ്ങി വന്നു രുഗ്മിണിയെ ഏല്‍പ്പിച്ചു. കുചേലന്റെ കയ്ക്കു പിടിച്ചു കൊണ്ട് ഏഴുനില മാളികയിലേക്ക്‌ കൃഷ്ണന്‍ കയറുവാന്‍ ശ്രമിച്ചപ്പോള്‍ വേണ്ട എനിക്ക് മുകളിലേക്ക് കയറുവാന്‍ വയ്യ, ഞാന്‍ ഇവിടെ നിന്ന് പൂജ ചെയ്തു കൊള്ളാം എന്ന് കുചേലന്‍ അറിയിച്ചു. 

കൃഷ്ണന്റെ അന്തപ്പുരം ആശ്ചര്യത്തോടെ കുചേലന്‍ നോക്കി കണ്ടു. സുമശയ്യയില്‍  ഇരിക്കുവാന്‍ മടിക്കുന്ന കുചേലനെ കൃഷ്ണന്‍ പിടിച്ചിരുത്തി. ക്ഷീണിച്ചു അവശനായി വന്ന കുചേലനെ കൃഷ്ണന്‍ വെഞ്ചാമരം കൊണ്ട് വീശി. പൂജയ്ക്കുള്ള ഒരുക്കുകള്‍ കൊണ്ടു വരുവാന്‍ കൃഷ്ണന്‍ രുഗ്മിണിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കുചേലന്റെ പാദപൂജ ചെയ്ത കൃഷ്ണന്‍  പാദതീര്‍ത്ഥം തന്റെ ശരീരത്തിലും രുഗ്മിണിയുടെ ശരീരത്തിലും അന്തേവാസികളുടെ ശരീരത്തിലും തളിച്ച് നിര്‍വൃതി നേടി. ചന്ദനം ചാലിച്ച് കുചേലന്റെ നെറ്റിയില്‍ ചാര്‍ത്തിയ ശേഷം കൃഷ്ണന്‍ സ്വയം ചാര്‍ത്തുകയും രുഗ്മിണിയെ ചാര്‍ത്തിക്കുകയും ചെയ്തു. കൃഷ്ണന്‍ കുചേലനെ നമസ്കരിച്ച ശേഷം ആലിംഗനം ചെയ്തു സംഭാഷണം തുടങ്ങി.
രുഗ്മിണി കുചേലനെ വെഞ്ചാമരം കൊണ്ട് വീശുവാന്‍ തുടങ്ങിയപ്പോള്‍ കുചേലന്‍ വേണ്ട എന്ന് പറഞ്ഞു. നടന്നു ക്ഷീണിച്ചു വന്നതല്ലേ എന്ന് രുഗ്മിണിയും മറുപടി നല്‍കി. 

ഗുരുപത്നിയുടെ നിര്‍ദ്ദേശ പ്രകാരം വനത്തില്‍ നാം ഇരുവരും വിറകു ശേഖരിക്കുവാന്‍  പോയ കഥകള്‍ പങ്കുവെച്ചു. മഴയും കൂരിരുട്ടും കാരണം ഭയം കൊണ്ട് വള്ളിക്കുടിലില്‍ കൈകള്‍ കോര്‍ത്തു പിടിച്ചു രാത്രി മുഴുവന്‍ കഴിഞ്ഞതും ഗുരുനാഥന്‍ നമ്മെ തേടി വന്നപ്പോള്‍ അദ്ദേഹം നമ്മെ അടിക്കുമോ എന്ന് ഭയപ്പെട്ടു എന്നും എന്നാല്‍ അദ്ദേഹം വളരെ സ്നേഹത്തോടെ  നമ്മെ കൂട്ടി ആശ്രമത്തിലേക്ക് കൂട്ടിപോയതും എല്ലാം കൃഷ്ണന്‍ ഓര്‍മ്മപ്പിച്ചു. 

അല്ലയോ ബലഭദ്രാനുജാ നിന്നെ ഒന്ന് കാണുവാന്‍ എത്രകാലമായി ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍  കാലവിഷമം കൊണ്ട് അത് സാധിച്ചില്ല എന്നാണ് കുചേലന്‍ പറയുമ്പോള്‍ അത് കള്ളമാണെന്നും ഇത്രയും കാലം തന്നെ സ്മരിക്കാത്തതിന്റെ പരിഭവവും കൃഷ്ണന്‍ പ്രകടമാക്കി. വിവാഹം കഴിഞ്ഞോ എന്നും സ്വര്യമായ കുടുംബ ജീവിതമല്ലേ എന്നും കൃഷ്ണന്‍ കുചേലനോട് ചോദിക്കുകയും വിവാഹം അറിയിക്കാത്തതിന്റെ പരിഭവവും പ്രകടിപ്പിക്കുന്നു. തുടര്‍ന്ന് തനിക്ക്  വിശക്കുന്നു എന്നും എന്താണ് എനിക്കായി കൊണ്ടു വന്നിരിക്കുന്നത് എന്ന് തിരക്കുന്ന കൃഷ്ണന്‍ കുചേലന്റെ കക്ഷത്തില്‍ ഒളിച്ചു വെച്ചിരുന്ന അവല്‍പൊതി അഴിച്ചു ഒരു പിടി അവല്‍ ഭക്ഷിച്ചു. അടുത്ത പിടി അവല്‍ ഭക്ഷിക്കുവാന്‍ ഒരുങ്ങുമ്പോള്‍ രുഗ്മിണി തടഞ്ഞു. രുഗ്മിണിയുടെ  പരാതി കുചേലന്റെ കാതില്‍പെടുമോ  എന്ന് കൃഷ്ണന്‍ സംശയിച്ചു. 

രുഗ്മിണിയെ സമാധാനപ്പെടുത്തിയ  ശേഷം യാത്രാക്ഷീണത്താല്‍ മയങ്ങിരുന്ന കുചേലനെ ആശ്ലേഷിച്ചു ഉണര്‍ത്തി.  കുചേലന്റെ വരവ് കാരണം ഇന്ന് ഒരു സുദിനം തന്നെ  എന്ന് കൃഷ്ണന്‍ കുചേലനെ അറിയിക്കുന്നു.  കൃഷ്ണന്റെ കാരുണ്യം സ്മരിക്കുകയും അങ്ങയുടെ സല്‍ക്കാരം സ്വീകരിക്കുവാന്‍ സാധിച്ചത് ഒരു മഹാഭാഗ്യമാണെന്നും  മരണം വരെ അങ്ങയുടെ ഭക്തനായി കഴിയുവനുള്ള ഭാഗ്യം വേണം എന്നുമാണ് കൃഷ്ണനോട് കുചേലന്‍ അറിയിക്കുന്നത്. ഇപ്പോള്‍ എനിക്ക് എന്റെ ഗൃഹത്തിലേക്ക് മടങ്ങണം എന്ന് കുചേലന്‍ കൃഷ്ണനെ അറിയിക്കുന്നു. ഒരു ദിവസം ഒന്നിച്ചു സന്തോഷമായി കഴിഞ്ഞിട്ട് നാളെ മടങ്ങിയാല്‍ പോരെ എന്ന് കൃഷ്ണന്‍  കുചേലനോട് ചോദിച്ചു. തന്റെ കുടുംബം തന്റെ വരവും കാത്തിരിക്കുകയാണെന്നും ഉടനെ മടങ്ങണം എന്നും കുചേലന്‍ അറിയിക്കുന്നു. കുടയും വടിയും  ഏല്‍പ്പിച്ചു കുചേലനെ കൃഷ്ണനും  രുഗ്മിണിയും മനസില്ലാ  മനസോടെ യാത്രയാക്കുന്നതോടെ രംഗം അവസാനിച്ചു. 

ശ്രീകൃഷ്ണനായി രംഗത്ത് എത്തിയത് ശ്രീ. കലാനിലയം ബാലകൃഷ്ണന്‍ ആശാന്‍ ആയിരുന്നു. വളരെ  ചടുലതയോടു കൂടിയാണ് അദ്ദേഹം കൃഷ്ണനെ അവതരിപ്പിച്ചത്. രംഗ പ്രവര്‍ത്തികൊണ്ടും വേഷ ഭംഗി കൊണ്ടും അദ്ദേഹത്തിന്‍റെ കൃഷ്ണന്‍ ആസ്വാദകരെ വളരെയധികം സ്വാധീനിച്ചു എന്നതില്‍ ഒരു സംശയവും ഇല്ല.  
 
ശ്രീ. പര്യാനംപറ്റ ദിവാകരന്‍ ആയിരുന്നു കുചേലനായി രംഗത്ത് എത്തിയത്. വേഷം കൊണ്ടും ശാരീരികസ്ഥിതി കൊണ്ടും അഭിനയ ചാതുര്യം കൊണ്ടും വളരെ നല്ല ഒരു അവതരണമാണ്  അദ്ദേഹം കാഴ്ചവെച്ചത്. കുചേലനും കൃഷ്ണനും സാന്ദീപനിയുടെ ആശ്രമത്തില്‍ വസിച്ചിരുന്ന കാലഘട്ടത്തില്‍ കൃഷ്ണന്റെ സഹോദരന്‍ ബലരാമനും ഒപ്പം ഉണ്ടായിരുന്നു. ഈ അടിസ്ഥാനത്തില്‍ കുചേലന്‍ ബലരാമനെ പറ്റി അന്വേഷിക്കേണ്ട ഒരു കടമ ഉണ്ട്. അങ്ങിനെ ഒന്നുണ്ടായതായി എനിക്ക് അനുഭവപ്പെട്ടില്ല.  
സമയ പരിധി കൊണ്ട് സാധാരണ രംഗാവസാനത്തില്‍
ഉണ്ടാകാറുള്ള ഇളകിയാട്ടം ചെയ്യാതെ രംഗം അവസാനിപ്പിക്കുകയിരുന്നു. 
കുചേലന്‍ യാത്രയ്ക്ക് ഒരുങ്ങി മുന്‍പോട്ടു നീങ്ങി തിരികെ വന്ന്‌ എനിക്ക് ഒരു ആഗ്രഹം ഉണ്ട്, അങ്ങയുടെ ഓടക്കുഴല്‍ ഗാനം ഒന്ന് കേള്‍ക്കണം എന്ന് ആവശ്യപ്പെടുകയും കൃഷ്ണന്‍ 
രുഗ്മിണിയോട് ഓടക്കുഴല്‍ കൊണ്ടുവരുവാന്‍ നിര്‍ദ്ദേശിക്കുകയും  കൃഷ്ണന്‍ ഓടക്കുഴല്‍  ഗാനം ആലപിക്കുന്നത് കേട്ടു കുചേലന്‍ നിര്‍വൃതിയടയുകയും ചെയ്യുന്ന അവതരണം ആസ്വാദകരില്‍ സന്തോഷാരവം ഉണ്ടാക്കി.
 കംസവധം കഴിഞ്ഞുള്ള കാലയളവില്‍ ശ്രീകൃഷ്ണന്‍ ഇനി വൃന്ദാവനത്തില്‍ പോവുകയില്ലാ എന്നും, വേണുഗാനം ആലപിക്കുകയില്ല എന്നും ഒരു കഥയുള്ളതായി പറയപ്പെടുന്നുണ്ട്.   അതിനാല്‍ പുരാണ സംബന്ധമായി നോക്കുമ്പോള്‍ ഈ ആട്ടത്തിനുള്ള പ്രസക്തി എത്രമാത്രം എന്ന് ചിന്തിക്കേണ്ടതുണ്ട്. 

രുഗ്മിണിയായി വേഷമിട്ട് കഥാപാത്രത്തെ വിജയിപ്പിച്ചത്  ശ്രീ. സദനം സദാനന്ദനാണ്. 
ശ്രീ.കലാമണ്ഡലം വിനോദും ശ്രീ.കലാമണ്ഡലം രാംമോഹനും വളരെ ഭംഗിയായി സംഗീതം ആലപിച്ചു. ശ്രീ. സദനം ജിതിനിന്റെ  ചെണ്ടയും ശ്രീ.സദനം ദേവദാസിന്റെ മദ്ദളവും വളരെ നല്ല നിലവാരം പുലര്‍ത്തി. ശ്രീ.സദനം ശ്രീനിവാസന്‍ ചുട്ടി കൈകാര്യം ചെയ്തു. ശ്രീ. കുഞ്ഞിരാമനും ശ്രീ.രമേഷും അണിയറ ശില്‍പ്പികളായി പ്രവര്‍ത്തിച്ചു കൊണ്ട് കളിയുടെ വിജയത്തിന് പങ്കാളികളായി.   

2 അഭിപ്രായങ്ങൾ:

 1. "കംസവധം കഴിഞ്ഞുള്ള കാലയളവില്‍ ശ്രീകൃഷ്ണന്‍ ഇനി വൃന്ദാവനത്തില്‍ പോവുകയില്ലാ എന്നും, വേണുഗാനം ആലപിക്കുകയില്ല എന്നും ഒരു കഥയുള്ളതായി പറയപ്പെടുന്നുണ്ട്. അതിനാല്‍ പുരാണ സംബന്ധമായി നോക്കുമ്പോള്‍ ഈ ആട്ടത്തിനുള്ള പ്രസക്തി എത്രമാത്രം എന്ന് ചിന്തിക്കേണ്ടതുണ്ട്"

  അമ്ബുജാക്ഷേട്ടാ, മുകളില്‍ പറഞ്ഞ കാര്യത്തില്‍ കുറച്ചു അഭിപ്രായ വ്യത്യാസം ഉണ്ട്, അങ്ങിനെ എങ്കില്‍ ഒരു ചെറിയ സംശയം, പല നടന്മാരും നമ്പൂതിരിമാരുടെ വിസ്തരിച്ചുള്ള തേവാരങ്ങള്‍ കുചേലനില്‍ ആടുന്നത് കാണാറുണ്ട്‌, അത് ശരിയല്ലലോ, കാരണം കുചേലന്‍ കേരള ബ്രാമണന്‍ അല്ല, അത് കൊണ്ട് ഈ രീതി ശരിയാണോ ? കഥകളി ഒരു Visual ആര്ട്ടു ആണ് അതുകൊണ്ട് പുരാണങ്ങള്‍ മുഴുവന്‍ അതെ പടി അങ്ങോട്ട്‌ കഥകളിയില്‍ പാലിക്കണം എന്ന് പറയുന്നതിനോട് എനിക്ക് ചെറിയ ഒരു വിയോജിപ്പ് ഉണ്ട്. അന്ന് കളി കണ്ട മലയാളികളും, തമിഴ്‌ ആസ്വാദകരും കയ്യ് അടിക്കുന്നതും എണീറ്റ്‌ നിന്ന് തൊഴുന്നതും കണ്ടു, ആ ഒരു ഒറ്റ കാരണം കൊണ്ട് അത് വളരെ നല്ല ഒരു കാര്യം മാത്രം ആയെ എനിക്ക് തോന്നിയുള്ളൂ, കഥകളി ജനങ്ങളില്‍ എത്തണമെങ്കില്‍ നല്ല രീതിയില്‍ ഉള്ള ആട്ടങ്ങള്‍ എപ്പോഴും നല്ലതാണ്, പിന്നെ പല ആട്ടകഥകളിലും പുരാണത്തില്‍ നിന്ന് വ്യതി ചലിച്ചിട്ടുള്ള ആട്ടങ്ങള്‍ ചിട്ട പെടുത്തിയിട്ടുണ്ട്, അത് കൊണ്ട് അതിനു പ്രസക്തി ഇല്ല എന്ന് പറയാന്‍ പറ്റുമോ ?

  പിന്നെ അവിടെ ഇരിക്കുന്നവരില്‍ എത്ര പേര്ക്ക് അറിയും ഈ പുരാണം ? എനിക്ക് എന്തായാലും ആ ആട്ടത്തിനു നല്ല പ്രസക്തി തോന്നി, ഇതേ പോലെ ഉള്ള നല്ല ആട്ടങ്ങള്‍ കഥകളിക്ക് ഗുണം ചെയ്യും തീര്ച്ച്.

  മറുപടിഇല്ലാതാക്കൂ
 2. Mr. Sajeesh,
  കുചേലന്‍ യാത്രയ്ക്ക് ഒരുങ്ങി മുന്‍പോട്ടു നീങ്ങി തിരികെ വന്ന്‌ എനിക്ക് ഒരു ആഗ്രഹം ഉണ്ട്, അങ്ങയുടെ ഓടക്കുഴല്‍ ഗാനം ഒന്ന് കേള്‍ക്കണം എന്ന് ആവശ്യപ്പെടുകയും കൃഷ്ണന്‍ രുഗ്മിണിയോട് ഓടക്കുഴല്‍ കൊണ്ടുവരുവാന്‍ നിര്‍ദ്ദേശിക്കുകയും കൃഷ്ണന്‍ ഓടക്കുഴല്‍ ഗാനം ആലപിക്കുന്നത് കേട്ടു കുചേലന്‍ നിര്‍വൃതിയടയുകയും ചെയ്യുന്ന അവതരണം ആസ്വാദകരില്‍ സന്തോഷാരവം ഉണ്ടാക്കി എന്നാണ് ഞാന്‍ അഭിപ്രായം എഴുതിയിട്ടുള്ളത്.
  ഓരോ കഥയുടെ അവതരണത്തിലും ഇളകിയാട്ടത്തില്‍ ചില ആട്ടങ്ങള്‍ പതിവാണ്. അതു ഓരോ ആസ്വാദകരും ഉള്‍ക്കൊള്ളുന്ന വിധം തന്നെയാണ് അവരവരുടെ ആസ്വാദനം. കുചേലന്‍ വേണുനാദം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ടതും കൃഷ്ണന്‍ ആ ആഗ്രഹം സാധിച്ചു കൊടുത്തതും മൈലാപ്പൂരില്‍ കളി അരങ്ങിനു മുന്‍പില്‍ കൂടിയിരുന്ന ആസ്വാദകരെ സംബന്ധിച്ചിടത്തോളം ഒരു നല്ല അനുഭൂതിയെ നല്‍കി എന്നതിന് ഒരു സംശയവും ഇല്ല.
  "പുരാണപരമായി നോക്കുമ്പോള്‍ ഇങ്ങിനെ ഒരു ചെറിയ പൊരുത്തക്കേട് ഉണ്ട്. ഒരു അരങ്ങില്‍ ചില നടന്മാര്‍ ചെയ്യുന്നത് ആസ്വാദകര്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് കണ്ടാല്‍ ചില നടന്മാര്‍ അതു അനുകരിക്കുവാന്‍ ശ്രമിക്കും. അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ പുരാണപരമായി ഇതിന്റെ സാധുതയെ മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ ഒരു അവസരം ഉണ്ടാകട്ടെ എന്നു മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്.

  മറുപടിഇല്ലാതാക്കൂ