പേജുകള്‍‌

2010, ജൂലൈ 31, ശനിയാഴ്‌ച

സന്താനഗോപാലവും ചില അരങ്ങു കഥകളും-1

മഹാഭാരതയുദ്ധം കഴിഞ്ഞു ഒരു നാള്‍  അര്‍ജുനന്‍  ശ്രീകൃഷ്ണനെ കാണാനായി ദ്വാരകയില്‍  എത്തുന്നു. ശ്രീകൃഷ്ണന്‍  അര്‍ജുനനെ സസന്തോഷം സ്വീകരിക്കുന്നു. കുറച്ചു കാലം തന്നോടൊപ്പം ദ്വാരകയില്‍ താമസിക്കാന്‍  ആവശ്യപ്പെടുന്ന ശ്രീകൃഷ്ണന്റെ ക്ഷണം അര്‍ജുനന്‍ സ്വീകരിച്ചു. അക്കാലത്തു ദ്വാരകയില്‍ നടന്ന ഒരു യാദവ സഭയില്‍ ഒരു നാള്‍  ഒരു ബ്രാഹ്മണന്‍ തന്റെ ശിശുവിന്റെ ശവവുമായി എത്തി "യാദവ വീരന്മാരേ കാണ്മിന്‍" എന്ന് വാവിട്ടു  നിലവിളിച്ചു. തന്റെ എട്ടു പുത്രന്മാര്‍ ഇതുപോലെ മരിച്ചു പോയി എന്നുള്ള വിലാപത്തിന് യാദവ സഭയില്‍ ഉണ്ടായിരുന്ന ശ്രീകൃഷ്ണന്‍ പോലും ശ്രദ്ധിക്കാത്തത് കണ്ടപ്പോള്‍   അര്‍ജുനന്‍ ഇടപെട്ടു. ഇനിമേല്‍ അങ്ങേക്ക്  ജനിക്കുന്ന പുത്രന്മാരെ ഞാന്‍ സംരക്ഷിച്ചു തരാം എന്ന്  ബ്രാഹ്മണന് ഉറപ്പു നല്‍കുന്നു. ലോകപാലകനായ ശ്രീകൃഷ്ണന്‍ എന്റെ വിഷമം കണ്ടു ഒന്നും പറയാതെ ഇനി പുത്രന്‍ ഉണ്ടായി കാണുവാന്‍ താല്‍പ്പര്യം ഇല്ല എന്ന് ബ്രാഹ്മണന്‍ അര്‍ജുനനെ അറിയിക്കുന്നു.
ഇനി ബ്രാഹ്മണനു ജനിക്കുന്ന പുത്രന്മാരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ഞാന്‍ ഇന്ദ്രപുത്രന്‍  അല്ലാ എന്നു പറയുക  മാത്രമല്ല അഗ്നിയില്‍ സ്വയം ദഹിക്കും എന്ന് അര്‍ജുനന്‍ ബ്രാഹ്മണനു സത്യവും ചെയ്തു കൊടുത്തു. ശിശു ശവം   മറവു ചെയ്തു സമാധാനത്തോടെ ഗൃഹത്തിലേക്ക് പോകാന്‍ ഉപദേശം നല്‍കി ബ്രാഹ്മണനെ അര്‍ജുനന്‍ യാത്രയാക്കി. സന്തോഷവാനായി ബ്രാഹ്മണന്‍ ഗൃഹത്തില്‍ എത്തി പത്നിയെ വിവരം അറിയിച്ചു. ബ്രാഹ്മണപത്നി വീണ്ടും  ഗര്‍ഭം ധരിച്ചു. പ്രസവ ദിനം അടുത്തപ്പോള്‍ ബ്രാഹ്മണന്‍അര്‍ജുനനെ തേടി എത്തി. അര്‍ജുനന്‍ ബ്രാഹ്മണ വസതിയില്‍ എത്തി. ശരകൂടം നിര്‍മ്മിച്ച്‌ ഗര്‍ഭിണിയായ ബ്രാഹ്മണപത്നിയെയും വയറ്റാട്ടിയെയും അതില്‍ താമസിപ്പിച്ചു അര്‍ജുനന്‍ ശരകൂടതിന്റെ വാതിലില്‍ കാവല്‍ നിന്നു. ബ്രാഹ്മണപത്നിക്ക് പ്രസവം നടന്നു. എന്നാല്‍ ഇക്കുറി പ്രസവിച്ച ശിശുവിന്റെ ശരീരം അപ്രത്യക്ഷമായി. ഇത് അറിഞ്ഞ ബ്രാഹ്മണന്‍ ബോധരഹിതനായി നിലം പതിച്ചു. പിന്നീട് ബോധം തെളിഞ്ഞപ്പോള്‍  കോപാകുലനായ ബ്രാഹ്മണന്   അര്‍ജുനനെ ഭല്‍സിക്കുന്നു. അര്‍ജുനന്‍ ബ്രാഹ്മണപുത്രന്മാരെ തേടി കാലപുരിയില്‍ എത്തി.  യമധര്‍മ്മനെ കണ്ടു വണങ്ങിയ അര്‍ജുനന്‍ താന്‍ ബ്രാഹ്മണപുത്രന്മാരെ തേടി എത്തിയതാണെന്നു അറിയിച്ചു. ബ്രാഹ്മണപുത്രന്മാര്‍ക്ക് മരണം സംഭവിച്ചത് താന്‍ അറിയാതെയാണ് എന്ന് യമധര്‍മ്മന്‍ അറിയിച്ചപ്പോള്‍ അര്‍ജുനന്‍ ബ്രാഹ്മണപുത്രന്മാരെ തേടി  ദേവലോകത്ത്‌ എത്തി.  സ്വപിതാവായ ഇന്ദ്രനും കൈ മലര്‍ത്തിയപ്പോള്‍ നിരാനായ  അര്‍ജുനന്‍ തീകുണ്ഡം നിര്‍മ്മിച്ച്‌ അതില്‍ ചാടാന്‍ മുതിര്‍ന്നു. അപ്പോള്‍  ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടു  അര്ജുനനെ   തടഞ്ഞു. ബ്രാഹ്മണപുത്രന്മാര്‍ എല്ലാവരും സുരക്ഷിതരായി ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞു അര്‍ജുനനെയും കൂട്ടി കൃഷ്ണന്‍ വൈകുണ്ഡത്തേക്ക് തിരിച്ചു. മഹാവിഷ്ണു സവിധത്തില്‍എത്തി. അവിടെ സുഖമായി കഴിഞ്ഞിരുന്ന  ബ്രാഹ്മണപുത്രന്മാരെ കൂട്ടി വന്നു ബ്രാഹ്മണനെയും ബ്രാഹ്മണപത്നിയെയും ഏല്‍പ്പിക്കുന്നു. ഇതാണ് സന്താനഗോപാലം കഥ.
 (യാദവ സഭയില്‍ ബ്രാഹ്മണ വിലാപം. ബ്രാഹ്മണന്‍: ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള )

 (ശ്രീകൃഷ്ണന്‍ : ശ്രീ.കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ , അര്‍ജുനന്‍ : ശ്രീ.സദനം കൃഷ്ണന്‍ കുട്ടി, ബ്രാഹ്മണന്‍:  ശ്രീ. കോട്ടക്കല്‍ ചന്ദ്രശേഖരന്‍. പണ്ട് നിലവില്‍ നിന്നിരുന്ന രീതിയില്‍ ഉള്ള അവതരണം)
 (യാദവസഭയില്‍ അര്‍ജുനന്‍. ഇന്നത്തെ രീതി.  ബ്രാഹ്മണന്‍ :ശ്രീ. കലാമണ്ഡലം പത്മനാഭന്‍ നായര്‍ ആശാന്‍, അര്‍ജുനന്‍ : ശ്രീ.രാമന്‍കുട്ടി ആശാന്‍, കൃഷ്ണന്‍: ശ്രീ. ഗോപി ആശാന്‍.)

സന്താനഗോപാലം കഥകളിയുടെ അവതരണത്തില്‍ നാം ഇന്ന് കാണുന്ന അരങ്ങുകളില്‍ യാദവ സഭയില്‍  കൃഷ്ണന് പിന്നില്‍ അമര്‍ന്നിരിക്കുന്ന ക്ഷത്രിയനായ അര്‍ജുനനെയാണ് കാണുന്നത്. ഈ രീതി തെറ്റാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല.  യാദവ സഭയില്‍ എന്താണ് നടക്കുന്നത് എന്ന് അറിയുവാന്‍, അവിടെ താമസിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍  അര്‍ജുനന്‍ സഭയില്‍ എത്തിയതായി കരുതുന്നതില്‍ തെറ്റ് ഉണ്ടാവില്ലല്ലോ?
എന്നാല്‍ പണ്ടത്തെ രീതി   "യാദവ വീരന്മാരെ" എന്ന ബ്രാഹ്മണ വിലാപത്തിന് ഇടയിലോ, "കഷ്ടം ഇത് കാണ്ക " എന്ന് പുത്രശവം  കയ്യില്‍ എടുത്തു ശ്രീകൃഷ്ണന്റെയും ബാലരാമന്റെയും അടുത്തേക്ക് ബ്രാഹ്മണന്‍  കാട്ടുമ്പോഴോ ആകും     അര്‍ജുനപ്രവേശം.   അര്‍ജുനന്‍ രംഗപ്രവേശം ചെയ്യുമ്പോള്‍  ചില നടന്മാരുടെ കൃഷ്ണന്‍  ശ്രദ്ധിക്കുകയും അര്‍ജുനനോടു ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. എന്നാല്‍  അര്‍ജുനന്‍ സഭയില്‍ ഇരിക്കുന്നതായി പണ്ട് കണ്ടു അനുഭവം ഇല്ല.

ഈ മാറ്റം എങ്ങിനെ സംഭവിച്ചു എന്നതിന് കഥകളിയിലെ പ്രഗല്‍ഭ (സീനിയര്‍) നടന്മാര്‍ ചില സാഹചര്യത്തില്‍ ചെയ്യുന്ന അരങ്ങു പ്രയോഗങ്ങള്‍ കാലക്രമേണ ജൂനിയര്‍ നടന്മാര്‍ പ്രാവര്‍ത്തികം ആക്കി തീര്‍ത്തതിലൂടെയാണ് എന്ന് ധരിക്കേണ്ടിയിരിക്കുന്നു. അര്‍ജുനന്‍ ദ്വാരകയില്‍ എത്തിച്ചേരുന്ന ആദ്യ രംഗം കഴിഞ്ഞാല്‍ അടുത്ത രംഗം യാദവസഭയില്‍  ശിശുശവവുമായി ബ്രാഹ്മണന്‍ പ്രവേശിക്കുന്നതാണ്.  അരങ്ങും അണിയറയും തമ്മില്‍ അല്‍പ്പം ദൂരം ഉണ്ടെങ്കില്‍ അര്‍ജുനനടന്‍ ബ്രാഹ്മണന്റെ       " കഷ്ടം ഇത് കാണ്ക " എന്ന പദം തുടങ്ങുന്നതു വരെ സ്റ്റേജിനു പിറകില്‍ നില്‍ക്കണം. അവിടെ ഇരിക്കാന്‍ ഒരു പക്ഷെ സൗകര്യം ഒന്നും ഉണ്ടായെന്നും വരികയില്ല. അങ്ങിനെയുള്ള ഏതോ ഒരു സാഹചര്യത്തില്‍ ഏതെങ്കിലും ഒരു പ്രഗല്‍ഭ  നടന്റെ അര്‍ജുനന്‍ സൌകര്യത്തിനായി അരങ്ങില്‍ കയറി ഇരുന്നതാവണം ഈ രീതിക്ക് തുടക്കം കുറിച്ചത്. 

കഥകളിയിലെ ഭീഷ്മാചാര്യന്‍ എന്ന് വര്‍ണ്ണിക്കപ്പെടാവുന്ന ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആശാനുമായി ചില കഥകളി ആസ്വാദകര്‍  ഒരിക്കല്‍ ഒരു അണിയറയില്‍ നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. അപ്പോള്‍ ആ ആസ്വാദകരില്‍ ഒരാള്‍ സന്താനഗോപാലം കഥയിലെ ആദ്യ രംഗത്തിലെ അര്‍ജുനന്റെ സ്വഭാവവും രണ്ടാമത്തെ രംഗത്തിലെ സ്വഭാവവും തമ്മിലുള്ള വ്യത്യാസത്തെ പറ്റിയാണ് ആശാനോട് സംശയം പ്രകടിപ്പിച്ചത്. ആദ്യ രംഗത്തില്‍ തന്റെ എല്ലാ വിജയങ്ങള്‍ക്കും കൃഷ്ണന്‍ തന്നെ എന്ന് സമ്മതിക്കുന്ന അര്‍ജുനന്‍ " കൃഷ്ണനും അല്ല അഹം ബലഭദ്രനും അല്ല  അറിക എന്ന് അഹങ്കരിക്കാന്‍ കാരണം എന്താണ് എന്ന് ഒരു ചോദ്യമിട്ടു.  പൊതുവാള്‍ ആശാന്‍ ഒന്ന് മന്ദഹസിച്ചു കൊണ്ട് അതിനു രസകരമായ ഒരു സങ്കല്‍പ്പീക കഥയാണ്   മറുപടിയായി നല്‍കിയത്.
   
തന്റെ എല്ലാ വിജയങ്ങള്‍ക്കും കൃഷ്ണന്‍ തന്നെ എന്ന് സമ്മതിക്കുന്ന അര്‍ജുനന്‍  ദ്വാരകയില്‍ താമസിക്കുമ്പോള്‍ യാദവ സഭയില്‍ ഒരു ബ്രാഹ്മണന്‍ ശിശുശവവുമായി വന്നു അലമുറയിട്ടു കരയുന്നു എന്ന് ആരോ പറഞ്ഞു അറിഞ്ഞു. ഇത് അറിഞ്ഞപ്പോള്‍ ക്ഷത്രിയനായ അര്‍ജുനന് എന്താണ് സഭയില്‍ നടക്കുന്നത് എന്ന് അറിയുവാനുള്ള വ്യഗ്രതയില്‍ സഭാസ്ഥലം നോക്കി വേഗത്തില്‍ ഗമിച്ചു. ബലരാമന്‍ ദ്വാരകയുടെ പരിസരത്ത് എവിടെയോ ഇരുന്നു മദ്യപിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്പും വില്ലും ധരിച്ചു വളരെ വേഗത്തില്‍ പോകുന്ന അര്‍ജുനനെ കണ്ടത്.  അര്‍ജുനന്റെ ആ വേഗത്തിലുള്ള യാത്ര കണ്ടപ്പോള്‍ എന്തോ പന്തികേട്‌ ഉണ്ടെന്നു മനസിലാക്കിയ ബലരാമന്‍ അര്‍ജുനനെ വിളിച്ചു വിവരം തിരക്കി . യാദവ സഭയില്‍ ഒരു ബ്രാഹ്മണന്‍  ശിശുശവവുമായി വന്നു അലമുറയിട്ടു കരയുന്നു എന്ന് അറിഞ്ഞു .  എന്താണ് വിവരം എന്ന് അറിയുവാന്‍ ഞാന്‍ സഭയിലേക്ക് പോവുകയാണ് എന്ന് അര്‍ജുനന്‍ പറഞ്ഞപ്പോള്‍ താന്‍ കഴിച്ചു കൊണ്ടിരുന്ന മീതി മദ്യം അര്‍ജുനന്റെ കയ്യില്‍ കൊടുത്തിട്ട് ബലരാമന്‍ സഭയിലേക്ക് പോയി. ബലരാമന്‍ തന്ന മദ്യം ഉപേക്ഷിച്ചാല്‍ നിന്ദയാകും.  സഭയില്‍ എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് അറിയുവാന്‍ ഉള്ള വ്യഗ്രതയാല്‍ ആലോചിച്ചു സമയം  കളയാനും പറ്റാതെ അര്‍ജുനന്‍  ഒരു പക്ഷെ ആ മദ്യം കുടിച്ചിട്ടാവും സഭയില്‍ എത്തിയിരിക്കുക. ഇത് തന്നെ ആയിരിക്കാം " കൃഷ്ണനും അല്ല അഹം  ബലഭദ്രനുമല്ലറിക" എന്ന് അഹങ്കരിക്കാന്‍ അര്‍ജുനന് തോന്നാന്‍ ഉണ്ടായ കാരണം എന്ന് പറഞ്ഞു ആശാന്‍ സംസാരം മതിയാക്കി  അണിയറയില്‍ നിന്നും എഴുനേറ്റു. 

ആശാന്റെ ഈ സങ്കല്‍പ്പീക കഥയിലെ ബലരാമന്റെ മദ്യപാനം, അര്‍ജുനന്റെ മദ്യപാനം എന്നിവ ഒഴിച്ച് നിര്‍ത്തി  യാദവ സഭയില്‍   ഒരു ബ്രാഹ്മണന്‍  പുത്രശവവുമായി എത്തി വിലപിക്കുന്നു എന്ന് അറിഞ്ഞു കൊണ്ടുള്ള   അര്‍ജുനന്റെ രംഗപ്രവേശം  തന്നെ അല്ലേ ഉചിതം എന്ന് കരുതാം.

( ആശാന്റെ ഈ നര്‍മ്മ കഥ വായിച്ച ശേഷം  സന്താനഗോപലത്തില്‍ അര്‍ജുനന്‍ മദ്യപിച്ചിരുന്നു എന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും അപേക്ഷിക്കുന്നു.)

2010, ജൂലൈ 21, ബുധനാഴ്‌ച

ശ്രീ. കോട്ടക്കല്‍ ശിവരാമന് കണ്ണീര്‍ അഞ്ജലി!

                                                       ശ്രീ. കോട്ടക്കല്‍ ശിവരാമന്‍

ശ്രീ. കോട്ടക്കല്‍ ശിവരാമന്‍ എന്ന കഥകളി കലാകാരന്‍  നമ്മെ വിട്ടു പിരിഞ്ഞു .അദ്ദേഹത്തിന്റെ ശരീരം മാത്രമേ വിട്ടു പോയിട്ടുള്ളൂ. കഥകളിയില്‍  അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള എത്രയോ  കഥാപാത്രങ്ങള്‍ ഇന്നും കലാപ്രേമികളുടെ  ഹൃദയത്തില്‍ ആരോഗ്യത്തോടെ  ജീവിക്കുന്നു.  താന്‍ അവതരിപ്പിക്കുന്ന  കഥാപാത്രത്തെ പരമാവധി ഉള്‍ക്കൊണ്ടു കൊണ്ട് തന്റേതായ അഭിനയ ശൈലിയില്‍ അവതരിപ്പിച്ചു വിജയിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ അപാരമായ കഴിവിനെ കഥകളി ലോകം എന്നും സ്മരിക്കും എന്നതിന് സംശയമേ  ഇല്ല. അദ്ദേഹത്തിന്റെ  ധാരാളം വേഷങ്ങള്‍  കണ്ടിട്ടുണ്ട്. വളരെ കുറച്ചു കാലമെങ്കിലും   ശിവരാമേട്ടനുമായി ശക്തമായ  സ്നേഹ ബന്ധം സ്ഥാപിക്കാനും  എനിക്കും കഴിഞ്ഞിട്ടുണ്ട്.

ഒരിക്കല്‍ (70- കളില്‍) ചെങ്ങന്നൂര്‍
മഹാദേവ ക്ഷേത്രത്തില്‍ ദേവയാനി ചരിതം കഥകളി അവതരിപ്പിച്ചു . അന്ന് പള്ളിപ്പുറം ആശാന്റെ കചനും ശിവരാമേട്ടന്റെ ദേവയാനിയും മടവൂര്‍ ആശാന്റെ ശുക്രനും ആയിരുന്നു. അന്നത്തെ   വന്‍ വിജയമായിരുന്ന കഥകളി  കഴിഞ്ഞു വേഷം അഴിക്കുമ്പോള്‍ എന്റെ ചെവിയില്‍ ഏട്ടന്‍ പറഞ്ഞു " പള്ളിപ്പുറം ആശാന്റെ കചനു ദേവയാനി കെട്ടുമ്പോള്‍ എനിക്ക്  ഒരു സ്വാതന്ത്ര്യ കുറവ് തോന്നുന്നുണ്ട് " എന്ന്.  കൂട്ടു വേഷക്കാര്‍ തമ്മിലുള്ള ധാരണയും സ്വാതന്ത്ര്യവും കഥകളിയുടെ വിജയത്തിന്  ഒരു സുപ്രധാന ഘടകം തന്നെയാണ് എന്ന് ശിവരാമേട്ടന്‍ അന്ന് എനിക്ക് വിദമായി മനസിലാക്കി തന്നിരുന്നു. 

1980-ല്‍ എന്ന് കരുതുന്നു  ചെങ്ങന്നൂര്‍  ക്ഷേത്രത്തിലെ   രണ്ടു ദിവസത്തെ കളി.  ശ്രീ. ഗോപി ആശാനും,
ശിവരാമേട്ടനും കളിക്കുണ്ട്. രണ്ടാമത്തെ കളി  ദിവസം ഉത്തരാസ്വയംവരവും കിരാതവും ആയിരുന്നു കഥകള്‍. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ദുര്യോധനന്‍, ഗോപി ആശാന്റെ ബ്രഹന്ദള, ശിവരാമേട്ടനു സൈരന്ധ്രിയും   കിരാതത്തില്‍ ചെന്നിത്തല ആശാന്റെ കാട്ടാളനും, മാത്തൂരിന്റെ കാട്ടാളത്തിയും ഫാക്റ്റ് മോഹനന്റെ അര്‍ജുനനും  ആണ്  നിശ്ചയിച്ചിരുന്ന   വേഷങ്ങള്‍.  അന്നേ ദിവസം   കോട്ടയം കഥകളി ക്ലബ്ബില്‍ ( കളിയരങ്ങ്)  കര്‍ണ്ണശപഥം കഥകളിയുടെ ക്ഷണം വന്നപ്പോള്‍ ഗോപി ആശാനും ശിവരാമേട്ടനും ധൈര്യമായി ആ കളിയും ഏറ്റു. കോട്ടയം ക്ലബ്ബു കളി പത്തു മണിക്ക് തീര്‍ന്നാല്‍ ഒരു കാറില്‍ നാല്‍പ്പതു നിമിഷത്തില്‍   ചെങ്ങന്നൂരില്‍ എത്തുകയും ചെയ്യാമല്ലോ . കോട്ടയത്ത്‌ ശ്രീ.  തോന്നക്കല്‍ പീതാംബരന്റെ ദുര്യോധനനും ശിവരാമേട്ടന്റെ ഭാനുമതിയും ഗോപി ആശാന്റെ കര്‍ണ്ണനും കുടമാളൂരിന്റെ കുന്തിയും ആണ് നിശ്ചയിച്ചിരുന്ന വേഷങ്ങള്‍. ചെങ്ങന്നൂരിലെ ആദ്യ ദിവസത്തെ കളി കഴിഞ്ഞ ഉടനെ രണ്ടാമത്തെ ദിവസത്തെ കഥയ്ക്ക്‌ ഒരു ഭേദം ഉണ്ടായി.  ശിവരാമേട്ടന്റെ ചിത്രലേഖയും മാത്തൂരിന്റെ ഉഷയും ചേര്‍ന്നുള്ള ബാണയുദ്ധം ആദ്യ കഥയായി തീരുമാനിച്ചു. കോട്ടയത്തെ കളിക്ക്   അവസാനത്തെ " പ്രാണസഖ നിന്നുടെയ പ്രാണ സഖിയോടു ചേര്‍ന്ന് ആകര്‍ണ്ണനം ചെയ്ക കര്‍ണ്ണശപഥം " എന്ന ഭാഗത്തിന് ഭാനുമതി നില്‍ക്കാതെ വേഷം തുടച്ചു   ധൃതിയില്‍    ചെങ്ങന്നൂരിലേക്കു  യാത്ര തിരിക്കേണ്ടി വന്നു.


അപ്രതീക്ഷിതമായി   ചിത്രലേഖ കൂടി  ചെയ്യേണ്ടി  വന്നപ്പോള്‍  ഉണ്ടായ ബുദ്ധിമുട്ടില്‍ ശിവരാമേട്ടന്റെ കോപം  ഞാന്‍ കണ്ടിരുന്നു. കോപത്തില്‍  എന്തൊക്കെയാണ് സംസാരിച്ചത് എന്ന്  എനിക്ക്  മനസ്സിലായില്ല . അന്ന് ഒരു സഹ നടന്‍ പറ്റിച്ച പണിയാണെന്ന് ഈ "ഉഷ ചിത്രലേഖ " എന്ന് തെറ്റിധരിച്ചാണ് ശിവരാമേട്ടന്‍  രോഷവാനായത് .   പിന്നീട് രോഷം അടങ്ങി     ആശ്വാസം കണ്ടെത്തിയത് എന്നോട് സംസാരിച്ചു കൊണ്ട് ആയിരുന്നു. സത്യത്തില്‍ കോട്ടക്കല്‍ ശിവരാമനെ ക്ഷണിച്ചു വരുത്തി  ഉത്തരാസ്വയംവരത്തിലെ സൈരന്ധ്രി മാത്രം നല്‍കിയാല്‍ പോരാ എന്ന് പറഞ്ഞു കഥക്ക് മാറ്റം ഉണ്ടാക്കിയത് ചില  കഥകളി ആസ്വാദകര്‍ തന്നെയാണ്.

1981- ല്‍ പള്ളിപ്പുറം ആശാന്‍ മരിക്കുന്നത് ആലപ്പുഴ  മുല്ലക്കല്‍ ക്ഷേത്രത്തിലെ രണ്ടാം ദിവസത്തെ കളി കഴിഞ്ഞു വേഷം തുടച്ചു കഴിഞ്ഞു ചില നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ആണ് . അന്നത്തെ രണ്ടു ദിവസത്തെ കളികള്‍ക്കും ശിവരാമേട്ടന്‍ ഉണ്ടായിരുന്നു. ശിവരാമേട്ടനോടൊപ്പം കാറല്‍മണ്ണ സ്വദേശി ഒരു മാഷും വന്നിരുന്നു. മാഷിന് അവിടം പരിചയം ഇല്ലാത്തതിനാല്‍ മാഷിനു കമ്പനി നല്‍കാനുള്ള ചുമതല ശിവരാമേട്ടന്‍
എന്നെയാണ് ഏല്‍പ്പിച്ചത് .  മാഷ് ആദ്യ ദിവസത്തെ കളി കഴിഞ്ഞു തിരുവനന്തപുരത്ത് ടീച്ചേര്‍സ് അസോസിയേഷന്റെ മീറ്റിങ്ങിനു പോവുകയും ചെയ്തു.


                                                ദമയന്തി (ശ്രീ.കോട്ടക്കല്‍ ശിവരാമന്‍)


                                                       ദമയന്തിയും ഹംസവും
                            (ശ്രീ. കോട്ടക്കല്‍  ശിവരാമനും ശ്രീ.  ചെന്നിത്തല ആശാനും)

ഒരു കഥകളി കലാകാരന്‍ ജനിച്ചാല്‍ കാറല്‍മണ്ണയില്‍ ജനിക്കണം എന്ന് എനിക്ക് തോന്നിപ്പോയി. അത്ര കണ്ടു സ്നേഹമായിരുന്നു മാഷിന് ആ ഭാഗത്തുള്ള എല്ലാ കഥകളി കലാകാരന്മാരോടും പ്രത്യേകിച്ചു  ശിവരാമേട്ടനോട്.  ദമയന്തി എന്ന കഥാപാത്രത്തെ  കോട്ടക്കല്‍ ശിവരാമനെന്ന നടനിലൂടെ അല്ലാതെ വേറെ ആരിലും കണ്ടു തൃപ്തിപ്പെടുവാന്‍ ആവില്ല എന്ന ഉറച്ച  വിശ്വാസം ആയിരുന്നു   ആ മാഷിന് .  ദുര്യോധനവധത്തില്‍ പള്ളിപ്പുറം ആശാന്റെ ദുര്യോധനനും, കുറൂര്‍ വാസുദേവന്‍‌  നമ്പുതിരിയുടെ ദുശാസനനും,  ചെന്നിത്തല ആശാന്റെ കൃഷ്ണനും  ശിവരാമേട്ടന്റെ പാഞ്ചാലിയും, കലാമണ്ഡലം രാമകൃഷ്ണന്റെ രൌദ്രഭീമനും  എന്നിങ്ങിനെ  വേഷങ്ങള്‍ . ശിവരാമേട്ടന്റെ പാഞ്ചാലി  അരങ്ങത്ത് വന്നപ്പോള്‍  അത്രയും നേരം എന്നോടൊപ്പം ഇരുന്ന മാഷ് എന്നെ തള്ളി വിട്ടിട്ടു  അരങ്ങിന്റെ മുന്‍പില്‍ എത്തി. ഇമ പോലും വെട്ടാതെ ശിവരാമേട്ടന്റെ വേഷം ശ്രദ്ധിച്ചിരുന്ന ആ മാഷിനെത്തന്നെയാണ് ഞാന്‍ ശ്രദ്ധിച്ചിരുന്നത് എന്ന് പറയുന്നതാവും ശരി.
1982 - ല്‍ കഥകളി ഗായകന്‍ ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്റെ ചുമതലയില്‍ തട്ടയില്‍ ഒരു വീട്ടില്‍ കഥകളി നടന്നു . സന്താനഗോപാലം, കര്‍ണ്ണശപഥം എന്നീ കഥകള്‍. ചെന്നിത്തല ആശാന്റെ കര്‍ണ്ണനും ശിവരാമേട്ടന്റെ കുന്തിയും. തട്ടയില്‍ കഥകളി ആസ്വാദകര്‍ ധാരാളം ഉള്ള പ്രദേശം ആണ്. അവിടെ കര്‍ണ്ണശപഥം കഥകളി ധാരാളം ഉണ്ടായിട്ടുണ്ട്‌. ചെന്നിത്തല ആശാന്റെ കര്‍ണ്ണന്  അംഗീകാരം ഉള്ള പ്രദേശം ആണ്. അവിടെ ശിവരാമേട്ടന്റെ കുന്തി ആദ്യമാണ്  . സാധാരണ അവിടെ നടന്നിട്ടുള്ള കളികളില്‍ കുന്തിയും കര്‍ണ്ണനും തമ്മിലുള്ള വേര്‍പാടിന് കുന്തി മുന്‍പോട്ടു പോയി ഒന്നോ രണ്ടോ തവണ തിരികെ വന്നു കര്‍ണനെ  ആലിംഗനം ചെയ്തു പിരിയുന്ന രീതിയാണ്‌ അവിടെ പതിവ്. ശിവരാമേട്ടന്റെ കുന്തിയില്‍ അതുണ്ടായില്ല. കര്‍ണ്ണനോട് യാത്ര പറഞ്ഞു പിരിഞ്ഞ കുന്തി എല്ലാ  ദുഖങ്ങളും അടക്കി ധൈര്യം അവലംബിച്ച് കൊണ്ട് വളരെ വേഗം മുന്നോട്ടു നീങ്ങി. കുന്തി ദൂരത്തേക്കു നീങ്ങി മറഞ്ഞപ്പോള്‍ അന്നത്തെ ചെന്നിത്തല ആശാന്റെ കര്‍ണ്ണന്‍ തന്റെ മാതാവിനായി ഒരു തുള്ളി കണ്ണ് നീര്‍ അഞ്ജലിയായി സമര്‍പ്പിച്ചു. (അന്നത്തെ കഥകളിക്ക്  ചെണ്ട കൊട്ടിയ  കലാകാരന്‍ ശ്രീ. കുറൂര്‍ വാസുദേവന്‍‌ നമ്പുതിരി  ആ കര്‍ണ്ണശപഥത്തെ പറ്റി ഈ അടുത്ത സമയത്തു  കണ്ടപ്പോഴും സ്മരിച്ചിരുന്നു. )


അതേ പോലെ കോട്ടക്കല്‍ ശിവരാമന്‍ എന്ന ആ മഹാനായ കലാകാരന്റെ സ്മരണക്കു മുന്‍പില്‍  ഞാനും ഒരു തുള്ളി കണ്ണുനീര്‍ അഞ്ജലിയായി   ഇവിടെ സമര്‍പ്പിച്ചു കൊള്ളുന്നു.

2010, ജൂലൈ 10, ശനിയാഴ്‌ച

പൊന്നാനിയും ശിങ്കിടിയും

ഒരു കാലത്ത് ദക്ഷിണ കേരളത്തില്‍ അറിയപ്പെടുന്ന ഒരു കഥകളി ശിങ്കിടി ഗായകന്‍ ആയിരുന്നു ശ്രീ. ചെന്നിത്തല കൊച്ചുപിള്ള . പ്രസിദ്ധ കഥകളി ആചാര്യനായിരുന്ന ശ്രീ ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍ ആശാനില്‍ നിന്നുമാണ് കൊച്ചുപിള്ള കഥകളി സംഗീതം അഭ്യസിച്ചത്‌. കൊച്ചു പിള്ളക്ക് ഉച്ചഭാഷിണിയുടെ ആവശ്യം ഇല്ല. രാത്രി മുഴുവന്‍ കഥകളിക്കു പാടിയാലും ശബ്ദം ഇടറുകയോ തൊണ്ട കെട്ടുകയോ ചെയ്യുകയില്ല. കഥകളിക്കു പിള്ള പാടിയാല്‍ രാത്രിയുടെ നിശബ്ദതയില്‍ മൈലുകള്‍ക്ക് അപ്പുറം കേള്‍ക്കാന്‍ സാധിക്കും എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ശ്രീ. ഇറവങ്കര ഉണ്ണിത്താന്മാരുടെ ശിങ്കിടി ഗായകനായി ദക്ഷിണ കേരളത്തിലെ എല്ലാ കളിയരങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. എന്റെ ചെറുപ്പത്തില്‍ കഥകളി ഗായകന്‍ ശ്രീ.നീലമ്പേരൂര്‍ കുട്ടപ്പപണിക്കരുടെ ശിങ്കിടിയായി പിള്ള പല കളികള്‍ക്കും പാടിയിട്ടുള്ളത് ഓര്‍ക്കുന്നുണ്ട്. കൂസലില്ലാത്ത പ്രകൃതം. തെറ്റ് എന്ന് തോന്നിയാല്‍, എതിരാളി ആര്, എവിടെ എന്നൊന്നും നോക്കാതെ ശക്തമായി എതിര്‍ക്കാന്‍ അദ്ദേഹംമടിച്ചിരുന്നില്ല.

ഒരിക്കല്‍ കോട്ടയം പരിസരത്ത് ഒരു കഥകളി. കളിയുടെ ചുമതല ഏറ്റിരുന്നത് കോട്ടയം സ്വദേശി ഒരു രാമവാര്യര്‍ ആണ്. പാട്ടിനു കൊച്ചുപിള്ളയെ ക്ഷണിക്കണം എന്ന് ഉത്സവകമ്മറ്റി രാമവാര്യരോട് പ്രത്യേകം പറഞ്ഞിരുന്നു . വാര്യര്‍ കൊച്ചുപിള്ളയെ ക്ഷണിക്കാതെ അദ്ദേഹത്തിന് താല്‍പ്പര്യം ഉള്ള ഏതോ ഒരു ഗായകനെ ഏര്‍പ്പാട് ചെയ്തിട്ട് കൊച്ചുപിള്ളക്ക് അസൗകര്യമാണ് എന്ന് കമ്മറ്റിയെ അറിയിക്കയും ചെയ്തു. വാര്യരുടെ കപട നാടകം പിള്ളയും ഉത്സവകമ്മറ്റിക്കാരും അറിയുവാനിടയായി. കൊച്ചുപിള്ള അന്നത്തെ കളിക്ക് എത്തിയില്ലാ എങ്കില്‍ മൊത്തം കളിക്കുള്ള തുകയുടെ പകുതി അപരാധമായി കുറയ്ക്കും എന്ന് കമ്മറ്റി വാര്യരെ അറിയിച്ചപ്പോള്‍ വാര്യര്‍ കൊച്ചുപിള്ളയെ തേടി ചെന്നിത്തലക്ക് യാത്ര തിരിച്ചു. രാമവാര്യര്‍ എത്തിയത് കണ്ടപ്പോള്‍ കൊച്ചുപിള്ളക്കു കാര്യം മനസിലായി." ഇറങ്ങടാ വെളിയില്‍ " എന്നായിരുന്നു പിള്ളയുടെ വാര്യരോടുള്ള പ്രതികരണം. വാര്യരോടു സംസാരിക്കാന്‍ പോലും പിള്ള കൂട്ടാക്കിയില്ല. ധര്‍മ്മ സങ്കടത്തില്‍ ആയ വാര്യര്‍ ഒരു പകല്‍ മുഴുവനും കൊച്ചുപിള്ളയുമായി സംസാരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു. കൊച്ചുപിള്ളയെ എങ്ങിനെ എങ്കിലും കളിക്ക് പങ്കെടുപ്പിക്കണം. അദ്ദേഹത്തെ സ്വാധീനിക്കുവാന്‍ പറ്റിയ ഒരുവരെ കണ്ടുപിടിക്കുക എന്ന ലക്ഷ്യവുമായാണ് വാര്യര്‍മടങ്ങിയത്.
ചെന്നിത്തല ഒരിപ്പുറം കരയില്‍, തെക്കേ പുളിവേളില്‍ വീട്ടില്‍ ശ്രീ. ഗോപാലപ്പണിക്കര്‍ എന്ന വ്യക്തി കൊച്ചുപിള്ളയുടെ ആത്മ സുഹൃത്ത്‌ ആണെന്നും ഗോപാലപ്പണിക്കരുടെ ഒരു മകളെ കോട്ടയം ജില്ലയില്‍ വെന്നിമലയിലാണ് വിവാഹം ചെയ്തു അയച്ചിരിക്കുന്നതെന്നും വാര്യര്‍ എങ്ങിനെയോ മനസിലാക്കി. ഈ ബന്ധം പ്രയോജനപ്പെടുത്തിക്കൊണ്ട് വാര്യര്‍ പണിക്കരുടെ വീട്ടില്‍ എത്തി സങ്കടങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. പണിക്കര്‍ വാര്യരെയും കൂട്ടി കൊച്ചുപിള്ളയുടെ വീട്ടില്‍ എത്തി. പണിക്കരുടെ അതീവ പരിശ്രമത്തിനു ശേഷമാണ് കൊച്ചുപിള്ളയെ സ്വാധീനിക്കാന്‍ ആയത്‌.

ശ്രീ. ചേര്‍ത്തല കുട്ടപ്പകുറുപ്പ് എന്ന പ്രസിദ്ധനായ ഒരു കഥകളി ഭാഗവതര്‍ ഉണ്ടായിരുന്നു. ഹരിപ്പാട്‌ ക്ഷേത്രത്തിലെ ഒരു ഉത്സവക്കളിക്ക് കുട്ടപ്പ കുറുപ്പിന് ശിങ്കിടിക്കാരന്‍ ആയത് കൊച്ചുപിള്ളയും . വന്ദനശ്ലോകം, പുറപ്പാടു മേളപ്പദം എല്ലാം പരമാവധി ഉച്ചസ്ഥായിയില്‍ കുറുപ്പ് പാടി. ഒട്ടും വിടാതെ കൂടെ ശിങ്കിടിയും. കളിയുടെ ആദ്യരംഗം കഴിഞ്ഞു അടുത്ത ഗായകര്‍ അരങ്ങു ചുമതല എടുത്തു കഴിഞ്ഞപ്പോള്‍ കുറുപ്പ് കൊച്ചുപിള്ളയുടെ കൈക്ക് പിടിച്ച്‌ " ബലേ ഭേഷ് !കൊച്ചു പിള്ളേ "എന്ന് അഭിനന്ദിച്ചു. കുറുപ്പിന്റെ ഈ അഭിനന്ദനത്തെ കൊച്ചുപിള്ള നിഷേധിക്കുകയാണ് ഉണ്ടായത്‌. കൊച്ചുപിള്ള തന്റെ അതി ശക്തമായ പ്രതിഷേധം ആണ് കുറുപ്പിനെ അറിയിച്ചത്.
പാടില്ല കുറുപ്പേ! ഇങ്ങിനെ ഒരിക്കലും ചെയ്യരുത്. ഒരു ചാണ്‍ വയറു നിറക്കാനോ അല്ലെങ്കില്‍ ഒരു കുടുംബത്തെ പോറ്റാനോ കൈമിണിയുമായി നില്‍ക്കുന്ന ഒരു ശിങ്കിടിക്കാരനെ അരങ്ങില്‍ വെച്ച് ഇങ്ങിനെ കൊല്ലാ കൊല ചെയ്യുന്നത് പാപമാണ്. നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കൂ. ഞാന്‍ ആയതുകൊണ്ട് താങ്കളോട് ഒപ്പം നിന്നു. എനിക്ക് പകരം ഏതെങ്കിലും സാധു മനുഷ്യന്‍ ശിങ്കിടിക്കാരന്‍ ആയി എത്തിയിരുന്നാല്‍ അയാളുടെ നില ഇന്ന് എന്താകുമായിരുന്നു?. കൊച്ചുപിള്ളയുടെ ഈ പ്രതികരണം ഒന്നും കുറുപ്പിന്റെ രീതിക്ക് ഒരു മാറ്റവും വരുത്തിയിരുന്നില്ല.

ശ്രീ. ചേര്‍ത്തല കുട്ടപ്പകുറുപ്പ് കളിയരങ്ങുകളില്‍ തനിക്കെന്നു ഒരു വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന കഥകളി ഗായകന്‍ ആയിരുന്നു.ഒരു കളിയരങ്ങില്‍ കുറുപ്പിന്റെ " നൈഷധന്‍ ഇവന്‍ താന്‍" എന്ന പാട്ടു കേട്ട് അന്ന് അവിടെ സംഗീത കച്ചേരിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്ന പ്രബല സംഗീത സാമ്രാട്ട് ശ്രീ. മധുരൈ മണി അയ്യര്‍ കുറുപ്പിനെ അഭിനന്ദിച്ചതായി പറയപ്പെടുന്നു.

പ്രസിദ്ധനായിരുന്ന ശ്രീ. വെങ്കിടകൃഷ്ണ ഭാഗവതരും ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പും. ഇവർ തമ്മിലും ഒരു ബന്ധം ഉണ്ട്. ശ്രീ. വെങ്കിട കൃഷ്ണ ഭാഗവതർ ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പിനെ മനസാ ശപിക്കേണ്ടിവന്ന ഒരു കഥയാണ് ആ ബന്ധം.  ചേർത്തലയിൽ ഒരു രുഗ്മാംഗദചരിതം. ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരുടെ രുഗ്മാംഗദനും ശ്രീ. കുടമാളൂരിന്റെ മോഹിനിയും ശ്രീ. വെങ്കിടകൃഷ്ണ ഭാഗവതരും ശ്രീ. കലാമണ്ഡലം നീലകണ്ഠൻ നമ്പീശനും ചെങ്കിലയും കൈമണിയുമായി അരങ്ങിൽ. 'മധുരതര കോമള വദനേ!" എന്ന പദം ഭാഗവതർ പാടിക്കൊണ്ടിരിക്കുംപോൾ സദസ്യരുടെ ഇടയിൽ ഒരു ബഹളം ഉണ്ടായതിനെ തുടര്‍ന്ന് കഥകളി ചില നിമിഷങ്ങള്‍ നിലച്ചു. ഗായകരുടെ നേര്‍ക്കുള്ള പ്രതിഷേധമാണ് ബഹളത്തിനു കാരണം എന്ന് മനസിലായപ്പോള്‍ ഭാഗവതര്‍ ചേങ്കില താഴെ വെച്ചു. അപ്പോള്‍ സദസ്യരുടെ ഇടയില്‍ നിന്നും " കേറി പാടടോ കുറുപ്പേ " എന്ന് ഒരു ആജ്ഞയാണ് ഉയര്‍ന്നത് . സദസ്യരുടെ ഇടയിൽ നിന്നും അരങ്ങിലെക്കെത്തിയ ശ്രീ. ചേര്ത്തല കുട്ടപ്പക്കുറുപ്പ് ഭാഗവതരിൽ നിന്നും ചേങ്കില വാങ്ങി "മധുരതര കോമള വദനേ!" എന്ന പദം പാടിത്തുടങ്ങി. ദയനീയ അവസ്ഥയിൽ ഭാഗവതരെ നോക്കിയാ നമ്പീശനോട് ശങ്കിടി പാടുവാൻ ഭാഗവതർ അനുവാദം നല്കി. കാണികളിൽ ഒരാളായി ശ്രീ.ശ്രീ. വെങ്കിട കൃഷ്ണ ഭാഗവതർ.

ശ്രീ. കുട്ടപ്പക്കുറുപ്പ് പൊന്നാനിയും ശ്രീ. നമ്പീശന് ശങ്കിടിയുമായി അന്നത്തെ പാട്ട് കഥകളിയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.  അത്ര ഗംഭീരമായിരുന്നു അന്നത്തെ പാട്ട്. പക്ഷെ അധികം നാൾ അങ്ങിനെ പാടി വിജയിക്കാൻ ശ്രീ. കുറുപ്പിന്  സാധിച്ചില്ല. അദ്ദേഹത്തിൻറെ തൊണ്ട അടച്ചു. പിന്നീടുള്ള പല അരങ്ങുകൾ വിജയിക്കുകയും പല അരങ്ങുകൾ പരാജയപ്പെടുകയും ചെയ്തു.ശ്രീ. വെങ്കിട കൃഷ്ണ ഭാഗവതരുടെ ശാപമാണ് ഇതിന്റെ കാരണം എന്ന് കഥകളി ലോകം പ്രഖ്യാപിച്ചു. ഒരിക്കലെങ്കിലും ശ്രീ. വെങ്കിടകൃഷ്ണ ഭാഗവതരെ കണ്ട് ക്ഷമ ചോദിച്ചാൽ ഈ ശാപം മാറിക്കിട്ടും എന്ന് ആസ്വാദകരും കലാകാരന്മാരും ഉപദേശിച്ചു നോക്കി. കുറുപ് അതിനു വശം വദനായില്ല.
 
1971-ല്‍ എടത്വക്ക് സമീപമുള്ള ചങ്ങംകേരി ധര്‍മ്മശാസ്താക്ഷേത്രത്തിലെ ഒരു കഥകളിക്കു കുറുപ്പും അദ്ദേഹത്തിന്റെ ശിഷ്യന്‍ ശ്രീ. തണ്ണീര്‍മുക്കം വിശ്വംഭരനും കൂടി രാവണ വിജയവും, ദുര്യോധനവധവും പാടി. അന്ന് കഥകളി കണ്ടു ആസ്വദിക്കാനോ സംഗീതം കേട്ട് അഭിപ്രായം പറയുവാനോ എനിക്ക് പ്രായവും കഴിവും ഇല്ലായിരുന്നു എങ്കിലും അന്നത്തെ ആസ്വാദകര്‍ക്കും കഥകളി കലാകാരന്മാര്‍ക്കും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു എന്ന് മനസിലാക്കുവാന്‍ സാധിച്ചിരുന്നു. കാലക്രമേണ കുറുപ്പിന്റെ കളിയരങ്ങുകള്‍ അപൂര്‍വമായി മാത്രം സ്മരിക്കാനാവുന്നവായി തീര്‍ന്നതു കാരണം അദ്ദേഹത്തിന്റെ കലാജീവിതം വിജയകരമായിരുന്നു എന്ന് അവകാശപ്പെടുവാന്‍ സാധിക്കാതെ പോയി. കുറുപ്പാണ് കഥകളിക്കു പാടിയതെന്ന് അറിഞ്ഞാല്‍ ആസ്വാദകര്‍ സാധാരണ ചോദിക്കുന്ന ചോദ്യം " കഥ തോന്നിയോ? തൊണ്ട തെളിഞ്ഞോ? എന്നാവും . കുറുപ്പിന് ഉണ്ടായ ഈ ദുര്‍സ്ഥിതിക്ക് കാരണം ശ്രീ. വെങ്കിടകൃഷ്ണ ഭാഗവതരുടെ ശാപം ആണെന്നും അദ്ദേഹത്തെ കണ്ടു ക്ഷമാപണം നടത്തണമെന്നും പല കഥകളി സ്നേഹികളും കുറുപ്പിനെ ഉപദേശിച്ചിരുന്നതയും പറയപ്പെടുന്നു.

കുറുപ്പ് കഥകളി ലോകത്ത് ജ്വലിച്ചു നിന്നിരുന്ന കാലത്ത് കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഒരു ഉത്സവം. കൊല്ലത്തെ തമിഴ് ജനങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ തമിഴ് നാട്ടില്‍ നിന്നും പ്രശസ്ത സംഗീത വിദ്വാന്മാരെയോ ‍, നാദസ്വര വിദ്വാന്മാരെയോ പരിപാടികളില്‍ പങ്കെടുപ്പിക്കുക പതിവായിരുന്നു. ഒരിക്കല്‍ പ്രസസ്തനായ നാദസ്വര വിദ്വാന്‍ ശ്രീ. ടി. എന്‍. രാജരത്തിനം പിള്ളൈ പങ്കെടുത്ത ഗംഭീര നാദസ്വര കച്ചേരിക്ക്‌ ശേഷം ആയിരുന്നു കഥകളി. കുട്ടപ്പകുറുപ്പ് ആയിരുന്നു ഗായകന്‍. ശ്രീ. രാജരത്തിനം പിള്ളൈ അന്നത്തെ നാദസ്വര കച്ചേരിക്ക്‌ വായിച്ച ചില രാഗങ്ങളുടെ  പ്രയോഗങ്ങള്‍ കഥകളിയിലെ വന്ദനശ്ലോകം മുതല്‍ കുറുപ്പ് പ്രയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ നാദസ്വര കച്ചേരി കഴിഞ്ഞു ക്ഷേത്രത്തിനു സമീപം വിശ്രമിച്ചു കൊണ്ടിരുന്ന ശ്രീ. രാജരത്തിനം പിള്ളൈ എന്ന നാദസ്വര ചക്രവര്‍ത്തിക്ക് കുറുപ്പിനെ അനുമോദിക്കാതെ ഇരിക്കുവാന്‍ സാധിച്ചില്ല . അദ്ദേഹം നേരെ അരങ്ങിലേക്ക് എത്തി. പാടിക്കൊണ്ടിരുന്ന കുറുപ്പിനെ കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു പറഞ്ഞു. " നീ താന്‍ടാ മലയാളി".

2010, ജൂലൈ 1, വ്യാഴാഴ്‌ച

കഥകളി കഴിഞ്ഞ് ഒരു പോരാട്ടംകഥകളി കലാകാരന്മാർ ഏറ്റിരിക്കുന്ന കളികൾക്ക് പോകാൻ സാധിക്കാതെ വരുന്ന സന്ദർഭങ്ങളിൽ പലരും പകരത്തിന് അവർക്ക് സ്വാതന്ത്ര്യമുള്ള കലാകാരന്മാരെ അയയ്ക്കുക പതിവായിരുന്നു. പണ്ട് ശ്രീ. കലാമണ്ഡലം രാമൻകുട്ടി ആശാൻ ശ്രീ. കലാമണ്ഡലം വാസുപിഷാരടിയെയും,  ശ്രീ. കോട്ടക്കൽ ശിവരാമൻ ശ്രീ. കലാനിലയം ഗോപാലകൃഷ്ണനെയുംശ്രീ. കുടമാളൂർ കരുണാകരൻ നായർ ശ്രീ.മാത്തൂർ ഗോവിന്ദൻ കുട്ടിയെയും, ശ്രീ.മാത്തൂർ ഗോവിന്ദൻ കുട്ടി അദ്ദേഹത്തിന്റെ മകൻ ശ്രീ. കലാകേന്ദ്രം മുരളീകൃഷ്ണനെയും അടുത്ത കാലത്ത് ശ്രീ.കോട്ടക്കൽ ചന്ദ്രശേഖര വാര്യർ ശ്രീ.കോട്ടക്കൽ കേശവനെയും പകരക്കാരനായി തങ്ങൾക്ക് അസൗകര്യമായി വന്നിട്ടുള്ള  കളികൾക്ക് അയച്ചിട്ടുള്ള അനുഭവങ്ങള്‍  ഉണ്ട്. ഇതിനാൽ കഥകളി സംഘാടകർക്ക് വലിയ ബുദ്ധിമുട്ട് ഒഴിവാകുകയും പകരക്കാരനായി എത്തുന്ന കലാകാരൻ ആപ്രദേശത്തെ കലാ ആസ്വാദകർക്ക് പരിചിതനാവുകയും ചെയ്യും. ഒരു കഥകളി ഗായകൻ ഏറ്റിരുന്ന കഥകളിക്ക് പങ്കെടുക്കാൻ അസൗകര്യം ഉണ്ടായപ്പോൾ പകരത്തിന് രണ്ടു യുവ ഗായകന്മാരെ അയച്ചു. ഒരു പൊന്നാനി ഗായകനു പകരം രണ്ടു ഗായകർ കളിക്കു വന്ന കാരണത്തിനാല്‍ കഥകളി കലാകാരന്മാർ കഥകളിക്കു ശേഷം  അനുഭവിക്കേണ്ടി വന്ന ഒരു  ബുദ്ധിമുട്ടിന്റെ  കഥയാണ്  ഇളകിയാട്ടത്തിലൂടെ നിങ്ങളിൽ എത്തിക്കുന്നത്.
ശിവരാത്രിയോട് സംബന്ധിച്ചാവും മാന്നാർ ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തിന് ഒരു കഥകളി പതിവായിരുന്നു
1980 - ന് മുൻപുള്ള കാലഘട്ടങ്ങളിലേക്ക് ഒന്നു ചിന്തിച്ചാൽ അവിടെ  കഥകളിക്കു നിശ്ചയിക്കുന്ന കഥകളും വേഷങ്ങളും ഒരിക്കലും കഥകളി കലാകാരന്മാർക്ക് സൗകര്യപ്രദം ആയിരിക്കയില്ല അങ്ങിനെ ആയിരുന്നു  അവിടുത്തെ രീതി. അക്കാലത്ത് പ്രസിദ്ധനായിരുന്ന നടൻ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി മാന്നാത്തെ കഥകളി ആസ്വാദകരുടെ താൽപ്പര്യത്തിന് ഇണങ്ങി നളചരിതം രണ്ടിലെ നളൻ കഴിഞ്ഞ് കാലകേയവധത്തിൽ അർജ്ജുനനായി രംഗത്ത് എത്തിയിട്ടുണ്ട്. ഏതെങ്കിലും നടന്മാർ ഇങ്ങിനെയുള്ള വേഷ തീരുമാനങ്ങളോട് എതിർക്കുന്നതു കൊണ്ട്  അവിടെ ഒരു പ്രയോജനവും ഉണ്ടാവുകയുമില്ല.
മാന്നാത്തെ ഒരു ഉത്സവക്കളിക്ക് ശ്രീ. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയെയാണ് പൊന്നാനി ഗായകനായി ക്ഷണിച്ചിരുന്നത്. ശിങ്കിടിക്കും മാറ്റത്തിനും വേറെ രണ്ടു ഗായകരും. അന്നേ ദിവസം FACT കഥകളി ട്രൂപ്പിന്റെ ഒരു കളിക്ക് ശ്രീ. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി പങ്കെടുക്കാൻ നിർബ്ബന്ധിതനായപ്പോൾ പകരക്കാരായി രണ്ടു യുവ കഥകളി ഗായകന്മാരെ അദ്ദേഹം   മാന്നാറിലെ കഥകളിക്ക് അയയ്ക്കുകയും ചെയ്തു. കല്യാണസൗഗന്ധികം ആയിരുന്നു അന്നത്തെ ആദ്യകഥ. ശ്രീ. കലാമണ്ഡലം രാമൻ കുട്ടി ആശാന്റെ ഹനുമാനും ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള ആശാന്റെ ഭീമസേനനും. ചെന്നിത്തല ആശാൻ കല്യാണസൗഗന്ധികം കഴിഞ്ഞ് സമീപസ്ഥലമായ മുന്നൂറ്റി മംഗലം ക്ഷേത്രത്തിൽ നടക്കുന്ന കർണ്ണശപഥം കഥകളിക്ക് ചുട്ടിയോടെ യാത്രയാവുകയും ചെയ്തു
മുന്നൂറ്റി മംഗലത്തെ കളിയും കഴിഞ്ഞ് ചെന്നിത്തല ആശാൻ മാന്നാത്ത് എത്തുമ്പോൾ പകൽ സമയം ഏഴുമണിയായി. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുര വാതിലിൽ നിന്നിരുന്ന ചില കലാകാരന്മാർ ചെന്നിത്തല ആശാനെ കണ്ടപ്പോൾ തെല്ലൊരു ആശ്വാസത്തോടെ സമീപിച്ച് ഇങ്ങിനെ അറിയിച്ചു .  
                               ശ്രീ. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി)

കലാകാരന്മാർ ആരും പിരിഞ്ഞിട്ടില്ല. രാമൻ കുട്ടി ആശാൻ രാവിലത്തെ വേണാടിനു പോകാനിരുന്നതാണ്. ആശാനും ദേവസ്വം ആഫീസിനു വെളിയിൽ ഇരിക്കുകയാണ്കഥകളി സംഗീതത്തിന് ഉത്സവക്കമ്മിറ്റി ക്ഷണിച്ചിരുന്നത് ശങ്കരൻ എമ്പ്രാന്തിരിയെയാണ്. എമ്പ്രാന്തിരിക്കേ പണം നൽകൂ എന്നും അദ്ദേഹത്തിന് പകരക്കാരായി എത്തിയ രണ്ടു കഥകളി ഗായകന്മാർക്ക്  പണം നൽകുക ഇല്ലാ എന്നുള്ള പിടിവാശിയിലാണ് കമ്മിറ്റിക്കാർ. കളിക്കു പങ്കെടുത്ത കലാകാരന്മാരിൽ രണ്ടു പേർക്ക് വേതനം നിഷേധിച്ചപ്പോൾ രാമൻ കുട്ടി ആശാൻ ഉൾപ്ടെയുള്ള കലാകാരന്മാരെല്ലാവരും കളിപ്പണം  വാങ്ങാതെ  സമര മാർഗ്ഗത്തിലാണ്. ഇതിന് ആശാൻ എത്തിയാൽ ഒരു സുഗമമായ പരിഹാരം ഉണ്ടാകും എന്ന വിശ്വാസത്തിൽ ആശാനെ പ്രതീക്ഷിച്ച് നിൽക്കുക ആയിരുന്നു ഞങ്ങൾ

 ഗോപുര വാതിലിൽ നിന്നും ദേവസ്വം ആഫീസിലേക്ക് അൽപ്പ ദൂരമുണ്ട്. സഹ കലാകാരന്മാരിൽ നിന്നും വിശദമായി വിവരങ്ങൾ മനസിലാക്കിയ ചെന്നിത്തല ആശാൻ നേരെ ദേവസ്വം ആഫീസിലേക്ക് കയറി. ഉത്സവ കമ്മിറ്റിക്കാരോട് ഒരു സംഭാഷണത്തിനും മുതിർന്നില്ല. സഹ കലാകാരന്മാരുടെ പോരാട്ടത്തെ മറികടന്ന്  വവുച്ചറിൽ കയ്യൊപ്പിട്ട് തന്റെ കളിപ്പണം സ്വീകരിച്ചു. കൂട്ടത്തിൽ എമ്പ്രാന്തിരിക്ക് എഴുതിയിരിക്കുന്ന തുക എത്രയെന്ന്  വവുച്ചർ നോക്കി മനസിലാക്കിയ ശേഷം രാമൻ കുട്ടി ആശാനോട് വവുച്ചറിൽ കയ്യൊപ്പിട്ട് പണം വാങ്ങുവാൻ ആവശ്യപ്പെട്ടു. ആശാനും പിന്നാലെ മറ്റു കലാകാരന്മാരെല്ലാവരും കളിപ്പണം വാങ്ങിരണ്ടു കളിയുടെ പണം കൈവശം വെച്ചിരുന്ന ചെന്നിത്തല ആശാൻ എമ്പ്രാന്തിരിക്ക് വവുച്ചറിൽ എഴുതിയിരിക്കുന്ന തുക സ്വന്ത പണത്തിൽ നിന്നും എടുത്ത് എമ്പ്രാന്തിരിയുടെ പകരക്കാരായി എത്തിയ രണ്ടു ഗായകന്മാർക്ക്  വീതിച്ചു നൽകിയിട്ട് സഹ കലാകാരന്മാരോട് യാത്ര പറഞ്ഞു പിരിയുകയും ചെയ്തു.

ഉത്സവം അവസാനിച്ച് ഒരാഴ്ച  കഴിഞ്ഞപ്പോൾ മാന്നാറിലെ ഉത്സവ കമ്മിറ്റിയിലെ ചില അംഗങ്ങൾ ചെന്നിത്തല ആശാന്റെ വീട്ടിലെത്തി. ആശാനോട് എമ്പ്രാന്തിരിയുടെ പകരക്കാർക്ക് നൽകിയ തുക സ്വീകരിക്കണം എന്നായി. എമ്പ്രാന്തിരിക്കു വേണ്ടി ഒപ്പിട്ട് ആശാൻ വവുച്ചറിൽ  പണം സ്വീകരിച്ച ശേഷം കമ്മിറ്റിക്കാരുമായി അൽപ്പം  മുഷിഞ്ഞു സംസാരിക്കേണ്ടതായി വന്നു.

 "മാന്നാറും ചെന്നിത്തലയുമായി മൂന്നു കിലോമീറ്ററിന്റെ ദൂരമേയുള്ളൂ. എനിക്ക് നിങ്ങളും വേണം എന്റെ സഹപ്രവർത്തകരും വേണം. ഒരു കളി കഴിഞ്ഞാൽ പണവും വാങ്ങി എത്രയും വേഗം വീട്ടിൽ എത്തിച്ചേരണം എന്നു കരുതുന്നവരാണ് കലാകാരന്മാർ.  വെള്ളിനേഴി വരെ ചെന്നെത്തേണ്ട കലാകാരന്മാരുടെ മാനസീകാവസ്ഥ മനസിലാക്കുവാൻ എനിക്കു സാധിക്കും. നാളെ ഞങ്ങൾ ഒന്നിച്ചു സഹകരിക്കേണ്ടവരാണ്. അതുകൊണ്ടാണ് അത്രയും കലാകാരന്മാരുടെ പ്രശ്നം ഞാൻ ഏറ്റെടുത്തത്. എന്റെ പണം ഇന്ന് ഇല്ലെങ്കിൽ നാളെ വന്നുചേരും എന്ന് എനിക്കു വിശ്വാസം ഉണ്ടായിരുന്നു." എന്നാണ് ആശാൻ അവരോട് പറഞ്ഞത്.

                       (ചെന്നിത്തല ആശാന്റെ കിരാതത്തില്‍ അര്‍ജുനന് ശ്രീ.  എമ്പ്രാന്തിരി പാടുന്നു)

ചെന്നിത്തല ആശാന്റെ ന്യായങ്ങളിലൊന്നും തൃപ്തിപ്പെടാത്ത  കമ്മററിക്കാർ ഇനി ഒരിക്കലും മാന്നാറിലെ കളികൾക്ക് ചെന്നിത്തല ആശാനെയും എമ്പ്രാന്തിരിയെയും പങ്കെടുപ്പിക്കരുത് എന്ന് ഒരു തീരുമാനം ഉണ്ടാക്കിയ ശേഷമേ ഈ കമ്മററി പിരിച്ചു വിടുകയുളളൂ എന്ന് ഉറക്കെ ഒരു പ്രഖ്യാപനവും നടത്തിയാണ് കമ്മററിക്കാർ പിരിഞ്ഞത്. തുടർന്നുള്ള വര്‍ഷങ്ങളില്‍ പുതിയ കമ്മറ്റികള്‍ വരികയും  മാന്നാറിലെ കളികൾക്ക് ചെന്നിത്തല ആശാൻ ക്ഷണിക്കപ്പെടുകയും ചെയ്തു വന്നു

1998-ൽ മാന്നാർ ക്ഷേത്രത്തിൽ ശ്രീ. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയുടെ കഥകളി പദക്കച്ചേരി നിശ്ചയിച്ചിരുന്നു. അന്ന് സകുടുംബത്തുടൻ  കാറിൽ മാന്നാറിൽ എത്തിയ ഗാനഗന്ധർവനായ എമ്പ്രാന്തിരി ചെന്നിത്തലയിലെത്തി  ശാരീരികമായ അസ്വസ്ഥതയാൽ കഥകളി രംഗം വിട്ടു നിന്നിരുന്ന ചെന്നിത്തല ആശാനെ കണ്ടു മടങ്ങിയ സന്ദര്‍ഭത്തെ സ്മരിക്കുന്നതോടെ ഈ  കഥ   അവസാനിക്കുന്നു.