പേജുകള്‍‌

2010, മേയ് 25, ചൊവ്വാഴ്ച

പുലർച്ച മൂന്നു മണിക്ക് കളിക്ക് എത്തിയ പൊന്നാനി ഭാഗവതർ


                                               (ശ്രീ. വളയപ്പട്ടി  സുബ്രഹ്മണ്യന്‍ )

ശ്രീ. വളയപ്പെട്ടി സുബ്രഹ്മണ്യന്‍  അറിയപ്പെടുന്ന ഒരു തവില്‍ വിദ്വാനാണ്. തമിഴ് നാട്ടുകാരനായ ഈ കലാകാരനെ ഉത്സവ കാലത്ത് കേരളത്തിലെ പ്രശസ്തരായ നാദസ്വര വിദ്വാന്മാരുടെ പല കച്ചേരികള്‍ക്കും സ്പെഷ്യല്‍ തവില്‍ വാദ്യക്കാരനായി ക്ഷണിക്കുക പതിവായിരുന്നു. ഒരിക്കല്‍ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ദീപാരാധനയ്ക്കു ശേഷം ആനപ്പുറത്തു സ്വാമിയെ എഴുന്നള്ളിച്ചു തവില്‍ നാദസ്വരത്തോടെ സേവ നടക്കുന്നു. സ്പെഷ്യൽ തവിൽ വാദ്യക്കാരനായി ക്ഷണിച്ചിരുന്ന വളയപ്പട്ടി എത്തിയിട്ടില്ല. വളയപ്പട്ടിയുടെ അഭാവം ആസ്വാദകരിൽ അതൃപ്തിയും നിരാശയും അമർഷവും ഉണ്ടാക്കി.സേവ തുടങ്ങി ഏകദേശം മുപ്പത്തി അഞ്ചു നിമിഷം കഴിഞ്ഞു കാണും ക്ഷേത്രത്തിനു മുൻപിലുള്ള റോഡിൽ ഒരു കാർ വന്നു നിന്നു.  ക്ഷേത്രത്തിൽ നടക്കുന്ന തവിൽ നാദസ്വരത്തിന് ഊക്കം നൽകും വിധത്തിൽ തവിൽ മേളം അടിച്ചുകൊണ്ട് കാറിൽ നിന്നും ഇറങ്ങി സേവപ്പന്തലിൽ വരെ നടന്ന് എത്തിയ വളയപ്പട്ടിയെ അതൃപ്തിയും നിരാശയും അമർഷവും എല്ലാം മറന്ന് ഹരിപ്പാട്ടെ ആസ്വാദകർ സന്തോഷാശൃക്കളോടെ ആരവാരം മുഴക്കി സ്വീകരിച്ചു. തമിഴ് നാട്ടിൽ നിന്നും യാത്ര തിരിച്ച് ആലപ്പുഴയിൽ എത്തിയപ്പോൾ വളരെ വൈകി. ഇനി അമാന്തിക്കാനാവില്ല. ഒരു കാറു പിടിച്ചിങ്ങു വന്നു. എന്റെ തവിലിന്റെ ശബ്ദത്തിൽ ഹരിപ്പാട്ടുകാരുടെ അമർഷമെല്ലാം ഉരുകി വീഴുമെന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു. അതുകൊണ്ട്  കാറിൽ നിന്ന് ഞാൻ ഇറങ്ങും മുൻപേ തന്നെ എന്റെ തവിലിന്റെ ശബ്ദം ഹരിപ്പാട്ടുകാരുടെ കാതിൽ ഞാൻ എത്തിച്ചിരുന്നു. ഇങ്ങിനെ ആയിരുന്നു ഈ സംഭവത്തെ പറ്റിയുള്ള വളയപ്പട്ടിയുടെ പ്രതികരണം. വളയപ്പട്ടി ഹരിപ്പാട്ട് ക്ഷേത്രത്തിൽ എത്തിയതുപോലെ ഒരു പൊന്നാനി ഭാഗവതർ പുലർച്ച മൂന്നു മണിക്ക് ഒരു കഥകളിക്ക് പങ്കെടുക്കാൻ എത്തിയ കഥയാണ് ഇളകിയാട്ടത്തില്‍ കൂടി നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നത്. 

മാവേലിക്കര മാന്നാർ എന്നീ പട്ടണങ്ങളുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു ഗ്രാമ പ്രദേശമാണ് കാരാഴ്മ. കാരാഴ്മയിലെ ഭഗവതി ക്ഷേത്രം വളരെ പ്രസിദ്ധമാണ്. 1986- ലെ കാരാഴ്മ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് കഥകളി വേണമെന്ന് തീരുമാനമായി.കർണ്ണശപവും കിരാതവും കഥകൾ എന്നും  പാട്ടിന് ഹൈദരാലിയും ഹരിദാസും ചെണ്ടക്ക് കലാമണ്ഡലം കേശവനും വേണം എന്നു കമ്മറ്റി തീരുമാനിച്ചു. കഥകളിയുടെ നടത്തിപ്പു ചുമതല നാട്ടുകാരനായ  ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ആശാനിലാണ് വന്നു ചേര്‍ന്നത്‌. ആദ്യകഥ ബാണയുദ്ധത്തിലെ ഉഷ- ചിത്രലേഖ  (മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയും മകന്‍ മുരളീ കൃഷ്ണനും) രണ്ടാമത്തെ കഥ കര്‍ണ്ണശപഥം (മങ്കൊമ്പ് ആശാന്റെ ദുര്യോധനൻ, ചെന്നിത്തല ആശാന്റെ കർണ്ണൻ, മാത്തൂരിന്റെ കുന്തി) മൂന്നാമത്തെ കഥ കിരാതം (കലാമണ്ഡലം കേരളവർമ്മയുടെ കാട്ടാളൻ മുരളീകൃഷ്ണന്റെ കാട്ടാളത്തി, ഹരിപ്പാട് ബാലകൃഷ്ണന്റെ (ഇപ്പോൾ ദുബായിലാണ്) അർജ്ജുനൻ).  പാട്ടിന് കലാമണ്ഡലം ഹൈദരാലിയും കലാമണ്ഡലം  ഹരിദാസും ഫാക്ട് ദാമുവും.

ക്ഷേത്രമതിലിനു പുറത്ത് ക്ഷേത്രത്തിനു മുൻപിലുള്ള റോഡിനു സമാന്തരമായുള്ള സ്ഥലത്താണ് കഥകളിക്കുള്ള സ്റ്റേജ് ഒരുക്കിയിരുന്നത്. കാരാഴ്മയിലെ കളിക്ക്  ക്ഷണിക്കപ്പെട്ട കലാകാരന്മാരിൽ ഹൈദരാലി ഒഴിച്ചുള്ള കലാകാരന്മാരെല്ലാം കൃത്യ സമയത്തു തന്നെ എത്തിയിരുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞപ്പോൾ ഹൈദരാലി ഇനി എത്തും എന്ന വിശ്വാസം എല്ലാവർക്കും നഷ്ടപ്പെട്ടു കഴിഞ്ഞു. മൂന്നു കഥകളും നാം തന്നെ പാടണം അതു കുറച്ചു കഷ്ടമാണെന്ന് ഹരിദാസ് ദാമുവിനോട് പറയുന്നത് എന്റെ കാതിലും എത്തി. പുറപ്പാടും മേളപ്പദവും കഴിഞ്ഞ് കഥാവിവരണവും കലാകാരന്മാരുടെ വേഷവിവരങ്ങളും മറ്റും ഒരു കഥകളി ആസ്വാദകൻ വിശദീകരിച്ചു. സംഗീതം ശ്രീ. കലാമണ്ഡലം ഹൈദരാലി, ശ്രീ. കലാമണ്ഡലം ഹരിദാസ്, ശ്രീ. ഫാക്ട് ദാമു എന്ന് അറിയിച്ചപ്പോൾ സദസ്യർക്കിടയിൽ നിന്നും എവിടെ ഹൈദരാലി എന്ന ചോദ്യം ഉയർന്നു. ഹൈദരാലി കളിക്ക് എത്തിയിട്ടില്ലാ എന്ന് ആസ്വാദകർ എല്ലാവരും മനസിലാക്കി കഴിഞ്ഞിരിക്കുന്നു.

പുറപ്പാടും  മേളപ്പദവും കഴിഞ്ഞു  കഥകളി ഭംഗിയായി നടന്നു കൊണ്ടിരുന്നു. ശ്രീ. കലാമണ്ഡലം ഹരിദാസിന്റെ ഭാവ സംഗീതത്തിന്റെ മാധുര്യ ലഹരിയിൽ ശ്രീ. ഹൈദരാലിയുടെ അഭാവം കുറേശ്ശെ ആസ്വാദകർ മറന്നു കഴിഞ്ഞിരിക്കുന്നു. ഉഷ ചിത്രലേഖ കഴിഞ്ഞ് കർണ്ണശപഥം പകുതി ഭാഗം വരെയായി. സമയം പുലർച്ച മൂന്നു മണി. സ്റ്റേജിനു സമീപം ഒരു ഓട്ടോ വന്നു നിന്നു. കളിക്കു പാടുവാൻ തയ്യാറായുള്ള വേഷവിധാനത്തോടെ ഓട്ടോ വിട്ടിറങ്ങിയ ഹൈദരാലി നേരേ സ്റ്റേജിലേക്കു കയറി. ഹരിദാസിന്റെ കയ്യിൽ നിന്നും ചേങ്കില വാങ്ങി എന്തിഹ മന്മാനസേ സന്ദേഹം വളരുന്നുഎന്ന പദം പാടിത്തുടങ്ങി. ഹൈദരാലിയുടെ ശബ്ദ മധുരതയ്ക്കിടയിലും ഹൈദരാലി, ഹൈദരാലിഎന്ന ആസ്വാദകരുടെ ശബ്ദം പല തവണ മുഴങ്ങി കൊണ്ടിരുന്നു.

                                          ശ്രീ. കലാമണ്ഡലം ഹൈദരാലി 

   കര്‍ണ്ണന്‍ : ശ്രീ.  ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, കുന്തി: ശ്രീ. കലാനിലയം ഗോപാലകൃഷ്ണന്‍       സംഗീതം : ശ്രീ.കലാമണ്ഡലം ഹൈദരാലി, ശ്രീ. മാങ്കുളം ഗണേശന്‍  നമ്പൂതിരി 
                             
 കളി ഭംഗിയായി അവസാനിച്ചു. കണ്ണൂരിൽ ഒരു ചടങ്ങിൽ സംബന്ധിച്ച് മടങ്ങുമ്പോൾ യാത്രയിൽ ഉണ്ടായ തടസ്സമാണ് കൃത്യ സമയത്ത് കളിക്ക് എത്താൻ തനിക്കു സാധിക്കാതെ പോയത് എന്നും ഏതോ ഒരു ട്രയിനിൽ പുലർച്ച രണ്ടരമണിക്ക് മാവേലിക്കര സ്റ്റേഷനിൽ എത്തി ഒരു ഓട്ടോ പിടിച്ച് എത്തുകയായിരുന്നു എന്നും അതു കൊണ്ട് സുഹൃത്ത് എന്നോട് പൊറുക്കണം എന്ന് ചെന്നിത്തല ആശാനോട് ക്ഷമാപണവുമായി നിൽക്കുകയാണ് ഹൈദരാലി. അതൊന്നും സാരമില്ല കളിക്കു സഹകരിച്ചില്ലേ അതുമതി എന്ന് ചെന്നിത്തല ആശാനും. കലാകാരന്മാർക്കുള്ള വേതനം നൽകി പിരിച്ചു വിടേണ്ട കൃത്യം ചെന്നിത്തല ആശാനിലാണ്. ഹൈദരാലി വേതനം വാങ്ങാൻ മടിച്ചു. പുറപ്പാടിനും മേളപ്പദത്തിനും ആദ്യ രംഗത്തിനും കൂടിയാലേ ഒരു പൊന്നാനി ഭാഗവതരുടെ കടമ പൂർത്തിയാകുകയുള്ളൂ. ഞാൻ ആ കടമ ചെയ്തില്ല. അതുകൊണ്ട് ഈ വേതനത്തിന് ഞാൻ അർഹനല്ലാ എന്നായിയിരുന്നു ഹൈദരാലിയുടെ വാദം. രണ്ടാമത്തെ കഥയുടെ പകുതി മുതൽ മൂന്നാമത്തെ കഥ തീരും വരെ താങ്കൾ പാടി. ഞാനും എന്റെ നാട്ടുകാരും അതിൽ പൂർണ്ണ സംതൃപ്തരാണ്. താങ്കൾ സന്തോഷമായി വേതനം സ്വീകരിക്കണമെന്ന് ചെന്നിത്തല ആശാനും. ഒടുവിൽ കാരാഴ്ഭ ക്ഷേത്രത്തിലെ ഉത്സവ കമ്മറ്റിക്കാരും ചെന്നിത്തല ആശാനോട് ചേർന്നപ്പോൾ ഹൈദരാലി സ്വയം തോൽക്കേണ്ടി വന്നു എന്നു പറയുന്നതാവും ശരി. 

1998 ഒക്ടോബര്‍ 31-ന്  ചെന്നിത്തല ആശാന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോഴും ശ്രീ. ഹൈദരാലി വൈകിയാണ് എത്തിയത്. മാവേലിക്കര കഥകളി ആസ്വാദക സംഘത്തിന്റെ സെക്രട്ടറി  ശ്രീ. കണ്ടിയൂര്‍ ഗോപന്‍ സാറിനോടൊപ്പം എത്തിയ ശ്രീ. ഹൈദരാലി ചെന്നിത്തല ആശാന്റെ ഹംസത്തിനും കര്‍ണ്ണനും ധാരാളം പാടിയിട്ടുണ്ട് എന്നും പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കാരഴ്മയില്‍ നടന്ന കളിക്ക് താന്‍ വെളുപ്പിന് എത്തിയിട്ടു പോലും തന്റെ വേതനത്തില്‍ ചെന്നിത്തല ആശാന്‍ ഒരു കുറവും ചെയ്തില്ല എന്നും സ്മരിക്കുകയുണ്ടായി.

                                  ശ്രീ. കലാമണ്ഡലം ഹൈദരാലി 

“പുറപ്പാടിനും മേളപ്പദത്തിനും ആദ്യ രംഗത്തിനും കൂടിയാലേ ഒരു പൊന്നാനി ഭാഗവതരുടെ കടമ പൂർത്തിയാകുകയുള്ളൂ” എന്ന ശ്രീ.കലാമണ്ഡലം ഹൈദരാലിക്ക് ഉണ്ടായിരുന്ന ഉത്തരവാദത്വ ബോധത്തെ നാം സ്മരിക്കേണ്ടതു തന്നെയാണ്.

                              ശ്രീ.കലാമണ്ഡലം ഹരിദാസ് 

11 അഭിപ്രായങ്ങൾ:

 1. വളരെ രസകരമെന്നല്ല,വിജ്ഞാനപ്രദമെന്നുകൂടിപ്പറയണം ഇതിലെ ലേഖനങ്ങളെ.

  പണ്ടൊക്കെ കലാകാരന്മാര്‍ കാത്തുസൂക്ഷിച്ചിരുന്ന അലിഖിത പെരുമാറ്റച്ചട്ടങ്ങള്‍ കേട്ടുപഠിക്കാനോ സ്വയം തിരുത്താനോപോലും മനസ്സുണ്ടാകാത്തവിധം കാലവും കലകളും വേതനങ്ങളും മാറിയിരിക്കുന്നു.

  എഴുത്തിലെ വിവരണങ്ങളില്‍ കാണുന്ന മിതത്വവും വായനയെ സുഖകരമാക്കി.നന്ദി.

  മറുപടിഇല്ലാതാക്കൂ
 2. oro post kazhiyunthorum ilakiyaattam onninonnu mechappettu varunnu... abhinandanangal ... oppam ithu pole ulla anubhavangal panku veykkunnathil seemaatheethamaya nanniyum ariyikkunnu .. adutha post nu aayi kaathriikkunnu ...

  മറുപടിഇല്ലാതാക്കൂ
 3. naalloru anuabavam...veghavum vismarthiyam mmatram ariyunna pala puthumurakkarkkam ariyendathaanu ee mahaarathanmmarde vinayavum laalithavum chumathalabhoodoke...abinandangal...

  മറുപടിഇല്ലാതാക്കൂ
 4. ഹൃദ്യം ആയിരിക്കുന്നു ..
  ഹൈദരാലിയെ പറ്റിയുള്ള നല്ല ഒരു അനുസ്മരണം ....
  ഹൈദരാലി സംഗീതം ഉളവാക്കുന്ന മാനസികാനുഭവങ്ങള്‍ ഒരുപാട് ആണ് ..മനസിന്റെ ചെറിയ ചുഴിപ്പുകളില്‍ എത്തിപ്പെടുന്ന ആലാപനം ...മൂകമായ ഒരു വേദന എന്തിഹയുടെ ആലാപനത്തില്‍ എന്നും അദ്ദേഹം പ്രകടം ആക്കിയിരുന്നു ....വരാനുള്ളത് മുന്‍കൂട്ടി കണ്ടു എന്നത് പോലെ ....

  മറുപടിഇല്ലാതാക്കൂ
 5. ശ്രീമന്‍,
  ഒരു വ്യക്തിനിഷ്ടമായ അനുഭവം കുറിക്കട്ടെ.തിരുവല്ലയില്‍ ഒരു കളി,‘സന്താനഗോപാലം‘. കളിക്കിടയില്‍ ഹൈദരലിയാശാനെ കണ്ടു പറഞ്ഞു കാരാഴ്മയില്‍ പദക്കച്ചേരിക്കു വരുമ്പോള്‍ ‘വിജനേബത’എന്ന പദം എനിക്കു വേണ്ടി ഒന്നു പാടണം.‘ങ്ഹ നോക്കാം’. അദ്ദേഹം പറഞ്ഞു.ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം പാടാന്‍ വന്നു.പ്രധാന രാഗമായി അതുതന്നെ പാടുകയും ചെയ്തു.ഒരു നന്ദി പോലും ഞാന്‍ പറഞ്ഞില്ല. മലയാളിയുടെ നന്ദികേട്.അതോര്‍ത്തു ഞാന്‍ ഇന്നും ദു:ഖിക്കുന്നു;ലജ്ജ കൊണ്ട് എന്റെ ശിരസ്സു കുനിയുന്നു.അങ്ങയുടെ കുറിപ്പു വായിച്ചപ്പോള്‍ പെട്ടെന്ന് ഇത് ഓര്‍മ്മ വന്നു.കൂടുതല്‍ താങ്കളില്‍ നിന്നു പ്രതീക്ഷിച്ചു കൊണ്ടു നിര്‍ത്തുന്നു.

  മറുപടിഇല്ലാതാക്കൂ
 6. ശ്രീ. കലാമണ്ഡലം ഹൈദരാലി എന്ന കഥകളി സംഗീതജ്ഞനെ കേരളത്തിലെ ആസ്വാദകർക്ക് അറിയാം. എന്നാൽ മഹാനായ അദ്ദേഹത്തിന്റെ വ്യക്തിത്വം വളരെ കുറച്ചുപേർക്കാണ് മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. അഭിപ്രായം അറിയിച്ച സുഹൃത്തുക്കൾക്ക് നന്ദി.

  മറുപടിഇല്ലാതാക്കൂ
 7. സുഹൃത്തേ!
  ശ്രീ. വളയപ്പട്ടി, ശ്രീ. ഹൈദരാലി, ശ്രീ. ചെന്നിത്തല എന്നിവരുടെ കലപോലെ തന്നെ വളർന്നു വികസിച്ച മനസുകളെയും കാട്ടിത്തന്ന നല്ല ലേഖനത്തിനു നന്ദി.

  എന്റെ തവിലിന്റെ നാദത്തിൽ ഹരിപ്പാട്ടുകാരുടെ അമർഷമെല്ലാം അടങ്ങുമെന്ന് ഒരു തവിൽ കലാകാരൻ പറയണമെങ്കിൽ അദ്ദേഹത്തിന് തന്റെ കലയോടുള്ള വിശ്വാസവും എത്രമാത്രം കാണാം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

  ഹൈദരാലിയുടെ അസാധാരണമായ മാന്യത നേരിട്ട് അറിയുവാൻ എനിക്ക് സന്ദർഭം ഉണ്ടായിട്ടുണ്ട്. ഏഷ്യാനെറ്റ് കഥകളി സമാരോഹത്തിൽ അദ്ദേഹം ഹരിണാക്ഷി പാടിയതിനെ വിമർശിച്ചു കൊണ്ട് ഞാൻ അദ്ദേഹത്തിന് കത്തെഴുതി. മൂന്നാം നാളിൽ അദ്ദേഹം എഴുതിയ മറുപടി എനിക്കു ലഭിച്ചു. അതിൽ എഴുതിയിരുന്നത് ഇപ്രകാരമാണ്.

  “മുഖസ്തുതി പറഞ്ഞു കേട്ടു തഴമ്പിച്ചവർക്ക് വിമർശനം ഇഷ്ടമാവില്ല. പക്ഷേ എന്റെ കാര്യം അങ്ങിനെയല്ല. എന്റെ പാട്ട് ശ്രദ്ധിച്ചു കേട്ട് അതിൽ വന്ന തെറ്റുകൾ ഗൗരവപൂർവം എന്നെ അറിയിച്ചതിന് നന്ദി. സംഗീത സാഗരത്തിന്റെ മണൽ തിട്ടയിൽ അന്ധാളിച്ചു നിൽക്കുന്ന ഒരു കുട്ടിയാണ് ഞാൻ. ആ മണൽ തിട്ടയിലെ ഒരു മൺതരിയാകാൻ കഴിഞ്ഞാൽ അതാണ് ജന്മസാഫല്ല്യം എന്നു ഞാൻ കരുതുന്നു. താങ്കളുടെ വിമർശനങ്ങളും നിർദ്ദേശങ്ങളും ഞാൻ എക്കാലവും ഓർക്കുന്നതായിരിക്കും.

  സത്യത്തിൽ ഈ മറുപടി കിട്ടിയപ്പോൾ ഞാൻ വളരെ ചെറുതായി പോയതായാണ് എനിക്കു തോന്നിയത്. തന്റെ കലയോളം തന്നെ മനസിനും വലിപ്പമുള്ള കലാകാരൻ ആയിരുന്നു ശ്രീ. ഹൈദരാലി.

  മറുപടിഇല്ലാതാക്കൂ
 8. dear ambujan chettan,

  need not to comment "good, excellent" on your every article. every time it form a excellent shape from you. your words with the past time is really suitable. thank you for reloading the past glory to the new genration.

  karuvelil jayaprakash

  മറുപടിഇല്ലാതാക്കൂ
 9. Pularche 3 mani vare paaduka ennathu haridas ettantem kathkaliyodulla prathipadhyatha velivakunille? Hydraliye kurichu parayumbo athum koodi point out cheyarnnu....

  മറുപടിഇല്ലാതാക്കൂ
 10. ഹൈദരാലി ആണ് ഈ കഥയുടെ നായകന്‍. അതുകൊണ്ടാണ് ഹരിദാസിനെ പ്രത്യേകം പറയാതിരുന്നത്.
  ഹരിദാസ്‌ മാത്രമല്ല ദാമുവും ഉത്സവ കമ്മറ്റിക്കാരും പണം സംഭാവന നല്‍കിയ കാരാഴ്മ നാട്ടുകാരുടെയും കഥകളിയുടെ ചുമതലക്കാരന്റെയും അന്നത്തെ കളിയുമായി ബന്ധപ്പെട്ട എല്ലാവരുടെയും പങ്കിനെ സ്മരിക്കേണ്ടതാണ്.
  ഒരു നടനോ ഗായകനോ കളിക്ക് എത്താതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പലതരത്തിലാണ്. അപ്പോഴെല്ലാം കലാകാരന്‍മാര്‍ പരസ്പരം പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകുക സഹജമാണ്. ഇത്തരത്തില്‍ സഹകരിക്കുന്നവരില്‍ ഒരുവന്‍ ആയിരുന്നു ശ്രീ . ഹരിദാസ്‌. സഹകരിക്കാത്ത കലാകാരന്‍മാര്‍ വളരെ കുറച്ചു മാത്രമേ ഉള്ളു. അവര്‍ പലപ്പോഴും അതിന്റെ ഫലം നേടിയിട്ടുംഉണ്ട്.

  മറുപടിഇല്ലാതാക്കൂ